പഠനം: ഇമാം നവവി(റ) 1
20-01-2023
Web Design
15 Comments
പഠനം: ഇമാം നവവി(റ) 1
- - - - -
മുഹമ്മദ് ടി എച്ച് ദാരിമി
ഇമാം നവവി(റ)
സഹനം . സേവനം . സമർപ്പണം
നവവിയ്യ ബുക്സ് പാലക്കാട് 1
----
മലപ്പുറം ജില്ലയിലെ മേലാറ്റൂരംശത്തിൽ ഏപ്പിക്കാട്ട് തയ്യിൽ കുഞ്ഞാൻ ഹാജിയുടെയും കാരാട്ടുതൊടിക ഫാത്വിമ ഹജ്ജുമ്മയുടെയും മകൻ. 1990 ൽ നന്തി ജാമിഅ ദാറുസ്സലാമിൽ വെച്ച് ശംസുൽ ഉലമായിൽ നിന്നും സനദ് നേടി. പാലക്കോട്, പാങ്ങ്, ചോലക്കുളം ദർസുകളിലും ജിദ്ദ ശാത്തിഉന്നൂർ ഇന്റർനാഷണൽ സ്കൂളിലും അധ്യാപന സേവനം പിന്നിട്ട് ഇപ്പോൾ മേലാറ്റൂർ ദാറുൽഹികം ശരീഅ ആന്റ് ആർട്സ് കോളേജിന്റെ പ്രിൻസിപ്പാൾ
മുഹമ്മദ് ടി എച്ച് ദാരിമി
വിലാസം
അനുഗ്രഹം
പി ഒ എടപ്പറ്റ 679 326
മേലാറ്റൂർ, മലപ്പുറം.
Mail: thdarimi@gmail.com
Call: 8111 81 48 29
Web: thdarimi.in
------
പ്രസാധകക്കുറിപ്പ്
(ഒരു പേജ്)
------
ആമുഖം
(രണ്ട് പേജ്)
ഒരു പഠനത്തിന്റെ ഭാഗമായി ഇമാം നവവി(റ)യുടെ ജീവിതവും സേവനവും സംഭാവനയും അടുത്തറിയുമ്പോൾ നാം ആരും അൽഭുതപ്പെട്ടുപോകും. കാരണം ഹിജറ 631 മുതൽ 676 വരെ നീണ്ട നാൽപ്പത്തിയഞ്ചോ നാൽപ്പത്തിയാറോ വയസ്സ് കാലം മാത്രമാണ് മാത്രമായിരുന്നു മഹാനവർകളുടെ ജീവിതകാലം. ഇതിൽനിന്ന് ശൈശവ-ബാല്യ ഘട്ടങ്ങൾ ഏതൊരു ജീവചരിത്രത്തിലും നാം അനിവാര്യമായും മാറ്റിവയ്ക്കേണ്ടി വരും. ഈ രണ്ട് ഘട്ടങ്ങൾ കടന്ന് ഇസ്ലാമിക വൈജ്ഞാനിക തീരത്തേക്ക് അദ്ദേഹം കടക്കുന്നത് പത്തൊമ്പതാമത്തെ വയസിലാണ് എന്നാണ് ചരിത്രം. ഡമാസ്കസ് ആയിരുന്നു അദ്ദേഹം തെരഞ്ഞെടുത്ത തീരം. ഇസ്ലാമിക സംസ്കാരവും അറിവും കേന്ദ്രീകരിച്ച അക്കാലത്തെ മൂന്ന് മഹാനഗരങ്ങളിൽ ഒന്ന്. അവിടെ അദ്ദേഹം പഠനം ആരംഭിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പഠനം ഏറെ വ്യത്യസ്ഥതകൾ നിറഞ്ഞതായിരുന്നു. കാരണം ഒരു ദിവസം അദ്ദേഹം 12 വിഷയങ്ങൾ പഠിക്കുമായിരുന്നു. പഠിക്കുന്ന വിഷയങ്ങളിൽ ഓരോന്നിലും അവഗാഹം നേടാതെ തലയുയർത്തുമായിരുന്നില്ല അദ്ദേഹം.
ഈ വിധമുള്ള പഠനം ചുരുങ്ങിയത് പത്തു വർഷം നീണ്ടു. ഇതോടെ അദ്ദേഹത്തിൻറെ ആകെ ആയുസ്സിൽ നിന്ന് ഇരുപത്തിയൊമ്പത് വർഷങ്ങൾ കൊഴിഞ്ഞുകഴിഞ്ഞിരുന്നു. അവശേഷിക്കുന്ന പതിനഞ്ചോ പതിനാറോ വർഷങ്ങൾ സേവനത്തിനായി നീക്കിവെച്ചു. അധ്യാപനവും ഗ്രന്ഥരചനയുമായിരുന്നു സേവനം. സുൽത്വാൻ സ്വലാഹുദ്ദീൻ അയ്യൂബിയുടെ കാലത്ത് ഡമാസ്കസിലെ ഗവർണർ അൽ അശ്റഫ് സ്ഥാപിച്ച ദാറുൽ ഹദീസിൽ അശ്റഫിയ്യയിലായിരുന്നു ആദ്യത്തെ സേവനം. ദാറു റുക്നിയ്യ, ദാറുൽ ഇഖ്ബാലിയ്യ എന്നീ പ്രധാന സ്ഥാപനങ്ങളിലും മുദർരിസായി ജോലി ചെയ്തിട്ടുണ്ട്. ഒരു പാട് വലിയ പണ്ഡിതൻമാരെ അദ്ദേഹത്തിന്റെ ഈ ഗുരുകുലങ്ങൾ ഇസ്ലാമിക ലോകത്തിന് സംഭാവന ചെയ്യുകയുണ്ടായി.
അദ്ധ്യയന സേവനം പോലെ നിറവുറ്റതായിരുന്നു ഗ്രന്ഥരചനയും. ശാഫി ഈ മദ്ഹബിന്റെ കർമ്മശാസ്ത്രത്തെ വിശ്വാസികൾക്ക് പാകപ്പെടുത്തിക്കൊടുക്കുവാൻ അദ്ദേഹം വെറും പതിനഞ്ച് വർഷങ്ങൾ കൊണ്ട് രചിച്ചത് 162 കിതാബുകളാണ്. ലോക പ്രശസ്തമായ മിൻഹാജു ത്വാലിബീൻ, റൗളത്തു ത്വാലിബീൻ, മജ്മൂഅ് എന്ന ശറഹുൽ മുഹദ്ദബ്, സ്വഹീഹുൽ ബുഖാരിയുടെ തൽഖീസ് എന്ന വ്യാഖ്യാനം, സ്വഹീഹു മുസ്ലിമിന്റെ മിൻഹാജ് എന്ന വ്യാഖ്യാനം, അദ്കാർ, രിയാളുസ്സ്വാലിഹീൻ തുടങ്ങിയ ഗ്രന്ഥങ്ങൾ അവയിൽ പെടുന്നു. ഇതിനിടയിൽ അദ്ദേഹം ഒട്ടും വിശ്രമിച്ചില്ല. രോഗിയായി കിടന്നില്ല. ദൂര ദിക്കുകളിലേക്ക് യാത്ര പോയില്ല. വിവാഹം പോലും ചെയ്തില്ല. തന്റെ താല്പര്യങ്ങളിൽ ചടഞ്ഞു കൂടി ദൗത്യങ്ങൾ പൂർത്തിയാക്കുകയായിരുന്നു. ഇതെല്ലാം ചേർത്തുവെച്ച് ഇമാം നവവിയെ മനസ്സിൽ സങ്കൽപ്പിക്കുമ്പോഴാണ് തുടക്കത്തിൽ പറഞ്ഞ അത്ഭുതം നമ്മുടെ മനസ്സിനെ പിടികൂടുക.
താരതമ്യേന അദ്ദേഹത്തിന് ആയുസ്സ് കുറവായിരുന്നു. നാൽപ്പത്തിയഞ്ചോ നാൽപ്പത്തിയാറോ വർഷം മാത്രമാണ് അദ്ദേഹം ജീവിച്ചത്. പക്ഷേ, എണ്ണത്തിലേയും അക്കത്തിലെയും ആ കുറവ് ഒരിക്കലും ആർക്കും അനുഭവപ്പെട്ടിട്ടില്ല. കാരണം അത് നികത്താൻ മാത്രം അദ്ദേഹത്തിന്റെ ആയുസ്സിന് അല്ലാഹു ബർക്കത്ത് നൽകി. മനുഷ്യന്റെ ഐഹിക ജീവിതത്തിന്റെ കണക്കുപുസ്തകങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു സൂത്രവാക്യമാണ് ബറക്കത്ത് എന്നത്. ബർക്കത്ത് ഉണ്ട് എങ്കിൽ സമയം, അർത്ഥം, സമ്പത്ത്, സൗകര്യങ്ങൾ തുടങ്ങിയവയെല്ലാം മാറി നിൽക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ സംഭാവനകൾ ചെയ്തവർക്ക് ഇസ്ലാമിക ലോകം ഉദാഹരിക്കുന്ന വ്യക്തിയും അദ്ധ്യായവുമാണ് ഇമാം നവവി(റ)യും അദ്ദേഹത്തിന്റെ കർമ്മ ജീവിതവും.
മലയാളി മുസ്ലിംകൾ ഏറിയ പങ്കും ശാഫി മദ്ഹബുകാരായിട്ടും മദ്ഹബിന്റെ രണ്ട് ശൈഖുമാരിൽ ഒന്നാമനെ പോലുള്ള ഒരാളായ ഇമാം നവവി(റ)യെ കുറിച്ച് ആനുപാതികമായ മലയാള വായനകൾ പോരാ എന്ന അഭിപ്രായം പലരും പങ്കുവെച്ചിട്ടുണ്ട്. അത് ശരിയാണ് എന്ന തോന്നലാണ് ഇങ്ങനെ ഒരു ശ്രമത്തിനിറങ്ങുവാൻ പ്രചോനമായത്. ഇമാം നവവി(റ)യെ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ ഇബ്നുൽ അത്വാർ രചിച്ച തുഹ്ഫത്തു ത്വാലിബീൻ മുന്നിൽ വെച്ചു തന്നെ പരിചയപ്പെടുത്തുക എന്നാണ് പദ്ധതിയിട്ടത്. തുടങ്ങിയപ്പോൾ കൂടെ മറ്റു പലതും വായിക്കേണ്ടി വന്നു. ആ വായനകളിൽ ഇമാം നവവി(റ)യെ പരിചയപ്പെടുത്തുന്ന പല കിതാബുകളും കണ്ടു. എല്ലാം കേന്ദ്ര ആശത്തിൽ ഒന്നു തന്നെ. വൈകാരികത ഉദ്വീപിപ്പിക്കുന്ന സംഭവങ്ങൾ ചേർത്ത് ചിലത് കൊഴുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് എന്ന് തോന്നി. അതിശയോക്തി അതിരുകടക്കുന്നതായി തോന്നിയ ചിലതും. അതൊക്കെ മാറ്റി വെച്ചു. മലയാളി വായനക്കാർക്ക് അത്ര തന്നെ അനിവാര്യമില്ലാത്ത ചില വിശദീകരണങ്ങളും മാറ്റി വെച്ചിട്ടുണ്ട്.
ഉള്ളതും പറഞ്ഞതും ശരിയാണ് എന്ന് ഉറപ്പു വരുത്താൻ നടത്തിയ ശ്രമങ്ങളിൽ വിശ്വാസമുണ്ട്. എന്നിട്ടും പറ്റിപ്പോയ എല്ലാറ്റിനും അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു.
മുഹമ്മദ് ടി എച്ച് ദാരിമി
------.
അവതാരിക.
(2 പേജ്)
ഈ പുസ്തകത്തിന്റെ പിന്നണി പ്രവർത്തകർ ഈ പദ്ധതി വിശദീകരിച്ചുതരുമ്പോൾ ഇതിന്റെ പ്രസക്തിയെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും ഒരു വേള ആലോചിക്കുകയുണ്ടായി. ഒരുപാടൊന്നും ആലോചിക്കേണ്ടി വന്നില്ല ഇതിന്റെ പ്രാധാന്യം മനസ്സിലാക്കുവാൻ. കാരണം, കേരളത്തിലെ മുസ്ലിങ്ങളിൽ മഹാഭൂരിപക്ഷം വരുന്നവർ പണ്ട് കാലം മുതലേ ശാഫിഈ മദ്ഹബുകാരനാണ്. ശാഫിഈ മദ്ഹബ് അനുസരിച്ചാണ് അവർ തങ്ങളുടെ ആരാധനകളും ആചാരങ്ങളും എല്ലാം നിർവഹിച്ചു വരുന്നത്. അത് അവരുടെ ജീവിതത്തിന്റെ മതപരമായ താളം തന്നെയായി മാറിയിരിക്കുന്നു എന്നതാണ് ശരി. അതുകൊണ്ടുതന്നെ ഇവിടെ പരമ്പരാഗതമായി നമ്മുടെ ദർസുകളിലും അറബിക് കോളേജുകളിലും പഠിപ്പിക്കപ്പെടുന്നത് ശാഫിഈ മദ്ഹബ് അനുസരിച്ചുള്ള ഗ്രന്ഥങ്ങളാണ്. ഈ ഗ്രന്ഥങ്ങളിൽ തന്നെ വളരെ ആധികാരികമായി പഠിപ്പിക്കപ്പെടുന്നതും മത വിധികൾക്ക് വേണ്ടി ആശ്രയിക്കപ്പെടുന്നതും ആയ കിതാബാണ് മിൻഹാജു ത്വാലിബീൻ. നമ്മൾ സാധാരണ പറയുന്ന മഹല്ലിയയും തുഹ്ഫയും എല്ലാം ഈ മിൻഹാജിന്റെ വ്യാഖ്യാനങ്ങളാണ്. ഈ മിൻഹാജ് ആവട്ടെ ഈ പുസ്തകം പരിചയപ്പെടുത്തുന്ന ഇമാം നവവി (റ)യുടെ രചനകളിൽ ലോകോത്തരമായ ഒന്നാണ്. അതുമാത്രമല്ല ഹദീസിൽ നാം ദർസുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് റിയാളു സ്വാലിഹീൻ. ഇതിന്റെ സമാഹർത്താവും ഇമാം നവവി തന്നെയാണ്. സഹീഹു മുസ്ലിമിന്റെയും സഹീഹുൽ ബുഖാരിയുടെയും വ്യാഖ്യാനങ്ങളും ഇമാം നവവി എഴുതിയിട്ടുണ്ട്. മാത്രമല്ല ഹജ്ജിന്റെയും അനുബന്ധ കർമ്മങ്ങളുടെയും കാര്യങ്ങൾക്ക് വേണ്ടി നമ്മുടെ പണ്ഡിതന്മാർ ഏറ്റവും അധികം ആശ്രയിക്കുന്ന ഒരു ഗ്രന്ഥമാണ് അൽ ഈളാഹ്. ഇങ്ങനെ നമ്മുടെ കേരളീയ മത വൈജ്ഞാനിക പരിസരത്തു തന്നെ വളരെ പ്രശസ്തനാണ് ഇമാം നവവി(റ).
എന്നാൽ മലയാളികൾക്കിടയിൽ നവവി ഇമാമിനെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങളും രചനകളും ആപേക്ഷികമായി കുറവാണ്. അത് പരിഹരിക്കാനുള്ള ഒരു ശ്രമമാണ് ഇതിന്റെ അണിയറ ശില്പികൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ ശ്രമം ഏറെ ശ്ലാഘനീയമാണ്, സന്തോഷകരമാണ്, പ്രതിഫലാർഹമാണ്. ഇമാം നവവി(റ) ജീവിതകാലം മുഴുവനും ദീനിന് വേണ്ടി നീക്കിവെച്ച ഒരു പ്രതിഭയായിരുന്നു എന്ന് നമുക്കറിയാം. വളരെ കുറഞ്ഞ കാലം കൊണ്ട് ഒരുപാട് കാര്യങ്ങൾ അദ്ദേഹം സമുദായത്തിന് വേണ്ടി ചെയ്തു. ആ സേവനങ്ങളുടെ മഹത്വം കൊണ്ട് ഇമാം നവവി എക്കാലവും ഓർക്കപ്പെടുന്നു. ഇത് നമ്മെ വലിയ ഒരു യാഥാർത്ഥ്യം പഠിപ്പിക്കുന്നുണ്ട്. വരും തലമുറകൾക്ക് ഓർക്കുവാനും അഭിമാനിക്കുവാനും കഴിയുന്ന തരത്തിലുള്ള സേവനങ്ങൾ ആയിരിക്കണം നാം കൂടുതലായി ചെയ്യേണ്ടത് എന്നതാണത്. അപ്പോഴാണ് നമ്മുടെ പ്രവർത്തനങ്ങൾക്ക് ഒരുപാട് കാലത്തിന്റെ സ്വാധീനം ഉണ്ടായിത്തീരുക. വിശുദ്ധ ഖുർആനിൽ ഇബ്രാഹിം നബിയുടെ ഒരു പ്രാർത്ഥനയായി ഈ തത്വം അനുസ്മരിക്കുന്നുണ്ട്. അദ്ദേഹം പ്രാർത്ഥിച്ചത് നാഥാ, പിൻഗാമികളിൽ നിന്ന് എനിക്ക് നല്ല വാക്കുകൾ നീ നൽകേണമേ എന്നായിരുന്നു. അതായത് പിൻഗാമികൾക്ക് എന്നെക്കുറിച്ച് നല്ലത് പറയുവാനുള്ള ഒരു സാഹചര്യം ഉണ്ടാക്കുവാൻ കഴിയുന്ന വിധത്തിലുള്ള സൽകർമ്മങ്ങൾ ചെയ്യുവാനുള്ള തൗഫീഖ് എനിക്ക് നീ നൽകേണമേ എന്ന്.
മഹാന്മാരായ പണ്ഡിതന്മാരുടെയും സ്വാലിഹീങ്ങളുടെയും ചരിത്രം പഠിക്കുന്നതും പഠിപ്പിക്കുന്നതും അതിന് സഹായകമായ രചന നടത്തുന്നതും ഏറെ ശ്രേഷ്ഠതയുള്ളതാണ്. കാരണം, ഇതുവഴി മഹാന്മാർ മഹത്വത്തെ നേടിയെടുത്ത വഴി നമുക്ക് മനസ്സിലാക്കി എടുക്കാൻ കഴിയും. അവർ ജീവിച്ചിരുന്നത് ഇന്നത്തെ തിനേക്കാൾ വിശുദ്ധമായ സാഹചര്യത്തിലും അതുകൊണ്ട് തന്നെ ഇന്നത്തേതിനേക്കാൾ മഹത്തരമായ രീതിയിൽ ആയിരുന്നു. മൂല്യങ്ങൾക്ക് അവർ വലിയ വില കൽപ്പിച്ചിരുന്നു. ഇസ്ലാമിക സംസ്കാരത്തിന്റെ സുഗന്ധവും സൗന്ദര്യവും അവരുടെ ജീവിതങ്ങളിൽ പ്രകടമായി കാണാമായിരുന്നു. അതുകൊണ്ട് അവരിൽ ഒരാളുടെ ജീവിതം പഠിക്കുമ്പോൾ അതോടൊപ്പം നാം പഠിക്കുക അവരുടെ സംസ്കാരവും ജീവിതരീതിയും ധാർമികതയും എല്ലാമാണ്. ഇത് നമ്മുടെ ചെറിയ തലമുറയെയാണ് ഏറ്റവും ഗൗരവത്തോടെ നാം പഠിപ്പിക്കേണ്ടത്. കാരണം മൂല്യങ്ങൾ പഠിച്ചെടുക്കേണ്ട സമയവും ശീലിക്കേണ്ട സമയവും ചെറുപ്പത്തിലാണ്. ചെറുപ്പത്തിൽ ജീവിതത്തിൽ പതിയുന്ന കാര്യങ്ങൾ എപ്പോഴും നമ്മിൽ അവശേഷിക്കും. മതരംഗത്ത് ഈ അർത്ഥത്തിൽ പണ്ഡിതന്മാർക്കും മുതഅല്ലിമുകൾക്കും ഈ പുസ്തകം നന്നായി ഉപയോഗപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം ഇതിന്റെ ഉള്ളടക്കം അതിനു പര്യാപ്തമാണ്.
ഇസ്ലാമിക വിജ്ഞാനത്തെ ഉപാസിച്ച ഒരു മഹൽ ജീവിതമായിരുന്നു ഇമാം നവവിയുടേത്. വളരെ കുറഞ്ഞ കാലം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ആ കാലം മുഴുവനും പഠിക്കുവാനും പഠിപ്പിക്കുവാനും ഗ്രന്ഥങ്ങൾ രചിക്കുവാനും പരിപൂർണ്ണമായും അദ്ദേഹം നീക്കിവെച്ചു. അങ്ങനെ കഠിനമായ അധ്വാനത്തിലൂടെയാണ് അദ്ദേഹം നമ്മുടെ മദ്ഹബിന്റെ ശൈഖുമാരിൽ ഒരാളായി മാറിയത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ ജീവിതചരിത്രം മത വിദ്യാർഥികൾക്ക് ഒരു അധ്യായമാണ്. അതിനാൽ തന്നെ ഈ ഉദ്യമം ഏറെ പ്രയോജനകരമാണ്. കുറേ പേർക്കെങ്കിലും ഉപകാരപ്പെടുക എന്നതാണ് ഇന്നത്തെ കാലത്തെ ഏത് പൊതു സേവനത്തിന്റെയും വിജയം. പ്രത്യേകിച്ചും അതുമായി ഹൃദയബന്ധമുള്ളവരിൽ നിന്ന് കുറേ പേർക്ക്. ഈ ഉദ്യമം ആ ലക്ഷ്യങ്ങളെല്ലാം കൈവരിക്കട്ടെ എന്ന് ആശിക്കുകയും അതിന്നായി പ്രാർഥിക്കുകയും ചെയ്യുന്നു.
നാട്ടുകൽ ഇമാം നവവി ഇസ്ലാമിക് കോംപ്ലക്സാണ് ഈ ദൗത്യം സ്വയം ഏറ്റെടുത്ത് നിർവ്വഹിക്കുന്നത്. ഈ സ്ഥാപനം മഹാനായ നവവീ ഇമാമിന്റെ പേരിൽ അറിയപ്പെടുമ്പോൾ ആരാണ് ഇമാം നവവി എന്നത് ലോകത്തിന് പരിചയപ്പെടുത്താനുള്ള ബാധ്യത സ്ഥാപനത്തിനുണ്ട്. അത് തിരിച്ചറിഞ്ഞ ഈ സ്ഥാപനത്തിന്റെ ഭാരവാഹികളെ ഇതിന്റെ പേരിൽ പ്രത്യേകം അഭിനന്ദിക്കുന്നു. ഈ കൃതി തയ്യാറാക്കിയതു പോലെ ഇത് ഇതിന്റെ യഥാർഥ അനുവാചകരുടെ കരങ്ങളിൽ എത്തിക്കുവാൻ കൂടി നാം ഉൽസാഹിക്കേണ്ടതുണ്ട് എന്ന് ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. ഈ കൃതി തയ്യാറാക്കിയിരിക്കുന്നത് നമുക്കെല്ലാവർക്കും സുപരിചിതനായ ടി എച്ച് ദാരിമിയാണ്. വിഷയങ്ങൾ ആഴത്തിൽ പഠിച്ച് വായനക്കാരുടെ അഭിരുചിക്കനുസരിച്ച് തയ്യാറാക്കുന്നതിൽ ഇതിനകം ശ്രദ്ധിക്കപ്പെട്ട ഒരു എഴുത്തുകാരനാണ് അദ്ദേഹം. അദ്ദേഹത്തിന് പ്രത്യേകം സന്തോഷവും പ്രാർഥനയും നേരുന്നു.
ഈ മഹത്തായ സേവനം അല്ലാഹു ഖബൂൽ ചെയ്യുമാറാകട്ടെ, ആമീൻ എന്ന് പ്രാർഥിച്ചു കൊണ്ട് ഈ കൃതി മുസ്ലിം കേരളത്തിന്റെ അക്കാദമിക വായനക്ക് സമർപ്പിക്കുന്നു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ
പ്രസിഡണ്ട്, ഇമാം നവവി ഇസ്ലാമിക് കോംപ്ലക്സ്, നാട്ടുകൽ.
----
ഉളളടക്കം
1) നവവി യുഗം
2) നവാ
3) വെളിച്ചം വീണ വഴിയിലേക്ക്
4) ഡമാസ്കസിൽ
5) ഗുരു നിരയും സരണിയും
6) അറിവാഴങ്ങൾ
7) രണ്ടാം ശാഫിഈ
8) മഹൽ സംഭാവനകൾ
9) സമർപ്പിത ജീവിതം
10) കറാമത്തുകൾ
11) വിട
-
ഇമാം നവവി(റ): ജീവിതം ഒറ്റനോട്ടത്തിൽ
പേര്: യഹ്‌യ
പിതാവിന്റെ പേര്: ശറഫ്
വിളിപ്പേര്: അബൂ സകരിയ്യ
വിശേഷണം: മുഹിയുദ്ദീൻ
ജനനം: ഹിജ്റ 631 ക്രിസ്താബ്ദം: 1233
ജന്മസ്ഥലം: സിറിയയിലെ ഹൗറാനിനടുത്ത നവാ
പഠന യാത്ര: ഡമാസ്കസിലേക്ക് ഹിജ്റ 649 ൽ
പ്രധാന ഗുരുനാഥൻമാർ:
(ഫിഖ്ഹ്)
അബു ഇബ്രാഹിം മുഹമ്മദ് ബിൻ അഹമ്മദ് അൽ മഗ് രിബി(റ).
അബൂ മുഹമ്മദ് അബ്ദുറഹ്മാൻ നൂഹ് അൽ മഖ്ദസി(റ).
അബു ഹഫ്സ് ഉമറുബ്നു അസ്അദ്(റ).
അബുൽ ഹസൻ ബിൻ സല്ലാർ അൽ ഹലബി(റ).
(ഉസ്വൂലുൽ ഫിഖ്ഹ്)
ഖാളി അബുൽ ഫതഹ് ഉമർ ബിൻ ബുൻദാർ(റ)
(വ്യാകരണം)
ഇമാം ഫക്രുദീൻ അൽ മാലിക്കി(റ)
(ഹദീസ്)
അബു ഇസ്ഹാഖ് ഇബ്രാഹിം ബിൻ ഈസ അല്‍ ഹംബലി(റ).
അബുൽ ഫള്ൽ മുഹമ്മദ് ബിൻ മുഹമ്മദ് അൽ ബകരി(റ).
മുഫ്തി ജലാലുദ്ദീൻ അബ്ദുറഹ്മാൻ ബിൻ സാലിം അദ്ദിമശ്ഖി(റ).
സേവനം ചെയ്ത സ്ഥാപനങ്ങൾ:
ദാറുൽ ഹദീസിൽ അശ്റഫിയ്യ ഡമാസ്കസ്.
ദാറു റുക്നിയ്യ ഡമാസ്കസ്.
ദാറുൽ ഇഖ്ബാലിയ്യ ഡമാസ്കസ്.
പ്രധാന ശിഷ്യൻമാർ:
ശൈഖ് ഇലാഉദ്ധീന്‍ ബിന്‍ അത്വാര്‍(റ)
ശംസുദ്ധീന്‍ ബിൻ നഖീബ്(റ)
ശംസുദ്ധീൻ ബിൻ ജുവാന്‍(റ)
ശൈഖ് ശംസുദീന്‍ അല്‍ ഖുമ്മാഹ്(റ)
ഹാഫിള് ജമാലുദ്ധീന്‍ അല്‍ മിസ്സി(റ)
രചനകളുടെ എണ്ണം: 162
പ്രധാന രചനകൾ:
റൗളതുത്വാലിബീന്‍,
മിന്‍ഹാജുത്വാലിബീന്‍,
മജ്മൂഅ്(ശറഹുല്‍ മുഹദ്ദബ്)
ശറഹുൽ ബുഖാരി (തൽഖീസ്)
ശര്‍ഹു മുസ്‌ലിം (മിൻഹാജ്)
അല്‍ അദ്കാര്‍,
രിയാലുസ്വാലിഹീന്‍
അര്‍ബഈന ഹദീസ്
ഈളാഹുല്‍ മനാസിക്
ഈജാസ്
തഹ്ദീബുല്‍ അസ്മാഇ വല്ലുഗാത്,
ത്വബഖാത്ത്
അല്‍ ഇര്‍ശാദ്
അത്തഖ് രീബു വത്തയ്‌സീര്‍
അത്തിബ്‌യാന്‍ ഫീ ആദാബി ഹമലത്തില്‍ ഖുര്‍ആന്‍
മരണം: റജബ് 24, ഹിജ്റ 676 (എ ഡി-1277)
ഖബർ: നവാ. സിറിയ
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso