Thoughts & Arts
Image

ഇസ്ലാമും ഇൻഷുറൻസും

29-01-2023

Web Design

15 Comments






ഇൻഷുറൻസിനെ കുറിച്ച് പറയുമ്പോഴും എഴുതുമ്പോഴും എനിക്ക് ആദ്യം ഓർമ്മവരിക എന്റെ സ്വന്തം അനുഭവമാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിരതാമസം തുടങ്ങുമ്പോൾ അന്നത്തെ നിലക്ക് വളരെ മോശമല്ലാത്ത ഒരു കാർ വാങ്ങണം എന്നുണ്ടായിരുന്നു. അതിനു വേണ്ടി കയ്യിലുള്ള നീക്കിയിരുപ്പ് മുഴുവനും നീക്കിവെച്ച് റൊക്കം പണമടച്ച് ഒരു കാർ വാങ്ങി. കാർ വാങ്ങിയത് ഒരു പ്രമുഖ ഡീലറിൽ നിന്നാണ്. കച്ചവടത്തിൽ തന്നെ പരിപൂർണ്ണമായ അല്ലെങ്കിൽ ഒന്നാം നിലയിൽ ഉള്ള ഇൻഷുറൻസ് പരിരക്ഷ തന്നെ ഇരിക്കട്ടെ എന്ന് സമർത്ഥനായ സെയിൽസ്മാൻ പറഞ്ഞത് അന്നത്തെ സാഹചര്യത്തിൽ മനസ്സിൽ കൊണ്ടു. അതുതന്നെ എടുത്തു. ദൗർഭാഗ്യം എന്ന് പറയട്ടെ, നാലാം ദിവസം മറ്റൊരു വണ്ടിയുമായി കാറിന്റെ മുൻഭാഗം കൂട്ടിയിടിച്ചു. അപ്പോൾ വലിയ സമാധാനം ഇൻഷുറൻസ് ഉണ്ടല്ലോ എന്നതായിരുന്നു. കമ്പനിയിലേക്ക് ഫോൺ ചെയ്തു. അവർ ഓടിയെത്തി. വാഹനം അവർ റിക്കവറി വാനിൽ കയറ്റി കൊണ്ടുപോയി. അധികം വൈകാതെ, അപകടത്തിൽ ബമ്പറിന് മാത്രമേ പതിപരിക്കുള്ളു എന്ന് അവർ വിളിച്ചു സമാധാനിപ്പിച്ചു. പിന്നെ ബംബർ ഇൻഷുറൻസ് പരിരക്ഷയിൽ പെടുകയില്ല അതിനാൽ കാശടക്കേണ്ടിവരും എന്നും. അപകടം പറ്റിയാൽ ബംബറിനായിരിക്കുമല്ലോ ആദ്യം പറ്റുക, എന്നിട്ടുമതിന് ഇൻഷുറൻസ് പരിരക്ഷ ഇല്ല എന്ന് പറയുന്നത് എവിടത്തെ ബുദ്ധിയാണ് എന്ന് ചോദിച്ചപ്പോൾ വളിഞ്ഞ ചിരിയിൽ ഒതുങ്ങി ഉത്തരം. അതു കരുതി ഇൻഷൂറൻസ് കൊണ്ട് ആർക്കും ഒന്നും കിട്ടില്ല, കിട്ടിയിട്ടില്ല എന്നൊന്നും പറയുവാൻ ധൈര്യപ്പെടുന്നില്ല. അലവി പണക്കാരനായത് ഇൻഷൂറൻസ് കമ്പനിക്കാർ കനിഞ്ഞു നൽകിയതു കൊണ്ടാണല്ലോ. അഡ്വ. അജിത്തിനും ഉണ്ടായി മെച്ചം. മുപ്പത് ശതമാനമാണ് പ്രതിഫലമായി കക്ഷി അടിച്ചുമാറ്റിയത്. മുമ്പ് പൊരിഞ്ഞ പല്ലിനെ അപകടത്തിന്റെ ഫയലിൽ പെടുത്താൻ കക്ഷി അദ്ധ്വാനിച്ചിട്ടുമുണ്ട്. പല്ലും കാലുമില്ലെങ്കിലും അലവിക്ക് ഇപ്പോൾ സുഖമാണ്.



ഈ ചിത്രങ്ങളിൽ നിന്നെല്ലാം കിട്ടിയ ഫലങ്ങൾ എല്ലാം ചേർന്നതാണ് ഇൻഷൂറൻസിന്റെ വർത്തമാനം. അതിൽ അനുകൂലവും പ്രതികൂലവുമായ ഘടകങ്ങൾ ഉണ്ട് . അനുഭവിക്കുന്നവനാണ് അതിൽ ഏതു വേണമെന്ന് നിശ്ചയിക്കുന്നത്. മതപരമായ സൂക്ഷ്മത ഉള്ളവൻ അങ്ങനെയും ഇല്ലാത്തവൻ അങ്ങനെയും അതിനെ കാണുന്നു. ഒരു വിഷയം ചർച്ചക്കെടുക്കുന്നത് അതിൽ അനുകൂലവും പ്രതികൂലവുമായ രണ്ടുവശങ്ങൾ പ്രകടമാകുമ്പോഴാണല്ലോ. ഇവയിൽ രണ്ടു വശങ്ങളെയും അനുകൂലം, പ്രതികൂലം എന്നിങ്ങനെ രണ്ടായി തരംതിരിക്കുന്നത് വിഷയത്തിനും സാഹചര്യത്തിനും അനുസരിച്ചായിരിക്കും. ഇൻഷുറൻസ് എന്ന വിഷയത്തിന്റെ കാര്യത്തിലും അങ്ങനെത്തന്നെയാണ്. ഇൻഷൂറൻസിന്റെ കാര്യത്തിൽ അനുകൂലമായ ഘടകങ്ങളായി ഉയർത്തിക്കാണിക്കുന്ന വാദങ്ങൾ പലതും പുതിയ കാലത്തിന്റെ ത്വരകളും സങ്കൽപ്പങ്ങളും ചേർത്ത് തട്ടിപ്പടച്ചുണ്ടാക്കുന്ന ന്യായീകരണങ്ങളും വാദങ്ങളുമാണ്. പ്രതികൂല ഘടകങ്ങളാണെങ്കിലോ ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളെയും ചതി, വഞ്ചന തുടങ്ങിയവയിൽ നിന്നുള്ള മുക്തിയെയും പ്രതിനിധാനം ചെയ്യുന്നവയുമാണ്. അതിനാൽ അവ ഓരോന്നും എന്തൊക്കെയാണെന്നും എന്തുകൊണ്ട് അവ അനുകൂലവും പ്രതികൂലവുമാണ് എന്നും സമർഥിച്ചാൽ സത്യം സുതരാം വ്യക്തമാവും. ഇൻഷൂറൻസ് നല്ലതാണ് എന്ന് പറയുന്ന അനുകൂല വാദികളുടെ നിലപാടുകൾ ആദ്യം എടുക്കാം. അവർ വാദിക്കുന്നത് ഒന്നാമതായി ഇന്‍ഷൂറന്‍സ് പരസ്പരം സംതൃപ്തിയോടെ നടത്തുന്ന ഒരു വ്യാപാരമാണ് എന്നാണ്. കൊടുക്കുന്നവനും കൊള്ളുന്നവനും സംതൃപ്തരാണ് എങ്കിൽ പിന്നെ അത് ഒരു അനുവദനീയമായ ഇടപാട് ആകുമല്ലോ എന്ന് ഇങ്ങനെ പറയുന്നവർ വാദിക്കുന്നു.



ഈ വാദം ശരിയല്ല. സംതൃപ്തി ഉണ്ടായത് കൊണ്ട് ഫലമില്ല. ഇടപാട് ഇസ്ലാമിക ദൃഷ്ട്യാ അംഗീകൃതമാകണം. ഒരു ഇടപാടിൽ പലിശ വരികയും കൊടുക്കുന്നവനും വാങ്ങിക്കുന്നവനും സന്തോഷത്തോടും സംതൃപ്തിയോടും കൂടി അത് ചെയ്യുകയും ചെയ്യുന്നുവെങ്കിലും പലിശ ഹലാൽ ആവില്ല. ചൂതാട്ടവും അപ്രകാരം തന്നെയാണ്. രണ്ട് കക്ഷികളും സംതൃപ്തിയോട് കൂടെ നൽകുകയും വാങ്ങുകയും ചെയ്യുന്നു എങ്കിൽ പോലും അത് ഹലാലാവുകയില്ല. സത്യത്തിൽ ഇൻഷൂറൻസിൽ ഈ രണ്ടു ഘടകങ്ങളും അഥവാ പലിശയും ചൂതാട്ടവും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത് ഒരിക്കലും ഹലാലായി തീരുകയില്ല. അതു പറയുമ്പോൾ ഇതിൽ എവിടെയാണ് ചൂതാട്ടവും പലിശയും അടങ്ങിയിരിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വേഗത്തിൽ മനസ്സിലാക്കാം. ഒരാൾ കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക് വിമാന മാര്‍ഗം പോകുവാൻ ടിക്കറ്റിന്റെ തുകയുടെ കൂടെ ആയിരം രൂപയുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നു. അയാൾ സുരക്ഷിതമായി ഡല്‍ഹിയില്‍ എത്തിയാല്‍ ആ ആയിരം രൂപ ഇന്‍ഷുറന്‍സ് കമ്പനിക്ക് ലഭിക്കും. ഇനി അയാൾക്ക് വല്ല അപകടവും സംഭവിച്ചാല്‍ കമ്പനി നഷ്ടപരിഹാരം നല്‍കും. ഇവിടെ രണ്ടുപേര്‍ തമ്മില്‍ പണത്തിനായുള്ള ഒരു ഭാഗ്യ പരീക്ഷണം നടക്കുകയാണ്. പണത്തിന് വേണ്ടി നടത്തുന്ന ഭാഗ്യ പരീക്ഷണത്തെയാണ് ചൂതാട്ടം എന്ന് പറയുന്നത്. പണത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി നിൽക്കുന്ന രണ്ട് കക്ഷികളുടെയും മനസ്സിന് തീർത്തും ആഗ്രഹിക്കുവാനോ ആശിക്കുവാനോ പ്രാർത്ഥിക്കുവാനോ പറ്റാത്ത വിധത്തിലുള്ളതാണ് രണ്ടു ഭാഗങ്ങളും. കാരണം ഇൻഷൂറൻസ് നൽകുന്ന കമ്പനിക്ക് ഈ പണം കിട്ടണമെങ്കിൽ യാത്രക്കാരന് ഒരപകടവും പറ്റാതിരിക്കണം. അപ്പോൾ ഒരു ചിലവും ബുദ്ധിമുട്ടും ഇല്ലാതെ അവർക്ക് പണം കിട്ടും. അതേസമയം പണം മുടക്കിയ വ്യക്തിക്ക് തന്റെ സ്വന്തം പണം തിരിച്ചു കിട്ടണമെങ്കിൽ പോലും തനിക്ക് അപകടം പറ്റണം.



ഇനി എങ്ങനെയാണ് ഇതിൽ പലിശ കടന്നുവരുന്നത് എന്ന് നോക്കാം. പോളിസി എടുത്ത ആൾ കമ്പനിക്ക് ആയിരം രൂപ നൽകുമ്പോൾ അത് അപകടം സംഭവിച്ചാൽ പതിനായിരം രൂപ പകരം തരണം എന്ന ധാരണയിലാണ് എന്ന് കരുതുക. അപ്പോൾ അത് പണം കൊടുത്ത് പണം നേടുന്ന ഒരു ഇടപാടാണ്. ഇതിനെ നാം കടമിടപാട് എന്ന് പറയുന്നു. അതു ശരിയും ഹലാലും തന്നെയാണ്. പക്ഷെ, ഇവിടെ അത് തികച്ചും ഹറാമായ പലിശാധിഷ്ഠിത കടമിടപാടായി മാറുന്നുണ്ട്. കാരണം മുൻകൂട്ടി തന്നെ കമ്പനിയും പോളിസി ഉടമയും അപകടം പറ്റിയാൽ ഇത്ര തുക അധികം തരാം എന്ന ഒരു കരാറിൽ ഏർപ്പെടുന്നുണ്ട്. നൽകിയ തുകയേക്കാൾ വല്ലതും തിരിച്ചു തരണം എന്ന് മുൻധാരണ വെച്ചു കൊണ്ടുള്ള എല്ലാ ഇടപാടുകളും പലിശാധിഷ്ഠിതവും ഹറാമുമാണ്.



സഹായ സ്ഥാപനമോ !



മറ്റൊരു അനുകൂല വാദം ഇവിധമാണ്. ഒരുപറ്റം ഉദാരമതികള്‍ തങ്ങളുടെ ധനത്തില്‍ നിന്നു നിശ്ചിത വിഹിതമെടുത്തു നടത്തുന്ന പരസ്പര സഹായ സ്ഥാപനമാണല്ലോ ഇന്‍ഷൂറന്‍സ് കമ്പനി എന്നാണ്. ഇതൊക്കെ സത്യത്തിൽ ഇൻഷൂറൻസ് കമ്പനിയുടെ പിന്നാമ്പുറങ്ങൾ മറച്ചുപിടിക്കുവാനും അവരുടെ സേവനങ്ങളെ മഹത്വവൽക്കരിക്കുവാനും ഉള്ള ശ്രമങ്ങളാണ്. സത്യവുമായി ഇതിന് യാതൊരു ബന്ധവുമില്ല. കാരണം, കമ്പനിയുടെ ലാഭേച്ഛയാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അപരനെ സഹായിക്കുക എന്ന ഉദ്ദേശ്യം ഇവിടെ ഇല്ല. അപകടമുണ്ടാകുമ്പോള്‍ പകരം നല്‍കണമെന്ന് ഉപാധിയോടെ അടക്കുന്ന പ്രീമിയം സംഭാവനയോ സഹായമോ അല്ല. ഇങ്ങനെ വെറും സാദ്ധ്യത മാത്രമുള്ള ഒരു അപകടത്തെ വെച്ച് പേടിപ്പിച്ചും ഞെട്ടിച്ചും പോളിസി ഉടമകളിൽ നിന്നും സംഭരിക്കപ്പെടുന്ന സംഖ്യകള്‍ അതിനു വേണ്ടി മാറ്റി വെക്കുകയല്ല, മറിച്ച് ആദായകരമായ ഇടപാടുകളില്‍ മുടക്കി പണം ഇരട്ടിപ്പിക്കുകയാണ്. ഇങ്ങനെ കമ്പനിക്ക് കിട്ടുന്ന ഭീമമായ ലാഭം കമ്പനി ഏകപക്ഷീയമായി സ്വന്തമാക്കുകയാണ്. പോളിസി എടുക്കുകയും ഭാഗ്യവശാൽ അപകടമൊന്നും ഇല്ലാതെ സുരക്ഷിതനായവന് ഒന്നും മടക്കിക്കൊടുക്കാതിരിക്കുക വഴി സഹായ സ്ഥാപനമെന്ന അർഥത്തിൽ നിന്ന് ഇൻഷൂറൻസ് കമ്പനി പുറത്തുകടക്കുകയും സമർത്ഥമായി പറ്റിക്കുന്ന ഒരു സൂത്ര സംവിധാനമായി മാറുകയും ചെയ്യുന്നു.



മറ്റൊരു വാദം തെല്ലു വിശദമാണ്. അവർ ഉയർത്തുന്ന വാദം ജീവിതം അപകടസാധ്യത നിറഞ്ഞതാണ് എന്ന ആമുഖത്തിൽ നിന്നു തുടക്കുന്നു. ഒരു വ്യക്തിയുടെ ജീവനും ധനവും വാഹനവും വ്യവസായശാലകളും വ്യാപാര ചരക്കുകളും ഉപകരണ സാമഗ്രികളും ഏതുസമയത്തും അപകടങ്ങള്‍ക്കും വിധേയമാകാം. ചിലപ്പോള്‍ ജീവിതം മുഴുവനും അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് ഒരൊറ്റ അപകടം കൊണ്ട് നിശ്ശേഷം നശിച്ചെന്നു വന്നേക്കാം. ഇങ്ങനെയുണ്ടാകുന്ന ആകസ്മിക നഷ്ടങ്ങള്‍ നികത്തിക്കൊടുക്കുകയാണ് ഇന്‍ഷൂറന്‍സ് കമ്പനികൾ ചെയ്യുന്നത്. ഇത് ജനങ്ങള്‍ക്ക് മനസ്സമാധാനം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. ഇതിനുപുറമെ ഈ സംവിധാനം വ്യാപാര വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം പദ്ധതികളിലേക്ക് കടന്നു വരാൻ മറ്റുളളവരെ പ്രോത്സാഹിപ്പിക്കുന്നു. പദ്ധതികൾ ദേശീയ സമ്പത്ത് വളര്‍ത്തുന്നു. കാരണം ഭീമമായ സംഖ്യ മുടക്കി വ്യക്തികളും സംഘങ്ങളും വ്യവസായ വ്യാപാരങ്ങള്‍ നടത്തുമ്പോള്‍ യാദൃശ്ചികമായുണ്ടാകുന്ന അപകടങ്ങള്‍ നൈരാശ്യവും വൈമുഖ്യവും സൃഷ്ടിക്കുന്നു. വ്യവസായങ്ങള്‍ക്കു പണം മുടക്കാനുള്ള ധൈര്യം നഷ്ടപ്പെടുന്നു. ഇന്‍ഷൂറന്‍സ് വ്യവസ്ഥിതിയാകട്ടെ ഇത്തരം നഷ്ടങ്ങള്‍ക്കു പരിഹാരം നല്‍കാമെന്ന് ഉറപ്പുനല്‍കുന്നു. ഇത് മുതലുടമകള്‍ക്ക് ധൈര്യം പകരുന്നു. ഭീമമായ സംഖ്യ മുടക്കി വലിയ വ്യവസായങ്ങള്‍ തുടങ്ങുവാന്‍ പ്രചോദനം നല്‍കുകയാണ് കമ്പനി ചെയ്യുന്നത്. ഈ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് അനുവദിക്കേണ്ടതല്ലേ? എന്നാണ് ഇവരുടെ വാദം.



ഇതിനുള്ള ഉത്തരത്തിൽ പണ്ഡിതരുടെ സ്വരത്തിൽ ചില പതർച്ചകൾ ഉണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്.
ഇത്തരം ഗുണങ്ങള്‍ ഉള്ളതുകൊണ്ട് വ്യക്തികളുടെയും സമൂഹത്തിന്റെയും താത്പര്യം (മസ്ലഹത്ത്) പരിഗണിച്ച് ഇന്‍ഷൂറന്‍സ് അനുവദനീയമാണെന്ന് ചിലര്‍ വാദിക്കുന്നുണ്ട്. പക്ഷെ, ഈ ന്യായം ദുര്‍ബലമാണെന്ന് മാത്രമല്ല, അബദ്ധവുമാണ്. ചില ഭൗതിക നേട്ടങ്ങളുണ്ടെന്നത് കൊണ്ടും ജനതാത്പര്യം കണക്കിലെടുത്തും അടിസ്ഥാനപരമായ ദോഷവശങ്ങളെ അവഗണിച്ചോ മാറ്റി വെച്ചോ ഒരു കാര്യത്തെയും അനുവദനീയമാക്കാവുന്നതല്ല. ഇസ്ലാമിക നിയമങ്ങൾ ഓരോന്നും നിഷ്പതിക്കുന്നത് ഒരോ അടിസ്ഥാന( ഉസ്വൂൽ) ത്തിൽ നിന്നാണ്. ഇത്തരം അടിസ്ഥാനപരമായി അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളെ അതിന്റെ ബാഹ്യ നൻമകളെ മാത്രം നോക്കിയോ അല്ലെങ്കിൽ നൻമകളിലേക്ക് തിരിച്ചു വിട്ടോ അവ അനുവദനീയമായി കാണുവാൻ കഴിയില്ല. അത് നാട്ടിലെ പള്ളിയോ മദ്റസയോ നടത്തുവാൻ വേണ്ടി ലോട്ടറി യോ പലിശക്കുറിയോ വെക്കുന്നതിന് സമാനമാണ്. ഇസ്ലാമിന്റെ ഒരു വലിയ പ്രത്യേകത കൂടിയാണിത്. ലക്ഷ്യവും മാർഗ്ഗവും സംശുദ്ധമായിരിക്കണം എന്നാണത്. എന്താണോ ലക്ഷ്യം അതിലേക്ക് എത്തിച്ചേരുന്ന മാർഗ്ഗവും സംശുദ്ധമായിരിക്കണം. പ്രവാചകൻ(സ) പറയുന്നു: കർമങ്ങളുടെ അടിസ്ഥാനം ഉദ്ദേശ്യമാകുന്നു. ഓരോരുത്തർക്കും അവരുദ്ദേശിച്ചതെന്തോ അതാണ് ലഭിക്കുക. ഏതൊരാളുടെ ഹിജ്‌റ അല്ലാഹുവിനെയും പ്രവാചകനെയും ഉദ്ദേശിച്ചാണോ, അയാളുടെ ഹിജ്‌റ അല്ലാഹുവിലേക്കും റസൂലിലേക്കുമായിരിക്കും. ഒരാളുടെ ഹിജ്‌റ ഭൗതികനേട്ടം ഉദ്ദേശിച്ചോ ഏതെങ്കിലും സ്ത്രീയെ വിവാഹം ചെയ്യുന്നതിനോ ആണെങ്കിൽ ആ ഹിജ്‌റ അയാൾ ഉദ്ദേശിച്ചതിലേക്ക് മാത്രമായിരിക്കും. (ബുഖാരി,മുസ്‌ലിം)



മാത്രമല്ല, ഈ ന്യായത്തെ നാം അംഗീകരിക്കുകയാണ് എങ്കിൽ മദ്യവും ചൂതാട്ടവും എല്ലാം അതിന്റെ ചില നൻമകളുടെ പേരിൽ അനുവദനീയമാക്കേണ്ടിവരും. ഇമാം റാസി(റ) പറയുന്നു: മദ്യവ്യാപാരം കൂടുതല്‍ ലാഭം നേടിക്കൊടുക്കുന്നു. മാത്രമല്ല ദുര്‍ബലനെ ശക്തിപ്പെടുത്തുന്നു. ആഹാരം ദഹിപ്പിക്കുന്നു. ലൈംഗികശക്തി വര്‍ധിപ്പിക്കുന്നു. ദുഃഖിതനെ ആശ്വസിപ്പിക്കുകന്നു. ചൂതാട്ടം കൊണ്ട് ചില ഗുണങ്ങള്‍ ഉണ്ട്. അത് അഗതികള്‍ക്ക് ആശ്വാസവും ഐശ്വര്യവും നല്‍കുന്നു. കാരണം, ചൂതുകളികളില്‍ നേടിയ ഒട്ടകമാംസം കളിക്കാര്‍ ഭക്ഷിക്കാറുണ്ടായിരുന്നില്ല. അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുകയായിരുന്നു പതിവ്. വാഖിദി(റ) പറയുന്നു: ഒറ്റയിരിപ്പില്‍ നൂറ് ഒട്ടകത്തിനുവരെ ചൂത് നടത്താറുണ്ടായിരുന്നു. പ്രയാസമന്യേ ലഭിക്കുന്ന ഈ ഒട്ടകങ്ങളത്രയും പാവങ്ങള്‍ക്ക് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. ഇതൊന്നും പറഞ്ഞ് ഇവ ഹലാലാണ് എന്ന് പറയാവതല്ല (റാസി 6/50). മദ്യപാനത്തിലും ചൂതാട്ടത്തിലും ചില താല്‍ക്കാലിക ഗുണങ്ങളും ഭൗതിക നേട്ടങ്ങളുമുണ്ടെന്ന കാര്യം വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്നിട്ടും അതനുവദനീയമാണെന്ന് ആരും പറയാറില്ല. അതുപോലെതന്നെ ചില ഗുണങ്ങളുടെ പേരില്‍ ഇന്‍ഷൂറന്‍സിനെയും അനുവദനീയ വകുപ്പില്‍ പെടുത്താന്‍ നിര്‍വാഹമില്ല.



ആശ്വാസം അരുതായ്മയാകുകയോ !



മറ്റൊരു വിഭാഗം ജനങ്ങൾ ഇപ്രകാരം തന്നെ ചില വൈകാരികതകളിൽ കേറിപ്പിടിക്കുന്നുണ്ട്. ഇരയുടെ ദു ര്യോഗങ്ങളെ കൂട്ടുപിടിക്കുന്നതും അത് ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്നതും അവർക്കു വേണ്ടിയുളള ത്യാഗവും ദാനവുമാണ് ഇതെല്ലാം എന്ന് വാദിക്കുന്നതും കളളത്തരങ്ങൾ വെളുപ്പിക്കാനുള്ള ചില സൂത്രക്കാരുടെ ശ്രമമാണ്. അവർ വളരെ ചെറുതാക്കി അവതരിപ്പിച്ചാണ് കാര്യം നേടുക. അവരു പറയും, ഒരാളുടെ നഷ്ടം കുറേപേര്‍ കൂട്ടുചേര്‍ന്ന് നികത്തലാണല്ലോ ഇന്‍ഷൂറന്‍സ് എന്ന്. ഉദാഹരണമായി സ്ഥാപനത്തിലെ ജീവനക്കാര്‍. പ്രതിദിനം സ്ഥാപനത്തിലെത്തിച്ചേരുന്നത് കാറിലാണെന്നു സങ്കല്‍പ്പിക്കുക. പ്രതിവര്‍ഷം ഈ കാറുകളില്‍ നിന്ന് രണ്ട് കാറെങ്കിലും മോഷ്ടിക്കപ്പെട്ടുവെന്നും കരുതുക. എങ്കില്‍ കാര്‍ നഷ്ടപ്പെട്ട രണ്ടുപേര്‍ അത് പരിഹരിക്കാന്‍ ഏറെ പ്രയാസപ്പെടുന്നു. ആ പ്രയാസം ലഘൂകരിക്കാന്‍ കമ്പനി മാസാമാസം നൂറു ജീവനക്കാരില്‍ നിന്നും നിശ്ചിത സംഖ്യ ഇന്‍ഷൂറന്‍സ് പോളിസിയിലൂടെ ശേഖരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ നിന്നു നല്‍കി നഷ്ടം പരിഹരിക്കാവുന്നതാണ്. ഇതാണല്ലോ പരക്കെ നടക്കുന്ന ഇന്‍ഷൂറന്‍സിന്റെ തത്വം. ഈ ഇന്‍ഷൂറന്‍സ് പ്രത്യക്ഷത്തില്‍ തന്നെ വളരെ ആശാസ്യകരമായിട്ടാണ് അനുഭവപ്പെടുന്നത്. പൊതുവെ പരസഹായത്തെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാം എന്നിട്ടും എന്തുകൊണ്ടാണ് ഇതിനെ എതിര്‍ക്കുന്നത് എന്ന് ഇവർ ചോദിക്കും. ഇതിന്റെ ഉത്തരം തുടങ്ങുന്നത് ഇന്‍ഷൂറന്‍സില്‍ പണമടക്കുന്നവര്‍ അപകടബാധിതരെ സഹായിക്കണമെന്ന മനേസ്സാടെയല്ല അതില്‍ ചേരുന്നത് എന്നതു മുതലാണ്. മറ്റൊരുടെ ദൈന്യതക്കും അത്യാവശ്യത്തിനും മുമ്പെ ഓരോ പോളിസി ഉടമയും തന്റെ സ്വന്തം ഭാവിയെക്കുറിച്ചുള്ള ഭയപ്പാടും വിചാരപ്പെടലും കാരണമാണ് ഇൻഷൂറൻസ് എടുത്ത് ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ ഭാവിയുടെ സുരക്ഷയല്ല, പോളിസി ഉടമയുടെ സുരക്ഷിതത്വമാണ് ഇൻഷൂറൻസ് ( സുരക്ഷിതത്വം ) ചെയ്യുന്നത്. ഭാവിയെ ചൂഴ്ന്നു നിൽക്കുന്നതായി ഭയത്തെയും ചിന്തയെയും ആശങ്കയെയും അവതരിപ്പിച്ച് അതുവഴി ഭയചകിതനെ ചൂഷണം ചെയ്തു തടിച്ചുകൊഴുക്കുകയാണ് ഇൻഷൂറൻസുകാർ ചെയ്യുന്നത്.



ഒന്നുകൂടി ലഘുവാക്കി ഒറ്റ വാചകത്തിൽ പറഞ്ഞാൽ, കടബാധിതനെ ചൂഷണം ചെയ്യുകയാണ് പലിശ ചെയ്യുന്നത് എങ്കില്‍ ഭാവി അപകടങ്ങളെ കുറിച്ചു ഭയപ്പെടുന്നവരെ ചൂഷണം ചെയ്യുകയാണ് ഇന്‍ഷൂറന്‍സ് ചെയ്യുന്നത്. അപ്പോൾ പിന്നെ ഇത്തരം പ്രതീക്ഷിത അപകടങ്ങളിൽ സഹായിക്കുന്നത് അപരാധമോ അരുതായ്കയോ മറ്റോ ആണോ എന്നൊക്കെ പലരും ചോദിച്ചേക്കും. ഇത്തരം അപകടങ്ങളിൽ ജനങ്ങൾ സഹായം അർഹിക്കുകയും അർഥിക്കുകയും ചെയ്യുന്നില്ലെ എന്നും അവർ ആക്രോശിച്ചേക്കും. അതെല്ലാം വേണ്ടതു തന്നെയാണ്. പക്ഷെ, അത് ചിലരെ ചിലത് പറഞ്ഞ് ഭീഷണിപ്പെടുത്തി വാങ്ങുന്ന പണത്തിൽ നിന്ന് ചെറിയ ഒരു ഭാഗം മാത്രം എടുത്തിട്ടോ അല്ലെങ്കിൽ മുഴുവനും കള്ളക്കച്ചവടങ്ങളിൽ നിക്ഷേപിച്ച് വെളുത്തതോ കറുത്തതോ ആയ പണം ആക്കി മാറ്റി അതിൽ നിന്ന് ഒരൽപ്പം സഹായമായി വച്ചു നീട്ടി ഈ കള്ള കച്ചവടങ്ങൾ മുഴുവനും വെള്ളപൂശുന്നത് ധാർമികമായിട്ടെങ്കിലും അംഗീകരിക്കാൻ കഴിയില്ല. പണം കിട്ടും എന്നുണ്ടെങ്കിൽ ഏത് അധാർമികതയിലൂടെയായാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നത് പുതിയ ലോകത്തിന്റെ ഒരു രീതിയാണ്. ലക്ഷ്യവും മാർഗ്ഗവും ഒരേ പോലെ വിശുദ്ധങ്ങൾ ആയിരിക്കണം എന്ന് നിർബന്ധമില്ലാത്ത ഭൗതിക വ്യവസ്ഥിതികളുടെ സംഭാവനയാണ് അത്. ഇസ്ലാമിനെ പോലെ ദൈവസിദ്ധമായ ഒരു മതത്തിനും അത് സ്വീകാര്യമാവില്ല. ഇസ്ലാം അക്കാര്യത്തിൽ മുന്നോട്ടു വെക്കുന്നത്, ഒന്നുകിൽ ഇത്തരം സാഹചര്യങ്ങളിൽ ഗവൺമെന്റ സഹായിക്കുകയോ അല്ലെങ്കിൽ ചൂഷണ രഹിത സ്വതന്ത്ര ഫണ്ടുകൾ രൂപീകരിക്കുകയോ ചെയ്തു കൊണ്ടായിരിക്കണം എന്നാണ്.



ഇൻഷൂറൻസ് അനുകൂല വാദികൾ ഉയർത്തിപ്പിടിക്കുന്ന മറ്റൊന്ന് ഗുരുതരമായ റോഡപകട രംഗങ്ങളാണ്. വാഹനം തട്ടി ഒരാൾക്ക് അംഗവൈകല്യം സംഭവിക്കുകയോ മരണപ്പെടുകയോ ചെയ്താൽ അവർക്കോ അവരുടെ കുടുംബത്തിനോ ഇന്‍ഷൂറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കാറുണ്ടല്ലോ. ഇതൊരു വലിയ കാര്യം തന്നെയല്ലേ എന്നവർ ചോദിക്കും. ഇസ്ലാം ഇതിനെ എതിർക്കുന്നില്ലല്ലോ എന്നും. ഇത് ശരിയാണ്. നഷ്ടപരിഹാരം എന്നത് ഇസ്ലാമിക വ്യവഹാര ശസ്ത്രത്തിലെ ഒരു അദ്ധ്യായം തന്നെയാണ്. അതനുസരിച്ച് അംഗ വൈകല്യമുണ്ടാക്കിയത് ആരാണോ അവരാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. എന്നാല്‍ നഷ്ടം വരുത്തിവെച്ചവര്‍ക്ക് പകരമായി മറ്റൊരാള്‍ നഷ്ടം കൊടുക്കാന്‍ ഏറ്റെടുത്താല്‍ അതിന് വിരോധമില്ല. ഈ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുന്ന പണം അതു വിശുദ്ധമാണ് എന്ന് ഉറപ്പുണ്ടെങ്കിൽ ആ നഷ്ടപരിഹാരം കമ്പനിയിൽ നിന്നും വാങ്ങാവുന്നതാണ്. മരണം സംഭവിച്ചിട്ടുണ്ടെങ്കില്‍ മരിച്ചയാളുടെ സ്വത്ത് അവകാശികള്‍ക്ക് വീതിക്കുന്നത് പ്രകാരം ഈ സംഖ്യയും വീതിക്കേണ്ടതാണ്. മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ നഷ്ടപരിഹാരം എത്രയാണ് കൊടുക്കേണ്ടതെന്ന് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. (ഉദാ: ഫത്ഹുല്‍ മുഈന്‍ 433 മുതല്‍ 441 വരെയുള്ള പേജുകള്‍). പക്ഷെ, ഇതു വെച്ച് ഇൻഷൂറൻസ് ഹലാലാണ് എന്ന് വാദിക്കുവാൻ കഴിയില്ല. കാരണം, ഇങ്ങനെ നഷ്ടപരിഹാരം കൊടുക്കുവാനുള്ള സ്വത്ത് കണ്ടെത്തുന്നത് പോളിസി ഉടമകളിൽ നിന്ന് ഈടാക്കുന്ന പ്രീമിയം തുകകൾ ചേർത്ത് ഉണ്ടാകുന്ന വൻ സംഖ്യകൾ വിവിധ മേഖലകളിൽ നിക്ഷേപിച്ച് ലാഭമുണ്ടാക്കി കൊണ്ടാണ്. അങ്ങനെ നിക്ഷേപിക്കുമ്പോഴും ലാഭം ഉണ്ടാക്കുമ്പോഴും കമ്പനികൾ തങ്ങൾക്ക് കിട്ടാനുള്ളത് കിട്ടും എന്നത് മാത്രമാണ് ഉറപ്പാക്കുന്നത്. അതിന്റെ ധാർമ്മികവും മതപരവുമായ ശരി തെറ്റുകൾ ഇൻഷുറൻസ് കമ്പനികൾ പരിഗണിക്കുന്നില്ല.



എന്തുകൊണ്ട് പാടില്ല ?



ഇത്രയും പറഞ്ഞതെല്ലാം ആ മുഖങ്ങളായി കണ്ടാൽ ഇനി എന്താണ് ഇന്‍ഷൂറന്‍സ് മതപരമായി നിഷിദ്ധമാകാനുള്ള കാരണമെന്നത് പരിശോധിക്കാം. ഇന്‍ഷൂറന്‍സ് നിഷിദ്ധമാകാന്‍ പല കാരണങ്ങളും പണ്ഢിതന്മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഷൂറന്‍സ് ഒരു സേവന കമ്പനിയല്ല എന്നിടത്തു നിന്ന് അതാരംഭിക്കുന്നു. അതിന്റെ സേവനങ്ങളെല്ലാം പണത്തിന് പകരമായി മാത്രം നേടുന്നതും നൽകുന്നതുമാണ്. ബോണസും നഷ്ടപരിഹാരവും നല്‍കുന്നുണ്ടെങ്കിലും അതവര്‍ക്ക് യാതൊരു നഷ്ടവും വരുത്തുകയില്ല. കാരണം അതിലും നിശ്ചിത വിഹിതം കമ്പനിക്ക് ബാദ്ധ്യതയില്ലാത്ത തുകയായി വന്നു ചേരുന്നുണ്ട്. മാത്രമല്ല നിശ്ചിത ശതമാനം ബിസിനസ് പൂർത്തിയായാൽ മാത്രമാണ് അവർ അത് നൽകുന്നത്. ഭാവിയിൽ വരാനിരിക്കുന്ന പലതരം അപകടങ്ങൾ ചൂണ്ടിക്കാണിച്ച് ഭയപ്പെടുത്തിയും അപകടം ഉണ്ടായില്ലെങ്കിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ സമം ചേർത്തും ഷെയര്‍ ഹോള്‍ഡര്‍മാരില്‍ നിന്നും പോളിസി ഉടമകളില്‍ നിന്നും ഈടാക്കുന്ന സംഖ്യയില്‍ വലിയൊരു ഭാഗം വ്യാപാര - വ്യവസായ സ്ഥാപനങ്ങളിലിറക്കി ആദായമുണ്ടാക്കുകയും പലിശ മുഖേന അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു. സാധാരണ ഗതിയിലുള്ള വിൽക്കലും വാങ്ങലും വഴി ഇത്രയും വലിയ ആദായം ഒപ്പിക്കാൻ കഴിയില്ല. അതിന് വലിയ ബോണ്ടുകൾ, പൊതു പ്രാത്യാഖാതം ഉണ്ടാക്കാത്ത ഗവൺമെന്റ് സ്കീമുകൾ, രാഷ്ട്രങ്ങളുടെ കടങ്ങൾ, വൻകിട ലോണുകൾ തുടങ്ങി വലിയ നിരക്കിൽ പലിശ കൈവരുന്ന മേഖലകളിൽ തന്നെ ഇൻവെസ്റ്റ് ചെയ്യേണ്ടതുണ്ട്. അതായത്, ശരിയായ സ്വാഭാവിക ഉപഭോക്തൃ മാർക്കറ്റുകളിൽ നിക്ഷേപിച്ച് ആദായം ഉണ്ടാക്കുകയല്ല. മറിച്ച് വലിയ തുക പലിശ ഇനത്തിൽ സൂത്രത്തിൽ അടിച്ചെടുക്കുവാൻ കഴിയുന്ന ഫണ്ടുകളിലാണ് അധികം ഇൻഷൂറൻസ് കമ്പനികളും പണമിറക്കുന്നത്. അങ്ങനെയല്ലാതെ അവർക്ക് അവരുടെ പദ്ധതികൾ വിജയിപ്പിക്കുവാൻ കഴിയില്ല. അതിനാൽ ഇന്‍ഷൂറന്‍സ് പോളിസി കൈപ്പറ്റുന്നവര്‍ യഥാര്‍ഥത്തില്‍ ഈ പലിശവ്യവസ്ഥയെ സഹായിക്കുകയാണ് ചെയ്യുന്നത്.



ഇസ്ലാമിക സാമ്പത്തിക വ്യവഹാര നിയമങ്ങളുടെ പരിരക്ഷ ഇൻഷൂറൻസിലെ ഒരിടത്തും ചുമത്തുവാൻ കഴിയില്ല. അതിനു കഴിയാത്തത് അത് ചൂഷണ മുക്തം അല്ലാത്തതുകൊണ്ടാണ്. അഥവാ മറ്റൊരാളെ ചൂഷണത്തിൽ വീഴ്ത്താനുള്ള സാധ്യതയുടെ വാതിൽ ഒന്നെങ്കിലും തുറന്നു കിടക്കുന്നുണ്ടാകും. അത് ഇസ്ലാം അംഗീകരിക്കുന്നില്ല. ഒരു സാധാരണ ഉദാഹരണം പരിശോധിക്കാം. ഒരാള്‍ തന്റെ ജീവനും സ്വത്തിനും ഒരു ലക്ഷം രൂപക്ക് ഇന്‍ഷൂര്‍ ചെയ്തു എന്നു കരുതുക. ആയിരം രൂപയാണ് മാസാന്ത പ്രീമിയം. പത്തു മാസം പ്രീമിയം അടച്ച അയാൾ പെട്ടെന്ന് മരണപ്പെട്ടു. എങ്കിൽ നഷ്ടപരിഹാരമായി അയാളുടെ കുടുംബത്തിന് ഇന്‍ഷൂറന്‍സ് കമ്പനി ഒരു ലക്ഷം രൂപ നല്‍കുന്നു. ഇതില്‍ പതിനായിരം രൂപ മാത്രമേ അയാള്‍ അടച്ചിട്ടുള്ളൂ. ബാക്കി തൊണ്ണൂറായിരം രൂപ എന്തിനു പകരമായാണ് ആ കുടുംബം കൈപ്പറ്റിയത്? അവര് തന്നു, ഞങ്ങൾ വാങ്ങി അത്ര തന്നെ എന്ന് പറഞ്ഞ് കൈ മലർത്തുവാൻ പറ്റില്ല. അങ്ങനെ എന്തിനെന്നും എന്തുകൊണ്ടെന്നും ബോദ്ധ്യപ്പെടാതെയും പെടുത്താതെയും എന്തെങ്കിലും ചെയ്യുന്നതിനെ ഇസ്ലാം പരിഗണിക്കുന്നില്ല. മനുഷ്യന്റെ ജീവിതത്തിലെ സകല ചലനങ്ങളെയും പ്രവർത്തനങ്ങളെയും ദൈവ നിർദ്ദിഷ്ഠമായ ഒരു നിയമ സംഹിതയുടെ പരിധിയിൽ കൊണ്ടു വരിക എന്നതാണ് ഇസ്ലാമിന്റെ ലക്ഷ്യം. അങ്ങനെ വരുമ്പോൾ മാത്രമേ ഭൂമിയിൽ സമാധാനവും സന്തോഷവും സമൃദ്ധിയും ഉണ്ടാകൂ എന്നാണ് ഇസ്ലാമിന്റെ നയം. അല്ലാതെ വന്നാൽ കലാപവും കുഴപ്പങ്ങളുമാണ് ഉണ്ടാവുക. അതില്ലാത്തതിനാലാണ് ഇവിടെ നമുക്ക് ഇയാളുടെ കുടുംബത്തിന് സഹായം ആവശ്യമാണെങ്കിലും അതെന്തിനു പകരമായി ലഭിക്കുന്നു എന്നറിയാനുള്ള നിർബന്ധം ഉണ്ടാകുന്നത്.



ഇത് ഒന്നുകില്‍ കടമിടപാടാണ്.



ഇതിനെ കച്ചവടം എന്നു വിളിക്കാൻ പറ്റുമെങ്കിൽ അത് ഹലാലാണ് എന്ന് തീർത്തു പറയാം. പക്ഷെ, അങ്ങനെ വിളിക്കാൻ ഇവിടെ ചില പരിമിതികൾ ഉണ്ട്. കച്ചവടം എന്നാല്‍ ധനത്തിനു പകരം ധനം കൈമാറുക എന്നതാണ് (ശറഹുല്‍ മുഹദ്ദബ് 9/149, തുഹ്ഫ 4/215, ഫത്ഹുല്‍മുഈന്‍). ഇവിടെ പണത്തിനുപകരം പണമാണ് കൈമാറുന്നത് എന്നതു കൊണ്ട് കച്ചവടത്തിലെ ഇടപാടുകള്‍ ഇതില്‍ ബാധകമാക്കാന്‍ പാടില്ല. കാരണം, റൊക്കം, യഥാസമയം എന്നീ നിയമങ്ങൾ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇടപാട് നടന്നപ്പോള്‍ സംഖ്യകള്‍ പരസ്പരം കൈമാറിയിട്ടില്ല എന്നതാണ് കാരണം. പിന്നീട് പ്രകടമാകുന്ന ഒരു പ്രശ്നം പതിനായിരം രൂപക്ക് തൊണ്ണൂറായിരം രൂപ വര്‍ധിപ്പിച്ചു കൊടുക്കുന്നു എന്നതാണ്. ഇത് പലിശയാണ്. ഇനി ഇതെല്ലാം കടന്ന് കേസ് മരണമാണെങ്കിൽ ഈ തുക ലഭിക്കുന്നത് മരിച്ച വ്യക്തിയുടെ നോമിനിക്കാകയാൽ വസ്വിയ്യത്ത്, അനന്തരാവകാശം തുടങ്ങിയ പട്ടികകളിലും ഈ തുക പെടില്ല. ഇനി ഇതിനും ചിലർ ന്യായമുന്നയിച്ചേക്കാം. മരണവുമായി ബന്ധപ്പെടുത്തി ഒരാള്‍ വല്ലതും നല്‍കുന്നത് ശറഈ വീക്ഷണത്തില്‍ വസ്വിയ്യത്തിന്റെ ഗണത്തില്‍ പെടുന്നു. അപ്പോള്‍ നോമിനേഷനും വസ്വിയ്യത്ത് തന്നെ എന്ന ന്യായം. അതംഗീകരിച്ചാൽ തന്നെ അടച്ച പ്രീമിയത്തിനല്ലാതെ വര്‍ധിച്ച തുകക്ക് ഇവിടെ അവകാശമില്ല. കാരണം വര്‍ധിച്ച സംഖ്യ പലിശയാണ്. ഇത് അയാളുടെ അവകാശത്തില്‍ പെട്ടതല്ലല്ലോ. ഒരവകാശവുമില്ലാത്തത് വസ്വിയ്യത്ത് ചെയ്യുന്നത് സാധുവാണെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെയും അത് നിരുപാധികം ശരിയല്ല. അനന്തരാവകാശമില്ലാത്ത ഒരാള്‍ക്കാണ് വസ്വിയ്യത്തെങ്കില്‍ മൊത്തം ധനത്തിന്റെ മൂന്നിലൊന്ന് മാത്രമേ വസ്വിയ്യത്ത് ചെയ്യാന്‍ പറ്റുകയുള്ളൂ. അത് സാധുവാകണമെങ്കില്‍ അനന്തരാവകാശികളുടെ അനുവാദവും അംഗീകാരവും വേണം. ചുരുക്കത്തില്‍, അടച്ച പ്രീമിയത്തിലുപരിയുള്ള പോളിസി തുകകള്‍ക്ക് നിര്‍ദ്ദിഷ്ട വ്യക്തിക്ക് അവകാശമില്ലാത്തത് കൊണ്ട് അങ്ങനെ വസ്വിയ്യത്ത് ചെയ്യാവതല്ല. ഇങ്ങനെ കുറേ പ്രശ്നങ്ങൾ ഇതിനെ ചൂഴ്ന്നു നിൽക്കുന്നുണ്ട്. മതപരമായ സൂക്ഷ്മത പുലർത്തുന്നവർക്ക് ഇതെല്ലാം വലിയ വിഷയങ്ങൾ തന്നെയാണ്. അത്തരം ആൾക്കാർ താരതമ്മ്യേന ഇക്കാലത്ത് കുറവാണ് എങ്കിലും ഉള്ളവരെ ഉൽബോധിപ്പിക്കുവാൻ നമുക്ക് ബാധ്യതയുണ്ട്.



അശ്അരികളുടെ ഇൻഷൂറൻസ്



നബി (സ) യുടെ കാലത്ത് സ്വഹാബത്തിനിടയില്‍ നിലനിന്നിരുന്ന ഒരു മാതൃകയുണ്ട്. അബൂ മൂസ അല്‍ അശ്അരി(റ) പറഞ്ഞു: നബി (സ) പറഞ്ഞു: അശ്അരീ ഗോത്രക്കാര്‍, അവര്‍ യുദ്ധത്തില്‍ പാപ്പരാകുകയോ, മദീനയില്‍ അവരുടെ സന്താനങ്ങള്‍ക്കുള്ള ഭക്ഷണത്തിന് ക്ഷാമം നേരിടുകയോ ചെയ്‌താല്‍, അവരുടെ ഓരോരുത്തരുടെയും കൈവശമുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും ഒരു വിരിപ്പില്‍ ഒരുമിച്ച് കൂട്ടും. ശേഷം (ആളോഹരി അനുസരിച്ച്) ഒരേ പാത്രത്തില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. അതുകൊണ്ടുതന്നെ അവരെന്നില്‍പ്പെട്ടവരും ഞാന്‍ അവരില്‍പ്പെട്ടവനുമാണ് [ബുഖാരി : 2486]. ഗോത്രം ഭക്ഷ്യക്ഷാമം നേരിടുമ്പോള്‍ അതിനെ ഒറ്റക്കെട്ടായി തരണം ചെയ്യാന്‍ അബൂ മൂസ അല്‍ അശ്അരി(റ)വിന്‍റെ കുടുംബം ചെയ്തിരുന്ന ഒരു പ്രവര്‍ത്തിയെ പ്രോത്സാഹിപ്പിക്കുകയും ജനകീയമാക്കുകയും അത് നടപ്പിലാക്കാന്‍ പ്രേരിപ്പിക്കുകയുമാണ് റസൂല്‍ (സ) ഈ ഹദീസില്‍ ചെയ്യുന്നത്. ഗോത്രം ഒന്നടങ്കം ഭക്ഷ്യക്ഷാമം നേരിടുമ്പോള്‍ അവരില്‍ ചില കുടുംബങ്ങള്‍ അങ്ങേയറ്റം ക്ഷാമത്തിലാകും, ചില കുടുംബങ്ങളുടെ പക്കലാകട്ടെ തങ്ങള്‍ക്ക് ആവശ്യമുള്ളതിലധികം ഭക്ഷണമുണ്ടാവുകയും ചെയ്യും. അതെല്ലാം ഒരുമിച്ച് കൂട്ടി ആളുകളെ എണ്ണത്തിനനുസരിച്ച് ഓരോ കുടുംബത്തിനും തുല്യമായി വീതിക്കുമ്പോള്‍ ഭക്ഷ്യക്ഷാമം ചില കുടുംബങ്ങളിലെങ്കിലും ഉണ്ടാക്കിയേക്കാവുന്ന കഠിനമായ ആഘാതത്തെ ഒരുമിച്ച് നേരിടാന്‍ അവര്‍ക്ക് സാധിക്കുന്നു. ഇതാണ് ഇസ്ലാമിലെ ഇൻഷൂറൻസ്. ഇതിൽ മുകളിൽ നാം ആശങ്കപ്പെട്ട യാതൊരു ഭയവും അശുദ്ധിയും ഒന്നുമില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ആധുനിക ഇസ്ലാമിക ലോകം ഒരു ഇസ്ലാമിക ഇൻഷുറൻസ് സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട് അത് തകാഫുല്‍ എന്ന പേരിലാണ് ഇസ്ലാമിക ലോകത്ത് അറിയപ്പെടുന്നത്. ഇസ്ലാമിക് ബാങ്കുകൾ പോലെ അവയുടെ പശ്ചാത്തലത്തിൽ നിന്നും വികസിച്ചു വരികയും സാമ്പത്തിക വിജയം നേടുകയും ചെയ്ത ഒരു ഇസ്ലാമിക പദ്ധതിയാണ് തകാഫുൽ അഥവാ ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സംവിധാനം.



ഒരു കുടുംബത്തിലെയോ, ഒരു നാട്ടിലെയോ ആളുകള്‍ ചേര്‍ന്ന്, രോഗങ്ങള്‍ കാരണം അവര്‍ക്ക് ഉണ്ടായേക്കാവുന്ന ആഘാതത്തെ തടുക്കാന്‍ ഒരു തകാഫുല്‍ സംവിധാനം രൂപീകരിക്കുന്നു. ഒരു വര്‍ഷം ഒരു നിശ്ചിത വിഹിതം ദാനമെന്നോണം അംഗങ്ങള്‍ അതില്‍ നിക്ഷേപിക്കുന്നു. അതില്‍നിന്നും രോഗബാധിതരാകുന്നവര്‍ക്ക് ചികിത്സാസഹായം നല്‍കുന്നു. ഓരോരുത്തരും നല്‍കുന്ന വിഹിതത്തിന്‍റെ ഒരു നിശ്ചിത ശതമാനം (6 മുതൽ 10 വരെ ശതമാനം) അഥവാ അവര്‍ മുന്‍കൂട്ടി തീരുമാനിച്ച ഒരു വിഹിതം അതുമായി ബന്ധപ്പെട്ട ജോലിക്കാര്‍, ഓഫീസ് തുടങ്ങി അഡ്മിനിസ്ട്രേഷന്‍ ചിലവുകള്‍ക്ക് ഉപയോഗിക്കാം. ഫണ്ടിലെ പണം അവസാനിക്കുന്നത് വരെയാണ് ചികിത്സാസഹായം നല്‍കുക. അംഗങ്ങള്‍ കൂടുമ്പോള്‍ ഫണ്ട് സുലഭമായിരിക്കും. ചികിത്സാസഹായം നല്‍കിയതിന് ശേഷവും മിച്ചം വരുന്ന സംഖ്യ നിര്‍ധനരായ രോഗികളെ സഹായിക്കാനോ, മറ്റു സല്‍പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കാം. അതല്ലെങ്കില്‍ ബാക്കിയുള്ള പണം ഓരോ അംഗങ്ങള്‍ക്കും വിഹിതം വെച്ചതിനുശേഷം പുതിയ വര്‍ഷത്തിലേക്ക് അതിന്‍റെ ബാക്കി തുക അവര്‍ അടച്ചാല്‍ മതി എന്ന രൂപത്തിലും അത് വിനിയോഗിക്കാം. സാധാരണ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സിലേതു പോലെ മിച്ചം വരുന്ന തുക മുഴുവനും ഇന്‍ഷുറന്‍സ് സംവിധാനം നടത്തുന്ന കമ്പനിയോ, വ്യക്തിയോ അടിച്ചെടുക്കുന്ന രീതി ഇവിടെയില്ല. അതുകൊണ്ടുതന്നെ ഇത് ചൂതാട്ടത്തില്‍ അതിഷ്ടിതമല്ല. മറിച്ച് പരസ്പര സഹകരണത്തെ അടിസ്ഥാനമാക്കിയാണ് ഇത് നിലനില്‍ക്കുന്നത്.



അംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതായത് ഇന്‍ഷുറന്‍സ് കമ്പനിയുടെ കയ്യിലുള്ള പണം തീര്‍ന്നാല്‍ പോലും പോളിസി എടുത്തവര്‍ക്ക് സഹായം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍, അതിലും വലിയ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇന്‍ഷൂര്‍ ചെയ്തിരിക്കണം എന്ന നിയമം നിലവിലുള്ളത്. എന്നാല്‍ സഹകരണ സംവിധാനം ആയതുകൊണ്ടുതന്നെ ലഭ്യമായ ഫണ്ട് തീരുന്നത് വരെ മാത്രമേ ഇസ്‌ലാമിക സംവിധാനത്തില്‍ നിന്നും അംഗങ്ങള്‍ക്ക് പണം ലഭിക്കുകയുള്ളൂ. അതായത് അപകടം സംഭവിച്ചാല്‍ നിങ്ങള്‍ നല്‍കിയതിനേക്കാള്‍ പണം നിങ്ങള്‍ക്ക് തിരിച്ച് നല്‍കും എന്ന ഒരുറപ്പ് ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സംവിധാനം നല്‍കുന്നില്ല. അപ്രകാരം ഉറപ്പ് നല്‍കുന്ന വ്യവസ്ഥ പലിശയാണ് എന്ന് മുകളില്‍ സൂചിപ്പിച്ച ലേഖനങ്ങളില്‍ പ്രതിപാദിക്കപ്പെട്ടതാണല്ലോ. അഥവാ ഇത് തീര്‍ത്തും ഒരു സഹായ സഹകരണ സംവിധാനമാണ്. ഒരിക്കലും ലാഭക്കൊതിയോ, അന്യായമായ നേട്ടങ്ങളോ ആഗ്രഹിച്ചുകൊണ്ടുള്ള ഒരു സംവിധാനമല്ല. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനങ്ങളിൽ നിന്നും ഒരുപാട് വ്യത്യാസങ്ങള്‍ തകാഫുൽ എന്ന ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സംവിധാനത്തിനുണ്ട്.



അവയിൽ ഒന്നാണ് ഇതിൽ ചൂതാട്ടം കടന്നുവരുന്നില്ല എന്നത്. കാരണം നല്‍കുന്ന പണം മിച്ചം വന്നാല്‍ ഒരു വ്യക്തിക്കോ കമ്പനിക്കോ പോകുന്നില്ല. മറിച്ച് അത് ആ സംവിധാനത്തില്‍ത്തന്നെ ബാക്കിയാകും. സാധാരണ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സില്‍, കമ്പനിയും ഉപഭോക്താവും തമ്മിലുള്ള ഒരു ഭാഗ്യ പരീക്ഷണം ആണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. ഞാന്‍ കമ്പനിക്ക് ആയിരം രൂപ നല്‍കുന്നു. അപകടം സംഭവിച്ചില്ലെങ്കില്‍ ആ പണം കമ്പനിക്ക്. അപകടം സംഭവിച്ചാല്‍ അടച്ച പണവും അതില്‍ കൂടുതലും എനിക്ക്. ഇത് ചൂതാട്ടമാണ്. എന്നാല്‍ ഇസ്‌ലാമിക സംവിധാനം പരസ്പര സഹകരണത്തില്‍ ഊന്നിയുള്ള സംവിധാനമാണ്. അംഗങ്ങള്‍ എല്ലാവരും ദാനമായി നിശ്ചിത വിഹിതം നല്‍കുന്നു. ജോലിക്കാര്‍ക്കും, അഡ്മിനിസ്ട്രേഷന്‍ സംവിധാനങ്ങള്‍ക്കും സാധാരണ നിലക്ക് ചിലവാകുന്ന സംഖ്യ കഴിച്ച് ബാക്കിയുള്ള പണം സംവിധാനത്തില്‍ നിലനില്‍ക്കുന്നു. ഒരു ഭാഗ്യ പരീക്ഷണത്തിന്‍റെ സാഹചര്യം അതിലില്ല. മിച്ചം വരുന്ന സംഖ്യ അംഗങ്ങള്‍ക്ക് തുല്യമായി വിഹിതം വെച്ച് നല്‍കാനോ, മറ്റു സല്‍കര്‍മ്മങ്ങള്‍ക്കോ പ്രയോജനപ്പെടുത്തുന്നു. എന്നാല്‍ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ മിച്ചം വരുന്ന സഖ്യ വ്യക്തികളും, കമ്പനികളും, ആ കമ്പനികള്‍ക്ക് മുകളിലുള്ള വലിയ ഇന്‍ഷുറന്‍സ് കമ്പനികളും പങ്കിട്ടെടുക്കുന്നു. അഥവാ ഒരു ഉപജാപക സംഘം അത് അനര്‍ഹമായി ഭുജിക്കുന്നു എന്നര്‍ത്ഥം. മറ്റൊന്ന്, ചൂതാട്ടത്തില്‍ അധിഷ്ടിതമായ സംവിധാനം ആയത്കൊണ്ട് തന്നെ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ നിക്ഷേപിക്കപ്പെട്ട പണം തീര്‍ന്നാല്‍ പോലും അംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതായത് ഇന്‍ഷുറന്‍സ് കമ്പനിയുടെ കയ്യിലുള്ള പണം തീര്‍ന്നാല്‍ പോലും പോളിസി എടുത്തവര്‍ക്ക് സഹായം നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍, അതിലും വലിയ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇന്‍ഷൂര്‍ ചെയ്തിരിക്കണം എന്ന നിയമം നിലവിലുള്ളത്. എന്നാല്‍ സഹകരണ സംവിധാനം ആയതുകൊണ്ടുതന്നെ ലഭ്യമായ ഫണ്ട് തീരുന്നത് വരെ മാത്രമേ ഇസ്‌ലാമിക സംവിധാനത്തില്‍ നിന്നും അംഗങ്ങള്‍ക്ക് പണം ലഭിക്കുകയുള്ളൂ. അതായത് അപകടം സംഭവിച്ചാല്‍ നിങ്ങള്‍ നല്‍കിയതിനേക്കാള്‍ പണം നിങ്ങള്‍ക്ക് തിരിച്ച് നല്‍കും എന്ന ഒരുറപ്പ് ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സംവിധാനം നല്‍കുന്നില്ല. അപ്രകാരം ഉറപ്പ് നല്‍കുന്ന വ്യവസ്ഥ പലിശയാണ് എന്ന് മുകളില്‍ സൂചിപ്പിച്ചതാണല്ലോ. അഥവാ ഇത് തീര്‍ത്തും ഒരു സഹായ സഹകരണ സംവിധാനമാണ്. ഒരിക്കലും ലാഭക്കൊതിയോ, അന്യായമായ നേട്ടങ്ങളോ ആഗ്രഹിച്ചുകൊണ്ടുള്ള ഒരു സംവിധാനമല്ല.



കൊമേഴ്ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനം ലാഭക്കൊതിയെ ആസ്പദമാക്കി നിലനില്‍ക്കുന്നു. എന്നാല്‍ തകാഫുല്‍ സഹകരണ മനോഭാവത്തെയും നാടിന്‍റെ ഉന്നമനത്തെയും ആധാരമാക്കുന്നു. തന്‍റെ സഹജീവികള്‍ക്ക് ഉപകാരപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ നല്‍കിയ പണമായതിനാല്‍ത്തന്നെ തകാഫുൽ സംവിധാനത്തിൽ ചേരുന്നത് പ്രതിഫലാര്‍ഹാമാണ്. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ യഥാര്‍ഥ ധര്‍മ്മമല്ല സാമ്പത്തിക ഇടപാടാണ് നടക്കുന്നത്. കാരണം നേരത്തെ സൂചിപ്പിച്ച പോലെ പോളിസി എടുത്ത ആള്‍ക്ക് അപകടം സംഭവിച്ചാല്‍ തീര്‍ച്ചയായും കമ്പനി പണം നല്‍കിയിരിക്കണം എന്ന നിബന്ധന അവിടെയുണ്ട്. അപകടം സംഭവിചില്ലെങ്കില്‍ ആ പണം പൂര്‍ണമായും കമ്പനിക്ക് ലഭിക്കുന്നു. ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് കമ്പനി അതിന്റെ അംഗങ്ങളുടെ നിക്ഷേപം ഉടമപ്പെടുത്തുന്നില്ല. അവര്‍ക്ക് ലഭിക്കുന്നത് അവരുടെ തൊഴിലിനും, അഡ്മിനിസ്ട്രേഷന്‍ വര്‍ക്കുകള്‍ക്കുമുള്ള നിശ്ചിത വേതനം മാത്രം. ബാക്കി സഹകരണ സംവിധാനത്തിന്‍റെ സ്വത്താണ്. എന്നാല്‍ കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ആളുകള്‍ പോളിസി എടുക്കുന്നതോടെ ആ പണം കമ്പനിയുടേതായി മാറുന്നു. കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തിലെ പണം മറ്റു വല്ല വാണിജ്യ മാര്‍ഗങ്ങളിലും വിന്യസിച്ചാല്‍ അതിന് ലഭിക്കുന്ന പണം കമ്പനിക്കാണ്. എന്നാല്‍ ഇസ്‌ലാമിക് ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ അതും സഹകരണ സംവിധാനത്തിന്‍റെ വിഹിതമാണ്. കമ്പനിക്ക് അതില്‍ കൈകടത്താന്‍ അനുവാദമില്ല.



ചിലർ പണം നൽകുവാനും മറ്റു ചിലർ അത് യഥേഷ്ടം ഉപയോഗപ്പെടുത്തുവാനും എന്ന സാധാരണ ഇൻഷുറൻസ് കമ്പനികളുടെ നയത്തിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാമിക് ഇൻഷുറൻസ് പദ്ധതിയിൽ പോളിസി ഉടമകളും ഇൻഷുറൻസ് ഉടമകളും ഒന്നായി ഒരേസമയം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പോളിസി എടുക്കുന്ന ഓരോ അംഗവും തന്റെ പ്രീമിയം തുകയിൽ നിന്ന് ഒരു നിശ്ചിത സംഖ്യ സംഭാവനയായി നൽകാൻ പോളിസി എടുക്കുന്ന വേളയിൽ സമ്മതിക്കേണ്ടതുണ്ട്. ഈ തുകയിൽ നിന്നാണ് മറ്റു പോളിസി ഉടമകൾക്ക് അവശ്യഘട്ടങ്ങളിൽ സഹായം നൽകുന്നത്. മുളാറബ അടിസ്ഥാനത്തിൽ ഒരു സംരംഭകന്റെ റോളിലാണ് തകാഫുൽ കമ്പനി പ്രവർത്തിക്കുന്നത്. പോളിസി ഉടമകളിൽ നിന്ന് പ്രീമിയം വഴി ലഭിക്കുന്ന നിക്ഷേപം ആദായകരമായി ഹലാലായ പദ്ധതികളിൽ നിക്ഷേപിക്കുവാൻ മാനേജ്മെൻറ് ശ്രമിക്കുന്നു. ഇതിലൂടെ ലഭിക്കുന്ന ലാഭം മാനേജ്മെന്റിനും പോളിസി ഉടമകൾക്കും ഇടയിൽ വീതം വെക്കുകയും ഉടമകളുടെ നിക്ഷേപം നിയമാനുസൃതമായി വർദ്ധിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഹറാമായ ഇടപാടുകൾ, സാമ്പത്തിക വ്യവഹാരങ്ങൾ തുടങ്ങിയവയെ സമീപിക്കുകയില്ല പോളിസി ഉടമകളിൽ ആർക്കെങ്കിലും നാശനഷ്ടങ്ങൾ നേരിടുന്ന അവസരങ്ങളിൽ യഥാർത്ഥ നഷ്ടം കണക്കാക്കുന്നതിനും നഷ്ടപരിഹാരം നിർണയിക്കുന്നതിനും സംവിധാനത്തിൽ വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ട്. തങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം സഹ പങ്കാളികളുടെ സംഭാവന വിഹിതത്തിൽ നിന്നാണ് എന്ന ബോധം അവിഹിതമായ നഷ്ടപരിഹാരം തേടുന്നതിൽ നിന്നും കണക്കുകൾ പെരുപ്പിച്ചു കാണിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ പോളിസി ഉടമകളെ സ്വാഭാവികമായും പ്രേരിപ്പിക്കുകയും ചെയ്യുന്നു.



സാധാരണ ഇൻഷുറൻസ് കമ്പനികൾ നൽകുന്ന ഒട്ടുമിക്ക സേവനങ്ങളും തകാഫുലിലും ലഭ്യമാണ്. ഫാമിലി തകാഫുൽ ജനറൽ തകാഫുൽ എന്നിങ്ങനെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളുണ്ട്. പത്തുവർഷം മുതൽ നാൽപ്പത് വർഷം വരെ നീണ്ടുനിൽക്കുന്ന പ്രീമിയം അടവുകൾ സ്വീകരിച്ചു കൊണ്ടുള്ള കുടുംബ സുരക്ഷ ഇൻഷുറൻസുകൾ ത കാഫുലിന് കീഴിലുണ്ട് ആരോഗ്യ ചികിത്സ, അപകടം, ശാരീരിക വൈകല്യങ്ങൾ, എന്നിവയ്ക്കുള്ള ഇൻഷുറൻസ് കവറേജ് ഫാമിലി തകാഫുലിനു കീഴിൽ ലഭ്യമാണ്. എജുക്കേഷൻ പ്ലാൻ എന്നിവയും ഇതിന്റെ അനുബന്ധങ്ങളാണ്.



ആധുനിക സമ്പദ്‌വ്യവസ്ഥയിലെ ഇന്‍ഷുറന്‍സ് സംവിധാനം ലക്ഷ്യം മറന്ന്, ഒരു സാമ്പത്തിക ഉപാധിയായി ഉപയോഗിക്കപ്പെടുകയും, അതിലൂടെ ചൂഷണം വര്‍ധിക്കുകയും ചെയ്തപ്പോഴാണ്, തകാഫുല്‍ വ്യവസ്ഥാപിത സംവിധാനമായി മുന്നോട്ടുവരുന്നത്. അനിശ്ചിതത്വങ്ങളെ നേരിടാന്‍ സഹായിക്കുകയും പലിശ, ചൂതാട്ടം, വഞ്ചന തുടങ്ങിയ സാമൂഹികവിപത്തുകളെ മാറ്റി നിര്‍ത്തുകയും ചെയ്ത തകാഫുല്‍ ദ്രുതഗതിയില്‍ ആഗോളശ്രദ്ധ നേടുകയും ചെയ്തു. ഇന്‍ഷുറന്‍സിന്റെ സൈദ്ധാന്തികമായ ലക്ഷ്യങ്ങളെ ശരിവെക്കുന്ന രൂപമാണ് തകാഫുലിലുള്ളത്. സാമ്പത്തികരംഗത്തുണ്ടാകുന്ന അപകട സാധ്യതകളെ കൂട്ടമായി ചെറുക്കുന്ന രീതിയാണത്. കമ്പനിക്ക് നഷ്ടങ്ങളുണ്ടാകുന്ന സമയത്ത് എല്ലാവരും ഭാരം ഏറ്റെടുക്കുന്നു. ഇതിലൂടെ വഞ്ചനയുണ്ടാകുന്ന വലിയ അനിശ്ചിതത്വങ്ങളും ഇല്ലാതാകുന്നു. മാത്രവുമല്ല, തകാഫുലില്‍ അംഗത്വമുള്ള സുഹൃത്തിന്റെ പണം അപഹരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ കാണാന്‍ സാധിക്കില്ല. ഇവിടെ ലാഭം ഉദ്ദേശ്യമല്ല. ഒരു സാമൂഹികസേവന പ്രവര്‍ത്തനം എന്ന തലത്തില്‍ തകാഫുലിനെ മനസ്സിലാക്കുന്നതാണ് കൂടുതല്‍ ഉചിതം.



ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ ഖിറാള് (മുളാറബ), വക്കാലത്ത്, സ്വദഖ, വഖ്ഫ് തുടങ്ങിയ സാമ്പത്തിക ഉപാധികള്‍ ഉപയോഗിച്ചുകൊണ്ടാണ് തകാഫുല്‍ പ്രവര്‍ത്തിക്കുന്നത്. നാം നല്‍കുന്ന വരിസംഖ്യ അഥവാ പ്രീമിയം കച്ചവട നിക്ഷേപങ്ങള്‍ക്ക് ഉപയോഗിക്കുകയും ലാഭ നഷ്ടങ്ങളുടെ നിശ്ചിത ശതമാനം പണം നല്‍കിയ വ്യക്തിയുടെ പേരിലാക്കുകയും ചെയ്യുന്ന രൂപമാണ് ഖിറാള്. ഇവിടെ ലാഭ നഷ്ടത്തിന്റെ എത്ര ശതമാനമാണ് തനിക്ക് ലഭിക്കുന്നതെന്ന് ഇന്‍ഷുറന്‍സ് ദാതാവ് അറിയണം. ഖിറാള് കൂടാതെ സ്വദഖയായും വഖ്ഫ് ആയും തകാഫുല്‍ വരിസംഖ്യ നല്‍കാവുന്നതാണ്. അതിലൂടെ ലഭിക്കുന്ന തുക തകാഫുല്‍ അംഗങ്ങളില്‍ പെട്ട ആര്‍ക്കെങ്കിലും അപകടങ്ങളുണ്ടാകുന്ന സമയത്ത് പ്രയോജനപ്പെടുത്തുകയും ചെയ്യാം. ഖിറാളിലൂടെ ലഭിക്കുന്ന തുക കച്ചവടം നടത്തുന്ന ആൾ എന്ന നിലക്ക് തകാഫുല്‍ അധികൃതര്‍ക്ക് കമ്പനിയുടെ നടത്തിപ്പ് ആവശ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാവുന്നതാണ്. കച്ചവടത്തിലൂടെ ലഭിക്കുന്ന ലാഭം അതാത് സമയത്ത് ഇന്‍ഷുറന്‍സ് ദാതാവിന് നല്‍കാതെ സൂക്ഷിപ്പായി വെക്കുകയും പിന്നീട് അയാള്‍ക്ക് തന്നെ അപകടമുണ്ടാകുന്ന സമയത്ത് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ് തകാഫുലിലുള്ളത്. എന്തെങ്കിലും കാരണവശാല്‍ ഇന്‍ഷുറന്‍സില്‍ നിന്നും ഒഴിവാകുമ്പോള്‍ നിലവില്‍ റിസേര്‍വിലുള്ള തുക നല്‍കി ഇടപാട് അവസാനിപ്പിക്കുകയും ചെയ്യാം. തകാഫുലുമായി ബന്ധപ്പെട്ട് നിഷേധാത്മകമായ പഠനങ്ങളുമുണ്ട്. തകാഫുല്‍ എന്ന പേരില്‍ നടക്കുന്ന ചില കമ്പനികള്‍, കര്‍മശാസ്ത്രം മുന്നോട്ടുവെക്കുന്ന ചില നിബന്ധനകളില്‍ നിന്ന് മാറി സഞ്ചരിക്കുന്നതുകൊണ്ടാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉടലെടുക്കുന്നത്. മറ്റൊരു വിമർശനം തകാഫുലിലുള്ള കച്ചവടത്തെക്കുറിച്ച് ഇന്‍ഷുറന്‍സ് ദാതാവിന് ഒരു വിവരവുമില്ലെന്നും തകാഫുല്‍ അധികൃതര്‍ പറയുന്നതിനനുസരിച്ച് വഴിപ്പെടാന്‍ വിധിക്കപ്പെട്ടവരാണവരെന്നുമാണ്. യഥാര്‍ത്ഥത്തില്‍, കര്‍മ്മശാസ്ത്ര നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരം വിമര്‍ശനങ്ങളിലേക്ക് വഴിവെക്കുന്നത്. തകാഫുല്‍ അധികൃതര്‍ ഏര്‍പ്പെടുന്ന കച്ചവടത്തെക്കുറിച്ച് അറിയുവാനും, തനിക്ക് പ്രാപ്യമെല്ലെങ്കില്‍ അതില്‍ നിന്ന് ഒഴിവാകാനും ഇസ്ലാം അനുമതി നല്‍കുന്നുണ്ട്.



ഇന്ത്യയിൽ നമ്മളെന്തു ചെയ്യും ?



ഇന്ത്യയെ പോലെയുള്ള ഇസ്‌ലാമിക ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ നിലവിലില്ലാത്ത രാജ്യങ്ങളിലെ ആളുകള്‍ ഇനിയെന്ത് ചെയ്യും എന്നതാണ് അടുത്ത ചോദ്യം. ഇതിന് മറുപടി തേടുമ്പോൾ ആദ്യമായി നാം മനസ്സിലാക്കേണ്ടത് ഗവണ്മെന്‍റ് നേരിട്ട് നടത്തുന്ന ഇന്‍ഷുറന്‍സ് ആണെങ്കില്‍ അതിൽ കുഴപ്പമില്ല. അവിടെ ആളുകളെല്ലാം ഒരു പൊതു ഫണ്ടിലേക്ക് പണം നിക്ഷേപിക്കുന്നു. അവരുടെ റിസ്ക്‌ പരസ്പരം പങ്കുവെക്കുന്നു. മിച്ചം വരുന്ന തുക അഥവാ സര്‍പ്ലസ് തുക ആ പൊതു സംവിധാനത്തില്‍ തന്നെ നിലനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇവിടെ അത് ലാഭം എന്നതില്‍ നിന്നും മാറി പരസ്പര സഹകരണം എന്നതിലേക്ക് മാറുന്നു. ഒരു നാട്ടിലെ ജനങ്ങള്‍ രൂപീകരിച്ച ഒരു പരസ്പര സഹായനിധി എന്നേ അതിനെ കണക്കാക്കാനാകൂ. അത് അനുവദനീയമാണ്. അത് സ്വകാര്യവല്‍ക്കരിക്കപ്പെട്ടാല്‍ അനുവദനീയമാകുകയുമില്ല. അതുകൊണ്ട്സര്‍പ്ലസ് വരുന്ന തുക കമ്പനിക്ക് ലഭിക്കുന്ന രൂപത്തില്‍കണ്‍വെന്‍ഷനല്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് പോളിസി എടുക്കല്‍ അനുവദനീയമല്ല.
ഇനി നമ്മുടെ നാടിനെപ്പോലെ പല രാജ്യങ്ങളിലും വാഹന ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്‌. മറ്റു ചിലയിടങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സും നിര്‍ബന്ധമാണ്‌. അത്തരം സാഹചര്യങ്ങളില്‍ ഭരണകൂടം നേരിട്ട് നടത്തുന്ന പൊതു സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ ആ സംവിധാനങ്ങളിലാണ് നാം പോളിസി എടുക്കേണ്ടത്. ഇനി പൊതു സംവിധാനങ്ങളോ ഇസ്‌ലാമിക രീതിയില്‍ പ്രവര്‍ത്തിക്കുന്ന തകാഫുല്‍ സംവിധാനമോ ഇല്ലെങ്കില്‍ അത്തരം സാഹചര്യത്തില്‍ ഒരു മുസ്‌ലിം എടുക്കേണ്ട നിലപാട് നിയമം കൊണ്ടും അധികാരം കൊണ്ടും നിര്‍ബന്ധിക്കപ്പെടുന്ന അവസ്ഥ ഇല്ലെങ്കില്‍ ഒരിക്കലും അനിസ്‌ലാമികമായ ഒരു പോളിസിയിലും അംഗമാകാന്‍ പാടില്ല എന്നതു തന്നെയാണ്. രണ്ട്: നിയമം കൊണ്ട് ഭരണകൂടം നിര്‍ബന്ധിക്കുന്ന ഒന്നാണ് എങ്കില്‍ (ഉദാ: നമ്മുടെ നാട്ടിലെ വാഹന ഇന്‍ഷുറന്‍സ്) അതില്‍ ഏറ്റവും ചുരുങ്ങിയ പോളിസി മാത്രം എടുക്കുക. അഥവാ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രം. കാരണം കൊമേര്‍ഷ്യല്‍ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ ഒരാള്‍ നിര്‍ബന്ധിത സാഹചര്യത്തില്‍ അംഗമായാല്‍ത്തന്നെ അടച്ച പണത്തേക്കാള്‍ കൂടുതല്‍ യാതൊന്നും തിരിച്ച് ഈടാക്കാന്‍ ഇസ്‌ലാമികമായി അയാള്‍ക്ക് അനുവാദമില്ല. ഇനി ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ് എടുക്കല്‍ ഒരു രാജ്യം നിര്‍ബന്ധമാക്കി എന്നിരിക്കട്ടെ ഇസ്‌ലാമിക സംവിധാനമല്ലെങ്കില്‍ അടച്ച പണത്തെക്കാള്‍ യാതൊന്നും ഈടാക്കാന്‍ അയാള്‍ക്ക് അനുവാദമില്ല. പോളിസിയില്‍ പങ്കാളിയാകാന്‍ തന്നെ അനുവദിക്കപ്പെട്ടത് നിര്‍ബന്ധിത സാഹചര്യം മാത്രം പരിഗണിച്ചുകൊണ്ടാണ്.



ഈ പറഞ്ഞതിന്റെ മൊത്തം സാധ്യം ഇസ്‌ലാമികമായ തകാഫുൽ സംവിധാനം പോലെ ലാഭം ലക്ഷ്യം വെക്കാത്ത എന്നാൽ പരസ്‌പര സഹകരണവും അപകടങ്ങൾ പരസ്‌പരം പങ്കുവെച്ചുകൊണ്ടു അതിൻ്റെ ആഘാതം കുറക്കുക എന്നതും ലക്ഷ്യം വെക്കുന്ന ഗവണ്മെൻറ് നേരിട്ട് നടത്തുന്ന പൊതു ഇൻഷുറൻസ് സംവിധാനങ്ങളിൽ പങ്കാളികളാകാം. നാം അതിലേക്ക് നൽകപ്പെടുന്ന പണം ഒരു പൊതു ഫണ്ടായി ആ സംവിധാനത്തിൽത്തന്നെ നിലനിൽക്കുകയും പങ്കാളികളിൽ നിന്നും അപകടം സംഭവിക്കുന്ന അർഹർക്ക് സഹായം നൽകുകയും ചെയ്യുന്ന പൊതു പദ്ധതികൾ തന്നെയാണ് ഇസ്‌ലാമികമായ തകാഫുൽ സംവിധാനങ്ങളും. അവിടെ ഗവൺമെന്റോ പങ്കാളികളാകുന്ന നമ്മളോ അതിൽ നിന്നും ലാഭം പ്രതീക്ഷിച്ചുകൊണ്ടല്ല, മറിച്ച് അപകടത്തിൻ്റെ ആഘാതം പരസ്പരം പങ്കുവെക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അത് അനുവദനീയവുമാണ്. എന്നാല്‍ പ്രൈവറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ലാഭത്തിനായി നടത്തുന്ന കണവന്‍ഷനല്‍ ഇന്‍ഷുറന്‍സ് സംവിധാനങ്ങളില്‍ പോളിസി എടുക്കല്‍ അനുവദനീയമല്ല. നിയമം കൊണ്ട് നിര്‍ബന്ധിതരാകുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിക്കപ്പെടുന്ന തോതനുസരിച്ച് മാത്രമേ അത്തരം പോളിസികള്‍ എടുക്കാവൂ.



ഇതെല്ലാം ഒരു മതഗ്രന്ഥം നോക്കി അങ്ങനെ ഒറ്റയടിക്ക് പറഞ്ഞുതീർക്കാവുന്ന വിധത്തിലല്ല ഇപ്പോൾ കാര്യങ്ങൾ എത്തി നിൽക്കുന്നത്. സാമ്പത്തിക മേഖലയിൽ പ്രത്യേകിച്ചും. ഓരോ ദിവസവും പുതിയ രീതികളും ശൈലികളും ഉണ്ടാവുകയാണ്. ഇനിയും പുതിയ വ്യവഹാര രീതികൾ ഉണ്ടായേക്കും. അവയിൽ ചിലപ്പോൾ പ്രത്യക്ഷത്തിൽ ഇസ്ലാമിക രീതിയോട് ചില ചായ് വുകളും കണ്ടേക്കാം. പക്ഷെ, അവിടെയൊന്നും വഞ്ചിതനായി വീഴാതിരിക്കാനുള്ള സൂക്ഷ്മത പുലർത്തേണ്ടവനാണ് വിശ്വാസി. ആ ശ്രദ്ധ ഉണ്ടാകുമ്പോൾ തന്റെ മുമ്പിലുളള സാഹചര്യത്തെ അളക്കാനും സാഹചര്യത്തിനനുസരിച്ച് മതത്തെ പരമാവധി ഉൾക്കൊള്ളാനും വിശ്വാസി ശ്രമിക്കും. പിന്നെ പരമമായ മറ്റൊരു സത്യമുണ്ട്. സത്യവിശ്വാസിക്ക് ഏറ്റവും വലിയ ഇൻഷൂറൻസ് ലഭിക്കേണ്ടത് തന്റെ റബ്ബിൽ നിന്നാണ്. വിധിയിലുളള നിർബന്ധ വിശ്വാസവും അതിന്റെ ഭാഗമായ തവക്കുലും ഉണ്ടെങ്കിൽ പിന്നെ അവൻ ഒരു ഇൻഷൂറൻസ് പരസ്യത്തിലേക്കും തിരിഞ്ഞു നോക്കുകയില്ല തന്നെ.
















0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso