കാലം കലണ്ടർ മാറ്റുമ്പോൾ
29-12-2022
Web Design
15 Comments
നാം വീണ്ടും കലണ്ടർ മാറ്റുകയാണ്. മനുഷ്യ ജീവിതത്തിന്റെ ഒരു അനിവാര്യതയാണ് കാലം. കാലം എന്ന ക്യാൻവാസിലാണ് ജീവിതം എന്ന സംഭവങ്ങൾ പതിയുന്നതും തെളിയുന്നതും. മനുഷ്യൻ ജീവിതത്തിലുടനീളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു യാഥാർത്ഥ്യമാണത്. കാലം എന്ന ചേരുവ ചേർക്കാതെ മനുഷ്യന്റെ ക്രയവിക്രയങ്ങളൊന്നും ഉണ്ടാവുകയേയില്ല. സമയമെന്ന ഒന്നില്ലാത്ത ജീവിതത്തെക്കുറിച്ച് നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഈ വസ്തുതകളെല്ലാം ചേർത്തു വെക്കുമ്പോൾ കാലം എന്നാൽ ജീവിതം തന്നെയാണ് എന്ന് പറയേണ്ടിവരും. ഇക്കാരണത്താൽ തന്നെയാണ് ഇസ്ലാം, മതങ്ങളുടെ കൂട്ടത്തിൽ അനിതരവും സവിശേഷവും പ്രത്യേകവുമായ പരിഗണന കാലത്തിന് കൽപ്പിച്ചിരിക്കുന്നത്. ആ പരിഗണനകളിൽ ഒന്നാണ് വിശുദ്ധ ഖുർആനിലെ സൂറത്തുൽ അസ്വ് റ് എന്ന അദ്ധ്യായം. അതിൽ അല്ലാഹു പറയുന്നു: കാലത്തെ തന്നെ സത്യം. നിശ്ചയമായും മനുഷ്യവര്‍ഗം നഷ്ടത്തില്‍ തന്നെയാണ്. സത്യ വിശ്വാസം സ്വീകരിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ,സത്യം കൊണ്ടും ക്ഷമ കൊണ്ടും അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ(ഇവര്‍ നഷ്ടത്തില്‍ അല്ല). കാലം എന്നത് എത്രമേൽ ആശയ സമ്പന്നമാണ് എന്നത് ഇതിലെ ആണയിടലിൽ നിന്ന് ഗ്രഹിക്കാം. കാലത്തിന്റെ അടിസ്ഥാന പ്രകൃതം മനുഷ്യനെ വഴി തെറ്റിക്കുന്നതാണ് എന്നും ശ്രദ്ധിച്ചില്ലെങ്കിൽ അതിന്റെ ചുഴിയിൽ പെട്ട് മനുഷ്യൻ പരാചിതനായേക്കാം എന്നും തുടർന്ന് പറയുമ്പോൾ കാലത്തിന്റെ തത്വ ശാസ്ത്രം അവതരിപ്പിക്കുകയാണ് ഖുർആൻ. ഈ അപചയങ്ങളെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ കൂടി പറഞ്ഞു വെക്കുന്നതിലൂടെ ആ ആശയം പൂർണ്ണമാവുന്നു. കാലത്തെ കുറിച്ച് പറയേണ്ടതെല്ലാം ഹ്രസ്വമായി പറഞ്ഞു വെച്ച ഈ കൊച്ചു അദ്ധ്യായം പ്രവാചക യുഗത്തിൽ തന്നെ ഏറ്റവും വലിയ ഒരു വികാരവും ചിന്തയുമായി സ്വഹാബിമാർ ഏറ്റെടുത്തിരുന്നു എന്നാണ്. അവർ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ ഈ സൂറത്ത് ആദ്യന്തം ഓതി കേള്‍പ്പിക്കാതെ പിരിഞ്ഞു പോകാറുണ്ടായിരുന്നില്ല. ഈ സൂറത്തല്ലാതെ മറ്റൊന്നും അവതരിച്ചിട്ടില്ലായിരുന്നുവെങ്കിൽ പോലും അവർക്ക് ഇത് മതിയാകുമായിരുന്നു എന്ന് ഇമാം ശാഫി(റ).
പ്രത്യേക പരിഗണനയുടെ രണ്ടാമത്തെ ദൃശ്യമാണ് കാലത്തെ ചുറ്റിപ്പറ്റിയുള്ള കളികൾ ശക്തമായ ഭാഷയിൽ വിശുദ്ധ ഖുർആൻ നിരോധിക്കുകയും നിരൂപണം ചെയ്യുകയും ചെയ്തത്. ജാഹിലിയ്യ കാലത്ത് അറബികൾക്കിടയിൽ അത്തരം ഒരു സമ്പ്രദായം ഉണ്ടായിരുന്നു. അവരുടെ സൗകര്യങ്ങൾക്ക് അനുസരിച്ച് ചില മാസങ്ങളെ അങ്ങോട്ടുമിങ്ങോട്ടും വെക്കുന്ന പതിവ് അവർക്ക് ഉണ്ടായിരുന്നു. ഇതിനെ നസീഅ് എന്നാണ് പറയുന്നത്. ഇതിനെ വിശുദ്ധ ഖുർആൻ ശക്തമായി നിരൂപിക്കുകയുണ്ടായി. അള്ളാഹു പറയുന്നു: മാസങ്ങളുടെ വിശുദ്ധി പിന്നോട്ടുമാറ്റുന്നത് വര്‍ദ്ധിത സത്യനിഷേധം മാത്രമാണ്. തദ്വാരാ ദുര്‍മാര്‍ഗത്തിലേക്ക് കൂപ്പു കുത്തുകയാണു നിഷേധികള്‍. അവരത് ഒരു വര്‍ഷം അനുവദനീയവും മറ്റൊന്നില്‍ നിഷിദ്ധവുമാക്കുകയാണ്. അല്ലാഹു വിലക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അവന്‍ നിഷിദ്ധമാക്കിയത് അനുവദനീയമാക്കുവാനുമാണ് അവരങ്ങനെ ചെയ്യുന്നത്. തങ്ങളുടെ ദുഷ്‌ചെയ്തികള്‍ അവര്‍ക്ക് അലംകൃതമാക്കപ്പെടുകയാണ്. സത്യനിഷേധികളെ അല്ലാഹു നേര്‍വഴിയിലാക്കുന്നതല്ല. (തൗബ: 37) പ്രത്യേക പരിഗണനയുടെ മൂന്നാമത്തെ രംഗം കാലത്തെ വിശുദ്ധ ഖുർആൻ ഒരു ദൃഷ്ടാന്തമായി അവതരിപ്പിക്കുന്നു എന്നതാണ്. അല്ലാഹു പറയുന്നു: ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും ബുദ്ധിയുള്ളവര്‍ക്കു ധാരാളം അദ്ഭുത ദൃഷ്ടാന്തങ്ങളുണ്ട്. (ആലു ഇംറാൻ: 190) കാലം ഒരു വലിയ ചിന്തയാണ് എന്ന് ഈ സൂക്തം പറയുന്നു. ഈ ആയത്തിന്റെ പശ്ചാത്തലത്തിൽ നബി തിരുമേനി(സ) ഇങ്ങനെ പറയുകയുമുണ്ടായി, ഈ ആയത്തിന്റെ ആശയത്തെ ചിന്തക്ക് വിധേയമാക്കാതെ വെറുതെ വായയിലിട്ട് ചവച്ചരക്കുന്നവന് മഹാനഷ്ടമാണ് വരാനിരിക്കുന്നത് എന്ന്. സഞ്ചാരത്തിനിടെ കാലം കണ്ടുമുട്ടുന്ന കാര്യങ്ങളെല്ലാം ചിന്തിക്കാനുള്ള വിഷയങ്ങൾ തന്നെ. എന്നാൽ കാലം എന്നത് തന്നെ മനുഷ്യചിന്തയെ ഉദ്വീപിപ്പിക്കാൻ പോന്ന ഒരു വലിയ വിഷയമാണ്.
24 മണിക്കൂർ അഥവാ ഒരു ദിവസം കൃത്യമായി നമുക്ക് ലഭിക്കുന്നത് ഭൂമി അതിന്റെ അച്ചു തണ്ടിൽ കൃത്യമായി ഒരു തവണ കറങ്ങുന്നത് കൊണ്ടാണ്. അതായത്, ഭൂമി അതിന്റെ ചെരുവിൽ ഒരു തവണ തിരിയുന്ന സമയം. ഭൂമിയുടെ കറക്കം എന്നത് ഒരു ചെറിയ വേഗതയല്ല. ഭൂമി അപാരമായ വേഗതയിലാണ് കറങ്ങി കൊണ്ടിരിക്കുന്നത്. ഓരോ മണിക്കൂറിലും അത് 1,600 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അതായത് നാം നിൽക്കുന്ന പ്രദേശം മണിക്കൂറിൽ 1,600 കി മീ. വേഗത്തിൽ തിരിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. ഓരോ സെക്കന്റിലും ഉദ്ദേശം അര കിലോമീറ്റർ വേഗത്തിൽ നമ്മൾ കറങ്ങിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ഭൂമി സൂര്യനെ ലക്ഷ്യം വെച്ച് സഞ്ചരിക്കുന്ന വേഗത എന്നത് മണിക്കൂറിൽ 1,08000 കിലോമീറ്റർ ആണ്.! ചുരുക്കത്തിൽ ഈ രണ്ട് ഭയാനകരമായ ചലനങ്ങൾക്ക് നാം നിൽക്കുന്ന പ്രദേശം സദാ വിധേയമായിക്കൊണ്ടിരിക്കുകയാണ്. 1,08000 കി മീ. വേഗത്തിൽ മുന്നോട്ടും 1,600 കി മീ. വേഗത്തിൽ പിന്നോട്ടും തിരിഞ്ഞു കൊണ്ടിരിക്കുന്നുണ്ട് ഓരോ പ്രദേശവും. പക്ഷെ, എന്നിട്ടും ഈ ഭീമമായ കറക്കത്തിന്റെ ഒരു നേർത്ത സ്പർശം പോലും നമുക്ക് അനുഭവപ്പെടുന്നില്ല എന്നത് പടച്ച റബ്ബിന്റെ കാരുണ്യം കൊണ്ട് മാത്രമാണ്. ഈ വേഗതക്ക് അനുസൃതമായ ഇളക്കവും കുലുക്കവും ഭൗമോപരിതലത്തിൽ അനുഭവപ്പെടുന്നുണ്ട് എങ്കിൽ മനുഷ്യന് സമാധാനപരമായ ജീവിതം തന്നെ സാധ്യമാക്കുമായി കുന്നില്ല. ഇത്രയും കൃത്യതയോടെയും ശാസ്ത്രീയമായുമാണ് അല്ലാഹു പ്രപഞ്ചത്തിന്റെ വ്യവസ്ഥയെ സ്ഥാപിച്ചിരിക്കുന്നത്. ഗുരുത്വാകർഷണ ബലം എന്നൊക്കെ നമ്മൾ അതിനെ ശാസ്ത്രീയമായി വിളിക്കുന്നു.
ഓരോന്നിനും കൃത്യമായ വ്യവസ്ഥ അല്ലാഹു നിശ്ചയിച്ചിരിക്കുന്നു. ഒന്നും ഒരണുവിട തെറ്റുകയില്ല. ഒന്നും തന്നെ അതിന്റെ സ്ഥാനത്തു നിന്നും തെന്നിമാറുകയില്ല. അല്ലാഹു പറയുന്നു: ഓരോന്നും അതിന്റെ ഭ്രമണപഥത്തില്‍ കൃത്യമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (അല്‍ അമ്പിയാഅ്: 33), അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്റെ പ്രകൃതം നല്‍കുകയും, എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ് (ത്വാഹാ: 50). കാലമടക്കമുള്ള പ്രപഞ്ചത്തിന്റെ ഓരോ ഘടകങ്ങളും ഇവ്വിധം ചിന്തയുടെ ഭണ്ഡാകാരങ്ങളാണ്.
കാലം മനുഷ്യ ജീവിതത്തിന്റെ ചാലക ശക്തിയാണ്. അതങ്ങനെയാണ് അങ്ങന ആകുന്നത് എന്ന് ആദ്യം ചിന്തിക്കാം. കാലം അതിന്റെ ഉത്ഭവത്തിൽ തന്നെ മൂന്നായി തരം തിരിയുന്നു. ഭൂതം, വർത്തമാനം, ഭാവി എന്നിങ്ങനെ. ഇത് ഒരു സ്വാഭാവികതയാണ്. ആരും കാലത്തെ ഈ ഘട്ടങ്ങളിലക്ക് തിരിച്ചുവിടേണ്ടതില്ല. ഇങ്ങനെ മൂന്നാകുന്നതും അല്ലാഹുവിന്റെ മഹാ കാരുണ്യമാണ്. കാരണം, അപ്പോഴാണ് കാലം മനുഷ്യ ജീവിതത്തിൽ ഇടപെടുന്നത്. മനുഷ്യൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും തൊട്ടുടനെ തന്നെ ഭൂതകാലമായിത്തീരുന്നു. തുടർന്ന് അത് ശരിയായിരുന്നുവോ എന്ന് പരിശോധിക്കുവാൻ മനുഷ്യന് വർത്തമാനകാലം അവസരമേകുന്നു. വർത്തമാനകാലത്തിൽ ഭൂതകാലത്തെ വിലയിരുത്തി ലഭിക്കുന്ന ഫലം അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും നടപ്പിൽ വരുത്തുവാൻ ഭാവികാലം സഹായകമാകുന്നു. ഗതകാലത്തിൽ സംഭവിച്ചത് തെറ്റായിരുന്നുവെങ്കിൽ അത് തിരുത്തുവാൻ അവസരം ലഭിക്കുന്നു. ശരിയായിരുന്നുവെങ്കിൽ വീണ്ടും കൂടുതൽ ഉത്സാഹത്തോടെ അത് ചെയ്യുവാൻ പ്രചോദനമാകുന്നു. ഇത് കാലത്തിന് 3 ഘട്ടങ്ങൾ ഉണ്ടായതുകൊണ്ട് ലഭ്യമാകുന്ന നേട്ടങ്ങളാണ്. ഈ ക്രമം തികച്ചും ദൈവീകമാണ് എന്ന് പറയുമ്പോൾ അങ്ങനെ ഒരു ക്രമം നിശ്ചയിച്ചതിന്റെ പിന്നിലുള്ള തത്വവും ലക്ഷ്യവും ഈ വിധത്തിൽ തന്നെ ഉള്ളതായിരിക്കും. അതായത് മനുഷ്യൻ കാലത്തോട് കാണിക്കേണ്ട മര്യാദ, ഭൂതകാലത്തിൽ ചെയ്ത എല്ലാ കാര്യങ്ങളെയും വർത്തമാനകാലത്തിൽ പരിശോധനയ്ക്ക് വിധേയമാക്കുകയും അതിൽ നിന്ന് ലഭിക്കുന്ന ഫലം അനുസരിച്ച് ഭാവികാലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്നതാണ്. ഇതു പക്ഷേ, മനുഷ്യൻ എപ്പോഴും ചെയ്തുകൊള്ളണമെന്നില്ല. കാലത്തിന്റെ ഒഴുക്കിൽ അവൻ അത്തരം പരിശോധനകൾ ഒക്കെ മറന്നു പോയേക്കാം. സത്യത്തിൽ, അത്തരം കാര്യങ്ങൾ മറക്കാതിരിക്കുവാൻ വേണ്ടി ഉണ്ടാകുന്നതാണ് കാലവുമായി ബന്ധപ്പെട്ട അടിയന്തരങ്ങൾ. അത് ചിലപ്പോൾ പെരുന്നാൾ പോലെയും ഹജ്ജ് പോലെയും മതപരമായ ചടങ്ങുകളോ ആരാധനകളോ ആയിരിക്കാം. അല്ലെങ്കിൽ മനുഷ്യർ ഗണിച്ചുവരുന്ന കാലത്തിന്റെ അടിയന്തരങ്ങളുമായിരിക്കാം.
അത്തരത്തിലുള്ള അടിയന്തരങ്ങളിൽ ഒന്നാണ് പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കുന്ന സമയം. ഇവിടെ നാം വെറുതെ കലണ്ടർ മാറ്റുകയല്ല, ആത്മപരിശോധനയോടെ മാത്രം അത് എടുത്തു വെക്കുകയും അതിന്റെ ഫലം മനസ്സിൽ തെളിഞ്ഞതിനു ശേഷം മാത്രം പുതിയത് എടുക്കുകയും നിശ്ചയ ദാർഡ്യത്തോടെ മാത്രം സ്ഥാപിക്കുകയാണ് വേണ്ടത്. ഈ ആത്മ വിചാരണ ഇസ്ലാമിന്റെ ഒരു അടിസ്ഥാന ആവശ്യമാണ്. അല്ലാഹു വിശ്വാസികളിൽ നിന്ന് അത് ആവശ്യപ്പെടുന്നുണ്ട്. അള്ളാഹു പറയുന്നു: സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായി അറിയുന്നവനാണ് അല്ലാഹു (ഹശ്ര്‍:18). നബി(സ) പറഞ്ഞു: സ്വന്തത്തെ വിചാരണ ചെയ്ത് കീഴടക്കുകയും മരണാനന്തര(സൗഭാഗ്യ)ത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തവനാണ് ബുദ്ധിമാന്‍. സ്വന്തത്തെ അതിന്റെ ഇച്ഛാനുസാരം ചലിപ്പിക്കുകയും അല്ലാഹുവിന്റെ പേരില്‍ വ്യാമോഹം വെച്ചുപുലര്‍ത്തുകയും ചെയ്തവനാണ് ദുര്‍ബലന്‍. (അഹ്മദ്). ഇസ്ലാമിക സംസ്കാരത്തിന്റെ ഒരു പ്രധാന ധ്വനിയാണിത്. ഉമര്‍(റ) പറയുന്നു: നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പായി സ്വയം വിചാരണ നടത്തൂ. നിങ്ങള്‍ (നിങ്ങളുടെ കര്‍മങ്ങള്‍) തൂക്കിനോക്കപ്പെടുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം തൂക്കിനോക്കൂ. ഇന്ന് ആത്മപരിശോധന നടത്തുന്നത് നാളത്തെ വിചാരണ എളുപ്പമാകാന്‍ സഹായിക്കും. എല്ലാം മറനീക്കി പുറത്തുവരുന്ന നാളിലേക്കായി അണിഞ്ഞൊരുങ്ങുവിന്‍. ഇമാം ഹസന്‍ ബസ്വരി പറയുന്നു: വിശ്വാസി ഏതവസ്ഥയിലും സ്വന്തത്തെ അധിക്ഷേപിച്ചുകൊണ്ടിരിക്കും. ചെയ്യുന്നതൊന്നും പോരാ എന്ന് സ്വയം തോന്നി ദുഃഖിക്കുകയും സ്വന്തത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അതേയവസരം ദുര്‍വൃത്തന്‍ ഒരിക്കലും സ്വന്തത്തെ അധിക്ഷേപിക്കാതെ മുന്നോട്ടുപോകുന്ന. ഇഹലോകത്ത് വെച്ച് സ്വയം വിചാരണ നടത്തിയവര്‍ക്ക് പരലോക വിചാരണ ലഘുവായിരിക്കും. ഇവിടെ സ്വയം വിചാരണ നടത്താത്തവരാണ് അവിടെ കടുത്ത വിചാരണ നേരിടേണ്ടി വരിക.
ഒരു വർഷം കൂടി കഴിയുകയാണ്. അതായത് ജീവിതത്തിന്റെ ഒരു ഇല കൂടി പൊഴിയുന്നു. കഴിയുന്നതും പൊഴിയുന്നതും ഒരു വിധേനയും ഇനി തിരിച്ചുവരാത്ത, തിരിച്ചുപിടിക്കാൻ കഴിയാത്ത കഴിയാത്ത വിലപ്പെട്ട നീക്കിയിരിപ്പുകളാണ്. അതിനാൽ കലണ്ടർ മാറ്റുമ്പോൾ നിസ്സംഗത പുലർത്തുക ക്ഷന്തവ്യമല്ല. അത് നീതീകരിക്കാനും കഴിയില്ല. കാരണം, കടന്നുപോകുന്നത് വിലപ്പെട്ടതാണ്. പിന്നീട് എപ്പോഴെങ്കിലും വെളിവ് തെളിയുമ്പോൾ പുലർ വെട്ടത്തിൽ കടൽക്കരയിൽ കാറ്റേറ്റിരുന്ന അയാളെ പോലെ സങ്കടപ്പെട്ടിട്ട് കാര്യമുണ്ടാവില്ല. അയാൾ വളരെ നേരത്തെ കടൽക്കരയിൽ വന്നതായിരുന്നു. മനസ്സ് നിറയെ ചിന്തകളുടെ ഭാരം ഉണ്ടായിരുന്നതിനാൽ കൂടിയാണ് അദ്ദേഹം ആ നേരത്ത് വന്നത് തന്നെ. മനസ്സ് ചിന്തകളിലൂടെ ഊളയിട്ട് നടക്കുമ്പോൾ അയാളുടെ കൈകൾ കടൽ മണലിൽ പരതുന്നുണ്ടായിരുന്നു. കൈയിൽ ഒരു സഞ്ചി തടഞ്ഞു. അറിയാതെ അത് തുറന്നു. കല്ലുകൾ പോലുള്ള അതിനുള്ളിലെ സാധനം കടലിലേക്ക് ഒന്നിന് പുറകെ ഒന്നായി എറയുമ്പോൾ ഒരു രസം തോന്നി. സഞ്ചിയിലെ സാധനം ഒന്നൊഴികെ എല്ലാം എറിഞ്ഞു കഴിഞ്ഞപ്പോഴേക്കും നേരം നന്നായി വെളുത്തു. അവസാനം എറിയാൻ ഉള്ളതിലേക്ക് വെറുതെ നോക്കുമ്പോഴാണ് അതിന്റെ തിളക്കം കണ്ട് അയാളുടെ കണ്ണുകൾ മഞ്ഞളിച്ചത്. അത് അമൂല്യമായ രത്നം ആയിരുന്നു. കയ്യിൽ വന്നതെല്ലാം എറിഞ്ഞു തുലച്ചതിലുള്ള നിരാശയോടെ എഴുന്നേൽക്കുമ്പോൾ അയാൾക്ക് പൊട്ടിക്കരയണമെന്ന് തോന്നി.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso