Thoughts & Arts
Image

ഖുർആൻ പഠനം / സൂറത്തുൽ ഹശ്‌ർ - 7

08-01-2023

Web Design

15 Comments






മറവിക്ക് ശിക്ഷ മറവി തന്നെ..



19 അല്ലാഹുവിനെ വിസ്മരിച്ചു കളഞ്ഞ ഒരു ജനപഥത്തെ പോലെ നിങ്ങളാവരുത്-തന്മൂലമവന്‍ അവരെ സ്വന്തത്തെ പറ്റി തന്നെ ഓര്‍മയില്ലാത്തവരാക്കി മാറ്റി-അധര്‍മകാരികളത്രേ അവര്‍.



അല്ലാഹുവിനെ മറന്നുപോയ ജനങ്ങളെ പോലെ നിങ്ങൾ ഒരിക്കലും ആവരുത് എന്നതാണ് ഈ ആയത്തിന്റെ കേന്ദ്ര ഉപദേശം. സൃഷ്ടാവും പ്രപഞ്ചത്തിന്റെ സംവിധായകനും നിയന്ത്രകനുമായ അല്ലാഹുവിനെ ഒരു മനുഷ്യൻ മറക്കുക എന്നാൽ അത് വളരെ ഗുരുതരമായ ഒരു പാതകമാണ്. കാരണം ഒരു മനുഷ്യനും ഒരിക്കലും മറക്കുവാനോ ശ്രദ്ധ തിരിക്കുവാനോ കഴിയാത്ത വിധത്തിലുള്ള അമാനുഷികമായ അനുഗ്രഹങ്ങൾ ഓരോ മനുഷ്യനെയും വലയം ചെയ്തു കിടക്കുന്നുണ്ട്. അതിലേക്ക് നോക്കുവാനും അതിനെ കുറിച്ച് ചിന്തിക്കുവാനും ഒരാൾ തയ്യാറാവുകയാണ് എങ്കിൽ അവന് അതിന്റെ ദാതാവിൽ നിന്ന് കണ്ണെടുക്കാൻ കഴിയില്ല. ഉദാഹരണമായി ഒരു മനുഷ്യൻ തന്റെ കണ്ണ് തുറക്കുമ്പോൾ അതിൽ പതിയുന്ന ഏതെങ്കിലും ഒരു കാഴ്ച മാത്രം എടുത്തു നോക്കൂ. അതിൽ പതിയുന്നതും കാണുന്നതും ഒരു വൃക്ഷമാണ് എന്ന് സങ്കൽപ്പിക്കാം. അതിനെ കുറിച്ച് ഒരു നിമിഷം ആലോചിക്കുവാൻ തയ്യാറാകുമ്പോൾ ഒരുപാട് വസ്തുതകൾ നമ്മുടെ മനസ്സിലേക്ക് ഇരച്ചു കയറും. ഇത്രയും വലിയ ഒരു വൃക്ഷം ഒരിക്കൽ ഒരു ചെറിയ വിത്ത് ആയിരുന്നു. ആ വിത്ത് പ്രത്യേകിച്ചൊന്നും ചെയ്യാതെ, ചേർക്കാതെ പൊട്ടിത്തളിർത്ത് അതിൽ നിന്ന് കുഞ്ഞു ഇലകളും ദുർബലമായ ഒരു കാണ്ഡവും സ്വയം ഉണ്ടായി വരികയായിരുന്നു. ഇതെവിടെ, ഏതു രൂപത്തിലായിരുന്നു വിത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്നത് എന്നത് ചിന്തിച്ചാലും പരതിയാലും ഉത്തരം കിട്ടില്ല. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിക്കവെ അത് വിത്ത് കിടന്നിരുന്ന മണ്ണിൽ ഉണ്ടായിരുന്ന എന്തോ പ്രത്യേകത കൊണ്ടാണ് എന്ന് ഊഹിക്കുകയും ചെയ്യുകയും അവിടം മാന്തി നോക്കുകയും ചെയ്താൽ വീണ്ടും വിഷയം നീണ്ടു പോകും. അത് വെറുതെ അത് പൊട്ടി മുളക്കുകയായിരുന്നു എന്ന് പറഞ്ഞ് നോക്കിയാലും അത് പ്രകൃതിയുടെ ഒരു പ്രതിഭാസമാണ് എന്ന് പറഞ്ഞാലുമൊന്നും നമുക്ക് ബുദ്ധിയെ തൃപ്തിപ്പെടുത്താൻ കഴിയില്ല. അങ്ങനെ ആലോചനകൾ ചെന്നു മുട്ടി നിൽക്കുമ്പോൾ സ്വയം തുറയുന്ന വാതിലാണ് സൃഷ്ടാവായ അല്ലാഹു.



കണ്ണ് എന്ന ഇന്ദ്രിയം ഒരിക്കൽ മാത്രം തുറന്നപ്പോൾ അതിൽ പതിഞ്ഞ ഒരു വൃക്ഷത്തിന്റെ കാര്യത്തിൽ അത് വിത്തിൽ നിന്ന് മുളപൊട്ടി ഉണ്ടായ ഒറ്റ കാര്യം മാത്രമാണ് നാമിപ്പോൾ ആലോചിച്ചത്. അത് തന്നെ ഉത്തരം കിട്ടാത്ത ആഴങ്ങളിലേക്ക് നമ്മെ കൊണ്ടുപോയി. ഈ തൈ വളർന്നു ഒരു മരമായി അതിന്റെ ദാനം നിർവഹിക്കുമ്പോഴേക്കും വീണ്ടും ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. തൊട്ടടുത്തു നിൽക്കുന്ന രണ്ടു മരങ്ങൾക്ക് രണ്ടു ഗുണവും രണ്ട് ഫലവും രണ്ടു തരം ഉറപ്പും വലിപ്പവും രുചിയും വിലയും എല്ലാം ചിന്തിക്കുമ്പോൾ നമ്മെ വട്ടം കറക്കുക തന്നെ പെയ്യും. ഈ മരങ്ങളെല്ലാം ഒരേ വെള്ളത്തിൽ നിന്നും ഒരേ വായുവിൽ നിന്നും അന്നജം സ്വന്തമാക്കിയാണ് വളരുന്നത് എന്ന് കൂടി അറിയുമ്പോൾ നമ്മൾ ശരിക്കും കുഴങ്ങും. ഇങ്ങനെ നമ്മുടെ മുമ്പിൽ കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമായ ഏതു കാര്യമാണെങ്കിലും ആ കാര്യത്തെക്കുറിച്ച് ചിന്തിക്കുവാൻ നമുക്ക് മനസ്സുണ്ട് എങ്കിൽ അനിവാര്യമായും അനിവാര്യമായും നാം എത്തിച്ചേരുന്ന മറുപടിയാണ് അല്ലാഹു. നമ്മുടെ ജീവിതത്തിലെ ഏതു കാര്യത്തിൽ നിന്നും നമുക്ക് പടർന്നും പകർന്നും അല്ലാഹുവിൽ എത്തിച്ചേരാൻ കഴിയും. ജീവിതം എന്നത് ദൃഷ്ടാന്തങ്ങളുടെ ഒരു സമന്വയമാണ്. അവയെ തിരിച്ചറിയുക എന്നതാണ് മനുഷ്യജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം തന്നെ. ജനനം മുതല്‍ മരണം വരെയുള്ള ഓരോ ശ്വാസവും മനുഷ്യനെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാകുന്നു. ഒരിലവീഴുന്നത് പോലും റബ്ബിന്റെ അറിവോടെയാണ് എന്ന് പറയുന്നതിലൂടെ പ്രകൃതിയിലെ വളരെ ലളിതവും നിസ്സാരവുമായ സംഗതികളെ വരെ അല്ലാഹു മനുഷ്യന് ദൃഷ്ടാന്തങ്ങളാക്കിയിക്കുന്നു എന്ന് വ്യക്തമാക്കുന്നു. അൽഭുത സൃഷ്ടിപ്പുള്ള ഒട്ടകത്തിലേക്കും ഉയർന്നു നിൽക്കുന്ന ആകാശത്തിലേക്കും വിരിച്ചു കിടക്കുന്ന ഭൂമിയിലേക്കും എല്ലാം ചിന്തയുടെ കണ്ണു തുറന്നു നോക്കുവാൻ അല്ലാഹു ആവർത്തിച്ച് ആവശ്യപ്പെടുന്നത്. ഇവ്വിധം വിശുദ്ധ ഖുര്‍ആനിലുടനീളം അല്ലാഹു വിവിധങ്ങളായ ദൃഷ്ടാന്തങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു. മനുഷ്യന്റെ സൃഷ്ടിപ്പ്, ആകാശത്തു നിന്നും വര്‍ഷിക്കുന്ന മഴ, വിവിധയിനം ഫലവര്‍ഗങ്ങള്‍, നക്ഷത്രഗോളങ്ങള്‍, തേനിച്ച, സൂര്യന്‍, ചന്ദ്രന്‍, രാവ്, പകല്‍, ഭൂമിയിലൂടെ ചരിക്കുന്ന ജീവികള്‍, ഇരുചിറകുകളില്‍ പറക്കുന്ന പറവകള്‍, മേഘം, കാറ്റ്, ഇടിമിന്നല്‍, മുന്‍കഴിഞ്ഞ സമൂഹങ്ങളുടെ ചരിത്രങ്ങള്‍, ദൃശ്യവും അദൃശ്യവുമായ വസ്തുതകള്‍, സാമൂഹിക മര്യാദകള്‍, നിയമവ്യവസ്ഥകള്‍, മലക്കുകള്‍, പ്രവാചകന്‍മാര്‍, ഇങ്ങനെ തുടങ്ങി ചെറുതും വലുതുമായ നിരവധി കാര്യങ്ങള്‍ നമുക്കു ചുറ്റുമായി അല്ലാഹുവിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ഉണ്ട്. എന്നിട്ടും ഒരാൾ ഇവയെ ഉപയോഗപ്പെടുത്താതിരിക്കുകയും അങ്ങനെ അല്ലാഹുവിനെ മറന്നുപോകുകയും ചെയ്താൽ അത് ഒരിക്കലും ന്യായീകരിക്കുവാൻ കഴിയുന്ന കാര്യമല്ല.



ആയതിനാൽ തന്നെയാണ് എന്നിട്ടും ഒരു മനുഷ്യൻ അല്ലാഹുവിനെ മറന്നു എങ്കിൽ അത് വളരെ ഗൗരവവും ഗുരുതരവുമായി ഇസ്ലാം കാണുന്നത്. ഇത്രക്കും സമഗ്രമായി ദൃഷ്ടാന്തങ്ങൾ നിറഞ്ഞു കിടന്നിട്ടും ഒരാൾ അവ വഴി അല്ലാഹുവിലേക്ക് എത്തുന്നില്ലെങ്കിൽ അവൻ കടുത്ത പാപി തന്നെയാണ്. അതിനാൽ, അല്ലാഹു അവനെ കഠിനമായി ശിക്ഷിക്കുക തന്നെ ചെയ്യും. ആ ശിക്ഷ കൂടി അല്ലാഹു ഇതേ ആയത്തിൽ തന്നെ അവസാന ഭാഗത്ത് സൂചിപ്പിക്കുന്നുണ്ട്. അത് അവൻ അത്തരക്കാരെ സ്വന്തം ശരീരത്തെയും കാര്യങ്ങളെയും പറ്റി തന്നെ ഓര്‍മയില്ലാത്തവരാക്കി മാറ്റിക്കളയും എന്നാണ്. സ്വന്തം ശരീരത്തെയും കാര്യങ്ങളെയും ഓര്‍മയില്ലാത്തവരാക്കി മാറ്റിക്കളയും എന്നാൽ അവന്റെ കാര്യങ്ങൾ അവന് ഓർമ്മയില്ലാത്ത ഒരു ഗതികേട് വരും എന്നാണ്. അവന്റെ കാര്യം അവനു തന്നെ അറിയാതിരിക്കുക എന്നത് വലിയ പരീക്ഷണം തന്നെയാണ്. കാരണം, നമ്മുടെ കാര്യങ്ങൾ ഓരോന്ന് നമ്മൾ തന്നെ അറിയണം. അപ്പോഴാണ് നാം അത് ശരിയായി നടന്നു കിട്ടാൻ ശ്രമിക്കുകയും പ്രാർഥിക്കുകയും എല്ലാം ചെയ്യുക. അപ്പോൾ നാം അതു മറന്നു പോകുക എന്നാൽ അതു നടക്കാതിരിക്കുക എന്നാണ്. ഇതോടെ ഇതുവരെ നാം പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ സംഗ്രഹിക്കാം. നാം അല്ലാഹുവിനെ മറന്നാൽ അല്ലാഹു നമ്മെ ക്കൊണ്ട് നമ്മെതന്നെ മറപ്പിച്ചുകളയും. നമ്മളെ മറ്റൊരാൾ മറക്കുകയാണ് എങ്കിൽ നമുക്ക് ഒരു പക്ഷെ അയാളെ ഓർമ്മിപ്പിക്കാൻ കഴിഞ്ഞേക്കും. അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് നമുക്ക് അയാളെ കുറ്റപ്പെടുത്തി സമാധാനപ്പെടാനെങ്കിലും കഴിയും. പക്ഷെ, മറന്നത് നാം തന്നെയാണെങ്കിൽ ഇതിനൊന്നും കഴിയില്ല. അതുകൊണ്ട് ഈ ശിക്ഷ കഠിനം തന്നെയാണ്.



20 നരകക്കാരും സ്വര്‍ഗക്കാരും തുല്യരാവില്ല; സ്വര്‍ഗാവകാശികള്‍ തന്നെയാണ് വിജയം കൈവരിച്ചവര്‍.



സ്വർഗ്ഗാവകാശികൾ എന്നാൽ പരലോകത്ത് സ്വർഗ്ഗം പ്രതിഫലമായി ലഭിക്കാൻ ഉതകുന്ന കർമ്മങ്ങളും ജീവിതരീതികളും അനുഷ്ഠിച്ച് ജീവിച്ചവരാണ്. നരകാവകാശികൾ എന്നാൽ അങ്ങനെ ചെയ്യാത്തവരുമാണ്. ഇവർ രണ്ടും തുല്യരല്ല എന്നു പറഞ്ഞാൽ എന്തിൽ തുല്യരല്ല, എവിടെ തുല്യരല്ല തുടങ്ങിയ ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്. അതിന് ആഖിറത്തിൽ എന്നു മാത്രമല്ല ഉത്തരം. ആഖിറത്തിൽ അവർ രണ്ടു പേരും തുല്യരല്ല. രണ്ടു പേരുടെയും വിധിയും പോക്കും രണ്ടാണ്. മാത്രമല്ല, അവിടെ അല്ലാഹുവിന്റെ ശക്തമായ വിചാരണയുമുണ്ട്. അതിനാൽ അവിടെ രണ്ട് പേരും സമമാവില്ല എന്നത് ഉറപ്പാണ്. അതേസമയം ഇവർ ദുനിയാവിലും അവർ സമമല്ല. സ്വർഗ്ഗാവകാശിയായവർ തങ്ങൾ മനസ്സിലുറപ്പിച്ച വിശ്വാസത്തിലൂടെ ഒരു മനസ്സുഖം അനുഭവിക്കുന്നുണ്ട്. അവന്റെ ഉള്ളിനെ ഉലക്കുന്ന ചോദ്യങ്ങളെ ഇറക്കി വെച്ച് ആശ്വസിക്കുവാൻ അവന് ഒരു അത്താണിയുണ്ട്. അതേസമയം, നരകാവകാശിയായ ആൾ രസങ്ങളിലും വികാരങ്ങളിലും മുങ്ങി ജീവിക്കുന്നതിനാൽ അവൻ ഒന്നും അറിയുന്നില്ല. പക്ഷെ, കുറച്ചെങ്കിലും കഴിയുമ്പോൾ അവൻ അസ്വസ്ഥനായിത്തുടങ്ങും. മരണത്തോടടുക്കും തോറും രണ്ട് ദുരനുഭവങ്ങൾ അവനെ വേട്ടയാടും. ഒന്നാമതായി രസങ്ങളും സുഖങ്ങളും വേണ്ട പോലെ ഏശാതെയും രണ്ടാമതായി മനസ്സിന്റെ അസ്വസ്ഥതയും നിരാശയും കൂടിക്കൂടി വന്നും. സ്വർഗാവകാശികളും നരകാവകാശികളും സമമാണ് എന്ന് ഇവരിൽ ആരാണ് ധരിക്കുക എന്നുകൂടെ ഈ വ്യാഖ്യാനത്തിൽ പരിഗണിക്കേണ്ടതുണ്ട്. അത് നരകാവകാശികൾ ആയിരിക്കും. അവർ തങ്ങൾ ചെയ്യുന്ന കൊള്ളരുതായ്മകളെ ന്യായീകരിക്കുവാനും നല്ല മനുഷ്യന്മാർ ചെയ്യുന്ന പ്രവർത്തനങ്ങളെ നിരാകരിക്കാനും ആയിരിക്കും നമ്മളും അവരും ഒക്കെ ഒരേ പോലെ തന്നെയാണ് എന്ന് അവർ പറയുക. അവിശ്വാസവും ധിക്കാരവും അഹങ്കാരവും കൈമുതലായവര്‍ സ്വന്തം ഉത്തരവാദിത്വങ്ങൾ വിസ്മരിക്കും. സൃഷ്ടിപരമായി എന്തെങ്കിലും ചെയ്യാനവര്‍ക്കു കഴിയില്ല. സ്വന്തം ഉത്തരവാദിത്വങ്ങൾ മറക്കുന്നതോടൊപ്പം ഇവർ തങ്ങളുടെ ദുരഭിമാനത്തിനും അവകാശവാദത്തിനും വേണ്ടുന്ന കുത്സിത പ്രവര്‍ത്തനങ്ങള്‍ നിരന്തരം ചെയ്തുകൊണ്ട് ജീവിതം കഴിക്കും.



21 ഈ ഖുര്‍ആന്‍ ഒരു മലമുകളിലാണ് നാമവതരിപ്പിച്ചതെങ്കില്‍ അത് വിനയാന്വിതമാകുന്നതും ദൈവഭയത്താല്‍ ഛിന്നഭിന്നമാകുന്നതും നിനക്ക് കാണാമായിരുന്നു. ആളുകള്‍ ചിന്തിക്കാനാണ് നാം ഈ ഉപമകള്‍ പ്രതിപാദിക്കുന്നത്.



വിശുദ്ധ ഖുര്‍ആന്റെ ഔന്നത്യം ചിത്രീകരിക്കുന്ന ഒരു ഉപമയാണിത്. മനുഷ്യന്റേതുപോലുള്ള ബുദ്ധിയും വിവേകവും നല്‍കപ്പെട്ട ശേഷം പര്‍വതങ്ങളിലായിരുന്നു ഖുര്‍ആന്‍ ഇറക്കപ്പെട്ടിരുന്നതെങ്കില്‍ അതിന്റെ അനന്യമായ ശക്തിയുടെ സ്വാധീനം കാരണം ആ മലകള്‍ പൊട്ടിപ്പിളരുകയും ഛിന്നഭിന്നമാവുകയും ചെയ്യുമായിരുന്നു എന്നര്‍ത്ഥം. മനുഷ്യന്റെ ഹൃദയ കാഠിന്യത്തെ നിരൂപിക്കുകയാണ് ഈ ആയത്തിലൂടെ. ഈ വചനം നിങ്ങളിലേക്കാണ് ഇറക്കപ്പെട്ടിരിക്കുന്നത്, ഒരു പർവ്വതത്തിലേക്ക് ഇറക്കപ്പെട്ടാൽ പോലും അതിന് ചിന്താശക്തിയുണ്ട് എങ്കിൽ അത് ഈ വചനങ്ങളുടെ ശക്തി കാരണത്താൽ പൊട്ടിപിളർന്നു പോകുമായിരുന്നു, ചിന്താശക്തി ഉണ്ടായിട്ടും നിങ്ങളിൽ പക്ഷേ ഈ ഗ്രന്ഥം ഒരു ചലനവും ഉണ്ടാക്കുന്നില്ലല്ലോ എന്നാണ് അള്ളാഹു ഈ ആയത്തിലൂടെ പറയുന്നത്. മേൽപ്പറഞ്ഞ ആയത്തിൽ സൂചിപ്പിച്ച ആശയത്തിന്റെ ബാക്കി ഭാഗം തന്നെയാണ് ഇത്. അവിടെ അല്ലാഹുവിനെ മറന്നു പോകുന്നവരെ നിരൂപണം ചെയ്യുകയായിരുന്നുവല്ലോ. ഈ ആയത്തിന്റെ വെളിച്ചത്തിൽ വിശുദ്ധ ഖുർആൻ വചനങ്ങൾക്ക് പ്രത്യേക ശക്തിയുണ്ട് എന്ന് പല വ്യാഖ്യാതാക്കളും പറഞ്ഞതായി കാണാം മഹാനായ നബി (സ)യുടെ പള്ളിയിൽ ആദ്യം ഖുതുബ നിർവഹിച്ചിരുന്നത് ഒരു ഈന്തപ്പനയുടെ മുട്ടിയിൽ കയറി നിന്നു കൊണ്ടായിരുന്നു. ഇത് അന്നത്തെ നിർമ്മാണത്തിൽ ചുമരുകളുടെ ഭാഗങ്ങളായി ഉപയോഗിച്ചിരുന്ന മുട്ടികളിൽ ഒന്നായിരിക്കാനാണ് സാധ്യത. ഏതായാലും കുറച്ചു കാലം കഴിഞ്ഞപ്പോൾ ആരോ നബിക്ക് പള്ളിയിലേക്ക് ഒരു മെമ്പർ ഉണ്ടാക്കി കൊടുത്തു. അത് സ്ഥാപിക്കപ്പെടുകയും നബി തങ്ങൾ അതിൽ കയറി ഖുതുബ നിർവഹിക്കുവാൻ തുടങ്ങുകയും ചെയ്തപ്പോൾ ഉപേക്ഷിക്കപ്പെട്ട ആ മുട്ടി എങ്ങലടിക്കുകയുണ്ടായി എന്ന സംഭവം മുതവാത്തിറായ ഹദീസിൽ വന്നതാണ്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഈ സംഭവത്തെ കുറിച്ച് പല പണ്ഡിതന്മാരും പറഞ്ഞത്, നബി തങ്ങളുടെയും നബി തങ്ങൾക്ക് അവതരിക്കുന്ന വിശുദ്ധ ഖുർആൻ സൂക്തങ്ങളുടെയും ശക്തിയുടെ പ്രതിഫലനം മുടങ്ങിയതാണ് ഈത്തപ്പന മുട്ടിയെ സങ്കടപ്പെടുത്തിയത് എന്നാണ്. തന്റെ സമീപത്ത് ആ വചനങ്ങൾ പെയ്തിറങ്ങുമ്പോൾ അത് ഏതോ സുഖാനുഭൂതി അനുഭവിച്ചിരുന്നിരിക്കണം.



ഇതേ പ്രകാരം ഈ സംഭവത്തോട് ചേർത്ത് വായിക്കാവുന്ന മറ്റൊരു സംഭവമാണ് മൂസാനബി(അ) അല്ലാഹുവിനെ കാണണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നുണ്ടായ സംഭാവികാസങ്ങൾ.
അല്ലാഹു മൂസാനബി(അ)ക്ക് തൗറാത്ത് നല്‍കാന്‍ തീരുമാനിച്ചു. അത് നല്‍കുന്നതിനായി അദ്ദേഹത്തെ അല്ലാഹു സീനാ പര്‍വതത്തിലേക്ക് വിളിച്ചു. അതിനായി അദ്ദേഹത്തോട് നാല്‍പത് ദിവസം നോമ്പും ധ്യാനവുമായി കഴിയാനായി അല്ലാഹു കല്‍പിക്കുകയും ചെയ്തു. ആദ്യം അത് മുപ്പത് ദിവസമായിരുന്നു. പിന്നീട് അത് നാല്‍പത് ആക്കുകയാണ് ചെയ്തത്. ഖുര്‍ആന്‍ ഏഴാം അദ്ധ്യായം 142 മുതൽ സൂക്തങ്ങളിൽ ഇത് പറയുന്നുണ്ട്. നാല്‍പത് ദിവസം അല്ലാഹുവിന്റെ കല്‍പന പ്രകാരം കഴിച്ചു കൂട്ടി. അത് പൂര്‍ത്തിയായതിന് ശേഷം തൗറാത്ത് സ്വീകരിക്കുന്നതിനായി അദ്ദേഹം പുറപ്പെടാന്‍ ഒരുങ്ങി. അല്ലാഹു നേരില്‍ സംസാരിച്ചു എന്ന മഹത്തായ ഭാഗ്യം ലഭിച്ച സന്ദര്‍ഭത്തില്‍ മൂസാനബി(അ)യുടെ ഉള്ളില്‍ ഒരു ആഗ്രഹം ഉദിക്കുകയായി. തന്നോട് സംസാരിച്ച ആ റബ്ബിനെ ഒന്ന് കാണുക എന്നതായിരുന്നു ആ ആഗ്രഹം. തുടർന്നുണ്ടായ സംഭവങ്ങൾ ഖുർആൻ തന്നെ പറയുന്നു: നമ്മുടെ നിശ്ചിത സമയത്തിന് മൂസാ വരികയും, അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തപ്പോള്‍ മൂസാ പറഞ്ഞു: എന്റെ രക്ഷിതാവേ, (നിന്നെ) എനിക്കൊന്നു കാണിച്ചുതരൂ. ഞാന്‍ നിന്നെയൊന്ന് നോക്കിക്കാണട്ടെ. അവന്‍ (അല്ലാഹു) പറഞ്ഞു: നീ എന്നെ കാണുകയില്ല തന്നെ. എന്നാല്‍ നീ ആ മലയിലേക്ക് നോക്കൂ. അത് അതിന്റെ സ്ഥാനത്ത് ഉറച്ചുനിന്നാല്‍ വഴിയെ നിനക്കെന്നെ കാണാം. അങ്ങനെ അദ്ദേഹത്തിന്റെ രക്ഷിതാവ് പര്‍വതത്തിന് വെളിപ്പെട്ടപ്പോള്‍ അതിനെ അവന്‍ പൊടിയാക്കി. മൂസാ ബോധരഹിതനായി വീഴുകയും ചെയ്തു. എന്നിട്ട് അദ്ദേഹത്തിന് ബോധം വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു: നീയെത്ര പരിശുദ്ധന്‍! ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. ഞാന്‍ വിശ്വാസികളില്‍ ഒന്നാമനാകുന്നു (7:143). അല്ലാഹു പര്‍വ്വതത്തില്‍ വെളിപ്പെട്ടു. അതോടെ ബലവത്തായ ആ പര്‍വതം തകര്‍ന്ന് പൊടിയായി. ബലവത്തായ വലിയ ഒരു പര്‍വതത്തിന് പോലും താങ്ങാന്‍ കഴിയാത്ത ഒന്നിനെ മൂസാനബി(അ)ക്ക് എങ്ങനെ കാണാന്‍ കഴിയും. ഇത് കണ്ട മൂസാ(അ)യും ബോധരഹിതനായി നിലം പതിച്ചു. അല്ലാഹുവിന്റെ തേജസ്സിന്റെ ചെറിയ ഒരംശം വെളിപ്പെട്ടപ്പോള്‍ ഥൂര്‍ പര്‍വതത്തില്‍ ഇങ്ങനെ സംഭവിച്ചത് വിശുദ്ധ ഖുർആനിന്റെ ശക്തി മഹാത്മ്യം തന്നെയാണല്ലോ.



ഈ ആയത്തിന്റെ അവസാനത്തിൽ വിശുദ്ധ ഖുർആനിലെ ഉപമകളെ കുറിച്ച് അതിന്റെ ലക്ഷ്യം കൂടി അല്ലാഹു പറയുന്നു. മനുഷ്യ ചിന്തയെ സരളമായി തത്വത്തിലേക്ക് നയിക്കുവാൻ വേണ്ടിയാണ് ഖുർആൻ ഉപമകൾ പറയുന്നത്. ഇക്കാര്യം അല്ലാഹു തന്നെ ഇങ്ങനെ പറയുന്നു: തീര്‍ച്ചയായും ജനങ്ങള്‍ക്കുവേണ്ടി എല്ലാവിധ ഉപമകളും ഈ ഖുര്‍ആനില്‍ നാം വിവിധ തരത്തില്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ മനുഷ്യന്‍ അത്യധികം തര്‍ക്കസ്വഭാവമുള്ളവനത്രെ. (ഖു൪ആന്‍:18/54) മറ്റൊരു ആയത്തിൽ പറയുന്നു: തീര്‍ച്ചയായും ഈ ഖുര്‍ആനില്‍ എല്ലാവിധ ഉപമകളും ജനങ്ങള്‍ക്ക് വേണ്ടി വിവിധ രൂപത്തില്‍ നാം വിവരിച്ചിട്ടുണ്ട്‌. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നിഷേധിക്കാനല്ലാതെ മനസ്സുവന്നില്ല. (ഖു൪ആന്‍:17/89). അദൃശ്യമായവയോ അപ്രാപ്യമായവയോ ആയ കാര്യങ്ങൾ ഉപമയിലൂടെ കണ്ണിനും മനസ്സിനും പ്രാപ്യമായ തലത്തിലേക്ക് മാറ്റി അവതരിപ്പിക്കുമ്പോള്‍ മനസ്സില്‍ ആഴത്തില്‍ പതിക്കുകയും ഓര്‍മ്മകളില്‍ മായാതെ കിടക്കുകയും ചെയ്യും. അപ്രകാരം ഉപമയിലൂടെ ഒരു കാര്യം അറിയിച്ച് തരുമ്പോള്‍ ആ കാര്യം ഒരു യാഥാ൪ത്ഥ്യമായി തന്ന ആളുകളുടെ മനസ്സിലേക്ക് വരുന്നു. ബുദ്ധിക്കും മനസ്സിനും ദൃഢത നല്‍കുന്നതിനും ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും അവ്യക്തതകളില്‍ നിന്നും മുക്തി നല്‍കുന്നതിനും ഉപമകള്‍ ഉതകുന്നു. ബുദ്ധിശാലികള്‍ക്ക് കൂടുതല്‍ ചിന്തനീയമാകാന്‍ ഉപകളിലൂടെ കഴിയും. ഇങ്ങനെ പല ഗുണങ്ങളും ഉപമകളുടെ സഹായത്താൽ സമർഥനങ്ങൾക്ക് കൈവരും.




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso