മനസ്സുകൾ മീഖാത്തിലേക്ക്
05-05-2023
Web Design
15 Comments
മനുഷ്യന്റെ മനസ്സിനെയും ശരീരത്തെയും സമ്പാദ്യത്തെയും വികാരവിചാരങ്ങളെയും എല്ലാം അവനിൽ നിന്നും അവന്റെ പരിസരത്തുനിന്നും വിമോചിപ്പിച്ചെടുത്ത് സൃഷ്ടാവിൽ സമർപ്പിക്കുകയാണ് ഇസ്ലാം ചെയ്യുന്നത്. ഇതിന് രണ്ട് മാർഗ്ഗങ്ങൾ ഇസ്ലാം ആശ്രയിക്കുന്നു. ഒന്ന് വിശ്വാസ സംഹിത. അതുവഴിയാണ് മനസ്സിനെ മോചിപ്പിക്കുന്നതും സമർപ്പിക്കുന്നതും. രണ്ടാമത്തേത് കർമ്മ സംഹിതയാണ്. ഇത് ആരാധനകളുടെ ശ്രംഖലയാണ്. അത് ശഹാദത്ത് എന്ന വിളംബരം കൊണ്ട് തുടങ്ങുന്നു. അതിലൂടെ ഒരു വിശ്വാസി തന്റെ ശരീരത്തിനും പരിസരത്തിനും ലോകത്തിനും മുമ്പിൽ തനിക്ക് അല്ലാഹുവല്ലാതെ ദൈവമില്ലെന്നും തന്നെ നയിക്കുന്നത് ആ ദൈവത്തിന്റെ പ്രതിനിധിയായ മുഹമ്മദ് നബിയാണെന്നും പ്രഖ്യാപിക്കുകയാണ്. ഇത് അവന് വഴി കാണിക്കുകയും ധൈര്യവും പ്രതീക്ഷയും പകരുകയും ചെയ്യും. പിന്നെ അവന്റെ അഹങ്കാരത്തെ നിയന്ത്രിച്ചും എല്ലാം സമർപ്പിച്ചും ദിവസം അഞ്ച് നേരം നിർബന്ധമായും നിസ്കരിക്കുവാൻ കൽപ്പിക്കുന്നു. ഇവിടെ പല ഘടകങ്ങൾ അവന്റെ സമർപ്പണത്തെ സഹായിക്കുന്നുണ്ട്. ഒന്നാമതായി സ്വന്തം നെറ്റിത്തടം അല്ലാഹുവിന്റെ തിരുമുമ്പിലെന്ന പോലെ നിലത്തു വെക്കുമ്പോൾ ലഭിക്കുന്ന പരമമായ വിധേയത്വം. മനസ്സും ശരീരവും അലിഞ്ഞുചേരുന്ന പ്രാർഥനകൾ. ഇതെല്ലാം ഓരോ പ്രാവശ്യവും ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന ആവർത്തനം. ഇങ്ങനെ മനസ്സും ശരീരവും സമർപ്പിക്കപ്പെടുന്നതോടെ അടുത്ത പടി അവന്റെ സമ്പാദ്യത്തിലേക്ക് കടക്കുന്നു. ഭൗതിക ജീവിതത്തിൽ പിടിച്ചു മാറ്റാൻ കഴിയാത്ത വിധം മനുഷ്യനെ മദിപ്പിക്കുകയും കീഴ്പ്പെടുത്തുകയും ചെയ്യുന്ന ഒരു വികാരമാണ് സമ്പത്ത്. അത് മിച്ചം വന്ന് കുന്നുകൂട്ടാനും അതിനെ മറ്റുള്ളവരിൽ നിന്ന് ഉയർന്ന് നിൽക്കാനുള്ള വഴിയാക്കാനും ഏതു മനുഷ്യനും ശ്രമിക്കും. ഇത് ഒരു തരം അടിമത്വം സൃഷ്ടിക്കുന്നു. അല്ലാഹുവോടുള്ള പരമമായ അടിമത്വത്തിനുളളിൽ മറ്റൊരു അടിമത്വം ശരിയല്ല. അതിനാൽ സമ്പത്തിനെ ഒരു അനുഗ്രഹമായി മാത്രം നിറുത്തുകയും അതിന്റെ കാര്യത്തിൽ അല്ലാഹുവിന്റെ അഭീഷ്ടത്തിന് വില കൽപ്പിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുവാൻ വേണ്ടി സകാത്ത് ഇസ്ലാം നിർബന്ധമാക്കുന്നു. മിച്ചം വന്ന് കുന്നു കൂടിയ സമ്പത്തിനെ പാവങ്ങൾക്ക് നൽകുവാൻ മനസ്സുണ്ടായാൽ അത് അല്ലാഹുവോടുള്ള വിശ്വാസവും വിധേയത്വവും കൊണ്ടാണ്.
മനുഷ്യന്റെ മനസ്സിനും ശരീരത്തിനും സമ്പത്തിനും ഇവ്വിധം സമർപ്പണം സാധ്യമായാൽ തന്നെയും ചില കരുതലുകൾ വേണ്ടതുണ്ട്. അത് ഈ പറഞ്ഞവയെയെല്ലാം വഴിതിരിച്ചു വിട്ടേക്കുന്ന ചില മാനുഷ ഘടകങ്ങളെ പറ്റിയാണ്. അവയാണ് വികാരങ്ങളും വിചാരങ്ങളും. അവ വഴി ഇഛകളുടെ അടിമകളായി മാറി ഒരു വിശ്വാസി തന്റെ സൃഷ്ടാവുമായി ഉണ്ടാക്കിയെടുത്ത ബന്ധങ്ങൾ എപ്പോഴും ഉലഞ്ഞും മുറിഞ്ഞും പോയേക്കാം. അതിനാൽ വികാര-വിചാരങ്ങളെ അടക്കിഭരിക്കാനും അവയെ പോലും അല്ലാഹുവിന് സമർപ്പിക്കുവാനും കൂടി കഴിയേണ്ടതുണ്ട്. ഈ കഴിവ് നേടാൻ ഇസ്ലാം വിശ്വാസിയെ പ്രാപ്തനാക്കുന്നുണ്ട്. അതിന്നാണ് നോമ്പ്. ഇനി ഇതേ അർഥത്തിൽ ഒരു വിശ്വാസിയെ തന്റെ നാട്, ബന്ധങ്ങൾ തുടങ്ങിയവയും സ്വാധീനിച്ചേക്കാം. ഇങ്ങനെ തന്റെ ജീവിതം ഒട്ടിപ്പിടിച്ച എല്ലാറ്റിൽ നിന്നും മനസ്സിനെയും ശരീരത്തെയും വേർപെടുത്തിയും വിമോചിപ്പിച്ചും എല്ലാം ത്യജിച്ചുള്ള ഒരു യാത്രയുണ്ട്. എല്ലാം വിട്ട് റബ്ബിലേക്ക് പലായനം ചെയ്യുന്ന ഒരു പ്രതീകാത്മക തീർഥയാത്ര. അതോടെ ഈ ജീവിതത്തിന്റെ സമർപ്പണം സമ്പൂർണ്ണമാകുന്നു. അതാണ് ഹജ്ജ്. ഹജ്ജിലൂടെ ഇസ്ലാം അഭിലഷിക്കുന്ന സമർപ്പണം പൂർണ്ണമാകുന്നു. അതിനാൽ റമളാൻ മാസത്തിലെ നോമ്പ് പൂർത്തിയാക്കുന്ന വിശ്വാസികൾ നേരെ ഹജ്ജിലേക്ക് കടക്കുകയായി.
മറ്റു ആരാധനകളെ പോലെ ഹജ്ജിന് കണിശമായ കാലം, സ്ഥലം എന്നിവയുണ്ട്. അവ അറബീ സാങ്കേതിക ഭാഷയിൽ മീഖാത്തുകൾ എന്നറിയപ്പെടുന്നു. ആദ്യത്തെ മീഖാത്ത് ഹജ്ജിന്റെ കാലത്തെ കുറിക്കുന്നതാണ്. അത് ആരംഭിക്കുന്നത് റമളാനിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് ശവ്വാൽ മാസം ആരംഭിക്കുന്നതോടെയാണ്. ശവ്വാലും ദുൽഖഅ്ദും കഴിഞ്ഞ് ദുൽ ഹിജ്ജ മാസം ഒമ്പത് വരെ ഈ സമയത്തിന്റെ മീഖാത്ത് നീണ്ടുനിൽക്കുന്നു. അഥവാ ഹജ്ജ് ചെയ്യാൻ ഉദ്ദേശിക്കുന്ന ആൾ അതിലേക്കുള്ള പ്രവേശനമായ ഇഹ്റാം ചെയ്യേണ്ടത് ഈ സമയത്തിനുളളിലാണ്. മക്കയിലെത്തുന്നതും ഹജ്ജിന്റെ കർമ്മങ്ങൾ ചെയ്യുന്നതുമെല്ലാം അതിന്റെ നിശ്ചിത സമയങ്ങളിലാണ് ചെയ്യേണ്ടത്. രണ്ടാമത്തേത് സ്ഥലപരമായ മീഖാത്താണ്. അഥവാ ഹറമിന്റെ പുറത്തുനിന്ന് ഹജ്ജിന് വരുന്നവർ ഈ മീഖാത്തുകളിൽ വെച്ചോ അതിനു മുമ്പോ ആയിരിക്കണം ഇഹ്റാം ചെയ്ത് ഹജ്ജിന്റെ കർമ്മങ്ങളിലേക്ക് കടക്കേണ്ടത്. ഇത്തരം മീഖാത്തുകള്‍ അഞ്ചാകുന്നു. ഓരോ ഭാഗത്ത് കൂടി മക്കയിലേക്ക് വരുന്നവർ ഈ മീഖാത്തുകളില്‍ വച്ചോ, അതിനുനേരെ വരുന്ന സ്ഥലങ്ങളില്‍വെച്ചോ ഇഹ്റാം ചെയ്യണം എന്നാണ്. മീഖാത്തില്‍ എത്തുന്നതിന് മുമ്പ് ഇഹ്റാമില്‍ പ്രവേശിക്കുന്നതിന് വിരോധമില്ല. ഈ സ്ഥലങ്ങളുടെയും മക്കയുടെയും ഇടയിൽ താമസിക്കുന്നവരും മക്കയിൽ താമസിക്കുന്നവരും സ്വവസതികളിൽ നിന്ന് ഇഹ്റാം ചെയ്യണം. സ്വവസതികളാണ് അവരുടെ മീഖാത്തുകൾ.
നബി(സ) നിശ്ചയിച്ച മീഖാത്തുകൾ താഴെ പറയുന്നവയാണ്. ഒന്ന്, ദുല്‍ഹുലൈഫ. ഇപ്പോൾ ഇവിടം അബ്യാര്‍ അലി എന്നാണ് അറിയപ്പെടുന്നത്. മക്കയിൽ നിന്നും 420 കിലോമീറ്റർ വടക്ക് മദീനയുടെ അടുത്താണ് ഈ സ്ഥലം. മദീനയില്‍ നിന്നോ അതുവഴിയോ സൗദിയുടെ വടക്ക് പ്രദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള മീഖാത്താണിത്. നബി(സ) തന്റെ ഹജ്ജിന് ഇഹ്റാം ചെയ്തത് ഇവിടെ വെച്ചായിരുന്നു. മക്കയില്‍ നിന്നും ഏറ്റവും ദൂരം കൂടിയ മീഖാത്താണിത്. ഹാജിമാര്‍ക്ക് കുളിക്കാനും മറ്റുമുള്ള സൗകര്യങ്ങളും വിശാലമായ പള്ളിയും ഇവിടെയുണ്ട്. രണ്ട്, ജുഹ്ഫ. മക്കയിൽ നിന്നും 186 കിലോമീറ്റർ അകലെ റാബഗ് നഗരത്തിനടുത്താണ് ഈ പ്രദേശം. സൗദിയിലെ തബൂക്ക് പ്രവശ്യ, ഈജിപ്ത്, ശാം നാടുകൾ, മൊറോക്കോ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവരുടെ മീഖാത്താണിത്. മൂന്ന്, ഖര്‍നുല്‍ മനാസില്‍. റിയാദ് നഗരം വഴി വരുന്നവരുടെ മീഖാത്താണിത്. ത്വാഇഫിനടുത്തുള്ള ഈ മീഖാത്തില്‍നിന്ന് മക്കയിലേക്ക് 78 കിലോമീറ്റര്‍ മാത്രമേ ദൂരമുള്ളൂ. നാല്, ദാത്തു ഇര്‍ഖ്. ഇറാഖ്, ബസ്വറ, കൂഫ, ഇറാൻ മുതലായ രാജ്യക്കാരുടെ മീഖാത്താണിത്. മളീഖ് എന്നും പേരുള്ള ഈ സ്ഥലം പഴയ ത്വാഇഫ് റോഡിലൂടെ പോകുമ്പോള്‍ ലഭിക്കുന്ന മീഖാത്താണ്. മക്കയിലേക്ക് ഇവിടെ നിന്ന് 100 കിലോമീറ്റര്‍ ദൂരമുണ്ട്. അഞ്ചാമത്തെ മീഖാത്ത് യലംലം ആണ്. യമന്‍, തിഹാമ രാജ്യക്കാരും ഏഡന്‍ വഴി വരുന്നവരും ഇഹ്റാം ചെയ്യേണ്ട മീഖാത്താണിത്. ഇന്ത്യയില്‍ നിന്നും കപ്പല്‍ വഴി പോകുമ്പോള്‍ ഈ മീഖാത്താണ് ലഭിക്കുക. മക്കയുടെ തെക്ക് 120 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പര്‍വതമാണ് യലംലം.
ഹജ്ജ് കാലം തുടങ്ങിയതോടെ അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ എല്ലായിടത്തും തുടങ്ങിക്കഴിഞ്ഞു. പരിശുദ്ധ മക്കയിൽ ഹാജിമാരെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങൾ എക്കാലവും നിലക്കാത്ത ഒരു പ്രക്രിയയാണ്. അതിനു വേണ്ടി ഒരു പ്രത്യേക വകുപ്പു തന്നെ സൗദീ ഗവർമെന്റിലുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ സമ്പന്ന രാജ്യമായ സൗദീ അറേബ്യ വലിയ തുക മുടക്കി ഏറ്റവും അത്യന്താധുനിക സൗകര്യങ്ങളാണ് ചെയ്തു വരുന്നത്. ഹാജിമാർക്ക് താമസിക്കാൻ തീ പിടിക്കാത്ത ടെന്റുകൾ, കൃത്യ സമയങ്ങളിൽ അവരെ ഓരോ കർമ്മങ്ങൾക്കും അതാത് സ്ഥലങ്ങളിൽ എത്തിക്കുവാൻ മെട്രോ അടക്കുള്ള ഗതാഗത സൗകര്യങ്ങൾ, തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥർ, മതപരമായ സഹായങ്ങൾക്കായി മതകാര്യ ഉദ്യോഗസ്ഥർ, അനുബന്ധ വകുപ്പുകൾ എന്നിവ അവിടെ തയ്യാറാണ്. ഹറമുകളുടെയും അവിടെ എത്തുന്ന തീർഥാടകരുടെയും സേവകൻ എന്ന വിശേഷണം അലങ്കാരമായി സ്വയം സ്വീകരിച്ച ഒരു ഭരണാധികാരിയും അദ്ദേഹത്തിന്റെ ഭരണ സംവിധാനവും ഏറ്റവും ഒന്നാമതായി പരിഗണിക്കുന്ന വിഷയമാണ് ഹജ്ജ്. ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്നത് മക്ക, മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലാണ്. ഇവ പൊതുവായി മശാഇറുകൾ എന്ന് അറിയപ്പെടുന്നു. തിരിച്ചറിവിന്റെ സ്ഥാനം എന്നോ പ്രകട സ്ഥാനം എന്നോ ആണ് മശാഇർ എന്ന അറബീ ശബ്ദത്തിന്റെ അർഥം. ഇവ ഓരോന്നും വലിയ ചരിത്രവും ആശയവും ഉൾക്കൊള്ളുന്നു. ദുൽ ഹജ്ജ് ഒമ്പതിന് മുമ്പായി തന്റെ വഴിയിലെ മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്ത് മക്കയിലെത്തുന്ന ഹാജിമാർ ആദ്യം ചെയ്യുന്നത് ത്വവാഫാണ്. വിശുദ്ധ കഅ്ബാലയത്തെ ഏഴ് പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്ന കർമ്മമാണിത്. ഇത് ഐഛികമാണ്. ആഗമനത്തിന്റെ (ഖുദൂമിന്റെ ) ത്വവാഫ് എന്നാണ് ഇത് അറിയപ്പെടുന്നത്.
ദുൽ ഹജ്ജ് എട്ടിന് മക്കയിൽ നിന്നും ഇഹ്റാമിലായി ഹാജിമാർ മിനാ താഴ്‌വരയിലേക്ക് പുറപ്പെടും. അവിടെ അന്ന് അവർ താമസിക്കും. ഈ ദിവസം ഇവിടെ ഇങ്ങനെ താമസിക്കുന്നത് സുന്നത്താണ്. ഒമ്പതിന് രാവിലെ അവർ അറഫയിലേക്ക് പുറപ്പെടും. ഹജ്ജിന്റെ ഏറ്റവും പ്രധാന കർമ്മമാണ് ഒമ്പതിന് അറഫയിൽ കഴിച്ചുകൂട്ടൽ. ഒമ്പതിന് ഉച്ചക്ക് ശേഷമാണ് ഇതിന്റെ സമയം തുടങ്ങുന്നത്. അന്ന് അസ്തമയത്തിനു ശേഷം ഹാജിമാർ മുസ്ദലിഫയിലേക്ക് മടങ്ങുന്നു. അറഫയുടെയും മിനായുടെയും ഇടക്കുള്ള ഒരു ഇടത്താവളമാണിത്. ആ രാത്രി അവിടെ കഴിച്ചുകൂട്ടും. പിറേറന്ന് അവർ മിനായിൽ തന്നെ തിരിച്ചെത്തും. വലിയ ജംറയിൽ കല്ലേറ് നടത്തുകയും തുടർന്ന് മക്കയിലെത്തി ഹജ്ജിന്റെ നിർബന്ധമായ ത്വവാഫും സഅ് യും ചെയ്യും. മൃഗബലി ഉദ്ദേശിക്കുന്നുവെങ്കിൽ അതും പുരുഷൻമാരുടെ മുടി കളയലും അന്ന് ചെയ്യേണ്ട കർമങ്ങളാണ്. ഇവയെല്ലാം കഴിഞ്ഞ് ഹാജിമാർ മിനായിൽ താമസിക്കുന്നു. തുടർന്ന് പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് എന്നീ ദിനങ്ങളിൽ മൂന്ന് ജംറകളിലും കല്ലേറ് നിർവ്വഹിച്ച് അവർ അവിടെ കഴിച്ചു കൂട്ടുന്നു. എല്ലാം കഴിഞ്ഞ് മക്കയിലെത്തി വിടവാങ്ങൽ (വി ദാഅ്) ത്വവാഫ് കൂടി നിർവ്വഹിക്കുന്നതോടെ ഹജ്ജിന്റെ കർമങ്ങൾ പൂർത്തിയാവുന്നു. ഇതോടെ വിശ്വാസിയുടെ സമർപ്പണ ദൗത്യം പൂർണ്ണമാവുകയും ഒരു പുതിയ ജന്മത്തിനു സമാനമായ വിശുദ്ധിയിൽ എത്തിച്ചേരുകയും ചെയ്യുന്നു. ലൈംഗികമോ അല്ലാത്തതോ ആയ ഒരു തെറ്റും വരാതെ ഒരാൾ ഹജ്ജ് കർമ്മം നിർവ്വഹിച്ചാൽ അവൻ താൻ പ്രസവിക്കപ്പെട്ട ദിനത്തിന്റേതു പോലുള്ള വിശുദ്ധിയിലെത്തിച്ചേരുമെന്ന് പുണ്യ റസൂൽ (സ).
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso