Thoughts & Arts
Image

കരുതിയാൽ കളിയും കാര്യമാക്കാം

24-11-2022

Web Design

15 Comments







നൻമ പ്രബോധനം ചെയ്യാൻ ആഗ്രഹിക്കുന്ന വർ സ്വീകരിക്കേണ്ട ഒരു വഴിയാണ് അവസരങ്ങൾ ഉപയോഗപ്പെടുത്തുക എന്നത്. വിശുദ്ധ ഖുർആൻ ഇത് സൂചിപ്പിക്കുന്നുണ്ട്. യൂസുഫ് നബിയുടെ ചരിത്രത്തിനിടെയാണ് ഇത് സൂചിപ്പിക്കുന്നത്. അതിൽ തന്റെ രണ്ട് സഹതടവുകാർ ഓരോ സ്വപ്നങ്ങൾ കാണുന്നു. അതിന്റെ വ്യാഖ്യാനം അറിയാൻ അവർക്ക് തിടുക്കമുണ്ടാവുന്നു. അത് ആ കാലത്തിന്റെ ത്വരയും ആകാംക്ഷയുമായിരുന്നു. കാരണം, സ്വപ്നത്തിലൂടെ ദൈവം തന്നോട് നേരിട്ടു സംസാരിക്കുകയാണ് എന്നാണ് അന്നത്തെ ജനങ്ങൾ വിശ്വസിച്ചിരുന്നത്. അതോടൊപ്പം ഇവർ കണ്ട സ്വപ്നം പല ആശങ്കകളും ഉളവാക്കുന്നതുമായിരുന്നു. തങ്ങളുടെ സ്വപ്നത്തിന്റെ വ്യാഖ്യാനം അറിഞ്ഞു കിട്ടാനുള്ള തീവ്രമായ ആഗ്രഹത്തിൽ നിൽക്കുകയായിരുന്ന അവരെ അത് ഞാനിപ്പോൾ പറഞ്ഞു തരാം എന്ന മട്ടിൽ ശ്വാസമടക്കിപ്പിടിച്ചു നിറുത്തി യൂസുഫ് നബി അവരോട് പറയുന്നത് ഏക ദൈവ വിശ്വാസത്തെ കുറിച്ചാണ്. അത് യുക്തിപരമായി പറഞ്ഞ് പിന്നെയാണ് അദ്ദേഹം അവരുടെ സ്വപ്നം വ്യാഖ്യാനിക്കുന്നത്. (യൂസുഫ് : 30 - 42) തനിക്ക് കൈവന്ന സുവർണ്ണാവസരത്തെ തന്റെ ദൗത്യമായ ആദർശ പ്രചരണത്തിന് അദ്ദേഹം ഉപയോഗപ്പെടുത്തി എന്നു ചുരുക്കം. തന്ത്രപൂർവ്വം പ്രബോധനം ചെയ്യുക എന്നും (നഹ്ൽ: 125) അകക്കാഴ്ചയോടെ പ്രബോധനം ചെയ്യുക എന്നും (യൂസുഫ്: 108) അല്ലാഹു ഖുർആനിലൂടെ നിർദ്ദേശിക്കുന്നതിന്റെ സാധ്യവും ഇതു തന്നെയാണ്.



ഖത്തറിൽ നടക്കുന്ന ലോക ഫുട്ബോൾ മാമാങ്കത്തെ അങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ലോക ഇസ്ലാമിക പണ്ഡിതൻമാർ പലരും അഭിപ്രായപ്പെട്ടത് ഈ അർഥത്തിലാണ്. ജർമ്മനിയിലെ ഉലമാക്കളുടെയും പ്രബോധകരുടെയും സംഘടനയുടെ പരമാധ്യക്ഷൻ ശൈഖ് ത്വാഹാ ആമിർ പറയുന്നത് ഖത്തർ ഈ അവസരം ഇസ്ലാമിന്റെ സാംസ്കാരികവും സാമൂഹ്യവുമായ സവിശേഷതകളെ ലോകത്തിന് പരിചയപ്പെടുത്താനും ഉപയോഗപ്പെടുത്തണം എന്നാണ്. ഇസ്ലാമിന്റെ ഉന്നത മൂല്യങ്ങളായ ഔതാര്യം, സ്വീകരണം, സുരക്ഷാ ബോധവും സന്നാഹവും എല്ലാം ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്നും വരുന്നവർക്ക് തന്ത്രപരമായി മനസ്സിലാക്കിക്കൊടുക്കണം. സൂറത്തുൽ ഹുജറാത്തിൽ, അല്ലാഹു മനുഷ്യരെ വിവിധ ഗോത്രങ്ങളും വംശങ്ങളുമാക്കിയിരിക്കുന്നത് നിങ്ങൾ പരസ്പരം പരിചയപ്പെടാൻ വേണ്ടിയാണ് എന്ന് പറഞ്ഞത് ശൈഖ് ത്വാഹാ എടുത്ത് ഉദ്ധരിച്ചു. ഈ സൂക്തത്തിലെ പരിചയപ്പെടൽ എന്നതു കൊണ്ട് ഉദേശിക്കുന്നത് അതാണ് എന്ന് അദ്ദേഹം വ്യാഖ്യാനിക്കുകയും ചെയ്തു.



സത്യത്തിൽ വിശുദ്ധ ഖുർആനിന്റെ ഈ പ്രയോഗം ഈ പശ്ചാതലത്തിൽ മാത്രമല്ല, പൊതു സമൂഹിക ജീവിതത്തിന്റെ തന്നെ ഏറ്റവും വലിയ ഒരു അനിവാര്യതയാണ്. ലോകത്ത് നടക്കുന്ന എല്ലാ അധിക്ഷേപങ്ങളുടെയും കാരണം അത് ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും തമ്മിൽ നിലനിൽക്കുന്ന അറിവില്ലായ്മയാണ്. ഇന്നത്തെ കാലത്ത് മതങ്ങൾ അടക്കമുളള സംഘ സമൂഹങ്ങളെല്ലാം പരസ്പരം പോരടിക്കുന്ന അവസ്ഥയിലാണല്ലോ. ഒരു കക്ഷിക്കാരൻ മറ്റൊരു കക്ഷിക്കാരനെ കുറിച്ച് വെച്ചുപുലർത്തുന്ന തെറ്റായ ധാരണകളിൽ നിന്നാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്. ഇത് നമ്മുടെ സാമൂഹ്യ പരിസരത്ത് മാത്രമല്ല, ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ളതാണ്. ഇത്തരം തെറ്റായ മുൻധാരണകൾ മാറ്റിയെടുക്കുവാൻ നമ്മുടെ അവസരങ്ങളിൽ നാം നമ്മുടെ സംസ്കാരത്തെ പ്രതിനിധാനം ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമുളള വഴി. ഖത്തറിൽ അത് ഏറെ പ്രസക്തമാണ്. അതിനു കാരണമുണ്ട്. ഏഷ്യയിൽ രണ്ടാമത്തെ താണെങ്കിലും അറബ് മേഖലയിൽ ഇതാദ്യമായാണ് ലോക ഫുട്ബോൾ മാമാങ്കം എത്തുന്നത്. ലോകത്തെ ഏറ്റവും വലിയ വൈകാരികോത്സവമാണ് ഇത്. അതിൽ ലോകത്തെ ഏതാണ്ടെല്ലാ കൊലകൊമ്പൻമാരും വരും, പങ്കെടുക്കും. ഒരു മാസത്തോളം ആതിഥേയ രാജ്യം ഒരു മിനിയേച്ചർ ഗ്ലോബായിമാറും. വിവിധ രാജ്യങ്ങളിൽ നിന്ന് കളിക്കാനും കാണാനുമായി വരുന്നവരുടെ ശ്രദ്ധയിൽ എന്തെല്ലാം പെടുന്നുവോ അതെല്ലാം പതിഞ്ഞു കിടക്കും.



മറ്റൊരു കാരണം, ഖത്തർ ലോകകപ്പിന് വേദിയാകുന്നതിനെതിരെ അന്താരാഷ്ട്ര ഭീമൻ രാജ്യക്കാർക്കെല്ലാം കുറേ നാളായി കുരു പൊട്ടാൻ തുടങ്ങിയിട്ട്. അവിടെ മനുഷ്യാവകാശ ധ്വംസനം നടക്കുന്നു, അവർക്ക് ഫുട്ബോൾ പരിചയമില്ല, അടിസ്ഥാന സൗകര്യങ്ങൾ പോരാ എന്നൊക്കെ ജർമ്മനിയിലെ മന്ത്രി മുതൽ ന്യൂയോർക്ക് ടൈംസ് വരെ തുറന്ന് ആക്ഷേപിക്കുകയുണ്ടായി. പണം കൊടുത്ത് വാങ്ങിയതാണ് അവസരം എന്നത് മറ്റു ചിലരുടെ ആക്ഷേപം. ഇതെല്ലാം വകഞ്ഞു മാറ്റിയാണ് തമീം അൽതാനിയും നാടും ഈ അവസരം സ്വന്തമാക്കിയത്. അതിനാൽ നിരൂപണ ഭാവത്തിലുള്ള ഒരു ശ്രദ്ധ ഖത്തർ ലോകകപ്പിന്റെ ലാസ്റ്റ് വിസിൽ വരെ ഉണ്ടാകും എന്നുറപ്പാണ്. ഈ ശ്രദ്ധയെ ഇസ്ലാമിനു കൂടി വേണ്ടി ഉപയോഗപ്പെടുത്തണമെന്നാണ് ത്വാഹാ ആമിർ പറയുന്നത്. അല്ലെങ്കിലും ഇതൊക്കെ തന്നെയാണല്ലോ ഇതുകൊണ്ടുള്ള ഫലവും. ബില്യൺ കണക്കിൽ ഡോളർ ചെലവഴിച്ച് ലോകകപ്പ് നടത്തിയിട്ട് ഖത്തറിന് നേരിട്ട് സാമ്പത്തിക നേട്ടമൊന്നും കാര്യമായി ഇല്ല. മത്സരത്തിന്റെ പണം ഫിഫയുടെ പെട്ടിയിലാണ് വീഴുക. പിന്നെ, സൈഡ് കച്ചവടം, ടൂറിസം, ഗുഡ് വിൽ ഇവ മൂന്നും വഴിയാണ് ലാഭം വന്നു ചേരുക. അതെത്രയോ ഇരട്ടി ആയിരിക്കുമെന്നത് ശരി തന്നെയാണ്. ആ നേട്ടങ്ങളിൽ പ്രധാനപ്പെട്ടതാണ് തങ്ങളുടെ രാജ്യം, പൈതൃകം, സംസ്കാരം, മതം തുടങ്ങിയവയുടെ പ്രമോഷൻ. കാരണം ഗൾഫ് രാജ്യങ്ങളിൽ ചെറുപ്പത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണെങ്കിലും തങ്ങളുടെ ഇസ്ലാമിക പാരമ്പര്യത്തിലും അത് ആവിഷ്കരിച്ച അറബ് പാരമ്പര്യത്തിലും അഭിമാനിക്കുകയും അത് തുറന്ന് പറയുകയും ചെയ്യുന്ന രാജ്യമാണ് ഖത്തർ.



അയർലന്റിലെ യൂറോപ്യൻ യൂണിയൻ ഫത് വാ ആന്റ് റിസർച്ച് ബോർഡിന്റെ സെക്രട്ടരി ജനറൽ ഡോ. ഹുസൈൻ ഹലാവ പറയുന്നതും ഇതു തന്നെയാണ്. മത്സരത്തിന് വരുന്ന ആളുകൾ ഒരുപക്ഷെ, ആദ്യമായിട്ടായിരിക്കും ഒരു അറബ്-ഇസ്ലാമിക രാജ്യത്ത് വരുന്നത്. അവരോട് ഇസ്ലാമിക സംസ്കാരത്തെ പരിചയപ്പെടുത്തുവാൻ ഇതൊരു നല്ല അവസരമാണ്. അതിന് നാം സൃഷ്ടിക്കേണ്ടത് നമ്മുടെ സംസ്കാരം അവർക്ക് അനുഭവപ്പെടാനുള്ള സാഹചര്യമാണ്. കച്ചവടങ്ങൾക്കായി വന്നവരും പോയവരും വഴി ഇസ്ലാമിക സംസ്കാരം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ ഉദാഹരണങ്ങൾ അദ്ദേഹം ഒപ്പം തന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. സ്പെയിനിലെ അസ്ഹർ പണ്ഡിതരുടെ കൂട്ടായ്മയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, അമേരിക്കയിലെ രാഷ്ട്രമീമാംസയിലെ അദ്ധ്യാപകൻ ഡോ. അബ്ദുൽ മവുജൂദ് ദർദ്ദീരി, തുർക്കിയിലെ രാഷ്ട്രീയ നിരീക്ഷകൻ ഡോ. യൂസുഫ് കാതിബ് ഓഗ് ലോ, ട്രിപോളിയിലെ രാഷ്ട്രീയ നിരീക്ഷകൻ ഇസ്വാമുസ്സുബൈർ തുടങ്ങി നിരവധി പേർ ഇതേ കാഴ്ചപ്പാടുകാരാണ്. ഈ അഭിപ്രായങ്ങൾ എല്ലാം തികച്ചും വിശുദ്ധവും നിഷ്കളങ്കരുമാണ്. ഇവരെല്ലാം പറയുന്നതിന്റെ സ്വരവും ധ്വനിയും കളി വെറും കളിയാകരുത് എന്നും അതിൽ സാംസ്കാരികതയുടെ നീക്കിവെപ്പും കൈമാറ്റവും കൂടി ഉണ്ടായിരിക്കണമെന്നുമാണ്. അത് ഒരു തെറ്റായ അർഥത്തിലേക്കും ലക്ഷ്യത്തിലേക്കും നീങ്ങുന്നതിനെ ഇവരാരും പിന്തുണക്കുന്നില്ല.



അവസരങ്ങൾ ഉപയോഗപ്പെടുത്തുക എന്നത് അടിസ്ഥാനപരമായി ഇസ്ലാമിന്റെ ശൈലി തന്നെയാണ്. നബി(സ) അങ്ങനെ ചെയ്തിരുന്നതായി ചരിത്രത്തിൽ കാണാം. പരിശുദ്ധ മക്കയിൽ തീർഥാടനത്തിനും വ്യാപാരത്തിനുമായി എത്തുന്ന വിദേശികൾക്കിടയിലൂടെ ചുറ്റി നടക്കുന്നതും അവർക്ക് തന്റെ ദൗത്യത്തെ കുറിച്ച് വിവരം നൽകുന്നതും നബി(സ) തിരുമേനിയുടെ പതിവായിരുന്നു. അതിലൂടെ ഇസ്ലാം ധാരാളം മനസ്സുകളിൽ എത്തി എന്നത് അനുഭവമാണ്. എന്നല്ല, ഇത് തദ്ദേശീയരായ എതിരാളികളെ തെല്ല് ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ത്വുഫൈൽ ബിൻ അംറ് അദ്ദൗസീ, ളിമാദ് അൽ അസ്ദീ തുടങ്ങിയവരൊക്കെ ഈ അനുഭവത്തിൽ ഇസ്ലാമിൽ എത്തിയവരാണ്. തന്നെയുമല്ല, തന്റെയും ഇസ്ലാമിക ചരിത്രത്തിന്റെയും ഗതി തിരിച്ചു വിട്ട മദീനാ ഹിജ്റയിലേക്ക് നബി എത്തിച്ചേരുന്നത് അങ്ങനെയാണല്ലോ. മിനാ താഴ്വാരത്തു കൂടി ഇതേ ദൗത്യവുമായി ചുറ്റി നടക്കുന്നതിനിടെയായിരുന്നു യത് രിബുകാരായ തീർഥാടകരെ കണ്ടുമുട്ടിയും അവരുമായുള്ള ബന്ധം തുടങ്ങിയതും.



ഈ പറഞ്ഞതെല്ലാം ഖത്തർ നേരത്തെ ഉൾക്കൊണ്ടതു തന്നെയായിരുന്നു എന്നാണ് നമ്മുടെ അനുഭവങ്ങൾ പറയുന്നത്. ലോകകപ്പിനെ വരവേൽക്കാൻ ഒരുക്കിയ ഖത്തറിന്റെ ഓരോ അലങ്കാരത്തിലും അറേബ്യൻ-ഇസ്ലാമിക് ടച്ചുണ്ട്. പള്ളികളിലെ ബാങ്കുവിളിയും ഇമാമിന്റെ ഓത്തും വരെ ആകർഷകമാകുവാൻ വേണ്ട നടപടി അവർ സ്വീകരിച്ചു. നാടും നഗരവും സാംസ്കാരിക പൈതൃകങ്ങൾ കൊണ്ട് നിറച്ചുവെച്ചു. അത് ഏറെ പ്രകടമായത് ലോകകപ്പിന് വീര്യം പകരാൻ എല്ലാവരും കരുതി കാത്തിരുന്ന കുടിക്കും കൂത്താട്ടത്തിനുമെതിരെ ശക്തമായ തീരുമാനങ്ങളും തീരുമാനങ്ങളും എടുക്കുക വഴിയാണ്. രാജ്യം ഈ കാര്യത്തിൽ പിന്തുടരുന്ന മൂല്യങ്ങളും നയങ്ങളും ലോകകപ്പിന്റെ പേരിൽ മാറ്റാൻ അനുവദിക്കില്ലെന്നും അത് ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ് എന്നും തുറന്നു പറഞ്ഞു ഖത്തർ ഭരണകൂടം. ഇതിനെ പലരും ഇസ്ലാമിക ശരീഅത്ത് നടപ്പാക്കുകയാണ് എന്ന് ആക്ഷേപിക്കുന്നുണ്ട്. സത്യത്തിൽ ഈ കാര്യത്തിലൊന്നും പുതിയ ഒരു നയവും ഖത്തർ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. അതനുസരിച്ച് രാജ്യത്തുടനീളമുള്ള ലൈസന്‍സുള്ള റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മദ്യം നല്‍കുമെന്നും നിശ്ചിത സമയങ്ങളില്‍ മാത്രം മദ്യം ഫാന്‍ സോണുകളില്‍ ലഭ്യമാക്കുമെന്നും സംഘാടകര്‍ പറഞ്ഞിട്ടുണ്ട്. ലോകകപ്പ് നടക്കുന്ന നഗരങ്ങളിൽ ലഭിക്കുന്നതുപോലെ ഒരു നിയന്ത്രണവുമില്ലാത്ത കുടിക്കും കൂത്താട്ടത്തിനും അനുവദിക്കില്ല എന്നാണ് ഇതിനർഥം. ഖത്തറിലേക്ക് മദ്യം കൊണ്ടുവരുന്നത് നിരോധിച്ചിട്ടുണ്ട്. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി പ്രത്യേക കടകളില്‍ നിന്ന് മദ്യം വാങ്ങാന്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് അനുവാദമുണ്ട്. അതുകൊണ്ടാണ് ഫാന്‍ സോണിന് പുറത്ത് വിനോദസഞ്ചാരികള്‍ മദ്യപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. അവിവാഹിതരായ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു താമസിക്കുന്നത് ഖത്തറില്‍ കുറ്റകൃത്യമാണ്. അതനുസരിച്ച് അവിവാഹിതരായ ദമ്പതികള്‍ക്ക് ഹോട്ടല്‍ മുറികള്‍ നല്‍കരുതെന്ന് പൊതുവെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് ഇപ്പോഴും തുടരും. ഖത്തറില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണ്. ഇത് ലംഘിച്ചാല്‍ ജയില്‍ ശിക്ഷ ലഭിക്കാം. കൂടാതെ ആരാധകര്‍ പന്നിയിറച്ചിയോ സെക്സ് ടോയ്സോ കൊണ്ടുവരാന്‍ ശ്രമിച്ചാലും ജയില്‍ ശിക്ഷ ഉറപ്പാണ്. ഇതൊക്കെ ആ രാജ്യത്തിന്റെ നിലവിലുള്ള നിയമങ്ങൾ മാത്രമാണ്. പിന്നെ ഉദ്ഘാടന ചടങ്ങുകളിൽ മുഴങ്ങിയ ഖുർആൻ സൂക്തങ്ങളും അവതരിപ്പിച്ച സാംസ്കാരിക കലകളും കൂടി ചേർന്നപ്പോൾ ഖത്തർ ഇക്കാര്യത്തിൽ നമ്മുടെ പ്രതീക്ഷയെ പോലും മറികടക്കുകയാണ്.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso