ടെൻഷൻ മാറ്റാനുളള ഒറ്റമൂലി
08-12-2022
Web Design
15 Comments
പേർഷ്യയുടെ ഒന്നാമത്തെ രാജാവ് അനൂ ശർവ്വാൻ ചക്രവർത്തിയാണ്. ക്രി. 501 മുതൽ 579 ആണ് ഇദ്ദേഹത്തിന്റെ ജീവിതകാലം. ഏറെ നീതിമാനായി അറിയപ്പെടുന്ന അനൂ ശർവ്വാൻ പണ്ഡിതരെയും ചിന്തകരെയും ആത്മീയ വാദികളെയുമെല്ലാം ഏറെ പരിഗണിക്കുമായിരുന്നു. അദ്ദേഹം തന്നെ നല്ല ഒരു തത്വചിന്തകനായിട്ടാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ കാലത്ത് തന്റെ മന്ത്രിമാരിലോ വിദ്വൽ സദസ്സിലോ ഉണ്ടായിരുന്ന ഒരു പ്രധാനിയായിരുന്നു തത്വചിന്തകൻ കൂടിയായിരുന്ന ബുസർ ജംഹിർ. അറബിയിലും പേർഷ്യൻ ഭാഷയിലും ഒരേ പോലെ മികച്ച രചനകൾ നടത്തുവാൻ കഴിയുന്ന ഒരാളായിരുന്നു അദ്ദേഹം. പക്ഷെ, ഇടക്ക് അനൂ ശർവ്വാൻ ചക്രവർത്തിയും ബുസർ ജംഹിറും തമ്മിൽ തെറ്റി. ബുസറിനോട് കലശലായ കോപം ഉണ്ടായ അനൂശർവ്വാൻ അയാളെ ജയിലിലടക്കുവാനും പീഡിപ്പിക്കുവാനും കൽപ്പിച്ചു. ഖബറിന് സമാനമായ ഒരു ഇരുട്ടു നിറഞ്ഞ കുടുസ്സുമുറിയില്‍ ഇരുമ്പു ചങ്ങല കൊണ്ടായിരുന്നു അദ്ദേഹത്തെ ബന്ധിച്ചിരുന്നത്. ധരിക്കാന്‍ പരുക്കനായ പരുത്തി വസത്രങ്ങള്‍ മാത്രം നല്‍കി. ദിനേന രണ്ട് കഷ്ണത്തിലധികം ബാര്‍ലിയുടെ റൊട്ടിയല്ലാതെ മറ്റൊന്നും നല്‍കരുത് എന്നായിരുന്നു കൽപ്പന. കഠിനമായ ദാഹം ഉണ്ടാകുവാൻ കല്ലുപ്പ് തീറ്റിക്കാനും, പൊടിക്കാത്ത ധാന്യം മാത്രം കൊടുക്കാനും തുടങ്ങി കഠിനമായ ശിക്ഷാ മുറകളായിരുന്നു അദ്ദേഹത്തിൽ പ്രയോഗിച്ചിരുന്നത്. ഒരു കപ്പ് വെള്ളം മാത്രമേ ഒരു ദിവസം കൊടുക്കുമായിരുന്നുള്ളൂ. അയാള്‍ പറയുന്ന ഓരോ വാക്കുകൾ പോലും രാജാവിലേക്ക് എത്തിക്കുവാൻ വേണ്ട കാര്യങ്ങളും ചെയ്തിരുന്നു.
പക്ഷെ, എല്ലാവരും നിരാശപ്പെട്ടു. ഈ ദണ്ഡനങ്ങളൊന്നും തത്വജ്ഞാനിയായിരുന്ന ബുസർജംഹറിനെ അസ്വസ്ഥനാക്കിയതേയില്ല. ഇതോടെ അനൂ ശർവ്വാനും വിഷണ്ണനായി. യാതൊരു വിധ സംസാരവും കേള്‍ക്കാന്‍ സാധിക്കാതെ മാസങ്ങളോളം ബുസര്‍ജംഹിര്‍ ജയിലില്‍ കഴിഞ്ഞു. അതിനാൽ രാജാവ് പറഞ്ഞു: അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത വിശ്വസ്തരായ കൂട്ടുകാരെ അയാളുടെ അടുത്തേക്ക് അയക്കുക. അദ്ദേഹത്തോട് അവർ സ്വതന്ത്രമായി കാര്യങ്ങള്‍ സംസാരിക്കുകയും അയാളുടെ നിലപാട് അറിയുകയും തന്റെ നിലപാട് അറിയിക്കുകയും ചെയ്യുക. കൽപ്പന പോലെ ബുസർ ജംഹറിന്റെ കൂട്ടുകാർ ജയിലിലെത്തി അദ്ദേഹത്തെ കണ്ടു. അവർ ആരാഞ്ഞു: അല്ലയോ നമ്മുടെ പ്രിയ തത്വചിന്തകനായ നേതാവേ, അങ്ങ് ഈ ജയിലില്‍ അനുഭവിക്കുന്ന ഇടുക്കവും ബന്ധനവും ധരിക്കുന്ന വസ്ത്രത്തിന്റെ പരുക്കന്‍ രൂപവും ജയില്‍ വാസത്തിന്റെ കാഠിന്യവുമെല്ലാം നമ്മള്‍ കാണുന്നു. അതോടൊപ്പം തന്നെ താങ്കളുടെ മുഖത്തെ തിളക്കവും ശരീരത്തിന്റെ ആരോഗ്യവും പഴയപടി മാറ്റമില്ലാതെയും കാണുന്നു. അതിനുള്ള കാരണം ഒന്ന് വിവരിക്കാമോ? അപ്പോള്‍ അദ്ദേഹം പറഞ്ഞു: എനിക്ക് കിട്ടുന്ന പൊടിക്കാത്ത ഗോതമ്പ് മാവിൽ ഞാന്‍ ആറ് മിശ്രിതങ്ങൾ ചേർക്കുകയാണ് ചെയ്യുന്നത്. എന്നിട്ട് അതില്‍ നിന്നും ദിനേന അല്‍പാല്‍പം ഞാന്‍ എടുത്തു സേവിക്കുന്നതിനാലാണ് നിങ്ങള്‍ കാണുന്ന രൂപത്തില്‍ എന്റെ ആരോഗ്യവും ഊർജ്ജസ്വലതയുമെല്ലാം നിലനില്‍ക്കുന്നത്. അതുകേട്ടതും അവർ ആശ്ചര്യപ്പെട്ടു. എന്താണ് ഈ പറഞ്ഞുവരുന്നത് എന്ന് അവർക്ക് ഒട്ടും മനസ്സിലായില്ല. അവർ അദ്ദേഹത്തോട് ചോദിച്ചു അങ്ങ് ഈ പറഞ്ഞത് എന്താണ് എന്ന് ഞങ്ങൾക്ക് ഒന്ന് വിവരിച്ച് തരാമോ?.
അദ്ദേഹം അവർക്ക് അത് തികഞ്ഞ സമാധാനത്തോടെ ഇങ്ങനെ വിവരിച്ച് കൊടുക്കാൻ തുടങ്ങി: അവയിലൊരു മിശ്രിതം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസമാണ്. എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് എന്ന എന്റെ അറിവാണ് രണ്ടാമത്തേത്. പരീക്ഷിക്കപ്പെടുന്നവനു മുന്നിലുള്ള മികച്ച വഴിയായ ക്ഷമയാണ് മൂന്നാമത്തേത്. ക്ഷമ കൈക്കൊണ്ടില്ലെങ്കില്‍ ഞാനെന്തു ചെയ്യും എന്ന ചിന്തയാണ് നാലാമത്തേത്. എനിക്ക് ബാധിച്ചത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ചെറുതാണ് എന്ന വിചാരമാണ് അഞ്ചാമതായി ഞാന്‍ ചേര്‍ത്തത്. എല്ലാ ദുഖത്തിനും ഒരു സന്തോഷകരമായ അന്ത്യമുണ്ടാവുമെന്ന ഉറപ്പാണ് ആറാമത്തെ മിശ്രിതം. ഭക്ഷണത്തോടൊപ്പം ഈ മിശ്രിതങ്ങളും അകത്ത് ചെല്ലുന്നതിനാല്‍ ഞാന്‍ ആരോഗ്യവാനായിരിക്കുന്നു. നിങ്ങളെന്നെ സുസ്‌മേരവദനനായി കാണുന്നതിന്റെ കാരണവും അതുതന്നെ. ഈ ആറു കാര്യങ്ങൾ സ്വന്തം മനസ്സിനെ ഒരു ഔഷധമായും ഊർജ്ജദായനിയായും നൽകിക്കൊണ്ടേയിരിക്കുന്നതിനാൽ താൻ ദിനേന അനുഭവിച്ചുകൊണ്ടിരിക്കുന്ന പീഡനങ്ങളും ദണ്ഡനങ്ങളും തന്നെ ഒരിക്കലും അസ്വസ്ഥമാക്കുന്നില്ല എന്നാണ് പറയുന്നത്. ഇത് ഏറെ ശ്രദ്ധിക്കേണ്ട ഒരു വിഷയമാണ്. അതിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഗുസർ ജംഹർ പറയുന്ന ഈ ആറ് കാര്യങ്ങളുടെയും പൊതു ഘടകം എന്താണ് എന്ന് കണ്ടുപിടിക്കാം. അത് ദൈവത്തിലുള്ള വിശ്വാസമാണ്. ആറാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് പേർഷ്യയിൽ അഥവാ ഇറാനിൽ ജീവിച്ചിരുന്ന ബുസർജംഹർ ഏത് ദൈവത്തെ കുറിച്ചാണ്, അല്ലെങ്കിൽ ഏത് ദൈവത്തിലുള്ള വിശ്വാസത്തെ കുറിച്ചാണ് പറയുന്നത് എന്ന് നമുക്കറിയില്ല. അദ്ദേഹത്തിന്റെ വിശ്വാസം ഏതു രീതിയിലുള്ള ഒരു ദൈവത്തെയാണ് അവതരിപ്പിക്കുന്നത് എന്നും നമുക്ക് തിട്ടമില്ല. പേർഷ്യക്കാർ എന്ന ഇറാനികൾ സൗരാഷ്ട്ര മതക്കാരാണ്. അവരുടെ ആരാധനാമൂർത്തി അഗ്നിയാണ്. അഗ്നി അവരുടെ ദൈവത്തിന്റെ പ്രകട ഭാവമാണ്. അതുകൊണ്ട് ഏതോ അരൂപിയായ ഒരു ദൈവത്തെ ചുറ്റിപ്പറ്റി ഉള്ളതു തന്നെയായിരിക്കണം അവരുടെ വിശ്വാസം. ആ വിശ്വാസത്തിന്റെ ശരിയും തെറ്റും വിവേചിക്കുന്നത് ഈ ചർച്ചയിൽ പ്രസക്തമല്ല. ഇവിടെ വിഷയം ദൈവത്തിലുള്ള വിശ്വാസം അതിനെ തുടർന്നുണ്ടാകുന്ന മാനസികമായ ബോധ്യങ്ങളും ഉറപ്പുകളും എല്ലാം മനുഷ്യന്റെ മനസ്സിന് ധൈര്യവും സ്ഥൈര്യവും സ്വസ്ഥതയും പ്രധാനം ചെയ്യുന്നു എന്നതാണ്.
മനസ്സിനെ ഒരു ഉറപ്പുള്ള കുറ്റിയിൽ പിടിച്ചു കെട്ടിയാൽ പിന്നെ അതു ഇളകില്ല എന്ന തത്വമാണ് ബുസർ ജംഹർ പഠിപ്പിക്കുന്നത്. ഇത് വിശുദ്ധ ഖുർആനും തിരുസുന്നത്തും കയ്യേൽക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു സന്ദേശം കൂടിയാണ്. അദ്ദേഹം പറയുന്ന ആറ് കാര്യങ്ങളിൽ ഓരോന്ന് എടുത്ത് നോക്കിയാൽ തന്നെ അത് കാണാൻ കഴിയും. ആദ്യത്തേതായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ ഈ സ്വാധീനത്തെ നബി(സ) വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. അബ്ദുല്ലാഹി ബിന്‍ അബ്ബാസ്(റ) പറഞ്ഞു : ഒരിക്കല്‍ ഞാന്‍ പ്രവാചകന് അകമ്പടിയായി നടക്കുന്ന സന്ദര്‍ഭത്തില്‍ അദ്ദേഹം എന്നോട് പറഞ്ഞു: അല്ലയോ മകനേ, ഞാന്‍ നിന്നെ ചില വാക്കുകള്‍ പഠിപ്പിക്കാം. നീ അല്ലാഹുവിനെ സൂക്ഷിക്കുകയാണെങ്കില്‍ അവന്‍ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ അവന്‍ നിന്നെ നേര്‍മാര്‍ഗത്തിലാക്കും. നീ ചോദിക്കുമ്പോള്‍ അല്ലാഹുവിനോട് മാത്രം ചോദിക്കുക. നീ സഹായം തേടുമ്പോള്‍ അല്ലാഹുവിനോട് മാത്രം തേടുക. ലോകജനത മുഴുവനും ചേര്‍ന്ന് നിനക്ക് വല്ല ഉപകാരവും ചെയ്യണമെന്ന് കരുതിയാലും അല്ലാഹു വിധിച്ചെങ്കിലേ നിനക്ക് ആ നന്‍മ കരസ്ഥമാക്കാന്‍ സാധിക്കൂ. ലോകജനത മുഴുവന്‍ ചേര്‍ന്ന് നിനക്ക് വല്ല ഉപദ്രവവും ചെയ്യണമെന്ന് കരുതിയാലും, അല്ലാഹു വിധിച്ചെങ്കിലേ ആ ഉപദ്രവം നിന്നെ ബാധിക്കൂ. പേന ഉയര്‍ത്തപ്പെട്ടു. മഷി ഉണങ്ങുകയും ചെയ്തു. ഈ വിശ്വാസവും ബോധ്യവുമാണ് തീക്കൂനയില്‍ എടുത്തെറിയപ്പെട്ടിട്ടും ദഹിപ്പിക്കപ്പെടാതെ തിരികെ കയറുന്ന ഇബ്രാഹിം നബിയുടെ കൈമുതൽ. സമുദ്രാന്ധകാരത്തില്‍ നിന്നും മത്സ്യത്തിന്റെ വയറ്റില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട യൂനുസ് നബിയുടെ ശക്തിയും ഇതുതന്നെ. സ്വന്തം മകനെ പെട്ടിയിലാക്കി നദിയിലൊഴുക്കിയ നേരത്ത് മകനുവേണ്ടി മൂസാ നബിയുടെ മാതാവിന്റെ മനസ്സിൽ ഉയർന്നിരുന്ന പ്രതീക്ഷയും ഈ വിശ്വാസമാണ്. സഹോദരന്‍മാരുടെ കുതന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെട്ട്, കാട്ടിലെ പൊട്ടക്കിണറ്റില്‍ നിന്നും കരകയറി, സ്ത്രീകളുടെ കുതന്ത്രങ്ങളില്‍ നിന്നും ജയിലിന്റെ ഇരുട്ടറയില്‍ നിന്നും മോചിതനായപ്പോഴും, ഈജിപ്തിലെ മന്ത്രി പദവിയിലെത്തിയപ്പോഴും യൂസുഫ് നബി കൂടെത്തന്നെ ഉണ്ടായിരുന്ന ശക്തിയുടെ സ്രോതസ്സും ഇതാണ്. തൗർ ഗുഹയിൽ ശത്രുക്കളുടെ വിരൽ തുമ്പുകൾ കണ്ട് അസ്വസ്ഥനായ അബൂബക്കർ(റ)വിനെ ആശ്വസിപ്പിക്കുവാൻ തടവുമ്പോൾ നബി തിരുമേനിയുടെ കരങ്ങളിൽ നിന്നും പകരുന്ന തണുപ്പും ഈ വിശ്വാസമാണ്.
എല്ലാ വിധിയും നേരത്തെ കുറിക്കപ്പെട്ടതാണ് എന്ന രണ്ടാമത്തെ ബോധ്യവും ഇതേ വിശ്വാസത്തിൽ നിന്ന് നിർഗ്ഗളിക്കുന്നതാണ്. എന്നതാണല്ലോ. എന്തെങ്കിലും ആപത്ത് ഭവിക്കുമ്പോള്‍ അത് തനിക്കായി നേരത്തെ കുറിക്കപ്പെട്ട വിധിയുടെ ഭാഗമാണെന്ന് സത്യവിശ്വാസി ശരിക്കും കരുതുമെങ്കിൽ ആ ആപത്തിന്റെ കാഠിന്യം കുറയുന്നതായി അനുഭവപ്പെടും. നബി(സ) പറയുന്നു: വിധിവിശ്വാസം മനസിനകത്ത് രൂഢമൂലമാവുകയും ഹൃദയത്തില്‍ ആണ്ടു പതിക്കുകയും ചെയ്താല്‍, പരീക്ഷണങ്ങള്‍ പാരിതോഷികങ്ങളായി മാറും. ഉത്കണ്ഠകള്‍ ഉപഹാരങ്ങളായി മാറും, പരുക്കനായവ നൈര്‍മല്യമുള്ളതായിത്തീരും. വേദനയേറിയ സംഭവവികാസങ്ങള്‍ പ്രതിഫലാര്‍ഹമായിത്തീരും. അല്ലാഹു പറയുന്നു: ഭൂമിയിലോ നിങ്ങളുടെ ദേഹങ്ങളില്‍ തന്നെയോ യാതൊരു ആപത്തും ബാധിക്കുകയുണ്ടായിട്ടില്ല. അതിനെ നാം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ ഒരു രേഖയില്‍ ഉള്‍പ്പെട്ടുകഴിഞ്ഞതായിട്ടല്ലാതെ. തീര്‍ച്ചയായും അത് അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു. (ഇങ്ങനെ നാം ചെയ്തത്) നിങ്ങള്‍ക്കു നഷ്ടപ്പെട്ടതിന്റെ പേരില്‍ ദുഖിക്കാതിരിക്കുവാനും നിങ്ങള്‍ക്ക് അവന്‍ നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ ആഹ്ലാദിക്കാതിരിക്കുവാനും വേണ്ടിയാണ്. അല്ലാഹു യാതൊരു അഹങ്കാരിയെയും ദുരഭിമാനിയെയും ഇഷ്ടപ്പെടുന്നില്ല. (ഹദീദ് :21, 22)
മൂന്നാമത്തേത് ക്ഷമയാണ്. അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദനയെ പ്രതീക്ഷ കൊണ്ട് തടഞ്ഞു നിറുത്തുക എന്നതാണ് ക്ഷമ. ഈ പ്രതീക്ഷയെ ബലമുള്ളതാക്കുന്നത് സത്യത്തിൽ വിശ്വാസമാണ്. നമുക്ക് ഒരാൾ നൽകുന്ന പ്രതീക്ഷയും വാക്കും അത്രതന്നെ ബലമുള്ളതായിരിക്കണമെന്നില്ല. അത് നാം ഉറച്ചുവിശ്വസിക്കുന്ന ഒരു വിശ്വാസത്തിൽ നിന്ന് ഉയരുന്നതാണ് എങ്കിൽ പ്രതീക്ഷ ശക്തിയുള്ളതായിരിക്കും. ക്ഷമ കൈക്കൊണ്ടില്ലെങ്കില്‍ ഞാനെന്തു ചെയ്യും എന്ന ചിന്തയാണ് നാലാമത്തേത്. ഇത് സത്യത്തിൽ ക്ഷമയുടെ സാംഗത്യത്തെ ഉറപ്പിക്കുന്ന പ്രക്രിയയാണ്. എനിക്ക് ബാധിച്ചത് മറ്റുള്ളവരെ അപേക്ഷിച്ച് വളരെ ചെറുതാണ് എന്ന വിചാരമാണ് അഞ്ചാമതായി ചേര്‍ത്തത്. എല്ലാ ദുഖത്തിനും ഒരു സന്തോഷകരമായ അന്ത്യമുണ്ടാവുമെന്ന ഉറപ്പാണ് ആറാമത്തെ മിശ്രിതം. മേൽ പറഞ്ഞ പ്രതീക്ഷയുടെ വിവിധ ഭാഗങ്ങളും ഭാവങ്ങളുമാണിവയെല്ലാം. ചുരുക്കത്തിൽ വിശ്വാസവും വിശ്വാസം പകരുന്ന ഗുണങ്ങളുമാണ് മാനസിക സ്വാസ്ഥ്യത്തിന്റെ ഒറ്റമൂലി. ഇത് പരിശുദ്ധ ഖുർആനിന്റെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശമാണ്. അല്ലാഹു പറയുന്നു: അറിയുക ! ദൈവസ്മരണയിലത്രെ നിത്യശാന്തി (13: 28). ഇത്തരമൊരു ശാന്തി മനുഷ്യനു വേണ്ടതുണ്ട് എന്നും അല്ലാഹു വ്യക്തമാക്കുന്നു. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ഭാവം പ്രശ്‌നസങ്കീര്‍ണ്ണതയാണ് എന്ന് മറ്റൊരിടത്ത് (90:4) അല്ലാഹു പറയുന്നു. പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും സദാ നേരിടേണ്ടിവരുന്ന മനുഷ്യന് ശാന്തിയുടേയും സമാധാനത്തിന്റെയും നിശ്വാസത്തിന് വഴി ദൈവസ്മരണ തന്നെയാണ്. മാനസിക പ്രശ്‌നങ്ങള്‍ മനുഷ്യനെ വിടാതെ പിന്തുടരുന്നതിനാല്‍ അതില്‍ നിന്നുള്ള മോചനമാകുന്ന ദൈവസ്മരണയും കൈമോശം വരാതെ സൂക്ഷിച്ചും സംരക്ഷിച്ചും നില്‍ക്കേണ്ടതുണ്ട്. ഇവിടെ വ്യവഹരിക്കപ്പെടുന്ന സ്മരണ തന്നെയാണ് വിശ്വാസം.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso