വീണ്ടും വീണ്ടും ഗോളടിക്കുന്ന ഖത്തർ
22-11-2022
Web Design
15 Comments
ഒന്നാമത്തെ കളിയിൽ തോറ്റു എന്നു മാത്രമല്ല, ആദ്യമേ തോൽക്കുന്ന ആതിഥേയ രാജ്യം എന്ന ചാപ്പ പുറത്ത് പതിഞ്ഞു എന്നതൊന്നും ഖത്തർ എന്ന ചെറിയ രാജ്യത്തെ ഒട്ടും തളർത്തുന്നില്ല. അവരുടെ നിശ്ചയദാർഡ്യം അമീർ തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ മുഖത്തെ സദാ വിരിഞ്ഞു നിൽക്കുന്ന ഉറച്ച പുഞ്ചിരി പോലെ ശക്തവും ആത്മാർഥവുമാണ്. ഈ പുഞ്ചിരി കൊണ്ട് കുറച്ചൊന്നും ഗോളുകളല്ല അവർ വാരിക്കൂട്ടിയത്. ലോകത്തെയും അയൽപക്കത്തെയും അതികായൻമാരെ ഞെട്ടിച്ച് അവർ 22-ാം ലോകകപ്പിന്റെ ആതിഥ്യാവകാശം നേടി എന്നിടത്ത് ഈ ലോകകപ്പിലെ ഗോൾ മഴ തുടങ്ങുന്നു. ഈ ആതിഥേയത്തം കാശ് കൊടുത്ത് ഒപ്പിക്കാൻ കഴിയുന്നതല്ല. ഭുഖണ്ഡം തിരിച്ചുളള സന്നാഹ - യോഗ്യതാ മത്സരങ്ങളിൽ നേടുന്ന പോയന്റുകളാണ് അതിന്റെ പ്രാഥമിക മാനദണ്ഡം. കളിക്കുന്നവരും കളി അറിയുന്നവരും അതിനെ സ്നേഹിക്കുന്നവരുമായിരിക്കണം ആതിഥേയർ എന്നത് അലിഖിത നിയമമാണ്. നിലവിൽ ഖത്തർ 2019 ലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാരാണ്. ഫൈനൽ മത്സരത്തിൽ ജപ്പാനെ തകർത്താണ് ഖത്തർ കിരീടത്തിൽ മുത്തമിട്ടത്. മാത്രമല്ല, ലോകകപ്പിന് മുന്നോടിയായി അവസാനമായി കളിച്ച നാല് സന്നാഹ മത്സരങ്ങളിലും തകർപ്പൻ വിജയങ്ങളാണ് ടീം നേടിയത്. അങ്ങനെ ലേലപ്പട്ടികയിൽ കയറിക്കൂടി ഖത്തർ വീണ്ടും ഗോളടിച്ചു. 2022 ലോകകപ്പിനായി ഓസ്‌ട്രേലിയ, ജപ്പാൻ, ഖത്തർ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ അഞ്ച് ബിഡുകളാണ് ഉണ്ടായിരുന്നത്.
അതിലും വിജയിച്ച് ഖത്തർ ആതിഥേയത്തം ഉറപ്പിച്ചപ്പോഴേക്കും ആരോപണങ്ങളുടെ പെരുമഴ തുടങ്ങി. ഗൾഫ് വിരോധികളും ഇസ്ലാമിക് രാജ്യങ്ങളോട് അസഹിഷ്ണുത പുലർത്തുന്നവരും അറബ് വിരോധികളും ഒന്നിച്ച് രംഗത്തിറങ്ങി. കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ മോശം പെരുമാറ്റം, മനുഷ്യാവകാശ രേഖകളുടെ ദയനീയത, എൽ.ജി.ബി.ടി. അംഗീകരിക്കാത്തത്, പിന്നെ ഉളളതും ഇല്ലാത്തതും കൂട്ടിക്കലർത്തിയും വളച്ചൊടിച്ചും ഉണ്ടാക്കിയ കുറേ പീഡന കഥകളും മറ്റുമായി പലരും ഇറങ്ങി നോക്കി. ലോകകപ്പ് നടത്തുവാൻ ഖത്തറിന് പ്രാപ്തിയില്ല എന്നും അമേരിക്കയിലെ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിനും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയിലെ മുൻ ഉദ്യോഗസ്ഥർക്കും പണം നൽകിയാണ് ഖത്തർ ആതിഥേയത്തം ഒപ്പിച്ചെടുത്തത് എന്നുമെല്ലാം ബ്രിട്ടീഷ് മാധ്യമമായ സൺഡേ ടൈംസ് പുറത്തുവിട്ടു. അതൊന്നും പക്ഷെ ഒട്ടും ഏശിയില്ല. അന്തർദേശീയ വേദികളിൽ അമീർ തമീമിന്റെ വാക്കുകളുടെ സത്യസന്ധത കേട്ടതോടെ ലോബികൾക്ക് മിണ്ടാട്ടം മുട്ടി. നിങ്ങൾ വരൂ, ഞങ്ങൾ നേരിട്ട് ഉത്തരം തരാം എന്നും പറഞ്ഞ് അദ്ദേഹം പതിവു പോലെ പുഞ്ചിരിച്ചു. വേദി മാറ്റാനുളള മുറവിളികൾ മറികടന്ന് ലോകകപ്പ് മത്സരങ്ങൾ ഖത്തറിൽ ആരംഭിച്ചതോടെ തൽക്കാലം ആ മുറവിളികൾ അവസാനിച്ചിരിക്കുകയാണ്.
ഖത്തറിന് ഇതൊന്നും പുത്തരിയല്ല. തൊട്ടടുത്ത അയൽ രാജ്യങ്ങൾ അന്താരാഷ്ട്ര ഭീമൻമാരുടെ പിന്തുണയോടെ ഖത്തറിനെതിരെ 2017 ൽ ഉപരോധം ഏർപ്പെടുത്തിയതായിരുന്നുവല്ലോ. 2017 ജൂൺ 5 മുതൽ ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ഉള്ള സഖ്യകക്ഷികൾ ശക്തമായ നയതന്ത്ര-ഗതാഗത-കച്ചവട ഉപരോധമാണ് ഏർപ്പെടുത്തിയിരുന്നത്. ഗൾഫ് മേഖലയിൽ ഒരു യുദ്ധത്തിന്റെ പ്രതീതി തന്നെ ഉരുണ്ടു കൂടിയിരുന്നു. അൽജസീറ ചാനൽ അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കുക, ഖത്തറിലെ തുർക്കി സൈനിക താവളം റദ്ദാക്കുക തുടങ്ങിയ പതിമൂന്നിന ആവശ്യങ്ങൾ അംഗീകരിക്കുക എന്നതായിരുന്നു ഉപരോധം അവസാനിപ്പിക്കാനുള്ള നിബന്ധനകളായി ഉപരോധ രാജ്യങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഉപാധികളില്ലാത്ത, രാജ്യത്തിൻെറ പരമാധികാരം മാനിക്കുന്ന ഏത് തരം ചർച്ചകൾക്കും ഒരുക്കമാണെന്നാണ് ഖത്തറിൻെറ തുടക്കം മുതലുള്ള നിലപാട്. പക്ഷെ, ഉപരോധമേർപ്പെടുത്തിയവർ വാശിക്കാരായിരുന്നു. ഖത്തർ ഇറാനുമായി ചേർന്ന് റഷ്യൻ ചേരിയിലേക്ക് പോയേക്കുമോ എന്ന വെറും ഭീതിയായിരുന്നു അവർക്ക്. ഖത്തർ ഒന്നും മിണ്ടിയില്ല. നാലു വർഷം കഴിഞ്ഞപ്പോൾ അവർക്ക് ഖത്തറിന്റെ മുമ്പിൽ ഇനിയും പിടിച്ചു നിൽക്കാൻ വയ്യെന്നായി. അവസാനം ജി സി.സി ഉച്ചകോടിയിൽ വെച്ച് ഉപരോധം പിൻ വലിക്കാൻ ഉള്ള തീരുമാനം ഉണ്ടായി. തബൂക്കിലെ അൽ ഉലായിൽ വെച്ചായിരുന്നു പ്രഖ്യാപനം. ഉപരോധ സമയത്ത് മുന്നോട്ടു വെക്കപ്പെട്ട ഒരു ഉപാധിയും ഇല്ലാതെ തന്നെയായിരുന്നു ഉപരോധം പിൻവലിക്കപ്പെട്ടത്.
ലോകകപ്പ് മത്സരങ്ങൾ തുടങ്ങിയതോടെ എല്ലാവരും അക്ഷരാർഥത്തിൽ വായ പൊളിച്ചു നിൽപ്പാണ്. രാജ്യത്തെ മുഴുവനും ഫുഡ്ബോൾ വൽക്കരിച്ചിരിക്കുന്നു എന്നതാണ് ഒന്നാമത്തേത്. ചെറിയ ഒരു രാജ്യമാണ് എന്നതിനാൽ അവർക്കതിന് അനായാസം കഴിയും. അറബികളും മുസ്ലിം രാജ്യങ്ങളും പറയാതെ പറഞ്ഞിരുന്ന ചില ആരോപണങ്ങുണ്ട്. അറബികൾക്ക് ഇപ്പോൾ ഒന്നും പറയാനില്ല. കാരണം അറബ് സാംസ്കാരികത എല്ലാ അണുവിലും അവിടെ പ്രകടമാണ്. എഴുത്തിലും വായനയിലും അവതരണത്തിലും പ്രകടനത്തിലും എല്ലാം അറബിക്ക് ടച്ച് നന്നായി ഉണ്ട്. ഫിഫയെ കൊണ്ടുവരുമ്പോൾ അവരുടെ സംസ്കാരത്തെയും പട്ടു കമ്പളം വിരിച്ച് സ്വീകരിക്കേണ്ടിവരും എന്ന് മുറുമുറുത്തവർ അറബ് മേഖലയിൽ ഉണ്ടായിരുന്നു. അവർക്കെല്ലാം മറുപടിയാണ് സാംസ്കാരിക ഗ്രാമവും മറ്റു സാംസ്കാരിക ചിഹ്നങ്ങളും. ഇസ്ലാം ചോർന്നുപോകും, ഏതാനും ദിവസത്തേക്ക് ഇസ്ലാം മാറ്റിവെക്കേണ്ടിവരും എന്ന് പറഞ്ഞവർ ഇപ്പോൾ വഷളായിരിക്കുകയാണ്. ഇസ്ലാമിക സംസ്കാരവും അറബ് സംസ്കാരവും രണ്ടല്ല എന്ന് വിളിച്ചു പറയുകയാണ് ഖത്തറിലെ ഓരോ മണൽ തരിയും.
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിലവിൽ രാജ്യം പിന്തുടരുന്ന ദേശീയമോ മതപരമോ സാംസ്കാരികമോ ആയ ഒന്നിലും ഒരു മാറ്റവും അനുവദിക്കില്ല എന്ന നയം. ഇതിനെ പലരും ഇസ്ലാമിക ശരീഅത്ത് നടപ്പാക്കുകയാണ് എന്ന് ആക്ഷേപിക്കുന്നുണ്ട്. സത്യത്തിൽ ഈ കാര്യത്തിലൊന്നും പുതിയ ഒരു നയവും ഖത്തർ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. അതനുസരിച്ച് രാജ്യത്തുടനീളമുള്ള ലൈസന്‍സുള്ള റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മദ്യം നല്‍കുമെന്നും നിശ്ചിത സമയങ്ങളില്‍ മാത്രം മദ്യം ഫാന്‍ സോണുകളില്‍ ലഭ്യമാക്കുമെന്നും സംഘാടകര്‍ പറഞ്ഞിട്ടുണ്ട്. ലോകകപ്പ് നടക്കുന്ന നഗരങ്ങളിൽ ലഭിക്കുന്നതുപോലെ ഒരു നിയന്ത്രണവുമില്ലാത്ത കുടിക്കും കൂത്താട്ടത്തിനും അനുവദിക്കില്ല എന്നാണ് ഇതിനർഥം. ഖത്തറിലേക്ക് മദ്യം കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രത്യേക കടകളില്‍ നിന്ന് മദ്യം വാങ്ങാന്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് അനുവാദമുണ്ട്. അതുകൊണ്ടാണ് ഫാന്‍ സോണിന് പുറത്ത് വിനോദസഞ്ചാരികള്‍ മദ്യപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇത് അവിടങ്ങളിൽ എയർ പോർട്ടുകളിലും മറ്റും പുകവലിക്കുന്നതു പോലെ തന്നെയാണ്. എല്ലാർക്കും എല്ലായിടത്തും വലിച്ച് നടക്കാനാകില്ല. പുകവലിക്കാനുള്ള പ്രത്യേക ഏരിയകൾ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടാകും. അവിടെ പോയി വലിക്കേണ്ടവർക്ക് വലിക്കാം. അവിവാഹിതരായ സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ബന്ധം ഖത്തറില്‍ കുറ്റകൃത്യമായാണ് ലോകകപ്പിന് മുമ്പെ കണക്കാക്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ അവിവാഹിതരായ ദമ്പതികള്‍ക്ക് ഹോട്ടല്‍ മുറികള്‍ നല്‍കരുതെന്ന് പൊതുവെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് ഇപ്പോഴും തുടരും. ഖത്തറില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണ്. ഇത് ലംഘിച്ചാല്‍ ജയില്‍ ശിക്ഷ ലഭിക്കാം. കൂടാതെ ആരാധകര്‍ പന്നിയിറച്ചിയോ സെക്സ് ടോയ്സോ കൊണ്ടുവരാന്‍ ശ്രമിച്ചാലും ജയില്‍ ശിക്ഷ ഉറപ്പാണ്. ഇതൊക്കെ ആ രാജ്യത്തിന്റെ നിലവിലുള്ള നിയമങ്ങൾ മാത്രമാണ്.
ജി സി സിയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണ് ഖത്തർ. പക്ഷെ ഇച്ഛാശക്തിയില്‍ തങ്ങള്‍ കരുത്തരാണെന്ന് ഉപരോധകാലത്ത് ഖത്തർ തെളിയിച്ചതാണ്. ഇപ്പോൾ ലോകകപ്പിന്റെ കാര്യത്തിലും അവരത് തെളിയിക്കുന്നു. അതിന്റെ കാരണങ്ങളായി പ്രമുഖ പത്രത്തിന്റെ നിരീക്ഷകൻ നിരത്തുന്നത് അഞ്ചു കാര്യങ്ങളാണ്. ഒന്നാമതായി ഖത്തർ എന്ന രാജ്യത്തിന്റെ ഭരണം ശരിയായ അർഥത്തിൽ ഉള്ള ശൂറ - കൂടിയാലോചനയിലുള്ളതാണ്. കൂടിയാലോചന എന്ന വാക്ക് ഏതാണ്ട് എല്ലാ രാജ്യങ്ങളും ഉപയോഗിക്കുന്നത് തന്നെയാണ്. ആ രാജ്യങ്ങളിൽ ചർച്ചകൾ ഒരു ഭാഗത്ത് നാക്കുമ്പോൾ മറുഭാഗത്ത് ഭരണാധികാരിയുടെ ഇംഗിതം നടപ്പിൽ വരുത്തുകയായിരിക്കും. ഖത്തറിൽ ഭരണഘടനാപരമായി തന്നെ അതു സാധ്യമല്ല. അതുകൊണ്ട് ഗവൺമെന്റ് എപ്പോഴും ഒറ്റക്കെട്ടായിരിക്കും. രണ്ടാമത്തെ കാര്യം ഉണ്ടായ കാലം മുതൽ തന്നെ ഒരേ രാഷ്ട്രീയ ലൈൻ പിന്തുടരുന്നു എന്നതാണ്. അതിനാൽ അവിടെ ശത്രുക്കൾ മാറുന്നില്ല. മാറുന്ന പക്ഷം ഭരണീയരെ അതിനനുസരിച്ച് മാറ്റിയെടുക്കേണ്ട സാഹചര്യമില്ല. മൂന്നാമത്തേത് ടെക്നോളജിയും നാലാമത്തേത് വിദ്യാഭ്യാസവുമാണ്. ഈ രണ്ടിന്റെയും കാര്യത്തിൽ ഒരു വിലയും വിധേയത്വവും വേണ്ടതില്ല എന്നും ഈ ശക്തികൾ ഒരു രാജ്യത്തിന്റേതുമല്ല എന്നവർ ഉറച്ചു വിശ്വസിക്കുന്നു. അഞ്ചാമത്തേതും അവസാനത്തേതും പ്ലാനിംഗാണ്. ഈ ചെറിയ രാജ്യത്തിന്റെ ഓരോ അണുവിനെയും തങ്ങളുടെ വീക്ഷണങ്ങൾക്കനുസരിച്ച് പ്ലാൻ ചെയ്ത് കൊണ്ട് വരുവാൻ അവർ പ്രത്യേകം ശ്രദ്ധിക്കും. ഇത് തദ്ദേശീയരെ രാജ്യം എന്ന വികാരത്തിൽ ഒതുക്കി നിറുത്തുവാൻ ഏറെ സഹായകമാണ് എന്നാണ് അനുഭവം.
ലോകകപ്പ് ഉദ്ഘാടന വേദിയിൽ
ഹോളിവുഡ് ഇതിഹാസ താരം മോര്‍ഗന്‍ ഫ്രീമാനും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത ഖത്തരി യുവാവ് ഗാനി അല്‍ മുഫ്തയും തമ്മിലുള്ള സംഭാഷണം മാത്രം മതി ഖത്തർ എവിടെ എത്തിനിൽക്കുന്നു എന്ന് മനസ്സിലാക്കാൻ. സദസ് വലിയ കരഘോഷത്തോടെയാണ് അവരെ സ്വീകരിച്ചത്. പൊലിമയും നിറവൈവിധ്യങ്ങളും അറബ് സാംസ്കാരികതയും നിറഞ്ഞുനിന്ന കലാവിരുന്നിനിടെയാണ് മോര്‍ഗന്‍ ഫ്രീമാൻ വേദിയിലേക്ക് വന്നത്. എതിര്‍ ഭാഗത്തൂടെ ഫിഫ ഗുഡ്‍വില്‍ അംബാസഡറും അരയ്ക്ക് താഴെ വളര്‍ച്ചയില്ലാത്ത യുവാവുമായ ഗാനിം അല്‍ മുഫ്തയും. വിവേചന ബുദ്ധിയാലും വെറുപ്പിനാലും ലോകമാകെ പടര്‍ന്ന കറുത്ത നിഴല്‍ മായ്ക്കാന്‍ എന്താണൊരു വഴിയെന്ന് ഫ്രീമാന്‍ ഗാനിമിനോട് ചോദിക്കുകയാണ്. ആ ചോദ്യം ചോദിക്കുവാൻ ഫ്രീമാൻ ഇരിക്കുന്ന ഫ്രെയിം ഈ നൂറ്റാണ്ട് കഴിയുന്നത് വരെ ഏറ്റവും വിലകൂടിയ ഫ്രയിമായിരിക്കും. ഉടന്‍ വന്നു ഗാനിമിന്റെ പരിന്നാരം. അത് പരിഹാരങ്ങളുടെ അവസാന വാക്കായ ഖുര്‍ആനിലെ ഒരു സൂക്തമായിരുന്നു. തീര്‍ച്ചയായും മനുഷ്യരെ വ്യത്യസ്ത വിഭാഗക്കാരായി ദൈവം സൃഷ്ടിച്ചത് പരസ്പരം അറിയാനും പഠിക്കാനും അതുവഴി ഒന്നാകാനുമാണെന്നര്‍ഥം വരുന്ന ഖുര്‍ആന്‍ വാക്യം. സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഒറ്റക്കൂരയാണിതെന്ന് അല്‍ മുഫ്ത അല്‍ ബൈത്തിനെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
നിറ കയ്യടികളോടെയാണ് ഇരുവരുടെയും സംഭാഷണത്തെ ഗ്യാലറി വരവേറ്റത്. ലോകകപ്പ് സംഘാടനത്തിന്‍റെ പേരില്‍ ഖത്തറിനെതിരെ വംശീയ വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവർക്കെല്ലാം ഉള്ള മറുപടി അതിലുണ്ടല്ലോ.
8111 81 48 29
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso