Thoughts & Arts
Image

നമ്മുടെ ഗുരുകുലങ്ങൾ സമ്പന്നമായത് ഇങ്ങനെയാണ്.

20-01-2023

Web Design

15 Comments






എക്കാലവും എന്നപോലെ ഇന്നും സമുദായത്തിനുള്ളിൽ രണ്ടുതരം വാദങ്ങൾ മുഴങ്ങുന്നുണ്ട്. പാരമ്പര്യത്തെ ഉയർത്തി കാണിച്ചുകൊണ്ടുള്ള വാദവും പുരോഗമനത്തെ ചിത്രീകരിച്ചു കൊണ്ടുള്ള വാദവും ആണവ. 1921ലെ കലാപത്തിന് ശേഷം മുസ്‌ലിം സമൂഹത്തില്‍ ഒരു ആവേശകരമായ പുതുജീവന്‍ ഉടലെടുക്കുകയുണ്ടായി. അതിൽ നിന്നാണ് ഈ രണ്ടു വാദഗതികളും ഉയർന്നുവന്നത്. അവയിൽ ഒന്ന് പരമ്പരാഗത വിശ്വാസങ്ങളും അറിവുകളും ഒന്നുകൂടി മുറുകി പിടിച്ചു കൊണ്ട് മുന്നേറണം എന്ന് വാദിക്കുകയും അതിൽ പ്രതീക്ഷ പുലർത്തുകയും ചെയ്തു. രണ്ടാമത്തെ വിഭാഗം ലോകമെമ്പാടുമുള്ള ഇസ്ലാമിക നവചിന്തകളെ കേരളത്തിൽ നട്ടു വളർത്തിയെടുക്കണം എന്നായിരുന്നു വാദിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ കേരള മുസ്‌ലിംകളുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമേകിയത് വഹാബിസം, ഇസ്‌ലാമിക് മോഡേണിസം, സലഫിസം, പാന്‍ ഇസ്‌ലാമിസം തുടങ്ങി മധ്യേഷ്യയില്‍ പ്രത്യക്ഷത്തില്‍ രൂപപ്പെട്ട വീക്ഷണഗതികളുടെ ഇറക്കുമതി ഫലമാണെന്ന് വാദിച്ച ഇവര്‍ ഈ ഈ വഴി തന്നെയാണ് കരണീയം എന്ന് ശഠിച്ചു. അതില്ലാത്തതും അതിനുമുമ്പുള്ളതുമായ കാലഘട്ടങ്ങളെ അവർ ജാഹിലിയ്യത്ത് എന്ന് പച്ചക്ക് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു.



എന്നാൽ അവർക്ക് പല യാഥാർത്ഥ്യങ്ങളും കണ്ണടയ്ക്കേണ്ടി വന്നു എന്നത് അവർ ശ്രദ്ധിച്ചില്ല. മുൻ നൂറ്റാണ്ടുകളിൽ ഓരോ കാലഘട്ടങ്ങളിലും ഉത്ഥാനം ഉണ്ടായിട്ടുണ്ട് എന്നത് പാടെ നിഷേധിക്കുകയായിരുന്നു അവർ. സത്യത്തിൽ 14 നൂറ്റാണ്ടുകൾ ഈ സമുദായം ചുവടുവെച്ചപ്പോൾ അപ്പോഴെല്ലാം തൊട്ടുമുമ്പ് ഉണ്ടായിരുന്ന കാലത്തിനേക്കാൾ മെച്ചപ്പെട്ട രീതികൾ ആയിരുന്നു അവലംബിച്ചിരുന്നത്. അതിനർത്ഥം ഏതുകാലത്തും ആ കാലത്തിനു വേണ്ട ഉത്ഥാന ശ്രമങ്ങൾ നടന്നിട്ടുണ്ട് എന്നതു തന്നെയാണ്. മനുഷ്യകുലത്തിന്റെ മൊത്തത്തിലുള്ള വികാസത്തിന് അനുസൃതമായിരുന്നു ഓരോ കാലഘട്ടത്തിലെയും വികാസം എന്നത് മതത്തിന്റെ കാര്യത്തിൽ മാത്രമുള്ള ഒരു വിഷയമല്ല, അതൊരു സത്യമാണ്. മൊത്തത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിനു മുമ്പ് ഓരോ കാലഘട്ടത്തിലും ഇതള്‍വിരിഞ്ഞ ഉത്ഥാന പ്രക്രിയകളെ ഇവര്‍ സൗകര്യപൂര്‍വം വിസ്മരിക്കാറാണ് പതിവ്. അതേ സമയം പാരമ്പര്യ വാദികൾ നബി(സ്വ)യുടെ കാലത്ത് തന്നെ ഇസ്‌ലാം പ്രചരിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തില്‍ കഴിഞ്ഞ പതിമൂന്ന് നൂറ്റാണ്ടുകളിലും ഒരേ താളത്തിലല്ല മുസ്‌ലിം സാമൂഹിക ജീവിതം മുഴുകിയതെന്നും ലോകത്തെല്ലായിടത്തും സംഭവിച്ചതു പോലെ പതനങ്ങളും അപചയങ്ങളും ചരിത്രത്തിന്റെ പല ദശാസന്ധികളിലും സംഭവിച്ചിട്ടുണ്ടെന്നും അപ്പോഴൊക്കെ യുഗപ്രഭാവരായ പണ്ഡിതവര്യർ പോരായ്മകൾ നികത്തുവാനും പുതിയ രീതികൾ അവലംബിക്കാനും വേണ്ട കര്‍മങ്ങള്‍ നിര്‍വഹിച്ച് ഇസ്‌ലാമികത്തനിമ നിലനിര്‍ത്തിയിട്ടുണ്ടെന്നും അനുസ്യൂതം തുടര്‍ന്ന ഈ പ്രക്രിയയുടെ ഭാഗമാണ് കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹികമാറ്റത്തിന്റെ അടിത്തറയെന്നും വിലയിരുത്തുന്നു. പക്ഷെ ഇതിനെ പാരമ്പര്യ വാദികൾ നവോത്ഥാനം എന്ന് വിളിക്കുന്നില്ല. മറിച്ച് അവരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം പുനരുദ്ധാനമാണ്. നവോത്ഥാനം എന്നത് ഉണ്ടാവുക പരിപൂർണ്ണമായ ഒരു പതനത്തിനുശേഷം ഉണ്ടാകുന്ന ഉയർത്തെഴുന്നേൽപ്പ് നടക്കുമ്പോഴാണ്. ഇവിടെ അങ്ങനെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല.



ഓരോ കാലത്തും നടന്ന ഈ ഇസ്വ് ലാഹിനെയും നജ്‌ദീദിനെയും പാരമ്പര്യവാദികള്‍ മാലികുബ്‌നു ദീനാര്‍ അനുയായികള്‍, കോഴിക്കോട്ടെ ഖാദി കുടുംബം, മഖ്ദൂം പണ്ഡിത കുടുംബം, കേരളത്തിലേക്ക് കടന്നുവന്ന മുപ്പതോളം പ്രവാചക ഖബീലകള്‍, ത്വരീഖത്തിന്റെ ശൈഖുകള്‍, സാത്വികരായ ഉമറാക്കള്‍ തുടങ്ങിയവര്‍ തലമുറകളിലൂടെ കൈമാറിയ വിജ്ഞാനീയങ്ങളുടെയും പാരമ്പര്യ മൂല്യങ്ങളുടെയും പുനരുത്ഥാനമായി കാണുന്നു. ഒരു യഥാര്‍ത്ഥ ചരിത്ര വിദ്യാര്‍ത്ഥിക്ക് പാരമ്പര്യധാരയുടെ വീക്ഷണഗതിക്കൊപ്പമാണ് സഞ്ചരിക്കാനാവുക. കാരണം, കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹിക മാറ്റങ്ങളെ മുന്‍നൂറ്റാണ്ടുകളിലെ കാലികമായ മാറ്റങ്ങളില്‍ നിന്ന് വേര്‍തിരിച്ച് ഒരിക്കലും കാണാന്‍ കഴിയില്ല. വിദ്യാഭ്യാസം, സംസ്‌കാരം, സാമൂഹിക ജീവിതം, സാമ്പത്തികാവസ്ഥകള്‍ തുടങ്ങി ഒട്ടനേകം അളവുകോലുകള്‍ വെച്ചുകൊണ്ട് ഒരു സമൂഹത്തിന്റെ ചരിത്രപരമായ ഉത്ഭവവും വളര്‍ച്ചയും പുരോഗതിയും ഉത്ഥാന- പതനങ്ങളും ശാസ്ത്രീയമായി വിലയിരുത്താന്‍ സാധിക്കും. ഇതു വേറിട്ട് കാണാനും ഗ്രഹിക്കുവാനും നമ്മെ സഹായിക്കുന്ന രംഗമാണ് മതവിദ്യാഭ്യാസ രംഗം. ഓരോ കാലത്തും ഉണ്ടായ മതവിദ്യാഭ്യാസ രീതികളുടെ ഉത്ഭവം, വ്യാപനം, നവീകരണം എന്നിവ എക്കാലത്തും നടന്നിട്ടുണ്ട് എന്ന വസ്തുതയിൽ നിന്നാണ് ഈ ചർച്ച ആരംഭിക്കുന്നത്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളുടെ പരിപോഷണം, പ്രചരണം എന്നിവക്കായി ലോകമെങ്ങുമുള്ള മുസ്‌ലിം സമൂഹം ഓരോ കാലഘട്ടത്തിലും ആവശ്യാനുസരണം വേണ്ട നീക്കങ്ങൾ നടത്തിയിരിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ആ രീതികൾ അതേപടിയോ അതിനേക്കാൾ മെച്ചപ്പെട്ട രീതിയിലോ കേരള മുസ്ലിംകളും നടത്തിവന്നിട്ടുണ്ട്. പ്രാഥമികവും ഉന്നതവും അന്തർദേശീയവുമായ മൂന്ന് രീതികള്‍ മുന്‍ഗാമികള്‍ ഇതിന്നായി രൂപം കൊടുത്തിരുന്നതായി കാണാം. ഒന്ന്, ഓത്തുപള്ളികള്‍. രണ്ട്, വഅ്‌ള് പരമ്പരകള്‍. മൂന്ന്, പള്ളി ദര്‍സുകള്‍ എന്നിവ. ചർച്ചക്കെടുത്ത് വിലയിരുത്തുമ്പോള്‍ അവയിൽ ഓരോന്നിലും ചില അപാകതകളും വൈകല്യങ്ങളും കാണാന്‍ കഴിയുമെങ്കിലും അതത് കാലഘട്ടങ്ങളില്‍ ഏറ്റവും കാലികവും പുരോഗമനപരവുമായ നീക്കങ്ങളായിരുന്നു ഇവയൊക്കെ. കാലത്തിന്റെ ക്യാൻവാസിൽ വരയ്ക്കുന്ന ഏതു ചിത്രവും അങ്ങനെയേ പഠിക്കുവാനും വിലയിരുത്തുവാനും കഴിയൂ. അല്ല എന്ന് പറയുന്നവർ കാലം എന്ന സത്യത്തെ കണ്ണടച്ച് നിഷേധിക്കുകയാണ്.
ചില വൈകല്യങ്ങള്‍ മാത്രം ഉയര്‍ത്തിക്കാട്ടിയാണ് ആധുനികധാരയുടെ ആളുകള്‍ ഇത്തരം രീതികളെ പരിഹാസപൂര്‍വം നോക്കിക്കാണാന്‍ ശ്രമിച്ചിട്ടുള്ളത്.



ഓത്തുപള്ളികള്‍



ഓരോ പ്രദേശത്തും വൈവിധ്യങ്ങളോടെയാണ് നിലനിന്നിരുന്നതെങ്കിലും ഒരു മുസ്‌ലിം അറിഞ്ഞിരിക്കേണ്ട ഇസ്‌ലാമിനെ കുറിച്ചുള്ള പ്രാഥമികമായ അറിവുകള്‍ കൈമാറുക എന്ന മഹത്തായ ധര്‍മമാണ് ഓത്തുപള്ളികള്‍ നിര്‍വഹിച്ചിരുന്നത്. ഖുര്‍ആന്‍, പ്രാഥമിക ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍, ആചാരങ്ങൾ, ആരാധനകൾ മുതലായവയിൽ നിർബന്ധമായും പാരായണം ചെയ്യേണ്ടുന്ന പ്രാർത്ഥനകൾ തുടങ്ങിയവയെല്ലാം വാമൊഴിയായി പഠിപ്പിക്കുന്ന പ്രാദേശിക പാഠശാലകൾ ആയിരുന്നു ഇവ. ഓരോ പ്രദേശത്തെയും മുതിർന്നവർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനനുസരിച്ച് കേരളത്തിലെ ഇസ്‌ലാമിക ആഗമനത്തോളം ഈ സംവിധാനത്തിന് പഴക്കമുണ്ടെന്ന് അനുമാനിക്കാം. പള്ളികളോട് ചേര്‍ന്നോ അധ്യാപകരുടെ വീടുകളിലോ നടന്നിരുന്ന ഓത്തുപള്ളികള്‍ പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ എഴുത്തിനപ്പുറം വായനക്ക് മാത്രമാണ് പ്രാമുഖ്യം കൊടുത്തിരുന്നത് എന്നാണ് പ്രബലാഭിപ്രായം. അവിടെ പഠിപ്പിക്കപ്പെടുന്ന കാര്യങ്ങളെല്ലാം വിദ്യാർത്ഥികൾ മനപ്പാഠം പഠിക്കുകയാണ് ചെയ്തിരുന്നത്. ഇത് ഓത്തുപള്ളികളുടെ ഒരു പ്രധാന കുറവായിട്ടാണ് കരുതപ്പെടുന്നതും ചർച്ച ചെയ്യപ്പെടുന്നതും. എന്നാൽ അതിനെ അങ്ങനെ കരുതേണ്ട ആവശ്യമില്ല. കാരണം അക്കാലത്ത് പുസ്തകവും സ്ലേറ്റും ഉപയോഗിച്ച് പഠിച്ചിരുന്നത് വിദ്യാഭ്യാസ കാര്യങ്ങൾക്കും സാമൂഹ്യ കാര്യങ്ങൾക്കും ഭരണകാര്യങ്ങൾക്കും എല്ലാം വേണ്ടിവരുന്ന കാര്യങ്ങൾ മാത്രമാണ്. ഉദാഹരണമായി അക്ഷരമാല, ഗുണകോഷ്ഠ പട്ടിക തുടങ്ങിയവ. അവ മനപ്പാഠമാക്കുന്നതോടൊപ്പം എഴുതിയും മറ്റും പഠിച്ചിരുന്നു. കാരണം അത് അന്നത്തെ ജീവിത വ്യവഹാരങ്ങൾക്ക് ആവശ്യമായിരുന്നു. എന്നാൽ അറബി ഭാഷ അത്തരത്തിൽ ഉപയോഗിക്കുകയോ പഠിക്കുകയോ ചെയ്യുന്ന സാഹചര്യം അവരുടെ മുമ്പിൽ ഉണ്ടായിരുന്നില്ല. അത് ആരാധനകളിലും ആചാരങ്ങളിലും മാത്രം പ്രയോഗിക്കപ്പെടുന്നത് ആയിരുന്നു. ഇന്ന് ഗൾഫ് രാജ്യങ്ങളുമായി എല്ലാം നമുക്ക് ബന്ധങ്ങൾ ഉണ്ടായതുകൊണ്ട് ഈ ഭാഷ മറ്റെല്ലാ ഭാഷകളെയും പോലെ പുസ്തകവും പേനയും ഉപയോഗിച്ച് തന്നെ പഠിക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുന്നു. അന്ന് അത് ഇല്ലായിരുന്നു.



ഓത്ത് എന്ന പ്രയോഗം കേരളത്തില്‍ നമ്പൂതിരി-ബ്രാഹ്മണരുടെ വേദപഠനരീതിയോട് സാമ്യപ്പെടുത്തി വന്നതാണെന്ന് കരുതാം. പള്ളി എന്നതാവട്ടെ ബുദ്ധ-ജൈന പ്രാര്‍ത്ഥനാലയങ്ങളെ വിളിച്ചിരുന്ന പേരാണ്. ഇവിടെ ആരാധനാലം എന്നാണ് ഇത് അർഥമാക്കിയിരുന്നത്. എന്നാല്‍, ഓത്തുപള്ളികള്‍ തീര്‍ത്തും എഴുത്തുപഠനത്തിന് എതിരായിരുന്നു എന്നില്ല. പല ഓത്തുപള്ളികളിലും എഴുത്തും പഠിപ്പിച്ചിരുന്നത് കൊണ്ടാണ് മുന്‍കാല പണ്ഡിതന്മാര്‍ അറബിയിലും അറബി മലയാളത്തിലും നിരവധി ഗ്രന്ഥരചനകള്‍ നടത്തിയത്. ഓത്തുപള്ളികളിലെ മൊല്ലാക്ക മാരെ ആശ്രയിച്ചാണ് അവിടെയുള്ള പഠനത്തിൻറെ രീതി നിശ്ചയിക്കുന്നത് അക്ഷരവും എഴുത്തും വശമുള്ള മൊല്ലാക്കമാർ അതും അതില്ലാത്തവർ വാമൊഴിയായും മത കാര്യങ്ങൾ പഠിപ്പിച്ചു എന്നാണ് കരുതേണ്ടത്. പള്ളിദര്‍സുകളില്‍ പഠിച്ചിരുന്നവര്‍ എഴുത്ത് പഠിച്ചവരായിരുന്നു. അക്ഷരമാല മുതലാണ് പള്ളിദര്‍സിലെ പഠനം തുടങ്ങിയിരുന്നത് എന്ന് അനുമാനിക്കാന്‍ കഴിയില്ല. പിന്നീട് ആധുനിക വിദ്യാഭ്യാസരീതി മുസ്‌ലിംകള്‍ക്കിടയില്‍ പ്രചരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി ബ്രിട്ടീഷുകാര്‍ ഓത്തുപള്ളികളെ കാണുകയും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അവയെ നവീകരിക്കാന്‍ പല മാര്‍ഗങ്ങള്‍ ആരായുകയും ചെയ്തു. 1871ലും 1894ലും മുല്ലമാര്‍ക്ക് ശമ്പളവും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റും മറ്റും നല്‍കി ഓത്തുപള്ളികളെ പരിഷ്‌കരിക്കാന്‍ ഗവണ്മെന്റ് ശ്രമിച്ചു. 1921ന് ശേഷം ലഹളയിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്താന്‍ ഗവണ്മെന്റ് നിയമിച്ച കമ്മീഷന്‍ ആധുനിക-ഭൗതിക വിദ്യാഭ്യാസത്തിന്റെ അഭാവമാണ് മുസ്‌ലിംകളില്‍ നിന്ന് സാഹസമായ പ്രതിരോധമുറകള്‍ ഉണ്ടാവാന്‍ കാരണമെന്ന് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മതവിഷയങ്ങളോടൊപ്പം ഭൗതിക വിഷയങ്ങളും ഓത്തുപള്ളികളില്‍ പഠിപ്പിക്കല്‍ നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. 1926ല്‍ ഒരു സ്‌പെഷ്യല്‍ എജ്യുക്കേഷന്‍ ഓഫീസര്‍ നിയമിക്കപ്പെട്ടു. അയാള്‍ക്കു കീഴിലെ മുസ്‌ലിം ഉദ്യോഗസ്ഥര്‍ മുല്ലമാരെ സന്ദര്‍ശിച്ച് അവരുടെ കീഴിലുള്ള ഓത്തുപള്ളികള്‍ ഗവണ്മെന്റ് സ്‌കൂളാക്കി മാറ്റിയാല്‍ അവര്‍ക്ക് ശമ്പളവും ഗ്രാന്റും മറ്റും വാഗ്ദാനം ചെയ്യുകയും ചെയ്തു.



1947ല്‍ മദ്രാസ് പ്രസിഡന്‍സി മുഖ്യമന്ത്രി രാജഗോപാലാചാരി സ്‌കൂളില്‍ മതപഠനം നിരോധിക്കുന്നത് വരെ പ്രാഥമിക ഭൗതിക സൗകര്യങ്ങളോടെ അനേകം ഓത്തുപള്ളികള്‍ പ്രവര്‍ത്തിച്ചു വന്നിരുന്നു. ഇവിടെ ഈ ചർച്ചയിൽ രണ്ടു കാര്യങ്ങൾക്ക് അടിവരയിടേണ്ടതുണ്ട്. ഒന്ന് മറ്റു സമൂഹങ്ങളും സമുദായങ്ങളും വ്യാപകമായി അങ്ങനെയൊന്നും ചിന്തിച്ചു തുടങ്ങിയിട്ടില്ലാത്ത ആ കാലഘട്ടത്തിൽ പോലും ഗ്രാമ ഗ്രാമാന്തരങ്ങളിൽ മുല്ലാക്കമാർ എന്ന മത അറിവുള്ളവർ ഓത്തുപള്ളികൾ സ്ഥാപിച്ച് അടുത്ത തലമുറയെ വിദ്യാഭ്യാസ വൽക്കരിക്കാനുള്ള ചിന്ത സമൂഹത്തിൽ സമുദായത്തിൽ ഉണ്ടായിരുന്നു എന്നതാണ്. രണ്ടാമത്തേത്, ഇതിന് ചില ന്യൂനതകളും പോരായ്മകളും ഉണ്ടായിരുന്നു എന്നത് ഒരു വസ്തുതയാണ്. പക്ഷേ അത് ന്യൂനതയും പോരായ്മയും ആയിത്തീരുന്നത് പുതിയ കാലത്തിന്റെ ചിന്തകളിൽ മാത്രമാണ്. അന്നത്തെ ജനത ആ കാരണവും പറഞ്ഞ് ആ സംവിധാനത്തിനോട് പുറം തിരിഞ്ഞു നിന്നതായി ആർക്കും പറയാൻ കഴിയില്ല. 1947ൽ പൊതു വിദ്യാലയങ്ങളിലെ മതപഠനം സർക്കാർ നിരോധിച്ചപ്പോൾ അതിനെതിരെ മുസ്ലിം സമുദായം പ്രതികരിച്ചില്ല. കാരണം ഒരു മതേതര രാജ്യത്ത് തങ്ങളുടെ മതം പൊതു വിദ്യാലയങ്ങളിൽ പഠിപ്പിക്കണമെന്ന് പറയാൻ ധാർമികത അനുവദിക്കുന്നുണ്ടായിരുന്നില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ പ്രാഥമികവും നിര്‍ബന്ധവുമായ മതവിദ്യാഭ്യാസം ഓരോ മുസ്‌ലിം വിദ്യാര്‍ത്ഥിക്കും നല്‍കാന്‍ കഴിയുന്ന പുതിയ സംവിധാനങ്ങളെ കുറിച്ച് പണ്ഡിതരും ഉമറാക്കളും ആഴത്തില്‍ ആലോചിച്ചു, വിവിധ രീതികളിലുള്ള പുതിയ സംവിധാനങ്ങള്‍ പല സ്ഥലത്തും പരീക്ഷിച്ചു കൊണ്ടിരുന്നുവെങ്കിലും വളരെ വ്യവസ്ഥാപിതവും കേന്ദ്രീകൃത രീതിയിലുള്ളതുമായ ഒരു ബദല്‍ സംവിധാനം ഈ രംഗത്ത് ആദ്യം നടപ്പിലാക്കിയത് സമസ്ത കേരള ജംഇയ്യതുല്‍ ഉലമായുടെ 1951ല്‍ രൂപീകരിച്ച വിദ്യാഭ്യാസ ബോര്‍ഡാണ്.



പള്ളി ദര്‍സുകള്‍



കേരളീയ ഇസ്‌ലാമിക തനിമ കാത്തുസൂക്ഷിക്കുന്നതിനും ഇസ്‌ലാമിക വിജ്ഞാനീയങ്ങളും ഗ്രന്ഥങ്ങളും തലമുറകളിലൂടെ കൈമാറുന്നതിലും സമൂഹത്തിന് കാലികമായ നേതൃത്വം നല്‍കാന്‍ യോഗ്യരായ പണ്ഡിതരെ വാര്‍ത്തെടുക്കുന്നതിലും പള്ളിദര്‍സുകള്‍ വഹിച്ച പങ്ക് നിസ്സീമമാണ്. നബി(സ്വ) മദീനാപള്ളിയില്‍ തുടങ്ങിയ ഈ പഠന സംവിധാനം ഇസ്‌ലാമികാഗമനത്തോടെ തന്നെ കേരളത്തില്‍ നടപ്പിലാക്കപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കാം. ബഗ്ദാദ്, അലക്‌സാന്‍ഡ്രിയ, ഡമസ്‌കസ്, കെയ്‌റോ, ഫാസ്, ഗ്രാനഡ, മക്ക, മദീന തുടങ്ങിയ എല്ലാ ഇസ്‌ലാമിക നഗരങ്ങളിലും പള്ളി ദര്‍സുകള്‍ പ്രചാരത്തിലുണ്ടായിരുന്നുവെങ്കിലും അവ പില്‍ക്കാലത്ത് കോളേജുകളോ യൂനിവേഴ്‌സിറ്റിളോ ആയി രൂപം പ്രാപിക്കുകയോ ആണ് ഉണ്ടായത്. ഇമാം ഗസ്സാലി, ഇമാം നവവി തുടങ്ങിയവരുടെ ദർസുകൾ ഉദാഹരണമാണ്. അന്നത്തെ രൂപത്തിലും രീതിയിലും അവയൊന്നും ഇന്ന് നിലനിൽക്കുന്നില്ല. എന്നാല്‍, കേരളത്തില്‍ ഇന്നും ഈ സംവിധാനം കാലികമായ മാറ്റങ്ങളോടെ തുടരുന്നു. കുട്ടികള്‍ക്ക് ഹോസ്റ്റലും ക്ലാസ് റൂമും പള്ളി തന്നെയായത് കൊണ്ട് കെട്ടിടത്തിന് വേണ്ടി വെറെ പണം കണ്ടെത്തേണ്ടതില്ല. കേരളത്തിലെ പള്ളികള്‍ തട്ടുകളായി നിര്‍മിക്കാന്‍ കാരണം ദര്‍സ് സംവിധാനമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് മഹല്ലിലെ ഓരോ വീട്ടില്‍ നിന്നാണ് ഭക്ഷണം നല്‍കപ്പെട്ടിരുന്നത്. ഇതിനാൽ ഈ സംവിധാനം ഉമ്മത്തുമായി ശാസ്ത്രീയമായി ബന്ധിപ്പിക്കപ്പെട്ടു. പള്ളിയിലെ ഇമാമും ഖത്വീബും മുദര്‍രിസും ഒരേ ആളായത് കൊണ്ടും ഉയര്‍ന്ന വിദ്യാര്‍ത്ഥികള്‍ ജൂനിയേഴ്‌സിന് പഠിപ്പിച്ച് കൊടുത്തിരുന്നത് കൊണ്ടും ആയിനത്തിലും ചിലവ് ഏറ്റവും ലളിതമായിരുന്നു.
കൊടുങ്ങല്ലൂര്‍, കൊല്ലം, കോഴിക്കോട്, ചാലിയം, താനൂര്‍, പൊന്നാനി തുടങ്ങിയ തീരദേശ പട്ടണങ്ങളില്‍ ഇസ്‌ലാമിന്റെ ആഗമന കാലത്ത് തന്നെ നിര്‍മിക്കപ്പെട്ട പള്ളികളില്‍ അറേബ്യയില്‍ നിന്ന് വന്ന ഉന്നതരായ പണ്ഡിതര്‍ ദര്‍സുകള്‍ നടത്തിയതിന്റെ സൂചനകള്‍ ചരിത്രത്തില്‍ കാണാം. ഏകദേശം എണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് താനൂരിലെ വലിയകുളങ്ങര പള്ളി (മസ്ജിദു ബിര്‍കതുസ്സ്വാലിഹ് അല്‍ കുബ്‌റാ) ദര്‍സ് തുടങ്ങുന്നത്. യമന്‍, ഈജിപ്ത്, ഹദ്‌റമൗത്ത്, ഹിജാസ് തുടങ്ങിയ സ്ഥലത്തു നിന്നുള്ള പണ്ഡിതന്മാര്‍ അവിടെ പഠിപ്പിച്ചിരുന്നു. ശൈഖുല്‍ ഇമാം മുഹമ്മദ് അബ്ദുല്ലാഹില്‍ ഹദ്‌റമിയ്യില്‍ ഖാഹിരി ഹിജ്‌റ 675ല്‍ അവിടെ മുദരിസും മുഫ്തിയുമായിരുന്നു.



പൊന്നാനി മഖ്ദൂമുമാരുടെ ദര്‍സാണ് പതിനാലാം നൂറ്റാണ്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടം വരെ കേരളത്തിലെ മുസ്‌ലിം പ്രദേശങ്ങളിലും വൈജ്ഞാനിക പ്രചരണത്തിനും സമുദായ നേതൃത്വത്തിനും ആവശ്യമായ പണ്ഡിതരെ ദാനം ചെയ്തിരുന്നത്. ഇന്തോനേഷ്യ, മലേഷ്യ, സിലോണ്‍, യമന്‍ തുടങ്ങിയ വിവിധ സ്ഥലങ്ങളില്‍ നിന്ന് പോലും പൊന്നാനിയില്‍ മുതഅല്ലിമുകളെത്തിയിരുന്നു. പ്രോജ്ജ്വലരും നിസ്വാര്‍ത്ഥരുമായ പതിനായിരക്കണക്കിന് പണ്ഡിതരെയും സമുദായ നേതാക്കളെയും പുനരുത്ഥാന നായകരെയും ചിന്തകരെയും എഴുത്തുകാരെയും സാഹിത്യകാരന്മാരെയുമെല്ലാം പള്ളിദര്‍സുകള്‍ വാര്‍ത്തെടുത്തിട്ടുണ്ട്. മാത്രമല്ല, ഇന്നുവരെയും കേരളം കണ്ട മുഴുവന്‍ പണ്ഡിത പ്രതിഭകളും ദര്‍സിന്റെ സൃഷ്ടികളായിരുന്നു. ദർസുകൾ പള്ളികളിൽ നടത്തപ്പെടുന്നു, പള്ളിയുടെ വിശുദ്ധ സ്വച്ഛന്ദതയിൽ ജീവിതം സമർപ്പിച്ച് മുതഅല്ലിമുകൾ പഠിക്കുന്നു, അവർക്ക് വേണ്ട എല്ലാ ഒത്താശകളും സമുദായം നൽകുന്നു, ഒരു ഉസ്താദ് എന്ന ശ്രേഷ്ഠനായ വ്യക്തിയെ ഈ സംവിധാനം വലംവയ്ക്കുന്നു തുടങ്ങിയ ഘടകങ്ങളെല്ലാം അറിവിനെ മാത്രമല്ല ആത്മീയതയെയും സ്വാധീനിച്ചു. കേരളത്തിൽ ആത്മീയ സരണികൾ ആഴത്തിൽ വേര് പിടിച്ചതിൽ ദർസുകൾക്കും ദർസുകൾ കൈമാറിയ സാംസ്കാരിക വികാരത്തിനും വലിയ പങ്കുണ്ട്. ബഗ്ദാദിന്റെ തകര്‍ച്ചക്ക് ശേഷം ലോകത്ത് ആത്മീയ പുനരുത്ഥാനം നടത്തുന്നതിന് നേതൃത്വം നല്‍കിയ പ്രമുഖ സ്വൂഫി ത്വരീഖത്തുകളെല്ലാം കേരളത്തിലുമെത്തിയിരുന്നു. ഇവിടത്തെ അനേകം പള്ളികളും മുസ്‌ലിം അധിവാസ കേന്ദ്രങ്ങളും അവരുടെ പ്രവര്‍ത്തന ഫലമായി രൂപപ്പെട്ടതാണ്. ഇല്‍മീ രംഗത്ത് സേവനം ചെയ്യുന്ന പണ്ഡിതന്മാര്‍ തന്നെയാണ് ത്വരീഖത്തുകളുടെ ശൈഖുമാരും ഇജാസത്ത് കൊടുക്കുന്നവരുമായി നിലനിന്നത് എന്നത് കൊണ്ടാണ് ഉസ്താദുമാരിലൂടെ ഉള്ളതല്ലാത്ത ത്വരീഖത്തുകൾ ഒരുകാലത്തും കേരളത്തില്‍ വേരുപിടിക്കാതെ പോയത്. ആത്മീയതയുടെ പേര് പറഞ്ഞ് ശരീഅത്തിനെ നിരാകരിക്കുന്ന ത്വരീഖത്തുകൾ കേരളത്തിൽ ഉണ്ടായതില്ല എന്ന് പറയുമ്പോൾ അതിന്റെ കാരണവും ഇതുതന്നെയാണ്. ഇവിടെ ത്വരീഖത്തുകൾ കൈമാറിയവരും കൈകാര്യം ചെയ്തവരും എല്ലാം അറിവുള്ള പണ്ഡിതന്മാരായിരുന്നു.



ദറസ്സുകളിലൂടെ വ്യയം ചെയ്യപ്പെട്ട വിജ്ഞാനത്തിന് ഇസ്ലാമിന്റെ സ്വന്തം മണ്ണുമായി ഹൃദയബന്ധം ഉണ്ട് . മക്ക, മദീന, സമര്‍ഖന്ദ്, ബുഖാറ, യമന്‍, കൂഫ, ബസ്വ്‌റ തുടങ്ങി ഒട്ടനേകം മുസ്‌ലിം പ്രദേശങ്ങളില്‍ നിന്ന് പണ്ഡിത കുടുംബങ്ങള്‍ ഇവിടെയെത്തി വൈജ്ഞാനിക രംഗത്ത് സേവനം ചെയ്തിരുന്നു. മഖ്ദൂമുമാരടക്കം മിക്ക ഉന്നത കുടുംബങ്ങളിലും ഈ അറേബ്യന്‍ പാരമ്പര്യം കാണാം. അവരില്‍ നിന്ന് അറിവ് നുകര്‍ന്ന് വിദ്യയുടെ ആഴങ്ങളില്‍ ഇറങ്ങിച്ചെന്ന സ്വദേശി പണ്ഡിതന്മാര്‍, അവ എത്ര ദരിദ്ര- താഴ്ന്ന കുടുംബങ്ങളില്‍ നിന്നാണെങ്കിലും ഉന്നത സ്ഥാനവും ആദരവും നല്‍കപ്പെട്ടിരുന്നു. ചുരുക്കത്തില്‍ ആലിമീങ്ങള്‍, സയ്യിദന്മാര്‍, സ്വൂഫി വര്യന്മാര്‍, ഉമറാക്കള്‍ എന്നിവര്‍ക്കിടയിലുണ്ടായ പരസ്പര ബഹുമാനവും കൂട്ടായ്മയും ഇന്നുവരെയും പുരോഗതിയുള്ള ഒരു സമൂഹമായി കേരള മുസ്‌ലിംകളെ വളര്‍ത്തുന്നതില്‍ നിസ്സീമമായ പങ്ക് വഹിച്ചിട്ടുണ്ട്. ബഹുമാനത്തിന്റെയും ആദരവുകളുടെയും പരിശീലന കളരിയായിരുന്നു ദർസുകൾ. ഏതു പരിഷ്കാരത്തിന്റെ മുമ്പിലും ഈ മൂല്യങ്ങളെല്ലാം കാത്തുസൂക്ഷിക്കുവാനുള്ള ഒരു ശരാശരി കേരള മുസ്ലിമിന്റെ അവബോധം ദർസുകൾ നേരിട്ടോ അല്ലാതെയോ പകർന്നതാണ്.



ഈ രണ്ടാമത്തെ സംവിധാനത്തിൽ നിന്നു തന്നെയാണ് പ്രാചീന കാലത്തെ മൂന്നാമത്തെ സംവിധാനം രൂപപ്പെട്ടു വരുന്നത്. അതായത് വിദേശ രാജ്യങ്ങളിൽ നിന്ന് മതപണ്ഡിതന്മാർ ഇവിടെ വന്നതുപോലെ ഇവിടെയുള്ള മതപണ്ഡിതന്മാർ ചിലരെങ്കിലും പണ്ടുകാലം മുതൽ തന്നെ വിദേശ നാടുകളിൽ സേവനങ്ങൾ നടത്തിയവരായിരുന്നു. പുറം ലോകവുമായി അങ്ങോട്ടുമിങ്ങോട്ടും വൈജ്ഞാനിക ബന്ധം സ്ഥാപിക്കാൻ കേരളത്തിനു കഴിഞ്ഞത് അഭിമാനാർഹം തന്നെയാണ്. പക്ഷേ അതിനുള്ളിൽ അവിചാരിതമായി ചില സ്ഖലിതങ്ങൾ സംഭവിക്കുകയുണ്ടായി. അത് പുറത്തുള്ള ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് സംശുദ്ധമായ വിജ്ഞാനം വന്നതുപോലെ തന്നെ പിൽക്കാലത്ത് ആ നാടുകളിൽ ഉണ്ടായ പിഴച്ച ചിന്തകളും അതേ വഴിയിലൂടെ കേരളത്തിലേക്ക് വമിക്കുകയുണ്ടായി എന്നതായിരുന്നു അത്. അറേബ്യൻ നാടുകളിൽ അങ്ങിങ്ങയി ഉണ്ടായ പിഴച്ച വിശ്വാസങ്ങളും രീതികളും കേരളത്തിലേക്ക് മെല്ലെ മെല്ലെ കടന്നു വരാൻ തുടങ്ങുകയും അത് ഇവിടെയുള്ള ചില സമാന ചിന്താഗതിക്കാരെ ആകർഷിക്കുകയും ചെയ്തതോടെ കൂടെ ആണ് ഭീഷണി ഉയർന്നത്. ഏതാണ്ട് അതിനൊപ്പം തന്നെയാണ് ഇവിടെ കലാപവും വൈദേശിക ആധിപത്യത്തിൻറെ ഹീന മുന്നേറ്റങ്ങളും ഉണ്ടായത്. ഈ സന്ദർഭത്തിൽ ആ വെല്ലുവിളി നേരിടാൻ വരക്കല്‍ മുല്ലക്കോയ തങ്ങളെ പോലുള്ള യുഗപ്രഭാവരായ സയ്യിദുമാരും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലുള്ള കിടയറ്റ പണ്ഡിതന്മാരും ഉമറാക്കളുടെ പിന്തുണയോടെ രംഗത്തിറങ്ങി സമസ്ത കേരള ജംഇയ്യതുല്‍ ഉലമ രൂപീകരിച്ചു. നൂറ്റാണ്ടുകളായി കൈമാറിവന്ന ദീനീ സംസ്‌കാരവും മതവിജ്ഞാനീയങ്ങളും അടുത്ത തലമുറയിലേക്ക് കൂടി എത്തിക്കുക എന്ന ഭഗീരഥ പ്രയത്‌നത്തിലാണ് ഈ പണ്ഡിത സഭ തങ്ങളുടെ അജന്‍ഡയില്‍ പ്രാമുഖ്യം നല്‍കിയത്. പുത്തൻ വാദികൾ ഏറെ വെല്ലുവിളികളും ഭീഷണിയുമുയര്‍ത്തിയത് പരിപാവനവും കളങ്കമറ്റതുമായ മതവിദ്യാ പ്രസരണത്തിനും കൈമാറ്റത്തിനും നേരെയായിരുന്നു. പുത്തന്‍ പാശ്ചാത്യന്‍ സംസ്‌കാരം മതപഠനത്തെ പഴഞ്ചനാക്കി ചിത്രീകരിച്ചപ്പോള്‍ മതനവീനവാദികള്‍ ഖുര്‍ആനും സുന്നത്തിനും പൂര്‍വസൂരികള്‍ നല്‍കിയ വിശദീകരണങ്ങളുടെ ആധികാരികത ചോദ്യം ചെയ്യുകയും മതപഠനത്തെ കേവലം ഖുര്‍ആന്‍, ഹദീസ് പരിഭാഷാ പഠനങ്ങളിലേക്കും അറബി ഭാഷാ പഠനത്തിലേക്കും ഒതുക്കുകയും ചെയ്തു. വലിയൊരു തകര്‍ച്ചയെ നേരിട്ട മതപഠന മേഖലയെ കുറിച്ചാണ് സമസ്തയുടെ പണ്ഡിതന്മാര്‍ ഏറെ വ്യാകുലപ്പെട്ടത്. മതസ്ഥാപനങ്ങളും ദര്‍സുകളും സ്ഥാപിക്കാനും ശക്തിപ്പെടുത്താനുമാണ് കഠിനാധ്വാനം ചെയ്യേണ്ടതെന്ന് പണ്ഡിത സഭ വിലയിരുത്തുകയും ചെയ്തു.



ആദ്യഘട്ടത്തില്‍ അനേകം സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം പൊതുജനങ്ങളില്‍ ദീനീ വിജ്ഞാനം പ്രചരിപ്പിക്കാന്‍ വഅ്‌ളുകളും മതപഠന ക്ലാസുകളും പൊതുസമ്മേളനങ്ങളും വ്യാപകമായി നടത്താനാണ് സമസ്ത യത്‌നിച്ചത്. അതോടെ ഓത്തുപള്ളികളെപ്പോലെ ദർസുകളെ പോലെ മറ്റൊരു മത വിദ്യാഭ്യാസ മേഖലയായി മാറി വഅ്‌ള് പരമ്പരകള്‍. പൊതുജനങ്ങളെ ഇസ്‌ലാമിലെ വിവിധ വിഷയങ്ങളെ കുറിച്ച് ബോധവത്കരിക്കുന്നതിനും ഇഹ-പര ജീവിതത്തെ കുറിച്ചും ആവേശകരമായ ചരിത്രങ്ങളെ കുറിച്ചുമെല്ലാം ഓർമ്മപ്പെടുത്തലുമാണ് വഅ്‌ള് പരമ്പരകൾ.
ഏതെങ്കിലും ഒരു വർഗ്ഗത്തിനോ പ്രായത്തിനോ പ്രത്യേകമല്ലാതെ നടത്തപ്പെടുന്ന ഈ പൊതുപ്രഭാഷകള ഒരു പൊതു വിദ്യാഭ്യാസ പദ്ധതിയായിട്ടാണ് നമുക്ക് കരുതാൻ കഴിയുക. ഇവ ഒരേ സമയം മതപരമായ പൊതുമേഖലക്ക് സാമ്പത്തിക സഹായം കൂടിയാകുന്നു എന്നത് കൊണ്ട് ഈ സംവിധാനം ഇപ്പോഴും നിലനിൽക്കുന്നു. സാമ്പത്തിക ഗള്‍ഫിന്റെ സാമ്പത്തിക സ്വാധീനം വരുന്നതിന് തൊട്ടുമുമ്പ് വരെ കേരളത്തിലെ പള്ളി മദ്‌റസകള്‍ നിര്‍മിക്കുന്നതിനും സാമൂഹികവും മതപരവുമായ മറ്റു റിലീഫ് സംരംഭങ്ങള്‍ക്കും പണം കണ്ടെത്തിയിരുന്നത് വഅ്‌ള് സദസ്സുകളില്‍ വെച്ച് ഉദാരമതികള്‍ നടത്തിയിരുന്ന സംഭാവനകളില്‍ നിന്നായിരുന്നു.



ഇവിടെ പള്ളി ദർസുകളിൽ രണ്ട് രീതികളായിരുന്നു ഉണ്ടായിരുന്നത്. പൊന്നാനി രീതി, നിളാമിയ്യ രീതി. ഫത്ഹുൽ മുഈൻ പോലുള്ള ഫിഖ്ഹിയ്യായ കിതാബുകളും ഇർശാദ്, മുർശിദ് പോലുള്ള തസവ്വുഫിന്റെ കിതാബുകളും അൽപം ബലാഗ എന്നീവയുമാണ് പൊന്നാനീ രീതി അനുസരിച്ച് പഠിപ്പിച്ചിരുന്നത്. ഹദീസ് ഫിഖ്ഹിൽ നേരിട്ട് ഇടപെടുന്നത് കൊണ്ട് ഫിഖ്ഹിന്റ വീക്ഷണം തെറ്റുമോ എന്ന് ഭയന്ന് ഹദീസ് പഠിപ്പിച്ചിരുന്നില്ല. ആ രീതിയേക്കാൾ മെച്ചപ്പെട്ട രീതിയാണ് മുല്ല നിളാമുദ്ധീൻ എന്നവർ കൊണ്ടുവന്ന പരിഷ്കരണം എന്ന് തിരിച്ചറിഞ്ഞ് അത് കേരളത്തിലേക്ക് കൊണ്ട് വന്നത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയാണ്. ഈ രീതി ബിദ്അത്താണെന്നും തള്ളപ്പെടേണ്ടതാണെന്നും ഉള്ള വാദങ്ങൾ ഉയർന്നപ്പോൾ അതിനെ പ്രതിരോധിച്ചത് മഹാനായ ഖുത്ബീ തങ്ങളും കണ്ണിയത്തുസ്താദുമായിരുന്നു. ഈ രീതിയാണ് ഇവിടെ പിന്നീട് സ്വീകാര്യത നേടിയത്. ഇന്ന് ഇംഗ്ലീഷിനു പ്രാധാന്യമുള്ള പോലെ അന്ന് പേർഷ്യൻ ഭാഷക്ക് പ്രാധാന്യമുള്ളതു കൊണ്ട് നമ്മുടെ ഉസ്താദുമായ പണ്ഡിതന്മാരൊക്കെ ഫാരിസി ഭാഷ പഠിച്ചിരുന്നു. ഇംഗ്ലീഷുകാർ ഈ നാട്ടിലേക്ക് വന്നതിന്നു ശേഷമാണ് ആധിപത്യത്തിന്റെ ഭാഷ ഇംഗ്ലീഷയത്. അന്ന് ആധിപത്യത്തിന്റെ ഭാഷ പേർഷ്യനായതു കൊണ്ട് അവർ പേർഷ്യൻ ഭാഷ ദീനിനൊപ്പം പഠിച്ചു. അങ്ങനെയാണെങ്കിൽ ഇന്നു നമ്മുടെ പണ്ഡിതൻമാർ ഇംഗ്ലീഷാണ് പഠിക്കേണ്ടത് എന്ന ഒരു തിരിച്ചറിവ് വന്നു. മാത്രമല്ല, ഗ്ലോബലൈസേഷൻ ഒന്നുകൂടി വികാസപ്പെട്ടു. അതോടൊപ്പം ഭൗതിക വിദ്യാഭ്യാസം വളർച്ചയുടെ മാനദണ്ഡമായി പൊതു സമൂഹം പരിഗണിച്ചു തുടങ്ങി. ഇതെല്ലാം കൂടി ചേർന്നപ്പോഴാണ് സമന്വയ വിദ്യാഭ്യാസം വേണമെന്ന മുറവിളി നമ്മുടെ നാട്ടിൽ ശക്തമായത്. വേണ്ട പഠനങ്ങൾക്കു ശേഷം അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ ആദർശ ലോകം ശ്രദ്ധയോടെ അതിനും വിത്തിട്ടു. മുളപ്പിച്ചെടുക്കുകയും ചെയ്തു. നമ്മുടെ ഗുരുകുലങ്ങൾ വിഭവങ്ങൾ കൊണ്ടെന്ന പോലെ അർഥത്തിലും ആശയത്തിലും സമ്പന്നമായത് ഇങ്ങനെയാണ്.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso