Thoughts & Arts
Image

ഇസ്റാഉം മിഅ്റാജും വിശ്വാസവും

23-02-2023

Web Design

15 Comments









നടന്ന കാലം മുതലേ വിവാദങ്ങൾ പിണഞ്ഞുകിടക്കുന്ന സംഭവങ്ങളാണ് ഇസ്റാഉം മിഅ്റാജും. കാരണം സരളമാണ്. ഉണ്ടായ സംഭവങ്ങളിലേക്ക് നോക്കിയിരിക്കുമ്പോൾ ആർക്കും അത്ര സരളമായി വിശ്വാസം വരാത്ത കാര്യങ്ങളാണ് ഉണ്ടായതെല്ലാം. ഒരു രാത്രിയിൽ എല്ലാവരും ഉറങ്ങാനിരിക്കെ ഏതോ അജ്ഞാതർ വരുന്നു. നബിയെ അവർ പിടികൂടുന്നു. കഅ്ബാലയത്തിന്റെ വടക്കുവശത്തുള്ള അര മതിലിനുള്ളിൽ കിടത്തി മാറു തുറന്ന ഒരു ശസ്ത്രക്രിയ ചെയ്യുന്നു. പിന്നെ, കണ്ടാൽ തട്ടുകുതിരയെ പോലെ തോന്നിക്കുന്ന ചിറകുകളുള്ള ഒരു മൃഗത്തിൽ കയറ്റുന്നു. വടക്കോട്ട് പറക്കുന്നു. നിമിഷങ്ങൾ കൊണ്ട് പലസ്തീനിലെ അൽ അഖ്സ സമുച്ചയത്തിൽ എത്തുന്നു. അവിടെ അപ്പോഴേക്കും തടിച്ചുകൂടിയ, മരിച്ചു പോയ പ്രവാചക മഹാത്മാക്കളുടെ സ്വീകരണം ഏറ്റുവാങ്ങുന്നു. പിന്നെ ആകാശത്തിലേക്ക് മലക്കിനോടൊപ്പം ഉയരുന്നു. ആകാശത്തിന്റെ ഏഴു തട്ടുകളും കടന്ന് ഒരുപാട് കാഴ്ചകൾ കണ്ട് അതേ രാത്രിയിൽ തന്നെ പുലർച്ചക്ക് മുമ്പായി നാട്ടിലെ വീട്ടിൽ തിരിച്ചെത്തുന്നു. ഒറ്റ ശ്വാസത്തിൽ ഇങ്ങനെ പറയാവുന്ന ഒന്നാണ് ഈ സംഭവം. പക്ഷേ, അന്നത്തെ ഇത് കേൾക്കുന്ന മക്കയിലെ നിരക്ഷരരായ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചങ്കിൽ നിന്ന് ഇറക്കാൻ ആവാത്തതാണ്. മുഹമ്മദിനോടുള്ള യോജിപ്പോ വിയോജിപ്പോ അല്ല പ്രധാന പ്രശ്നം. ഇത് തലക്കകത്തേക്ക് കടക്കാത്തതാണ് പ്രശ്നം. ഇന്ദ്രിയങ്ങളുടെ ഓരോ ദ്വാരങ്ങളിലൂടെയും കടക്കാൻ ശ്രമിക്കുമ്പോഴും അത് വിഫലമാവുകയാണ്. ഉൾകൊള്ളാവുന്നതല്ലേ ഉള്ളിലേക്ക് കടക്കൂ!



അന്നത്തെ അവിടെയുള്ള പച്ച മനുഷ്യരെ സംബന്ധിച്ചിടത്തോളം ഹൃദയം തുറന്ന് നടത്തിയ ആ ശസ്ത്രക്രിയ ഉൾക്കൊള്ളാൻ മാത്രം അവരുടെ കാലത്തെ ശരീരശാസ്ത്രം വളർന്നിട്ടുണ്ടായിരുന്നില്ല . മുറിവും ചതവും വെട്ടും കുത്തും എല്ലാം അവർക്കിടയിൽ പതിവായിരുന്നു. പക്ഷേ, ഇത്തരം ഒരു ശസ്ത്രക്രിയ - അതും അജ്ഞാതരായ ആരോ വന്ന് ചെയ്ത - അവരുടെ മനസ്സിൽ കൊള്ളാവുന്നതല്ലായിരുന്നു. അത്ര ചെറുതായിരുന്നു, അവരുടെ കാലത്തിന്റെ ശരീരശാസ്ത്രം. ആടും മാടും ഒട്ടകവും ജീവിതത്തിന്റെ ഭാഗങ്ങളായിരുന്നു അവർക്കെങ്കിലും പറക്കുന്ന തട്ട്കുതിര എന്ന് കേൾക്കുമ്പോൾ അവരിൽപെട്ട ഏത് നിഷ്കളങ്കനും നെറ്റി ചുളിക്കുമായിരുന്നു. 40 ദിവസം നടന്നാലേ ജറൂസലേമിലെ അഖ്സാ പള്ളിയുടെ അടുത്തെത്താനാവൂ എന്നത് അവരുടെ അറിവ് മാത്രമായിരുന്നില്ല, അനുഭവം കൂടിയായിരുന്നു. പിന്നെ ആകാശത്തിന്റെ തട്ടുകളിലൂടെ കയറുകയാണ് ചെയ്യുന്നത്. അത് ഒരിക്കലും അവർക്ക് വിശ്വസിക്കാൻ കഴിയില്ല. കാരണം അന്നത്തെ ശാസ്ത്രത്തിന്റെ വികാസം അനുസരിച്ച് അവർ കേട്ടിട്ടുള്ളത് ആകാശം പദാർത്ഥ നിർമ്മിതമാണെന്നാണ്. അത് തുളച്ചു കടക്കാൻ കഴിയില്ല. അതു മാത്രമല്ല, ഇത്രയും ദീർഘമായ യാത്രയാണെങ്കിലും ആ ഒരൊറ്റ രാത്രിയിൽ തന്നെ അത് പൂർത്തിയാവുകയും ചെയ്തു. അവരിൽ ഒരാളായി നമ്മിൽ ഒരാൾ നിന്നു സങ്കൽപ്പിച്ചു നോക്കിയാൽ നമ്മളും പറഞ്ഞു പോകും, ഉമ്മുഹാനി(റ) പറഞ്ഞതുപോലെ. തന്റെ നിശാപ്രയാണത്തിന്റെയും ആകാശാരോഹണത്തിന്റെയും അനുഭവം ആദ്യം നബി പറഞ്ഞത് തന്റെ പിതൃവ്യപുത്രിയായ ഉമ്മുഹാനിയോട് ആയിരുന്നുവല്ലോ. അതുകേട്ടതും ഉമ്മുഹാനി സ്നേഹത്തോടെ നബിയോട് ചോദിക്കുകയുണ്ടായി: അല്ലാഹുവിനെ സത്യം ചെയ്ത് ഞാന്‍ ചോദിക്കട്ടെ, ഖുറൈശികളോട് താങ്കള്‍ ഈ വിവരം പറയുവാന്‍ പോവുകയാണോ? എങ്കില്‍ അങ്ങയുടെ സത്യസന്ധതയെ അവര്‍ കളവാക്കും നബിയെ!.



മാത്രമല്ല, മക്കയിലെ മുശ് രിക്കുകൾ ചിലർ നേരിട്ടു രംഗത്തേക്കുവന്നു. അവർക്ക് ബലമുളള ഒരു പിടിവള്ളി കിട്ടിയതിന്റെ ഊറ്റമുണ്ട്. അവർ ചോദിച്ചു. ഞങ്ങള്‍ കണ്ടിട്ടുള്ള ബൈത്തുല്‍ മുഖദ്ദസിലെ വിശേഷണങ്ങള്‍ പറയാന്‍ താങ്കള്‍ക്ക് സാധിക്കുമോ? ആ പ്രദേശവും പള്ളിയും നേരില്‍ക്കണ്ട പലരുമുണ്ട്. അവർക്കാണ് ഏറെ ധൈര്യം. അതിന്‍റെ നിര്‍മ്മാണം എങ്ങനെ? രൂപമെങ്ങനെ? ; അവർ ചോദ്യ ശരങ്ങൾ എയ്തുതുടങ്ങി. യഥാര്‍ത്ഥത്തില്‍ ഒരു പള്ളി നിരവധി പ്രാവശ്യം കണ്ടവര്‍ക്കുപോലും അതിന്‍റെ എല്ലാ രൂപഭാഗങ്ങളും വര്‍ണ്ണിക്കുക പ്രയാസമായിരിക്കും. പക്ഷേ, എന്നിട്ടും റസൂല്‍(സ) അതിനെ പൂര്‍ണമായി വര്‍ണിക്കുക തന്നെ ചെയ്തു. നബി(സ) പറയുന്നു: അല്ലാഹു ബൈത്തുല്‍ മുഖദ്ദസ് എനിക്ക് മുമ്പില്‍ വെളിപ്പെടുത്തിത്തന്നു. അതിലേക്ക് നോക്കി ഞാന്‍ അവരോട് പറയാന്‍ തുടങ്ങി (ബുഖാരി, മുസ്ലിം). ചിലർക്ക് എന്നിട്ടും വിഷമിറക്കുന്നില്ല, അവരിൽ ചിലര്‍ നബി(സ)യോട് ചോദിച്ചു: നിങ്ങളീ പറയുന്നതിന് വല്ല അടയാളവുമുണ്ടോ?
നബി(സ) വിവരിച്ചു: ഞാന്‍ മക്കയിലേക്ക് തിരിച്ചുവരുന്ന വഴിക്ക് മക്കക്കാരായ ഖുറൈശികളുടെ ഒരു ഒട്ടക സംഘത്തെ കണ്ടു. ഒരു ഒട്ടകം ഞങ്ങളുടെ വരവ് കണ്ടു വിരണ്ട് വട്ടംചുറ്റി ഓടുകയുണ്ടായി. കൂട്ടത്തില്‍ ഒരൊട്ടകത്തിന്‍റെ നെറ്റിയില്‍ രണ്ടു പുള്ളികളുണ്ട്. കറുത്ത പുള്ളിയും വെളുത്ത പുള്ളിയും. ആ ഒട്ടകം വീണു, അതിന് പരിക്കുപറ്റി. ദിവസങ്ങള്‍ കഴിഞ്ഞ് ആ പറഞ്ഞ ഒട്ടകസംഘം മക്കയിലെത്തി. സംഘത്തോട് ശത്രുക്കള്‍ നബി പറഞ്ഞ വിവരങ്ങളന്വേഷിച്ചു. അതൊക്കെയും ശരിയായിരുന്നു. ഇതൊക്കെ ഒന്നാമതായി സൂചിപ്പിക്കുന്നത് നബി തിരുമേനിയുടെ ആദ്യപ്രബോധിതരായ അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമായിരുന്നു ഇസ്റാഉം മിഅ്റാജും എന്നാണ്. എന്നല്ല, അവരുടെ ഓരോ ശരങ്ങളെയും തടുത്തിട്ടും തകർത്തിട്ടും വിണ്ടും അവർ ആക്രമിച്ചിരുന്നത് അവർക്ക് ബോധ്യം വരാത്തതു കൊണ്ട് തന്നെയായിരുന്നു എന്നും.



പക്ഷെ, തന്നെ തടയുന്ന ഉമ്മു ഹാനിയോട് നബി(സ) പറഞ്ഞു: ഞാനിത് പറയുക തന്നെ ചെയ്യും. അപ്പോൾ ആ വാക്കുകളിൽ നിശ്ചയദാർഢ്യം ജ്വലിക്കുന്നുണ്ടായിരുന്നു. മറ്റൊന്ന്. ഇമാം ബൈഹഖി(റ) ആഇശ(റ) പറഞ്ഞതായി ഉദ്ധരിക്കുന്നു: റസൂല്‍(സ) മസ്ജിദുല്‍ അഖ്സയിലേക്ക് രാപ്രയാണം നടത്തിയതിന്റെ പ്രഭാതത്തില്‍ ജനങ്ങള്‍ ഇതൊരു സംസാരവിഷയമാക്കി. നേരത്തെ വിശ്വാസികളായി പ്രത്യക്ഷത്തില്‍ രംഗത്തുണ്ടായിരുന്ന ചിലര്‍ ഇതിന്‍റെ മറവില്‍ ഇസ്ലാം കയ്യൊഴിച്ചു. അവര്‍ അബൂബക്കര്‍ സിദ്ദീഖ്(റ)വിനെ സമീപിച്ചു ചോദിച്ചു: നിങ്ങളുടെ കൂട്ടുകാരനെ (മുഹമ്മദിനെ) സംബന്ധിച്ച് വല്ലതും പറയാനുണ്ടോ? രാത്രി ബൈത്തുല്‍ മുഖദ്ദസിലേക്ക് പ്രയാണം നടത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. അബൂബക്കര്‍(റ) ചോദിച്ചു: മുഹമ്മദ്(സ) അങ്ങനെ പറഞ്ഞോ? അവര്‍ പറഞ്ഞു; അതേ. അബൂബക്കര്‍(റ) പ്രഖ്യാപിച്ചു: മുഹമ്മദ്(സ) അതു പറഞ്ഞുവെങ്കില്‍ തീര്‍ച്ച, അത് ഉണ്ടായതു തന്നെയാണ്. അവിടുന്ന് സത്യമേ പറഞ്ഞിട്ടുള്ളൂ. അവര്‍ വിട്ടില്ല: ഒരൊറ്റ രാത്രി കൊണ്ട് ബൈത്തുല്‍ മുഖദ്ദസിലെത്തി പ്രഭാതത്തിനുമുമ്പ് തിരിച്ചുവന്നുവെന്നത് താങ്കൾക്ക് അംഗീകരിക്കാൻ കഴിയുന്നതാണോ ?. അബൂബക്കര്‍(റ) പറഞ്ഞു: അതേ, അതിനേക്കാള്‍ വിദൂരമായ യാഥാര്‍ത്ഥ്യങ്ങളും നബി പറഞ്ഞാൽ ഞാന്‍ അംഗീകരിക്കും. അതറിഞ്ഞപ്പോൾ അന്ന് അബൂബക്കര്‍(റ)ന് സിദ്ദീഖ് പതക്കം ചാർത്തിക്കൊടുത്തു നബി(സ). ഇങ്ങനെ തുറന്നു പറയുന്ന രംഗം ഉണ്ടായില്ലെങ്കിലും അന്നുണ്ടായിരുന്ന നൂറുകണക്കിന് സ്വഹാബിമാർക്കും അത് ആരോചകമോ അരുചികരമോ ആയി അനുഭവപ്പെട്ടില്ല. പുറത്തു പോയതൊക്കെ വക്കത്തു നിന്നിരുന്ന ഏതാനും പേരാണ്. അപ്പോൾ ഇതൊക്കെ സൂചിപിക്കുന്നത് ഇസ്റാഉം മിഅ്റാജും മനസ്സിലേക്കും ബുദ്ധിയിലേക്കും ഇറങ്ങുന്നത് തന്നെയാണ് എന്നാണ്. പക്ഷെ, അത് മനസ്സിലാകുവാനും വിശ്വാസംവരാനും മറ്റൊരു രസതന്ത്രം സ്വീകരിക്കണം. മറ്റൊരു പശ്ചാതലത്തിലിട്ട് കാണണം. വിശ്വാസം എന്ന പശ്ചാതലത്തിൽ.



അതിനാദ്യം കാണേണ്ടത് ഇസ്റാഉം മിഅ്റാജും നടന്ന കാലത്തെയാണ്. നബിയെ സംബന്ധിച്ചിടത്തോളം വൈയക്തിക ജീവിതവും പ്രബോധന ജീവിതവും രണ്ടും ഗുരുതരമായ പ്രയാസങ്ങളെ അഭിമുഖീകരിക്കുന്ന ഒരു കാലമായിരുന്നു അത്. വൈയക്തികമായി തന്നെ സംരക്ഷിച്ചിരുന്ന പിതൃവ്യൻ അബൂത്വാലിബും പത്നി ഖദീജയും മരണപ്പെട്ടതോടെ രൂപപ്പെട്ട അസ്വസ്ഥതയായിരുന്നു. ഇവർ രണ്ടും പോയതോടെ മക്കയിലെ ശത്രുക്കൾ നബിക്കു നേരെ അലറി പാഞ്ഞെടുക്കുകയായിരുന്നു. സ്വന്തം നാട്ടിൽ ജീവിക്കാൻ കഴിയില്ല എന്ന് പോലും നബി കരുതിയ കാലം. തായിഫ് യാത്രയൊക്കെ അങ്ങനെ ഉണ്ടായതാതിരുന്നു. നീണ്ട 10 വർഷങ്ങൾ പിന്നിട്ടിട്ടും കാര്യങ്ങളൊക്കെ പകൽ വെളിച്ചം പോലെ വ്യക്തമായിട്ടും തന്റെ നാട്ടിലെ പ്രമാണികൾക്കും പ്രധാനികൾക്കും ഒരു മാറ്റവും ഇല്ലാത്തതും ഇതുവരെയും തന്റെ ദൗത്യം ആനുപാതിക വിജയം കാണാത്തതുമാണ് പ്രബോധനപരമായി നബിയെ വേട്ടയാടുന്ന കാര്യം. വ്യക്തമായി വിലയിരുത്തിയാൽ, നിരാശ, മടുപ്പ് തുടങ്ങിയവ അടിച്ചുകയറാനും കാൽ പിന്നോട്ട് വലിക്കണമോ എന്നു പോലും ആലോചിക്കാനുമൊക്കെ ആരും ചിന്തിച്ചു പോകുന്ന ഒരു സാഹചര്യം. അത്തരമൊരു സാഹചര്യത്തിൽ നബി തിരുമേനിയെ പുതിയ കരുത്തിലേക്കും അർഥത്തിലേക്കും ചുമതലയിലേക്കും മാറ്റുവാനും ബലപ്പെടുത്തുവാനും ഉണ്ടായതാണ് ഇസ്റാഉം മിഅ്റാജും. ചരിത്രം സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് ഇസ്റാഇനും മിഅ് റാജിനും മുമ്പും പിമ്പും ഉളള നബിയിൽ കൃത്യമായ വ്യത്യാസം കാണാം.



തന്റെ ദൗത്യത്തിലുള്ള ആത്മവിശ്വാസത്തെ അരക്കിട്ടുറപ്പിക്കുകയായിരുന്നു അല്ലാഹുവിന്റെ ഉദ്ദേശമെന്ന് കരുതാൻ പല ന്യായങ്ങളും ഉണ്ട്. ഉദാഹരണമായി സൂറത്തുൽ ഇസ്റാഅ് ഒന്നാമത്തെ ആയത്തിൽ തന്നെ അല്ലാഹു എന്തിനാണ് ഈ പ്രയാണം ഒരുക്കിയത് എന്ന് വിവരിച്ചുകൊണ്ട് പറയുന്നു: അദ്ദേഹത്തിന് നമ്മുടെ ദൃഷ്ടാന്തങ്ങൾ കാണിക്കുവാൻ വേണ്ടി, എന്ന്. തന്റെ വലിയ ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുത്തു പ്രവാചകന്മാരുടെ മനസ്സിനെ ബലപ്പെടുത്തുന്നത് അല്ലാഹുവിന്റെ ഒരു പതിവ് തന്നെയാണ്. അധ്യായം അൽ അൻആ മിന്റെ 75-ാം സൂക്തത്തിൽ ഇബ്രാഹിം നബിയെ കുറിച്ച് ഇങ്ങനെ പറയുന്നുണ്ട്: അപ്രകാരം ഇബ്രാഹിമിനു നാം ആകാശങ്ങളുടെയും ഭൂമിയുടെയും അധികാരസ്ഥാനങ്ങൾ കാണിച്ചുകൊടുക്കുകയുണ്ടായി. അദ്ദേഹം ദൃഢതയുള്ളവരിൽ പെട്ട ആളാകുവാൻ വേണ്ടി. മൂസാ നബിയെ കുറിച്ചും ഇത്തരം പരാമർശം ഉണ്ട് (ത്വാഹാ: 23) ഇതിൽനിന്ന് മനസ്സിലാക്കാൻ കഴിയുക, നബിക്ക് ദൃഢചിത്തതയും വലിയ പിന്തുണയും നൽകി മാനസിക ഊർജ്ജം സൃഷ്ടിച്ചെടുക്കുവാൻ വേണ്ടി അല്ലാഹു സംവിധാനിച്ച ഒരു സംഭവമായിരുന്നു അത് എന്നാണ്. നഗ്നനേത്രം കൊണ്ട് സ്വർഗ്ഗവും നരകവും അടക്കം പരലോകത്തെ കാണുന്നതോടെ നബിയുടെ മനസ്സ് ഇത്തരം ഒരു ദൃഢതയിൽ എത്തിച്ചേരും. ഈ സംഭവത്തിനു ശേഷം പിന്നെ മക്കക്കാരുമായി അനുരജ്ഞന സ്വരത്തിൽ നബി സംസാരിച്ചിട്ടില്ല എന്നാണ്. ഈ സമയത്താണ് സത്യവിശ്വാസത്തിന്റെ അൽഭുതം പറയുന്ന അസ്ഹാബുൽ കഹ്ഫിന്റെ കഥ അവതരിച്ചതും. ഇനി ഈമാനിന് മാത്രമാണ് പരിഗണന എന്നു പറയുകയായിരുന്നു ഈ സംഭവങ്ങൾ എന്നു ചുരുക്കം.



ഈ പശ്ചാതലത്തിൽ ഇസ്റാഉം വിശ്വാസികൾ വായിക്കുമ്പോൾ നബിയുടെ ഹൃദയം തുറന്നത് സമയമെന്ന ഊർജ്ജതന്ത്രത്തെ മറികടക്കാനായിരുന്നു എന്നും നേരെ മക്കയിൽ നിന്നു തന്നെ ആകാശ ലോകത്തേക്ക് കയറാമായിരുന്നിട്ടും പലസ്തീനിലെ അൽ അഖ്സാ സമുച്ചയത്തിൽ എത്തുകയും പ്രവാചകന്മാരുടെ ആത്മാക്കളെ കാണുകയും അവർക്ക് ഇമാമത്ത് വഹിക്കുകയും ചെയ്തത് ഇനി ലോകത്തിന്റെ ചുമതലയും ഉത്തരവാദിത്വവും നബി(സ)യെ ഏൽപ്പിക്കുക, നബി അത് ഏറ്റെടുക്കുക എന്നീ അർത്ഥങ്ങളിലായിരുന്നു എന്നും കാണാൻ കഴിയും. പിന്നെയുള്ള ആകാശാരോഹണ അനുഭവങ്ങളെല്ലാം നബിയുടെ മനസ്സിനെ ഊർജ്ജപ്പെടുത്തുവാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇങ്ങനെയാണ് വിശ്വാസി ഇസ്റാഉം മിഅ്റാജും വായിക്കുന്നതും വായിക്കേണ്ടതും. മറ്റൊന്നുകൂടെ പറയാനുണ്ട്. ഇത് വിശ്വാസികളെയും അവരുടെ വിശ്വാസത്തെയും ബലപ്പെടുത്താനും അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും ഉള്ളതാണ്. അതിനാൽ വിശ്വാസം എന്ന അടിസ്ഥാന ഘടകം ഉള്ളവർക്കേ ശരിയായ അർത്ഥത്തിൽ അത് മനസ്സിലാകൂ. അല്ലാത്തവർക്ക് അതിനു കഴിയില്ല.





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso