Thoughts & Arts
Image

വിധാതാവ് വിരിച്ചിട്ടതും വിതാനിച്ചതും

29-01-2023

Web Design

15 Comments





മനുഷ്യനെ അല്ലാഹു ഭൂമിയിലേക്കൊരു പ്രതിനിധിയായാണ് നിയോഗിച്ചിരിക്കുന്നത് എന്നത് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയതാണ് (2:30). പ്രതിനിധി എന്ന പ്രയോഗം പലതും നമ്മെ ഉണര്‍ത്തുന്നുണ്ട്. കാരണം, ഒരു നിശ്ചിത ദൗത്യത്തിനു വേണ്ടി ഒരു മേലധികാരി നിയോഗിക്കുന്ന ആളാണ് പ്രതിനിധി. പ്രതിനിധി എന്ന പേരും ഗുണവും ദൗത്യവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നതാണ്. ദൗത്യം തുടങ്ങുമ്പോള്‍ അഥവാ ദൗത്യത്തിന്‍െറ ഭൂമികയായ ഭൂമിയില്‍ ജനിക്കുമ്പോള്‍ അവന്‍ പ്രധിനിധിയായി മാറുന്നു. ഈ ഭൂമിയിലെ ജീവിതം അവസാനിക്കുന്നതോടെ പ്രാതിനിധ്യം അവസാനിക്കുകയും ചെയ്യുന്നു. ഭൂമിയില്‍ തുടങ്ങുന്നതും അവസാനിക്കുന്നതും ഭൂമിയിലെ അല്ലാഹുവിന്റെ പ്രാതിനിധ്യം മാത്രമാണ്. ഭൂമിയില്‍ വരുന്നതിനുമുമ്പേ അവനുണ്ടായിരുന്നു. പക്ഷെ, അവന്റെ പേരും ഭാവവും ഭൂമിയിലെ മനുഷ്യന്റേതുപോലെയായിരിക്കണമെന്നില്ല. ആദ്യമായി സൃഷ്ടിക്കപ്പെട്ടത് അവന്റെ ആത്മാവിനെയാണ്.രൂപഭാവങ്ങള്‍ നമുക്കറിയാത്ത ആ അവസ്ഥയില്‍ നിന്നും അവന്‍ പിതാവിന്റെ മുതുകിലെത്തുകയും പിന്നെ മാതാവിന്റെ ഗര്‍ഭാശയത്തില്‍ എത്തിചേരുകയും ചെയ്തു. അപ്പോഴെല്ലാം അവന്റെ പേര് ആത്മാവ്, ബീജം, സിക്താണ്‍ഡം, ഭ്രൂണം, ഗര്‍ഭം മുതലായവയായിരുന്നു. ഭൂമിയില്‍ എത്തിയതോടെ അവന്‍ മനുഷ്യന്‍ എന്ന പേരും സ്രഷ്ടാവിന്റെ പ്രതിനിധി എന്ന സ്ഥാനവും നേടുകയായിരുന്നു. ഭൂമിയില്‍ നിന്ന് പോയാലും അവനുണ്ടായിരിക്കും. അവിടെയും അവന്‍െറ രൂപവും ഭാവവും ഭൂമിയുലുണ്ടായിരുന്നതുതന്നെയാകണമെന്നില്ല. അപ്പോള്‍ ഭൂമിയില്‍ വരുന്നതിനു മുമ്പേ ഉണ്ടായിരുന്നതും ഭൂമിയില്‍നിന്നു മടങ്ങിയതിനു ശേഷവും നീണ്ടുകിടക്കുന്നതുമായ ജീവിതത്തിന്റെ ഒരു ഭാഗമായ ഭൂമിയിലെ അധിവാസകാലത്തേക്ക് അവന്‍ മനുഷ്യന്‍ എന്ന പേരില്‍ സ്രഷ്ടാവിന്‍ന്റെ പ്രതിനിധിയിത്തീര്‍ന്നു എന്നു ചുരുക്കം. നമ്മുടെ ചര്‍ച്ച ഇനി ഈ മനുഷ്യന്റെ പ്രാതിനിധ്യത്തിലേക്കു ചുരുങ്ങുകയാണ്. പ്രതിനിധിക്ക് പ്രാതിനിധ്യം നിര്‍വ്വഹിക്കുവാന്‍ വേണ്ട സകല സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടത് പ്രതിനിധീകരിക്കപ്പെടുന്നവന്റെ ഉത്തരവാദിത്വമാണ്. അഥവാ മനുഷ്യന് തന്റെ പ്രാതിനിധ്യം വഹിക്കുവാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കേണ്ടത് അല്ലാഹുവിന്റെ ഉത്തരവാദിത്വമാണ്. അതനുസരിച്ച് അല്ലാഹു അവനുവേണ്ട സൗകര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്.അധിവസിക്കുവാനുള്ള ആവാസകേന്ദ്രം, അതിനനുയോജ്യമായ ചേതനയുള്ള ശരീരം, ജീവന്‍ നിലനിറുത്തുവാന്‍ വേണ്ട ശ്വസനവായു, ജലം, ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയവയെല്ലാം. ഇവയെല്ലാം ഉപയോഗപ്പെടുത്തി മാന്യവും വിധേയവുമായ ഒരു ജീവിതം ജീവിച്ച് ദുനിയാവ് എന്ന ഘട്ടം കടക്കുകയാണ് അവന്റെ ഉത്തരവാദിത്വം.



സ്രഷ്ടാവിന്റെ പ്രാതിനിധ്യം വഹിക്കുക എന്നതിന്റെ അര്‍ഥവും ആശയവും അതാണ്. ഇവയില്‍ ജീവിതത്തിന്റെ മാന്യതയും വിധേയത്വവും സ്വയം നിശ്ചയിക്കുവാന്‍ അവന്‍ അശക്തനായതിനാല്‍ അതുകൂടി അല്ലാഹു ചെയ്തുകൊടുത്തിട്ടുണ്ട്. കുലത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും അനുസരിച്ച് ഓരോ കാലസന്ധികളിലും പ്രവാചകന്‍മാരെയും അവര്‍വഴി ഗ്രന്ധങ്ങളെയും കൊടുത്തത് ഇതിന്നുവേണ്ടിയാണ്. എന്നാല്‍ ഈ പറഞ്ഞതിനര്‍ഥം അല്ലാഹു ഒരുക്കിതരുന്ന സകല സുഖസൗഖ്യങ്ങളും ഉപയോഗപ്പെടുത്തി വെറുതെ അങ്ങനെ ജീവിച്ചുപോകുക എന്നല്ല. അങ്ങനെയാണെങ്കില്‍ ഈ ദുനിയാവിലെ മനുഷ്യാധിവാസത്തിന്റെ അടിസ്ഥാനലക്ഷ്യം പൂര്‍ത്തീകരിക്കപ്പെടുകയുമില്ല. മനുഷ്യനെ ഇവിടെ പടക്കുന്നതിനും അവനെ പ്രതിനിധിയാക്കി നിയോഗക്കുന്നതിനുമെല്ലാം പിന്നില്‍ പരമമായ ഒരു ലക്ഷ്യമുണ്ട്. അത് അല്ലാഹുതന്നെ ഇപ്രകാരം പറയുന്നു: നിങ്ങളില്‍ ആരാണ് ഏററവും ഉദാത്തമായ ജീവിതം നയിക്കുന്നവന്‍ എന്നു പരീക്ഷിക്കുവാനായി ജീവിതത്തെയും മരണത്തെയും നിശ്ചയിച്ചവനാണ് അവന്‍ (67:02) അതുതന്നെയാണ് ദുനിയാവിന്റെ പരീക്ഷണവും. എല്ലാം അല്ലാഹു നല്‍കുന്നു, അതേസമയം അവന്‍ നല്‍കുന്ന എല്ലാ കാര്യങ്ങളിലും ഒരു പരീക്ഷണം ഉള്‍ക്കൊള്ളുകയും ചെയ്യുന്നു എന്നര്‍ഥം. അതനുസരിച്ച് രണ്ടു ബാധ്യതകള്‍ മനുഷ്യനില്‍ നിക്ഷിപ്തമാകുന്നു. അല്ലാഹുതന്ന സുഖങ്ങളെയും സൗകര്യങ്ങളെയും സംരക്ഷിച്ച് നിലനിറുത്തുക, അവന്‍ അഭിലഷിക്കുന്നതുപോലെ മാന്യവും വിധേയവുമായി ജീവിക്കുകയും ചെയ്യുക എന്നിവയാണത്.



നമ്മുടെ ചര്‍ച്ച, വീണ്ടും അല്ലാഹു മനുഷ്യന് നല്‍കിയ സൗകര്യങ്ങളില്‍ ഏററവും പ്രധാനപ്പെട്ട ഒന്നായ ഭൂമി എന്ന അധിവാസ കേന്ദ്രത്തിലേക്കു ചുരുങ്ങുകയാണ്. പ്രപഞ്ചത്തിന്റെ ഏതു ഘടകത്തെയുംപോലെ ഭൂമിയെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് അനുഗ്രഹവും പരീക്ഷണവുമായിട്ടാണ്. ദുനിയാവിലെ ഏതു സൃഷ്ടിയുടേയും കാര്യം ഇപ്രകാരമാണല്ലോ. മനുഷ്യശരീരം അതിനൊരു ഉദാഹരണമാണ്.മനുഷ്യന് ഭംഗിയും ശേഷിയും ശക്തിയും നല്‍കുന്നത് ശരീരമാണ്.പക്ഷെ, അതിനെ പരിചരിച്ചിരുന്നാല്‍ മാത്രമേ അതൊരു അനുഗ്രഹമായി നിലനില്‍ക്കൂ. അതിനെ പരിചരിക്കാതെ വിട്ടാല്‍ രോഗങ്ങള്‍ കുടികെട്ടി അത് ഏററവും വലിയ പരീക്ഷണമായിത്തീരും. ഇപ്രകാരമാണ് നമുക്ക് അധിവസിക്കുവാന്‍ തന്ന ഭൂമിയും. ഭൂമി നമ്മുടെ ആവാസകേന്ദ്രമാണ്. മനുഷ്യന്റെ പ്രകൃതിക്ക് അനുയോജ്യമായി അതു സംവിധാനിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ശാരീരികമായ പ്രത്യേകതകളും ജീവന്‍ എന്ന പ്രതിഭാസം നിലനില്‍ക്കുവാന്‍ ആവശ്യമായ സാഹചര്യവും നിക്ഷിപ്തമായ ശേഷികള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയുന്ന രംഗവേദിയുമായി ഭൂമിയെ അല്ലാഹു ഇണക്കിതന്നിരിക്കുന്നു. ശൂന്യാകാശത്തേക്കോ ജലാന്തര്‍ഭാഗത്തേക്കോ ഉള്ള യാത്രാസൗകര്യങ്ങള്‍ വികസിച്ചിട്ടുള്ള ആധുനിക കാലത്തിനത് വേഗം മനസ്സിലാക്കുവാന്‍ കഴിയും. ഭൗമിക അതിരുകള്‍ വിടുന്നതോടെ ശ്വസിക്കുവാന്‍ വേണ്ട വായുപോലും പുറത്ത് കെട്ടിക്കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്.ഗോളാന്തരയാത്രകള്‍ മത്സരബുദ്ധ്യാ വളര്‍ന്നുവരികയാണല്ലോ. അവയുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം മനുഷ്യന് അവിടങ്ങളില്‍ ആവാസകേന്ദ്രങ്ങള്‍ സ്ഥാപിക്കുവാന്‍ കഴിയുമോ എന്നതാണ്. ഓരോ പേടകങ്ങളും വട്ടമിടുന്നത് പ്രധാനമായും ആ ഗ്രഹങ്ങളില്‍ ജീവവായുവിന്റെയോ വെള്ളത്തിന്റെയോ സാന്നിധ്യമുണ്ടോ എന്ന ചോദ്യത്തെയാണ്. വെള്ളമോ ഓക്സിജനോ ഉണ്ടെന്നു കണ്ടെത്തിയാല്‍ പോലും അതു മനുഷ്യനിണങ്ങിയതാണ് എന്ന് പറയുവാന്‍ കഴിയാത്ത അവസ്ഥയുമുണ്ട്. ചന്ദ്രോപരിതലത്തില്‍ വെള്ളത്തിന്റെ സാന്നിധ്യമുണ്ട് എന്ന് ഇന്ത്യയുടെ ചാന്ദ്രയാന്‍ ഒന്ന് 2009ല്‍ സ്ഥാപിച്ച കാര്യമാണ്. എന്നിട്ടും അവിടെ ഒരു മനുഷ്യനെയെങ്കിലും സ്വാഭാവികമായ നിലയില്‍ കുടിയിരുത്തുവാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് നിശ്ചിത കാലം വരേക്കും ഭൂമിയില്‍ തന്നെ ആവാസകേന്ദ്രവും വിഭവങ്ങളും ഉണ്ട് (7:24) എന്ന് അല്ലാഹു പ്രസ്താവിക്കുന്നതു വെച്ചുനോക്കുമ്പോള്‍ അതിനൊന്നുമുള്ള സാധ്യത കാണുന്നുമില്ല. അതിനാല്‍ നമ്മുടെ ഭൂമി അല്ലാഹു തന്ന ഏററവും വലിയ ഒരു അനുഗ്രഹമാണ്. അല്ലാഹു പറയുന്നു: അതോ ഭുതലത്തെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നിന്ന് പുഴകളുല്‍പാദിപ്പിക്കുകയും ഭൂമിക്ക് ദാര്‍ഢ്യമേകുന്ന മലകള്‍ സൃഷ്ടിക്കുകയും രണ്ടുവിധം ജലാശയങ്ങള്‍ക്കിടയില്‍ ചെയ്തവനോ ഉദാത്തന്‍ (അതോ ബഹുദൈവങ്ങളോ?) (27: 61). സുഖ്റുഫ് 10, ഗാഫിര്‍ 64, ത്വാഹാ 53, നബഅ് 6 തുടങ്ങി ഭൂമിയെ ഇണക്കിത്തന്ന അനുഗ്രഹം എടുത്തുപറയുന്ന സൂക്തങ്ങള്‍ ധാരാളമാണ്.



ഇവ്വിധം അനുഗ്രഹത്തിന്റെയും പരീക്ഷണത്തിന്റെയും ഇടയിലുള്ള നൂല്‍പ്പാലത്തില്‍ ഭൂമി എന്ന സൃഷ്ടിയെ കെട്ടിവെക്കുവാന്‍ അല്ലാഹു സ്വീകരിച്ച സൃഷ്ടിവൈഭവം അതീവ കൗതുകതരമാണ്. ഒററയടിക്ക് നാം ഇന്നു കാണുന്ന ഭൂമിയെ അങ്ങനെ പടച്ചുണ്ടാക്കുന്നതിനു പകരം പരസ്പര ആശ്രിതങ്ങളായ പല കാര്യങ്ങളെയും സമ്മേളിപ്പിച്ച് ഭൂമി എന്ന സൃഷ്ടിയെ ഉരുത്തിരിയിച്ചെടുക്കുകയായിരുന്നു എന്നു പറയാം. ഓരോ ഘടകത്തെയും മറെറാന്നുമായി കൂട്ടിക്കെട്ടിയാണ് അതിനെ ഉണ്ടാക്കിയത്. ഇതിനു വേണ്ടിവന്ന പ്രക്രിയയാണ് ഭൂമിയെ പടക്കുവാന്‍ വേണ്ടിവന്ന സമയം സൂചിപ്പിക്കുന്നത്. ഭൂമിയെ അല്ലാഹു പടച്ചത് ആറ് ദിവസങ്ങള്‍ കൊണ്ടായിരുന്നു എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. (ഹൂദ്: 7, ഫുര്‍ഖാന്‍: 59, ഖാഫ്: 38, യൂനുസ്: 3, സജ്ദ: 4) അതിന്‍െറ ഒരു പ്രാഥമിക വിവരണം ഫുസ്സ്വിലത്ത് അധ്യായം ഒമ്പതാം വചനം ഇങ്ങനെ പറയുന്നു: നിബിയേ ചോദിക്കുക, രണ്ടു നാളുകളിലായി ഭൂമിയെ പടച്ചവനെ നിങ്ങള്‍ നിഷേധിക്കുകയും അവനു പങ്കാളികളെ സ്ഥാപിക്കുകയുമാണോ?. സര്‍വ്വലോക സംരക്ഷകനാണവന്‍. നാലു നാളുകള്‍ക്കകം അതിന്റെ ഉപരിതലത്തില്‍ ഉറച്ച മലകളുണ്ടാക്കുകയും അതിലനുഗ്രഹം ചൊരിയുകയും അന്നപാനാദികള്‍ വ്യവസ്ഥപ്പെടുത്തുകയുമുണ്ടായി. അന്വേഷിക്കുന്നവര്‍ക്ക് ശരിയായി അറിയുവാനാണ് ഈ പറയുന്നത്. തുടര്‍ന്ന് ആകാശ സൃഷ്ടിപ്പുന് അവന്‍ ഉദ്ദേശിച്ചു. അതൊരു പുകയായിരുന്നു. അങ്ങനെ അതിനോടും ഭൂമിയോടുമായി നിങ്ങളിരുവരും അനുസരണയോടെയോ നിര്‍ബന്ധിതമായോ വരിക എന്നവന്‍ അരുളി. അവ പ്രതികരിച്ചു: ഞങ്ങളിതാ അനുസരണയോടെ തന്നെ സമാഗതരായിരിക്കുന്നു അങ്ങനെ രണ്ടു ദിവസങ്ങളിലായി അവ ഏഴാകാശമായും പടച്ചു (41: 9-12). ഈ വിവരണം ചിലരിലെങ്കിലും തെററിദ്ധാരണയുണ്ടാക്കിയിട്ടുണ്ട്. ഈ വിവരണമനുസരിച്ച് ആറല്ല എട്ടു ദിവസങ്ങള്‍ വേണ്ടിവന്നു എന്നാണല്ലോ വരിക എന്നാണ് അവരുടെ സംശയം. എന്നാല്‍ അവസാനം പറഞ്ഞ രണ്ടു ദിവസങ്ങള്‍ അതിനു തെട്ടുമുമ്പ് പറഞ്ഞ നാലിലെ രണ്ടു ദിവസങ്ങള്‍ തന്നെയാണ് എന്നാണ് അതിനുള്ള മറുപടി. (അദ്വാഉല്‍ ബയാന്‍ 7:74, ഖവാത്തിറു ശഅ്റാവീ) ഇതേ ആശയം വിശുദ്ധ ഹദീസിലും കാണാം. അബൂ ഹുറൈറ(റ)യില്‍ നിന്നും ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസില്‍ അബൂ ഹുറൈറ(റ) പറയുന്നു: നബി തങ്ങള്‍ എന്റെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: അല്ലാഹു മണ്ണിനെ ശനിയാഴ്ച പടച്ചു. അതില്‍ പര്‍വ്വതങ്ങളെ ശായറാഴ്ച പടച്ചു. വൃക്ഷങ്ങളെ തിങ്കളാഴ്ച പടച്ചു. അനിഷ്ടകരങ്ങളെ ചൊവ്വാഴ്ച പടച്ചു. പ്രകാശത്തെ ബുധനാഴ്ചയും. അതില്‍ മൃഗാദികളെ വ്യാഴാഴ്ച പടച്ചു. ആദം നബിയെ വെള്ളിയാഴ്ച അസ്വറിനു ശേഷവും പടച്ചു (മുസ്ലിം, 2759) പ്രപഞ്ചത്തിന്റെ ആദം നബി ഒഴികെയുള്ള അടിസ്ഥാന ഘടകങ്ങളെ പരിഗണിച്ചാല്‍ ഈ ഹദീസും ആറ് ദിനം എന്ന തത്വത്തെ അംഗീകരിക്കുന്നു.



ഘടകങ്ങളെയും കാര്യകാരണങ്ങളെയും കോര്‍ത്തിണക്കിയാണ് ഭൂമിയടക്കം എല്ലാം അല്ലാഹു സൃഷ്ടിക്കുന്നത്. അത് ഒററയടിക്കു സൃഷ്ടിക്കുവാന്‍ അല്ലാഹുവിന് കഴിവില്ലാത്തതുകൊണ്ടല്ല. മറിച്ച് സൃഷ്ടിക്കപ്പെടുന്ന അനുഗ്രഹം ഒരേ സമയം ഒരു പരീക്ഷണം കൂടിയാകുവാന്‍ വേണ്ടിയാണ്. ഒരു പാട് കാര്യങ്ങള്‍ പരിഗണിച്ചാല്‍ മാത്രം അത് അനുഗ്രഹവും ഏതെങ്കിലുമൊരു ഘടകത്തിന്റെ പരിഗണന നഷ്ടപ്പെട്ടാല്‍ അതു പരീക്ഷണവുമാകുമ്പോഴാണ് ആര് ആ കാര്യങ്ങള്‍ വിധേയപൂര്‍വ്വം പരിഗണിക്കുന്നു എന്നു പരീക്ഷിക്കുവാന്‍ കഴിയുക. ഭൂമിയുടെ സൃഷ്ടിപ്പിനെ കുറിച്ച് മതപ്രമാണങ്ങളും ശാസ്ത്രവും അവതരിപ്പിക്കുന്ന കാര്യങ്ങള്‍ ഏതാണ്ട് ഒരേ പോലെയുള്ളതാണ്. സൃഷ്ടിപ്പിന്റെ ആദ്യ ഘട്ടം മഹാവിസ്ഫോടനത്തോടെയായിരുന്നു എന്ന് രണ്ടും പറയുന്നു. അതീവ സാന്ദ്രതയും ചൂടും ഗുരുത്വാകര്‍ഷണവുമുള്ള, വിങ്ങിപ്പെട്ടാന്‍ പാകത്തിലുള്ള ഒരു പിണ്‍ഢമായിരുന്നു ആദ്യത്തില്‍ പ്രപഞ്ചം. ഈ അസന്തുലിതാവസ്ഥയെ തരണം ചെയ്യുവാനെന്നോണം ഒരു വന്‍ സ്ഫോടനം നടന്നു. അതിനെ തുടര്‍ന്ന് ആകാശഗംഗകളും സൗരയൂഥവുമെല്ലാം രൂപപ്പെടുകയും ചെയ്യുകയായിരുന്നു എന്നാണ് കൂട്ടത്തില്‍ പ്രപഞ്ചോല്‍പത്തിയെ കുറിച്ചുള്ള ഏററവും പ്രബലമായ സിദ്ധാന്തം. ബിഗ്ബാംഗ് തിയറി എന്നറിയപ്പെടുന്ന ഈ സിദ്ധാന്തത്തിന് രൂപം നല്‍കിയത് ബല്‍ജിയന്‍ പാതിരിയും ഗോളശാസ്ത്ര പണ്ഡിതനും കാത്തലിക് യൂണിവേഴ്സിററി ഓഫ് ലോ വെയിനിലെ ഭൗതികശാസ്ത്ര പ്രൊഫസറുമായിരുന്ന ജോര്‍ജ്ജ് ഹെന്‍റിയും ഉക്രേനിയന്‍ തിയറററിക്കല്‍ ഫിസിസ്ററായിരുന്ന ജോര്‍ജ്ജ് ഗാമോവും ചേര്‍ന്നാണ്. (ഭൂമി ഉണ്ടാകുന്നതെങ്ങനെ: ബൈജു കെ ആര്‍). പത്തൊമ്പതാം നൂററാണ്ടില്‍ ഈ കണ്ടുപിടുത്തത്തോടെയാണ് പ്രപഞ്ചോല്‍പത്തിയെ കുറിച്ചുള്ള ശരിയായ ദിശ തെളിഞ്ഞുവന്നത് എന്ന് സ്ററീഫന്‍ ഹോക്കിംഗ്സും സാക്ഷ്യപ്പെടുത്തുന്നു (ദ ബ്രീഫ് ഹിസ്റററി ഓഫ് ടൈം). ഇക്കാര്യം വിശുദ്ധ ഖുര്‍ആനില്‍ നേരത്തെ സമര്‍ഥിച്ചിട്ടുള്ളതാണ്.അല്ലാഹു പറയുന്നു: സത്യനിഷേധികള്‍ മനസ്സിലാക്കുന്നില്ലേ, ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു; എന്നിട്ട് നാമവ വേര്‍പെടുത്തി. സര്‍വ്വ വസ്തുക്കളെയും ജലത്തില്‍ നിന്നു നാം സൃഷ്ടിച്ചു. എന്നിട്ടും അവര്‍ സത്യവിശ്വാസം കൈക്കൊള്ളുന്നില്ലേ (21: 30). ഈ സൂക്തത്തില്‍ പ്രയോഗിച്ചിരിക്കുന്ന ഫതഖ എന്ന വാക്ക് ശ്രദ്ധേയമാണ്. ബലത്തോടെ പിടിച്ചുവേര്‍പെടുത്തി (രഹീ്ല മൗിറെലൃ) എന്നാണ് അത് അര്‍ഥിക്കുന്നത്. സാന്ദ്രതയുടെയും താപ-ആകര്‍ഷണങ്ങളുടെയും അസന്തുലിതത്വം എന്ന ബലം പ്രയോഗിച്ചാണ് അല്ലാഹു വേര്‍പ്പെടുത്തിയത് എന്നു വരുമ്പോള്‍ അത് ശാസ്ത്രം പറയുന്ന ബിഗ് ബാംഗ് എന്ന മഹാവിസ്ഫോടനമായി മാറുന്നു.
സൃഷ്ടിപ്പുകളെല്ലാം ഒരേ സമയം അനുഗ്രഹവും പരീക്ഷണവുമാണ് എന്നു പറഞ്ഞുവരുമ്പോള്‍ മാഹവിസ്ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായി അല്ലെങ്കില്‍ അല്ലാഹു ഉണ്ടാക്കി എന്നു പറയുന്നതില്‍ അവ രണ്ടും എവിടെയാണ് കുടികൊള്ളുന്നത് എന്ന ചോദ്യമുയരാം. അതിനുള്ള ഉത്തരം സരളമാണ്. ഇവ്വിധത്തിലുള്ള സൃഷ്ടിപ്പ് മനുഷ്യനെ സൃഷ്ടാവിന്റെ ശക്തിയെ തര്യപ്പെടുത്തുന്നതാണ്. ആ ശക്തി തിരിച്ചറിയുവാനും അതിന്റെ അധിപനില്‍ വിശ്വസിക്കുവാനും കഴിയുന്നവര്‍ക്ക് ഈ തരത്തിലുള്ള സൃഷ്ടിപ്പ് സഹായകവും വിശ്വാസം ശക്തിപ്പെടുത്തുവാനുള്ള അനുഗ്രഹവുമാകുന്നു. അല്ലാത്തവര്‍ക്കാവട്ടെ ഇത് പരീക്ഷണവുമായിത്തീരുന്നു. പ്രത്യേകിച്ചും മഹാവിസ്ഫോടനം എന്നത് ഒരു കഥയായി മാത്രം നില്‍ക്കാതെ അതു തെളിയിക്കുന്ന ഫലങ്ങളും സൂചനകളും എപ്പോഴും പ്രപഞ്ചത്തില്‍ സജീവമായി നില്‍ക്കുക കൂടി ചെയ്യുമ്പോള്‍. അവയിലൊന്നാണ് പ്രപഞ്ചത്തിന്റെ വികാസം. ഹബ്ള്‍സ് ടെലസ്കോപ് ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളില്‍ ആകാശംഗംഗകള്‍ അനുനിമിഷം അകന്നുകൊണ്ടിരിക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ഇതു ഖുര്‍ആനും ശരിവെക്കുന്നു. അല്ലാഹു പറയുന്നു: വന്‍ശേഷി കൊണ്ടാണ് ആകാശത്തെ നാം സൃഷ്ടിച്ചത്; നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകതന്നെ ചെയ്യും (51:47).



1965ല്‍ ആര്‍നോ പെന്‍സിയാസ്, റോബര്‍ട്ട് വില്‍സണ്‍ എന്നിവര്‍ കണ്ടെത്തിയ ഭൗമോപരിതലത്തിലെ കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ടാണ് മറെറാന്ന്. താപമുള്ള ഈ കിരണങ്ങള്‍ ബിഗ് ബാംഗിന്റെ താപവിശ്ലേഷണത്തിന്റെ ബാക്കിപത്രമാണ്. ഈ കണ്ടെത്തലിന് അവര്‍ക്ക് 1978ലെ ഭൗതികശാസ്ത്ര നൊബേല്‍ അവരെ തേടിയെത്തുകയുണ്ടായി. മറെറാരു അടയാളം ഭൂമിയില്‍ വിസ്ഫോടനത്തിനു ശേഷമുണ്ടായി എന്നു കരുതപ്പെടുന്ന ലഘുമൂലകങ്ങളായ ഹൈഡ്രജന്‍, ഹീലിയം തുടങ്ങിയവയുടെ ആധിക്യമാണ്. അവ വളര്‍ന്നുവളര്‍ന്ന് നിറയുകയായിരുന്നു എന്നാണ് ശാസ്ത്രം. (ശാസ്ത്രം എത്ര ലളിതം -ഡി സി ബുക്സ്) ചുരുക്കത്തില്‍ എപ്പോഴും തിരിച്ചറിയുവാന്‍ സഹായകമായ നിലയില്‍ അടയാളങ്ങള്‍ സജീവമാക്കി ബിഗ് ബാംഗിനെ മനുഷ്യന്റെ അവബോധത്തിനു മുമ്പില്‍ നിറുത്തിയിരിക്കുകയാണ്. അത് അല്ലാഹുവിന്റെ ശക്തിയെ എപ്പോഴും ഓര്‍ത്തിരിക്കുവാനും മനുഷ്യന്‍ അതുവഴി വിധേയത്വത്തിലെത്തുവാനും വേണ്ടിയാണ് എന്നു മനസ്സിലാക്കാം. അതോടൊപ്പം ഇത്രയും വ്യക്തമായ സൂചനകളുണ്ടായിട്ടും തന്റെ സൃഷ്ടാവിന്റെ ശക്തിയിലേക്ക് അതുവഴി എത്തിച്ചേരാത്തതിന്റെ പേരില്‍ ഏത് അഹങ്കാരിയെയും ശിക്ഷിക്കുവാനുള്ള ന്യായവും അതുവഴി കൈവരുന്നു.
പ്രപഞ്ചത്തെ അല്ലാഹു മനുഷ്യനായി ഇണക്കിക്കൊടുത്ത വിധമാണ് ഈ ചര്‍ച്ചയില്‍ നാം അടിവരയിട്ടു പഠിക്കേണ്ട കാര്യം. അപ്പോഴാണല്ലോ അല്ലാഹുവിന്റെ ഭൂമി എന്ന മഹാകാരുണ്യം നമുക്ക് തിരിച്ചറിയുവാനാവുക.



അവയിലൊന്ന് വായുമണ്‍ഡലം തന്നെയാണ്. ശ്വസനപ്രക്രിയ വഴി സുഖമായി അതിജീവിക്കുവാന്‍ മനുഷ്യനെ സഹായിക്കുന്ന ഒന്നാണ് ഹൈഡ്രജനും ഓക്സിജനും നൈട്രജനും കൂടിക്കിടക്കുന്ന നമ്മുടെ അന്തരീക്ഷം. ബിഗ് ബാംഗിനു ശേഷം പ്രപഞ്ചമാകെ ധൂമപടലമായിരുന്നു(ീഹെമൃ ിലയൗഹമ) നിറഞ്ഞുകിടന്നത് എന്ന കാര്യത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ ഏതാണ്ട് ഏകാഭിപ്രായക്കാരാണ്. പൊട്ടിപ്പിളര്‍ന്നുണ്ടായ ഭൂമിയില്‍ നിറയെ അഗ്നിപര്‍വ്വതങ്ങളായിരുന്നു എന്നവര്‍ വിശദീകരിക്കുന്നു. നേരത്തെ പ്രപഞ്ചം എന്ന മാസ്സ് കനത്തസാന്ദ്രതയും താപവും ഉള്ളതായിരുന്നു എന്നു നാം മനസ്സിലാക്കിയതാണല്ലോ. അതിന്റെ അവശിഷ്ടങ്ങളോ പ്രതിപ്രവര്‍ത്തനങ്ങളോ ആയിരിക്കാം ഇവിടെ അഗ്നിപര്‍വ്വതങ്ങള്‍ എന്നു പറയുന്നത്. അതേസമയം ബഹിരാകാശത്തുനിന്നും തുടര്‍ച്ചയായി ഉല്‍ക്കാവര്‍ഷവും ഉണ്ടായി. ഇതു രണ്ടും കാരണമായിട്ടാണ് ഭൗമോപരിതലം പുകയാല്‍ നിറഞ്ഞത് എന്ന് ശാസ്ത്രീയ വിശദീകരണങ്ങളിലുണ്ട്. (പരിസ്ഥിതി പഠനവും ഭൂമിശാസ്ത്രവും - പ്രൊഫ. എസ് ശിവദാസ്) ഭുമിയിലെ നമ്മുടെ ആവാസവ്യവസ്ഥ രൂപപ്പെടുന്നതിനു മുമ്പ് ഇവിടം പുകപടലം നിറഞ്ഞതായിരുന്നു എന്നത് ഖുര്‍ആനും പറയുന്നുണ്ട്. ഫുസ്സ്വിലത്ത് അധ്യായത്തിന്റെ പന്ത്രണ്ടാം വചനത്തില്‍ അല്ലാഹു പറയുന്നു: തുടര്‍ന്ന് ആകാശ സൃഷ്ടിപ്പിന് അവന്‍ ഉദ്ദേശിച്ചു. അതൊരു പുകയായിരുന്നു (41:12). ഈ സമയത്ത് ഭൂമിയില്‍ കെട്ടിക്കിടന്നിരുന്ന വാതകങ്ങള്‍ അധികമായും വിഷവാതകങ്ങളായിരുന്നു. ഹൈഡ്രജന്‍, ഹീലിയം. നൈട്രജന്‍ തുടങ്ങിയവ വളരെ ചെറിയ അളവില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭൗമോപരിതലത്തില്‍ നേരത്തെ സൂചിപ്പിച്ച അഗ്നിപര്‍വ്വതങ്ങളും ഉല്‍ക്കകളും കാരണമായി ഉണ്ടായിരുന്ന ഹൈഡ്രജനും ഹീലിയവും മേല്‍പ്പോട്ട് ഉയരുകയും താമസിയാതെ ഭൂമി തണുത്തുതുടങ്ങുകയും ചെയ്തു. ഭൂമിയില്‍ നിന്നുയര്‍ന്ന നീരാവി അതിവേഗം തണുത്തുറയുകയും മഴയായി പെയ്യുവാന്‍ തുടങ്ങുകയും ചെയ്തു. ഈ മഴയെ തുടര്‍ന്ന് ഭൂമിയുടെ ഉപരിഭാഗം തണുത്ത് തണുത്ത് വരികയും ഈ മഴയില്‍ പെയ്ത വെള്ളം വീണ്ടും ബാഷ്പീകരിക്കപ്പെടാതിരിക്കുകയും ചെയ്തതോടെ സസ്യകോശങ്ങള്‍ക്ക് ജീവിതതലം ഒരുങ്ങി. ഈ സസ്യങ്ങള്‍ പ്രകാശസംസ്ലേഷണം വഴി ഭൂമിയിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിനെയും മററു വിഷവാതകങ്ങളെയും അവശോഷണം ചെയ്യുകയും ഓക്സിജനെ പുറത്തുവിടുകയും ചെയ്തുതുടങ്ങി. ഇതോടെ ഭൂമിയില്‍ മനുഷ്യന് ശ്വസിക്കുവാനുള്ള ശ്വസനവായുവിന്റെ അളവ് ഉയര്‍ന്നുവരികയും മനുഷ്യന്റെ ജീവിതതലം ഒരുങ്ങുകയും ചെയ്തു (ഏഴാകാശവും ദൈവിക സിംഹാസനവും -പ്രൊ. എം അബ്ദുല്‍ അലി). ഭൂമിയെ മനുഷ്യന് അവന്റെ സൃഷ്ടാവിന്റെ പ്രാതിനിധ്യം വഹിക്കുവാന്‍ പാകപ്പെടുത്തിയത് ഇവ്വിധമായിരുന്നു.



ഭൂമി മനുഷ്യാധിവാസത്തിന് അനുയോജ്യമായിരിക്കുവാന്‍ അല്ലാഹു ചെയ്തുവെച്ച പല കാര്യങ്ങളും ഇവിടെ ചിന്തനീയങ്ങളാണ്. എല്ലാം കൃത്യമായ ഒരു സന്തുലിതാവസ്ഥയില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് അവയിലെടുത്തുപറയേണ്ട ഒന്ന്. ഉദാഹരണമായി സൂര്യന്റെ പ്രകാശത്തെ എടുക്കാം. ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ജീവിക്കുവാന്‍ വേണ്ട ഊര്‍ജ്ജത്തിന്റെ സ്രോതസ്സാണ് സൂര്യന്‍. അതിനെ ഭൂമിയില്‍ നിന്നും കൃത്യമായ ഒരു അകലത്തിലാണ് നിറുത്തിയിരിക്കുന്നത്. 13,92,684 കിലോമീററര്‍ വ്യാസമുള്ള സൂര്യന്‍ ഏതാണ്ട് 14.96 കോടി കിലോമീററര്‍ അകലെയാണ് സ്ഥിതിചെയ്യുന്നത്. ഈ അളവിനേക്കാള്‍ അടുത്തായിരുന്നു സൂര്യനെങ്കില്‍ ചൂടുകൊണ്ട് ഭൂമിയില്‍ ജീവിതം അസാധ്യമായിവരും. ഭൂമിയേക്കാള്‍ സൂര്യനോട് അടുത്തുകിടക്കുന്ന ബുധന്റെ സൂര്യാഭിമുഖ ഭാഗത്ത് അത്യുഷ്ണം കാരണം ജീവിതം അസാധ്യമാണ് എന്നതില്‍ നിന്നതു വേഗം മനസ്സിലാക്കാം. അപ്രകാരം തന്നെ സൂര്യന്‍ ഇപ്പോഴുള്ളതിനേക്കാളും അകലെയാണ് എങ്കില്‍ ഭൂമിയാകെ തണുത്തുറഞ്ഞ് ജീവിതം അസാധ്യമായിവരും. ബാഹ്യഗ്രഹങ്ങളുടെ അവസ്ഥയില്‍ നിന്നും അതും മനസ്സിലാക്കാം. സ്വന്തം അക്ഷത്തിലുള്ള കറക്കത്തിന്റെ വേഗത ഏറുകയോ കുറയുകയോ ചെയ്താലും തഥൈവ. ഭൂമിയുടെ നിലവിലുള്ള കറക്കത്തിന്റെ വേഗതയും അപ്രകാരം തന്നെയാണ്. സ്വന്തം അക്ഷത്തില്‍ ഭൂമി കറങ്ങുന്നത് 24 മണിക്കൂറെടുത്താണ്. ഇതില്‍ മാററമുണ്ടായാലും താപമോ ശൈത്യമോ കാരണം ജീവിതം അസാധ്യമായിത്തീരും. സൂര്യനു ചുററുമുള്ള ഭൂമിയുടെ ഭ്രമണം സെക്കന്‍റില്‍ 18മൈല്‍ വേഗതയായി നിജപ്പെടുത്തിയിരിക്കുന്നു. ഇതില്‍ മാററം വന്നാല്‍ ഋതുക്കള്‍ മാറിമറിഞ്ഞ് ഭൂമിയിലെ കാലഗണനകള്‍ താളം തെററും. ഭൂമി ബുധനെ പോലെ ഒരു ഭാഗം മാത്രം സൂര്യനഭിമുഖമായി നില്‍ക്കുന്നുവെങ്കില്‍ ഭൂമിയുടെ ഒരു ഭാഗം മാത്രം എപ്പോഴും പകലും മറുഭാഗം എപ്പോഴും രാത്രിയുമായിരിക്കും. ഭൂമിയുടെ വ്യാസവും വലിപ്പവും കൃത്യമായ ഒരു സന്തുലിതമായ അളവില്‍ ആണ് ക്രമീകരിച്ചിരിക്കുന്നത്. ഭൂമി ചന്ദ്രനോളം ചെറുതോ വലുതോ ആയിരുന്നുവെങ്കില്‍ താളംതെററുക ഭൂമിയുടെ ഗുരുത്വാകര്‍ഷണമായിരിക്കും. അങ്ങനെവന്നാല്‍ ഭൂമിയിലെ ജലം, വായു എന്നിവയുടെ ആവരണങ്ങളെ തടഞ്ഞുനിറുത്തുവാന്‍ കഴിയാതെയോ അല്ലെങ്കില്‍ മതിയാവാതെയോ വരും.



ഭൂമി ഇപ്പോള്‍ കിടക്കുന്ന 23 ഡിഗ്രി ചെരിവ് ഇല്ലായിരുന്നുവെങ്കില്‍ തെക്കും വടക്കും ധ്രുവങ്ങളിലല്ലാതെ ഒരു തുള്ളി മഴപോലും പെയ്യില്ല. ബാക്കി ഭാഗങ്ങളില്‍ അതിശൈത്യമോ അതിതാപമോ കാരണം ജീവിതം അസാധ്യമാകുന്ന അവസ്ഥവരും. ഇങ്ങനെ ഈ പട്ടിക നീണ്ടുകിടക്കുകയാണ്. ഇവ ഓരോന്നും വിരല്‍ചൂണ്ടുന്നത് ഒരിക്കലും ഒരു യാദൃശ്ചികതയിലേക്കല്ല. മറിച്ച് ശക്തനായ ഒരു വിധാതാവിന്‍െറ കൃത്യമായ കണക്കുകളുടെ കൈകളിലേക്കാണ്. അതുതന്നെയാണല്ലോ അല്ലാഹു അല്‍ ഫുര്‍ഖാന്‍: 2, അല്‍ ഖമര്‍: 49, അല്‍ റഅദ്: 8, അസ്സജ്ദ: 7, അല്‍ ഹിജ്ര്‍: 10, അല്‍ അഅ്ലാ: 2 തുടങ്ങിയ സൂക്തങ്ങളില്‍ വിശുദ്ധ ഖുര്‍ആന്‍ സൂചിപ്പിക്കുന്ന സൃഷ്ടാവിന്‍െറ കണക്കും. (അല്ലാഹു -കെ സി അബ്ദുല്ല മൗലവി)



ഇതുവരേക്കും നാം പറഞ്ഞത് തന്റെ പ്രതിനിധിക്ക് അല്ലാഹു ആവാസകേന്ദ്രം ഒരുക്കിക്കൊടുത്തതിന്റെ വിശദാംശങ്ങളാണ്. അന്യൂനവും അതുല്യവുമായ ഭൂവിതാനം അവന് അതിജീവനത്തിനുള്ള പകുതി ഉപജീവനം മാത്രമേ നല്‍കുന്നുള്ളൂ എന്നതാണ് ശരി. സൃഷ്ടാവിനാല്‍ ഏല്‍പ്പിക്കപ്പെട്ട അമാനത്തുത്തരവാദിത്വങ്ങള്‍ ഏറെറടുത്തും നിര്‍വ്വഹിച്ചും ജീവിച്ചുപോകുവാന്‍ മററു പലതും കൂടി അവനുവേണ്ടതുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. മറെറാന്ന് വായുവാണ്, അതു നേരത്തെ പ്രപഞ്ചസൃഷ്ടിക്കിടെ സൃഷ്ടാവ് ഒരുക്കിവെച്ചിട്ടുണ്ട്. ഭക്ഷണം അവന്റെ നിലനില്‍പ്പുതന്നെയാണ്. കാരണം അവന് അല്ലാഹു നല്‍കിയിരിക്കുന്നത് കോശനിബദ്ധവും അതിനാല്‍ തന്നെ വളര്‍ച്ചയുള്ളതും വേണ്ടതുമായ ഒരു ശരീരമാണ്. ആ ശരീരത്തിനകത്താണെങ്കിലോ ആയിരക്കണക്കിനു ശേഷികള്‍ ഒളിപ്പിച്ചുവെക്കുകയും ചെയ്തിട്ടുമുണ്ട്. അവയൊക്കെയും വളരുകയും നിലനില്‍ക്കുകയും ചെയ്യണമെങ്കില്‍ ഭക്ഷണം വേണം. ഈ ഭക്ഷണത്തിന്റെ പ്രധാന ഭാഗമായ ജലം നേരത്തെ പ്രപഞ്ചസൃഷ്ടിയില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അതു പാഴായിപ്പോകാതെ സംരക്ഷിക്കപ്പെടുവാന്‍ ഭൂമിക്ക് ഗുരുത്വാകര്‍ഷണബലവും നല്‍കിയിട്ടുണ്ട്. പക്ഷെ, വെള്ളത്തോടൊപ്പം ശാരീരിക വളര്‍ച്ചക്കും നിലനില്‍പ്പിനും അന്നജം കൂടി വേണം. അതുല്‍പ്പാദിപ്പിക്കപ്പെടുന്ന ധാന്യങ്ങള്‍, വിളവുകള്‍ തുടങ്ങിയവ ഉണ്ടാക്കിയെടുക്കുവാനുള്ള സാഹചര്യം കൂടി ഒരുക്കിക്കൊടുത്താല്‍ പിന്നെ അവന്‍ കൃഷി ചെയ്ത് ഉണ്ടാക്കി കഴിച്ചോളും. അതിനുവേണ്ടി അല്ലാഹു ഭൂമിയുടെ പുറംതോടിനെ പാകപ്പെടുത്തിക്കൊടുത്തു. ഭൂമിയുടെ ഏററവും ഉപരിഭാഗത്തുള്ള പുറം തോട് (രൃൗെേ) ഏതാണ്ട് 10 മുതല്‍ 40 വരെ കിലോമീററര്‍ ഘനമുള്ളതാണ്. ഇത്രയും ഭാഗം ധാതുലവണങ്ങള്‍ക്കൊണ്ട് സമ്പന്നമാണ്. അതിനു താഴെയുള്ള മാന്‍റില്‍ (ങമിഹേല) എന്നു ശാസ്ത്രം വിളിക്കുന്ന ഭാഗമാവട്ടെ ഏതാണ്ട് 2880 കിലോമീററര്‍ ഘനമുള്ളതാണ്. അത്രയും ഭാഗം കട്ടികൂടിയ ഘടകങ്ങള്‍ കൊണ്ട് ഉറച്ചു കിടക്കുന്നതാണ്. ഈ ഭാഗത്തെത്തുമ്പോഴേക്കും ചൂട് വര്‍ദ്ധിച്ചുവരുന്നു. അതിനും താഴെയാണ് ലോഹങ്ങളുടെയും മററും നിക്ഷേപമുള്ള ഭാഗം. പുറം തോട് പിന്നിട്ടാല്‍ പിന്നെ ഓരോ അന്‍പത് അടിയിലും ഒരു ഫാരന്‍ ഹീററ് എന്ന നിലയില്‍ ചൂട് വര്‍ദ്ധിച്ചുവരുന്നതിനാല്‍ പുറംതോടിനുമപ്പുറത്തെ അനുഭവങ്ങള്‍ ആര്‍ക്കുമറിയില്ല. എന്നാല്‍ നാം ആദ്യം പറഞ്ഞ വിധത്തില്‍ ഏതാണ്ട് നാല്‍പത് കിലോമീററര്‍ ദൂരത്തോളം ഘനത്തില്‍ ധാതു-ലവണ സമ്പന്നമായ മണ്ണ് കൂടിക്കിടക്കുകയാണ്. ഇങ്ങനെ ഒരു ഭാഗം ഭൂമിയില്‍ മനുഷ്യന് അവന്റെ സൃഷ്ടാവ് ഒരുക്കിക്കൊടുത്തത് അന്നത്തിനു വേണ്ട ധാന്യങ്ങളും സസ്യങ്ങളും കൃഷികളും മുളപ്പിച്ചെടുക്കുവാന്‍ വേണ്ടിയാണ്. ഇത് സൃഷ്ടികര്‍മ്മം വിശദമാക്കുന്ന ഫുസ്സ്വിലത്ത് അധ്യാത്തിലെ പത്താം വചനത്തില്‍ അല്ലാഹു ഇങ്ങനെ പറയുന്നു: അതില്‍ അവന്‍ അവയുടെ ഭക്ഷ്യങ്ങളെ ക്രമീകരിക്കുകയും ചെയ്തു (41:10)



2



ദൈവീക പ്രാതിനിധ്യം വഹിച്ചുകൊണ്ട് സസുഖം ജീവിക്കുവാന്‍ വേണ്ട അന്നത്തിന്റെ വഴി മനുഷ്യന് അല്ലാഹു സ്വന്തം കാല്‍ചുവട്ടില്‍തന്നെ ഒരുക്കി എന്നാണ് നാം മനസ്സിലാക്കിയത്. അതുകൊണ്ട് മതിയാവില്ല.സൃഷ്ടാവ് മനുഷ്യന് നല്‍കിയ ശരീരവും ജീവിതവും അനുസരിച്ച് അവന് നിലനില്‍ക്കുവാന്‍ ഇനിയും പലതും വേണം. അവയിലൊന്നാണ് പാര്‍പ്പിടം. മറെറാന്നാണ് മററുജീവിത സൗകര്യങ്ങള്‍. ഇതെല്ലാം നിവൃത്തിചെയ്യുന്നതിന്നായി തിരിച്ചും മറിച്ചുമെന്നോണം ഉപയോഗിക്കുവാനുള്ള സ്വത്തും സമ്പാദ്യവും മറെറാന്നാണ്. ജീവവായുവിനു വേണ്ടി ഓക്സിജനും ദാഹം ശമിപ്പിക്കുവാന്‍ വെള്ളവും കൃഷിചെയ്ത് അന്നം കണ്ടെത്തുവാന്‍ ഭൂവല്‍ക്കത്തില്‍ തന്നെ അനുകൂലമായ കൃഷിയിടവും ചൂടും വെളിച്ചവും ഊര്‍ജ്ജവും ലഭിക്കുവാന്‍ സൂര്യ ചന്ദ്രാദികളും ഭൂമി ആടിക്കളിക്കാതിരിക്കുവാന്‍ പര്‍വ്വതങ്ങളും കാലവസ്ഥയുടെ സന്തുലിതത്വവും വിശപ്പിന്റെ ശമനവും ഉറപ്പുവരുത്തുവാന്‍ സസ്യങ്ങളും മരങ്ങളും കായ്കനികളുമെല്ലാം നല്‍കിയ സൃഷ്ടാവ് അവന്റെ കാല്‍ചുവട്ടില്‍ തന്നെ വീടുവെക്കുവാനുള്ള കല്ലുകള്‍ മുതല്‍ ഉപയോഗിക്കുവാന്‍ ഉള്ള നിത്യോപയോഗ വസ്തുക്കളുണ്ടാക്കുവാന്‍ വേണ്ട ധാതുക്കളും വിലകളായി യഥേഷ്ടം ഉപയോഗിക്കുവാന്‍ കഴിയുന്ന വിലകൂടിയ ലോഹങ്ങള്‍ വരെ ഒരുക്കിവെച്ചിരിക്കുന്നു. ഇക്കാര്യം അല്ലാഹു അന്നഹ്ല്‍ അധ്യായത്തിന്റെ പതിമ്മൂന്നാം സൂക്തത്തില്‍ പറയുന്നുണ്ട്. ഈ അധ്യായത്തില്‍ ബീജത്തില്‍ നിന്നും മനുഷ്യനെ പടച്ചെടുത്തതും അവനുവേണ്ടി ആകാശ ഭൂമികളെ സംവിധാനിച്ചതും കാലികള്‍, ജലം, സസ്യലതാതികള്‍, രാപ്പകലുകള്‍, നക്ഷത്രങ്ങള്‍ തുടങ്ങി ഓരോ അനുഗ്രഹങ്ങളും എണ്ണിപ്പറഞ്ഞതിനുശേഷം അല്ലാഹു പറയുന്നു: വര്‍ണ്ണവൈജാത്യങ്ങളുള്ള പലതും നിങ്ങള്‍ക്കവന്‍ ഭൂമിയില്‍ സൃഷ്ടിച്ചിരിക്കുന്നു. ചിന്തിച്ച് പാഠമുള്‍ക്കൊള്ളുന്ന സമൂഹത്തിന് അവയില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട് (16:13). വര്‍ണ്ണവൈജാത്യമുള്ള പലതും എന്ന പ്രയോഗത്തിന്റെ പരിധിയില്‍ ഭൂമിക്കടിയിലെ നിക്ഷേപങ്ങളും ധാതുലവണങ്ങളും എല്ലാം വരും എന്ന് പഴയതും പുതിയതുമായ പ്രസിദ്ധ വ്യഖ്യാതാക്കള്‍ പറയുന്നു. (ഉദാ: തഫ്സീര്‍ ഇബ്നു കതീര്‍, അത്തഫ്സീറുല്‍ മുയസ്സിര്‍)
ഭൂമിക്കടിയില്‍ മനുഷ്യനു വേണ്ടി അല്ലാഹു ഒരുക്കിവെച്ച ജീവല്‍സഹായകങ്ങളാണ് പാറക്കല്ലുകള്‍ മുതല്‍ ലോഹങ്ങള്‍ വരെ. ഈ ധാതുക്കളുടെ പട്ടിക നീണ്ടതാണ്. ഭൂമിയുടെ ഉള്‍ഭാഗം ഇന്നും മനുഷ്യന് എത്തിപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു പ്രഹേളികയാണ്.



വികാസങ്ങളുടെ കൊടുമുടി കയറി എന്ന് മനുഷ്യന്‍ അവകാശപ്പെടുമ്പോഴും ശാസ്ത്രവും സാങ്കേതിക വിദ്യയും ഒരുക്കിയ സൗകര്യങ്ങളുടെ ചിറകിലേറി 225 ദശലക്ഷം കിലോമീറററുകള്‍ക്കപ്പുറത്തുള്ള ചൊവ്വയില്‍ വരെ തന്റെ പേടകം എത്തിക്കുവാന്‍ മനുഷ്യനുകഴിഞ്ഞുവെങ്കിലും വെറും പന്ത്രണ്ടോളം കിലോമീററര്‍ മാത്രമേ അവന് ഇതുവരെയും താഴോട്ട് പോകുവാനിട്ടുള്ളൂ. വെറും ഇത്രയും താഴേക്കു പോയപ്പോള്‍ മാത്രം അവന് കണ്ടുപിടിക്കുവാന്‍ കഴിഞ്ഞത് 4000ല്‍ പരം മൂലകങ്ങളാണ് എന്ന വസ്തുത അല്ലാഹുവിന്‍െറ മനുഷ്യനോടുള്ള ഔതാര്യത്തിന്‍െറ തോത് വരക്കുന്നതാണ്.
വരക്കുവാന്‍ ഉപയോഗിക്കുന്ന പെന്‍സിലിന്റെ മുനയായി ഉപയോഗിക്കുന്ന ഗ്രാഫൈററ് മുതല്‍ ഗ്ലാസുകളുണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ക്വാര്‍ട്ടസ് എന്ന ധാതു മുതല്‍ ചെമ്പും ഇരുമ്പും സ്വര്‍ണ്ണവും വെള്ളിയുമെല്ലാം മനുഷ്യന്‍െറ കാല്‍ക്കീഴില്‍ അല്ലാഹു നിക്ഷേപിച്ചിരിക്കുകയാണ്. ഇതിന്റെ വിലയും വൈപുല്യവും മനസ്സിലാക്കുവാന്‍ ചെറിയ ചില ചിന്തകള്‍ മതിയാകും. ഭൂമിയിലെ നിക്ഷേപങ്ങളില്‍ ഒന്നില്‍നിന്നുതന്നെ ഒന്നിലധികം അമൂല്യവസ്തുക്കള്‍ ഉണ്ടായിത്തീരുന്നു എന്നത് അവയിലൊന്നാണ്. വജ്രം ഒരു ഉദാഹരണമാണ്. കാര്‍ബണിന്റെ പരല്‍രൂപമാണ് വജ്രം. അത് 900 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ വജ്രമായി മാറുന്നു. അതേ സമയം അതേ ധാതുവിന്റെ അയിര് 1000 ഡിഗ്രി ചൂടാക്കുമ്പോള്‍ അതു ഗ്രാഫൈററായി മാറുന്നു. ഭൂമിയില്‍ അടിഞ്ഞുകൂടിയ ഫോസില്‍ ലവങ്ങള്‍ ജന്തുക്കളുടേതാണെങ്കില്‍ അതില്‍ നിന്നും പെട്രോളിയം ഉണ്ടാകുന്നു. അവ സസ്യങ്ങളുടേതാണെങ്കില്‍ അതു കല്‍ക്കരിയായി മാറുന്നു. വിവിധ നിറങ്ങളും രൂപങ്ങളും മൂല്യങ്ങളും ഉള്ള രത്നങ്ങള്‍ എല്ലാം ഏതാണ്ട് ഒരേ തരം അയിരില്‍ നിന്നാണ് വരുന്നത്. അവയെ വ്യത്യസ്ഥ രൂപത്തില്‍ ശുദ്ധീകരിച്ചെടുക്കുമ്പോള്‍ ഓരോന്നിനും വിലയിലടക്കം വൈവിധ്യമുണ്ടാകുന്നു. അതേ സമയം മനുഷ്യന്‍ കുഴിച്ചെടുക്കുന്നതെല്ലാം ഏററവും വിലകൂടിയതിനു വേണ്ടി മാത്രം ഉപയോഗപ്പെടുത്താതിരിക്കുവാന്‍ ഓരോന്നിനും പ്രത്യേകം പ്രത്യേകം ഉപയോഗ മൂല്യം വേര്‍തിരിക്കുകയും ചെയ്തിരിക്കുന്നു.
ഏതാണ്ട് നാല്‍പതു കിലോമീററര്‍ വരെ താഴേക്ക് കിടക്കുന്ന ഭൂവല്‍കം മുതല്‍ ധാതുക്കള്‍ നിറഞ്ഞുകിടക്കുകയാണ് എന്നാണ് ശാസ്ത്രനിഗമനം. ഏററവും മുകളിലുള്ള അടുക്കില്‍ തന്നെ അലൂമിനിയം, ഇരുമ്പ്, കാര്‍സ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ സാന്നിധ്യമുണ്ട്. അസ്തനോസ്ഫിയര്‍ എന്ന ഭൂവല്‍ക്കത്തിന്റെ അടിഭാഗവും മാന്‍റിലിന്റെ ഉപരിഭാഗവും ചേരുന്ന അടുത്ത അടുക്കില്‍ ഇരുമ്പ് മുതല്‍ മഗ്നീഷ്യം വരെയുണ്ട്. അവിടന്നങ്ങോട്ട് 2900 മുതല്‍ 6370 വരെ കിലോമീററര്‍ താഴ്ചയില്‍ വരെ വിവിധ ധാതുക്കള്‍ പൂഴ്തിവെക്കപ്പെട്ടിരിക്കുന്നു. 4000ത്തോളം വരുന്ന ഈ ധാതുക്കളില്‍ നിന്നാണ് മനുഷ്യന്‍ ഇന്ന് ഉപയോഗിക്കുന്ന ഓരോ സാധനങ്ങളും സാമഗ്രികളും ഉണ്ടാക്കപ്പെടുന്നത് എന്നുകൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. പ്ലാസ്ററിക്, ഇരുമ്പ്, അലൂമിനിയം, ഗ്രാഫൈററ്, സിങ്ക് മുതലായവയില്ലാത്ത ഒരു ലോകത്ത് മൊട്ടുസൂചി മുതല്‍ വിമാനം വരെ ഉണ്ടാവില്ല എന്നത് ഒരു സത്യമാണല്ലോ. ചുണ്ണാമ്പുകല്ല് മുതല്‍ മാര്‍ബിള്‍ വരെയും സ്ഫടികം ഉണ്ടാക്കുവാനുള്ള ക്വാര്‍ട്ടസ് മുതല്‍ സ്ലേററ് പെന്‍സില്‍വരെയും ഉണ്ടാക്കുവാന്‍ മനുഷ്യന് ഈ ധാതുക്കള്‍ ഉപയോഗപ്പെടുത്തണം. (ഭൗമരഹസ്യങ്ങള്‍ തേടി -എന്‍ സി ആര്‍ ടി)
ധാതുക്കളുടെ പ്രാധാന്യം അവിടം കൊണ്ടവസാനിക്കുന്നില്ല. അവന്റെ ആവാസ വ്യവസ്ഥയുടെയും അവന്റെ ജീവന്റെ തന്നെയും നിലനില്‍പ്പ് ഈ മൂലകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഭൂമിക്കടിയിലെ ഈ ധാതുലവണങ്ങള്‍ ഇല്ല എങ്കില്‍ ആദ്യം താറുമാറാകുക ഭൂമിയുടെ കാന്തികബലമായിരിക്കും. കാന്തിക ബലം കുറയുന്നതോടെ ഗുരുത്വാകര്‍ഷണ ശക്തിനഷ്ടപ്പെട്ട് ഭൂകമ്പങ്ങളുടെ ചുഴിയില്‍ പെട്ടുപോകും നമ്മുടെ ഭൂമി. അപ്രകാരംതന്നെ ഭൂമിയുടെ ഓസോണ്‍ സംരക്ഷണം നഷ്ടപ്പെടും. സൂര്യനില്‍നിന്നും മററുമുള്ള ഗുരുതരമായ കിരണങ്ങളില്‍ നിന്ന് മനുഷ്യനെയും അവന്റെ ജീവനെയും സംരക്ഷിക്കുന്നത് ഓസോണ്‍ പാളികള്‍ എന്ന കുടയാണ് എന്നത് വളരെ പ്രാഥമികമായ ഒരു അറിവാണല്ലോ.



മനുഷ്യന്റെ ശരീരത്തിന് വളരെ അനിവാര്യമായ ഘടകങ്ങള്‍ കൂടിയാണ് ധാതുക്കള്‍. മനുഷ്യശരീരത്തില്‍ മൂന്നു ശതമാനം ധാതുക്കളാണ് എന്നാണ് ജീവശാസ്ത്രം. അവ ഓരോന്നുമാവട്ടെ വളരെ പ്രധാനപ്പെട്ട ദൗത്യങ്ങളാണ് നിര്‍വ്വഹിക്കുന്നത്. ഉദാഹരണമായി കാല്‍സ്യമെടുക്കാം. കാല്‍സ്യത്തിന്റെ സാന്നിധ്യമാണ് എല്ലുകളുടെ വളര്‍ച്ചയും ശക്തിയും നിശ്ചയിക്കുന്നത്. കാല്‍സ്യത്തിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞുപോയാല്‍ എല്ലുകള്‍ നുറുങ്ങുന്ന സാഹചര്യമുണ്ടാകും. പൊട്ടാസ്യവും സോഡിയവും ശരീരിവളര്‍ച്ചക്ക് അനുപേക്ഷണീയങ്ങളാണ്. സിങ്കിന്റെ സാന്നിധ്യമാണ് മനുഷ്യന് രോഗപ്രതിരോധ ശേഷി നല്‍കുന്നത്. മഗ്നീഷ്യം ഓര്‍മ്മ ശക്തി മുതല്‍ ശ്രദ്ധാശക്തിയെ വരെ സ്വാധീനിക്കുന്നുണ്ട് എന്നാണ്. ഇരുമ്പിന്റെ സാന്നിധ്യമാവട്ടെ ശ്വസനവായുവിന്റെ പ്രയോജനത്തിനു വരെ അത്യന്താപേക്ഷിതമാണ്. ചുരുക്കത്തില്‍ മനുഷ്യന് ജീവിക്കുവാന്‍ വേണ്ട എല്ലാം അവന്റെ സൃഷ്ടാവ് ഇവിടെതന്നെ ഒരുക്കിവെച്ചിട്ടുണ്ട്. കാര്യങ്ങളെ പരസ്പരം ബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്. ആ ഘടകങ്ങളെ പരിചരിച്ച് നിലനിറുത്തി സസുഖം ജീവിക്കുവാന്‍ വേണ്ട അറിവും ഉപദേശവും അവന്‍ നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ പരസ്പര ബന്ധിതമായി സൃഷ്ടിച്ചിരിക്കുന്നതും പരിചരിക്കുന്നതില്‍ വെറും ഉപദേശം മാത്രം നല്‍കി മാറിനില്‍ക്കുന്നതും ഭൂമി എന്ന പരീക്ഷണത്തിന്റെ ഭൂമികക്ക് അര്‍ഥമുണ്ടാകുവാന്‍ വേണ്ടിയാണ്. ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്ത് തനിക്കൊരു സൃഷ്ടാവുണ്ട് എന്ന് തിരിച്ചറിഞ്ഞ് അവനു വിധേയനായി ജീവിക്കുന്നുണ്ടോ എന്നതാണ് പരീക്ഷ. അത്തരമൊരു പരീക്ഷയുള്ളതുകൊണ്ടാണ് നേരെ വന്നും ഒപ്പം നിന്നും ഓരോ കാര്യങ്ങളും ചെയ്തുകൊടുക്കാത്തത്. എന്നാല്‍ ഈ പരീക്ഷയില്‍ വിജയിച്ചവനാവട്ടെ അവന്‍ ഒരു പ്രയാസവുമില്ലാത്ത നിതാന്തമായ സുഖം പ്രദാനം ചെയ്യുകയും ചെയ്യും.



ഭൂമി എന്ന മനുഷ്യാധിവാസത്തിന്റെ കളിത്തൊട്ടിലിനെ കുറിച്ച് പറഞ്ഞുവരുമ്പോള്‍ സ്വാഭാവികമായും കടത്തുവരുന്ന ഒരു ചോദ്യങ്ങളാണ് ഭൂമിക്കു സമാനമായ മററു ഗ്രഹങ്ങള്‍ വല്ലതുമുണ്ടോ?, അവിടെ മനുഷ്യേതര ജീവികളുണ്ടോ എന്നെല്ലാം. സൗരയൂഥത്തില്‍ സൂര്യനെ വലം വെക്കുന്ന എട്ടു ഗ്രഹങ്ങളില്‍ ഒന്നായ നമ്മുടെ ഭൂമിയില്‍ മനുഷ്യജീവിതം സാധ്യമായതുപോലെ മറേറതെങ്കിലും ഗ്രഹങ്ങളില്‍ അതു സാധ്യമാണോ?, അങ്ങനെ ഏതെങ്കിലും ജീവികള്‍ സത്യത്തില്‍ ഉണ്ടോ?, പ്രപഞ്ചത്തില്‍ നാം മാത്രമാണോ? തുടങ്ങി ധാരാളം ചോദ്യങ്ങള്‍ മനുഷ്യന്‍ തന്നെ ചോദിക്കുവാനും അന്വേഷിക്കുവാനും തുടങ്ങിയിട്ട് കാലമേറെയായി. പക്ഷെ, അതിനൊന്നും കൃത്യവും വസ്തുതാപരവുമായ ഒരു ഉത്തരം ഇന്നുവരേക്കും കണ്ടെത്തിയിട്ടില്ല എന്നതാണ് സത്യം. ഈ ചോദ്യത്തെ പക്ഷെ കഴിഞ്ഞ അരനൂററാണ്ടിലധികം കാലമായി മനുഷ്യന്‍ തന്‍െറ ഏററവും പ്രധാനപ്പെട്ട ഒരു ചോദ്യമായി എടുത്തിട്ടുണ്ട്. അത് ഇപ്പോള്‍ ഒരു പ്രത്യേക ശാസ്ത്ര ശാഖയായി തന്നെ വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ജ്യോതിര്‍ ജീവശാസ്ത്രം (ലഃീ യശീഹീഴ്യ) എന്നാണ് ആ ശാഖയുടെ പേര്. സൗരയൂഥത്തിലെ തന്നെ ഗ്രഹങ്ങളിലേക്കുള്ള വിവിധ പേടകങ്ങള്‍ വിക്ഷേപക്കിപ്പെടുന്നതെല്ലാം സത്യത്തില്‍ ഈ ചോദ്യത്തിനുള്ള ഉത്തരം തേടിയാണ്. ഈ ശ്രമം ആദ്യം തുടങ്ങിവെച്ചത് ഭൂമിയുടെ ഏക ഉപഗ്രഹമായ ചന്ദ്രനിലേക്കുള്ള വിക്ഷേപണം വഴിയാണ്. 1959ല്‍ ലൂണ 2 ആണ് ആദ്യമായി ചന്ദ്രോപരിതലത്തിലെത്തിയ പേടകം. അന്നത് അവിടെ ഇറങ്ങുന്നതിനിടെ ഇടിച്ച് തകരുകയായിരുന്നു. ലൂണ 3 പിന്നെ ഭൂമിയുടെ എതിര്‍ ദിശയുടെ ചിത്രമെടുക്കുന്നതില്‍ വിജയിച്ചു. ലൂണ 9 ആണ് ആദ്യമായി ചന്ദ്രനില്‍ വിജയകരമായി ഇറങ്ങിയ ആദ്യത്തെ പേടകം. 1966ലായിരുന്നു ഇത്. തുടര്‍ന്നു നടന്ന അപ്പോളോ മിഷനുകളില്‍ 11നാണ് ആദ്യമായി മനുഷ്യനെ ചന്ദ്രോപരിതലത്തില്‍ എത്തിക്കുവാന്‍ കഴിഞ്ഞത്. ഭൂമിക്കു പുറത്ത് മനുഷ്യന്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ള ഓരേയൊരു ഗ്രഹം ഭൂമിയില്‍ നിന്നും 3,84,403 കിലോമീററര്‍ അകലെയുള്ള ചന്ദ്രന്‍ എന്ന ഉപഗ്രഹമാണ് ശാസ്ത്രത്തിന്റെ ഭാഷയില്‍. ഈ ദൗത്യങ്ങളെല്ലാം ആത്യന്തികമായി ചന്ദ്രനില്‍ ജീവന്റെ സാന്നിധ്യമുണ്ടോ എന്ന അന്വേഷണമായിരുന്നു. അവിടെ നിന്നു കിട്ടിയ ചിത്രങ്ങളും എടുത്തുകൊണ്ടുവന്നു എന്നു പറയപ്പെടുന്ന വസ്തുക്കളും രാസപ്രവര്‍ത്തനങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാക്കി എങ്കിലും അവിടെ ജീവന്റെ സാധ്യത ഇതുവരേയും തെളിയിക്കപ്പെട്ടിട്ടില്ല.
സൗരയൂഥത്തിനുള്ളില്‍ തന്നെ മനുഷ്യന്റെ ഈ അന്വേഷണം പിന്നീട് നീണ്ടത് ചൊവ്വയിലേക്കാണ്. റഷ്യയുടെ മാര്‍സ് പേടകങ്ങള്‍, അമേരിക്കയുടെ വൈക്കിംഗ് പേടകങ്ങള്‍, റഷ്യയുടെതന്നെ പ്രോബോസ് പേടകങ്ങള്‍, യു എസിന്റെ പാത്ഫൈന്‍ഡര്‍ മുതല്‍ഫീനിക്സ് മാര്‍സ് ലാന്‍ഡര്‍, ഇന്ത്യയുടെ മംഗള്‍യാന്‍ തുടങ്ങിയവ ആ പട്ടികയില്‍ സ്ഥാനം പിടിച്ചവയാണ്. ഈ പര്യവേക്ഷണങ്ങള്‍ വഴി ചൊവ്വയുടെ ഉപരിതലത്തില്‍ ജലത്തന്റെയും മഗ്നീഷ്യത്തിന്റെയും ഇരുമ്പിന്റെയെല്ലാം സാന്നിധ്യമുണ്ട് എന്നു കണ്ടെത്തപ്പെട്ടിട്ടുണ്ടെങ്കിലും മനുഷ്യജീവിതം സാധ്യമാകുന്ന വിധത്തിലുള്ള ഒരു ആവാസവ്യവസ്ഥിതി അവിടെയുണ്ടോ എന്നതിന് ഉത്തരം ഇതുവരേയും കണ്ടെത്തിയിട്ടില്ല.



ഇങ്ങനെ ചന്ദ്രനിലേക്കും ച്ചൊവ്വയിലേക്കും മാത്രമല്ല സൗരയൂഥത്തിനു പുറത്തേക്കും മനുഷ്യന്റെ ജീവന്റെ സാധ്യതകള്‍ തേടിയുള്ള അന്വേഷണങ്ങള്‍ നീണ്ടിട്ടുണ്ട്. നമ്മുടെ ക്ഷീരപഥത്തിനു പുറമെ ക്ഷീരപഥത്തേക്കാള്‍ വലിയ കോടിക്കണക്കിന് ഗ്രഹങ്ങളും ലക്ഷക്കണക്കിന് നക്ഷത്രങ്ങളുമെല്ലാം ഉണ്ട് എന്ന് ഇതിനകം മനുഷ്യര്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അവിടങ്ങളില്‍ വല്ല ജീവികളുമുണ്ടോ?, ജീവനു സാധ്യതയുണ്ടോ എന്നൊന്നും ഇതുവരെ മനസ്സിലായിട്ടില്ല. അതിന് ഒരുപാട് വലിയ വിഘാതങ്ങള്‍ മുമ്പിലുണ്ട് എന്നതാണ് വസ്തുത. അതിലേററവും പ്രധാനം ദൂരമാണ്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലേക്കു തന്നെ നാലു ലക്ഷം കിലോമീററര്‍ ദൂരമുണ്ടെന്നു നാം കണ്ടു. ഭൂമിയോട് അടുത്തുകിടക്കുന്ന നാലാമത്തെ ഗ്രഹമായ ചെവ്വയാണെങ്കില്‍ കോടിക്കണക്കിനു കിലോമീറററുകള്‍ക്കപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്. ഇത്രയും വലിയ ദൂരം സഞ്ചരിക്കുവാനുള്ള പ്രയാസങ്ങള്‍ ഒരു ഭാഗത്ത്. അവിടേക്ക് മനുഷ്യനെ എത്തിക്കുന്നതില്‍ ഇതുവരേയും ശാസ്ത്രം വിജയിച്ചില്ല എന്ന സത്യം മറെറാരു ഭാഗത്ത്. അപ്പോള്‍ ദൂരവും സാങ്കേതിക വളര്‍ച്ചയുടെ കുറവും വലിയ ഒരു കീറാമുട്ടിയായി നിലകൊള്ളുകയാണ്. അതിനാല്‍ അവിടത്തെയൊന്നും കൃത്യമായ അവസ്ഥകള്‍ പഠിച്ചെടുക്കുവാന്‍ ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.



കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ശാസ്ത്രസമൂഹം നിരന്തര ശ്രമങ്ങളില്‍ വ്യാപൃതരാണ് എന്നതാണ് സത്യം. ഇതെല്ലാം ജീവന്‍ അടിടെയെവിടെയെങ്കിലും സാധ്യമാണോ എന്ന അന്വേഷണത്തിന്റെ കഥ. ഇനി അവിടെയെവിടെയെങ്കിലും വല്ലതരം ജീവികളും സൃഷ്ടികളും ഉണ്ടോ എന്നതും ഇതേ അന്വേഷണത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. ഈ ലക്ഷ്യവുമായി സൗരയൂഥത്തിനുള്ളിലേക്കും പുറത്തേക്കും ധാരാളം സന്ദേശങ്ങള്‍ ഇതിനകം അയക്കപ്പെട്ടിട്ടുണ്ട്. പക്ഷെ, മറുപടിയൊന്നും ലഭിച്ചിട്ടില്ല. 1974ല്‍ അമേിക്കയിലെ കാള്‍ സേഗന്‍ എം 13 എന്ന നക്ഷത്രസമൂഹത്തിലേക്ക് വിട്ട ഒരു സന്ദേശം അതിനൊരു ഉദാഹരണമാണ്. അത് അയച്ചു എന്നല്ലാതെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അതിന്റെ ഒരു കാരണം ആ നക്ഷത്രസമൂഹം സ്ഥിതി ചെയ്യുന്നത് 25,000 പ്രകാശവര്‍ഷം അപ്പുറത്താണ് എന്നതാണ്. അതുവെച്ച് ഇപ്പോഴും ആ സന്ദേശം അവിടെയെത്തിയിട്ടില്ല. 25,000 വര്‍ഷമെങ്കിലും അതിനു വേണ്ടിവരും. ഇനി അതിനു വല്ല മറുപടിയും കിട്ടുകയാണ് എങ്കില്‍ അത് ഇവിടെയെത്തുവാനും വേണ്ടിവരും മറെറാരു 25,000 വര്‍ഷം. 1976ല്‍ ലെജിയോസ് എന്ന ടെലസ്കോപ്പ് വഴി സന്ദേശങ്ങളും ചിത്രങ്ങളും വരെ ഇങ്ങനെ അയക്കുകയുണ്ടായിട്ടുണ്ട്. സൗരയൂഥത്തിനു പൂറത്തേക്കയച്ച ഇത്തരം സന്ദേശങ്ങളില്‍ ആണിന്റെയും പെണ്ണിന്റെയും ചിത്രങ്ങള്‍, ഹൈഡ്രജന്റെ ആററരൂപം, ഭൂമിയുടെ ചിത്രം തുടങ്ങിയവയൊക്കെയുണ്ടായിരുന്നു. ഈ ശ്രമങ്ങളൊന്നും പ്രതീക്ഷിച്ച മറുപടി തന്നില്ല. അപ്രകാരം തന്നെ അന്യഗ്രഹജീവികള്‍ വല്ലതുമുണ്ടെങ്കില്‍ അവയുടെ സംവേദന സിഗ്നലുകള്‍ പിടിച്ചെടുക്കുവാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതും വിജയിച്ചിട്ടില്ല. എന്നാല്‍ ഈ ശ്രമങ്ങള്‍ മററു പല വിവരങ്ങളിലേക്കും മനുഷ്യനെ നയിച്ചിട്ടുണ്ട്. ഉദാഹരണമായി 1995ല്‍ ആദ്യമായി സൗരയൂധത്തിനു പുറത്ത് ഗ്രഹം കണ്ടെത്തിയത് ഇത്തരം ശ്രമങ്ങള്‍ക്കിടെയായിരുന്നു. 2009ല്‍ കെപ്ലര്‍ ടെലസ്കോപ്പ് സൗരയൂധത്തിനു പുറത്ത് നമ്മുടെ സൗരയൂധത്തേക്കാള്‍ വലിയ ധാരാളം ഗാലക്സികള്‍ ഉണ്ട് എന്നു കണ്ടെത്തുകയുണ്ടായി.



ഇത്തരം കണ്ടെത്തലുകള്‍ തന്നെയാണ് ഈ വിഷയത്തില്‍ മുന്നോട്ടുപോകുവാനുള്ള ശാസ്ത്രലോകത്തിന്റെ ത്വരയുടെ പ്രചോദനവും. കാരണം ഓരോ അന്വേഷണവും പ്രപഞ്ചത്തില്‍ നമ്മുടേതല്ലാത്ത നക്ഷത്രയൂഥങ്ങളും ഗാലക്സികളും ഗ്രഹങ്ങളുമെല്ലാം ഉണ്ട് എന്നാണ് തെളിയിച്ചത്. അതുവെച്ച് പഠിക്കുമ്പോള്‍ സൂര്യനു സമാനമായ ഏതെങ്കിലും നക്ഷത്രമുണ്ടാകാം എന്നും ആ നക്ഷത്രത്തില്‍ നിന്നും കൃത്യമായ ഒരു അകലത്തില്‍ അന്തരീക്ഷമുള്ള ഏതെങ്കിലും ഗ്രഹം ഉണ്ടാകാമെന്നും നിഗമിക്കുന്നത് ന്യായം തന്നെയാണ്. ഭൂമി നിവാസയോഗ്യമാകുന്നത് അതേ തത്വത്തിലാണല്ലോ. സൂര്യനില്‍ നിന്നും ഒരു കൃത്യമായ അകലത്തില്‍ നില്‍ക്കുന്നതു തന്നെയാണല്ലോ ഭൂമിയില്‍ ഒരു ആവാസ വ്യവസ്ഥ ഉണ്ടാകുവാനുള്ള കാരണം. വളരെ കണിശമായ ഒരു അകലമാണിത്. ഒരു മില്ലീമീറററിന്റെ അകലം ഏറുകയോ കുറയുകയോ ചെയ്താല്‍ ഭൂമിയില്‍ ജനവാസം അസാധ്യമാകുമായിരുന്നു എന്നതും കണ്ടുപിടിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. ഈ ചിന്ത പ്രദാനം ചെയ്യുന്ന ത്വരയില്‍ നിന്നാണ് അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. പക്ഷെ, അപ്പോഴും ഒരുപാട് ചോദ്യങ്ങള്‍ ബാക്കിയാവുന്നുണ്ട്. അന്യഗ്രഹജീവികള്‍ എന്ന ഒന്നുണ്ടെങ്കില്‍ അവരുടെ പ്രകൃതം എന്താണ്?, അവര്‍ പരസ്പരം ആശയവിനിമയം നടത്തുന്നത് എങ്ങനെയാണ്? തുടങ്ങിയ ചോദ്യങ്ങള്‍. അതോടൊപ്പം തന്നെ പൊതുജനങ്ങളില്‍ നല്ലൊരു ശതമാനം അന്യഗ്രഹജീവികളുണ്ട് എന്ന ധാരണയിലുമാണ്. അതിനു പ്രധാനമായും കാരണം ചില സയന്‍സ് ഫിക്ഷനുകളാണ്. അന്യഗ്രഹ ജീവികളെ മൂല കഥാപാത്രങ്ങളോ വില്ലന്‍മാരായോ ഒക്കെ നിരത്തിയിട്ടുള്ള ധാരാളം നോവലുകളും സിനിമകളും വന്നിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പൊതുവെ ശാസ്ത്രബോധമില്ലാത്തവരെ പോലും വല്ലാതെ സ്വാധീനിച്ചുപോകുന്നവയാണ്.



നമ്മുടെ ഈ പഠനത്തില്‍ നാം ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായ ശാസ്ത്രീയ മുന്നേററങ്ങള്‍ പറയുകയും അവയൊന്നും കൃത്യമായ ഒരു ഉത്തരത്തിലേക്കും എത്തിച്ചേര്‍ന്നിട്ടില്ല എന്ന് പ്രസ്താവിക്കുകയും ചെയ്യുമ്പോഴും അന്യഗ്രഹ ജീവിതത്തിന്റെയും ജീവികളുടെയും കാര്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ എന്തു പറയുന്നു എന്നതു പ്രധാനമാണ്. ഇക്കാര്യത്തില്‍ ഖുര്‍ആന്‍ തെളിച്ചൊന്നും പറഞ്ഞിട്ടില്ല എന്നതാണ് അതിനുള്ള ആദ്യത്തെ ഉത്തരം. എന്നാല്‍ അത്തരം സാധ്യതകളെ ഖുര്‍ആന്‍ വ്യക്തമായും നിരാകരിക്കുന്നുമില്ല. സയന്‍സിന്റെ ഓരത്തു കൂടെ നടന്ന് ഖുര്‍ആന്‍ ഗ്രഹിക്കുവാന്‍ ശ്രമിച്ച ചില പുതിയ വായനകളില്‍ ചില ഉദാഹരണങ്ങള്‍ പറയുന്നുണ്ട്. അന്യഗ്രഹജീവികള്‍ ഉണ്ടാകാം എന്നതിനുള്ള ന്യായമായി ചിലര്‍ അത് ഉയര്‍ത്തിക്കാണിക്കുന്നുമുണ്ട്. അവയില്‍ ഏറെക്കുറേ ബലമുള്ള ഒന്നാണ് അശ്ശൂറാ സൂറത്തിലെ 29ാം സൂക്തം പറയുന്നത്. അത് ഇങ്ങനെയാണ്: ആകാശ ഭൂമികള്‍ പടച്ചതും അവ രണ്ടിലും ജീവജാലങ്ങളെ വിന്യസിപ്പിച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു (42:29). ഈ വചനത്തില്‍ അവ രണ്ടിലും എന്നു പറഞ്ഞതും ജീവചാലങ്ങളെ എന്നു പറഞ്ഞതും ചേര്‍ത്തുവെച്ചുനോക്കുമ്പോള്‍ ആകാശത്തുള്ള ജീവജാലങ്ങള്‍ (ദാബ്ബത്ത്) ഏതാവാം എന്ന ചോദ്യം സ്വാഭാവികമായും ഉയരും. അവിടെ ദാബ്ബത്ത് എന്നതുകൊണ്ടുള്ള വിവക്ഷ മലക്കുകളാവാം എന്നു പറയാവതല്ല. കാരണം അല്ലാഹുവിന്റെ സൃഷ്ടികളെ മറെറാരു ആയത്തില്‍ പറയുന്നിടത്ത് ദാബ്ബത്ത് വേറെയും തൊട്ടുടനെയായി മലക്കുകള്‍ എന്നു വേറെയുമായി പറഞ്ഞിട്ടുണ്ട്. (ഉദാഹരണം: 16:49).



എന്നാല്‍പിന്നെ അത് ജിന്നുകള്‍ ആയിക്കൂടെ എന്നു ചോദിച്ചാലും ശരിയാവില്ല. കാരണം അല്ലാഹു തന്നെ മറെറാരിടത്ത് ദാബ്ബത്തുകള്‍ എന്ന ജീവചാലങ്ങളെയെല്ലാം പടച്ചത് വെള്ളം കൊണ്ടാണ് എന്നു പറഞ്ഞതു കാണാം (ഉദാഹരണം: 24:48). ജിന്നുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് അഗ്നിജ്വാലയാലാണ് എന്നത് ഖുര്‍ആനിന്റെ പരാമര്‍ശമാണുതാനും. അങ്ങനെവരുമ്പോള്‍ ഉദ്ധൃത സൂക്തത്തില്‍ പറയുന്ന ദാബ്ബത്തുകളില്‍ ആകാശത്തുള്ളവ അന്യഗ്രഹജീവികളാകാം എന്നാണ് നേരത്തെ പറഞ്ഞ വായനകള്‍ പറയുന്നത്.
ഇതേ വായനകളില്‍ കാണുന്ന മറെറാരു തെളിവ് 16ാം അധ്യായം സൂറത്തുന്നഹ്ലിലെ എട്ടാം സൂക്തമാണ്. അതിലല്ലാഹു ചില സൃഷ്ടിജാലങ്ങളെ പറഞ്ഞതിനുശേഷം പറയുന്നു: നിങ്ങള്‍ക്ക് അറിയാത്തതും അവന്‍ സൃഷ്ടുക്കുന്നതാണ് (16: 8). നിങ്ങള്‍ക്കറിയാത്തതും എന്നു പറയുന്നതിന്റെ വിശാലാര്‍ഥത്തില്‍ അന്യഗ്രഹജീവികളെ കൂടി പെടുത്തുകയാണ് ചെയ്യുന്നത്. മറെറാന്ന് തൊട്ടടുത്ത സൂറയിലെ 70ാം വചനമാണ്. അതിലല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിനെയും ആദരിച്ചതിനെയും പറഞ്ഞതിനു ശേഷം പറയുന്നു: നാം പടച്ച മിക്കവരേക്കാളും അവരെ നാം ശ്രേഷ്ഠരാക്കുകയും ചെയ്തിരിക്കുന്നു (17:70). നമ്മുടെ ഒരു ധാരണയും അറിവും മനുഷ്യനാണ് സൃഷ്ടികളില്‍ ഏററവും ഉത്തമന്‍ എന്നതാണ്. ഉല്‍പത്തി സമയത്ത് അല്ലാഹു മലക്കുകളോട് പറഞ്ഞതും അവരുടെ മുമ്പില്‍ അനുവര്‍ത്തിച്ചതുമായ കാര്യങ്ങളുടെ ധ്വനിയും അതാണ്. അങ്ങനെയാണ് എങ്കില്‍ (കുല്ലിന്‍) എല്ലാവരേക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു എന്നായിരുന്നു പറയേണ്ടിയിരുന്നത്. എന്നാല്‍ സൃഷ്ടികളില്‍ മിക്കതിനേക്കാളും എന്ന പ്രയോഗത്തില്‍ നിന്ന് നമ്മേക്കാള്‍ കരുത്തരോ മറേറാ ആയ സൃഷ്ടികളുണ്ട് എന്ന ധ്വനി വരുന്നുണ്ട്. അത് ഒരുപക്ഷേ, മലക്കുകളായിക്കൂടാ എന്നുമില്ല എങ്കിലും. മറെറാരു തെളിവായി ഉയര്‍ത്തിക്കാട്ടുന്നത് സൂറത്തു ത്വലാഖില്‍ നിന്നാണ്. അതിന്റെ 12ാം വചനത്തില്‍ ഏഴ് ആകാശങ്ങളെയും ഭൂമിയില്‍ നിന്നും അത്രക്കുതന്നെയും എന്നു പറയുന്നുണ്ട്. ഇത് ഭൂമിയുടെ അപരന്‍മാരെ ഉദ്ദേശിച്ചായിരിക്കുവാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഭൂമിയുടെ അപരന്‍മാരെ ശാസ്ത്രലോകം ഈയിടെ കണ്ടെത്തിയല്ലോ. ആ അപരഭൂമിയില്‍ ഒരുപക്ഷെ അപര തരം സൃഷ്ടികളും ഉണ്ടായിക്കൂടാ എന്നില്ല എന്ന് ആ നിരീക്ഷണങ്ങള്‍ പറയുന്നു. പക്ഷെ, ഖുര്‍ആനിലെ വെറും സൂചനകളാണ് ഇവയെല്ലാം. ഖുര്‍ആനിലെ ആശയങ്ങള്‍ പോലെ തന്നെ സൂചനകളും മനുഷ്യന്റെ കയ്യിലോ ബുദ്ധിയിലോ ഒതുങ്ങുന്നതാവണമെന്നില്ല എന്ന ഒരു സത്യം ഇവകള്‍ക്കു മുമ്പിലൊക്കെയുണ്ട് എങ്കിലും ജീവസാധ്യതയുള്ള അന്യ ഗ്രഹങ്ങളുടെയും ജീവികളുടെയും സാംഗത്യം വിശുദ്ധ ഖുര്‍ആന്‍ തീരെ നിഷേധിച്ചതായി കാണുന്നില്ല എന്നു പറഞ്ഞു തല്‍കാലം നമുക്ക് ഇനിയും കാത്തിരിക്കുകയല്ലാതെ മറെറാരു വഴിയുമില്ല.(അല്‍ ഇന്‍സാനു ഫില്‍ കൗന്‍ -ഡോ. അബ്ദുല്‍ അലിം ഖിദര്‍) ചുരുക്കത്തില്‍ തന്റെ പ്രാധിനിധ്യം ഏല്‍പ്പിച്ച് അതു നിര്‍വ്വഹിക്കുവാന്‍ അല്ലാഹു മനുഷ്യന് അന്യൂനമായ സൗകര്യങ്ങളോടുകൂടിയുള്ള വാസസ്ഥലം ഒരുക്കിക്കൊടുത്തിരിക്കുന്നു. അതില്‍ തന്റെ സൃഷ്ടാവിനെ ഓര്‍ത്തും അനുസരിച്ചും വിധേയത്വം പുലര്‍ത്തിയും അവന്‍ നല്‍കുന്ന ആയുഷ്കാലം ജീവിക്കുകയാണ് അവന്റെ ധര്‍മ്മം. അവിടെ അവനു പിഴവുപററുന്നുണ്ടോ എന്നത് അവന്‍ സദാ വീക്ഷിക്കുകയും ചെയ്യുന്നു. ഇതു സൂചിപ്പിക്കുന്നത് അവന് പിഴവ് പററാം എന്നുതന്നെയാണല്ലോ. അങ്ങനെ ഒരു സാധ്യതയില്ലെങ്കില്‍ പിന്നെ അവനെ നിരന്തരമായി വീക്ഷിക്കുന്നതില്‍ അര്‍ഥമില്ലല്ലോ. പിഴവ് പററാനുള്ള ആ സാധ്യത സൃഷ്ടിപ്പില്‍ തന്നെ അല്ലാഹു വെച്ചുകൊടുത്തിട്ടുണ്ട്. ഇതിനെ ചുരുങ്ങിയ വാക്കുകളില്‍ അല്ലാഹു മനുഷ്യനെ വികാരങ്ങളും വിവേകവും കൂട്ടിക്കലര്‍ത്തി സൃഷ്ടിച്ചു എന്നു പറയാം. അല്ലാഹുവിന്റെ കലാമില്‍ ഈ രണ്ടു ഘടകങ്ങളെയും പലപ്പോഴും രണ്ടു വഴികളായാണ് വിവരിക്കുന്നത്. അല്ലാഹു പറയുന്നു: അവനു നാം രണ്ടു സ്പഷ്ട മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തില്ലേ? (90:10). വികാരങ്ങള്‍ക്കല്ലാഹു വളരെ വേഗത്തില്‍ അനുഭവിക്കുവാന്‍ കഴിയുന്ന രസ-സുഖ-മാധുര്യ പ്രത്യേകതകളാണ് നല്‍കിയിരിക്കുന്നത്.
3



വിവേകത്തിനാണെങ്കിലോ അവതാനതയോടെ നേടുന്ന സുഖങ്ങളും സംതൃപ്തികളുടെയും പ്രത്യേകതയും നല്‍കിയിരിക്കുന്നു. വികാരങ്ങളെ പിശാച് പിന്തുണക്കുമ്പോള്‍ വിവേകത്തെ അല്ലാഹുവിന്റെ കാരുണ്യം പിന്തുണക്കുന്നു. ശരീരത്തിനും മനസ്സിനും അതിവേഗം ആസ്വദിക്കുവാന്‍ കഴിയുന്ന വൈകാരികതകളില്‍ ആരാണ് അഭിരമിക്കുന്നത് എന്നും തന്റെ കാരുണ്യത്തെ ക്ഷമാപൂര്‍വ്വം കാത്തുനിന്ന് അവധാനതയോടെ മാത്രം സുഖ-സംതൃപ്തികളെ പുല്‍കുവാന്‍ ആരാണ് ശ്രമിക്കുന്നത് എന്നുമാണ് പരീക്ഷ. അതില്‍ വിജയിക്കുന്നവര്‍ക്ക് നിത്യനിദാന്തമായ സ്വര്‍ഗസുഖം പ്രതിഫലമായി നല്‍കുന്നു. അല്ലാത്തവര്‍ക്ക് നരകവും. ഇതാണ് ഐഹികജീവിതത്തിന്റെ ആകെത്തുക. മനുഷ്യരില്‍ ചിലര്‍ പക്ഷെ ഈ വസ്തുത മറന്നുപോയേക്കാം. അത്തരക്കാര്‍ വൈകാരികതകളില്‍ അഭിരമിക്കുന്നു. സുഖങ്ങളുടെ പിന്നാലെ കുതിച്ചുപാഞ്ഞ് അത്തരക്കാര്‍ തന്നെത്തന്നെ മറന്നുപോകുന്നു. തന്നെത്തന്നെ എന്നു പറഞ്ഞാല്‍ താന്‍ സൃഷ്ടാവിന്റെ പ്രതിനിധിയാണ് എന്ന സത്യം. ഇങ്ങനെ ഒരു ദുരവസ്ഥ തന്റെ പ്രതിനിധിക്കു സംഭവിക്കാതിരിക്കുവാന്‍ ചില മുന്‍കരുതലുകള്‍ സൃഷ്ടാവ് തന്നെ സ്വീകരിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് തന്റെ പ്രവാചകന്‍മാരിലൂടെയും ഗ്രന്ഥങ്ങളിലൂടെയും നല്‍കുന്ന ഉപദേശ ഉല്‍ബോധനങ്ങള്‍. മറെറാന്നാണ് അവനില്‍ തന്നെ നിക്ഷേപിച്ചിരിക്കുന്ന തിരിച്ചറിവുശേഷി. മറെറാന്നാണ് അവന്റെ മുമ്പില്‍ നിറഞ്ഞുകിടക്കുന്ന കോടാനുകോടി അമാനുഷികമായ അനുഗ്രഹങ്ങള്‍. ഇവക്കെല്ലാം പുറമെ മററു ചില പ്രകൃതിഘടനാപരമായ കാര്യങ്ങള്‍ കൂടിയുണ്ട്, സൂക്ഷ്മമായി നിരീക്ഷിച്ചാല്‍. ഭൂമി എന്ന കളിത്തൊട്ടിലിനെ കുറിച്ചുള്ള നമ്മുടെ ചര്‍ച്ചയില്‍ പറയേണ്ട ഒന്നാണത്. അത് അവന്റെ ഭൂതലത്തെ അല്ലാഹു തന്റേതായ ഒരു വിശുദ്ധ കേന്ദ്രത്തിലേക്കു തിരിച്ചുവെച്ചിരിക്കുന്നു എന്നതാണ്. അഥവാ തന്നെ നിയോഗിച്ച അല്ലാഹുവിനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മനസ്സും ശരീരവും തെന്നിപ്പോകാതിരിക്കുവാന്‍ അവനെ പരിശുദ്ധ മക്കായിലെ കഅ്ബാലയത്തിലേക്കു തിരിച്ചുവെച്ചിരിക്കുന്നു എന്ന സത്യം.



മറെറാരു രീതിയില്‍ പറഞ്ഞാല്‍ മനുഷ്യാധിവാസ ഭൂമിയുടെ കേന്ദ്രബിന്ദുവാണ് പരിശുദ്ധ മക്കയും അവിടെയുള്ള കഅ്ബാലയവും. ഇതുപക്ഷെ, കൃത്യമായി മനസ്സിലാകുവാന്‍ ഒരല്‍പ്പം നാം ചിന്തിക്കേണ്ടതുണ്ട്. കാരണം പെട്ടന്ന് മനസ്സിലാക്കിയെടുക്കുവാന്‍ കഴിയാത്തവിധം ഗഹനമാണത്. പക്ഷെ, അതിന് ലോകത്തിന്റെ അംഗീകാരമുണ്ട്. ആ അംഗീകാരത്തിന് ഗുണഫലം ഒരു മതക്കാര്‍ക്കു പോകും എന്ന വിറളിയില്‍ ശാസ്ത്രമേഖലയിലുള്ളവര്‍ അതിനെ പൊത്തിപ്പിടിക്കുകയോ മൂടി വെക്കുകയോ ആണ് എന്നതാണ് പരമാര്‍ഥം. ആ ചിന്തകള്‍ രണ്ടു പ്രമാണങ്ങളെ വലം വെക്കുന്നു. ഒന്ന്, മതപരമായ പ്രമാണങ്ങള്‍. രണ്ടാമത്തേത് ശാസ്ത്രീയമായ കണ്ടെത്തലുകള്‍. ഇവയെല്ലാം വളരെ ഹ്രസ്വമായി വിവരിക്കുവാന്‍ ഏററവും സഹായകമാണ് പരിശുദ്ധ മക്കയില്‍ റാബിത്വത്തുല്‍ ആലമില്‍ ഇസ്ലാമിയുടെ നേതൃത്വത്തില്‍ നടന്ന പത്താം സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധം. പ്രസ്തുത പ്രബന്ധത്തില്‍ ആദ്യം സമര്‍ഥിക്കുന്നത് പരിശുദ്ധ മക്ക ലോകത്തെ കരകളുടെ മധ്യഭാഗമാണ് എന്നത് മതപരമായ പ്രമാണങ്ങളുടെ സഹായത്താലാണ്. അവയില്‍ ഒന്ന് സൂറത്തുല്‍ അന്‍ആമിലെ 92ാം സൂക്തം ആണ്. അതില്‍ അല്ലാഹു നബി(സ)യുടെ നിയോഗത്തെ കുറിച്ച് പറയുന്നു: ഉമ്മുല്‍ ഖുറായേയും അതിനു ചുററുമുള്ളവരെയും താക്കീതു ചെയ്യുവാന്‍ വേണ്ടി (അങ്ങയെ നാം നിയോഗിച്ചിരിക്കുന്നു) (6:92). ഈ ആയത്തില്‍ രണ്ടു സൂചനകളുണ്ട്. ഒന്ന് ഉമ്മുല്‍ ഖുറാ -നഗരങ്ങളുടെ മാതാവ് എന്ന പ്രയോഗമാണ്. ഇത് മക്ക ഭൂമിയുടെ കേന്ദ്രബിന്ദുവാണ് എന്ന ആശയം ഉള്‍ക്കൊള്ളുന്നു. രണ്ടാമത്തേത് അതിനു ചുററുമുള്ളവരെയും എന്ന പ്രയോഗമാണ്. നബി(സ)യുടെ നിയോഗം മനുഷ്യലോകത്തിനു മുഴുവനുമാണ് എന്നതു വ്യക്തമാണ്. അപ്പോള്‍ ചുററും എന്നു പറയുന്നതിന് ഏകദേശം മധ്യഭാഗത്താണ് നബി(സ) വന്നത് എന്ന് അര്‍ഥം കാണാവുന്നതാണ്. ഈ ആയത്തിന്റെ വ്യാഖ്യാനങ്ങള്‍ക്കെല്ലാം ഈ അര്‍ഥത്തിലുള്ള ധ്വനിയുണ്ട്. മക്ക നഗരത്തിന് ഉമ്മുല്‍ഖുറാ എന്നു പേരു വന്നത് അത് ഭൂമിയുടെ പൊക്കിള്‍ഭാഗവും ഗ്രാമങ്ങളിലെ ജനങ്ങളുടെ ഖിബ്ലയും ജനങ്ങള്‍ക്കഭിമുഖമായി നേതൃസ്ഥാനത്തുനില്‍ക്കുന്നതിനാല്‍ ഏററവും പരിഗണനീയവുമായതിനാലാണ് എന്ന് ഇത്തരം വ്യാഖ്യാനങ്ങളില്‍ കാണാം (തഫ്സീര്‍ നസഫി). സൂറത്തുല്‍ ബഖറയിലെ 143ാം സൂക്തത്തില്‍ നിങ്ങളെ അപ്രകാരം നാം ഒരു മധ്യമസമുദായമാക്കിയിരിക്കുന്നു എന്ന ആയത്തിന്‍െറ വ്യഖ്യാനത്തിലും ഇതു ഗ്രാഹ്യമാണ് എന്നു മററു തഫ്സീറുകളില്‍ കാണാം. മക്കയെ ഭൂമിയുടെ മധ്യബിസ്സുവാക്കിയതുപോലെ നിങ്ങളുടെ ഉമ്മത്തിനെ മധ്യമസമുദായമാക്കിയിരിക്കുന്നു എന്നാണ് ഇതു വിവക്ഷിക്കുന്നത് എന്ന് തഫസീര്‍ ഖുര്‍ത്വുബിയിലുണ്ട്. ഭാഷാ പണ്‍ഡിതന്‍മാര്‍ ഇതു സമര്‍ഥിക്കുന്നത് പ്രധാനമായും മക്ക എന്ന വാക്കിന്റെ നിക്ഷ്പത്തി വെച്ചാണ്. കാമ്പ് എന്നും ഞണം എന്നുമൊക്കെ അര്‍ഥമുള്ള മകാകത്ത് എന്ന വാക്കില്‍ നിന്നാണ് മക്ക എന്ന വാക്ക് നിഷ്പതിച്ചത് എന്നും അത് മക്ക ഭൂമിയുടെ കാമ്പാണ് എന്നു സൂചിപ്പിക്കുന്നു എന്നും ഇമാം സബീദി പറയുന്നുണ്ട്. മക്കയെ ഉമ്മുല്‍ ഖുറാ എന്നു വിശേഷിപ്പിക്കുന്നത് അത് ഭൂമിയുടെ മധ്യഭാഗമായതുകൊണ്ടുമാണ് (താജുല്‍ അറൂസ്).



യാഖൂത്തുല്‍ ഹമവി പറയുന്നത് അല്ലാഹു ആദ്യമായി സൃഷ്ടിച്ചത് പരിശുദ്ധ കഅ്ബ നിലകൊള്ളുന്ന സ്ഥലത്തെയാണ് എന്നാണ്. പിന്നീട് അതിനു ചുവട്ടിലൂടെയായി ഭൂമിയെ ചുരുട്ടിയുണ്ടാക്കിയെടുക്കുകയായിരുന്നു (മുഅ്ജമുല്‍ ബുല്‍ദാന്‍). ഹിജ്റ പത്താം നൂററാണ്ടില്‍ ജീവിച്ചിരുന്ന ഭൂമിശാസ്ത്രജ്ഞന്‍ സ്വഫാഖസി (958-1551) ഒരു ഗ്ലോബിനും ലോകമാപ്പിനും രൂപം നല്‍കിയിരുന്നു. അക്കാലത്ത് ചൈനയുടെയും യൂറോപ്പിന്റെയും അററങ്ങളിലുണ്ടായിരുന്ന മുസ്ലിംകള്‍ക്ക് ഖിബ്ലയുടെ ദിക്ക് കണ്ടുപിടിക്കുവാനുള്ള സൗകര്യത്തിനുവേണ്ടിയാണ് അദ്ദേഹം അത് ആവിഷ്കരിച്ചത്. അതിന്റെ കേന്ദ്രം പരിശുദ്ധ മക്കയായിരുന്നു. ഈ മാപ്പിനെയും ഗ്ലോബിനെയും യൂറോപ്യര്‍ വരെ വളരെ കാലം ആധികാരിക ആധാരമായി ഗണിച്ചുപോന്നിരുന്നു (ആലമുസ്സഊദിയ്യ (2005) -ഖാലിദ് അബൂറാസ്). ശാസ്ത്രീയമായി ഇതു തെളിയിക്കുന്ന ധാരാളം പഠനങ്ങള്‍ ഇരുപതാം നൂററാണ്ടില്‍ വന്നിട്ടുണ്ട്. അവയിലൊന്ന് ഈജിപ്ഷ്യന്‍ ഗോളശാസ്ത്രജ്ഞനായ ഹുസൈന്‍ കമാലുദ്ദീന്‍ എന്ന ശാസ്ത്രജ്ഞന്റെതാണ്. ഭൂമിയില്‍ എല്ലായിടത്തും സൗകര്യപ്രദമായും സരളമായും ഖിബ്ലയുടെ ദിശയും ദിക്കും കണ്ടുപിടിക്കുവാനുള്ള ഒരു മാര്‍ഗം കണ്ടെത്തുവാനുള്ള പരിശ്രമത്തിനിടെയായിരുന്നു ഈ വസ്തുത അദ്ദേഹത്തിനു ബോധ്യപ്പെട്ടത്. തന്റെ പഠനത്തിന്റെ ഭാഗമായി ആദ്യം അദ്ദേഹം മക്കയില്‍ നിന്നും ലോകത്ത് നിലവിലുള്ള വന്‍കരകളിലേക്കുള്ള ദൂരം ആദ്യം അളക്കുകയായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന് ഞെട്ടിക്കുന്ന ഈ സത്യം ദൃഷ്ടിയില്‍പെട്ടത്. മക്കയില്‍ നിന്നും ഓരോ വന്‍കരയുടെയും ഏററവും അകലെയുള്ള ബിന്ദുവിലേക്കുള്ള ദൂരം ഏതാണ്ട് ഒരേ പോലെയാണ് എന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. അതു സൂചിപ്പിക്കുന്നത് മനുഷ്യാധിവാസമുള്ള ലോകത്തിന്റെ നടുവിലാണ് മക്ക സ്ഥിതിചെയ്യുന്നത് എന്നതാണ് (അല്‍ കഅ്ബത്തുല്‍ മുശര്‍റഫ -മുഹമ്മദ് അലി സലാമ, കൈറോ). ഇതു സാധാരണക്കാര്‍ക്കുപോലും സുഗ്രാഹ്യമാകുന്ന ഒരു തെളിവാണ്. കാരണം നിലവിലുള്ള ഭൂഖണ്‍ഡങ്ങളും അവയുടെ ഏററവും അകന്ന ബിന്ദുവും കണ്ടുപിടിക്കുവാനും അവയിലേക്ക് മക്കയില്‍ നിന്നുള്ള ദൂരം അളക്കുവാനും ഇന്ന് ഒരു ലോകമാപ്പ് ഉപയോഗപ്പെടുത്തിയാല്‍ ആര്‍ക്കും കഴിയാവുന്നതേയുള്ളൂ.



വന്‍കരകളുടെ പഴയ ഘടനയനുസരിച്ച് ഉണ്ടായിരുന്നത് മൂന്ന് വന്‍കരകളാണ്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവ. ഇതില്‍ ആഫ്രിക്കയുടെ അങ്ങേതലയിലേക്ക് മക്കയില്‍ നിന്നുള്ള ദൂരം 9569 കിലോമീറററും ഏഷ്യയുടേതിലേക്കുള്ളത് 6086 കിലോമീറററും യൂറോപ്പിന്റെ അങ്ങേതലയായ ഐസ്ലാന്‍റ് ദ്വീപിലേക്ക് 6672 കിലോമീറററുമാണ്. അതായത് ശരാശരി ആറായിരം കിലോമീറററാണ് ഇവിടങ്ങളില്‍ നിന്നും മക്കയിലേക്കുള്ള ദൂരം. പുതിയ ഘടനയനുസരിച്ചാവട്ടെ ഓസ്ത്രേലിയയിലേക്ക് 9360, തെക്കന്‍ അമേരിക്കയിലേക്ക് 8693, വടക്കന്‍ അമേരിക്കയിലേക്ക് 8453, ഏഷ്യയിലേക്ക് 9578 കിലോമീറററുകളാണ്. ഈ കണക്കുകളിലും സാമ്യതയും അടുപ്പവും പ്രകടമാണ്. ഗൂഗ്ള്‍ എര്‍ത്ത്, ഖിബ്ല ഡയറക്ടര്‍ തുടങ്ങിയ ഉപയോഗിച്ചെല്ലാം ഈ വസ്തുത വേഗത്തില്‍ കണ്ടുപിടിക്കാം. ഈ വസ്തുത ലോകത്തിന്റെ നിലവിലുള്ള ഒരു വിശ്വാസത്തെ കൂടി പൊളിച്ചെഴുതുവാന്‍ ഉപയുക്തമാണ്. അത് ഗ്രീന്‍വിച്ച് രേഖ എന്ന സങ്കല്‍പ്പത്തെയാണ്. ഭൂഗോളത്തെ കിഴക്കെന്നും പടിഞ്ഞാറെന്നും സാങ്കല്‍പ്പികമായി വിഭജിക്കുമ്പോള്‍ വരുന്ന പൂജ്യം ഡിഗ്രി രേഖ ആധാരമാക്കിയാണ് ലോകത്തിന്റെ സമയക്രമം നിശ്ചയിക്കുന്നത്. ഈ രേഖാംശരേഖ കടത്തുപോകുന്നത് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടന്‍ നഗരത്തിന്റെ സമീപത്തുള്ള ഗ്രീന്‍വിച്ച് എന്ന പ്രാന്തപ്രദേശത്തുകൂടെയാണ് ഈ സമയരേഖ കടന്നുപോകുന്നത് എന്നാണ് ശാസ്ത്രം. തെംസ് നദിയുടെ തെക്കുവശത്താണ് ഗ്രീന്‍വിച്ച് നഗരം. പൂജ്യം ഡിഗ്രി രേഖാംശരേഖ കടന്നുപോകുന്നു എന്ന പേരില്‍ ഈ രേഖയെ ആധാരമാക്കിയാണ് ലോകം സമയക്രം പുലര്‍ത്തിവരുന്നത്. 1884ലാണ് ഗ്രീന്‍വിച്ചിനെ ഭൂമധ്യരേഖയായി അംഗീകരിച്ചത്. കൊളംബിയയില്‍ ചേര്‍ന്ന ഉച്ചകോടിയിലായിരുന്നു അത്.



അതങ്ങനെ നിശ്ചയിച്ചതും തീരുമാനിച്ചതും ശാസ്ത്രീയമായ ഒരു തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നില്ല എന്നതും അന്നത്തെ ഏററവും വലിയ കൊളോണിയല്‍ ശക്തിയുടെ മസില്‍പവര്‍ മാത്രം ഉപയോഗിച്ചായിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ ശരിക്കും ലോകത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കേണ്ടത് ഭൂമിയുടെ കൃത്യം മധ്യബിന്ദുവില്‍ വെച്ചായിരിക്കണമല്ലോ. അതുപക്ഷെ, ലോകം രണ്ടു വാശി കാരണത്താല്‍ അംഗീകരിക്കുന്നില്ല. ഒന്ന് നിഷേധിക്കുവാന്‍ ഇന്നുവരേക്കും കഴിഞ്ഞിട്ടില്ലെങ്കിലും മക്ക ഭൂമിയുടെ കേന്ദ്രമാണ് എന്ന സത്യം അവര്‍ അംഗീകരിച്ചുതരുന്നില്ല. രണ്ട്, ശാസ്ത്രീയമായ ആ സത്യം അംഗീകരിക്കുന്ന പക്ഷം അത് മുസ്ലിംകളുടെ വിശ്വാസത്തിന് ബലവും സാംഗത്യവുമേകും എന്ന ഭയം. ഈ അന്യായമായ പിടിവാശികൊണ്ടു മാത്രം പലതും പോലെ ഈ സത്യവും വിഴുങ്ങുവാന്‍ ലോകം നിര്‍ബന്ധിതമായിരിക്കുന്നത് കഷ്ടമാണ് (അസ്റാറുല്‍ കൗന്‍ -സഗ്ലൂല്‍ നജ്ജാര്‍)



പ്രധാന വായനാവലംബങ്ങള്‍:
-ഗിീംഹലറഴല ഋിര്യരഹീുലമറലമ ڊഒലശി ലെേശി
-ഭൂമി ഉണ്ടാകുന്നതെങ്ങനെ? -ബൈജു കെ ആര്‍
-ശാസ്ത്രം എത്ര ലളിതം -ഡി സി ബുക്സ്
-സമയത്തിന്‍െറ ആപേക്ഷികത -ഡോ. ഉസ്മാന്‍
-അല്ലാഹു ഖുര്‍ആനില്‍ -കെ സി അബ്ദുല്ല മൗലവി
-എഴാകാശവും ദൈവിക സിംഹാസനവും -പ്രൊഫ. എം അബ്ദുല്‍ അലി
-അല്‍ ഇന്‍സാനു ഫില്‍ കൗന്‍ -ഡോ. അബ്ദുല്‍ അലിം ഖിദര്‍
-സനുരീഹിം ആയാത്തിനാ..-അബ്ദുല്‍ മജീദ് സന്‍ദാനി
-വിവിധ വെബ്സൈററുകള്‍
-വിവിധ പ്രഭാഷണങ്ങള്‍



ടി എച്ച് ദാരിമി
പ്രിന്‍സിപ്പാള്‍, ദാറുല്‍ ഹികം ശരീഅ ആന്‍റ് ആര്‍ട്സ് കോളേജ്, മേലാററൂര്‍













0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso