ഒരുപോലെയല്ല, ഒന്നാണ് അവനും അവളും
29-12-2022
Web Design
15 Comments
അല്ലാഹു പറയുന്നു: ആണ് പെണ്ണിനെ പോലെയല്ല (3: 36). ഇത് പറയാൻ പെണ്ണ് ആണിനെ പോലെയല്ല എന്ന് പറഞ്ഞാലും മതി. എന്നിട്ടും ഇങ്ങനെ പറഞ്ഞത് പെണ്ണിനെ കണ്ടില്ലെന്ന് നടിക്കാനല്ല. പെണ്ണിന്റേത് ഒരു വിഷയമല്ലാത്തതു കൊണ്ടുമല്ല. അവളെ മറികടക്കാനും ആൺകോയ്മയെ ഉറപ്പിച്ചു നിറുത്താനുമൊന്നുമല്ല. മറിച്ച് പുരുഷൻ രക്ഷപ്പെടാതിരിക്കാനാണ്. ഞാനും അവളും ഒരേ പോലെയല്ലേ എന്ന് ചോദിച്ച് അവൻ നിരുത്തരവാദിയായി ഒഴിഞ്ഞു നിൽക്കാതിരിക്കാനാണ്. കാരണം അവനു ധാരാളം പ്രത്യേകതകൾ നൽകപ്പെട്ടിട്ടുണ്ട്. അത് അവളെ സംരക്ഷിക്കാനും അവൾക്കു വേണ്ടതടക്കം ചെയ്തു കൊടുക്കാനും വേണ്ടിയാണ്. അവന്റെ ഔദാര്യമായല്ല, ഉത്തരവാദിത്വമായി. അവന് മേലെ നിൽക്കാനല്ല. ചിലപ്പോൾ മേലെ നിറുത്തേണ്ടിവരുന്ന അവളെ പോലും താങ്ങുവാൻ. അതുകൊണ്ട് അവനും അവളും ഒരു പോലെയാണ് എന്ന് പറഞ്ഞുകൂടാ. 2020ൽ ഇറക്കിയ, 2021 ൽ പുതുക്കിയ അതേ ഉത്തരവ് കെ എസ് ആർ ടി സിക്ക് വീണ്ടും ഇറക്കേണ്ടിവന്നിരിക്കുന്നതു കണ്ടില്ലേ. വനിതാ കണ്ടക്ടർ ഇരിക്കുന്ന സീറ്റിൽ പുരുഷ യാത്രക്കാർ ഇരിക്കാൻ പാടില്ലെന്ന ഉത്തരവ്. ബസ്സിന് പുറത്ത് ക്ലാസ് മുറിയിൽ നിന്ന് മുൻപിൻ ബഞ്ചുകാർ എന്ന വ്യത്യാസം എടുത്തു കളയാനും കോമ്പൗണ്ടിനെയാകെ ജെൻഡർ ഓഡിറ്റിംഗിന് വിധേയമാക്കുവാനും കൊണ്ടുപിടിച്ച ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ ഉത്തരവ് വീണ്ടും പതിക്കേണ്ടി വന്നിരിക്കുന്നത് എന്നത് നമ്മുടെ ആശയത്തിന് നല്ലൊരു ആമുഖത്തിന് അവസരം സൃഷ്ടിച്ചിരിക്കുന്നു. ഒരു വാദം ഉന്നയിക്കുമ്പോൾ അതിന്റെ പ്രായോഗികത കൂടി പരിഗണിക്കേണ്ടതുണ്ട് എന്ന ആമുഖത്തിന്.
സ്ത്രീ-പുരുഷ സമത്വമെന്ന മുറവിളിക്ക് ഊക്കും ഊർജ്ജവും പകരുന്നത് അതിലെ സമത്വം എന്ന വാക്കാണ്. ആ വാക്ക് ഈ വാദത്തെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നു എന്നത് ശരിയാണ്. ആണും പെണ്ണും സമൂഹത്തിന്റെ രണ്ട് അംശങ്ങളാണെന്നിരിക്കെ അവർ രണ്ടും തമ്മിൽ സമത്വം വേണമെന്ന് വാദിച്ചാൽ ആരും പിന്നെ അതു നടക്കുമോ എന്നൊന്നും ചിന്തിക്കാൻ മിനക്കെട്ടില്ല. പക്ഷെ, സത്യത്തിൽ പ്രായോഗിക തലത്തിൽ അതു സാധിപ്പിക്കുക പ്രയാസമാണ്. ഇതിനു വേണ്ടി നടന്നിട്ടുളള പരീക്ഷണങ്ങളും ശ്രമങ്ങളും വിജയിച്ചിട്ടില്ല.
ഇത്രയും പറയുമ്പോഴേക്കും പലരുടെയും രക്തം തിളക്കാൻ തുടങ്ങിയിട്ടുണ്ടാവും. കുറച്ചു കൂടി പറയുമ്പോഴേക്ക് അവർ കരച്ചു ചാടും. നിങ്ങളൊക്കെ സ്ത്രീ വിരുദ്ധരാണ്, നിങ്ങൾ സ്ത്രീകളെ അടിമകളാക്കുകയാണ്, അവളുടെ അവകാശങ്ങളും അധികാരങ്ങളും അർഹതകളും ഹനിക്കുകയാണ്, നിങ്ങൾ പണ്ടേ അങ്ങനെയാണ് എന്നൊക്കെയായിരിക്കും വിളിച്ചുപറയുക. അങ്ങനെ ആക്രോശിച്ച് ആളായാലും ഈ വാദം അപ്രായോഗികമാണ് എന്നാണ് മറുപടി.
ആണിനെയും പെണ്ണിനെയും സമമായി കാണാൻ കഴിയില്ല എന്നു പറയുന്നവരെയെല്ലാം സ്ത്രീ വിരുദ്ധരും സ്ത്രീകളുടെ വർഗ്ഗ ശത്രുക്കളമായി കാണുക എന്നത് ഒരുതരം ആശയ ബലപ്രയോഗമാണ്. ഇതിനെ പെണ്ണിനെ അവമതിക്കുക എന്ന് വ്യാഖ്യാനിക്കുന്നത് തനി വിഢിത്തവുമാണ്. ശരിക്കും പറഞ്ഞാൽ ആണും പെണ്ണും ഇണകളാണ്. ഒന്നിന്റെ പൂർണ്ണത മറ്റേതിനെ ആശ്രയിച്ചിരിക്കുന്നു. അവയിൽ ഏതെങ്കിലും ഒന്ന് വലുതാണെന്നോ ചെറുതാണെന്നോ ആധിപത്യ സ്വഭാവമുളളതാണ് എന്നോ വിധേയത്വ സ്വഭാവമുള്ളതാണ് എന്നോ ഉളള വിലയിരുത്തലുകളെല്ലാം തികച്ചും അബദ്ധമാണ്. കാരണം അവ രണ്ടും പരസ്പര പൂരകങ്ങളാണ്. പരസ്പര പൂരകങ്ങളുടെ കാര്യത്തിൽ അളവ് പരിഗണിക്കപ്പെടുകയില്ല. പങ്കാളിത്തം മാത്രമേ പരിഗണിക്കപ്പെടൂ. എന്നിരുന്നാലും രണ്ടിൽ ആർക്കാണ് പ്രാധാന്യം?, കൂട്ടത്തിൽ ആരാണ് അധീശാധികാരി? തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുകയാണ് എന്നിട്ടും നമ്മുടെ ലോകം. അത് അങ്ങനെ തീർത്തു പറയാൻ കഴിയില്ല എന്നാണ് അതിനുള്ള പ്രാഥമിക മറുപടി. രണ്ടു പേരുടെയും ശരീരം, മനസ്സ്, വികാരം, വിചാരം, ശാരീരിക പ്രത്യേകത തുടങ്ങിയവയെല്ലാം വിഭിന്നമാണ്. അതിനാൽ ഓരോരുത്തരുടെയും പ്രാധാന്യവും പങ്കാളിത്തത്തിന്റെ അളവുമെല്ലാം ഒറ്റയടിക്ക് നിശ്ചയിക്കുക അസാധ്യമാണ്. ചില വിഷയങ്ങളിൽ സ്ത്രീക്കാണ് പ്രാധാന്യം. അവിടെ അതവളെ ഏൽപ്പിക്കുകയും അതിന്റെ പേരിൽ അവളെ ശ്ലാഖിക്കുകയും വേണ്ടി വരും. മറ്റു പല മേഖലകളിലും പുരുഷന്റെ സവിശേഷതക്കാണ് പ്രാധാന്യം. അവിടെ അവൻ അതിന്റെ കാര്യത്തിൽ ആധിപത്യ ഭാവം പുലർത്തുകയും ചെയ്യുന്നു. ഇങ്ങനെ വായിച്ചാൽ തീരുന്നതേയുള്ളൂ നിലവിലുള്ള പ്രശ്നം.
ആണും പെണ്ണും തമ്മിൽ വ്യത്യാസമുണ്ടോ എന്നയിടത്ത് നിന്നാണ് ഈ ചർച്ച തുടങ്ങുന്നത് തന്നെ. അതുണ്ട് എന്ന് അനുഭവം വിളിച്ചു പറയുമ്പോഴും ഈ വിഷയത്തെ ശാസ്ത്രത്തിന്റെ മേശപ്പുറത്തേക്ക് വലിച്ചിട്ടിരിക്കുകയാണ് ചില തൽപര കക്ഷികൾ. മനുഷ്യൻ മോണോമോർഫിക് ആണോ ഡൈമോർഫിക് ആണോ എന്നതാണ് ചർച്ച. ആണും പെണ്ണും തമ്മിൽ പ്രകടമായ വ്യത്യാസങ്ങളൊന്നുമില്ലെങ്കിൽ അതിന്ന് ഏകലിംഗരൂപത്വം (sexual monomorphism) എന്നും വ്യത്യാസങ്ങളുണ്ടെങ്കിൽ അതിന് ദ്വിലിംഗരൂപത്വം (sexual dimorphism) എന്നുമാണ് പറയുക. ജെൻഡർ പൊളിറ്റിക്സിന്റെ ഭാഗമായി മനുഷ്യ വർഗ്ഗം മോണോമോർഫിക് ആണെന്ന് സ്ഥാപിക്കുന്ന രീതിയിലുള്ള പഠനങ്ങൾ നടക്കുന്നുണ്ട്. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി ആശയം പടച്ചുണ്ടാക്കുന്നവരാണ് ഇതിനു പിന്നിൽ. സത്യത്തിൽ മനുഷ്യ ഉൺമയുടെ എല്ലാ ഘടകങ്ങളിലും വ്യക്തമായ വ്യത്യാസം ആണും പെണ്ണും തമ്മിലുണ്ട് എന്നത് നമ്മുടെ അനുഭവവും ശാസ്ത്രവുമാണ്. സത്യത്തിൽ ശരീരം നിർമ്മിച്ചിരിക്കുന്ന കോശങ്ങളിൽ നിന്നാരംഭിക്കുന്നു ലിംഗപരമായ വ്യത്യാസങ്ങൾ. പെൺകോശങ്ങളും ആൺകോശങ്ങളും തമ്മിൽ പോലും വ്യത്യാസങ്ങളുണ്ട്. ആൺകോശത്തിന്റെ ന്യൂക്ലിയസ്സിലുള്ള നാല്പത്തിയാറ് ക്രോമസോമുകളിൽ രണ്ടെണ്ണമാണ് നമ്മുടെ ലിംഗം നിർണ്ണയിക്കുന്നതെന്നാണ്. പുരുഷകോശത്തിലും സ്ത്രീകോശത്തിലും എക്സ് ക്രോമോസോമുകളുണ്ട്. സ്ത്രീകോശത്തിൽ അത് രണ്ടെണ്ണമുണ്ടെന്ന് മാത്രമേയുള്ളൂ. പുരുഷകോശത്തിന് മാത്രമുള്ള സവിശേഷതയാണ് വൈ ക്രോമസോമുകളുടെ സാന്നിധ്യം. ഒപ്പം തന്നെ അതിൽ ഒരു എക്സ് ക്രോമോസോമുമുണ്ട്. ഇവയുടെ ധർമ്മങ്ങളേക്കാൾ പ്രധാനം ഈ ചർച്ചയിൽ ആണും പെണ്ണും തമ്മിലുള്ള അന്തരം സ്ഥാപിക്കുന്നതിനാണ്.
കോശത്തിൽ നിന്നു തുടങ്ങുന്ന ഈ അന്തരം മസ്തിഷ്കം വരെ എത്തുന്നു. പുരുഷ മസ്തിഷ്‌കം 10-15% വലുതും ഭാരമുള്ളതുമാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ വ്യത്യാസം മറ്റു അവയവങ്ങളുടെ കാര്യത്തിലുമുണ്ട്. പുരുഷഹൃദയത്തിന്റെ ഭാരം 350 ഗ്രാം, സ്ത്രീയുടേത് 250 ഗ്രാം. കരളിന്റെ തൂക്കവ്യത്യാസം 1600-1500. രക്തത്തിന്റെ അളവ് പുരുഷന് സ്ത്രീയേക്കാള്‍ 20 ശതമാനം കൂടുതലാണ്. പുരുഷന്റെ നാഡി മിനിറ്റില്‍ 72 തവണ മിടിക്കുമ്പോള്‍ സ്ത്രീയുടേത് 82 തവണ മിടിക്കും. ശാരീരികമായി സ്ത്രീക്ക് പുരുഷന്റെ ഉയരമോ ഭാരമോ ഇല്ല. ഹീമോഗ്ലോബിന്‍ മുതല്‍ ശാരീരിക സ്രവങ്ങളിലെ ഹോര്‍മോണുകളിൽ വരെ വ്യത്യാസമുണ്ട്. ഭാരിച്ചതോ ദീര്‍ഘിച്ചതോ ആയ ജോലികള്‍ താങ്ങാൻ അവര്‍ക്ക് പുരുഷനെ അപേക്ഷിച്ച് പ്രയാസമാണ്. വളരെ പ്രാഥമികമായ ഇത്തരം അന്തരങ്ങള്‍ ശാരീരികമായും മാനസികമായും സ്ത്രീ-പുരുഷന്മാരെ വ്യത്യസ്തരാക്കുന്നുണ്ട്. ഇത് സ്വാഭാവികമാണ്. സ്ത്രീയുടെ ധര്‍മവും ചുമതലയും ദൗത്യവും പഠനവിധേയമാക്കാതെ ഏകപക്ഷീയമായ ധാരണകളാണ് ഇത്തരം പരിഷ്‌കരണങ്ങളിലേക്ക് നയിക്കുന്നവരെ സ്വാധീനിക്കുന്നതെന്ന് ഈ രംഗത്ത് നടത്തപ്പെട്ട പഠനങ്ങൾ തീർത്തു പറയുന്നുണ്ട്. ലിംഗ വൈവിധ്യവും വൈരുധ്യവും തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് പലരുടെയും പ്രശ്നം.
ശാസ്ത്രീയമായ ഈ വസ്തുതകൾ പോലെ പച്ചയായ അനുഭവങ്ങളും ഈ സത്യം തെളിയിക്കുന്നുണ്ട്. സാമൂഹിക ഇടപെടലുകളിലാവശ്യമായ ദീർഘ ദൃഷ്ടി, കാര്യങ്ങൾ തന്ത്രപരമായി കൈകാര്യം ചെയ്യാനുള്ള മിടുക്ക്, മനക്കരുത്ത്, ധൈര്യം തുടങ്ങിയ കാര്യങ്ങളിലൊക്കെ പുരുഷൻ താരതമ്യേന മുമ്പിലാണ്. ഇതെല്ലാം മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിന് ആവശ്യം ആവശ്യമായ കാര്യങ്ങളാണ്. അതിനെല്ലാം വേണ്ടി രംഗത്തിറങ്ങാനും ശ്രമിക്കാനും ത്യാഗം ചെയ്യുവാനുമെല്ലാം സ്ത്രീയേക്കാൾ കഴിയുക പുരുഷനാണ്. അതിന് വേണ്ട ശാരീരികവും മാനസികവുമായ ഗുണങ്ങൾ ജനിതകമായി കിട്ടിയിട്ടുള്ളത് അവനാണ്. അതിനാൽ ശരിയായ പൊതു പ്രവർത്തനം പുരുഷനിലാണ് സാധ്യമാവുന്നത്. അതിനർഥം സ്ത്രീ ഒന്നിനും കൊള്ളാത്തവളാണ് എന്നല്ല. അവളോട് നീ വെയിലത്തിറങ്ങി നടന്ന് പ്രകോപനപരമായ സാഹചര്യങ്ങളെ നേരിട്ട് പൊതുപ്രവർത്തനം നടത്തേണ്ട എന്നു പറയുമ്പോൾ അവളെ സത്യത്തിൽ താഴ്ത്തുകയല്ല, ഉയർത്തുകയാണ് ചെയ്യുന്നത്. അത് അവന്റെ മേഖലയാണ് എന്ന് മാത്രം. കുടുംബ, ഗാർഹിക ഭരണത്തിൽ സ്ത്രീയോളം പുരുഷനുമെത്താനാവില്ല. ഇത് പുരുഷൻ ചെയ്യുന്ന എത് ദൗത്യത്തേയും കവച്ചുവെക്കുന്നതാണ്. കുലത്തിന്റെ നിലനിൽപ്പും വികാസവുമാണ് അവൾ നിർവ്വഹിക്കുന്നത്. അതിനാൽ സന്താനോൽപ്പാദനവും പരിചരണവും ഗാർഹിക വൃത്തിയും സ്ത്രൈണതയുടെ പ്രത്യേകതയാണ്. ഇതിനാവശ്യമായ ക്ഷമയും, അലിവും ദയയും വശീകരണ ശക്തിയും, കൃപയും പുരുഷനെക്കാളേറെ അവൾക്കാണ് ഉളളത്. ഈ പറഞ്ഞത് അനുഭവത്തിന്റെ വെളിച്ചത്തിലുളള ഒരു സാധാരണ ഉദാഹരണം മാത്രമാണ്. ഇങ്ങനെ വിവരിക്കുമ്പോഴാണ് ഫെമിനിസത്തിന് കലിയിളകുക. ആണുങ്ങളെ പുറത്തേക്ക് വിട്ട് പെണ്ണുങ്ങളെ അടുക്കളയിൽ തളച്ചിട്ടു എന്ന് വിലപിക്കും. പക്ഷെ, അവൾ വീട്ടിനുള്ളിലാണെങ്കിലും അവിടെ സർവ്വാദരണീയയും ബഹുമാന്യയുമാണ് എന്നതും അവളുടെ വഴിയിൽ സ്നേഹത്തിന്റെ പട്ടുകമ്പളം വിരിക്കപ്പെട്ടിരിക്കന്നു എന്നതുമെല്ലാം അവർ സൗകര്യപൂർവ്വം മറക്കുന്നു. പുരുഷൻ അവളെയടക്കം സന്തോഷിപ്പിക്കാൻ കയറിയിറക്കുന്ന വഴികളുടെ പാരുഷ്യത്തെ കുറിച്ച് അവൾ ഗൗനിക്കുന്നില്ല.
ഇന്ത്യൻ ആർമിയിൽ പുരുഷന്മാർ 12 ലക്ഷത്തിലധികം ഉണ്ടെങ്കിൽ സ്ത്രീകൾ വെറും 7000 ത്തിൽ താഴെ മാത്രം. ഇന്ത്യൻ എയർഫോഴ്സിൽ ഒരു ലക്ഷത്തി 47000 അധികം പുരുഷന്മാർ രാജ്യത്തെ സേവിക്കുമ്പോൾ വനിതകൾ കേവലം 1650 ൽ താഴെ മാത്രം. ഇന്ത്യൻ നേവിയിൽ 11000 താഴെ പുരുഷന്മാർ രാജ്യത്തിന് സേവനം ചെയ്യുമ്പോൾ കേവലം 750 താഴെ മാത്രമാണ് വനിതകൾ. ഇതും പാട്രിയാർക്കിയാണ് എന്നായിരിക്കും പറയുക. ഒരു കാര്യത്തിൽ അന്ധമായ വാശി പുലർത്തുമ്പോൾ അതിനനുസരിച്ച് നമ്മുടെ ബുദ്ധി മന്ദീഭവിക്കുന്നതു കൊണ്ടാണ് വാശിക്കാർക്ക് കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ കഴിയാത്തത്. ഈ കണക്കുകളോട് ചേർത്തു വെക്കേണ്ട ഒരു വസ്തുതയുണ്ട്. അത്, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സ്ത്രീകൾക്കാണ് പരിഗണന എന്നതാണ്. കാരണം ഈ മേഖലകളോട് കൂടുതൽ ഹൃദയപൂർവ്വം പ്രതികരിക്കുവാനുളള ശേഷി അവർക്കാണ് കൂടുതൽ. ഈ സമത്വചിന്തക്ക് ചിറക് മുളച്ചിട്ട് കാലമേറെയായിട്ടില്ല. ലണ്ടനിലെ മേരി വേർസ്റ്റോൺ ക്രാഫ്റ്റാണ് സമത്വവാദവുമായി ആദ്യം രംഗത്തെത്തിയത്. 1972 ൽ അദ്ദേഹം എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ്സ് ഓഫ് വ്യൂമൺ (A vindication of the rights of woman ) എന്ന ഗ്രന്ഥം രചിച്ച രാഷ്ട്രഭരണം, പൊതുപ്രവർത്തനം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവയെല്ലാം പുരുഷനും സ്ത്രീക്കും തുല്യാവകാശം വേണമെന്നതാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
പുതിയ കാലത്തെ ഇത്തരം ചിന്തകളാൽ മുഖരിതമാക്കിയത് മനുഷ്യനിൽ നിക്ഷേപിക്കപ്പെട്ട വ്യർഥമായ ലിബറൽ ചിന്താഗതികളാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ വന്ന മൂന്ന് പേരും അവരുടെ വാദങ്ങളുമാണ് ഇതിന്റെ സാക്ഷാൽ ഉത്തരവാദികൾ. അവർ മനുഷ്യൻ നൂറ്റാണ്ടുകളായി നെയ്തെടുത്ത ജീവിത ശൈലികൾ തകർത്തുകളഞ്ഞു. എന്നാൽ അവർ പകരം സമർപ്പിച്ചതിനാവട്ടെ പ്രായോഗികത ഇല്ലാത്തതിനാൽ പിടിച്ചു നിൽക്കാനായില്ല താനും. ചാൾസ് ഡാര്‍വിന്റെ (1809-1882) പരിണാമവാദങ്ങളും കാള്‍ മാര്‍ക്‌സിന്റെ (1818-1883) സാമൂഹിക സാമ്പത്തിക കാഴ്ചപ്പാടുകളും സിഗ്മണ്ട് ഫ്രോയിഡിന്റെ (1856-1939) ലൈംഗിക വീക്ഷണങ്ങളുമാണ് അവ. ഒന്നാമത്തേത് എല്ലാം നിരാകരിക്കുന്ന യുക്തിവാദവും രണ്ടാമത്തേത് അപ്രായോഗിക രാഷ്ട്രീയ സോഷ്യലിസവും മൂന്നാമത്തേത് കുത്തഴിഞ്ഞ ലൈംഗികതയും ആണ് നൽകിയത്. സൂക്ഷ്മമായി ചിന്തിച്ചാൽ ഈ മൂന്നെണ്ണവും ചേർന്നാണ് മനുഷ്യ കുലത്തിന്റെ താളത്തെ വികലമാക്കിയത് എന്നു കാണാം.
ഒരുപോലെ എന്നു പറയുമ്പോൾ അവർ രണ്ടു പേർക്കും രണ്ട് അസ്തിത്വം ഉണ്ടാകുന്നു. വലുതെന്നോ ചെറുതെന്നോ ആദ്യത്തേതെന്നോ അവസാനത്തേതെന്നോ നോക്കാതെ അവർ പരസ്പരം ലയിച്ചു ചേർന്ന് ഒന്നാകുകയാണ് വേണ്ടത്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso