കോപം അഗ്നിയാണ്
01-12-2022
Web Design
15 Comments
എല്ലാ മനുഷ്യർക്കും ഉണ്ടാകും ചില പ്രതീക്ഷകളും കണക്കുകൂട്ടലുകളും. അവ ഒരുപക്ഷെ നടക്കാം, നടക്കാതിരിക്കുകയും ചെയ്യാം. അതിനാൽ ബുദ്ധിയും വിവേകവുമുള്ളവർ സംഗതി നടക്കുന്നതു വരെ ക്ഷമയോടെ കാത്തിരിക്കും. എന്നിട്ടേ അതിൻമേൽ മറ്റു പദ്ധതികളെ എച്ചുകെട്ടൂ. എന്നാൽ ചിലരങ്ങനെയല്ല, ഒരു ഉറപ്പുമില്ലാത്ത വെറും പ്രതീക്ഷയുടെ മേൽ ഒരു പാട് കാര്യങ്ങളെ ആദ്യമേയങ്ങ് കെട്ടിക്കൂട്ടും. മാത്രമല്ല, കുറെ സ്വപ്നങ്ങൾ കണ്ട് അതിനെയങ്ങ് ഉറപ്പിക്കുകയും ചെയ്യും. എന്നിട്ട് ആ പ്രതീക്ഷയങ്ങ് നടക്കാതെ പോയാൽ മനസ്സ് താളം തെറ്റുകയും കോപമായി അവന്റെ നിരാശ പുറത്തുചാടുകയും ചെയ്യും. എല്ലാ കോപങ്ങളും ഇങ്ങനെയാണ് ഉണ്ടാകുന്നത്. അമിതമായ പ്രതീക്ഷ പുലർത്തിയ കണക്കുകൂട്ടലുകള്‍ തെറ്റുമ്പോള്‍ അവരുടെ വൈകാരികത ദേഷ്യമായി പുറത്തേക്ക് വരികയാണ്. ഒരു വ്യക്തിയോട് തോന്നുന്ന കോപം പോലും ഇങ്ങനെ തന്നെയാണ് ഉണ്ടാകുന്നത്. അയാളിൽ നാം പുലർത്തുന്ന പ്രതീക്ഷക്ക് അയാളുടെ കാരണമായി ഭംഗം വരുമ്പോൾ നമുക്ക് ദേഷ്യമുണ്ടാകുന്നു. കോപത്തെ സാമൂഹ്യ ശാസ്ത്രം വളരെ ഗുരുതരമായ ഒരു ദുരന്തമായിട്ടാണ് കാണുന്നത്. ബന്ധങ്ങള്‍ തകരുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന ഒന്നാണ് അമിത ദേഷ്യം. പല കുടുംബ ബന്ധങ്ങളും തകര്‍ച്ചയുടെ വക്കിലെത്താന്‍ പ്രധാന കാരണം പങ്കാളികളുടെ ദേഷ്യമാണ്. ചിലപ്പോള്‍ ചെറിയ പ്രശ്‌നമായിരിക്കാം. എന്നാല്‍, നമ്മുടെ അമിത ദേഷ്യം കൊണ്ട് അത് വലിയൊരു പ്രശ്‌നമായി തീര്‍ന്നതായിരിക്കും. കേരളത്തിലെ വര്‍ധിച്ചുവരുന്ന ദാമ്പത്യ സംഘര്‍ഷങ്ങളിലും വിവാഹമോചനക്കേസുകളിലും അമിതകോപം പ്രധാന ഘടകമാണെന്ന് ഇക്കാര്യം നിരീക്ഷിച്ച മനശാസ്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടുന്നതോടെ സമൂഹത്തിന് അർഥം നഷ്ടപ്പെടുന്നു എന്നാണല്ലോ.
ബന്ധങ്ങളെ നശിപ്പിക്കുന്നു എന്നതിലേറെ വേദനയുളവാക്കുന്നതാണ് അത് മനുഷ്യനെ തന്നെ നശിപ്പിക്കുന്നു എന്നത്. അമിതമായ കോപം വ്യക്തിയെ രണ്ടു നിലക്ക് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒന്നാമതായി അവന് സമൂഹത്തിൽ സ്ഥാനവും സ്വീകാര്യതയും മാന്യതയും നഷ്ടപ്പെടുന്നു. വിഷയങ്ങളിലും സദസ്സുകളിലും ഇടപെടാൻ മാത്രം വേണ്ട പക്വത ഇല്ലാത്തവൻ എന്ന ചാപ്പ അവനുമേൽ വീഴുന്നു. രണ്ടമതായി അതവന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു എന്നതാണ്. കോപം വരുമ്പോള്‍ ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. കോപം മനുഷ്യനു ആരോഗ്യപരമായി ചില ദോഷങ്ങള്‍ ചെയ്യുന്നു. കഫം അഥവാ ശ്ലേഷം സ്രവിക്കുന്ന ഗ്രന്ഥിയെ, വികാരസമ്മര്‍ദമുണ്ടാകുമ്പോള്‍ വൃക്ക ഗ്രന്ഥികള്‍ സ്രവിക്കുന്ന അഡ്രിനല്‍ ദ്രാവകത്തെ വിസര്‍ജിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇത് മുഖേന താഴെ പറയുന്ന കാര്യങ്ങള്‍ സംഭവിക്കുന്നു. ഒന്ന്, ഹൃദയമിടിപ്പ് വര്‍ധിക്കുകയും പെട്ടെന്ന് രക്തസമ്മര്‍ദം കൂടുകയും ചെയ്യുന്നു. ഇത് തലച്ചോറിലേക്ക് രക്തം ഇരച്ചുകയറാന്‍ ഇടവരുത്തുന്നു. ഇതിന്റെ ഫലമായി ഒരു ഭാഗം കുഴയുകയോ ഹൃദയസ്തംഭനമുണ്ടാവുകയോ അല്ലെങ്കില്‍ പെട്ടെന്നു കാഴ്ചശക്തി നഷ്ടപ്പെടുകയോ ചെയ്യാം. രണ്ട്, രക്തത്തില്‍ പഞ്ചസാര കൂടുന്നു. അത് കാരണം ശരീരത്തിന്റെ താപം വര്‍ധിക്കുകയും ചര്‍മം ചൂടാവുകയും ചെയ്യുന്നു. മൂന്ന്, രക്തത്തില്‍ കൊഴുപ്പ് വര്‍ധിക്കുന്നു. അത് ധമനികള്‍ അടയാന്‍ കാരണമാകുന്നു. തുടര്‍ന്ന് ഹൃദയ സ്തംഭനമോ മസ്തിഷ്‌ക്ക സ്തംഭനമോ ഉണ്ടാകുന്നു.
നാല്, ആമാശയത്തിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു. അത് മലബന്ധം സൃഷ്ടിക്കുന്നു. അഞ്ച്, അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്നു അമിതമായി അമ്ലം വിസര്‍ജിക്കാന്‍ ഇടവരുത്തുന്നു. അത് പലതരം അണുജ്വലനങ്ങളും സൃഷ്ടിക്കുന്നു. തുടര്‍ന്ന് ആമാശയത്തിലെ അമ്ലം വര്‍ധിപ്പിക്കുകയും ആമാശയത്തിനു വ്രണമുണ്ടാക്കുകയും ചെയ്യുന്നു.
സാമൂഹികവും സാംസ്കാരികവും ആരോഗ്യപരവുമായ ഈ കാരണങ്ങൾ എല്ലാം ഉള്ളതിനാലാണ് വിശ്വാസിയുടെ കാര്യത്തിൽ പ്രത്യേകിച്ചും അല്ലാഹുവിന്റെ ദീൻ കോപത്തെ നിയന്ത്രിക്കുവാൻ ഇത്രമേൽ ഇടപെടുന്നത്. വിശ്വാസികളുടെ ലക്ഷണം തന്നെ അതായിട്ടാണ് വിശുദ്ധ ഖുർആൻ പറയുന്നത്. അല്ലാഹു പറയുന്നു: അവര്‍ കോപം ഒതുക്കിവെക്കുന്നവരും ജനങ്ങളോട് വിട്ടുവീഴ്ച ചെയ്യുന്നവരുമാണ്. (അത്തരം) സല്‍ക്കര്‍മകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നു (ആലു ഇംറാന്‍: 134). കോപത്തെ ആത്മനിയന്ത്രണം കൊണ്ട് തടഞ്ഞുനിറുത്തുക വലിയ പ്രയാസമാണ്. അതിന് കഴിയുന്നവനെ ബലവാൻ എന്ന് വിളിച്ച് നബി(സ) ശ്ലാഖിക്കുന്നത് മറ്റൊന്നാണ്. നബി (സ) പറഞ്ഞു: ഗുസ്തിയില്‍ വിജയിക്കുന്നവനല്ല ശക്തവാന്‍, കോപം നിയന്ത്രിക്കാന്‍ കഴിവുള്ളവനത്രെ കരുത്തുറ്റവന്‍ (ബുഖാരി, മുസ്‌ലിം).
കോപമുണ്ടാകുന്ന സമയത്ത് ഒരാള്‍ ആത്മനിയന്ത്രണം പാലിക്കുന്നത് വലിയ ത്യാഗമാണ്. അതവനെയും ആ വിഷയം ബന്ധപ്പെട്ടു കിടക്കുന്ന എല്ലാവരെയും വലിയ നാശത്തില്‍ നിന്ന് രക്ഷപ്പെടുത്തും. അല്ലാഹുവിന്റെയും ജനങ്ങളുടെയും പ്രീതി കരസ്ഥമാക്കാന്‍ സഹായിക്കും. ഉപദേശം തേടി വന്ന ഒരാളോട് നബി(സ) പറഞ്ഞു: നീ കോപിക്കരുത് (ബുഖാരി). ആഗതൻ നബിയോട് ആവര്‍ത്തിച്ച് ഉപദേശം ആവശ്യപ്പെട്ടപ്പോഴെല്ലാം മറുപടി അത് മാത്രമായിരുന്നു. ഈ സ്വഭാവമുളളവരെ നബി (സ) നിർല്ലോഭം പ്രകീർത്തിക്കാറുണ്ടായിരുന്നു നബി(സ) ഒരിക്കൽ തന്നെ കാണാൻ വന്ന സാർഥവാഹക സംഘത്തിലെ അശജ്ജ് അബ്ദുല്‍ ഖൈസിനോട് പറഞ്ഞു: തീര്‍ച്ചയായും അല്ലാഹു ഇഷ്ടപെടുന്ന രണ്ട് ഗുണങ്ങള്‍ താങ്കളിലുണ്ട്. സഹനവും അവധാനതയുമാണത് (മുസ്‌ലിം).
ദേഷ്യത്തെ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ക്കും കഴിയില്ല. കാരണം അത് മനുഷ്യനിൽ നിക്ഷേപിക്കപ്പെട്ട ഒരു ചെകുത്താനിക സ്വഭാവമാണ്. ഈ ദുനിയാവ് അല്ലാഹുവിന് ഒരു പരീക്ഷണാലയമാണ്.
അതിൽ അവൻ ശരിയും തെറ്റും അവ ഏതും ചെയ്യുവാനും ചെയ്യാതിരിക്കാനും ഉളള ശക്തിയും ശേഷിയും ജീവിതവും സമയവും എല്ലാം മനുഷ്യന്റെ കയ്യിൽ കൊടുക്കുകയാണ്. എന്നിട്ട് ശരി മാത്രം സ്വമനസ്സിന്റെ പ്രേരണയാലെ ചെയ്യുവാൻ ആവശ്യപ്പെടുകയാണ്. അങ്ങനെ ചെയ്തവന്ന് പ്രതിഫലവും അല്ലാത്തവർക്ക് ശിക്ഷയും നൽകും. ഇതാണ് സൃഷ്ടാവിന്റെ പദ്ധതി. അതിനാൽ, അപകടകാരിയായ ദേഷ്യത്തെ നിയന്ത്രിക്കാന്‍ സത്യവിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ദേഷ്യത്തിന്റെ ഒരു നിമിഷത്തില്‍ ക്ഷമിച്ചാല്‍ ദുഃഖത്തിന്റെ അനേകം ദിവസങ്ങളില്‍ നിന്ന് രക്ഷപ്പെടാനാകൂം. കുറ്റബോധത്തിന്റെ നാളെകളില്‍ നിന്ന് മുക്തരാവാന്‍ കഴിയും. അനിയന്ത്രിതമായി പുറത്തേക്ക് പ്രകടിപ്പിക്കലോ പൂര്‍ണമായും അടക്കി വെക്കലോ അല്ല ദേഷ്യത്തോട് സ്വീകരിക്കേണ്ട ആരോഗ്യകരമായ സമീപനം. ദേഷ്യത്തെ അടിച്ചമര്‍ത്തുമ്പോള്‍ ദേഷ്യമല്ല ഇല്ലാതാകുന്നത്, അതിന്റെ ബഹിര്‍സ്ഫുരണം മാത്രമാണ്. അതു പോരാ. ദേഷ്യത്തെ സ്വയം തിരിച്ചറിയുകയും അതിനെ ഇല്ലാതാക്കുകയുമാണ് ചെയ്യേണ്ടത്. ഇങ്ങനെയല്ലാതെ അടിച്ചമർത്തിയാൽ അത് പല രൂപത്തിലായി പുറത്തുവരും. കാരണം അപ്പോൾ സത്യത്തിൽ അയാൾ തന്റെ പ്രതികരണം നീട്ടിവെക്കുക മാത്രമാണ്. അത് പിന്നെ പുറത്തു വരിക തന്നെ ചെയ്യും. സ്വാസ്ഥ്യം നഷ്ടപ്പെടുക, ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, കാര്യങ്ങൾ വെറുതെ നീട്ടിവെക്കുക, പരിഹസിക്കുക, പതിവിലും നേരത്തെ ക്ഷീണിക്കുക, സംസാരിക്കുമ്പോള്‍ ആദരം കാണിക്കാതിരിക്കുക, മുഷിപ്പും കൂസലില്ലായ്മയും അനുഭവപ്പെടുക, ആരെയും വില വെക്കാതിരിക്കുക, ശബ്ദം ഉയര്‍ത്തുക, പതിവില്‍ കവിഞ്ഞ് ഉറങ്ങുക, പിരടിയിലും ചുമലിലും മരവിപ്പുണ്ടാവുക തുടങ്ങിയവ അടിച്ചമര്‍ത്തപ്പെട്ട ദ്വേഷ്യത്തിന്റെ പ്രതിഫലനങ്ങളാണ് എന്ന് മനശ്ശാസ്ത്രം പറയുന്നു.
കോപത്തെ ചികിത്സിക്കുന്നതിന് ഫലപ്രദമായ പല മരുന്നുകളും റസൂല്‍(സ) നിര്‍ദേശിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സഹായം തേടുകയാണ് അവയിൽ പ്രധാനം. കാരണം കോപം പിശാചിന്റെ ഭാഗത്തു നിന്നുള്ളതാണ്. അവന്റെ ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടാൻ അല്ലാഹുവിനെ ഉച്ചരിച്ചാൽ മാത്രം മതി. നിസ്കാരത്തിന് വാങ്ക് കൊടുക്കുന്നത് കേൾക്കുമ്പോൾ പിശാച് വിരണ്ട് ഓടുന്ന രംഗം നബി(സ) പറഞ്ഞിട്ടുണ്ടല്ലോ. മനശാസ്ത്രജ്ഞൻമാരുടെ ചികിത്സാ മുറകളിൽ കാണാം, സ്വന്തം മനസ്സിനോട് സംസാരിക്കുന്ന ചില ചികിത്സകൾ. കോപത്തെ പിടിച്ചു കെട്ടാനുള്ള ചികിത്സയിലുമുണ്ട് അത്തരമൊന്ന്. അത് ദേഷ്യം വരുമ്പോള്‍ പലവട്ടം അഊദു ബില്ലാ….. എന്നു ആവര്‍ത്തിക്കലാണ്. നബി(സ) ഇത് പറഞ്ഞിട്ടുണ്ട്. ഖുര്‍ആനും ഇതാണ് സൂചിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: പിശാചില്‍നിന്നു നിനക്കു വല്ല ദുഷ്‌പ്രേരണയുമുണ്ടായാല്‍ അല്ലാഹുവിനോടു ശരണം തേടുക. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്. (7:200). മറ്റൊരു ചികിത്സ ദേഷ്യം വരുമ്പോൾ മിണ്ടാതിരിക്കുക എന്നതാണ്. കോപം വരുമ്പോള്‍ സംസാരിക്കുന്നത് കോപത്തെ വര്‍ധിപ്പിക്കുകയും തല്ലാനോ മറ്റെന്തെങ്കിലും ചെയ്യാനോ പ്രേരിപ്പിക്കുകയും ചെയ്യും. അതിനാല്‍ ദേഷ്യം വരുമ്പോള്‍ മിണ്ടാതിരിക്കാനും പ്രത്യുത്തരം പറയാതിരിക്കാനുമാണ് നബി ഉപദേശിക്കുന്നത്. റസൂല്‍(സ) പറഞ്ഞു: നിങ്ങളില്‍ ഒരാള്‍ക്ക് ദേഷ്യം വന്നാല്‍ മിണ്ടാതിരിക്കട്ടെ. (ബുഖാരീ)
കോപത്തിനുള്ള നബി(സ)യുടെ ചികിത്സകളിൽ ആത്മീയവും ഒപ്പം ശാസ്ത്രീയവുമായ ഒന്നാണ്
ദേഷ്യം വരുമ്പോള്‍ നില്ക്കുകയാണെങ്കില്‍ ഇരിക്കുക, ഇരിക്കുകയാണെങ്കില്‍ കിടക്കുകയോ അത് പോലുള്ള മറ്റെന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുക എന്നത്. അവസ്ഥാമാറ്റം സൃഷ്ടിക്കല്‍ നബിയുടെ ചര്യയാണ്. ദേഷ്യത്തിന്റെ രൂക്ഷത കുറക്കുന്നതില്‍ അതിനു വലിയ സ്വാധീനമുണ്ട് എന്ന് മനശാസ്ത്ര പഠനങ്ങൾ പറയുന്നുണ്ട്.
ശക്തിയായ കോപത്തിനും മാനസിക ക്ഷോഭത്തിനും വിധേയരാകുന്നവര്‍ നാവിന്റെയും അവയവങ്ങളുടെയും കടിഞ്ഞാണ്‍ അയച്ചുവിടും മുമ്പ് ശരീരത്തിന്റെ പിരിമുറുക്കത്തിനു അയവ് സൃഷ്ടിക്കണമെന്ന് ആധുനിക വൈദ്യശാസ്ത്രം പറയുന്നു. കോപം വരുന്നവന്‍ നില്ക്കുകയാണെങ്കില്‍ അവനോട് ഇരിക്കാന്‍ പറഞ്ഞ നബി(സ) ഈ യാഥാര്‍ഥ്യമാണ് വ്യക്തമാക്കുന്നത്. കോപം ഉത്ഭവിക്കുന്നത് പൊതുവായ ഉഷ്ണം, വിയര്‍ക്കല്‍, പ്രയാസാനുഭവം തുടങ്ങിയവ മൂലമാകയാല്‍ നാഡീ വ്യൂഹത്തെ ശാന്തമാക്കി കോപത്തിനു ചികിത്സിക്കാന്‍ തണുത്ത വെള്ളത്തില്‍ കുളിക്കുകയോ കൈയും മുഖവും കഴുകുകയോ ചെയ്യണമെന്നാണ് ഏറ്റവും പുതിയ വൈദ്യശാസ്‌ത്രോപദേശം. ഇത് പതിനാല് നൂറ്റാണ്ട് മുമ്പ് നബി(സ) പറഞ്ഞതു തന്നെയാണ്. നബി തങ്ങൾ പറയുന്നു: കോപം പിശാചില്‍ നിന്നാണ്. പിശാച് അഗ്നിയില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടത്. അഗ്നിയെ വെള്ളം കൊണ്ടേ കെടുത്താന്‍ പറ്റുകയുള്ളു. അതിനാല്‍ നിങ്ങളില്‍ ആര്‍ക്കെങ്കിലും കോപം വന്നാല്‍ വുദൂഅ് എടുക്കട്ടെ. ചുരുക്കത്തില്‍, കോപത്തെ നബി(സ) നിര്‍ദേശിച്ച മരുന്നുകൊണ്ടാണ് ചികിത്സിക്കേണ്ടത്. അതിന്റെ മുന്നോടിയായി കോപം വരുന്ന ആള്‍ കോപം ഒതുക്കി നിര്‍ത്തുന്നതിന്റെയും മാപ്പ് നല്കുന്നതിന്റെയും സഹനത്തിന്റെയും ശ്രേഷ്ഠതയെപ്പറ്റി ചിന്തിക്കണം.
ഇതിനർഥം വിശ്വാസി കോപിക്കുകയേയില്ല എന്നോ കോപിക്കേണ്ടതേയില്ല എന്നോ അല്ല. അല്ലാഹു നിർദേശിച്ച ജീവിതതാളത്തിൽ ബോധപൂർവ്വമായ താളഭംഗം വന്നാൽ ദേഷ്യപ്പെടേണ്ടിവരും. അത്തരം സാഹചര്യങ്ങൾ നബിക്കു പോലും ഉണ്ടായിട്ടുണ്ട്. മഖ്‌സൂമിയ ഗോത്രത്തിലെ ഒരു സ്ത്രീ കളവ് നടത്തിയത് ഖുറൈശികളെ വല്ലാതെ വിഷമത്തിലാക്കി. ഇക്കാര്യത്തില്‍ ആ സ്ത്രീക്ക് വേണ്ടി ശിപാര്‍ശക്ക് പ്രവാചകനെ സമീപിക്കാന്‍ ആരെയാണ് തെരഞ്ഞെടുക്കുക എന്നവര്‍ ചര്‍ച്ച ചെയ്തു. പ്രവാചകന് ഏറെ ഇഷ്ടപ്പെട്ട ഉസാമത്തി(റ)നെ അതിനായി അവര്‍ തെരഞ്ഞെടുത്തു. ഉസാമത്ത് (റ) ശിപാര്‍ശക്കായി പ്രവാചകനരികിലെത്തി. പ്രവാചകന് കടുത്ത ദേഷ്യം വന്നു. അവിടുന്ന് പറഞ്ഞു: അല്ലാഹുവിന്റെ തീരുമാനങ്ങളില്‍ ഒന്നില്‍ നിനക്ക് ശിപാര്‍ശയോ? പിന്നീട് അവിടുന്ന് പറഞ്ഞു: നിങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന ആളുകള്‍ നശിച്ചിരിക്കുന്നു. അവരില്‍ പ്രധാനികളില്‍ ഒരാളാണ് കളവ് നടത്തിയതെങ്കില്‍ അവര്‍ അവനെ വെറുതെ വിടുകയും, അബലനാണ് കളവ് നടത്തിയതെങ്കില്‍ അവനെതിരില്‍ ശിക്ഷാ നടപടികളെടുക്കുകയും ചെയ്യുന്നു! അല്ലാഹുവാണ, മുഹമ്മദിന്റെ മകള്‍ ഫാത്വിമയാണ് കളവ് നടത്തിയെതെങ്കില്‍ തീര്‍ച്ചയായും ഞാനവളുടെ കൈ മുറിക്കുക തന്നെ ചെയ്യും (ബുഖാരി, മുസ്‌ലിം). ഇത് ഒരു ഉദാഹരണം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso