Thoughts & Arts
Image

മുകളിലെ മുഗൾ വിരോധം

28-11-2022

Web Design

15 Comments





പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത്ര വലിയ വികാരം പ്രകടിപ്പിച്ചതോടെയായിരിക്കാം ചരിത്ര വിദ്യാർഥികൾ ഒരുപക്ഷെ, ലച്ചിത് ബർഫുകനെ കുറിച്ച് പരതാൻ തുടങ്ങിയത്. ലച്ചിത് ബർഫുകാൻ എന്ന നാമം നമ്മുടെ മുഖ്യധാരാ ചരിത്രങ്ങളിൽ ഒരു പ്രദേശത്തിന്റെ പ്രാദേശിക വീര്യങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുകൊണ്ടായിരിക്കാം പൊതു വായനപ്പുറത്തു നിന്ന് അതിപ്പോൾ അകലെയാണ്. അതിന്റെ കാരണങ്ങൾ പഠിക്കപ്പെടേണ്ടതുണ്ട്. അതിന് ആദ്യം മുഖ്യധാരാ ചരിത്രത്തിലേക്ക് ഈ നാമം കൊണ്ടുവരേണ്ടുന്നതിന്റെ പ്രസക്തി സ്ഥാപിക്കണം. പിന്നെ അതെന്തുകൊണ്ടാണ് വിസ്മൃതിയിലേക്ക് മറഞ്ഞുപോയത് എന്ന് കണ്ടെത്തണം. അത് യു പി സ്കൂൾ ചരിത്ര പുസ്തകത്തിൽ ഉണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ സൈനികവീര്യം തന്നെ വല്ലാതെ സ്വാധീനിച്ചു എന്നും അതിനാൽ ഞാൻ ആ അദ്ധ്യായം പലതവണ വായിച്ചു എന്നുമെല്ലാമാണല്ലോ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറയുന്നത്. ബർഫുകാന്റെ 400-ാം ജൻമദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പിലാണ് ആസാം മുഖ്യമന്ത്രി താൻ 1982 ൽ പഠിച്ച പാഠപുസ്തകത്തെ എടുത്തു പറഞ്ഞിരിക്കുന്നത്. എന്നിട്ടും ഇപ്പോൾ അത് ചരിത്രത്തിൽ നിന്നും നിഷ്കാസിതമാവുകയോ വെട്ടിമാറ്റപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അതന്വേഷിക്കേണ്ടതുണ്ട്. കാരണം, ഇന്ത്യ ഇന്ത്യയാകുന്നതിനു മുമ്പുണ്ടായ എല്ലാ അധ്യായങ്ങളും നമ്മുടെ പൈതൃകങ്ങളാണ്. ഒരു മാറ്റവും വരാതെയും വരുത്താതെയും വരുത്താൻ അനുവദിക്കാതെയും അതിനെ സൂക്ഷിക്കുവാൻ പൗരൻമാർക്ക് ബാധ്യതയുണ്ട്.



ഇതിനെ കുറിച്ചുള്ള ആലോചനയിൽ ആദ്യമായി വേണ്ടത് ലച്ചിതിന്റെ കാലം നിർണ്ണയിക്കുകയാണ്. 1622 മുതൽ 1672 വരെയാണ് ലച്ചിതിന്റെ കാലം. ഇനി ഈ പതിനേഴാം നൂറ്റാണ്ടിലെ ഇന്ത്യയുടെ അവസ്ഥകൾ വിലയിരുത്തണം. ഇന്ത്യ എന്ന ഒരു രാജ്യം ഒരർഥത്തിലും രൂപപ്പെട്ട കാലമല്ലായിരുന്നു അത്. ചിതറിക്കിടക്കുന്ന ചെറു രാജ്യങ്ങളായിരുന്നു ഇന്നത്തെ ഇന്ത്യൻ പ്രദേശങ്ങളിൽ അക്കാലത്ത് ഉണ്ടായിരുന്നത്. അത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ കാര്യത്തിൽ മാത്രമല്ല, ലോകത്ത് അക്കാലത്ത് എവിടെയും സംസ്കാരം കൊണ്ടല്ലാതെ അധികാരം കൊണ്ട് അടയാളപ്പെടുത്താവുന്ന വലിയ രാജ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. നാട്ടു രാജ്യങ്ങളും നാടുവാഴികളും ആയിരുന്നു ഉണ്ടായിരുന്നത്. അവരാകട്ടെ സദാ ശത്രുതയിലുമായിരുന്നു. ഇക്കൂട്ടത്തിൽ തെല്ല് വലിയ രാജ്യം മുഗളരുടേതായിരുന്നു. ഇന്നത്തെ വടക്കേ ഇന്ത്യയുടെ സിംഹഭാഗങ്ങളും ഒപ്പം പാകിസ്താൻ,അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളുടെ ഭാഗങ്ങളും അടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം. ഒരു ഏകീകൃത രാജ്യമില്ലാതിരുന്നതിനാൽ നാട്ടുരാജാക്കൻമാർ സദാ തങ്ങളുടെ നാടിന്റെ അതിരുകൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധിക്കുന്നവരായിരുന്നു. അതിനാൽ അയൽപക്കവുമായുള്ള ഏറ്റുമുട്ടലും പ്രതിരോധവും അന്നത്തെ രാഷ്ട്രീയത്തെ നിശ്ചയിച്ചുവന്നു. തന്റെ അതിരുകൾ സംരക്ഷിക്കുക, അതിരുകൾ വികസിപ്പിക്കുക എന്നതിൽ കവിഞ്ഞ ലക്ഷ്യങ്ങൾ ഒരാൾക്കും ഉണ്ടായിരുന്നില്ല. തൈമൂറിന്റെയും ജംഗിസ്ഖാന്റെയും പിൻഗാമികളായിരുന്ന മുഗളർക്ക് മതപരമായ ഒരു സാംസ്കാരിക പശ്ചാതലം ഉണ്ടായിരുന്നു എങ്കിലും അവർ ഭരിച്ചതും മുന്നേറിയതും കേവല ഭരണാധികാരികൾ എന്ന നിലക്കായിരുന്നു.



ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മുഗൾ ഭരണം സുവര്ണകാലഘട്ടമായിരുന്നു എന്ന് സൂക്ഷ്മമായ ചരിത്രകാരൻമാർ നിരീക്ഷിക്കുന്നുണ്ട്. സമ്പത്ത് ധാരാളം കുമിഞ്ഞുകൂടിയിരുന്നതിനാൽ തന്നെ രാജ്യവികസനത്തിനായി ഒരുപാട് സംഭാവനകൾ മുഗൾ ചക്രവർത്തിമാർ തങ്ങൾ ഭരിച്ച നാടുകൾക്ക് നൽകി. ഇന്ത്യയുടെ ലാന്റ് മാർക്കുകളായി ലോകം കാണുന്ന താജ്മഹലും ചെങ്കോട്ടയും ഡൽഹി ജുമാ മസ്ജിദും ആഗ്ര കോട്ടയും ഫത്തേപൂർ സിക്രിയും ഹുമയൂൺ ടോമ്പുമെല്ലാം മുഗൾ ഭരണകാലത്തേ സംഭാവനകളാണ്. 1857 ലെ ശിപായി ലഹള വരെ മുഗൾ ഭരണം നീണ്ടുനിന്നു എങ്കിലും ഔറംഗസീബിനു ശേഷം മുഗൾ സാമാജ്യം ക്ഷയം നേരിട്ടുവന്നു. 1618 മുതൽ 1707 വരെയാണ് ഔറംഗസീബിന്റെ കാലം. ഇതിൽ നിന്നും ലിച്ചിതിന്റെ കാലം ഔറംഗസീബിന്റെ കാലമായിരുന്നു എന്ന് മനസ്സിലാക്കാം. ഈ കാലത്ത് ഇന്നത്തെ ആസ്സാമിന്റെ ഭാഗങ്ങൾ ഭരിച്ചിരുന്നത് അഹോം രാജവംശമായിരുന്നു. ഔറം ഗസീബ് ബിഹാറും ബംഗാളും പിടിച്ചെടുത്തതു പോലെ ആസ്സാമും പിടിച്ചടക്കുവാൻ ശ്രമിക്കുകയുണ്ടായി. മുഗളരും അഹോമുകളും തമ്മിലുള്ള ആദ്യത്തെ പ്രധാന ഏറ്റുമുട്ടൽ നടക്കുന്നത് 1662-ലാണ്. മിർ ജുംലയുടെ നേതൃത്വത്തിൽ മുഗളർ നടത്തിയ ആക്രമണത്തെ അഹോമുകൾ പരാജയപ്പെടുത്തി. പക്ഷെ, മുഗളരുടെ വിജയം നീണ്ടുന്നിന്നില്ല. 1671 ൽ അഹോമുകൾ ശക്തമായി തിരിച്ചടിച്ചു. ഇതിനായി അവർ കണ്ടെത്തിയ സ്ഥലം ബ്രഹ്മപുത്ര നദിയായിരുന്നു. നാവിക മുന്നേറ്റത്തിൽ വിദഗ്ദരായാരുന്ന അഹോമുകൾ അതിൽ അത്ര വിദഗ്ദരല്ലാതിരുന്ന മുഗളരെ പരാജയപ്പെടുത്തി. സരായ്ഗട്ടിൽ വെച്ചായിരുന്നു ഇത്. ഇതിന് അഹോമുകൾക്ക് നേതൃത്വം നൽകിയ കമാണ്ടറായിരുന്നു ലച്ചിത് ബർഫുകാൻ.



ഇവിടെ ഇപ്പോൾ പരാതി ലച്ചിത് ബർഫുകാനെ ഒരു ദേശീയ വികാരമായി അംഗീകരിക്കുന്നില്ല എന്നതാണ്. അങ്ങനെ അംഗീകരിക്കണം എന്ന് വാദിക്കുന്നവരുടെ ന്യായം അദ്ദേഹം മുഗൾ മുന്നേറ്റത്തെ തടഞ്ഞു നിറുത്തിയ ധീര ദേശാഭിമാനിയാണ് എന്നതാണ്. ഈ വാദത്തിൽ രണ്ടു ന്യായമായ പ്രശ്നങ്ങൾ ഉണ്ട്. ഒന്നാമതായി, അന്ന് ദേശമില്ലായിരുന്നു എന്നതാണ്. അതിനാൽ തല്ലിയവരും തടുത്തവരും അതു ചെയ്തത് സ്വന്തം മണ്ണിനും അതിൻമേലുള്ള അധീശാധികാരത്തിനും വേണ്ടിയാണ്. അതിനാൽ രണ്ടു പേരിൽ ആർക്കെങ്കിലും ദേശവികാരം ചാർത്തുന്നത് അൽപത്വമാണ്. രണ്ടാമത്തെ കാര്യം രണ്ടു കക്ഷികളും ഏതാണ്ട് ഒരേ പോലെയാണ്. അഫ്ഗാനിൽ നിന്നും കടന്നുവന്നവരായിരുന്നു മുഗളർ എങ്കിൽ പതിമൂന്നാം നൂറ്റാണ്ടിൽ ഇന്നത്തെ മ്യാന്മർ പ്രദേശത്തു നിന്ന് ബ്രഹ്മപുത്ര തടത്തിലേക്ക് ചേക്കേറിയവരാണ്‌ അഹോമുകൾ. അവിടെ ഭുയിയന്മാർ എന്ന പ്രാദേശിക ജന്മിമാരുടെ പഴയ രാഷ്ട്രീയവ്യവസ്ഥയെ അടിച്ചമർത്തി അഹോമുകൾ ഒരു പുതിയ രാജ്യം രൂപവത്കരിക്കുകയായിരുന്നു. 1523-ൽ ഛുതിയ സാമ്രാജ്യത്തേയും, 1581-ൽ കോച്-ഹാജോ സാമ്രാജ്യത്തേയും കൂടെ മറ്റനേകം ചെറു വർഗ്ഗങ്ങളെയും ചേർത്താണ് അഹോമുകൾ തങ്ങളുടെ സാമ്രാജ്യത്തെ വലുതാക്കിയത്. ഏഴാം തരത്തിലേക്കായി എൻ സി ഇ ആർ ടി തയ്യാറാക്കിയ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തിൽ അവരെ പരിചയപ്പെടുത്തുന്നത് ഇവ്വിധം തങ്ങളുടെ സാമ്രാജ്യം വികസിപ്പിക്കുവാൻ അവർ പതിനാറാം നൂറ്റാണ്ടിൽ തന്നെ പീരങ്കികളും പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലേക്ക് പ്രവേശിച്ചതോടെ വെടിമരുന്നുകളും ഉപയോഗിച്ചിരുന്നു എന്നാണ്.



ഇത്രയും വലിയ ഒരു സാമ്രാജ്യത്തിനു വേണ്ടി വലിയ കായികവും ബൗദ്ധികവുമായ സംഭാവനകൾ അർപ്പിച്ചിട്ടുണ്ട് ലച്ചിത് എന്നത് സമ്മതിക്കാവുന്നതേയുള്ളൂ. മുഗളരുമായുളള ആദ്യ യുദ്ധത്തിൽ പരാജയപ്പെട്ടിരുന്നതിനാൽ മറ്റൊരു യുദ്ധം മുമ്പിൽ വന്നുനിൽക്കുമ്പോൾ അഹോം സേനക്ക് നല്ല ആത്മവിശ്വാസം വേണ്ടിയിരുന്നു. അന്നത്തെ അഹോം രാജാവായ സ്വർഗദേവോ ചക്രധ്വജസിംഹൻ അതിനായി കണ്ട വഴിയായിരുന്നു ലച്ചിത് ബർഫുകനെ അദ്ദേഹത്തിന്റെ അഹോം സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫായി നിയമിച്ചത്. ഇത് സൈന്യത്തിന്റെ മനോനില വാനോളം ഉയർത്തി. മാത്രമല്ല, യുദ്ധത്തിന്റെ വീര്യം കാത്തുസൂക്ഷിക്കുവാൻ പല തന്ത്രങ്ങളും ബർഫുകൻ പ്രയോഗിച്ചിരുന്നതായി ചരിത്രങ്ങൾ പറയുന്നു.
അത്തരത്തിൽ ഒന്നായിരുന്നു യുദ്ധത്തിന്റെ വേദിയും സമയവും അപ്രതീക്ഷിതമായി മാറ്റുക എന്നത്. ഇതുവഴി അയാൾ ഒരേ സമയം സ്വന്തം സേനയുടെ ആത്മ വിശ്വാസം ഉയർത്തുകയും മുഗൾ സേനയെ നിരാശപ്പെടുത്തുകയും ചെയ്തു. തന്റെ സൈന്യത്തെ നദിയിലേക്ക് തിരിച്ചുവിട്ടും അയാൾ എതിർ സേനയെ ഞെട്ടിച്ചു. നാവികയുദ്ധത്തിൽ വേണ്ടത്ര പരിശീലനം സിദ്ധിക്കാത്തവരായിരുന്നു മുഗളൻമാർ. ബോട്ടുകളിൽ പീരങ്കികൾ വരെ ഘടിപ്പിച്ച് ബ്രഹ്മപുത്രയുടെ ഏറ്റവും ഇടുങ്ങിയ സ്ഥലത്ത് വെച്ച് അവരെ കുടുക്കിയിട്ട് നടത്തിയ യുദ്ധം വിജയിപ്പിച്ചത് ലച്ചിതിന്റെ കഴിവ് തന്നെയായിരുന്നു. 1671ലെ ഈ സരാഘട്ട് യുദ്ധത്തിൽ അസം പിടിച്ചെടുക്കാനുള്ള മുഗളന്മാരുടെ ശ്രമത്തെ പരാജയപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ പ്രശസ്തി.



ഗുവാഹത്തിയിലെ ബ്രഹ്മപുത്രയുടെ തീരത്ത് നടന്ന സരാഘട്ട് യുദ്ധം എന്ന ഈ യുദ്ധത്തെ കുറിച്ച് മറ്റു ചിലത് കൂടി മനസ്സിലാക്കുമ്പോൾ ഔറംഗസീബിനെ പിടിച്ചുകെട്ടിയതിലുള്ള ആവേശം ഊർന്നിറങ്ങിപ്പോകും. മുഗൾ സേനയെ ലച്ചിതിന്റെ നേതൃത്വത്തിലുളള അഹോം സേന മലർത്തിയടിച്ചു എന്ന് പറയുമ്പോൾ പലരുടെയും മനസ്സിൽ ഔറംഗസേബ് തോറ്റു പിൻമാറുന്ന ചിത്രമാണ് തെളിയുക. പക്ഷെ, ആ യുദ്ധത്തെ മുഗൾ സാമ്രാജ്യത്തിനു വേണ്ടി നയിച്ചത് രാംസിംഗ് ഒന്നാമനായിരുന്നു. ഇപ്പോഴത്തെ ജയ്പൂരിലെ അംബർ ഭരിച്ചിരുന്ന രാജാ ജയ് സിംഗ് ഒന്നാമന്റെ മകനായിരുന്നു രാം സിംഗ്. ഇത് മറ്റൊരു വസ്തുത കൂടി വ്യക്തമാക്കുന്നുണ്ട്. അന്നത്തെ യുദ്ധങ്ങളെ ഒന്നിനെയും ഒരു മതത്തിന് വേണ്ടിയുള്ളതോ ഒരു മതത്തിനെതിരെയുള്ളതോ ആയിട്ടൊക്കെ വ്യാഖ്യാനിക്കുന്നത് തികഞ്ഞ വിഢിത്തവും പക്ഷാപാതിത്വവും അറിവില്ലായ്മയുമാണ്. കാരണം സൂക്ഷ്മമായി നിരീക്ഷിച്ചാൽ അവയൊക്കെയും നാം മേൽ പറഞ്ഞതു പോലെ മണ്ണിനും ആധികാരത്തിനും വേണ്ടിയുളളതായിരുന്നു. അവയെ പല കള്ളികളിലേക്കും മാറ്റിയെഴുതി അതിനുള്ളിലേക്ക് മതവും ദേശവും തിരുകിക്കയറ്റുന്നത് മഞ്ഞ ബാധിച്ച ചിലരാണ്. ഇവിടെ ഇപ്പോൾ നടക്കുന്നത് മുഗൾ സാമ്രാജ്യത്തെ അടിക്കാൻ ഒരു വടി കിട്ടിയതിന്റെ സന്തോഷപ്രകടനമാണ്. പക്ഷെ, അതിന്റെ ഉള്ളറിയാൻ നാം ആ സംഭവം തന്നെ ശരിക്കും പഠിച്ചാൽ മതി. ശരിക്കും പഠിക്കാതെയും പഠിപ്പിക്കാതെയും വിഷയങ്ങളിൽ വൈകാരികത പുരട്ടി അവതരിപ്പിക്കുന്നവർ സത്യത്തിൽ തെറ്റിദ്ധരിപ്പിക്കുകയാണ്.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso