പഠനം: ഇമാം നവവി(റ) 3
20-01-2023
Web Design
15 Comments
ആദ്യം 20 വർഷം ഗവർണർ ആയിരുന്ന മുആവിയ ആമുൽ ജമാഅ(3)യിലൂടെ മുസ്ലിംകളുടെ പൊതു ഭരണാധികാരിയായി മാറി.
അദ്ദേഹത്തിന്റെ ഭരണം 20 വർഷം നീണ്ടുനിന്നു. കാഴ്ചപ്പാടിലും ഭാവനയിലും ഭരണ നൈപുണ്യത്തിലും ഏറെ സമ്പന്നനായിരുന്നു ഖലീഫ മുആവിയ. അതിന്റെ സ്വാധീനത്തിലാണ് ഡമാസ്കസ് അക്കാലത്തെ ഏറ്റവും ശ്രദ്ധേയമായ നഗരങ്ങളിൽ ഒന്നായി മാറിയത്. ഹിജ്റ ആറ് ഏഴ് നൂറ്റാണ്ടുകളിൽ ആത്മീയ രംഗത്ത് ഈ നഗരം വലിയ ഉണർവ് നേടി. സലാഹുദ്ദീൻ അയ്യൂബിയുടെ കാലമായിരുന്നു അത്. ഇത്രയും കാലത്തിനിടയിൽ ഡമാസ്കസ് നഗരം ബാഗ്ദാദിനെ പോലെ ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ സമ്പന്നമായ കലവറയായി തീർന്നു. ധാരാളം മതപഠന ശാലകളും ലൈബ്രറികളും പള്ളികളും മതപരമായ പരിപാടികളും നഗരത്തെ മുഖരിതമാക്കി. ഈ സന്ദർഭത്തിലാണ് മംഗോളിയൻ താർത്താരികളുടെ ആക്രമണം ഉണ്ടായത്. അതിൽ ബഗ്ദാദിനേക്കാൾ പിടിച്ചു നിൽക്കുവാൻ ഈ നഗരത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. പിന്നീട് ഉസ്മാനി(ഓട്ടോമൻ) ഖിലാഫത്ത് നിലവിൽ വന്നപ്പോൾ അതിന്റെ ഒരു പ്രധാന കേന്ദ്രവും ഡമാസ്കസ് തന്നെയായിരുന്നു.
---
(1) അലി ബിൻ ഹസൻ ബിൻ ഹിബത്തുല്ലാഹി ഇബ്‌നു അസാകിർ (1105-1176) ഒരു സിറിയൻ സുന്നി ഇസ്ലാമിക പണ്ഡിതനായിരുന്നു. മധ്യകാലഘട്ടത്തിലെ ഹദീസിലും ഇസ്ലാമിക ചരിത്രത്തിലും ഏറ്റവും പ്രശസ്തനായ വിദഗ്ധരിൽ ഒരാളായിരുന്നു. അബു അൽ നജീബ് സുഹ്‌റവർദിയുടെ ശിഷ്യനും അസാകിർ രാജവംശത്തിന്റെ മുൻനിര വ്യക്തിത്വവുമാണ് ഇബ്‌നു അസാകിർ.
(2) അലി(റ) - ഫാത്വിമ(റ) എന്നിവരുടെ മകളാണ് സൈനബ്(റ). ഇവർ സൈനബുൽ കുബ്റാ എന്നും അറിയപ്പെടുന്നു. ഹിജ്റ 5 ൽ മദീനയിൽ ജനിച്ച ഇവർ ഹിജ്റ 62 ൽ മരണപ്പെട്ടു. ദമസ്കസിലാണ് ഇവരുടെ ഖബർ എന്നത് ചരിത്രത്തിലെ ഒരു അഭിപ്രായം മാത്രമാണ്. അബ്ദുല്ല ബിൻ ജഅ്ഫർ ബിൻ അബീ ത്വാലിബായിരുന്നു അവരുടെ ഭർത്താവ്. ഇവർക്ക് മൂന്നു മക്കൾ ജനിച്ചു. ഹിജ്റ 61 ലെ കർബലാ യുദ്ധത്തിൽ സഹോദരൻ ഹുസൈൻ(റ)വിനോടൊപ്പം പങ്കെടുത്തു. അന്നും അതിനു ശേഷം അധികാരികളുടെ അരമനകളിലൂടെ നബി കുടുംബത്തിലെ അവശേഷിക്കുന്നവരെ വലിച്ചിഴക്കുമ്പോഴും അവർ നടത്തിയ ധീരമായ പ്രതികരണങ്ങൾ ചരിത്രത്തിൽ ഇപ്പോഴും മുഴങ്ങുന്നതാണ്.
(3) ഇറാഖിലെ ഖലീഫയായിരുന്ന ഹസൻ ബിൻ അലി(റ) ഡമാസ്കസിലെ ഗവർണ്ണർ മുആവിയ(റ)ക്ക് അധികാരം വിട്ടുകൊടുത്ത രജ്ഞിപ്പിന്റെ വർഷം. ഹിജ്റ 41 ലായിരുന്നു ഇത്. ഇതോടെ മുസ്ലിം സമുദായത്തിലുണ്ടായിരുന്ന ആഭ്യന്തര സംഘർഷങ്ങൾ നിലച്ചു.
---
നാല്:
ഡമാസ്കസിൽ
ഡമാസ്കസിൽ എത്തിയതും യഹ്‌യ ബിൻ ശറഫ് അന്നവവി നേരെ പോയത് അവിടത്തെ വലിയ പളളിയിലേക്കാണ്. തനിക്ക് എവിടെ തങ്ങാം എന്ന് ചിന്തിക്കുന്നതിനു മുമ്പെ തന്റെ യഥാർഥ ലക്ഷ്യമായ വിജ്ഞാനത്തിന്റെ താവളത്തിലേക്ക് എത്തിച്ചേരുകയായിരുന്നു അദ്ദേഹം. ആ പള്ളി അമവീ പള്ളി എന്നറിയപ്പെടുന്നു. ഇസ്ലാമിക സംസ്കൃതിയിലെ ഒരു ലാൻഡ് മാർക്കാണ് ഹിജ്റ ഒന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ഈ പള്ളി. ഇസ്ലാമിക സംസ്കാരത്തിന്റെ വിളക്കുമാടമായി അറിയപ്പെടുന്ന ഒരു പ്രധാനപ്പെട്ട പള്ളിയാണ് ഡമാസ്കസിലെ അമവി പള്ളി. ശില്പ ചാതുരിയിലും നിർമ്മാണ വൈദഗ്ദ്യത്തിലും മറ്റു ചരിത്രശേഷിപ്പുകളെയെല്ലാം പിന്നിലാക്കുന്ന നിർമ്മാണമാണ് അലപ്പോയിലെ (ഹലബിലെ) അമവീ പള്ളി. ഈ പള്ളി നിർമ്മിച്ചത് അമവി ഖലീഫയായിരുന്ന വലീദ് ബിൻ അബ്ദുൽ മലിക്കി(1)ന്റെ കാലഘട്ടത്തിലാണ്. ഹിജ്റ 86 ൽ തുടങ്ങിയ നിർമ്മാണം പത്തു വർഷം നീണ്ടു 96 ലാണ് അവസാനിച്ചത്. ഇതിന്റെ നിർമ്മാണത്തിന് വേണ്ടി ആ കാലഘട്ടത്തിൽ ഉണ്ടായിരുന്ന നിർമ്മാണ വിദഗ്ധന്മാരെയെല്ലാം അമവികൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമായി ഡമാസ്കസിൽ എത്തിച്ചിരുന്നു എന്നാണ്. ഖലീഫ അബ്ദുൽ മലിക്കിനെ ഇതിന് പ്രേരിപ്പിച്ചത് തന്റെ സഹോദരനും പിന്നീട് ഖലീഫയുമായിരുന്ന സുലൈമാൻ ബിൻ അബ്ദുൽ മലിക്കായിരുന്നു. നിർമ്മാണ വിദഗ്ധരെ ആവശ്യപ്പെട്ടുകൊണ്ട് വലീദ് റോം ഭരണാധികാരിയുടെ സഹായം പോലും തേടിയിട്ടുണ്ട് എന്നാണ് ചരിത്രം. ഒരു ഘട്ടത്തിൽ, തങ്ങളെ സഹായിച്ചില്ലെങ്കിൽ തങ്ങൾ സൈനികമായി പ്രതികരിക്കും എന്നുവരെ അമവികൾ റോമിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പതിനായിരത്തോളം ജോലിക്കാർ 9 വർഷത്തിലധികം എടുത്താണ് പള്ളിയുടെ നിർമ്മാണം പൂർത്തിയാക്കിയത്. എന്ന് മുഅ്ജമുൽ ബുൽദാൻ(2) എന്ന ഗ്രന്ഥം പറയുന്നു. പള്ളി ഉയർന്നതോടെ ഖലീഫ വലീദിന് വലിയ ആവേശം ഉണ്ടായി. അതിന്റെ താഴികക്കുടങ്ങൾ സ്വർണം കൊണ്ട് നിർമ്മിക്കണമെന്നു വരെ ഖലീഫക്ക് താല്പര്യമുണ്ടായിരുന്നു. പക്ഷേ, പരാതികളും മറ്റും ഭയന്ന് അതിൽ നിന്നദ്ദേഹം പിൻമാറുകയായിരുന്നു.
നിർമ്മാണത്തിനിടെ പല വിവാദങ്ങളും ഉണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഖലീഫ വലീദ് പൊതുജനാവിൽ നിന്ന് പണം ധാരാളമായി പള്ളി നിർമ്മാണത്തിനായി ചെലവഴിക്കുന്നു എന്നതായിരുന്നു. അതിനുമാത്രം വാരിക്കോരി അദ്ദേഹം ചെലവഴിക്കുന്നത് പ്രകടമായിരുന്നു. അതിനു മറുപടിയായി അദ്ദേഹം പള്ളി നിർമ്മാണത്തിന് പൊതു ഖജനാവിൽ നിന്നും ഒന്നും എടുക്കുന്നില്ല എന്നും ഇതിനുവേണ്ടി ചെലവഴിച്ചതെല്ലാം തന്റെ സ്വന്തം പണത്തിൽ നിന്നാണ് എന്നും പറഞ്ഞു. ഇത് ജനങ്ങൾ ഹർഷാരവത്തോടെ സ്വീകരിക്കുകയും ചെയ്തു. തെറ്റിദ്ധരിക്കപ്പെടുന്ന ഒരാളായിരുന്നില്ല സത്യത്തിൽ ഖലീഫ വലീദ് ബിൻ അബ്ദുൽ മലിക്ക്. പള്ളിയുടെ അഭിമാനം അദ്ദേഹം ജനങ്ങൾക്കും നൽകുമായിരുന്നു. ഒരിടത്ത് അദ്ദേഹം പറഞ്ഞതായി കാണാം, ഡമാസ്കസ്കാരെ, നിങ്ങൾ നിങ്ങളുടെ സ്വച്ഛന്ദമായ കാലാവസ്ഥ, ജലം, സമൃദ്ധമായ പഴവർഗങ്ങൾ, സൗകര്യപ്രദമായ പൊതുശൗചാലയങ്ങൾ, എന്നിവക്കൊപ്പം ഈ പള്ളിയുടെ പേരിലും അഭിമാനം കൊള്ളുക എന്ന്. നിർമ്മാണം പൂർത്തിയായി കഴിഞ്ഞപ്പോൾ അറേബ്യയിൽ ഹറമുകൾ കഴിഞ്ഞാൽ ഏറ്റവും മനോഹരമായ പള്ളി അമവീ പള്ളിയായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ സാഹിത്യകാരനായിരുന്ന ഫറസ്ദഖ് പറഞ്ഞത്, ഡമാസ്കസുകാർ എപ്പോഴും സ്വർഗ്ഗത്തിലെ ഒരു കൊട്ടാരത്തിലാണ് എന്നാണ്. അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ഈ പള്ളിയെയാണ്. അദ്ദേഹത്തിന്റെ ആ പ്രയോഗത്തിൽ പ്രകടമാവുന്ന അത്രയും മനോഹരമായിരുന്നു അത്. അക്കാലത്തെ ചില പണ്ഡിതന്മാർ പറഞ്ഞിരുന്നത് പറഞ്ഞിരുന്നത്, ഡമാസ്കസുകാർ സ്വർഗ്ഗത്തിനോട് വലിയ അഭിനിവേശം പുലർത്തുന്നവരായിരുന്നു എന്നാണ്. അതിനു കാരണം, ഈ പള്ളിയുടെ കൊട്ടാരസമാനമായ ഭംഗിയാണ്. അമവികളെ തകർത്ത് അധികാരത്തിൽ വന്ന അബ്ബാസികളിലെ ഖലീഫ മഹ്ദി(3) ഒരിക്കൽ ഈ പള്ളി സന്ദർശിക്കുകയുണ്ടായി. അപ്പോൾ അദ്ദേഹം തന്റെ ഒപ്പമുള്ളവരോട് പറഞ്ഞത് അമവികൾ മൂന്നു കാര്യത്തിൽ നമ്മളെ മറികടന്നിരിക്കുന്നു എന്നാണ്. അതിലൊന്ന് ഈ പള്ളിയാണ്. ഈ ഭൂമുഖത്ത് ഇതിന് തുല്യമായ ഒരു നിർമ്മിതി വേറെ ഉള്ളതായിഎനിക്കറിയില്ല. ഖലീഫ മഅ്മൂൻ(4)ഈ പള്ളി സന്ദർശിക്കവേ വലിയ അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി. ഇമാം ശാഫി(റ) ലോകാത്ഭുതങ്ങളിൽ ഒന്നായിട്ടാണ് ഈ പള്ളിയെ എണ്ണിയിട്ടുള്ളത്. റോമാ സാമ്രാജ്യത്തില്‍ നിന്നു വന്ന നയതന്ത്രപ്രതിനിധി ഈ പള്ളി കണ്ടിട്ട് പറഞ്ഞത് ഇപ്രകാരമായിരുന്നു: മുസ്‌ലിംകളുടെ പുരോഗതി കുറച്ചുകാലമേ ഉണ്ടാകൂ എന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ ഈ കെട്ടിടം കണ്ടിട്ട് അവര്‍ മരണമില്ലാത്ത ജനതയാണെന്നാണ് തോന്നുന്നത് എന്നാണ്.
ഡമാസ്കസിൽ അമവീ പള്ളിയിൽ എത്തിയ യഹ്‌യ ബിൻ ശറഫ് അന്നവവി നേരെ പോയത് അമവി പള്ളിയുടെ ഖത്തീബും ഇമാമുമായ ശെയ്ഖ് ജമാലുദ്ദീൻ അബ്ദുൽ കാഫിയുടെ അടുത്തേക്കാണ്. അദ്ദേഹത്തോട് തന്റെ ആഗമന ഉദ്ദേശവും ലക്ഷ്യവും താൽപര്യങ്ങളും എല്ലാം തുറന്നു പറഞ്ഞു. അദ്ദേഹത്തിൽ ആഴമുള്ള വൈജ്ഞാനിക തൃഷ്ണ കണ്ടപ്പോൾ ഖത്തീബ് ഇമാം നവവിയെ അക്കാലത്തെ ശാമിലെ മുഫ്തി ആയിരുന്ന താജുദ്ദീൻ അബ്ദുറഹ്മാൻ ഇബ്രാഹിം അൽഫ സാരി(5)യുടെ അടുത്തേക്ക് കൊണ്ടുപോയി. അവിടെ ഇമാം നവവി പഠനം ആരംഭിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ ഗുരുനാഥൻ ആയിരുന്നു ഫർകാഹ് എന്ന് പറയുന്ന അറിയപ്പെടുന്ന ഈ പണ്ഡിതൻ. അപ്പോഴൊക്കെ ഇമാം നവവി നേരിട്ട പ്രശ്നം താമസസ്ഥലത്തിന്റേതായിരുന്നു. ഇക്കാര്യത്തിൽ തന്റെ ഗുരുവിനോട് സഹായം ചോദിച്ചുവെങ്കിലും ഗുരുവിന് ഇക്കാര്യത്തിൽ സഹായിക്കാൻ കഴിയുമായിരുന്നില്ല. അതിനാൽ ഗുരു അദ്ദേഹത്തോട് മറ്റൊരു ഗുരുവിനെ പറഞ്ഞുകൊടുത്തു. ഇസ്ഹാഖുൽ മഗ് രിബി ആയിരുന്നു അത്. അദ്ദേഹം ഇൽമ് പഠിപ്പിച്ചിരുന്നത് അമവീ പള്ളിയുടെ കിഴക്കേ വാതിലിന്റെ സമീപത്തായി ഉണ്ടായിരുന്ന ഇബ്നു ഉർവ്വ പള്ളിയുടെ കിഴക്കുഭാഗത്ത് റവാഹിയ എന്ന ദർസിലായിരുന്നു. അക്കാലത്തെ മതപഠന കേന്ദ്രങ്ങളുടെ രീതി ഇതായിരുന്നു എന്ന് മനസ്സിലാക്കാം. അതായത് ഒരു പണ്ഡിതൻ ഒരിടത്ത് താമസിക്കുന്നു. അദ്ദേഹത്തെ തേടി പല നാടുകളിൽ നിന്നും മതവിദ്യാർത്ഥികൾ എത്തുന്നു. അദ്ദേഹം അവരെ അവിടെ വെച്ച് പഠിപ്പിക്കുകയും അവിടെ അടുത്തായി തന്നെ താമസിപ്പിക്കുകയും ചെയ്യുന്നു. ഈ വിധത്തിലുള്ള മതപഠന കേന്ദ്രങ്ങൾ ഓരോ പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇമാം നവവി പഠിക്കുന്ന ഈ രണ്ടാമത്തെ ഗുരുവിന്റെ ഗുരുകുലം റവാഹിയ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ദമാസ്കസിൽ എത്തി ഏതാണ്ട് രണ്ടു വർഷങ്ങൾക്ക് ശേഷം അദ്ദേഹവും പിതാവും ഹജ്ജിനു പോയി. ഹിജ്റ 651 റജബ് മാസം ആദ്യത്തിലായിരുന്നു അവർ പുറപ്പെട്ടത്. ശാമിൽ നിന്ന് ഹജ്ജിനു പോകുന്നവർ ആദ്യം എത്തുക മദീനയിലാണ്. ശാം നാടുകളും മദീനയുമെല്ലാം പരിശുദ്ധ മക്കയുടെ വടക്കാണല്ലോ. മദീനയിൽ എത്തിയ അവർ ഒന്നരമാസത്തോളം അവിടെ കഴിച്ചുകൂട്ടി. യാത്രക്കിറങ്ങുമ്പോൾ അദ്ദേഹത്തിന് ശക്തമായ പനി ഉണ്ടായിരുന്നതായി ചരിത്രങ്ങളിൽ കാണാം. ഈ പനി യാത്രയിൽ ഉടനീളം അദ്ദേഹത്തെ വിടാതെ പിടികൂടുകയും ചെയ്തു. അറഫാ ദിവസം വരെ പനി ശമിച്ചില്ല. ഈ യാത്രയെയും യാത്രയിലുണ്ടായ അനുഭവങ്ങളെയും മഹാനവർകളുടെ മാനസികമായ മാറ്റത്തിന്റെ സൂചനകളായിട്ടാണ് ചരിത്രം വിലയിരുത്തുന്നത്. കാരണം, ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തി അധികം വൈകാതെ ഡമാസ്കസിലേക്ക് പുറപ്പെട്ടപ്പോഴേക്കും അദ്ദേഹത്തിൽ ശക്തമായ ഒരു മാറ്റം സംഭവിച്ചു കഴിഞ്ഞിരുന്നു. അഥവാ പഠന കാര്യങ്ങളിൽ അത്ഭുതകരമായ ഒരു താൽപര്യം അദ്ദേഹത്തിന്റെ മനസ്സിനെ പിടികൂടിയിരുന്നു. മാത്രമല്ല, ബുദ്ധിശക്തിയും ഗ്രഹണശേഷിയും ശതഗുണീഭവിച്ചിരുന്നു. ഈ സംഭവം ഇമാം ഇബ്നു കതീർ(റ) തന്റെ അൽ ബിദായ വന്നിഹായയിലും ഇമാം ദഹബി തന്റെ സിയറു അഅ്ലാമിന്നുബലാഇലും പറയുന്നുണ്ട്. ഇമാം നവവി തന്നെ ഈ അനുഭവം പറയുന്നുണ്ട്. അദ്ദേഹം പറയുന്നു: പിന്നീട് രണ്ടുവർഷം ഞാൻ കിടന്നിട്ടേയില്ല. രാത്രിയിലും പകലിലും ഒരു ഒഴിവുമില്ലാതെ വിജ്ഞാന സമ്പാദനത്തിനായി സ്വയം സമർപ്പിക്കുന്നതിന് ഉദാഹരണമായി തീർന്നു ഇമാം നവവി. മികച്ചുവന്ന് അല്ലാതെ ഉറക്കത്തിന് അദ്ദേഹത്തെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നില്ല. പഠിക്കുവാനും എഴുതുവാനും മുത്വാലഅ ചെയ്യുവാനും വിവിധ അറിവുകൾ തേടി വിവിധ ശൈഖുമാരെ പോയി കാണുവാനും വേണ്ടി അദ്ദേഹം തന്റെ ജീവിതത്തെ ഭാഗിച്ചുവെച്ചു. എങ്ങോട്ടെങ്കിലും നടന്നുപോകുമ്പോൾ പോലും അദ്ദേഹം ഒന്നുകിൽ പഠിച്ച കാര്യങ്ങൾ മനപാഠമാക്കുകയായിരിക്കും, അല്ലെങ്കിൽ ഏതെങ്കിലും മസ്അലയെ കുറിച്ച് ആഴത്തിൽ ചിന്തിക്കുകയായിരിക്കും. ആ കാലഘട്ടത്തെ രേഖപ്പെടുത്തിയ ഒട്ടുമിക്ക രചനകളിലും ഇത് അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇൽമിന് ഇസ്ലാം കൽപ്പിക്കുന്ന സ്ഥാനത്തെ ഉൾക്കൊള്ളുകയായിരുന്നു അദ്ദേഹം. തെണ്ണൂറിലധികം സ്ഥലങ്ങളിലാണ് വിശുദ്ധ ഖുർആൻ ഇൽമിന്റെ അപ്രമാദിത്വത്തെ അവതരിപ്പിക്കുന്നത്. നബി തിരുമേനി(സ) ഇൽമിന്റെ പ്രാധാന്യത്തെ കുറിച്ച് ധാരാളമായി പറഞ്ഞിട്ടുണ്ട്. ഇമാം നവവി(റ) തന്റെ മിക്ക ഗ്രന്ഥങ്ങളിലും അവയുടെ ആമുഖത്തിൽ തന്നെ വിശദമായി ഇൽമിന്റെ ശ്രേഷ്ഠതയും പ്രാധാന്യവും പറയുന്നുണ്ട്. ശറഹുൽ മുഹദ്ദബിന്റെ ആമുഖം അതിന് ഏറ്റവും അനുയോജ്യമായ ഒരു ഉദാഹരണമാണ്. ഈ തൃഷ്ണയുടെ ഫലം അൽഭുതകരമായിരുന്നു. കാരണം ഒന്നാമത്തെ വർഷത്തിൽ തന്നെ വെറും നാലര മാസം കൊണ്ട് അദ്ദേഹം അബൂ ഇസ്ഹാഖ് ശീറാസിയുടെ തൻബീഹ്(6) മനപ്പാഠമാക്കി മുഹദ്ദബിന്റെ ആരാധനകളെ കുറിച്ച് പറയുന്ന ഭാഗം ആ വർഷത്തിലെ ബാക്കിസമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കി. ആ കാലഘട്ടത്തിലെ വലിയ പണ്ഡിതന്മാർക്ക് താൻ മനപാഠമാക്കിയ പാഠഭാഗങ്ങൾ ഓതിക്കൊടുത്ത് പഠിച്ചതെല്ലാം ഉറപ്പുവരുത്തുകയും ചെയ്തു. ഓരോ ദിവസവും 12 അധ്യായങ്ങളെങ്കിലും തന്റെ ശൈഖുമാർക്ക് മുമ്പിൽ പാരായണം ചെയ്തു കൊടുക്കുന്ന പതിവായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അന്നത്തെ അധ്യാപനത്തിന്റെയും അധ്യയത്തിന്റെയും രീതി അതായിരുന്നു. വിദ്യാർത്ഥി അധ്യാപകന്റെ മുൻപിൽ ഭവ്യതയോടെ വന്നിരുന്നു അങ്ങോട്ട് വായിച്ചു കൊടുക്കുകയായിരുന്നു പതിവ്. സാകൂതം ശ്രവിക്കുന്ന ഗുരുനാഥൻ അതിലെ തെറ്റുകൾ തിരുത്തി കൊടുക്കുകയും ശരിക്കും മനസ്സിലായിട്ടുണ്ടോ എന്ന് ചോദ്യങ്ങൾ ചോദിച്ച് ഉറപ്പുവരുത്തുകയും പ്രയാസകരമായ ഭാഗങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്യുകയായിരുന്നു പതിവ്. ഒരു ദിവസം 12 അധ്യായങ്ങൾ എങ്കിലും വിവിധ വിഷയങ്ങളിലായി അദ്ദേഹം പഠിക്കുമായിരുന്നു. ഇതിന് ഏറ്റവും കുറഞ്ഞത് 12 മണിക്കൂറെങ്കിലും വേണ്ടിവരുമായിരുന്നു. അപ്പോൾ അതിൽ നിന്ന് തന്നെ അദ്ദേഹത്തിന്റെ അധ്വാനത്തിന്റെ കാഠിന്യം നമുക്ക് ഗ്രഹിക്കാം.
---
(1) അമവി ഭരണകൂടത്തിലെ അഞ്ചാമത്തെ ഖലീഫയായിരു വലീദ് ബിൻ അബ്ദുൽ മലിക്ക്. മുആവിയ (ഹി. 41-60), യസീദ് ഒന്നാമന്‍ (60-64), മര്‍വാന്‍ ഒന്നാമന്‍ (64-65), അബ്ദുല്‍ മലിക് (65-86), എന്നിവരാണ് വലീദിന് മുമ്പ് ഭരണം നടത്തിയ അമവികൾ. ഹിജ്‌റ 86 മുതല്‍ 96 വരെ ഭരണം നടത്തിയ വലീദിന്റെ കാലത്ത് ഇസ്‌ലാമികരാഷ്ട്രത്തിന്റെ അതിര്‍ത്തി ജയ്ഹൂന്‍ നദി കടന്ന് ബുഖാറ, സമര്‍ഖന്ത്, കീവ്, കശ്ഗര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ജയിച്ചടക്കി പടിഞ്ഞാറ് ചൈന വരെ വികസിക്കുകയുണ്ടായി. ക്രൈസ്തവ രാജാവായ റോഡ്രിഗ്‌സിന്റെ സേനയെ തോൽപ്പിച്ച് സ്പെയിനിലും ദാഹിറിന്റെ സേനയെ തോൽപ്പിച്ച് സിന്ധിലും അമവീ സാമ്രാജ്യം എത്തിയത് അബ്ദുൽ മലിക്കിന്റെ കാലത്താണ്.
(2) വ്യത്യസ്തങ്ങളായ നാടുകളെ കുറിച്ച് പറയുന്ന വിജ്ഞാനകോശമാണ് മുഅ്‌ജമുൽ ബുൽദാൻ എന്ന ബൃഹത്തായ ഗ്രന്ഥം. വിവിധ നാടുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, സാംസ്കാരികമായ സാഹചര്യങ്ങൾ, ഭാഷാപരമായ വൈവിധ്യങ്ങൾ, തുടങ്ങി അനേകം വിവരങ്ങൾ പങ്കുവെക്കുന്ന ബൃഹത്തായ ഈ ഗ്രന്ഥം രചിച്ചത് സഞ്ചാരിയും ഭൂമിശാസ്ത്ര വിദഗ്ധനും ഭാഷാപണ്ഡിതനും കവിയുമായിരുന്ന യാഖൂത്ത് അൽ ഹമവി (1179-1229) ആണ്. യാഖൂത്ത് എന്ന പേരിൽ പ്രസിദ്ധനായെങ്കിലും യഥാർത്ഥത്തിൽ അത് അദ്ദേഹത്തിന്റെ ഓമനപ്പേരായിരുന്നു. ശിഹാബുദ്ദീൻ എന്നാണ് യഥാർഥ പേര്. ധാരാളം ഗ്രന്ഥങ്ങൾ എഴുതിയ ആ മഹാപണ്ഡിതൻ ഹിജ്റ വർഷം 623 ൽ അലപ്പോയിൽ വെച്ച് മരണപ്പെട്ടു.
(3) ഹിജ്റ 775 മുതൽ 785 വരെ ഭരിച്ച മൂന്നാമത്തെ അബ്ബാസി ഖലീഫ. പിതാവ് അൽ-മൻസൂറിന്റെ പിൻഗാമിയായി അദ്ദേഹം അധികാരമേറ്റു.
(4) ഹിജ്റ 813 മുതൽ 833-ൽ മരണം വരെ ഇസ്ലാമിക സാമ്രാജ്യം ഭരിച്ചിരുന്ന ഏഴാമത്തെ അബ്ബാസീ ഖലീഫ. അബ്ബാസീ ഭരണകൂടത്തിലെ ഏറ്റവും ശ്രദ്ധേയനായ ഖലീഫാ ഹാറൂൻ റഷീദിന്റെയും തന്റെ അടിമ ഭാര്യ മറാജിലിന്റെയും മകനായിരുന്നു.
(5) താജുദ്ദീൻ അബ്ദുറഹ്മാൻ ഇബ്രാഹിം അൽഫ സാരി (ഹി. 660-729 എ ഡി. 1262-1329) ശാഫി ഫിഖ്ഹിലും ഉസ്വൂലുൽ ഫിഖ്ഹിലും അവഗാഹമുള്ള ആളായിരുന്നു. ഇസ്സ് ബിൻ അബ്ദിസ്സലാം(റ) ആണ് അദ്ദേഹത്തിന്റെ ഗരു.
(6) ശാഫീ മദ്ഹബിലെ അഞ്ചു പ്രധാന ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഒന്ന്. ഹി. 393 ൽ പേർഷ്യയിലെ ഫൈറോസാബാദിൽ ജനിച്ച ഇമാം അബൂ ഇസ്ഹാഖ് ശീറാസീ രചിച്ചതാണ്. അദ്ദേഹം ഹി. 476 ൽ ബഗ്ദാദിൽ മരണപ്പെട്ടു.
-----
അഞ്ച്:
ഗുരുനിരയും സരണിയും
ഒരാളുടെ പാണ്ഡിത്യത്തെ പഠിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോൾ അതിന് കാരണക്കാരനായ ഗുരുനാഥന്മാർ ഏറ്റവും പ്രധാനമാണ്. അവരിലുള്ള പ്രതിഭാവിലാസമാണ് ശിഷ്യന്മാരിലേക്ക് പകരുന്നതും പടരുന്നതും. ഇമാം നവവി(റ) ഇത്തരം വളരെ പ്രഗൽഭരായ ഗുരുനാഥന്മാരാൽ സമ്പന്നനായിരുന്നു. ഓരോ വിജ്ഞാന ശാഖയിലും കൃത്യമായ ഒരു ഗുരു സരണി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഒന്നാമത്തെ മേഖല ഫിഖ്ഹ് ആണല്ലോ. അതിൽ അദ്ദേഹത്തിന്റെ ആദ്യത്തെ രണ്ട് ഗുരുനാഥന്മാരെ നേരത്തെ നാം പറഞ്ഞു. ഒന്നാമത്തെ ഗുരു ശാമിലെ മുഫ്തിയായിരുന്ന താജുദ്ദീൻ അൽ ഫസാരി ആയിരുന്നു. കുറച്ചു കാലം മാത്രം അദ്ദേഹത്തിന്റെ അടുക്കൽ ആയിരുന്നു ഇമാം നവവി പഠിച്ചത്. അതിനുശേഷം അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം തന്നെ അൽ കമാൽ ഇസ്ഹാക്ക് അൽ മഗ്‌രിബിയുടെ അടുത്തേക്ക് പോയി. അദ്ദേഹത്തിൽ നിന്നാണ് തന്റെ പഠനകാലത്തിന്റെ അധിക ഭാഗവും അദ്ദേഹം പഠിച്ചത്. പലപ്പോഴും ഇമാം നവവി തന്റെ ആദ്യത്തെ ഗുരുവായും പ്രധാന ഗുരുവായുമൊക്കെ പോലും ഈ പണ്ഡിതനെ പരിഗണിക്കുന്നത് കാണാം. ഉസ്താദിന് തന്റെ കാര്യത്തിൽ പ്രത്യേക താല്പര്യം ഉണ്ടായിരുന്നു എന്നും തന്നെ പ്രത്യേകമായി പരിഗണിക്കുമായിരുന്നു എന്നും ഇമാം നവവി (റ) തന്നെ പറയുന്നുണ്ട്. അതിനുശേഷം കുറച്ചുകാലം അദ്ദേഹം പഠിച്ചത് ഡമാസ്കസിലെ മുഫ്തിയായിരുന്ന അബ്ദുറഹ്മാൻ ബിൻ നൂഹ് എന്നവരിൽ നിന്നാണ്. പിന്നെ ഉമർ ബിൻ അസ്അദ് അൽ ഇർബിലി, അബുൽ ഹസൻ സല്ലാര്‍ ബിന്‍ ഹസനിൽ ഇർബിലി എന്നിവരിൽ നിന്നും പഠിച്ചു. ഇമാം നവവിയുടെ ഫിഖ്ഹിലെ ഗുരുനാഥന്മാർ പ്രധാനമായും ഈ അഞ്ചു പേരാണ്.
ഇൽമുൽ ഹദീസിൽ അദ്ദേഹത്തിന്റെ ഗുരുനാഥൻമാർ അദ്ദേഹത്തിന്റെ കാലം കണ്ട അതികായൻമാർ തന്നെയായിരുന്നു. ഇബ്റാഹീം ബിൻ ഈസാ അൽ മുറാദീ, അബൂ ഇസ്ഹാഖ് ഇബ്റാഹിം ബിൻ അബീ ഹഫ്സ്വ്, ശൈഖ് സൈനുദ്ദീൻ അബുൽ ബഖാ ഖാലിദ് ബിൻ യൂസുഫ് നാബുൽസി തുടങ്ങിയവർ അവരിൽ പ്രധാനികളായിരുന്നു. അറിവും ഭക്തിയും വിശുദ്ധിയും ഒരുപോലെ സമ്മേളിച്ച ജീവിതമായിരുന്നു അവരുടേത്.
ഇൽമുൽ ഉസ്വൂൽ എന്ന നിദാന ശാസ്ത്രത്തിൽ അദ്ദേഹത്തിന്റെ പ്രധാന ഗുരു അല്ലാമാ ഖാളി അബുൽ ഫതഹ് ഉമർ ബിൻ ബന്താർ ആയിരുന്നു. ഇമാമവര്‍കള്‍ക്ക് വ്യത്യസ്ത വിഷയങ്ങളിലായി ധാരാളം ഗുരുനാഥന്‍മാരുണ്ട്. ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യാണ് ഇമാമിനെ കൂടുതലായി സ്വാധീനിച്ചതെന്നു പറയാം. ഫിഖ്ഹിലും ജീവിത വീക്ഷണത്തിലും ശൈലിയിലും ക്രമത്തിലും അദ്ദേഹത്തിന്റെ സ്വാധീനം കാണാം. അതുകൊണ്ടാണ് തന്റെ ആദ്യഗുരു ആയി ഇസ്ഹാഖുല്‍ മഗ്‌രിബി(റ)യെ വിശേഷിപ്പിച്ചത്. ഫഖ്‌റുദ്ദീനില്‍ മാലികി, ശൈഖ് അബുല്‍ അബ്ബാസ് അല്‍ മിസ്വ്‌രി, അബൂഅബ്ദില്ലാഹില്‍ ജയ്യാനി(റ) തുടങ്ങിയവരില്‍ നിന്നാണ് വ്യാകരണം, പദോല്‍പത്തി ശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവ കരസ്ഥമാക്കിയത്. ഓരോ വിഷയത്തിലും അഗ്രേസരരായ പണ്ഡിതന്മാരെ സമീപിച്ച് ജ്ഞാനമാര്‍ജിക്കാനായത് ഇമാമിനെ സര്‍വ വൈജ്ഞാനിക ശാഖകളിലും നിപുണനാക്കി. അതാതു വിഷയങ്ങളില്‍ രചിക്കപ്പെട്ട പ്രധാന ഗ്രന്ഥങ്ങള്‍ ഗുരുനാഥന്മാരുമായി ചര്‍ച്ച ചെയ്തും സംവദിച്ചും അദ്ദേഹം കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കി.
ഇമാം നവവി(റ)യുടെ ഗുരുവര്യരുടെ ഗുരുവായിരുന്നു ഇമാം അബ്ദുല്‍ അളീമുല്‍ മുന്‍ദിരി. അപൂര്‍വങ്ങളായ ഒരുപാട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള പണ്ഡിതന്‍. ഇമാം നവവിയുടെ ശൈഖ് അബൂ ഇസ്ഹാഖ് ഇബ്‌റാഹീം ബിന്‍ ഈസല്‍ മുറാദി തന്റെ ഗുരുവിനെക്കുറിച്ചു പറയുന്നു: പന്ത്രണ്ടു വര്‍ഷത്തോളം എന്റെ വീട് അദ്ദേഹത്തിന്റെ വീടിന്റെ മുകളിലായിരുന്നു. ഇക്കാലമത്രയും രാത്രിയില്‍ ഞാന്‍ എപ്പോഴുണര്‍ന്നാലും വീട്ടില്‍ വിളക്കത്തിരുന്ന് ഇല്‍മുമായി ബന്ധപ്പെടുന്ന അദ്ദേഹത്തെ കാണാമായിരുന്നു! ഭക്ഷണസമയത്തും അദ്ദേഹം വിജ്ഞാനത്തെ ഒഴിച്ചുനിര്‍ത്തിയിരുന്നില്ല. അനുശോചനത്തിനു വേണ്ടിയോ അനുമോദനത്തിനോ ഒന്നും അദ്ദേഹം മദ്‌റസയില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. അദ്ദേഹത്തിന്റെ അത്ഭുതകരമായ മറ്റൊരു സംഭവം കൂടി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്. ദാറുല്‍ ഹദീസുല്‍ കമാലിയ്യയില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന കാലം ജുമുഅ നിസ്‌കാരത്തിനു വേണ്ടി മാത്രമായിരുന്നു അദ്ദേഹം പുറത്തിറങ്ങിയിരുന്നത്. ഒരുദിവസം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകന്‍ റശീദുദ്ദീന്‍ അബൂബകര്‍ മുഹമ്മദ് ആകസ്മികമായി മരണപ്പെട്ടു. മദ്‌റസക്കകത്തു വെച്ച് അദ്ദേഹം തന്നെ മയ്യിത്ത് നമസ്‌കാരത്തിനു നേതൃത്വം നല്‍കി. ശേഷം നിറകണ്ണുകളോടെ വാതില്‍ വരെ മകനെ യാത്രയാക്കി. അപ്പോഴും അദ്ദേഹം തന്റെ മദ്‌റസ വിട്ട് പുറത്തുപോയിരുന്നില്ല! ഈ സംഭവം ഇമാം താജുദ്ദീന്‍ സുബുകി ത്വബഖാത്വു ശാഫിഇയ്യത്തില്‍ കുബ്‌റയില്‍ രേഖപ്പെടുത്തുന്നുണ്ട്(2). ഇങ്ങനെ ഏറെ വലിയ ജീവിത മൂല്യങ്ങൾ കാത്തു സൂക്ഷിച്ച ഒരു ഗുരു നിരയായിരുന്നു അദ്ദേഹത്തിന്റേത്. പ്രധാന ഗുരുവായ അബൂഇബ്‌റാഹീം ഇസ്ഹാഖില്‍ മഗ്‌രിബി(റ) ഇമാം നവവി(റ)യെ നന്നായി സ്വാധീനിച്ചു. പഠനത്തില്‍ കൂടുതല്‍ ആവേശവും സമര്‍പ്പണവും നടത്താന്‍ രണ്ട് വര്‍ഷത്തില്‍ താഴെയാണെങ്കിലും ഗുരുവര്യരുടെ സ്‌നേഹമസൃണ സമീപനമായിരുന്നു കാരണം. നിസ്‌കാരത്തിന്റെയും സ്ഥിരമായ നോമ്പിന്റെയും കാര്യത്തിലും പരിത്യാഗത്തിലും സൂക്ഷ്മതയിലും സമയം നഷ്ടപ്പെടുത്താതിരിക്കുന്നതിലുമെല്ലാം ഉസ്താദായിരുന്നു മാതൃക.
ഇമാം നവവി(റ)യുടെ ഗുരുനാഥന്മാരെ സംബന്ധിച്ചുള്ള ചർച്ചയിൽ വരാറുള്ള ഒരു പ്രസിദ്ധനാമമാണ് ഇബ്നു മാലിക്കി(3)ന്റേത്. അറബി വ്യാകരണ ശാസ്ത്രത്തിൽ മുടി ചൂട മന്നനായ ഇബ്നു മാലിക് ഇമാം നവവിയുടെ ഗുരുനാഥനായിരുന്നു എന്ന് പല ചരിത്രങ്ങളിൽ നിന്നും മനസ്സിലാകുന്നുണ്ട്. ചില ഗ്രന്ഥങ്ങൾ അത് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്(4) എന്ന ഇബ്നു മാലികിന്റെ വ്യാകരണ കാവ്യത്തിലെ എൺപത്തിനാലാമത്തെ വരിയിൽ പറയുന്ന വ റജുലിൻ മിനൽകിറാമി എന്ന ബഹുമാന്യ വ്യക്തി ഇമാം നവവിയാണ് എന്ന് ഈ ചരിത്രങ്ങൾ പറയുന്നു. എന്നാൽ എപ്പോൾ, എവിടെ വെച്ചായിരുന്നു ഈ ഗുരു - ശിഷ്യത്വം നടന്നത് എന്നതൊന്നും ചരിത്രങ്ങൾ പറയുന്നില്ല. അതേസമയം, ശാഫിഈ മദ്ഹബുകാർ മാത്രമാണ് ഇതിലെ സൂചന ഇമാം നവവി ആണ് എന്ന് പറയുന്നത് എന്നും ഹമ്പലി മദ്ഹബുകാർ അത് അവരുടെ ഒരു പണ്ഡിതനായ മുഹമ്മദ് ബിൻ അബുൽ ഫത്തൂഹി(5) ആണ് എന്നാണ് പറയുന്നത് എന്നും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്നു മാലിക്കിന്റെ മരണം ഹിജ്റ 672 ലും നവവി ഇമാമിന്റെ മരണം 679 ആയിരുന്നു.
---
(1) ഉസ്താദ് മുഹമ്മദ് കുര്‍ദ്അലിയുടെ കുനൂസുല്‍ അജ്ദാദ് എന്ന ഗ്രന്ഥത്തിൽ നിന്ന്.(പേ. 69)
(2) വാല്യം 8, പേ 260.
(3) ആന്തലൂഷ്യയിലെ ജയ്യാനിൽ ഹിജ്റ 600 ൽ ജനിച്ച അറബി ഭാഷാ പണ്ഡിതൻ. അദ്ദേഹത്തിന്റെ അൽഫിയ്യത്തു ബിൻ മാലിക് അറബി വ്യാകരണ ശാസ്ത്രത്തിൽ ലോക പ്രസിദ്ധമാണ്. ഹിജ്റ 672 (എ. ഡി. 1274) ശഅബാൻ 12 ന് ഡമാസ്കസിലായിരുന്നു വഫാത്ത്.
(4) അബൂ അബ്ദില്ലാഹിൽ ഫാസി(മരണം. 1170)യുടെ ഫൈളു ബിശ്രിൽ ഇൻശിറാഹ് ഉദാഹരണം.
(5) ഇബ്നുന്നജ്ജാർ എന്ന പേരിൽ അറിയപ്പെടുന്ന അബുൽ ബഖാഇ തഖിയ്യുദ്ദീൻ മുഹമ്മദ് ബിൻ അഹ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഫുത്തൂഹി(ഹി. 895 - 972). ഹംബലി മദ്ഹബിലെ പ്രധാന മുഹഖിഖാണ്.
-----
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso