Thoughts & Arts
Image

പഠനം: ഇമാം നവവി(റ) 5

20-01-2023

Web Design

15 Comments



എട്ട്: മഹൽ സംഭാവനകൾ



ശാഫിഈ കർമ്മസരണിക്ക് ഇമാം നവവി(റ) നൽകിയ ഏറ്റവും വലിയ സംഭാവന അദ്ദേഹത്തിന്റെ മിൻഹാജ് എന്ന ഗ്രന്ഥമാണ്. ഇമാം നവവി(റ)യുടെ മിന്‍ഹാജ് ഇമാം റാഫിഈ(റ)യുടെ മുഹര്‍ററിന്റെ സംഗ്രഹമാണ്. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ രചനയാണ് മിന്‍ഹാജ്. നിരവധി വ്യാഖ്യാനങ്ങളും ശറഹുകളും മിന്‍ഹാജിനുണ്ട്. അവയുടെ കർത്താക്കൾ മദ്ഹബിലെ അഗ്രഗണ്യരാണ്. അവരിൽ പ്രധാനികളും അവരുടെ ശറഹുകളുടെ പേരുകളും (ബാക്കറ്റിൽ) ഇപ്രകാരമാണ്: സര്‍കശി ഇമാം(റ) (ദീബാജ്), തഖിയുദ്ദീനുസ്സുബ്ഖി ഇമാം (ഇബ്തിഹാജ്), അദ്‌റഇ(റ) (ഖൂത്തുല്‍ മുഹ്താജ്), അസ്‌നവി (റ) (കാഫി), ഇബ്‌നു ശുഅ്ബ(റ) (ഇര്‍ശാദ്), ഇമാം ഇബ്‌നു ഖാസിം (മിസ്വ് ബാഹ്), ദമീരി(റ) (നജ്മുല്‍ വഹ്ഹാജ്), ഇബ്‌നു ജമാഅത്(റ) (ബുല്‍ഗത്), ഇബ്‌നുല്‍ മുലഖന്‍(റ) (ഉംദത്തുല്‍ മുഹ്താജ്), ഇമാം ഇബ്‌നു ഹജര്‍ (തുഹ്ഫ), ഇമാം ഖത്വീബ് (മുഗ്‌നി), ഇമാം റംലി (നിഹായ), ഇമാം മഹല്ലി (കന്‍സുല്‍ റാഗിബീന്‍).



മിന്‍ഹാജ് മനപ്പാഠമാക്കുക എന്നത് പൂർവ്വ കാലപണ്ഡിതന്മാരുടെ പതിവായിരുന്നു. അതിലെ ഖുല്‍തു (ഞാന്‍ പറയട്ടെ) എന്നു പറഞ്ഞു പറയുന്ന അഭിപ്രായം ശാഫിഈ മദ്ഹബിലെ അവസാന വാക്കായിട്ടാണ് ഗണിക്കപ്പെടുന്നത്. ശാഫിഈ മദ്ഹബിലെ ആധികാരിക ശബ്ദം ഇമാം നവവി(റ) ആണ്. ഇമാം നവവി മുദരിസ് ആയിരുന്നപ്പോള്‍ ഇരുന്ന ദാറുൽ അശ്‌റഫിയ്യ(1) എ സ്ഥാപനത്തിലെ ഇരിപ്പടത്തിന്മേല്‍ ഹി: 742-ല്‍ മുദരിസായെത്തിയ തഖിയുദ്ധീനുസ്സുബ്കി(റ) ചുംബിക്കുമായിരുന്നു എന്ന് ചരിത്രങ്ങളിൽ കാണാം. മാത്രമല്ല ഇമാം നവവി(റ)യെ കണ്ടിട്ടുണ്ടായിരുന്ന ഒരു വയോധികനെ ഒരു യാത്രക്കിടയില്‍ കണ്ടുമുട്ടാന്‍ അവസരം കിട്ടിയപ്പോള്‍ സുബ്കി ഇമാം ആ വയോധികനെ ചുംബിച്ചു ദുആഅ് ചെയ്യിപ്പിച്ചു. നവവി ഇമാമിന്റെ മുഖത്തേക്ക് നോക്കിയ കണ്ണിനെ സുബ്കി ഇമാം ഏറെ ആദരിച്ചു.



റാഫിഈ(റ)യുടെ തന്നെ ഫത്ഹുല്‍ അസീസിന്റെ സംഗ്രഹമാണ് ഇമാം നവവി(റ)യുടെ റൗള. റൗളക്കും നിരവധി സംഗ്രഹങ്ങളും ശറഹുകളും ഉണ്ട്. ശീറാസിയുടെ മുഹദ്ദബിന്റെ വ്യാഖ്യാനമാണ് ഇമാം നവവി(റ)യുടെ മജ്മൂഅ്. നവവി രചനകളില്‍ ഏറ്റവും സമ്പന്നമാണ് മജ്മൂഅ്. ഇബ്‌നു കസീറുദ്ദിമശ്ഖി പറഞ്ഞു: മജ്മൂഇന് തുല്യം വേറെ ഒന്നുമില്ല. ശാഫിഈ മദ്ഹബിനെ ഇത്രയധികം സമ്പന്നമാക്കിയ മജ്മൂഇന്റെ സൗന്ദര്യം ഒന്നുവേറെ തന്നെയാണ്. ഹദീസുകളുടെ പിന്‍ബലങ്ങളോടെ കര്‍മ്മശാസ്ത്ര പ്രശ്‌നങ്ങള്‍ക്ക് കൃത്യമായ വീക്ഷണങ്ങളാണ് മജ്മൂഅ് നല്‍കുന്നത് (അല്‍ ബിദായത്തു വന്നിഹായ 279/13). ശാഫിഈ കര്‍മ്മസരണിയെ സംശോധന ചെയ്യുന്നതിലും വിശദീകരിക്കുന്നതിലും ഇമാം നവവി(റ) സ്വീകരിച്ച കണിശതയും പരിശ്രമവും വളരെ വിലപ്പെട്ടതാണ്. മേൽ സൂചിപ്പിച്ചതു പോലെ തന്റെ മുന്‍ഗാമികളുടെ രചനകളും അവരുടെ നിലപാടുകളും കാഴ്ചപ്പാടുകളും ലക്ഷ്യങ്ങള്‍ കണ്ടെത്തുന്നതില്‍ സ്വീകരിച്ച മാര്‍ഗവുമെല്ലാം ചികഞ്ഞ് പരിശോധിച്ചാണ് നവവി(റ) സാഹസികമായ ഈ ദൗത്യം നിര്‍വഹിച്ചു വിജയിച്ചത്. മുഖ്തസ്വര്‍(ഇമാം മുസ്‌നി. വഫാത്ത്: ഹിജ്‌റ 264), ലുബാബ് (ഇമാം മഹാമിലി. വഫാത്ത്: ഹിജ്‌റ 415), ഹാവി (ഇമാം മാവറദി. വഫാത്ത്: ഹിജ്‌റ 450), ഇബാന (ഇമാം ഫൂറാനി. വഫാത്ത്: ഹിജ്‌റ 461), തഅ്‌ലീഖാത്ത് ( ഇമാം ഖാളി ഹുസൈന്‍. വഫാത്ത്: ഹിജ്‌റ 462), തതിമ്മത്ത്( ഇമാം മുതവല്ലി. വഫാത്ത്: ഹിജ്‌റ 478), ബഹ്‌റുല്‍ മുഹദ്ദബ്(ഇമാം റുഅ്‌യാനി. വഫാത്ത്: ഹിജ്‌റ 502), തഹ്ദീബ് (ഇമാം ബഗ്‌വി. വഫാത്ത്: ഹിജ്‌റ 516) തുടങ്ങിയ ഒട്ടേറെ പ്രസിദ്ധ ശാഫിഈ കര്‍മശാസ്ത്ര രചനകള്‍ പഠനത്തിന് വേണ്ടി ഇമാം നവവി(റ) ഉപയോഗപ്പെടുത്തിയിട്ടുണ്ട്.



ഫിഖ്ഹീ ഗ്രന്ഥങ്ങളുടെ ഗണത്തില്‍ പെടുകയില്ലെങ്കിലും വ്യാഖ്യാനങ്ങളില്‍ ശാഫിഈ വീക്ഷണങ്ങള്‍ക്ക് പ്രാമുഖ്യം കല്‍പ്പിക്കുന്ന ഹദീസ് വ്യാഖ്യാനമാണ് ശറഹു മുസ്‌ലിം. നമ്മുടെ മദ്ഹബിന്റെ വീക്ഷണം അനുസരിച്ച് എന്ന് പല സന്ദര്‍ഭങ്ങളിലും ഇമാം നവവി പ്രയോഗിക്കുന്നത് കാണാം. ഹിജ്‌റ 974-ല്‍ നിര്യാതനായ ഇമാം ഇബ്‌നു ഹജരില്‍ ഹൈതമി ഇമാം നവവിയുടെ മിന്‍ഹാജിന് എഴുതിയ വിഖ്യാത ശറഹാണ് തുഹ്ഫതുല്‍ മുഹ്താജ്. മിന്‍ഹാജിന്റെ തന്നെ മറ്റൊരു പ്രസിദ്ധമായ വ്യാഖ്യാനമാണ് ഇമാം ശംസുദ്ദീന്‍ മുഹമ്മദുര്‍റംലിയുടെ (മരണം: ഹിജ്‌റ 1004) നിഹായ. ഇമാം ശാഫിഈക്ക് ശേഷം ശാഫിഈ മദ്ഹബ് വികസിപ്പിക്കുന്നതില്‍ ഇമാം റാഫിഈയും ഇമാം നവവിയുമാണ് ശാഫിഈ മദ്ഹബിനെ വ്യവസ്ഥാപിതമായി ആവിഷ്‌കരിച്ചത്. ആ ഘട്ടത്തിനു ശേഷം 10, 11 നൂറ്റാണ്ടുകളില്‍ മദ്ഹബിന്റെ ഒന്നുകൂടി വികസിപ്പിച്ച ആവിഷ്‌കാരം നടത്തിയിട്ടുള്ളത് ഇമാം ഇബ്‌നു ഹജരില്‍ ഹൈതമിയും ഇമാം ശംസുദ്ദീനുര്‍റംലിയുമാണ്. സമീപനത്തിലെ ആധികാരികത കാരണം ശാഫിഈ മദ്ഹബിന്റെ മുഖ്യാവലംബമായി തുഹ്ഫയും നിഹായയും മാറി. അല്ലാമാ മുഹമ്മദു ബ്‌നു സുലൈമാന്‍ അല്‍ കുര്‍ദി ഇരു ഗ്രന്ഥങ്ങളെയും കുറിച്ച് രേഖപ്പെടുത്തുന്നു: ഈജിപ്ഷ്യന്‍ പണ്ഡിതന്മാര്‍ മിക്കവരും പൊതുവെ റംലിയുടെ അഭിപ്രായങ്ങള്‍ക്കാണ് മുഖ്യ പരിഗണന നല്‍കിയിട്ടുള്ളത്. വിശിഷ്യാ, നിഹായയിലൂടെ അദ്ദേഹം പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ക്ക്. കാരണം നാനൂറോളം പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ ആ ഗ്രന്ഥം ആദ്യന്ത്യം വായിച്ചു കേള്‍പ്പിക്കപ്പെടുകയും അവരത് നിരൂപണം ചെയ്യുകയും തിരുത്തുകയും ചെയ്യുകയുണ്ടായി. അതിന്റെ ആധികാരികത അനിഷേധ്യമാംവിധം സ്ഥിരപ്പെട്ടതാണ്. എന്നാല്‍ യമനിലെ ഹളറ മൗത്ത്, സിറിയ ഉള്‍പ്പെടെയുള്ള ശാം പ്രദേശങ്ങള്‍, കുര്‍ദിസ്താന്‍, ദാഗിസ്താന്‍ തുടങ്ങിയ പ്രദേശങ്ങളിലെയും യമന്‍, ഹിജാസ് തുടങ്ങിയ പ്രദേശങ്ങളിലെയും പണ്ഡിതന്മാരും ഫുഖഹാഉം മുന്‍ഗണന നല്‍കുന്നതും അവലംബിക്കുന്നതും ഇബ്‌നു ഹജര്‍ തുഹ്ഫയില്‍ പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ക്കാണ്. അസംഖ്യം പണ്ഡിതന്മാര്‍ ഇത് പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. (ഇബ്നുൽ ഹാജിന്റെ (മരണം ഹി. 737 ) അല്‍ മദ്ഖല്‍).



ലക്ഷ്യങ്ങളുടെ ശക്തിയും ദുര്‍ബലതയും പരിശോധിച്ച് പ്രബലമായത് ഉദ്ധരിക്കുകയും അവയുടെ ന്യായങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണ് ഇമാം സ്വീകരിച്ചത്. അതോടൊപ്പം ശാഫിഈ കര്‍മസരണിയില്‍ സാങ്കേതിക പ്രയോഗങ്ങള്‍ വിശദീകരിക്കുകയും ഭിന്നതകളുടെ ഗതികള്‍ നിര്‍ണയിച്ച് പാതകള്‍ വെട്ടിത്തെളിക്കുകയും ചെയ്ത ഇമാമവര്‍കള്‍ ശാഫിഈ മദ്ഹബില്‍ അഗ്രഗണ്യനാണ്. അവിടുത്തെ മദ്ഹബിൽ അഭിപ്രായത്തിനാണ് മുന്‍ഗണനയും. ഇമാം ഇബ്‌നു ഹജര്‍(റ)നോട് ഒരു ചോദ്യമുന്നയിക്കപ്പെട്ടു: ഇമാം നവവിയും റാഫിഈയും തമ്മിൽ അഭിപ്രായ ഭിന്നതയുള്ള വിഷയത്തില്‍ ആരെയാണ് അവലംബിക്കേണ്ടത് ?. ഇമാം നവവി ബലപ്പെടുത്തിയതിനെയാണെന്നായിരുന്നു മറുപടി. ഇമാമുല്‍ ഹറമൈനി(റ)യുടെ നിഹായത്തുല്‍ മത്വ്‌ലബ് ഫീ ദിറാസത്തില്‍ മദ്ഹബ് എന്ന ശ്രേഷ്ഠ ഗ്രന്ഥം സംഗ്രഹിച്ച് കൊണ്ട് ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ എന്നീ രചനകളിലൂടെ ശാഫിഈ കര്‍മശാസ്ത്ര സരണിയെ ഇമാം ഗസ്സാലി(റ) സമ്പന്നമാക്കി. ഖുറാസാനി പണ്ഡിതനായ ഇമാമുല്‍ ഹറമൈനി(റ)യുടെ രചനയെ അനുകരിച്ച് ഇറാഖി പണ്ഡിതനായ ഇമാം ശീറാസി തന്‍ബീഹ്, മുഹദ്ദബ് എന്നിവ രചിച്ചു. ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇമാം റാഫിഈ(റ) ശാഫിഈ മദ്ഹബിന്റെ ലക്ഷ്യങ്ങളിലും ന്യായങ്ങളിലും കൂടുതല്‍ കണ്ടെത്തലുകള്‍ നടത്തി ശാഫിഈ സരണിയെ ഒന്ന്കൂടി പരിപോഷിപ്പിച്ചു. ഹിജ്‌റ ഏഴാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ശാഫിഈ മദ്ഹബിനെ വ്യക്തമായി മനസ്സിലാക്കാനും ഓരോ കര്‍മപ്രശ്‌നത്തിലും പ്രബലമായത് ഏതെന്ന് തിരിച്ചറിയാനും ഏറെ സുഗമമായി കഴിയുന്ന വിധത്തില്‍ ഇമാം നവവി(റ) പൂര്‍ണ സംശോധനയും സംസ്‌കരണവും നടത്തി ഗ്രന്ഥങ്ങള്‍ രചിച്ചു. ഇത്രയും കഠിനമായ ജ്ഞാന സപര്യക്ക് ഭംഗം വരാതിരിക്കാൻ അദ്ദേഹം കഠിനമായി ശ്രമിച്ചു.
ഭക്ഷണം നിയന്ത്രിച്ചു. ഉറക്കം ഭയന്ന് പഴവർഗ്ഗങ്ങൾ ഒഴിവാക്കി. സൂക്ഷ്മതയുടെ ഭാഗമായി വഖ്ഫ് വക ആസ്തിയില്‍ നിന്നുള്ള ഭക്ഷണം ഒഴിവാക്കി. തന്റെ വിഹിതം ദരിദ്രര്‍ക്ക് നീക്കിവെച്ചു. ദീനി ചിട്ട ശരിയല്ലാത്തവരുടെ ഒരു ഔദാര്യവും സ്വീകരിച്ചില്ല. ഒരു നേരം മാത്രമായിരുന്നു ആഹാരം. ശമ്പളം പറ്റാതെ ദര്‍സ് നടത്തി. പ്രയാസങ്ങളുടെ അലകൾ മുറിച്ചു കടന്നാണ് മഹാനവർകൾ ഔന്നത്യത്തിലേക്ക് ഉയർന്നത് എന്നു തെളിയിക്കുകയാണ് ഇതെല്ലാം.



ശൈഖ് ഇലാഉദ്ധീന്‍ ബിന്‍ അത്വാര്‍ (റ), ശംസുദ്ധീന്‍ ബിൻ നഖീബ് (റ), ശംസുദ്ധീൻ ബിൻ ജുവാന്‍(റ), ശൈഖ് ശംസുദീന്‍ അല്‍ ഖുമ്മാഹ് (റ), ഹാഫിള് ജമാലുദ്ധീന്‍ അല്‍ മിസ്സി (റ) തുടങ്ങിയവര്‍ മഹാനവർകളുടെ ശിഷ്യ ഗണത്തിലെ പ്രസിദ്ധരാണ്.



--------------
(1) ഡമാസ്കസിൽ സ്വലാഹുദ്ദീൻ കോട്ടയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ദാറുൽ ഹദീസിൽ അശ്റഫിയ്യ എന്ന പഠന കേന്ദ്രം. ദമാസ്കസിൽ ഉയർന്ന ആദ്യത്തെ ഹദീസ് പഠന കേന്ദ്രമാണ് ഇത് എന്ന് ചരിത്രകാരൻമാർ അനുമാനിക്കുന്നു. ഇമാം നവവി, ഇമാം താജുസ്സുബ്കി മുതലായവർ ഇവിടെ മുദരിസായിരുന്നിട്ടുണ്ട്.



---------------
ഒമ്പത്:
സമർപ്പിത ജീവിതം



ഭൗതിക സുഖഭോഗങ്ങളില്‍ വിരക്തനും പരലോക ചിന്തയില്‍ അഭിനിവിഷ്ടനുമായിരുന്നു ഇമാം നവവി(റ). ആരാധനാനുഷ്ഠാനങ്ങളില്‍ അദ്ദേഹം പുലര്‍ത്തിയ നിതാന്ത ജാഗ്രത ചരിത്രകാരന്മാരെല്ലാം ഏക സ്വരത്തില്‍ എടുത്തുപറഞ്ഞ വസ്തുതയാണ്. പകല്‍ വേളയില്‍ വ്രതമനുഷ്ഠിച്ചും നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, ഗ്രന്ഥ രചന എന്നീ കൃത്യനിര്‍വഹണങ്ങള്‍ക്കായി ഉറക്കമിളച്ചും ദിക്‌റുകളില്‍ മുഴുകിയും അദ്ദേഹം ജീവിച്ചു. ഹലാല്‍-ഹറാമുകളില്‍ അതീവ സൂക്ഷ്മത പുലര്‍ത്തി. നിഷിദ്ധതയുടെ വിഷയത്തില്‍ സംശയാസ്പദമായ വിഭവങ്ങളും സമ്പാദ്യങ്ങളും ഉപേക്ഷിച്ചു. ദമസ്‌കസിലെ ഫലവൃക്ഷങ്ങള്‍ വിളയുന്ന തോട്ടങ്ങള്‍ പലതും വഖ്ഫ് വകയായതിനാല്‍ അവിടെ വിളയുന്ന ഫലവര്‍ഗങ്ങള്‍ അദ്ദേഹം ഭക്ഷിക്കുമായിരുന്നില്ല. അതിനെ കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെടുമ്പോൾ എല്ലാം അദ്ദേഹം പറയാറുണ്ടായിരുന്നത് ഇത് അനാഥകൾ, അഗതികൾ തുടങ്ങിയ പലതരം അശരണരായ ജനവിഭാഗങ്ങൾക്ക് വേണ്ടി വഖഫ് ചെയ്യപ്പെട്ടതാണ്, അതിൽ നിന്ന് എടുക്കുവാനുള്ള നേരിട്ടുള്ള യോഗ്യത എനിക്കില്ല എന്നാണ്. അതേസമയം, താൻ അധ്യാപനം നടത്തുന്ന റവാഹിയ്യ എന്ന സ്ഥാപനത്തിന്റെ വഖഫുകൾ അദ്ദേഹം ഉപയോഗിക്കുമായിരുന്നു. കാരണം അത് ചില ധനാഢ്യരായ കച്ചവടക്കാർ ഉലമാക്കൾക്കും ഇൽമിനും വേണ്ടി മാത്രം വഖഫ് ചെയ്തതായിരുന്നു. ദീനിന്റെ വിധിവിലക്കുകള്‍ സസൂക്ഷ്മം പാലിക്കുന്നവരെന്ന് തനിക്ക് ബോധ്യം വന്ന ആളുകളില്‍നിന്നേ പാരിതോഷികങ്ങള്‍ അദ്ദേഹം സ്വീകരിച്ചിരുന്നുള്ളൂ. താന്‍ ചെയ്തിരുന്ന വൈജ്ഞാനിക സേവനങ്ങളുടെ പേരില്‍ യാതൊരു പ്രതിഫലവും കൈപറ്റിയിരുന്നില്ല. പിൽക്കാലത്ത് ദാറുൽ ഹദീസിൽ ജോലി ചെയ്യുമ്പോൾ അദ്ദേഹം ശംബളം നേരിട്ട് വാങ്ങിക്കാറില്ലായിരുന്നു എങ്കിലും അത് മദ്റസയുടെ നാദിറിന്റെ(കൈകാര്യക്കാരന്റെ) അടുക്കൽ സ്വരുക്കൂട്ടുകയായിരുന്നു പതിവ്. അത് ഒരു തുകയായാൽ മദ്റസക്ക് വേണ്ട കിതാബുകൾ തുടങ്ങിയ കാര്യങ്ങൾക്കായി അത് ഉപയോഗിക്കും. അക്കാലത്ത് ഈ മദ്റസകളിലെ ഉസ്താദുമാർക്ക് പൊതു ഖജനാവിൽ നിന്നാണ് ശമ്പളം നൽകിയിരുന്നത്. രാജ്യത്തിന്റെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളായാണല്ലോ ഈ സ്ഥാപനങ്ങൾ പരിഗണിക്കപ്പെട്ടിരുന്നത്.



പണ്ഡിതൻമാരുടെ ധാർമികതയുടെ വണ്ണവും വലുപ്പവും ആഴവും പരപ്പും പരിശോധിക്കുവാൻ പൊതുവേ ആശ്രയിക്കുന്ന മാനദണ്ഡം സമൂഹത്തിൽ നിന്നോ സമൂഹത്തെ നയിക്കുന്നവരിൽ നിന്നോ ഉണ്ടാകുന്ന കൊള്ളരുതായ്മകളുടെ നേരെ അവർ സ്വീകരിക്കുന്ന നിലപാട് ആണ്. ശറഇന് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെടുമ്പോൾ ഇത്തരം ഒരാളുടെ അകത്തുള്ള ധാർമികതയും അറിവും ഉണർന്നെഴുന്നേൽക്കുകയും പ്രതികരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അദ്ദേഹം താൻ സ്വാംശീകരിച്ച അറിവിന് പരിഗണന നൽകുന്നു എന്നാണ്. അല്ലാത്തവർ തന്റെ ചുറ്റുപാടുകളെയും അതിൽ നിന്ന് ലഭിക്കുന്ന നേട്ടങ്ങളെയും നഷ്ടപ്പെടരുത് എന്ന് കരുതി മൗനം പാലിക്കുന്നവരാണ്. അവർക്ക് ഈ നേട്ടങ്ങൾ അറിവിനെക്കാൾ വലുതാണ്. ഭൗതികതയുടെ അടിമകളായിട്ട് മാത്രമാണ് അവരെ നമുക്ക് കാണാൻ കഴിയുക. ഇമാം നവവി(റ) തന്റെ അറിവിനോട് നന്ദി കാണിക്കുകയും ഉത്തരവാദിത്വങ്ങൾ പരിപൂർണ്ണമായി നിർവഹിക്കുകയും ചെയ്ത ഒരു പണ്ഡിതനായിരുന്നു. ശറഇനു വിരുദ്ധമായ പ്രവൃത്തികള്‍ ചെയ്യുന്നത് ആരായാലും നിര്‍ഭയം അതിനെതിരെ അദ്ദേഹം ശബ്ദിച്ചിരുന്നു. തന്റെ പരിസരത്ത് മാത്രം ഒരുങ്ങി ഇൽമ് പഠിച്ചും പഠിപ്പിച്ചും ഗ്രന്ഥങ്ങൾ രചിച്ചും ജീവിതം തന്നെ മറന്നു ജീവിച്ച ഒരാളായിരുന്നു ഇമാം നവവി(റ). അതിതിനാൽ അദ്ദേഹത്തിന് ഒരുപാട് ഒരുപാട് പൊതുബന്ധങ്ങളൊന്നും ആ ജീവിതത്തിൽ കണ്ടെത്താൻ കഴിയില്ല. അത്തരം ബന്ധങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണല്ലോ അത്തരം സംഭവങ്ങൾക്ക് ഉദാഹരണങ്ങൾ ഉണ്ടാവുക. എന്നിരുന്നാലും ഏതു രാജ്യത്തും ഏത് സമൂഹത്തിലും അതിന്റെ ഭരണസംവിധാനം ഉണ്ടായിരിക്കുമല്ലോ. ഇമാം നവവി(റ)യുടെ കാലഘട്ടത്തിലെ ഭരണ സംവിധാനത്തോട് അദ്ദേഹം നടത്തിയ ഏതാനും പ്രതികരണങ്ങൾ ഇതിലേക്ക് നമുക്ക് ചേർത്തു വായിക്കാൻ കഴിയും.



ഇതു പറയുമ്പോൾ നാം ആദ്യം വിവരിക്കേണ്ടത് അക്കാലത്തെ ഭരണ രാഷ്ട്രീയത്തെയാണ്. ഇമാം നവവി(റ)യുടെ കാലഘട്ടം കടന്നുവരുന്നതിന്റെ തൊട്ടുമുമ്പ് നൂറുദ്ദീൻ സങ്കി(1)യുടെയും സലാഹുദ്ദീൻ അയ്യൂബി (2)യുടെയും ധീരമായ ഇടപെടലുകളിലൂടെ കുരിശ് യോദ്ധാക്കളുടെ കടന്നുകയറ്റം തെല്ല് ശമിച്ചിരുന്നു. അവർ രണ്ടുപേരുടെയും പിൻഗാമിയായി ഈ പതാക ഏറ്റുവാങ്ങിയതും മുന്നേറ്റം നടത്തിയതും റുക്നുദ്ദീൻ ബേബർസ്(3) എന്ന മംലൂക്കി സുൽത്വാനായിരുന്നു. നീതിയും ധർമ്മവും ഉള്ള ഒരു ഭരണാധികാരിയായിട്ടാണ് ബേബർസ് അറിയപ്പെടുന്നതെങ്കിലും അദ്ദേഹവുമായി ഇമാം നവവിക്ക് വിയോജിക്കേണ്ടി വന്നു. അതിൽ രണ്ടു രംഗങ്ങൾ നമ്മുടെ ഈ ചരിത്ര വായനയിൽ പ്രധാനമാണ്. ഒന്നാമത്തേത്, അദ്ദേഹം താർത്താരികൾക്കെതിരെ വീണ്ടും ഒരു ശക്തമായ നീക്കം നീങ്ങുവാൻ നടത്തുവാൻ നിർബന്ധിക്കുന്ന സാഹചര്യത്തിന്റെ മുമ്പിൽ എത്തിപ്പെട്ടതാണ്. അക്കാലത്തെ ഏറ്റവും വലിയ സൈനിക ശക്തിയായിരുന്നു മംഗോളിയൻ താർത്താരികൾ. മംഗോളിയ മുതൽ ബഗ്ദാദ് വരെയുള്ള സമ്പന്നമായ ഇസ്ലാമിന്റെ ഭൂമികൾ കൊന്നും കൊലവിളിച്ചും തട്ടിയെടുത്ത വലിയ സാമ്പത്തിക ശക്തിയായിരുന്നു അവർ. അതിനാൽ തന്നെ അവർ ഇഛിച്ചതെല്ലാം വിലക്കെടുക്കുവാൻ അവർക്ക് കഴിയുമായിരുന്നു. അവരോട് ഏറ്റുമുട്ടണമെങ്കിലും ഇതിന് തുല്യമായ സാമ്പത്തിക സാമ്പത്തിക ശക്തി അനിവാര്യമായിരുന്നു. പല പ്രാദേശിക സൈനിക നീക്കങ്ങൾക്കുമായി നല്ല ഒരു തുക ചിലവായ സമയത്തായിരുന്നു വീണ്ടും താർത്താരികൾക്കെതിരെ ഒരു സൈനിക നീക്കത്തിന്റെ പണം കണ്ടെത്തേണ്ടിയിരുന്നത്. അത് അന്വേഷിക്കുന്നതിനിടയിൽ അദ്ദേഹത്തിന് ഒരു വിവരം ലഭിച്ചു. ഡമാസ്കസിലെ എത്രയോ ഹെക്ടർ ഭൂമിയും തോട്ടങ്ങളും പൊതുമുതലാണ് എന്നതായിരുന്നു ആ വിവരം. അതോടെ സുൽത്താൻ പൊതുവിജ്ഞാപനം ഇറക്കി. ആർക്കെങ്കിലും രേഖകൾ ഉണ്ട് എങ്കിൽ അത് അനുസരിച്ചുള്ള ഭൂമി എടുക്കാം, അല്ലാത്ത ഭൂമിയെല്ലാം ബൈത്തുൽ മാലിലേക്ക് മുതൽ ക്കൂട്ടാൻ പോവുകയാണ് എന്നുമുള്ള വിജ്ഞാപനം.



ഇത് കർഷകരെ വല്ലാത്ത പ്രയാസത്തിൽ ആക്കി അവർക്ക് വേണ്ടി സംസാരിക്കുവാനും ശബ്ദിക്കുവാനും ആരുമുണ്ടായിരുന്നില്ല. അതിനാൽ അവർ ദാറുൽ ഹദീസിൽ വന്ന് ഇമാം നവവി(റ)യോട് പരാതിയും സങ്കടവും പറഞ്ഞു. അത് ഉൾക്കൊണ്ട് കുപിതനായി ഇമാമവർകൾ സുൽത്താൻ ബേബർസിന് ഒരു കത്തയച്ചു. ഇവിടെയുള്ള ഭൂമിയെല്ലാം ഇവിടെയുള്ള കർഷകരുടെതും വഖഫ് ചെയ്യപ്പെട്ടതും എല്ലാം ആണ്. അത് വളച്ചുകെട്ടി സ്വന്തമാക്കുവാൻ ഗവർമെന്റിന് യാതൊരു അധികാരവുമില്ല എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. അത് കണ്ട് കോപാകുലനായ ബേബർസ് ഇമാം നവവിയെ തന്റെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുവാനും അദ്ദേഹത്തിന്റെ ശമ്പളം തടഞ്ഞു വെക്കുവാനും ആജ്ഞാപിച്ചു. അപ്പോഴാണ് ഉദ്യോഗസ്ഥന്മാർ ബേബർസിനെ ഒരു വിവരം അറിയിച്ചത്. ഇമാം നവവിക്ക് പ്രത്യേക സ്ഥാനങ്ങൾ ഒന്നുമില്ല എന്നും അദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് ദീനീ സേവനം ചെയ്യുന്ന ചെയ്യുക മാത്രമാണ് ചെയ്യുന്നത് എന്നും അദ്ദേഹം ഈ സേവനത്തിന് ശമ്പളം പറ്റുന്നില്ല എന്നും. അതോടെ സുൽത്വാന് തന്റെ കോപം സ്വയം കെടുത്തേണ്ടതായി വന്നു. സിറിയയിലെ കര്‍ഷകർക്ക് ഭരണകൂടത്തിന്റെ നികുതി ഭാരം, നിര്‍ബന്ധ ഭൂദാനം തുടങ്ങിയ ഭാരമേറിയ ഓര്‍ഡറുകള്‍ വരുമ്പോള്‍ സുൽത്വാന് നേരിട്ട് എഴുത്തയച്ചും രാജധാനിയില്‍ നേരിട്ട് കയറിച്ചെന്നും ജനത്തിന് വേണ്ടി ഘോരം വാദിക്കുമായിരുന്നു ഇമാം നവവി(റ). ഇവ്വിഷയകമായി മഹാനവര്‍കൾ തയ്യാറാക്കിയ കത്തുകള്‍ ചരിത്രത്തിലെ ഇടിമുഴക്കങ്ങളായിരുന്നു. മിന്‍ഹാജിലൂടെയും ശര്‍ഹു മുസ്‌ലിമിലൂടെയും പരിചയപ്പെട്ട ഒരു ഇമാമിനെയല്ല, മറിച്ച് ബദ്‌റിലും ഉഹ്ദിലും ഓടിനടന്ന ശുജാഇയായ ഒരു യോദ്ധാവിനെയാണ് പ്രസ്തുത കത്തിലൂടെ നാം കാണുക.



മറ്റൊരു രംഗം താർത്താരികൾക്കെതിരെ യുദ്ധം നയിക്കുവാൻ ആവശ്യമായ യുദ്ധ ഫണ്ട് കണ്ടെത്തുവാൻ വ്യാപാരികളിൽ നിന്ന് പ്രത്യേക നികുതികൾ ഏർപ്പെടുത്തുവാൻ സുൽത്താൻ ബേബർസ് തീരുമാനിച്ച സമയമായിരുന്നു. ഒരു കീഴ്‌വഴക്കം പോലെ ഇതിന് രാജ്യത്തെ പണ്ഡിതന്മാരുടെ അനുമതിയും ഫത്വയും അദ്ദേഹം തേടുകയുണ്ടായി. അത് ഉദ്ദേശിച്ചതുപോലെ തന്നെ ലഭിച്ചപ്പോൾ ഇതിനോട് മറ്റ് അഭിപ്രായങ്ങൾ ഉള്ളവരെ കണ്ടെത്തുവാൻ എന്നോണം ഇതിനോട് ആരെങ്കിലും വിയോജിക്കുന്നവരുണ്ടോ എന്ന് ആരായുകയുണ്ടായി. ഉണ്ട് അത് ഇമാം നവവി ആണ് എന്ന് അറിഞ്ഞതോടെ സുൽത്താൻ അദ്ദേഹത്തോട് തന്റെ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം പറഞ്ഞു: സുൽത്താൻ, താങ്കൾ വെറുമൊരു അടിമയായിരുന്നു എന്ന് എനിക്കറിയാം. അന്ന് ഒരു സമ്പത്തും താങ്കളുടെ കയ്യിൽ ഉണ്ടായിരുന്നില്ല. പിന്നെ അല്ലാഹു താങ്കൾക്ക് ഔദാര്യം ചൊരിഞ്ഞു തന്നു. അധികാരത്തെ കയ്യിൽ എത്തിച്ചുതന്നു. ഇപ്പോൾ താങ്കൾക്ക് 100 അടിമ സ്ത്രീകൾക്കുണ്ട്. അവരോരോരുത്തർക്കും ധാരാളം സ്വർണ്ണാഭരണങ്ങൾ ഉണ്ട്. താങ്കളുടെ അടിമകൾ ഓരോരുത്തരുടെയും കയ്യിൽ പൊന്നും വെള്ളിയും ഉണ്ട്. താങ്കളുടെ സ്വകാര്യ സമ്പത്തിൽ തന്നെ നല്ല ഒരു തുകയുണ്ട്. ഇതെല്ലാം ആദ്യം എടുക്കുക. എന്നിട്ട് മതി പുതിയ യുദ്ധ നികുതികൾ അടിച്ചേൽപ്പിക്കുവാൻ. ഇത്രയും ധീരതയോടെ സുൽത്താനോട് ഇങ്ങനെ പറയാൻ ധൈര്യം കാണിച്ച ഇമാം നവവിയെ ഇതിനു ശിക്ഷ എന്നോണം ബേബർസ് നാടുകടത്തി. തുടർന്ന് സ്വന്തം നാട്ടിലേക്ക് അദ്ദേഹത്തിന് മടങ്ങേണ്ടിവന്നപ്പോൾ അതറിഞ്ഞ് രാജ്യത്തെ വലിയ പണ്ഡിതന്മാർ ഈ വിഷയത്തിൽ അപ്പീലുമായി സുൽത്താനെ സന്ദർശിക്കുകയുണ്ടായി. അവരുടെ എല്ലാവരുടെയും ആവശ്യം പരിഗണിച്ച സുൽത്താൻ ഇമാം നവവിയോട് ഡമാസ്കസിലേക്ക് തിരിച്ചുവരുവാൻ ആവശ്യപ്പെട്ടു. പക്ഷേ സുൽത്താൻ ബേബർസ് സിംഹാസനത്തിൽ തുടരുന്ന കാലത്തോളം താൻ ഇനി ഡമാസ്കസ് പട്ടണത്തിലേക്ക് വരില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ സംഭവം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ബേബർസ് മരണപ്പെട്ടു. തുടർന്ന് ഇമാം നവവി ഡമാസ്കസിൽ തിരിച്ചെത്തുകയും ചെയ്തു.



46 വര്‍ഷം മാത്രം നീണ്ടുനിന്ന ഹ്രസ്വമായ ജീവിത കാലയളവില്‍ ഇമാം നവവി ദാമ്പത്യ ജീവിതത്തിലേര്‍പ്പെട്ടിട്ടില്ല. ശറഈ വിജ്ഞാനങ്ങളുടെ അഭ്യുന്നതിക്കും പ്രചാരണത്തിനും ജീവിതം നീക്കിവെച്ച, അതിനുവേണ്ടി ഉറക്കം പോലും ത്യജിച്ച ആ ത്യാഗിവര്യന് ദാമ്പത്യബാധ്യതകള്‍ നിര്‍വഹിക്കാന്‍ സമയം ലഭ്യമാവാതിരിക്കുക സ്വാഭാവികമാണ്. അങ്ങനെ അല്ലാഹുവിന്റെ നിയമങ്ങള്‍ അതിലംഘിക്കാന്‍ ഇടവരുമോ എന്ന ഭയവും ആശങ്കയുമാണ് വിവാഹം കഴിക്കാതിരിക്കുവാൻ കാരണമെന്ന് എന്ന് ചില പണ്ഡിതൻമാർ പറയുന്നു. മറ്റു ചിലർ ചുണ്ടിക്കാണിക്കുന്നത് ഭാര്യയോടുളള കടമകൾ വീട്ടുവാൻ തനിക്ക് കഴിയുമോ എന്ന ആശങ്കയാണ് എന്നാണ്.



സ്വഹാബി വനിത അസ്മാഅ് (റ), തന്റെ ഭര്‍ത്താവ് സുബൈറി(റ)നു വേണ്ടി നിര്‍വഹിച്ചിരുന്ന സേവനങ്ങളെ സംബന്ധിച്ച് ഇമാം മുസ്‌ലിം ഉദ്ധരിച്ച ഹദീസിന്റെ വ്യാഖ്യാനത്തിൽ ശറഹു മുസ്‌ലിമില്‍ അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്: ഈ പറഞ്ഞ കാര്യങ്ങളും, ഭക്ഷണം പാകം ചെയ്യുക, വസ്ത്രങ്ങള്‍ കഴുകിക്കൊടുക്കുക തുടങ്ങി സ്ത്രീ ഭര്‍ത്താവിനു വേണ്ടി ചെയ്തുകൊടുക്കുന്ന സേവനങ്ങളും എക്കാലത്തും ജനങ്ങള്‍ ഒന്നടങ്കം അംഗീകരിച്ചുപോന്നവയും സദ്കര്‍മങ്ങളിലും മാനവിക മൂല്യങ്ങളിലും ഉള്‍പ്പെടുന്നവയുമാണ്. എന്നാല്‍ ഇവയത്രയും അവളുടെ സൗജന്യവും ഭര്‍ത്താവിനോടുള്ള ഗുണകാംക്ഷയുടെയും ഉത്തമ സഹവര്‍ത്തനത്തിന്റെയും ഭാഗവുമാകുന്നു. നിര്‍ബന്ധപൂര്‍വം അവള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങളല്ല ഇതൊന്നും. അവ ചെയ്തുകൊടുക്കാതിരുന്നാല്‍ അവള്‍ കുറ്റക്കാരിയുമല്ല. പ്രത്യുത, അത്തരം സേവനങ്ങള്‍ അവള്‍ക്കുവേണ്ടി ലഭ്യമാക്കല്‍ ഭര്‍ത്താവിന്റെ ബാധ്യതയാകുന്നു. ദാമ്പത്യ ബാധ്യതയായി രണ്ടു കാര്യങ്ങളാണ് അവള്‍ ചെയ്തുകൊടുക്കേണ്ടത്; ഭര്‍തൃവസതിയില്‍ സ്ഥിരമായി കഴിഞ്ഞുകൂടുകയും സ്വന്തം ശരീരം അദ്ദേഹത്തിനു സമര്‍പ്പിക്കുകയും. (ശര്‍ഹുമുസ്‌ലിം 14/388). ഈ വിധം ഭാര്യമാരുടെ അവകാശങ്ങള്‍ വിശദീകരിച്ച ഇമാം നവവി താന്‍ ഒരു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുന്ന പക്ഷം അവരുടെ അവകാശങ്ങള്‍ പൂര്‍ണമായും വകവെച്ചു കൊടുക്കാന്‍ തനിക്കാകുമോ എന്നു സംശയിച്ചുകാണും എന്നാണ് ഈ കാരണം പറയുന്നവർ ഉന്നയിക്കുന്ന ന്യായം.



-----



(1) ലഘു വിവരണത്തിന് ഒന്നാം അദ്ധ്യായം കുറിപ്പ് 3 നോക്കുക.
(2) ലഘു വിവരണത്തിന് ഒന്നാം അദ്ധ്യായം കുറിപ്പ് 4 നോക്കുക.
(3) ശാം നാടുകളും ഈജിപ്തും ഭരിച്ച നാലാമത്തെ മാംലൂക്കീ ഭരണാധികാരിയും മാംലൂക്ക് ഭരണകൂടത്തിന്റെ യഥാർഥ സ്ഥാപകനായി അറിയപ്പെടുന്നതുമായ ഭരണാധികാരിയായിരുന്നു ളാഹിർ റുക്നുദ്ദീൻ ബേബർസ്. അങ്ങാടിയിലെ അടിമച്ചന്തയിൽ നിന്ന് അലാഉദ്ദീൻ ബുന്തുഖാരി എന്ന അമീർ വാങ്ങിയ ഒരു അടിമയായിരുന്നു ബേബർസ്. സ്വ ശക്തികളിലൂടെ വളർന്നുവന്ന് പ്രസിദ്ധമായ ഐൻ ജാലൂത്ത് യുദ്ധത്തിനുശേഷം അദ്ദേഹം ഈജിപ്തിന്റെ ഭരണാധികാരിയായി. താർത്താരികൾ, സൽജൂഖികൾ തുടങ്ങിയവർക്കെതിരെ വലിയ സൈനിക ദൗത്യങ്ങൾ നയിച്ചിട്ടുണ്ട്. ഹിജ്റ 625 ൽ ജനിക്കുകയും 676 ൽ മരണപ്പെടുകയും ചെയ്തു.



------










0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso