Thoughts & Arts
Image

പെണ്ണും ഇണയും

21-12-2022

Web Design

15 Comments





ജീവിത പങ്കാളിക്ക് പല ഭാഷകളിലും പല വാക്കുകളാണ് ഉപയോഗിച്ചുവരുന്നത്. ഓരോ ഭാഷക്കാർക്കും തങ്ങളുടെ ഭാഷയിലെ പ്രയോഗമാണ് ശരി എന്ന് പറയുവാനും വാദിക്കുവാനും കൂടുതൽ വികാരം കാണും. അതൊക്കെ ന്യായീകരണങ്ങൾ മാത്രമാണ്. ഒരു ഭാഗം അനുകൂലമാകുമ്പോൾ മറ്റൊരു വശം പ്രതികൂലമാകും. നമ്മുടെ മലയാളത്തിലെ ഭാര്യ എന്ന വാക്ക് തന്നെ അതിനുദാഹരണമാണ്. പുരുഷന്റെ വിധേയ എന്നൊക്കെ അതിനർഥം കൽപ്പിക്കാം എങ്കിലും അവൾ ഭരിക്കപ്പെടുന്നവളും ഭരിക്കപ്പെടേണ്ടവളുമാണ് എന്ന ഒരു പ്രയാസപ്പെടുത്തുന്ന പ്രയോഗം അതിൽ നിന്നു പുറത്തുചാടുന്നുണ്ട്. അങ്ങനെ വിലയിരുത്തി വരുമ്പോൾ ഏറ്റവും അർഥപൂർണ്ണതയും ആശയ സമ്പന്നതയും ഉളള വാക്കും പ്രയോഗവും വിശുദ്ധ ഖുർആനിന്റെ സൗജ് എന്ന പ്രയോഗമാണ്. സൗജ് എന്നാൽ ഇണ എന്നാണ് അർഥം. ഭാര്യ ഭരിക്കപ്പെടുന്നവളും ഭർത്താവ് ഭരിക്കുന്നവനുമെന്ന ധാരണക്ക് ഇണകൾ എന്നർഥം വരുന്ന പാരസ്പര്യത്തിന്റെ ഉൾക്കനമുള്ള സൗജ് എന്ന പദത്തെ പകരം വെക്കുകയാണ് ഖുർആൻ. അതോടെ സ്ത്രീ-പുരുഷന്മാര്‍ പരസ്പര പൂരകവും പരസ്പര സഹായകവുമായ പങ്കാളികളായിക്കൊണ്ടുള്ള, ഇണ-തുണയെന്ന നിലക്കുള്ള ഉദാത്ത സങ്കല്‍പ്പം ഉടലെടുക്കുന്നു. പാരസ്പര്യമാണ് അതിന്റെ അകംപൊരുള്‍. അടിച്ചമര്‍ത്തലോ, തല്‍സ്വഭാവത്തിലുള്ള മേധാവിത്തമോ ഈ പാരസ്പര്യത്തിൽ ഉണ്ടാകുകയില്ല. വിശുദ്ധ ഖുർആൻ ഭാര്യ- ഭർത്താക്കൻമാരെ വസ്ത്രങ്ങളായും വിശേഷിപ്പിക്കുന്നുണ്ട്. (2: 187).



പക്ഷേ എല്ലാ ഭാര്യമാരെയും അഥവാ ജീവിതപങ്കാളികളെയും ഇണ എന്ന അർത്ഥമുള്ള സൗജ് എന്ന് ഖുർആൻ പ്രയോഗിക്കുന്നില്ല. ഇത് ഖുർആനിന്റെ അമാനുഷികതയുടെ ഒരു തെളിവ് കൂടിയാണ് എന്ന് പഠനങ്ങൾ പഠനങ്ങൾ പറയുന്നു. പുരുഷനും സ്ത്രീയും തമ്മിൽ എല്ലാ അർത്ഥത്തിലും ഉള്ള സംയോജനം ഉണ്ടാകുന്ന ബന്ധങ്ങളിലെ സ്ത്രീയെ മാത്രമാണ് ഖുർആൻ സൗജ് എന്ന് വിളിക്കുന്നതും ശരിയായ ജീവിത പങ്കാളിയായി പരിഗണിക്കുന്നതും. അല്ലാത്തവരെ വെറും പെണ്ണ് എന്നാണ് ഖുർആനിന്റെ പ്രയോഗം. ഭാര്യയും ഭർത്താവും തമ്മിൽ ഉണ്ടായിരിക്കണം എന്ന് വിശുദ്ധ ഖുർആൻ പരിഗണിക്കുന്ന ഈ യോജിപ്പിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് പരിഗണിക്കുന്നത്. അവയിൽ ഒന്ന് ഭാര്യയും ഭർത്താവും ആശയതലത്തിൽ പൊരുത്തം ഉണ്ടാവുക എന്നതാണ്. അഥവാ രണ്ടുപേരും ഒരേ ആദർശത്തെ പിന്തുടരുന്നവർ ആയിരിക്കുക എന്നത്. ഈ യോജിപ്പിൽ പരിഗണിക്കുന്ന മറ്റൊരു കാര്യം കുടുംബനാഥനായ പുരുഷന് ഈ ഭാര്യയിലോ തന്റെ മറ്റേതെങ്കിലും ഭാര്യമാരിലോ മക്കൾ ഉണ്ടായിരിക്കുക എന്നത്. അഥവാ പുരുഷന് പ്രത്യുൽപാദന ശേഷി ഉണ്ടായിരിക്കുക എന്നത്. ഇത്തരം വിഷയങ്ങളിൽ പരിപൂർണ്ണമായ യോജിപ്പ് ഉണ്ടാകുമ്പോൾ മാത്രമാണല്ലോ ഒരാളും ഒരു പെണ്ണും ശരിക്കും പരസ്പരം ലയിച്ച് ചേർന്ന് ഒന്നായി തീരുന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളെയും പ്രയാസങ്ങളെയും നേരിട്ട് കുടുംബം എന്ന നൗക വിജയത്തിന്റെ കരയിൽ എത്തിക്കുവാൻ അവർക്ക് കഴിയുക അപ്പോൾ മാത്രമാണ്. അല്ലാതെ വരുമ്പോൾ ആ ബന്ധത്തിൽ പെണ്ണിന്റെ റോൾ കേവലം ഒരു ലൈംഗിക ഉപകരണം എന്നത് മാത്രമായി ചുരുങ്ങുന്നു. അതുകൊണ്ട് ഖുർആൻ അവളെ പെണ്ണ് എന്ന മാത്രം വിളിച്ച് അതിൽ ഒതുക്കുന്നു. ഇത് പരിശുദ്ധ ഖുർആനിന്റെ അമാനുഷികതകളിൽ പെട്ട ഒരു അധ്യായമാണ്.



ഉദാഹരണങ്ങൾ പരിശോധിക്കാം. മനുഷ്യകുലത്തിലെ ആദ്യത്തെ കുടുംബം തന്നെയാണ് ആദ്യത്തെ ഉദാഹരണം. അതിലെ ആദം നബിയുടെയും ഹവ്വ ബീവിയുടെയും കുടുംബത്തിലെ ഇണയെ വിശുദ്ധ ഖുർആൻ സൗജ് എന്ന് തന്നെയാണ് വിളിക്കുന്നത്. അല്ലാഹു പറയുന്നു: ആദമിനോട് നാം അരുളി: താങ്കളും സഹധര്‍മിണിയും സ്വര്‍ഗത്തില്‍ വസിക്കുകയും അതില്‍ നിന്ന് ഇഷ്ടാനുസരണം സുഭിക്ഷമായി ആഹരിക്കുകയും ചെയ്യുക. എന്നാല്‍ ഈ വൃക്ഷവുമായടുക്കരുത്; അങ്ങനെ ചെയ്താല്‍ നിങ്ങളിരുവരും അക്രമികളില്‍ പെടും. (2:35) ഇവിടെ രണ്ടു പേർക്കുമിടയിൽ പരിപൂർണ്ണമായ പൊരുത്തവും യോചിപ്പും ഉണ്ടായിരുന്നു. മാത്രമല്ല, ആദം നബിക്ക് മക്കൾ ജനിക്കുകയും ചെയ്തിരുന്നു. ഈ സംബോധന നടക്കുന്നത് ഭൂമി ലോകത്ത് എത്തുന്നതിനു മുമ്പാണ്. മറ്റൊരു ഉദാഹരണം നബി (സ) തങ്ങളുടെതാണ്. നബിയുടെ ഭാര്യമാരെ കുറിച്ച് പറയുമ്പോൾ വിശുദ്ധ ഖുർആൻ സൗജ് എന്ന വാക്ക് തന്നെയാണ് ഉപയോഗിക്കുന്നത്. കാരണം, നബി(സ) തങ്ങളും ഭാര്യമാരും തമ്മിൽ സമ്പൂർണ്ണമായ പൊരുത്തങ്ങൾ ഉണ്ടായിരുന്നു. നബി തങ്ങൾക്ക് അവരിൽ രണ്ടു ഭാര്യമാരിൽ ഭാര്യമാരിൽ (ഖദീജ, മാരിയ (റ)) കുഞ്ഞുങ്ങൾ ജനിക്കുകയും ചെയ്തു. സൂറത്തുൽ അഹ്സാബിൽ അല്ലാഹു പറയുന്നതിൽ നിന്ന് ഇത് ഗ്രഹിക്കാം. ഖുർആൻ പറയുന്നു: സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്വന്തത്തെക്കാല്‍ സമീപസ്ഥരാണ് നബി തിരുമേനി; പ്രവാചക പത്‌നിമാര്‍ അവരുടെ ഉമ്മമാരുമത്രേ. (33: 6) ഇവിടെ അല്ലാഹു സൗജ് എന്ന വാക്കാണ് പ്രയോഗിക്കുന്നത്.



അപ്രകാരം തന്നെ ശരിക്കും ഒരു കുടുംബം രൂപപ്പെടേണ്ടത് ആണും പെണ്ണും ചേർന്നല്ല ആണും ഇണയും ചേർന്നാണ് എന്ന് അള്ളാഹു ദ്യോതിപ്പിക്കുന്നതും കാണാം. ഉദാഹരണമായി വിവാഹത്തെക്കുറിച്ച് അല്ലാഹു പറയുന്നിടത്ത്, നിങ്ങൾക്ക് അനുഗ്രഹമായി തന്നിരിക്കുന്നതും ഉണ്ടാവേണ്ടതും സൗജ് ആണ് അല്ലാതെ ഇംറ അത്ത് അല്ല എന്നത് ഖുർആനിന്റെ ധ്വനിയിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഉദാഹരണമായി അല്ലാഹു സൂറത്തു റൂമിൽ ഇരുപത്തി ഒന്നാമത്തെ സൂക്തത്തിൽ പറയുന്നു: ഇണകളുമായി സംഗമിച്ച് സമാധാന ജീവിതമാസ്വദിക്കാനായി സ്വന്തത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചു തന്നതും പരസ്പര സ്‌നേഹവും കാരുണ്യവും നിക്ഷേപിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയത്രേ. ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ഇതില്‍ പാഠങ്ങളുണ്ട് തീര്‍ച്ച. (30: 21) ഇവിടെ ഉപയോഗിച്ചിരിക്കുന്നത് സൗജ് എന്ന വാക്കാണ്. അപ്രകാരം തന്നെ സത്യവിശ്വാസികളെ തങ്ങളുടെ കുടുംബത്തിനും സന്തതികൾക്കും വേണ്ടി നടത്തേണ്ട ഒരു പ്രാർത്ഥന അള്ളാഹു പഠിപ്പിക്കുന്നുണ്ട്. സൂറത്ത് അൽ ഫുർഖാൻ എഴുപത്തിനാലാമത്തെ ആയത്തിലാണ് അത്. അല്ലാഹു പറയുന്നു: നാഥാ സ്വന്തം സഹധര്‍മിണിമാരിലും സന്താനങ്ങളിലും നിന്ന് ഞങ്ങള്‍ക്കു നീ ആനന്ദം നല്‍കുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും അവര്‍. (25: 74) ശരിയായ സത്യവിശ്വാസിയുടെ ലക്ഷണമാണിത്. ഭാര്യമാരും മക്കളുമൊക്കെ ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും നിദര്‍ശനങ്ങളും സ്രോതസ്സുകളുമാകണം എന്നും ഏറ്റവും മാതൃകായോഗ്യമായ ജീവിതത്തിന്റെ ഉടമകളാകണം എന്നും അവര്‍ നിരന്തരമായി ആഗ്രഹിക്കുക എന്നതും അതിനായി പ്രാര്‍ഥിക്കുക എന്നതും ഉണ്ടാവണമെങ്കിൽ അതിനുള്ള പ്രചോദനം മനസ്സിൽ നിന്ന് തന്നെ വരണം. അതിന് ദമ്പതികൾക്കിടയിൽ നല്ല മനപ്പൊരുത്തം ഉണ്ടാകുകയും വേണം.



ഇനി ജീവിതപങ്കാളിയെ വെറും പെണ്ണ് എന്ന് വിളിക്കുന്ന, വിവരിക്കുന്ന ഖുർആൻ സൂക്തങ്ങൾ പരിശോധിക്കാം. അത് ധാരാളമുണ്ട്. ഉദാഹരണമായി സൂറത്തു അത്തഹ് രീം പതിനൊന്നാമത്തെ ആയത്ത് പരിശോധിക്കാം. അതിൽ അല്ലാഹു പറയുന്നത് ഫറോവയുടെ ഭാര്യയെ കുറിച്ചാണ്. ഫറോവയുടെ ഭാര്യ ആസിയ ബീവി(റ) ആയിരുന്നു. ഫറോവ എന്ന് വിശേഷിപ്പിക്കുന്ന ഈജിപ്ത് ഭരിച്ച കോപ്ടിക്കുകളിലെ റാംസസ് രണ്ടാമൻ ചക്രവർത്തി ക്രൂരനും ഏകദൈവ വിശ്വാസത്തിന് എതിരെ നിൽക്കുന്ന ആളുമായിരുന്നു. അതേസമയം അദ്ദേഹത്തിന്റെ പത്നി ആസിയ(റ) മനസ്സുകൊണ്ട് സത്യവിശ്വാസത്തെ സ്വീകരിച്ച ആളായിരുന്നു. അവർ തമ്മിൽ ആദർശപരമായ പൊരുത്തം തീരെ ഉണ്ടായിരുന്നില്ല. മനപ്പൊരുത്തം ഇല്ലാത്തതിനാൽ അവരെക്കുറിച്ച് പറയുമ്പോൾ അല്ലാഹു ഫറോവയുടെ ഇണ എന്നല്ല ഫറോവയുടെ പെണ്ണ് എന്നാണ് പറയുന്നത്. സൗജ് എന്നല്ല ഇംറഅത്ത് എന്ന്. അല്ലാഹു പറയുന്നു: സത്യവിശ്വാസികള്‍ക്ക് ഉപമയായി ഫറോവയുടെ പത്‌നിയെയാണവന്‍ ഉപമിക്കുന്നത്. നാഥാ നിന്റെ സന്നിധിയില്‍ എനിക്കൊരു സ്വര്‍ഗീയ സദനം പണിതുതരികയും ഫിര്‍ഔനിലും അവന്റെ ക്രൂരചെയ്തികളിലും അതിക്രമികളായ കൂട്ടരിലും നിന്നു എനിക്ക് സുരക്ഷയേകുകയും ചെയ്യേണമേ എന്ന് അവര്‍ കേണുപ്രാര്‍ത്ഥിച്ച സന്ദര്‍ഭം. (66: 11) ഇപ്രകാരം തന്നെ നൂഹ് നബിയുടെയും ലൂത്ത് നബിയുടെയും ഭാര്യമാരെ കുറിച്ചും ഖുർആൻ പെണ്ണ് എന്ന് പറയുന്നുണ്ട്. നൂഹ് നബിയുടെ ഈ ഭാര്യ ശത്രുക്കളുടെ കൂടെ ചേർന്ന് നൂഹ് നബിയെ പരിഹസിക്കുവാനും ഭത്സിക്കുവാനും ശ്രമിച്ച ആളായിരുന്നു. ലൂത്ത് നബിയുടെ ഭാര്യയാവട്ടെ അന്നത്തെ സ്വവർഗ്ഗരതിക്കാരുടെ കൂടെ കൂടുകയും ലൂത്ത് നബിയേ ആദർശപരമായി വഞ്ചിക്കുകയും ചെയ്ത ആളായിരുന്നു. ലൂത്ത് നബിയെ കാണുവാൻ സദൂമിലേക്ക് വന്ന മലക്കുകളെ അവർ സുന്ദരന്മാരായ പുരുഷന്മാരുടെ രൂപത്തിലായിരുന്നതിനാൽ സ്വവർഗ്ഗ രതിക്കാർക്ക് ചൂണ്ടിക്കാണിച്ചുകൊടുത്തതും വിവരം ചോർത്തിക്കൊടുത്തതും ഈ ഭാര്യയായിരുന്നു എന്നാണ്. അല്ലാഹുവിന്റെ ശിക്ഷ രണ്ടുപേരെയും പിടികൂടിയത് ചരിത്രം പറയുന്നുണ്ട്. അല്ലാഹു പറയുന്നു: സത്യനിഷേധികള്‍ക്ക് ഉദാഹരണമായി അല്ലാഹു നൂഹിന്റെയും ലൂത്വിന്റെയും ഭാര്യമാരെ എടുത്തു കാണിക്കുന്നു. അവരിരുവരും സദ്‌വൃത്തരായ നമ്മുടെ രണ്ട് ദാസന്മാരുടെ ഭാര്യമാരായിരുന്നു. എന്നിട്ടും അവരിരുവരും തങ്ങളുടെ ഭര്‍ത്താക്കന്മാരെ വഞ്ചിച്ചു. അതിനാല്‍ അവരിരുവര്‍ക്കും അല്ലാഹുവിന്റെ ശിക്ഷയുടെ കാര്യത്തില്‍ ഭര്‍ത്താക്കന്മാരൊട്ടും ഉപകാരപ്പെട്ടില്ല. ഇരുവരോടും പറഞ്ഞത് ഇതായിരുന്നു: നരകയാത്രികരോടൊപ്പം നിങ്ങളിരുവരും അതില്‍ പ്രവേശിക്കുക. (66: 10)



ഇപ്രകാരം തന്നെ ഈജിപ്ത് ഭരിച്ചിരുന്ന രാജാവിന്റെ പത്നിയെ സൂറത്ത് യൂസഫിൽ പെണ്ണ് എന്നാണ് പറയുന്നത്: പട്ടണത്തിലെ ചില കുലീന മഹിളകള്‍ പറഞ്ഞു: അസീസിന്റെ പെണ്ണ് ഭൃത്യനെ പാട്ടിലാക്കാന്‍ ശ്രമിക്കുകയാണ്; പ്രേമംകൊണ്ട് അവന്‍ അവളുടെ മനം കവര്‍ന്നിരിക്കുന്നു. (12:30) അതിന്റെ കാരണം അവർക്ക് മക്കൾ ഉണ്ടായിരുന്നില്ല എന്നതാവാം എന്ന് ചരിത്രങ്ങളിൽ അനുമാനമുണ്ട്. അല്ലെങ്കിൽ അവർക്കിടയിൽ മനപ്പൊരുത്തത്തിന്റെ കുറവും ഉണ്ടായേക്കാം. ഏതായിരുന്നാലും പരിപൂർണ്ണ അർത്ഥത്തിലുള്ള, പരസ്പരം മനസ്സുകൾ വിലയും പ്രാപിക്കുന്ന തരത്തിലുള്ള ബന്ധം അവർക്കിടയിൽ ഉണ്ടായിരുന്നിട്ടില്ല എന്നതായിരിക്കാം ഇതിനു കാരണം. ഇവിടെ വിശുദ്ധ ഖുർആനിന്റെ പ്രയോഗത്തിൽ മറ്റൊരു സന്ദേഹം സ്വാഭാവികമാണ്. അത് ഇമ്രാനിന്റെ ഭാര്യയെ കുറിച്ച് പെണ്ണ് എന്നാണല്ലോ ഖുർആൻ പ്രയോഗിക്കുന്നത്, അതേസമയം ഇമ്രാനും അദ്ദേഹത്തിന്റെ പത്നി ഹന്നത്ത് ബീവിയും ഒരേ ആദർശക്കാരും പരസ്പരം മനപ്പൊരുത്തം ഉള്ളവരും ആയിരുന്നു. അവർക്കാണെങ്കിലോ മറിയം എന്ന കുഞ്ഞ് ജനിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ നേരത്തെ പറഞ്ഞ ആശയമനുസരിച്ച് ഇമ്രാനിന്റെ ഭാര്യയെ ഇണ എന്നു തന്നെയാണല്ലോ വിളിക്കേണ്ടത്. പക്ഷേ എന്നിട്ടും പെണ്ണ് എന്ന് എന്തുകൊണ്ടാണ് വിളിച്ചിരിക്കുന്നത് എന്ന്. ഇതിന്റെ ഉത്തരം പരതുമ്പോൾ നാം എത്തിച്ചേരുക ഇമ്രാന്റെ മരണത്തിലാണ്. അതായത് കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് ഇമ്രാൻ മരണപ്പെട്ടിട്ടുണ്ട് എന്നാണ് ചരിത്രം. ഈ കുഞ്ഞിനെ ബൈത്തുൽ മുഖദ്ദസിലേക്ക് മാതാപിതാക്കൾ നേർച്ച ചെയ്തതായിരുന്നുവല്ലോ. അവിടെ ആരാണ് കുഞ്ഞിനെ സംരക്ഷിക്കുക എന്നത് ഒരു ചർച്ചാവിഷയം ആയതും അവസാനം നറുക്കെടുപ്പിലൂടെ സക്കറിയ നബി അത് ഏറ്റെടുത്തതും വിശുദ്ധ ഖുർആൻ തന്നെ മറിയം സൂറത്തിൽ പറയുന്നുണ്ട്.



ഈ പറഞ്ഞു വരുന്ന വിഷയം അതിന്റെ പൂർണമായ ആശയം പ്രകടിപ്പിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്ന സംഭവം സക്കരിയ നബിയുടെ ചരിത്രമാണ്. ഇസ്രയേൽ സന്തതികളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനായിരുന്ന സക്കരിയ നബി അവരുടെ പ്രധാന പുരോഹിതനായിരുന്നു. അദ്ദേഹത്തിന് മക്കൾ ഉണ്ടായിരുന്നില്ല. മക്കളില്ലാത്ത വിഷമം അദ്ദേഹത്തെ വല്ലാതെ അലട്ടിയപ്പോൾ അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന രംഗം ഖുർആനിൽ കാണാം അല്ലാഹു പറയുന്നു: അദ്ദേഹം ബോധിപ്പിച്ചു: നാഥാ എന്റെ അസ്ഥികള്‍ ദുര്‍ബലമാവുകയും തല നരച്ചുവെളുത്തു തിളങ്ങുകയും ചെയ്തിരിക്കുന്നു. നിന്നോടു പ്രാര്‍ത്ഥന നടത്തിയിട്ട് ഇന്നോളം ഞാന്‍ ഭാഗ്യശൂന്യനായിട്ടില്ല നാഥാ. വഴിയെ വരാനുള്ള ബന്ധുക്കളെക്കുറിച്ച് എനിക്ക് പേടിയുണ്ട്. എന്റെ സഹധര്‍മിണിയാണെങ്കില്‍ വന്ധ്യയാണ്. അതിനാല്‍ നിന്റെയടുത്ത് നിന്ന് എനിക്കും യഅ്ഖൂബ് കുടുംബത്തിനും അനന്തരാവകാശിയാകുന്ന ഒരു ബന്ധുവിനെ കനിഞ്ഞേകണേ! രക്ഷിതാവേ അവനെ സര്‍വര്‍ക്കും സംതൃപ്തനാക്കുകയും ചെയ്യേണമേ! (12:6). ഇവിടെ അദ്ദേഹം ഇംറ അത്ത് അഥവാ പെണ്ണ് എന്നാണ് പ്രയോഗിക്കുന്നത്. അദ്ദേഹവും ഭാര്യയും പരിപൂർണ്ണമായും മനപ്പൊരുത്തം ഉള്ളവർ തന്നെയായിരുന്നു. പക്ഷേ അവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. അത് അവരുടെ ജീവിതത്തിന് ഒരുതരം അപൂർണ്ണത ഉണ്ടാക്കി. മനസ്സിൽ തട്ടിയുള്ള സകരിയ നബിയുടെ ഈ പ്രാർത്ഥന അള്ളാഹു കേട്ടു. അതിനുള്ള ഉത്തരമായി അള്ളാഹു ചെയ്ത ദാനമായിരുന്നു യഹ്യാ നബി. യഹ് യാ നബിയുടെ ജനനത്തിനുശേഷം പിന്നീട് സക്കറിയ നബിയുടെ ഭാര്യയെ കുറിച്ച് പറയുന്നിടത്ത് സൗജ് എന്നാണ് പ്രയോഗിക്കുന്നത് എന്നു കാണാം. അല്ലാഹു പറയുന്നു: തന്റെ നാഥനോട് സകരിയ്യാ നബി (സന്താനത്തിനായി) ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭവും അനുസ്മരിക്കുക: എന്റെ രക്ഷിതാവേ എന്നെ ഏകനാക്കി നീ വിടരുതേ; അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റം ഉദാത്തന്‍ നീയാണല്ലോ. തത്സമയം തനിക്കു നാം ഉത്തരം നല്‍കുകയും പുത്രന്‍ യഹ്‌യായെ കനിഞ്ഞേകുകയും അതിനു സഹധര്‍മിണിയെ യോഗ്യയാക്കുകയുമുണ്ടായി. നിശ്ചയം അവര്‍ ശ്രേഷ്ഠ കര്‍മങ്ങള്‍ക്ക് തത്രപ്പെടുകയും ആശിച്ചും ആശങ്കിച്ചും നമ്മോട് പ്രാര്‍ത്ഥിക്കുകയും താഴ്മ കാണിക്കുകയും ചെയ്യുന്നവരായിരുന്നു. (21:89). ഇവിടെ അസ്ലഹ്നാ ലഹു സൗജഹു അതിന് അദ്ദേഹത്തിന്റെ സഹധർമ്മിണിയെ നാം യോഗ്യയാക്കുകയും ചെയ്തു എന്ന് പറയുമ്പോൾ ഒരു പെണ്ണിനെ ശരിക്കും ഇണ എന്ന് വിളിക്കുവാൻ യോഗ്യമാക്കുന്ന ചില ഘടകങ്ങൾ ഉണ്ട് എന്നും അവ പരിപൂർണ്ണമായ അർത്ഥത്തിൽ സക്കറിയ നബിയുടെ ഭാര്യക്ക് ആദ്യം ഉണ്ടായിരുന്നില്ല എന്നും മകൻ ജനിച്ചതോടെ കൂടെ അത് ഉണ്ടായി എന്നും അതോടെ അവർ സൗജ് എന്ന് എന്ന് വിളിക്കുവാൻ യോഗ്യയായി എന്നുമെല്ലാം ഇതിൽ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso