Thoughts & Arts
Image

നോമ്പ് സമൂഹങ്ങളിൽ

18-03-2023

Web Design

15 Comments






വർത്തമാന കാലം ഏറെ ആധികാരികത കൽപിക്കുന്ന ഒരു സര്‍വ്വവിജ്ഞാനകോശമാണ് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. നമ്മുടെ ചർച്ച വേഗത്തിൽ അതിന്റെ മുക്കും മൂലയും അണയുവാൻ ആ വാക്ക് വെച്ച് ഒന്ന് പരതുകയായിരിക്കും എളുപ്പം എന്നു തോന്നുന്നു. അങ്ങനെ Fasting എന്ന വാക്കു വെച്ച് പരതുമ്പോൾ നാം വലിയ ഒരു വിൻഡോയിലാണ് എത്തിച്ചേരുക. പിന്നേയും താഴേക്കിറങ്ങി വിശദാംശങ്ങളിലേക്ക് കടന്നാൽ Fasting and religion എന്ന ശീർഷകത്തിൽ മുങ്ങിയാൽ വിശുദ്ധ ഖുർആനിലെ അൽ ബഖറ അദ്ധ്യായത്തിലെ 183-ാം സൂക്തത്തിൽ പറയുന്ന നിങ്ങളുടെ മുൻഗാമികൾക്കു മേൽ നിർബന്ധമാക്കപ്പെട്ടതു പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ ചരിത്ര പൊരുളിന്റെ ഒരരുകിൽ നാം എത്തിച്ചേരും. നമ്മുടെ സാംസ്കാരിക തലം പരിഗണക്കെടുക്കുന്നതും സമൂഹത്തിന്റെ ഭാഗകമായി കരുതുന്നതുമായ ഏതാണ്ടെല്ലാ സമുദായങ്ങളുടെയും നോമ്പു വർത്തമാനങ്ങൾ അതിലുണ്ട്. എല്ലാം വായിക്കുമ്പോൾ നമുക്ക് തോന്നുക എല്ലാ സമൂഹങ്ങൾക്കും നോമ്പുണ്ടായിരുന്നു എന്ന അൽഭുതമാണ്. രീതി, സമയം, നിയമങ്ങൾ, ആചാര-അനുഷ്ടാനങ്ങൾ തുടങ്ങിയവയിലൊക്കെ വ്യത്യാസം കാണുന്നത് ഒരു പക്ഷെ ബോധപൂർവ്വം അതിന്റെ ആൾക്കാർ വരുത്തിയതാകാം. അല്ലെങ്കിൽ അതതു മതങ്ങൾ സ്ഥാപിതമായ കാലത്തിന്റെ വളർച്ചയെ പരിഗണിച്ചതാകാം. അല്ലെങ്കിൽ തലമുറകളുടെ കൈമാററത്തിനിടെ ചില കണ്ണികൾ വിട്ടുപോയതാവാം. ഏതായാലും അല്ലാഹു പറഞ്ഞതു ശരിയാണ്. മുൻ സമുദായങ്ങൾക്കെല്ലാം നോമ്പുണ്ടായിരുന്നു.



ഈ ചർച്ചയുമായിട്ടുള്ള സഞ്ചാരം ചില ആമുഖങ്ങൾ ആവശ്യപ്പെടുന്നു. അത് ഇമാം ഖുർത്വുബി തന്റെ തഫ്സീറിൽ പറയുന്നതുപോലെ അല്ലാഹു തന്റെ ദൂതൻമാരിലൂടെ കൈമാറിയ ശറുകളെല്ലാം അടിസ്ഥാന താൽപര്യങ്ങളിൽ ഒന്നിക്കുന്നു എന്നതാണ്. അതായത് നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവ എല്ലാ സമൂഹങ്ങൾക്കും ഉണ്ടായിരുന്നു. ഇക്കാര്യം വിശുദ്ധ ഖുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ സൂചിപിക്കുന്നുണ്ട്. ഉദാഹരണമായി അല്ലാഹു പറയുന്നു: നൂഹ് നബി, ഇബ്‌റാഹീം നബി, മൂസാ നബി, ഈസാ നബി എന്നിവരോട് നാം അനുശാസിച്ചതും താങ്കള്‍ക്കു നാം സന്ദേശം നല്‍കിയതുമായ ഒരു സംഹിത -നേരായ രീതിയില്‍ മതനിഷ്ഠ നിലനിറുത്തുകയും അതില്‍ പക്ഷാന്തരമുണ്ടാകാതിരിക്കുകയും വേണമെന്ന്- നിങ്ങള്‍ക്കവന്‍ നിയമമാക്കിയിരിക്കുന്നു. (ശൂറാ: 13) എല്ലാ പ്രവാചകൻമാരും കൊണ്ട് വന്ന നിയമം അടിസ്ഥാനപരമായി ഒന്നാണ് എന്ന ഈ വസ്തുത നബി(സ) ഇങ്ങനെ പറയുന്നു: എല്ലാ പ്രവാചകൻമാരും സഹോദരങ്ങളാണ്, പിതൃസഹോദര പുത്രൻമാർ. അവരുടെ ഉമ്മമാർ വേറെവേറെയാണ്. അവരുടെ മതം ഒന്നാണ് (ബുഖാരി). ഈ ആശയത്തിൽ സ്വഹീഹുൽ ബുഖാരിയിൽ ഒരു ശീർഷകം തന്നെ കാണാം.



ഈ അർഥത്തിൽ എല്ലാ സമുദായങ്ങൾക്കും നോമ്പുണ്ടായിരുന്നു എന്നത് ഒരു സത്യമാണ്. ഇതിൽ നോമ്പു പോലെ കഠിനമായ ഒരു ആരാധന വന്നതിന്റെ ന്യായം ഇബ്നുൽ ഖയ്യിമുൽ ജൗസി(റ) തന്റെ മദാരിജുസ്സാലികീനിൽ പറയുന്നത് ഇങ്ങനെയാണ്. അതായത് നോമ്പ് അതി കഠിനമായ ഒരു ആരാധനയാണ്. കഠിനമായ എന്നു പറയാൻ കാരണം ഒന്നാമതായി അതിന്റെ ദൈർഘ്യം. മറ്റൊന്ന് അതിന്റെ ത്യാഗം. കാരണം, മനുഷ്യൻ അവന്റെ വികാര വിചാരങ്ങൾ എല്ലാം വേണ്ടെന്ന് വെക്കുകയാണ് നോമ്പിൽ. മൂന്നാമതായി മനസ്സിന് വേണ്ട കഠിനമായ നിശ്ചയദാർഡ്യം. കാരണം ഒരു ചെയ്യുവാൻ വേണ്ടതിലധികം മനക്കരുത്ത് വേണം ചെയ്യാവുന്ന ഒരു കാര്യം ചെയ്യാതിരിക്കുവാൻ. അപ്പോൾ നോമ്പ് പോലെ കഠിനമായ ഒരു ആരാധന സ്വീകരിക്കുവാൻ ഒരാൾ തയ്യാറായാൽ പിന്നെ ബാക്കിയുളളതൊന്നും സ്വീകരിക്കുവാൻ പ്രയാസമുണ്ടാവില്ല. അതിനാൽ മനുഷ്യനെ അല്ലാഹുവിന്റെ ജീവിതനിയമങ്ങൾക്ക് വിധേയപ്പെടുത്തിയെടുക്കുക എന്നതാണ് നോമ്പ് എല്ലാ സമൂഹങ്ങൾക്കും നിർബന്ധമാകുവാൻ കാരണം. ഈ നിഗമനം എൻസൈക്ലോപീഡിയ ബ്രിട്ടാണിക്കയും ശരിവെക്കുന്നുണ്ട്.
In the religions of ancient peoples and civilizations, fasting was a practice to prepare persons, especially priests and priestesses, to approach the deities. ആദിമ മതങ്ങളിലും സമൂഹങ്ങളിലും വ്രതം നിഷ്കർശിക്കപ്പെട്ടിരുന്നത് വിശ്വാസത്തെ സ്വാംശീകരിക്കുവാൻ പ്രത്യകിച്ച് പുരോഹിതൻമാരെയും പുരോഹിതകളെയും അതിനു തയ്യാറാക്കാൻ വേണ്ടിയായിരുന്നു.



ഗ്രീക്ക് സംസ്കാരത്തിൽ നിന്ന് ഉൽഭൂതമായ മതങ്ങളിൽ പൊതുവെ ഒരു വിശ്വാസമുണ്ടായിരുന്നു. ദൈവം തന്റെ തെരഞ്ഞെടുക്കപ്പെടുന്ന ഭക്തർക്ക് പ്രത്യേക സന്ദേശം സ്വപ്നത്തിലൂടെ നൽകും. പക്ഷെ, അതിനു മുമ്പായി ഒരു ദിവസം നോമ്പനുഷ്ടിച്ചിരിക്കണം എന്നതായിരുന്നു അവരുടെ വിശ്വാസം. പെറുവിലെ ആദിമ കൊളംബിയൻ ജനതയിൽ നോമ്പ് കുംബസാരത്തിന്റെ അനന്തര നടപടിയായിരുന്നു. പാപങ്ങൾ കുംബസരിച്ചവർ ഒരു നോമ്പ് നോൽക്കണം എന്നതായിരുന്നു കീഴ് വഴക്കം. മൂസാനബി(അ)യുടെ ചരിത്രത്തിൽ ഇതിനു സമാനമായ സംഭവമുണ്ടായത് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അല്ലാഹു പറയുന്നു: മൂസാ നബിയോട് മുപ്പതു രാത്രി നാം വാഗ്ദാനം ചെയ്യുകയും പത്തു കൂടി ചേര്‍ത്ത് പൂര്‍ത്തീകരിക്കുകയും അങ്ങനെ നിശ്ചിത നാല്‍പതു നാള്‍ സമ്പൂര്‍ണമാവുകയും ചെയ്തു. (അഅ്റാഫ്: 143). തൗറാത്ത് നല്‍കപ്പെടുന്നതിനു മുന്നോടിയായി മുപ്പത് ദിവസം പ്രത്യേകം ആരാധനകള്‍ നടത്താന്‍ അല്ലാഹു മൂസാ നബിയോടു നിര്‍ദ്ദേശിച്ചു. പിന്നീടതു നാല്‍പതു നാളാക്കി. വ്രതമനുഷ്ഠിച്ചും പ്രത്യേകം ആരാധനാനിമഗ്നനായും ആ നാളുകള്‍ കഴിച്ചു കൂട്ടിയ ശേഷമാണ് അല്ലാഹുവുമായുള്ള മുനാജാത്തിനായി അദ്ദേഹം ഥൂര്‍ പര്‍വതത്തിലേക്കു പുറപ്പെട്ടത്. ഇവിടെ അല്ലാഹുവിൽ നിന്ന് സന്ദേശം സ്വീകരിക്കുക, അല്ലാഹുവുമായി സംസാരിക്കുക തുടങ്ങി അമാനുഷികവും അഭൗമികവുമായ പല കാര്യങ്ങളും ആയിരുന്നു നടക്കാൻ പോകുന്നത്. മാനസികവും ആത്മീയവുമായ അത്തരം സാഹചര്യങ്ങൾക്കു വേണ്ട കരുത്ത് നേടാനാണ് നാൽപ്പതു ദിവസത്തെ പ്രത്യേക ആരാധനകളും മറ്റും കൽപ്പിക്കപ്പെട്ടത്. ഈ ആരാധനകളിൽ നോമ്പ് ഉണ്ടായാരുന്നതായി തഫ്സീറുൽ കശ്ശാഫിലും മറ്റു ചില തഫ്സീറുകളിലും കാണാം. നോമ്പിന്റെ സ്വാധീനം വെച്ച് അതുണ്ടാകുവാൻ തന്നെയാണ് സാധ്യത.



ചില സംസ്കാരങ്ങളിൽ ദൈവ കോപത്തെ ശമിപ്പിക്കാനുള്ള വഴിയായി നോമ്പിനെ കണ്ടിരുന്നു എന്ന് എൻസൈക്ലോപീഡിയ പറയുന്നു. അമേരിക്കൻ ആദിവാസികൾക്കിടയിൽ വെളിപാട് വരുന്ന വെളിച്ചപ്പാടുകൾ ഉണ്ടായിരുന്നു. വെളിപാട് വരുമ്പോൾ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ഇതിനായി അവർ മുമ്പുള്ള ദിവസങ്ങളിൽ വ്രതമനുഷ്ടിക്കുമായിരുന്നു. പൗരോഹിത്യത്തിൽ അധിഷ്ഠിതമായ തെക്കുപടിഞ്ഞാറൻ അമേരികയിയിൽ താമസിച്ചിരുന്ന പ്ലീബ്ലോ ഇന്ത്യൻ ആദിവാസികളുടെ വ്രതം ഋതുക്കളുടെ മാറ്റത്തിനനുസരിച്ചായിരുന്നു. ഒരോ ഋതുവിനെയും അവർ സ്വീകരിച്ചിരുന്നതും സ്വാഗതം ചെയ്തിരുന്നതും നോമ്പുനോറ്റായിരുന്നു. ഏതായാലും എല്ലാ ആദിമ സമൂഹങ്ങളിലും നോമ്പ് ഉണ്ടായിരുന്നു. എങ്കിലും ഈ പഠനങ്ങളിൽ നമ്മെ കുഴക്കുന്ന വിഷയം പ്രവാചകൻമാരുടെയോ ഗ്രന്ഥങ്ങളുടെയോ നേതൃത്വം വ്യക്തമായി അവകാശപ്പെടാൻ ഇല്ലാത്ത ആദിമ ആദിവാസി സമൂഹങ്ങൾ എങ്ങനെയാണ് നോമ്പിലെത്തിപ്പെട്ടത് എന്നതാണ്. പ്രമുഖ നരവംശ ശാസ്തജ്ഞൻ ഹർബർട്ട് സ്പെൻസർ തന്റെ പ്രിൻസിപ്പിൾസ് ഓഫ് സോഷ്യോളജി എന്ന ഗ്രന്ഥത്തിൽ പറയുന്നത് ഇങ്ങനെ പറയുന്നു: ജനങ്ങള്‍ തമോയുഗത്തില്‍ പട്ടിണികിടക്കുന്നത് പുണ്യമായി ഗണിച്ചുകാണും. ഒരു ദിവസത്തെ ഭക്ഷണം സ്വയം ഉപേക്ഷിച്ചാല്‍ അത് മരിച്ചുപോയ തങ്ങളുടെ പൂര്‍വികരില്‍ ഫലം ചെയ്യുമെന്ന് കരുതിക്കാണും. അതായിരിക്കും നോമ്പിന്റെ ആരംഭം. എന്നാൽ ഈ നിഗമനത്തിന് തെളിവുകളൊന്നുമില്ലെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക തന്നെ വ്യക്തമാക്കുന്നുണ്ട്. (എഡി: 12, വാ: 10, പേജ്: 94) ആദിമമനുഷ്യര്‍ ദേഹപീഡനം ഈശ്വരപ്രീതിയുടെ മാര്‍ഗമായി കരുതിയിരിക്കണം. അന്നപാനാദികള്‍ വെടിഞ്ഞ് സ്വയം പീഡനങ്ങള്‍ക്ക് വിധേയരായി പുണ്യം നേടാന്‍ നടത്തിയ പരിശ്രമമായിരിക്കാം നോമ്പിന്റെ ആരംഭത്തിന് ഹേതുവായതെന്ന് മറ്റുചില പണ്ഡിതന്മാര്‍ അനുമാനിക്കുന്നു.



ഹിന്ദു ധർമ്മത്തില്‍ വ്രതം ആചരിക്കപ്പെടുന്നുണ്ട്.
ഉത്സവങ്ങളിലും വാര്‍ഷികാഘോഷങ്ങളിലും ചില ദിവസങ്ങള്‍ വ്രതത്തിനായുണ്ട്. ആത്മശുദ്ധിയും ഹൃദയപരിപോഷണവുമാണതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. പ്രാര്‍ഥനയ്ക്കും ആരാധനയ്ക്കുമായി ഹൈന്ദവ സമുദായത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ചില പ്രത്യേക ദിവസങ്ങളുണ്ട്. അന്ന് അധികപേരും നോമ്പനുഷ്ഠിക്കുന്നു. ആഹാരപാനീയങ്ങള്‍ വെടിയുകയും നിശാവേളകളില്‍ നിദ്രാവിഹീനരായി പ്രാര്‍ഥനയില്‍ മുഴുകുകയും ചെയ്യുന്നു. ദൈവചിന്തയിലും വിശുദ്ധഗ്രന്ഥ പാരായണത്തിലും വ്യാപൃതരാകുന്നു. ഹിന്ദു മതത്തിലെ ഉപവാസം കുറിക്കുന്നത് ശാരീരികമായ ആവശ്യങ്ങളെ ത്യജിച്ചുകൊണ്ട് ആത്മീയമായ ഉന്നതി കൈവരിക്കുകയാണ്. ദൈനംദിന ജീവിതം തുടരവേ അതിലെ ഇഛകളുടെയും വികാരങ്ങളുടെയും കാരണത്താൽ ആത്മീയപാത പിന്തുടരുന്നത് എളുപ്പമല്ലെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അതുകൊണ്ട് വിശ്വാസികള്‍ മനസ്സിനെ ഏകാഗ്രമാക്കാനായി സ്വയം നിയന്ത്രണങ്ങള്‍ ഏല്‍പിക്കുന്നു. അത്തരത്തില്‍ ഒരു നിര്‍ബന്ധിത നിയന്ത്രണമാണ് അവർക്ക് ഉപവാസം. സ്ത്രീകള്‍ മാത്രം വ്രതമനുഷ്ഠിക്കുന്ന ചില ദിവസങ്ങളുമുണ്ട്. അന്ന് അവര്‍ ഐശ്വര്യത്തിന്റെ ദേവതയെ വിളിച്ച് പ്രാര്‍ഥിക്കുന്നു. പാപത്തില്‍ നിന്ന് ഉപാവര്‍ത്തനം ചെയ്ത് (വിരമിച്ച്) നടത്തുന്ന വാസമാണ് ഉപവാസമെന്ന് ഹിന്ദുമതത്തില്‍ അറിയപ്പെടുന്നത്. ഉപവാസമനുഷ്ഠിക്കുന്നവര്‍ ഭക്ഷണം, വെള്ളം എന്നിവ മാത്രമല്ല, ദേഹാലങ്കാരം, സ്ത്രീ സംസര്‍ഗം, താംബൂലം തുടങ്ങിയവയും വ്രതകാലത്ത് വര്‍ജിക്കേണ്ടതുണ്ട്. (Outline of Hinduism, chapter:4, section: 6).



വെളുത്ത വാവ്, ഏകാദശി എന്നിങ്ങനെ മാസത്തില്‍ ചില പ്രത്യേക ദിവസങ്ങളിലാണ് ഹിന്ദുക്കള്‍ വ്രതമെടുക്കുന്നത്. ആഴ്ചയില്‍ ചില ദിവസങ്ങളും ഓരോരുത്തരുടെയും ഇഷ്ടദേവതക്കനുസരിച്ച് ആളുകള്‍ വ്രതമെടുക്കാനായി തെരഞ്ഞെടുക്കുന്നു. ശനിയാഴ്ചകളില്‍ ആ ദിവസത്തിന്റെ ദേവനായ ശനിയുടെ പ്രീതിക്കായി ആളുകള്‍ വ്രതമെടുക്കുന്നു. ചിലര്‍ ഹനുമാന്റെ ദിവസമായ ചൊവ്വാഴ്ച വ്രതമെടുക്കുന്നു. വെള്ളിയാഴ്ചകളില്‍ പുളിപ്പുള്ള ഭക്ഷണം ഒഴിവാക്കിക്കൊണ്ട് സന്തോഷിമായുടെ ഭക്തര്‍ വ്രതമെടുക്കുന്നു. സന്തോഷി മാ ഒരു ഹിന്ദു ദേവതയാണ്. സംതൃപ്തിയുടെ മാതാവ് എന്നാണ് ഈ പേരിന്റെ അർത്ഥം. ഉത്തരേന്ത്യയിലെയും നേപ്പാളിലെയും സ്ത്രീകൾ സന്തോഷി മാതാവിനെ പ്രത്യേകമായി ആരാധിക്കുന്നു . സ്ത്രീകൾ തുടർച്ചയായി 16 വെള്ളിയാഴ്ചകളിൽ നടത്തുന്ന സന്തോഷി മാ വ്രതം (ആചാര വ്രതം) ദേവിയുടെ പ്രീതി നേടുന്നു എന്നാണ് വിശ്വാസം. നവരാത്രി കാലത്തു ഭക്തര്‍ ഒമ്പതു ദിവസം വ്രതമെടുക്കുന്നു. പശ്ചിമ ബംഗാളിലെ ഹിന്ദുക്കള്‍ ദുര്‍ഗാപൂജയുടെ എട്ടാമത്തെ ദിവസമായ അഷ്ടമിക്ക് വ്രതമെടുക്കുന്നു. ഹിന്ദു മതത്തിലെ വ്രതത്തിന് വിശ്വാസവുമായി മാത്രമല്ല, ആരോഗ്യവുമായും ബന്ധമുണ്ട്. പുരാതന ഭാരതീയ ചികിത്സാ സമ്പ്രദായം അനുസരിച്ചു രോഗങ്ങള്‍ക്ക് കാരണം അന്തരിക അവയവങ്ങളിൽ വിഷാംശങ്ങള്‍ അടിഞ്ഞുകൂടുന്നതാണ്. കൃത്യമായി അവയെ കളഞ്ഞു വൃത്തിയാക്കുന്നതു വഴി ആരോഗ്യം നിലനിര്‍ത്താം. ഉപവാസത്തിലൂടെ ദഹനാവയവങ്ങള്‍ക്ക് വിശ്രമം കിട്ടുകയും അതുവഴി എല്ലാ ശാരീരിക പ്രക്രിയകളും ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ഒരു രാത്രിനേരം ഭക്ഷണം എന്ന അര്‍ഥത്തില്‍ ഈ പതിവിന് ഒരിക്കലൂണ് ഒരു അർദ്ധ വ്രതവും ഹിന്ദു മതത്തിൽ കാണപ്പെടുന്നു. ഇത് ഞായര്‍, തിങ്കള്‍, വ്യാഴം, ശനി എന്നീ ആഴ്ച ദിവസങ്ങളിലും ഷഷ്ഠി, അഷ്ടമി, ദശമി, ഏകാദശി, ചതുര്‍ദശി, വാവ് തുടങ്ങിയ തിഥികളിലും ആണ് ആചരിച്ചുവരുന്നത്. (എന്‍ ബി എസ്, വിജ്ഞാനകോശം ഉപവാസം എന്ന ശീര്‍ഷകത്തിന്റെ സംഗ്രഹം).



ബുദ്ധമതത്തില്‍ അന്നപാനാദികള്‍ സ്വയം വെടിഞ്ഞു വാവുതോറും ഉപവസിക്കുന്ന പതിവുണ്ട്. ഉമിനീര്‍ പോലും ഇറക്കാതെ നോൽക്കുന്ന ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന ഒരു പ്രത്യേകതരം ഉപവാസപരിപാടി തിബത്തിലെ ലാമ മാരുടെ ഇടയില്‍ ഉണ്ടെന്ന് പറയപ്പെടുന്നു.
കര്‍ക്കശമായ വ്രതാനുഷ്ഠാനമാണ് ജൈനമതവിശ്വാസികളുടേത്. തുടര്‍ച്ചയായി നാല്പതു ദിവസത്തെ വ്രതത്തെ ഒരു നോമ്പായിട്ടാണ് ഗണിച്ചിരുന്നത്. ഇത്തരത്തിലുള്ള നീണ്ട നോമ്പനുഷ്ഠിച്ചിരുന്ന ധാരാളം മഠാധിപന്മാര്‍ ജൈനമതത്തിലുണ്ടായിരുന്നു. പൗരാണിക ഈജിപ്തുകാര്‍ ഉത്സവദിനങ്ങളോടനുബന്ധിച്ച് വ്രതമനുഷ്ഠിച്ചിരുന്നതായി ചരിത്രങ്ങളിൽ കാണാന്‍ കഴിയുന്നു. പാഴ്‌സികള്‍ സാധാരണയായി വ്രതം അനുഷ്ഠിക്കാറില്ലെങ്കിലും അവരുടെ വേദഗ്രന്ഥങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ദേശിച്ചിട്ടുണ്ട്. മതനേതാക്കള്‍ക്ക് പഞ്ചവത്സര വ്രതം നിര്‍ബന്ധമായിരുന്നുവെന്ന് അവരുടെ വിശുദ്ധ ഗ്രന്ഥത്തില്‍ വന്ന ഒരു സൂക്തം തെളിയിക്കുന്നു. (സീറത്തുന്നബി വാ: 5, പേജ്: 212)



ജൂത വിശ്വാസപ്രകാരം വര്‍ഷത്തില്‍ ഏറ്റവും വിശുദ്ധമായ ദിനമാണ് യോം കിപ്പര്‍. ജൂതന്മാര്‍ സ്വന്തം പാപങ്ങളില്‍ നിന്ന് മുക്തി നേടാനായി അനുഷ്ഠിക്കുന്ന ആത്മനിരാസത്തിന്റേതായ ദിവസമാണ് യോം കിപ്പര്‍(ലേവ്യപുസ്തകം 23:27). ജൂതന്മാരുടെ പുതുവത്സരദിനമായ റോഷ് ഹഷാനക്ക് ശേഷം എട്ടു ദിവസം കഴിഞ്ഞാണ് അത് ആചരിക്കപ്പെടുന്നത്. റോഷ് ഹഷാനയുടെ അന്ന് ദൈവം എല്ലാ ജൂതന്മാരുടെയും പേര് പുസ്തകങ്ങളില്‍ എഴുതിവെക്കുമെന്നും യോം കിപ്പര്‍ ദിവസമാണ് അതില്‍ വിധിയെഴുതി മുദ്ര വെക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ പശ്ചാത്തപിക്കാനും തങ്ങള്‍ക്കു മേല്‍ കല്‍പിച്ച വിധിക്ക് മാറ്റം വരുത്താനും ജൂതന്മാര്‍ക്ക് ലഭിക്കുന്ന അവസാന അവസരമാണ് യോം കിപ്പര്‍. തോറായില്‍ നിര്‍ദേശിച്ചിരിക്കുന്ന ഒരേയൊരു വ്രതദിവസമാണ് യോം കിപ്പര്‍. 25 മണിക്കൂര്‍ തികച്ചും, അതായത് തലേന്ന് സൂര്യാസ്തമയം മുതല്‍ യോം കിപ്പര്‍ ദിവസം ഇരുട്ട് വീഴുന്നതുവരെ നീണ്ടുനില്‍ക്കുന്നതാണ് ഈ വ്രതം. ആ സമയത്ത് ഭക്ഷണവും പാനീയങ്ങളും ഉപേക്ഷിക്കേണ്ടതാണ്. പോയ വര്‍ഷത്തെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്ത്ആത്മാവിനെ വിമലീകരിക്കാനായി നീക്കിവെച്ച ദിവസമാണത്. മോശെ പ്രവാചകൻ സീനാപര്‍വതത്തില്‍ കഴിച്ചുകൂട്ടിയ നാല്പത് ദിവസത്തെ (മീഖാത്ത്) അനുസ്മരിച്ചുകൊണ്ട് യഹൂദികള്‍ അത്രയും ദിവസം വ്രതമനുഷ്ഠിക്കുന്നത് പുണ്യമായി ഗണിച്ചുവരുന്നു. ബൈബിൾ പഴയ നിയമം പറയുന്നു: മോശെ നാല്പത് രാവും നാല്പത് പകലും ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും അവിടെ കര്‍ത്താവിനോടൊപ്പം കഴിഞ്ഞു (പുറപ്പാട് 34: 28). അവരുടെ ആറാം മാസത്തിലെ ആരംഭം തൊട്ട് ഏഴാം മാസത്തിലെ പത്താം തിയ്യതിവരെയുള്ള നാല്പത് ദിവസം നോമ്പ് ദിവസങ്ങളാണ്. ഏഴാം മാസമായ തിശ്‌രിയയിലെ വ്രതം നിര്‍ബന്ധ വ്രതമായി ഗണിച്ചുവരുന്നു. പ്രസ്തുത വ്രതവും ജൂണ്‍ ഒമ്പതാം നാളിലെ വ്രതവും ഒരു ദിനത്തിലെ പ്രദോഷം മുതല്‍ അടുത്ത പ്രദോഷം വരെ നീണ്ടുനില്ക്കും. മറ്റുള്ള സാധാരണ വ്രതങ്ങള്‍ക്ക് പ്രത്യേക നിയമങ്ങള്‍ ഇല്ല. (ജൂയിസ് എന്‍സൈക്ലോപീഡിയ, വാള്യം 5-ല്‍ നിന്നുള്ള സംഗ്രഹം).



ക്രിസ്തുമതത്തിലും നോമ്പ് ഒരു പ്രധാന ആരാധനയായി വിധിച്ചിട്ടുണ്ട്. ക്രിസ്തു നാല്പത് ദിവസം അന്നപാനാദികള്‍ വെടിഞ്ഞു കഴിച്ചുകൂട്ടിയതായി പുതിയ നിയമം വിവരിക്കുന്നുണ്ട്: പിന്നീട് പിശാചിന്റെ പ്രലോഭനം നേരിടാനായി യേശുവിനെ ആത്മാവ് ഒരു ഭൂമിയിലേക്കു നയിച്ചു. നാല്പതുരാവും നാല്പതു പകലും അവന്‍ ഉപവസിച്ചു. (മത്തായി 4: 2). പഴയ നിയമത്തെ നടപ്പിലാക്കാൻ വന്ന പ്രവാചകൻ എന്ന നിലക്ക് ജൂതരുടെ പാത തന്നെ അവരും പിന്തുടരേണ്ടതായിരുന്നു. പക്ഷെ, ശാരീരിക പീഠനത്തിന്റെ വേദന ഭയന്ന് അവരുടെ മതനേതൃത്വം തന്നെ നോമ്പും നോമ്പ് നിയമങ്ങളും ഒരിക്കലും ഒരു തീരുമാനത്തിലെത്താത്ത ഒരു ചർച്ചാ വിഷയം മാത്രമായി നിലനിറുത്തുകയായിരുന്നു. അതിനാൽ കൃത്യമായി ക്രൈസ്തവതയുടെ നോമ്പ് നമുക്ക് വായിച്ചെടുക്കുവാൻ കഴിയില്ല. അതിനാൽ തന്നെ ക്രൈസ്തവരിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ നോമ്പിന്റെ നിയമങ്ങളെ സംബന്ധിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. വ്രതാനുഷ്ഠാന രീതിയിലും വ്യത്യാസങ്ങളുണ്ട്. ചിലര്‍ മാംസഭക്ഷണം വെടിയുന്നു, ചിലര്‍ മത്സ്യവും പക്ഷിമാംസവും ഉപേക്ഷിക്കുന്നു, മറ്റു ചിലര്‍ മുട്ടയും പഴവര്‍ഗങ്ങളും ത്യജിക്കുന്നു. വേറെ ചിലര്‍ ഉണക്ക റൊട്ടി മാത്രം കഴിക്കുന്നു. എല്ലാ ഭക്ഷണപാനീയങ്ങളും വെടിഞ്ഞ് വ്രതമനുഷ്ഠിക്കുന്നവരും ഉണ്ട്. അതേ സമയം ഇവരുടെ അഭിപ്രായ വ്യത്യാസങ്ങൾക്കൊന്നും യേശു ഉത്തരവാദിയല്ല. യേശു പറയുന്നു: നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടഭക്തരെപ്പോലെ വിഷാദം നടിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നു എന്നു മനുഷ്യരെ ധരിപ്പിക്കാന്‍ അവര്‍ മുഖം വിരൂപമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു: അവര്‍ക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ഉപവസിക്കുമ്പോള്‍ തലയില്‍ എണ്ണ പുരട്ടുകയും മുഖം കഴുകുകയും ചെയ്യണം. അങ്ങനെ രഹസ്യത്തിലിരിക്കുന്ന നിന്റെ പിതാവൊഴികെ ആരും നിന്റെ ഉപവാസത്തെക്കുറിച്ച് അറിയാതിരിക്കട്ടെ. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്കു സമ്മാനം നല്കുകയും ചെയ്യും. (മത്തായി 6:16-18)



സിഖുകാര്‍ക്ക് നോമ്പില്ല. ഉപവാസത്തെ നിരര്‍ഥകമായ പ്രവൃത്തിയായിട്ടാണ് അവർ കാണുന്നത് എന്നതിനാല്‍ അവർ അതില്‍ ഏര്‍പ്പെടാറില്ല. ലോകത്ത് അഞ്ചാമത്തെ സംഘടിത മതമാണ് സിഖ്‌മതം. ഗുരുനാനാക്കിന്റെ ദർശങ്ങളും ജീവിതക്രമവും ആണ് സിഖ്‌മതത്തിന്റെ അടിസ്ഥാന ശില. ഏകദൈവം എന്ന സങ്കല്പത്തെ മുറുകെ പിടിച്ചും വിഗ്രഹാരാധനയെ നിരാകരിച്ചും ആ മതം സാഹോദര്യത്തിന്റെയും, സദാചാരത്തിന്റെയും ഒരു വഴി സ്ഥാപിച്ചു. ഹിന്ദു മതത്തിലേയും ഇസ്ലാം മതത്തിലെയും നല്ല കാര്യങ്ങൾ സാംശീകരിച്ചും അഹിതകരമായവ നിരാകരിച്ചുമാണ് സിഖ്‌മതം രൂപം കൊണ്ടത്. സിഖ് മതസ്ഥാപകനായ ഗുരു നാനാക് മുസ്ലിമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. അദ്ദേഹം സ്ഥിരമായി ഉപവസിച്ചിരുന്നു. സിഖ് മതപ്രകാരമുള്ള പത്താമത്തെ ഗുരുവായ ഗുരു ഗോവിന്ദ് സിങ് 1675-ല്‍ അധികാരം കൈക്കൊണ്ടതിനു ശേഷമാണ് സിഖ് മതാചാരങ്ങളില്‍ നിന്ന് ഉപവാസത്തെ ഒഴിവാക്കിയത്.
o




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso