തിഹാമയിലെ രാക്കുളിർ 3
20-12-2022
Web Design
15 Comments
തിഹാമയിലെ രാക്കുളിർ 3
ബെസോസുമായുള്ള വിവാഹത്തിലൂടെ കോടീശ്വരിയായി തീർന്നിട്ടും ഭൗതിക പ്രപഞ്ചത്തിൽ ലഭ്യമായ എല്ലാ സാമ്പത്തിക ഐശ്വര്യങ്ങളും ഉണ്ടായിട്ടും അവരുടെ ദാമ്പത്യത്തിൽ മൂന്ന് മക്കൾ ഉണ്ടായിട്ടും ആ ബന്ധം ആടിയുലയുകയും തകരുകയും ചെയ്തു. 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 54 കാരനായ ജെഫ് ബെസോസും നോവിലിസ്റ്റായ ഭാര്യ 48 കാരി മെക്കൻസിയും വേർപിരിയുമ്പോൾ അത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബര വിവാഹ മോചനമായി മാറി എന്നത് മറ്റൊരു വിഷയം. വാഷിങ്ങ്ടൺ സ്റ്റേറ്റിലെ വിവാഹ മോചന നിയമപ്രകാരം പരസ്പര സമ്മതത്തോടെ പിരിയുന്ന ദമ്പതികള്‍ക്ക് സ്വത്തുക്കളിൽ തുല്യ അവകാശമാണെന്നാണ് വ്യക്തമാക്കുന്നത്. വിവാഹത്തിനിടെ സമ്പാദിച്ച സ്വത്തുക്കളെല്ലാം ദമ്പതികൾ തുല്യമായി പങ്കിട്ടെടുക്കണമെന്നും നിയമം പറയുന്നു. ആമസോണിലെ 80 മില്യൺ ഷെയറുകളും സ്വന്തമായുള്ള ബെസോസിന് 137.1 ബില്ല്യൺ ഡോളറിന്റെ ആസ്തിയാണുണ്ടായിരുന്നത്. വിവാഹ മോചനം സാധ്യമാവുമ്പോൾ ഇതിലെ 66 ബില്യൺ ഡോളറിന്റെ (46,49,37,00,00,00 രൂപ) സ്വത്താണ് മെക്കൻസിക്ക് സ്വന്തമായത്. ഇവരുടെ പേരിലുള്ള നാലു ലക്ഷം ഏക്കർ സ്ഥലവും ഇപ്രകാരം ഭാഗിക്കപ്പെടുകയുണ്ടായി. ഇത്രയും വില നൽകേണ്ടി വരാൻ മാത്രം ഈ അതിസമ്പന്ന ദമ്പതികൾക്കിടയിൽ ഉണ്ടായ പ്രശ്നവും കൂട്ടത്തിൽ ആലോചനക്ക് വിഷയം തന്നെയാണ്.
അത് ജെഫ്ഫിന്റെ വഴിവിട്ട ലൈംഗിക തൃഷ്ണ തന്നെയായിരുന്നു എന്നാണ് പുറത്തുവന്ന വിവരം. മുൻ ഫോക്സ് ന്യൂസ് വാർത്താ അവതാരകയും പൈലറ്റുമായ ലോറൻ സാഞ്ചെസിന്റെ പേരിലായിരുന്നു ഈ ആരോപണം. കാമുകി ലോറന്‍ സാഞ്ചെസുമായി ബെസോസ് നടത്തിയ കൊച്ചുവര്‍ത്തമാനത്തിന്റെ ടെക്‌സ്റ്റ് പുറത്തായതായിരുന്നു പ്രശ്നം. ഇസ്റായേൽ ചാര സംവിധാനമായ പെഗാസസ് തന്നെയാണ് ഇത് ചോർത്തി നൽകിയത് എന്നാണ് വിവരം. അങ്ങനെ സംശയിക്കാൻ പല കാരണങ്ങളുമുണ്ട്. അവ അമേരിക്കൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ്. ആമസോൺ ഉടമ ബെസോസ് ദി വാഷിങ്ടണ്‍ പോസ്റ്റ് എന്ന പത്രത്തിന്റെ ഉടമ കൂടിയാണ്. അദ്ദേഹത്തിന്റെ പത്രം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെയും ജമാല്‍ ഖഷ്‌ഹോഗി എന്ന സൗദി പത്രപ്രവര്‍ത്തകന്റെ മരണത്തിനെതിരെയും മറ്റും കര്‍ക്കശമായ നിലപാടെടുത്തിരുന്നു. ഇതായിരിക്കാം ഫോണ്‍ ഹാക്കു ചെയ്യാനുള്ള പ്രകോപനമെന്നു വിശ്വസിക്കപ്പെടുന്നു. തന്റെ പത്രത്തില്‍ വന്ന ചില ലേഖനങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ളവയായിരുന്നു എന്ന് പറയാന്‍ ബെസോസിനു മേല്‍ സമര്‍ദ്ദമുണ്ടായിരുന്നു. എന്നാൽ ബെസോസ് അതിന് തയാറായില്ല. ഇതോടെയാണ് ഫോൺ ഹാക്ക് ചെയ്ത് രഹസ്യങ്ങൾ ചോർത്തിയത്. ഏതായാലും ഫോൺ ചോർത്തൽ കാരണം ബെസോസിന് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. ബെസോസിന്റെ കാമുകിയുമായുള്ള രഹസ്യ ചാറ്റിങ് ചോർന്നതോടെ മിക്ക മാധ്യമങ്ങളിലും ഇത് വാർത്തയായി. ഇതോടെ ഭാര്യ മെക്കൻസി വേർപിരിയുകയായിരുന്നു.
അധികാരവും മേധാവിത്വവുമുണ്ടെങ്കിൽ കുടുംബ ജീവിതം ശാന്തമായി ഒഴുകും എന്നു പറയാനും വയ്യ. അതിന് പുതിയ കാലത്തെ ഉദാഹരണമാണ് ചാൾസ് രാജകുമാരന്റെയും (ഇപ്പോൾ ഇംഗ്ലണ്ടിലെ രാജാവ് ) ഭാര്യ ഡയാനാ സ്പെൻസറുടെയും ജീവിതാനുഭവം. 1981 ജൂലൈ 29നായിരുന്നു ചാള്‍സിന്‍റെയും ഡയാനയുടെയും വിവാഹം നടന്നത്. ആത്മാർഥമായ പ്രണയത്തിനൊടുവിൽ നടന്ന ലോക രാജകുടുംബത്തിലെ വിവാഹം ലോകശ്രദ്ധ നേടിയിരുന്നു. ലോകമെമ്പാടുമായി 750 മില്യണ്‍ ആളുകളാണ് വിവാഹചടങ്ങുകള്‍ ടെലിവിഷനില്‍ വീക്ഷിച്ചത്. ഡയാനയുടെ വസ്ത്രം മുതൽ ആഭരണത്തിലും കേക്കിലും വരെ ആ വൈവിധ്യം ഉണ്ടായിരുന്നു. 40 വർഷം മുൻപുള്ള വിവാഹ ചടങ്ങിലെ കേക്കിൽ നിന്നും ഒരു കഷ്ണം ഈയടുത്ത് റെക്കോഡ് തുകയ്ക്ക് ലേലത്തില്‍ വിറ്റുപോകുകയുണ്ടായി.1,850 പൗണ്ട് അഥവാ 1.90 ലക്ഷം രൂപയ്ക്കാണ് കേക്ക് വിറ്റുപോയത്. വെയിൽസിലെ രാജാകുമാരിയായി അവരോധിതയായ ഡയാന എല്ലാവരുടെ സ്നേഹഭാജനമായിരുന്നു. അവർക്ക് രണ്ട് മക്കളും പിറന്നു. പക്ഷെ, ആ ദാമ്പത്യത്തിലും വിള്ളലുകൾ വീണു. ചാൾസുമായുള്ള ഡയാനയുടെ ദാമ്പത്യം പൊരുത്തക്കേടുകളും വിവാഹേതര ബന്ധങ്ങളും മൂലം തകർച്ചയുടെ വക്കിലായിരുന്നു. അവസാനം 1992-ൽ അവർ വേർപിരിഞ്ഞു, അവരുടെ ബന്ധം തകർന്നതിന് തൊട്ടുപിന്നാലെ 1996 ൽ ഓഗസ്റ്റ് 28 ന് അവർ വിവാഹമോചനം നേടി. ഇംഗ്ലണ്ടിനെയും ലോകത്തെയും ദുഖത്തിലാഴ്ത്തിയ ഈ വേർപാടിന്റെ മുറിവുണങ്ങും മുമ്പ് 1997 ഓഗസ്റ്റ് 31 ന് ഫ്രാൻസിലെ പാരീസിൽ വച്ചുണ്ടായ ഒരു കാറപകടത്തിൽ ഡയാന അന്തരിച്ചു. അപകടത്തെ കുറിച്ച് പല വാർത്തകളും ഉണ്ട്. ഡയാനയുടെ മരണത്തിൽ ഔദ്യോഗികമായി ദു:ഖാചരണം നടത്തുവാനോ പതാക താഴ്ത്തിക്കെട്ടുവാനോ ബക്കിംഗാം കൊട്ടാരം തയ്യാറാവാതിരുന്നത് ഈ വാർത്തകളെ സ്വാധീനിച്ച സംഗതികളാണ്. പക്ഷെ, മരുമകൾക്ക് ആദരം അർപ്പിച്ച് എലിസബത്ത് രാജ്ഞി ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്തു. ഡയാനയുടെ ശവപേടകത്തിന് മുന്നിൽ രാജ്ഞി പരസ്യമായി തലകുമ്പിട്ട് ആദരം അർപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് വര്‍ഷം മാത്രമായിരുന്നു ഡയാന-ചാള്‍സ് ദാമ്പത്യം നീണ്ടുനിന്നത്. അധികാരമല്ലാത്ത മറ്റെന്തോ ഒന്നാണ് ദാമ്പത്യ ജീവിതത്തെ അതിജീവിക്കാൻ സഹായിക്കുന്നത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.
വിദ്യാഭ്യാസത്തിനു മാത്രം ദാമ്പത്യ ബന്ധത്തെ സംരക്ഷിച്ചു നിറുത്തുവാൻ കഴിയുമെങ്കിൽ ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞൻ സ്‌റ്റീഫൻ ഹോക്കിംഗ്സിന്റെ കുടുംബം നിലനിൽക്കണമായിരുന്നു. 1942 ജനുവരി 8ന് ഓക്സ്ഫോർഡിൽ ജനിച്ച സ്റ്റീഫൻ ഹോക്കിങ് ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസിന്റെയും ഇസബെൽ ഹോക്കിൻസിന്റെയും മകനായിരുന്നു. പതിനൊന്നാം വയസ്സിൽ സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട് ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന് ഗണിതത്തിലും ഭൗതിക ശാസ്ത്രത്തിലുമായിരുന്നു താത്പര്യം.
പതിനേഴാം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി ഇരുപത്തി ഒന്നാം വയസ്സിൽ കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു കൈകാലുകൾ തളർന്നു പോകുന്ന അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് എന്ന നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. അവരുടെ വിവാഹം ഒരിക്കലും തകരില്ല എന്നാണ് എല്ലാവരും കരുതിയത്. കാരണം അത്രയും അർഥ സമ്പന്നമായിരുന്നു അത്. കാരണം സ്റ്റീഫന് കഠിനവും വിചിത്രവും മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്തതുമായ രോഗം ബാധിച്ചിരിക്കുന്നു എന്നറിഞ്ഞതിനു ശേഷമായിരുന്നു അവരുടെ പ്രണയവും വിവാഹവും. ഈ ഘട്ടത്തിൽ തന്നെ സ്റ്റീഫൻ അധിക കാലം ജീവിക്കില്ല എന്ന് ഡോക്ടർമാർ ജെയിനിനോട് പറഞ്ഞിരുന്നു. എന്നിട്ടും അതു തകർന്നു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991-ൽ അവർ വിവാഹമോചനം നേടി എന്നാണ് വസ്തുത.
ചരിത്രത്തിലുടനീളം ഇത്തരം ഉദാഹരണങ്ങൾ കാണാം. ഫറോവയുടെയും ആസ്യാ ബീവിയുടെയും കുടുംബാനുഭവം കുറിക്കുന്നത് മറ്റൊന്നല്ല. അവരുടെ കുടുംബ നൗക ഒരു മനപ്പൊരുത്തവുമില്ലാതെയാണ് മുന്നോട്ട് പോയത്. ഇത്തരം അനുഭവങ്ങൾ പ്രവാചക കുടുംബങ്ങളിലുമുണ്ട്. അത്തരം രണ്ടനുഭവങ്ങൾ വിശുദ്ധ ഖുർആൻ എടുത്തു പറയുന്നുണ്ട്. ഒന്ന് ലൂത്വ് നബിയുടേതാണ്. ഇബ്രാഹീം നബി(അ)യുടെ സമകാലികനും സഹോദരപുത്രനുമായിരുന്നു ലൂത്വ് നബി(അ). ഫലസ്ത്വീനിന്റെ കിഴക്ക് ജോര്‍ദാനിലും ഇന്നത്തെ ഇസ്‌റാഈലിലും ഉള്‍പ്പെടുന്ന സ്വദ്ദ്, സ്വന്‍അ, സ്വഅ്‌റ, അമൂറ, സദോം തുടങ്ങിയ പ്രദേശങ്ങളായിരുന്നു ലൂത്വ്‌നബിയുടെ പ്രബോധന പ്രദേശം. ബഹുദൈവ വിശ്വാസവും വിഗ്രഹരാധനയും നടമാടിയിരുന്നതിനു പുറമെ ലൈംഗികരാജകത്വം ആ സമൂഹത്തിന്റെ മുഖമുദ്രയായി മാറിയിരുന്നു. സ്വവര്‍ഗരതി വ്യാപകമായിരുന്ന ആ സമൂഹത്തോട് ലൂത്വ് ഏകദൈവ വിശ്വാസം പ്രബോധനം ചെയ്യുന്നതോടൊപ്പം തോന്ന്യാസങ്ങളില്‍നിന്ന് പിന്തിരിയാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ലൂത്വ്(അ)നെ അവര്‍ അംഗീകരിച്ചില്ലെന്നു മാത്രമല്ല, ധിക്കാരത്തോടെ തങ്ങളുടെ ദുര്‍മാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ദൈവദൂതന്‍ നിരന്തരമായി ഈ ദൗത്യനിര്‍വഹണത്തില്‍ ഏര്‍പ്പെട്ടുവെങ്കിലും ഒരാള്‍പോലും ആ സത്യം ഗ്രഹിക്കാന്‍ തയ്യാറായില്ല. എന്നുമാത്രമല്ല, തന്റെ ഭാര്യപോലും തനിക്കെതിരായി നിലകൊള്ളുകയും ഈ ദുര്‍നടപടിക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നതാണ് ലൂത്വ്(അ) കാണുന്നത്. പ്രവാചകന്റെ പിഴച്ചുപോയ ഭാര്യയെ ലോകത്തിനുമുന്നില്‍ ദുര്‍നടപ്പിന്റെ പ്രതീകമായി ഖുര്‍ആന്‍ വരച്ചുകാണിക്കുന്നത് ഇപ്രകാരം: സത്യനിഷേധികള്‍ക്ക് ഉദാഹരണമായി നൂഹിന്റെ ഭാര്യയെയും ലൂത്വിന്റെ ഭാര്യയെയും അല്ലാഹു ഇതാ എടുത്തുകാണിച്ചിരിക്കുന്നു. അവര്‍ രണ്ടുപേരും നമ്മുടെ ദാസന്മാരില്‍പ്പെട്ട സദ്‌വൃത്തരായ രണ്ടു പേരുടെ കീഴിലായിരുന്നു. എന്നിട്ട് അവരെ രണ്ടുപേരെയും ഇവര്‍ വഞ്ചിച്ചു കളഞ്ഞു. അപ്പോള്‍ അല്ലാഹുവിന്റെ ശിക്ഷയില്‍നിന്ന് യാതൊന്നും അവര്‍ രണ്ടുപേരും ഇവര്‍ക്കൊഴിവാക്കിക്കൊടുത്തില്ല. നിങ്ങള്‍ രണ്ടുപേരും നരകത്തില്‍ കടക്കുന്നവരോടൊപ്പം കടന്നുകൊള്ളുക എന്ന് പറയപ്പെടുകയും ചെയ്തു. (66: 10)
നൂഹ് നബിയുടെ മകനും ഭാര്യയും അദ്ദേഹത്തിൽ വിശ്വസിക്കാനോ അദ്ദേഹത്തിന്റെ കപ്പലിൽ കയറുവാനോ തയ്യാറായില്ല. ഭാര്യ സത്യവിശ്വാസിനിയായതിനാല്‍ ഭര്‍ത്താവായ ഫിര്‍ഔനിനോ, മകന്‍ സത്യവിശ്വാസിയായതിനാല്‍ പിതാവായ ആസറിനോ ഭർത്താവ് പ്രവാചകനായതിന്റെ പേരിൽ ലൂത്വ് നബിയുടെയും നൂഹ് നബിയുടെയും ഭാര്യമാർക്കോ കുടുംബം നിലനിറുത്താനായില്ല. ഇതെല്ലാം നമ്മോട് പറയുന്നത് കുടുംബത്തെ നിലനിറുത്താനും നയിക്കാനും വേണ്ടത് മറ്റെന്തോ ആണെന്നാണ്. അത് ശരിയുമാണ്. വിശുദ്ധ ഖുർആനിൽ അല്ലാഹു അത് വ്യക്തമായി പറയുന്നുണ്ട്.
8 മവദ്ദത്തും റഹ്മത്തും
ഒരു ദാമ്പത്യത്തിന്റെ മാന്യവും ഹൃദയ പൂർണ്ണവുമായ നിലനിൽപ്പിന് വിശുദ്ധ ഖുർആൻ സൂചിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്യുന്ന രണ്ട് കാര്യങ്ങളാണ് മവദ്ദത്തും റഹ്മത്തും. അഥവാ സ്നേഹവും കാരുണ്യവും. അല്ലാഹു പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട് തീര്‍ച്ച. (30: 21) പണം, ശേഷികൾ, വിദ്യാഭ്യാസം, സാമൂഹ്യസ്ഥാനം തുടങ്ങിയവക്കൊന്നും നേടിത്തരാൻ കഴിയാത്ത ചിലത് സ്നേഹത്തിനും കാരുണ്യത്തിനും ദാമ്പത്യത്തിന് നേടിത്തരാൻ കഴിയും. ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുന്ന സ്ത്രീപുരുഷന്മാര്‍ക്കിടയില്‍ പാരസ്പര്യം നിലനിറുത്തുന്നത് ഈ രണ്ട് ഘടകങ്ങൾ വഴിയാണ്. ഇതിന് പകരം വെക്കാന്‍ പ്രപഞ്ചത്തില്‍ മറ്റൊന്നുമില്ല. സമാധാനപൂര്‍ണമായ ജീവിതത്തിലേക്ക് വഴിയൊരുക്കുന്ന ഘടകങ്ങളാണിവ. കാരുണ്യ ചിന്ത എല്ലാവരിലുമുണ്ട്. സ്‌നേഹവും പങ്ക് വെക്കാറുണ്ട്. എന്നാല്‍ സ്‌നേഹ കാരുണ്യ വികാരങ്ങള്‍ ഒന്നു ചേർന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായി മാറുമ്പോൾ അതിന്റെ ശക്തി വിവരണാതീതമായി മാറുന്നു.
ഇത് ബോധ്യമാകുവാൻ മറ്റു ചില ആമുഖങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അഥവാ, മനുഷ്യന് സൃഷ്ടിപ്പിൽ തന്നെ നൈസർഗ്ഗികമായി ലഭിച്ച ചില പ്രത്യേകതകൾ ഉണ്ട്. പുരുഷന് പുരുഷത്വവും സ്ത്രീക്ക് സ്ത്രീത്വവുമാണത്. ഈ രണ്ട് സവിശേഷതകളും വെറും ജീവശാസ്ത്രപരമല്ല, മാനസികം കൂടിയാണ്. അവന്റെ ശരീരം താരതമ്യേന ബലിഷ്ഠമാണ്. അവന്റെ ശാരീരിക ശേഷികൾ കരുത്തുള്ളതാണ്. അത് അവന്റെ എല്ലാ ജീവിത വ്യാപാരങ്ങളിലും ശബ്ദത്തിൽ പോലും അത് പ്രകടവുമാണ്. പ്രശ്നങ്ങളെ നേരിടാനും ഭാരങ്ങളെ വഹിക്കാനും അവന് കൂടുതൽ കഴിവുണ്ട്. ഇതെല്ലാം അവന് ഒരു ആധിപത്യ സ്വഭാവം കൽപ്പിക്കുന്നു. ആധിപത്യ സ്വഭാവമുള്ളവർ സ്വാഭാവികമായും ക്രൂരരും ശക്തരും തന്നിഷ്ടക്കാരും മറ്റുള്ളവരുടെ ഇടപെടലുകൾ മാനിക്കാത്തവരുമൊക്കെയായിരിക്കും. എന്നാൽ സ്ത്രീയുടേത് ഇതിൽ നിന്ന് വിഭിന്നമാണ്. അവളുടെ ശരീരം ലോലവും ശേഷികൾ താരതമ്മ്യേന ദുർബലവും ശബ്ദം പോലും ബലം കുറഞ്ഞതുമാണ്. ആ ദൗർബല്യതകളിൽ സൃഷ്ടാവ് ഒളിപ്പിച്ചു വെച്ച ആകർഷണത്വവും ഭംഗിയുമെല്ലാമാണ് അവളുടെ യഥാർഥ ശക്തി. അതിനാൽ അവൾക്ക് ചേരുന്നത് വിധേയത്വ സ്വഭാവമാണ്. ഇങ്ങനെ തികച്ചും വിരുദ്ധമായ രണ്ട് സ്വഭാവങ്ങൾ ഉളളവരായതിനാൽ അവർ രണ്ട് പേരും വിവാഹത്തിലൂടെ ഒന്നാകുവാൻ തീരുമാനിക്കുമ്പോൾ ചിലത് ശ്രദ്ധിക്കേണ്ടതുണ്ട്. രണ്ട് വൈരുദ്ധ്യ സ്വഭാവങ്ങൾ തമ്മിൽ സമജ്ജസമായി കൂടിച്ചേരുവാൻ അവർക്കിടയിൽ ചില ഘടകങ്ങൾ ചേർത്തു കൊടുക്കേണ്ടതായി വരും. അതില്ലാതെ വന്നാൽ അവർ തമ്മിൽ ശരിയായി ചേരില്ല. പുരുഷന്റെ ആധിപത്യ സ്വഭാവത്തെ പാകപ്പെടുത്തിയെടുക്കുവാനും സ്ത്രീയുടെ വിധേയത്വത്തെ കുറച്ചു കൂടി ഗൗരവപ്പെടുത്താനും ഈ ഘടകം അനിവാര്യമാണ്. അവയാണ് വിശുദ്ധ ഖുർആൻ പറഞ്ഞ സ്നേഹവും കാരുണ്യവും. അവ ചേരുന്നതോടെ ആണിന്റെ മേധാവിത്വ സ്വഭാവത്തിന് ഒരു ഒതുക്കവും മാർദ്ദവത്വവും കൈവരും. അപ്പോൾ അവന്റെ ആധിപത്യ മനസ്ഥിതി വെറും ഒരു ഉത്തരവാദിത്വ ബോധമായി മാറും. സ്നേഹത്തിനും സഹാനുഭൂതിക്കും അവന്റെ മനസ്സിൽ ഇടമുണ്ടാകും. അതേ സമയം പെണ്ണിന്റെ വിധേയത്വ സ്വഭാവത്തിനാവട്ടെ, ഇവ ചേരുമ്പോൾ ഒരു തരം ഹൃദയതയും സുരക്ഷിതത്വ ബോധവും കൈവരും.
സ്നേഹം, കാര്യണ്യം എന്നീ വികാരങ്ങളുടെ ഊഷ്മളതയില്‍ പുരുഷന്റെ മേധാവിത്വം സഹാനുഭൂതിയായി മാറുന്നു. സ്ത്രീക്ക് അവ സുരക്ഷിതത്വ ബോധവും സനാഥത്വവും നൽകുന്നു. സ്ത്രീയെ പുരുഷ സഹായിയാക്കിയതും അവന്റെ താല്‍പര്യങ്ങളില്‍ ജീവിക്കേണ്ടവളാണെന്ന് വരുത്തിയതും മതത്തെ കൂട്ടുപിടിച്ചു കൊണ്ടുള്ള പുരുഷ മേധാവിത്വമാണെന്നാണ് മൂലധന സാമൂഹ്യശാസ്ത്രമായ കമ്മ്യൂണിസം കുറ്റപ്പെടുത്തുന്നത്. അത് ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ പുരുഷന്റെ നിഴലിന് പുറത്തേക്ക് അവളെ അത്തരം ദർശനങ്ങൾ വലിച്ചിടുന്നതോടെ അവൾ ശരിക്കും ഒറ്റപ്പെടുകയാണ്. അവൾ അനാഥത്വത്തിന്റെ പെരുവഴിയിലേക്ക് എത്തിക്കപ്പെടുകയാണ് ചെയ്യുന്നത്. കാരണവും ന്യായവും സരളമാണ്. പുരഷനിൽ നിന്ന് കുടഞ്ഞ് പുറത്ത് ചാടി സ്വയം ജീവിക്കാം എന്ന് മോഹിക്കുന്ന സ്ത്രീയെ പിന്തുണക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ന് ധാരാളം പേരുണ്ടാകും എന്നതിൽ തർക്കമില്ല. അതു പക്ഷെ അവൾ എതിർ ലിംഗത്തോട് തർക്കിക്കുകയും കലഹിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഉണ്ടാകൂ. അതേ സമയം തുടർ ജൈവപ്രക്രിയകളിൽ ഏതിന് വിധേയയായിലും അവളുടെ മുമ്പിൽ പുതിയ പുതിയ ചോദ്യങ്ങൾ ഉയർന്നുവന്നുകൊണ്ടേയിരിക്കും. ഉദാഹരണമായി അവളുടെ ജൈവത്വരയാണ് ഇണ ചേരുക എന്നത്. ഇതിന് സമാന ചിന്താഗതിക്കാരെ ഒരു ബാധ്യതയുമില്ലാതെ ലഭിക്കും എന്ന് കരുതാം. അതു കഴിഞ്ഞാൽ ഒന്നുകിൽ അവൾ ഗർഭിണിയായേക്കാം. ഗർഭം വളരുന്നതിനനുസരിച്ച് അവൾക്ക് ബാഹ്യ സഹായം വേണ്ടി വരും. ഒരു വാശിക്ക് കുറച്ചു കാലമൊക്കെ തനിക്കാരുടെയും സഹായം വേണ്ട എന്നു പറഞ്ഞാൽ തന്നെയും പിന്നീടത് വേണ്ടി വരും. അപ്പോൾ ആരെങ്കിലുമൊക്കെ എന്തെങ്കിലും സഹായം ചെയ്തേക്കാം. എന്നാൽ ഹൃദയപൂർവ്വമായ ഒരാശ്വാസ വചനത്തിന് ഒരു പെണ്ണ് എന്ന നിലക്ക് അവളുടെ അന്തരംഗം കൊതിക്കാതിരിക്കില്ല. അത്തരമൊന്ന് കിട്ടണമെങ്കിൽ അതിന് സ്നേഹവും കാരുണ്യവും ഉളള ഒരു ഭർത്താവ് തന്നെ വേണം.
ഇനി അവൾ വർഗ്ഗത്തിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് തീരുമാനിക്കുകയും ഗർഭം വേണ്ടെന്ന് വെക്കുകയും ചെയ്തു എന്നിരിക്കട്ടെ, എങ്കിൽ അവൾക്ക് അവൾക്കിഷ്ടമില്ലെങ്കിലും പ്രായമാകുമല്ലോ. പ്രായമാകുമ്പോൾ തന്നെ ആശ്വസിപ്പിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് അവൾ ആഗ്രഹിക്കുക തന്നെ ചെയ്യും. ഒരു വൃദ്ധയെ പരിചരിക്കാൻ നാസ്തിക ഭാവമുളള ഒരു സംഘവും തയ്യാറാവില്ല. കാരണം ഒരു അബലയെ സഹായിക്കുവാൻ ഒരു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഘടകം തനിക്കിത് ഒരു നൻമയായിത്തീരും എന്ന വിശ്വാസമാണ്. അത്തരം ഒരു വിശ്വാസമില്ലാത്ത ജനതക്കുവേണ്ടി സ്വന്തം ജീവിതം നീക്കിവെച്ച ഒരുത്തി ജീവിതത്തിൽ ഒരു സ്ത്രീക്ക് ഏറ്റവും വേണ്ടത് ഒട്ടും ലഭിക്കാതെ എങ്ങനെയെങ്കിലും ജീവൻ അടങ്ങേണ്ടിവരും. സ്തീക്ക് ഏറ്റവും പ്രധാനമായി വേണ്ടത് എന്താണ് എന്ന് ആലോചിച്ചിട്ടേയില്ലാത്ത ആൾക്കാരാണ് ഈ വിപ്ലവങ്ങൾ നയിക്കുന്നത്. സത്യത്തിൽ കാരുണ്യമുള്ള സ്നേഹമാണ് ഏത് സ്ത്രീക്കും വേണ്ടത്. അത് കുട്ടിക്കാലത്ത് ആരിൽ നിന്നും എവിടെ നിന്നും കിട്ടും. പക്ഷെ ഒന്നു മുതിർന്നാൽ അത് കിട്ടണമെങ്കിൽ മണിയറയിൽ വെച്ച് സ്വന്തം ഭർത്താവിൽ നിന്നു തന്നെ കിട്ടണം. ഇതു കിട്ടാൻ സൃഷ്ടാവ് സംവിധാനിച്ചിരിക്കുന്ന മാർഗ്ഗമാണ് പുരുഷൻമാർ. അവർക്ക് നൽകിയ ശാരീരിക മാനസിക ശേഷികൾ സ്ത്രീകളെ സ്നേഹവും കാരുണ്യവും നൽകി തരളിതയാക്കിയും ഭക്ഷണവും വസ്ത്രവും പാർപ്പിടവും നൽകി സമ്പന്നയാക്കിയും ശ്രദ്ധയും പരിചരണവും നൽകി സുരക്ഷിതയാക്കിയും നോക്കുവാനാണ്. അല്ലാതെ അവളെ അടിമയാക്കുവാനല്ല. സ്ത്രീവാദ പക്ഷത്തുള്ളവരും കുടുംബത്തിലെ പുരുഷ സാന്നിധ്യത്തെ അപലപിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അവരുടെയെല്ലാം ഈർഷ്യത മതത്തോടാണ്. എന്നാൽ പുരുഷനെ മതം ഏല്‍പിച്ചിരിക്കുന്ന ബാധ്യതകള്‍ മനസ്സിലാക്കാതെയാണ് ഇത്തരം ജല്‍പനങ്ങള്‍ നടത്തുന്നത്. പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. അവരില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ അല്ലാഹു കഴിവ് നല്‍കിയത് കൊണ്ടും, അവരാണ് ധനം ചിലവഴിക്കേണ്ടത് എന്നത് കൊണ്ടുമാണ് ഇങ്ങനെ നിശ്ചയിച്ചിരിക്കുന്നത് (4:34). പുരുഷാധിപത്യ ആരോപണങ്ങള്‍ക്ക് വസ്തുനിഷ്ഠമായി ഖുര്‍ആന്‍ നല്‍കുന്ന മറുപടിയാണിത്.
കുടുംബം ശാന്തമായും സുഖകരമായും മുന്നോട്ടു പോകുവാൻ ആണിന്റെയും പെണ്ണിന്റെയും ജീവിത പരിസരങ്ങൾ ആദ്യം പരിഗണിക്കണം. അത് പരിഗണിക്കാതെ മതം പെണ്ണിന്റെ നെഞ്ചിൽ കയറി നിൽക്കുകയാണ് എന്നും പറഞ്ഞ് കുരച്ച് ചാടുന്നവർക്കാണ് ഇത് മനസ്സിലാവാതെപോകുന്നത്. വീട്ടിനകത്തുള്ളതിനെക്കാള്‍, പുരുഷന്റെ സമയവും അധ്വാനവും വേണ്ടത് പുറത്താണ്. ഈ രംഗത്ത് സ്ത്രീയുടെ പരിമിതി ആര്‍ക്കും ബോധ്യപ്പെടുന്നതേയുള്ളൂ. തൊഴിലിടങ്ങളില്‍ സ്ത്രീ പുരുഷ സമത്വത്തിന് വാദിക്കുന്നവര്‍ പോലും കാര്യത്തോട് അടുക്കുമ്പോള്‍ ഈ പരിമിതി കണ്ടറിയാറുണ്ട്. മനുഷ്യ പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന മതം എന്ന നിലക്ക് ഇസ്ലാം അക്കാര്യം നേരത്തെ തന്നെ പറഞ്ഞുവെന്നേയുള്ളൂ. മറു ഭാഗത്ത് സ്ത്രീ നിര്‍വഹിച്ചിരിക്കേണ്ട ബാധ്യതയും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. മതവീക്ഷണത്തില്‍ സ്വതന്ത്ര സ്വത്വമുള്ളവളാണ് സ്ത്രീ. സ്ത്രീത്വം പവിത്രമാണ്. ഈ പവിത്രത സൂക്ഷിക്കാന്‍ കഴിയുന്ന തലങ്ങളിലാണ് അവളുടെ പ്രവര്‍ത്തനങ്ങളെ മതം നിശ്ചയിച്ചിരിക്കുന്നത്. സമൂഹത്തില്‍ അവള്‍ ഒരിടത്തും വിവേചനത്തിനും അനീതിക്കും ഇരയാവാതിരിക്കാന്‍ അത് ആവശ്യവുമാണ്.
പുരുഷന്‍ തന്റെ വീട്ടിലെ ചുമതലക്കാരനാണ്, തന്റെ ആശ്രിതരെപ്പറ്റി അവനോട് ചോദിക്കപ്പെടും (ബുഖാരി) എന്ന നബിവചനം ഇവിടെ ശ്രദ്ധേയമാണ്. സാമ്പത്തിക ഉത്തരവാദിത്വത്തേക്കാള്‍ ഭാരിച്ച ബാധ്യതകളാണ് അവനുള്ളത്. അതില്‍ പ്രധാനം മക്കളുടെ തര്‍ബിയത്ത് തന്നെയാണ്. മക്കളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാതാപിതാക്കളുടെ ഇടപെടല്‍ അനിവാര്യമാണ്. അതില്‍ നേതൃപരമായ പങ്ക് പുരുഷന് തന്നെ. മക്കള്‍ക്ക്, സ്വല്‍സഭാവത്തെക്കാള്‍ ഉല്‍കൃഷ്ടമായ ഒരു ഉപഹാരം ഒരു പിതാവിനും നല്‍കാനില്ല (തിര്‍മുദി) എന്ന ഹദീസ് തര്‍ബിയത്തിലെ പിതൃസാന്നിധ്യം അടയാളപ്പെടുത്തുന്നു. പുരുഷന്റെ കുടുംബ ചുമതല സൂചിപ്പിക്കാന്‍ ഹദീസില്‍ ഉപയോഗിച്ചത് റാഇ എന്ന പദമാണ്. ഇടയന്‍ എന്നാണതിന്റെ ബാഹ്യാര്‍ഥം. ആടുകളുടെ സുരക്ഷിതത്വം പൂര്‍ണമായും നിക്ഷിപ്തമായിരിക്കുന്നത് ഇടയന്റെ കൈകളിലാണ്. കണ്ണും കാതും ഖല്‍ബും ഒരുപോലെ ജാഗ്രതയോടെ ഉണര്‍ന്നിരുന്നാല്‍ മാത്രമേ അവയ്ക്ക് സുരക്ഷിതത്വം ലഭിക്കുകയുള്ളൂ.
സമാനമായ ജാഗ്രതാബോധമാണ് കുടുംബ രൂപീകരണത്തില്‍ പുരുഷന് മതം നിശ്ചയിച്ചിരിക്കുന്നത്. കുടുംബം തകരാനിടയാകുന്ന ഒട്ടുമിക്ക സന്ദര്‍ഭങ്ങളെയും പരിശോധിച്ചാല്‍ പുരുഷന്റെ അലംഭാവവും തര്‍ബിയത്തിലെ പരാജയവും കാണാന്‍ കഴിയും. അവരില്‍ നിന്ന് ശിക്ഷണം മാറ്റി നിര്‍ത്തരുത്, അവരില്‍ ദൈവഭയം ഉണ്ടാക്കുക (അഹ്മദ്) എന്ന നബിവചനം പുരുഷന്‍ തര്‍ബിയത്തില്‍ സ്വീകരിക്കേണ്ട ജഗ്രതാബോധം ആവര്‍ത്തിക്കുന്നു. ബാധ്യതാ നിര്‍വഹണത്തില്‍ ഖുര്‍ആന്‍ പറഞ്ഞ സ്‌നേഹ കാരുണ്യ മനോഭാവം തന്നെയാണ് പുരുഷന്റെ കുടുംബ സാരഥ്യത്തിന്റെ തിളക്കം കൂട്ടുന്നത്. ഭാര്യയുടെ സ്ത്രീസഹജ ന്യൂനതകളെ ഇതിലൂടെ പരിഹരിക്കാവുന്നതേയുള്ളൂ. അവളില്‍ എന്തെങ്കിലും ഇഷ്ടക്കേട് നിങ്ങള്‍ക്ക് തോന്നിയേക്കാം, എന്നാലും മറുഭാഗത്ത് നിങ്ങളെ സന്തോഷിപ്പിക്കുന്ന നിരവധി ഗുണങ്ങളും അവളിലുണ്ട് (മുസ്ലിം) എന്ന നബിവചനം സ്‌നേഹാധിഷ്ടിത പെരുമാറ്റത്തിന്റെ മനശ്ശാസ്ത്ര വശത്തിനാണ് ഊന്നല്‍ നല്‍കുന്നത്. സ്‌നേഹരാഹിത്യം മനസ്സിനെ വരണ്ടതാക്കും. അപ്പോള്‍ ഉണ്ടാകുന്ന കടുംപിടുത്ത അടിച്ചമര്‍ത്തല്‍ ഭാവമാണ് വെറുക്കപ്പെട്ട പുരുഷ മേധാവിത്വത്തിന് കാരണമാകുന്നത്.
9 പൊരുത്തം എന്ന കഫാഅത്ത്
ഇസ്ലാമിക കുടുംബ ശാസ്ത്രം ഒരു കുടുംബത്തെ ഉണ്ടാക്കിയെടുക്കുന്ന രീതി മനോഹരമാണ്. ആദ്യം വിവാഹിതരാകുവാൻ പോകുന്ന യുവാവും യുവതിയും തമ്മിൽ കാണുന്നു. രണ്ട് പേരുടെയും മനസ്സിന് ആ സമാഗമം ബാധിച്ചാൽ പിന്നെ രണ്ട് പേരും തമ്മിലുളള സാമൂഹ്യമായ ചേർച്ച (കഫാ അത്ത്) ഉറപ്പുവരുത്തുന്നു. ഇത്രയും കടക്കുന്നതോടെ വിവാഹത്തിന്റെ പശ്ചാതലം ഒരുങ്ങും. പിന്നെ ചടങ്ങുകൾ നടത്തിയാൽ മതി. ഇതിൽ ഏറ്റവും മുതിർന്ന ഒരു പരിഗണനയാണ് കഫാഅത്ത്. അതില്ലെങ്കിലും വിവാഹം ശരിയാകും എങ്കിലും ഇത് പ്രത്യേകം പരിഗണിക്കേണ്ടതാണ്. ഇങ്ങനെ ഇസ്ലാം നിർദ്ദേശിക്കുന്നത് ഒരു ദീർഘദൃഷ്ടി എന്ന നിലക്കാണ്. കാരണം വിവാഹം രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആജീവനാന്ത ബന്ധമാണ്. വിവാഹത്തിലെ ഈ ബന്ധം കൂട്ടിച്ചേർക്കുന്നത് രണ്ട് ജീവിതങ്ങളെയാണ്. വെറും ബന്ധത്തിനപ്പുറം രണ്ട് വേരുകള്‍ തമ്മിലുള്ള, രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള, രണ്ട് ബന്ധുക്കള്‍ തമ്മിലുള്ള, രണ്ട് ചുറ്റുപാടുകള്‍ തമ്മിലുള്ള ബന്ധമാണത്. അതിനാൽ ആ ബന്ധം പൊട്ടിപോക്കാതെ സുദൃഡമാകുവാൻ ആവശ്യമായ കരുതൽ ഇരു പക്ഷത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. ദമ്പതികളുടെ ജീവിത സുരക്ഷയാണ് അതിന്‍റെ മര്‍മ്മം. വിശേഷിച്ചും പെണ്‍കുട്ടിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്.
ആയതിനാൽ വിവാഹത്തിലെ ഒരു സുരക്ഷാ നിര്‍ദ്ദേശമാണ് കഫാഅത്ത് അഥവാ ദമ്പതികളുടെ പരസ്പര പൊരുത്തം. പൊരുത്തം ഉറപ്പുവരുത്തേണ്ടത് പെണ്‍കുട്ടിയുടെ അഥവാ അവളുടെ രക്ഷിതാവിന്‍റെ കടമയാണ്. കാരണം എന്തെങ്കിലും പ്രയാസമുണ്ടായാൽ അത് ഏറെ ബാധിക്കുക സ്ത്രീയെയാണ്. അതിനാൽ അവൾ അല്ലെങ്കിൽ അവളുടെ രക്ഷിതാവാണ് ഇത് ശ്രദ്ധിക്കേണ്ടത്.
ചില സാഹചര്യങ്ങളിൽ സ്ത്രീയുടെ വാക്കാൽ സമ്മതം തന്നെ വേണം എന്നാണ്. പുനർ വിവാഹം ചെയ്യപ്പെടുമ്പോഴോ അവൻ അകന്യകയായി എങ്കിലോ പിതാവും പിതാമഹനും അല്ലാത്തവരാണ് വിവാഹം ചെയ്തു കൊടുക്കുന്നത് എങ്കിലോ ആണ് അവളുടെ വാക്കാൽ സമ്മതം വേണ്ടത്. അവളുടെ അനുഭവം അടക്കമുള്ള തിരിച്ചറിവുകളെ ആശ്രയിച്ച് തന്നെ അവൾക്ക് തന്റെ ഭാവിയെ കുറിച്ച് തീരുമാനമെടുക്കുവാനുള്ള അവസരമാണ് ഇതുവഴി അവൾക്ക് നൽകുന്നത്. ഇണകളുടെ വൈക്തികമായ യോഗ്യതകള്‍, അവരുടെ കുടുംബപരമായ യോജിപ്പുകള്‍, അവരുടെ തൊഴില്‍ അഥവാ സമ്പാദ്യമാര്‍ഗ്ഗം സംബന്ധമായ നിലവാരപ്പൊരുത്തം എന്നീ കാര്യങ്ങളാണ് പൊരുത്തത്തിൽ പരിഗണിക്കുന്നത്. വരന്‍റെ വ്യക്തിപരമായ യോഗ്യതകളില്‍ മുഖ്യം നല്ല നടപ്പ് തന്നെ. അവിശ്വാസിയും വിശ്വാസിനിയും തമ്മിലുള്ള വിവാഹം സാധുവല്ല. അധര്‍മ്മിയായ വരന്‍ സദാചാരിയായ ഒരുത്തിക്ക് യോജിക്കില്ല. മാനസിക-ശാരീരിക ആരോഗ്യ സ്ഥിതിയാണ് മറ്റൊന്ന്. ഭ്രാന്ത്, കുഷ്ഠം, വെള്ളപ്പാണ്ട് തുടങ്ങിയ അറപ്പ് ഉണ്ടാക്കുന്ന രോഗമുള്ള ഒരുത്തനെ അതില്ലാത്തവള്‍ക്ക് യോജിക്കില്ല. ആ വക രോഗമുള്ളവള്‍ക്കും അനുയോജ്യമല്ല. അവളില്‍ അതുണ്ടെങ്കിലും താനുമായി അടുത്തിടപഴകുന്ന ഭര്‍ത്താവില്‍ അത് കാണുമ്പോള്‍ സ്വാഭാവികമായ അറപ്പും വെറുപ്പും ഉണ്ടാകും. പെണ്ണിന് അതിഷ്ടമല്ലെങ്കില്‍ ഒഴിവാക്കണം. കാരണം, അവളുടെ ഇഷ്ടമാണ് പൊരുത്തത്തില്‍ പ്രധാനം.
അറിവും അതുവഴി വന്നു ചേരുന്ന സ്ഥാനമാന ങ്ങളും പൊരുത്തത്തിൽ പരിഗണിക്കുന്നുണ്ട്. ഒരു മത വിദ്യ അഭ്യസിച്ച സ്ത്രീയെ അതില്ലാത്ത ഒരാൾ വിവാഹം ചെയ്യുന്നത് പൊരുത്തത്തിന് വിഘാതമാണ്. അവള്‍ ഏതു താഴ്ന്ന കുലത്തില്‍ പിറന്നവള്‍ ആണെങ്കിലും വിദ്യയിലൂടെ അവൾക്ക് ഔന്നത്യം വന്നുചേരും. അറിവില്ലാത്ത ആൾ എത്ര ഉന്നത കുടുംബത്തിലെ അംഗമാണെങ്കിലും അവന്റെ സ്ഥാനം വരക്കു താഴെയാണ്. ലൈംഗിക ശക്തിയില്ലാത്തവൻ പൊതുവെ
പൊരുത്തമില്ലാത്തവനായി ഗണിക്കപ്പെടും. പെണ്ണിന് സമ്മതമാണെങ്കില്‍ അവനെ സ്വീകരിക്കാം എന്ന് വകുപ്പുണ്ട്. അപ്പോൾ ന്യൂനത കാരണം ഉണ്ടാകുന്ന കുറവുകൾ സഹിക്കാൻ അവൾ തയ്യാറാണ് എന്നാണല്ലോ അത് അർഥിക്കുന്നത്. അന്ധത, അംഗ വൈകല്യം, വൈരൂപ്യം തുടങ്ങിയവയൊക്കെ പങ്കാളികൾക്ക് പ്രശ്നമില്ലെങ്കിൽ കുഴപ്പമില്ല. പൊരുത്തത്തിന്റെ കാര്യത്തിൽ ഒരു മാനദണ്ഡമായി അതു ഗണിക്കപ്പെടുന്നില്ല. കുടുംബ പാരമ്പര്യം പൊരുത്തത്തിൽ പ്രധാനമാണ്. പിതൃവഴി മാത്രമേ പരിഗണിക്കുകയുള്ളൂ. ഇസ്ലാമുമായുള്ള ബന്ധം ആണ് ഇതിൽ പരിഗണിക്കുന്ന ഘടകം. എത്ര മുമ്പ് ഇസ്ലാമിൽ വന്നുവോ അവർക്കാണ് സ്ഥാനം കൂടുക.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso