Thoughts & Arts
Image

പഠനം: ഇമാം നവവി(റ) 2

20-01-2023

Web Design

15 Comments






ഒന്ന്: നവവീ യുഗം



ഹിജ്റ 631 (എ ഡി 1233) മുതൽ ഹി. 676 (എ ഡി 1277) വരെയായിരുന്നു ഇമാം ഇമാം നവവീ(റ) യുടെ ജീവിത കാലം. ഏതൊരു വ്യക്തിയുടെയും ജീവിതം പതിയുന്നതും പതിക്കുന്നതും കാലം എന്ന ക്യാൻവാസിലാണ്. അതിനാൽ ഇമാം നവവീ(റ) എന്ന പ്രതിഭാധനനായ പണ്ഡിതന്റെ ജീവിതത്തിലേക്ക് കടക്കും മുമ്പ് ആ ജീവിതത്തിന്റെ പരിസരമായ കാലത്തെ നാം വിലയിരുത്തേണ്ടതുണ്ട്. ഇമാം നവവീ(റ) ജീവിച്ചിരുന്ന കാലം ഇസ്ലാമിക രാജ്യത്തിന് ഒരു തരത്തിലുള്ള ശാന്തത കൈവന്ന കാലമായിരുന്നു. എങ്കിലും ചില ഭീഷണികളൊക്കെ തൊട്ടുമുമ്പിൽ ഉണ്ടായിരുന്നു എന്നു പറയാതെ വയ്യ. അവയിൽ ഏറെ ഗുരുതരമായത് രണ്ടു വെല്ലുവിളികളായിരുന്നു. കുരിശുയോദ്ധാക്ക(1)ളും താർത്താരിക(2)ളുമായിരുന്നു അവ രണ്ടും. പക്ഷെ, ഇമാം നവവി(റ)യുടെ കാലഘട്ടം കടന്നുവരുന്നതിന്റെ തൊട്ടുമുമ്പ് നൂറുദ്ദീൻ സങ്കി(3)യുടെയും സലാഹുദ്ദീൻ അയ്യൂബി (4)യുടെയും ധീരമായ ഇടപെടലുകളിലൂടെ കുരിശ് യോദ്ധാക്കളുടെ കടന്നുകയറ്റം തെല്ല് ശമിച്ചിരുന്നു. അവർ രണ്ടുപേരുടെയും പിൻഗാമിയായി ഈ പതാക ഏറ്റുവാങ്ങിയതും മുന്നേറ്റം നടത്തിയതും റുക്നുദ്ദീൻ ബേബർസ് എന്ന മംലൂക്കി നായകനായിരുന്നു. അദ്ദേഹം ഒരേസമയം താർത്താരികളുടെയും കുരിശ് യോദ്ധാക്കളുടെയും താവളങ്ങളിലേക്ക് ഇരച്ചു കയറി ആക്രമണം നടത്തി. അങ്ങനെ ഉണ്ടായതായിരുന്നു നേരത്തെ പറഞ്ഞ ശാന്തത. അതുകൊണ്ട് ശാം നാടുകൾ പൊതുവെയും ഡമാസ്കസ് പ്രത്യേകിച്ചും ഒരു വിധത്തിലുള്ള ശാന്തത അനുഭവിച്ചിരുന്നു. ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നത് ഒഴിച്ചാൽ പൊതുവേ ശാന്തമായിരുന്നു അന്നത്തെ അവിടത്തെ രാഷ്ട്രീയ അന്തരീക്ഷം.



നമ്മുടെ ചർച്ച എത്തിച്ചേരേണ്ടത് ഇമാം നവവി (റ)യിലാണ്. അദ്ദേഹത്തിന്റെ പ്രശസ്തി രാഷ്ട്രീയത്തിൽ അല്ല. അതുകൊണ്ട് നമുക്ക് അക്കാലത്തിന്റെ രാഷ്ട്രീയ കാര്യങ്ങൾ കൂടുതലായി ഇവിടെ പറയാനുമില്ല. നവവീ ഇമാമിനെ പോലെ ഒരു മഹാപണ്ഡിതന്റെ കാലഘട്ടത്തെ പരിചയപ്പെടുവാൻ അന്നത്തെ വൈജ്ഞാനിക ലോകത്തിന്റെ സ്ഥിതിഗതികൾ അറിയേണ്ടതുണ്ട്. ഹിജ്റ ഏഴും എട്ടും നൂറ്റാണ്ടുകൾ ഇസ്ലാമിക വൈജ്ഞാനിക നഭോ മണ്ഡലത്തിൽ ഏറെ നക്ഷത്രങ്ങൾ നിറഞ്ഞുനിന്ന കാലമായിരുന്നു. എല്ലാ വിജ്ഞാന ശാഖകളിലും പ്രഗൽഭരായ പണ്ഡിതന്മാരെ ലോകത്തിന് ഈ രണ്ട് നൂറ്റാണ്ടുകൾ ദാനം ചെയ്തിട്ടുണ്ട്. ഹദീസ് ശാസ്ത്രത്തിലെ അതികായൻമാരിൽ ഒരാളായിരുന്ന ഇബ്നു സ്വലാഹ്, ശാഫിഈ കർമ്മ ശാസ്ത്രത്തിലെ നിപുണനായ ഇമാം ഇസ്മായിൽ ഇബ്നു അബ്ദുൽ കരീം, ഹനഫി മദ്ഹബിലെ പ്രശസ്ത പണ്ഡിതനായ ഇബ്നുൽ മുഅല്ലിം എന്നറിയപ്പെടുന്ന അബ്ദുറഹ്മാൻ ഇബ്നു മുഹമ്മദ് ബിൻ അസാക്കിർ തുടങ്ങി ധാരാളം നിപുണരായ പണ്ഡിതന്മാർ ജീവിച്ചിരുന്ന കാലമായിരുന്നു അത്. അറബി ഭാഷാ ശാസ്ത്രത്തിൽ ആ കാലത്തിന് വിസ്മരിക്കുവാൻ കഴിയാത്ത രണ്ട് വ്യക്തിത്വങ്ങളാണ് ഇബ്നു യഈഷും ഇബ്നു ഖുഫ്ത്വിയും. ഭാഷാ ശാസ്ത്രങ്ങളിൽ മാത്രമല്ല, ഖുർആൻ ശാസ്ത്രങ്ങളിലും നിദാന ശാസ്ത്രത്തിലും തർക്കശാസ്ത്രത്തിലും ജ്യോതി ശാസ്ത്രത്തിലും ചരിത്രത്തിലും അതിനിപുണനായിരുന്നു ഇബ്നുൽ ഖുഫ്ത്വി. ചരിത്രത്തിൽ ഇബ്നു അദീം, ഇബ്നു ഖല്ലിക്കാൻ, യാഖൂത്തുൽ ഹമവി, അബൂ ശാമ തുടങ്ങിയ പ്രഗൽഭരുടെയെല്ലാം കാലമായിരുന്നു അത്.



തത്വ ശാസ്ത്രം, വൈദ്യ ശാസ്ത്രം എന്നീ കലകളിൽ പല പ്രധാനികളും അക്കാലത്ത് ജീവിച്ചിരുന്നു. സാഹിത്യകാരൻ കൂടിയായിരുന്ന ഇബ്നു അബീ ഉസ്വൈബഅ്, അബ്ദുൽ മുൻഇം അൽ ജലയാനീ, സൈഫുദ്ദീൻ തഅ്ലബീ, ശംസുദ്ദീൻ ഖുവൈനി തുടങ്ങിയവരുടെയൊക്കെ കാലം ഇതു തന്നെയായിരുന്നു. തസ്വവ്വുഫിൽ എടുത്തു പറയേണ്ട വ്യക്തിത്വം മുഹിയുദ്ദീൻ ഇബ്നു അറബിയാണ്. ഇവരെയെല്ലാം ചേർത്തു വെച്ചാൽ ഹിജ്റ ഏഴാം നൂറ്റാണ്ടിന്റെ കൃത്യമായ ഒരു ചിത്രം ലഭിക്കും. അത് ഇജ്തിഹാദിന്റെ കാലമായിരുന്നില്ല എങ്കിലും മുജ്തഹിദുകൾ കൈമാറിയ അറിവുകൾ ഏറെ വികസിച്ച കാലമായിരുന്നു. അറിവുകൾക്ക് ആഴം കൂടിയ കാലം. എല്ലാ മദ്ഹബുകളും ശാസ്ത്രങ്ങളും അതിന്റെ ഉപജ്ഞാതാക്കളായ ഇമാമുകൾ സ്ഥാപിക്കുകയും അവരുടെ ഏറ്റവും ആദ്യത്തെ ശിഷ്യഗണങ്ങൾ അവയെ വേണ്ടവിധം പരിചരിച്ച് ശരിപ്പെടുത്തുകയും ചെയ്തു കഴിഞ്ഞിരുന്നു. പിന്നീട് പ്രശ്നങ്ങൾ പലതും സംജാതമാകുമ്പോഴെല്ലാം അതാത് കാലത്തെ പണ്ഡിതന്മാർ അതിൽ ഇടപെടുകയും ശരിപ്പെടുത്തുകയും ചെയ്തു ചെയ്ത് ശരിക്കും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. അതിനാൽ ഏഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാപണ്ഡിതന്മാർക്ക് കാര്യക്ഷമമായ ഇൽമിന്റെ വിതരണം മാത്രമായിരുന്നു പ്രധാനമായും ശ്രദ്ധിക്കുവാൻ ഉണ്ടായിരുന്നത്. അവർ അത് കുറ്റമറ്റ നിലയിൽ ചെയ്യുകയും ചെയ്തു. അതോടൊപ്പം പുതിയ പ്രശ്നങ്ങളും അതിൽ നിന്നുണ്ടാകുന്ന വിഷയങ്ങളും സ്വാഭാവികമായും എല്ലാ കാലത്തും ഉണ്ടായിക്കൊണ്ടേയിരിക്കുന്നതാണ്. മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളുടെയും ഒരു പൊതുവായ പ്രത്യേകതയാണത് അവൻ ഓരോ കാര്യങ്ങളിലും നിലവിലുള്ള അറിവുകളെ ആധാരമാക്കി മുന്നോട്ടുപോകുമ്പോൾ പുതിയ ചില സമസ്യകൾ രംഗത്തു വന്നേക്കും എന്നത്. അത്തരം സാഹചര്യങ്ങളെ നേരിടേണ്ടത് ഓരോ കാലഘട്ടത്തിലും ജീവിക്കുന്ന പണ്ഡിതന്മാരാണ്. ഉദാഹരണമായി ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ മദ്ഹബുകൾ രൂപപ്പെടുന്ന കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ലാത്ത പല പുതിയ വിഷയങ്ങളും ഇപ്പോൾ സമൂഹത്തിൽ പ്രകടമായിട്ടുണ്ടല്ലോ. അത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് ഈ കാലഘട്ടത്തിലെ പണ്ഡിതന്മാരാണ്. മുൻഗാമികൾ പറഞ്ഞു വെച്ചിട്ടില്ലാത്ത കാര്യങ്ങളിൽ എങ്ങനെയാണ് ഇടപെടുക എന്നതിനാവട്ടെ, ഇസ്ലാമിക നിദാന ശാസ്ത്രത്തിൽ വേണ്ടത്ര വിവരണങ്ങൾ ഉണ്ട്. ആ വിധമാണ് അത് നിർവഹിക്കപ്പെടേണ്ടത്.



അറിവുകൾ കൊണ്ട് അഭൗമത നേടിയ ഒരു പണ്ഡിത വിശാരദൻ എന്ന നിലക്ക് ഇമാം നവവി(റ) ജീവിച്ച കാലം അദ്ദേഹത്തിന് എല്ലാ അർത്ഥത്തിലും അനുയോജ്യമായിരുന്നു എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. അതായത്, തന്നെയും തന്റെ ജീവിതത്തെയും ജ്ഞാനസപര്യയിലേക്ക് സമർപ്പിക്കപ്പെടുവാൻ പ്രചോദിപ്പിക്കുന്ന കാലഘട്ടം ആയിരുന്നു അത് എന്ന്.



---
(1) 1096 മുതല്‍ 1291 വരെ മദ്ധ്യപൂര്‍വ്വ ദേശത്ത്, ക്രിസ്തീയ രാജ്യങ്ങളും മുസ്ലീം രാജ്യങ്ങളും തമ്മിലുണ്ടായ യുദ്ധങ്ങളാണ് കുരിശുയുദ്ധങ്ങള്‍ എന്നു അറിയപ്പെടുന്നത്.
പിന്നീട് ലോകത്തെ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയില്‍ സംഭവിച്ച അകല്‍ച്ചകള്‍ക്ക് നിദാനമായ സംഘര്‍ഷങ്ങളെന്ന നിലയിലാണ് കുരിശു യുദ്ധങ്ങള്‍ പൊതുവേ വായിക്കപ്പെടാറുള്ളത്. ചരിത്രപരമായി ഈ യുദ്ധങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. മതപരമായ സ്വഭാവം പുലർത്തിയിരുന്നവയും, പലപ്പോഴും മാർപ്പാപ്പായുടെ അംഗീകാരത്തോടു കൂടി നടത്തപ്പെട്ടവയുമായിരുന്നു ഇവ. ജറൂസലം തിരിച്ചു പിടിക്കുക എന്നത് പരമ ലക്ഷ്യമായിരുന്നതിനാൽ കുരിശു യുദ്ധങ്ങളുടെ കേന്ദ്ര ബിന്ദു ജറൂസലമായിരുന്നു.


(2) ചൈനയോട് അടുത്ത് കിടക്കുന്ന ഗോപി മരുഭൂമിയോട് ചേര്‍ന്നുള്ള മംഗോളിയ എന്ന രാജ്യത്തെ ഭരണാധികാരി ചെങ്കിസ് ഖാൻ തുടങ്ങി വെച്ച ലോകം കണ്ടതിൽ വെച്ചേറ്റവും ഹീനമായ അധിനിവേശവും കൂട്ടക്കൊലയും നടത്തിയവരാണ് മംഗോളിയൻ താർത്താരികൾ. ഖുവാറസ്മിലെ മുഹമ്മദ് ഖുവാറസം ഷായുമായുണ്ടായ ചെറിയ ഒരു പ്രശ്നത്തെ തുടർന്നാണ് താർത്താരികൾ ചരി ത്രത്തിൽ തുല്യതയില്ലാത്ത ഈ കുരുതി നടത്തിയത്. പത്ത് ലക്ഷത്തോളം ജനങ്ങള്‍ താമസിച്ചിരുന്ന സമര്‍ഖന്ത്, നിശാപൂര്‍, ഹറാത്ത്, റയ്യ് തുടങ്ങിയ നഗരങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് മുസ്‌ലിംകള്‍ വധിക്കപ്പെട്ടു.
ചെങ്കിസ്ഖാന്റെ അക്രമണത്തിന് 50 വര്‍ഷത്തിന് ശേഷം പുത്രന്‍ ഹുലാകു ഖാന്‍ ഹിജ്‌റ 656 ക്രിസ്താബ്ദം 1285 ല്‍ ബഗ്ദാദ് കീഴടക്കിയതിലൂടെ ഇസ്‌ലാമിക ലോകത്തിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. മംഗോളിയർ നാല്‍പ്പതു ദിവസം ബഗ്ദാദില്‍ സംഹാരതാണ്ഡവമാടി. ജനങ്ങളെ കൂട്ടക്കൊല ചെയ്തു, നഗരം കൊള്ളയടിച്ചു, കെട്ടിടങ്ങള്‍ തകര്‍ത്തു, വീടുകള്‍, ആശുപത്രികള്‍, പള്ളികള്‍ തുടങ്ങിയവ തരിപ്പണമാക്കി. ലോകത്തിലെ ഏറ്റവും വലിയ നഗരം ഏതാനും ദിവസങ്ങള്‍ കൊണ്ട് ഒരു ചാരക്കൂനയായി മാറി. സ്ത്രീകളും കുട്ടികളുമടക്കം 16 ലക്ഷം ആളുകളെയാണ് മംഗോളുകള്‍ ഇല്ലാതെയാക്കിയത്.



ഈജിപ്ഷ്യൻ ഭരണാധികാരി സുൽത്താൻ ഖുതൂസും സേനാനായകനായകൻ ബൈബറസും ഐൻ ജാലൂത്തിൽ വെച്ച് താർത്താരികളെ പരാജയപ്പെടുത്തി. വൈരുദ്ധ്യമെന്നു പറയട്ടെ, താർത്താരികൾ ഏറെ കഴിയും മുമ്പ് ഇസ്ലാം സ്വീകരിച്ചു. അവർ മുസ്ലിം സമുദായത്തിന്റെ നേതാക്കളും രാഷ്ട്രത്തിൻറെ ഭരണാധികാരികളുമായി മാറി. ചെങ്കിസ്ഖാൻറെ പേരക്കുട്ടിയായിരുന്ന ഹലാകൂഖാന് അയാൾ പിടികൂടി അടിമയാക്കിയ മുസ്ലിം പെൺകുട്ടിയിലൂടെ ഇസ്ലാമിനെ മനസ്സിലാക്കാൻ അവസരം ലഭിച്ചു. അങ്ങിനെ അയാൾ മുസ്ലിമാവുകയായിരുന്നു. തുടർന്ന് മുബാറക് ഷായും ബുറാഖാനും ഇസ്ലാം സംസ്കരിച്ചു. കാസാൻ ഷായുടെ സഹോദരൻ അവൽ ജാതൂഖാൻറെ ജീവിതപങ്കാളിയായി മാറിയ മുസ്ലിം അടിമപ്പെണ്ണിലൂടെയാണ് രാജകുടുംബത്തിലെ അംഗങ്ങളും സ്വീകരിച്ചത്.



(3) നൂറുദ്ധീൻ സങ്കി എന്ന പേരിൽ പ്രസിദ്ധനായ നൂറുദ്ദീൻ അബുൽ ഖാസിം മഹമൂദ് ഇബ്ൻ ഇമാമുദീൻ സങ്കി തുർക്ക് വംശ പരമ്പരയിൽ ഉള്ള സിങ്കിദ് രാജ വംശത്തിൽ പെട്ട ആളായിരുന്നു. ചെറുത്ത് നിൽപ്പിലൂടെ രണ്ടാം കുരിശ് യുദ്ധത്തിൽ അദ്ഭുതകരമായ മികവ് കാണിച്ച അദ്ദേഹം എ ഡി 1146 മുതൽ 1174 വരെ സിറിയയിലെ ഹലബ് പ്രവിശ്യ ഭരിച്ച ഭരണാധികാരിയായിരുന്നു.



(4) ഇന്നത്തെ ഇറാഖിലെ മൗസിലിനും ബാഗ്ദാദിനുമിടയിലുള്ള ടൈഗ്രിസിന്റെ പടിഞ്ഞാറന്‍ തീരത്ത് തിക്രീത്തില്‍ ഹിജ്‌റാബ്ദം 532ല്‍/ ക്രിസ്താബ്ദം 1137 ൽ ജനിച്ച സലാഹുദ്ദീന്‍ അയ്യൂബി 20 വര്‍ഷത്തോളം കുരിശുദ്ധക്കാരുടെ മുഴുവന്‍ കുതന്ത്രങ്ങളെയും തടഞ്ഞുനിര്‍ത്തി വിശുദ്ധ ഖുദ്സ് മോചിപ്പിച്ചെടുത്തു. ഇമാമുദ്ദീന്‍ സങ്കി തുടക്കമിടുകയും മകന്‍ നൂറുദ്ദീന്‍ സങ്കിയിലൂടെ ഒരാവേശമായി മാറുകയും സ്വലാഹുദ്ദീന്‍ അയൂബിയെന്ന ജേതാവിലൂടെ സായൂജ്യമടയുകയും ചെയ്ത ഒരു മുന്നേറ്റമാണ് ഖുദ്സിന്റെ വീണ്ടെടുക്കലില്‍ കലാശിച്ചത്. കുരിശ് യുദ്ധത്തിന്റെ മൂന്നാം ഘട്ടമായിരുന്നു ഇത്. 1193 മാര്‍ച്ച് നാലിന് ഇന്നത്തെ സിറിയയുടെ തലസ്ഥാനമായ ദമസ്‌കസിലാണ് സലാഹുദ്ദീന്‍ 57ാം വയസ്സിൽ മരണപ്പെട്ടത്.



രണ്ട്: നവാ



തലസ്ഥാന നഗരമായ ഡമാസ്ക്കസിൽ നിന്നും വടക്കുപടിഞ്ഞാറ് ഏകദേശം എൺപത് കിലോമീറ്റർ അകലെയുള്ള സിറിയയിലെ ഒരു നഗരമാണ് നവാ. ഫലസ്തീനുമായി സിറിയ അതിർത്തി പങ്കിടുന്ന പ്രദേശത്തു നിന്ന് കേവലം 10 കിലോമീറ്റർ മാറിയാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഈ നഗരം ഒരു കാർഷിക മേഖലയാണ്. പച്ചക്കറികളും ഒലീവും മുന്തിരിയും സമൃദ്ധമായി ഇവിടെ വിളയുന്നു. പൊതുവെ ശാം നാടുകൾ ഇസ്ലാമിക സംസ്കാരത്തിന്റെ അടയാളങ്ങളിൽ പലതും പതിഞ്ഞുകിടക്കുന്ന സ്ഥലമാണ്. അത്തരത്തിലുള്ള ചില സാംസ്കാരിക അവശേഷിപ്പുകൾ നവായിലും ഉണ്ട്. അവയിൽ ഒന്ന് നൂഹ് നബിയുടെ മകൻ സാമിന്റേതാണ് എന്ന് കരുതപ്പെടുന്ന ഒരു കബറിടം ആണ്. കാലഗണന വെച്ച് ഒരുതരം കൃത്യതയും അനുമാനിക്കാൻ കഴിയാത്ത അത്രയും പഴക്കം നൂഹ് നബിക്കും മക്കൾക്കും ഉണ്ട്. അതിനാൽ ഇത് വെറുമൊരു ഐതിഹ്യമായി കരുതുന്നതാണ് നല്ലത്. അയ്യൂബ് നബിയുടേതാണ് എന്ന് കരുതപ്പെടുന്ന ഒരു കബറും റോമൻ സംസ്കാരത്തിന്റെ ചില ശേഷിപ്പുകളും ഏതുകാലത്തിന്റെതാണ് എന്ന് തീർച്ചപ്പെടുത്തുവാൻ പ്രയാസമുള്ള ഏതാനും വിഗ്രഹ പ്രതിഷ്ഠയുള്ള അമ്പലങ്ങളും നവായിൽ ഉണ്ട്. ചരിത്രശേഷിപ്പുകളിൽ നവായിലെ ചരിത്രശേഷിപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ടതും കൃത്യതയുള്ളതും ഇമാം നവവി (റ)യുടെ മഖാം തന്നെയാണ്. അപ്രകാരം തന്നെ പ്രമുഖ സഹാബിവര്യൻ സഅദ് ബിൻ ഉബാദ(റ)യുടെ കബറിടവും ഇവിടെ കാണാം.



സഅദ് ബിൻ ഇബാദ പ്രമുഖ സഹാബി വര്യനാണ്. മദീനയിലെ ഏറ്റവും പ്രധാനിയായിരുന്ന ഇദ്ദേഹം അഖബാ ഉടമ്പടികൾ നടന്ന സമയത്താണ് ഇസ്ലാമിലെത്തുന്നത്. ജീവിതകാലം മുഴുവനും നബി(സ)യെ നിഴലായി പിന്തുടർന്ന അദ്ദേഹത്തെ ഖലീഫ സ്ഥാനത്തേക്ക് വരെ അഭിപ്രായപ്പെട്ടിരുന്നു. നബി(സ) മരണപ്പെടുകയും ഇനി ഭാവി രാഷ്ട്രീയം എന്തായിരിക്കണം എന്നത് ആലോചിക്കുവാൻ അൻസാരികളായ സഹാബിമാർ ബനൂസാഇദ കുടുംബത്തിന്റെ ഒരു പന്തലിൽ ഒരുമിച്ചു കൂടിയതായിരുന്നു. അവിടെ ഉയർന്ന ഏക അഭിപ്രായം സഅദ് ബിൻ ഇബാദ ഖലീഫ ആവണം എന്നതായിരുന്നു. നബി വഫാത്തായതോടെ മുഹാജിറുകൾ എല്ലാവരും അവരുടെ നാടായ മക്കയിലേക്ക് മടങ്ങിപ്പോകും എന്നായിരുന്നു അൻസ്വാറുകൾ കരുതിയത്. പക്ഷേ ആ സദസ്സിലേക്ക് അബൂബക്കർ, ഉമർ(റ) തുടങ്ങിയ പ്രധാന സഹാബിമാർ കടന്നുവരികയും രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തപ്പോഴാണ് അവർക്ക് കാര്യം മനസ്സിലായത്. അതോടെ അവരുടെ കൂടെ സമ്മതത്തോടെ അബൂബക്കർ(റ) ഒന്നാം ഖലീഫ ആവുകയും ചെയ്തു. സഅദ് ബിൻ ഇബാദ(റ) ഹിജ്റ 635 ആണ് മരണപ്പെടുന്നത്. അദ്ദേഹത്തിന്റെ മരണം ശാമിൽ വെച്ചായിരുന്നു എന്നത് ഏകദേശം എല്ലാ ചരിത്രങ്ങളും പറയുന്നുണ്ട്. എന്നാൽ ചരിത്രത്തിൽ അഭിപ്രായ വ്യത്യാസം ഉള്ളത് അദ്ദേഹം മരണപ്പെടുവാൻ കാരണം എന്തായിരുന്നു എന്നതിലാണ്. ജിന്നുകളുടെ ആക്രമണത്താലാണ് അദ്ദേഹം കൊല്ലപ്പെട്ടത് എന്ന് ചരിത്രങ്ങളിൽ കാണാം. അദ്ദേഹം ഖിലാഫത്തിന്റെ പേരിൽ കൊല്ലപ്പെടുകയായിരുന്നു എന്ന് ഷിയാക്കളുടെ ചരിത്രങ്ങളിൽ പറയുന്നുണ്ട്. കുളിപ്പുരയിൽ അദ്ദേഹത്തെ മരിച്ചുകിടക്കുന്നതായി കാണുകയായിരുന്നു എന്നും ചരിത്രങ്ങളിൽഉണ്ട്. ഏതായിരുന്നാലും അദ്ദേഹത്തിന്റെ ഖബർ നമ്മുടെ ചരിത്ര പ്രദേശമായ നവായിലാണ്.



ഇവിടെയാണ് ഹിജ്റ 631 മുഹറം പത്തിനും ഇരുപതിനും ഇടയിലുള്ള ഒരു ദിനത്തിൽ ഇമാം നവവി(റ) ജനിച്ചത് (1). അദ്ദേഹത്തിന്റെ പിതാവിന്റെ പേര് ശറഫ് എന്നായിരുന്നു. അദ്ദേഹം നവായിലെ ഒരു കച്ചവടക്കാരൻ ആയിരുന്നു. അതോടൊപ്പം പിതാവ് വലിയ ജ്‌ഞാനിയും കറാമത്തുകളുടെ ഉടമയായ ഒരു അനുഗ്രഹീതനുമായിരുന്നു. ഹലാലായ ഭക്ഷണം മാത്രമേ താൻ കഴിക്കുകയും തന്റെ കുടുംബത്തെ കഴിപ്പിക്കുകയും ചെയ്യൂ എന്ന മതപരമായ നിഷ്കർഷ കാത്തുസൂക്ഷിക്കുന്ന ഒരാളായിരുന്നു അദ്ദേഹം. ഈ പറഞ്ഞതിനേക്കാൾ അധികമായ വിവരണങ്ങൾ പിതാവിനെ കുറിച്ച് ലഭ്യമല്ല. പ്രമുഖ ചരിത്രകാരൻ ഇമാം ദഹബി പറയുന്നത് അദ്ദേഹം അനുഗ്രഹീതനായ ഒരു ശൈഖായിരുന്നു എന്നും ഹിജ്റ 685 ൽ അദ്ദേഹം മരണപ്പെട്ടപ്പോൾ അദ്ദേഹത്തിനു മേൽ മറഞ്ഞ മയ്യിത്ത് നിസ്കാരം നിർവ്വഹിക്കപ്പെട്ടു എന്നുമാണ്. ഇത്(2) അദ്ദേഹത്തിന്റെ ശ്രേഷ്ഠതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മകൻ യഹ്‌യ എന്ന നവവി(റ) മരണപ്പെട്ടതിന് ശേഷം തന്റെ എൺപതാമത്തെ വയസ്സിലാണ് അദ്ദേഹം മരണപ്പെട്ടത് എന്നാണ് ആധികാരിക ചരിത്രത്തിൽ പറയുന്നത്. ഈ പറഞ്ഞതിൽ നിന്നും ഇമാം നവവീ എന്ന വിളക്കുമാടം സ്ഥാപിക്കപ്പെട്ട അടിത്തറ എത്രമാത്രം ബലിഷ്ഠമായിരുന്നു എന്നു കണ്ടെത്തുവാൻ കഴിയും.



ജനിച്ചപ്പോൾ മാതാപിതാക്കൾ അദ്ദേഹത്തിന് നൽകിയ നാമം യഹ്‌യ എന്നായിരുന്നു. അദ്ദേഹത്തെ അബൂ സക്കറിയ എന്നാണ് വിളിച്ചിരുന്നത്. അബൂ സക്കറിയ എന്നാൽ സക്കറിയയുടെ പിതാവ് എന്നാണ് അർത്ഥം. പക്ഷേ, അതുകൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദേഹം സക്കരിയ എന്ന കുഞ്ഞിന്റെ പിതാവായിരുന്നു എന്നല്ല. അദ്ദേഹത്തിന്റെ ജീവിതത്തിൽ വിവാഹം പോലും ഉണ്ടായിട്ടില്ല എന്ന് നമുക്ക് ശേഷം മനസ്സിലാകും. ഇത് അറബ് സംസ്കാരത്തിന്റെ ഭാഗമാണ്. ശ്രേഷ്ഠ ബഹുമാനങ്ങളുടെ പേരിൽ മാത്രം അബ് എന്നോ ഉമ്മ് എന്നോ ചേർത്തുകൊണ്ടുള്ള വിളിപ്പേരുകൾ ഉപയോഗിക്കുക എന്നത് അവരുടെ സംസ്കാരമാണ്. സ്ത്രീയാണെങ്കിൽ ഉമ്മ് എന്ന് ചേർത്താണ് വിളിക്കുക. ആയിഷ(റ) ഉമ്മു അബ്ദില്ല എന്നാണ് വിളിക്കപ്പെട്ടിരുന്നത്. അവർ പ്രസവിച്ചിട്ടില്ലാ എന്ന് നമുക്കറിയാം. അദ്ദേഹത്തിന്റെ ആലങ്കാരിക നാമം മുഹയുദ്ധീൻ എന്നായിരുന്നു. എന്നാൽ മുഹിയുദ്ദീൻ എന്ന പേരിനോട് അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. മുഹിയുദ്ധീൻ എന്നാൽ ദീനിനെ ജീവിപ്പിക്കുന്ന ആൾ എന്നാണല്ലോ അർത്ഥം. അത് താഴ്മക്കും വിനയത്തിനും എതിരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അതോടൊപ്പം ദീനിന് ഒരു ജീവിപ്പിക്കുന്നവൻ ഒപ്പം വേണ്ട സാഹചര്യം ആണ് എന്ന് ഈ പേര് ദ്യോതിപ്പിക്കുന്നതും അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല(3). ഹിസാമി എന്നായിരുന്നു അവരുടെ കുടുംബ പേര്. ഇത് ഹക്കീം ഇബ്നു ഹിസാം(റ) (4) എന്ന സഹാബിയുടെ താവഴിയാണ് എന്ന് ചിലർ പറയാറുണ്ട്, പക്ഷേ അത് ശരിയല്ല.



ഏതൊരു കുഞ്ഞിനെയും പോലെ യഹ് യയും തന്റെ പിതാവിന്റെ ജീവിത വേദിയിലേക്കാണ് ആദ്യം കാലെടുത്തു വെച്ചത്. പിതാവിന്റെ കച്ചവടത്തിന് അദ്ദേഹം പോവുകയും തന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുമായിരുന്നു. അവിടെ അദ്ദേഹം പക്ഷേ തിരക്കേറിയ ഒരു കച്ചവടക്കാരൻ ആയി മാറിയില്ല. കാരണം, തങ്ങളുടെ കടയിൽ സാധാരണ കച്ചവടക്കാരിൽ കാണപ്പെടുന്നത് പോലെയുള്ള തിക്കും തിരക്കും ത്വരയും താൽപര്യവും ഒന്നും ഉണ്ടായിരുന്നില്ല. വിൽക്കലും വാങ്ങലും ആയിരുന്നു ഇവിടെ നടന്നിരുന്നത് എങ്കിലും ഓരോ ചലനത്തിലും വിശുദ്ധിയും തഖ്‌വയും നന്മയും എല്ലാം തെളിഞ്ഞു കാണുമായിരുന്നു. അതിനാൽ ഈ കൊച്ചു കുട്ടിയുടെ മനസ്സിൽ കച്ചവടം അല്ല കച്ചവടത്തിൽ പുലർത്തുന്ന നന്മയാണ് വേരു പിടിച്ചത്. പിതാവിന്റെ താൽപര്യവും അതുതന്നെയായിരുന്നു. പിതാവ് ഇക്കാര്യത്തിൽ തന്റെ മകനിൽ വലിയ പ്രതീക്ഷയും വെച്ചിരുന്നു എന്നുവേണം കരുതുവാൻ. നന്മയുടെയും വിശുദ്ധിയുടെയും അടയാളങ്ങൾ കൊച്ചുനാളിലെ ഈ കുട്ടിയിൽ കാണപ്പെടുമായിരുന്നു. ഇതിലേക്ക് വിരൽ ചൂണ്ടുന്ന ഒരു സംഭവം ഇമാം സുബുക്കി(റ) തന്റെ ത്വബഖാത്തിൽ പറയുന്നുണ്ട്. ഒരു ദിവസം ഒരു റമദാനിലെ രാത്രി പിതാവിന്റെ ചാരത്തായി കിടന്നുറങ്ങുകയായിരുന്നു യഹ്‌യ. അർദ്ധരാത്രിയിൽ അവൻ പിതാവിനെ വിളിച്ചുണർത്തി. ചോദ്യ ഭാവത്തിൽ പിതാവ് കുട്ടിയുടെ മുഖത്തേക്ക് നോക്കുമ്പോൾ അവൻ വലിയ ആശ്ചര്യത്തോടെ ചുറ്റുഭാഗവും നോക്കിക്കൊണ്ട് പിതാവിനോട് ചോദിച്ചു: ഉപ്പാ, ഇന്ന് ഈ വീടകം മുഴുവനും ഇത്ര പ്രകാശത്താൽ നിറയുവാൻ കാരണം എന്താണ് എന്ന്. പിതാവും കുടുംബാംഗങ്ങളും ചുറ്റും കണ്ണോടിച്ചുവെങ്കിലും കുട്ടി ആശ്ചര്യപ്പെടുന്ന പോലെയുള്ള ഒരു വെളിച്ചം അവിടെ അവർക്കൊന്നും കാണുവാൻ കഴിഞ്ഞില്ല. പിതാവ് പിന്നീട് പറയുകയുണ്ടായി: ആ രാത്രി ലൈലത്തുൽ ഖദറിന്റെ രാത്രിയായിരുന്നു എന്ന് പിന്നീട് എനിക്ക് മനസ്സിലായി. (5) അതിനാൽ കുട്ടിക്കാലത്തെ തന്റെ കച്ചവടക്കടയിൽ ഉള്ള ജോലിയും അനുഭവവും തന്റെ ഭാവിയിലേക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തന്നെയായിരുന്നു എന്നാണ് ചരിത്ര പണ്ഡിതന്മാരുടെ നിഗമനം.
---
(1) ഇബ്നുൽ അത്വാറിന്റെ തുഹ്ഫത്തുത്ത്വാലിബീൻ, ഇമാം സഖാവീയുടെ തർജുമ എന്നിവ ഉദ്ധരിച്ച ആധികാരിക അഭിപ്രായം. ചില ചരിത്ര ഗ്രന്ഥങ്ങൾ കൃത്യമായ തിയ്യതികൾ പറയുന്നുണ്ട് എങ്കിലും അവയെ ആശ്രയിക്കുവാൻ മാത്രം ബലം അവയുടെ തെളിവുകൾക്കില്ല.



(2) മറഞ്ഞ മയ്യിത്തിനു മേലുള്ള നിസ്കാരം വിവിധ മദ്ഹബുകളിൽ വിവിധ അഭിപ്രായങ്ങൾ ഉള്ള വിഷയമാണ്. നബി(സ) തങ്ങൾ എത്യോപ്യയിൽ മരണപ്പെട്ട നജാശീ രാജാവിന്റെ മേലിൽ നിസ്കരിച്ചു എന്നത് സ്വഹീഹായി വന്നിട്ടുണ്ട്. എന്നാൽ ഹനഫി മദ്ഹബുകാരും മാലികി മദ്ഹബുകാരും ഇത് നബിയുടെ മാത്രം സവിശേഷതയാണ് എന്നും വിശ്വാസികൾക്ക് അത് ബാധകമല്ല എന്നും പറയുന്നു. ശാഫി, ഹംബലി മദ്ഹബുകളിൽ മറഞ്ഞ മയ്യിത്തിനു മേൽ നിസ്കരിക്കൽ അനുവദനീയമാണ്. മരണപ്പെട്ട പ്രധാനികളുടെ മേലിൽ മാത്രമേ നിസ്കരിക്കേണ്ടതുള്ളൂ എന്ന് കൂട്ടത്തിൽ ചിലർക്ക് അഭിപ്രായമുണ്ട്. ഇമാം നവവി(റ) തന്റെ മജ്മൂഇൽ പറയുന്നത് (5/211) മരണപ്പെടുമ്പോൾ നിസ്കരിക്കപ്പെടാൻ അർഹതയുണ്ടെങ്കിൽ അവരുടെ മേലിൽ നിസ്കരിക്കൽ ജാഇസാണ് എന്നാണ്.



(3) സഖാവിയുടെ തർജുമയിൽ നിന്ന്.



(4) ഖദീജാ ബീവിയുടെ സഹോദരൻ ഹിസാമിന്റെ മകനായ ഹകീം ഇസ്ലാമിൽ എത്തുന്നതിനു മുമ്പും ശേഷവും മക്കയിലെ നേതാക്കളിൽ പെട്ട ആളായിരുന്നു. മക്ക വിജയത്തിന്റെ ദിനമാണ് ഇസ്ലാമിലെത്തിയത്. ഹിജ്റ 54 ൽ മുആവിയയുടെ ഭരണകാലത്ത് മദീനയിൽ മരണപ്പെട്ടു.

(5) ത്വബഖാത്തുസ്സുബ്കി (8/396)





മൂന്ന്
വെളിച്ചം വീണ വഴിയിലേക്ക്.



പത്താമത്തെ വയസ്സിൽ മകനെ പിതാവ് തന്റെ സ്വന്തം കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ പക്ഷേ മകന്റെ പ്രധാന ശ്രദ്ധ വാങ്ങലിലും വിൽക്കലിലും ആയിരുന്നില്ല. അത് ആയിരിക്കണം എന്ന് ആ പിതാവിന് വാശിയുമുണ്ടായിരുന്നില്ല. ഇങ്ങനെ പോകുന്നതിനിടയിലാണ് അതേ പത്താം വയസ്സ് പൂർത്തിയാകുന്നതിനു മുമ്പ് തന്നെ വഴിയിൽ വെച്ച് വളരെ ശ്രേഷ്ഠനായ ആ കാലഘട്ടത്തിന്റെ എല്ലാആദരവും നേടിയ വ്യക്തിത്വവുമായിരുന്ന ശൈഖ് യാസീൻ ബിൻ യൂസഫ് അൽ മറാക്കഷിയെ യാദൃശ്ചികമായി കണ്ടുമുട്ടുന്നത്. കുട്ടികൾക്ക് പൊതുവേ മറാക്കഷിയെ ഇഷ്ടമായിരുന്നില്ല. അവരുടെ താളത്തിനൊത്ത് തുള്ളുവാൻ അദ്ദേഹത്തെ കിട്ടുമായിരുന്നില്ല എന്നതാണ് കാരണം. കുട്ടികളിൽ നിന്ന് അദ്ദേഹം ഓടി അകലുമ്പോഴും ചുണ്ടിൽ ഖുർആനിന്റെ ആയത്തുകൾ ഉയർന്നു വീഴുമായിരുന്നു എന്ന് തുഹ്ഫത്തു താലിബീനിൽ പറയുന്നു. യഹ്‌യ എന്ന കുട്ടിയെ കണ്ടതും അദ്ദേഹത്തിന്റെ മനസ്സിൽ ആ കുട്ടിയോട് എന്തെന്നറിയാത്ത ഒരു മനസ്സടുപ്പം ശൈഖിന് തോന്നുകയുണ്ടായി. അദ്ദേഹം ആ കുട്ടിയുടെ വിവരങ്ങൾ അന്വേഷിച്ചു. കുട്ടിയെ ഖുർആൻ പഠിപ്പിക്കുന്ന ഉസ്താദിനെക്കുറിച്ചും അന്വേഷിച്ചു. അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോട് ഈ കുട്ടി തന്റെ കാലഘട്ടത്തിലെ ഏറ്റവും വലിയ ജ്ഞാനിയും വിശുദ്ധനും ആയിത്തീരുകയും ജനങ്ങൾ അദ്ദേഹത്തെ കൊണ്ട് ധാരാളം പ്രയോജനം നേടിയെടുക്കുകയും ചെയ്യും എന്ന് പറഞ്ഞു. താങ്കൾ ജ്യോതിഷം അറിയുന്ന ആളാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അല്ലെന്നും അല്ലാഹു എന്നെക്കൊണ്ട് അങ്ങനെ പറയിച്ചതാണെന്നും പറഞ്ഞതോടെ ഉസ്താദ് സംഭവം കുട്ടിയുടെ പിതാവിനോട് വിവരം പറഞ്ഞു. അപ്പോൾ തന്റെ മകനെ ഖുർആൻ എത്രയും പെട്ടെന്ന് ഖുർആൻ മനപ്പാഠമാക്കിക്കണമെന്ന് ആ പിതാവിന്റെ താല്പര്യത്തിൽ ഉണർന്നെഴുന്നേറ്റു. ഇവിടെ നിന്നാണ് ഇസ്ലാമിക ജ്ഞാന ലോകത്തിലേക്കുള്ള വഴിയിലേക്ക് യഹ്‌യ ബിൻ ഷറഫ് എന്ന ഇമാം നവവി(റ) തിരിയുന്നത്.



ശൈഖ് മറാക്കിഷിയുടെ പ്രവചനം പുലരുന്നതിന്റെ മുമ്പ് വിജ്ഞാനത്തിന്റെ വെളിച്ചം വീണ വഴികളിലേക്ക് യഹ്‌യ അന്നവവി തിരിയാൻ ഉണ്ടായ സാഹചര്യങ്ങൾ ചരിത്രത്തിൽ അത്രതന്നെ വ്യക്തതയുള്ളതല്ല. എങ്കിലും വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് ഹിജ്റ 649 ൽ ഇമാം നവവി ഇസ്ലാമിക വിജ്ഞാനം തേടി ഡമാസ്കസിലേക്ക് പുറപ്പെട്ടു എന്നാണ്. 18 വയസ്സ് വരെയുള്ള കാലത്ത് അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് അത്രതന്നെ വ്യക്തമായ ചരിത്രങ്ങൾ കാണുന്നില്ല. ഏതായാലും നവവി ഇമാമിന്റെ ശിഷ്യൻ കൂടിയായ ഇബ്നു അത്വാർ പറയുന്നത് അനുസരിച്ച് തന്റെ പതിനെട്ടാം വയസ്സിൽ അദ്ദേഹം ഡമാസ്കസിലേക്ക് പോയി എന്നാണ്. ആ കാലഘട്ടത്തിൽ ഇസ്ലാമിക വൈജ്ഞാനിക ലോകത്തിന്റെ ആസ്ഥാനങ്ങളിൽ ഒന്നായിരുന്നു സിറിയയിലെ ഡമാസ്കസ്. ഇസ്ലാമിക വിജ്ഞാനീയങ്ങൾ അക്കാലത്ത് കേന്ദ്രീകരിച്ചിരുന്നത് പ്രധാനമായും മൂന്ന് കേന്ദ്രങ്ങളിലായിരുന്നു. ഒന്ന് ബഗ്ദാദിലും രണ്ടാമത്തേത് ഡമാസ്കസിലും മൂന്നാമത്തെ ഈജിപ്തിലും. ലോകമാസകലമുള്ള പണ്ഡിതന്മാരുടെ താവളങ്ങളായിരുന്നു ഇവയെല്ലാം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമായിരുന്നു ഡമാസ്കസ്. ഡമാസ്കസിനെ കുറിച്ചുള്ള ഇസ്ലാമിക ലോകത്തിന്റെ വിലയിരുത്തൽ എത്ര മഹത്തരമാണ് എന്നത് അറിയുവാൻ താരീഖു ദിമശ്ഖ് എന്ന ചരിത്ര ഗ്രന്ഥം മാത്രം മതി. 80 വാല്യങ്ങളുള്ള ബൃഹത്തായ ആ ഗ്രന്ഥത്തിന്റെ രചയിതാവ് ഇമാം ഇബ്നു അസാക്കിർ(1) ആണ്. ഇസ്ലാമിക വൈജ്ഞാനിക ലോകത്ത് രചിക്കപ്പെട്ട പട്ടണങ്ങളുടെ ചരിത്രങ്ങളിൽ വെച്ച് ഏറ്റവും വലുതാണ് ഇത്. 80 വാള്യങ്ങളിൽ ഇബ്നു അസാക്കിർ ഡമസ്കസിന്റെ ചരിത്രവും ആ മണ്ണിലൂടെ കടന്നുപോയ സാഹിത്യകാരന്മാർ, ചരിത്ര പണ്ഡിതന്മാർ, ഭരണാധികാരികൾ, സുൽത്താൻമാർ, അവിടേക്ക് വന്നവർ, അവിടെ നിന്ന് പോയവർ തുടങ്ങിയവരുടെ എല്ലാം വിശദമായ ചരിത്രങ്ങൾ പറയുന്നുണ്ട്. ലോകത്തെ പ്രശസ്തരായ പണ്ഡിതന്മാരുടെ താവളമായതിനാലാണ് ഇമാം നവവി(റ) ഡമാസ്കസിലേക്ക് പുറപ്പെട്ടത്. ആധികാരിക ചരിത്രങ്ങൾ വായിക്കുമ്പോൾ നമുക്ക് മനസ്സിലാകുന്നത് അദ്ദേഹം സ്വേഷ്ടപ്രകാരം ഡമസ്കസിലേക്ക് പോവുകയായിരുന്നില്ല, തന്റെ പിതാവ് മകനെ അവിടെ കൊണ്ടുപോയി അക്കാലത്തെ പ്രശസ്തരായ പണ്ഡിതന്മാരെ ഏൽപ്പിക്കുകയായിരുന്നു എന്നാണ്. ഇതിൽനിന്ന് ആ പിതാവിലെ നന്മ കൂടി നമുക്ക് കാണുവാൻ കഴിയുന്നു. കാരണം തന്റെ മകൻ തന്നെപ്പോലെ ഒരു കച്ചവടക്കാരൻ ആവേണ്ട എന്ന് അദ്ദേഹത്തിന് മനസ്സിലായതാണല്ലോ. ഏതായാലും അദ്ദേഹം ആ കാലഘട്ടത്തിലെ വലിയ പണ്ഡിതന്മാരുടെ ശിഷ്യത്വം തേടി ഡമാസ്കസിൽ എത്തിച്ചേർന്നു. ഇതോടെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ജ്ഞാന ഘട്ടം ആരംഭിക്കുന്നു. ഇവിടെ നിന്ന് പിന്നീട് ഇമാമവർകൾ ഹജ്ജ്, ഉംറ തീർഥാടനങ്ങൾക്കു പുറമെ പുറത്തുപോയിട്ടുള്ളത് തന്റെ മടക്കയാത്രയിൽ ബൈത്തുൽ മുഖദ്ദസിലേക്കു മാത്രമാണ്.



ആധുനിക സിറിയയുടെ തലസ്ഥാനമാണ് ഡമാസ്കസ് നഗരം. അറേബ്യയുടെ പൗരാണിക സാംസ്കാരിക കേന്ദ്രങ്ങളിൽ ഒന്നാണ് ഡമസ്കസ്. സകരിയ്യാ നബിയുടെ മകൻ യഹ്‌യാ നബി, സുൽത്വാൻ സലാഹുദ്ദീൻ അയ്യൂബി, നബി(സ)യുടെ പൗത്രി സൈനബ്(റ)(2) എന്നിവരുടെ മഖ്ബറകൾ ഡമസ്കസ് നഗരത്തിന് ചരിത്ര ശ്രദ്ധ നൽകുന്നു. മഹാനായ രണ്ടാം ഖലീഫ ഉമർ ഭരണകാലത്താണ് സിറിയ അടക്കമുള്ള നാടുകൾ ഇസ്‌ലാമിന്റെ പതാകയ്ക്ക് കീഴിൽ എത്തിയത്. അബൂ ഉബൈദ, ഖാലിദ് ബിൻ വലീദ്(റ) എന്നീ സേനാ നായകൻമാർ ആയിരുന്നു ശാമിലേക്ക് ഇസ്ലാമിക ദീപം വഹിച്ച് എത്തിയത്. മൂന്നാം ഖലീഫ ഉസ്മാൻ(റ)ന്റെ കാലത്ത് ഡമാസ്കസിലെ ഗവർണർ ആയിരുന്ന മുആവിയ ബിൻ അബി സുഫിയാൻ തുടങ്ങിവെച്ച രാഷ്ട്രീയ ഭരണ ഇടപെടൽ ഈ പ്രദേശത്തെ അമവീ ഖിലാഫത്തിന്റെ ആസ്ഥാനമാക്കി മാറ്റി.
O





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso