Thoughts & Arts
Image

അരുളും അബൂലഹബും

08-12-2022

Web Design

15 Comments





വിശുദ്ധ ഖുർആൻ നടത്തിയ ഏറെ വ്യക്തതയുള്ള ഒരു പ്രവചനമാണ് അബൂലഹബിനെ കുറിച്ചു നടത്തിയ പ്രവചനം. നബി(സ)യുടെ യുഗത്തിൽ തന്നെ അത് വളരെ കൃത്യമായി പുലർന്നു. ശരിക്കും അബ്ദുൽ ഉസ്സാ എന്നായിരുന്നു അബൂലഹബിന്റെ പേര്. അബ്ദുൽ മുത്തലിബിന്റെ മക്കളിൽ സുന്ദരനും മുഖത്തെളിച്ചമുളള ആളുമായിരുന്നു അബ്ദുൽ ഉസ്സാ എന്നാണ് ചരിത്രം. അതുകൊണ്ടായിരുന്നുവത്രെ അദ്ദേഹം അബൂ ലഹബ്- ജ്വലിക്കുന്നയാൾ എന്ന് വിളിക്കപ്പെട്ടിരുന്നത്. നബി(സ)യുടെ പിതാവ് അബ്ദുല്ലയുടെ അനുജനായിരുന്നു അബൂ ലഹബ്. എ ഡി 545 ൽ അബ്ദുല്ലയും എ ഡി 549 ൽ അബൂ ലഹബും ജനിച്ചു എന്നാണ് ചരിത്രത്തിന്റെ കാലഗണന. രണ്ട് പേരുടെയും ഉമ്മ രണ്ടായിരുന്നു. അബ്ദുല്ല വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം മരണപ്പെട്ടതും അതിനിടെ ആമിനാ ബീവി ഗർഭിണിയായതും പൊതുവെ മക്കയിലും വിശേഷിച്ച് ബനൂ ഹാശിമിലും ഒരു അനുതാപ തരംഗം സൃഷ്ടിച്ചിരുന്നു. അതിനാൽ ആമിനാ ബീവിയും അവരുടെ ഗർഭസ്ഥ ശിശുവും എല്ലാവരുടെയും കണ്ണിലും ഖൽബിലുമുണ്ടായിരുന്നു. അബൂ ലഹബിന്റെ കണ്ണിലും ഖൽബിലും ഇതുണ്ടായിരുന്നു. അതുകൊണ്ടാണ് നബി(സ) ജനിച്ചത് കേട്ടപ്പോൾ തന്റെ അടിമപ്പെണ്ണിനെ മോചിപ്പിച്ചത്. ആ വിവരം വന്നുപറഞ്ഞ അടിമപ്പെണ്ണിനെയായിരുന്നു സന്തോഷാതിരേകത്താൽ അബൂലഹബ് മോചിപ്പിച്ചത്. അതിന് അയാൾക്ക് പ്രതിഫലം ലഭിക്കുമെന്ന് ചില ഹദീസുകളിൽ വന്നിട്ടുണ്ട്.



പ്രവാചകത്വം വിളംബരം ചെയ്യും വരെ അബൂലഹബിനും മുഹമ്മദിന്റെ കാര്യത്തിൽ അഭിമാനമായിരുന്നു. പ്രവാചകത്വം പ്രഖ്യാപിക്കപ്പെട്ടതോടെ ഒരു മയവുമില്ലാത്ത ശത്രുത അയാളുടെ മനസ്സിൽ കത്തിക്കയറി. നബി(സ)യെ ഏറ്റവുമധികം വേദനിപ്പിച്ച ആൾ അബൂ ലഹബ് തന്നെയായിരിക്കും. ഖുറൈശികളിലെ പ്രമുഖനും പണക്കാരനും പ്രതാപിയുമായിരുന്നു അബൂ ലഹബ്. നബിയുടെ വീടിന്റെ തൊട്ടയല്‍പക്കത്തായിരുന്നു അബൂലഹബിന്റെ താമസം. അബൂ ലഹബിൽ നിന്ന് ഒട്ടും പിന്നിലായിരുന്നില്ല അബൂലഹബിന്റെ ഭാര്യ ഉമ്മുജമീൽ. അബൂ സുഫ് യാന്റെ സഹോദരിയായിരുന്നു ഉമ്മു ജമീൽ. അവളുടെ പ്രധാന പരിപാടി നബിയുടെ വീട്ടിലേക്ക് മാലിന്യം എറിയലും തെറിവിളിക്കലും നബി നടക്കുന്ന വഴിയില്‍ മുള്ള് വിതറലുമായിരുന്നു. ഒരു പിതാവിന്റെ സ്ഥാനത്ത് നില്‍ക്കേണ്ട അബൂലഹബ് പക്ഷേ, നബിയുമായി ഉണ്ടായിരുന്ന എല്ലാ കുടുംബബന്ധങ്ങളും അറുത്തെറിയുകയാണ് ചെയ്തത്. അബൂ ലഹബിൽ നിന്നുള്ള എതിർപ്പ് മക്കയിലെ പൊതു എതിർപ്പിനു മുമ്പെ തുടങ്ങിയിരിക്കുവാനാണ് സാധ്യത. കാരണം നബി(സ)യുടെ പ്രബോധനം കുടുംബാംഗങ്ങളും ഏറ്റവും അടുത്ത വരും നേരത്തെ അറിഞ്ഞതാണല്ലോ. പക്ഷെ, അത് രൂക്ഷമാവുന്നത് പരസ്യമായ പ്രബോധനം ആരംഭിച്ചതോടെയാണ്. നബി(സ) പരസ്യമായ പ്രബോധനം ആരംഭിക്കുന്നത് പ്രവാചകത്വത്തിന്റെ മൂന്നാം വർഷം മുതലാണ്. താങ്കളുടെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക എന്ന അശ്ശുഅറാഅ് സൂറത്തിലെ ആയത്തിലൂടെയാണ് അല്ലാഹു പരസ്യമായ പ്രബോധനത്തിന് ആജ്ഞാപിച്ചത്.



ഇങ്ങനെ ഒരു കൽപ്പന കിട്ടിയതും നബി(സ) സ്വഫാ മലയില്‍ കയറി തന്റെ അടുത്ത കുടുംബാംഗങ്ങളെ ഓരോരുത്തരെയും അവരുടെ പേരുകൾ വിളിച്ചു കൊണ്ട് അവിടേക്ക് വരുത്തി. അബൂ ലഹബക്കമുള്ള എല്ലാവരും ആ ക്ഷണം സ്വീകരിച്ച് അവിടെ എത്തുകയും ചെയ്തു. അത് നബി(സ)യിൽ അവർക്കുള്ള സ്നേഹവും അംഗീകാരവും കാണിക്കുന്നു. താൻ കൈമാറാൻ പോകുന്ന സന്ദേശത്തിന്റെ ഗൗരവത്തിലേക്ക് അവരുടെ ശ്രദ്ധ ക്ഷണിച്ചു കൊണ്ടായിരുന്നു നബി തുടങ്ങിയത്. നബി തങ്ങൾ അവരോട് ചോദിച്ചു: ഈ പർവ്വതത്തിന്റെ പിന്നിൽ ഒരു ശത്രു സേന നിങ്ങളെ ആക്രമിക്കുവാൻ കാത്തു നിൽക്കുന്നുണ്ട് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ അതു വിശ്വസിക്കുമോ ?. അതുകേട്ട അവിടെ കൂടിയ എല്ലാവരും ഒരേ സ്വരത്തിൽ അതേ എന്ന് വിളിച്ചുപറഞ്ഞു. അത്രമാത്രം അവർ നബി തങ്ങളെ വിശ്വസിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ നബി (സ) തൻറെ ദൗത്യം തുറന്നു പറഞ്ഞു: ഞാന്‍ അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് നിങ്ങളെ താക്കീത് ചെയ്യാന്‍ അയക്കപ്പെട്ട അവന്റെ ദൂതനാണ്. അവരെ ആദ്യം പൊതുവായും പിന്നീട് ഓരോരുത്തരെ പേര് വിളിച്ച് പ്രത്യേകമായും ഇക്കാര്യം അറിയിച്ചു. അതോടെ അതുവരേക്കും നിശബ്ദനായിരുന്ന നബി(സ) യുടെ പിതൃവ്യനായ അബൂലഹബ് കൈകുടഞ്ഞെഴുന്നേറ്റ് കൊണ്ട് പറഞ്ഞു: എന്നും നിനക്ക് നാശമുണ്ടാവട്ടെ, ഇതിനാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്?



ഇത് നബിയെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം ഒരു പ്രതികരണം ഇത്തരം ഒരു സദസ്സിൽ വച്ച് ഉണ്ടാകുമ്പോൾ ഈ വേദന ആർക്കും സ്വാഭാവികമാണ്. കാരണം ഈ സദസ്സ് അത്രമാത്രം വലിയ ബഹുമാനം ആദ്യമേ നബിയോട് പ്രകടിപ്പിച്ചതാണല്ലോ. ഇത് സ്വന്തം പിതൃവ്യനിൽ നിന്നാകുമ്പോൾ ഈ വേദന ഇരട്ടിയാകും. എന്തുകൊണ്ടെന്നാൽ ഇതിന് മറുപടി പറയുവാനോ എതിർവാദം ഉന്നയിക്കുവാനോ തനിക്ക് കഴിയില്ലല്ലോ. കാരണം അദ്ദേഹം തനിക്ക് പിതൃതുല്യനായ പിതാമഹനാണ്. മുതിർന്നവരെയും ബന്ധുക്കളെയും ബഹുമാനിക്കുകയും ആദരിക്കുകയും അവരോട് അച്ചടക്കം പുലർത്തുകയും ചെയ്യുക എന്നത് തന്റെ സന്ദേശവും ആണ്. അതിനാൽ നബി(സ) ഒന്നും പറയാൻ കഴിയാതെ സങ്കടപ്പെടുകയായിരുന്നു. ഈ പ്രശ്നം പക്ഷേ നബിയുടെ മാത്രം പ്രശ്നമാണ്. അല്ലാഹു പക്ഷേ, ഇത് കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്. അവൻ അധികം വൈകാതെ തന്നെ അബൂലഹബിനുള്ള ശക്തമായ മറുപടിയും ശാപവും കോപവും എല്ലാം കൊണ്ട് ജിബ്‌രീലിനെ അയക്കുകയുണ്ടായി. അവിടെ വെച്ച് അവതരിക്കപ്പെട്ട സൂറത്താണ് സൂറത്തുൽ മസദ്. (ബുഖാരി, മുസ്‌ലിം)
അബൂലഹബ്, നബി(സ)യെ സമീപിച്ച് ഒരിക്കല്‍ ഞാന്‍ ഈ മതത്തില്‍ വന്നാല്‍ എനിക്ക് എന്ത് ലഭിക്കും എന്ന് ചോദിക്കുകയുണ്ടായി. മറ്റ് മുസ്‌ലിംകള്‍ക്ക് കിട്ടുന്നതൊക്കെ താങ്കൾക്കും കിട്ടും എന്ന് നബി(സ) മറുപടിയായി പറഞ്ഞു. അപ്പോള്‍, എനിക്ക് പ്രത്യേകത ഒന്നും ഇല്ലേ!? എന്ന് അയാള്‍ ചോദിക്കുകയും എന്നെയും ഇവരെയും സമമാക്കിയ ഈ മതം നശിക്കട്ടെ എന്ന് ശപിക്കുകയും ചെയ്തപ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചത് എന്നും,
നബി(സ)യെ കാണാന്‍ വരുന്ന പലരും അബൂലഹബിനെ സമീപിച്ച് നബിയെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കുമ്പോൾ മുഹമ്മദ് മഹാനുണയനും ആഭിചാരക്കാരനുമാണെന്ന് പറഞ്ഞിരുന്നു. മാത്രമല്ല, ഞങ്ങള്‍ മുഹമ്മദി(സ)നെ ഒരു പാട് ചികിത്സിച്ചു പക്ഷെ അവന്‍ നശിക്കുകയേ ഉള്ളൂ എന്ന് കൂടി പറഞ്ഞപ്പോഴാണ് ഈ സൂറത്ത് ഇറങ്ങിയത് എന്നും, അബൂലഹബ് ഒരിക്കല്‍ കല്ലു കൊണ്ട് നബിയെ എറിയാന്‍ ശ്രമിച്ചു അള്ളാ‍ഹു അത് തടയുകയും തുടർന്ന് നബി(സ)യെ എറിയാന്‍ ശ്രമിച്ചവന്റെ കൈ നശിക്കട്ടെ എന്ന് അര്‍ത്ഥം വരുന്ന അദ്ധ്യായം അവതരിച്ചു എന്നും അഭിപ്രായങ്ങൾ തഫ്സീറുകളിലുണ്ട് (ഖുര്‍ത്വുബി).



അതി ശക്തമായ ശാപമാണ് അല്ലാഹു നടത്തിയത്. ഈ സൂറത്തിന്റെ അർഥം ഇതാണ്: അബൂലഹബിന്റെ ഇരുകൈകളും തുലയട്ടെ. അവന്‍ സര്‍വനാശമടഞ്ഞുപോയിരിക്കുന്നു! തന്റെ ധനമോ സമ്പാദ്യങ്ങളോ അവന്ന് ഉപകരിച്ചില്ല. ജ്വലിച്ചു നില്‍ക്കുന്ന നരകാഗ്നിയില്‍ അവന്‍ കടക്കാന്‍ പോവുകയാണ്; വിറകു ചുമന്ന് നടന്ന അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പന നാരിന്റെ പാശമുണ്ടാകും. ഈ പ്രവചനം കേട്ടമാത്രയില്‍ അബൂലഹബും ഭാര്യയും രോഷാകുലരായി. കോപം കൊണ്ട് ജ്വലിച്ച അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍, എവിടെ മുഹമ്മദ് എന്നാര്‍ത്തുവിളിച്ചുകൊണ്ട് തെറിപ്പാട്ട് പാടി തെരുവിലേക്ക് ഇറങ്ങി.
നബി(സ) അപ്പോൾ കഅ്ബയുടെ അടുത്ത് ഇരിക്കുകയായിരുന്നു അബൂബക്കർ(റ) കൂടെയുണ്ട്. കൈനിറയെ കല്ലുമായാണ് ഉമ്മു ജമീലിന്റെ വരവ്. അടുത്ത് വന്നിട്ടും പക്ഷെ, അവൾക്ക് നബി(സ)യെ കാണാനായില്ല. അല്ലാഹു അവളുടെ കണ്ണിന് മറയിട്ടതായിരുന്നു. അവൾ അബൂബക്കർ(റ) വിനോട് പറഞ്ഞു: നിന്റെ നേതാവ് മുഹമ്മദ് എന്നെ ആക്ഷേപിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. മുഹമ്മദിനെ കണ്ടാൽ ഈ കല്ല് കൊണ്ട് ഞാൻ മുഹമ്മദിന്റെ വായിൽ നിറക്കും. എന്നിട്ടവൾ ഇങ്ങിനെ പാടി: (ആക്ഷേപിക്കുന്നവനെ ഞങ്ങൾ ധിക്കരിക്കും .മുഹമ്മദിന്റെ കല്പനകളെ ഞങ്ങൾ വിസമ്മതിക്കുകയും, അവൻ പഠിപ്പിക്കുന്ന മതത്തെ ഞങ്ങൾ വെറുക്കുകയും ചെയ്യും). അങ്ങനെ നബിയെ കാണാത്ത നിരാശയോടെ ശാപവാക്കുകള്‍ ഉരുവിട്ടുകൊണ്ട് അവൾ മടങ്ങിപ്പോയി. അപ്പോൾ അബൂബക്കർ(റ) ചോദിച്ചു: നബിയേ! അവൾ അങ്ങയെ കണ്ടില്ലേ? നബി(സ) പറഞ്ഞു: അള്ളാഹു അവളുടെ കണ്ണിനെ എന്നെ തൊട്ട് തെറ്റിച്ചു കളഞ്ഞു. (ഖുർത്വുബി)



ഈ സൂറത്തിൽ അല്ലാഹു മറ്റൊരു ശക്തമായ പ്രവചനം നടത്തുകയാണ്. അബൂ ലഹബ് ജ്വാലകളുളള നരകത്തിൽ എത്തിയേക്കും എന്ന പ്രവചനമാണത്. ഭാവിയിൽ വരാനിരിക്കുന്ന കാര്യങ്ങളെ സംബന്ധിച്ച് പറയുവാൻ ഏതു മനുഷ്യനും പരിമിതി ഉണ്ടായിരിക്കും. കാരണം, ഭാവിയിൽ എന്താണ് സംഭവിക്കുക എന്നത് ഒരാൾക്കും ഉറപ്പിച്ച് പറയാൻ കഴിയില്ല. തൊട്ടുമുമ്പിലുള്ള നിമിഷത്തെക്കുറിച്ച് പോലും ഉറച്ച് ഒന്നും പറയാൻ ആർക്കും കഴിയില്ല. ഭാവികാലത്തെ സൃഷ്ടാവ് അത്രയ്ക്കുമേൽ മറച്ചു വെച്ചിരിക്കുകയാണ്. ഇവിടെ അബൂലഹബിനെ കുറിച്ച്, അയാൾ നരകാഗ്നിയിൽ എത്തിച്ചേരും എന്ന് പ്രവചിക്കുമ്പോൾ അതിന്റെ അർത്ഥം അയാൾ മരിക്കുന്നതിന് മുമ്പായി ഇസ്ലാം മതം ആശ്ലേഷിക്കുകയില്ല എന്നാണല്ലോ. ഇത് നടത്തുന്നത് പ്രവാചകത്വത്തിന്റെ മൂന്നാം വർഷത്തിലാണ് എന്നത് നാം പ്രത്യേകം ഓർക്കണം. അബൂലഹബ് മരണപ്പെടുന്നതാണെങ്കിൽ ഹിജ്റ രണ്ടാം വർഷത്തിലാണ്. അഥവാ ഈ സംഭവം കഴിഞ്ഞ് ഏകദേശം പത്തുവർഷത്തോളം അബൂലഹബ് പിന്നെയും ജീവിക്കുന്നുണ്ട്. ഈ കാലയളവിൽ ഒന്നും അബൂലഹബ് ഇസ്ലാം മതം സ്വീകരിക്കുകയോ സ്വീകരിക്കുന്നതായി അഭിനയിക്കുകയോ പോലും ചെയ്യുകയില്ല എന്ന് തീർത്ത് പറയുകയാണ് ഈ പ്രവചനം. ദീർഘമായ ഈ കാലയളവിനുള്ളിൽ അബുലഹബ് എങ്ങാനും വിശ്വസിച്ചിരുന്നു എങ്കിൽ ഖുർആൻ മാനുഷികമാണ് എന്ന് വരും. അത്രയും അപകടം പിടിച്ച ഉദ്വേഗപരിതമായ ഒരു പ്രവചനമാണ് വിശുദ്ധ ഖുർആൻ നടത്തിയിരിക്കുന്നത്. ഈ കാലയളവിൽ മക്കയിലെ പ്രധാനികളായ പലരും ഇസ്ലാമിലേക്ക് എത്തുകയുണ്ടായി. അവരിൽ പലരും നമുക്ക് ഒട്ടും പ്രതീക്ഷയില്ലാത്തവരായിരുന്നു. ഉമർ(റ), ഹംസ(റ) തുടങ്ങിയവരെല്ലാം അതിന് മതിയായ ഉദാഹരണങ്ങളാണ്.



എന്നാൽ അബൂ ലഹബിന്റെ ഉള്ളിൽ ഓരോ ദിവസവും ശത്രുത വളരുകയായിരുന്നു. വിദേശികളായി മക്കയിലെത്തുന്നവരെ കണ്ട് നബി അവർക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുക്കുമ്പോൾ അബുലഹബ് പിന്നാലെ വന്നു ഈ സംസാരിച്ച ആൾ തന്റെ സഹോദരൻ അബ്ദുള്ളയുടെ മകനാണ് എന്നും നിർഭാഗ്യവശാൽ അവന് ചിത്തഭ്രമം സംഭവിച്ചു പോയതാണ് എന്നും ഞങ്ങൾ ചികിത്സകൾ ഒക്കെ നടത്തുന്നുണ്ട് എങ്കിലും അതൊന്നും ഫലിക്കുന്നില്ല എന്നും പറയുമായിരുന്നു. ഇത് നബിക്ക് വല്ലാത്ത മാനസിക ആഘാതം ആണ് സൃഷ്ടിച്ചിരുന്നത്. കാരണം നബി തങ്ങൾക്ക് ഇവിടെ മറുപടി പറയുവാനോ പ്രതിരോധിക്കുവാനോ കായികമായോ അല്ലാതെയോ തടയുവാനോ കഴിയുമായിരുന്നില്ല. ഇത്തരം സാഹചര്യത്തിൽ അഥവാ നബി തങ്ങൾ പ്രതിരോധിച്ചാൽ തന്നെ അത് നബിക്ക് സ്വന്തം പിതൃവ്യനെ കൈകാര്യം ചെയ്യുന്ന മകൻ എന്ന ദുഷ്പേര് വരുത്തിവെക്കുക മാത്രമേയുള്ളൂ. അതിനാൽ എല്ലാം നബി(സ) സഹിക്കുക മാത്രമായിരുന്നു. അബൂലഹബിന്റെ ഭാര്യ ഉമ്മു ജമീലും ഒട്ടും പുറകിൽ ആയിരുന്നില്ല. അവൾ നബിയെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു എന്ന് മാത്രമല്ല നബിയുടെ വഴിയിലും വീടിനു മുന്നിലും മാലിന്യങ്ങളും കെട്ടുകളും കൊണ്ടുവന്ന് ഇടുകയും ചെയ്യുമായിരുന്നു.



നബി തങ്ങളുടെ രണ്ടാമത്തെ മകൾ റുഖിയ്യ(റ) യെ വിവാഹം ചെയ്തിരുന്നത് അബൂലഹബിന്റെ മൂത്ത മകൻ ഉത്ബത്ത് ആയിരുന്നു. മൂന്നാമത്തെ മകൾ ഉമ്മു കുൽ സൂമിനെ വിവാഹം ചെയ്തിരുന്നത് അബൂലഹബിന്റെ രണ്ടാമത്തെ മകൻ ഉത്തൈബത്ത് ആയിരുന്നു. ഇവർക്ക് നബി തങ്ങൾ തന്റെ പെൺമക്കളെ വളരെ ഇഷ്ടത്തോടെ വിവാഹം ചെയ്തു കൊടുത്തത് ആയിരുന്നില്ല. ശക്തമായ സമ്മർദ്ദത്തിന്റെ പേരിൽ നടന്നതായിരുന്നു ആ വിവാഹങ്ങൾ. കാരണം നബിയുടെ ഒന്നാമത്തെ മകൾ സൈനബ്(റ)യെ വിവാഹം ചെയ്തിരുന്നത് ഖദീജ ബീവിയുടെ സഹോദരിയുടെ മകനായിരുന്ന അബുൽ ആസ് ആയിരുന്നു. വലിയ സമ്പന്നനും പ്രതാപിയും സർവ്വരാലും അംഗീകരിക്കപ്പെടുന്ന വ്യക്തിയും ആയിരുന്നു അബുൽ ആസ് എങ്കിലും അദ്ദേഹം ബനൂഹാഷിം കുടുംബത്തിലെ അംഗം അല്ലാതിരുന്നതിനാൽ നബിയുടെ കുടുംബത്തിലെ കാരണവന്മാർക്ക് ഈ വിവാഹത്തിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു. അത് പരിഹരിക്കുവാനെന്നോണം ആണ് അബൂലഹബിന്റെ മക്കൾക്ക് തന്റെ മക്കളെ വിവാഹം ചെയ്തുകൊടുക്കുവാൻ നബി(സ)യും ഖദീജ(റ)യും തയ്യാറായത്. വിവാഹം നടക്കുമ്പോൾ നബി തങ്ങൾ തന്റെ ദൗത്യം പരസ്യപ്പെടുത്തിയിരുന്നില്ല. എന്നാൽ അധികം കഴിയും മുമ്പ് അത് പരസ്യപ്പെടുത്തപ്പെട്ടതോടെ അബൂലഹബ് നബിയുടെയും ഇസ്ലാമിന്റെയും കടുത്ത ശത്രുവായി മാറുകയും മക്കളോട് രണ്ടുപേരോടും മുഹമ്മദിന്റെ മക്കളെ ഒഴിവാക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ചെയ്തില്ലെങ്കിൽ തന്റെ മുഖം മക്കൾക്ക് നിഷിദ്ധമാണ് എന്ന് അബൂലഹബ് പ്രസ്താവിക്കുകയും ചെയ്തിരുന്നു. ഈ സമ്മർദ്ദത്തിനു വഴങ്ങി രണ്ടുപേരും മനസ്സില്ലാ മനസ്സോടെ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിച്ചു. മക്കൾ വൈധവ്യവുമായി വീട്ടിൽ വന്നു കയറുന്നതോടുകൂടി മുഹമ്മദിന്റെ സ്വാസ്ഥ്യം നഷ്ടപ്പെടും, നഷ്ടപ്പെടണം എന്നായിരുന്നു അബൂലഹബിന്റെ കണക്കുകൂട്ടൽ.



ഇവരിൽ ഉത്ബത്ത് പൊതുവേ ശാന്തനായിരുന്നു എങ്കിലും ഉതൈബത്ത് ഒരല്പം കാഠിന്യമുള്ള ആളായിരുന്നു. അവൻ പിതാവിനെ പോലെ നബിയോട് കഠിനമായ ശത്രുത വെച്ചുപുലർത്തുന്ന വ്യക്തിയായിരുന്നു. അതിനെ തുടർന്ന് ഒരിക്കൽ അവൻ നബി തങ്ങളുടെ മുമ്പിലേക്ക് വരികയും മുഖത്തേക്ക് വരെ ചെയ്യുകയും ചെയ്തു. തൻറെ മകളെ വിവാഹം മോചനം ചെയ്തു എങ്കിലും വിവാഹമോചിതയുടെ മാതാപിതാക്കളുമായി ഉള്ളതും ഉണ്ടാവേണ്ടതുമായ ബന്ധം സ്വന്തം മാതാപിതാക്കളോട് ഉണ്ടാകുന്നതിനോട് സമാനമായിരിക്കേണ്ടതുണ്ട്. അത്രമാത്രം ബന്ധം പുലർത്തേണ്ട ഒരാളിൽ നിന്ന് ഇങ്ങനെ ഒരു നീച പ്രതികരണം ഉണ്ടായത് നബിയെ വല്ലാതെ വിഷമിപ്പിച്ചു. വളരെ മോശമായ വാക്കുകൾ അവൻ പറയുക കൂടി ചെയ്തപ്പോൾ നബി തങ്ങൾ അല്ലാഹുവിനോട് ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ ഇവനുമേൽ നിൻറെ പട്ടികളിൽ നിന്ന് ഒരു പട്ടിയെ ചുമതലപ്പെടുത്തേണമേ എന്ന്. അപ്പോൾ ഉതൈബത്ത് ഷാമിലേക്കുള്ള ഒരു കച്ചവട യാത്രയിലായിരുന്നു. യാത്രയിൽ സംഘാംഗങ്ങളോടുകൂടെ വൈകുന്നേരമായപ്പോൾ അവർ വിജനമായ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. വന്യമൃഗങ്ങളും മറ്റും നിറഞ്ഞ ഒരു പ്രദേശമായിരുന്നു അത്. അവിടെ അന്നത്തെ രാത്രി കഴിച്ചു കൂട്ടേണ്ടത് ആലോചിച്ചപ്പോൾ അവന് വല്ലാത്ത ഭയം തോന്നി. അവൻ തനിക്കെതിരെ മുഹമ്മദ് നടത്തിയ ശാപപ്രാർഥനയെ കുറിച്ചും തന്റെ ഭയത്തെ കുറിച്ചുമെല്ലാം പറഞ്ഞു. അതു കേട്ട സംഘാംഗങ്ങൾ, എങ്കിൽ നമുക്ക് എല്ലാവർക്കും ഒന്നിച്ച് വട്ടം പിടിച്ച് കിടന്നുറങ്ങാം എന്നും നിന്നെ ഒത്ത നടുക്ക് കിടത്താം എന്നും പറഞ്ഞു. അതിനിടയിൽ നിന്ന് നിന്നെ ഒരു വന്യമൃഗവും ഒരിക്കലും കൊണ്ടു പോകുകയാ പിടികൂടുകയോ ചെയ്യില്ല എന്ന് അവർ ഉറപ്പ് നൽകി. അവർ അങ്ങനെ ചെയ്യുകയും ചെയ്തു. പക്ഷെ, ആ രാത്രി അവരുടെയെല്ലാം നടുവിൽ നിന്ന് അവനെ പൊക്കിയെടുത്ത് കടിച്ചു കീറി. അബൂ ലഹബിന്റെ മറ്റു രണ്ടു ആൺ മക്കൾ ഉത്ബത്തും മിഅ്തബും മക്കാ വിജയ നാളിൽ ഇസ്ലാമിലേക്ക് വന്നുചേരുകയുണ്ടായി.



ഇത്രയെല്ലാം പറഞ്ഞ നിലക്ക് അബൂ ലഹബിന്റെ അന്ത്യത്തെ കുറിച്ചു കൂടി കേൾക്കേണ്ടതുണ്ട്. അത് അബൂലഹബിന് കിട്ടിയ ശാപവുമായി ബന്ധമുള്ളതാണ്. കാരണം അത്രക്കും ദയനീയമായിരുന്നു ആ അന്ത്യം. അത് സംഭവിച്ചത് ഹിജ്റ രണ്ടാം വർഷത്തിൽ ബദർ യുദ്ധം കഴിഞ്ഞതിന്റെ ഉടനെ ആയിരുന്നു. ബദർ യുദ്ധത്തിൽ അബൂലഹബ് പങ്കെടുത്തിരുന്നില്ല. തനിക്ക് പകരം മറ്റൊരാളെ പറഞ്ഞയക്കുകയായിരുന്നു. അയാൾ അബൂലഹബിന് കടം തിരിച്ചു കൊടുക്കാൻ ഉണ്ടായിരുന്നു. അതിനുപകരമെന്നോണം ആയിരുന്നു അയാളെ ബദറിലേക്ക് യുദ്ധത്തിനായി അബൂലഹബ് പറഞ്ഞയച്ചത്. വളരെ പ്രതീക്ഷയോടു കൂടെയായിരുന്നു അബൂജഹലും തൻറെ നേതൃത്വത്തിൽ ആയിരത്തോളം വരുന്ന മക്കൻ സൈനികരും ബദറിലേക്ക് പുറപ്പെട്ടത്. തങ്ങൾ പരാജയപ്പെടും എന്ന് ചിന്തിക്കാൻ പോലുമുള്ള ന്യായം അവിടെ ഉണ്ടായിരുന്നില്ല. ആൾബലവും ആയുധബലവും എല്ലാം അവർക്ക് തികച്ചും അനുകൂലമായിരുന്നു. പക്ഷേ യുദ്ധഫലം അവരെ ഞെട്ടിച്ചുകളഞ്ഞു. അവരുടെ മുൻനിര നേതാക്കളായ 70 പേർ ദയനീയമായും ദാരുണമായും കൊല്ലപ്പെട്ടു. അവശേഷിക്കുന്നവരിൽ മറ്റൊരു 70 പേർ തടവിലാക്കപ്പെടുകയും ചെയ്തു. ഇത് തികച്ചും അപ്രതീക്ഷിതമായിരുന്നു. തല താഴ്ത്തിപ്പിടിച്ചു കൊണ്ടായിരുന്നു രാത്രിയുടെ മറവിൽ അവശേഷിക്കുന്നവർ മക്കയിലേക്ക് തിരിച്ചെത്തിയത്. മക്കയിൽ അവരെ വരവേറ്റത് അവരുടെ ഭാര്യമാർ അടക്കമുള്ള സ്ത്രീകളുടെ പരിഹാസങ്ങൾ ആയിരുന്നു എന്നാണ് ചരിത്രം. ഈ വിവരം അബുലഹബിനെ വല്ലാതെ നിരാശരാക്കി. ഇതോടെ കിടപ്പിലായ അബൂ ലഹബിന് കനത്ത പനി പിടികൂടി.



കഠിന ദുഖവും മോഹഭംഗവും അദ്ദേഹത്തെ പിന്നെയും രോഗിയാക്കി മാറ്റി. പിന്നെ 10 ദിവസത്തിനപ്പുറം അദ്ദേഹത്തിന് ജീവിക്കാന്‍ കഴിഞ്ഞില്ല. അതിനിടെ അദ്ദേഹത്തിന് വസൂരി പിടിപെട്ടു. ദേഹത്ത് ഒരു തരം വൃത്തികെട്ട കുരുക്കള്‍ പൊങ്ങി വ്രണമായി മാറി. അറപ്പും വെറുപ്പും സഹിക്കവയ്യാതെ വീട്ടിലുണ്ടായിരുന്നവര്‍ അദ്ദേഹത്തെ വിട്ടേച്ചുപോയി. കാരണം, അതിവേഗം പടരുന്ന രോഗമായിരുന്നു അത്. ഒരു തരം ചികിത്സയും ഇല്ലാത്ത അത്തരമൊരു രോഗം തങ്ങളെ പിടികൂടുമോ എന്ന് എല്ലാവരും ഭയപ്പെട്ടു. ആരും സഹായിക്കാനില്ലാതെ, ഒരിറ്റ് വെള്ളം നല്‍കാന്‍ മക്കള്‍ പോലുമില്ലാതെ ആ ഖുറൈശി പ്രമാണി പുഴുത്തു കിടന്നു. അധികം വൈകാതെ അയാൾ മരണപ്പെട്ടു. മരിച്ചശേഷം മൂന്നു ദിവസത്തോളും ആരും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. മൃതദേഹം പുഴുത്ത് ജീര്‍ണിച്ച് നാറി. ഒടുവില്‍ നാറ്റം സഹിക്കവയ്യാതെ അയല്‍ക്കാര്‍ ബന്ധുക്കളെ കഠിനമായി ആക്ഷേപിക്കാന്‍ തുടങ്ങിയപ്പോഴാണ് അവര്‍ കുറച്ച് അടിമകളെ കൂലിക്ക് വിളിച്ച് മൃതദേഹം മറവുചെയ്യാന്‍ പറഞ്ഞത്. അവര്‍ വന്ന് വീടിനുള്ളില്‍തന്നെ ഒരു കുഴിയെടുത്ത് പുഴുത്ത ശരീരം ഒരു വടികൊണ്ട് കുഴിയിലേക്ക് തോണ്ടിയിടുകയായിരുന്നു. ഖുറൈശികളിലെ പ്രതാപശാലിയുടെ ദുര്യോഗം!
o

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso