Thoughts & Arts
Image

ഖാജാ: ഹൃദയങ്ങളുടെ സുൽത്വാൻ

20-01-2023

Web Design

15 Comments







റജബ് മാസത്തിന്റെ ഓർമ്മകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയുടെ സുല്‍ത്താന്‍ എന്നറിയപ്പെട്ട ഖാജാ മുഈനുദ്ദീന്‍ ചിശ്തി അല്‍ അജ്മീരിയുടെ വഫാത്ത്. ആത്മീയതയും വഹിച്ച് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സൂഫീ വര്യന്മാരില്‍ ഉന്നതനാണ് മഹാനവര്‍കള്‍. എട്ടു നൂറ്റാണ്ടുകൾ നീണ്ട ഇന്ത്യയിലെ മുസ്ലിം ഭരണത്തിന്റെ ശരിക്കുമുള്ള ശില്പി മുഹമ്മദ് ഗോറിയാണ്. രജപുത്ര രാജാവായിരുന്ന പൃഥ്വിരാജിനെ പരാജയപ്പെടുത്തി ആയിരുന്നു ഗോറി ഇന്ത്യയിൽ തന്നെ സാമ്രാജ്യം സ്ഥാപിച്ചത്. ഗോറിയുടെതുടക്കം അജ്മീറിന്റെ മണ്ണിൽ നിന്നായിരുന്നു. അത് പിന്നീട് ഒരു വലിയ സാമ്രാജ്യമായി വളർന്നു. ഈ വളർച്ചയെ മണ്ണിലും അധികാരത്തിനും ഉള്ള വളർച്ചയായി നമുക്ക് കരുതാം. ഗോറിയുടെ ഇതേ അജ്മീറിൽ തന്നെ ആണ് ഇന്ത്യൻ മുസ്ലിങ്ങളുടെ ആത്മീയ സാമ്രാജ്യവും സ്ഥാപിക്കപ്പെട്ടത്. അതേ അജ്മീരില്‍ തന്നെ പ്രബോധന സംസ്‌കരണ ആത്മീയ പ്രവർ‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ)യാണ് ഈ സാമ്രാജ്യത്തിന്റെയും ശില്‍പി. ഇന്ത്യയില്‍ വ്യവസ്ഥാപിതമായ സ്ഥാപിതമായ ചിശ്തിയ്യ ത്വരീഖത്തിന്റെ ഇന്ത്യയിലെ യഥാര്‍ഥ സ്ഥാപകനാണ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ). ചിശ്തി ആത്മീയ വിചാരം ഇന്ത്യയിൽ ഖാജാ തങ്ങൾ വരുന്നതിന്റെ മുമ്പ് തന്നെ ഇന്ത്യയിൽ എത്തിയിരുന്നു എന്നാണ് ചരിത്രം. മഹ്മൂദ് ഗസ്‌നിയുടെ സൈന്യത്തോടൊപ്പം സോമനാഥിലും മറ്റും വന്ന ഖാജാ അബൂ മുഹമ്മദ് ചിശ്തിയാണ് ഇന്ത്യയില്‍ വന്ന ആദ്യത്തെ ചിശ്തി സൂഫി. ഖാജാ തങ്ങൾ വരുന്നതിന്റെ രണ്ട് നൂറ്റാണ്ടെങ്കിലും മുമ്പായിരുന്നു ഇത്. മഹ്മൂദ് ഗസ്‌നിയുടെ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹം യുദ്ധത്തില്‍ പങ്കാളിയാവുകയും ചെയ്തിരുന്നു. മഹ്മൂദ് ഗസ്‌നി ഇന്ത്യയില്‍ നടത്തിയ യുദ്ധത്തിന്റെ പ്രധാന ആത്മീയ പിന്‍ബലം തന്റെ സൈന്യത്തിലെ ഈ ചിശ്തി സൂഫിയായിരുന്നുവത്രെ.



ഹിജ്റ വര്‍ഷം 530 റജബ് 14 നു ഇറാനിലെ സഞ്ചര്‍ എന്ന ഗ്രാമത്തിലാണ് ഖാജ(റ)യുടെ ജനനം. പണ്ഡിതനും സൂഫിവര്യനുമായിരുന്ന ഹസ്രത്ത്‌ ഗിയാസുദ്ദീന്‍(റ) ആണ് പിതാവ്‌. മാതാവ് ഉമ്മുല്‍ വറഅ് മാഹിനൂര്‍ ബീവി(റ) യാണ്. ശൈഖുല്‍ ഹിന്ദ്‌ , മുഈനുല്‍ ഹിന്ദ്‌ , ഖുതുബുല്‍ ഹിന്ദ്‌ എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഖാജയുടെ യഥാര്‍ത്ഥ നാമം ഹസന്‍ എന്നാണ്. അവിടുത്തെ മാതൃ പിതൃ പരമ്പരകള്‍ റസൂല്‍ തിരുമേനിയില്‍ ചെന്ന് ചേരുന്നു. അനേകം മഹത്തുക്കള്‍ പിറവിയെടുത്ത വിശുദ്ധമായ പരമ്പരയാണ ദ്ദേഹത്തിന്‍റെത്. പിതാവിന്റെ മേല്‍നോട്ടത്തില്‍ ഖുറാസാനില്‍ വെച്ച് ഖാജാ തങ്ങൾ പ്രാഥമിക വിദ്യാഭ്യാസം നേടി . പിന്നീട് ഹസ്രത്ത്‌ ഹുസാമുദ്ദീന്‍(റ)ല്‍ നിന്ന് വിശുദ്ധ ഖുര്‍ആന്‍ ഹൃദ്ദിസ്ഥമാക്കി. ഫാര്‍സി,അറബി തുടങ്ങിയ ഭാഷകള്‍ അഭ്യസിച്ചു. ഖുര്‍ആന്‍, ഹദീസ്‌, ഫിഖ്ഹ്, മന്‍ത്വിഖ് , ബാലാഗ തുടങ്ങിയ അനേകം വിജ്ഞാന ശാഖകളില്‍ അവഗാഹം നേടി. കൌമാരത്തില്‍ അഥവാ വെറും പതിനാല് വയസ്സ് മാത്രമുള്ളപ്പോള്‍ തന്നെ മാതാപിതാക്കള്‍ നഷ്ടമായി. ഒമ്പതാമത്തെ വയസ്സിലാണ് അനാഥനായത് എന്നും ചില ചരിത്രങ്ങൾ പറയുന്നുണ്ട്. തരക്കേടില്ലാത്ത അനന്തര സ്വത്തുള്ളതിനാല്‍ ഉപജീവനത്തെ കുറിച്ച് ആലോചിക്കേണ്ടിവന്നില്ല.



ഒരു ദിവസം ഒരു സൂഫി വര്യന്‍ തോട്ടത്തിലേക്ക് കടന്നു വന്നു. ആ സമയം ഖാജാ തങ്ങള്‍ അദ്ദേഹത്തെ സ്നേഹാദരങ്ങളോടെ സ്വീകരിച്ചിരുത്തി. പിന്നീട് മഹാനവര്‍കള്‍ തോട്ടത്തില്‍ നിന്ന് കുറച്ച് മുന്തിരിക്കുലകള്‍ പറിച്ചെടുത്ത് അദ്ദേഹത്തിന് നല്‍കി. സസന്തോഷം അദ്ദേഹം അത് ഭക്ഷിച്ചു. ഈ സൂഫി അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തുകയും കുറച്ചു ദിവസം അവിടെ തങ്ങുകയും ചെയ്തു എന്നാണ് മനസ്സിലാകുന്നത്. ഇരുവരും വളരെ പെട്ടെന്ന് അടുത്തു. ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ അതിഥിസല്‍ക്കാരപ്രിയതയാണ് ഖന്‍ദൂസിയെ ആകര്‍ഷിച്ചത് എന്നും കരുതാം. അയാളുടെ ദര്‍വേശിനെപ്പോലെയുളള ജീവിതം ശൈഖിനെയും ആകര്‍ഷിച്ചു. ഭൗതികതയോടുള്ള താല്‍പര്യം ശൈഖില്‍ തീരെ ഇല്ലാതായി എന്നതാണ് ആ സ്വാധീനത്തിന്റെ ഫലം. ശൈഖിന്‍റെ സ്വീകരണത്തില്‍ അതീവ സംതൃപ്തനായ സൂഫി ഒരു ദിവസം തന്റെ സഞ്ചി തുറന്ന് എന്തോ ഭക്ഷ്യ സാധനമെടുത്ത് പല്ല്കൊണ്ട് കടിച്ച് മുറിച്ച് ഒരു കഷ്ണം ശൈഖിന് നല്‍കി. മഹാനവര്‍കള്‍ ഇത് കഴിച്ചപ്പോഴേക്കും തന്നില്‍ നിന്ന് വലിയ പ്രതിഫലനങ്ങള്‍ ദൃശ്യമായി. ആത്മീയ പ്രഭയില്‍ മനസ്സകം പ്രകാശിച്ചു. തുടര്‍ന്ന് ഐഹിക വിരക്തിയില്‍ പ്രചോദിതനായി തന്‍റെ സ്വന്തം തോട്ടവും മറ്റു അനന്തര സ്വത്തുക്കളും വിറ്റ് പാവങ്ങള്‍ക്കും ദരിദ്രര്‍ക്കും ധാനം ചെയ്തു. ശൈഖ് അജ്മീരിയുടെ ആത്മീയ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഈ സൂഫീ വര്യനുമായുള്ള കൂടിക്കാഴ്ച്ച. ശൈഖ് ഇബ്റാഹീം ഖന്‍ന്തുസി(റ) എന്ന മഹാനായിരുന്നു ഈ സൂഫി വര്യന്‍. ഹസ്രത്ത് ഇബാഹിം ഖന്‍ദൂസി (റ) യുമായുള്ള ബന്ധം ഖാജായുടെ അദ്ധ്യാത്മിക ജീവിതത്തില്‍ സുപ്രധാന വഴിത്തിരിവായി. ഹസ്രത്ത്‌ ഖാജാ ഉസ്മാനുല്‍ ഹാറൂനി ആത്മീയ ഔന്നിത്യങ്ങളുടെ പാരമ്യതകളിലേക്ക് കൈപിടിച്ചുയര്‍ത്തി. ആത്മീയോല്‍ക്കര്‍ഷത്തിന്റെ പാതയിലൂടെ പ്രയാണ മാരംഭിച്ച ശൈഖവര്‍കള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുറ്റി സഞ്ചരിച്ചു. ആത്മീയ ഗുരുക്കന്മാരുമായി ബന്ധം സ്ഥാപിച്ചു. തന്റെ ആത്മീയ ദര്‍ശനത്തിനു മിഴിവും ശോഭയും വര്‍ദ്ധിപ്പിക്കാന്‍ പ്രസ്തുത യാത്രകള്‍ നിമിത്തമായി.



പിന്നീട് മഹാനവര്‍കള്‍ ഒരുപാട് യാത്രകള്‍ നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോയത്. സമര്‍ഖന്ദിലേക്കാണ് ആദ്യം അദ്ദേഹം പോയത്. അവിടെ നിന്ന് വിദ്യാഭ്യാസം നേടിയതിനു ശേഷം നൈസാപൂരിലെ ഹര്‍വന്‍ എന്ന സ്ഥലത്ത് ഖാജാ ഉസ്മാന്‍ ഹറൂനി(റ)യുടെ ശിഷ്യത്വം സ്വീകരിച്ചു സൂഫി മാര്‍ഗത്തില്‍ പ്രവേശിച്ചു. ഹറൂനി തന്റെ കാലത്തെ ഒരു പ്രധാന ചിശ്തി സൂഫി ആചാര്യനായിരുന്നു. അനന്തരം ഖാജാ തങ്ങൾ ഒട്ടേറെ ഇസ്‌ലാമിക രാജ്യങ്ങളില്‍ പര്യടനം നടത്തി. ഹജ്ജ് കര്‍മ്മത്തിന് ശേഷം മദീനയിലെത്തി മസ്ജിദുല്‍ ഖുബാഇല്‍ ഇബാദത്തില്‍ മുഴുകിയിരിക്കുന്ന സമയത്ത് അല്ലാഹുവിന്‍റെ റസൂല്‍ തിരുമേനി(സ്വ) മഹാനവര്‍കളുടെ സ്വപ്നത്തില്‍ വന്ന്കൊണ്ട് പറഞ്ഞു: ഓ മുഈനുദ്ദീന്‍,നിങ്ങള്‍ നമ്മുടെ ദീനിന്‍റെ സഹായിയാണ്. നിങ്ങള്‍ ഇന്ത്യയിലേക്ക് പുറപ്പെടുക. ജിഹാദിന് പുറപ്പെട്ട എന്‍റെ മക്കളിലൊരാളായ സയ്യിദ് ഹുസൈനുബ്നു ഇബ്റാഹീം അജ്മീറില്‍ രക്ത സാക്ഷിയായിട്ടുണ്ട്. ഇപ്പോള്‍ അവിടം അവിശ്വാസികളുടെ കരങ്ങളിലാണ്. ഈ സ്വപ്നത്തിന്റെ കഥ തോമസ് ആര്‍നള്‍ഡ് പറയുന്നുണ്ട്. ലോകത്തിന്‍റെ വിവിധ ദിക്കുകള്‍ യാത്ര ചെയ്ത് അവസാനം ശൈഖ്(റ) അജ്മീരിലെത്തി. ഹിജ്റ 588 ല്‍ 40 ശിഷ്യരോടൊപ്പമാണ് മഹാനവർകൾ ഇന്ത്യയിലെത്തി തന്റെ ആത്മീയ ദൗത്യങ്ങൾ ആരംഭിച്ചത്. ഗസ്‌ന വഴി ഇന്ത്യയിലെത്തി ആദ്യം താമസിച്ചത് ലാഹോറിലാണ്. പിന്നീട് മുള്‍ത്താനിലെത്തി ദീര്‍ഘകാലം അവിടെ താമസിച്ചു. ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനത്തിന് അവിടത്തെ പ്രാദേശിക ഭാഷ പഠിക്കല്‍ അനിവാര്യമായതിനാല്‍ മുള്‍ത്താനിലെ താമസകാലത്തിനിടക്ക് അദ്ദേഹം പ്രാദേശിക ഭാഷ പഠിച്ചു. അനന്തരം ദല്‍ഹി വഴി അജ്മീറിലെത്തി അവിടെ സ്ഥിര താമസമാക്കി.



ഖാജാ മുഈനുദ്ദീന്‍ ചിശ്തി(റ) അജ്മീറില്‍ വരുമ്പോള്‍ രജപുത്ര രാജാവായ പൃഥ്വിരാജ് ചൗഹാനായിരുന്നു അജ്മീര്‍ ഭരിച്ചിരുന്നത്. ഖാജയുടെ അജ്മീറിലേക്കുള്ള വരവ് അദ്ദേഹത്തിന് ഇഷ്ടമായില്ല. ഖാജയുടെ ഒരു മുരീദിന് രാജകൊട്ടാരത്തില്‍ എന്തോ ജോലിയുണ്ടായിരുന്നു. രാജാവിന് അദ്ദേഹത്തോടുള്ള ബന്ധവും നല്ല നിലയിലായിരുന്നില്ല. ഖാജ അദ്ദേഹത്തിനു വേണ്ടി രാജാവിനോട് ശിപാര്‍ശ ചെയ്ത് നോക്കിയെങ്കിലും രാജാവ് അതിന് വലിയ വില കല്‍പ്പിച്ചില്ല. മോശം വാക്കുപയോഗിച്ച് അദ്ദേഹത്തെ അപമാനിക്കുകയും ചെയ്തു. അതിനിടയില്‍ ഗസ്‌നയില്‍നിന്ന് ഖൈബര്‍ ചുരം വഴി ഇന്ത്യയില്‍ പ്രവേശിച്ച ഗോറി സുല്‍ത്താന്‍ ശിഹാബുദ്ദീന്‍ ഗോറി തറൈനില്‍ വെച്ച് പൃഥ്വിരാജിനെ തോല്‍പിച്ച് അദ്ദേഹത്തിന്റെ മകനെ അജ്മീറില്‍ അധികാരത്തില്‍ വാഴിച്ചു. ഗോറിയുടെ ആക്രമണത്തില്‍ ഖാജാ മുഈനുദ്ദീന്‍ ചിശ്തിയുടെ പ്രേരണയുണ്ടായിരുന്നുവെന്ന് പലരും എഴുതിയിട്ടുണ്ട്. ഇത് ശരിയായാലും അല്ലെങ്കിലും ഖാജാ മുഈനുദ്ദീന്‍ ചിശ്തിയോടുള്ള രാജാവിന്റെ അനിഷ്ടമാണ് പൃഥ്വിരാജിന്റെ അധികാരം നഷ്ടപ്പെടാന്‍ കാരണമെന്ന് അദ്ദേഹത്തോട് ഭക്തി പുലര്‍ത്തിയിരുന്ന ഹിന്ദുക്കളിലും മുസ്‌ലിംകളിലും പെട്ട പലരും വിശ്വസിച്ചിരുന്നു. അജ്മീര്‍ പൂര്‍ണമായും മുസ്‌ലിം ഭരണത്തില്‍ വന്നതോടെ തദ്ദേശവാസികള്‍ക്കിടയില്‍ ശൈഖിന്റെ സ്വീകാര്യതയും അംഗീകാരവും പതിന്മടങ്ങ് വര്‍ധിച്ചുവെന്നത് വസ്തുതയാണ്. ധാരാളം ആളുകള്‍ അദ്ദേഹത്തിന് ബൈഅത്ത് ചെയ്ത് വിശ്വാസികളായി. ഔപചാരികമായി മതം മാറാതെ തന്നെ തദ്ദേശവാസികളില്‍ ധാരാളം പേര്‍ അദ്ദേഹത്തിന്റെ മുരീദുകളായിത്തീര്‍ന്നിരുന്നു.



താമസിയാതെ സുൽത്താൻ ശിഹാബുദ്ധീൻ മുഹമ്മദ് ഗോറി ഡൽഹിയുടെ ഭരണമേറ്റെടുത്തു. എല്ലാ മത വിഭാഗക്കാരോടും നല്ല നിലയിൽ വർത്തിച്ച് കുറച്ച് കാലം ഡൽഹിയിൽ താമസിച്ചു. അജ്മീറിൽ വന്ന് ഖാജാ(റ) വിനോട് അനുഗ്രഹങ്ങൾ തേടുകയും അവരുടെ ഖാദിമായി ബൈഅത്ത് ചെയ്യുകയും ചെയ്തു. പണ്ഡിതനായിരുന്ന സയ്യിദ് വജീഹുദ്ധീൻ മശ്ഹദി(റ)വിനെ അജ്മീരിലെ ഗവർണറായി നിയമിച്ചു. അങ്ങനെ, അജ്മീറും പരിസര പ്രദേശങ്ങളും ഇസ്ലാമിക ദഅ് വത്തിന് സാഹചര്യമനുകൂലമായി . പ്രബോധന രംഗം വിശാലമായപ്പോൾ ഭക്തജനങ്ങൾ അധികരിച്ച് വന്നു. ഖാൻഖാഹുകളും പള്ളികളും പാഠശാലകളൂം നിർമ്മിക്കപ്പെട്ടു. എല്ലാ മതക്കാരും ഖാജാ തങ്ങൾക്കും ശിഷ്യർക്കും ഒത്താശകൾ ചെയ്തു കൊണ്ടിരുന്നു.



പിന്നീട് ലക്ഷങ്ങൾ അദ്ദേഹത്തിലൂടെ ഇസ്ലാമിന്റെ തണലിൽ എത്തിച്ചേർന്നു. അദ്ദേഹം വഴി ഹിന്ദുക്കളിലും മജൂസികളിലും പെട്ട ധാരാളം പേര്‍ ഇസ്‌ലാം സ്വീകരിച്ചതായി ശൈഖ് നസീറുദ്ദീന്‍ ചിറാഗ് ദഹ്‌ലവി തന്റെ ഖൈറുല്‍ മജാലിസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ഭരണാധികാരികളും സുൽത്വാൻമാരും എന്നും ആദരിച്ചിട്ടുള്ള വ്യക്തിത്വമാണ് ഖാജാ തങ്ങൾ. ആ സമയം അജ്മീര്‍ ഭരണാധിപന്‍ പൃഥിരാജ് ആയിരുന്നു. ശൈഖും സംഘവും നല്ലൊരു തണല്‍ വൃക്ഷമുള്ള സ്ഥലം വിശ്രമത്തിനായി തെരെഞ്ഞെടുത്തു. കുറച്ച് കഴിഞ്ഞപ്പോള്‍ രാജാവിന്‍റെ പരിചാരകന്മാര്‍ വന്നുകൊണ്ട് അവിടെ നിന്ന് മാറുവാന്‍ പറഞ്ഞു. ശൈഖും സംഘവും അവിടെ നിന്ന് മാറി ഒരു കുളിക്കരയില്‍ മാറി താമസിച്ചു. പിന്നീട് അവിടെ നടന്നത് തീര്‍ത്തും വിവര്‍ണ്ണനാതീതമായ സംഭവങ്ങളായിരുന്നു. ഹൃദയസ്പന്ദമായ വാക്കുകളിലൂടെ മധുരമൂറുന്ന ശബ്ദത്തിലൂടെ ഖ്വാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീരി(റ) ഇന്ത്യന്‍ ജനങ്ങള്‍ക്കും പുറമെയുള്ളവര്‍ക്കും നല്‍കിയ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അതിമനോഹരവും ആകര്‍ഷവുമായിരുന്നു. വിശുദ്ധ ഖുര്‍ആന്‍,തിരു സുന്നത്ത്,മഹദ് വചനങ്ങള്‍,അമൂല്യ ഗ്രന്ഥങ്ങള്‍,ആത്മീയ അനുഭവങ്ങള്‍ എന്നിവയുടെ വെളിച്ചത്തിലായിരുന്നു ജനങ്ങളെ ഇസ്ലാമിലേക്ക് മഹാനവര്‍കള്‍ ക്ഷണിച്ചിരുന്നത്. ആയിരങ്ങൾ അതു വഴി വെളിച്ചത്തിലെത്തി.



നിരവധി കറാമത്തുകള്‍ പ്രകടിപ്പിച്ച മഹാനര്‍കളിലൂടെ ആയിരങ്ങള്‍ പരിശുദ്ധ ഇസ്‌ലാം പുല്‍കി. കുഞ്ഞുനാള്‍ മുതലേ കറാമത്തുകൾ മഹാനവര്‍കളില്‍ പ്രകടമായിരുന്നു. കുട്ടിക്കാലം തൊട്ടേ അശരണരുടെ ആശാ കേന്ദ്രമായിരുന്നു അദ്ദേഹം. അസുഖം ബാധിച്ചെത്തുന്ന കുട്ടികളെ തലോടി തല്‍ക്ഷണം കുട്ടികളുടെ അസുഖം മാറിയിരുന്നു. ശേഷം ഇന്ത്യയിലെത്തി മുസ്ലിംകള്‍ക്ക് മാത്രമല്ല, സര്‍വ മതക്കാര്‍ക്കും അനുഗ്രഹമായി മാറി. ഖാജാ തങ്ങളുടെ ജീവിത കാലത്തുതന്നെ രാഷ്ട്രീയ കേന്ദ്രം അജ്മീരില്‍നിന്ന് ദല്‍ഹിയിലേക്ക് മാറ്റപ്പെട്ടു. 1206-ല്‍ മുഹമ്മദ് ഗോറിയുടെ സര്‍വ സൈന്യാധിപനായിരുന്ന ഖുത്ബുദ്ദീന്‍ ഐബക് ദല്‍ഹി ആസ്ഥാനമാക്കി ദല്‍ഹി സല്‍ത്തനത്ത് ഭരണം തുടങ്ങിയതോട് കൂടിയായിരുന്നു ഇത്. എന്നാല്‍ ഖാജാ മുഈനുദ്ദീന്‍ അജ്മീര്‍ ഉപേക്ഷിച്ചില്ല. അദ്ദേഹം അവിടെ തന്നെ തങ്ങി, തന്റെ ഖലീഫയും പിന്‍ഗാമിയുമായ ഖാജാ ഖുത്ബുദ്ദീന്‍ ബഖ്തിയാര്‍ കാക്കിയെ ദല്‍ഹിയിലേക്ക് നിയോഗിച്ചു. അങ്ങനെ തന്റെ പ്രവര്‍ത്തനത്തിന്റെ ഫലം രജപുത്താനയില്‍ മാത്രമല്ല ദല്‍ഹിയിലും യു.പിയിലും കൂടി വ്യാപിക്കുന്നതിന് സാക്ഷിയായി.



ആധ്യാത്മിക വിജ്ഞാനങ്ങളെ പരിപോഷിപ്പിക്കുന്ന നിരവധി ഗ്രന്ഥ രചനകള്‍ ശൈഖവര്‍കള്‍ നടത്തിയെങ്കിലും പില്‍ക്കാലത്ത്‌ അവയില്‍ പലതും നഷ്ടപ്പെട്ടു. കന്‍സുല്‍ അസ്റാര്‍, രിസാലത്തുല്‍ വുജൂദിയ്യ, ഹദീസുല്‍ മആരിഫ്, ദിവാനു ഖാജാ, അനീസുല്‍ അര്‍വാഹ് എന്നിവ അവയില്‍ ചിലതാണ്. ഖുത്ബും സൂഫിയുമായ ഖാജാ മുഈനുദ്ദീന്‍ ബഖ്ത്തിയാര്‍ കാക്കി(റ) , ശൈഖ് ഹമീദുദ്ദീന്‍(റ) എന്നിവര്‍ മുരീദുമാരില്‍ പ്രമുഖരാണ്. അജ്മീറിലെ ഗവര്‍ണറും പണ്ഡിത പ്രമുഖനുമായിരുന്ന സയ്യിദ്‌ വജീഹുദ്ദീന്‍ മശ്ഹദി(റ)വിന്റെ മകള്‍ ഇസ്മത്ത് എന്നവരെയാണ് ഖാജാ തങ്ങൾ വിവാഹം കഴിച്ചത്. ഒരു ഭരണാധിപന്റെ പുത്രിയായ അമത്തുല്ലാ ബീവിയെയും പിന്നീട് വിവാഹം ചെയ്തു. ഖാജാ മുഹിയുദ്ദീന്‍, ഖാജാ ഫഖ്‌റുദ്ദീന്‍ , ഖാജാ ഹുസാമുദ്ദീന്‍ എന്നിവര്‍ ആദ്യഭാര്യയിലുണ്ടായ മക്കളാണ്. ഹാഫിസ്‌ ജമാല്‍ എന്ന മകള്‍ മാത്രമാണ് രണ്ടാം ഭാര്യയായ അമത്തുല്ലയില്‍ ജനിച്ചത്. ഔലിയാക്കളുടെ ശ്രേണിയിലെ സൂര്യ ജ്യോതിസ്സായ ആ മഹാന്‍ തന്റെ തൊണ്ണൂറ്റി ആറാം വയസ്സിലാണ് വഫാത്തായതെന്നാണ് പ്രബലാഭിപ്രായം. ഹിജ്‌റ 633 റജബ് 6, തിങ്കളാഴ്ച തന്റെ തൊണ്ണൂറ്റി ആറാം വയസ്സിൽ മഹാനവർകൾ നമ്മെ വിട്ടുപിരിഞ്ഞു. ആ ദിവസം പൂര്‍ണമായും വാതിലടച്ചു കഴിയുകയായിരുന്നു മഹാനവർകൾ. വാതില്‍ തുറന്നുനോക്കിയപ്പോള്‍ പുറത്ത് കാത്തിരുന്ന സ്‌നേഹജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത് നെറ്റിത്തടത്തില്‍ പ്രകാശത്താല്‍ എഴുതപ്പെട്ട ഒരു ലിഖിതമായിരുന്നു. ഹാദാ ഹബീബുല്ലാഹി, മാത്ത ഫീ ഹുബ്ബില്ലാഹ് (അല്ലാഹുവിന്റെ ഹബീബ് ഇതാ, അവന്റെ പ്രീതിയിലായി മരിച്ചിരിക്കുന്നു). (മവാഹിബു റബ്ബില്‍ മത്തീന്‍, പേജ് 26).




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso