![](http://www.thdarimi.in/images/logo.png)
![Image](http://www.thdarimi.in/login/photo/images (6).jpeg)
ദായക്രമം: കുഴപ്പം വായനക്കാണ്
18-03-2023
Web Design
15 Comments
പ്രതീക്ഷിച്ച റീച്ച് ഒത്തില്ലെങ്കിലും ചെറിയൊരു തിരയനക്കമൊക്കെ സൃഷ്ടിക്കാനായി, കഴിഞ്ഞ ദിവസം മുഹമദൻ ലോ അനുസരിച്ചുള്ള ദായക്രമത്തെ ഇന്ത്യൻ വിവാഹം കൊണ്ട് നേരിട്ട ഒരാൾക്കും ആ വാർത്തക്കും. സംഗതി ഒരു തമാശ കാറ്റു പോയത് പോലെ അവസാനിക്കുകയായിരുന്നു. വിവരം പുറത്തുവന്നതോടെ ഇസ്ലാമിക മതപൺഡിതരൊന്നുമല്ലാത്ത ചില ബുദ്ധി ശാലികളിൽ നിന്ന് ഉയർന്ന സ്വാഭാവിക ചോദ്യങ്ങളാണ് കക്ഷിയുടെ മോഹങ്ങളെ പ്രധാനമായും തകർത്തത്. തനിക്ക് മൂന്ന് പെൺമക്കളാണെന്നും അതിനാൽ ഞാൻ മരിച്ചാൽ മുഹമ്മദൻ ലോ അനുസരിച്ച് എന്റെ സ്വത്തിന്റെ ഒരു ഭാഗം സഹോദരങ്ങൾക്ക് നൽകേണ്ടിവരുമെന്നും ഭയന്നാണ് മുഹമ്മദൻ ലോ അനുസരിച്ച് കെട്ടിയവളെ രജിസ്ത്രേഷൻ ലോ അനുസരിച്ച് വീണ്ടും കെട്ടുന്നത് എന്നാണ് കക്ഷിയുടെ ന്യായീകരണം. ഒരാൾക്കും ഒരാളുടെ മേലിലും സ്വാധീനം ചെലുത്താൻ കഴിയാത്ത ഇക്കാലത്ത് ഇത്തരം കോപ്രായങ്ങളിൽ പിടിച്ചുതൂങ്ങുന്നതുകൊണ്ട് കാര്യമായ മെച്ചമൊന്നുമുണ്ടാവില്ല എന്നറിയാം. മാത്രമല്ല, ചർച്ചയും വാദവും പ്രതിവാദവുമെല്ലാം കൊണ്ട് അതിന്റെ പിന്നാലെ കൂടുന്നത് ഒരു തരം ബലപ്രയോഗമാണ്. ഒരു ബലപ്രയോഗവും ഇസ്ലാം അംഗീകരിക്കുന്നില്ല. മാത്രമല്ല, അതിനുമാത്രം വിഷയത്തിന് കഴമ്പുമില്ല. അതുകൊണ്ട്, ആർക്കും എന്തും ചെയ്യാവുന്ന ഇക്കാലത്ത് കക്ഷിയെയും കേസിനെയും വിടാം. പക്ഷെ, ഈ വിഷയത്തിൽ തെറ്റിദ്ധാരണയുണ്ടായ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു അതു ക്ലിയർ ചെയ്തു കൊടുക്കേണ്ടതുണ്ടല്ലോ. അതിനു വേണ്ടി മാത്രം ചില വസ്തുതകൾ പറയുകയാണ്.
ആദ്യം പ്രശ്നത്തിന്റെ മൂലകാരണം പറയാം. ചിലർ മതങ്ങൾക്ക് മാനസികമായി എതിരാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇത്തരക്കാർ പൊതുവെ ഏതു നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും എതിരായിരിക്കും എന്നു കാണാം. നിർബന്ധിതമായി വല്ല ട്രാഫിക്ക് നിയമങ്ങളോ മറ്റോ പിറുപിറുത്തു കൊണ്ട് അനുസരിച്ചാലായി. അത്രമാത്രം. ഇത്തരക്കാർ ആക്ഷേപിക്കാനുള്ള അവസരങ്ങൾക്കു വേണ്ടി അലഞ്ഞു നടക്കുകയായിരിക്കും. പ്രത്യേകിച്ചും മതങ്ങളെ. എന്തെങ്കിലും ഒരു തുമ്പിൽ പിടി കിട്ടിയാൽ പിന്നെ മുന്നും പിന്നും നോക്കാതെ എടുത്തുചാടും. വീണ്ടുവിചാരമില്ലാത്ത ഏതു എടുത്തു ചാട്ടവും പോലെ അബദ്ധത്തിൽ കലാശിക്കുമ്പോൾ ഒരു തരം ചിരിയുമായി ഇവർ രംഗം വിടും. ഇത് വ്യാപകമാണ്. ഇങ്ങനെ അബദ്ധവും അപകടവും പിണയുവാൻ ഒരു പ്രധാന കാരണമുണ്ട്. അത് മറ്റൊന്നുമല്ല. ഒരു അദ്ധ്യായത്തിൽ നിന്ന് അടർത്തിയെടുക്കുന്ന ഒരു ചെറിയ ഭാഗമായിരിക്കും ഇത്തരക്കാർ എടുത്തു വീശുന്നത് എന്നതാണത്. ആ അദ്ധ്യായത്തെ മുഴുവനുമോ ആ അദ്ധ്യായം അവതരിപ്പിക്കുന്ന മതത്തിന്റെ അടിസ്ഥാന തത്വങ്ങളെയോ എടുക്കുകയേയില്ല. അപ്പോൾ പിന്നെ അന്ധൻമാർ ആനയെ കണ്ടതുപോലെയല്ലാതെ വരില്ലല്ലോ. ഈ അനുഭവം ഏറെ ഉണ്ടായിട്ടുള്ളത് ഇസ്ലാമിനാണ്. പൊതുവെ ഏറെ ഏറു കൊണ്ടിട്ടുള്ളതും കൊണ്ടു കൊണ്ടിരിക്കുന്നതുമെല്ലാം ഇസ്ലാം തന്നെ. മാങ്ങയുള്ള മരത്തിന്റെ ഗതിയും വിധിയുമാണല്ലോ അത്. ഇവിടെയും മറിച്ചല്ല സംഭവിച്ചിരിക്കുന്നത്.
ഇനി നമ്മുടെ വിഷയത്തിലേക്ക് വരാം. കക്ഷി പറഞ്ഞത് ശരി തന്നെയാണ്. വെറും പെൺകുട്ടികൾ മാത്രമാണ് ഉള്ളത് എങ്കിൽ പിതാവിന്റെയും മാതാവിന്റെയും സ്വത്ത് മുഴുവൻ അവർക്കു ലഭിക്കില്ല. ഒരു വിഹിതം ഏറ്റവും അടുത്ത കുടുംബാംഗമായ പുരുഷ അവകാശിക്കു പോകും. ഒരു മകൾ മാത്രമാണെങ്കിൽ പകുതി ലഭിക്കും. രണ്ടോ അതിലധികമോ പേരുണ്ടെങ്കിൽ അവർക്ക് മൂന്നിൽ രണ്ടു ഭാഗം ലഭിക്കും. ഇത് ശരിയാണോ എന്ന് വിരലുയർത്തി ആർക്കും ചോദിക്കാം. ഇതു മാത്രം കാണുകയും ഇതിന്റെ പിന്നിലെ യുക്തിയെ കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നവർക്ക് ഇതിനെ അനീതി എന്നൊക്കെ വിളിക്കാം. സോഷ്യൽ മീഡിയയിൽ പൊങ്കാലയിടാം. പരിഷ്കർത്താവ് ചമയാം. പക്ഷെ, അതിന് ആയുസുണ്ടാവില്ല. കാരണം ഇസ്ലാമിന്റെ നിയമങ്ങൾ ഓരോന്നും യുക്തിഭദ്രവും ശാസ്ത്രീയവുമാണ്. അത് അന്തിമമായി സൃഷ്ടാവിന്റെ നിയമമാണ്. പക്ഷേ, ഇവിടെ ഒരാൾക്ക് എത്ര കിട്ടുന്നു ?, കൊടുക്കുന്നു ?, എന്തുകൊണ്ട് ഞാൻ വിചാരിക്കുന്ന അത്ര കിട്ടുന്നില്ല എന്നു മാത്രം ചിന്തിച്ചാൽ കാര്യം മനസ്സിലാവില്ല. അനന്തര സ്വത്തിൽ നിങ്ങൾക്ക് കിട്ടുന്നതും കിട്ടേണ്ടതും പട്ടി കവൽക്കരിച്ചു തരല്ല ഇസ്‌ലാമിന്റെ പണി. ഏതെങ്കിലും ഒരാളുടെ അവകാശം പിരിക്കാനല്ല ഇസ്ലാമിക ദായക്രമം ശ്രമിക്കുന്നത്. പ്രത്യുത, അതൊരു ജീവിത ദർശനത്തിന്റെ ഭാഗമാണ്. അങ്ങനെ അതിനെ പരിഗണിക്കുമ്പോൾ മാത്രമേ അത് പ്രവർത്തനക്ഷമമാകൂ.
ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത സംഹിതയാണ്. വിശ്വാസത്തിൽ നിന്നാണ് അതു തുടങ്ങുന്നത്. ആരാധനാ കർമ്മങ്ങളിലൂടെ അതു വളരുന്നു. തുടർന്ന് ജീവിതത്തിന്റെ സാമൂഹ്യ ബന്ധങ്ങളുടെ രൂപീകരണവും സംരക്ഷണവും സാമ്പത്തിക ആദാന നിദാനങ്ങൾ, വ്യവഹാരങ്ങൾ, പാരത്രിക ലക്ഷ്യങ്ങളോടുള്ള പ്രതിപത്തി, ഭൗതിക ലക്ഷ്യങ്ങളോടുളള വിരക്തി, കുടുംബ-അൽപക്ക-രാജ്യ-രാജ്യാന്തര-സമുദായ-സമുദായേതര ബന്ധങ്ങൾ തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലയിലേക്കും അത് ഇറങ്ങിച്ചെല്ലുന്നു. ഇതെല്ലാം അടങ്ങുന്ന ഈ സംഹിതയുടെ ഒരു ഭാഗം മാത്രമാണ് ഇസ്ലാമിക ദായക്രമം എന്ന അനന്തരാവകാശ നിയമം. അത് ആ പശ്ചാതലത്തിൽ അനുഭവിക്കുകയും വായിക്കുകയും വ്യാഖാനിക്കുകയും മനസ്സിലാക്കുകയും ചെയ്താൽ മാത്രമേ അതുൾക്കൊള്ളാനാകൂ. അതായത്, അക്ബർ ചക്രവർത്തി പണ്ട് ചെയ്തതുപോലെ നിലവിലുള്ള ഒരു മതവും ജീവിത സംഹിതയും പോരാ എന്ന് തോന്നിയതിനാൽ പല മതത്തിൽ നിന്നുമായി നല്ലെതെന്ന് തോന്നിയ ഓരോ ഭാഗങ്ങൾ എടുത്ത് ഒരു പുതിയ സംഹിത തട്ടിക്കൂട്ടിയാൽ അതിലേക്ക് ഇസ്ലാമിന്റെ ദായക്രമമാണ് നല്ലത് എന്ന് തോന്നി അതെടുത്താൽ അത് വിജയിക്കില്ല. ദായക്രമമല്ല ദാനക്രമമെടുത്താലും തഥൈവ. കാരണം ഇസ്ലാമിന്റെ എല്ലാ ഭാഗവും പരസ്പര പൂരകങ്ങളാണ്. അതുകൊണ്ട് ഇസ്ലാമിക ദായക്രമത്തെ ഒരു ഇസ്ലാമിക വിശ്വാസിക്ക് മാത്രമേ ഉൾക്കൊളളാൻ കഴിയൂ. അതിനു കഴിയാത്തവർ എന്തു കോപ്രായം കാണിച്ചാലും അതൊക്കെ നിരർഥകമായി അവശേഷിക്കും.
ഈ രണ്ടാം കല്യാണക്കാരന്റെ വിഷയത്തിൽ ഇസ്ലാം അയാളുടെ മക്കളുടെ പോക്കറ്റിൽ എത്തുന്ന പണത്തിന്റെ കണക്കിനു മുമ്പ് മറ്റു ചിലത് പരിഗണിക്കുന്നുണ്ട്. പണത്തിന്റെ കാര്യത്തിൽ ഇവിടെയെന്നല്ല എല്ലായിടത്തും ഇങ്ങനെ ചില പരിഗണനകൾ ഉണ്ട്. കാരണം ഇസ്ലാമിക വീക്ഷണത്തിൽ പണത്തിന്റെ തോത് നിശ്ചയിക്കുന്നത് ഒരാളുടെ ആർത്തിയും ആഗ്രഹവുമൊന്നുമല്ല. അയാൾക്ക് തന്റെ കടമകൾ പാലിക്കാൻ വേണ്ടിവരുന്നതിന്റെ ആവശ്യമാണ്. പണം എന്നത് ഇസ്ലാമിക വീക്ഷണത്തിൽ മനുഷ്യന് തന്റെ കടമകൾ നിർവ്വഹിക്കാൻ ഉള്ളതാണ്. ക്യാപിറ്റലിസത്തിലേതു പോലെ കുന്നുകൂട്ടി വെയ്ക്കാൻ ഉള്ളതല്ല. ഭാഗ്യവശാൽ അങ്ങനെ ഒരാളുടെ കയ്യിൽ അധികം വന്നാൽ അതിന് സകാത്ത് തുടങ്ങിയ ബാധ്യതകൾ വരികയും ചെയ്യും. കടമകളും ബന്ധങ്ങളും ഊട്ടിയുറപ്പിക്കുക, പുഷ്ക്കലമായി സംരക്ഷിക്കുക തുടങ്ങി ചില പരിഗണനകൾ ആണ് നാം ചർച്ച ചെയ്യുന്ന കേസിൽ ഉള്ളത്. അഥവാ ഇദേഹത്തിന്റെ നിലവിലുള്ള മക്കൾ എല്ലാവരും പെൺമക്കളാണ് എന്നതാണത്. അവർക്ക് ചില പരിധികളും പരിമിതികളും ഉണ്ട്. അത് ആധുനിക ഫെമിനിസം തലക്കുപിടിച്ച മഹിളകൾ അംഗീകരിക്കില്ല. പക്ഷെ, അതൊരു യാഥാർഥ്യമാണ്. പ്രായം കൊണ്ടോ മറ്റോ ഓരോ മനുഷ്യനും തന്റെ ജീവിതത്തിൽ അവശതയിലെത്തുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ ആണിനും പെണ്ണിനും ഇടയിൽ വ്യത്യാസമൊന്നുമില്ല. പക്ഷെ, ആണിനേക്കാൾ ദയനീയമായിരിക്കും പെണ്ണിന്റെ അവസ്ഥ. ഇത് ഒരു യാഥാർഥ്യം. മറ്റൊന്ന് ആണും പെണ്ണും തമ്മിൽ അടിസ്ഥാനപരമായി ജൈവപരവും മാനസികവുമായ മാറ്റങ്ങൾ ഉണ്ട്. ഇതും ആധുനിക ഫെമിനിസം അംഗീകരിക്കില്ല. പക്ഷെ, പെണ്ണിന്റെ മനസ്സും ശരീരവും അറിഞ്ഞോ അറിയാതെയോ ഒരു പുരുഷന്റെ തലോടൽ ആഗ്രഹിക്കും.
ഇതെല്ലാം കുറിക്കുന്നത് പെണ്ണിന് എപ്പോഴും സജീവവും സക്രിയവുമായ ഒരു രക്ഷാകർതൃത്വം വേണമെന്നാണ്. പെൺകുട്ടികളെ പോറ്റുന്നതിന് വലിയ പ്രതിഫലം വാഗ്ദാനം ചെയ്യുമ്പോഴും അനുയോജ്യനു മാത്രമേ അവളെ കെട്ടിച്ചു കൊടുക്കാവൂ എന്ന് പറയുമ്പോഴും അമ്മയായിക്കഴിഞ്ഞാൽ കുട്ടികളുടെ സ്വർഗ്ഗം അവളുടെ കാൽ ചുവട്ടിലാണ് എന്ന് പറയുമ്പോഴുമെല്ലാം ഈ സുരക്ഷാകർതൃത്വം ഉറപ്പിക്കുകയാണ് ഇസ്ലാം. ഇതേ ജാഗ്രതയാണ് ഈ കേസിലും ഇസ്ലാം പുലർത്തുന്നത്. ആ പെൺകുട്ടികൾക്ക് തങ്ങളുടെ ഉപ്പ മരണപ്പെടുകയാണ്. പിന്നെ അവരോട് ഏററവും അടുത്ത രക്ഷകർത്താക്കൾ ഉപ്പാന്റെ സഹോദരങ്ങളാണ്. ആ രക്ഷാകർത്താക്കൾ ഒരു പക്ഷേ അവരുടെ ജീവിത കെട്ടുപാടുകളിൽ പെട്ട് ഏറെ ബാദ്ധ്യതകളിൽ ബന്ധനസ്ഥരായിരിക്കാം. ആയതിനാൽ ഒരു പുഞ്ചിരിക്കപ്പുറം മറ്റൊന്നും ചെയ്യാൻ മാത്രമുള്ള ബാധ്യത അവർക്ക് തോന്നണമെന്നില്ല. എന്നാൽ ഈ പേരിൽ അവർക്ക് ധനം വന്നുചേർന്നാൽ ഈ ബാദ്ധ്യതയുടെ കാര്യത്തിൽ ഒരു ജാഗ്രത അവർക്ക് ഉണ്ടാകും. ഇതുകൊണ്ടാണ് നേരെ ആണവകാശിയിലാത്ത അനന്തരാവകാശ കേസുകളിലെല്ലാം ഇങ്ങനെ വിഹിതം വിധിച്ച് ആണവകാശിയുടെ ബന്ധം ഉണ്ടാക്കിയെടുക്കുവാൻ ഇസ്ലാമിക ദായക്രമം ശ്രമിക്കുന്നത്. എന്നാൽ അതുകൊണ്ട് എല്ലാം സുരക്ഷിതമാകുമോ എന്ന് ചോദിച്ചാൽ ഇസ്ലാമിക ആദർശത്തിന്റെ തത്വവും സത്തയും ഉൾക്കൊണ്ടവർക്ക് എല്ലാം സുരക്ഷിതമായിരിക്കും എന്ന് പറയാം. ഇസ്ലാമിനെ പരീക്ഷിക്കാനും പരിഹസിക്കാനും വേണ്ടി ഈ നിയമങ്ങളെ സമീപിക്കുന്നവർക്ക് അവരുടെ വഴിയാകും എളുപ്പം.
ഇസ്ലാമിക ദായക്രമം ഇപ്രകാരം നേരിടുന്ന മറ്റൊരു ആക്ഷേപമാണ് ആണിന്റെ പകുതിയേ പെണ്ണിന് അവകാശം നൽകുന്നുള്ളൂ എന്നത്. ഇവിടെയും എത്ര ക പോക്കറ്റിൽ വന്നു എന്നതിലേക്ക് മാത്രം നോക്കുന്നവരാണ് പെണ്ണിനെ അപമാനിച്ചു എന്നും പറഞ്ഞ് കയറ് പൊട്ടിക്കുനത്. അതേ സമയം തന്റെ ജീവിത ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ ആണിനെ ത്ര വേണം, പെണ്ണിനെത്ര വേണം എന്നതൊന്നും അവർ നോക്കുന്നില്ല. ഇസ്ലാമിന്റെ കാഴ്ചപ്പാടില്‍ കുടുംബത്തിന്റെ സാമ്പത്തികച്ചെലവുകള്‍ മുഴുവന്‍ വഹിക്കേണ്ടതു പുരുഷനാണ്. സ്ത്രീക്ക് ഒരു നിര്‍ബന്ധബാധ്യതയും ഇക്കാര്യത്തിലില്ല. അവള്‍ ഉദ്ദേശിക്കുന്നപക്ഷം തന്റെ സ്വത്തു ഭര്‍ത്താവിനു ദാനമായി കൊടുക്കാം. വീടുണ്ടാക്കല്‍, ഭാര്യക്കു വേലക്കാരിയെ വച്ചുകൊടുക്കല്‍, മക്കളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, തുടര്‍ന്നു വരുന്ന ചെലവുകള്‍, ചികിത്സാചെലവുകള്‍ തുടങ്ങി കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകള്‍ പുരുഷനായ കുടുംബനാഥനാണു വഹിക്കേണ്ടത്. അവന്‍ കൊണ്ടുവരുന്നതു വീട്ടില്‍ വീതിക്കുകയും കൈകാര്യം ചെയ്യുകയും മാത്രമാണ് പെണ്ണിന്റെ കടമ. സര്‍വബാധ്യതകളുമുള്ള പുരുഷനും ഒരു ബാധ്യതയുമില്ലാത്ത സ്ത്രീക്കും ഒരേയളവില്‍ സ്വത്തിന്റെ ഓഹരി നല്‍കണമെന്ന് പറയുന്നത് എങ്ങനെ ഈ സാമൂഹ്യ പരിഷ്കർത്താക്കൾക്ക് പറയാൻ കഴിയും. അത് കഴിയില്ല. എന്നിട്ടും അവരിങ്ങനെ ഇസ്ലാമിനെ വായിലിട്ട് ചവയ്ക്കുന്നത് നേരത്തെ പറഞ്ഞ ഇസ്ലാം വിരോധം കൊണ്ടു മാത്രമാണ്. ഇസ്ലാമിനെതിരെ വിറച്ച് പൊട്ടിത്തെറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പിടിച്ചു നിൽക്കാനാണ്.
ഇനിയും ഒരു വിഷയം കൂടിയും ഉണ്ട്. അത് പിതാവ് ജീവിച്ചിരിക്കെ മരണപ്പെടുന്ന മകന്‍റെ മക്കള്‍ക്ക് പിതാമഹന്‍റെ സ്വത്തില്‍ ഒരു അവകാശവും ലഭിക്കില്ല എന്നതാണ്. ഇതിനെ കുറിച്ചും വലിയ വായിലുള്ള ചർച്ചകൾ ഉണ്ടാവാറുണ്ട്. കാരുണ്യമില്ലാത്ത മതം എന്ന് ഇസ്ലാമിനെ ഇതിന്റെ പേരിൽ വലിയ തോതിൽ ആക്ഷേപിക്കാറുമുണ്ട്. എന്നാൽ പിതാമഹന്‍റെ സ്വത്തില്‍ പൌത്രന് ഓഹരി ലഭിക്കാതിരിക്കാതിരിക്കുന്നത് അപൂര്‍വ്വം സന്ദര്‍ഭത്തില്‍ മാത്രമാണ് എന്നാണ് വസ്തുത.
പൌത്രന് ഓഹരി ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. അവ ഇങ്ങനെയാണ്. ഒരാള്‍ മരണപ്പെടുമ്പോള്‍ അവകാശിയായി മക്കള്‍ ആരുമില്ലാതെ ഒരു പൌത്രന്‍ മാത്രമാണെങ്കില്‍ അവന് സ്വത്ത് മുഴുവന്‍ അവകാശമായി ലഭിക്കും. അവര്‍ ഒന്നിലധികം ആണ്‍കുട്ടികള്‍ ആണെങ്കില്‍ സ്വത്ത് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ആണും പെണ്ണും ആണെങ്കില്‍ പെണ്ണിന്‍റെ ഇരട്ടി ആണിന് എന്ന തോതില്‍ വീതിക്കപ്പെടും.
ഒരാള്‍ മരണപ്പെടുമ്പോള്‍ അവകാശിയായി ഒരു മകളും നേരത്തെ മരണപ്പെട്ട മകന്‍റെ മകനും ആണ് ഉള്ളതെങ്കില്‍ ഒറ്റ മകള്‍ എന്ന നിലയില്‍ അവള്‍ക്ക് സ്വത്തിന്‍റെ പകുതി ലഭിക്കും. ബാക്കിയുള്ള പകുതി പൌത്രന് ലഭിക്കും. അവര്‍ ഒന്നിലധികം ആണ്‍കുട്ടികള്‍ ആണെങ്കില്‍ മകള്‍ക്ക് കൊടുത്ത ശേഷം ബാക്കിയാവുന്ന പകുതി സ്വത്ത് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ആണും പെണ്ണും ആണെങ്കില്‍ പെണ്ണിന്‍റെ ഇരട്ടി ആണിന് എന്ന തോതില്‍ വീതിക്കപ്പെടും.
മരണപ്പെട്ട ആള്‍ക്ക് ഒന്നിലധികം പെണ്‍കുട്ടികളും നേരത്തെ മരണപ്പെട്ട മകന്‍റെ മകനും ആണ് ഉള്ളതെങ്കില്‍ ഒന്നിലധികം പെണ്‍കുട്ടികള്‍ എന്ന നിലയില്‍ സ്വത്തിന്‍റെ മൂന്നില്‍ രണ്ട് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ബാക്കിയുള്ള മൂന്നിലൊന്ന് പൌത്രന് ലഭിക്കും. അവര്‍ ഒന്നിലധികം ആണ്‍കുട്ടികള്‍ ആണെങ്കില്‍ പെണ്മക്കള്‍ക്ക് കൊടുത്ത ശേഷം ബാക്കിയാവുന്ന സ്വത്ത് അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. ആണും പെണ്ണും ആണെങ്കില്‍ പെണ്ണിന്‍റെ ഇരട്ടി ആണിന് എന്ന തോതില്‍ വീതിക്കപ്പെടും.
ഇങ്ങിനെ പൗത്രന് സ്വത്തില്‍ ഓഹരി നിയമാനുസൃതമായി ലഭിക്കാന്‍ സാധ്യതകള്‍ ധാരാളമുണ്ട്. ഇതിനെ മറച്ചുപിടിച്ചുകൊണ്ടാണ് വിമര്‍ശകര്‍ ഒറ്റയടിക്ക് പിതാമഹന്‍റെ സ്വത്തില്‍ പൌത്രന് അവകാശമേയില്ല, അവരെ പറ്റെ അവഗണിക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത്. ഇവർക്ക് ഓഹരി ലഭിക്കാത്ത അവസ്ഥ ഒന്നേയുള്ളൂ. മരണപ്പെട്ട ആള്‍ക്ക് ജീവിച്ചിരിക്കുന്ന ആണ്മക്കള്‍ ഉണ്ടെങ്കില്‍, നേരത്തെ മരണപ്പെട്ടുപോയ മകന്‍റെ മക്കള്‍ക്ക് നേര്‍ക്കുനേരെ ഓഹരി അവകാശം ലഭിക്കുകയില്ല. ഇത് പൗത്രനോടുള്ള ക്രൂരതയോ കരുണയില്ലായ്മയോ അല്ല. മറിച്ച് ആദ്യ ശ്രേണിയിൽ വരുന്ന ആണവകാശിക്ക് സ്വത്തിൽ നിന്ന് ബാക്കി വരുന്നത് മുഴുവൻ കൊടുക്കുകയാണ്. പക്ഷെ, ഈ അവസ്ഥയില്‍ ഇസ്ലാം അവരോട് ക്രൂരമായി കൈ മലർത്തുന്നൊന്നുമില്ല. ഒരു പക്ഷെ ഈ നിയമത്തെ ഭജ്ഞിക്കേണ്ട അനിവാര്യത വിളിച്ചു പറയുന്നതാകും സാഹചര്യം. അത്തരം സാഹചര്യത്തിനു വേണ്ടി നിര്‍ദ്ദേശിക്കുന്ന പരിഹാരമാണ് വസ്വിയ്യത്ത്:
അല്ലാഹു പറയുന്നു: നിങ്ങളിലൊരുവന് മരണമടുത്താല്‍, ധനം ശേഷിപ്പിക്കുന്നുവെങ്കില്‍, മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ന്യായമായ രീതിയില്‍ വസ്വിയ്യത്ത് ചെയ്യുക നിര്‍ബന്ധമാക്കിയിരിക്കുന്നു. ഭക്തന്മാര്‍ക്ക് ഇതൊരു ബാധ്യതയാകുന്നു. (അല്‍ ബഖറ: 180)
ഇവിടെ അങ്ങനെ ചിലതൊക്കെ ഉണ്ട് അതുകൊണ്ടാണ് അങ്ങനെ പറയേണ്ടിവന്നത്. മക്കൾക്ക് സ്വത്ത് മുഴുവൻ കിട്ടുക എന്നത് മാത്രമാണ് ലക്ഷ്യമെങ്കിൽ അതിന് ഇസ്ലാമിനും മുഹമ്മദൻ ലോക്കും ഇന്ത്യക്കും ഒരാൾക്കും ആക്ഷേപമില്ലാത്ത വഴികൾ ഉണ്ടല്ലോ. പലരും പറഞ്ഞതു പോലെ ഇപ്പോൾ തന്നെ മുതലെല്ലാം അവർക്ക് എഴുതി വെക്കാം. വസ്വിയ്യത്ത് ചെയ്യാം. പക്ഷെ, ഇവിടെ അതൊന്നുമല്ല, ഇസ്ലാമിനെ ഒന്ന് തോണ്ടൽ മാത്രമാണ് ലക്ഷ്യം. അതെന്തെങ്കിലുമാവട്ടെ ഇസ്ലാം ലോകത്തിന് മുമ്പിൽ ദായക്രമത്തിന്റെ കാര്യത്തിലും തലയുയർത്തി നിൽക്കുന്നുണ്ട്. പടച്ചട്ടയും വാളുമേന്താൻ കഴിയാത്തതിനാൽ പെണ്ണുങ്ങൾക്ക് അനന്തരാവകാശമേ കൊടുക്കാതിരുന്ന അറേബ്യൻ ജാഹിലിയ്യത്തിനു മുമ്പിലാണ് ഇസ്ലാം അവർക്ക് വേണ്ടി വരുന്ന അത്ര ധനാവകാശം നൽകിയത്. 1882-ല്‍ പാസ്സാക്കിയെടുത്ത വിവാഹിതകളായ സ്ത്രീകളുടെ ധനനിയമം വരേണ്ടി വന്നു ഇംഗ്ലണ്ടിലെ പെണ്ണുങ്ങൾക്ക് വല്ലതും കിട്ടാൻ. റഷ്യയിലും ചൈനയിലും ഇറ്റലിയിലും അനന്തരാവകാശം പോയിട്ട് കുടുംബത്തിന്റെ ഭാഗമായിക്കിട്ടിയത് യഥാക്രമം 1927 ലും 1952 ലും 1919 ലുമൊക്കെയാണ്. അതൊന്നും പക്ഷെ, ആരും കാണില്ല. ഇസ്ലാമിനെ തട്ടാനും കൊട്ടാനും കിട്ടിയാൽ മാത്രമേ ഇവരുടെ സാംസ്കാരിക ചിന്ത ഉണരൂ, കത്തൂ. മതതാരതമ്യ ശാസ്ത്രത്തില്‍ പഠനം നടത്തിയ ചിന്തകൻ പ്രൊഫ. റുംസി അദ്ദേഹത്തിന്റെ മുഹമ്മദന്‍ ലോ ഓഫ് ഇന്‍ഹെറിറ്റന്‍സ് എന്ന ഗ്രന്ഥത്തിന്റെ അവതാരികയില്‍ എഴുതി: പരിഷ്‌കൃത ലോകത്തിന് അറിയാന്‍ സാധിച്ചിട്ടുള്ള സ്വത്ത് ആപാദന ചട്ടങ്ങളില്‍ വെച്ചേറ്റവും സംസ്‌കരിച്ചതും സവിസ്തര വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതുമാണ് മുഹമ്മദന്‍ പിന്‍തുടര്‍ച്ചാവകാശ നിയമമെന്നതില്‍ സംശയമില്ല. പഠനാര്‍ഹമായ അതിന്റെ ചാരുതയും ഘടനാ പൊരുത്തവും അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ മാത്രമല്ല ചിന്താശീലരായ വ്യുല്‍പന്നമതികളെയും കൂടി ആകര്‍ഷിക്കാന്‍ പര്യാപ്തങ്ങളാണ്. നമ്മുടെ സ്വന്തം നിയമം ശൈശവദശ പോലും പ്രാപിക്കാതെ വെറും ഭ്രൂണദശയിലായിരുന്ന കാലത്തു തന്നെ അറേബ്യയിലെ പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്മാരും നടപ്പില്‍ വരുത്തിയ വ്യവസ്ഥകള്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ചു കഴിഞ്ഞിരുന്നു.
o
ദായക്രമം: കുഴപ്പം വായനക്കാണ്.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso