റമളാനിയ്യാത്ത് - ഒന്ന്
18-03-2023
Web Design
15 Comments
റമളാൻ: അനുഗ്രഹവും അവസരവും
ഈ ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു സത്യവിശ്വാസിക്ക് അല്ലാഹു നൽകുന്ന ഏറ്റവും വലിയ അവസരവും അനുഗ്രഹവുമാണ് റമളാൻ. ഈ വസ്തുത കാരണങ്ങൾ സഹിതം മനസ്സിൽ ഉറപ്പിക്കുകയാണ് ഓരോ വിശ്വാസിയും ആദ്യം ചെയ്യേണ്ടത്. അപ്പോഴാണ് ഈ മാസത്തിന്റെ നൻമകൾ സ്വായത്തമാക്കുവാൻ വിശ്വാസി പ്രചോദിതനാവുക. അവയി ഏറ്റവും പ്രധാനപ്പെട്ടത് ഇങ്ങനെ സംഗ്രഹിക്കാം.
1
പാപങ്ങൾ കഴുകിയെടുക്കാം.
നബി(സ) പറയുന്നു:
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: (مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. وَ مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ. (متفق عليه)
ഒരാൾ റമളാൻ മാസത്തിൽ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി നോമ്പനുഷ്ടിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടും. ഒരാൾ റമളാൻ മാസത്തിൽ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി (രാത്രികളിൽ) നിന്നു നിസ്കരിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടും. ലൈലത്തുൽ ഖദറിന്റെ രാത്രിയിൽ ഒരാൾ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി നിന്നു നിസ്കരിച്ചാൽ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടും (ബുഖാരി, മുസ്ലിം). ഈ ലോകത്ത് അല്ലാഹു മനുഷ്യനെ പടച്ചുവിടുകയും നിശ്ചിതകാലം ജീവിപ്പിക്കുകയും ചെയ്യുന്നത് അവർ സൃഷ്ടാവിനെ തിരിച്ചറിഞ്ഞ് അവന്റെ അടിമയും പ്രതിനിധിയുമായി ജീവിക്കുന്നുണ്ടോ എന്ന് പരിശോധിക്കുവാൻ വേണ്ടിയാണ്. അതിനാൽ അത് മറന്നും അവനെ അവഗണിച്ചും ചെയ്യുന്നതെല്ലാം പാപമാണ്. പാപം ചെയ്താൽ അല്ലാഹുവിനെ അനുസരിച്ചില്ല എന്നു മാത്രമല്ല, അവനെ ധിക്കരിച്ചു എന്നു കൂടി വരും. അതിനാൽ നന്മ നേടിയെടുക്കുക എന്നതിനേക്കാൾ പ്രധാനമാണ് സംഭവിച്ചു പോയ ഈ ധിക്കാരങ്ങളും പാപങ്ങളും പൊറുക്കപ്പെടുക എന്നത്. അതിനുള്ള ഏറ്റവും വലിയ പ്രതീക്ഷയുള്ള മൂന്ന് കാര്യങ്ങളാണ് മേലെ മേൽപ്പറഞ്ഞ ഹദീസിൽ സൂചിപ്പിക്കുന്നത്. അത് മൂന്നും ഏതെങ്കിലും ദിവസങ്ങൾക്ക് മാത്രമുള്ളതല്ല, റമളാൻ മാസം മുഴുവനുമുള്ളതാണ്. അഥവാ ഈ മാസം മുഴുവനും സജീവമാക്കിയാലാണ് ഈ പാപമോചനം ലഭിക്കുക. അതിനാൽ ഈ മാസത്തിൽ ചെയ്യാനുള്ള ആരാധനകളെല്ലാം നല്ല നിയ്യത്തോടും പ്രതീക്ഷയോടും ചെയ്താൽ പാപങ്ങളിൽ നിന്ന് പരിപൂർണ്ണമായും നമുക്ക് രക്ഷപ്പെടാം.
2
വിശ്വാസി ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങൾക്കും അചിന്തനീയമായ അത്ര ഇരട്ടി പ്രതിഫലം അല്ലാഹു നൽകും. നബി(സ) പറയുന്നു:
عَنْ أَبِى هُرَيْرَةَ - رضى الله عنه - قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ قَالَ اللَّهُ عَزَّ وَجَلَّ إِلاَّ الصَّوْمَ فَإِنَّهُ لِى وَأَنَا أَجْزِى بِهِ يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِى (مسلم)
മനുഷ്യന്റെ എല്ലാ നന്മകളും പത്തു മുതൽ എഴുനൂറ് വരെ ഇരട്ടികളായി വർദ്ധിപ്പിക്കപ്പെടും. അല്ലാഹു പറഞ്ഞിട്ടുണ്ട്: നോമ്പ് ഒഴികെ എന്ന്. കാരണം അത് എനിക്ക് മാത്രം ഉള്ളതാണ്. അതിന് ഞാൻ പ്രതിഫലം നൽകും. അവൻ അവന്റെ വികാരത്തെയും ഭക്ഷണത്തെയും എനിക്കുവേണ്ടി ഒഴിവാക്കുകയാണ് (മുസ്ലിം). ഇത് വളരെ പ്രാധാന്യത്തോടെ നാം പരിഗണിക്കേണ്ടതുണ്ട്. കാരണം, നമ്മുടെ ജീവിതം ഹ്രസ്വമാണ്. ബാല്യം, കൗമാരം, യവ്വനത്തിന്റെ ആശ്രദ്ധകൾ, ഭൗതികയോടുള്ള വൈകാരിക ആവേശങ്ങൾ തുടങ്ങിയവയെല്ലാം കുറച്ചാൽ പിന്നെ നമ്മുടെ ജീവിതത്തിൽ വളരെ ചെറിയ സമയം മാത്രമേ ഉണ്ടാകൂ. അതുകൊണ്ട് മാത്രം വേണ്ടത്ര നൻമകൾ സ്വന്തമാക്കാൻ കഴിഞ്ഞെന്നുവരില്ല. അതിനാൽ അറ്റമില്ലാത്ത ഇരട്ടികളായി പ്രതിഫലം വർദ്ധിക്കുന്ന ഈ വേള നമുക്ക് അല്ലാഹു നൽകുന്ന ഒരു മഹാകാരുണ്യം തന്നെയാണ്. ഈ മാസത്തിൽ ഒരു സുന്നത്ത് ചെയ്താൽ ഒരു ഫർള് ചെയ്തതിന്റെയും ഒരു ഫർള് ചെയ്താൽ എഴുപത് ഫർളുകൾ ചെയ്തതിന്റെയും പ്രതിഫലം ലഭിക്കും എന്ന് മറ്റൊരു ഹദീസിൽ വന്നിട്ടുണ്ട്.
3
അല്ലാഹുവിനോട് പ്രത്യേക അടുപ്പം സ്ഥാപിക്കുവാൻ വിശ്വാസിക്ക് കഴിയുന്നു. നബി(സ്വ) ഇത് രണ്ട് ഹദീസുകളിലൂടെ സൂചിപ്പിക്കുന്നുണ്ട്.
لَخُلُوفُ فَمِ الصَّائِمِ أطْيَبُ عِنْدَ اللَّهِ مِن رِيحِ المِسْكِ (أبو هريرة -مسلم)
لِلصَّائِمِ فَرْحَتَانِ فَرْحَةٌ عِنْدَ لِقَاءِ رَبِّهِ وَفَرْحَةٌعِنْدَ فِطْرِهِ (أبو هريرة - الترمذي)
ഒന്ന്: നോമ്പുകാരന്റെ വായയുടെ ഗന്ധം അല്ലാഹുവിങ്കൽ കസ്തൂരിയുടെ ഗന്ധത്തേക്കാൾ വിശുദ്ധമാണ്. ഹദീസിൽ പറയുന്ന സുഗന്ധവും വിശുദ്ധിയുമെല്ലാം അല്ലാഹുവിന്റെ തൃപ്തിയെയും ഇഷ്ടത്തെയും സൂചിപ്പിക്കുന്നു. അവ അടുപ്പത്തിന്റെ നിദർശനങ്ങളാണ്. രണ്ട്: നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്. ഒന്ന് തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുമ്പോഴും മറ്റൊന്ന് നോമ്പ് തുറക്കുമ്പോഴും. നോമ്പുകാരൻ ഐഹിക- പാരത്രിക ജീവിതങ്ങൾ രണ്ടിലും അല്ലാഹുവോട് ഏറെ സമീപസ്ഥനായിരിക്കും എന്നാണ് ഈ ഹദീസുകളുടെ സാരാംശം. ഇവ രണ്ടും പരിശുദ്ധ റമളാനുമായി ബന്ധപ്പെട്ട കിടക്കുന്നതാണ്.
4
റമളാൻ നമ്മെ ക്ഷമ പഠിപ്പിക്കുന്നു. നബി(സ) പറയുന്നു:
وهو شهر الصبر ، والصبر ثوابه الجنة (سلمان الفارسي -ابن خزيمة)
അത് ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വർഗ്ഗമാണ്. ഈ ദുനിയാവിൽ മനുഷ്യന് അല്ലാഹുവിന്റെ പരീക്ഷയും പരീക്ഷണവും വിജയിക്കുവാൻ ആവശ്യം ആവശ്യമായ ഒരു കാര്യമാണ് ക്ഷമ. അന്നപാനാദികളും വികാരങ്ങളും ഇഛകളും ഉപേക്ഷിച്ച് ഒരു വിശ്വാസി തുടർച്ചയായ ഒരു മാസം നോമ്പെടുക്കുമ്പോൾ അവന് സ്വായത്തമാകുന്ന ഗുണവും സ്വഭാവവും ക്ഷമയാണ്. ക്ഷമ മൂന്നാണെന്നാണ് ഇസ്ലാമിക അധ്യാപനം. ശ്രദ്ധയോടെയും മനസമർപണത്തോടെയും ആരാധനകൾ ചെയ്യുവാനുള്ള ക്ഷമ, പാപങ്ങൾ മനുഷ്യനെ പിടിച്ചു വലിക്കുമ്പോൾ അതു വേണ്ടെന്ന് വെക്കാനുള്ള മനശക്തിയാകുന്ന ക്ഷമ, മേൽ പറഞ്ഞവക്കു വേണ്ടി ത്യാഗം ചെയ്യുമ്പോൾ കടിച്ചിറക്കേണ്ടി വരുന്ന ക്ഷമ എന്നിവയാണവ. അതു മൂന്നും ഒന്നിച്ച് നേടിത്തരുന്ന ഒരു ആരാധനയാണ് നോമ്പ്. ഈ മൂന്ന് ക്ഷമയും നേടിയെടുക്കാൻ കഴിഞ്ഞാൽ പിന്നെ ഇസ്ലാമികമായ ഒരു കൽപ്പനയും ഒരു മനുഷ്യനും ഭാരമാവില്ല.
5
ആത്മീയമായി ശുദ്ധിയും ശക്തിയും നേടുവാൻ വ്രതം സഹായകമാകുന്നു. ഇത് വ്രതം എന്ന ആരാധന മനുഷ്യന് നൽകുന്ന ഒരു പ്രത്യേക ദാനമാണ്. രണ്ട് നിലക്ക് ഇതു വന്നുചേരുന്നു. ഒന്നാമത്തേത് വ്രതകാലത്ത് മനുഷ്യൻ അവന്റെ ഏറ്റവും വലിയ വികാരങ്ങളായ ഭക്ഷ്യം, പാനീയം, ലൈംഗികത എന്നിവയെല്ലാമാണ് ഉപേക്ഷിക്കുന്നത്. പ്രധാനമായും തെറ്റുകൾ വന്നു ചേരുന്ന മൂന്നു വഴികളാണിവ. മറ്റു തെറ്റുകളെ കൂടി നിയന്ത്രിക്കുവാൻ ഇവക്കു കഴിയും. അതിനാൽ ഇവ വേണ്ടെന്ന് വെക്കുന്നതോടെ ആത്മ ശുദ്ധി ലഭ്യമാകും. രണ്ടാമത്തേത്, നോമ്പ് എന്ന ആരാധനക്കു വേണ്ടി മനുഷ്യൻ പ്രത്യേകിച്ചൊന്നും ചെയ്യുകയല്ല, ചെയ്യാവുന്ന പല കാര്യങ്ങളും വേണ്ടെന്ന് വെക്കുകയാണ്. ഒരു കാര്യം ചെയ്യുവാൻ വേണ്ടതിനേക്കാൾ വലിയ മനസ്സും മനക്കരുത്തും വേണമല്ലോ അത് വേണ്ട എന്ന് വെക്കുവാൻ. ഇതു വഴി മനക്കരുത്തും നേടാൻ കഴിയുന്നു.
പരിശുദ്ധ റമളാൻ ഒരു സത്യവിശ്വാസിയുടെ മുമ്പിൽ സമർപ്പിക്കുന്ന ഏറ്റവും വലിയ നേട്ടങ്ങളിൽ ചിലതാണ് നാം പറഞ്ഞത്. ഇതെല്ലാം ചേർന്നാൽ അത് നോമ്പിന്റെ ലക്ഷ്യമായി മാറും. നമ്മെ തഖ് വയുള്ളവരാക്കി മാറ്റുക എന്ന താണ് ആ ലക്ഷ്യം. അത് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അവൻ പറയുന്നു:ഹേ സത്യവിശ്വാസികളേ, പൂര്‍വിക സമൂഹങ്ങള്‍ക്കെന്ന പോലെ നിങ്ങള്‍ക്കും നിശ്ചിത ദിനങ്ങളില്‍ വ്രതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍ (2:183). ഇത്രയും കാര്യങ്ങൾ നന്നായി ചിന്തിക്കുകയും മനസ്സിലുറപ്പിക്കുകയും ചെയ്യുവാൻ ഒരാൾക്ക് കഴിഞ്ഞാൽ അയാൾക്ക് തഖ് വയുള്ളവനാവാം, ഈ നോമ്പുകാലം പുണ്യങ്ങളുടെ പൂക്കാലമാക്കിയെടുക്കാം.
ആത്മ പ്രചോദനങ്ങൾ
റമളാൻ മാസം എന്ന അല്ലാഹുവിന്റെ മഹാകാരുണ്യം ഉപയോഗപ്പെടുത്തുവാൻ അല്ലാഹു തന്നെ വിശ്വാസികൾക്ക് നിരവധി ആത്മപ്രചോദനങ്ങൾ നൽകുന്നുണ്ട്. അല്ലാഹുവിന്റെ സംതൃപ്തിയും താൽപര്യവും കൊണ്ടാണ് അവൻ ഇങ്ങനെ പ്രചോദനങ്ങൾ നൽകുന്നത്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് അല്ലാഹു ഈ മാസത്തിന് നൽകുന്ന പ്രത്യേക പരിഗണനയാണ്. ഇത് നബി (സ) ഇങ്ങനെ സൂചിപ്പിക്കുന്നു:
عن أبي هريرة رضي الله عنه قال: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِذَا دَخَلَ رَمَضَانُ فُتِّحَتْ أَبْوَابُ الجَنَّةِ ، وَغُلِّقَتْ أَبْوَابُ جَهَنَّمَ ، وَسُلْسِلَتِ الشَّيَاطِينُ رواه البخاري ومسلم.
റമളാൻ മാസത്തിലേക്കു കടന്നാൽ സ്വർഗ്ഗത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിടപ്പെടുകയും നരകത്തിന്റെ വാതിലുകൾ അടച്ചുപൂട്ടപ്പെടുകയും പിശാചുക്കൾ ചങ്ങല ക്കിടപ്പെടുകയും ചെയ്യും. വിശ്വാസികളെ ആകർഷിക്കുവാനും അവരെ പിശാചിൽ നിന്നും നരകത്തിൽ നിന്നും അകറ്റുവാനും അല്ലാഹു തന്നെ ശ്രമിക്കുകയാണ്. നല്ല നിയ്യത്തും സമർപ്പണ ചിന്തയുമുള്ള ഏത് വിശ്വാസിക്കും അതിനാൽ തന്നെ ആത്മീയമായി നൻമയുടെ ആകാശ സീമകളിലൂടെ റമളാനിൽ പറന്നുയരാം. മറ്റൊന്നാണ് റമളാനിലെ ഓരോ രാത്രിയിലും അല്ലാഹു നരകത്തിലേക്ക് നിശ്ചയിക്കപ്പെട്ട പാപികളെ സ്വർഗത്തിലേക്ക് മോചിപ്പിക്കുന്നു എന്നത്. ഇക്കാര്യം നബി(സ) ഇങ്ങനെ പറയുന്നു:
وللَّهِ عتقاءُ منَ النَّارِ وذلِك في كلِّ ليلةٍ (أبو هريرة - ابن ماجه)
ഇങ്ങനെ അല്ലാഹു പാപികളോട് പോലും കാരുണ്യം കാണിക്കുന്നത് ഈ മാസത്തോട് അല്ലാഹുവിനുള്ള താൽപര്യം കൊണ്ട് തന്നെയാണ്. ഈ താൽപര്യങ്ങൾ അവൻ അവന്റെ നബിയിലൂടെ നമ്മെ അറിയിക്കുന്നതാവട്ടെ, അവയെ നാം പ്രചോദനമായി സ്വീകരിക്കുവാൻ വേണ്ടിയുമാണ്. മറ്റൊന്ന് ഈ മാസത്തെ ഉപയോഗപ്പെടുത്തിയവർക്ക് അല്ലാഹു നൽകുന്ന സവിശേഷമായ പരിഗണനയാണ് അവൻ അവർക്കു വേണ്ടി റയ്യാൻ എന്ന ഒരു കവാടം തന്നെ തയ്യാറാക്കിയിരിക്കുന്നു എന്നത്. സഹ് ലു ബിൻ സഅ്ദ്(റ) പറയുന്നു: നബി(സ) പറഞ്ഞു: റയ്യാന്‍ എന്നു പേരുള്ള ഒരു കവാടം സ്വര്‍ഗത്തിലുണ്ട്. അത് നോമ്പുകാര്‍ക്കുള്ളതാണ്. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെ പ്രവേശിക്കുന്നതാണ്. നോമ്പുകാരല്ലാതെ അവരോടൊപ്പം (അതിലൂടെ) ആരും പ്രവേശിക്കുന്നതല്ല. (ആ കവാടത്തിന്റെയടുത്ത് നിന്നും) ഇപ്രകാരം വിളിച്ചുപറയപ്പെടും: എവിടെ നോമ്പുകാര്‍? അങ്ങനെ അവര്‍ മാത്രം പ്രവേശിക്കും. അവര്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ കവാടം അടക്കപ്പെടും. പിന്നീട് ഒരാളെയും അതിലൂടെ കടത്തിവിടുകയില്ല (ബുഖാരി, മുസ്‌ലിം).
ലൈലത്തുൽ ഖദ്ർ
അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹമാണ് ലൈലത്തുൽ ഖദ്ർ എന്ന ഖദ്റിന്റെ രാത്രി. ഇസ്‌ലാമിക സമൂഹം ആവേശപൂര്‍വം പ്രതീക്ഷിക്കുന്ന, പുണ്യങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കുന്ന വിശുദ്ധ രാവാണ് ലൈലത്തുല്‍ ഖദ്ര്‍. ആയിരം മാസത്തേക്കാള്‍ മഹത്ത്വമുള്ള ഒറ്റരാത്രി. ആരാധനകളിലും പ്രാര്‍ത്ഥനകളിലുമായി വിശ്വാസികള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന സവിശേഷ രാത്രി. ആ രാത്രിയില്‍ അല്ലാഹു കോടാനുകോടികള്‍ക്ക് പാപമോഹനവും നരകമോചനവും നല്‍കുന്നു. അന്നു മലക്കുകളും റൂഹും അല്ലാഹുവിന്റെ അനുമതിയോടെ സര്‍വകാര്യങ്ങളുമായി ഇറങ്ങിവരും. സമാധാനത്തിന്റെ രാവാണത്; പ്രഭാതം പുലരുവോളം എന്ന് വിശുദ്ധ ഖുർആൻ ഈ രാത്രിയെ കുറിച്ച് പറയുന്നു. ഈ രാവിനെ ശ്രേഷ്ടമാക്കുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് വിശുദ്ധ ഖുർആൻ ഇറങ്ങിയ രാവ് എന്ന പ്രത്യേകത. രണ്ടാമതായി അടുത്ത ഒരു വർഷത്തേക്ക് വേണ്ട എല്ലാ കാര്യങ്ങളും അല്ലാഹു നിശ്ചിത ചുമതലക്കാരെ ഏൽപ്പിക്കുന്ന രാവ് എന്ന പ്രത്യേകത. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: സകല ഭവിഷ്യല്‍ കാര്യങ്ങളും നേരത്തെ ആലേഖനം ചെയ്യപ്പെട്ട മൂലരേഖയായ ലൗഹുല്‍ മഹ്ഫൂളില്‍ നിന്ന് നടപ്പുവര്‍ഷത്തില്‍ ഉണ്ടാകുന്ന ആഹാരം, ജനനം, മരണം ആദിയായ കാര്യങ്ങള്‍ പകര്‍ത്തി എഴുതപ്പെടുന്നു. അടുത്ത വര്‍ഷം ഹജ്ജിന് പോകുന്നവരുടെ എണ്ണം പോലും അതില്‍പെടും (തഫ്‌സീര്‍ ഖുര്‍ത്വുബി 10/116).
നൻമയുടെ ചുവടുകൾ
റമളാനിന്റെ രാപ്പകലുകളിലൂടെയുള്ള സഞ്ചാരത്തെ നൻമയിലൂടെയുള്ള ഒരു സഞ്ചാരമായി നമുക്ക് കാണാം. അതിന്റെ ഓരോ ദിവസവും ആരാധനാനിമഗ്നമായ രാവുകൾ കൊണ്ടാണ് ആരംഭിക്കുന്നത്. നോമ്പുകാലത്തിന്റെ ചിന്തകൾ അങ്കുരിക്കുന്ന ദീർഘമായ തറാവീഹ് നിസ്കാരവും അത്താഴവും പിന്നിട്ട് കാലെടുത്തു വെക്കുന്നത് സർവ്വവും സമർപ്പിക്കുന്ന വ്രതത്തിലേക്കാണ്. അത് തീഷ്ണമായ ആത്മീയാനുഭവങ്ങൾ പിന്നിട്ട് ഇഫ്ത്വാറിന്റെ സന്തോഷത്തിലേക്ക് നയിക്കുന്നു. ഇത് ഒരു രാപ്പകലിന്റെ കാര്യം. മൊത്തം മാസത്തിനും ഉണ്ട് ഈ പ്രകൃതം. അതിന്റെ ആദ്യത്തെ പത്തു നാളുകൾ അല്ലാഹുവിന്റെ റഹ്മത്ത് പെയ്തിറങ്ങുന്ന ദിനങ്ങളാണ്. അത് പിന്നിട്ട് വിശ്വാസി കടക്കുന്നത് പാപമോചനത്തിന്റെ പത്തു നാളുകളിലേക്കാണ്. റഹ്മത്ത് എന്ന കാരുണ്യവും മഗ്ഫിറത്ത് എന്ന വിമോചനവും നേടുന്നതോടെ തന്റെ റബ്ബിന്റെ സമീപനസ്‌ഥനായി മാറുന്ന വിശ്വാസി അവസാനത്തെ പത്തിൽ പരമമായ മോചനമായ നരക മോചനത്തിലേക്ക് കയറുന്നു. ഈ സാർഥകമായ സഞ്ചാരം വിശ്വാസിയെ പ്രചോദിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.
ബദർ
വിശ്വാസികളുടെ ഉള്ളകങ്ങളെ ആത്മീയമായി വികാരതരളിതമാക്കുവാൻ പല ചരിത്രങ്ങളും കടന്നുവരുന്നുണ്ട്. അവയിൽ ഒന്നാണ് ബദർ യുദ്ധ സ്മരണ. ഹിജ്റ രണ്ടാം വർഷം റമളാൻ പതിനേഴിനാണ് ബദർ യുദ്ധം നടന്നത്. ആകെ 23 വർഷം നീണ്ടുനിന്ന നബിയുടെ പ്രബോധന കാലഘട്ടത്തിൽ 15 വർഷത്തിലധികം കാലമാണ് ശത്രുക്കളുടെ തുടർച്ചയായ വെല്ലുവിളികൾ നേരിടേണ്ടിവന്നത്. അന്നൊക്കെയും ക്ഷമിക്കുവാനും പ്രശ്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാനും മാത്രമായിരുന്നു അല്ലാഹുവിന്റെ കല്പന. പക്ഷേ, ക്ഷമ അതിന്റെ എല്ലാ പരിധിയും വിട്ടു കടന്നതോടെ ഹിജ്റ രണ്ടിൽ പ്രതിരോധം എന്ന് അർത്ഥത്തിൽ പടച്ചട്ടയണിയുവാൻ മുസ്ലിങ്ങളെ അല്ലാഹു അനുവദിക്കുകയായിരുന്നു. ഈ സമയത്താണ് മക്കയിലെ വ്യാപാരിയായിരുന്ന അബൂസുഫിയാൻ സിറിയയിലേക്ക് ഒരു വലിയ കച്ചവട സംഘവുമായി പുറപ്പെടുന്നത്. ഈ സംഘത്തിന്റെ കൂടെയുണ്ടായിരുന്ന ചരക്കുകൾ അധികവും മക്കയിൽ നിന്ന് നാടുവിടേണ്ടി വന്ന മുഹാജിറക്കളുടേതായിരുന്നു. അവരോടുള്ള കലിപ്പ് കാരണം അവർ ആ സ്വത്തുക്കൾ മുതൽ കൂട്ടുകയായിരുന്നു. അതിനാൽ അത് ചോദിക്കുവാൻ നബിയും ഏതാനും സ്വഹാബികളും അവർ കടന്നുപോകുന്ന മദീനയിലെ ബദറിലേക്ക് ഇറങ്ങിയതായിരുന്നു. പോകുമ്പോൾ അവരെ കാണാൻ പറ്റിയില്ല. അതിനാൽ തിരിച്ചുവരുമ്പോൾ കാണാം എന്നു കരുതി കാത്തുനിന്നു. ഇതറിഞ്ഞ അബൂസുഫിയാൻ കടൽത്തീരത്തിലൂടെഉസ് ഫാനിലേക്കും അവിടെ നിന്ന് മക്കയിലേക്കും കടന്നുകളഞ്ഞു. ഈ വിവരമറിയാതെ അവരെ രക്ഷിക്കാൻ എന്ന പേരിൽ ഇറങ്ങിയ അബൂജഹലിന്റെ ആയിരം പേരടങ്ങുന്ന സേനയുമായി നബിയും സഹാബിമാരും ഏറ്റുമുട്ടുകയായിരുന്നു.
വേണ്ടത്ര ആളും ആയുധവും ആപേക്ഷികമായി ആയോധന പാഠവവും കുറവായിരുന്ന മുസ്ലിം സേനയെ പക്ഷേ അല്ലാഹു വിജയിപ്പിച്ചു. കുറവുകൾക്കെല്ലാം പകരവും പരിഹാരവുമായി ആയുധധാരികളായ മലക്കുകളെ അവൻ പറഞ്ഞയച്ചു. അതിനാൽ മക്കാ സൈന്യം ഹീനമായി പരാജയപ്പെട്ടു. അവരുടെ എഴുപത് പ്രധാനികൾ കൊല്ലപ്പെടുകയും എഴുപത് പ്രധാനികൾ തടവിലാക്കപ്പെടുകയും ചെയ്തു. ആറു മുഹാജിറുകളും എട്ട് അന്‍സ്വാരികളും അടക്കം മുസ്‌ലിംകളില്‍ നിന്ന് രക്തസാക്ഷിയായത് 14 പേര്‍ മാത്രം. ഭൗതികമായ ഏതു കണക്കുകൂട്ടലിനും ഉപരിയായിരുന്നു ബദർ വിജയം. അതിനാൽ അതിനെ മുസ്ലിംലോകം വിശ്വാസത്തിന്റെയും വിശ്വാസികളുടെയും വിജയമായിട്ടാണ് പരിഗണിക്കുന്നത്. റമളാനിന്റെ ആത്മീയാനുഭൂതികൾക്ക് നിറച്ചാർത്ത് പകരുന്നതാണ് ബദർ സ്മരണ.
വിജയങ്ങളുടെ വിജയം
മക്കയെ തൗഹീദിന്റെ കേന്ദ്രമാക്കിയ മക്കാവിജയവും റമളാനിലായിരുന്നു. അതുവരെ മക്ക വിഗ്രഹാരാധനയുടെ കേന്ദ്രമായിരുന്നു. കഅ്ബക്കുള്ളില്‍ മാത്രം മുന്നൂറ്റി അറുപതോളം വിഗ്രഹങ്ങളുണ്ടായിരുന്നു. അത്തരത്തിലുള്ള ഒരു നാടാണ് മക്കാ വിജയത്തോടെ തൗഹീദിലേക്ക് മടങ്ങിയത്. ഇസ്‌ലാമിക പ്രബോധന ചരിത്രത്തിലെ സുപ്രധാനമായ സംഭവമാണ് മക്കാവിജയം. ഹിജ്റ എട്ടാം വർഷം റമളാനിലാണ് ഇത് നടന്നത്. അതിവിശാലമായ അര്‍ഥത്തിലേക്ക് ഇസ്‌ലാം വ്യാപിച്ചതും ശക്തിപ്രാപിച്ചതും ഇതിനെ തുടര്‍ന്നായിരുന്നു. ഹിജ്റ ആറാം വർഷം ഹുദയ്ബിയയില്‍ വെച്ച് ഉണ്ടാക്കിയ കരാര്‍ മുസ്‌ലിംകള്‍ അക്ഷരംപ്രതി പാലിച്ചു. യാതൊരു വീഴ്ചയും വരുത്തിയില്ല. പക്ഷെ, മുശ്‌രിക്കുകളുടെ ആൾക്കാരായ ബനൂബകര്‍ ഗോത്രം മുസ്‌ലിംകളുടെ സഖ്യകക്ഷിയായ ഖുസാഅ ഗോത്രത്തെ ആക്രമിച്ചു കൊണ്ട് മുശ് രിക്കുകൾ അത് ലംഘിച്ചു.
സന്ധി ലംഘിച്ച ഖുറൈശികളുമായി പോരാടാന്‍ നബി(സ) ഹിജ്‌റ എട്ടാം വര്‍ഷം റമദാന്‍ പത്തിന് പതിനായിരം പേരടങ്ങുന്ന വമ്പിച്ച ഒരു സൈന്യവുമായി മക്കയിലേക്ക് പുറപ്പെട്ടു. മുസ്‌ലിംകള്‍ മക്കയില്‍ എത്തുന്നതിന് മുമ്പേ പല പ്രമുഖരും ഇസ്‌ലാം സ്വീകരിച്ചു. അബൂസുഫ്‌യാന്‍ അവരില്‍ പെട്ട ആളാണ്. മുസ്‌ലിംകള്‍ മക്കയില്‍ പ്രവേശിച്ചു. പോരാട്ടം ആഗ്രഹിക്കുന്നില്ലാത്തവർക്ക് നബി(സ) സുരക്ഷ പ്രഖ്യാപിച്ചു. മുസ്‌ലിംകളെ എതിര്‍ക്കാന്‍ അധികം ആരും മുന്നോട്ടുവന്നില്ല. ദൂ ത്വുവയിലെത്തിയപ്പോൾ നബി(സ) സൈന്യത്തെ മൂന്നായി വിഭജിച്ചു. ഒരു വിഭാഗത്തെ ഖാലിദുബ്‌നുൽ വലീദി(റ)ന്റെ നേതൃത്വത്തിൽ മക്കയുടെ താഴ്ഭാഗത്തുകൂടി അകത്തു പ്രവേശിക്കാനും സ്വഫയിൽ ചെന്നുനിൽക്കാനും ചുമതലപ്പെടുത്തി. മറ്റൊരു വിഭാഗത്തെ സുബൈർ ബിൻ അവ്വാമി(റ)ന്റെ നേതൃത്വത്തിൽ മക്കയുടെ മുകൾഭാഗത്തുകൂടി അകത്തുപ്രവേശിക്കാനും താൻ വരുന്നതുവരെ ഹജൂനിൽ സ്ഥാനമുറപ്പിക്കാനും ഏൽപ്പിച്ചു. നിരായുധരായ മൂന്നാമതൊരു വിഭാഗത്തെ അബൂഉബൈദയുടെ നേതൃത്വത്തിൽ മക്കയുടെ താഴ്‌വരയിലൂടെ അകത്തുകടക്കാൻ പറഞ്ഞയച്ചു. മൂന്നു വിഭാഗങ്ങളും തങ്ങളുടെ ലക്ഷ്യത്തിലേക്കു കുതിച്ചു. ആയുധം പ്രയോഗിക്കരുതെന്നും തങ്ങൾക്കെതിരെ തിരിയുന്നവരോടല്ലാതെ യുദ്ധം ചെയ്യരുതെന്നും പ്രവാചകൻ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. കാര്യമായ എതിർപ്പുകൾ ഉണ്ടായില്ല. അങ്ങനെ മനുഷ്യചരിത്രത്തിലാദ്യമായി രക്തച്ചൊരിച്ചിലില്ലാതെ ഒരു നഗരം മോചിപ്പിച്ചെടുത്തു. തന്നെ ഇത്ര കാലവും ദ്രോഹിച്ചവർക്ക് മാപ്പു നൽകി മഹാനായ നബി(സ) ലോകചരിത്രത്തിൽ വീണ്ടും അൽഭുതം അടയാളപ്പെടുത്തി.
ശഹ്റുൽ ഖുർആൻ
അല്ലാഹു പറയുന്നു:
شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ [سورة البقرة:185].
മാനുഷ്യകത്തിന്നു വഴികാട്ടിയും സത്യാസത്യ വിവേചനത്തിനും സന്മാര്‍ഗ ദര്‍ശനത്തിനുമുള്ള സുവ്യക്ത ദൃഷ്ടാന്തങ്ങളും ആയി ഖുര്‍ആന്‍ അവതീര്‍ണമായ മാസമാണു റമദാന്‍. (2:185). റമളാൻ മാസത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് ഖുർആൻ ഇറങ്ങിത്തുടങ്ങിയ മാസമാണ് എന്നതാണ്. പരിശുദ്ധ ഖുർആൻ മനുഷ്യകുലത്തിന് ലഭിച്ച ഏറ്റവും വലിയ അത്ഭുതവും അനുഗ്രഹവും ആണ്. മനുഷ്യന് അപ്രാപ്യവും അചിന്തനീയവും ആണ് അതിന്റെ ഘടനയും ആശയവും സാഹിത്യവും എല്ലാം. അതിന് തുല്യമായ ഒന്ന് നിങ്ങൾക്ക് കഴിയുമെങ്കിൽ കൊണ്ടുവരൂ എന്ന വെല്ലുവിളി മനുഷ്യ ലോകത്തിനു മുമ്പിൽ ഇപ്പോഴും ഉത്തരമില്ലാതെ പ്രതിധ്വനിക്കുകയാണ്. മനുഷ്യന്റെ ഐഹിക ജീവിതം വിജയിപ്പിച്ച് പാരത്രിക ജീവിത സൗഭാഗ്യങ്ങൾ നേടിയെടുക്കുവാൻ വേണ്ടതെല്ലാം ഖുർആനിലുണ്ട്. അത് നബി(സ)യുടെ ഏറ്റവും വലിയ മുഅ്ജിസത്താണ്. അതുകൊണ്ട് ഖുർആൻ എന്ന മഹാത്ഭുതത്തെ നമുക്ക് തന്നതിലുള്ള നന്ദിയും കടപ്പാടും പ്രകടിപ്പിക്കുവാൻ വേണ്ടിയാണ് നമ്മൾ നാം നോമ്പ് അനുഷ്ഠിക്കുന്നത് എന്ന് പറയാം. ഖുർആൻ പഠിക്കലും പാരായണം ചെയ്യലും പഠിപ്പിക്കലുമെല്ലാം ഏറ്റവും ശ്രേഷ്ടകരങ്ങളാണ്. റമളാനിൽ അതിന് സമയം കണ്ടെത്തുന്നത് പ്രതിഫലം ഇരട്ടിയാക്കും.
നബിയുടെ റമളാൻ
നമുക്ക് ഏതു കർമ്മവും അതിന്റെ എല്ലാ അർഥത്തോടും കൂടി പഠിക്കാനും ഗ്രഹിക്കാനും ഒരു എളുപ്പവഴിയാണ് നബി(സ)യുടെ ജീവിതം. ആ ജീവിതം വിശുദ്ധ ഖുർആനിന്റെ വ്യാഖ്യാനമാണ്. അതിനാൽ വിശുദ്ധ ഖുർആൻ പോലെ അതും സംരക്ഷിതമാണ്. ആയിരക്കണക്കിനായ സ്വഹാബിമാർ നബി(സ)യുടെ ഓരോ കർമ്മങ്ങളും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് നോമ്പിനെ പറ്റിയുള്ള പഠനവും നമുക്ക് അപ്രകാരം നടത്താൻ കഴിയും.
നിയ്യത്ത്
പ്രവാചകര്‍(സ)യുടെ റമളാൻ നോമ്പ് തുടങ്ങിയിരുന്നത് രാത്രിയിലെ നിയ്യത്തോടെയാണ്. ഫർളായ നോമ്പുകൾക്ക് രാത്രിയിൽ തന്നെ അഥവാ സുബ്ഹിനു മുമ്പായി തന്നെ നിയ്യത്ത് വെക്കണം. എന്നാൽ സുന്നത്തു നോമ്പുകൾക്ക് നോറ്റുകൊണ്ടിരിക്കുന്ന പകലിലെ ളുഹറിന് മുമ്പായി നിയ്യത്ത് വെച്ചാലും മതിയാകും. നിയ്യത്ത് മനസ്സ് കൊണ്ടുള്ള കരുതലാണ് എങ്കിലും അതിന് ബലവും ഉറപ്പും ലഭിക്കുവാൻ അത് ഒപ്പം തന്നെ നാവുകൊണ്ട് പറയൽ കൂടി നല്ലതാണ്. അതുകൊണ്ട് പല പണ്ഡിതന്മാരും ഇങ്ങനെ പറയൽ സുന്നത്താണ് എന്ന് പറഞ്ഞിട്ടുണ്ട്. അപ്പോൾ പറയേണ്ടത് ഇങ്ങനെയാണ്:
نويت صوم غد عن أداء فرض رمضان هذه السنة لله تعالى
(ഈ കൊല്ലത്തെ അദാആയ ഫർളായ റമളാൻ മാസത്തിൽ നിന്നുള്ള നാളത്തെ നോമ്പ് അനുഷ്ടിക്കുവാൻ ഞാൻ കരുതി) ശ്രദ്ധയോടെയും ബോധത്തോടെയും സഗൗരവം ചെയ്യേണ്ട ഒരു ആരാധനയാണ് നോമ്പ്. അതിനാൽ ഓരോ ദിവസവും രാത്രി നിയ്യത്ത് കരുതുക തന്നെ വേണം. അല്ലാതെ നോമ്പ് സാധുവാകില്ല എന്നാണ് ശാഫിഈ മദ്ഹബിന്റെ പക്ഷം. അതേസമയം റമളാൻ വ്രതത്തെ മുഴുവനും ഒറ്റ ആരാധനയായി പരിഗണിച്ച് ആദ്യ ദിവസം ഒറ്റ നിയ്യത്ത് മതി എന്ന മദ്ഹബുമുണ്ട്. നിയ്യത്ത് വെച്ചതിനുശേഷം സുബഹ് വരെ അന്നപനാധികൾ കഴിക്കുന്നതോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതോ തെറ്റല്ല. അതിനാൽ ചെയ്ത നിയ്യത്ത് മടക്കേണ്ടതുമില്ല. നിയ്യത്തുമായി ബന്ധപ്പെട്ട ഏതാനും പൊതുവായ തെറ്റിദ്ധാരണകൾ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. അവയിൽ ഒന്ന് കുട്ടികളുടെ നോമ്പിനെ കുറിച്ചാണ്. അവർക്ക് മുതിർന്നവരെ പോലെ തന്നെ നിയ്യത്ത് രാത്രി തന്നെ ചെയ്യൽ നിർബന്ധമാണ്. പകലിൽ നോമ്പിന്റെ നിയ്യത്ത് ഉച്ചരിച്ചാൽ നോമ്പ് അസാധുവാകും എന്നതാണ് മറ്റൊന്ന്. ഇത് ശരിയല്ല. മറ്റൊന്ന് സ്ത്രീകളെ സംബന്ധിച്ച് ഉള്ളതാണ്. ആർത്തവ സമയത്ത് അവർക്ക് നോമ്പില്ല. എന്നാൽ രാത്രിയിൽ രക്തം നിലക്കുകയും കുളിക്കുവാൻ വേണ്ടത്ര സമയമോ സൗകര്യം ലഭിക്കാതെ വരികയും ചെയ്താൽ അവർക്ക് നിയ്യത്ത് ചെയ്യാമോ എന്ന ചോദ്യമാണത്. അത്തരം സാഹചര്യത്തിൽ അവർക്ക് നോമ്പിന്റെ നിയ്യത്ത് വയ്ക്കാവുന്നതും നോമ്പ് തുടങ്ങാവുന്നതും ആണ്.
അത്താഴം
നബി(സ) തന്റെ ഭാര്യമാരില്‍ ഒരാളോടൊപ്പം അല്‍പം ഭക്ഷണം അത്താഴം കഴിക്കുമായിരുന്നു. പലപ്പോഴും അല്‍പ്പം കാരക്കയും വെള്ളവുമായിരുന്നു പ്രവാചകരുടെ അത്താഴം. ചിലപ്പോഴൊക്കെ സ്വഹാബികളോടൊപ്പവും അത്താഴം കഴിക്കാറുണ്ട്. സ്വഹീഹായ ഹദീസില്‍ പ്രവാചകര്‍ (സ)യും സൈദു ബിൻ ഹാരിസ(റ)വും അത്താഴം കഴിച്ച സംഭവം ഹദീസിൽ വിവരിക്കുന്നുണ്ട്. പരമാവധി വൈകിയാണ് നബി (സ) അത്താഴം കഴിച്ചിരുന്നത്. അത്താഴത്തിന് ശേഷം ഖുര്‍ആനിലെ 50 ആയതുകള്‍ ഓതാന്‍ എടുക്കുന്ന സമയമേ ഉണ്ടാവാറുള്ളൂ. ഈ സമയത്ത് സുബ്ഹ് ബാങ്ക് കൊടുക്കുന്നത് വരെ നബി തങ്ങൾ സുന്നത്ത് നിസ്‌ക്കരിക്കുമായിരുന്നു. സുബ്ഹിന്റെ സമയമായാൽ സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത് സുന്നത്ത് നിസ്‌ക്കരിക്കും. തുടർന്ന് ബിലാല്‍(റ) ഇഖാമത് കൊടുക്കുന്നത് വരെ വീട്ടില്‍ തന്നെ നിസ്‌ക്കാരത്തെ പ്രതീക്ഷിച്ചിരിക്കും. സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ നിന്ന് ചെയ്യുന്നതാണ് നബിയുടെ ശീലം. അവരുടെ വീട് പള്ളിയോട് ചേര്‍ന്നതായത് കൊണ്ട് തന്നെ ഇഖാമത് കൊടുത്താല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും സ്വഹാബികളോടൊപ്പം സുബ്ഹി ജമാഅത്തായി നിസ്‌ക്കരിക്കുകയും ചെയ്യും.
പ്രഭാതവും പകലും
സുബ്ഹ് നിസ്കാരം കഴിഞ്ഞ് സൂര്യോദയം വരെ നബി(സ) പള്ളിയില്‍ തന്നെ അല്ലാഹുവിന്റെ ദിക്‌റിലായി കഴിച്ചുകൂട്ടും. ഈ സമയം വിശുദ്ധ ഖുർആൻ പാരായണത്തിനും ഉപയോഗപ്പെടുത്താം. നന്നായി പുലർന്ന് അല്‍പസമയം കൂടി കഴിഞ്ഞ് രണ്ട് റക്അത് നിസ്‌ക്കരിക്കും. പ്രസ്തുത രണ്ട് റക്അത് നിസ്‌ക്കാരം (ളുഹാ നിസ്‌ക്കാരം) ആരെങ്കിലും നിര്‍വ്വഹിച്ചാല്‍ ഹജ്ജും ഉംറയും ചെയ്ത പ്രതിഫലം ലഭിക്കുമെന്ന് പ്രവാചകര്‍(സ) പറയുന്നു. ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും സുബ്ഹ് നിസ്കാരം കഴിഞ്ഞതിനു ശേഷം പലർക്കും ചെറുതായെങ്കിലും ഉറങ്ങുന്ന സ്വഭാവമുണ്ട്. അതായിരുന്നില്ല നബിയുടെ ശീലം. മാത്രമല്ല, ആ നേരത്തുള്ള ഉറക്കം ആരോഗ്യത്തെയും ഉൻമേഷത്തെയും പ്രതികൂലമായി ബാധിക്കും എന്ന് ആരോഗ്യ പഠനങ്ങളിൽ ഉണ്ട്. പകൽ പിന്നെ പള്ളിയിലും വീട്ടിലും സമൂഹത്തിലുമായി നബി(സ) തന്റെ റമളാൻ പകൽ ചെലവഴിക്കുമായിരുന്നു. സജീവമായിരുന്നു ആ പകലുകൾ. വീട്ടില്‍ പ്രവാചകര്‍(സ) തന്റെ ഭാര്യമാരെ സഹായിക്കുന്നതിലും പള്ളിയിൽ ആരാധനകൾ, ഖുർആൻ പാരായണം, സ്വഹാബത്തിനുള്ള തസ്കിയ്യത്ത് തുടങ്ങിയവയിലും വ്യാപൃതനായിരുന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso