പഠനം: ഇമാം നവവി(റ) 4
20-01-2023
Web Design
15 Comments
ആറ്: അറിവാഴങ്ങൾ
ഇമാം നവവി(റ) ഏറെ പ്രാഗത്ഭ്യം തെളിയിച്ച വിഷയങ്ങൾ ഫിഖ്ഹും ഹദീസും ഇൽമുൽ ഉസ്വൂൽ എന്ന നിദാന ശാസ്ത്രവുമാണ്. മറ്റു എല്ലാ ഫന്നുകളിലും അദ്ദേഹം നിപുണൻ തന്നെയായിരുന്നു. എന്നാൽ ഈ പറഞ്ഞ വിഷയങ്ങളും അവയിൽ തന്നെ ഫിഖ്ഹും അവയിൽ മുന്നിൽ നിൽക്കുന്നു. ഫിഖ്ഹ് അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം മദ്ഹബുകളുടെ പക്ഷം പറയാനോ പിന്തുണ നൽകുവാനോ മാത്രമുള്ളതായിരുന്നില്ല. മറിച്ച് അത് ജനങ്ങളുടെ ആരാധനയേയും ഇടപാടുകളെയും ബന്ധങ്ങളെയും ചുറ്റിപ്പറ്റിയുള്ളതായതിനാലും അവയെ എല്ലാം അല്ലാഹുവിന്റെ തൃപ്തിയിലേക്ക് തിരിച്ചുവിടുന്നതായതിനാലും അദ്ദേഹത്തിനത് ഒരു ആരാധന തന്നെയായിരുന്നു. അതുകൊണ്ടുതന്നെയാണ് ശാഫിഈ മദ്ഹബിലെ വളരെ പ്രധാനിയായ ഒരു പണ്ഡിതനായിരുന്നിട്ടും അദ്ദേഹം മദ്ഹബിന്റെ കാര്യത്തിൽ വിശാലത പുലർത്തിയിരുന്നത്. അദ്ദേഹം തന്നെ തന്റെ ശറഹുൽ മുഹദ്ദബിൽ പറയുന്നുണ്ട്. ഷാഫി മദ്ഹബുകാരനായ ഒരാൾക്ക് തന്റെ മദ്ഹബിന്റെ പക്ഷത്തിന് വിരുദ്ധമായ ഒരു പ്രമാണം ലഭിക്കുകയാണ് എങ്കിൽ ആ കാര്യത്തിൽ അയാൾക്ക് അതുവെച്ച് അമൽ ചെയ്യാവുന്നതാണ് എന്ന്(1). ജനങ്ങൾക്ക് അല്ലാഹുവിന്റെ ശറഹിലേക്കുള്ള വഴി തുറക്കുകയും അടുപ്പിച്ചു കൊടുക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പവിത്രമായ ലക്ഷ്യം എന്ന് ഇതിൽനിന്ന് ഗ്രഹിക്കാം.
ഫിഖ്ഹില്‍ ഇമാമിനുണ്ടായിരുന്ന അഗാധമായ ജ്ഞാനത്തെ സൂചിപ്പിച്ചു കൊണ്ട് ഇമാം അദ്ഫഹി(റ) പറയുന്നു: ഇമാം നവവി വസ്വീത് (2) എന്ന ഗ്രന്ഥത്തില്‍നിന്ന് ഒരു ഭാഗം ഉദ്ധരിച്ചപ്പോള്‍ ആരോ അതില്‍ സംശയം പ്രകടിപ്പിച്ചു. ഇമാമിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു: അവര്‍ വസ്വീതിന്‍റെ ഉദ്ധരണിയില്‍ എന്നെ സംശയിക്കുന്നു. ഞാന്‍ പ്രസ്തുത ഗ്രന്ഥം 400 തവണ വായിച്ചിട്ടുണ്ട്.(അല്‍ ബദ്റു സാഫിര്‍).ഇമാമിന്‍റെ അഗാധ ജ്ഞാനത്തെ കുറിച്ച് തന്റെ ശിഷ്യന്‍ ഇബ്നു അത്വാര്‍(റ) പറയുന്നു: ഇമാം നവവി മദ്ഹബുകളിലെ ഹാഫിളാണ്. അതിന്‍റെ നിദാന നിയങ്ങളും അടിസ്ഥാന വ്യവസ്ഥകളും ശാഖപരമായ വിവരങ്ങളെല്ലാം അദ്ധേഹത്തിന് ഹൃദ്യസ്തമാണ്. ഓരോ പ്രശ്നത്തിലും സ്വാഹാബാക്കളുടെയും താബിഉകളുടെയും പണ്ഡിതന്‍മാരുടെയും വീക്ഷണങ്ങളും തെളിവുകളും അദ്ദേഹത്തിനറിയും. ഈ കാര്യങ്ങളിലെല്ലാം പൂര്‍വ്വികരുടെ മാര്‍ഗം പൂര്‍ണ്ണമായി അനുഗമിച്ചവരായിരുന്നു അദ്ദേഹം. (തുഹ്ഫത്തുല്‍ത്ത്വാലിബീന്‍)
ഇമാം നവവി(റ)വിന്‍റെയും ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായിരുന്ന ഇമാം റാഫിഈ(റ)വിന്‍റെയും കിതാബുകളാണ് ഇന്നും മദ്ഹബിന്‍റെ ആധാരമെന്നള്ളതും ഇവര്‍ക്കിടയില്‍ അഭിപ്രായഭിന്നത രൂപപ്പെട്ടാല്‍ നവവി(റ)നെയാണ് പിന്‍തുടരേണ്ടത് എന്ന പ്രമുഖ പണ്ഡിതരുടെ നിര്‍ദേശവും ഇമാമിന്‍റെ ഫിഖ്ഹിലെ വൈജ്ഞാനിക മികവിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇമാമിനെ പിന്തുണച്ച ഈ പണ്ഡിതന്‍മാര്‍ നിരത്തുന്ന മറ്റൊരു കാരണം ഫിഖ്ഹിനു പുറമെ ഹദീസിലും അദ്ദേഹത്തിന് അഗാഥമായ പാണ്ഡിത്യം ഉണ്ടായിരുന്നു എന്നാതാണ്. കാരണം കർമ്മ ശാസ്ത്രത്തിന്റെ നിദാനം ഖുർആൻ കഴിഞ്ഞാൽ പിന്നെ ഹദീസുകൾ ആണല്ലോ. ഇമാം നവവി(റ) ഹദിസിലാണോ അല്ലെങ്കില്‍ ഫിഖ്ഹിലാണോ മുന്നിട്ടുനില്‍ക്കിന്നത് എന്ന ചോദ്യം ചരിത്രകാരന്‍മാരെ വല്ലാതെ കുഴക്കിയിട്ടുണ്ട്. കാരണം ഹദീസിലും ഫിഖ്ഹിലുമായി ബൃഹത്തായ ഗ്രന്ഥങ്ങളുടെ പരമ്പര തന്നെ ഇമാമിനാല്‍ വിരചിതമായിട്ടുണ്ട് . ശര്‍ഹു മുസ്ലിം, അല്‍ മിന്‍ഹാജ്, രിയാളുസ്വാലിഹീന്‍, അല്‍ അദ്ക്കാര്‍, അത്തിബിയാന്‍, തഹരീറുത്തന്‍ബീഹ്, അൽ അർബഈൻ എന്നിങ്ങനെ രണ്ട് വിഷയങ്ങളിലും കനപ്പെട്ട സംഭാവനകൾ മഹാനവർകൾ ദാനം ചെയ്തിട്ടുണ്ടല്ലോ. ഈ ബൃഹത്തായ ഗ്രന്ഥങ്ങളുടെ ഉൾക്കനവും ഉള്ളടക്കവും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. കാരണം, നവവീ ഇമാമിന്‍റെ ആകെ ജീവിതകാലം 45 വയസ്സാണ്. പതിനെട്ടാമത്തെ വയസ്സിൽ മാത്രമാണ് അദ്ദേഹം ഡമസ്കസിൽ എത്തുന്നത്. പിന്നെ 10 വര്‍ഷം പഠപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇമാം വളരെ വൈകിയാണ് ഗ്രന്ഥരചനയിലെക്ക് ശ്രദ്ധയുന്നത്. ഇമാം ദഹബിയുടെ അഭിപ്രായ പ്രകാരം കേവലം പതിനാറ് വര്‍ഷങ്ങള്‍ കോണ്ടാണ് ഇത്രയും വലിയ ഗ്രന്ഥരചന നടന്നത്. ഈ ഗ്രന്ഥങ്ങളില്‍ തന്നെ കേവലം ആഖ്യാനങ്ങളോ കഥകളോ അല്ല ഉള്ളത്. മറിച്ച് സൂക്ഷ്മവും ഗഹനവുമായ കർമ്മശാസ്ത്ര പഠനങ്ങളും ഗവേഷണ പ്രധാനങ്ങളായ ചിന്തകളും നിറഞ്ഞതാണവ. 16 കൊല്ലങ്ങള്‍ കോണ്ട് ഇത്രയും ഗ്രന്ഥങ്ങൾ ഗഹനമായി വായിക്കാന്‍ പോലും സാധ്യമല്ലന്ന വസ്തുത പല പണ്ഡിതന്മാരും സമ്മതിച്ചതാണ്.
ഇമാം റാഫിഈ(റ) ഇമാം നവവി(റ)വിന്‍റെ സമയവിശാലതയെ കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ് : ഇമാം മുഹ്‌യുദ്ദീനുനവവി(റ) നിശ്വയം ആയുസില്‍ ബറക്കത്ത് ചെയ്യപ്പെട്ട വ്യക്തിയാണ്. ആത്മ ജ്ഞാനികളില്‍ നിന്ന് എനിക്കൊരു വിവരം ലഭിച്ചിരിക്കുന്നു. ഇമാം നവവി(റ)വിന്‍റെ മരണശേഷം അല്ലാഹുവിന്‍റെ ഒരു തിരുനോട്ടം അദ്ദേഹത്തിന്റെ രചനകൾക്ക് ലഭിക്കുകയുണ്ടായി. അതു മുതല്‍ തന്‍റെ ഗ്രന്ഥങ്ങളില്‍ അതിന്‍റ പ്രതിഫലം കണ്ടുതുടങ്ങി. സര്‍വ്വ രാജ്യങ്ങളിലും എല്ലാ വിഭാഗം ജനങ്ങളിലും അവയ്ക്ക് സ്വീകാര്യതയും ഉപകാരവും ലഭിച്ചു (തുഹ്ഫത്തു ത്വാലിബീൻ). ചുരുങ്ങിയ ജീവിതം കൊണ്ട് ഇത്രയും ചെയ്തു തീര്‍ത്ത ഇമാമിന്‍റെ ജീവിതം തന്നെ ഒരു കറാമത്തായിരുന്നു. രചനാ പാഠവത്തിലും ആരാധനാ കാര്യത്തിലുമുണ്ടായിരുന്ന ഈ അത്ഭുത മികവിനാല്‍ ഇമാമിന്‍റെ കീര്‍ത്തി ദ്രുതഗതിയില്‍ ലോകമാസകലം വ്യാപിക്കുകയുണ്ടായി. മാത്രവുമല്ല, അദ്ദേഹം മുസ്ലിം ലോകത്തിന് രണ്ടാം ശാഫിഈ ആയിത്തീർന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ ഇബ്നുല്‍ അത്വാര്‍(റ) അടക്കമുള്ള ഒരു പറ്റം ശിഷ്യഗണങ്ങൾ രണ്ടാം നവവിയായി അറിയപ്പെട്ടതും അതിന്‍റെ ഫലങ്ങളായിരുന്നു.
ഇമാം നവവി(റ)യുടെ ജ്ഞാന ധന്യതയുടെ ആഴവും ജ്ഞാന വിതരണരീതിയും മഹത്വവും ചരിത്ര ഗ്രന്ഥങ്ങളില്‍ കാണാം. നവവി(റ)യുടെ വ്യക്തിചരിത്രം പരാമര്‍ശിച്ചവരെല്ലാം ഇമാമവര്‍കളുടെ മഹത്വവും പ്രാധാന്യവും വ്യതിരിക്തതയും വിശദമായി എഴുതിയിട്ടുണ്ട്. കര്‍മശാസ്ത്രത്തിലും ഹദീസ് വിജ്ഞാനീയത്തിലും മഹാന്റെ അറിവ് ആഴമേറിയതായിരുന്നു. അവ സമൂഹത്തിന് പകരുന്നതിലും അദ്ദേഹം വിജയിച്ചു. ഫഖീഹ് എന്നും മുഹദ്ദിസ് എന്നീ രണ്ടു വിശേഷണങ്ങളും അദ്ദേഹത്തിന് നന്നായി ചേരും. ഇമാം തന്റെ കാലത്തെ മഹോന്നതരിൽ നിന്ന് ഓതിക്കേട്ട ഗ്രന്ഥങ്ങള്‍ അനവധിയാണ്. ശിഷ്യനായ ഇബ്‌നുല്‍ അത്ത്വാര്‍(റ)ന്റെ വിവരണം ഇപ്രകാരമാണ്: സ്വഹീഹുല്‍ ബുഖാരി, സ്വഹീഹു മുസ്‌ലിം, സുനനു അബീദാവൂദ്, ജാമിഉത്തുര്‍മുദി, സുനനുന്നസാഈ, മുവത്വ, മുസ്‌നദുശ്ശാഫിഈ, മുസ്‌നദ് അഹ്മദ് ബ്‌നു ഹമ്പല്‍, സുനനുദ്ദാരിമി, മുസ്‌നദ് അബീഅവാന, മുസ്‌നദ് അബീയഅ്‌ലാ, സുനനുബ്‌നു മാജ, സുനനുദ്ദാറുഖുത്വ്‌നി, സുനനുല്‍ ബൈഹഖി, ശറഹു സുനനുല്‍ ബഗ്‌വി തുടങ്ങിയവ നവവി(റ) ഓതിക്കേട്ട ഹദീസ് ഗ്രന്ഥങ്ങളാണ്. ഫിഖ്ഹിലും ഭാഷയിലും വ്യാകരണത്തിലും സാഹിത്യത്തിലും തഫ്‌സീറിലുമെല്ലാം പ്രാമാണികവും സ്വീകാര്യവുമായ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും ചര്‍ച്ച ചെയ്തും മഹാന്‍ അവയിൽ അവഗാഹം നേടി.
---
(1) അബൂ അംറ് ബിൻ സ്വലാഹ് എന്ന പ്രശസ്തനായ കുർദീ പണ്ഡിതനെ കുറിച്ചുള്ള ഉദ്ധരണി. ശറഹുൽ മുഹദ്ദബ് 1/105.
(2) ഇമാം ഗസ്സാലി (മരണം. ഹി. 505) രചിച്ച ശാഫീ മദ്ഹബിലെ മൂന്ന് (ബസ്വീ ഥ്, വസീഫ്, വജീസ്) കിതാബുകളിലൊന്ന്. തന്റെ ഗുരു ഇമാം ഹറമൈനി(മരണം. ഹി. 478)യുടെ നിഹായത്തുൽ മത്വാലിബാണ് മൂലകൃതി.
----
ഏഴ്:
രണ്ടാം ശാഫിഈ
ഫിഖ്ഹ് എന്ന ഇസ്ലാമിക കർമ്മശാസ്ത്രത്തിന്റെ അടിസ്ഥാനം അന്വേഷിച്ചു കൊണ്ടുളള നമ്മുടെ യാത്ര എത്തി നിൽക്കുക വിശുദ്ധ ഖുർആനിലെ അത്തൗബ അദ്ധ്യായം 122 -ാം സൂക്തത്തിലാണ്. അതിൽ അല്ലാഹു ആരായുന്നു: അവരില്‍ ഓരോ വിഭാഗത്തില്‍നിന്നും ഓരോ സംഘം ദീനില്‍ അവഗാഹം നേടാന്‍ ഇറങ്ങിപ്പുറപ്പെടാത്തതെന്ത് കൊണ്ടാണ് ! എന്ന്. വിശ്വാസിസമൂഹം ഒന്നടങ്കം യുദ്ധത്തിനു പുറപ്പെടാന്‍ പാടില്ല എന്നു പറഞ്ഞതിനു ശേഷമാണ് ഇങ്ങെനെ പറഞ്ഞിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. എല്ലാവരും യുദ്ധത്തിന് പോവാതെ ഒരു കൂട്ടം പേരെങ്കിലും ഫിഖ്ഹ് പഠിക്കുവാൻ എന്തുകൊണ്ട് പുറപ്പെട്ടു കൂടാ എന്ന് അല്ലാഹു ചോദിക്കുമ്പോൾ അത് പ്രധാനമാണ് എന്നത് വ്യക്തമാണ്. മാത്രമല്ല ഇവിടെ ദഹബ എന്നല്ല നഫറ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. നിര്‍ബന്ധമായ ഒരു കാര്യത്തിനു വേണ്ടി ഒരിടത്തേക്ക് പോവുക എന്നതിനാണ് നഫറ എന്ന് പ്രയോഗിക്കുക എന്ന് ഇമാം റാസി വിശദീകരിച്ചിട്ടുണ്ട്. മതത്തിലുളള ആഴമുള്ള അവഗാഹമാണ് ഫിഖ്ഹ്. ഒരു കാര്യം ഗ്രഹിക്കുക, അതിനെ അഗാധമായും സമഗ്രമായും ശരിയായും ഗ്രഹിക്കുക എന്നാണ് ഭാഷാർഥം. ഒരു കാര്യത്തിന്റെ ആന്തരികയാഥാര്‍ഥ്യത്തിലേക്ക് എത്തിച്ചേരുക എന്നതാണീ പദത്തിന്റെ കേന്ദ്രാശയം. ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ ഖുര്‍ആനിലും സുന്നത്തിലും അവഗാഹം നേടി അവ മുസ്‌ലിം ഉമ്മത്തിന് പകര്‍ന്നുകൊടുത്ത് അവരെ കാലത്തിനും ലോകത്തിനും മുന്നില്‍ നടത്താന്‍ പ്രാപ്തരാക്കുന്നവനാണ് ഫഖീഹ്. ഇത് ചിന്താപരവും ബുദ്ധിപരവും വൈജ്ഞാനികവുമായ ജിഹാദാണ്.
അല്ലാഹുവിന്റെ ഗ്രന്ഥമായ ഖുർആനും പ്രവാചക വചനങ്ങളുടെയും ചര്യയുടെയും റിപ്പോർട്ടുകളായ ഹദീസുകളുമാണ് ശരീഅത്തിലെ അടിസ്ഥാനപ്രമാണങ്ങൾ. നിർബന്ധ കർമങ്ങളായ നമസ്കാരം, നോമ്പ്, ഹജ്ജ്, സകാത്ത്, സാമൂഹിക ബന്ധങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ഭരണകാര്യങ്ങൾ, നീതിന്യായ വ്യവസ്ഥ തുടങ്ങിയവയിലെല്ലാം പാലിക്കേണ്ട നിയമചട്ടങ്ങൾ ഖുർആൻ പ്രതിപാദിക്കുന്നുണ്ട്. അനുഷ്ഠാന കർമങ്ങളുടെ അനുബന്ധ കാര്യങ്ങളായ വുദൂഅ്, തയമ്മും, വ്രതാനുഷ്ഠാന സമയം, ഹജ്ജിലെ ത്വവാഫ്, സഅ് യ്, സകാത്ത് വിനിമയ മാർഗങ്ങൾ, സാമൂഹിക ജീവിതവുമായി ബന്ധപ്പെടുന്ന വിവാഹം, വിവാഹമോചനം, സന്താന പരിപാലനം, സാമ്പത്തിക മേഖലയിൽ ധനസമ്പാദനം, വിനിമയം, കൊള്ളക്കൊടുക്കകൾ, രാജ്യഭരണവുമായി ബന്ധപ്പെട്ട നിയമനിർമാണം, ഭരണനിർവഹണം, കുറ്റം, ശിക്ഷ, യുദ്ധം, സന്ധി, രാഷ്ട്രാന്തരീയ ബന്ധങ്ങൾ മുതലായ വിഷയങ്ങളിലെല്ലാം ആവശ്യമായ നിർദേശങ്ങളും ചട്ടങ്ങളും ഖുർആൻ ഉൾക്കൊള്ളുന്നു. അവയുടെയെല്ലാം വിശദീകരണങ്ങളും പ്രായോഗിക മാതൃകകളും ഹദീഥിൽനിന്ന് ലഭിക്കുന്നു. നബി(സ)യുടെ കാലത്ത് ഖുർആനിലൂടെ ലഭിക്കുന്ന വിധികളും തിരുമേനിയുടെ നിർദേശങ്ങളുമനുസരിച്ച് മുസ്ലിംകൾ ജീവിച്ചു. നബി(സ)യുടെ കാലശേഷം അറിയേണ്ട കാര്യങ്ങൾ ഖുർആനിലും സുന്നത്തിലും അവഗാഹമുള്ള പ്രമുഖ സ്വഹാബിമാരോട് അന്വേഷിക്കുക പതിവായി. ആയിശ(റ), ഉമ്മുസലമ(റ) തുടങ്ങിയ പ്രവാചക പത്നിമാരും നാലു ഖലീഫമാർ, അബ്ദുല്ലാഹിബ്നു മസ്ഊദ്, ഇബ്നു അബ്ബാസ്, ഇബ്നു ഉമർ(റ) തുടങ്ങിയ നിരവധി പ്രവാചക ശിഷ്യന്മാരും ഇങ്ങനെ അനുഷ്ഠാനകാര്യങ്ങളിലും ഇടപാടുകളിലും ഇതര കർമശാസ്ത്ര വിഷയങ്ങളിലും ജനങ്ങൾക്കു വിധികൾ പറ ഞ്ഞുകൊടുത്തവരിൽ പ്രധാനികളാണ്. അവർക്കു ശേഷം സ്വഹാബിമാരുടെ ശിഷ്യഗണങ്ങളിൽപെട്ട താബിഈ പണ്ഡിതന്മാരിൽനിന്ന് ജനങ്ങൾ ഇസ്ലാമിക വിധികളും അറിവുകളും തേടി.
പിന്നീട് നിത്യജീവിതത്തിന്റെ വിവിധ തുറകളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജനങ്ങളഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലും ഖുർആനിൽ നിന്നും ഹദീസിൽനിന്നും നേർക്കുനേരെ ഗ്രഹിക്കുന്നതും അവ രണ്ടിലും പറഞ്ഞിട്ടുള്ള അടിസ്ഥാന തത്വങ്ങളെ അവലംബിച്ച് നിർധാരണം ചെയ്യുന്നതുമായ വിധികളും നിർദേശങ്ങളും താബിഉകളും താബിഉത്താബിഉകളുമായ പണ്ഡിതന്മാർ വിദ്വൽസദസ്സുകളിൽ ചർച്ചചെയ്യുകയും വിധികളന്വേഷിക്കുന്നവർക്ക് പറഞ്ഞുകൊടുക്കുകയും ചെയ്തുവന്നു. കർമശാസ്ത്രമെന്ന പുതിയ വിജ്ഞാന ശാഖയുടെ ആരംഭമായിരുന്നു അത്. അതിനുമുമ്പ് ഖുർആൻ വ്യാഖ്യാനവും ഹദീസ് ക്രോഡീകരണവുമായിരുന്നു പണ്ഡിതലോകം വ്യാപരിച്ചിരുന്ന വിജ്ഞാന മേഖലകൾ. കാലക്രമേണ ഉന്നതശീർഷരായ പണ്ഡിതന്മാരും അവരുടെ ശിഷ്യന്മാരും കർമശാസ്ത്ര (ഫിഖ്ഹ്) സംബന്ധിയായ വിധികളും അഭിപ്രായങ്ങളും ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കാനാരംഭിച്ചു. കർമശാസ്ത്രഗ്രന്ഥങ്ങൾ വിരചിതമായത് ഇങ്ങനെയാണ്. ഇതിന് സഹായകമായി പിന്നീട് മദ്ഹബുകൾ ഉണ്ടായി. ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും നേരിട്ട് വിധികൾ ഗ്രഹിക്കാൻ യോഗ്യതയുള്ള മുജ്തഹിദുകളായ ഉന്നത പണ്ഡിതന്മാരും അവരുടെ അഭി പ്രായങ്ങൾ അതേപടി സ്വീകരിക്കുകയും അവയെ അനുകരിച്ച് ജനങ്ങൾക്ക് നിയമവിധികൾ നൽകുകയും ചെയ്ത ശിഷ്യന്മാരും ഹിജ്റ രണ്ടാം നൂറ്റാണ്ട് മുതൽ രംഗത്തു വന്നു. ഇമാം മാലികുബ്നു അനസ് (റ), ഇമാം അബുഹനീഫ(റ), ഇമാം അഹ്മദുബ്നു ഹമ്പൽ(റ), ഇമാം മുഹമ്മദുബ്നു ഇദരീസ് അശ്ശാഫിഈ (റ) തുടങ്ങിയവർ മുജ്തഹിദുകളായ കർമശാസ്ത്ര പണ്ഡിതന്മാരുടെ മുൻപന്തിയിൽ എണ്ണപ്പെടുന്നു. ഇവരിൽ ചിലർക്ക് പണ്ഡിതരായ ധാരാളം ശിഷ്യന്മാരു ണ്ടാവുകയും ആ ശിഷ്യന്മാർ മുഖേന അവരുടെ അഭിപ്രായങ്ങൾ ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഫിഖ്ഹിലെ മദ്ഹ ബുകളുടെ ഉത്ഭവം ഇങ്ങനെയാണ്. ഇസ്ലാമിലെ അടിസ്ഥാന പ്രമാണങ്ങളായ ഖുർആനിൽ നിന്നും ഹദീസിൽനിന്നും നേരിട്ട് കർമശാസ്ത്ര നിയമങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്ത സാധാരണക്കാർക്കു വേണ്ടിയാണ് മുജ്തഹിദുകളായ പണ്ഡിതന്മാർ തങ്ങളുടെ പഠനങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ചത്. അവരുടെ ശിഷ്യന്മാരും പിൽക്കാല പണ്ഡിതന്മാരും അവരെപ്പോലെ പ്രമാണങ്ങളിൽനിന്ന് നേരിട്ട് വിധികൾ കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം തങ്ങളുടെ ഗുരു നാഥന്മാരായ ഇമാമുകളുടെ അഭിപ്രായങ്ങളെ അനുകരിക്കുകയാണ് ചെയ്തത്. അങ്ങനെ പിൽക്കാലത്ത് ഇസ്ലാമിക കർമ്മശാസ്ത്രം ഈ നാലു വഴികളിൽ പരിമിതപ്പെട്ടു.
ഈ അർഥത്തിൽ ശരീഅത്തിന്റെ ജീവനായ ഫിഖ്ഹ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത പണ്ഡിത കുലപതികളുടെ സേവനം നിസ്തുലമാണ്. മതവിധികളെ പ്രമാണങ്ങളില്‍ നിന്ന് നിര്‍ധാരണം ചെയ്ത് വ്യക്തമാക്കി അവതരിപ്പിച്ചു എന്നതാണ് ആ സേവനത്തിന്റെ ആകെത്തുക. അതില്ലായിരുന്നു എങ്കിൽ ഓരോരുത്തരും ഓരോ രീതിയിലായിരുന്നേനെ കർമ്മങ്ങൾ നിർവ്വഹിക്കുന്നത്. മദ്ഹബുകളെ തളളിപ്പറയുന്നവർ കാണാതെ പോകുന്ന ഒരു കാര്യമാണിത്. മദ്ഹബുകൾ മതത്തെ നാലാക്കി എന്നാണ് അവരുടെ ഒരു പരാതി. ഇവർ പറയുന്നതു പോലെ ഓരോരുത്തരും കിതാബ് തുറന്നു വെച്ച് സ്വയം കണ്ടെത്തി നിസ്കരിക്കുകയും നോമ്പു നോൽക്കുകയും ചെയ്യുകയായിരുന്നു എങ്കിൽ ഇവിടെ ഇപ്പോൾ ആയിരക്കണക്കിന് രീതിയിലുള്ള നിസ്കാരവും വുദൂഉം നോമ്പും എല്ലാം ഉണ്ടാകുമായിരുന്നു. ഖുർആനിൽ മാത്രം നോക്കി നിസ്കരിക്കുവാൻ തുടങ്ങിയപ്പോഴേക്കും ചേകന്നൂർ മൗലവി എന്ന ആൾക്ക് പണ്ട് കേരളത്തിൽ വേറെ നിസ്കാരo ഉണ്ടായത് ഉദാഹരണമാണ്. ഉറപ്പ് ആസന്നമാകുന്നത് വരെ അവനെ ആരാധിക്കുകയും ചെയ്യുക (അൽ ഹിജ്ർ: 99) എന്ന ആയത്തിന്റെ വെളിച്ചത്തിൽ അല്ലാഹുവാണ് നമ്മുടെ റബ്ബ് എന്ന് ഉറപ്പുണ്ട് എങ്കിൽ നിസ്കരിക്കുകയോ മറ്റു ആരാധനകൾ നിർവ്വഹിക്കുകയോ വേണ്ടതില്ല തന്നെ എന്ന് പറയുന്ന വിഭാഗവും നമ്മുടെ മലയാള നാട്ടിൽ തന്നെയുണ്ട്. ഇങ്ങനെ നൂറായിരം കക്ഷികളായി പിരിയാതെ സമുദായത്തെ കാത്തതും അതേ സമയം പരിഹരിക്കേണ്ടുന്നതും ഏതാണ്ട് ശരിയായേക്കാവുന്നതുമായ എല്ലാ അഭിപ്രായങ്ങളെയും അവർ പരിഗണിക്കുകയും ചെയ്തു. ഈ രൂപത്തിൽ ഏറെ സങ്കീർണ്ണവും സമ്പൂർണ്ണവുമായ കർമ്മശാസ്ത്രത്തെ അവർ സമുദായത്തിനു വേണ്ടി പാകപ്പെടുത്തി.
ശാഫിഈ കര്‍മശാസ്ത്ര സരണിയില്‍ ഈ മഹത്തായ ദൗത്യനിര്‍വഹണം നടത്തിയവരില്‍ പ്രമുഖനാണ് ശൈഖുല്‍ ഇസ്‌ലാം ഇമാം നവവി(റ). തന്റെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും അംഗീകാരമായാണ് രണ്ടാം ശാഫിഈ എന്ന പേരില്‍ മഹാന്‍ അറിയപ്പെട്ടത്. ഒരു കര്‍മ പ്രശ്‌നത്തില്‍ ഇമാം ശാഫിഈ(റ) സ്വീകരിച്ച ന്യായങ്ങളെയും ലക്ഷ്യങ്ങളെയും കണ്ടെത്തുന്നതിന് അഗാധജ്ഞാനവും പരിശ്രമവും ആവശ്യമാണ്. ഇമാം നവവി(റ) തന്നെ പറയുന്നു: ശാഫിഈ ഗ്രന്ഥത്തില്‍ പരന്ന് കിടക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും പണ്ഡിതന്മാര്‍ അവയില്‍ നിന്ന് മതവിധി പുറത്തെടുത്തപ്പോള്‍ പ്രകടമായ അഭിപ്രായ ഭിന്നതകളും ആഴമുള്ള ജ്ഞാനിക്കേ മനസ്സിലാക്കാനാവൂ. ശാഫിഈ മദ്ഹബിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് പരിശ്രമിക്കുന്ന അത്തരം വ്യക്തികള്‍ക്ക് ശാഫിഈ രചനകളില്‍ നല്ല നൈപുണ്യം ഉണ്ടായിരിക്കണം. അങ്ങനെ അവര്‍ നിര്‍ദ്ധാരണം ചെയ്ത് പുറത്തെടുക്കുന്നതാണ് ശാഫിഈ മദ്ഹബ് (തഹ്ഖീഖ് (1) 26/1). ശാഖാപരം മാത്രമായ ഈ അഭിപ്രായ ഭിന്നതകളുടെ കാരണങ്ങളും അവ എന്തെല്ലാമാണെന്നുമെല്ലാം തഹ്ഖീഖിന്റെ ആമുഖത്തില്‍ ഇമാം നവവി(റ) വിശദീകരിക്കുന്നുണ്ട്.
ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിലും ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ് കര്‍മശാസ്ത്ര വിശാരദന്മാരുടെ ശാഫിഈ മദ്ഹബിലെ വിപുലമായ ഗ്രന്ഥരചനകള്‍ നടക്കുന്നത്. ഇമാമുല്‍ ഹറമൈനി(റ)യുടെ നിഹായത്തുല്‍ മത്വ്‌ലബ്, ശിഷ്യന്‍ ഇമാം ഗസ്സാലി(റ)യുടെ ബസീത്വ്, വസീത്വ്, വജീസ്, ഖുലാസ്വ, അബൂ ഇസ്ഹാഖുശ്ശീറാസി(റ)യുടെ തന്‍ബീഹ്, മുഹദ്ദബ് എന്നീ വിഖ്യാത രചനകള്‍ ഈ വഴിയില്‍ വലിയ സേവനമാണ് നല്‍കിയിട്ടുള്ളത്. ഹിജ്റ ആറാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഏഴാം നൂറ്റാണ്ടിലും വിപുലമായ നീക്കങ്ങള്‍ ഈ രംഗത്ത് നടന്നു. ശാഫിഈ മദ്ഹബിലെ ഓരോ കര്‍മപ്രശ്‌നത്തിന്റെയും ആധാരം, ലക്ഷ്യം, ലക്ഷ്യങ്ങളിലെ വൈചാത്യങ്ങള്‍, ഭിന്നതകള്‍, പശ്ചാത്തലങ്ങള്‍, ന്യായങ്ങളുടെ പ്രബലത, പ്രബലതയുടെ അടിസ്ഥാനവും ന്യായവും തുടങ്ങി വിശാല ലോകത്തേക്ക് കടന്നുചെന്ന് കൃത്യമായ ഉത്തരങ്ങളാണ് ഈ ഘട്ടത്തില്‍ ഇമാം നവവി(റ) ശാഫിഈ മദ്ഹബിന് സമര്‍പ്പിച്ചത്. ക്രോഡീകൃതമെങ്കിലും അവയെല്ലാം ഒന്നിച്ചു ലഭിക്കായ്ക എന്ന പരിമിതിയെ മറികടന്ന് ഫിഖ്ഹിന്റെ സമാഹൃത രൂപം അവതരിപ്പിക്കുകയായിരുന്നു ഇമാം നവവി(റ).
ഇമാം ശാഫിഈ(റ) സ്വീകരിച്ച നിലപാടുകള്‍ ഇമാം നവവി(റ) നന്നായി പഠിച്ചു. ഇമാം ശാഫിഈ(റ) കണ്ടെത്തിയ ന്യായങ്ങള്‍ പരിശോധിക്കുകയും മഹാന്റെ രചനകള്‍ ചുരുക്കിയെഴുതുകയും ഇമാം ശാഫിഈ നിരീക്ഷിച്ച കര്‍മ്മലക്ഷ്യങ്ങളെ വ്യക്തമായവതരിപ്പിച്ചുകൊണ്ട് സുതാര്യമായൊരു പാത ഇമാം നവവി(റ) വെട്ടിത്തെളിയിക്കുകയും ചെയ്തു. അത് പോലെ ശാഫിഈ കര്‍മശാസ്ത്ര ലോകത്തെ മഹാപ്രതിഭകളായ ഇമാം മാവറദി, ശീറാസി, ഗസ്സാലി(റ) തുടങ്ങിയവരുടെ രചനകളും അവരുടെ കാഴ്ചപ്പാടുകളും പഠിക്കുകയും വിശകലനം നടത്തുകയും ചെയ്ത ഇമാം നവവി(റ) അവരുടെ രചനകള്‍ വ്യാഖ്യാനിക്കുകയും സംഗ്രഹിക്കുകയും ലക്ഷ്യങ്ങളുടെ വൈചാത്യങ്ങള്‍ കണ്ടെത്തി കൃത്യത വരുത്തുകയും ചെയ്തു.
ഹദീസില്‍ നവവി(റ)യുടെ ആഴമുള്ള ജ്ഞാനമാണ് ഈ ഉയരത്തില്‍ ഇമാമവര്‍കള്‍ എത്തിയതിന്റെ കാരണങ്ങളിലൊന്ന്. ഒരു മസ്അലയില്‍ മുന്‍ഗാമികളുടെ അഭിപ്രായവും അവരുടെ ന്യായങ്ങളും അഭിപ്രായഭിന്നതയുമെല്ലാം പരിശോധിച്ച് പ്രസ്തുത വിഷയത്തില്‍ തീരുമാനം കാണാനാവുന്നതില്‍ ഹദീസ് വിജ്ഞാനത്തിനു പങ്കുണ്ട്. പ്രമാണബദ്ധമായി മസ്അലകള്‍ രേഖപ്പെടുത്തുന്ന രീതിയും ഇമാമവര്‍കള്‍ക്കുണ്ട്. അതിനാല്‍ തന്നെ ഇമാം നവവി(റ) ഒരു തീരുമാനം പറഞ്ഞാല്‍ അത് അന്തിമമായിരിക്കും. തന്റെ മജ്മൂഅ് അതിന് സാക്ഷ്യമാണ്. ഫാത്തിഹയിലെ ഒരു ആയത്ത് രണ്ട് പ്രാവശ്യം നിസ്‌കാരത്തില്‍ ആവര്‍ത്തിക്കുന്നതിന്റെ വിധി, സുജൂദില്‍ നെറ്റിയും മൂക്കും നിലത്ത് വെക്കുന്നതിന്റെ വിധി, അവസാന അത്തഹിയ്യാത്തിൽ നബി കുടുംബത്തിന്റെ മേല്‍ സ്വലാത്ത് ചൊല്ലുന്നതിന്റെ വിധി, നിസ്‌കാരത്തില്‍ നിന്ന് പുറത്ത് പോവുന്ന ഇമാം ഒരാളെ പകരക്കാരനാക്കുന്നതിന്റെ നിയമം, തല കൊണ്ട് ആംഗ്യം കാണിക്കാന്‍ കഴിയാത്ത രോഗിയുടെ നിസ്‌കാരം, ഫാത്തിഹ അറിയാത്തവനോട് തുടരുന്നതിന്റെ നിയമം, റക്അത്ത് ലഭിക്കുന്നതിന്റെ മാനദണ്ഡം തുടങ്ങിയ കര്‍മപ്രശ്‌നങ്ങളില്‍ ഇമാം നവവി(റ)യുടെ നിലപാടുകള്‍ വേറിട്ട നിരീക്ഷണങ്ങളും ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണവുമാണ്. ഇത്തരം ഗഹനമായ വിഷയങ്ങളില്‍ സുന്നത്തിന്റെ പിന്‍ബലത്തോടെ ശാഫിഈ മദ്ഹബിന്റെ പ്രബലാഭിപ്രായം ഇമാം നവവി(റ) സമര്‍പ്പിച്ചിട്ടുണ്ട്. അങ്ങനെ കര്‍മശാസ്ത്രത്തിൽ ഒരു ആധികാരികതയുടെ മട്ടും ഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് പണ്ഡിതലോകം ഒന്നടങ്കം ഇമാം നവവി(റ)യെ രണ്ടാം ശാഫിഈ എന്ന് അദരിച്ചു വിളിച്ചത്.
---------
(1) ഇമാം നവവി(റ)യുടെ ഒരു പ്രധാന ഫിഖ്‌ഹ് ഗ്രന്ഥം. ഡമാസ്കസിലെ ദാറുൽ ഫജ്ർ ഒറ്റ വാള്യത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
----
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso