റമളാനിയ്യാത്ത് - മൂന്ന്
18-03-2023
Web Design
15 Comments
റമളാനും സക്കാത്തും
സമ്പത്തിന്റെ സക്കാത്തും റമളാനും ആയി വല്ല ബന്ധവും ഉണ്ടോ എന്ന ഒരു ചോദ്യം സമുദായത്തിൽ പൊതുവേ ഉയർന്നു കേൾക്കാറുണ്ട് സമ്പത്തിന്റെ സക്കാത്ത് നൽകേണ്ട മാസമാണ് ഇത് എന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടും ഉണ്ട് എന്നാൽ സമ്പത്തിന്റെ സക്കാത്തും റമളാൻ മാസവും തമ്മിൽ പ്രത്യേക ബന്ധം ഒന്നുമില്ല സമ്പത്തിന്റെ സക്കാത്ത് അതിൻറെ വർഷവും കണക്കും തികയുന്ന സമയത്താണ് നൽകേണ്ടത് അത് ഇസ്ലാമിൻറെ പഞ്ച സ്തംഭങ്ങളിൽ ഒന്നാണ്. അത് ബോധപൂർവ്വം ഒഴിവാക്കുന്നവൻ മതത്തിൻറെ പരിഗണനയിൽ നിന്ന് പുറത്തു പോകുന്നതാണ് എന്നാൽ റമദാൻ പോലുള്ള ഒരു പുണ്യ അവസരത്തിൽ അത് നൽകുകയാണ് എങ്കിൽ അതിൻറെ തായ് ഒരു സ്വാധീനവും തദനുസൃതമായ ശ്രേഷ്ഠതയും എല്ലാം ഉണ്ടായിരിക്കും. അത് ലക്ഷ്യംവെച്ച് പലരും സക്കാത്ത് റമളാനിലേക്ക് നീട്ടിവെക്കാറുണ്ട് അത് ശരിയല്ല എന്നാണ് പ്രമുഖ പണ്ഡിതന്മാരുടെ പക്ഷം ഓരോന്നിനും നിശ്ചിത സമയമുണ്ട് ആ സമയം ആരാധനയുടെ ഉപാധിയാണ് അതിനെ അവഗണിക്കുന്നത് ആരാധനയുടെ പ്രതിഫലത്തെ തെറ്റായി ബാധിക്കും എന്നാൽ ഒരാൾ തന്റെ സക്കാത്ത് തുകയിൽ നിന്ന് അല്പം റമദാനിൽ നൽകുവാൻ മാറ്റിവെക്കുന്നതിൽ തെറ്റൊന്നുമില്ല
സക്കാത്ത് എന്ന വാക്കിൻറെ അർത്ഥം ശുദ്ധി വളർച്ച എന്നൊക്കെയാണ് സമ്പത്തിൽ നിന്ന് അല്ലാഹു നിശ്ചയിച്ച കണക്കും തുകയും അനുസരിച്ച് സക്കാത്ത് നൽകുന്നതോടെ ബാക്കിയുള്ള ധനം ശുദ്ധമായി തീരും എന്നാണ് വിശ്വാസം ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് അല്ലാഹു കാണുന്ന ഒരു സാമ്പത്തിക പദ്ധതി കൂടിയാണ് ഇത് രണ്ടാം ഖലീഫ ഉമർ കാലത്തും ഉമർ ബിൻ അബ്ദുൽ അസീസ് ഇന്ത്യ കാലത്തും ഇങ്ങനെ ഉണ്ടായതായി ചരിത്രങ്ങളിൽ കാണാം അതിനാൽ സക്കാത്ത് എല്ലാ അർത്ഥത്തിലും വിശ്വാസികൾക്ക് ശുദ്ധിയും വളർച്ചയും പ്രദാനം ചെയ്യുന്നു കൃത്യമായ സക്കാത്ത് കൊടുക്കാത്തവർക്ക് പരലോകത്ത് കഠിനമായ ശിക്ഷയാണ് ഉള്ളത് എന്ന് നബി പറഞ്ഞിട്ടുണ്ട്.
സക്കാത്ത് അതിന്റ ഇനങ്ങൾ കണക്കുകൾ എന്നിവയെല്ലാം ഇസ്ലാമിക കർമ്മ ശാസ്ത്രത്തിലെ വലിയ അധ്യായങ്ങളാണ് അവയെല്ലാം ഇവിടെ പറയുക പ്രായോഗികമല്ല എന്നിരുന്നാലും ഇതു വായിക്കുന്നവർക്ക് ഉപകാരപ്പെടാൻ വേണ്ടി ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങൾ പറയാം ഈ കൃതി വായിക്കുന്ന മലയാളികളുടെ ജീവിത സാഹചര്യത്തിൽ സക്കാത്ത് ബാധകമാകുന്ന സമ്പദ് ഇനങ്ങൾ പ്രധാനമായും മൂന്നാണ് എന്ന് കരുതാം ഒന്ന് നമ്മുടെ കയ്യിൽ ഉള്ള കരുതൽ നിക്ഷേപം എന്ന അർത്ഥത്തിലുള്ള സ്വർണം 2 കച്ചവടം 3 വിവിധ വരുമാനങ്ങളിലൂടെ നമുക്ക് വന്നുചേരുന്ന പണം. ഇവ മൂന്നിനും മാത്രമാണ് ഇസ്ലാമിലെ സക്കാത്ത് എന്നല്ല പറയുന്നത് മറിച്ച് നമ്മുടെ പരിസരത്ത് കൂടുതലായും ഇന്നു കാലത്ത് സക്കാത്ത് ബാധ്യത വരാനുള്ള ഇനങ്ങൾ ഇവ മൂന്നും ആണ്. കൃഷിക്ക് സക്കാത്ത് ഉണ്ടെങ്കിലും അത് ഒരു സമ്പാദ്യം എന്ന നിലക്ക് ഇപ്പോൾ കാര്യക്ഷമം അല്ല ആടുമാട് ഒട്ടകം തുടങ്ങിയവക്കെല്ലാം സക്കാത്ത് ഉണ്ടെങ്കിലും അവയെല്ലാം ഇപ്പോൾ ഇവിടെ കച്ചവട ചരക്ക് മാത്രമാണ്.
ഇവയിൽ സ്വർണ്ണത്തിനും വെള്ളിക്കും സക്കാത്ത് നിർബന്ധമാകുവാൻ രണ്ട് നിബന്ധനകൾ ഉണ്ട് ഒന്ന് ഏറ്റവും കുറഞ്ഞത് 85 ഗ്രാം അഥവാ പത്തര പവൻ സ്വർണം ധനം എന്ന നിലയിൽ ഒരു വർഷം കയ്യിരിപ്പ് ഉണ്ടായിരിക്കണം രണ്ട് അത് സ്ത്രീകൾ ധരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന ആഭരണങ്ങൾ ആയിരിക്കരുത്. ഈ രണ്ടു നിബന്ധനകളും ഒത്തുവരുന്നുണ്ടെങ്കിൽ അതിൽ നിന്ന് സക്കാത്ത് ആയി നൽകേണ്ടത്ആകെയുള്ളതിന്റെ നാല്പതിലൊന്ന് അഥവാ രണ്ടര ശതമാനമാണ് ഇത് ഒരു വർഷത്തെ സക്കാത്താണ് ഈ ഉപാധികൾ ഉണ്ടെങ്കിൽ അടുത്തവർഷം ഓരോ വർഷവും ഇങ്ങനെ കൊടുത്തിരിക്കണം.
കച്ചവടത്തിന്റെ സക്കാത്തിന്റെ കണക്ക് സ്വർണ്ണം വെള്ളിയുടേത് തന്നെയാണ് വർഷാവസാനത്തിൽ സ്റ്റോക്കുള്ള മുഴുവൻ സാധനങ്ങളുടെയും വില കണക്കെടുക്കുകയും ആ വർഷത്തിൽ വിറ്റു പിരിഞ്ഞു കിട്ടിയ മാറ്റി വെച്ചിട്ടില്ലാത്ത ലാഭം കൂടി അതിൽ ചേർക്കുകയും വേണം അങ്ങനെ കിട്ടുന്ന തുക പത്തര പവൻ സ്വർണത്തിന്റെയും 595 ഗ്രാം വെള്ളിയുടെ വിലക്ക് തുല്യമാണ് എങ്കിൽ ആണ് സക്കാത്ത് ബാധകമാവുക ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് വെള്ളിയുടെ വിലയാണ് പരിഗണിക്കേണ്ടത് കാരണം അത് ആണ് സ്വർണ്ണത്തിൻറെ മുമ്പ് കണക്ക് തികയുന്നത് കണക്ക് നോക്കേണ്ടത് വർഷത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഈ പറഞ്ഞ തുകക്കുള്ളത് ഉണ്ടോ എന്നാണ് ഇടക്ക് ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ബാധകമല്ല.
വിവിധ വരുമാനങ്ങളിലൂടെ നമുക്ക് വന്നുചേരുന്ന കറൻസി ആയ ധനം സക്കാത്തിനു വിധേയമാക്കേണ്ടതാണ് സ്വർണത്തിനും വെള്ളിക്കും സക്കാത്ത് ബാധകമാകുന്നത് അത് വിനിമയത്തിനുള്ള വിലയാകുന്നത് കൊണ്ടാണ് ഇപ്പോൾ പുതിയ കാലത്ത് സ്വർണത്തിനും വെള്ളിക്കും പകരം രാജ്യങ്ങൾ കറൻസി ഇറക്കുകയും അതുവഴി വിനിമയം നടത്തുകയും ചെയ്യുകയാണ് അതിനാൽ ഈ കറൻസികൾ ശരിക്കും സ്വർണ്ണത്തിൻറെ ദീനാറിനെയോ വെള്ളിയുടെ ദിർഹമിനെയോ ആണ് പ്രതിനിധാനം ചെയ്യുന്നത് ഒരു രാജ്യത്തിന് തങ്ങളുടെ പൗരന്മാർക്ക് വേണ്ടത്ര നോട്ടുകൾ അച്ചടിച്ച് നൽകാൻ കഴിയാത്തതും രാജ്യത്തിൻറെ സ്വർണ കരുതൽ നിക്ഷേപത്തിന്റെ അളവനുസരിച്ച് മാത്രമേ നോട്ടുകൾ പുറത്തിറക്കുവാൻ കഴിയൂ എന്നതും എല്ലാം ഈ പറഞ്ഞതിനെ സാധൂകരിക്കുന്നതാണ്.
കറൻസിക്ക് സക്കാത്ത് ഇല്ല എന്ന് എന്ന ചില വാദങ്ങൾ ഒക്കെ നമുക്കിടയിൽ ഉണ്ട് പക്ഷേ അങ്ങനെ പറഞ്ഞാൽ ഇന്നത്തെ കാലത്ത് സക്കാത്ത് എന്ന വ്യവസ്ഥിതി തന്നെ ഇല്ലാതെയാകുന്നു കാരണം ജനങ്ങളുടെ സമ്പത്ത് എല്ലാം അതാത് സമയത്ത് തന്നെ കറൻസിയായി മാറുകയാണ് എങ്കിൽ നിന്നും റബറിൽ നിന്നും എല്ലാം വന്നുചേരുന്ന വരുമാനം സക്കാത്ത് നൽകാതെ കുന്നു കൂടുമ്പോൾ അതൊരു വലിയ മാലിന്യ കൂമാരമാണ് ആയി മാറുന്നത് ഇതിൻറെ കണക്കും സ്വർണ്ണം വെള്ളി എന്നിവയുടേത് തന്നെയാണ്.
പണത്തിന്റെ കാര്യത്തിൽ കൈവശമുള്ള പണം എന്ന് പറയുമ്പോൾ അത് കയ്യിൽ തന്നെ ഉണ്ടായ ഉള്ളത് ആയിക്കൊള്ളണമെന്നില്ല അത് സെൽഫിലായാലും ബാങ്കിൽ ആയാലും മറ്റൊരാളുടെ കയ്യിൽ ആയാലും ഒക്കെ തന്റെ കയ്യിലിരിപ്പ് പോലെ തന്നെയാണ് അതിനാൽ കടമായി നാം മറ്റൊരാൾക്ക് കൊടുത്തതും ഒരു ഇടപാടിലോ മറ്റോ നാം ഡിപ്പോസിറ്റ് ചെയ്തതും പ്രൊവിഡന്റ് ഫണ്ട് തുടങ്ങി തുടങ്ങിയവയിൽ തുകയും എല്ലാം ആ വ്യക്തിയുടെ നേർപണം തന്നെയാണ്. അതിനാൽ അതിനു നാം കറൻസിയുടെ കാര്യത്തിൽ പറഞ്ഞത് അനുസരിച്ചുള്ള സക്കാത്ത് നിർബന്ധമാണ് കയ്യിൽ ഇല്ലാത്ത സ്വത്തിന്റെ കാര്യത്തിൽ നാം തീരുമാനമെടുക്കേണ്ടത് രണ്ടു കാര്യങ്ങൾ പരിഗണിച്ചാണ് ഒന്നാമതായി ആ പണം നമ്മുടെ കയ്യിൽ ഇല്ലെങ്കിലും കയ്യിലുള്ളത് പോലെ തന്നെയാണ് എന്ന് പറയാവുന്നതാണ് അല്ലെങ്കിൽ വല്ല ആശങ്കയും ഉള്ളതാണോ എന്നിവ നോക്കണം കയ്യിൽ കിട്ടിയത് പോലെ തന്നെയാണ് എന്നു പറയാവുന്നതാണെങ്കിൽ അതിൻറെ സക്കാത്ത് നാം കയ്യിൽ നിന്നും എടുത്തു കൊടുക്കണം രണ്ടാമത് പറഞ്ഞതുപോലെയുള്ളതാണ് എങ്കിൽ അതിൽ കയ്യിൽ വരുന്ന സമയത്ത് കൊടുത്താൽ മതിയാകും.
പെരുന്നാൾ
ഇസ്ലാമിലെ രണ്ട് ആഘോഷ ദിനങ്ങൾ ആണ് ചെറിയ പെരുന്നാളും ബലിപെരുന്നാളും ഇതിൽ റമളാൻ അവസാനിക്കുന്ന ശവ്വാൽ മാസം ഒന്നാം തീയതി വരുന്ന പെരുന്നാൾ ആണ് ചെറിയ പെരുന്നാൾ ഇതിനെ ഈദുൽ ഫിത്വർ എന്നും പറയും അത് ആഘോഷിക്കൽ നിർബന്ധമാണ് അതിനു വേണ്ടി അന്നേദിവസം നോമ്പ് നോൽക്കുന്നത് പോലും അല്ലാഹു ഹറാമാക്കിയിരിക്കുന്നു ദരിദ്രന്മാർക്ക് കൂടി ഈ ആഘോഷം ഉണ്ടാകുവാൻ വേണ്ടി എന്ന അർത്ഥത്തിൽ ഫിത്തർ സക്കാത്തും നിർബന്ധമാക്കിയിരിക്കുന്നു ഈ ദിവസത്തിൽ കുടുംബാംഗങ്ങൾക്ക് എല്ലാം ഭക്ഷണത്തിലും മറ്റും വിശാലതയും കാരുണ്യവും കാണിക്കൽ ശക്തമായ സുന്നത്താണ് ഉള്ളതിൽ വെച്ച് ഏറ്റവും നല്ല വസ്ത്രം ധരിക്കുകയും സുഗന്ധങ്ങൾ ഉപയോഗിക്കുകയും ചെയ്യണം മുസ്ലീങ്ങൾ പരസ്പരം ആശംസിക്കുന്നതും സുന്നത്താണ് തെക്കബ്ബല മിന്നാ വമിൻ (നിങ്ങളിൽ നിന്നും നമ്മളിൽ നിന്നും അല്ലാഹു സ്വീകരിക്കുമാറാകട്ടെ ) എന്ന് ആശംസിക്കുന്നതാണ് സുന്നത്ത്. ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കുന്നതും സുന്നത്ത് തന്നെ ഈ ദിനത്തിൽ ദിനത്തെ ആഭാസകരമായ ആഘോഷങ്ങൾ കൊണ്ട് നിരർത്ഥകമാക്കുന്നത് ദൈവനിന്ദയാണ് ഈ ദിനം ആത്മീയതയിൽ നിന്ന് ഒട്ടും അകലാതിരിക്കാൻ വേണ്ടി കൂടിയാണ് പെരുന്നാളിന് പ്രത്യേക നിസ്കാരം തന്നെ നിർദേശിക്കപ്പെട്ടിരിക്കുന്നത്.
പെരുന്നാൾ നിസ്കാരം സുന്നത്താണ് രണ്ടുമാണിത് റക്അതാണിത് ജമാഅത്തായി നിസ്കരിക്കുന്നതാണ് സുന്നത്ത് ഒറ്റക്കും നിസ്കരിക്കാം സൂര്യൻ ഉദിച്ചത് മുതൽ സമയം വരെയാണ് ഇതിൻറെ സമയം കുളിച്ച് വൃത്തിയായി സുഗന്ധം പൂശി പുരുഷന്മാർ പള്ളികളിൽ എത്തുകയും നിസ്കാരത്തിൽ പങ്കെടുക്കുകയും ആണ് വേണ്ടത് നേരത്തെ തന്നെ പോകുന്നതും ദീർഘമായ വഴിയിലൂടെ ആവുന്നതും ചെറിയ വഴിയിലൂടെ മടങ്ങുന്നതും സുന്നത്താണ് ഇമാമും തുടർന്ന് നിസ്കരിക്കുന്നവരും ആദ്യത്തെ റഖായത്തിൽ തക്ബീറത്തുൽ ഇഹ്റാമിനും വജ്ജഹ്ത്തു എന്ന പ്രാരംഭ പ്രാർത്ഥനയ്ക്കും ശേഷം ഏഴു വട്ടവും രണ്ടാമത്തെ റക്അത്തിലേക്ക് എഴുന്നേൽക്കുന്ന തക്ബീർ കഴിഞ്ഞ് അഞ്ചു വട്ടവും തക്ബീർ ചൊല്ലൽ സുന്നത്താണ് ഓരോ തക്ബീറിനും ഒപ്പം കൈകൾ അഴിക്കുകയും ഉയർത്തി വീണ്ടും കെട്ടുകയും വേണം ബാക്കിയുള്ള കാര്യങ്ങൾ എല്ലാം സാധാരണ നിസ്കാരങ്ങൾ പോലെ തന്നെയാണ് തെക്ബീറുകളിൽ ഒന്നോ അതിലധി അധികമോ നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കുകയോ പകരം എന്തെങ്കിലും ചെയ്യുകയോ വേണ്ടതില്ല നിസ്കാരം കഴിഞ്ഞാൽ ഇമാം രണ്ട് ഖുതുബകൾ നിർവഹിക്കണം.
പെരുന്നാൾ ദിനത്തിൽ മുസ്ലിം ഗ്രാമങ്ങളിലും നഗരങ്ങളിലും അങ്ങാടികളിലും വഴികളിലും നിസ്കാരം തുടങ്ങിയ ആരാധനകൾക്ക് ശേഷവും തക്ബീർ ചൊല്ലൽ സുന്നത്താണ് ബലിപെരുന്നാളിന് ഇത് അയ്യാമുത്തശ്ശിരിക്കിന്റെ ദിനങ്ങൾ കഴിയുംവരെ ചൊല്ലണമെങ്കിലും ചെറിയ പെരുന്നാളിന് ഇമാം നിസ്കാരത്തിൽ പ്രവേശിക്കുന്നത് വരെ മാത്രമേ സുന്നത്തുള്ളൂ.
വിശുദ്ധ ഖുര്‍ആൻ അവതരിച്ചു കിട്ടിയ ഈ മാസത്തിൽ ഖുർആനിനെ ജീവിതം കൊണ്ട് സ്വീകരിക്കുകയാണ് നമ്മുടെ കടമയും ഉത്തരവാദിത്വവും. അതിന് രണ്ട് വഴികളുണ്ട്. ഒന്ന് ഖുർആനിന്റെ ആശയവും അർഥവും വ്യാഖ്യാനവും ആഴത്തിൽ പഠിക്കുക എന്നതാണ്. ഇത് പക്ഷെ എല്ലാവരെ കൊണ്ടും കഴിഞ്ഞെന്നു വരില്ല. പ്രായം സാഹചര്യം തുടങ്ങിയവയെല്ലാം ഒത്തുവരണമല്ലോ. രണ്ടാമത്തേത് ഖുർആൻ പാരായണം ചെയ്യുക എന്നതാണ്. ഇത് എല്ലാവരെ കൊണ്ടും പറ്റുന്ന കാര്യമാണ്. ഓരോ അക്ഷരം ഓതുന്നതിനും പ്രതിഫലം ലഭിക്കുന്ന ഒരു ആരാധനയാണ് ഖുർആൻ പാരായണം. റമളാനിൽ പല പ്രാവശ്യം ഖുർആൻ മുഴുവനായും ഓതി തീർക്കുവാൻ ശ്രമിക്കണം. ഖുർആനിൽ ധാരാളം പ്രത്യേക സൂറത്തുകൾ ഉണ്ട്. അവ ഓതുന്നത് റമളാനിലും അല്ലാത്ത കാലങ്ങളിലും പതിവാക്കണം. ഖുർആനിലെ എല്ലാ സൂറത്തുകളും ശ്രേഷ്ടതയില്‍ തുല്യവിതാനത്തിലല്ല. ചില സൂറത്തുകള്‍ക്ക് വലിയ ശ്രേഷ്ടതയും പാരായണം ചെയ്യുന്നതിന് വലിയ പ്രതിഫലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഉദാഹരണം; യാസീന്‍ സൂറത്ത് ഒരു തവണ പാരായണം ചെയ്യുന്നതിന് പത്ത് തവണ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതിനുള്ള പ്രതിഫലമുണ്ടെന്ന് തിരുനബി(സ്വ) പ്രസ്താവിച്ചിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).
ഇമാം ഗസ്സാലി(റ) തന്റെ ജവാഹിറുല്‍ ഖുര്‍ആനില്‍ വിവരിക്കുന്നത് കാണുക: പരിശുദ്ധ ഖുര്‍ആനിലെ ചില ആയത്തുകള്‍ക്ക് മറ്റുള്ള ആയത്തുകളേക്കാള്‍ മഹത്വമുണ്ട്, പ്രാധാന്യമുണ്ട്. എല്ലാ ആയത്തുകളും അല്ലാഹുവിന്റെ കലാമാണല്ലോ. അപ്പോള്‍ ഏത് മാനദണ്ഡം വെച്ചാണ് താങ്കള്‍ ചില സൂറത്തുകള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയത് എന്ന് ഒരുപക്ഷേ ചിലർ ചോദിച്ചേക്കാം. ചില യാഥാര്‍ഥ്യങ്ങള്‍ നീ അറിയുക. കടമിടപാടിനെക്കുറിച്ച് വിവരിക്കുന്ന ആയത്തും അല്ലാഹുവിന്റെ ഉജ്ജ്വല ഗുണവിശേഷങ്ങള്‍ പ്രതിപാദിക്കുന്ന ആയത്തുല്‍ കുര്‍സിയ്യും തമ്മിലുള്ള വൈജാത്യവും അല്ലാഹുവിന്റെ ഏകത്വം മനസ്സിലാക്കിത്തരുന്ന സൂറത്തുല്‍ ഇഖ്‌ലാസും അബൂലഹബിനെ ശപിക്കുന്ന തബ്ബത്ത് സൂറത്തും തമ്മിലുള്ള വ്യത്യാസവും ഉള്‍കണ്ണിന്റെ പ്രഭയില്‍ നിനക്കു വായിച്ചെടുക്കാന്‍ പ്രാപ്തിയില്ലെങ്കില്‍ ഖുര്‍ആന്‍ ആരിലേക്കാണോ ഇറങ്ങിയത്, ആ പ്രവാചകര്‍ പറയുന്നത് സ്വീകരിക്കുക. നബി(സ്വ) പറയുന്നത് കാണുക: യാസീന്‍ ഖുര്‍ആനിന്റെ ഹൃദയ ഭാഗമാണ്. സൂറത്തുല്‍ ഫാതിഹ ഖുര്‍ആനിലെ സൂറത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമാണ്. ആയത്തുല്‍ കുര്‍സിയ്യ് ആയത്തുകളുടെ നേതാവാണ്. സൂറത്തുല്‍ ഇഖ്‌ലാസ് ഖുര്‍ആനിന്റെ മൂന്നിലൊന്നിന്റെ സ്ഥാനത്തു നില്‍ക്കുന്നതാണ്. (മിര്‍ഖാത്ത് 4/332). ചില സൂറത്തുകളുടെ പ്രത്യേകത നമുക്കു പരിശോധിക്കാം.
സൂറത്തുല്‍ ഫാത്തിഹ
വിശുദ്ധ ഖുര്‍ആനിലെ പ്രഥമ സൂറത്തായ ഫാത്തിഹ സൂറത്തിന് ഒട്ടനവധി മഹത്വങ്ങളുണ്ട്. ദിനേനെ അഞ്ചുനേരങ്ങളിലെ നിസ്‌കാരങ്ങളില്‍ നിര്‍ബന്ധമായും ഇത് പാരായണം ചെയ്തിരിക്കണമെന്ന നിബന്ധന തന്നെ ഈ സൂറത്തിന്റെ പ്രാധാന്യത്തെ വിളിച്ചറിയിക്കുന്നു. ഈ സൂറത്തിനെ ഉമ്മുല്‍ ഖുര്‍ആന്‍ എന്നാണ് റസൂല്‍(സ) ഈ സൂറത്തിനെ വിശേഷിപ്പാക്കുന്നത്. അബൂസഈദ്(റ) പറയുന്നു. നബി(സ) എന്നോടുപറഞ്ഞു. നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തുപോകുന്നതിന് മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമേറിയ അധ്യായം ഞാന്‍ പഠിപ്പിച്ചുതരാം. ശേഷം അവിടുന്ന് എന്റെ കരങ്ങൾ പിടിച്ചു. പള്ളിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ തിരുനബി(സ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ ചോദിച്ചു. ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള സൂറത്ത് എനിക്ക് പഠിപ്പിച്ചുതരാം എന്ന് അങ്ങ് പറഞ്ഞിരുന്നല്ലോ. അപ്പോള്‍ അവിടുന്ന് പറഞ്ഞു. അതെ, അത് അല്ലാഹു എനിക്ക് നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഹുല്‍ മസാനീ എന്ന് പേരുള്ള ഫാത്തിഹ സൂറത്താകുന്നു. (ബുഖാരി). നബി(സ) പറഞ്ഞു : സൂറത്തുല്‍ ഫാത്തിഹക്ക് തുല്യമായത് തൗറാത്തിലോ ഇഞ്ചീലിലോ സബൂറിലോ ഖുര്‍ആനില്‍ തന്നെയോ അല്ലാഹു ഇറക്കിയിട്ടില്ല. (തുര്‍മുദി)
സ്വഹാബികള്‍ യാത്രാമധ്യേ ഒരിടത്ത് തങ്ങാന്‍ ഉദ്ദേശിച്ചപ്പോള്‍ അവിടെ ഒരു ഗോത്രതലവനെ വിഷത്തേള്‍ കുത്തി. പല ചികിത്സകള്‍ നടത്തിയെങ്കിലും വിഫലമായിരുന്നു. എന്നാൽ സഹാബിമാരിൽ പെട്ട അബൂ സഈദുൽ ഖുദ്‌രി(റ) ഫാത്തിഹ മന്ത്രിച്ചതോടെ വിഷം ഇറങ്ങുകയുണ്ടായി. പിന്നീട് ഇതുകേട്ട നബി(സ) തങ്ങള്‍ ഫാത്വിഹ മന്ത്രമാണെന്ന് നിങ്ങള്‍ എങ്ങനെ മനസ്സിലാക്കി? എന്നു ചോദിക്കുകയും നിങ്ങള്‍ ചെയ്തത് ശരിയാണ് എന്നും അതിന് നിങ്ങള്‍ക്ക് ലഭിച്ച പാരിതോഷികം നിങ്ങള്‍ വീതിച്ചെടുക്കുകയും ഒരു വിഹിതം എനിക്കും തരികയും ചെയ്യുക എന്ന് പറയുകയുണ്ടായി. (ബുഖാരി-മുസ്‌ലിം)
നബി(സ്വ)യുടെ സ്വഹാബികളില്‍ ചിലര്‍ ഒരു യുദ്ധ യാത്രക്കിടയില്‍ ബോധക്ഷയം ബാധിച്ച് കിടക്കുന്ന ഒരാളെ കാണുകയുണ്ടായി. അവരില്‍ ഒരാള്‍ അദ്ദേഹത്തെ ചെവിയില്‍ സൂറത്തുല്‍ ഫാത്വിഹ ഓതിയപ്പോള്‍ ബോധം തിരിച്ചുകിട്ടി. സംഭവം അറിഞ്ഞ നബി(സ്വ) പറഞ്ഞു: അത് ഉമ്മുല്‍ ഖുര്‍ആനാണ്. ഏത് രോഗത്തിനും ശമനം നല്‍കുന്നതാണ്. (ദുര്‍റുല്‍ മന്‍സൂര്‍ 1/4)
സൂറത്തുയാസീന്‍
വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. ഈ സൂറത്തിന്റെ ശ്രേഷ്ഠതയിൽ മഅ്ഖലുബ്‌നു യസാര്‍(റ)വില്‍ നിന്ന് ത്വബറാനി ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ഹൃദയമാണ്. അല്ലാഹുവിനെയും അന്ത്യദിനത്തെയും മുന്‍നിര്‍ത്തി ഈ സൂറത്ത് പാരായണം ചെയ്യുന്നവര്‍ക്ക് അല്ലാഹു പൊറുത്തുകൊടുക്കാതിരിക്കില്ല. നിങ്ങളില്‍ നിന്ന് മരണാസന്നരായവരുടെയും മരിച്ചവരുടെ അടുക്കല്‍ വെച്ചും അതു നിങ്ങള്‍ പാരായണം ചെയ്യുക. (ത്വബ്‌റാനി, അഹ്മദ്, നസാഈ, അബൂദാവൂദ് ). യാസീന്‍ സൂറത്ത് പാരായണം ചെയ്യുന്ന വ്യക്തിക്ക് വിശുദ്ധ ഖുര്‍ആന്‍ പത്ത് തവണ ആദ്യാന്ത്യം ഓതിയവന്റെ പ്രതിഫലം ലഭിക്കുമെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്. (തഫ്‌സീര്‍ സ്വാവി).
സൂറത്തുയാസീന്‍ മന:പാഠമാക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു ഹദീസ് കാണുക: ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) പറഞ്ഞു: എന്റെ സമുദായത്തിലെ ഓരോ വ്യക്തിയുടേയും ഹൃദയത്തില്‍ സൂറത്തുയാസീന്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നു. (ഇബ്‌നുകസീര്‍ 3/571).
യാസീൻ ഐശ്വര്യം കൊണ്ടു വരുമെന്ന് ഹദീസിൽ വന്നിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് ഉദ്ധരിക്കുന്നു: നബി(സ) പറഞ്ഞു: എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്. ഖുര്‍ആന്റെ ഹൃദയം യാസീന്‍ ആകുന്നു. രാത്രിയില്‍ ആ സൂറത്ത് പാരായണം ചെയ്യുന്നവനെ ആ രാത്രിയുടെ ഐശ്വര്യം നല്‍കപ്പെടും. മറ്റൊരു ഹദീസിൽ
നബി(സ) പറയുന്നു: രാത്രിയില്‍ സൂറത്തുയാസീന്‍ ഓതുന്നവന് പുലരുവോളം സന്തോഷം ലഭിക്കും. രാവിലെ പാരായണം ചെയ്യുന്നവനു വൈകുന്നേരം വരേയും. ഇതേ അർഥത്തിൽ മറ്റൊരു ഹദീസിൽ നബി(സ) പറഞ്ഞു: പ്രഭാത സമയത്ത് യാസീന്‍ ഓതുന്നവന് വൈകുന്നേരം വരേയും രാത്രിയുടെ ആരംഭത്തില്‍ അതു പാരായണം ചെയ്യുന്നവനു പുലരും വരേയും ഐശ്വര്യവും ജീവിത സൗകര്യവും ലഭിക്കും. (ഖുര്‍ത്വുബി 15/4, തഫ്‌സീറുസ്വാവി 3/296).
യാസീൻ സൂറത്ത് പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നടുക്കടലില്‍ അകപ്പെടുന്നവര്‍ക്കു ആശ്വാസത്തിന്റെ സാന്ത്വനമാണെന്നു തിരുനബി(സ)യുടെ ഹദീസുകള്‍ പഠിപ്പിക്കുന്നു. നബി(സ) പറഞ്ഞു: യാസീന്‍ ഏതൊരു കാര്യത്തിനു വേണ്ടി പാരായണം ചെയ്യുന്നുവോ അത് ആ കാര്യത്തിന് ഉള്ളതാണ്. മറ്റൊരു ഹദീസിൽ നബി(സ) പറഞ്ഞു: യാസീന്‍ എല്ലാ തിന്മകളെയും പ്രതിരോധിക്കുന്നു. സര്‍വ്വ ആവശ്യങ്ങളും സഫലീകരിക്കുന്നു. നബി(സ) പറഞ്ഞു: നിങ്ങള്‍ മരണപ്പെട്ടുപോയ ആളുകളുടെ മേല്‍ യാസീന്‍ ഓതുക. (അഹ്മദ്). നബി(സ) പറയുന്നു: ഒരാള്‍ എല്ലാ വെള്ളിയാഴ്ചയും തന്റെ മാതാപിതാക്കളുടെയോ അവരില്‍ ഒരാളുടെയോ ഖബര്‍ സന്ദര്‍ശിച്ച് സൂറത്ത് യാസീന്‍ പാരായണം ചെയ്താല്‍ യാസീന്‍ സൂറത്തിലെ ഓരോ അക്ഷരത്തിനനുസൃതമായി അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (മിര്‍ഖാത്തുല്‍ മഫാതീഹ്, ഇആനത്ത്).
സൂറത്തുല്‍ വാഖിഅ:
അബ്ദുല്ലാഹി ബിൻ മസ്ഊദ് (റ) രോഗശയ്യയിലായിരിക്കെ ഖലീഫ ഉസ്മാന്‍(റ) അദ്ദേഹത്തെ സന്ദര്‍ശിക്കാൻ ചെന്നു. അവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഖലീഫ ചോദിച്ചു:
- താങ്കളെ എന്തെങ്കിലും പ്രയാസങ്ങള്‍ അലട്ടുന്നുണ്ടോ?”
അദ്ദേഹം പറഞ്ഞു: ഉണ്ട്, എന്റെ പാപങ്ങള്‍.
ഖലീഫ: എന്താണ് താങ്കളുടെ ആഗ്രഹം?
അബ്ദുല്ലാഹി ബിൻ മസ്ഊദ്: അല്ലാഹുവിന്റെ കാരുണ്യം.
ഖലീഫ: താങ്കള്‍ക്ക് ഒരു സഹായം തരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..
അബ്ദുല്ലാഹി ബിൻ മസ്ഊദ്: സഹോദരാ! എനിക്കതിന്റെ ആവശ്യമില്ലല്ലോ!
ഖലീഫ: താങ്കള്‍ക്ക് ശേഷം താങ്കളുടെ പെണ്‍മക്കള്‍ക്ക് അതുപകരിച്ചേക്കും.
അബ്ദുല്ലാഹി ബിൻ മസ്ഊദ്: എന്റെ മക്കള്‍ ദരിദ്രരാകുമെന്ന ഭയം താങ്കള്‍ക്കുണ്ടോ? എങ്കിൽ അതു വേണ്ട. കാരണം നിത്യവും സൂത്തുല്‍ വാഖിഅ: ഓതാന്‍ ഞാനവരെ ശീലിപ്പിച്ചിട്ടുണ്ട്. അല്‍ വാഖിഅ: പതിവായി ഓതിയാല്‍ ദാരിദ്ര്യം പിടിപെടില്ലെന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.(ഇബ്‌നുകസീര്‍ 2534)
എല്ലാരാത്രിയിലും പാരായണം ചെയ്യുന്നവര്‍ക്ക് ദാരിദ്ര്യം പിടികൂടില്ലെന്നു നബി(സ) പറഞ്ഞിട്ടുണ്ട്. (ബൈഹഖി)
സൂറത്തുല്‍ മുല്‍ക്
വിശുദ്ധ ഖുര്‍ആനിലെ 67-ാം അധ്യായമായ തബാറക എന്ന പേരില്‍ അറിയപ്പെടുന്ന സൂറത്തിന് ചില പ്രത്യേകമായ സവിശേഷതകള്‍ ഉണ്ടെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ഈ അധ്യായത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഖബ്‌റിലെ ശിക്ഷയില്‍ നിന്നും രക്ഷയായിത്തീരും എന്നതാണ്. നരക മോചനവും സ്വിറാത്തിലെ രക്ഷയും ശുപാര്‍ശയും ഇതിന്റെ മറ്റുസവിശേഷതകളാണ്. വിശ്വാസികളുടെ ഏറ്റവുംവലിയ ദുരിതസമയങ്ങളില്‍ രക്ഷക്കെത്തുന്ന സൂറത്തായി നബി(സ) തങ്ങള്‍ പരിചയപ്പെടുത്തുന്നതുകാണാം. നബി(സ്വ) പറഞ്ഞു: ഖുര്‍ആനില്‍ മുപ്പതു ആയത്തുകളുള്ള ഒരു സൂറത്ത് ഉണ്ട്. അത് പാരായണം ചെയ്യുന്നവര്‍ക്ക് പാപമോചനം കിട്ടുന്നതുവരെ അത് ശുപാര്‍ശ ചെയ്യുന്നതായിരിക്കും. അത് തബാറക എന്ന് പറയുന്ന സൂറത്താണ്. (അഹ്മദ്). ഇമാം ഖുര്‍ത്വുബി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിവസവും ഇത് പാരായണം ചെയ്താല്‍ ഒരു ഫിത്‌നയും ആ വ്യക്തിയെ ബാധിക്കുകയില്ല (ഖുര്‍ത്വുബി).
സൂറത്തുല്‍ ഫത്ഹ്
നബി(സ്വ) പറഞ്ഞു: ഈ രാത്രി എനിക്കൊരു സൂറത്ത് അവതരിച്ചു. ഈ ലോകത്തേക്കാളും അതിലുള്ള എല്ലാത്തിനേക്കാളും എനിക്ക് പ്രിയപ്പെട്ടതാണത്. തുടര്‍ന്ന് നബി(സ്വ) ഓതി. ഇന്നാ ഫതഹ്‌നാ.. (ബുഖാരി). ഇബ്‌നു മസ്ഊദ്(റ) പറഞ്ഞു: ഒരാള്‍ റമളാനിലെ ആദ്യരാത്രിയില്‍ സുന്നത്ത് നിസ്‌കാരത്തില്‍ സൂറത്തുല്‍ ഫത്ഹ് ഓതിയാല്‍ ആ വര്‍ഷം മുഴുക്കെ അയാള്‍ക്കല്ലാഹു സുരക്ഷിതത്വം നല്‍കുന്നതാണ്. അല്ലാഹുവില്‍ നിന്നുള്ള സഹായം അയാള്‍ക്കു ലഭിച്ചുകൊണ്ടിരിക്കും. (റൂഹുല്‍ ബയാന്‍).
ഈ സൂറത്ത് പതിവാക്കിയവര്‍ക്ക് നബി(സ്വ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കാനുള്ള ഭാഗ്യം ലഭിക്കുന്നതാണ്. (ഖസീനത്തുല്‍ അസ്‌റാര്‍).
സൂറത്തുല്‍ ഇഖ്‌ലാസ്
ഒരിക്കല്‍ നബി(സ) സ്വഹാബികളോട് ചോദിച്ചു. ഓരോ രാത്രിയിലും ഖുര്‍ആന്റെ മൂന്നിലൊരു ഭാഗം പാരായണം ചെയ്യാന്‍ നിങ്ങളിലാര്‍ക്കെങ്കിലും കഴിയാതിരിക്കുമോ? സ്വഹാബികള്‍ ചോദിച്ചു: എല്ലാ രാത്രിയിലും പതിവായി ഖുര്‍ആന്‍ മൂന്നിലൊരു ഭാഗം എങ്ങനെ പാരായണം ചെയ്യും?. നബി(സ) പറഞ്ഞു. ഖുല്‍ഹുവല്ലാഹു എന്നു തുടങ്ങുന്ന സൂറത്ത് ഖുര്‍ആന്റെ മൂന്നിലൊരു ഭാഗത്തിന് സമമാണ്. (മുസ്‌ലിം). ആഇശ(റ)വിൽ നിന്ന് നിവേദനം: നബി (സ) ഒരാളെ ഒരു സൈന്യത്തിന്റെ തലവനായി അയച്ചിരുന്നു. അദ്ദേഹം അവരുമായി നമസ്കരികുമ്പോള്‍ സൂറത്തുൽ ഇഖ്‌ലാസ് ഓതിക്കൊണ്ടായിരുന്നു അതില്‍ ഖുര്‍ആന്‍ പാരായണം അവസാനിപ്പിച്ചിരുന്നത്. സൈന്യം മടങ്ങിവന്നപ്പോള്‍ അവര്‍ ഈ വിവരം നബി(സ)യെ അറിയിച്ചു. അദ്ദേഹം അങ്ങിനെ ചെയ്യുവാന്‍ കാരണമെന്താണെന്നു അദ്ദേഹത്തോടു അന്വേഷിക്കുവാന്‍ നബി(സ) അവരോടു കല്‍പിച്ചു. അദ്ദേഹം ഇങ്ങിനെ മറുപടി പറഞ്ഞു: കാരണം, അതു പരമകാരുണികന്റെ ഗുണവിശേഷണമാണ്. ഞാന്‍ അതു പാരായണം ചെയുവാന്‍ ഇഷ്ടപ്പെടുന്നു. ഇതു കേട്ടപ്പോള്‍ നബി(സ) പറഞ്ഞു: അദ്ദേഹത്തെ അല്ലാഹു സ്നേഹിക്കുന്നുണ്ടെന്നു നിങ്ങള്‍ അദ്ദേഹത്തോടു പറഞ്ഞുകൊടുക്കുക. (മുസ്ലിം). അല്ലാഹുവിന്റെ ഇഷ്ടത്തിലേക്ക് നടന്നടുക്കുവാൻ ഏറ്റവും നല്ല ഒരു വഴിയാണ് സൂറത്തുൽ ഇഖ്ലാസ് എന്ന് ചുരുക്കം.
നബി (സ) വിത്വ് ർ നമസ്‌ക്കാരത്തിലെ മൂന്നാം റക്അത്തിലും സുബ്ഹിന് മുമ്പുള്ള സുന്നത്ത് നമസ്‌ക്കാരത്തിലെ രണ്ടാം റക്അത്തിലും സൂറത്തുൽ ഇഖ്‌ലാസ് പതിവായി ഓതാറുണ്ടായിരുന്നു. സൂറത്തുൽ ഇഖ്‌ലാസ് ഓതുന്നവനുള്ള സമ്മാനം സ്വർഗം തന്നെയാണ്. അബൂ ഹുറൈറ (റ) പറയുന്നു: ഒരിക്കൽ ഒരാൾ സൂറത്തുൽ ഇഖ്‌ലാസ് ഓതുന്നത് നബി (സ) കേട്ടപ്പോൾ പറയുകയുണ്ടായി: നിർബന്ധമായി. അയാൾ ചോദിച്ചു: എന്ത് നിർബന്ധമായി? നബി (സ്വ): സ്വർഗം (ഹദീസ് തുർമുദി, നസാഈ). ഈ സൂറത്തിനെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ സ്വഹാബിയോട് നബി (സ്വ) പറഞ്ഞത്: നിന്റെ ഇഷ്ടം നിന്നെ സ്വർഗത്തിലെത്തിക്കുമെന്നാണ് (ഹദീസ് തുർമുദി). സൂറത്തുൽ ഇഖ്‌ലാസ് ഉറങ്ങുന്ന നേരവും ഉണർന്നാലും പ്രഭാതത്തിലും പ്രദോഷത്തിലും പാരായണം ചെയ്താൽ സകല വിപത്തുകളിൽ നിന്നുമുള്ള ദൈവിക സുരക്ഷയുണ്ടാവുമെന്ന് നബി (സ) പഠിപ്പിക്കുന്നു.
ഈ സൂറത്തിന് ഇത്രമേൽ പ്രാധാന്യം കൈവരുവാനുള്ള ഒരു പ്രധാന കാരണം അതിന്റെ ആശയ വൈപുല്യമാണ്. അള്ളാഹുവിന്റെ സ്വിഫത്തുകളുടെ പൂർണ്ണത ഇതിൽ പ്രകടമാകുന്നു. അവൻ ഏകനാണ്, ജന്മം നൽകുന്നില്ല, ജനിച്ചിട്ടില്ല, അതിനാൽ ആരെയും ഒന്നിനെയും ആവശ്യമില്ല, അവനു സമാനരില്ല തുടങ്ങിയ അടിസ്ഥാന വിശേഷണങ്ങൾ.
മുഅവ്വിദത്തൈനി
സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും എല്ലാ ഭീതിജനകമായ അന്തരീക്ഷത്തില്‍ നിന്നും അല്ലാഹുവില്‍ അഭയവും ആശ്രയവും തേടാനുള്ള ഇലാഹീ ബോധനങ്ങളാണ്. അദൃശ്യ ശക്തികളുടെ വിനകളില്‍ നിന്നും മനുഷ്യ മനസ്സുകളില്‍ ആവര്‍ത്തിച്ച് സംശയങ്ങള്‍ ജനിപ്പിച്ച് ദുര്‍ബോധനം നടത്തി പിന്‍മാറുന്ന പൈശാചിക ശക്തികള്‍ക്കെതിരെയുളള പ്രതിരോധ മാര്‍ഗ്ഗം. ഇബ്‌നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. നബി(സ)പറഞ്ഞു: മനുഷ്യ മനസ്സില്‍ സദാ കയ്യേറ്റം നടത്തുന്നവനാണ് പിശാച്. മനുഷ്യന്‍ അല്ലാഹുവിനെ സ്മരിക്കുമ്പോള്‍ പിശാച് അവന്റെ അരികില്‍ നിന്നും മാറിനില്‍ക്കും. മനുഷ്യന്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്നും വഴിതെറ്റിപ്പോകുമ്പോഴൊക്കെ അവന്‍ തിരിച്ചുവന്ന് ദുര്‍ബോധനം തുടരും. (ബുഖാരി). ഇത്ര ശക്തമാണ് അവന്റെ ദുർബോധനം.
അബ്ദുല്ലാ ബ്‌നു ഖുബൈബ് (റ) റിപ്പോർട്ട് ചെയ്യുന്നു: ഒരിക്കൽ നബി (സ) എന്നോടു പറഞ്ഞു: നീ പറയുക. ഞാൻ ചോദിച്ചു: ഞാൻ എന്താണ് പറയേണ്ടത്? അപ്പോൾ പറഞ്ഞു: രാവിലെയും വൈകുന്നേരവും സൂറത്തുൽ ഇഖ്‌ലാസും സൂറത്തുൽ ഫലഖും സൂറത്തുന്നാസും മൂന്നുപ്രാവശ്യം ഓതുക. എന്നാൽ നിനക്കു അതു തന്നെ മതി (അബൂ ദാവൂദ്, തുർമുദി, നസാഈ). നബി(സ) തങ്ങളുടെ ഒരു ദിവസം അവസാനിക്കുന്നത് ഈ മൂന്നു സൂറത്തുകൾ പാരായണം ചെയ്ത് കൊണ്ടായിരുന്നു. നബി (സ) എല്ലാ രാത്രിയും ഉറങ്ങുന്ന നേരത്ത് രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ഈ മൂന്നു സൂറത്തുകൾ ഓതി കൈകളിൽ ഊതി തല മുതൽ ശരീരമാസകലം തടവുമായിരുന്നെന്നും ഇപ്രകാരം മൂന്നുപ്രാവശ്യം ചെയ്തിരുന്നുവെന്നും ആയിശ (റ) സാക്ഷ്യപ്പെടുത്തുന്നു (ബുഖാരി).
നബി(സ) പറഞ്ഞു: അഭയം തേടുന്നവര്‍ അതിനായി ഉപയോഗിക്കുന്ന വചനങ്ങളില്‍ ഏറ്റവും ഉത്തമമായത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞു തരാം. ഖുല്‍അഊദു ബിറബ്ബിൽ ഫലഖ്, ഖുല്‍ അഊദു ബി റബ്ബി ന്നാസ് എന്ന് തുടങ്ങുന്ന രണ്ട് സൂറത്തുകളാണവ. (ഇബ്‌നു കസീര്‍ 4/523)
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso