വ്യക്തിത്വമാണ് അസ്തിത്വം
20-01-2023
Web Design
15 Comments
ഇമാം ബുഖാരി(റ)യെ കുറിച്ച് ഒരു കഥയുണ്ട്. അത് ഇങ്ങനെയാണ്. ഒരിക്കൽ ഒരു യാത്രയിലായിരുന്നു ഇമാമവർകൾ. യാത്ര അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒന്നായിരുന്നു എന്ന് അദ്ദേഹത്തെക്കുറിച്ച് അറിയുന്നവർക്ക് അറിയാം. നബി(സ)യുടെ ഹദീസുകൾ ഏറ്റവും ശ്രദ്ധയോടെ ലോകത്തിന്റെ മുമ്പിലേക്ക് എത്തിക്കുക എന്നതായിരുന്നുവല്ലോ അദ്ദേഹത്തിന്റെ ജീവിത സപര്യ. അതിനാൽ ഒരു ഹദീസ് ലഭിച്ചാൽ അത് ശരിയാണോ എന്ന് ഉറപ്പുവരുത്തുവാൻ അദ്ദേഹത്തിന് ധാരാളം യാത്രകൾ ചെയ്യേണ്ടിവരുമായിരുന്നു. ഉറവിടങ്ങളിൽ നേരിട്ട് പോയി അന്വേഷിക്കുക എന്നത് ആത്മാർഥരായ പണ്ഡിതരുടെ ശൈലിയാണ്. നാം പറഞ്ഞുവരുന്ന ഈ സംഭവത്തിൽ ഇമാം അവർകൾ യാത്ര ചെയ്യുന്നത് ഒരു കപ്പലിലാണ്. ധാരാളം യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ആ കപ്പൽ മുന്നോട്ടു നീങ്ങുന്നതിനിടെ ഇമാം ഒരു സഹയാത്രക്കാരനെ പരിചയപ്പെട്ടു. എന്തുകൊണ്ടോ ഇമാം അവർകൾക്ക് അയാളെ ബോധിച്ചു. അല്ലെങ്കിൽ ഇമാം അവർകളുടെ മനസ്സ് കവരുവാൻ മാത്രം മിടുക്കും സൂത്രവും അയാൾക്കുണ്ടായിരുന്നു. ഏതായാലും അവർ രണ്ടുപേരും നന്നായി അടുത്തു. ഇമാം അവർകളുടെ അടുപ്പം ആത്മാർത്ഥമായിരുന്നു. അതേസമയം മറ്റേ കക്ഷിക്ക് അതൊരു സൂത്രം മാത്രമായിരുന്നു എന്ന് പിന്നീട് നമുക്ക് മനസ്സിലാകും. യാത്രയിൽ എല്ലാവർക്കും എല്ലാ കാലത്തും ഒരു പതിവുണ്ട്. തീരെ മുൻപരിചയമില്ലാത്തവരോട് പോലും നന്നായി അടുക്കും. തന്റെ വിലപ്പെട്ട പലതും അയാളെ കുറച്ച സമയത്തേക്ക് ഏൽപ്പിക്കുക പോലും ചെയ്യും. അതിനിടയിൽ എല്ലാ രഹസ്യങ്ങളും പങ്കു വെക്കും. യാത്രയിലെ ആവശ്യങ്ങൾക്ക് വേണ്ടെങ്കിലും കാത്തു നിൽക്കും.
ഇമാമവർകളും സഹയാത്രികനുമായി എല്ലാം പങ്കുവെച്ചു. അദ്ദേഹത്തിന്റെ കയ്യിലുള്ള കുട്ടയിൽ ആയിരം പൊൻ നാണയം ഉണ്ടെന്നു വരെ. അത് വില കൂടിയ ഒരു സ്വകാര്യമായിരുന്നു. അതു കേട്ടപ്പോൾ സഹയാത്രികന്റെ ഉള്ളിൽ ഒരു കുളിർ പെയ്ത്തുണ്ടായി. അയാൾ അപ്പോൾ ഒന്നും പുറത്തുകാണിച്ചില്ല. പിറ്റേന്ന് അയാൾ സൂത്രം പുറത്തെടുക്കുക തന്നെ ചെയ്തു. മറ്റു യാത്രികരുടെ മുമ്പിൽ കണ്ണും തലയുമെടുത്ത് അയാൾ നിലവിളിക്കാൻ തുടങ്ങി. ഓടിക്കൂടിയ ആൾക്കാരോട് അയാൾ തന്റെ ആയിരം സ്വർണ്ണനാണയം അടങ്ങിയ കുട്ട നഷ്ടപ്പെട്ടു എന്നു പറഞ്ഞ് നെഞ്ചത്തടിക്കാൻ തുടങ്ങി. കേട്ടവർ കേട്ടവർ സംഭവ സ്ഥലത്ത് ഓടിക്കൂടി. കപ്പലിനുള്ളിൽ പുതിയ വാർത്തയും വിവരവുമായി മാറി ആ സംഭവം. കപ്പലിലെ സുരക്ഷാ ഉദ്യോഗസ്ഥർ വന്ന് അയാളെ ആദ്യം ആശ്വസിപ്പിച്ചു. അവർ പറഞ്ഞു: കപ്പലിനുള്ളിൽ ആണല്ലോ സംഭവം. അതിനാൽ പ്രശ്നമാക്കാനില്ല. നമുക്ക് അരിച്ചുപൊറുക്കി എല്ലാവരുടെ ഭാണ്ഡങ്ങളും പരിശോധിക്കാം. കളവു മുതൽ തിരിച്ചുകിട്ടാതിരിക്കില്ല. സംഭവങ്ങളെല്ലാം ഇമാം അവർകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. സഹയാത്രികന്റെ സൂത്രം ഇമാമിന് മനസ്സിലായി. ഈ തിരക്കുകൾക്കിടയിൽ സൂത്രത്തിൽ ആരും കാണാതെ ഇമാം അവർകൾ തന്റെ കയ്യിലുണ്ടായിരുന്ന സ്വർണനാണയത്തിന്റെ കുട്ട കടലിലേക്ക് എടുത്തിട്ടു. പരിശോധകർ നന്നായി പരിശോധിച്ചിട്ടും കളവ് മുതൽ കിട്ടിയില്ല. അതിനാൽ അവർ അവസാനം പറഞ്ഞു: ഇയാൾ കള്ളം പറയുകയായിരിക്കും എന്ന തുറപ്പാണ്. അതോടെ സംഭവം അവസാനിച്ചു. സൂത്രക്കാരൻ സംശയത്തിന്റെ നിഴലിലായി.
നിശ്ചിത ദിവസത്തിൽ തന്നെ അവരുടെ കപ്പൽ ലക്ഷ്യമണഞ്ഞു. എല്ലാവരും തങ്ങളുടെ ഭാണ്ഡങ്ങളുമായി ഇറങ്ങി. ഈ സമയം സഹയാത്രികൻ ഇമാം അവർകളുടെ അടുത്തുവന്ന് ചോദിച്ചു. അയാൾക്ക് വലിയ ആശ്ചര്യം ഉണ്ടായിരുന്നു. താങ്കളുടെ സ്വർണ്ണനാണയം നിറച്ച കുട്ട താങ്കൾ എന്താണ് ചെയ്തത് എന്ന്. ഇമാം പറഞ്ഞു: ഞാനത് കടലിലേക്ക് ഇട്ടു. അയാൾക്ക് അത് വിശ്വസിക്കാൻ കഴിയുമായിരുന്നില്ല. പക്ഷേ വിശ്വസിക്കാതിരിക്കാൻ യാതൊരു ന്യായവും അവിടെ ഇല്ലായിരുന്നു. അതിനാൽ അയാൾ ചോദിച്ചു ഇത്രയും വലിയ തുക കടലിലേക്ക് ഇടാൻ താങ്കൾക്ക് എങ്ങനെ തോന്നി? ഇമാം പറഞ്ഞു: ഞാൻ നബി(സ)യുടെ ഹദീസുകൾ പഠിക്കുകയും പകർത്തുകയും അവ തികച്ചും ശരിയാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന ഒരാളും അങ്ങനെ ജനങ്ങളെല്ലാവരാലും അംഗീകരിക്കപ്പെടുന്ന ആളുമാണ്. എന്നെയെങ്ങാനും നീ ലക്ഷ്യം വെച്ചത് പോലെ ഈ കേസിൽ പിടിച്ചിരുന്നുവെങ്കിൽ എനിക്ക് നഷ്ടമാവുക എന്റെ വ്യക്തിത്വമായിരുന്നു. അതിനോളം വലുതല്ല എന്നെ സംബന്ധിച്ചിടത്തോളം ആയിരം പൊന്നാണയങ്ങൾ. സഹയാത്രികൻ ആ ധാർമ്മിക ചിന്തയുടെ മുൻപിൽ തലതാഴ്ത്തി നിന്നു പോയി. (സീറത്തുൽ ഇമാം ബുഖാരി- ശൈഖ് അബ്ദുസ്സലാം മുബാറക്പൂരി)
വ്യക്തിത്വം എന്നത് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അവന്റെ ഉൺമയാണ്. കാരണം അതുണ്ടാവുമ്പോഴാണ് അവൻ മറ്റുള്ളവരിൽ നിന്ന് വേറിട്ട് സ്വയം നിൽക്കുന്നത്. മറ്റുളവർക്ക് വേണ്ടി ഒരു ന്യായവുമില്ലാതെ വാദിക്കുക, വാക്കിലോ പ്രവർത്തിയിലോ കളവ്, ചതി, കാപട്യം തുടങ്ങിയവ പുലർത്തുക, ഒരാൾ ഒന്നു പറയുമ്പോൾ അതിനൊപ്പം കൂടി അതു പറയുക, നേരെ തിരിച്ച് മറ്റൊരാൾ മറ്റൊന്ന് പറയുമ്പോൾ അതും ഏറ്റു പറയുക, സ്വന്തം കാര്യങ്ങളിൽ ധൈര്യമില്ലായ്മ പുലർത്തുക, സ്വന്തം കാര്യങ്ങൾ തീരുമാനിക്കുവാൻ മറ്റൊരാളെ ആശ്രയിക്കേണ്ടി വരിക, മറ്റൊരാളുടെ സഹായത്തെ ജീവിതത്തിന്റെ ആധാരവും സന്ധാരണ മാർഗ്ഗവുമാക്കുക തുടങ്ങിയവയെല്ലാം വ്യക്തിത്വം ഇല്ലാത്തതുകൊണ്ട് ഉണ്ടാകുന്നതാണ്. വ്യക്തിത്വം ഉണ്ടെങ്കിൽ മാത്രമാണ് മനുഷ്യനിൽ അവന്റെ മനുഷ്യത്വം തന്നെ പൂർണ്ണമാവുന്നത്. വ്യക്തിത്വം കൊണ്ട് നമുക്ക് ലഭിക്കുന്ന നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു നേട്ടം നമ്മളെക്കുറിച്ച് ധാരണ ഉണ്ടാക്കാം എന്നതാണ്. നമ്മള്‍ക്ക് നമ്മളെക്കുറിച്ച്തന്നെ ഒരു വ്യക്തമായ ധാരണ ഉണ്ടെങ്കിൽ മാത്രമാണ് നമ്മള്‍ക്ക് എന്താണ് വേണ്ടത്, എന്താണ് നമ്മുടെ പ്രശ്‌നം, തന്റെ ഇഷ്ടങ്ങള്‍ ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയെല്ലാം സ്വയം മനസ്സിലാക്കുവാൻ കഴിയുക. മറ്റൊരു നേട്ടം സ്വയം വിലയിരുത്തലുകള്‍ നടത്താം എന്നതാണ്. നാം ചെയ്യുന്ന ഏതൊരുകാര്യത്തേയും സ്വയം വിലയിരുത്തുന്നത് നല്ലതാണ്. എന്നാല്‍ മാത്രമാണ്, എന്താണ് ചെയ്യേണ്ടത് അല്ലെങ്കില്‍ ഏതാണ് വേണ്ടാത്തത് എന്നെല്ലാം മനസ്സിലാക്കുവാന്‍ സാധിക്കുന്നത്. അതുപോലെ ഏതെല്ലാം ശരിയായിരുന്നു, ഏതെല്ലാം തെറ്റായിരുന്നു, തെറ്റ് ശരിയാകുവാനും ശരി കൂടുതൽ ശരിയാകുവാനും എന്തൊക്കെ ചെയ്യണം എന്ന് കണ്ടെത്തുവാൻ ഇതു വഴി കഴിയും. ഇതിനനുസരിച്ചാണ് ജോലിയിൽ കൂടുതൽ ശ്രദ്ധ കൊണ്ടുവരാൻ കഴിയുക.
വ്യക്തിത്വമുള്ളവർക്ക് സ്വയം വിശ്വാസം വളര്‍ത്തുവാൻ കഴിയും. മനുഷ്യന്റെ ഏതു പ്രവർത്തനത്തിന്റെയും പ്രചോദനം അവന്റെ ഉളളിൽ നിന്ന് വരുന്ന ആത്മധൈര്യമാണ്. എന്നെക്കൊണ്ട് പറ്റും, കഴിയും എന്ന് സ്വന്തം മനസ്സ് ധൈര്യം കൊടുക്കുമ്പോഴാണ് പ്രവർത്തനത്തിലേക്ക് ഓരോ വ്യക്തിയും കടക്കുക. അപ്രകാരം തന്നെ ഈ ആത്മവിശ്വാസം വഴി തന്റെ കഴിവുകളെ കുറിച്ചുള്ള ഒരു വ്യക്തമായ ധാരണ രൂപപ്പെടുത്തുവാനും കഴിയും. ശക്തമായ വ്യക്തിത്വം വഴി കള്ളത്തരം, കാപട്യം തുടങ്ങിയവകളിൽ നിന്നെല്ലാം നമുക്ക് രക്ഷപ്പെടാൻ കഴിയും. പാത്തും പതുങ്ങിയും ഒളിഞ്ഞും മറച്ചു പിടിച്ചും വളച്ചു പിടിച്ചും കാര്യങ്ങള്‍ പറയാതെ തനിക്ക് പറയുവാനുള്ളത് നേരെ തുറന്ന് പറയുന്നത് വ്യക്തിത്വത്തിന്റെ അടയാളമാണ്. നിങ്ങള്‍ക്ക് മറ്റൊരാളുടെ പ്രവൃത്തിയില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് നല്ലരീതിയില്‍ തന്നെ നമുക്ക് മറ്റുള്ളവരോട് തുറന്ന് പറയാവുന്നതാണ്. ചിലർ മറ്റുള്ളവരുടെ അഭിപ്രായത്തിനൊത്ത് മാറിക്കൊണ്ടേയിരിക്കുന്നവരായിരിക്കും. സ്വയം തിരിച്ചറിവുകളും താന്‍ എന്താണെന്നും മനസ്സിലാക്കുന്ന ഒരു വ്യക്തിക്ക് തന്റെ ജീവിതം എങ്ങിനെ ആയിരിക്കണം എന്ന ധാരണ ഉണ്ടായിരിക്കണം. കൂടാതെ, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് പിന്നിൽ പോയി ജീവിതം പലവഴിക്ക് തിരിക്കാതെ തന്റേതായ രീതിയില്‍ ഒരു വഴിയെ ലക്ഷ്യബോധത്തോടെ ജീവിക്കാം എന്ന് നിശ്ചയിക്കാനും വ്യക്തിത്വമുള്ളവർക്ക് കഴിയും. മറ്റുള്ളവര്‍ എന്ത് പറയും എന്ന് ചിന്തിക്കാതെയും അതിൽ ഭയമോ ആശങ്കയോ പുലർത്താതെയും തനിക്ക് സന്തോഷം നല്‍കുന്നത് എന്താണോ അതിനെ കുറിച്ച് ചിന്തിക്കുവാനും അതിനു വേണ്ടി ശ്രമിക്കുവാനും വ്യക്തിത്വമുള്ളവർക്ക് കഴിയും.
ഇസ്ലാമിക പരിപ്രേക്ഷ്യത്തിലും വ്യക്തിത്വം ഏറ്റവും പ്രധാനമാണ്. ഇസ്ലാമിന്റെ അധ്യാപനങ്ങൾ ആത്യന്തികമായി ലക്ഷ്യം വെക്കുന്നത് ഒരു നല്ല വ്യക്തി ഉണ്ടായിത്തീരുകയും അവർ ചേർന്ന് ഒരു നല്ല സമൂഹം ഉണ്ടായിത്തീരുകയും ചെയ്യുക എന്നതാണ്. അതിനുവേണ്ടി സ്വഭാവങ്ങളും ജീവിതരീതികളും ഇസ്ലാം പഠിപ്പിക്കുന്നു. വ്യക്തിത്വം നഷ്ടപ്പെടാതിരിക്കുവാൻ മനുഷ്യന്റെ എല്ലാ വ്യവഹാരങ്ങളിലും ഇടപെടുകയും നിയമങ്ങളും നിർദ്ദേശങ്ങളും നൽകി അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മറ്റുള്ളവരുമായിയുള്ള ഇടപാടുകളിലും ബന്ധങ്ങളിലും പുലർത്തുവാനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾഇസ്ലാം നൽകുന്നുമുണ്ട്. അല്ലെങ്കിലും ഓരോ മനുഷ്യനും അവന്റേതായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് സൃഷ്ടാവിന്റെ ത്വരയും താൽപര്യവും തന്നെയാണ്. അതിനു സൗകര്യപ്പെടാൻ വേണ്ടിയാണല്ലോ ഓരോ മനുഷ്യനെയും അല്ലാഹു ഓരോ ശക്തികളും ശേഷികളും വെവ്വേറെ തന്നെ നൽകി സൃഷ്ടിച്ചിരിക്കുന്നത്. ആകര്‍ഷകമായ വ്യക്തിത്വത്തിലൂടെ ആളുകളുടെ മനം കവരാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എങ്ങനെ നല്ല വ്യക്തിത്വം ആര്‍ജിച്ചെടുക്കാമെന്ന് പഠിപ്പിക്കുന്ന ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വ്യക്തിത്വവികാസത്തേക്കാള്‍ സാമ്പത്തിക വികസനം ലക്ഷ്യംവെച്ച് കച്ചവട താല്‍പര്യത്തോടെ വ്യക്തിത്വ വികസന കോഴ്‌സുകള്‍ നടത്തുന്നവരുമുണ്ട്. ഇതെല്ലാം പക്ഷെ, ആളുകളെ പാട്ടിലാക്കാനുള്ള കൗശലങ്ങൾ മാത്രമാണ്. എന്നാല്‍ ജാടകളും അഭിനയവും കൂടാതെ ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടാനുള്ള മാര്‍ഗങ്ങളാണ് വ്യക്തിത്വ വികസനരംഗത്ത് ഇസ്‌ലാം നല്‍കുന്നത്. അത് നൽകുന്ന ദാനങ്ങൾക്ക് ഇസ്ലാമിന് അവതരിപ്പിക്കാൻ ഉള്ളതാവട്ടെ പുസ്തകങ്ങളിലെ അദ്ധ്യായങ്ങളോ പ്രചോദക പ്രഭാഷണങ്ങളോ അല്ല, മാനുഷ്യകത്തിന്റെ മഹാചാര്യൻ നബി തിരുമേനിയുടെ ജീവിതം തന്നെയാണ്. ആ നിയോഗവും ദൗത്യവും വിജയിച്ചത് അവരുടെ വ്യക്തിത്വത്തിന്റെ സ്വാധീനം കൊണ്ടായിരുന്നു എന്ന് ലോകത്തോട് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso