മേളക്കിടയിലെ പുട്ടുകച്ചവടം
05-01-2023
Web Design
15 Comments
ഹിരോഷിമയിലും നാഗസാക്കിയിലും കൊണ്ടുപോയി ആറ്റം ബോംബിടാൻ പറഞ്ഞതും കൊണ്ടുപോയി ഇട്ടതും നമ്മളല്ല. ലക്ഷക്കണക്കിന് നിരപരാധികളെ വധിച്ച ഹിറ്റ്ലറെയും മിസോളിനിയേയും കൊന്നതും നമ്മളല്ല. അമേരിക്കൻ പ്രസിഡണ്ടുമാരായിരുന്ന അബ്രഹാം ലിങ്കനെയും ജോൺ എഫ് കെന്നഡിയേയും കൊന്ന കേസിലും നമ്മളില്ല. മാർട്ടിൻ ലൂഥർ കിങ്ങിനെയും മഹാത്മാഗാന്ധിയെയും വധിച്ചതും നമ്മളിൽ പെട്ടവരല്ല. ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും കൊന്നതിന്റെ ഫയലിലും നമ്മളാരുടെയും പേരില്ല. വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തിൽ നമ്മുടെ പേര് പോലുള്ള പേരുകൾ പറയപ്പെടുന്നു എങ്കിൽ അതിന് നമ്മുടെ ഒരു പിന്തുണയും ഇല്ല. അതു നന്നായി എന്ന് പറയുക പോയിട്ട് കരുതുക പോലുമില്ല, ഇസ്ലാം ഉള്ളിലുള്ള മുസ്ലിംകൾ. ഇന്ത്യയിൽ ഉണ്ടായ കലാപങ്ങൾക്ക് മതപരമായി നമ്മൾ കാരണമായി എന്ന് ഒരു അന്വേഷണ കമ്മീഷനും ഇരുവരെ കണ്ടെത്തിയിട്ടില്ല. ഇന്ത്യയുടെ നാനാത്വത്തിലെ ഏകതയെ നാം ഒരിക്കലും ഭജ്ഞിച്ചിട്ടില്ല. ഇന്ത്യയുടെ മതേതരത്വം, അഖണ്ഡത, ഭരണഘടന, രാഷ്ട്രഘടന എന്നിവക്കൊന്നും എതിരെ നാം ഒരു മത സമൂഹമെന്ന നിലക്ക് ചൂണ്ടുവിരൽ ഉയർത്തിയിട്ടില്ല. അതൊന്നും അനുവദിച്ചു കൊടുക്കുവാൻ നമുക്ക് കഴിയുകയുമില്ല. രാജ്യത്തെ ഒരു വികാരമായി കാണുന്നതിൽ ഒരിക്കലും നമുക്ക് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നിട്ടില്ല. എന്നിട്ടും നമ്മെ കാണുമ്പോൾ ആരെങ്കിലും വെറുതെ വിറ അഭിനയിക്കുകയോ നമ്മെ ചിത്രീകരിക്കുമ്പോൾ ഭീകരന്മാരായി അവതരിപ്പിക്കുകയോ അങ്ങനെ എഴുതുകയോ പറയുകയോ ചെയ്യുന്നുണ്ടെങ്കിലും അതിൽ നാം ഒട്ടും അസ്വസ്ഥരാകേണ്ടതില്ല. കാരണം, അത് ഉള്ളതല്ല എന്ന് ആരേക്കാളും നമുക്ക് അറിയാമല്ലോ. എന്നിരുന്നാലും നമ്മളെ ഇങ്ങനെ ഒരാവശ്യവുമില്ലാതെ പിന്തുടർന്ന് ശല്യം ചെയ്യുമ്പോൾ അതങ്ങനെ വിട്ടുകൊടുക്കാൻ കഴിമോ എന്ന് ചോദിക്കേണ്ട, അവർ രോഗികളാണ്. മാനസിക രോഗികൾ. രോഗാതുരമായ മനസ്സുകൾ അതിന്റെ ലക്ഷണങ്ങൾ കാണിക്കുക എന്നത് തികച്ചും സ്വാഭാവികം മാത്രമാണ്.
കോഴിക്കോട്ടെ കലോൽസവ വേദിയിൽ മുസ്ലിംകളെ തീവ്രവാദികളാക്കി അവതരിപ്പിച്ചതിന്റെ ചൂടാണ് ഇപ്പോൾ. സാമൂഹ്യ പ്രാധാന്യമുള്ള കുറേ പ്രമേയങ്ങൾ സജീവമായി നമുക്കുണ്ട്. അതിൽ തന്നെ ഏറെ ഗുരുതരവും സ്കൂൾ കുട്ടികളുമായി പങ്കുവെക്കേണ്ടതുമായ ലഹരി തുടങ്ങി ഒരു മതക്കാരെയും വേദനിപ്പിക്കാതെ അവതരിപ്പിക്കാവുന്ന വിഷയങ്ങൾ തന്നെ ധാരാളം ഉണ്ട്. എന്നിട്ടും ടീച്ചർ ഇതു തന്നെ കണ്ടെത്തി, ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ മുമ്പിൽ അവതരിപ്പിച്ച് അവരുടെ കൂടി ബലേ ഭേഷ് നേടി അവതരിപ്പിച്ചിരിക്കുകയാണ്. മനപ്പൂർവ്വമല്ല എന്ന് ടീച്ചർ പറഞ്ഞുവത്രെ. അങ്ങനെയൊന്നും ചിന്തിച്ച് ചെയ്തതല്ലെന്നും കാർഗിൽ യുദ്ധദൃശ്യം പുനരാവിഷ്ക്കരിക്കുക മാത്രമാണ് ചെയ്തതെന്നും ദൃശ്യാവിഷ്ക്കാരം ഒരുക്കിയ ഡയറക്ടർ സാറും പറഞ്ഞുവത്രെ. ഇത്രയേ വേണ്ടൂ, ഇത്തരം വിഷയങ്ങൾ കഴുകാൻ. ഇനി അന്വേഷണമുണ്ടാവില്ല, നടപടി ഏതായാലും ഉണ്ടാവില്ല. മാപ്പിളമാർ അനുഭവിക്കട്ടെ എന്ന് ഊറിച്ചിരിക്കുന്നുണ്ടാകും ടീച്ചറും സാറും മറ്റും. അതുകൊണ്ടാണ് പറഞ്ഞത്, ഇത്രമതി പ്രതികരണം എന്ന്. കാരണം, മീഡിയയിലെ കുറേ അലക്കലല്ലാതെ അതുകൊണ്ട് ഫലം ഒന്നും ഉണ്ടാവില്ല എന്നത് ഉറപ്പാണ്. ഇനിയും കുറേയധികം മുന്നോട്ടുപോയാൽ നമ്മുടെ ടെൻഷൻ വർദ്ധിക്കും. പരിഹാരം പ്രതീക്ഷയില്ലാത്ത പ്രതികരണവും മുറവിളിയും ടെൻഷൻ കൂട്ടുകയേയുള്ളൂ. അതേ സമയം നാം മിണ്ടാതിരിക്കുന്നത് ഷണ്ഡത്തമാണ്. സംഗതി എല്ലാവരേയും നാം മാന്യമായി അറിയിക്കണം. ഇസ്ലാമുമായോ മുസ്ലിംകളുമായോ പ്രത്യേക ബന്ധമൊന്നുമില്ലാത്ത ഒരു സാംസ്കാരിക മേളക്കിടയിലും ഇത്തരം പുട്ടുകച്ചവടം നടത്തുന്നവരുണ്ട് എന്ന് എല്ലാവരും അറിയട്ടെ. ഏറ്റവും കുറഞ്ഞത് ചിലരെയൊക്കെ അളക്കാമല്ലോ.
നമ്മുടെ ഇന്നത്തെ ചിന്ത അതല്ല. ഇസ്ലാമോഫോബിയ അനുദിനം വണ്ണം വെച്ചുവരികയാണ്. എതിരാളിയിൽ ബുദ്ധിയുടെ പ്രയോഗം കുറയുമ്പോൾ ഇതു സ്വാഭാവികമാണ്. ബുദ്ധിയുടെ പ്രയോഗം കുറയുന്നത് അന്ധമായ വിരോധം വികാരമായി മാറുന്നതുകൊണ്ടാണ്. വികാരം വണ്ണം വെയ്ക്കുന്നതിനനുസരിച്ച് വിവേകം ശോഷിക്കും എന്നത് ഒരു പൊതു പ്രതിഭാസം മാത്രമാണ്. അതിനാൽ അവസരത്തിലും അനവസരത്തിലും ഇത്തരം കുത്തിത്തിരുകലുകളും കടത്തിക്കൂട്ടലുകളും ഇനി കൂടിവരും. അപ്പോൾ നമ്മുടെ പ്രതികരണത്തിനനുസരിച്ചാണ് പ്രതിഫലനമുണ്ടാകുക. നാം അവരെപ്പോലെ ചിന്തയില്ലാതെ പുലമ്പാനും ചെയ്യാനും ഒരുങ്ങിയാൽ വലിയ കലാപവും വിപ്ലവുമായി ഇതു മാറും. അപ്പോൾ നഷ്ടം നമുക്കായിരിക്കും. നാം - നമ്മളെത്ര ഊക്കോടെ പ്രസംഗിച്ച് സ്ഥാപിച്ചാലും - ന്യൂനപക്ഷമാണ്. അവരെ ഭൂരിപക്ഷക്കാരും രാഷ്ട്രീയ കപടൻമാരും പിന്തുണച്ചേക്കും. അല്ലെങ്കിൽ രാഷ്ട്രത്തെ ഉപയോഗിച്ച് നമ്മെ അടിച്ചമർത്തിയേക്കും. അതോടെ സമാധാന ജീവിതത്തിന് ഭംഗം വരും. ഒരിക്കൽ ഭംഗം വന്നതിനെയൊന്നും വീണ്ടും താളാത്മകമാക്കാൻ കഴിയാത്ത കാലമാണിത്. അതും പാവപ്പെട്ട നമ്മെയാണ് ഏറെ ബാധിക്കുക. അതിനാൽ നമ്മുടെ പ്രതികരണം എപ്പോഴും ബുദ്ധിപരമായിരിക്കണം. വാടാ എന്നതിന് പോടാ എന്നു മറുപടി പറയുന്ന വെറും വികാരം നമ്മുടെ സാഹചര്യത്തിൽ ഗുണകരമാവില്ല. ഓരോന്നും കണ്ടെത്തി മാന്യമായി സലക്ഷ്യം അവതരിപ്പിക്കുക. നൻമയെ പുൽകുന്ന ഒരു വലിയ പുരുഷാരം ഇവിടെ ഉണ്ടല്ലോ, അവർക്ക് ഉപകാരപ്പെടും. നാം അതിനപ്പുറത്തേക്ക് പോയാൽ അഹങ്കാരികൾ എന്ന് പറഞ്ഞ് പലരും നമ്മെ കുറ്റപ്പെടുത്തും.
അതേസമയം നാം കൈയും കെട്ടി എല്ലാം സഹിച്ച് നോക്കി നിൽക്കുന്നത് ശരിയല്ല. ഇത്തരം കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാത്തിടത്തോളം കാലം അടിച്ചമര്‍ത്തപ്പെടലുകൾ കൂടി വരും. ഖുര്‍ആൻ ചോദിക്കുന്നു: ദുർബലരായ സ്ത്രീകളും കുട്ടികളും വൃദ്ധരും നിസ്സഹായരായി കരയുമ്പോൾ അല്ലാഹുവിന് വേണ്ടിയുള്ള പോരാട്ടത്തെ നിരാകരിക്കാൻ നിനക്ക് എങ്ങനെ സാധിക്കും? ഞങ്ങളുടെ രക്ഷിതാവായ നാഥാ അക്രമകാരികളായ ഈ നാട്ടുകാരിൽ നിന്നും ഞങ്ങൾക്ക് രക്ഷയും അഭയവും നൽകേണമേ. നിന്റെ വിശാലമായ കാരുണ്യ കൊണ്ട് ഞങ്ങളെ നീ അനുഗ്രഹിക്കേണമേ (അന്നിസാഅ്:75). അല്ലെങ്കിലും അക്രമം അന്യായമാകുമ്പോൾ അതിനെതിരെ മൗനം പാലിക്കുന്നത് അക്രമിയെ വീണ്ടും വീണ്ടും വളർത്തും. അതു കരുതി അമാന്യമായോ അക്രമമായോ നടത്തുന്ന പ്രതിരോധങ്ങൾ ഇസ്ലാം ഒട്ടും അംഗീകരിക്കുകയുമില്ല. പ്രതിരോധത്തെയും പ്രതികാരത്തെയും അംഗീകരിക്കുന്ന ഇസ്ലാമിന് അത് ഇസ്ലാം വരയ്ക്കുന്ന പരിധിക്കുള്ളിൽ ഒതുങ്ങിയിരിക്കണമെന്ന് നിർബന്ധമുണ്ട്. ഇന്ത്യ പോലുള്ള ഒരു ബഹുമത ജനാധിപത്യ രാജ്യത്ത് പൊതു മാന്യത പ്രകടമല്ലാത്ത ഒരു നീക്കത്തെയും മതപരമായി ന്യായീകരിക്കാൻ കഴിയില്ല. അതിനാൽ വളരെ മാന്യമായി ഈ കള്ളക്കളികൾ പൊതുമാധ്യമങ്ങൾ വഴി സോദ്ദേശത്തോടെ മാത്രം പ്രചരിപ്പിക്കുക അവയിൽ ഒരു വഴിയാണ്.
മറ്റൊന്ന് എന്ത്കൊണ്ട് നാം ഇതിന് വിധേയരാകുന്നു എന്ന് കണ്ടെത്തലും അത് സമൂഹത്തെ തര്യപ്പെടുത്തലുമാണ്. അതന്വേഷിക്കുമ്പോൾ നമുക്ക് നേരെച്ചൊവ്വെ ഒരു കാരണത്തിലെത്തുവാൻ കഴിയില്ല. എന്നാൽ കുറച്ചു കൂടി ആഴത്തിലേക്കിറങ്ങിയാൽ നിഷ്പ്രയാസം അതു കണ്ടെത്താം. അത് സമുദായിക സംഘാടനത്തിലും വൈയക്തിക നേട്ടങ്ങളിലും നാം നേടിയ അനന്യമായ നേട്ടങ്ങളിലുള്ള അസൂയയാണ്. സാമ്പത്തിക ശ്രമങ്ങൾ പൊതുവെ മുസ്ലിംകളുടെ ഒരു ത്വരയാണ്. ഉള്ളവൻ ഉളളതിനേക്കാൾ വലുതാക്കാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കും. കച്ചവടത്തെയും കൃഷിയെയും നാം വലിയ വികാരത്തോടെ സമീപിക്കുന്നവരാണ്. അതുവഴി നമുക്ക് സാമ്പത്തിക അഭിവൃദ്ധി ഉണ്ടായി. സാമ്പത്തിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ ഗ്രാഫ് ചെയ്യാവുന്ന വളർച്ചയൊന്നുമല്ല അത് എങ്കിലും മറ്റു സമുദായങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ അത് പോന്നതാണ്. ഇതൊന്ന്. മറ്റൊന്ന് ഈ സാമ്പത്തിക വളർച്ച, വിദ്യാഭ്യാസം, സംസ്കാരം, സാമൂഹ്യ ജീവിതം തുടങ്ങിയവയിൽ ഉണ്ടാക്കിയ പ്രതിഫലനമാണ്. അതായത്, പണം കയ്യിൽ വരുന്നതിനനുസരിച്ച് നമ്മുടെ ജീവിത നിലവാരം ഉയരുകയും വിദ്യാഭ്യാസ മടക്കമുള്ള മേഖലകളിൽ നാം വളരുകയും ചെയ്തു. ഇതും തെറ്റിദ്ധാരണക്കും തുടർന്ന് അസൂയക്കും വഴിവെച്ചു. തങ്ങളോടൊപ്പം പാടവരമ്പ് കിളച്ച് തേച്ചുപിടിപ്പിച്ചു കൊണ്ടിരുന്ന, ഒരറിവും വെളിവും ഇല്ലാത്തവർ എന്ന് മുദ്ര കുത്തപ്പെട്ട മാപ്പിളക്കും മക്കൾക്കും മാത്രം ഈ മാറ്റങ്ങളൊക്കെ ഉണ്ടായത് ചിലരെയെങ്കിലും അസ്വസ്ഥരാക്കാതിരിക്കില്ല.
ജീവിതത്തെപ്പറ്റി വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ ഇസ്‌ലാം അതിന്റെ അനുയായികളെ പരിശീലിപ്പിക്കുന്നു എന്നതാണ് ഇസ്‌ലാമിന് അസൂയാലുക്കളുണ്ടാകാനുള്ള മറ്റൊരു കാരണം. ആഗ്രഹങ്ങള്‍ സഫലമാകാതെ, സ്വപ്‌നങ്ങള്‍ പുലരാതെ, പദ്ധതികള്‍ പൂര്‍ത്തിയാക്കാതെ എപ്പോള്‍ വേണമെങ്കിലും പൊലിഞ്ഞുപോകുന്ന ഈ ജീവിതത്തില്‍ മരണത്തെ തെല്ലും ഭയപ്പെടുകയോ പ്രശ്‌നമാക്കുകയോ ചെയ്യാതെ സല്‍കര്‍മനിരതമായ ജീവിതം നയിക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുന്നത് മരണാനന്തരജീവിതം എന്ന ഉറപ്പുള്ള സ്വപ്‌നമാണ്. അഥവാ സത്യമായി പുലരുമെന്നുറപ്പുള്ള ജീവിതമാണ്. ഇവിടെ എത്ര കാലം ജീവിച്ചാലും എപ്പോള്‍ മരിച്ചാലും ആ ജീവിതവും മരണവും മുസ്‌ലിമായ അവസ്ഥയിലാണെങ്കില്‍ വിശ്വാസിക്ക് അല്‍പം പോലും നഷ്ടബോധത്തിനോ നിരാശക്കോ അവകാശമില്ലാത്തതാണ്. സര്‍വായുധ വിഭൂഷിതരായ ശത്രുസംഘത്തോട് പൊരുതേണ്ടിവരുന്ന സന്ദര്‍ഭത്തില്‍ പോലും തീരെ ഭയരഹിതമായ ശരീരഭാഷയില്‍ വിശ്വാസി പറയുന്നതും ചിന്തിക്കുന്നതും ഈ ഉന്നത സ്വപ്‌നത്തിന്റെ പിന്‍ബലത്തിലാണ്. ഖുര്‍ആന്‍ പറയുന്നു: പ്രവാചകരേ പറയുക: രണ്ടിലൊരു നന്മയല്ലാതെ ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. (ഒന്നുകില്‍ നിങ്ങളോടു പൊരുതി ജയിക്കും, അല്ലെങ്കില്‍ നിങ്ങളോട് പൊരുതി മരിക്കും)(അത്തൗബ:52). അതുകൊണ്ട് ഒരൽപ്പം കൂടി തുറന്നും സ്വതന്ത്രമായും ജീവിതത്തെ മുസ്ലിംകൾ സമീപിക്കുന്നു. ഇതിൽ നിന്നെല്ലാം ഉണ്ടായി വന്ന അത്ഭുതാവഹമായ വളര്‍ച്ചയില്‍ അസൂയപൂണ്ട ഒരുപറ്റം ഇസ്ലാം വിരോധ സംഘങ്ങളാണ് ഇതിനു പിന്നില്‍ സത്യത്തിൽ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ മറ്റുളളവര്‍ക്കു മുമ്പില്‍ ഭീകരസ്വത്ത്വമായി അവതരിപ്പിച്ച് സാധാരണക്കാരെ ഇസ്ലാമില്‍ നിന്നും അകറ്റാനുളള പൊറാട്ടു നാടകങ്ങളാണ് ഇവർ നടത്തുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ മാനവ സമൂഹത്തില്‍ വലിയ തോതിലുളള സ്വാധിന ഫലങ്ങള്‍ ഉണ്ടാക്കി കഴിഞ്ഞുവെന്നത് ഒരു ദുഃഖ സത്യമാണ്. ഇതര മതവിഭാഗങ്ങളില്‍ പലരും ഇന്ന് ഏറെ ഭീതിയോടെയാണ് ഇസ്ലാമിനെ നോക്കികാണുന്നത്. അമേരിക്കയിലും യൂറോപ്പിലും സാര്‍വ്വത്രികമായി ക്കൊണ്ടിരിക്കുന്ന ബുര്‍ഖ അവഹേളനങ്ങളും പളളിയാക്രമണങ്ങളും മുസ്ലിം വംശീയ അധിക്ഷേപങ്ങളും ഇസ്ലാമോഫോബിയ എത്രത്തോളം ഭീകരമായിവളര്‍ന്നിരിക്കുന്നു എന്ന് കാണിക്കുന്നതുമാണ്.
ഇതിന് പക്ഷെ, മരുന്നില്ല. ഇതിനും കഷണ്ടിക്കും മരുന്നില്ലെന്നാണല്ലോ വെയ്പ്. പക്ഷെ, നമുക്ക് ചിലത് ചെയ്യാൻ കഴിയും. നമ്മുടെ സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി മക്കളെ പഠിപ്പിച്ചും ഉന്നതങ്ങൾ വെട്ടിപിടിച്ചും സാമൂഹ്യ ശക്തി നേടുക എന്നതാണ് അവയിലൊന്ന്. നമ്മെക്കാൾ ചെറിയ ന്യൂനപക്ഷങ്ങളിൽ പലതും ഒരു ഫോബിയയും നേരിടാതെ തലയുയർത്തി ജീവിക്കുന്നുണ്ടല്ലോ. അവരെപ്പോലെ നമുക്കും തലയുയർത്താം. തലയുയർത്തിപ്പിടിച്ചാൽ പിന്നെ ആർക്കും അന്യായം ചെയ്യാൻ ധൈര്യമുണ്ടാവില്ല. മതം എന്ന വികാരത്തിൽ മാത്രമാണ് എന്നു പറയാനാകില്ലെങ്കിലും ഇത് ഒരളവോളം നടക്കുന്നുണ്ട് എന്ന് സന്തോഷത്തോടെ പറയാം. മറ്റൊന്ന് സമുദായത്തിന്റെ ഏകതയും ഐക്യവും കാത്തുസൂക്ഷിക്കുക എന്നതാണ്. ഇത് പറയുമ്പോൾ നമുക്ക് നിരാശപ്പെടാതിരിക്കാൻ കഴിയില്ല. ഓരോ ദിനവും നാം പരസ്പരം പക്ഷങ്ങളായി അകലുകയാണ്. പക്ഷങ്ങൾ എന്നത് നമ്മുടെ വിധിയാണ്. നാം എഴുപത്തിമൂന്ന് വിഭാഗങ്ങൾ ആകും എന്നത് നബി(സ)യുടെ പ്രവചനമാണ്. അത് ആരു ചിറ കെട്ടിയാലും സംഭവിക്കുക തന്നെ ചെയ്യും. പിളർപ്പ് ഉണ്ടാകുക ഏതെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങളിലായിരിക്കും. അവയിൽ വിയോചിക്കുന്നതോടൊപ്പം തന്നെ ബാക്കിയുളള മഹാ ഭൂരിപക്ഷം വിഷയങ്ങളിൽ യോചിപ്പിന്റെ സാധുതയും സാധ്യതയും തുറന്നു കിടക്കുന്നുണ്ട്. അത് പക്ഷെ, ഒരു പക്ഷവും പരിഗണിക്കുകയേ ഇല്ല. ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായാൽ അതിന്റെ പേരിൽ അവരെ മതത്തിൽ നിന്ന് പിടിച്ചു തള്ളി പുറത്തിടുവാനാണ് എല്ലാവരും ശ്രമിക്കുന്നത്. യോചിക്കുവാൻ കഴിയാത്ത നമുക്ക് മാന്യമായി വിയോചിക്കാനും അറിയില്ല എന്നതാണ് അവസ്ഥ. ഈ അവസ്ഥയും ഫോബിയയെ ബൂസ്റ്റ് ചെയ്യുന്നുണ്ട്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso