Thoughts & Arts
Image

തിഹാമയിലെ രാക്കുളിർ 5

20-12-2022

Web Design

15 Comments





11 ചരിത്രചിത്രങ്ങൾ



ഹസ്രത്ത് ആയിശ (റ) പറയുകയാണ്. ഒരിക്കൽ പതിനൊന്ന് കുടുംബിനികൾ ഒരുമിച്ച് കൂടിയിരുന്നു. അവർ തങ്ങളുടെ ഭർത്താക്കന്മാരുടെ വിവരങ്ങാളൊന്നും മറച്ചുവെക്കുകയില്ല എന്ന് തീരുമാനിക്കുകയും അങ്ങനെ പരസ്പരം വാക്കു നൽകുകയും ചെയ്തു. അവരിൽ ഒന്നാമത്തെ കുടുംബിനി പറഞ്ഞു: എന്റെ ഭർത്താവ് ഒരു ചെങ്കുത്തായ മലയുടെ മുകളിലിരിക്കുന്ന നിലവാരമില്ലാത്ത ഒട്ടക മാംസം പോലെയാണ്. കയറുവാൻ അത്ര എളുപ്പുള്ളതല്ല ഈ പർവ്വതം. കയറിച്ചെന്ന് എടുക്കുവാൻ മാത്രം ഗുണമുള്ളതുമല്ല ഈ മാംസം.



ഈ ഒന്നാമത്തെ കുടുംബിനി തന്റെ പ്രിയതമനെ കൃത്യമായി കൂട്ടുകാരികൾക്കു മുമ്പിൽ വരച്ചുവച്ചിരിക്കുകയാണ്. ലളിതമായ പ്രയോഗങ്ങളിലൂടെ മനോഹരമായ ഒരു ആവിഷ്കാരം. ജീവിതം പങ്കിടുന്ന പ്രിയതമന്റെ എല്ലാ ചൂടും ചൂരും ആ വാക്കുകളിലുണ്ട്. അദ്ദേഹവുമൊത്തുള്ള ജീവിതം പകർന്നു കൊടുത്ത വികാരങ്ങളെല്ലാം അവയിലുണ്ട്.
ഭർത്താവിനെ കയറുവാൻ കഴിയാത്ത, എന്നാൽ കയറിയെടുക്കുവാൻ മാത്രം നിലവാരമില്ലാത്ത മലമുകളിലെ ഒട്ടക മാംസത്തോടുപമിക്കുമ്പോൾ ഈ കുടുംബിനിയുടെ വാക്കുകളിൽ കടുത്ത നിരാശയുടെ ശോകഗീതമുയരുകയാണ്. മാംസങ്ങളുടെ കൂട്ടത്തിൽ പൊതുവെ പ്രിയതരമല്ലാത്ത ഒന്നാണ് ഒട്ടക മാംസം. ആധുനിക പാചകപ്പുരകളിൽ രുചികരമായി ഇപ്പോൾ പാകം ചെയ്യപ്പെടുന്നുണ്ടെങ്കിലും ആകർശിക്കപ്പെടാവുന്ന ഘടകങ്ങൾ ഒട്ടക മാംസത്തിന് കുറവാണ്. ഒട്ടക മാംസം കഴിച്ചാൽ വുളൂഅ് ദുർബലപ്പെടുമെന്ന് വരെ മുജ്തഹിദുകൾക്കിടയിൽ അഭിപ്രായമുണ്ട്. ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ)യുടെ പൊതുനിലപാടും ഇമാം ശാഫി(റ)യുടെ ആദ്യ നിലപാടും ഇതാണ്. വിശുദ്ധ ഖുർആനിലെ അത്തൗബ അധ്യായത്തിൽ 97-ാം വചനത്തിൽ അനാഗരികർ(അഅ്റാബികൾ) സത്യനിഷേധത്തിൽ ഏറ്റവും ഗുരുതരഗുരുതരമായവരാണ് എന്ന അല്ലാഹുവിന്റെ പ്രസ്താവനയെ വ്യാഖ്യാനിക്കുന്നതിൽ പണ്ഡിതന്മാർ അതിന് ചില കാരണങ്ങൾ ചൂണ്ടിക്കാട്ടുന്നതായി കാണാം. ഈ സത്യനിഷേധത്തിന്റെ കാര്യത്തിൽ അവരെ പേടിപ്പിക്കുന്ന ഘടകം അവരുടെ സ്വഭാവത്തിലെ കാര്യമാണെന്നും ഇത് ഒട്ടകമാംസം കഴിക്കുക വഴിയുണ്ടാവുന്നതാണെന്നും വ്യാഖ്യാനങ്ങളിലുണ്ട്.



രണ്ടാമത്തെ കുടുംബിനി പറഞ്ഞു: എന്റെ ഭർത്താവിനെപ്പറ്റിയുള്ള വിവരം ഞാൻ പറയുന്നേയില്ല, പറഞ്ഞാൽ അവ വളരെ പരസ്യപ്പെട്ടുപോയേക്കുമോ എന്ന് ഞാൻ പേടിക്കുന്നു. ഞാൻ പറയുകയാന്നെങ്കിൽ അദ്ധേഹത്തിന്റെ ഉള്ളും പുറവും പറഞ്ഞുപോകും.



കുടുംബിനികളുടെ സദസ്സിൽ ശോകതാളം വീണ്ടും മുഴങ്ങുകയാണ്. ഒന്നാമത്തെ കുടുംബിനിയുടേതിൽ നിന്നും തെല്ല് മുഴക്കം കൂടുതലുള്ള ഒരു താളം. തുടക്കത്തിൽ ഈ സഹോദരി പ്രതിഷേധച്ചുവയുള്ള നിരാശയിൽ ഞാനൊന്നും പറയുന്നില്ല... എന്നു പറയുകയും എന്നാൽ പിന്നീട് തനിക്ക് പറയാനുള്ളത് എത്ര വലുതാണ് എന്ന് സൂചിപ്പിക്കുകയും ചെയ്യുന്നു. പറയുകയാണെങ്കിൽ ഉള്ളും പുറവും പറയേണ്ടതായിവരും എന്ന ഗൗരവത്തോടെ. ഒന്നാമത്തെ കുടുംബനാഥന്റെ വൈകല്യം സ്വഭാവത്തിലായിരുന്നു. പ്രവർത്തനങ്ങളിലൂടെയും വാക്കുകളിലൂടെയുമെല്ലാം അത് പുറത്തുചാടുന്നുവെങ്കിലും ഏറെക്കുറെ ആന്തരികമാണത് അവ. ഈ സഹോദരിയുടെ നിരാശയാവട്ടെ ഇത്ര മാത്രം ആഴം പൂകുന്നത് തന്റെ ഭർത്താവിന്റെ ന്യൂനതകൾ ആന്തരികവും ബാഹ്യവുമായതിനാലാണ്. മൂലത്തിൽ ഉപയോഗിച്ചിരിക്കുന്ന ഉജ്റ് എന്ന ശബ്ദത്തിന്റെ അർഥം അസാധാരണമായി വീർത്തുപോയ ഞരമ്പുകൾ എന്നാണ്. ശരീരത്തിന്റെ തൊലിപ്പുറത്ത് പതിഞ്ഞുകിടക്കുന്ന പ്രകൃതമുള്ള പിരടിയിലെ ഞരമ്പുകളെയാണ് ഈ വാക്കുപയോഗിച്ച് വിശേഷിപ്പിക്കാറുള്ളത്. അതിനാൽ കണ്ഠനാഡികൾ വീർത്ത് വൈകല്യമുള്ളയാൾ എന്നാണ് ഭാഷാപരമായി ഈ പ്രയോഗം വിവക്ഷിക്കുന്നത്. ഇവിടെ ഭർത്താവിന്റെ ബാഹ്യഘടനയിലെ ചേരായ്മകളും.
ഭർത്താവിന്റെ ആന്തരിക വൈകല്യങ്ങളെ ദ്യോതിപ്പിക്കുന്നത് ബുജ്റ് എന്ന വാക്കാണ്. ഞരമ്പ് വീർക്കുന്നതു തന്നെയാണ് ഈ വാക്കിന്റെയും അർത്ഥമെങ്കിലും പൊക്കിൾ വീർത്തുണ്ടാവുന്ന അഭംഗിയാണ് ഇവിടെ വിവക്ഷ. ഇത് ഏറെക്കുറെ ആന്തരിക വൈകല്യത്തെ സൂചിപ്പിക്കുന്നതാണ്. കാരണം, മനുഷ്യർ മറ്റുള്ളവരിൽ നിന്ന് പൊതുവെ പൊത്തിപ്പിടിക്കുന്ന ഭാഗങ്ങളിൽ പെട്ടതാണല്ലോ ഇവ ഇങ്ങനെ ഉള്ളും പുറവും ന്യൂനതകളുള്ള ഭർത്താവിനെപ്പറ്റി പറയുന്നതിൽ പോലും ഒരുതരം നൈരാശ്യം നേരിടുകയാണ് ഈ സഹോദരി. മനുഷ്യന്റെ സ്വത്വം അകവും പുറവും ചേരുന്നതാണ്. മാന്യമായ ബാഹ്യരൂപഭാവങ്ങളും വിശുദ്ധമായ ആന്തരിക ഗുണങ്ങളും ഒത്തുചേരുമ്പോഴാണ് ഒരു നല്ല മനുഷ്യർ ജനിക്കുന്നതെന്ന് ഇസ്ലാം സിദ്ധാന്തിക്കുന്നു. മനുഷ്യന്റെ ഈ ഗുണഗണങ്ങൾ ഏറ്റവും അധികം വേണ്ടതും ഉറപ്പുവരുത്തേണ്ടതുമായ പ്രധാന മേഖലയാണ് കുടുംബജീവിതം. കാരണം കുടുംബ ജീവിതത്തിലെത്തുമ്പോഴേക്കും മനുഷ്യത്വം രണ്ടു പേരിലും പൂർണ്ണത നേടുകയാണ്. ഈ പൂർണ്ണതയിൽ ഏതു സമീപനങ്ങളും വലിയ സ്വാധീനമുണ്ടാക്കും. കുട്ടികൾ പറയുന്ന പല കാര്യങ്ങളും ഗൗരവഭാവം പൂകാറില്ല. എന്നാൽ ഇത്തരം കാര്യങ്ങൾ ഒരു തമാശയുടെ ഭാവത്തിലായാൽ പോലും പലപ്പേഴും കുടുംബത്തിലും സമൂഹത്തിലും പൊട്ടിത്തെറികളുണ്ടാക്കുന്നു. അതിനാൽ കുടുംബ ജീവിതത്തിൽ അകവും പുറവും വിശുദ്ധി പുലർത്തേണ്ടതുണ്ട്. ഭർത്താവിനു വേണ്ടി അലങ്കാര ആഭരണങ്ങളും സുഗന്ധങ്ങളും അണിയുവാൻ ഭാര്യയെയും ഭർത്താവിനെയും ഇസ്ലാം നിർബന്ധിക്കുന്നതിതുകൊണ്ടാണ്.



മൂന്നാമത്തെ കുടുംബിനി പറഞ്ഞു: എന്റെ ഭർത്താവ് നീണ്ട ഒരാളാണ്. ഞാനെന്തെങ്കിലും മിണ്ടിയാൽ അയാൾ എന്നെ ത്വലാഖ് ചൊല്ലും. മിണ്ടിയില്ലെങ്കിലോ എന്നെ കുടുക്കിയിടും.



മൂന്നാമത്തെ കുടുംബിനിക്കും പറയാൻ നിരാശയും പ്രതിഷേധവും അല്ലാതെ മറ്റൊന്നില്ല. ഭർത്താവിന്റെ നിലപാടുകളും സമീപനങ്ങളും വല്ലാത്തൊരു വിഷമവൃത്തത്തിൽ തളച്ചിട്ടിരിക്കുകയാണ് തന്നെ എന്നാണ് അവരുടെ വിലാപം. കുതറാനും വഴങ്ങാനും വയ്യാത്ത ഗതികേട്. ഇവിടെ ഈ കുടുംബിനി പ്രയോഗിച്ച അശന്നഖ്എ ന്ന അറബി വാക്ക് വിവക്ഷിക്കുന്നത് മെലിഞ്ഞു നീണ്ട കുറിയ തലയുള്ള ഒരു രൂപമാണ് എന്ന് ഈ ഹദീസിന്റെ വ്യാഖ്യാനങ്ങളിലും ലിസാനുൽ അറബ് തുടങ്ങിയ ഭാഷാഗ്രന്ഥങ്ങളിലും കാണാം. ഇത് പൊതുവെ ബുദ്ധി കുറവിനെ സൂചിപ്പിക്കുന്നു. തലയും ശരീരവും തമ്മിലുള്ള അകലം വർദ്ധിക്കുന്നതാണ് പൊതുവെ ഇതിന് ശാസ്ത്രീയമായി പറഞ്ഞുവരുന്ന ന്യായം. ഈ നീളവും ഇതിനെ തുടർന്നുണ്ടാകുന്ന ബുദ്ധികുറവും എന്നതിനുപരി ഇവ കൂടെ സ്വാധീനിക്കുന്ന വലിയൊരു ന്യൂന്യതയാണ് ഈ സഹോദരിക്കു പറയാനുള്ളത്. അത് മിണ്ടാനും മിണ്ടാതിരിക്കുവാനും വയ്യാത്ത ഒരവസ്ഥയാണ്. മിണ്ടിയാൽ തന്നെ ത്വലാഖ് ചൊല്ലി അയാൾ ഒഴിവാക്കും. മിണ്ടാതിരുന്നാലോ ഭാര്യയെന്ന പരിഗണന കൊടുക്കാതെ, എന്നാൽ ഒഴിവാക്കി തന്റെ വഴിക്കു വിടാതെ കുടുക്കിയിടുന്ന ഒരവസ്ഥ. അനുനയവും പ്രതിഷേധവും ഒരുപോലെ നടക്കാത്ത ഒരു ഗതികേട്. എല്ലാം സഹിച്ചിറക്കി കഴിയുകയാണ് ഈ പാവം.



12 തിഹാമയിലെ രാക്കുളിർ..



നാലാമത്തെ സഹോദരി തന്റെ ഊഴത്തിലേക്ക് അവാച്യമായ ആത്മഹർഷാരവങ്ങളുടെ വികാരങ്ങളുമായാണ് ഊളയിട്ടത്. അവൾ പറഞ്ഞു: എന്റെ ഭർത്താവ് തിഹാമയിലെ രാവു പോലെയാണ്. കൊടും ചൂടും കൊടും തണുപ്പുമില്ല. ഭയമയമല്ല, വിഷമയവും...



പതിനൊന്നു കുടുംബിനികളുടെ വട്ടത്തിൽ ആദ്യമായി കുളിർ വീഴുകയായിരുന്നു. തന്റെ ഭർത്താവിനെ വളരെ മനോഹരമായി വരച്ചുവെക്കുമ്പോൾ തെല്ലഭിമാനം തോന്നാതിരുന്നിരിക്കില്ല. ഈ സ്നേഹ ഭാജനത്തിന്. വളരെ മനോഹരമായാണ് ഈ കുടുംബിനി തന്റെ പ്രിയതമനെ വിശേഷിപ്പിക്കുന്നത്. അറേബ്യയുടെ മനം കവരുന്ന തിഹാമയിലെ സുഖ സുന്ദര രാവിനോടാണ് അവൾ ഉപമിക്കുന്നത്. അറേബ്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ തീരമേഖലയാണ് തിഹാമ. പരിശുദ്ധ മക്ക, ജിദ്ദ, ഖുൻഫുദ വരെ ഈ പ്രദേശം നീണ്ടുകിടക്കുന്നു. തിഹാമ എന്നത് ഒരു നാമം എന്നതിലുപരി ഒരു വിശേഷണമാണ്. അറേബ്യയിലെ ശീതോഷ്ണ സമ്മിശ്ര മേഖലകൾ പൊതുവെ ഇങ്ങനെ വിശേഷിപ്പിക്കപ്പെടാറുണ്ട്. അതുകൊണ്ടാണ് സൗദി അറേബ്യയിലെ അസീർ മേഖലയും യമനിലെ സബീദ് മേഖലയും ഇങ്ങനെ അറിയപ്പെടുന്നത് എന്നാണ് ഭാഷാ ഗ്രന്ഥങ്ങൾ പറയുന്നത്. തിഹാമ പൊതുവെ ചൂടുള്ള സ്ഥലങ്ങളാണ്. ചൂടുള്ള പകൽ എരിഞ്ഞടങ്ങുമ്പോൾ ഈ പ്രദേശങ്ങൾ രാത്രികളിൽ മിതമായ ഒരു തണുപ്പിലേക്ക് കടക്കുന്നു. അതിനാൽ ഈ രാത്രികൾക്ക് വലിയ കൊടുംതണുപ്പിന്റെയോ ചൂടിന്റെയോ ശല്യമുണ്ടാവാറില്ല. ആധുനിക വ്യവസായവത്കരണങ്ങൾവരെ ഈ അവസ്ഥയെ കാര്യമായി ബാധിച്ചിട്ടില്ല. ഇപ്പോഴും ഈ പ്രദേശങ്ങൾ ഏതാണ്ട് ഈ സ്വഭാവത്തിൽ തന്നെയാണ്. ആഗോള കാലാവസ്ഥാവ്യതിയാനങ്ങളുണ്ടാക്കിയ ചില കുറവുകളുണ്ടെങ്കിലും. തന്റെ ഭർത്താവിനെ കുറിച്ച് പറയുമ്പോൾ ഈ ഭാര്യയുടെ അകത്തളങ്ങളിൽ മുഴങ്ങുന്ന വികാര മേളം ഗൗനിക്കേണ്ടതു തന്നെയാണ്. സ്ത്രീയുടെ മനോനില സ്നേഹ കാരുണ്യങ്ങളുടെ തീരമാണ്. അവിടെ ഉറ്റിവീഴുന്ന ഓരോ തുള്ളിയും അമൃതായി പരിണമിക്കുന്നു. അതുകൊണ്ടു തന്നെ ഭർത്താവിന്റെ നല്ല ഗുണങ്ങൾ ഏതു ഭാര്യയെയും വാചാലയാക്കും. അത് പറയുമ്പോൾ മനസ് വിടരും. ആ വികാര പ്രകടനമാണ്, തിഹാമയുടെ രാവിനെ വീണ്ടും വിശേഷിപ്പിക്കുവാൻ പ്രേരിപ്പിക്കുന്നത്.



ചൂടും തണുപ്പുമില്ല എന്ന് പറയുന്നത് സന്തുലിതമായ ഒരു സമീപന സ്വഭാവമാണ് തന്റെ ഭർത്താവിന്റേത് എന്നു സൂചിപ്പിക്കുവാനാണ്. ഒരു സാഹചര്യത്തെ തീവ്രവികാരത്തോടെ സമീപിക്കുകയും കോപം, പ്രതിഷേധം, നിരാസം തുടങ്ങിയവയിലേക്ക് അതിവേഗം എടുത്തു ചാടുകയും ചെയ്യുന്നത് പലപ്പോഴും ജീവിതതാളത്തിൽ ഭംഗം വരുത്തും. കുടുംബജീവിതത്തിൽ പ്രത്യേകിച്ചും. കാരണ അവിടെ ഭാര്യയും മക്കളുമെല്ലാം സ്നേഹത്തിന് കാത്തുകെട്ടിക്കിടക്കുകയാണ്. പെട്ടെന്നുള്ള കോപം കടുത്ത ദുഖത്തിലേക്കായിക്കും നയിക്കുക. തിരിച്ചെടുക്കാനാവാത്ത വിധം കാര്യം കൈവിട്ടു പോകുമ്പോൾ ജീവിതം മുഴുവനും അതിന്റെ പേരിൽ ദുഖിക്കേണ്ടതായി വരും. കുടുംബനാഥൻ എന്ന നിലക്ക് ഭർത്താവാണ് ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. വിക്ഷുബ്ദമെന്ന് തോന്നുന്ന സാഹചര്യങ്ങളെ മനോഹരമായ മനോനിലയോടെ സമീപിക്കണം. ഒരു ദിവസം ആയിശ(റ)യും നബി(സ)യും തമ്മിൽ ഒരു പ്രശ്നമുണ്ടായി. പ്രശ്നത്തിൽ മറ്റൊരാളെ മാധ്യസ്ഥനാക്കാം എന്ന് അവസാനം അവർ തീരുമാനിച്ചു. മാധ്യസ്ഥനായി ഉമർ(റ)വിനെ സമ്മതമാണോ എന്ന് നബി(സ്വ) ചോദിച്ചു. ഉമർ(റ) ഗൗരവക്കാരനാണ് എന്ന് പറഞ്ഞ് ആയിശ(റ) അത് നിരസിച്ചു. എന്നാൽ അബൂഉബൈദ(റ)യാവാമോ എന്നായി നബി(സ). അബൂ ഉബൈദ നിങ്ങൾക്കനുകൂലമായേ പറയൂ എന്ന് ആയിശ(റ) തിരിച്ചടിച്ചു. എന്നാൽ നിന്റെ പിതാവായാലോ? എന്നു നബി(സ) ചോദിച്ചപ്പോൾ ആയിശ(റ)ക്ക് സമ്മതിക്കുകയല്ലാതെ മറെറാരു വഴിയുമുണ്ടായിരുന്നില്ല. അങ്ങനെ നബിയുടെ ആവശ്യപ്രകാരം അബൂബക്കർ(റ) എത്തി. പരാതി കേൾക്കുന്നതിനിടെ ആയിശ(റ)യുടെ ശബ്ദം ആവശ്യത്തിലധികം ഉയരുന്നതായി കണ്ട് അബൂബകർ(റ) മകളെ അടിക്കുവാൻ ചാടിയെഴുന്നേറ്റു. പെട്ടെന്ന് നബി(സ) രണ്ടുപേർക്കുമിടയിൽ നിന്നു. നബിയുടെ മുമ്പിൽ വെച്ച് ഇങ്ങനെ ചെയ്തതിലുള്ള കുറ്റബോധവുമായി അബൂബക്കർ(റ) പുറത്തേക്ക് പോയി.



അബൂബക്കർ(റ) പോയതോടെ നബി(സ) ആയിശ(റ)യോട് പറഞ്ഞു: ഞാൻ തടഞ്ഞില്ലെങ്കിൽ കാണാമായിരുന്നു... അതുകേട്ടതും ആയിശ(റ) പൊട്ടിച്ചിരിച്ചു. പോകും വഴി ഖേദം പ്രകടിപ്പിക്കുവാൻ തിരിച്ചെത്തിയ അബൂബക്കർ(റ)വിനെ എതിരേറ്റത് ഈ ചിരിയായിരുന്നു. അങ്ങോട്ട് കയറുമ്പോൾ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ പടയിൽ എന്നെ കൂട്ടിയതുപോലെ നിങ്ങളുടെ സന്ധിയിലും കൂട്ടുക... ഒരു വികാര വിക്ഷുബ്ദമായ സാഹചര്യത്തെ നബിതിരുമേനി എത്ര മനോഹരമായി തന്റെ സമചിത്തത കൊണ്ട് നേരിട്ടു എന്നതിന്റെ ഒരു മനോഹര കാഴ്ചയാണിത്.



അഞ്ചാമത്തെ കുടുംബിനി പറഞ്ഞു: എന്റെ ഭർത്താവ് വീട്ടിലേക്ക് കടന്നുവന്നാൽ നരിയായിമാറും. പുറപ്പെട്ടാൽ സിംഹവും. ഉണ്ടായതിനെക്കുറിച്ചെല്ലാമൊന്നും അദ്ദേഹം ചോദിച്ചുകൊണ്ടിരിക്കില്ല.



അഞ്ചാമത്തെ കുടുംബിനി തന്റെ ഭർത്താവിനെ പുകഴ്ത്തുകയാണോ ഇകഴ്ത്തുകയാണോ എന്നതിൽ ചില അഭിപ്രായാന്തരങ്ങളുണ്ടെങ്കിലും ഇത് പുകഴ്ത്തൽ തന്നെയാണെന്നാണ് ഭൂരിപക്ഷത്തിന്റെ പക്ഷം. അലങ്കാര പ്രയോഗങ്ങൾ ഗ്രഹിക്കുന്നിടത്തുള്ള വ്യത്യാസത്തിൽ നിന്നാണ് ഈ വ്യത്യാസം നിഷ്പതിക്കുന്നത്. വീട്ടിലെത്തുന്ന ഭർത്താവിനെ നരിയോടുപമിക്കുന്നത് അയാളിലെ കാര്യശേഷിയെയും അനാവശ്യ ഇടപെടലുകൾ നടത്താത്ത പ്രകൃതത്തെയും വ്യക്തമാക്കുവാനാണ്. നരികൾ ഗൗരവതക്കാരാണെങ്കിലും ശാന്തമായി തന്റെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ച് വിശ്രമത്തിന് പ്രാധാന്യം കൊടുക്കുന്ന പ്രകൃതമാണവയുടേത്. ഈ ഭർത്താവ് ചിക്കിച്ചികഞ്ഞ് നടക്കാതെ തന്റെ കാര്യങ്ങൾ കഴിഞ്ഞ് വിശ്രമത്തിലേക്ക് പോകുന്നു. അതേ സമയം പുറത്തിറങ്ങുമ്പോൾ സിംഹത്തെ പോലെ ധൈര്യവാനായി മാറുന്നു. ഗൗരവ ഭാവങ്ങളെ അവസരത്തിനൊത്ത് പ്രയോഗവത്കരിക്കുന്നുവെന്ന് ചുരുക്കം. വീട്ടിലും പുറത്തും സിംഹമായി മാറുന്ന ഒരു പരുക്കനോ വീട്ടിലും പുറത്തും തന്നിലേക്ക് ഉൾവലിയുന്ന ഓരാളോ അല്ല ഇയാൾ. വീട്ടുകാര്യങ്ങളിലും മറ്റും ഇയാൾക്ക് വിശ്വാസത്തിന്റെ മാന്യത കൂടിയുണ്ട്. ഭാര്യയിലുള്ള വിശ്വാസം ഓരോന്നും ചിക്കി ച്ചികഞ്ഞ് നോക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുന്നു. അതിനാൽ തന്നെ ഈ ഭാര്യ തന്റെ കുടുംബ ജീവിതത്തിൽ വളരെ സംതൃപ്തമായ ഒരനുഭൂതിയാണ് ആസ്വദിക്കുന്നത്. ഭർത്താവിന്റെ സമീപനങ്ങൾ അവളെ പ്രൗഢയും അഭിമാനിയുമാക്കുന്നു.



ആറാമത്തെ കുടുംബിനി തന്റെ ഊഴം വന്നപ്പോൾ തെല്ലറപ്പോടെയും നിരാശയോടെയും പറഞ്ഞു: എന്റെ ഭർത്താവ് തിന്നാൻ തുടങ്ങിയാൽ എല്ലാമങ്ങ് തിന്നുതീർക്കും. കുടിക്കാൻ തുടങ്ങിയാൽ എല്ലാം കുടിച്ചു വറ്റിക്കും. കിടന്നാൽ മൂടിപ്പുതച്ചുറങ്ങും. വിഷമങ്ങളറിയാൻ വേണ്ടി ഒന്നിലും കയ്യിടുകയുമില്ല.



മഠയനായ തന്റെ ഭർത്താവിന്റെ ചിത്രം വരക്കുമ്പോൾ നിരാശ ലജ്ജിക്കുവാനനുവദിച്ചില്ല. ചില ജൻമങ്ങ ളങ്ങനെയാണ്. തിന്നും കുടിച്ചും ഉറങ്ങിയും തീർക്കുന്ന ജൻമങ്ങൾ. ചുറ്റുപാടുകളുടെ സന്തോഷങ്ങളിൽ അവർ നിർന്നിമേഷരായിരിക്കും. സന്താപങ്ങൾക്കു നേരയാണെങ്കിൽ അവർക്ക് നിസ്സംഗതയും. ഈ ഭർത്താവിന്റെ സമീപനങ്ങളിൽ ഏറെ വേദനിപ്പിക്കുന്ന ഘടകം അയാളുടെ സ്നേഹരഹിത മട്ടും ഭാവവുമാണ്. സ്ത്രീ സ്നേഹത്തിന് ദാഹിക്കുന്ന ഒരു വേഴാമ്പലാണ്. പുകഴ്ത്തലുകളും പ്രശംസകളും അവരെ മതിമറപ്പിക്കും. ചെറിയ പുളകങ്ങൾ വരെ അവളുടെ വികാര തന്ത്രികളിൽ വീണ മീട്ടും. ഈ ഒരു പ്രകൃതം പലപ്പോഴും സ്ത്രീക്ക് വലിയ വിനയാവാറുണ്ട്. അന്യരാൽ അവൾ വഞ്ചിതരാവുന്നത് പലപ്പോഴും ഈ മറവിയുടെ ഫലമായിട്ടാണ്. ഒരാണിന്റെ പുഞ്ചിരിയിലും തേൻ പുരട്ടിയ വാക്കുകളിലും അവൾ പെട്ടുപോകുന്നു. എന്നാൽ കുടുംബജീവിതത്തിൽ സ്നേഹത്തിന്റെ കേന്ദ്രബിന്ദുവും പ്രചോദനവുമാണ് ഈ സ്നേഹവികാരം.



ഏഴാം ഊഴക്കാരി പറഞ്ഞു: എന്റെ ഭർത്താവ് ഒരു ഷണ്ഡനാണ്. പടുവിഡിയുമാണ്. എല്ലാ രോഗവുമുള്ള ഒരാൾ. ചിലപ്പോൾ അയാൾ അടിച്ച് തല പൊട്ടിക്കും. ചിലപ്പോൾ തൊലി പൊട്ടിക്കും. മറ്റു ചിലപ്പോൾ രണ്ടും കൂടിയുണ്ടാകും. കുറ്റങ്ങളായ കുറ്റങ്ങളും കുറവുകളായ കുറവുകളും എല്ലാം സമ്മേളിച്ചിരിക്കുന്ന ഒരു ഭർത്താവ്.



ലൈംഗിക ശേഷിയില്ലാത്ത, ആവശ്യത്തിന് ബുദ്ധിയില്ലാത്ത, ഭാര്യയെ അടിച്ചും തൊഴിച്ചും ഭരിക്കുന്ന ഒരു ഭർത്താവ്. രോഗങ്ങളായ രോഗങ്ങളെല്ലാം അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്നു. ഈ ഭർത്താവിന്റെ ശാരീരികവും മാനസികവുമായ കുറവുകളും തിൻമകളെ പുൽകുന്ന പ്രകൃതവുമെല്ലാം ജനിതകജന്യങ്ങളായിരിക്കാം എന്നു കരുതാമെങ്കിലും ഒരു കുടുംബനാഥനായ ഇയാൾ ഭാര്യക്കു നേരെ കാട്ടിക്കൂട്ടുന്ന പീഢന താഢനങ്ങൾ എല്ലാ രേഖക ളുടേയും താഴേക്ക് അയാളെ വലിച്ചെറിയുന്നു. ഭാര്യമാരെ കായികമായി നേരിടുന്നത് ഇസ്ലാം ശക്തമായി നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ ഭാര്യമാരെ അടിക്കുവാൻ ഖുർആനും തിരുസുന്നത്തും നിർദ്ദേശിക്കുന്നതായി കാണാം. പക്ഷേ, ഈ കൽപ്പനയിൽ സ്നേഹത്തിന്റെ തേൻ പുരട്ടിക്കൊണ്ട് അല്ലാഹുവും റസൂലും എപ്പോഴും ഈ അടിയെ വിഷേശിപ്പിക്കാറ് മുറിയാവാതെ.., വേദനിക്കാതെ.. എന്നൊക്കെ പറഞ്ഞുകൊണ്ടാണ്. തന്റെ ചരിത്രപ്രസിദ്ധമായ ഹജ്ജത്തുൽ വിദാഇലെ വിടവാങ്ങൽ പ്രസംഗത്തിൽ നബി(സ) ഇക്കാര്യം അന്ത്യവസ്വിയ്യത്തെന്നോണം പറയുകയുണ്ടായി. നബി(സ) തന്റെ ഏതെങ്കിലും ഭാര്യയേയോ ഭൃത്യരേയോ ഒരിക്കലും അടിച്ചിട്ടില്ല എന്ന് ഹദീസുകൾ തീർത്തു പറയുന്നു.



സുഗന്ധ മാരുതന്റെ തൂവൽ സ്പർശം..



എട്ടാമത്തെ കുടുംബിനി പറഞ്ഞു: എന്റെ ഭർത്താവിന്റെ സ്പർശം മുയലിന്റേതു പോലെ മൃദുലമാണ് അദ്ദേഹത്തിന്റെ ഗന്ധമോ സർനബിന്റേതാണ്.... ഭർത്താവിന്റെ മൃദുലമായ സ്നേഹ സ്പർശത്തിന്റെയും മനം മയക്കുന്ന സുഗന്ധത്തിന്റെയും ലഹരിയിൽ ഇങ്ങനെ വർണ്ണിക്കുമ്പോൾ വല്ലാത്തൊരു ഹൃദയഹാരിയായ വികാരത്തന് വിധേയമാവുകയാണ് ഈ സഹോദരി. സ്വാഭാവികമായും ഏതൊരാൾക്കുമുണ്ടാകാവുന്ന ചെറിയ ന്യൂനതകൾക്കോ കുടുംബ ജീവിതത്തിൽ അവിചാരിതമായെങ്കിലും ഉണ്ടായിട്ടുണ്ടാകാമായിരുന്ന ഒന്നും ഈ വികാരത്തെ മറച്ചുപിടിക്കുവാനാകുന്നില്ല. മൃദുലമായ സ്പർശനം സ്നേഹത്തിന്റെ പരമമായ ലക്ഷണങ്ങളിലൊന്നാണ്. ഈ സ്പർശം കാമവികാരത്തിന് തീ കൊടുക്കുന്നു. അത് ബന്ധത്തെ അവിസ്മരണീയമാക്കുന്നു. ഈ സ്പർശം രസമൂർച്ചയായി പരിണമിക്കുവാൻ ശരീരശാസ്ത്ര പരമായ ചില സ്ഥാനങ്ങളുണ്ട്. ലൈംഗികശാസ്ത്രപരമായി ചില പ്രത്യേക സമയങ്ങളുമുണ്ട്. എന്നിരുന്നാലും പെണ്ണ് പ്രകൃത്യാ എപ്പോഴും അത് ആഗ്രഹിക്കുന്നതിനാലും പുരുഷനെ അതു ത്രസിപ്പിക്കുന്നതിനാലും ഇത് ദമ്പതികളുടെ മാന്യമായ എല്ലാ ഏകാന്തതകളിലും ഉണ്ടാകുന്നത് ദാമ്പത്യ ബന്ധത്തിന്റെ വിജയത്തെ വല്ലാതെ സ്വാധീനിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ സ്പർശങ്ങൾ വിശയമായ അർഥത്തിലും വ്യാഖ്യാനിക്കപ്പെടാവുന്നതാണ്. അങ്ങനെ വരുമ്പോൾ വാക്കും നോക്കും നിലപാടും എല്ലാം സ്പർശനങ്ങളായി മാറും.



ഒമ്പതാമത്തെ കുടുംബിനിക്കും തന്റെ പ്രിയതമൻ അഭിമാനമാണ്. അവൾ പറഞ്ഞു: എന്റെ ഭർത്താവ് അതികായനാണ്. വലിയ വാളുറയുള്ളയാൾ. ധാരാളം വെണ്ണീറുള്ളയാൾ. ജനസംഗമ കേന്ദ്രത്തിനടുത്തായി തന്നെ താമസിക്കുന്നയാൾ...



ഈ കുടുംബിനിയും തന്റെ ഭർത്താവിന്റെ ഉന്നത ഗുണങ്ങളാണ് പറയുന്നത്. മൂന്നാമത്തെ കുടുംബിനിയുടെ ഭർത്താവിനെ പോലെ ബുദ്ധി കുറഞ്ഞു മെലിഞ്ഞു നീണ്ട ആളല്ല ഇവളുടെ ഭർത്താവ്. തടിക്കൊത്ത ഉയരമുള്ള പ്രൗഢനും സുന്ദരനുമായ ഒരാളാണ്. അതുകൊണ്ടു തന്നെയാണ് വാളുറ അദ്ദേഹത്തിന്റെ ഉയരത്തേയും കടന്ന് ഉയർന്നുനിൽക്കുന്നത്. അതിഥികളെ സൽക്കരിക്കുന്നതിലും പാവങ്ങളെ ഊട്ടുന്നതിലും അയാൾ മുപന്തിയിലായതാണ് അയാളുടെ വീട്ടിലെ വലിയ വെണ്ണീർ കുന്നുകൾ സൂചിപ്പിക്കുന്നത്. അത്ര ധർമ്മിഷ്ഠനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സേവന മനസ്തിഥിയുടെ കാര്യക്ഷമയതാണ് ജനങ്ങളെ സഹായിക്കുവാൻ അവർ പതിവായി സംഘടിക്കുകയും കൂട്ടം കൂടിയിരിക്കുകയും ചെയ്യുന്ന സ്ഥലത്തു തന്നെ വീടുവെച്ച് അദ്ദേഹം വാതിലും തുറന്നിരിക്കുന്നത്. അത്രക്കു സേവന സന്നദ്ധനാണ് അദ്ദേഹം. ആകാരസൗഷ്ഠവത്തിനപ്പുറം ഈ സഹോദരിയുടെ ഭർത്താവിന്റെ സവിഷേശത മറ്റുള്ളവരെ സഹായിക്കുവാനും സേവിക്കുവാനുമുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയാണ്. അഥിതികളെയും അശരണരെയും സഹായിക്കുന്നത് ഒരു ജീവിതവ്രതമായി സ്വീകരിച്ചിരിക്കുയാണിദ്ദേഹം. മനുഷ്യവ്യക്തിത്വത്തിന്റെ ഏറ്റവും തിളക്കമുള്ള ഗുണമാണിത്. തനിക്കു കിട്ടിയ ഐശ്വര്യങ്ങൾക്ക് നന്ദിയുള്ള മനസ്സും ജനങ്ങൾക്ക് സേവനം ചെയ്യുവാനുള്ള സന്നദ്ധതയും ആണ് ഈ സ്വഭാവത്തിന്റെ അടിത്തറ. മനുഷ്യന്റെ വ്യക്തിപ്രഭാവം വർധിപ്പിക്കുന്ന ഈ ഔദാര്യത്തെ
ഇസ്ലാം പ്രകീർത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യാതൊരു പ്രതിഫലവും വാങ്ങാതെ മൂന്ന് ദിവസം ഒരഥിതിയെ സേവിക്കേണ്ടത് സാമൂഹ്യബാധ്യതകളിൽ പെട്ടതാണ്. ഇസ്ലാം വന്നപ്പോൾ നിലനിറുത്തിയ അസംഘ്യം നല്ല സാമൂഹ്യഗുണങ്ങളിൽ പെട്ടതാണിത്. അറബികൾക്കിടയിൽ പൗരാണിക കാലം മുതലേ മാന്യൻമാരായി ചരിത്രത്തിലിടം പിടിക്കുക രണ്ടു തരക്കാരാണ്. ഒന്ന് ധർമ്മിഷ്ഠർ. രണ്ടാമതായി യുദ്ധവീരൻമാരും.



ജനകേന്ദ്രത്തിനടുത്തു താമസിക്കുന്നത് ഭർത്താവിന്റെ ഔദാര്യ-സേവന മനസ്ഥിതിയെ ഒന്നു കൂടെ വ്യക്തമാക്കുകയാണ്. ജനങ്ങളിൽ നിന്നകന്ന് അവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും മനസ്സിലാക്കുവാൻ ശ്രമിക്കാതെ സ്വന്തം കാര്യങ്ങളിലേക്ക് ഉൾവലിയുകയല്ല, മറിച്ച് അവരെ സഹായിക്കുവാൻ അവരുള്ളിടത്ത് വാതി ലും തുറന്നു വെച്ച് കാത്തിരിക്കുയാണ് അദ്ദേഹം. പൊതുസേവനം ഇസ്ലാം ശ്രേഷഠമായി കാണുന്ന ഒരു മഹാഗുണമാണ്. ഒരാളുടെ ആവശ്യം നിറവേറ്റി കൊടുക്കുവാൻ പുറപ്പെടുന്നത് ഇഅ്തികാഫിനേക്കാൾ പുണ്യമുള്ളതാണെന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി കാണാം. സാമൂഹ്യ ജീവിതത്തിൽ ഏറെ അനിവാര്യമാണിത്. എല്ലാവരും സ്വാർഥികളാകുന്ന പക്ഷം കിടമാത്സര്യങ്ങൾ ഒരു ഭാഗത്തും ഒറ്റപ്പെടലുകൾ മറ്റൊരു ഭാഗത്തും സാമൂഹ്യ അസ്വസഥതയുണ്ടാക്കും. ഒരാൾ തന്റെ സഹോദരന്റെ ഒരു കാര്യം നിവൃത്തി ചെയ്യുവാൻ ഇറങ്ങുന്ന പക്ഷം അവന്റെ കാര്യങ്ങൾ നിവൃത്തി ചെയ്യുവാൻ അല്ലാഹുവും തയ്യാറാകും എന്ന് ഹദീസിൽ വന്നിട്ടുണ്ട്.



ഒമ്പതാമത്തെ സഹോദരിയെ പോലെ തന്നെ പത്താമത്തെ സഹോദരിയുടെ ഭർത്താവും അത്യുദാരനാണ്. അവൾ പറഞ്ഞു: എന്റെ ഭർത്താവ് മാലികാണ്. മാലിക് ആരാണെന്നറിയാമോ?, നിങ്ങൾ കണക്കുകൂട്ടുന്നതിനേക്കാളെല്ലാം ഉപരിയാണ് മാലിക് . അദ്ദേഹത്തിന് ലയത്തിൽ തന്നെ കഴിയുന്ന, മേഞ്ഞു തിന്നാൻ അധികവും വിടാത്ത ധാരാളം ഒട്ടകങ്ങളുണ്ട്.( അഥിതികളുടെ വരവിന്റെ സൂചനയായി) വീണയുടെ സ്വരം കേട്ടാൽ ഒട്ടകങ്ങൾ തന്നെ സ്വയം ഉറപ്പിക്കും, (അവരെ സൽകരിക്കുവാനായി) അവരിലൊരാളുടെ അന്ത്യമടുത്തുവെന്ന്.



മാലികിന്റെ ഒട്ടകങ്ങളെ മേച്ചിൽപുറങ്ങളിലേക്ക് വിടാത്തത് രണ്ടു കാരണങ്ങൾകൊണ്ടാണ്. ഒന്ന് കെട്ടിയിട്ട് തീറ്റ കൊടുത്ത് പുഷ്ടിപ്പെടുത്തുവാൻ വേണ്ടി. രണ്ടാമതായി അഥിതികൾ വന്നാൽ അവരെ സൽകരിക്കുവാൻ സദാ മൃഗങ്ങൾ തയ്യാറായിരിക്കുവാൻ വേണ്ടി. അതിഥികളെ സൽകരിക്കുന്നതിലുള ഈ ത്വര വളർന്ന് ഇപ്പോൾ ഒട്ടകങ്ങൾ തന്ന ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. അത് കൊണ്ടാണ് അതിഥികളെ സ്വീകരിക്കുന്ന ഈണങ്ങൾ കേൾക്കുമ്പോൾ അവ മരണം ഉറപ്പാക്കുന്നത്.



13 ഉമ്മു സർഇന്റെ പ്രിയതമൻ




പതിനൊന്നാമത്തെ ഊഴം ഉമ്മു സർഇന്റെതായിരുന്നു. ഈ കുടുംബിനി കൂട്ടത്തിലെ അവസാനത്തേത്. ഇതുവരേയും കേട്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കോരിത്തരിപ്പിക്കുന്ന അനുഭവമായിരുന്നു ഉമ്മു സർഇന് തന്റെ ഭർത്താവ്.



ഉമ്മുഅ പറഞ്ഞു തുടങ്ങി: എന്റെ ഭർത്താവ് അബൂ സർഅ. ആരാണ് അബൂ സർഅ എന്നറിയാമോ? അദ്ദേഹം ആഭരണങ്ങളാൽ എന്റെ കാതുകൾ ഇളക്കി. എന്റെ പേശികളെ നെയ്യിനാൽ നിറച്ചു. എന്നെ അദ്ദേഹം ആനന്ദിപ്പിച്ചു. അപ്പോൾ ഞാൻ ആനന്ദങ്ങളിൽ മതിമറന്നു. എന്നെ അദ്ദേഹം കണ്ടുമുട്ടിയത് വളരെ കുറച്ച് ആടുകൾ മാത്രമുള്ള ഒരു (സാമ്പത്തികശേഷി കുറഞ്ഞ) ഒരു കുടുംബത്തിൽ നിന്നാണ്. പിന്നെ അദ്ദേഹമെന്നെ കുതിരക്കുളമ്പടികളും ഒരുക്കങ്ങളുടെ ആരവങ്ങളും പൊടിക്കുകയും മെതിക്കുകയും ചെയ്യുന്ന ശബ്ദങ്ങളുമുയരുന്ന ഒരു വലിയ കുടുംബത്തിലെ അംഗമാക്കി മാറ്റി. അദ്ദേഹത്തിന്റെ അടുക്കൽ ഞാൻ എത്ര സംസാരിച്ചാലും അവഗണിക്കപ്പെടില്ലായിരുന്നു. നേരം പുലരും വരെ ഞാനുറങ്ങുമായിരുന്നു. മതിവരുവോളം കുടിക്കുമായിരുന്നു.



എല്ലാ അർത്ഥത്തിലും ലയിച്ചു ചേർന്ന ദമ്പതികളായിരുന്നു ഉമ്മു സർഉം അബൂ സർഉം. ഉമ്മു സർഇനോടുള്ള അബൂ സർഇന്റെ സ്നേഹം അണപൊട്ടി പ്രവഹിക്കുകയായിരുന്നു. പാവപ്പെട്ട ഒരു കുടുംബത്തിൽ നിന്നും വന്ന ഉമ്മു സർഇനെ ഭർത്താവ് സ്നേഹം കൊണ്ട് കോരിത്തരിപ്പിച്ചു. ആഭരണങ്ങൾ, മുന്തിയ ഭക്ഷണം, അംഗീകാരം, സ്വതന്ത്ര്യം അങ്ങനെ എല്ലാം. രണ്ട് ഘടകങ്ങൾ ഈ ഊഷ്മളതയെ സ്വാധീനിക്കുന്നുണ്ട്. ഒന്ന്, അബൂസർഅ തെരെഞ്ഞെടുത്തത് സാമ്പത്തികമായി തന്നേക്കാൾ പിന്നിൽ നിൽക്കുന്ന ഒരു സ്ത്രീയെയാണ്. ഇത്തരമൊരു സാഹചര്യത്തിൽ നിന്നും വരുന്ന സ്ത്രീക്ക് തനിക്ക് ലഭിക്കുന്ന സ്നേഹവും ഐശ്വര്യവും നന്നായി ഉൾക്കൊള്ളുവാൻ കഴിയും. ഭർത്താവിനേക്കാൾ വലിയ സാഹചര്യങ്ങളിൽ നിന്ന് വരുന്ന ഭാര്യക്കു മുമ്പിൽ സ്വർണ്ണത്തളികയിൽ കിട്ടിയാലും തനിക്ക് ഇതൊന്നും വലുതല്ല എന്ന മട്ടിലുള്ള ഒരു അവജ്ഞയുണ്ടാകും. താൻ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് വേണ്ടത്ര മതിപ്പ് ലഭിക്കാതെ വരുമ്പോൾ ഭർത്താവിന്റെ മനസ്സിൽ ഒരു തരം മുരടിപ്പുണ്ടാവും. രണ്ടാമത്തേത്, ഭാര്യയെ ആനന്ദിപ്പിക്കുവാൻ നിരന്തരമായി ശ്രമിക്കുന്ന ഭർത്തവിന്റെ ആത്മനിർവൃതിയാണ് ഭാര്യ മാന്യമായി സ്വീകരിക്കുകയും സംതൃപ്തി രേഖപ്പടുത്തുകയും അതു വഴി തന്റെ വിധേയത്വ ഭാവം പ്രകടിപ്പിക്കുകയും ചെയ്യുകയാണ് എങ്കിൽ ഭർത്താവ് നിയന്ത്രണങ്ങൾ മറക്കുക തന്നെചെയ്യും.



ഉമ്മു സർഅ് തുടരുകയാണ്. അബൂ സർഇന്റെ ഉമ്മ; അവരെ അറിയുമോ?, വിശാലമായ വീടും നിറഞ്ഞു കുമിഞ്ഞ ചരക്കുകളും ഉള്ള ഒരു(ആഢ്യയായ) സ്ത്രീയാണവർ. അബൂ സർഇന്റെ മകനോ; ഒരു പായക്കീറുമതി അവനു കിടക്കുവാൻ ( അത്ര മെലിഞ്ഞിട്ടാണ്.) നാലു മാസം മാത്രം പ്രായമുള്ള ഒരു ചെറിയ ആട് മതി അവന്റെ വയർ നിറക്കുവാൻ. അബൂ സർഇന്റെ മകളോ; പിതാവിനെയും മതാവിനെയും നന്നായി അനുസരിക്കുന്നവളാണ്. ധാരാളം വസ്ത്രങ്ങളുള്ളവളും അയൽക്കാരിയെ അസൂയപ്പെടുത്തുന്നവളുമാണ്. അബൂ സർഇന്റെ വേലക്കാരിയോ; വീട്ടിലെ ഒരു വർത്തമാനവും പുറത്ത് പാടി നടന്ന് പരത്തില്ല. ഞങ്ങളുടെ അന്നം കട്ടുകടത്തുകയുമില്ല. വീട്ടിൽ അഴുക്കുകളും മാലിന്യങ്ങളും ഒരിക്കലും അവശേഷിപ്പിക്കയുമില്ല...



കുടുംബം ഒരു പൂങ്കാവനമാകുന്നത് ഇങ്ങനെയാണ്. ഭാര്യയും ഭർത്താവും ശരിയായി ചേരുന്നതോടെ ആ പരിമളവും സുഗന്ധവുമെല്ലാം എല്ലാ ഘടകങ്ങളിലും വന്നു വീഴുന്നു. പിന്നെ അവയൊക്കെയും പൂങ്കാവനത്തിലെ അംഗങ്ങായി മാറുന്നു. കുടുംബത്തിന്റെ ആണിക്കല്ലായ ദമ്പതികളുടെ ഗുണങ്ങളുടെ പ്രതിരൂപങ്ങളായി അവ മാറുന്നു. ഉമ്മു സർഇന്റെ ഭർതൃമാതാവിനെ കുറിച്ച് പറയുമ്പോൾ വല്ലാത്തൊരു അഭിമാനബോധത്തിലാണ് അവൾ. ആഢ്യയും പ്രൌഢ്യയും ആയ ഒരു മാന്യ വനിത. അമ്മായി അമ്മ ഈ കുടുംബിനിക്ക് ഒരസ്വസ്തതയല്ല, ഒരു പ്രചോദനമാണ്. മക്കൾ മുതൽ വേലക്കാരി വരെ ഉമ്മു സർഇന്റെ സ്നേഹക്കൂടാരത്തിൽ പരിലസിക്കുന്നു. ഈ ഘടകങ്ങളെല്ലാം അവരെ വാചാലമാകുന്നു.



ഉമ്മു സർഅ് തുടർന്നു : ഒരു ദിവസം പാൽ കടയുന്ന സമയത്ത് അബൂ സർഅ് പുറത്ത് പോയി. വഴിയിൽ അദ്ദേഹം ഒരുത്തിയെ കണ്ടുമുട്ടി. അവളോടൊപ്പം നരികൾ പോലുള്ള രണ്ടു മക്കളുണ്ട്. അവർ അവളുടെ അരക്കെട്ടിനടുത്തിരുന്ന് റുമ്മാൻ പഴങ്ങൾ കൊണ്ട് കളിച്ചു കൊണ്ടിരിക്കുകയാണ്. അങ്ങനെ അബൂ സർഅ് എന്നെ വിവാഹ മോചനം ചെയ്തു. അവളെ അദ്ധേഹം വിവാഹം ചെയ്തു.



ഉമ്മു സർഇന്റെ ജീവിതം ആകസ്മികമെന്നോണം ഒരു പ്രതിസന്ധിയുടെ മുമ്പിലെത്തിപ്പെടുകയാണ്. ജീവിതത്തിന്റെ എല്ലാ ഐശ്വര്യങ്ങളുടെയും മടിത്തൊട്ടിലിൽ കിടക്കുകയായിരുന്ന ഉമ്മു സർഇന് ഇങ്ങനെ ഒരനുഭമുണ്ടാകുന്നതിന് മുമ്പിൽ നാം ഉൾക്കൊള്ളാനാവാതെ നിന്നിട്ടു കാര്യമില്ല. അനുഗ്രഹങ്ങളും നിയോഗങ്ങളും അവയിലെ കൈപ്പും മധുരവുമെല്ലാം നാമുണ്ടാക്കുന്നതല്ല. അവയെല്ലാം ദൈവികം മാത്രമാണ്. ആ വിധികൾക്ക് വിധേയരാവാതിരിക്കുവാൻ ഒരു നിലക്കും കഴിയില്ല. അബൂ സർഇന്റെ കാപട്യമായിരുന്നു സ്നേഹമെല്ലാം എന്നു കരുതേണ്ടതുമില്ല. ഒരു സാഹചര്യം ഉണ്ടാവുന്നു. അത് അബൂ സർഇന്റെ ജീവിതഗതി മാറ്റിമറിക്കുന്നു. കുറ്റപ്പെടുത്താനാവാത്ത ഒരു നിയോഗം.



ഉമ്മു സർഅ കണ്ണീരിൽ കുതിർന്ന തന്റെ കയ്പനുഭവങ്ങളിലേക്ക് കടന്നു. അവൾ പറഞ്ഞു: അബൂ സർഅ് അവളെ വിവാഹം ചെയ്തു. അതേ സമയം എന്നെ പണക്കാരനായ മറെറാരാൾ വിവാഹം ചെയ്തു. ധീരനായ ഒരാൾ. അദ്ദേഹം എനിക്കുമേൽ സമ്പന്നമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞു. എനിക്കദ്ദേഹം എല്ലാ മണവും ഒത്ത ജോഡികൾ തന്നു. അദ്ദേഹം എന്നോട് പറഞ്ഞു: ഉമ്മു സർഅ് കഴിക്കൂ, നിന്റെ കുടുംബത്തേയും കഴിപ്പിക്കുക... പക്ഷേ, അദ്ദേഹം തരുന്ന എല്ലാം സ്വരുക്കൂട്ടിയാലും അത് അബൂ സർഅ് തന്ന ഏറ്റവും ചെറിയ പാത്രത്തിലുള്ളതിന് സമാനമാവുകയില്ല തന്നെ..



പതിനൊന്നു കുടുംബിനികളുടെയും അനുഭവങ്ങളെ കവച്ചുവെച്ച് കണ്ണും മനസ്സും വിവിധ വികാരങ്ങളുടെ നനവുപറ്റിയ പ്രതലത്തിലെ സമാപ്ത ബിന്ദുവിൽ ചെന്നു നിന്നപ്പോൾ സാകൂതം കഥ കേട്ടിരിക്കുകയായിരുന്ന നബി(സ) തിരുമേനി ആയിശ(റ)യോട് പറഞ്ഞു: ഞാൻ നിനക്ക് ഉമ്മു സർഇന്റെ അബൂ സർഇനെ പോലെയാണ്. അതുകേട്ടതും തെല്ലാശങ്കോടെയെന്നോണം ആയിശ(റ പറഞ്ഞു; അല്ല, നബിയേ താങ്കൾ അബൂ സർഇനേക്കാൾ ഉത്തമനാണ്. നബി പറഞ്ഞു: തീർച്ചയായും. പക്ഷെ, അബൂസർഇനെ പോലെ ഞാൻ നിന്നെ വിവാഹമോചനം ചെയ്യുകയില്ല. (ബുഖാരി, മുസ്ലിം, നസാഈ, തിർമുദി)







0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso