മധ്യകാലത്തിന്റെ അപരരതിശീലങ്ങള്‍
09-12-2022
Web Design
15 Comments
പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മഹാപ്രതിഭകളിലൊരാളായിരുന്നു അനന്യ പ്രതിഭാശാലിയായ ലിയാനാര്‍ഡോ ഡാവിഞ്ചി.
ലിയാണാര്‍ഡോ ഡാവിഞ്ചി ഒരു ചിത്രകാരന്‍ മാത്രമായിരുന്നില്ല. അദ്ദേഹം ഒരു ശില്പിയും പാട്ടുകാരനും എഞ്ചിനീയറും ശാസ്ത്രജ്ഞനുമൊക്കെയായിരുന്നു. 1496 ജനുവരി മൂന്നിന് ഡാവിഞ്ചി ഒരു പറക്കും യന്ത്രം കണ്ടു പിടിച്ചു. പക്ഷേ അത് ഒരു വിജയമായി കരുതാന്‍ കഴിയില്ലെങ്കിലും ആദ്യത്തെ പറക്കും യന്ത്രത്തിനുള്ള ബഹുമതി ഡാവിഞ്ചിക്കാണ്. ലാസ്റ്റ് സപ്പറും മൊണാലിസയും ഉള്‍പ്പടെ നിരവധിചിത്രങ്ങളും ശരീരശാസ്ത്രം, ജ്യോതി ശാസ്ത്രം, സിവില്‍ എഞ്ചിനീയറിംഗ് മുതലായ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഇറ്റലിയിലെ വിഞ്ചി നഗരത്തിനടുത്ത് ആന്‍കിയാനോ എന്ന സ്ഥലത്താണ് ഡാവിഞ്ചിയുടെ ജനനം. വക്കീലായ സര്‍ പിയറോ ഡാവിഞ്ചിക്ക് കാത്തറീന എന്ന കര്‍ഷക സ്ത്രീയില്‍ അവിഹിത ബന്ധത്തില്‍ ഉണ്ടായ സന്തതിയാണ് ലിയാണാര്‍ഡോ ഡാവിഞ്ചി.
വിശ്വപ്രസിദ്ധ ചിത്രകാരനായി അറിയപ്പെട്ടിരുന്ന ഡാവിഞ്ചി ഒരു ചിത്രകാരനെന്നതിനുപരി അംഗീകരിക്കപ്പെട്ട ഒരു വാസ്തുശില്‍പ്പിയും സംഗീതജ്ഞനും ശില്‍പ്പിയും ശരീരശാസ്ത്രജ്ഞനും ശാസ്ത്രാന്വേഷകനുമൊക്കെയായിരുന്നു. ഇന്നു നമ്മള്‍ കാണുന്ന, സൈക്കിളിന്റേയും വിമാനത്തിന്റേയും ഒക്കെ പ്രാഗ്‌രൂപങ്ങള്‍ ഡാവിഞ്ചിയുടെ ഭാവനാസന്തതികളാണെന്ന് പലര്‍ക്കും അറിയാത്ത സത്യമാണ്.
പക്ഷേ ജീവിതകാലം മുഴുവന്‍ അദ്ദേഹം അറിയപ്പെട്ട ഒരു സ്വവര്‍ഗ്ഗാനുരാഗിയായിരുന്നു. തന്റെ അദമ്യമായ സ്വവര്‍ഗ്ഗരതിശീലം അദ്ദേഹത്തെ ജയില്‍ ശിക്ഷക്കു വരെ വിധേയനാക്കിയിട്ടുണ്ട് എന്നാണ് ചരിത്രം. 1476-ല്‍ ഫ്ലോറന്‍സിലെ മറ്റു മൂന്നു പുരുഷന്‍മാരോടൊപ്പം പതിനേഴു വയസ്സുള്ള ജെക്കാപ്പോ സാള്‍ട്ടറേലി എന്ന പുരുഷ വേശ്യയുമായി ആനല്‍ ഇന്റെര്‍കോഴ്‌സ് നടത്തിയതിന് രണ്ടുമാസത്തിലധികം ഡാവിഞ്ചിക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. പ്രായം കുറഞ്ഞ ആണ്‍കുട്ടികളോടുള്ള അടക്കാനാകത്ത ഈ രതിശീലം അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവനും തുടര്‍ന്നുപോന്നു. ലോക ചിത്രാൽഭുതങ്ങളായി പരിഗണിക്കപ്പെടുന്ന അവസാനത്തെ അത്താഴം, മോണോലിസ എന്നിവയൊക്കെ വരച്ച ആ ചിത്രകാരന്റെ ജീവിതത്തില്‍ 1507 ല്‍ ഫ്രഞ്ച് രാജകുടുംബാംഗമായ കൗണ്ട് ഫ്രാന്‍സെസ്കോ മെല്‍സിയെ പരിചയപ്പെടുകയും 15 വയസ്സുള്ള മെല്‍സിയയെ ഭാര്യയാക്കുകയും ചെയ്തു എന്ന് രേഖപ്പെടുത്തപ്പെട്ടത് ഒഴിച്ചാൽ എങ്ങും ഒരു സ്ത്രീയുടെ സാന്നിധ്യമുണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്താത്തതും, അദ്ദേഹത്തിന് ഒരുപാട് യുവാക്കളായ സുഹൃത്തുക്കളും ശിഷ്യരും ഉണ്ടായിരുന്നതായി കണ്ടെത്തിയതും ഇതിനെക്കുറിച്ചു ഗവേഷണം നടത്തിയവരെ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു സ്വവര്‍ഗ്ഗാനുരാഗിയായിരുന്നുവെന്ന് ഉറപ്പിക്കുവാന്‍ പ്രേരകമാകുന്നതായി വായനകളിൽ ഉണ്ട്.
പുരുഷസൌന്ദര്യത്തെ തന്റെ ചിത്രങ്ങളിലും ശില്പങ്ങളിലും ആവോളം അവാഹിച്ച മറ്റൊരു അൽഭുത ചിത്രകാരനായിരുന്നു മൈക്കലാഞ്ചലോ. ഇറ്റലിയിലെ തുസ്കാനിയില്‍ ഒരു മജിസ്ട്രേറ്റിന്റെ മകനായാണ് മൈക്കലാഞ്ചലോ1475 മാർച്ച് 6-ന് ജനിച്ചത്. കവിയും വാസ്തുശില്പവിദഗ്ദ്ധനുമായിരുന്ന മൈക്കലാഞ്ചലോ ഗ്രീക്ക് പുരാണങ്ങളേയും ബൈബിളിലെ പഴയനിയമത്തേയും അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ശില്പങ്ങളില്‍ പുരുഷ സൌന്ദര്യത്തേയും പുരുഷ നഗ്നതയേയും ആവോളം ആവാഹിച്ചിരുന്നത് അദ്ദേഹത്തിലുണ്ടായിരുന്ന സ്വവര്‍ഗ്ഗരതിശീലത്തിന്റെ പ്രകടമായ അനാവരണങ്ങളായി ചരിത്രകാരന്‍മാരും ഗവേഷകരും മനസ്സിലാക്കിയിട്ടുണ്ട്. കൗമാരദശയില്‍ തന്റെ അച്ഛനോട് കലഹിച്ച് വീടുവിട്ട മൈക്കലാഞ്ചലോ തനിക്കിഷ്ടപ്പെട്ട കൂടുകാരോടൊത്ത് ജീവിതത്തിന്റെ ശിഷ്ടകാലം കഴിച്ചു. പുരുഷന്റെ നഗ്നതയോടായിരുന്നു അദ്ദേഹത്തിനു ആവേശം. കുരിശില്‍ കിടക്കുന്ന യേശുക്രിസ്തുവിനേപ്പോലും നഗ്നനായാണ് അദ്ദേഹം വരച്ചത്. പുരുഷലിംഗത്തിന്റെ സ്രഷ്ടാവ് എന്നാണ് അദ്ദേഹം അക്കാലത്ത് പരക്കെ അറിയപ്പെട്ടിരുന്നത്. 1540-ല്‍ റോമിലെ ചാപ്പലുകളുടെ മച്ചുകളിലും മറ്റും അദ്ദേഹം തീര്‍ത്ത ശില്പങ്ങളില്‍ പോലും തന്റെ സ്വവര്‍ഗ്ഗരതിയുടെ ചോദനയെ മറച്ചുവെക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. പുരുഷന്റെ ലൈംഗികത, നഗ്നമായ അനാവരണം, എല്ലാ പുരുഷ ശില്പങ്ങളിലും പുരുഷന്റെ ലിംഗമുള്‍പ്പെടെയുള്ള വിശദമായ അനാവരണം, ഇതെല്ലാം അദ്ദേഹത്തെ ഒരു മുഴുനീള സ്വവര്‍ഗ്ഗരതിശീലക്കാരനായി കണക്കാക്കുന്നതിനു പ്രേരകമായിട്ടുണ്ട്. ജീവിതത്തില്‍ സ്ത്രീകളുമായി വിരളമായി മാത്രം സംസര്‍ഗ്ഗം നടത്തിയിരുന്ന മൈക്കലാഞ്ചലോ വിവാഹം കഴിച്ചിരുന്നില്ല. പുരുഷന്റെ സൌന്ദര്യത്തെ വളരെ വശ്യമായി ചിത്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ പാടവത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഡേവിഡ് എന്ന ശില്പം. 1501 നും 1504 നും ഇടയിൽ മാർബിളിൽ ഉണ്ടാക്കിയ നവോത്ഥാന ശില്പമെന്ന വ്യവഹരിക്കപ്പെടുന്ന ഈ പ്രതിമ ബൈബിളും ഖുർആനും പറയ്യുന്ന ദാവീദ് എന്ന ദാവൂദ് പ്രവാചകന്റേതാണ്. 17 അടി(5.17 മീറ്റർ )യാണ് ഇതിന്റെ ഉയരം ബൈബിൾ കഥാപുരുഷനായ ഡേവിഡിൻറെ ഈ പ്രതിമ ഫ്ലോറൻസ് കലയിലെ പ്രധാനപ്പെട്ട ഒന്നാണ്. പല ശാസ്ത്രജ്ഞരും നവോത്ഥാന കലയുടെ മാത്രമല്ല, പൊതുവെ മനുഷ്യ പ്രതിഭയുടെയും പ്രതീകമായി ഈ പ്രതിമയെ കണക്കാക്കുന്നു.
സ്ത്രീകളുടെ നഗ്നത അദ്ദേഹത്തിന് അത്ര പഥ്യമായിരുന്നില്ല. സ്ത്രീകളുടെ മേനിയില്‍ പോലും പൌരുഷം കൊണ്ടുവരാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. മൈക്കലാഞ്ചലോയ്ക്ക് വളരെയേറെ പുരുഷ സുഹൃത്തുക്കളുണ്ടായിരുന്നു. അവരില്‍ പലരും സുന്ദരന്‍മാരും ദൃഢഗാത്രരുമായിരുന്നു. പലപ്പോഴും ഇവരുടെ നഗ്നതയാണ് അദ്ദേഹത്തിന്റെ ശില്പങ്ങൾക്ക് പ്രചോദനമായിരുന്നത് എന്നു പറയപ്പെടുന്നു. തന്റെ ശില്പങ്ങള്‍ക്ക് നിരവധി കോമളന്‍മാരായ പുരുഷന്‍മാരെ മോഡലുകളായി അദ്ദേഹം ക്ഷണിക്കുകയും അവരോടൊത്ത് മനസികവും ശാരീരികവുമായ ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. തന്റെ അമ്പത്തിയേഴാമത്തെ വയസ്സില്‍ 23-കാരനായ ടൊമ്മാസ്സോ കവാലിയേരെ എന്ന യുവാവുമായി പരിചയപ്പെട്ടതിനു ശേഷം പിന്നീടുള്ള തന്റെ ജീവിതത്തിലെ രചനകളും ശില്പങ്ങളും എല്ലാം മൈക്കലാഞ്ചലോ സഹയാത്രികനായ കവാലിയേരെക്കു സമര്‍പ്പിക്കുകയായിരുന്നു. രതി അനുരാഗത്തിലേക്ക് ഇവിടെ വഴിമാറുന്നുണ്ട്. ഇവരുടെ പ്രണയത്തിന്റെ സാക്ഷ്യമായി അദ്ദേഹം മുന്നൂറില്‍പരം ചെറുകവിതകള്‍ എഴുതിയിട്ടുണ്ട് എന്നാണ്. കവാലിയേരെ തന്റെ ദത്തുപുത്രനാണെന്നു അദ്ദേഹം പറഞ്ഞിരുന്നെങ്കിലും അവര്‍ തമ്മിലുള്ള സ്വവര്‍ഗ്ഗബന്ധത്തിന്റെ തീവ്രത തെളിയിക്കുന്നവയായിരുന്നു ഈ കവിതകള്‍.
ഒന്ന്, മനുഷ്യനോളം
മധ്യകാലത്തിന്റെ അവസാന ഖണ്ഡത്തിൽ നിന്ന് പ്രസക്തവും സുവ്യക്തവുമായ ഇങ്ങനെ രണ്ട് ഉദാഹരണങ്ങൾ പറിച്ചെടുത്തത് അപരരതിയുടെ നാൾ വഴികളിൽ മധ്യകാലത്തെ അടയാളപ്പെടുത്തുവാൻ വേണ്ടിയാണ്. അപരരതിയുടെ ഈ ചരിത്ര വായനയിൽ നമുക്ക് ബോധ്യപ്പെടുന്ന ഏതാനും കാര്യങ്ങളുണ്ട്. ഒന്ന്, അപര ലൈംഗികത എന്നത് അല്ലെങ്കിൽ വിചിത്രമായ അസ്വാഭാവിക ലൈംഗികത എന്നത് മനുഷ്യനിൽ എക്കാലവും ഉണ്ടായിരുന്നു എന്നതാണ്. മനുഷ്യന്‍ ഉണ്ടായകാലം മുതല്‍ സ്വവര്‍ഗ്ഗാനുരാഗവും ഉണ്ടായിരുന്നു എന്നുവേണം അനുമാനിക്കാൻ. മനുഷ്യൻ കണ്ടെത്തിയ തെളിവുകൾ ചേർത്തു വെച്ചാൽ ഈ നിഗമനത്തിലേക്കാണ് നാം എത്തിച്ചേരുക. ലഭ്യമായതും തെളിയിക്കപ്പെട്ടതുമായ സ്വവര്‍ഗാനുരാഗത്തെപ്പറ്റിയുളള ഏറ്റവും പ്രാചീനമായ തെളിവ് ഈജിപ്‌തില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്. രണ്ടു പുരുഷന്‍മാര്‍ പരസ്‌പരം ചുംബിക്കുന്ന ഒരു ചിത്രമാണത്. ആ ചിത്രത്തിന്ന് 4500-ലധികം വര്‍ഷത്തെ പഴക്കമുണ്ടന്ന് കണക്കാക്കപ്പെടുന്നു. ഇങ്ങനെ ഒരു ചിത്രം കണ്ടത്തപ്പെട്ടു എങ്കിലും ഇതിന് സമാനമായ ഇതേ ആശയത്തിലുള്ള ചിത്രങ്ങളോ ശില്പങ്ങളോ ഈ അർത്ഥത്തിൽ കണ്ടെത്തപ്പെട്ടിട്ടില്ല എന്നത് ഇവിടെ സമ്മതിക്കേണ്ടതുണ്ട്. അത് സൂചിപ്പിക്കുന്നത് മധ്യകാലഘട്ടത്തിന് മുമ്പ് ഇത്തരം പ്രവണതകൾ വ്യാപകമായിരുന്നില്ല എന്നും അവ മധ്യ കാലഘട്ടത്തിന് ശേഷമായിരിക്കണം കൂടുതല്‍ വ്യാപകമായത് അല്ലങ്കിൽ വ്യാപകമായി സമൂഹത്തിൽ വേരു പിടിച്ചു തുടങ്ങിയത് എന്നുമാണ്. ഒരു സംഗതി വ്യാപകമാകുമ്പോഴാണ് അത് ആ കാലഘട്ടത്തിലെ ജീവിതക്രമത്തിലും കലയിലും സംസ്കാരത്തിലും എല്ലാം കലരുക. മധ്യകാലം കഴിഞ്ഞ് വീണ്ടും മനുഷ്യ കുലം വികസിച്ചതോടെ ഇത്തരം പ്രവണതകളും വർദ്ധിച്ചുവന്നു. സമൂഹത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തിന് കൂടുതല്‍ അംഗീകാരം ലഭിച്ചത് ആധുനിക സമൂഹത്തിലാണ്. യാന്ത്രിക സമൂഹത്തില്‍ ആധുനിക മനുഷ്യന്‍ സ്നേഹവും പ്രണയവും ലൈംഗികതയുമൊക്കെ പുനര്‍നിര്‍വ്വചിക്കപ്പെട്ടപ്പോള്‍ സ്വവര്‍ഗാനുരാഗത്തിനും കൂടുതല്‍ അംഗീകാരം ലഭിച്ചു. ഇന്ന് ലോകത്തിലെ ഏതാണ്ട് 20-ലധികം രാജ്യങ്ങളിലും അവിടുത്തെ മിലട്ടറി ബാരക്കുകളിലും സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗരതിയും നിയമപരമായ് അനുവദനീയമാണ്. കടുത്ത മത മൗലികവാദികളും മതാധിപത്യവും കൊടികുത്തി വാഴുന്ന ഇന്ത്യയിലും സ്വവര്‍ഗ്ഗ പ്രണയത്തെ നിയമവിധേയമാക്കാനുള്ള പ്രാരംഭ നടപടികള്‍ കൈകൊണ്ടുകഴിഞ്ഞു. സ്വവര്‍ഗാനുരാഗികള്‍ക്ക് സ്വാതന്ത്ര്യം നൽകി കൂടുതല്‍ സ്വതന്ത്രമായ ഒരു സാമൂഹ്യ വ്യവസ്ഥയിലേക്ക് ഇന്ത്യ കാലെടുത്ത് വെക്കുകയാണല്ലോ. സാമൂഹ്യ ശാസ്ത്രത്തിൽ ഇവ്വിധമാണ് ജീവിത ശൈലിയിലെ നൻമകളും തിൻമകളും സ്വാധീനം ചെലുത്തുക എന്ന് പറഞ്ഞു എന്നു മാത്രം.
പ്രാചീന കാലത്തും മധ്യകാലത്തും അപരലൈംഗികതയുടെ പരിധിയിൽ പ്രധാനമായും വന്നിരുന്നത് പുരുഷന്മാര്‍ക്കിടയിലെ സ്വവര്‍ഗരതിയാണ് എന്നാണ് വിലയിരുത്താൻ കഴിയുക. അതിന് ചില കാരണങ്ങൾ കൂടി സാമൂഹ്യ ശാസ്ത്രജ്ഞൻമാർ പറയുന്നുണ്ട്. അവയിലൊന്ന് ലോകത്തിലെ പല പ്രാചീന സംസ്കാരങ്ങളിലും സ്വവര്‍ഗ്ഗപ്രണയം അംഗീകരിക്കപ്പെട്ടിരുന്നു എന്നതാണ്. പുരാതന ഗ്രീസില്‍ സ്വവര്‍ഗ്ഗ പ്രണയവും സ്വവര്‍ഗ്ഗ രതിയും അനുവദനീയമായിരുന്നു. ജപ്പാനിലെ സമുറായ് വര്‍ഗക്കാരിലും ആഫ്രിക്കയിലെ ചില ഗോത്രങ്ങളിലും, പോളിനേഷ്യന്‍ ഗിരിവര്‍ഗക്കാര്‍ക്കിടയിലും ഇത്തരം സ്വവര്‍ഗപ്രേമത്തിന് പണ്ടേ സമൂഹത്തിന്റെ അംഗീകാരമുണ്ട്. ഇതിൽ ചിലയിടത്തൊക്കെ അത് ഇന്നും തുടരുന്നുണ്ട്. സുഹൃത്തുക്കളിലാരൊടങ്കിലും ലൈംഗികസൗഹൃദം കാണിക്കുന്നത് ദക്ഷിണ അമേരിക്കയിലെ പല ഗോത്രങ്ങളും പണ്ട് അനുവദിച്ചിരുന്നു. പൂർവ്വ ജാഹിലീ അറബികള്‍ക്കിടയിലും സ്വവര്‍ഗപ്രേമം സാധാരണമാണ്. സ്ത്രീകളുമായുള്ള ബന്ധം ഗൃഹാന്തരീക്ഷം നിലനിര്‍ത്താനും, സ്വവര്‍ഗ്ഗരതി മാനസിക, ശാരീരികസുഖത്തിനും എന്നതായിരുന്നു ആ അറബികളുടെ മതം. യവനസാഹിത്യത്തിലും ഭാരതീയപുരാണങ്ങളിലും, ഖുജുരാഹോ, അജന്ത, എല്ലോറ തുടങ്ങിയ പല ഗുഹാ ചിത്രങ്ങളിലും സ്വവര്‍ഗരതിയുടെ അടയാളങ്ങൾ ഉണ്ട്.
രണ്ട്, മതങ്ങൾ കാവൽ നിന്നു.
രണ്ട്, പ്രധാന മതങ്ങൾ വ്യക്തമായും അസ്വാഭാവിക ലൈംഗികതക്കെതിരെ ശക്തമായി നിലകൊണ്ടു. ഒരർഥത്തിൽ പറഞ്ഞാൽ അതാണ് ഇക്കാര്യത്തിൽ ഉണ്ടായ ഏറ്റവും ശക്തമായ പ്രതിരോധം. മതങ്ങൾ ഇത്തരം സ്വഭാവങ്ങളെ കുറ്റകരവും നീചവുമായി കണ്ടില്ലായിരുന്നുവെങ്കിൽ ഈ പ്രപഞ്ചത്തിന് ഇതിനകം കടന്നുപോയ ഇത്ര കാലത്തിനുള്ളിൽ പരിപൂർണ്ണമായും താളം തെറ്റിയ ഒരു ലൈംഗികതയായിരിക്കും ഉണ്ടായിരുന്നേക്കുക. വലിയ ഒഴുക്കിനെ പിടിച്ചു നിറുത്തുവാൻ മതങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ആസ്തിക ദര്‍ശനങ്ങളോ നാസ്തിക ദര്‍ശനങ്ങളോ ഒന്നും തന്നെ സ്വവര്‍ഗപ്രേമത്തെ അംഗീകരിച്ചിരുന്നില്ലെന്ന് തന്നെയാണ് പൗരാണിക ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നത്. ആസ്തിക ധര്‍മ്മ മീമാംസാ ഗ്രന്ഥങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന മനുസ്മൃതി സ്വവര്‍ഗപ്രണയത്തിന് കല്‍പിച്ചിരിക്കുന്ന ശിക്ഷയെന്താണെന്ന് മനസ്സിലാക്കിയാല്‍ തന്നെ ഇക്കാര്യത്തിലുള്ള ഹൈന്ദവ ധർമത്തിന്റെ നിലപാടെന്തായിരുന്നുവെന്ന് വ്യക്തമാവും. കന്യകയുമായി സ്വവര്‍ഗരതിയിലേര്‍പ്പെട്ടത് കന്യകയാണെങ്കില്‍ ഇരുനൂറ് പണം പിഴയായി വാങ്ങുകയും പത്ത് ചാട്ടവാറടി നല്‍കുകയും ചെയ്യണമെന്ന് നിഷ്‌കര്‍ഷിക്കുന്ന മനുസ്മൃതി ഇത് ചെയ്തത് വിവാഹിതയാണെങ്കില്‍ അവരുടെ രണ്ടുവിരലുകള്‍ ഛേദിക്കണമെന്നും തലമൊട്ടയടിച്ച് കഴുതപ്പുറത്തിരുത്തി രാജവീഥിയിലൂടെ നടത്തണമെന്നും കൂടി കല്‍പ്പിക്കുന്നുണ്ട്.
സ്വവര്‍ഗഭോഗത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ ജാതിഭ്രഷ്ടരായി കണക്കാക്കപ്പെടുമെന്നാണ് മനുനിയമം. ജാതിഭ്രഷ്ടരായിത്തീര്‍ന്നവര്‍ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകള്‍ പരിഗണിച്ചാല്‍ ഇതൊരു കഠിനമായ ശിക്ഷ തന്നെയാണെന്ന് മനസ്സിലാക്കാം.
നാസ്തിക ദര്‍ശനങ്ങളില്‍ പ്രമുഖമെന്ന് വ്യവഹരിക്കപ്പെടുന്ന ബൗദ്ധദര്‍ശനത്തിന്റെ പഞ്ചശിലകളില്‍ മൂന്നാമത്തേത് ഞാന്‍ ലൈംഗികദുര്‍വൃത്തികളില്‍ നിന്ന് ഒഴിഞ്ഞിരിക്കാന്‍ പരിശീലിക്കുന്നുവെന്ന പ്രതിജ്ഞയാണ്. ഈ ലൈംഗികദുര്‍വൃത്തി (കാമേസുമിച്ചാകാര)കളുടെ പരിധിയിൽ വരുന്നത് സ്വവര്‍ഗരതിയും വ്യഭിചാരവുമടക്കമുള്ള തിന്മകളാണ് വിവക്ഷിക്കുന്നതെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുദമൈഥുനവും വദനസുരതവും തെറ്റാണെന്നുതന്നെയാണ് ബുദ്ധന്മാര്‍ മനസ്സിലാക്കിവന്നിട്ടുള്ളത് എന്നതില്‍ നിന്ന് സ്വവര്‍ഗ രതിയോടുള്ള അവരുടെ നിലപാട് വ്യക്തമാവും.
ക്രൈസ്തവ ജീവിത സംഹിതയും വഴിവിട്ട ലൈംഗികതകളെ തളിക്കളയുന്നുണ്ട്. പഴയ നിയമം പറയുന്നു: സ്ത്രീയോടു കൂടെയെന്നതുപോലെ പുരുഷനോടുകൂടെ നീ ശയിക്കരുത്. അതു മ്ലേച്ഛതയാകുന്നു. (ലേവ്യ 18:22.) വീണ്ടും ഇങ്ങനെ കാണാം: ഒരുവന്‍ സ്ത്രീയോടുകൂടെ എന്നപോലെ പുരുഷനോടുകൂടെ ശയിച്ചാല്‍ ഇരുവരും ഹീനമായ പ്രവൃത്തിയാണു ചെയ്യുന്നത്. അവരെ വധിക്കണം. അവരുടെ രക്തം അവരുടെമേല്‍ ആയിരിക്കട്ടെ. (ലേവ്യ 20:13) പഴയനിയമത്തിനുപുറമെയുള്ള ക്രൈസ്തവധാര്‍മികതയുടെ അടിസ്ഥാന സ്രോതസ്സുകള്‍ വിശുദ്ധ പൗലോസിന്റെയും അപ്പോസ്തലന്മാരുടെയും ലേഖനങ്ങളാണ്. സ്വവര്‍ഗരതി തിന്മയും നിത്യജീവനില്‍ നിന്ന് അകറ്റുന്ന പ്രവര്‍ത്തനവുമാണ് എന്നുതന്നെയാണ് പൗലോസ് ശ്ലീഹയും മറ്റു ശ്ലീഹമാരുമെല്ലാം പഠിപ്പിച്ചത്. ചില പുതിയനിയമ വചനങ്ങള്‍ കാണുക: അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ! നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗ്ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. (കൊരിന്ത്യര്‍ 6:9-10) റോമക്കാർക്ക് എഴുതിയ സുവിശേഷം പറയുന്നു: അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഭോഗാസക്തികളോടുകൂടെ ശരീരങ്ങള്‍ പരസ്പരം അപമാനിതമാക്കുന്നതിന് അശുദ്ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്ടാവിലുമുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അവിടുന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവനാണ്, ആമേന്‍. (റോമക്കാര്‍ 1:24-32.) മറ്റൊരു പുതിയ നിയമ വേദവാക്യം ഇങ്ങനെയാണ്: ഉചിതമായി കൈകാര്യം ചെയ്യുന്നെങ്കില്‍ നിയമം നല്ലതാണെന്നു നമുക്കറിയാം. നിയമം നിര്‍മിക്കപ്പെട്ടിരിക്കുന്നതു നീതിമാന്‍മാര്‍ക്കുവേണ്ടിയല്ല, മറിച്ച് നിയമനിഷേധകര്‍, അനുസരണമില്ലാത്തവര്‍, പാപികള്‍, വിശുദ്ധിയില്ലാത്തവര്‍, ലൗകികര്‍, പിതാവിനെയോ മാതാവിനെയോ മറ്റു മനുഷ്യരെയോ വധിക്കുന്നവര്‍, അസാന്‍മാര്‍ഗികള്‍, സ്വവര്‍ഗഭോഗികള്‍, ആളുകളെ അപഹരിച്ചു കൊണ്ടുപോകുന്നവര്‍, നുണയര്‍, അസത്യവാദികള്‍ എന്നിവര്‍ക്കു വേണ്ടിയും സത്യപ്രബോധനത്തിനു വിരുദ്ധമായ എല്ലാറ്റിനും വേണ്ടിയുമാണ്. (തിമോത്തിയോസ് 1:8-10)
സ്വവര്‍ഗരതിയെ കുറിച്ചുള്ള ഇസ്ലാമിന്റെ നിലപാട് സമ്പൂർണ്ണമാണ് എന്നു മാത്രമല്ല, ഇസ്ലാം അതിന്റെ വാതിലുകൾ തന്നെ അടച്ചു കളഞ്ഞിട്ടുണ്ട്. സ്വവര്‍ഗരതി സ്വീകരിച്ച സദൂംനിവാസികള്‍ക്കിടയിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായ ലൂത്ത്(അ) അവിടത്തുകാരുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് സ്വവര്‍ഗരതിയെ കുറിച്ചുള്ള ഇസ്‌ലാമിക വീക്ഷണം ആര്‍ക്കും വായിച്ചെടുക്കാവുന്നതാണ്. ലൂത്ത് നബി(അ) പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: നിങ്ങള്‍ ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ് നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. (ഖുര്‍ആന്‍ 26:165,166) വീണ്ടും അല്ലാഹു പറയുന്നു: നിങ്ങള്‍ കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ? അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. (ഖുര്‍ആന്‍ 27:55) സ്വവര്‍ഗരതിക്കാരുടെ സമൂഹത്തെകുറിച്ച വ്യക്തമായ ചിത്രം നല്‍കുവാന്‍ പര്യാപ്തമാണ് ഈ വചനങ്ങള്‍. അതിക്രമകാരികളായ ജനത (ഖൗമുന്‍ ആദ്ദൂന്‍), അവിവേകം കാണിക്കുന്ന ജനത (ഖൗമുന്‍ തജ്ഹലൂന്‍), അതിരുവിട്ട് പ്രവര്‍ത്തിക്കുന്ന ജനത (ഖൗമുന്‍ മുസ്‌രിഫൂന്‍), കുഴപ്പക്കാരായ ജനത (ഖൗമില്‍ മുഫ്‌സിദീന്‍) എന്നിങ്ങനെയാണ് ഈ വചനങ്ങളില്‍ സ്വവര്‍ഗഭോഗികളായ ഭൂമിയിലെ ആദ്യസമുദായത്തെ അല്ലാഹു വിളിച്ചിരിക്കുന്നത്. അതിനെ കുറിച്ചുള്ള ഇസ്ലാമിന്റെ നിലപാടിനെ കുറിച്ചുള്ള കൃത്യമായ ധ്വനി ഈ പ്രയോഗങ്ങൾ പ്രകടിപ്പിക്കുന്നു. അവർക്ക് കിട്ടിയ ശിക്ഷയും അല്ലാഹു ഇങ്ങനെ വിവരിക്കുന്നു: നാം അവരുടെ മേല്‍ ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. അപ്പോള്‍ ആ കുറ്റവാളികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കുക.(ഖുര്‍ആന്‍ 7:84.)
സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവര്‍ കുറ്റവാളികളാണെന്നും (മുജ്‌രിമീന്‍) അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത് ലോകത്ത് അതുവരെ ഒരാളും ചെയ്തിട്ടില്ലാത്ത അതീവ നികൃഷ്ടമായ കാര്യങ്ങളാണെന്നും (ഫാഹിഷത്ത്) അതിലേര്‍പ്പെട്ടവര്‍ ഒരു തരം ലഹരിയിലാണെന്നും (സക്‌റത്ത്) ഖുർആനിക വചനങ്ങള്‍ വ്യക്തമാക്കുന്നു. ഒരു അധര്‍മ്മത്തെ വിളിക്കാവുന്ന പദങ്ങളെല്ലാം ഖുര്‍ആന്‍ സ്വവര്‍ഗരതിക്കെതിരെ പ്രയോഗിച്ചിട്ടുണ്ടെന്നാണ് ഇവ നമ്മെ പഠിപ്പിക്കുന്നത്. പ്രകൃതിവിരുദ്ധവും മനുഷ്യത്വരഹിതവും കാമത്തില്‍ മാത്രം കേന്ദ്രീകൃതവുമായ സ്വവര്‍ഗരതിയെ ഒരുനിലക്കും അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് ഇസ്‌ലാമിന്റേത് എന്നര്‍ഥം. നബി (സ) ഇക്കാര്യം ഊന്നിപറയുന്നുണ്ട്. സ്വവര്‍ഗരതിയുടെ നികൃഷ്ടത വ്യക്തമാക്കുന്ന നിരവധി ഹദീഥുകളുണ്ട്. ജാബിര്‍(റ)നിവേദനം, നബി(സ) പറഞ്ഞു: ലൂത്തിന്റെ സമുദായം ചെയ്ത തിന്മയാണ് എന്റെ ജനതയില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത്. (തിര്‍മിദി, ഇബ്‌നുമാജ) ഇബ്‌നു അബ്ബാസ്(റ) നിവേദനം: നബി(സ) പറഞ്ഞു: ലൂത്തിന്റെ സമുദായം ചെയ്ത തിന്മ ചെയ്യുന്നവരെ അല്ലാഹു ശപിക്കട്ടെ; മൃഗങ്ങളെ കാമനിവൃത്തിക്കുവേണ്ടി ഉപയോഗിക്കുന്നവരെയും അല്ലാഹു ശപിക്കട്ടെ (നബി ഇത് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു).(തിര്‍മിദി, ഇബ്‌നുമാജ)
സ്വവര്‍ഗരതിക്കെതിരെയുള്ള നിയമങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല, അതില്ലാതാക്കുവാനുള്ള ധാര്‍മിക നിര്‍ദേശങ്ങള്‍ കൂടി നല്‍കുന്നുണ്ട് ഇസ്‌ലാം. ആധുനിക പഠനങ്ങൾ വിവരിക്കുന്ന അപര ലൈംഗികതയിൽ കണ്ടുപിടിക്കപ്പെട്ട ഒരു വൈകൃതമാണ് ഇതര ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്ന ശീലം. ഇങ്ങനെ എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുമ്പോള്‍ സംതൃപ്തിക്ക് അടിമപ്പെടുന്നവരില്‍ (transvestism) പലരും സ്വവര്‍ഗാനുരാഗികളായിത്തീരാറുണ്ട്. സ്ത്രീപുരുഷന്മാര്‍ എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം ശക്തമായി വിലക്കുന്നുണ്ട്. ലൈംഗിക വൈകൃതങ്ങളിലേക്ക് കാലെടുത്തുവെക്കുന്നതിന്റെ പ്രാഥമികപടി അടച്ചുകളയുകയാണ് ഇസ്‌ലാം ഇതുവഴി ചെയ്തിരിക്കുന്നത്. ഇബ്‌നു അബ്ബാസ് (റ) നിവേദനം: സ്ത്രീവേഷം ധരിക്കുന്ന പുരുഷന്മാരേയും പുരുഷവേഷം ധരിക്കുന്ന സ്ത്രീകളേയും നബി(സ)ശപിക്കുകയും അത്തരക്കാരെ വീട്ടില്‍ നിന്ന് പുറത്താക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു.(ബുഖാരി). കൗമാരപ്രായത്തിലുള്ളവര്‍ ഒരുമിച്ചു കിടക്കുന്നതാണ് പലപ്പോഴും സ്വവര്‍ഗാനുരാഗത്തിലേക്കുള്ള മറ്റൊരു വാതിലായിത്തീരുന്നത്. ഒരേ ലിംഗത്തിലുള്ളവരാണെങ്കിലും ഒരുമിച്ചു കിടക്കുന്നത് സൂക്ഷിച്ചാകണമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. അബൂഹുറൈറ(റ) നിവേദനം: നബി(സ) പറഞ്ഞു: തങ്ങളുടെ നഗ്നത മറക്കാതെ ഒരു പുരുഷന്‍ മറ്റൊരു പുരുഷനോടപ്പമോ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോടൊപ്പമോ കിടക്കരുത്. (അബൂദാവൂദ്). അപരന്റെ നഗ്നത ആസ്വദിക്കുന്നതിലൂടെയാണ് ചിലപ്പോള്‍ ചിലര്‍ സ്വവര്‍ഗാനുരാഗികളായിത്തീരാറുള്ളത്. മറ്റുള്ളവരുടെ നഗ്നത ആസ്വദിക്കുന്നതിലൂടെ ആത്മസംതൃപ്തിയും ലൈംഗികസംതൃപ്തിയും വരെ ലഭിക്കുന്ന മനോവൈകൃത(Voyeurism)ത്തിലേക്കുവരെ ഈ നഗ്നതാസ്വാദനം ചെന്നത്താറുണ്ട്. ഇസ്ലാം ഈ വാതിലും അടച്ചു. അബൂ സഈദുല്‍ ഖുദ്‌രി(റ) നിവേദനം: നബി(സ) പറഞ്ഞു: ഒരു പുരുഷനും മറ്റൊരു പുരുഷന്റെ നഗ്നതയിലേക്ക് നോക്കാന്‍ പാടില്ല. ഒരു സ്ത്രീയും മറ്റൊരു സ്ത്രീയുടെ നഗ്നതയിലേക്ക് നോക്കുവാന്‍ പാടില്ല. (അബൂദാവൂദ്).
സ്വവര്‍ഗരതിയെ വ്യഭിചാരത്തോട് സമാനമായിട്ടാണ് മിക്ക ആദ്യകാല മുസ്‌ലിംപണ്ഡിതന്മാരും പരിഗണിച്ചിരിക്കുന്നത്. ആദ്യ ഖലീഫ അബൂബക്കർ(റ)വിന്റെ കാലത്തുണ്ടായ ഒരു സ്വവര്‍ഗരതീ സംഭവത്തെകുറിച്ച് ഹനഫി പണ്ഡിതനായ ഇബ്‌നു ഹുമാം തന്റെ ഫത്ഹുല്‍ ഖദീറില്‍ ഉദ്ധരിക്കുന്നുണ്ട്. പിടിക്കപ്പെട്ട സ്വവര്‍ഗഭോഗികള്‍ക്ക് എന്ത് ശിക്ഷ നല്‍കണമെന്ന് ആരായാനായി അദ്ദേഹം പ്രമുഖരായ സ്വഹാബിമാരെയെല്ലാം വിളിച്ചുകൂട്ടിയെന്നും അവര്‍ ചര്‍ച്ച ചെയ്തപ്പോള്‍ അലി(റ) അവരെ കത്തിച്ചുകളയുവാന്‍ നിര്‍ദേശിച്ചുവെന്നുമാണ് സംഭവം.(www.islamonline.net) ഇമാം മാലിക്ക്, ഇമാം അഹ്മദ്, ഇമാം ശാഫി(റ) തുടങ്ങിയ മദ്ഹബിന്റെ പണ്ഡിതന്മാര്‍ സ്വവര്‍ഗഭോഗികള്‍ക്ക് വിവാഹതിരായ വ്യഭിചാരികള്‍ക്ക് നല്‍കുന്ന ശിക്ഷ തന്നെ നല്‍കണമെന്ന പക്ഷക്കാരാണ്. സാഹചര്യങ്ങളെ കുറിച്ച് പഠിച്ച ശേഷം ന്യായാധിപനാണ് സ്വവര്‍ഗഭോഗികള്‍ക്കുള്ള ഉചിതമായ ശിക്ഷ (തഅ്സീർ) തീരുമാനിക്കേണ്ടത് എന്നാണ് ഇമാം അബൂഹനീഫ(റ)യുടെ പക്ഷം.
മൂന്ന്, എങ്കിലും പോർച്ച ഉണ്ടായിട്ടുണ്ട്.
പ്രകൃതി വിരുദ്ധമായ ലൈംഗിക രീതികളെ ഇസ്ലാം അടക്കം ഏതാണ്ട് എല്ലാ മതങ്ങളും നിഷിദ്ധമായ ഭാഷയിൽ തള്ളിപ്പറഞ്ഞിട്ടുണ്ട് എങ്കിലും ഈ മതങ്ങളിൽ പെട്ട ചിലരിൽ നിന്ന് ഈ വിഷയത്തിൽ ഗുരുതരമായ ചോർച്ച ഉണ്ടായിട്ടുണ്ട്. പ്രകൃതിവിരുദ്ധ ലൈംഗികത പുലർത്തിയിരുന്ന പലരും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. അതിനെ സത്യത്തിൽ ഈ മതങ്ങളെയോ അവയുടെ ആദർശ സംഹിതയെയോ കുറ്റപ്പെടുത്തുന്നതിൽ വലിയ കാര്യമൊന്നുമില്ല. കാരണം, അത്തരം സ്ഖലിതങ്ങളെ വ്യക്തിയുടെ അപഥ സഞ്ചാരങ്ങളായിട്ട് മാത്രമേ കാണാൻ കഴിയൂ. വ്യക്തിഗതമായ പ്രശ്നങ്ങളെ ഉന്നയിച്ചും ഉയർത്തിക്കാട്ടിയും മതങ്ങളെയും പാർട്ടികളെയും തള്ളിക്കളയുന്ന, തള്ളിപ്പറയുന്ന സ്വഭാവവും സമീപനവും ഇപ്പോൾ വ്യാപകമായിട്ടുണ്ട്. എന്നാൽ ശരിയായ അവബോധമുള്ളവർ അങ്ങനെ ചെയ്യില്ല. വീഴ്ചകളെ വ്യക്തിയുടെ വീഴ്ചകളായി മാത്രമേ അറിവുള്ളവർ കാണുകയുള്ളൂ. ഇക്കാര്യത്തിൽ മധ്യകാലത്ത് പ്രത്യേകിച്ചും വീഴ്ചകൾ വന്നത് ക്രൈസ്തവ ലോകത്തിലാണ്. പൗരോഹിത്യമാണ് ക്രൈസ്തവതക്ക് എല്ലാ വിഷയത്തിലും തലവേദന സൃഷ്ടിക്കുന്നത്. പുരോഹിതന് അപ്രമാദിത്വം കൽപ്പിക്കപ്പെടുന്നതോടെ അയാൾ മതിമറക്കുകയും എല്ലാവിധ വൈകാരികതക്കും വിധേയനാവുകയും ചെയ്യും. അതുപിന്നെ പണമുളളവരിലേക്കൊക്കെ പടരും. ഏറെ ഉന്നതരും ശ്രേഷ്ഠരുമായ പോപ്പുമാരെ കുറിച്ചു പോലും അവിശ്വസനീയമായ ഇത്തരം ലൈംഗിക ആരോപണങ്ങൾ ഉണ്ട്. പില്‍ക്കാലങ്ങളില്‍ വന്ന പോപ്പ് ക്ലെമന്റ് ഏഴാമന്‍, പോപ്പ് പോള്‍ മൂന്നാമന്‍, പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍, പോപ്പ് ലിയോ പന്ത്രണ്ടാമന്‍, പോപ്പ് ജൂലിയസ് രണ്ടാമന്‍ ആദിയായവര്‍ക്ക് പല രഹസ്യബന്ധങ്ങളില്‍ നിന്നായി ഒന്നിലധികം മക്കളുണ്ടായിരുന്നത്രെ. പോപ്പ് പോള്‍ രണ്ടാമന്‍, പോപ്പ് സിക്സ്റ്റസ് നാലാമന്‍, പോപ്പ് ലിയോ പത്താമന്‍ (പതിനഞ്ചാം നൂറ്റാണ്ടില്‍ വത്തിക്കാനിലെ ബസലിക്ക പുതുക്കിപ്പണിയുന്നതിലേയ്ക്ക് ഫണ്ട് കണ്ടെത്തുന്നതിനായി പണം വാങ്ങി പാപവിമോചനം നല്‍കിയ ആളാണ് ടിയാന്‍), പോപ്പ് ജൂലിയസ് മൂന്നാമന്‍ തുടങ്ങിയവര്‍ സ്വവര്‍ഗ്ഗരതിക്കാരായിരുന്നെന്നും ചരിത്രം പറയുന്നു. (https://dailyindianherald.com/history-and-chauvinism-in-catholic-churches-in-kerala/)
മുസ്ലിംകളിലും ഇപ്രകാരം ചില സ്ഖലിതങ്ങൾ ഉണ്ടായിട്ടുണ്ടാകും. മനുഷ്യസഹജമായ ഒരു സ്വഭാവ വൈകൃതമാണ് അപര ലൈംഗികത എന്ന് പറയുമ്പോൾ അത് മനുഷ്യരുടെ എല്ലാ തലങ്ങളിലും ഉണ്ടാകുമല്ലോ. ചില കാലങ്ങളിലെ പ്രധാനികളായ പലരും സ്വകാര്യ ജീവിതത്തിൽ സ്വവർഗ്ഗ രതി ചെയ്തിരുന്നതായി ചരിത്രങ്ങളിൽ ശേക്തമായ ഊഹം ഉണ്ട്. ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരാളാണ് പേർഷ്യയിലെ ഷാ അബ്ബാസ് രാജാവ്. പേർഷ്യയിലെ ഷായായിരുന്നു അബ്ബാസ് മഹാനായ അബ്ബാസ്. പേർഷ്യയിലെ സഫവി വംശത്തിൽ 1571 ജനുവരി 27-ന് ഷാ മുഹമ്മദ് ഖുദാബന്തിന്റെ ദ്വിതീയ പുത്രനായി ജനിച്ചു. പിതാവിന്റെ സ്ഥാനത്യാഗാനന്തരം 1587-ൽ ഷാ അബ്ബാസ് ഭരണഭാരം ഏറ്റെടുത്തു. സുശക്തമായൊരു സൈന്യത്തെ സംഘടിപ്പിച്ചുകൊണ്ട് ആഭ്യന്തര ഭദ്രത സുരക്ഷിതമാക്കാൻ അബ്ബാസിനു കഴിഞ്ഞു.
നാല്, വഴി തുറന്നവർ
ആധുനിക യുഗത്തിലേക്ക് കടന്നതും വിചിത്ര ലൈംഗികത ഏറെ ശാഖകളും ഉപശാഖകളുമായി വികാസം പ്രാപിച്ചിരിക്കുന്നു. മുമ്പുള്ളതും അതിൽ നിന്ന് ഉരിത്തിരിയിച്ചെടുത്തതുമായ പല ശീർഷകങ്ങളും ഇപ്പോൾ രംഗത്തു വന്നിരിക്കുന്നു. ലിവിംഗ് ടുഗതർ എന്ന ആശയമാണ് അക്കൂട്ടത്തിൽ വന്നതിൽ വെച്ച് അവസാനത്തേത്. എൽ ജി ബി റ്റി ക്യു (ലെസ്ബിയൻ, ഗേ, ബൈ സെക്‌ഷ്വൽ, ട്രാൻസ്ജെൻഡർ, ക്വീർ) സമൂഹത്തിൽ പെട്ട ആളാണ് എന്നു സ്ത്രീകൾ തന്നെ സ്വയം വെളിപ്പെടുത്തുകയും അതിനനുസരിച്ച് നിയമത്തിന്റെയും സർക്കാരിന്റെയും പിന്തുണക്കു വേണ്ടി വാദിക്കുന്നതായും ചിലതൊക്കെ നേടുന്നതായും ഇപ്പോൾ കാണുന്നുണ്ട്. ഈ കഴിഞ്ഞ ലോകകപ്പിൽ വരെ ഇതിന്റെ ധ്വനി പ്രകടമായിരുന്നു. ആധുനിക കാലത്ത് ഇത്തരം വെളിപ്പെടുത്തലുകളിലേക്കും വ്യവഹാര പോരാട്ടങ്ങളിലേക്കും വഴി തുറന്നത് ഫെമിനിസമാണ്. സ്ത്രീകൾ അമാന്യമായി അടിച്ചമർത്തപ്പെട്ടതിന്റെ ഒരു പ്രതിപ്രവർത്തനമാണ് സത്യത്തിൽ ഫെമിനിസമായി വളർന്നത്. മദ്ധ്യകാല യൂറോപ്പില്‍ സ്ത്രീ സ്വത്തു സമ്പാദിക്കുന്നതും പഠനം നടത്തുന്നതും പൊതുജീവിതത്തില്‍ ഇടപഴകുന്നതും തീര്‍ത്തും തടയപ്പെട്ടിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും അവള്‍ക്ക് വോട്ടവകാശം നല്‍കപ്പെട്ടിരുന്നില്ല. പിതാവോ, സഹോദരനോ, ഭര്‍ത്താവോ, മകനോ കൂടാതെ കച്ചവടം ചെയ്യുന്നതില്‍ നിന്നും അവള്‍ തടയപ്പെട്ടു. ഇങ്ങനെ പെണ്ണിന് പ്രകൃതിപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടതിനെതിരെയുണ്ടായ പ്രതിഷേധമാണ് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളായി മാറിയത്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇതുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുമായി സ്ത്രീക്ക് വോട്ടുചെയ്യാനുള്ള അവകാശത്തിനായി രൂപം കൊടുത്ത പ്രക്ഷോഭങ്ങളാണ് ഫെമിനിസത്തിന്റെ ആദ്യ തരംഗങ്ങളായി അറിയപ്പെടുന്നത്. 1960കളുടെ തുടക്കത്തില്‍ അമേരിക്കയില്‍ ആരംഭിച്ച് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ച് 1980കള്‍ വരെ നിലനിന്നതാണ് ഫെമിനിസത്തിന്റെ രണ്ടാം തരംഗം. ആദ്യ തരംഗത്തില്‍ വോട്ടവകാശവും സ്വത്തവകാശവുമായിരുന്നു വിഷയമെങ്കില്‍, രണ്ടാം തരംഗത്തില്‍ അത് ലൈംഗികത, കുടുംബം, പ്രത്യുല്‍പാദന അവകാശങ്ങള്‍, മറ്റു നിയമപരമായ അസമത്വങ്ങള്‍ എന്നിവയിലേക്ക് വളർന്നു. ഈ സമയത്താണ് സ്വവർഗ്ഗരതിക്ക് സ്വാഭാവികത കൽപിച്ചു കിട്ടുന്നതും. 1973-ലാണ് അമേരിക്കന്‍ സൈക്യാട്രിസ്റ്റ് അസോസിയേഷന്‍ ഡിസോഡറുകളുടെ പട്ടികയില്‍നിന്ന് സ്വവര്‍ഗരതിക്ക് സ്വാഭാവികതയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയത്. അതേസമയം ഹോമോഫോബ് എന്ന പദം അമ്പതുകളില്‍ തന്നെ സാമൂഹിക വ്യവഹാരങ്ങളുടെ ഭാഗമായിത്തീര്‍ന്നിരുന്നു. സത്യത്തില്‍ ഇത് പൊതുബോധത്തെ മാറ്റിയെടുക്കാനുള്ള ഒരു വിദ്യയായിരുന്നു. സദാചാരവാദികളുടെയും കുടുംബവാദികളുടെയും വിയോജിപ്പുകളെ ഹോമോഫോബിയ ആയി മുദ്ര കുത്തുന്നതോടെ അവര്‍ നിശ്ശബ്ദരായിത്തീരുന്നു. അംഗീകരിച്ചില്ലെങ്കില്‍ പിന്തിരിപ്പന്മാരായിത്തീരും എന്ന അവസ്ഥയാണ് അടുത്ത ഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്നത്.
ഫെമിനിസത്തിന്റെ മൂന്നാം തരംഗം ആരംഭിക്കുന്നത് 1990കളുടെ തുടക്കം മുതല്‍ക്കാണ്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. മൂന്നാം തരംഗം കുറച്ചുകൂടി വിശാലമായ ആശയങ്ങളെയാണ് മുന്നോട്ടുവെച്ചത്. അതിലൊന്ന് ലിംഗപരമായ അതിക്രമങ്ങളാണ്. ലിംഗപരമായ അതിക്രമങ്ങളെ ചെറുക്കുന്നതിന് വജൈന മോണോലോഗുകളും മറ്റും വ്യാപകമാക്കുക എന്നതാണ് മൂന്നാം തരംഗ ഫെമിനിസ്റ്റുകളുടെ പരിഹാരരീതി. മറ്റൊന്ന് പ്രത്യുല്‍പാദന അവകാശങ്ങളാണ്. ഗര്‍ഭനിരോധനത്തിനുള്ള അവകാശം, ഗര്‍ഭമലസിപ്പിക്കുന്നതിനുള്ള അവകാശം തുടങ്ങിയവയെയാണ് ഇവര്‍ ഈ വകുപ്പില്‍ ഉള്‍പെടുത്തുന്നത്. വംശ/ജാതി വിവേചനം, നപുംസകാവകാശങ്ങള്‍, സൈബര്‍ ഫെമിനിസം, എക്കോ ഫെമിനിസം തുടങ്ങിയവവയെല്ലാം ഇവരുടെ ചര്‍ച്ചാ വിഷയങ്ങളാണ്. ഇതിലെല്ലാമുപരി ഇവരുടെ പ്രധാന പ്രതിപാദ്യ വിഷയം ലൈംഗിക വിമോചനമാണ്. ഈ സ്വാതന്ത്ര്യ വാഞ്ജയാണ് സ്വവർഗ്ഗ വിവാഹം മുതൽ ലിവിംഗ് ടുഗെതർ വരെയുള്ളതെല്ലാം.
നമ്മുടെ വർത്തമാന കാലം വരെ എത്തി നൽക്കുന്ന അപരലൈംഗികത കടന്നുവന്ന വഴിയാണ് ഫെമിനിസത്തിന്റെ തരംഗങ്ങളിലൂടെ നാം കണ്ടത്. അതിന് മുമ്പ് ഫെമിനിസത്തിന് പരവതാനി വിരിച്ചതാര്?, എന്ത്? എന്നു കൂടി ഹ്രസ്വമായെങ്കിലും കാണുമ്പോഴേ ഈ ചിന്ത ഒരർഥത്തിലെങ്കിലും നമുക്ക് പൂർത്തിയായി എന്ന് ആശ്വസിക്കാനാവൂ. ഈ അന്വേഷണം പൊതുവേ സമൂഹത്തിന്റെ അപഗമനങ്ങളിൽ പലതിനും വഴി കണ്ടുപിടിക്കുവാൻ നമുക്ക് അനിവാര്യമാണ്. ഇതടക്കം മനുഷ്യകുലത്തിന്റെ നിലവിലുണ്ടായിരുന്ന സ്ഥായീഭാവങ്ങളിൽ എല്ലാം കടുത്ത മാറ്റങ്ങൾ വരുത്തിയത് കഴിഞ്ഞ നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മൂന്നു പേരും അവരുടെ കാഴ്ചപ്പാടുകളുമാണ്. ചാൾസ് ഡാര്‍വിന്റെ (1809-1882) പരിണാമവാദങ്ങളും കാള്‍ മാര്‍ക്‌സിന്റെ (1818-1883) സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും സിഗ്മണ്ട് ഫ്രോയിഡിന്റെ (1856-1939) ലൈംഗിക വീക്ഷണങ്ങളുമാണ് അവ. ഒന്നാമത്തേത് എല്ലാം നിരാകരിക്കുന്ന യുക്തിവാദവും രണ്ടാമത്തേത് അപ്രായോഗിക രാഷ്ട്രീയ സോഷ്യലിസവും മൂന്നാമത്തേത് കുത്തഴിഞ്ഞ ലൈംഗികതയും ആണ് നൽകിയത്. സൂക്ഷ്മമായി ചിന്തിച്ചാൽ ഈ മൂന്നെണ്ണവും ചേർന്നാണ് മനുഷ്യ കുലത്തിന്റെ താളത്തെ വികലമാക്കിയത് എന്നു കാണാം.
വായനകൾ:
- വിശുദ്ധ ഖുർആൻ
- ഹദീസ് ഗ്രന്ഥങ്ങൾ
- ലൈംഗികതയുടെ ഇസ്ലാമിക പാഠങ്ങൾ - കെ വി കെ ബുഖാരി / ഡി സി ബുക്സ്
- അൽ അഖ്ലാഖു വൽ മുജ്തമഅ് - ഡോ. സക്കരിയ്യാ ഇബ്റാഹിം
- We are not the others -Kalki Subramanian
- വിവിധ വെബ് സൈറ്റുകൾ
- ഇന്ത്യൻ എക്സ്പ്രസ്, വനിത, പ്രബോധനം പാക്ഷികങ്ങളുടെ ആർകൈവുകൾ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso