Thoughts & Arts
Image

ജാഗ്രത! നിങ്ങൾ നിരീക്ഷണത്തിലാണ്..

20-01-2023

Web Design

15 Comments






ഒരിക്കൽ സ്വഫിയ്യാ ബീവിയെപ്പറ്റി കുറിയവള്‍ എന്ന് ആയിശാ ബീവി ട്രോളിയതു കേട്ട്, നീ പറഞ്ഞ വാക്ക് കടലില്‍ കലക്കിയാല്‍ അതിന്റെ നിറവും വാസനയും മാറുമായിരുന്നു എന്ന് നബി തിരുമേനിയുടെ ശാസന. ഒരാൾ വന്ന് എനിക്കൊരു ഉപദേശം തരുമോ എന്ന് നബി തിരുമേനിയോട് ചോദിച്ചപ്പോൾ നാവ് കാണിച്ചു കൊടുത്ത് ഇത് നീ സൂക്ഷിക്കുക എന്ന് നബി(സ)യുടെ ഉപദേശം. ജനനിബിഢമായ അങ്ങാടിയിലൂടെ അമ്പുമായി പോകുന്നവനോട് ആരുടെയെങ്കിലും മേലിൽ തട്ടാതിരിക്കുവാൻ മുന പൊത്തി പിടിക്കണമെന്ന് മറ്റൊരു ഹദീസിൽ നബി തിരുമേനിയുടെ ജാഗ്രത. പുതിയ കാലത്തിന്റെ നാവും ആയുധവും സോഷ്യൽ മീഡിയ ആണല്ലോ. അതിനാൽ ഈ തിരുവചനങ്ങളുടെ പരിധിയിൽ സോഷ്യൽ മീഡിയയും വരും. അപ്പോൾ പറയുമ്പോഴും പകരുമ്പോഴും പ്രതികരിക്കുമ്പോഴും പ്രയോഗിക്കുമ്പോഴും പ്രതിരോധിക്കുമ്പോഴും വിശ്വാസി പാലിക്കേണ്ട മര്യാദകളൊക്കെ പോസ്റ്റിടുമ്പോഴും ഷെയർ ചെയ്യുമ്പോഴും കമന്റ്, ലൈക്, ഡിസ്‌ലൈക് എന്ത് രേഖപ്പെടുത്തുമ്പോഴും പാലിക്കേണ്ടിവരും. അല്ലെങ്കിൽ നൻമകൾ ചോർന്നും തിൻമകൾ വന്നു ചേർന്നും വിശ്വാസി പാപ്പരായി പോകും. അതേസമയം ഈ പേരും പറഞ്ഞ് സോഷ്യൽ മീഡിയയെ പാടെ തളളിക്കളയുന്നത് ബുദ്ധിയല്ല. പുതിയ കാലത്തിന് ഇത്ര വേഗതയും വൈപുല്യവുമുള്ള സാങ്കേതിക സൗകര്യം വേണം. ജനസംഖ്യ, അവരുടെ ത്വരകളും ആവശ്യങ്ങളും, ആയുർദൈർഘ്യത്തിലെ കുറവ്, ആനന്ദത്തോടുള്ള ആസക്തി തുടങ്ങിയവയെല്ലാം ഒരു പാട് വലുതായിരിക്കുന്നു. അതിന്റെ അളവുവെച്ചു നോക്കുമ്പോൾ ഈ വേഗതയും മറ്റും വേണം. പക്ഷെ, രണ്ട് വശങ്ങൾ ഉള്ളതായതിനാൽ ശ്രദ്ധിക്കണം എന്നു മാത്രം. ആ ശ്രദ്ധയാണ് മാനദണ്ഡം. ശ്രദ്ധയോടെ നൻമയിൽ ഈ സൗകര്യങ്ങളെ ഉപയോഗിക്കുന്നവന് നൻമയുണ്ടാകും. അല്ലാത്തവന് തിൻമയും.



എങ്കിലും തിൻമയിലേക്ക് വഴുതാനുള്ള സാധ്യത കൂടുതലാണ് എന്ന് പറയാതെ വയ്യ. അതിനു പല കാരണങ്ങളുമുണ്ട്. ഒന്നാമതായി തീർത്തും സ്വകാര്യമായിട്ടാണ് ഇതുപയോഗിക്കുന്നത് എന്നതാണ്. ആൾക്കൂട്ടത്തിന്റെ നടുക്കിരുന്ന് മെബൈൽ സ്ക്രീനിൽ കണ്ണുനട്ടിരിക്കുന്ന ആൾ പരസ്യമായി കാണാനും കാണിക്കാനും പറ്റാത്തതായിരിക്കാം കാണുന്നത്. ടെലിവിഷൻ കാണുമ്പോൾ പാലിക്കുന്ന നിയന്ത്രണം പോലും ഇല്ലാതെ സോഷ്യൽ മീഡിയ ഉപയോഗിക്കാം. അതിനാൽ മനസ്സിന്റെ ഏറ്റവും താഴേതട്ടിൽ കിടക്കുന്ന വികാരങ്ങൾ പോലും ഉണർന്നെഴുനേറ്റേക്കും. മനസ്സിന്റെ താഴെ തട്ടിൽ മൂടിപ്പുതച്ചു കിടക്കുന്നത് അത്ര നല്ലതൊന്നും ആയിരിക്കണമെന്നില്ല. മറ്റൊന്ന്, വലിയ ചെലവില്ലാതെ ഇത് കിട്ടുന്നു എന്നതാണ്. ഇപ്പോൾ പ്രത്യേകിച്ചും. പണ്ട് നെറ്റ് വേണ്ടവൻ അതിനും വേണ്ടാത്തവൻ അതില്ലാതെയുമാണ് പണം ചെലവാക്കിയിരുന്നത്. ഇപ്പോൾ എല്ലാം ചേർന്നുളള പാക്കേജുകളാണ്. ഉപയോഗിച്ചില്ലെങ്കിലും സംഗതി അതിലുണ്ടാകും. ചെലവില്ലാതെ കിട്ടുന്ന സുഖം അനുഭവിക്കാൻ ആവേശമുള്ള തിരക്ക് സ്വാഭാവികമാണല്ലോ.



മനുഷ്യന് തന്നെത്തന്നെ ആനന്ദിപ്പിക്കാൻ വേണ്ടതൊക്കെ അവിടെ കിട്ടും എന്നതാണ് മറ്റെന്ന്. കാരണം മനുഷ്യന്റെ ശ്രദ്ധയെ കവർന്ന് കയ്യിലാക്കി അവനെ എല്ലാ ഊടുവഴികളിലൂടെയും കയറിയിറങ്ങി നടക്കാൻ പ്രചോദിപ്പിക്കുകയാണ് സോഷ്യൽ മീഡിയയുടെ പണി. അതിവേഗം ഈ മീഡിയ മനസ്സിനെ കയ്യിലെടുക്കുന്നു. യൂടൂബിൽ ഒരു പഠനം നടത്തുന്ന വ്യക്തിയെ ഉദാഹരണമായി എടുക്കാം. അയാളുടെ മുമ്പിൽ പരസ്യമായും അല്ലാതെയും പല സ്ക്രീനുകളും വന്നും പോയുമിരിക്കുന്നത് കാണാം. അവയിൽ അവൻ തെരയുന്ന വിഷയമാണ് അധികവുമുണ്ടാവുക എങ്കിലും ഇടയിൽ അവന്റെ രതിവൈകാരികതയെ ഉദ്വീപിപ്പിക്കുന്ന ചില രംഗങ്ങൾ വന്ന് തലകാണിക്കും. അതിലേക്ക് ശ്രദ്ധ തിരിയുകയും ക്ലിക്കുകയും ചെയ്താൽ പിന്നെ പഠനം വേറെ വഴിയിലേക്ക് തിരിയും. സമയം എന്ന യാഥാർഥ്യത്തെ മറന്നു പോകും എന്നതാണ് മറ്റൊന്ന്. സോഷ്യൽ മീഡിയയിലേക്ക് ഒരാൾ കടന്നാൽ ഒരു ദൃശ്യം ചൂടോടെ നമ്മെ സ്വീകരിക്കുകയും അതിനേക്കാൾ ചൂടുള്ള മറ്റൊന്നിന് കൈമാറുകയും ചെയ്യും. പിന്നെ അതിനേക്കാൾ ചൂടും കോരിത്തരിപ്പുമുള്ള മറ്റൊന്നിലേക്ക്. എല്ലാം ലൈംഗികമായിരിക്കണമെന്നൊന്നുമില്ല, ഉദ്വേഗഭരിതവും ജിജ്ഞാസാജനകവും ആകുകയും ചെയ്യാം. ഏതായാലും പരിസരം മറന്ന് സമയവും കടന്ന് നമ്മളങ്ങനെ അറിയാതെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് നടക്കും. അങ്ങിനെയാണ് സമയത്തെ മറക്കുക. സമയത്തെ നശിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല. നാം തന്നെയാണ് സമയം. സമയം പോയാൽ അത്ര നമ്മളും പോവുകയാണ്.



തിൻമയിലേക്ക് പിടിച്ച് ഉന്തുന്നതാണ് മേൽ പറഞ്ഞ നാല് കാര്യങ്ങളും. അതിനാൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തണം. ചില പെരുമാറ്റച്ചട്ടങ്ങൾ സ്വയം പാലിക്കുവാൻ മാന്യതയുള്ളവർ തയ്യാറായാൽ മാത്രം മതി. ആ ചട്ടങ്ങളാണെങ്കിലോ പുതുതായി ആവിഷ്കരിക്കേണ്ടതൊന്നുമില്ല. ഇസ്ലാമിക ചട്ടങ്ങൾ തന്നെ അതിന് മതി. ഇസ്ലാമിക ചട്ടങ്ങളുടെ ഒരു സവിശേഷത അതാണ്. അത് ആശയത്തെയും വസ്തുതയെയുമാണ് പിന്തുടരുന്നത്. അതിനാൽ പറയുന്നേടത്തും പകരുന്നേടത്തുമെല്ലാം പൊതുവായി ഇസ്ലാം നഷ്കർഷിക്കുന്ന പെരുമാറ്റച്ചട്ടങ്ങൾ തന്നെ ഇവിടേക്കും യോജിക്കും. നേട്ടവും അപകടവും രണ്ടും ഉണ്ടാകാൻ സാധ്യതയുള്ള ഒരു ചർച്ചയിൽ ആദ്യം ചർച്ച ചെയ്യേണ്ടത് അപകടത്തെ കുറിച്ചാണ്. കാരണം മഹാൻമാർ പറഞ്ഞതുപോലെ അപകടത്തെ തടയുന്നതിനാണ് ഗുണം നേടുന്നതിനേക്കാൾ മുൻഗണന. അതനുസരിച്ച് ഏറ്റവും ആദ്യം ശ്രദ്ധികേണ്ടത് തെറ്റും തിൻമയും പ്രചരിപ്പിക്കാൻ വേണ്ടി സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുക എന്നതാണ്. മറ്റൊരാളെ വേദനിപ്പിക്കുകയോ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യാൻ ഉദ്ദേശിച്ചു കൊണ്ട് പോസ്റ്റിടുക, ഷെയർ ചെയ്യുക തുടങ്ങിയത് തിൻമയെ പ്രചരിപ്പിക്കുന്നതിന്ന് തുല്യമാണ്.



ഇന്ന് പലരും ഏറെ നേരം സോഷ്യൽ മീഡിയയിൽ ചടഞ്ഞു കൂടുന്നത് അപകീർത്തി പ്രചരിപ്പിക്കുവാനാണ്. തിൻമ പ്രചരിപ്പിക്കുന്നത് വലിയ പാതകമായിട്ടാണ് വിശുദ്ധ ഖുർആൻ പറയുന്നത്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്ക് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയാണുള്ളത്‌. അല്ലാഹു അറിയുന്നു. നിങ്ങള്‍ അറിയുന്നില്ല (അന്നൂർ:19). ആയിശ(റ)യെ കുറിച്ച് മുനാഫിഖുകളും മറ്റും പറഞ്ഞു പരത്തിയ അപവാദ പ്രചരണത്തിന്‍റെ വിഷയത്തിലാണ് ഈ ആയത്ത് ഇറങ്ങിയത്. അതേ സമയം നൻമകൾ പ്രചരിപ്പിക്കുവാനും പ്രചരിക്കുവാനും സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തണം. ലോകത്തിന്റെ നല്ലൊരു ഭാഗം - പ്രത്യേകിച്ചും സാംസ്കാരിക വളർച്ച നേടിയവർ - അവിടെയാണല്ലോ ഉള്ളത്. നബി (സ) പറഞ്ഞു: ആരെങ്കിലും ഒരാള്‍ക്ക് ഒരു നന്മ കാണിച്ചുകൊടുത്താല്‍ അത് പ്രവര്‍ത്തിച്ചവന് ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവനും (കാണിച്ച് കൊടുത്തവനും) ലഭിക്കുന്നു (മുസ്‌ലിം). പ്രസ്തുത കൈമാറ്റം വാക്ക് കൊണ്ടോ ആംഗ്യം കൊണ്ടോ എഴുത്ത് കൊണ്ടോ ആയാലും ശരി ആ പ്രതിഫലം ലഭിക്കും എന്ന് ഇമാം നവവി(റ) പറയുന്നു.



ആവശ്യമില്ലാത്ത കാര്യങ്ങളെ അതിന്റെ വഴിക്ക് വിട്ടേക്കുക എന്നതാണ് മറ്റൊന്ന്. വേണ്ടതിലും വേണ്ടാത്തതിലും എല്ലാം ഇടപെടുന്ന ചിലരുണ്ട്. അത് ഒരു തരം മാനസിക രോഗമാണ് എന്ന് മനോലോക വിദഗ്ദർ പറയുന്നുണ്ട്. ഇത് വിശ്വാസിക്ക് ഭൂഷണമല്ല. അബുഹുറൈറയില്‍(റ) നിന്ന് നിവേദനം: നബി (സ) പറഞ്ഞു: തന്നെ ബാധിക്കാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുകയെന്നത് ഒരു ഉത്തമ വ്യക്തിയുടെ ഇസ്ലാമിക സ്വഭാവത്തില്‍ പെട്ടതാകുന്നു. (തിര്‍മിദി). മറ്റൊന്ന് സോഷ്യല്‍ മീഡിയയില്‍ ഏതൊരു കാര്യം പോസ്റ്റ് ചെയ്യുമ്പോഴും, ഷെയര്‍ ചെയ്യുമ്പോഴും അതിന്റെ ആധികാരികത ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ചെയ്യുക എന്നതാണ്. അല്ലാത്തപക്ഷം പലപ്പോഴും തൃപ്തികരമല്ലാത്ത ഭവിഷ്യത്തുകൾ വരികയും അവസാനം ഖേദിക്കേണ്ടിവരികയും ചെയ്യും. അല്ലാഹു അത് ഓർമ്മപ്പെടുത്തണ്ട്. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി (ഹുജറാത്ത്: 6). സോഷ്യൽ മീഡിയയുടെ സ്വകാര്യത തെറ്റായ ബന്ധങ്ങളിലേക്ക് വളരുന്നത് സൂക്ഷിക്കുക തുടങ്ങി ഈ പട്ടിക നീണ്ടുകിടക്കുന്നു. ഏതായാലും ഒരു കാര്യം മറക്കേണ്ട, നിങ്ങൾ നിരീക്ഷണത്തിലാണ്!



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso