മാറിടം മുറിച്ചുകളഞ്ഞവൾ പ്രസവിച്ചാൽ..
23-02-2023
Web Design
15 Comments
കഥ ഇതാണ്. തിരുവനന്തപുരം സ്വദേശിനിയായ ഒരു പെൺകുട്ടിക്ക് താൻ ആണാണെന്ന കലശലായ തോന്നൽ. ജനിതകമായി അങ്ങനെ ഉണ്ടാകാം എന്നാണ് ശാസ്ത്രവും അനുഭവവും. ഒരാളുടെ ലിംഗം നിർണ്ണയിക്കുന്ന ബാഹ്യഘടകങ്ങൾ രണ്ടാണ് എന്നാണ്. ലൈംഗിക അവയവങ്ങളും സ്ത്രൈണത ജനിപ്പിക്കുന്ന ഹോർമ്മോണുകളും. ഇവയുടെ കാര്യത്തിൽ ആനുപാതികമായ കൃത്യത ഇല്ലാതാകുമ്പോൾ അയാളിൽ ഇങ്ങനെ ചിന്തയും തോന്നലുമൊക്കെ ഉണ്ടാകും. ഉദാഹരണമായി ആണിന്റെ ലിംഗത്തിനു പകരം പെണ്ണിന്റെയോ പെണ്ണിന്റേതിനു സമാനമായതോ ആണ് ഒരാണിന് എങ്കിൽ അയാളിൽ അതിന്റെ ശതമാനമനുസരിച്ച് പെണ്ണാകാൻ പൂതിയുണ്ടാകും. മറിച്ചും അങ്ങനെത്തന്നെ. സ്ത്രീ സഹജമായ സ്വഭാവം, വൈകാരിക തീഷ്ണത, എതിർ ലിംഗത്തിന് ലൈംഗികമായി കീഴ്പ്പെടാനുള്ള ആസക്തി തുടങ്ങിയവ ചില ഹോർമ്മോണുകളുടെ സാന്നിദ്ധ്യം കാരണമാണ് എന്നാണ് ജനിതക ശാസ്ത്രം. അതിൽ കുറവുണ്ടാവുകയും പകരം പുരുഷ ഗുണങ്ങളുടെ കാരണമായ ഹോർമ്മോണുകൾ കൂടുതൽ ഉണ്ടാവുകയും ചെയ്താൽ അവൾക്ക് ആണാവാൻ തീവ്രആഗ്രഹം ഉണ്ടാകും. മറിച്ചും അങ്ങനെത്തന്നെ. അപൂർവ്വമായി ചില ജൻമങ്ങളിൽ ഉണ്ടാകുന്ന ഒരു പ്രതിഭാസമാണിത്. ഈ ആഗ്രഹം ജനിക്കുന്നവർ എല്ലാം അടക്കിപ്പിടിച്ച് ജീവിക്കലായിരുന്നു പതിവ്. ഇപ്പോൾ പക്ഷെ, ശാസ്ത്രവും സാങ്കേതികതയും കുറച്ചുകൂടി വികസിച്ചു. ശരീരത്തിന്റെ ഏതു ഭാഗവും മാറ്റി വെക്കാൻ വരെ നാം പഠിച്ചു. അതുതന്നെ കീറിമുറിച്ചു വേണമെങ്കിൽ അങ്ങനെയും സൂചിക്കുത്തിലൂടെ വേണമെങ്കിൽ അങ്ങനെയും ചെയ്യാൻ നാം മിടുക്കു നേടി. അപ്പോൾ സ്വാഭാവികമായും മനുഷ്യൻ ചിന്തിച്ചു, എന്നാൽ പിന്നെ ആണിനെ പെണ്ണും പെണ്ണിനെ ആണും ഇതേ വിദ്യ വെച്ച് ആക്കിക്കൂടെ എന്ന്. ആക്കാമല്ലോ എന്ന് അനാട്ടമിക്കാർ മറുപടിയും പറഞ്ഞു. മനുഷ്യന്റെ കാമ്പായ ഹൃദയം മാറ്റി വെക്കുന്നവർക്ക് ഈ പാർട്ട്സുകൾ മാറ്റിവെക്കാൻ എന്താണ് പ്രയാസം !
ലിംഗങ്ങൾ മാറ്റി വെക്കുന്നതിലൂടെ വലിയ മാറ്റം സംഭവിക്കും. ശരീരം, മനസ്സ്, വികാരം, വിചാരം എല്ലാം. ആയതിനാൽ ഇതിനെ ഇംഗ്ലീഷിൽ ട്രാൻസ്മിഷൻ എന്ന് വിളിക്കപ്പെട്ടു. മാറുന്ന വ്യക്തി ട്രാൻസ് മെൻ ആയിരിക്കും. മെൻ മാനും വുമണുമൊക്കെയാവാം. അങ്ങനെ നാം പറഞ്ഞു വരുന്ന പെൺകുട്ടി തന്റെ ആഗ്രഹം പോലെ ആണാക്കാൻ തയ്യാറായി. ഇങ്ങനെയുള്ളവർ മൂന്നാം ലിംഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. അവർ ഇപ്പോൾ ഒരു കമ്യൂണിറ്റി യാണിപ്പോൾ. ആധുനിക മീഡിയയുടെ ഇടപെലുകളാണ് അവരെ സംഘടിപ്പിച്ചത്. ആ ശ്രംഖലയുടെ ഭാഗമായിട്ടായിരിക്കാം അവൾ ട്രാന്‍സ് മെന്‍ ആകുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെത്തി അഷിതയെന്ന ട്രാന്‍സ് വ്യക്തിയുടെ മകനാവുകയായി ജവിതം തുടങ്ങി. സഹദ് എന്ന പേരും സ്വീകരിച്ചു. ഇതേ സമയം പെണ്ണാകാനുള്ള മോഹവുമായി ഒരു മലപ്പുറത്തുകാരൻ കോഴിക്കോട്ടെ ട്രാന്‍സ് കമ്യൂണിറ്റി ഷെല്‍ടര്‍ ഹോമില്‍ അഭയംതേടുകയുണ്ടായി. സിയ എന്ന് സ്വയം പേരിട്ട് ദീപാറാണിയെന്ന ട്രാന്‍സ് വ്യക്തിയുടെ മകളായി കക്ഷി ജീവിതം തുടങ്ങി. പിന്നെ രണ്ടു പേരും കണ്ടു, അടുത്തു, അനുരക്തരായി. കോഴിക്കോട് ഉമ്മളത്തൂരില്‍ ഒരുമിച്ച് താമസവും തുടങ്ങി. ആഗ്രഹിക്കുന്ന ലിംഗത്തിലേക്ക് മാറിയിട്ട് ഒന്നിച്ച് ജീവിതം അടിച്ചു പൊളിക്കണമെന്ന പദ്ധതിയായിരുന്നു അവർക്ക്. അതിന് ഹോർമ്മോൺ ചികിത്സയും ശസ്ത്രക്രിയയും നടക്കണം. പേരു മാറ്റി, ആണാവാൻ പോകുന്ന തിരുവനന്തപുരത്തുകാരി സ്തനം മുറിച്ചു മാറ്റി എന്നല്ലാതെ മറ്റൊന്നും ചെയ്യും മുമ്പ് അവർ നിലവിലുളള ലിംഗം വെച്ച് ജീവിതം ആസ്വദിച്ചു. ലൈംഗികമായി ബന്ധപ്പെട്ടാൽ കൂടത്തിലെ പെണ്ണിന് ഗർഭമുണ്ടാകും. ഗർഭം തികഞ്ഞ് പ്രസവിക്കും. അതു സാധാരണമാണ്. അതു തന്നെയാണ് അവിടെ സംഭവിച്ചതും. ഇതിനെ കുറിച്ച് പല ധ്വനിയിലുള്ള വർത്തമാനങ്ങളാണ് ഇപ്പോൾ സാമൂഹ്യാന്തരീക്ഷം നിറയെ. പെണ്ണ് പെറ്റു എന്നാണ് സംഭവത്തിന്റെ ആകെത്തുക എങ്കിൽ അതിൽ അൽഭുതം കൂറുന്നവനെയും വെറുതെ ചൊറിഞ്ഞു നടക്കുന്നവരെയും കുറിച്ച് സങ്കടപ്പെടുകയല്ലാതെ മറ്റെന്തു ചെയ്യാൻ ?
അപ്പോൾ നാം ഇവിടെ പറഞ്ഞുവരുന്നതോ എന്ന് ശങ്കിക്കുന്നവരുണ്ടാകും. പ്രസ്തുത വിവാദം, ചോദ്യം, ഉത്തരം എന്നിവയിലേക്കൊന്നും കടക്കുന്നില്ല. പിന്നെ പറയാൻ പോകുന്നത് ഇത്തരം ഒരു പ്രതിഭാസത്തെ കുറിച്ചുളള ഇസ്ലാമിക വീക്ഷണം സംക്ഷിപ്തമായി സൂചിപ്പിക്കുകയാണ്. ഇസ്ലാം ഒരു സമ്പൂർണ്ണമായ ജീവിത ദർശനമാണ് എന്ന് പറയുമ്പോൾ ഇതിനെ കുറിച്ചും ഇസ്ലാമിന് ചിലത് പറയാനുണ്ടാവുമല്ലോ. സംഗതി അപൂർവ്വമാണ്. പക്ഷെ, അതിന്റെ ചർച്ച സമൂഹം ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. അതിനാൽ ഇനി ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ ചർച്ച വീണ്ടും മുറുകും. അപ്പോൾ ഓരോരുത്തരും ഓരോന്ന് പറയും. അതിന് മുമ്പ് ചില കാര്യങ്ങൾ പറഞ്ഞു വെക്കുകയാണ്. ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ ! അതിൽ ആദ്യമായി പറയാൻ ഉള്ളത് ഒരാൾ ആണാവുന്നതിലും പെണ്ണാവുന്നതിലും ഒരാൾക്കും കയ്യില്ല എന്നതാണ്. ലിംഗഭേതത്തെ ഒരു മാന്യതയുമില്ലാതെ ചവച്ചരക്കുന്നവർക്കൊന്നും കുട്ടികളില്ലാത്തവർക്ക് കുട്ടിയെ കൊടുക്കാനും പെൺകുട്ടിയില്ലാത്തവർക്ക് ഒരു പെൺമണിയേയോ ആൺ കുട്ടിയില്ലാത്തവർക്ക് ഒരു ആൺതരിയേയോ കൊടുക്കാൻ കഴിയില്ല. അതിന് കഴിയുമായിരുന്നു എങ്കിൽ ഒരു വലിയ ലോകത്തിന്റെ തേങ്ങലും നിരാശയും നിലക്കുമായിരുന്നു. ഈ വസ്തുത അല്ലാഹു വിശുദ്ധ ഖുർആനിൽ ഇങ്ങനെ ഓർമ്മിപ്പിക്കുന്നു: അല്ലാഹു ആകാശ-ഭൂമികളുടെ ആധിപത്യത്തിനുടയവനാകുന്നു. അവനിഛിക്കുന്നതെന്തും സൃഷ്ടിക്കുന്നു. ഇഛിക്കുന്നവര്‍ക്ക് പെണ്‍മക്കളെ സമ്മാനിക്കുന്നു. ഇഛിക്കുന്നവര്‍ക്ക് ആണ്‍മക്കളെ സമ്മാനിക്കുന്നു. അവനിഛിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ഒന്നിച്ചു കൊടുക്കുന്നു. ഇഛിക്കുന്നവരെ വന്ധ്യരാക്കുന്നു. അവനൊക്കെയും അറിയുന്നവനും എന്തിനും കഴിവുള്ളവനുമല്ലോ. (അശ്ശൂറാ 49,50). സൃഷ്ടാവിന്റെ തീരുമാനത്തിന് വിധേയനാകുവാനാണ് സൃഷ്ടിയുടെ വിധി. അല്ലെങ്കിൽ അവന് എന്തെങ്കിലും തീരുമാനിക്കാനും ചെയ്യാനുമുള്ള സ്വയം ശേഷി ഉണ്ടായിരിക്കണം. സ്വാതന്ത്ര്യമുണ്ടെങ്കിലും കരുതിയത് ചെയ്യാനുളള ശേഷിയും ശക്തിയും മനുഷ്യന് കിട്ടിയിട്ടില്ല.
ലിംഗാവയവങ്ങൾ പൂർണാർഥത്തിൽ ഉള്ള പുരുഷനോ സ്ത്രീക്കോ മറ്റൊരു ലിംഗത്തിലേക്ക് മാറൽ അനുവദനീയമല്ല. അതായത് വെറുതെ ഒരു ആണ് പെണ്ണാവാൻ ശ്രമിക്കുക, അല്ലെങ്കിൽ പെണ്ണ് ആണാവാൻ ശ്രമിക്കുക എന്നത് പാടില്ല. അങ്ങനെയുള്ള ഏതൊരു ശ്രമവും ശിക്ഷാർഹമായ കുറ്റമാകുന്നു. കാരണം അത് അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തലാണ്. അല്ലാഹു അത് ഹറാമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: അതുകൊണ്ട് താങ്കള്‍ ഋജുമനസ്‌കനായി സ്വന്തത്തെ ദീനിന്നുനേരെ-അല്ലാഹു മനുഷ്യരെ സൃഷ്ടിച്ച ശുദ്ധപ്രകൃതത്തില്‍-പ്രതിഷ്ഠിക്കുക. അവന്റെ സൃഷ്ടിവ്യവസ്ഥക്ക് യാതൊരു ഭേദഗതിയുമുണ്ടാവില്ല. അതത്രേ നേര്‍ക്കുനേരെയുള്ള മതം; പക്ഷേ മിക്കവരും യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്നില്ല. (അർറൂം: 30) മനുഷ്യപ്രകൃതി താല്‍പര്യപ്പെടുന്ന വിശ്വാസ-കര്‍മ സംഹിതകളാണ് ഇസ്‌ലാം. അത് സ്വമേധയാ സ്വീകരിക്കാന്‍ പാകത്തിലാണ് സൃഷ്ടാവ് ഓരോരുത്തരെയും പടക്കുന്നത്. എന്നിരിക്കെ പശ്ചാത്തല സമ്മര്‍ദ്ദങ്ങളാല്‍ വഴി തെറ്റിക്കപ്പെടുകയും ലിംഗം മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് ദൈവനിന്ദയാണ്. ഓരോ ശിശുവും പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയിലാണ്; പിന്നീട് മാതാപിതാക്കളാണ് അവനെ ജൂതനോ ക്രിസ്ത്യാനിയോ പാഴ്‌സിയോ ആക്കുന്നത് എന്ന നബിവചനത്തിൽ നിന്നും ഈ ആശയം വ്യക്തമാണ്. മാത്രമല്ല, അത്തരം ഒരു ലാഞ്ചന പോലും ഒരു വ്യക്തിയിൽ ഉണ്ടാവരുത് എന്ന് ഇസ്ലാം താൽപര്യപ്പെടുന്നു. അതാണ് പെണ്ണ് ആണിന്റെയും ആണ് പെണ്ണിന്റെയും വസ്ത്രവും വേഷവും ധരിക്കരുത് എന്ന് പറഞ്ഞതിന്റെ താൽപര്യം. അത് ഒരു പ്രത്യേക വസ്ത്രത്തെ കുറിച്ചാകാൻ തരമില്ല. കാരണം ഓരോ നാട്ടിലും സംസ്കാരത്തിലും ആൺ-പെൺ ഡ്രസ് കോഡുകൾ വിഭിന്നമാവാം. അതുകൊണ്ട് ഈ പറഞ്ഞതിന്റെ താൽപര്യം ഓരോരുത്തരും തന്റെ സമൂഹത്തിന്റെ ലിംഗപരമായ വസ്ത്ര ഐഡന്റിറ്റി സംരക്ഷിക്കണം എന്നായിരിക്കും. ഇബ്നു അബ്ബാസ്(റ) പറഞ്ഞു: പുരുഷൻമാരിൽ നിന്ന് സ്ത്രീകളോട് സാദൃശ്യപ്പെടുന്നവരെയും, സ്ത്രീകളിൽ നിന്ന് പുരുഷൻമാരോട് സാദൃശ്യപ്പെടുന്നവരെയും നബി(സ) ശപിച്ചിരിക്കുന്നു. (അബൂദാവൂദ്). ഇത്തരം കാര്യങ്ങൾ പറയുമ്പോൾ അതിനോട് വിയോജിപ്പുള്ളവർ അസ്വസ്ഥരായിട്ടു കാര്യമില്ല. കാരണം ഇസ്ലാം ഇങ്ങനെയൊക്കെ പറയുന്നത് അത് മുന്നോട്ടു വെക്കുന്ന വിശ്വാസ-കർമ്മ സംഹിതകളുടെ ഭാഗമായിട്ടാണ്. അതു സമ്പൂർണ്ണമാവുക ഈ ചേരുവകളെല്ലാം ചേരുംപടി ചേരുമ്പോഴാണ്. അങ്ങനെ കാണാതെ ഒരു മതത്തിൽ നിന്ന് ഒരു കഷ്ണത്തെ അടർത്തിയെടുത്ത് ചെയ്യുന്ന നിരൂപണങ്ങൾ ശരിയോ ബുദ്ധിപരമോ അല്ല.
ഇനിയാണ് നാം നേരത്തെ പറഞ്ഞതു പോലെ ഹോർമോൺ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന ഭിന്ന ലിംഗങ്ങളുടെ വിഷയത്തിലേക്ക് വരുന്നത്. ഇതിനെ കുറിച്ച് ഖുര്‍ആനിലോ സ്വീകാര്യയോഗ്യമായ ഹദീസുകളിലോ പരാമര്‍ശമില്ല. പ്രാമാണികം എന്ന് പറയാന്‍ മാത്രം പ്രബലമല്ലാത്ത ചില ഹദീസുകളും മറ്റും മാത്രമേയുള്ളൂ. അതിനാൽ ഇത്തരം സാഹചര്യങ്ങൾ സാമൂഹ്യ ചർച്ചക്ക് വന്ന, വന്നേക്കാവുന്ന സാഹചര്യങ്ങളിൽ ഇതേ കുറിച്ച് പണ്ഡിതൻമാർ നടത്തിയ കർമ്മശാസ്ത്ര ചർച്ചകളെ ആശ്രയിക്കുക മാത്രമേ നമുക്ക് വഴിയുള്ളൂ. ഈ വിഷയത്തെ കുറിച്ചുള്ള വായനകളിൽ പ്രധാനപ്പെട്ട ഒന്നാണ് സൗദി അറേബ്യ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ലോക കർമ്മശാസ്ത്ര അക്കാദമിയുടെ നിരീക്ഷണം. ഇത്തരം കേസുകൾ പ്രത്യക്ഷപ്പെടുകയും അത് ചർച്ചയാവുകയും ചെയ്ത സാഹചര്യത്തിലാണ് അക്കാദമി ഇക്കാര്യം ചർച്ചക്കെടുത്തത് എന്ന നിലക്കാണ് അത് ആദ്യം പറയുന്നത്. അവരുടെ നിലപാട് ഇങ്ങനെ വായിക്കാം: ഒരു വ്യക്തിയിൽ സ്ത്രീയുടെയും പുരുഷന്റെയും ലിംഗാവയവങ്ങൾ സമ്മിശ്രമായി സമ്മേളിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ഏതിനോടാണ് ചായ്‌വ് എന്നു പരിശോധിക്കണം. അങ്ങനെ കൂടുതൽ ചായ്‌വ് പുരുഷനോടാണെങ്കിൽ പൗരുഷത്തിന് യോജിക്കാത്ത ഗുണങ്ങൾ നീക്കം ചെയ്തും, ഇനി അങ്ങനെയല്ല കൂടുതൽ ചായ്‌വ് സ്ത്രീയോടാണെങ്കിൽ സ്ത്രൈണതക്ക് യോജിക്കാത്ത ഗുണങ്ങൾ നീക്കം ചെയ്തും രണ്ടിലേതെങ്കിലും ഒരു ലിംഗത്തിലേക്ക് പൂർണമായും പരിവർത്തിപ്പിക്കാൻ ആവശ്യമായ ചികിത്സാ നടപടികൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. അത് സർജറിയായാലും ശരി, ഹോർമോൺ ചികിത്സ പോലുള്ളതായാലും ശരി. വിദഗ്ധ ചികിത്സ അനിവാര്യമായ രോഗമാണ് ഇത് എന്നതാണ് ഇങ്ങനെ ചെയ്യാനുള്ള ന്യായം. രോഗം ചികിത്സിച്ച് ഭേതപ്പെടുത്തുകയാണ് വേണ്ടത്. അത് ഒരിക്കലും അല്ലാഹുവിന്റെ സൃഷ്ടിപ്പിൽ മാറ്റം വരുത്തലേ അല്ല. (ഇസ്ലാമിക് ഫിഖ്ഹ് അക്കാദമിയുടെ തീരുമാനങ്ങൾ ക്രോഡീകരിച്ച പുസ്തകം പേജ്: 97). ഈ നിലപാട് വഴി അക്കാദമി ട്രാൻസിഷന് നിർബന്ധിക്കുകയല്ല. ലിംഗ ഭിന്നതയുടെ അനുഭവം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന പ്രയാസങ്ങൾ പരിഗണിച്ച് അവരെ സഹായിക്കുകയാണ്. ഭിന്നലിംഗക്കാർ സത്യത്തിൽ വെറും ഒരു മാനസിക താൽപര്യം മാത്രമല്ല അനുഭവിക്കുന്നത്. അവരുടെ മനസ്സിലും ശരീരത്തിലും വിവിധ സംഘർഷങ്ങൾ നടക്കുന്നുണ്ട് എന്നാണ് അനുഭവങ്ങളുടെ വിവരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത്. ഇത്തരം പൊറുതിമുട്ടലുകൾ അനുഭവിക്കുന്നവർക്ക് മതപരമായ അടിസ്ഥാനങ്ങൾ ഭേതിക്കാതെ തന്നെ അവരെ സഹായിക്കാൻ ശ്രമിക്കേണ്ടതുണ്ടല്ലോ. എന്നാൽ ഈ കാര്യത്തിൽ എന്നാലും ആശങ്കയുണ്ട്. കാരണം താൻ ഇഛിക്കുന്ന സ്വത്വത്തിലേക്കുള്ള ട്രാൻസ് സമൂഹത്തിന്റെ ചേക്കേറൽ അത്ര എളുപ്പമല്ല എന്നാണ് ഇപ്പോൾ വീണ്ടും പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ. നേരത്തെ അനന്യ എന്ന ട്രാൻസ് വനിതയുടെ അനുഭവം വന്നിരുന്നു. ഇപ്പോൾ മാധ്യമ പ്രവർത്തക ഹെയ്ദി സാദിയയും പ്രയാസങ്ങൾ നേരിടുകയാണ് എന്ന് തുറന്നു പറയുകയുണ്ടായി. ഏഴ് വർഷം മുമ്പാണ് ശസ്ത്രക്രിയയും എല്ലാം വിജയകരമായി കഴിഞ്ഞ് സാദിയ പെണ്ണായത്.
അത് മറ്റൊരു ചർച്ചയാണ്. അതിലേക്കും നാം പോകുന്നില്ല. ഏതായാലും നിലവിലുള്ള ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ നപുംസകത്തെക്കുറിച്ച് സമഗ്രമായ വിശകലനങ്ങളുണ്ട്. നപുംസകങ്ങള്‍ രണ്ടിനമുണ്ട്. പുരുഷലിംഗവും സ്ത്രീ യോനിയും രണ്ടുമുള്ളവരാണ് ഒരിനം. ഇത്തരക്കാര്‍ ഒന്നുകില്‍ പുരുഷന്‍ അല്ലെങ്കില്‍ സ്ത്രീ ആയിരിക്കും. മൂന്നാമത്തെ ഒരിനമില്ല. മൂത്രം, ശുക്ലം എന്നിവ പുറപ്പെടുന്ന സ്ഥാനം, ഋതുരക്തം, പ്രസവം, താടി, ശക്തി എന്നിവ ആധാരമാക്കിയാണ് ആണോ പെണ്ണോ എന്ന് ലിംഗ നിര്‍ണയം നടത്തുന്നത്. രണ്ടാമത്തെ ഇനം, യോനിയോ ലിംഗമോ ഇല്ലാതെ കേവലം ഒരു ദ്വാരത്തില്‍ കൂടി വിസര്‍ജ്ജനം നടത്തുന്നവരാണ്. ഈ ദ്വാരമാകട്ടെ, സ്ത്രീയുടെയോ പുരുഷന്റെയോ ലൈംഗികാവയവത്തോടു സാദൃശ്യം പുലര്‍ത്തുന്നതുമല്ല. വ്യക്തമായ ലക്ഷണങ്ങള്‍ ലിംഗ നിര്‍ണയത്തിനു സഹായകമാകാതിരിക്കുമ്പോള്‍ ഇവരെ അവ്യക്ത നപുംസകങ്ങള്‍ എന്നു പറയുന്നു. ലക്ഷണങ്ങളുടെ അഭാവത്തില്‍ ഒന്നാം ഇനവും അവ്യക്ത നപുംസക ഗണത്തില്‍ പെട്ടതായി ഗണിക്കപ്പെടുമെന്നാണ് കർമ്മശാസ്ത്ര വിശകലനം. ആണിനും പെണ്ണിനും എന്ന പ്രധാന വേർതിരിവാണ് മതനിയമങ്ങളിൽ പൊതുവെ പരിഗണിക്കുന്നത്. ഒന്നുകിൽ ആണിനുള്ളത് അല്ലെങ്കിൽ പെണ്ണിനുള്ളത് എന്ന അർഥത്തിൽ. അങ്ങനെ വരുമ്പോൾ ഈ വ്യക്തിയെ ഏത് ലിംഗമായി പരിഗണിക്കണം എന്നതു കണ്ടെത്തുവാനാണ് മുകളിൽ പറഞ്ഞ പരിശോധന പറഞ്ഞഞ്ഞത്. എന്നാൽ രണ്ടിലൊന്നിലേക്കും പരിഗണിക്കാൻ കഴിയാത്ത വിധം കാര്യങ്ങൾ അനിശ്ചിതവും അവ്യക്തവുമായിരിക്കുമ്പോൾ എന്തു ചെയ്യണം എന്നതും പണ്ഡിതരുടെ ചർച്ചക്കു വന്നിട്ടുണ്ട്. ഇത്തരം നപുംസകങ്ങള്‍ക്കു ചിലയിടങ്ങളില്‍ പുരുഷ വിധികളും മറ്റു ചിലയിടങ്ങളില്‍ സ്ത്രീവിധികളും ഇനിയും വേറെ സ്ഥലങ്ങളില്‍ പ്രത്യേക നിയമങ്ങളുമാണ് ഇസ്‌ലാം നല്‍കുന്നത് എന്നാണ് ആ ചർച്ചയുടെ രത്നച്ചുരുക്കം. പരസ്പരം കാണുന്നതും നോക്കുന്നതും, മയ്യത്ത് നിസ്കരിക്കുന്നതും നിസ്കരിക്കപ്പെടുന്നതും, കോടതി വ്യവഹാരങ്ങളിൽ പങ്കെടുക്കുന്നതും തുടങ്ങി ആണിനും പെണ്ണിനും വ്യത്യസ്ഥതയുള്ള പല മേഖലകളുമുണ്ട്. മത കർമ്മങ്ങൾ, ബാദ്ധ്യതകൾ തുടങ്ങിയവ മുതൽ ലിംഗ ശസ്ത്രക്രിയയെ കുറിച്ചു വരെയുള്ള വിഷയങ്ങൾ ആധികാരിക ഫിഖ്ഹ് ഗ്രന്ഥങ്ങൾ വിശകലനം ചെയ്യുന്നുണ്ട്. ശറഹുല്‍ മുഹദ്ദബ് രണ്ടാം വാള്യം 45 മുതൽ 55 വരെ പേജുകൾ, തുഹ്ഫ: ഒമ്പതാം വാള്യം 193 മുതൽ 195 വരെ പേജുകൾ, മുഗ്‌നി: നാലാം വാള്യം 200,201 പേജുകൾ തുടങ്ങിയവയിൽ അത്തരം ചർച്ചകളുണ്ട്.
O
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso