ഉദാഹരണങ്ങളുടെ ഉദാത്തമായ ഉള്ളടക്കങ്ങൾ
04-01-2023
Web Design
15 Comments
മനുഷ്യജീവിതത്തിന് വിശുദ്ധ ഖുർആനും അതിന്റെ വ്യാഖ്യാനവും വിശദീകരണവും ആയ തിരുസുന്നത്തും പലപ്പോഴും ഉദാഹരണമായി ഉദ്ധരിക്കുന്നത് സസ്യങ്ങളെയാണ്. ഉദാഹരണമായി അല്ലാഹു പറയുന്നു: മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാകുന്നു; താനൊന്നിച്ചുള്ളവര്‍ നിഷേധികളോട് കര്‍ക്കശമായി വര്‍ത്തിക്കുന്നവരും അവര്‍ പരസ്പരം കാരുണ്യമുള്ളവരുമാണ്. അല്ലാഹുവിന്റെ ഔദാര്യവും സംതൃപ്തിയുമര്‍ത്ഥിച്ചുകൊണ്ട്, കുനിഞ്ഞും സാഷ്ടാംഗം നമിച്ചും - സുജൂദിന്റെ അടയാളം അവരുടെ മുഖങ്ങളിലുണ്ട് - നിസ്‌കരിക്കുന്നതായി താങ്കള്‍ക്കു കാണാം. തൗറാത്തില്‍ ഇപ്രകാരമാണവരുടെ വിശേഷണം. ഇന്‍ജീലില്‍ അവരുടെ ഉപമ ഇങ്ങനെയത്രേ: പുഷ്ടിപ്പെട്ട്, കരുത്തു നേടി കൂമ്പ് വെളിപ്പെടുത്തിയ ഒരു കൃഷി. കര്‍ഷകരെ സന്തുഷ്ടരാക്കും വിധം തണ്ടിന്മേല്‍ അത് നിവര്‍ന്നുനിലകൊണ്ടു. സത്യവിശ്വാസികളെ ഇവ്വിധമാക്കിയത് നിഷേധികളെ രോഷാകുലരാക്കാനാണ്. അവരില്‍ നിന്ന് സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും ചെയ്തവര്‍ക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു. (അൽ ഫത്ഹ്: 29) ഇഞ്ചീലിൽ വിശ്വാസിയുടെ ഉദാഹരണം ഇതാണ് എന്ന് വിശുദ്ധ ഖുർആൻ പ്രസ്താവിക്കുമ്പോൾ, എങ്കിൽ ക്രൈസ്തവരുടെ കൈയിൽ ഇപ്പോൾ ഉള്ള ഇഞ്ചീലിൽ ഉണ്ടോ എന്ന് പരത്തുന്നത് സ്വാഭാവിക വിജ്ഞാസ മാത്രമാണ്. അങ്ങനെ പരതുമ്പോൾ നമുക്ക് ഇതിനു സമാനമായ ഉദാഹരണം ഇപ്പോൾ അവരുടെ കയ്യിലുള്ള ഗ്രന്ഥത്തിൽ കാണാനാവും. അത് മത്തായിയുടെ സുവിശേഷത്തിൽ ഇങ്ങനെ പറയുന്നു: മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു. അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.
അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.
ഇതു ഒക്കെയും യേശു പുരുഷാരത്തോടു ഉപമകളായി പറഞ്ഞു; ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞില്ല (മത്തായി: 13: 31-34).
മർക്കോസ് എഴുതിയ സുവിശേഷത്തിലും ഈ ആശയത്തിന് സമാനമായ വചനങ്ങൾ കാണാം അത് ഇങ്ങനെയാണ്: പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്തു എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളച്ചു വളരുന്നതുപോലെ ആകുന്നു. ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു. ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ടു അവൻ ഉടനെ അരിവാൾ വെക്കുന്നു. പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാൽ അതിനെ വർണ്ണിക്കേണ്ടു? അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതക്കുമ്പോൾ ഭൂമിയിലെ എല്ലാവിത്തിലും ചെറിയത്.
എങ്കിലും വിതച്ചശേഷം വളർന്നു, സകലസസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു. അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു. (മാർക്കോസ് 4: 26-33). നമ്മുടെ ചർച്ചയിലേക്ക് കടക്കുന്നതിന് മുമ്പ് മറ്റൊരു ഖുർആനിക കൗതുകം കൂടി കാണുവാൻ ആണ് ബൈബിളിലെ ഈ ഉദ്ധരണികൾ ഉദ്ധരിച്ചത്. ഇഞ്ചീലിൽ ആ ഉദാഹരണം പറഞ്ഞിട്ടുണ്ട് എന്നത് വിശുദ്ധ ഖുർആൻ പറയുന്നു. ഇഞ്ചീലിൽ അവർ ധാരാളം കടത്തിക്കൂട്ടലുകൾ നടത്തിയിട്ടുണ്ട് എന്നത് അവിതർക്കിതമാണ്. അത് നാം സലക്ഷ്യം തെളിയിക്കുന്നതുമാണ്. പക്ഷേ എന്നിട്ടും ഖുർആൻ പറഞ്ഞതുപോലെത്തന്നെ ഇഞ്ചീലിൽ അതു ഉണ്ട്, പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നത് കാണുമ്പോൾ അതിലും ഖുർആൻ പരാമർശം ശരിയാണ് എന്ന ബോധ്യം നമുക്ക് ഉണ്ടാകുന്നു.
ഈ ഉപമയിലെ കൃഷി മുഹമ്മദ് നബി(സ്വ) ആകുന്നു. പുഷ്ടിപ്പെട്ട് കരുത്തു നേടിയ കൂമ്പ് സ്വഹാബികളാണ്. സ്വന്തം കാലിലവര്‍ നിവര്‍ന്നുനിന്ന് അന്തസ്സാര്‍ന്നവരായി എന്നാണ് ഇതിന്റെ വ്യാഖ്യാനമെന്ന് പല തഫ്സീറുകളും പറയുന്നുണ്ട്. എന്നാൽ ഈ സൂക്തത്തിന്റെ ഉള്ളടക്കത്തിൽ വലിയ ആശയങ്ങൾ അടങ്ങിയിട്ടുണ്ട്. സത്യത്തിൽ ഈ ഭൂമിയിൽ മനുഷ്യ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആശ്രയത്വം കുടികൊള്ളുന്നത് സസ്യങ്ങൾക്കുമേലാണ്. മനുഷ്യ ശരീരത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യം ആശ്രയിക്കുന്നതാകട്ടെ സത്യവിശ്വാസത്തെയും ആണ്. അഥവാ ഭൂമി അതിന്റെ നിലനിൽപ്പിനായി ആശ്രയിക്കുന്നത് സസ്യങ്ങളെയാണ്. മനുഷ്യന്റെ ശരീരവും മനസ്സുമാവട്ടെ, നിലനിൽപിന്നായി ആശ്രയിക്കുന്നത് സത്യവിശ്വാസത്തെയുമാണ്. അതുകൊണ്ടാണ് വിശ്വാസികളെയും സസ്യലതാദികളെയും ഉദാഹരണം വഴി അള്ളാഹുവും അല്ലാഹുവിന്റെ റസൂലും പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്. സസ്യങ്ങൾ സത്യത്തിൽ ഭൂമിക്ക് നൽകുന്നത് ജീവൻ തന്നെയാണ്. സസ്യങ്ങൾ ഇല്ലെങ്കിൽ ഭൂമിയിൽ വെള്ളത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ പോലും ഭൂമിക്ക് ജീവൻ ഉണ്ടാവില്ല. കാരണം സൂര്യനിൽ നിന്ന് പ്രപഞ്ചത്തിലേക്ക് വർഷിക്കപ്പെടുന്ന ഊർജ്ജത്തെ മനുഷ്യന്റെ നിലനിൽപ്പിനു വേണ്ട ഭക്ഷ്യങ്ങളും ഊർജ്ജങ്ങളും അവശ്യ ഘടകങ്ങളുമാക്കി മാറ്റുന്നത് സസ്യങ്ങൾ വഴിയാണ്. choloroplast എന്ന പ്രകാശ സംശ്ലേഷണത്തിന് സഹായിക്കുന്ന സസ്യ ഘടകമാണ് അതിന് പ്രവർത്തിക്കുന്നത്. മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനുള്ള ആധാരമായ ഈ ഘടകങ്ങളെല്ലാം സസ്യങ്ങളെ ആശ്രയിക്കുന്നു. അതുകൊണ്ടാണ് സസ്യങ്ങൾ ഇല്ലെങ്കിൽ ഭൂമിയിൽ മനുഷ്യന്റെ ജീവിതം നിലനിൽപ്പ് ക്ലേശകരമാകും എന്ന് പറയുന്നത്.
ഇപ്രകാരം തന്നെയാണ് വിശ്വാസിയും. മനുഷ്യന്റെ ജീവിതത്തിന്റെയും നിലനിൽപിന്റെയും യഥാർഥ രഹസ്യം വിശ്വാസമാണ്. ജീവൻ എന്ന വെളളം ഉണ്ടായാലും വിശ്വാസം എന്ന സസ്യമില്ലെങ്കിൽ സമാധാന ഭദ്രമായ നിലനിൽപ്പ് പ്രയാസമാണ്. വിശ്വാസമാണ് സസ്യങ്ങൾ ചെയ്യുന്നതു പോലെ പ്രപഞ്ചത്തിലെ മനുഷ്യ ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിറുത്തുന്നത്. സ്നേഹം, കരുണ, ദയ, ആർദ്രത, വിട്ടുവീഴ്ച, തുടങ്ങിയവയെല്ലാം വരുന്ന വഴി വിശ്വാസമാണ്. ശരിയായ, സത്യസന്ധമായ വിശ്വാസം ഇല്ലാതെയാകുമ്പോൾ ഈ ഭൂമി ഒരു യുദ്ധക്കളവും ചുടലക്കളവുമെല്ലാമായിത്തീരും. മനുഷ്യത്വം, നീതി, സംസ്കാരം, തുടങ്ങിയവയെല്ലാം ഇല്ലാതെയാവുകയും മനുഷ്യകുലം പരസ്പരം ശത്രുതയിൽ മുഴുകുകയും ചെയ്യും. ഇങ്ങനെയാണ് സസ്യങ്ങളും വിശ്വാസങ്ങളും അല്ലെങ്കിൽ വിശ്വാസികളും തമ്മിൽ സാമ്യപ്പെട്ട് കിടക്കുന്നത്. സാമ്യത ആണല്ലോ ഒരു ഉദാഹരണത്തിന് നീതീകരിക്കുന്നതും അതിന്റെ സാംഗത്യത്തെ ശരിവെക്കുന്നതും.
മറ്റൊരു സാമ്യതയും സാംഗത്യവും ഇങ്ങനെയാണ്. അഥവാ സസ്യങ്ങൾ ഭൗമ ഉപരിതലത്തിൽ നിന്ന് പ്രകാശ ഊർജ്ജത്തെയും കാർബൺ ഡൈ ഓക്സൈഡിനേയും മറ്റും വലിച്ചെടുക്കുന്നു. അതോടൊപ്പം ഭൂമിയിൽ നിന്ന് വെള്ളം, അന്നജങ്ങൾ, ലോഹമൂലകങ്ങൾ, നൈട്രജൻ തുടങ്ങിയവയെല്ലാം വലിച്ചെടുക്കുന്നു. എന്നിട്ട് ഭൂമിയിലെ മനുഷ്യന്റെയും അവന്റെ അനിവാര്യതകളുടെയും നിലനിൽപ്പിനായി അവയെ പാകപ്പെടുത്തി പകർന്ന് ദാനം ചെയ്യുകയും ചെയ്യുന്നു. വിശ്വാസിയും ഇപ്രകാരമാണ്. അവൻ ഉപരി ലോകത്തുനിന്ന് ലഭിക്കുന്ന ആദർശ സംഹിത സ്വീകരിക്കുകയും മനുഷ്യ സമൂഹത്തിന് തങ്ങളുടെ നിലനിൽപ്പിന്റെ ആധാരമായി കൈമാറുകയും ചെയ്യുന്നു. അതായത്, സസ്യങ്ങൾ മുകളിൽ നിന്നും താഴെ നിന്നും ഘടകങ്ങൾ വലിച്ചെടുത്ത് പാകപ്പെടുത്തി മനുഷ്യന് നൽകുന്നു. ഇപ്രകാരം തന്നെ വിശ്വാസി ഉപരി ലോകത്തിൽ നിന്ന് പ്രവാചകന്മാരിലൂടെയും ഗ്രന്ഥങ്ങളിലൂടെയും സഹചാപബോധത്തിലൂടെയും ലഭിക്കുന്ന ആശയ ആദർശങ്ങൾ വലിച്ചെടുത്ത് സന്തോഷകരവും സമാധാന ഭദ്രവുമായ ഒരു സാമൂഹിക ജീവിതത്തിന് വേണ്ടി മനുഷ്യന് നൽകുന്നു. ചുരുക്കത്തിൽ, സസ്യങ്ങൾ ഭൂമിയെ നിലനിർത്തുന്നു. വിശ്വാസികളാവട്ടെ ഭൂമിയിലുള്ളവരെയും നിലനിർത്തുന്നു.
ഇനിയുമുണ്ട് മറ്റൊരു സാമ്യത. അത് മറ്റൊന്നുമല്ല, സസ്യങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺഡൈഓക്സൈഡ് മുതലായ വിഷവാതകങ്ങളെയും ഭൂമിയിൽ നിന്ന് മാലിന്യമുള്ള ലവണങ്ങളെയും വലിച്ചെടുക്കുന്നു. പക്ഷേ, വിഷമയവും ആരോഗ്യരഹിതവുമായ അവയെയൊന്നും അപ്രകാരം തന്നെ ഭൂമിയിലേക്ക് കൈമാറുകയില്ല. മറിച്ച് അവയെ ശുദ്ധീകരിക്കുകയും മനുഷ്യ ജീവിതത്തിന് അനുകൂലം ആക്കി തീർക്കുകയും ചെയ്തതിനുശേഷം മാത്രമാണ് അവ നൽകുന്നത്. അഥവാ, സസ്യങ്ങൾ അപകടങ്ങളെ പിടിച്ചെടുക്കുകയും അവയെ നല്ല ഘടകങ്ങൾ ആക്കി പരിവർത്തിപ്പിച്ച് മനുഷ്യനെ നൽകുകയും ചെയ്യുന്നു. വിശ്വാസികളും ഇപ്രകാരമാണ്. സമൂഹത്തിലെ തെറ്റായ കാര്യങ്ങളെല്ലാം അവർ പിടിച്ചെടുക്കുകയും കുഴിച്ചുമൂടുകയും പകരം നല്ല കാര്യങ്ങളെ മനുഷ്യനെ നൽകുകയും ചെയ്യുന്നു. അസൂയ, അഹങ്കാരം, കുശുമ്പ്, കളവ്, ചതി, വഞ്ചന, നിഷേധം തുടങ്ങിയ വിഷങ്ങളെയാണ് വിശ്വാസി പിടിച്ചെടുക്കുന്നതും നശിപ്പിച്ചു കളയുന്നതും. അവയ്ക്ക് പകരം അവൻ വിശ്വാസം, സത്യസന്ധത, മാന്യത, നീതി തുടങ്ങിയ ഉന്നത ഗുണങ്ങൾ സമൂഹത്തിന് പകരം കൊടുക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ സസ്യങ്ങൾ അപകടകരമായതിനെയെല്ലാംഅപകടരഹിതമാക്കി നൽകുന്നു. വിശ്വാസി ചീത്ത സ്വഭാവങ്ങളെയും സംസ്കാരങ്ങളെയും ശുദ്ധീകരിച്ച് നന്മകൾ ആക്കി പകരം നൽകുന്നു.
വിശ്വാസിയെ സസ്യത്തോട് ഉപമിക്കുന്നത് ഒരിടത്തു മാത്രമല്ല വിശുദ്ധ ഖുർആനിൽ. പലയിടത്തും ഇത് കാണാം. ഉദാഹരണമായി, നല്ല വചനത്തെ അല്ലാഹു സൂറത്തു ഇബ്രാഹിമില്‍ ഉദാഹരിക്കുന്നത് ഇങ്ങനെയാണ്: ഒരു ഉദാത്ത വചനത്തെ അല്ലാഹു എങ്ങനെയാണ് ഉപമിച്ചിരിക്കുന്നത് എന്ന് താങ്കള്‍ ഗ്രഹിക്കുന്നില്ലേ? ഒരു ഉത്തമവൃക്ഷം പോലെ. അതിന്റെ വേര് ഭൂമിയില്‍ ആഴ്ന്നിറങ്ങിയതും ശിഖരങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നതുമാകുന്നു. നാഥന്റെ അനുമതിയോടെ സര്‍വദാ അത് ഫലദായകമായിരിക്കും. ചിന്തിച്ചുഗ്രഹിക്കാനായി മനുഷ്യര്‍ക്ക് അല്ലാഹു ഉപമകള്‍ പ്രതിപാദിച്ചുകൊടുക്കുന്നു. എന്നാല്‍ ഒരു ഹീനവചനത്തിന്റെ ഉദാഹരണം, ഭൂമിയുടെ ഉപരിതലത്തില്‍ നിന്നു പറിച്ചെടുക്കപ്പെട്ടതും നിലനില്‍പില്ലാത്തതുമായ ദുഷിച്ച മരം പോലെയാണ്. ഐഹിക - പാരത്രിക ലോകങ്ങളില്‍ ദൃഢീകൃത വചനംകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ചുനിറുത്തുകയും അക്രമികളെ അവന്‍ ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യുന്നു. താന്‍ ഉദ്ദേശിക്കുന്നത് അല്ലാഹു പ്രവര്‍ത്തിക്കുന്നതാണ്. (ഇബ്റാഹീം: 24 - 27).
ഉത്തമ വൃക്ഷവും വിശ്വാസിയും തമ്മിലുള്ള സാമ്യം വ്യക്തമാക്കുന്ന അതിമനോഹരമായ ഉപമയാണ് മുകളില്‍ കൊടുത്ത ഖുര്‍ആന്‍ സൂക്തങ്ങള്‍. ഏത് നന്മമരത്തോടും ഇസ്ലാമിനെ ഉപമിക്കാം എന്നത്കൊണ്ടായിരിക്കാം ഒരുപക്ഷെ ഏത് വൃക്ഷമെന്ന് പറയാതിരുന്നതിന്റെ രഹസ്യം. പ്രശാന്തിയുടെ തുരുത്താണ് മരങ്ങള്‍. പ്രകൃതിയുടെ ആവാസ വ്യവസ്ഥ സന്തുലിതമായി നിലനിര്‍ത്തുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും അന്തരീക്ഷ ഊഷ്മാവ് ക്രമീകരിക്കുന്നതിനും മരങ്ങള്‍ ഒഴിച്ചുകൂടാന്‍ കഴിയാത്ത ഘടകം തന്നെ. പുതിയ പഠനങ്ങളനുസരിച്ച് വൃക്ഷങ്ങള്‍ സമൃദ്ധിയായി വളരുന്ന സ്ഥലങ്ങളില്‍ ശരാശരി മനുഷായുസ്സ് വര്‍ദ്ധിക്കുകയും മാനസികാരോഗ്യത്തിന് മരങ്ങള്‍ ഉത്തമമാണെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. വൃക്ഷങ്ങളുള്ള സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ചാല്‍ 25 ശതമാനം മൂല്യ വര്‍ധനവ് ഉണ്ടാവുന്നു എന്ന് ശാസ്ത്ര വായനകളിലുണ്ട്. ഒരു വൃക്ഷത്തിന് അഞ്ച് പ്രധാന ഭാഗങ്ങളാണുള്ളത്. വേര്, കാൺഠം, ശാഖകള്‍, ഇലകള്‍, ഫലങ്ങള്‍. ഇസ്ലാമിലും സുപ്രധാനമായി അഞ്ച് കാര്യങ്ങളാണുള്ളത്. വിശ്വാസങ്ങള്‍, ആരാധനകള്‍, ഇടപാടുകള്‍, ബന്ധങ്ങള്‍, സദ്സ്വഭാവം എന്നിവയാണത്. ഒരു സദ് വൃക്ഷത്തിന്‍റെ വേര് വിശ്വാസിയുടെ ഈമാനിനോട് ഉപമിക്കാം. ഇസ്ലാമിലെ ആരാധനകളായ നമസ്കാരം,സകാത്ത്, വൃതം,ഹജ്ജ് എന്നിവയെ നമുക്കതിന്‍റെ കാണ്ഠത്തോട് ഉപമിക്കാം. വിവിധ തരം ഇടപാടുകളെ വൃക്ഷത്തിന്‍റെ ശാഖകളോടും മാനുഷിക ബന്ധങ്ങളെ ഇലകളോടും ഉപമിക്കാം. ഇനി അവശേഷിക്കുന്നത് വൃക്ഷത്തിന്‍റെ ഫലങ്ങള്‍ മാത്രം. അതിനെ മനുഷ്യന്‍റെ സ്വഭാവത്തോടും ഉപമിക്കാവുന്നതാണ്. ഓരോ വിശ്വാസിയും ആ അഞ്ച് ഘടകങ്ങളും സ്വാംശീകരിച്ച് ജീവിക്കുമ്പോള്‍ ഇസ്ലാം ലോകത്തിന് ഒരു മധുരഖനിയായി അനുഭവപ്പെടുന്നു.
ഖുർആനിൽ മാത്രമല്ല ഈ ഉപമയുള്ളത്. ഹദീസിലും ഇത് കാണാം. ഒരു ഉദാഹരണം നോക്കാം. അബൂ മൂസൽ അശ്അരിയില്‍(റ) നിന്ന് നിവേദനം: നബി(സ്വ)പറഞ്ഞു: ഖുർആൻ പാരായണം ചെയ്യുന്ന സത്യവിശ്വാസി മധുരനാരങ്ങ പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി തൃപ്തികരവുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത സത്യവിശ്വാസിയുടെ ഉപമ കാരക്ക പോലെയുമാണ്. അതിന് വാസനയില്ല, എന്നാൽ രുചി തൃപ്തികരമാണ്. ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസി ഉപമ തുളസിയുടേത് പോലെയാണ്. അതിന്റെ വാസന സുഗന്ധമുള്ളതും രുചി കൈപ്പുള്ളതുമാണ്. ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസിയുടെ ഉപമ ആട്ടങ്ങ പോലെയുമാണ്. അതിന് വാസനയില്ല എന്നാൽ രുചി കൈപ്പേറിയതുമാണ്. (മുസ്ലിം)
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso