പഠനം: നമ്മുടെ മാർഗ്ഗവും മാതൃകയും.
23-02-2023
Web Design
15 Comments
മറ്റൊരു വിദ്യാഭ്യാസ വർഷം കൂടി കലണ്ടർ ചുരുട്ടുകയാണ്. ഒരു വിദ്യാഭ്യാസ വർഷം അവസാനിക്കുന്നത് പരീക്ഷയോടു കൂടെയാണ്. അത് നടക്കുന്നതും പുരോഗമിക്കുന്നതുമാവട്ടെ പഠനത്തിലൂടെയുമാണ്. അങ്ങനെ സംക്ഷിപ്തമായി മനസ്സിലാക്കുമ്പോൾ, വിദ്യാഭ്യാസം എന്നാൽ പഠനവും പഠിച്ചതിന്റെ പരീക്ഷയും ചേർന്നതാണ് എന്ന് മനസ്സിലാക്കാം. പഠനവും പരീക്ഷയും എന്ന ചിന്തയിലേക്ക് നാം കടക്കുമ്പോൾ അത് നമ്മുടെ ജീവിതത്തിന്റെ അകത്തുകയാണ് എന്ന് കണ്ടെത്തുവാൻ കഴിയും. അതിന് നമ്മെ സഹായിക്കുന്ന ഒരു വസ്തുതയാണ് നമ്മുടെ സ്വന്തം ഉല്പത്തിയുടെ ചരിത്രം. ആദം നബിയിലൂടെ മനുഷ്യൻ എന്ന പുതിയ വർഗ്ഗത്തെ സ്ഥാപിക്കാൻ അല്ലാഹു തീരുമാനിക്കുകയും അക്കാര്യം തന്റെ സമീപസ്ഥരായ മലക്കുകളുമായി പങ്കുവെക്കുകയും ചെയ്തു. മുൻ അനുഭവം ഉള്ളതുകൊണ്ട് കൊണ്ടോ അല്ലെങ്കിൽ തങ്ങൾ മതിയല്ലോ എന്ന വിചാരം കൊണ്ടോ അവർ അതിനെ നിരൂപണം ചെയ്യുകയാണ് ചെയ്തത്. അതോടെ ഈ നിരൂപണത്തെ മറികടക്കുവാൻ അല്ലാഹുവിന് ബാധ്യതയുണ്ടായതു പോലെയായി. അവർ ചെയ്തത് തെറ്റായ നിരൂപണമാണ് എന്ന് സ്ഥാപിക്കേണ്ടതായി വന്നു. അതിനുവേണ്ടി അവരുടെ അഭിപ്രായങ്ങളെ ഒരേസമയം അപ്രസക്തമാക്കുകയും അവർക്ക് അടഞ്ഞ മറുപടി ലഭിക്കുകയും ചെയ്യുന്ന ഒരു മാർഗ്ഗം സൃഷ്ടാവായ അല്ലാഹു സ്വീകരിക്കുകയായിരുന്നു. ആ മാർഗ്ഗത്തിന്റെ ലക്ഷ്യവും ആകെത്തുകയും നിങ്ങൾ നിരൂപണം ചെയ്തത് പോലെയല്ല കാര്യങ്ങൾ, ഞാൻ സൃഷ്ടിക്കാൻ പോകുന്ന പുതിയ സൃഷ്ടി സവിശേഷമായ കഴിവുകളുള്ള ഒന്നാണ് എന്ന് സ്ഥാപിക്കൽ ആയിരുന്നു. അതിന് അല്ലാഹുവിന് പല മാർഗങ്ങളും സ്വീകരിക്കാമായിരുന്നു. എന്നിട്ടും അല്ലാഹു സ്വീകരിച്ചത് പഠനവും പരീക്ഷയും എന്നതായിരുന്നു.
അതായത്, ആദം നബിക്ക് അല്ലാഹു ആദ്യം എല്ലാം പഠിപ്പിച്ചു കൊടുക്കുകയും പിന്നീട് അവരുടെ മുമ്പിൽ വച്ച് അത് പരീക്ഷ നടത്തി തെളിയിക്കുകയും ചെയ്യുകയായിരുന്നു ആ വഴി. അവരുടെ മുമ്പിൽ പഠനവും പരീക്ഷയും നടക്കുകയും അതിൽ ആദം നബി വിജയിക്കുകയും ചെയ്തതോടെ അവരുടെ നിരൂപണ സ്വഭാവത്തിലുള്ള ആരോപണം അവസാനിച്ചു. നമ്മുടെ സ്വന്തം ഉല്പത്തിയുടെ കഥയുടെ ഈ ഭാഗത്തു നിന്നാണ് നാം പഠനവും പരീക്ഷയും കണ്ടു തുടങ്ങുന്നത്. ഉല്പത്തിയിൽ ഉണ്ടായതെല്ലാം മനുഷ്യജീവിതത്തിന്റെ ആത്യന്തിക പാഠങ്ങളാണ് എന്നാണ്. അതിനാൽ അതിൽ ഉണ്ടായ ഒരു നീക്കമായ പരീക്ഷയും പഠനവും മനുഷ്യജീവിതത്തിന്റെ തന്നെ ഒരു ആത്യന്തിക പ്രക്രിയയാണ്. അതായത്, ഈ ദുനിയാവ് മൊത്തം ഒരു പഠനമാണ്. സ്വന്തം ജീവിതം വിവിധ സാഹചര്യങ്ങളിലൂടെ കടത്തിക്കൊണ്ടുപോകുമ്പോൾ നാം ഓരോരുത്തരും പഠിക്കുകയാണ്. ആ പഠനത്തിന്റെ പരീക്ഷ നടക്കുന്നത് അടുത്ത ജീവിതത്തിലാണ്. അടുത്ത ജീവിതത്തിൽ നടക്കുന്ന കണക്കുനോട്ടവും ചോദ്യോത്തരവും അളക്കലും തൂക്കലും എല്ലാമാണ് ആ പരീക്ഷ. അങ്ങനെ വരുമ്പോൾ പഠനവും പരീക്ഷയും മനുഷ്യന്റെ തന്നെ ആകെത്തുകയായി മാറുന്നു. ജീവിതം എന്ന വിശാലമായ പഠനത്തിനുള്ളിൽ കൊച്ചു കൊച്ചു പഠനങ്ങളും അവയുടെ പരീക്ഷകളും ഉണ്ട്. ആ പരീക്ഷകൾ വിജയിക്കുക വഴി ആണ് ഓരോരുത്തരും ഓരോ ചുവടുകൾ മുന്നോട്ട് വെക്കുന്നത്. അതിലും രണ്ട് വഴിയുണ്ട്. അത് സ്വന്തം ജീവിതം ചലനാത്മകമായിരിക്കണമെന്നും ഓരോ ചുവടും മുന്നോട്ടും വിജയത്തിലേക്കുമായിരിക്കണമെന്നും കരുതുന്നവരുടെ വഴിയാണ് അവയിൽ ഒന്ന്. ഇത് സ്ക്കൂൾ കുട്ടികൾക്കുള്ളതല്ല. പൊതു സമൂഹത്തിനുള്ളതാണ്. സമൂഹത്തിലെ ഏതൊരു വ്യക്തിക്കും തന്റെ ജീവിതം വിജയത്തിലൂടെ മുന്നോട്ടു നയിക്കണം എന്നുണ്ടെങ്കിൽ അവൻ നിരന്തരമായി പഠിച്ചേ പറ്റൂ. പഠിക്കാതെ അലസതയിൽ മുഖം പൂഴ്ത്തി ഇരിക്കുന്നവർ മറ്റുള്ളവരെ വെറുതെ യാന്ത്രികമായി അനുധാവനം ചെയ്യുന്നവർ എന്നിവരൊക്കെ ഭൂമിക്കും സമൂഹത്തിനും സമുദായത്തിനും ഒരു ഭാരം മാത്രമായിരിക്കും.
ഇവിടെ നിന്ന് നാം തത്വങ്ങളുടെ ലോകത്തുനിന്നും യാഥാർഥ്യങ്ങളുടെ ലോകത്തേക്കു കടക്കുന്നു. അതായത്, പഠനം മനുഷ്യ ജീവിതത്തിന്റെ അനിവാര്യതയാണ് എന്ന സത്യത്തിലേക്ക്. അറിവ് മഹാ ശക്തിയാണെന്ന് തിരിച്ചറിഞ്ഞ ഒരു കാലത്താണ് നാം ജീവിക്കുന്നത്. അറിവ് ആയുധമാണ്. ഉപജീവനമാർഗ്ഗമാണ്. സംസ്കാരമാണ്. നമ്മുടെ ജീവിത വ്യവസ്ഥയുടേയും സമ്പദ് വ്യവസ്ഥയുടേയും അടിസ്ഥാനമായി അറിവ് മാറിയിരിക്കുന്നു. ഈ മാറ്റത്തിലേക്ക് മനുഷ്യൻ എത്തിയത് തന്നെ ഒരു പഠനത്തിന്റെ ഭാഗമായിട്ടാണ് എന്നു വേണം പറയാൻ. കാരണം മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ചോദന കൃഷിയായിരുന്നു എന്നാണ് ആദിമ ചരിത്രം. കൃഷിയെ ജീവിത സന്ധാരണ മാർഗമായി കണ്ടിരുന്ന അന്നത്തെ ജനങ്ങൾ കൃഷിക്കുള്ളിൽ പരീക്ഷണങ്ങൾ എന്ന നിലക്ക് പഠനങ്ങൾ നടത്തിയിരുന്നു എന്നത് ശരിയാണ്. പക്ഷേ, അവ സമ്പൂർണ്ണമായിരുന്നില്ല എന്ന് മാത്രമല്ല സ്വതന്ത്രവും ആയിരുന്നില്ല. അവർ അധികവും മറ്റുള്ളവരെ അന്ധമായി അനുധാവനം ചെയ്യുവാനും സാമ്പ്രദായികതകളെ പിന്തുടരുവാനും ആയിരുന്നു ശ്രമിച്ചിരുന്നത്. പിന്നീട് അത് വാണിജ്യ വ്യവസായ യുഗത്തിലേക്ക് കടന്നു. തുടർന്ന് വിവര സാങ്കേതിക യുഗത്തിലേക്ക് വളർന്നു. ഇപ്പോൾ വൈജ്ഞാനിക യുഗത്തിൽ എത്തിയിരിക്കുകയാണ്. എങ്ങും എവിടെയും പഠനമാണ് നടക്കുന്നത്. പഠനത്തെ ജീവിതവും ജീവിത സന്ധാരണവും ശാസ്ത്രവും എല്ലാമായി മനുഷ്യൻ വികസിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രശസ്ത ചിന്തകൻ ഫ്രാൻസിസ് ബേക്കന്റെ അറിവ് ശക്തിയാണ് എന്ന വാക്കുകൾ പ്രസക്തമാകുന്നത്. ആ ശക്തിയാർജ്ജിക്കാതെ മുന്നോട്ട് പോയാൽ തളർന്ന് പോവും. ഈ ശക്തി ഒരു അലങ്കാരമല്ല, മറിച്ച് അത് മനുഷ്യന്റെ ഉത്തരവാദിത്വമാണ്. അതായത് പഠിക്കുക എന്നത് നൈസർഗികമായി തന്നെ മനുഷ്യന്റെ ബാധ്യതയാണ്. അവനത് അറിവ് വർദ്ധിപ്പിക്കുവാനും മറ്റുള്ളവരുടെ മുമ്പിൽ മേനിനടിക്കുവാനും സാക്ഷ്യപത്രങ്ങൾ സ്വരുക്കൂട്ടുവാനും ഉള്ളതല്ല മറിച്ച് സ്വന്തം ജീവിതത്തെ കണ്ടെത്തുവാനുള്ളതാണ്.
കാരണം മനുഷ്യേതര ജീവജാലങ്ങള്‍ക്ക് ബാഹ്യലോകത്തുനിന്ന് അറിവ് നേടേണ്ടുന്ന ആവശ്യമില്ല. അവയ്ക്ക് ജീവിച്ചു പോകാനാവശ്യമായ അറിവ് അവയുടെ പ്രകൃതിയില്‍ തന്നെ സൃഷ്ടാവ് നിക്ഷേപിച്ചിട്ടുണ്ട്. അമ്മ പ്രസവിച്ച ഉടന്‍ തന്നെ ഒരു പശുക്കുട്ടി സ്വയം ഓടുകയും ചാടുകയും നീന്തുകയും എല്ലാം ചെയ്യും. അതിനെ ആരും ഒന്നും പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ മനുഷ്യന്റെ അവസ്ഥ ഭിന്നമാണ്. വളരുവാനും വികസിക്കാനും അന്വേഷിക്കാനും അറിവ് നേടാനും ചിന്തിക്കാനുമുള്ള സവിശേഷ സിദ്ധികളുമായാണ് മനുഷ്യന്‍ ജനിക്കുന്നത്. പക്ഷെ, അവ ഉപയോഗിച്ച് വളരാനും വികസിക്കാനും അവന്ന് അറിവും ശിക്ഷണവും അത്യാവശ്യമാണ്. അതേ സമയം മനുഷ്യന്‍ ആര്‍ജിക്കേണ്ടുന്ന അറിവ് എന്താണെന്നും അതിന്റെ സ്വഭാവവും പ്രകൃതിയും എന്തായിരിക്കണമെന്നും നിര്‍ണയിക്കേണ്ടത് പ്രധാനമാണ്. ഇവിടെ നിന്ന് ഇസ്ലാമിക വായനയിലെ അറിവും പഠനവുമെല്ലാം മറ്റൊരു ദിശയിലേക്ക് തിരിയുന്നു. ഇതിലേക്ക് എത്തിച്ചേരുവാൻ ചെറിയ ഒരു ആമുഖം ആവശ്യമാണ്. ആ ആമുഖം ഇങ്ങനെയാണ്. മനുഷ്യനില്‍ ജന്തുസഹജവും മനുഷ്യസഹജവുമായ ഗുണങ്ങളുണ്ട്. ഇവയിൽ ഏത് ഗുണത്തെയാണോ ഒരാൾ വളർത്തിയെടുക്കുന്നത് അതാണ് അവൻറെ അസ്ഥിത്വത്തെ നിശ്ചയിക്കുക. ഇവയിൽ മനുഷ്യസഹജമായ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുകയാണ് വിദ്യാഭ്യാസത്തിന്റെ ദൗത്യം. ഈ ദൗത്യത്തെ പ്രവാചകന്‍ ഇപ്രകാരം വിശദീകരിക്കുന്നു: ഓരോ കുഞ്ഞും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. പിന്നീട് അവന്റെ മാതാപിതാക്കളാണ് അവനെ ജൂതനും ക്രൈസ്തവനും അഗ്നിപൂജകനുമാക്കി മാറ്റുന്നത് (ബുഖാരി, മുസ്ലിം). ബാഹ്യവും സാമൂഹികവുമായ കാരണങ്ങളാല്‍ ശുദ്ധ പ്രകൃതിയില്‍ നിന്നകന്നുപോയവരെ തിരിച്ചുകൊണ്ടുവരലും വിദ്യാഭ്യാസത്തിന്റെ ദൗത്യമാണെന്നാണിതിന്നര്‍ഥം.
മനുഷ്യന്‍ ആര്‍ജിച്ചിരിക്കേണ്ടുന്ന പ്രഥമമായ അറിവ് ഏതാണ്? താന്‍ തന്നെത്തന്നെ അറിയുക എന്നതാണത്. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയല്‍. താന്‍ ആരാണ്? എവിടെ നിന്ന് വന്നു? എങ്ങോട്ടു പോകുന്നു? ഈ ഭൂമിയില്‍ തന്റെ ദൌത്യമെന്താണ്? ഈ കാര്യങ്ങള്‍ അറിയാത്തവന്‍ അജ്ഞാനിയാണ്. പക്ഷേ, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മനുഷ്യന് സ്വയം കണ്ടെത്താന്‍ ആവുകയില്ല. അതുകൊണ്ട് മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് ഇക്കാര്യങ്ങള്‍ അവനെ പഠിപ്പിക്കാന്‍ പ്രവാചകന്മാരെ നിയോഗിച്ചു. ഈ അര്‍ഥത്തില്‍ മനുഷ്യ സമൂഹത്തിന്റെ പ്രഥമ ഗുരുനാഥന്മാര്‍ പ്രവാചകന്മാരായിരുന്നു. മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയാന്‍ ആവശ്യമായ വിദ്യാഭ്യാസം അവര്‍ക്ക് പകര്‍ന്നുനല്‍കലാണ് പ്രവാചക നിയോഗത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. ഇസ്ലാമിക വിദ്യാഭ്യാസത്തിന്റെ മൂലശിലയും അതുതന്നെ. ഒറ്റ വാചകത്തിൽ പറഞ്ഞും എഴുതിയും തീർക്കാമെങ്കിലും മനുഷ്യൻ സ്വന്തം സ്വത്വത്തെ തിരിച്ചറിയുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനോട് അനുബന്ധമായി കിടക്കുന്ന ഒരുപാട് വിഷയങ്ങളുണ്ട്. അവയെല്ലാം ഒപ്പം ഗ്രഹിക്കേണ്ടതുണ്ട്. അതിനു സഹായകമാകുന്ന അതെല്ലാം ഗ്രഹിക്കണമെന്നുണ്ടെങ്കിൽ ഒന്നോ രണ്ടോ ദിവസമോ വർഷം തന്നെയുമോ മാത്രം നീക്കി വെച്ചാൽ മതിയാവില്ല. മറിച്ച് ജീവിതം മുഴുവനും ആ അന്വേഷണത്തിന് വേണ്ടി നീക്കി വെക്കേണ്ടി വരും. അതുകൊണ്ടാണ് വിശ്വാസിയുടെ ഐഹിക ജീവിതം മുഴുവനും ഒരു പഠനമാണ് എന്നു പറയുന്നത്. നീണ്ട കാലയളവ് സത്യം അന്വേഷിക്കുവാനും കണ്ടെത്തുവാനും വേണ്ടിയുള്ള പഠനങ്ങൾക്കായി നീക്കി വെക്കണം എന്ന് പറയുമ്പോൾ ആരിലും മടി താനേ ജനിക്കും. അത് അവന്റെ ആ അർത്ഥത്തിലുള്ള ശ്രമത്തെ തടയിടുകയും അജ്ഞതയോട് രാജിയാകാനുള്ള താല്പര്യം ഉടലെടുക്കുകയും ചെയ്യും. അതുണ്ടാവാതിരിക്കാൻ ഇസ്ലാം ജാഗ്രത പുലർത്തിയിട്ടുണ്ട്. വിജ്ഞാനത്തിന്റെ മഹത്വവും പഠനത്തിന്റെ പ്രതിഫലവും ഇസ്ലാം വ്യക്തമാക്കിയത് ഈ അർഥത്തിലുള്ള പ്രചോദനം നൽകുവാനാണ്. മടിയെ മറികടന്ന് ദുനിയാവിലെ ഏറ്റവും വലിയ പഠനത്തിന് ഒരു വിശ്വാസി തയ്യാറാകുമ്പോൾ അവന് വലിയ പ്രതിഫലം നൽകുക എന്നത് ന്യായം തന്നെയാണ്.
ഇസ്‌ലാമിന്റെ ഒന്നാം നാള്‍ മുതല്‍ മുസ്‌ലിംകളുടെ പ്രഥമ പരിഗണനയിലുള്ള വിഷയമായിരുന്നു പഠനം. ഖുര്‍ആനിലെ ഒന്നാമത്ത വാക്ക് തന്നെ വായിക്കാനുള്ള ആഹ്വാനമായ ഇഖ്‌റഅ് എന്നാണ്. അറിവ് നേടല്‍ ഓരോ മുസ്‌ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ് എന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മുസ്‌ലിംകള്‍ വിദ്യാഭ്യാസ സംവിധാനത്തിന് വലിയ പ്രാധാന്യം നല്‍കി. ഇബ്‌നു ഖല്‍ദൂന്‍ അദ്ദേഹത്തിന്റെ മുഖദ്ദിമയില്‍ പറയുന്നു: കുട്ടികളെ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്, ഇസ്‌ലാമിന്റെ ശീലമാണ്. മുസ്‌ലിംകളുടെ എല്ലാ കേന്ദ്രങ്ങളിലും ഈ പഠനവും പരിശീലനവും കാണാം. ഇസ്‌ലാം മതത്തിലും വിശ്വാസ പ്രമാണങ്ങളിലും ദൃഢമായ വിശ്വാസം അതു ഹൃദയങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. ഖുര്‍ആന്‍ സൂക്തങ്ങളിലും നബി വചനങ്ങളിലും നിന്നുമാണല്ലോ ഇവയുടെ ഉല്‍പത്തി. ഖുര്‍ആന്‍ ഈ നിലക്ക് വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ്. ഇസ്‌ലാമിക ലോകത്തെ ഏറ്റവും ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തീര്‍ത്തും ഇത്തരം അനൗപചാരിക സംവിധാനങ്ങളായിരുന്നു. മസ്ജിദുകളില്‍ അറിവുള്ള ഒരു പണ്ഡിതന് ചുറ്റും ആളുകള്‍ ഒരുമിച്ചിരിക്കുകയും അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ കേള്‍ക്കുകയും അദ്ദേഹത്തിന്റെ പക്കലുള്ള പുസ്തകങ്ങള്‍ വായിക്കുകയും അതിലൂടെ അറിവ് നേടുകയും ചെയ്യുന്ന രീതിയായിരുന്നു അത്. പല പ്രമുഖ മുസ്‌ലിം പണ്ഡിതന്‍മാരും ഈ രീതിയിലാണ് പഠിച്ചു വളര്‍ന്നത്. അതേ രീതിയില്‍ തങ്ങളുടെ ശിഷ്യന്‍മാര്‍ക്ക് അവര്‍ അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്തു. നാല് കര്‍മശാസ്ത്ര ഇമാമുമാരും ഈ സംവിധാനത്തില്‍ നിന്നാണ് ആഴത്തിലുള്ള അറിവ് കരസ്ഥമാക്കിയത്. ഈ അനൗപചാരിക വിദ്യാഭ്യാസ രീതി മുസ്‌ലിം ലോകത്ത് ചിലയിടങ്ങളിലെല്ലാം ഇപ്പോഴും തുടരുന്നുണ്ട്. നമ്മുടെ പള്ളി ദർസുകളെ അങ്ങനെ കാണാവുന്നതാണ്. ഇസ്‌ലാം സവിശേഷ സ്ഥാനം കല്‍പിച്ചിട്ടുള്ള മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി, മസ്ജിദുല്‍ അഖ്‌സ എന്നിവിടങ്ങളില്‍ പണ്ഡിതന്‍മാര്‍ പതിവായി ഇപ്പോഴും ക്ലാസുകള്‍ എടുക്കാറുണ്ട്. അതില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ആര്‍ക്കും അതിന്റെ ഭാഗമായി അറിവ് നേടാന്‍ സാധിക്കും.
കാലക്രമേണ, മുസ്‌ലിംകള്‍ വിദ്യാഭ്യാസത്തിന് മാത്രമായി ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങി. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതതല വിദ്യാഭ്യാസം വരെ ഏകദേശം എ.ഡി 900 നടുത്തുള്ള കാലത്താണ് ചെറിയ പ്രായത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി മക്തബ് എന്ന പേരില്‍ പ്രൈമറി പഠന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. പൊതുവെ മസ്ജിദുകളോട് ചേര്‍ന്നായിരുന്നു മക്തബുകള്‍ ഉണ്ടായിരുന്നത്. അവിടെ താമസിച്ചിരുന്ന പണ്ഡിതന്‍മാരും ഇമാമുമാരും കുട്ടികള്‍ക്ക് ക്ലാസുകള്‍ നല്‍കി. അറബി ഭാഷാപഠനത്തിന്റെയും ഗണിതത്തിന്റെയും ഇസ്‌ലാമിക നിയമങ്ങളുടെയും അടിസ്ഥാനങ്ങള്‍ ആ ക്ലാസുകളിലൂടെ നല്‍കിയിരുന്നു. ഒട്ടുമിക്ക സാധാരണക്കാരും തങ്ങളുടെ കുട്ടിക്കാലത്ത് ഇത്തരം പ്രാഥമിക പാഠശാലകളില്‍ നിന്നായിരുന്നു പഠിച്ചിരുന്നത്. മക്തബിലെ പഠത്തിന് ശേഷം വിദ്യാര്‍ഥികളായിരുന്നവര്‍ ഉന്നതവിദ്യാഭ്യാസത്തിനായി ഏതെങ്കിലും മദ്‌റസ (ഇന്നത്തെ ദർസ്, അറബിക്കോളേജ് തുടങ്ങിയവക്കു തുല്യമായ പഠന സംവിധാനം)യില്‍ ചേരുകയോ ചെയ്തിരുന്നു. മദ്‌റസകള്‍ പൊതുവെ വലിയ മസ്ജിദുകളോട് ചേര്‍ന്നാണ് ഉണ്ടായിരുന്നത്. ഈജിപ്തിലെ കെയ്‌റോയിലുള്ള അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി (970ല്‍ സ്ഥാപിക്കപ്പെട്ടു), മൊറോക്കോയിലെ ഫെസിലുള്ള അല്‍ഖറൂവിയ്യീന്‍ (859ല്‍ സ്ഥാപിക്കപ്പെട്ടു) എന്നിവ അതിനുദാഹരണങ്ങളാണ്. പിന്നീട് സല്‍ജൂക് മന്ത്രിയായ നിസാം അല്‍മുല്‍ക് ഇസ്‌ലാമിക ലോകത്തുടനീളം മദ്‌റസകള്‍ സ്ഥാപിച്ചു. മതപരമായ കാര്യങ്ങളിലും അറബി ഭാഷയിലുമുള്ള ആഴത്തിലുള്ള പഠനത്തിനൊപ്പം വൈദ്യം, ഗണിതം, ഗോളശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം പോലുള്ള നിരവധി വിഷയങ്ങളും മദ്‌റസകളില്‍ കുട്ടികളെ പഠിപ്പിച്ചിരുന്നു. എ.ഡി. 1100 കളില്‍ കെയ്‌റോയില്‍ 75 മസദ്‌റസകളും, ദമസ്‌കസില്‍ 51നും അലപ്പോയില്‍ 44ഉം മദ്‌റസകളുണ്ടായിരുന്നു എന്ന് താരീഖ് ദിമശ്ഖിൽ കാണാം. അതോടൊപ്പം മുസ്‌ലിം സ്‌പെയിനില്‍ നൂറുകണക്കിന് മദ്‌റസകള്‍ ഉണ്ടായിരുന്നു.
ഈ മദ്‌റസകള്‍ അക്കാലത്തെ പ്രഥമ സര്‍വകലാശാലകളായിട്ടാണ് കണക്കാക്കപ്പെടുന്നത്. അതില്‍ വ്യത്യസ്ത വിഷയങ്ങള്‍ക്ക് വ്യത്യസ്ത ഫാക്കല്‍റ്റികളുണ്ടായിരുന്നു. അവിടെ താമസിച്ച് പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ തങ്ങളുടെ മേഖലയില്‍ നൈപുണ്യം നേടിയിരുന്നു. വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും നിരവധി അധ്യാപകര്‍ക്ക് കീഴിലില്‍ വര്‍ഷങ്ങള്‍ പഠനം നടത്തുകയും ചെയ്തിരുന്നു. ഇബ്‌നു ഖല്‍ദൂന്‍ പറയുന്നത് അദ്ദേത്തിന്റെ കാലത്ത് മൊറോക്കോയില്‍ 16 വര്‍ഷം നീണ്ടുനില്‍ക്കുന്ന പഠനത്തിനുള്ള കരിക്കുലം മദ്‌റസകളില്‍ ഉണ്ടായിരുന്നു എന്നാണ്. ഏറ്റവും കാലദൈര്‍ഘ്യം കുറഞ്ഞ ഒന്നായിട്ടാണ് അദ്ദേഹം അതിനെ വിശേഷിപ്പിക്കുന്നത്. സമാനമായ സ്ഥാപനങ്ങളിൽ ഇത് അതിലും കൂടുതലായിരുന്നു. ഇവിടെ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇജാസ (കോഴ്‌സ് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അത് പഠിപ്പിക്കാനുള്ള യോഗ്യത നേടിയിട്ടുണ്ട് എന്നും വ്യക്തമാക്കുന്ന സാക്ഷ്യപത്രം) നല്‍കിയിരുന്നു. ഇത് തഹ്സീൽ എന്നും വ്യവഹരിക്കപ്പെടുമായിരുന്നു. തന്റെ വിദ്യാര്‍ഥികള്‍ക്ക് അധ്യാപകന്‍ തന്നെയായിരുന്നു ഇജാസ നല്‍കിയിരുന്നത്. ഇന്നത്തെ ഉന്നത തല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായ ഒന്നായിരുന്നു അത്. പഠനത്തിന്റെ കാര്യത്തിൽ ലിംഗഭേതം അനുഭവപ്പെട്ടതിന് തെളിവുകൾ ഇല്ല എന്നു തന്നെ പറയാം. വിശ്വാസികളെ പോലെ വിശ്വാസിനികളും എല്ലാ കാര്യങ്ങളും മതപരമായി ചെയ്യുവാനും പുലർത്തുവാനും ബാധ്യസ്ഥരാണ് എന്ന് പറയുമ്പോൾ അത്തരം വേർതിരിവ് അർത്ഥമില്ലാത്തതാണ് എന്ന് ബോധ്യമാകും. ഇസ്‌ലാമിക ചരിത്രം പരിശോധിക്കുമ്പോള്‍ സ്ത്രീ വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു എന്ന് കാണാം. അറിവ് നേടുന്നതിനോ അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിനോ അവർക്ക് വിലക്കുണ്ടായിരുന്നില്ല. പ്രവാചക പത്‌നി ആഇശ(റ) അക്കാലത്തെ പ്രമുഖ പണ്ഡിതയായിരുന്നു. പ്രവാചകന്റെ(സ) വിയോഗത്തിന് ശേഷം മദീനയില്‍ നിരവധി ആളുകള്‍ക്ക് അവര്‍ അറിവ് പകര്‍ന്നു നല്‍കിയിട്ടുണ്ട്.
പില്‍ക്കാല ഇസ്‌ലാമിക ചരിത്രവും സ്ത്രീകളുടെ സ്വാധീനം എടുത്തു കാണിക്കുന്നുണ്ട്. മുസ്‌ലിം ലോകത്തുടനീളം സ്ത്രീകള്‍ക്ക് മദ്‌റസകളില്‍ പോകാൻ സാധിച്ചിരുന്നു. അപൂർവ്വമെങ്കിലും ചിലപ്പോൾ അവര്‍ അധ്യാപകരായി മാറുകയും ചെയ്തിട്ടുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനായ ഇബ്നു അസാകിര്‍ (ദമസ്‌കസിന്റെ ചരിത്രം പറയുന്ന താരീഖു ദിമശ്ഖിന്റെ രചയിതാവ് ) അറിവ് തേടി ധാരാളം യാത്രകള്‍ ചെയ്യുകയും എണ്‍പതില്‍ പരം സ്ത്രീ അധ്യാപകരില്‍ നിന്ന് അറിവ് നേടുകയും ചെയ്തിട്ടുണ്ട് എന്നു പറയുന്നത് അതിന്നൊരു ഉദാഹരണമാണ്. മുസ്‌ലിം ലോകത്തെ എന്നല്ല, പൊതു ലോകത്തെ തന്നെ ആദ്യ ഔപചാരിക മദ്‌റസ(യൂണിവേഴ്സിറ്റി)യായ ഫെസിലെ അല്‍ഖറൂവിയ്യീന്‍ യൂണിവേഴ്‌സിറ്റി 859ല്‍ സ്ഥാപിച്ചത് ഫാതിമ അല്‍ഫിഹ്‌രിയെന്ന സമ്പന്നയായ വ്യാപാരി വനിതയായിരുന്നു. അബ്ബാസി ഖലീഫ ഹാറൂണ്‍ റശീദിന്റെ ഭാര്യ സുബൈദ രാജ്ഞി ഹിജാസില്‍ മസ്ജിദുകളും റോഡുകളും കിണറുകളും നിര്‍മിക്കുന്നതിന് വ്യക്തിപരമായി പണം ചെലവഴിച്ചിട്ടുണ്ട്. ആ പ്രദേശത്തിലൂടെ അറിവ് തേടി യാത്ര ചെയ്തിരുന്ന നിരവധി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്തവയായിരുന്നു അവ. ഓട്ടോമന്‍ ഭരണാധികാരി സുല്‍ത്താന്‍ സുലൈമാന്റെ ഭാര്യ ഹുര്‍റം സുല്‍ത്താന്‍ നിരവധി മദ്‌റസകള്‍ക്ക് സംഭാവനയര്‍പിച്ചിട്ടുണ്ട്. ദമസ്‌കസില്‍ അയ്യൂബി ഭരണകാലത്ത് (1174-1260) സ്ത്രീകളാല്‍ നിര്‍മിക്കപ്പെട്ട മദ്‌റസകളും മസ്ജിദുകളും മതസ്ഥാപനങ്ങളുമുണ്ടായിരുന്നു.
മദ്‌റസകളുടെയും മറ്റ് പ്രാചീന ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനങ്ങളുടെയും രൂപങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെങ്കിലും വളരെ പരിമിതമായ അളവില്‍ മാത്രമേ ഉള്ളൂ. 1800കളില്‍ യൂറോപ്യന്‍ ശക്തികള്‍ മുസ്‌ലിം നാടുകളിലേക്ക് നടത്തിയ കടന്നുകയറ്റങ്ങളാണ് അതിന് പിന്നിലെ പ്രധാന കാരണം. ഓട്ടോമന്‍ സാമ്രാജ്യം അതിനൊരു ഉദാഹരണമാണ്. സുല്‍ത്താന്റെ ഫ്രഞ്ച് മതേതര ഉപദേഷ്ടാക്കള്‍ കരിക്കുലത്തില്‍ നിന്ന് മതപരമായ കാര്യങ്ങള്‍ മാറ്റി നിര്‍ത്തി സമ്പൂര്‍ണമായ ഒരു വിദ്യാഭ്യാസ പരിഷ്‌കരണം കൊണ്ടുവരാന്‍ അദ്ദേഹത്തെ ഉപദേശിച്ചു. അതോടെ നൂറുകണക്കിന് വര്‍ഷങ്ങളായി പഠിപ്പിച്ചിരുന്ന അറിവുകളുടെ സ്ഥാനത്ത് യൂറോപ്യന്‍ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയുള്ള യൂറോപ്യന്‍ കരിക്കുലം പഠിപ്പിക്കാന്‍ തുടങ്ങി. ഭരണകൂടത്തിന്റെ പിന്തുണയില്ലാതെ ഇസ്‌ലാമിക മദ്‌റസകള്‍ നിലനിന്നെങ്കിലും മുസ്‌ലിം ലോകത്ത് അവക്കുണ്ടായിരുന്ന പ്രസക്തി ഇല്ലാതായി. അതിനിടയിലാണ് അറിവുകളെ മതപരം ഭൗതികം എന്ന് വേർതിരിക്കപ്പെട്ടതും. പാശ്ചാത്യരുടെ ഗൂഢതന്ത്രമായിരുന്നു അതും. പുതിയ സംവിധാനം നിലവില്‍ വന്നെങ്കിലും മുസ്‌ലിം ലോകത്ത് ചിലയിടത്തെല്ലാം പരമ്പരാഗത വിദ്യാഭ്യാസ രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അല്‍അസ്ഹര്‍ യൂണിവേഴ്‌സിറ്റി, അല്‍ഖറൂവിയ്യീന്‍, ഇന്ത്യയിലെ ദാറൂല്‍ ഉലൂം ദേവ്ബന്ദ് പോലുള്ള സ്ഥാപനങ്ങള്‍ പരമ്പരാഗത രീതി തുടരുന്നവയാണ്. പരമ്പരാഗത മത വിദ്യാഭ്യാസ സമ്പ്രദായത്തിന് അതിന്റെതായ മൂല്യം ഉണ്ടെങ്കിലും പുതിയ കാലഘട്ടത്തിന്റെ ത്വരകൾക്ക് മറുപടി കണ്ടെത്തുവാൻ അതിന് ചില പരിമിതികൾ ഉണ്ട്. ഇത് കണ്ടെത്തിയ കേരളത്തിലെ ചില വൈജ്ഞാനിക പരിഷ്കർത്താക്കൾ ആവിഷ്കരിച്ച പരിഹാരമാണ് സമന്വയ വിദ്യാഭ്യാസം. സമന്വയ വിദ്യാഭ്യാസത്തിൽ മൂല്യ രാഹിത്യം ആക്ഷേപിക്കുന്നവർ പലരും ഉണ്ട്. അവരുടെ വാദങ്ങൾ ഒരളവോളം വാദിച്ചു പിടിച്ചു നിൽക്കുവാൻ അവർക്ക് കഴിഞ്ഞേക്കാം. പക്ഷേ ഭൗതിക വിദ്യാഭ്യാസം കൂടി ചേർത്ത് പഠിക്കുന്നതിന്റെയും പഠിപ്പിക്കുന്നതിന്റെയും കാലികമായ ചില ഗുണങ്ങളെ കണ്ടില്ലെന്ന് നടിക്കുവാൻ കഴിയില്ല. ഒറ്റപ്പെട്ട മൂല്യരാഹിത്യത്തിന്റെ ഉദാഹരണങ്ങളെ അങ്ങനെ തന്നെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. യുക്തിവാദവും ഭൗതികവാദവും ദൈവ നിരാസവും ഒരു ഭയവും ഇല്ലാതെ ഇരച്ചു കയറുന്ന പുതിയ കാലത്ത് ഭൗതികമായ വിദ്യാഭ്യാസങ്ങൾ കൂടി നാം പഠിച്ചില്ലെങ്കിൽ കാലത്തിന്റെ മുൻപിൽ നാം യാഥാസ്ഥികരായി പോകും. അങ്ങനെയായി പോയതുകൊണ്ട് നമുക്കെന്താ എന്ന് ചോദിക്കുന്നവരും ഉണ്ടാകും. അഭിമാനത്തോടെ ആരുടെ മുമ്പിലും പറയാൻ കഴിയുന്ന ഒരു ദർശനത്തിന്റെ ഉടമകൾ ഭൗതിക വിദ്യാഭ്യാസത്തെ ഭയന്ന് അതിൽ നിന്ന് മാറി നിൽക്കേണ്ടതില്ല. മാത്രമല്ല, ദീനീ വിജ്ഞാനം സ്വതന്ത്രമായി മാത്രം നിലനിന്ന് പോന്നിട്ടുള്ള ഒന്നല്ല. അതിന്റെ ചരിത്രം സമന്വയത്തിന്റെ ചരിത്രമാണ്.
ഭൗതിക ശാസ്ത്രങ്ങൾ ലോകമാസകലം വ്യാപിക്കുവാൻ ഇടനിലക്കാരായി വർത്തിച്ചത് മുസ്ലിംകളായിരുന്നു എന്നതിൽ നിന്നു തന്നെ നമ്മുടെ സമന്വയ പാരമ്പര്യം വായിച്ചെടുക്കാം. ലോകത്തിന്റെ മുക്കിലും മൂലയിലും പൊടി പിടിച്ചു കിടക്കുകയായിരുന്ന വിജ്ഞാന ഭണ്ഡാകാരങ്ങളെ പൊന്നും വിലക്ക് വാങ്ങി ബാഗ്ദാദിലും ഡമസ്കസിലും കെറോവിലും എത്തിച്ച് ഭാഷാന്തരം ചെയ്തു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വിതരണം ചെയ്യുകയായിരുന്നു മുസ്ലിംകൾ ആയിരുന്ന അറബികൾ. ഈ വിതരണത്തിന്റെ കൈമാറ്റക്കാരായി എന്ന് മാത്രമല്ല അതിന്റെ ശരിയായ പ്രയോക്താക്കളുമായി മാറി അവർ. വിമാനത്തിന്റെ ആദിമരൂപവും അൾജിബ്രാ അടക്കമുള്ള ഗണിത ശാസ്ത്ര വിദ്യകളും രക്തചക്രമണവും ശാസ്ത്രക്രിയയും അടക്കമുള്ള ജീവശാസ്ത്രവും അനാട്ടമിയും തുടങ്ങി വെച്ചതും അടക്കിവാണിരുന്നതും ഈ മുസ്ലിം അറബികൾ ആയിരുന്നു.
ആധുനിക വൈദ്യ ശസ്ത്രത്തിന്റെ പിതാവ് ഇബ്നു സീനയാന്ന്. പ്രകാശ ശാസ്ത്രത്തിന്റെ പിതാവ് ഇബ്നുൽ ഹൈതമാണ്. അതിനാൽ അതു മായി ബന്ധപ്പെട്ട പഠനങ്ങളെല്ലാം ഇസ്ലാമിക സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്. അതിനാൽ സമന്വയ വിദ്യാഭ്യാസം എന്ന പേരിൽ ദർസുകളും അറിക്കോളേജുകളും ഭൗതിക അറിവുകളിലേക്ക് പോകുന്നതിൽ ഒട്ടും അസ്വസ്ഥതപ്പെടാനില്ല. തനതു പാരമ്പര്യത്തിലേക്കുള്ള തിരിച്ചു പോക്കാണ് അത്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso