Thoughts & Arts
Image

തിഹാമയിലെ രാക്കുളിർ 4

20-12-2022

Web Design

15 Comments

തിഹാമയിലെ രാക്കുളിർ 4



ചുരുക്കത്തിൽ, ആറു കാര്യങ്ങളിലാണ് പൊരുത്തം നോക്കുന്നത്. സ്വാതന്ത്രം, ചാരിത്രശുദ്ധി, മതചിട്ട, തറവാട്, ഹീനമായ തൊഴിലിൽ നിന്നും നികാഹിനെ ദുർബലപ്പെടുത്താൻ മാത്രം വഴി വെക്കുന്ന ന്യൂനതയിൽ നിന്നും മുക്തി എന്നിവയാണവ. (ഫത്ഹുൽ മുഈൻ).



10 കടമകൾ കടപ്പാടുകൾ



നേരത്തെ പറഞ്ഞ മുൻകരുതലുകളും ശ്രദ്ധകളും എല്ലാം പിന്നിട്ട് ചടങ്ങുകൾ പൂർത്തിയാക്കി ദമ്പതിമാർ പിന്നെ ജീവിതം തുടങ്ങുകയാണ്. മുൻകരുതലുകൾ എടുത്തിട്ടുണ്ടെങ്കിലും കുടുംബ നൗക എപ്പോഴും ആടുകയും ഉലയുകയും ചെയ്യാം. അതുണ്ടാവാതിരിക്കുവാൻ ഇസ്ലാം ഭാര്യക്കും ഭർത്താവിനും പരസ്പരം പാലിക്കാനുള്ള ചില കടമകൾ നൽകി. അവ കൃത്യമായി പാലിക്കുന്ന പക്ഷം ഒരു കുടുംബവും തകരുകയില്ല. ഈ കടമകളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറെ ചുമതലപ്പെട്ടതും പുരുഷന്റേതാണ്. അവനിലാണ് കടുംബത്തെ സംരക്ഷിക്കാനുളള ബാധ്യത ചുമതലപ്പെടുത്തപ്പെട്ടിട്ടുള്ളത്. കുടുംബ സംരക്ഷികേണ്ടത് അവനാണ് എന്ന് പറഞ്ഞാൽ അന്നവും വസ്ത്രവും പാർപ്പിടവും നൽകുക എന്നതിൽ മാത്രം ഒതുങ്ങുകയില്ല. മറിച്ച് അവൻ അതേ ലക്ഷ്യത്തിനും ദൗത്യത്തിനും വേണ്ടി തന്റെ കടമകൾ നിർവ്വഹിക്കുക കൂടി ചെയ്യണം. പുരുഷന്റ അഥവാ ഭർത്താവിൻറെ ഉത്തരവാദിത്തങ്ങളിൽ വളരെ പ്രധാനപ്പെട്ടവയെ നമുക്ക് അഞ്ച് ശീർഷകങ്ങളാക്കാം.



1. സംരക്ഷണം.



ഒരു കുടുംബത്തിന് മേൽനോട്ടം വഹിക്കാനുള്ള പുരുഷന്റെ ശാരീരികവും മാനസികവുമായ പ്രത്യേകതകൾ നേരത്തെ വിശദീകരിച്ചു. ആ ഗുണങ്ങളെല്ലാം ഒത്തുചേർന്നത് കൊണ്ടുതന്നെ കുടുംബത്തിന്റെ നിയന്ത്രണാധികാരം ക്രിയാത്മകമായി ഉപയോഗിക്കാൻ പുരുഷൻ സന്നദ്ധമാകേണ്ടതുണ്ട്. ഒരു പദവി അല്ലെങ്കിൽ അവകാശം എന്നതിലുപരി ഒരു ഉത്തരവാദിത്തമാണ് പുരുഷന് കുടുംബത്തിനു മേലുള്ള രക്ഷാകർതൃത്വം. പുരുഷന്റെ നായകത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് തന്നെ അവർ തങ്ങളുടെ സമ്പത്ത് ചെലവഴിക്കുന്നതിനാലും എന്നുകൂടി ഖുർആൻ പറയുന്നുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ചുമതല വഹിക്കേണ്ടത് പുരുഷന്റെ ബാധ്യതയാണെന്ന് ഇതിൽനിന്ന് മനസ്സിലാക്കുവാൻ സാധിക്കും. ഇതിൽ സ്വാഭാവികമായും പെട്ടതാണ് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം മുതലായവ. അല്ലാഹു അറിയിക്കുന്നു: അവർക്ക് മര്യാദപ്രകാരം ഭക്ഷണവും വസ്ത്രവും നൽകാൻ കുട്ടിയുടെ പിതാവ് കടപ്പെട്ടവനാണ് (ഖുർആൻ 2:233). ഒരാൾക്ക് തന്റെ ഭാര്യയോടുള്ള ബാധ്യതകൾ എന്തൊക്കെയാണെന്ന് പ്രവാചകൻ(സ)യോട് ഒരു അനുചരൻ ഒരിക്കൽ ചോദിച്ചപ്പോൾ പ്രവാചകൻ(സ) ഇങ്ങനെ പ്രതിവചിച്ചു: നീ ആഹരിക്കുന്നുവെങ്കിൽ അവളെയും ആഹരിപ്പിക്കുക, നീ വസ്ത്രം ധരിക്കുന്നുവെങ്കിൽ അവൾക്കും വസ്ത്രം നൽകുക, മുഖത്ത് അടിക്കാതിരിക്കുക, പുലഭ്യം പറയാതിരിക്കുക, കിടപ്പറയിൽ വെച്ചല്ലാതെ അവളുമായി വിട്ടുനിൽക്കാതിരിക്കുക (അബൂദാവൂദ്).



ഈ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം ഒന്നു കൊണ്ട് തന്നെയാണ് തന്റെ ഹജ്ജ് വേളയിൽ നടത്തിയ വിഖ്യാതമായ വിടവാങ്ങൽ പ്രസംഗത്തിൽ പ്രവാചകൻ(സ) ഇങ്ങനെ അരുൾചെയ്തത്: സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക, മര്യാദപ്രകാരം ഭക്ഷണവും വസ്ത്രവും നൽകൽ നിങ്ങൾക്ക് അവരോടുള്ള ബാധ്യതയാകുന്നു (മുസ്ലിം). ഭർത്താവ് ന്യായമായ നിലയിൽ ചെലവിനു നൽകുന്നില്ലെങ്കിൽ മിതമായ നിലയിൽ അയാളുടെ ധനം എടുത്തുപയോഗിക്കാൻ വരെ ഭാര്യക്ക് അവകാശമുണ്ട്. ആയിശ(റ) പറയുന്നു: അബൂസുഫിയാന്റെ ഭാര്യ ഹിന്ദ് ഒരിക്കൽ നബി(സ)യോട് പരാതി പറഞ്ഞു: അബൂസുഫിയാൻ പിശുക്കനാണ്. എനിക്കും കുട്ടികൾക്കും ആവശ്യമായത് നൽകാറില്ല. അദ്ദേഹം അറിയാതെ ഞാൻ അദ്ദേഹത്തിന്റെ മുതലിൽ നിന്ന് എനിക്ക് വേണ്ടത് എടുക്കുന്നത് തെറ്റാണോ ?. അപ്പോൾ അവിടുന്ന് പറഞ്ഞു: നിനക്കും കുട്ടികൾക്കും ന്യായമായ ആവശ്യത്തിനു അനിവാര്യമായത് എടുത്തുകൊള്ളുക (ബുഖാരി, മുസ്ലിം). അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം: താൻ ചെലവിനു കൊടുക്കാൻ കടപ്പെട്ടവരെ അവഗണിക്കുന്നത് ഗുരുതരമായ പാപമാണ് (അബൂദാവൂദ്). ഇതിന്റെ മറുവശവും നബി(സ) പറയുന്നുണ്ട്. അഥവാ സ്വന്തം കുടുംബത്തിന് അന്നം കൊടുക്കുന്നത് പ്രതിഫലാർഹമാണ് എന്ന്. നബി(സ) പറഞ്ഞു: അല്ലാഹുവിൻറെ മാർഗത്തിൽ ചെലവഴിച്ച ദീനാർ, അടിമയുടെ മോചനത്തിന് വിനിയോഗിച്ച ദീനാർ, അഗതിക്ക് വേണ്ടി ചെലവഴിച്ച ദീനാർ, ഭാര്യക്ക് വേണ്ടി വിനിയോഗിച്ച ദീനാർ ഇവയിൽ ഏറ്റവും അധികം പ്രതിഫലം ലഭിക്കുക ഭാര്യക്ക് വേണ്ടി ചെലവഴിച്ച ദീനാറിനാണ് (മുസ്ലിം). ഇതേ ആശയത്തിലുള്ള മറ്റൊരു ഹദീസ് അബൂമസ്ഊദ് (റ)വിൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നബി(സ) പറയുന്നു: അല്ലാഹുവിൻറെ പ്രതിഫലം പ്രതീക്ഷിച്ച് ആരെങ്കിലും തന്റെ കുടുംബത്തിനു വേണ്ടി ചെലവഴിക്കുന്നു വെങ്കിൽ അതും അവന്റെ ദാനമായി പരിഗണിക്കുന്നതാണ് (ബുഖാരി,മുസ്ലിം).



2. സ്നേഹം



ദയയും വാത്സല്യവും വൈകാരികതയും സ്ത്രീ മനസ്സിന്റെ പ്രത്യേകതകളാണ്. അതുകൊണ്ടുതന്നെ അവളുടെ മനസ്സിന് സ്നേഹവും കരുതലും കിട്ടേണ്ടത് അനിവാര്യമാണ്. അവളുടെ ദാഹം എപ്പോഴും അതിനു വേണ്ടിയായിരിക്കും. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സ്വന്തം മാതാപിതാക്കളെയും ഉറ്റവരെയും വിട്ട് അതുവരെ അന്യനായിരുന്ന ഒരാളുടെ കൂടെ ജീവിക്കാൻ തയ്യാറായ അവളോട് പ്രണയാർദ്രമായ സ്നേഹ സമീപനം പുലർത്താൻ ഭർത്താവിന് സാധിക്കേണ്ടതുണ്ട്. ഭർത്താവിന്റെ സ്നേഹവും പരിലാളനയും കുറയുന്നുവെന്ന് ഭാര്യക്ക് തോന്നിത്തുടങ്ങുമ്പോൾ മുതൽ മാനസികമായി അവൾ തളരാൻ തുടങ്ങും. ഭൗതിക മേഖലയിൽ തകർന്ന കുടുംബങ്ങളുടെ ഉദാഹരണങ്ങൾ ഉദ്ധരിച്ചതിന്റെ വരികൾക്കിടയിൽ നിന്നും ഇത് കണ്ടെത്താൻ കഴിയും. പുതിയ കാമുകിയുമായുള്ള ബന്ധങ്ങൾ പുറത്ത് വന്നതോടെ താൻ ഭർത്താവിന്റെ സ്നേഹ ലോകത്തിൽ നിന്ന് പുറത്തായിരിക്കുന്നു എന്ന തോന്നലായിരുന്നു വെയിൽസിലെ രാജകുമാരന്റെയും ആമസോൺ മുതലാളിയുടെയും താലി അറുക്കാൻ കാരണമായത്. ജെയിൻ വൈൽഡിന്റെ കാര്യവും അങ്ങനെത്തന്നെ. സ്റ്റീഫൻ ഹോക്കിൻസ് സ്വന്തം പരിചാരകയിലേക്ക് അടുക്കുന്നതായിരുന്നു കാരണം. ആധുനിക അനുഭവങ്ങളിൽ തകർച്ചയിലേക്ക് വീണതോ വീഴാൻ പാകത്തിൽ നിൽക്കുന്നതോ ആയ കുടുംബങ്ങളിലൊക്കെയും വില്ലൻ സ്നേഹക്കുറവാണ്. ഭാര്യയെ മനസ്സ് നിറയെ സ്‌നേഹിക്കാന്‍ ഭര്‍ത്താവിനും നേരെ മറിച്ചും കഴിയാതെ വരുന്നു. ഓരോ കുടുംബങ്ങളിലെയും കേസുകൾ വ്യത്യസ്ഥമാകാമെങ്കിലും കാരണം ഇത് ഒന്ന് മാത്രമാണ്.



ഒറ്റയടിക്ക് സ്നേഹം അപ്രത്യക്ഷമാവുകയല്ല ചെയ്യുന്നത്. ക്രമേണ കുറഞ്ഞു വന്ന് ഇല്ലാതെയാവുകയാണ്. ഇത്തരമൊരു സ്വഭാവമായതിനാൽ ഇതിനുളള പരിഹാരം അകലെയാണ്. ഒറ്റയടിക്ക് ഇല്ലാതെയാകുന്നത് ഒറ്റയടിക്ക് തന്നെ പുനസ്ഥാപിച്ച് പരിഹരിക്കാം. ഇതിന്റെ ഘട്ടങ്ങളെ നമുക്ക് പ്രധാനമായും മൂന്നായി തിരിക്കാം. പരസ്പര സംഭാഷണം കുറയുന്നതാണ് ആദ്യഘട്ടം. വിവാഹത്തിന് മുമ്പ് വിവാഹ നിശ്ചയം നടന്നതുമുതല്‍ വാതോരാതെ, ഇടമുറിയാതെ സംസാരിച്ചിരുന്നവരും വിവാഹത്തിന്റെ ആദ്യനാളുകളില്‍ കളിയും തമാശയുമായി ഉല്ലസിച്ചവരും കുറച്ച് നാള്‍ കഴിയുന്നതോടു കൂടി മടുപ്പിന്റെ തലത്തിലെത്തുന്നു. ക്രമേണ ദിവസത്തില്‍ ഒരു തവണ പോലും സ്വന്തം ഭാര്യയോട് സംസാരിക്കാതെയാകുമ്പോൾ അതിനു കാരണമായി മറവിയെന്നോ മറ്റോ പറഞ്ഞ് രക്ഷപ്പെടുവാനാണ് ഭർത്താവ് ശ്രമിക്കുക. അല്ലെങ്കില്‍ ജീവിതത്തിന്റെ തിരക്കുകളെ കുറ്റപ്പെടുത്തി കൈകഴുകും. രണ്ടാം ഘട്ടം ഭർത്താവ് നിരന്തരമായും പ്രത്യക്ഷത്തിൽ അകാരണമായും വീട്ടിൽ നിന്ന് മാറി നിന്നു തുടങ്ങും. ചോദിച്ചാൽ പ്രത്യേകിച്ചൊന്നും കാരണമായ പറയാൻ കഴിയാതെ കക്ഷി നിന്നു പരുങ്ങും. ഭാര്യയുടെ കുറ്റങ്ങള്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുറ്റങ്ങള്‍ ഭാര്യയും തേടിപ്പിടിക്കുന്നതാണ് മൂന്നാം ഘട്ടം. കുറവുകൾ മാത്രം കാണാനായിരിക്കും ഈ ഘട്ടത്തില്‍ ഇരുവര്‍ക്കും താല്‍പര്യം. ഇവ്വിഷയകമായി ഒരു പ്രവാചക വചനമുണ്ട്. വിശ്വാസിനിയായ ഒരു സ്ത്രീയുടെ ഒരു സ്വഭാവം നിന്നെ മടുപ്പിക്കുന്നുവെങ്കില്‍, നിന്നെ തൃപ്തനാക്കാന്‍ പോന്ന ഗുണവും അവളുടെ പക്കലുണ്ട്.



ഇതിനെതുടര്‍ന്ന് വരുന്ന ഘട്ടം കൂടുതൽ വ്യക്തമായ അകൽച്ച പ്രകടമാകുന്നതാണ്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഒരേ വിരിപ്പില്‍ സ്‌നേഹപൂര്‍വം കിടന്നിരുന്നവര്‍, പരസ്പരം ചേര്‍ന്നിരിക്കാന്‍ തന്നെ മടിക്കുന്നു. കിടപ്പറയില്‍ പോലും മാനസികമായ അകല്‍ച്ചയുടെ നിഴല്‍ വരുന്നു.
ഇത് പിന്നെയും വളരുക പരസ്പരമുളള വഞ്ചനയിലേക്കാണ്. പരസ്ത്രീ, പരപുരുഷ ബന്ധത്തിലേക്ക്. ഇതിന്റെയെല്ലാം കാരണം സ്നേഹം ഇല്ലാതാകുന്നതാണ്. സ്നേഹം അണയാതെ മനസ്സുളളിൽ സൂക്ഷിക്കുന്ന കുടുംബങ്ങളാവട്ടെ, ഒരു താളപ്പിഴയുമില്ലാതെ ജീവിത കാലം മുഴുവനും അനുഭവിച്ചും ആസ്വദിച്ചും ജീവിക്കുന്നു. മരണത്തിന് ശേഷം പോലും ആ സ്നേഹത്തിന് ഒരു മങ്ങലുമേൽക്കില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഖദീജാ ബീവിയും നബി(സ) യും തമ്മിലുള്ള സ്നേഹം. മരണത്തിന് ശേഷം പോലും ആ സ്നേഹ ചൂടിന് ഒരു കുറവും വന്നിട്ടില്ലായിരുന്നു. മക്കാവിജയദിനത്തില്‍ പ്രവാചകനെ സല്‍ക്കരിക്കാനും ആതിഥ്യമരുളാനും മത്സരിച്ചവരെ വകഞ്ഞു മാറ്റി ഖദീജ(റ)യുടെ വിയോഗാനന്തരം 11 വര്‍ഷം പിന്നിട്ട് മക്കയിലെത്തിയ പ്രവാചകന്‍ പറഞ്ഞത്, ഞാന്‍ ഖദീജയുടെ ഖബ്‌റിടത്തിങ്കല്‍ പോയിട്ട് വരാം എന്നാണ്. ഖദീജ(റ) മരണപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞ് ഒരു സ്വഹാബി വനിത പ്രവാചകനെ സമീപിച്ച് ചോദിച്ചു: പ്രവാചകരേ, താങ്കളുടെ ഈ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ താങ്കള്‍ ഒരു വിവാഹം കഴിക്കുന്നില്ലേ? ഒരുപാട് നേരത്തെ നിശ്ശബ്ദതക്ക് ശേഷം തലതാഴ്ത്തി കണ്ണീര്‍ വീഴ്ത്തി തന്റെ പ്രിയപത്‌നിയെക്കുറിച്ച് പ്രവാചകന്‍(സ) പറഞ്ഞതിങ്ങനെ: ഖദീജക്ക് ശേഷം പകരം വെക്കാന്‍ ആരുണ്ട്? തന്റെ സ്‌നേഹനിധിയായ ഭാര്യ മരണശേഷവും മനസ്സില്‍ തങ്ങി നില്‍ക്കുന്നതിന്റെ നേര്‍ക്കാഴ്ചയാണിതെല്ലാം.

മരണം കാത്തുകിടക്കുന്ന പ്രഥമ ഖലീഫ അബൂബക്കര്‍(റ) തന്റെ പ്രിയപത്‌നിയായിരിക്കണം തന്റെ മയ്യിത്ത് കുളിപ്പിക്കേണ്ടത് എന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. എന്തിനാണ് ഇപ്രകാരം വസ്വിയ്യത്ത് എന്ന് ചോദിച്ചവരോട് മറുപടിയായി അദ്ദേഹം പറഞ്ഞു: അതാണ് എന്റെ മനസ്സിന് ഏറ്റവും പ്രിയങ്കരം. വസ്വിയ്യത്ത് പോലെ അദ്ദേഹത്തിന്റെ പത്‌നി അസ്മാഅ് ബിന്‍ത് ഗുമൈസ്(റ) തന്നെ അദ്ദേഹത്തെ കുളിപ്പിക്കുകയും ചെയ്തു. നബി (സ) പറഞ്ഞു: നിങ്ങളിൽ ഏറ്റവും നല്ലവർ തങ്ങളുടെ ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കുന്നവരാണ് (അഹ്മദ്, തിർമുദി).



3. ബഹുമാനം



ദാമ്പത്യ ബന്ധം എന്നത് കേവലം ശാരീരികമോ മാനസികമോ ആയ ബന്ധങ്ങൾ മാത്രമല്ല, മറിച്ച് ഭാര്യയിൽ നിന്ന് ഭർത്താവിനും ഭർത്താവിൽ നിന്ന് ഭാര്യക്കും പലതും ലഭിക്കുവാനുണ്ട്. അവ അധികവും ജീവിതത്തിലേക്ക് വേരിറങ്ങുന്നവയാണ്. ഇതിൽ ഭാര്യയിൽ നിന്ന് ഭർത്താവിന് ലഭിക്കുന്നത് പൊതുവെ മറ്റാർക്കും നൽകാൻ കഴിയാത്ത കാര്യങ്ങളാണ്. മക്കൾ ഒരു ഉദാഹരണം. മക്കളുടെ ശിക്ഷണം മറ്റൊന്ന്. ഏറ്റവും വലിയ വേദനയും ക്ലേശവും സഹിച്ചാണ് ഓരോ ഭാര്യയും അതു നൽകുന്നത്. അതിന്റെ പേരിൽ അവളെ സ്നേഹിച്ചാൽ മാത്രം പോരാ, ബഹുമാനിക്കു ക കൂടി വേണം. ഇക്കാര്യം ഇസ്ലാമിന്റെ വലിയ താൽപര്യം കൂടിയാണ്. അതിന് ഒരു ഉദാഹരണം പറയാം. അനുവദനീയമായ കാര്യങ്ങളിൽ അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ളതും കോപമുള്ളതുമാണല്ലോ വിവാഹമോചനം. നിലവിലുള്ള ഇണയുമായി ഒരു നിലക്കും മുന്നോട്ടുപോകാൻ കഴിയാതെ വരുമ്പോഴാണ് ദമ്പതികൾക്ക് മതം വിവാഹമോചനത്തിനുള്ള അനുവാദം നൽകുന്നത്. എന്നാൽ ആ സമയത്ത് ബഹുമാനസൂചകമായി മാന്യമായ പാരിതോഷികം നൽകണമെന്നും ഖുർആൻ അനുശാസിക്കുന്നുണ്ട് (2: 241). ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഇത് മതാഅ് എന്നറിയപ്പെടുന്നു. നമ്മുടെ സാഹചര്യത്തിൽ ഇത് ജീവനാംശം എന്ന പേരിൽ വ്യവഹരിക്കപ്പെട്ടു എങ്കിലും ആ വാക്കിനേക്കാൾ വലിയ അർഥതലം അതിനുണ്ട്. വിവാഹ മോചിതയാകുന്ന സ്ത്രീക്ക് ഭർത്താവ് സന്തോഷത്തോടെ അവളോടുളള ബഹുമാനം കൽപ്പിച്ച് നൽകുന്ന സമ്മാനവും പാരിതോഷികവുമാണിത്. കാരണം തന്റെ ഭർത്താവിന്റെയും മക്കളുടെയും ഉയർച്ചക്ക് വേണ്ടി സ്വന്തത്തെക്കാളുപരി അവൾ ഏറെ പരിശ്രമിച്ചിട്ടുണ്ട്. അവൾ ചെയ്യുന്ന പ്രവർത്തനങ്ങളുടെ മഹത്വവും വലുപ്പവും തിരിച്ചറിയുക, അത് അംഗീകരിക്കുക, വ്യത്യസ്ത മേഖലകളിൽ നിന്ന് അവൾക്ക് നേരെ വരാൻ സാധ്യതയുള്ള പീഢകളെ പ്രതിരോധിക്കുന്ന പടച്ചട്ടയായി മാറുക എന്നൊക്കെയാണ് ഭാര്യയോടുള്ള ബഹുമാനം കൊണ്ട് അർത്ഥമാക്കുന്നത്.



4. ക്ഷമ, സഹനം, വിട്ടുവീഴ്ച



അധിക വിവാഹമോചനങ്ങളുടെയും ദാമ്പത്യ പിണക്കങ്ങളുടെയും അടിസ്ഥാനകാരണം നിസ്സാരകാര്യങ്ങൾ വെച്ചുളള വഴക്കുകളും ആ വഴക്കിൽ നിന്നുണ്ടാകുന്ന ദേഷ്യവും ആയിരിക്കും. മറ്റു പല വികാരങ്ങളെയും പോലെ സ്രഷ്ടാവ് മനുഷ്യപ്രകൃതിയിൽ നിക്ഷേപിച്ച വികാരമാണ് ദേഷ്യവും. എന്നാൽ അത് പ്രകടിപ്പിക്കുന്നതിന് ചില മാർഗനിർദേശങ്ങൾ അവൻ നൽകിയിട്ടുണ്ട്. അവയ്ക്കതീതമായി പ്രവർത്തിക്കുമ്പോൾ അത് ശരീരത്തെയും മനസ്സിനെയും അതിലുപരി പരലോക ജീവിതത്തെയും ദോഷകരമായി ബാധിക്കുന്നതായിരിക്കും.
നന്മയും തിന്മയും സമമല്ല. അതിനാൽ ഏറ്റവും നല്ലത് കൊണ്ട് തിന്മയെ നീ തടുക്കുക. അപ്പോൾ നീയും ആരും തമ്മിൽ ശത്രുതയുണ്ടോ അവൻ നിന്റെ ഉറ്റസ്നേഹിതനെ പോലെ ആകുന്നതാണ് (ഖുർആൻ: 41: 34) എന്നാണ് ഖുർആനിന്റെ പ്രസ്താവം. വിവാഹത്തിലൂടെ ഒന്നായിത്തീരുന്നത് രണ്ട് ജീവിതങ്ങളാണ്. ഈ രണ്ടു ജീവിതങ്ങൾ കരുപ്പിടിപ്പിച്ചതും വളർന്നതും വ്യത്യസ്ഥമായ പരിതസ്ഥിതികളിലാണ്. അതിനാൽ ഓരോ കാര്യത്തോടുമുള്ള സമീപനവും വ്യത്യസ്ഥമായിരിക്കാം. ഒരു വിഷയം വരുമ്പോൾ അതിനെ ഉൾക്കൊളളുന്ന രീതിയിലാണ് ഈ വ്യത്യസ്ഥത പ്രതിഫലിക്കുക. അതിനാൽ നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബത്തിൽ ദമ്പതികൾക്കിടയിൽ വലിയ പൊട്ടിത്തെറികൾ ഉണ്ടായെന്നു വരും. അത്തരം സാഹചര്യങ്ങളിൽ തൻമയത്വത്തോടെ ഉൾക്കൊളളാൻ മനക്കരുത്തും ശേഷിയും ഉണ്ടാവുക പുരുഷനാണ്. അതിനാൽ അവന് ക്ഷമ, സഹനം, വിട്ടുവീഴ്ച തുടങ്ങിയ വേണം. അവ ഇല്ലെങ്കിൽ കുടുംബം അശാന്തിയുടെ തുരുത്തായി മാറും.



5. ശിക്ഷണം



അല്ലാഹു പറയുന്നു: പുരുഷന്മാര്‍ സ്ത്രീകളുടെമേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു (4:34). പുരുഷന്മാര്‍ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട് (2:228). ആദ്യത്തെ സൂക്തത്തില്‍ പുരുഷന്‍ സ്ത്രീയുടെ മേല്‍ ഖവ്വാം ആണ് എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഒരാളുടെയോ സ്ഥാപനത്തിന്റെയോ കാര്യങ്ങള്‍ യഥോചിതം കൊണ്ടുനടക്കുകയും മേല്‍നോട്ടം വഹിക്കുകയും അതിനാവശ്യമായത് സജ്ജീകരിക്കുകയും ചെയ്യുന്ന വ്യക്തിക്കാണ് അറബിയില്‍ ഖവ്വാം എന്നും ഖയ്യിം എന്നുമെല്ലാം പറയുന്നത്. അത് ഒരു അവകാശത്തേക്കാളധികം ഉത്തരവാദിത്തത്തെയാണ് ദ്യോതിപ്പിക്കുന്നത്. സ്ത്രീയും കുട്ടികളും അടങ്ങുന്ന കുടുംബമെന്ന സ്ഥാപനത്തിന്റെ നിയന്ത്രണാധികാരം, അതല്ലെങ്കില്‍ നിയന്ത്രണത്തിനുള്ള ഉത്തരവാദിത്തം പുരുഷനിലാണ് നിക്ഷിപ്തമായിരിക്കുന്നത് എന്നാണ് പ്രസ്തുത സൂക്തത്തിന്റെ സാരം.
കുടുംബത്തിൻറെ മേൽനോട്ട ചുമതല പുരുഷന് നിർബന്ധമാക്കുകയും അതിൽ വീഴ്ച വരുത്തുന്നത് ഗുരുതരമായ പാപമായി കാണുകയും ചെയ്യുന്ന ഇസ്ലാം ഇണകളും മക്കളും ഒരു പരീക്ഷണം കൂടിയാണെന്ന് ഉണർത്തുന്നുണ്ട്. അല്ലാഹു പറയുന്നു: വിശ്വാസികളേ, നിങ്ങളുടെ ഇണകളിലും സന്താനങ്ങളിലും നിങ്ങൾക്ക് ശത്രുക്കളുണ്ട്. അവരെ സൂക്ഷിക്കണം. നിങ്ങൾ വിട്ടുവീഴ്ച ചെയ്യുകയും സഹിഷ്ണുത കാട്ടുകയും മാപ്പ് നൽകുകയുമാണെങ്കിൽ, നിശ്ചയം അല്ലാഹു ധാരാളം പൊറുക്കുന്നവനും കാരുണ്യവുമാകുന്നു. നിശ്ചയം നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ഒരു പരീക്ഷണം മാത്രമാകുന്നു അല്ലാഹുവിങ്കലാണ് മഹത്തായ പ്രതിഫലം (ഖുർആൻ 64: 14,15) ഈ ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്താതിരിക്കു വാനുള്ള താക്കീതാണ് ഈ സൂക്തത്തിന്റെ ധ്വനി.

കുടുംബം ഒരാൾക്ക് പരീക്ഷണമായി മാറുന്നത് പ്രധാനമായും രണ്ട് തരത്തിലായിരിക്കുമെന്ന് ഈ വചനത്തെ വിശദീകരിക്കുമ്പോൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഒന്ന്, അല്ലാഹു എൽപ്പിച്ച കുടുംബ നായകത്വമെന്ന ഉത്തരവാദിത്വം കൃത്യമായി ചെയ്തുതീർക്കുന്നതിനു പകരം കുടുംബത്തെ സ്നേഹിക്കാതെയും, മാന്യമായ ഉപജീവനവും പരിരക്ഷയും നൽകാതെയും ഇരിക്കുമ്പോഴുണ്ടാവുന്ന പരലോകത്തെ ശിക്ഷ. രണ്ട്, അല്ലാഹുവിന്റെ വിധിവിലക്കുകളെ വിലമതിക്കുകയോ, തന്റെ ബാധ്യതകളെക്കുറിച്ച് ഓർക്കുകയോ ചെയ്യാത്ത വിധം ഭാര്യയോടും മക്കളോടുമുള്ള സ്നേഹത്തിൽ കെട്ടു പിണഞ്ഞു അലിഞ്ഞുപോവുകയും ഭാര്യയും മക്കളും അയാളെ സ്നേഹത്തിന്റെ കയറിൽ കുടുക്കി നാശത്തിന്റെ പാതയിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്യുക. രണ്ടിനും മധ്യേയുള്ള മാർഗം സ്വീകരിക്കാൻ ഒരു കുടുംബ നാഥന് സാധിക്കേണ്ടതുണ്ട്. അപ്പോഴാണ് അവൻ തന്റെ കടമ നിർവ്വഹിച്ച കുടുംബനാഥനായി മാറുക. കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും ഭൗതിക പുരോഗതിയിൽ എത്രത്തോളം ശ്രദ്ധയൂന്നുന്നുവോ അതിനപ്പുറം അനശ്വരലോകത്തെ മോക്ഷത്തിനു വേണ്ടി പരിശ്രമിക്കാൻ ഒരു പുരുഷന് കഴിയേണ്ടതുണ്ട്. കടമകളും കടപ്പാടുകളും ഏകപക്ഷീയമാവരുത്. അത് അങ്ങോട്ടും ഇങ്ങോട്ടും ഉണ്ടായിരിക്കണം. അല്ലാതെ വന്നാൽ അവിടെ ഒരു ഏകാധിപത്യമാണ് ഉണ്ടാവുക. അതിനാൽ ഭർത്താവിനെ പോലെ ഭാര്യക്കും ഇസ്ലാം കടമകൾ നിശ്ചയിച്ചിട്ടുണ്ട്.
ഭാര്യയുടെ കടമകളിൽ പ്രധാനപ്പെട്ടവയെ നമുക്ക് നാല് പ്രധാന ശീർഷകങ്ങളിൽ സംഗ്രഹിക്കാം.



1. ബഹുമാനവും അനുസരണയും



പുരുഷനിൽ ആധിപത്യ സ്വഭാവമാണ് ഉള്ളത് എന്ന് നാം മുമ്പ് പറഞ്ഞു. ഇതിന്റെ ഭാഗമാണ് അഭിമാനബോധം. ആരെങ്കിലും തന്നെ കുറിച്ച് നല്ലത് പറയുകയോ പ്രശംസിക്കുകയോ ആദരവ് പ്രകടിപിക്കുകയോ ചെയ്യുമ്പോൾ അവൻ ഉണരുകയും ഉൻമേഷവാനാകുകയും ചെയ്യും. വലിയ ഉത്തേജകമാണ് പുരുഷന്മാർക്കു ബഹുമാനം. ഭാര്യയുടെ അടുത്തു നിന്നു ഒരല്പം ബഹുമാനം കിട്ടിയാല്‍ മതി അതയാളെ വല്ലാതെ ഉന്മേഷവാനാക്കും. അതുകൊണ്ട് ഇസ്ലാം ഓരോ ഭാര്യയോടും തന്റെ ഭർത്താവിനോട് അനുസരണവും ബഹുമാനവും കാണിക്കുവാൻ ആവശ്യപ്പെടുന്നു. ഭർത്താവിനോടുള്ള അനുസരണം, ബഹുമാനം എന്നിവ ഒരു സ്ത്രീയുടെ സ്വർഗനരകങ്ങൾ നിർണയിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. ഒരിക്കൽ ഒരു സ്ത്രീയോട് പ്രവാചകൻ (സ) പറഞ്ഞു: ഭർത്താവ് നിന്റെ സ്വർഗവും നരകവുമാണ് (അഹ്മദ്). ആയിശ(റ) പറയുന്നു: സ്ത്രീക്ക് ഏറ്റവും കൂടുതൽ കടപ്പാട് ആരോടാണെന്ന് അന്വേഷിച്ചപ്പോൾ നബി(സ) പറഞ്ഞു: തന്റെ ഭർത്താവിനോട്. അപ്പോൾ ഞാൻ ചോദിച്ചു: പുരുഷന് ഏറ്റവുമധികം ബാധ്യത ആരോടാണ് ? തിരുമേനി(സ) പറഞ്ഞു: മാതാവിനോട് (ഹാകിം). മറ്റൊരിക്കൽ നബി(സ) പറഞ്ഞു: ഒരു മനുഷ്യനോട് മറ്റൊരാൾക്ക് സാഷ്ടാംഗം ചെയ്യാൻ ഞാൻ ആജ്ഞാപിക്കുമായിരുന്നെങ്കിൽ സ്ത്രീയോട് തന്റെ ഭർത്താവിന് സുജൂദ് ചെയ്യാൻ കൽപിക്കുമായിരുന്നു (തിർമുദി). വിശുദ്ധ ഖുർആൻ സദ് വൃത്തകളുടെ സവിശേഷതകൾ വിവരിക്കവെ പറഞ്ഞു: ഉത്തമ വനിതകൾ അനുസരണ സ്വഭാവമുള്ളവരും രഹസ്യങ്ങൾ സൂക്ഷിക്കുന്നവരുമാണ് (ഖുർആൻ: 4:34).



2. സംതൃപ്തി



ദാമ്പത്യ ജീവിതത്തിലെ പ്രധാന ലക്ഷ്യം സംതൃപ്തിയും മന:സമാധാനവും ലഭിക്കുക എന്നതാണ്. അതിനാൽ ഭാര്യ ഭർത്താവിനെ പരമാവധി സംതൃപ്തനാക്കാൻ ശ്രമിക്കണം.
പ്രവാചകൻ (സ) പറഞ്ഞു: ഏതെങ്കിലും ഒരു സ്ത്രീ മരിക്കുമ്പോൾ അവളുടെ ഭർത്താവ് അവളെ സംബന്ധിച്ച് സംതൃപ്തനായിരിക്കുന്നുവെങ്കിൽ അവൾ സ്വർഗത്തിൽ (തിർമുദി). നബി(സ) മറ്റൊരിക്കൽ അരുളി: ഒരാൾ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിക്കുകയും അവൾ വിസമ്മതം കാണിക്കുകയും അതിന്റെ പേരിൽ അവളോട് കോപിച്ച നിലയിൽ രാത്രി കഴിച്ചു കൂട്ടുകയും ചെയ്താൽ പ്രഭാതംവരെ മലക്കുകൾ അവളെ ശപിച്ചു (ബുഖാരി, മുസ്ലിം). നബി പറഞ്ഞു: ഭർത്താവ് തന്റെ ഭാര്യയെ ആവശ്യത്തിന് വിളിച്ചാൽ അവൾ അടുപ്പിനടുത്താണെങ്കിലും ചെന്നുകൊള്ളട്ടെ (തിർമുദി, നസാഈ). സംതൃപ്തി കുടുംബ ജീവിതത്തിന്റെ അടിസ്ഥാനമാണ്. അസംതൃപ്തി കുടുംബത്തെ ഇഞ്ചിഞ്ചായി വധിച്ചുകളയും. വ്യത്യസ്ത അഭിരുചികളും താല്പര്യങ്ങളുമുള്ള ആളായിരിക്കും ഭർത്താവ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ തിരിച്ചറിയാൻ ഭാര്യക്ക് സാധിച്ചാൽ വസന്തം വിരിയുന്ന ഇണജീവിതത്തിന് അത് കാരണമാകും. അതോടൊപ്പം തന്നെ ഭാര്യയുടെ വികാരത്തെ മനസ്സിലാക്കുവാൻ ഭർത്താവിനും കഴിയണം. ഇതിന്റെ ഗൗരവത്തിലേക്ക് വിരൽ ചൂണ്ടിക്കൊണ്ടെന്നോണം നബി(സ) പറഞ്ഞു: ഒരു സ്ത്രീ അവളുടെ ഭർത്താവിന്റെ താല്പര്യങ്ങൾ നിർവഹിച്ചു കൊടുക്കാതെ അല്ലാഹുവിനോടുള്ള ബാധ്യതകൾ നിർവഹിച്ചവളാവുകയില്ല (ഹാക്കിം).



3. വീടിന്റെ നിയന്ത്രണം



വീടിനകത്തുള്ളവരുടെ ജീവിതത്തിന് വേണ്ട സന്ധാരണ മാർഗ്ഗങ്ങളിൽ ഇടപെടൽ നടത്തേണ്ടത് പുരുഷനാണെങ്കിൽ വീടിനകത്തെ കാര്യങ്ങളുടെ നിർവ്വഹണം സ്ത്രീയുടെ ബാധ്യതയാണ്. നബി(സ) പറഞ്ഞു: സ്ത്രീ ഭർത്താവിന്റെ വീടിന്റെയും കുട്ടികളുടെയും നോട്ടക്കാരിയാണ്. അവളുടെ പ്രജകളെക്കുറിച്ച് അവൾ വിചാരണ ചെയ്യപ്പെടുന്നതുമാണ് (ബുഖാരി,മുസ്‌ലിം). സ്വന്തം ശരീരത്തെയും ഭർത്താവിന്റെ സമ്പത്തിനെയും തിൻമകളിൽ നിന്ന് സംരക്ഷിക്കുക എന്നത് തന്നെയാണ് ഒരു സ്ത്രീയുടെ ഉത്തരവാദിത്വം. ആരാലും ആകർഷിക്കപ്പെട്ടു പോകുന്ന പ്രകൃതമുള്ള മനസ്സും ശരീരവുമായി സ്ത്രീ ജീവിക്കുമ്പോൾ തന്റെ ശരീരവും മനസും സ്വന്തം പ്രിയതമനല്ലാത്ത മറ്റാരുമായും ഒരു രൂപത്തിലും പങ്കുവെക്കില്ല എന്ന് ഉറപ്പ് വരുത്താൻ ഭാര്യക്ക് കഴിയണം. അതേപോലെ വിഭവ വിനിയോഗ രംഗത്ത് ധനം അല്ലാഹുവിന്റേതാണ്, അതെവിടുന്ന് കിട്ടി, എങ്ങനെ ചെലവഴിച്ചു എന്നീ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മരണശേഷം ഒരാൾക്കും മുന്നോട്ട് പോകാൻ കഴിയില്ല എന്ന പ്രവാചകന്റെ താക്കീത് മുറുകെപ്പിടിച്ച് വളരെ ശ്രദ്ധയോടെ മാത്രം വീട്ടിലെ വ്യയങ്ങളെ നിയന്ത്രിക്കുവാനും അവൾക്ക് സാധിക്കണം.



4. മടിത്തട്ട് വിദ്യാലയമാക്കുക



ഒരു സ്ത്രീയുടെ ഏറ്റവും വിശുദ്ധവും മഹത്വമേറിയതുമായ സവിശേഷത അവളുടെ മാതൃത്വം തന്നെയാണ്. ഭൂമിയിലെ ഏറ്റവും മഹിതമായ ബന്ധവും മാതൃത്വമാണ്‌.
മക്കളെ പ്രസവിക്കുവാനും വളർത്തുവാനുമുള്ള ശാരീരികവും മാനസികവുമായ കഴിവുകളോടെയാണ് അവൾ സൃഷ്ടിക്കപ്പെടുന്നതു തന്നെ. ഇതിനു വേണ്ട ഘടകങ്ങൾ ചെറുപ്രായം മുതൽ തന്നെ പെൺകുട്ടിയിൽ സജ്ജീകരിക്കപ്പെട്ടുകൊണ്ടിരിക്കും. ആ കഴിവുകൾ ദാനം ചെയ്യുക എന്നതാണ് സ്ത്രീ ജീവിതത്തിന്റെ ഏറ്റവും വലിയ ദൗത്യം. ആ വിജയം സാക്ഷാത്കരിക്കപ്പെടുക അവൾക്ക് പ്രസവിക്കാനും പ്രായപൂർത്തിയാവുന്നത് വരെ മക്കളെ പരിചരിക്കാനും കഴിയുമ്പോഴാണ്.
നബി(സ) പറഞ്ഞു: സന്മാർഗത്തിലാക്കുന്നത് അല്ലാഹുവാണ്. മര്യാദ പഠിപ്പിക്കേണ്ടതാണെങ്കിലോ മാതാപിതാക്കളുമാണ് (ബുഖാരി). ഏതൊരാളുടെയും ആദ്യ വിദ്യാലായം വീടാണല്ലോ. പ്രഥമ ഗുരു മാതാവും. അവിടെ ലഭിക്കുന്ന അറിവും അഭ്യാസങ്ങളും അനുഭവങ്ങളും ജീവിതാന്ത്യം വരെ അനുകൂലമായോ പ്രതികൂലമായോ മനുഷ്യനിൽ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുതന്നെ മനുഷ്യരാശിയുടെ സ്വഭാവ നിർണ്ണയം നടത്തുന്നതും നിശ്ചയിക്കുന്നതും മാതാവാണ്‌. അങ്ങനെ വരുമ്പോള്‍ ഭാര്യയും മാതാവുമായ സ്ത്രീ സമൂഹത്തെയും പൊതുജീവിതത്തെയും നിയന്ത്രിക്കുന്ന ശക്തികേന്ദ്രമായി മാറുന്നു.



11 ചരിത്രചിത്രങ്ങൾ

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso