Thoughts & Arts
Image

തിഹാമയിലെ രാക്കുളിർ.. 1

20-12-2022

Web Design

15 Comments


തിഹാമയിലെ രാക്കുളിർ.. 1

1 - കുടുംബം എന്ന അനുഗ്രഹം



മനുഷ്യന്റെ ഉൽപ്പത്തിയെ കുറിച്ചുള്ള വ്യക്തമായ ഒരു ചിത്രം വിശുദ്ധ ഖുർആൻ നൽകുന്നുണ്ട്. അതനുസരിച്ച് മനുഷ്യ വർഗ്ഗത്തെ സൃഷ്ടിക്കാൻ അല്ലാഹു തീരുമാനിക്കുകയും ആ വിവരം ആദ്യം മലക്കുകളെ അറിയിക്കുകയും ചെയ്തു. അത് വിശുദ്ധ ഖുർആൻ ഇങ്ങനെ അനുസ്മരിക്കുന്നു: ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കാൻ പോകുകയാണെന്ന് നിന്റെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം. അവർ പറഞ്ഞു. അവിടെ കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നിവരെയാണാ നീ നിയോഗിക്കുന്നത്. ഞങ്ങളാകട്ടെ നിന്റെ മഹത്വ ത്തെപ്രകീർത്തിക്കുകയും നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്യുന്നവരല്ലോ. അവൻ പറഞ്ഞു: നിങ്ങൾക്ക് അറിഞ്ഞ് കൂടാഞ്ഞത് എനിക്കറിയാം (അൽബഖറ: 30). ഭൂമിയിൽ അല്ലാഹു മനുഷ്യനെ സ്യഷിക്കുന്ന വിവരം മലക്കുകളെ അറിയിച്ചപ്പോൾ അതിലടങ്ങിയ യുക്തിരഹസ്യമെന്താണെന്ന ഒരന്വേഷണമാണ് മലക്കുകൾ നടത്തുന്നത്. അല്ലാതെ ഒരു തടസ്സവാദമല്ല. നിന്നെ ആരാധിക്കലാണ് ഉദ്ദേശ്യമെങ്കിൽ, ഞങ്ങളിതാ എപ്പോഴും നിന്നെ ആരാധിച്ചുവരികയും നിനക്ക് കീഴ്പെട്ട് ജീവിക്കുകയും ചെയ്യുന്നുണ്ടല്ലോ എന്നും മലക്കുകൾ പറയുന്നു. അതിന് അല്ലാഹു നൽകിയ മറുപടിയാണ്; നിങ്ങൾക്കറിഞ്ഞുകൂടാത്തത് എനിക്കറിയാം.



ആദ്യ മനുഷ്യനായി ആദം നബിയെ സൃഷ്ടിച്ച അല്ലാഹു ആദ്യമായി ആദം നബിക്കും വർഗ്ഗത്തിനും നൽകുന്ന അനുഗ്രഹം സവിശേഷമായ ഒരു വ്യക്തിത്വമാണ്. അത് അറിവിലൂടെയാണ് സാധ്യമാക്കിയത്. ഭംഗി, സമ്പത്ത്, ശേഷികൾ തുടങ്ങി പല വഴിക്കും അതുണ്ടാക്കാമായിരുന്നിട്ടും അറിവിനെ തന്നെ അതിന്നായി ഉപയോഗപ്പെടുത്തിയതിൽ വലിയ പാഠങ്ങൾ അടങ്ങിയിട്ടുണ്ട്. ആ സംഭവം അല്ലാഹു ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: അനന്തരം അല്ലാഹു ആദമിനെ സകല വസ്തുക്കളുടെയും നാമങ്ങൾ പഠിപ്പിച്ചു. പിന്നീടവയെ മലക്കുകൾക്ക് മുമ്പിൽ ഹാജരാക്കിക്കൊണ്ട് കൽപിച്ചു: നിങ്ങളുടെ വിചാരം ശരിയാണെങ്കിൽ ഈ വസ്തുക്കളുടെ നാമങ്ങൾ പറഞ്ഞുതരിക. അവർ ബോധിപ്പിച്ചു: നിനക്ക് സ്തുതി, നീ പഠിപ്പിച്ചുതന്നതല്ലാത്ത യാതൊരറിവും ഞങ്ങൾക്കില്ല. എല്ലാം അറിയുന്നവനും ഗ്രഹിക്കുന്നവനും നീ മാത്രമാകുന്നു. തുടർന്ന് അല്ലാഹു ആദമിനോട് പറഞ്ഞു. ആ വസ്തുക്കളുടെ നാമങ്ങൾ അവർക്ക്
പറഞ്ഞുകൊടുക്കുക. ആദം അവർക്ക് ആ നാമങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ അല്ലാഹു അരുളി; ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങളും, നിങ്ങൾ വെളിപ്പെടുത്തുന്നതും മറച്ചുവെക്കുന്നതുമെല്ലാം എനിക്കറിയാമെന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നില്ലേ? പിന്നീട് ആദമിനെ നിങ്ങൾ (സുജൂദ് കൊണ്ട്) പ്രണമിക്കുക എന്ന് മലക്കുകളോട് നാം പറഞ്ഞു. അവരെല്ലാം അപ്രകാരം പ്രണമിച്ചു. ഇബ് ലീസ് ഒഴികെ. അവൻ വിസമ്മതം പ്രകടിപ്പിക്കുകയും അഹംഭാവം നടിക്കുകയും ചെയ്തു. അവൻ ധിക്കാരികളിൽ പെട്ടുപോയി (അൽബഖറ 31-34). മനുഷ്യന് അല്ലാഹു വ്യക്തിത്വ സവിശേഷത നൽകുകയും അത് അവന്റെ പരിസരത്തെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുകയാണ് ഇത്രയും ചെയ്യുക വഴി അല്ലാഹു ചെയ്തത്.



ഈ അനുഗ്രഹത്തിന് ശേഷം അല്ലാഹു നൽകിയ അനുഗ്രഹമാണ് ഹവ്വാ എന്ന ഇണ. ആദം നബിയിൽ നിന്നു തന്നെയായിരുന്നു ഈ ഇണയെ സൃഷ്ടിച്ചത്. ഒരൊറ്റ ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിക്കുകയും ആ ആത്മാവിൽ നിന്ന് തന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചുവെന്ന് സൂറത്ത് നിസാ ഇൽ ഖുർആൻ വ്യക്തമാക്കുന്നു. ആദമിൽ നിന്ന് തന്നെയാണ് അദ്ദേഹത്തിന്റെ ഇണയായ ഹവ്വയും സൃഷ്ടിക്കപ്പെട്ടത് എന്ന് ഖുർആനിൽ നിന്ന് വ്യക്തമാണ്. ആദം നബിയിൽ നിന്ന് എന്നതിന്റെ വിശദീകരണത്തിൽ അദ്ദേഹത്തിന്റെ വാരിയെല്ലിൽ നിന്ന് എന്ന് ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. സ്വഹീഹായ ഹദീസുകളുടെ പിൻബലത്തോടെയാണ് അവർ അങ്ങനെ പറയുന്നത്. ബുഖാരിയും മുസ്ലിമും റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ സ്ത്രീകളോട് നല്ല നിലയിൽ പെരുമാറാൻ വസ്വിയ്യത്ത് ചെയ്തുകൊണ്ട് നബി(സ്വ) പറഞ്ഞു: അവർ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലിൽ വെച്ച് ഏറ്റവും വളഞ്ഞത് അതിൽ ഏറ്റവും മേലെയുള്ളതാണ്. അതിനെ ചൊവ്വാക്കി നിർത്താൻ ശ്രമിക്കുന്ന പക്ഷം നീയത് പൊട്ടിക്കേണ്ടിവരും. അതിനെ അതിന്റെ പാട്ടിന് വിട്ടേക്കുന്ന പക്ഷം അത് വളഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയും ചെയ്യും. ഈ ഹദീസിന്റെ അടിസ്ഥാനത്തിൽ പല പണ്ഡിതൻമാരും ആദം നബിയുടെ വാരിയെല്ലിൽ നിന്നാണ് ഹവ്വാഅ്(റ) സൃഷ്ടിക്കപ്പെട്ടത് എന്ന് പറയുന്നു. ഇക്കാര്യം ബൈബിൾ പറയുന്നേടത്തും വാരിയെല്ലിന്റെ പ്രയോഗമുണ്ട്. ആദമിനെ സൃഷ്ടിച്ചപ്പോൾ അദ്ദേഹത്തിന് തക്കതായ ഒരു ഇണ ഇല്ലായ്കയാൽ ദൈവം അദ്ദേഹത്തിന് ഒരു ഗാഢനിദ്ര നൽകിയെന്നും, ഉറങ്ങിക്കൊണ്ടിരിക്കെ അദ്ദേഹത്തിന്റെ വാരിയെല്ലെടുത്ത് ആ എല്ലിനെ ഒരു സ്ത്രീയാക്കി സൃഷ്ടിച്ചുവെന്നുമാണ് ബൈബിൾ ഉൽപത്തി: രണ്ടാം അധ്യായം 21-23 വചനങ്ങൾ പറയുന്നത്. ഏതായാലും മനുഷ്യന് അല്ലാഹു നൽകിയ രണ്ടാമത്തെ അനുഗ്രഹമാണ് ഇണ.



ഇണ എന്നതിനെ ഒരു ദിവ്യാനുഗ്രഹമായി വായിക്കുവാൻ ഇണ മനുഷ്യ ജീവിതത്തിൽ ചെലുത്തുന്ന സ്വാധീനവും ചെയ്തുതരുന്ന ദാനവും വിലയിരുത്തണം. കേവലം ആണിനൊരു പെണ്ണ് എന്നതിനപ്പുറം പെണ്ണ് മനുഷ്യന്റെ ജീവിതത്തിൽ ചില ദൗത്യങ്ങൾ നിർവ്വഹിക്കുന്നുണ്ട്. അവ അവൾക്കു മാത്രം ചെയ്യാൻ കഴിയുന്നവയാണ്. അവ ചെയ്യപ്പെടാതെ പോയാൽ മറ്റൊരു വഴിക്കും നേടാനോ പകരം വെക്കുവാനോ കഴിയാത്തതാണ്. പ്രമുഖ ഇസ്‌ലാമിക ദാര്‍ശനികനും പണ്ഡിതനുമായ ഇമാം ഗസ്സാലി (റ) വിവാഹത്തിന്റെ അഞ്ച് ഗുണങ്ങള്‍ തന്റെ ഇഹ്‌യാഉ ഉലൂമുദ്ദീനിൽ ഇങ്ങനെ എണ്ണുകയും വിവരിക്കുകയും ചെയ്യുന്നു: ഒന്ന്) സന്താനോല്‍പാദനം. മനുഷ്യവര്‍ഗത്തിന്റെ നിലനില്‍പിന് സന്താനോല്‍പാദനം അനിവാര്യമാകുന്നു. കാരണം അല്ലാഹുവിന്റെ ഉദ്ദേശം ആദ്യത്തെ രണ്ടു മനുഷ്യരെ മാത്രം വാർത്തുണ്ടാക്കുകയും പിന്നീട് അവരുടെ വർഗ്ഗത്തെ പ്രജനനം വഴി നിലനിറുത്തകയുമാണ്. ഇതിന് വേണ്ടി അല്ലാഹു ചെയ്തു വെച്ചിരിക്കുന്നത് നൈസർഗ്ഗികമായ ഒരു പ്രക്രിയയാണ്. അത് ആദ്യത്തിൽ സൃഷ്ടിച്ച രണ്ട് പേർക്കിടയിൽ പരസ്പ ആകർഷണ ശക്തി നൽകുകയും ആ ആകർഷണം എന്ന ഊർജ്ജത്തെ കാമമാക്കി രൂപപ്പെടുത്തുകയും തദ്വാരാ അവരിൽ ഇണ ചേരാനുള്ള ത്വര സൃഷ്ടിക്കുകയും ചെയ്യുന്നു. അവർ ഇണചേരുമ്പോൾ ബീജം കൈമാറ്റം ചെയ്യപ്പെടുകയും അത് സ്ത്രീയുടെ അണ്ഡവുമായി ചേർന്ന് ഒരു കുഞ്ഞായി അവളുടെ ഗർഭാശയത്തിൽ വളർത്തിയെടുത്ത് ജനിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയക്ക് അവശ്യം ആവശ്യമായ ഘടകമാണ് ഇണ. ഇണ ഇതിനു തയ്യാറാവുന്നില്ലെങ്കിൽ അത് വർഗ്ഗത്തിന്റെ നിലനിൽപ്പിന്നെ ഗുരുതരമായി ബാധിക്കും.



രണ്ട്, ചാരിത്ര്യ സംരക്ഷണം. ഇത് ഒന്നാമത്തെ ലക്ഷ്യവുമായി ബന്ധപ്പെട്ടതാണ്. അതായത് പ്രത്യുൽപാദനം വഴി സന്താനങ്ങളും അവർ വഴി സമൂഹവും നിലനിൽക്കണമെങ്കിൽ ഇവയെല്ലാം വിശുദ്ധവും അംഗീകാരമുളളതും ആയിരിക്കണം. വിശുദ്ധവും മാന്യവുമായ ബന്ധത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കേ സമൂഹം വിശുദ്ധിയും മാന്യതയും കൽപ്പിക്കൂ. ഇതൊന്ന്. ഇപ്രകാരം ജനിക്കുന്ന കുഞ്ഞുങ്ങളോട് മാത്രമേ മാതാപിതാക്കൾക്ക് വൈകാരിക ബന്ധമുണ്ടാകൂ. മാതാപിതാക്കളുടെ വൈകാരിക ബന്ധമാണ് പ്രത്യേകിച്ചും ശൈശവ കൗമാര കാലങ്ങളിൽ കുഞ്ഞിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മാത്രമല്ല, ഈ വൈകാരിക ബന്ധമാണ് മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും കടമകളും കടപ്പാടുകളും കൊണ്ട് പരസ്പരം ബന്ധിപ്പിക്കുന്നതും. ജാരസന്തതികൾ അവസാനം സമൂഹത്തിൽ ഒറ്റപ്പെടുന്നതു കാണാം. അതെല്ലാം ഈ ധാർമ്മികതയുടെ പരാജയം കൊണ്ട് ഉണ്ടാകുന്നതാണ്. ലൈംഗിക ചാരിത്ര്യ ശുദ്ധി, ലൈംഗിക സദാചാരം തുടങ്ങിയവയെ പുഛിക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. എല്ലാ കാര്യങ്ങളും സ്വതന്ത്രമായി ചെയ്യണമെന്ന് താൽപര്യത്തിൽ നിന്നാണ് ഇതുണ്ടാകുന്നത്. തൽക്കാലത്തെ ഒരു ത്രില്ലും കുലത്തിന്റെ പാരമ്പര്യത്തെയും സമ്പ്രദായത്തെയും വെല്ലുവിളിക്കുന്നതിലുളള ചിലരുടെ ആത്മരതിയും ആദ്യ ദിനങ്ങൾ പിന്നിടുമ്പോഴേക്ക് പത്തി മടക്കും. പിന്നെ നിരാശയിലും നിരർഥകതയിലും ആപതിക്കുന്നതായല്ലാതെ, ഒരു മാന്യമായ ജീവിതം ഇത്തരക്കാർ നയിക്കുന്നതായി കാണാനും വാദിക്കാനും കഴിയില്ല എന്നതാണ് വസ്തുത.



ഈയിടെ പുറത്തുവന്ന ഒരു വാര്‍ത്ത ഇതോട് ചേർത്തു വായിക്കാനുളളതാണ്: ലിവിംഗ് ടുഗതര്‍ സാമൂഹികവിഷയമായി മാറുന്നതായി സംസ്ഥാന വനിതാ കമ്മീഷന്‍. ലിവിംഗ് ടുഗതറിനു ശേഷം ഉപേക്ഷിച്ചുകടക്കുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും ദമ്പതികളാണെന്നതിന് എവിടെയും രേഖകളില്ലാത്തതിനാല്‍ ഇത്തരത്തില്‍ ഉപേക്ഷിച്ചു കടക്കുന്ന സംഭവങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ലഭിക്കുന്നില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. സ്ത്രീകള്‍ വ്യക്തിപരമായി അവരുടെ സുരക്ഷിതത്വം ഉറപ്പാക്കണം. അതിനായി എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്തിടുന്നത് ഉചിതമായിരിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.



2 ലിവിംഗ് ടുഗെതർ



പുതിയ കാലത്തിന്റെ സ്വാതന്ത്ര്യ ദാഹങ്ങളുടെ ഭാഗമായി സമൂഹത്തിലേക്ക് ഇരച്ചുകയറിക്കൊണ്ടിരിക്കുന്ന ഒരു പ്രവണതയാണ് ലിവിംഗ് ടുഗെതർ. ഇഷ്ടപ്പെട്ട ആണും പെണ്ണും ഒരു സാമൂഹ്യ ഇടപെടലും ഇല്ലാതെയും ഉണ്ടെങ്കിൽ അത് പരിഗണിക്കാതെയും ഒന്നിച്ച് ജീവിക്കുന്നതിനെയാണ് ലിവിംഗ് ടുഗെതർ എന്ന് പറയുന്നത്. ഇത് വ്യാപകമായി വരുന്നതായി വാർത്തകളും കണക്കുകളും സൂചിപ്പിക്കുന്നു. അതിന് പല കാരണങ്ങളുമുണ്ട്. ഈ താൽപര്യവുമായി നടക്കുന്നവരെയും അതിനു വേണ്ടി വാദിക്കുന്നവരെയും സൂക്ഷ്മമായി നിരീക്ഷിച്ചാൽ തന്നെ ആ കാരണങ്ങൾ ബോധ്യപ്പെടും. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ലൈംഗിക ലാഭം തന്നെയാണ്. ഒരു വിവാഹത്തിന് വേണ്ട ചിലവുകൾ ഒന്നും നൽകാതെ ഇഷ്ടപ്പെട്ട പെണ്ണിനെ ലൈംഗികതക്ക് കിട്ടുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. മാത്രമല്ല, ഒരു ബാധ്യതയും ഒട്ടും ഇല്ല. ഒരു പക്ഷെ, ഭക്ഷണമോ ഡ്രസ്സോ കൊടുക്കേണ്ടി വന്നാൽ തന്നെ അത് കാമശമനത്തിനു വേണ്ടി ഒരു വേശ്യയെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന അത്രയൊക്കെ യേ വരൂ. മാത്രമല്ല, വിവാഹമാകുമ്പോൾ അതിൽ ഉണ്ടാകുന്ന കുട്ടിയുടെ രക്ഷാകർതൃത്വം ഒരു ഭാരമാണ്. മാത്രമല്ല, കാലം നീങ്ങുമ്പോഴോ പ്രസവത്തിന് ശേഷമോ ഈ കാമിനിയോടുള്ള താൽപര്യം ഇറങ്ങുമ്പോൾ വെറുതെ കയ്യും കാലും കഴുകിയങ്ങ് കൂളായി പോകുകയും ചെയ്യാം. ആരും ചോദിക്കില്ല. ചോദിക്കാൻ മാത്രമുള്ള ബന്ധമോ ബാധ്യതയോ ആദ്യമേ ഇല്ല. നഷ്ടങ്ങളുടെയും ചതിയുടെയും ഭാരം കൂട്ടത്തിൽ ദുർബലന്റെ ചുമലിൽ കിടക്കും. അത് ഈ കേസിൽ പെണ്ണായിരിക്കും. ഇത് ആര് അംഗീകരിച്ചാലും ഇല്ലെങ്കിലും ഇന്ന് നടന്നുവരുന്ന ഒരു ശരിയായ അനുഭവമാണ്.



ഈ വിഷയം നിരീക്ഷിക്കുമ്പോൾ ബോധ്യപ്പെടുന്ന ഒരു സത്യം ഇത്തരം വെറും വൈകാരിക ഏച്ചുകൂട്ടലിന് തയ്യാറാക്കുന്നത് വേണ്ടത്ര ചിന്തിക്കാൻ ശേഷിയില്ലാത്തവരാണ് എന്നതാണ്. നല്ല പഠനശ്രദ്ധ പുലർത്തുകയും വലിയ ഭാവി സ്വപ്നം കാണുകയും ചെയ്യുന്നവർ ആരും ഇത് താൽപര്യപ്പെടുകയോ ഇതിനെ ന്യായീകരിക്കുകയോ ചെയ്യുന്നതായി കാണുന്നില്ല. മതധർമ്മങ്ങളിൽ മനസ്സു വെക്കുന്നവരും ഇതിനു തയ്യാറല്ല. പിന്നെ ആകെ ഇതിന് പോകുന്നത് വിചാരത്തേക്കാൾ വികാരത്തിന് പ്രാധാന്യം കൽപ്പിക്കുന്നവരാണ്. അപ്രകാരം തന്നെ പുതിയ ട്രെന്റിനെയും പരിഷ്കാരത്തെയും അന്ധമായി പിന്തുടരുന്നവരും. ലിവിംഗ് ടുഗെതർ എന്ന് ഇംഗ്ലീഷിൽ വ്യവഹരിക്കപ്പെടുന്നതു കൊണ്ട് മാത്രം ഇതിനെ വാരിപ്പുണരുന്നവർ പോലുള്ളവരാണ് ഇതിനു പിന്നിൽ. ചിലർ അതിനെ ന്യായീകരിക്കുന്നത് പാശ്ചാത്യൻ സംസ്കാരം എന്ന നിലക്കാണ്. പാശ്ചാത്യന്‍ നാടുകളില്‍ കോളേജ് പഠനകാലത്തുതന്നെ വിദ്യാഥി-വിദ്യാര്‍ഥിനികള്‍ ഒന്നിച്ച് പൊറുക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഹൈസ്‌ക്കൂള്‍ പഠനകാലത്തുതന്നെ അത്തരം ബന്ധങ്ങള്‍ അവര്‍ ആരംഭിക്കും. തന്റെ മകന് ഗേള്‍ഫ്രണ്ടില്ലെന്നറിഞ്ഞാല്‍, മകള്‍ക്ക് ബോയ്ഫ്രണ്ടില്ലെന്നറിഞ്ഞാല്‍ ഇവനെന്തോ/ഇവള്‍ക്കെന്തോ തകരാറുണ്ടെന്ന് ചിന്തിച്ച് സൈക്ക്യാട്രിസ്റ്റിനെ കാണിക്കുന്ന ഏര്‍പ്പാടുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷെ, ചിന്താശക്തിയില്ലാത്ത ഇത്തരക്കാർ അങ്ങനെ അവിടെയുണ്ട് എന്നേ കേട്ടിട്ടുള്ളൂ. അതുണ്ടാക്കുന്ന അനർഥങ്ങൾ അവർ കണ്ടിട്ടില്ല. വിദ്യാലയങ്ങളിലും കലാലയങ്ങളിലും തൊഴിലിടങ്ങളിലും ഇങ്ങനെ സഹവസിച്ചുണ്ടാകുന്ന ബന്ധങ്ങളില്‍ പിറക്കുന്ന മക്കളുടെ വര്‍ധനവ് അമേരിക്കയുടെ ഏറ്റവും വലിയ സാമൂഹ്യ പ്രതിസന്ധിയാണെന്നാണ് കണക്കുകൾ. ഫാദര്‍ലസ്സ് അമേരിക്ക എന്നത് അവിടെ ഒരു ശീർഷകമാണ് ഇപ്പോൾ. ഇത്തരം തന്തയില്ലാത്ത മക്കളിൽ പലരും വളര്‍ന്ന് വലുതായാല്‍ വലിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് സമൂഹത്തിന് തന്നെ ഭീക്ഷണിയായി മാറുന്നതായി പഠനങ്ങള്‍ പറയുന്നു.



മൂല്യങ്ങളെ തകര്‍ക്കുക എന്നത് സാമ്രാജ്യത്വത്തിന്റെ താല്‍പര്യമാണ്. മതങ്ങളാണ് മനുഷ്യരെ മൂല്യങ്ങള്‍ പഠിപ്പിച്ചത്. കെട്ടുറപ്പുള്ള കുടുംബങ്ങളിലാണ് മൂല്യങ്ങള്‍ ഉറച്ചുനില്‍ക്കുക. വിശ്വസ്തതയും സത്യസന്ധതയുമുള്ള ദാമ്പത്യം വേണമതിന്. വഴിവിട്ട ബന്ധങ്ങള്‍ ആണിനും പെണ്ണിനുമുണ്ടാകാന്‍ പാടില്ല. അതിന്നവര്‍ക്ക് പ്രേരണ നല്‍കുന്നത് മൂല്യങ്ങളാണ്. അപ്പോള്‍ ആ മൂല്യങ്ങളെ എങ്ങനെയെങ്കിലും നശിപ്പിക്കണം. മൂല്യങ്ങള്‍ നശിച്ച കുടുംബത്തിലെ അംഗങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ ജീവിക്കും. സ്‌നേഹം ലഭിക്കാതെ മക്കള്‍ വളര്‍ന്നുവരും. ആ നിയന്ത്രണമില്ലായ്മയാണ് ആധുനിക ലോകത്തെ നിയന്ത്രിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടത്. അവരുടെ ആ തന്ത്രം പാശ്ചാത്യലോകത്ത് നേരത്തെ തന്നെ നടപ്പായി. അവിടെ ആര്‍ക്കും ആരുമായും ഒന്നിച്ചു ജീവിക്കാം. ഇഷ്മില്ലെങ്കില്‍ പരിയാം. മറ്റൊരാളെ തേടാം. ഒരാളിരിക്കെ തന്നെ മറ്റൊരാളുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന് തടസ്സമൊന്നുമില്ല. കുട്ടിയുണ്ടായാല്‍ പിതാവാരാണെന്നറിയാന്‍ ഡി എൻ എ പരിശോധന നടത്തും. അപ്പോള്‍ അതും ക്ലിയര്‍. അങ്ങനെ സര്‍വതന്ത്ര സ്വതന്ത്രമായ ലൈംഗിക ബന്ധം! അതാണ് യൂറോപ്പിലും അമേരിക്കയിലുമൊക്കെ ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. ഈ അരാജകത്വം ഏഷ്യന്‍ നാടുകളിലും പടര്‍ന്നുകയറാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി എന്നാണ് അനുഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.



വനിതാ കമ്മീഷൻ പോലുളള ഔദ്യോഗിക സാമൂഹ്യ സംവിധാനങ്ങളാണ് ഇവിടെ ശരിക്കും വെള്ളം കുടിക്കുന്നത്. അവർ മനസ്സു കൊണ്ട് ലിവിംഗ് ടുഗെതറിനൊപ്പമാണ്. ഇല്ലെങ്കിൽ മതങ്ങൾക്കും ദർശനങ്ങൾക്കും അപ്രമാദിത്വം കൈവരും എന്നവർ ഭയപ്പെടുന്നു. അത് ബന്ധപ്പെട്ടവരെല്ലാം യുക്തിവാദികളോ മതരഹിതരോ ആയതു കൊണ്ടല്ല. മറിച്ച് സാധാരണ മതവിശ്വാസികൾക്കു പോലും മതത്തിന് മേൽ കൈ ലഭിക്കുന്നതും കൈവരുന്നതും താൽപര്യമുളള കാര്യമല്ല. സൗകര്യം പോലെ ആചരിച്ചോ സാമ്പ്രദായികതകൾ പുലർത്തി എന്ന് വരുത്തിയോ മാത്രം ജീവിക്കുന്നതാണ് ഏറിയ പങ്കും മതവിശ്വാസികളുടെയും നിലപാട്. വളരെ സക്രിയവും സജീവവുമായ മതങ്ങളിൽ പോലും അതു കാണാം. ഇസ്ലാമിൽ തന്നെ ഏറെ ഉദാഹരണമുണ്ട്. നിസ്കരിക്കും അതോടൊപ്പം സകല മൂർത്തികളെയും സമീപിക്കും, സക്കാത്ത് കൊടുക്കും അതോടൊപ്പം പച്ചയായ ചൂഷണങ്ങൾ നടത്തും, ഹലാലിനെ കുറിച്ച് വാചാലനാകും പലിശ വാങ്ങുകയും കൊടുക്കുകയും ചെയ്യും തുടങ്ങിയ കാഴ്ചകൾ പുതിയ സമുദായത്തിന് അകലെയും അന്യവുമല്ലല്ലോ. മനസ്സാ ലിവിംഗ് ടുഗെതറടക്കം സാമൂഹ്യ പരിഷ്കാരങ്ങളെ വലിയ ഗുരുതരമല്ലാതെ കാണുന്ന നമ്മുടെ വനിതാ കമ്മീഷൻ ഇതുവഴി സ്ത്രീകൾ അകപ്പെടുന്ന ദുരിതങ്ങളെ കണ്ടില്ലെന്ന് നടിക്കുവാൻ കഴിയാത്ത ദുരവസ്ഥയിലാണ്. സ്വന്തം ഇഷ്ടപ്രകാരം ദമ്പതികളാണെന്ന് ഭാവനയില്‍ കാണുന്നു എന്നല്ലാതെ, നിയമപരമായി അത് തെളിയിക്കാന്‍ ഒരു രേഖയുമില്ല എന്നതിനാൽ ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകള്‍ വഴിയാധാരമാവുകയാണ്. അതിനാൽ ഇപ്രകാരം ഒന്നിച്ചു ജീവിക്കുന്നവര്‍ നിയമപരമായ പ്രാബല്യം ലഭിക്കാന്‍ വേണ്ടി എവിടെയെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യണം എന്നാണ് വനിതാ കമ്മീഷന്റെ ദയനീയമായ പരിവേദനവും നിര്‍ദേശവും.



ഇവിടെ ചേർത്തു വായിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. അത് ഇക്കാലത്തെ ഒരു പൊതുവായ കാര്യമാണ്. അഥവാ ഏത് അനാശ്വാസകരമായ കാര്യങ്ങൾക്കും വളം വെക്കുന്നത് നാട് ഭരിക്കുന്ന ഭരണകൂടം തന്നെയായിരിക്കും എന്നതാണത്. അഥവാ, ഭരണകൂടത്തിന്റെ നിലപാടിനോ നിയമത്തിനോ ഇക്കാര്യത്തിൽ സ്വാധീനം ഉണ്ടായിരിക്കും എന്നത്. നാം ഇവിടെ ചർച്ച ചെയ്യുന്ന വിഷയത്തിലും അതുണ്ട്. കുറേയൊക്കെ ശക്തിയും കെട്ടുറപ്പും വിശുദ്ധിയുമുള്ളതായിരുന്നു ഇന്ത്യയിലെ കുടുംബ സങ്കല്‍പവും. എന്നാല്‍ വഴിവിട്ട ലൈംഗികബന്ധങ്ങള്‍ക്ക് ഇന്ത്യയിലെ പരമോന്നത നീതിപീഠം തന്നെ ഈയിടെ വഴി വെട്ടിത്തെളിച്ചു കൊടുത്തിരിക്കുകയാണ്. വ്യഭിചാരം കുറ്റകരമാണെന്ന ഐ.പി.സി 497-ാം വകുപ്പ് 2018 സെപ്തംമ്പര്‍ 27ന് റദ്ദാക്കി. അന്യപുരുഷനുമായുള്ള ഭാര്യയുടെ ലൈംഗികബന്ധം ശിക്ഷാര്‍ഹമാണെന്ന 158 വര്‍ഷം പഴക്കമുള്ള നിയമമാണ് ഉന്നത നീതിപീഠം റദ്ദാക്കിയിരിക്കുന്നത്. അതുപോലെ സ്വവര്‍ഗരതി കുറ്റകരമാണെന്ന (377ാം വകുപ്പ്) നിയമവും 2018 സെപ്തംബര്‍ 6ന് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. ഇതിനെതിരെ മലയാളിയായ ജോസഫ് ഷൈൻ 2020 ൽ റിവ്യൂ ഹരജി നൽകി എങ്കിലും കാര്യമുണ്ടായില്ല. 2018 ൽ വിധിപറഞ്ഞ ജ. ദീപക് മിശ്രക്ക് പകരം ജ. ബോബ്ഡെയായിരുന്നു ഈ കേസിൽ ഹാജരായ അഡ്വ. കാളീശ്വരം രാജിനെ കേട്ടതെങ്കിലും ഹർജി സുപ്രിം കോടതി തള്ളുകയാണ് ഉണ്ടായത്. ഇപ്പോൾ ഇന്ത്യയിൽ വ്യഭിചാരം ഒരു കുറ്റമല്ല എന്നതാണ് വസ്തുത. ഒരു നൂറ്റാണ്ടിലധികം അതൊരു കുറ്റമായി ഗണിച്ചിരുന്നതാണ് കോടതി വെട്ടിയത്.



വ്യഭിചാരം വരാനുള്ള വഴികളെല്ലാം അടക്കുകയാണ് ഇസ്‌ലാം ചെയ്തിട്ടുള്ളത്. വ്യഭിചരിക്കരുത് എന്നതിനപ്പുറം, വ്യഭിചാരത്തോട് അടുക്കരുത് എന്നാണ് ഖുര്‍ആനിന്റെ ശാസന. കണ്ണ്, കാത്, കൈകാലുകള്‍ തുടങ്ങിയ അവയവങ്ങള്‍ കൊണ്ടൊക്കെ വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും. നബി (സ) ഇതിനെപ്പറ്റിയെല്ലാം താക്കീത് നല്‍കിയിട്ടുണ്ട്. അന്യ സ്ത്രീ-പുരുഷന്മാര്‍ തമ്മില്‍ സംസാരിക്കുന്നതിനും ഇടപെടുന്നതിനും ഇസ്‌ലാം പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. സൗന്ദര്യം പ്രകടമാക്കുന്ന ഒരു വസ്ത്രധാരണ രീതിയും സ്ത്രീകള്‍ സ്വീകരിച്ചുകൂടാ. ശരീരത്തിലെ നിംനോന്നതികള്‍ പുറത്തുകാണിക്കുന്നതോ ഇടുങ്ങിയതോ നിഴലിക്കുന്നതോ ആകര്‍ഷിക്കപ്പെടുന്നതോ ആയ വസ്ത്രങ്ങള്‍ ഒഴിവാക്കണം. സ്ത്രീ സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ പോലും ആകര്‍ഷിക്കപ്പെടുന്നതോ പുരുഷനെ വശീകരിക്കുന്നതോ ആയ ശൈലി സ്വീകരിച്ചുകൂടാ എന്ന് ഇസ്‌ലാം നിര്‍ദേശിക്കുന്നു. സത്യവിശ്വാസികളായ പുരുഷന്മാരോടും സ്ത്രീകളോടും കണ്ണുകള്‍ താഴ്ത്തുവാന്‍ അനുശാസിച്ചതിനു തൊട്ടുടനെ ഖുര്‍ആന്‍ പറയുന്നത്, അവരുടെ ഗുഹ്യാവയവങ്ങള്‍ അവര്‍ സൂക്ഷിക്കട്ടെ, വിശുദ്ധിയോടെ കാത്തു രക്ഷിക്കട്ടെ എന്നാണ്. വഴിവിട്ട ബന്ധങ്ങളുടെ തുടക്കം മിക്കവാറും നോട്ടത്തിലൂടെയാണ് എന്നത് തന്നെ കാരണം. ആദ്യം തമ്മിൽ കാണും, ആകര്‍ഷിക്കപ്പെടും, സംസാരിച്ച് തുടങ്ങും, വീണ്ടും കാണുവാനാഗ്രഹിക്കും... അങ്ങനെയങ്ങനെയാണത് സംഭവിക്കുന്നത്. ആരംഭത്തിലുണ്ടാകുന്ന നോട്ടം അരുതാത്ത ബന്ധത്തിലേക്കുള്ള വാതിലാണ്. ആ വാതില്‍ കൊട്ടിയടക്കുവാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്. അതാണ് വ്യഭിചാരത്തോടടുക്കരുത് എന്ന് പറഞ്ഞതിന്റെ സാരവും. അപ്പോൾ മനുഷ്യന് ധാർമ്മിക സദാചാരവും ലൈംഗിക വിശുദ്ധിയും ചാരിത്ര്യ സംരക്ഷണവും നേടാനുളള ഒരു വഴിയാണ് വിവാഹം.



3 മനസ്സമാധാനത്തിന്റെ തീരം



ഇമാം ഗസ്സാലി(റ) പറയുന്ന വിവാഹത്തിന്റെ അഞ്ചു ലക്ഷ്യങ്ങളിൽ മൂന്നാമത്തേത് മനസ്സമാധാനമാണ്. ഇത് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുളള ഒരു സത്യമാണ്. അവൻ പറയുന്നു: നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട് (റൂം 21). ഒരാണും പെണ്ണും സമൂഹത്തിന്റെ അറിവോടും അംഗീകാരത്തോടും പ്രാർത്ഥനയോടും ഒന്നിച്ചൊന്നായി മാറുന്ന പ്രക്രിയയാണ് വിവാഹം. രണ്ട് ജീവിതങ്ങള്‍ ചേര്‍ന്ന് ഒന്നായി മാറുന്ന മാസ്മരികവും വിസ്മയകരവുമായ പ്രക്രിയയാണത്. രണ്ടു മഹാ പ്രവാഹങ്ങള്‍ ചേര്‍ന്ന് ഒരു നദിയായി മാറുന്ന പോലെ രണ്ടുപേര്‍ ചേര്‍ന്ന് നയിക്കുന്ന ഒരൊറ്റ ജീവിതമായി മാറുമ്പോഴാണ് ദാമ്പത്യം വിജയിക്കുന്നത്. അത്തരത്തിൽ പരസ്പരം ലയിച്ചു ചേരുവാൻ വേണ്ട ഘടകങ്ങൾ കൊണ്ട് അല്ലാഹു കുടുംബത്തെ കടാക്ഷിക്കുന്നുണ്ട്. പ്രണയം, കാമം, ലൈംഗികത, ഇവ ദാനം ചെയ്യുന്ന കുഞ്ഞുങ്ങൾ തുടങ്ങിയവയെല്ലാം ദമ്പതിമാരെ വീണ്ടും വീണ്ടും അടുപ്പിക്കുന്ന ഘടകങ്ങളാണ്. ഇവയുടെ സഹായത്താൽ രണ്ട് കാര്യങ്ങൾ ദമ്പതികളിൽ അല്ലാഹു നിക്ഷേപിക്കുന്നു. സ്നേഹവും കാരുണ്യവും. ഉദ്ധൃത സൂക്തത്തിൽ നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും നിറച്ചിരിക്കുന്നു എന്ന് ഒരനുഗ്രഹമായി അല്ലാഹു എടുത്തു പറയുന്നത് അതുകൊണ്ടാണ്.



സ്‌നേഹമെന്ന പദം പോലും സുന്ദരമാണ്. അത് കേള്‍ക്കുമ്പോഴേക്കും മനസ്സിൽ ഒരു കുളിർ പരക്കുന്നു. മനസ്സ് ഉണർന്നെണീക്കുകയും എല്ലാ അസ്വസ്ഥതകളെയും മറക്കുകയും ചെയ്യുന്നു. അത് മനസ്സിൽ തെളിയുമ്പോഴേക്കും ശരീരമാസകലം സുഖമുള്ള കോരിത്തരിപ്പുണ്ടാകുന്നു. സംസാരത്തിലൂടെ അത് കടന്നുപോകുമ്പോഴേക്കും മനസ്സിൽ കൗതുകം പൊട്ടി വിടരുന്നു. അത് കിട്ടാന്‍ കൊതിക്കാത്തവരില്ല. മറ്റുള്ളവര്‍ക്ക് സ്‌നേഹം സമ്മാനിക്കാന്‍ വിസമ്മതിക്കുന്നവര്‍ പോലും തങ്ങള്‍ക്കത് ലഭിച്ചുകൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ ദാഹജലം അനിവാര്യമായ പോലെ സാമൂഹികബന്ധങ്ങള്‍ സ്ഥാപിതമാകാന്‍ സ്‌നേഹം കൂടിയേ തീരൂ. ഹൃദയകവാടങ്ങള്‍ തുറക്കാനുള്ള താക്കോലാണ് സ്‌നേഹം. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ക്ക് അധീനപ്പെടുത്താനാവാത്തവരെ പോലും സ്‌നേഹപൂര്‍വമായ പെരുമാറ്റത്തിലൂടെ കീഴ്‌പ്പെടുത്താന്‍ കഴിയും. സ്‌നേഹത്തിന്റെ സ്വാധീനം അതിരുകളില്ലാത്തതാണ്. അതിന്റെ ശക്തി അളക്കാനാകാത്തതും. സ്‌നേഹം നല്‍കുന്നതിനനുസരിച്ച് കുറയുകയില്ല. കൂടുകയേ ഉള്ളൂ. കൊടുക്കുന്നതിലേറെ തിരിച്ചുകിട്ടും. അതോടെ കൂടുതല്‍ സ്‌നേഹം നല്‍കാന്‍ നിര്‍ബന്ധിതമാകും. ഫലമോ അതിരുകളും അറ്റവുമില്ലാത്ത ഒരു പൂവാടിയായി അതിവേഗം സ്‌നേഹം മാറും. രചനകളുടെയും ഇശലുകളുടെയും ഏറിയ പങ്കും കവർന്നെടുത്തത് സ്നേഹമാണ്. ലോകം എന്നും ഓമനിക്കുന്ന മഹാ അദ്ധ്യായങ്ങളെല്ലാം സ്നേഹത്തിന്റേതാണ്. എന്തിനധികം, ഈ ലോകത്ത് നിവസിക്കുന്ന തൊണ്ണൂറിലധികം ശതമാനം വരുന്ന മത വിശ്വാസികളെ മത വിശ്വാസത്തിലേക്ക് നയിച്ചതും അതിൽ നിലനിറുത്തുന്നതും സ്നേഹമാണ്.



കരുണ എന്ന വികാരത്തിന്റെ കാര്യവും വിഭിന്നമല്ല. മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്ന ശക്തമായ കണ്ണിയാണത്. മാനവ മനസ്സിന്റെ ഏറ്റവും വിശുദ്ധമായ വികാരവും അതുതന്നെ. അതില്ലാതാവുന്നതോടെ മനസ്സുകള്‍ മരുഭൂമിയായി മാറുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ മനുഷ്യനെ മനുഷ്യനാക്കുന്നത് അവനിലെ കാരുണ്യമാണ്. മനുഷ്യമനസ്സിന്റെ ഏറ്റം വിശിഷ്ടമായ ഈ സ്‌നേഹ-കാരുണ്യങ്ങളെ ദാമ്പത്യത്തിന്റെ അടിസ്ഥാനമായി അല്ലാഹു നിശ്ചയിച്ചിരിക്കുകയാന്ന്. അതോടെ മനുഷ്യമനസ്സ് സമാധാനം പ്രാപിക്കും എന്ന് ഇനി പ്രത്യേകം പറയാനില്ല. അതുകൊണ്ടുതന്നെയാണ് സൗന്ദര്യം, സമ്പത്ത്, സ്ഥാനം തുടങ്ങി ഭൗതിക മാനദണ്ഡങ്ങളൊന്നും അതിന് ബാധകമല്ല എന്ന് ഇസ്ലാം പറയുന്നത്. മനുഷ്യന് ഈ നൈസർഗ്ഗികവും ഹൃദയഹാരിയുമായ ശാന്തി ലഭിക്കേണ്ടത് അനിവാര്യമാണ്. ജീവിത സന്ധാരണത്തിന്റെ ഭാരവും പുരുഷൻ എന്ന നിലക്ക് വന്നുചേരുന്ന ഉത്തരവാദിത്വങ്ങളും അവനെ ക്ഷീണിതനാക്കുമ്പോൾ അതിൽ നിന്ന് അവനൊരു മോചനം ഈ ശാന്തിയും സമാധാനവുമാണ്. വീട്ടിൽ വന്നു കയറുമ്പോൾ അവനിൽ നിന്നും എല്ലാ ക്ഷീണങ്ങളും ഊർന്നിറങ്ങിപ്പോകുന്നു. സമാധാനത്തിന്റെ തണലും സന്തോഷത്തിന്റെ തണുപ്പും ലഭിക്കേണ്ട വീടകങ്ങളിൽ നിന്ന് അവ കിട്ടാതെ വരുമ്പോൾ മനുഷ്യൻ കടുത്ത നൈരാശ്യത്തിൽ അകപ്പെടും. ആ നൈരാശ്യം ലഹരിയിലേക്കും അവിഹിതങ്ങളിലേക്കും ഒരുവേള ആത്മഹത്യയിലേക്കും അവനെ കൊണ്ടെത്തിക്കും. പുതിയ കാലത്ത് മനുഷ്യർ തമ്മിലുള്ള ഭൗതികമായ അകലം വളരെ കുറവാണ്. എത്ര വിദൂരത്തുള്ളവരുമായും കണ്ടും കേട്ടും ആശയവിനിമയം നടത്താനുള്ള സൗകര്യങ്ങളുണ്ട്. എന്നാൽ മനുഷ്യ മനസ്സുകൾ തമ്മിലുള്ള അടുപ്പം വളരെയേറെ അകന്നുകൊണ്ടിരിക്കുകയാണ്. കുടുംബകോടതികളിൽ കുന്നുകൂടുന്ന കേസുകൾ, പ്രശ്നപരിഹാരത്തിനായി മന:ശാസ്ത്ര വിദഗ്ധരെ സമീപിക്കുന്നവരുടെ വർധന, മനോരോഗികളുടെ ബാഹുല്യം, ആത്മഹത്യയിൽ അഭയം തേടുന്നവരുടെ ഞെട്ടിപ്പിക്കുന്ന കണക്ക് തുടങ്ങിയവയെല്ലാം ചോദ്യചിഹ്നങ്ങളായി നിൽക്കുമ്പോൾ അതിനിടയിൽ ചിന്തിക്കുന്ന മനസ്സിന് ഇറക്കി വെക്കാനും ഇറങ്ങി നിൽക്കാനും ഇണ, കുടുംബം തുടങ്ങിയവയല്ലാതെ മറ്റൊന്നുമില്ല.





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso