ജീവിതത്തെ ഒരു ലഹരിയാക്കുകയാണ് പരിഹാരം
01-12-2022
Web Design
15 Comments
.
താൽപര്യം എന്ന വാക്കിന് ആധികാരിക മലയാള നിഖണ്ഡുകൾ കൽപ്പിക്കുന്ന അർഥം ശ്രദ്ധ, ഉത്സാഹം, സാരം, ഇഷ്ടം തുടങ്ങിയ വയൊക്കെയാണ്. ഈ അർഥങ്ങളിൽ നിന്ന് രണ്ടു കാര്യങ്ങൾ മനസ്സിലാക്കാം. ഒന്ന് ഇതൊരു മനോവ്യാപാരമാണ് എന്ന്. രണ്ട്, ഇത് നിയന്ത്രണ വിധേയം മാത്രമായ ഒരു വൈകാരികതയാണ് എന്നും. എന്ത്?, എന്തുകൊണ്ട്?, എത്ര? ഏതറ്റം വരെ? തുടങ്ങിയ കൃത്യമായ ചോദ്യങ്ങളുടെ അതിരുകൾക്കുള്ളിൽ നിയന്ത്രിതമായി ഒതുങ്ങി നിൽക്കുന്നതാണ് താൽപര്യം എന്നത്. മനുഷ്യന്റെ ഒരു താൽപര്യത്തിന് ഈ അതിരും നിയന്ത്രണവും നഷ്ടമാവുമ്പോഴാണ് താൽപര്യം ലഹരിയായി വളരുന്നത്. ലഹരി എന്നത് എന്താണെന്ന് നിർവ്വചിക്കപ്പെടേണ്ടത് ലഹരിക്കെതിരെ നാം നടത്തുന്ന സമരത്തിൽ പ്രധാനമായതുകൊണ്ടാണ് ഇങ്ങനെ ഒരു ആമുഖം വേണ്ടിവരുന്നത്. കള്ളുകുടിയും കഞ്ചാവ് വലിയും അവയോടുള്ള അടിമത്വവുമാണ് ലഹരി എന്ന് ധരിച്ചു വെച്ച നിഷ്കളങ്കത നമ്മെ ഗുരുതരമായ അപകടത്തിലാണല്ലോ എത്തിച്ചത്. സ്കൂളിനു മുമ്പിലെ പെട്ടിക്കടയിൽ നിന്ന് കുട്ടികൾ വാങ്ങുന്ന മിഠായിയും ചിത്രസ്റ്റാമ്പും ലഹരിവസ്തുക്കളായിരിക്കാം എന്ന് സങ്കൽപ്പിക്കാൻ പോലും അങ്ങനെ കുറേ കാലം നമുക്കു കഴിയാതെപോയി. ഇതനുസരിച്ച് നമ്മുടെ മക്കളുടെയോ വിദ്യാർഥികളുടെയോ ഇഷ്ടജനങ്ങളുടെയോ നമ്മുടെ തന്നെയോ താൽപര്യങ്ങളും ഇഷ്ടങ്ങളും അതിർ ലംഘിക്കുന്നുണ്ടോ എന്ന് നമുക്ക് നിരീക്ഷിക്കാൻ കഴിയും. അപ്പോൾ നമുക്ക് ഇടപെടാനും ചെയ്യാവുന്നതു ചെയ്യാനും കഴിഞ്ഞെന്നുവരും.
ഇടപെടലുകൾ തുടക്കത്തിൽ ഫലപ്പെട്ടേക്കാം എന്ന പ്രതീക്ഷ ഡി അഡിക്ഷൻ രംഗത്തെ വിചക്ഷണൻമാർ പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ അഡിക്ഷൻ എന്ന ലഹരി ഘട്ടത്തിലേക്ക് വളർന്നിട്ടുണ്ടെങ്കിൽ പിന്നെ തിരിഞ്ഞു നടക്കുന്നതും തിരിച്ചു നടത്തുന്നതും സാധ്യമാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അത് വളരെ പ്രയാസകരമാണ്. കാരണം ഇഷ്ടം താൽപര്യമായിരുന്നപ്പോൾ ഉണ്ടായിരുന്ന ഉപരിസൂചിത നിയന്ത്രണങ്ങൾ ലഹരിക്ക് അടിമപ്പെടുന്നതോടെ നഷ്ടപ്പെടുകയാണല്ലോ. മാത്രമല്ല, അത് തലച്ചോറിനെ ഹൈജാക്ക് ചെയ്യുകയുമാണ്. അപ്പോൾ പിന്നെ നിയന്ത്രിക്കേണ്ടത് എന്തിനെയാണോ അതു തന്നെ അതിനെ നിയന്ത്രിക്കുക എന്ന പൈപരീതം ഉണ്ടാകുന്നു. നമ്മുടെ കൺ വെട്ടത്തു നടക്കുന്നതല്ലാത്തതിനാൽ ഈ പറഞ്ഞതൊന്നും സാധാരണ ജനങ്ങൾക്ക് പെട്ടന്ന് ബോധ്യമാകില്ല. പക്ഷെ, നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യകൾ അത് കൃത്യമായി കണ്ടുപിടിച്ച് നമ്മുടെ ലോകത്തെ പഠിപ്പിച്ചിട്ടുണ്ട്. ഒരു കാര്യത്തോട് താൽപര്യമോ ഇഷ്ടമോ തോന്നുമ്പോൾ നമുക്ക് ആനന്ദം അനുഭവപ്പെടുക സ്വാഭാവികമാണ്. തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗത്തു കൂടി കടന്നുപോകുന്ന സർക്യൂട്ടിലാണ് ഇത് പ്രകടമാകുന്നത്. റിവാർഡ് പാത്ത് വേ എന്നാണ് ഈ സർക്യൂട്ട് ജൈവശാസ്ത്രത്തിൽ വ്യവഹരിക്കപ്പെടുന്നത്. ആനന്ദം അനുഭവപ്പെടുമ്പോൾ ഈ സർക്യൂട്ടിൽ ഡോപ്പമിൻ എന്ന ഒരു ഹോർമോൺ ഉൽപാദിപിക്കപ്പെടുന്നു. ഇതുവഴി പാത്ത് വേ ഉത്തേജിക്കപ്പെടുമ്പോഴാണ് നാം ആനന്ദം അനുഭവിക്കുന്നത്. ഇത് വളരെ സ്വാഭാവികമായ ഒരു ജൈവികപ്രവൃത്തിയാണ്.
എന്തിനുമെന്ന പോലെ ഈ സർക്യൂട്ടിനും ഒരു നിശ്ചിത ശേഷിയുണ്ട്. താൽപര്യം ലഹരിയായി മാറുന്നതോടെ അമിതമായ അളവിൽ ഡോപ്പമിൻ ഉദ്പ്പാദിപ്പിക്കപ്പെടുന്നതോടെ സർക്യൂട്ടിന്റെ പ്രവർത്തന ക്ഷമത നഷ്ടപ്പെടും. ഇത് ഫലത്തിൽ തലച്ചോറിന്റെ നിയന്ത്രണത്തെ തന്നെ നശിപ്പിക്കും. ഇതുകൊണ്ടാണ് ഈ മേഖലയിലുള്ളവർ ലഹരി തലച്ചോറിനെ ഹൈജാക്ക് ചെയ്യുന്നു എന്ന് പറയുന്നത്. ഇതു പറയുമ്പോൾ ഈ സർക്യൂട്ടിന്റെ ക്ഷമതയെ കുറിച്ചുളള ഒരു ചിത്രം കൂടി ലഭിക്കേണ്ടതുണ്ട് എന്ന് ചിലർ പറയും. അതു ഉദാഹരണത്തിലൂടെ മാത്രമേ മനസ്സിലാക്കാനാവൂ. ഒരു സാധാരണ കലാപരിപാടി ആസ്വദ്യമായാൽ ഉണ്ടാകുമ്പോൾ 20 തൻമാത്രകളുടെ അനുപാതത്തിലായിരിക്കും ഉദ്പാദിപ്പിക്കപ്പെടുന്നതെങ്കിൽ ഒരു കവിൾ ലഹരി മൊത്തുമ്പോൾ അത് ഇരുന്നൂറ് വരെ ഉയരാം എന്നതാണ് അതിന്റെ ലളിതമായ ഉദാഹരണം. ഈ അളവിലെത്തുന്നതോടെ ജീവിതത്തിലെ സ്വാഭാവിക സന്തോഷങ്ങൾക്കൊക്കെ പ്രാധാന്യം നഷ്ടപ്പെട്ട് തലച്ചോറിനെ ലഹരികൾ ഹൈജാക്ക് ചെയ്യുന്ന അവസ്ഥയുണ്ടാകും. തലച്ചോറിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതു കൊണ്ടാണ് ലഹരി വിമുക്തി ചികിത്സകൾ ഏറെ ദുഷ്കരമാകുന്നത്. ഡി അഡിക്ഷൻ സെന്ററുകളിലെ ചികിത്സയുടെ എൺപതു ശതമാനവും കൗൺസിലിംഗാണ്. വിഷയങ്ങളും വസ്തുതകളും കഥകളും അനുഭവങ്ങളും പറഞ്ഞ് പറഞ്ഞ് മനസ്സ് മാറ്റിയെടുക്കുവാൻ ശ്രമിക്കുകയാണ് പതിവ്. അതിൽനിന്ന് രക്ഷപ്പെടണമെങ്കിൽ തലച്ചോറിന്റെ മുൻഭാഗമായ പ്രീഫ്രോണ്ടൽ കോർട്ടക്സ് വേണ്ടരീതിയിൽ ഇടപെട്ട് അപകടകരമായ തീരുമാനങ്ങളെ പിടിച്ചുനിർത്തുകയും ആത്മനിയന്ത്രണം തിരിച്ചെടുക്കുകയും തന്നെ വേണം.
ഇപ്പോൾ നാം കാമ്പയിനുകളുമായി ഇറങ്ങിയിരിക്കുന്നു എന്നത് സ്വാഗതാർഹം തന്നെ. പക്ഷെ, അപ്പോഴേക്കും നാം ഗുരുതര രോഗികളായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് നമ്മെ ഞെട്ടിക്കുന്നത്. ഇന്ത്യയിൽ 13 ശതമാനത്തോളം കുട്ടികൾ 20 വയസ്സിനു മുമ്പേ ലഹരി ഉപയോഗിച്ച് തുടങ്ങുന്നുവെന്നാണ് പഠനങ്ങളും കേസിന്റെ എണ്ണവും വ്യക്തമാക്കുന്നത്. ആദ്യം പുകയില വസ്തുക്കളും പിന്നെ അതിൽ നിന്ന് ഗ്ളൂ പോലുള്ളവ ശ്വസിക്കുന്നതിലേക്കും പിന്നെ കഞ്ചാവ് തുടങ്ങിയവയിലേക്കും അവസാനം മദ്യം മുതൽ അതിനു മുകളിലേക്കും ഉളള ചുവടുവെയ്പിന്റെ പ്രായമായി ഈ പഠനങ്ങളിൽ ചിലത് 12 മുതൽ 15 വയസ്സ് വരെയുള്ള സമയമാണ് എന്നു പറയുമ്പോൾ നാം ശരിക്കും ഞെട്ടിപ്പോകുന്നു. ഇതോടൊപ്പമാണ് മുമ്പ് കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പല പുതിയ ലഹരിവസ്തുക്കൾ കോവിഡ് കാലത്തിനുശേഷം ചെറുപ്പക്കാരിൽ സാധാരണയായിട്ടുണ്ടെന്ന് എന്നു കൂടി പറയുന്നത്. ഇവ രണ്ടും ചേർന്നാൽ ഉണ്ടാകുന്ന ഫലം ഭീകരമാണ്. കാരണം, ഒന്നാമതായി, നമ്മൾ പ്രതീഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ പോകുന്ന പ്രായക്കാരിലൂടെയാണ് ലഹരി കടന്നുവന്നത്. രണ്ടാമതായി, നമ്മൾ ലഹരി പദാർഥങ്ങളാണ് എന്ന് പ്രതീക്ഷിക്കാത്ത വസ്തുക്കൾ വഴിയാണ് അത് കടന്നുവന്നത്. അതായത് നമ്മെ വെട്ടിച്ച് തന്ത്രപരമായി കടന്നുവന്ന് ആഴത്തിൽ അത് വേരിറക്കി.
നേരത്തേ ഇടപെടുക ശാരീരിക, മാനസിക, സാമൂഹിക അസ്വസ്ഥതകൾ കണ്ടെത്തിയാൽ നേരത്തേ ഇടപെടുക എന്നതാണ് പ്രധാനം. മദ്യം പലപ്പോഴും രോഗമാകാൻ സമയമെടുക്കുമെങ്കിൽ കഞ്ചാവ്, കറുപ്പ്, മയക്കുമരുന്നൊക്കെ ആദ്യ ഉപയോഗംമുതൽ രണ്ടു വർഷത്തിനുള്ളിൽത്തന്നെ മാനസിക പ്രത്യാഘാതമുണ്ടാക്കി തുടങ്ങും. ചെറുപ്രായത്തിലുള്ളവുരുടെ മരണത്തിന് പ്രധാന കാരണം ലഹരി ഉപയോഗിച്ചതിനു ശേഷമുള്ള അപകടങ്ങളും ആത്മഹത്യകളുമാണ്. ഇവരിൽ കുറ്റവാസനയും സാമൂഹ്യവിരുദ്ധതയും വളരുന്നതിനും ലഹരി കാരണമാകുന്നു. കുടുംബങ്ങളുടെ തകർച്ചയും ആരോഗ്യപ്രശ്‌നങ്ങളും ചികിത്സയെ സങ്കീർണമാക്കും. മരുന്നുകൾ, മോട്ടിവേഷനൽ ചികിത്സ, റീഹാബിലിറ്റേഷൻ തുടങ്ങിയവ ഒരു പരിധിവരെ ഇവരെ രക്ഷിക്കാൻ സഹായിക്കും. ബിഹേവിയറൽ അഡിക്‌ഷൻ ഗണത്തിൽപ്പെടുന്നവയാണ് അമിതമായ മൊബൈൽ ഉപയോഗം, ഇന്റർനെറ്റ് അഡിക്‌ഷൻ, പോൺ അഡിക്‌ഷൻ മുതലായവ.
പോണ്‍ അഡിക്ഷന്‍ എന്താണെന്നു പറയുന്നതിനു മുമ്പ് സ്‌ക്രീന്‍ അഡിക്ഷന്‍ എന്താണെന്നു നോക്കാം. വിശ്വപ്രസിദ്ധമായ ഒരു കേസ് റിപ്പോര്‍ട്ട് ഇവിടെ പറയുന്നത് കാര്യം മനസ്സിലാക്കാന്‍ പ്രയോജനകരമായിരിക്കും. ഡാനി ബോമാന്‍ എന്ന ബ്രിട്ടീഷുകാരനായ കൗമാരക്കാരന്റെ ജീവിതത്തിലുണ്ടായ സംഭവമാണ് പിന്നീട് സെല്‍ഫിയൈറ്റിസ് എന്ന വാക്കുണ്ടാകാന്‍ പോലും കാരണമായത്. ഡാനി ബോമാന് ഒരു ഐ ഫോണുണ്ടായിരുന്നു. 15 വയസു മുതല്‍ ഡാനി ബോമാന്‍ തന്റെ ഐ ഫോണില്‍ സെല്‍ഫികളെടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിക്കുമായിരുന്നു. 19 വയസായപ്പോഴേക്കും ഇത് ഡാനിയ്ക്ക് ഒരു അസുഖമായിത്തീര്‍ന്നു. തന്റെ മനോഹരമായ സെല്‍ഫികളെടുക്കാന്‍ ഡാനി ദിവസവും 10 മണിക്കൂറിലധികം ചെലവഴിച്ചു. ഏതാണ്ട് 200 മുതല്‍ 300 വരെ സെല്‍ഫികള്‍ ഡാനി എടുത്തിരുന്നു. മനോഹരമായ സെല്‍ഫികള്‍ എടുക്കാന്‍ കഴിയാതെ ഡാനി വിഷാദത്തിന് അടിമപ്പെട്ടു. ഡാനി വിഷാദരോഗിയായി. പഠനമുപേക്ഷിച്ചു. ആറു മാസത്തോളം വീട്ടില്‍ത്തന്നെ അടച്ചിരുന്ന് സെല്‍ഫികളെടുക്കാന്‍ തുടങ്ങി. അങ്ങനെ വിഷാദത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍ ഡാനി ഉറക്കഗുളികള്‍ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ഡാനിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു. പിന്നീട് ഡാനി ബോമാന്റെ ജീവിതത്തിലുണ്ടായ ഈ സംഭവം ലോകത്തുടനീളം ചര്‍ച്ച ചെയ്യപ്പെട്ടു.
ഇലക്ട്രോണിക് ഉപകരണങ്ങളോടുള്ള അഡിക്ഷന്‍ അഥവാ അടിമത്വം മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ജീവശാസ്ത്രപരമായ അടിമത്വത്തിനു സമാനമാണെന്ന് പിന്നീട് കണ്ടുപിടിക്കപ്പെട്ടു. ഇവരുടെ തലച്ചോറിലുണ്ടാകുന്ന ഘടനാപരമായ വ്യത്യാസം മദ്യപാനത്തിനും പുകവലിക്കും, ബിഹേവിയറല്‍ ഡിസോര്‍ഡേഴ്സായ ചൂതുകളി, സ്‌ക്രീന്‍ അഡിക്ഷന്‍, പോണ്‍ അഡിക്ഷന്‍ എന്നിവയ്ക്കു അടിമപ്പെട്ട വ്യക്തികളുടെ തലച്ചോറിലുണ്ടാകുന്ന ഘടനാപരമായ വ്യത്യാസങ്ങളുടേതിനു സമാനമാണെന്ന് കണ്ടെത്തി.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso