കഅ്ബ കാത്തിരിക്കുന്നു
12-05-2023
Web Design
15 Comments
കഅ്ബ കാത്തിരിക്കുന്നു
ഹജ്ജ് എന്ന അറബീ ശബ്ദത്തിന്റെ അർഥം ലക്ഷ്യം വെച്ച് യാത്ര പോവുക എന്നാണ്. ഇത്തരം യാത്രകൾ ആരാധന എന്ന ലക്ഷ്യത്തോടെയുള്ളതാണെങ്കിൽ അതിന് തീർഥാടനം എന്നാണ് നമ്മുടെ ഭാഷയിൽ പറയുക. ആ നിലക്ക് ഹജ്ജ് ഒരു തീർഥാടനമാണ്. പക്ഷെ, ഒരു വ്യത്യാസമുണ്ട്. ഏതു ആരാധനാ കേന്ദ്രത്തിലേക്കുമുള്ള യാത്രയും ഇസ്ലാമിൽ ഹജ്ജല്ല. ഹജ്ജ് എന്ന് പ്രയോഗിച്ചാൽ അത് ഒരു ലക്ഷ്യത്തിലേക്ക് മാത്രമുള്ള തീർഥാടനമാണ്. പരിശുദ്ധ മക്കയിലെ കഅ്ബാലയത്തിലേക്കുളള തീർഥാടനം. അല്ലാത്ത തീർഥാടനങ്ങൾക്ക് ഹജ്ജ് എന്ന് പറയില്ല. ഇതിൽ നിന്നു തന്നെ ഹജ്ജിന്റെ ആത്മാവ് കുടികൊള്ളുന്നതും ലക്ഷ്യബിന്ദു തെളിഞ്ഞു കിടക്കുന്നതും പരിശുദ്ധ കഅ്ബയിലാണ് എന്നു മനസ്സിലാക്കാം. അതിനു സമീപത്തും ചുറ്റുമായി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലാണ് ഹജ്ജിന്റെ കർമ്മങ്ങൾ നടക്കുന്നത്. ഈ സ്ഥലങ്ങൾ മശ്അറുകൾ എന്നറിയപ്പെടുന്നു. ഹജ്ജിന്റെ ലക്ഷ്യസ്ഥാനമായതിനാൽ ഹാജി തീർഥാടകരുടെ മനസ്സിൽ ആദ്യം വരച്ചിടേണ്ട ചിത്രം പരിശുദ്ധ കഅ്ബയുടേതാണ്. അത് അവരുടെ ഏറ്റവും വലിയ പ്രചോദനവും പ്രത്യാശയുമായിത്തീരുവാനും തിക്കും തിരക്കും ചൂടും തണുപ്പും സ്വന്തങ്ങളിൽ നിന്നുള്ള അകലത്തിന്റെ നോവും ഏശാതെ ലക്ഷ്യത്തിലെത്തി ആത്മസമർപ്പണം നടത്തുവാനും ഇതനിവാര്യവുമാണ്. കഅ്ബാലയത്തിന്റെ ഈ അർഥത്തിലുളള ഏറ്റവും വലിയ സവിശേഷത അത് ഭൗതിക പ്രപഞ്ചത്തിന്റെ കേന്ദ്ര ബിന്ദു ആണ് എന്നതാണ്.
ഇത് തെളിയിക്കുവാൻ നമുക്കു മുമ്പിൽ നിരവധി ബലമുള്ള സൂചനകൾ ഉണ്ട്. അതിലെന്നാണ് അല്ലാഹു മക്കക്ക് നല്‍കിയ ഉമ്മുല്‍ ഖുറാ എന്ന പേര്. നാടുകളുടെ മാതാവ്, നാടുകളുടെ കേന്ദ്രസ്ഥാനം എന്നൊക്കെയാണ് അതിനര്‍ഥം. മൊത്തത്തിൽ നാടുകളുടെ മാതാവാകുമ്പോൾ അതിന് ഒരു കേന്ദ്രസ്ഥാനം നാം കൽപ്പിക്കണമല്ലോ. മറ്റു നാടുകളുടെ പ്രഭവകേന്ദ്രം മക്കയാണെന്ന് സാരം. ആദ്യ മനുഷ്യനും പ്രവാചകനുമായ ആദം(അ) മക്കയില്‍ വസിച്ചു എന്നും മക്കയിൽ വന്ന് തീർഥാടനം ചെയ്തു എന്നെല്ലാം ഐതിഹ്യമുണ്ട്. മക്കയുടെ പ്രവേശന കവാടമായ ജിദ്ദാ നഗരത്തിന് ആ പേര് വല്യുമ്മ എന്നർഥമുള്ള ജദ്ദ എന്ന വാക്കിൽ നിന്ന് നിഷ് പതിച്ചു കിട്ടിയതാണ് എന്നും വല്യുമ്മ ഹവ്വാ ബീവിയാണെന്നുമെല്ലാം ചരിത്രത്തിൽ വർത്തമാനമുണ്ട്. ഇതൊക്കെ ചേർത്തു വായിക്കുമ്പോൾ മേൽ പറഞ്ഞ സൂചന ബലപ്പെടുന്നു. ഇപ്രകാരം തന്നെ ഉമ്മുൽ ഖുറാ എന്ന് വിശേഷിപ്പിക്കുന്ന അതേ ആയത്തിൽ അല്ലാഹു പറയുന്നു: അങ്ങനെ മക്കക്കാരെയും അതിനുചുറ്റുമുള്ളവരെയും താക്കീത് ചെയ്യാനും സംശയരഹിതമായ സംഗമനാളിനെപ്പറ്റി മുന്നറിയിപ്പു നല്‍കാനും വേണ്ടി താങ്കള്‍ക്കു നാം അറബി ഭാഷയിലുള്ള ഈ ഖുര്‍ആന്‍ ദിവ്യസന്ദേശമായി നല്‍കിയിരിക്കുകയാണ് (ശൂറാ: 7). ഇത് മറ്റൊരു സൂചനയാണ്. കാരണം മക്കക്കാരെയും അതിനുചുറ്റുമുള്ളവരെയും എന്നു പറയുമ്പോൾ മക്ക മദ്ധ്യത്തിലാണ് എന്ന് മനസ്സിലാക്കാമല്ലോ. ചുറ്റുമുള്ളവർ എന്നതിന്റെ വിവക്ഷ ലോകമാസകലമുള്ളവർ എന്നാണ് എന്ന വ്യാഖ്യാനം ഉള്ളപ്പോൾ പ്രത്യേകിച്ചും. ഇത്തരം സൂചനകളിൽ നിന്ന് ഇസ്ലാമിക ചിന്തയുളള ശാസ്ത്രജ്ഞൻമാർ നടത്തിയ ശാസ്ത്രീയ പരീക്ഷണങ്ങൾ അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 1977 ജനുവരിയില്‍ പുറത്ത്‌വന്ന ഈജിപ്ഷ്യന്‍ ശാസ്ത്രജ്ഞന്‍ ഡോ. ഹുസൈന്‍ കമാലുദ്ദീന്റെ പഠനറിപ്പോര്‍ട്ട് ഈ നിഗമനത്തെ ബലപ്പെടുത്തി. ആധുനിക പഠനോപകരണങ്ങളും അംഗീകൃത മാപ്പുകളും ഭൂപടങ്ങളും ടോപോഗ്രാഫിയും അവലംബിച്ചു ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹം ഭൂമിയുടെ മധ്യം മക്കയാണെന്ന് നിഗമനത്തില്‍ എത്തുകയായിരുന്നു.
മനുഷ്യാധിവാസത്തിന് മുമ്പെ കഅ്ബ ഭൂമിയിൽ സ്ഥാപിക്കപ്പെട്ടു എന്ന് ഖുർആൻ പറയുന്നു. അല്ലാഹു പറയുന്നു: നിശ്ചയം മനുഷ്യര്‍ക്കായി നിര്‍മിക്കപ്പെട്ട പ്രഥമഭവനം മക്കയിലുള്ളത് തന്നെയാകുന്നു. (ആലു ഇംറാന്‍. 96). മനുഷ്യർക്കു വേണ്ടി എന്നു പറയുമ്പോൾ അവർ വരുന്നതിന് മുമ്പെ അതു സ്ഥാപിക്കപ്പെട്ടു എന്നത് വ്യക്തമാണല്ലോ. അതിനാൽ തന്നെ അതിന്റെ നിർമ്മാണം നിർവ്വഹിച്ചത് മലക്കുകളാണ്. ആദം നബിയുടെ കാലത്ത് ഈ ഗേഹത്തിന്റെ പുനര്‍നിര്‍മാണം നടന്നതായി ചരിത്രമുണ്ട്. പിന്നെ ആദം നബിയുടെ മകൻ ശീസ് നബിയും തന്റെ കാലത്തിന്റെ കയ്യൊപ്പ് കഅ്ബയിൽ ചാർത്തി. നൂഹ് നബിയുടെ കാലത്തെ മാഹാ പ്രളയത്തിൽ എല്ലാം നശിച്ചു. അതിൽ ഹജറുല്‍ അസവദ് മക്കയിലെ അബൂഖുബൈസ് പര്‍വതത്തില്‍ അല്ലാഹു സൂക്ഷിച്ചുവെച്ചു. അതോടെ കഅ്ബ വെറും ഒരു അസ്തിവാരത്തിലൊതുങ്ങി. കാലക്രമത്തിൽ അത് മണ്ണിലകപ്പെട്ട് വിസ്മൃതിയിലായി. ഇബ്റാഹീം നബിയുടെ കാലം വരെ കഅ്ബ അങ്ങനെ തന്നെ തുടര്‍ന്നു എന്നാണ് കരുതപ്പെടുന്നത്. ഇബ്റാഹീം നബിയും പുത്രനും ചേര്‍ന്ന് പിന്നെ അതിന്റെ പുനര്‍നിര്‍മാണം നടത്തി. അല്ലാഹു അറിയിച്ച കൊടുത്തതനുസരിച്ചാണ് അതിന്റെ മാതൃക രൂപപ്പെടുത്തിയതെന്ന് ഖുര്‍ആന്‍ പറയുന്നു. മണ്ണിനടിയിൽ പെട്ട തറയുടെ സ്ഥാനം അല്ലാഹു കാണിച്ചു കൊടുത്തതായി ഖുർആൻ പറയുന്നു. അല്ലാഹുവിന്റെ കൽപ്പന പ്രകാരം അവർ ആ തറയിൽ വീണ്ടും കഅ്ബയെ പടച്ചെടുതപ്പോൾ അത് ഒമ്പത് മുഴം ഉയരവും മുപ്പത് മുഴം നീളവും ഇരുപത്തിരണ്ട് മുഴം വീതിയുമുളള ഒരു ദീർഘചതുരക്കെട്ടായിരുന്നു. മേൽക്കൂര ഉണ്ടായിരുന്നില്ല. ഈ മന്ദിരത്തിന് രണ്ടു വാതിലുകളാണ് ഉണ്ടായിരുന്നത്. ഒന്ന് ഇപ്പോഴുള്ള ഭാഗത്തും മറ്റേത് എതിര്‍ദിശയില്‍ റുക്നുല്‍ യമാനിയയോട് ചേര്‍ന്നും. ഇബ്റാഹീം നബി ഭിത്തികള്‍ പടുക്കുകയും മകന്‍ ഇസ്മാഈല്‍ നബി കല്ലുകളും മറ്റു സാമഗ്രികളും എടുത്തു കൊടുക്കുകയും ചെയ്യുകയായിരുന്നു. കാലങ്ങളോളം കേടുപാടുകള്‍ കൂടാതെ ഈ ഗേഹം ഇങ്ങനെ തുടര്‍ന്നു.
ഇബ്റാഹീം നബിയുടെ നിര്‍മാണത്തിന് ശേഷം മക്കയിലെ അമാലിഖ, ജുര്‍ഹൂം വിഭാഗങ്ങള്‍ തങ്ങളുടെ അധികാര കാലങ്ങളില്‍ ഈ വിശുദ്ധ ഗേഹം പുനര്‍നിര്‍മിച്ചതായി കാണാം. അതിന്റെ പക്ഷേ, വിശദവിവരങ്ങള്‍ ലഭ്യമല്ല. കാലക്രമേണ ഖുറൈശി ഗോത്രത്തിനായി കഅ്ബയുടെ ചുമതല. അവരില്‍ പെട്ട ഖുസ്വയ്യുബ്നു കിലാബും ഇതിന്റെ പുനര്‍നിര്‍മാണം നടത്തിയിട്ടുണ്ട്. കഅ്ബക്ക് പരിസരത്ത് ദാറുന്നദ് വ എന്ന ഭരണ സിരാ കേന്ദ്രം സ്ഥാപിച്ചത് ഖുസ്വയ്യാണ്. നബി(സ)യുടെ കാലത്ത് ചില കേടുപാടുകള്‍ കാരണം മക്കയിലെ ഖുറൈശികൾ ക്രിസ്താബ്ദം എ ഡി 605 ല്‍ വീണ്ടും കഅ്ബാലയം പുനര്‍നിര്‍മിച്ചു. ആരോ കഅ്ബയെ സുഗന്ധ ധൂമം പുകപ്പിക്കുന്നതിനിടെ ഉണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ദുര്‍ബലമായിപ്പോയ ചുമരുകള്‍ തൊട്ടടുത്ത ദിവസം തന്നെ ഉണ്ടായ ഒരു മഴവെള്ളപ്പാച്ചിലില്‍ പറ്റെ തകരുകയായിരുന്നു. അതെ തുടര്‍ന്നായിരുന്നു ഈ നിര്‍മാണം. വിശുദ്ധ ഗേഹത്തിന്റെ ഉയരം 18 മുഴമാക്കി ഉയര്‍ത്തിയതും കഅ്ബക്ക് പാത്തി (മീസാബ്) സ്ഥാപിച്ചതും ഈ നിർമ്മാണത്തിലാണ്. ദ്രവ്യം തികയാതെ വന്നതിനാല്‍ നേരത്തെ ഉണ്ടായിരുന്ന കുറച്ച് ഭാഗങ്ങള്‍ വെട്ടിക്കുറച്ചാണ് ഖുറൈശികള്‍ കഅ്ബയുടെ നിര്‍മാണം നടത്തിയത്. ഇബ്റാഹീം നബി പണിത അതേ രൂപത്തില്‍ ഇരുഭാഗത്തും വാതില്‍ സ്ഥാപിച്ച് കഅ്ബ പണിയാന്‍ താന്‍ ഉദ്ദേശിച്ചിരുന്നുവെന്നും എന്നാല്‍ അതൊരു ആശയക്കുഴപ്പത്തിന് വഴിവെക്കുമോ എന്ന് ഭയന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നുവെന്നും നബി(സ) പിന്നീട് പറഞ്ഞതായി ആഇശ (റ) പറയുന്നുണ്ട്.
ഹിജ്റ 64 ല്‍ ഹിജാസിലെ ഖലീഫയായി സ്വയം പ്രഖ്യാപിച്ച അബ്ദുല്ലാഹിബ്നു സുബൈറാണ് പിന്നെ ഇതിന്റെ പുനര്‍നിര്‍മാണം നടത്തിയത്. അമവീ ഖലീഫ യസീദിന്റെ പട്ടാളത്തിന്റെ അക്രമത്തില്‍ കഅ്ബയുടെ ഖില്‍അ (പുറം വസ്ത്രം) കത്തുകയും മേല്‍ക്കൂരം തകരുകയും ചെയ്തതിനെ തുടർന്നായിരുന്നു അത്. പ്രസ്തുത നിര്‍മാണത്തില്‍ കഅ്ബയുടെ ഉയരം അദ്ദേഹം 27 മുഴമാക്കിയുയര്‍ത്തി. ഹിജ്റ 74 ല്‍ ഹജ്ജാജ് ബ്നു യൂസുഫാണ് പിന്നെ കഅ്ബയില്‍ കൈവെക്കുന്നത്. അമവീ ഗവർണ്ണറായിരുന്നു ഹജ്ജാജ്. ഇബ്നു സുബൈറിന്റെ ചില നിര്‍മ്മിതികളെ അദ്ദേഹം ഒഴിവാക്കി. ഇത് രാഷ്ട്രീയമായിട്ടാണ് ചരിത്രം കാണുന്നത്. പില്‍ക്കാലത്ത് അബ്ബാസീ ഖലീഫ ഹാറൂന്‍ റഷീദ് ഹജ്ജാജിന്റെ നിര്‍മിതികൾ മാറ്റി പകരം ഇബ്നു സുബൈറിന്റെ തന്നെ രീതിയില്‍ പുനര്‍നിര്‍മിക്കാൻ തീരുമാനിച്ചു. എന്നാല്‍ കഅ്ബയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ നിര്‍മ്മിതികള്‍ ഒഴിവാക്കണമെന്ന് ഇമാം മാലിക് തങ്ങള്‍ ആവശ്യപ്പെട്ടു. കഅ്ബ ഒരു രാഷ്ട്രീയ ചതുരംഗക്കരുവാകുന്നതിനെ എല്ലാവരും ആശങ്കയോടെ കാണുകയും ചെയ്തു. അതോടെ ആ ശ്രമം ഖലീഫ ഉപേക്ഷിച്ചു. ഇപ്പോൾ നമ്മുടെ മുമ്പിൽ കറുത്ത പട്ടും പുതച്ച് തലയുയർത്തി നിൽക്കുന്ന കഅ്ബാലയം ഹജ്ജാജ് ബിൻ യൂസുഫിന്റെ നിർമ്മിതിയാണ്. ഈ പരിഷ്കാരത്തിന് ശേഷം കാലങ്ങളോളം കഅ്ബ അതേപടി നിലനിന്നു. ഹി. 960 ല്‍ സുല്‍ത്താന്‍ സുലൈമാന്‍ മേല്‍ക്കൂര മാറ്റിപ്പണിതതും 1021 ല്‍ സുല്‍ത്താന്‍ അഹ്മദ് ഭിത്തികളുടെ കേട്പാടു തീര്‍ത്തതുമാണ് പിന്നെ നടന്ന അറ്റകുറ്റ പണികള്‍. ഹി. 1039 ന് ഉണ്ടായ ശക്തമായ വെള്ളപ്പൊക്കത്തില്‍ കഅ്ബക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. അതെ തുടര്‍ന്ന് സുല്‍ത്താൻ മുറാദ്ഖാന്‍ കഅ്ബയുടെ പുനര്‍നിര്‍മാണം നടത്തി. തുടര്‍ന്ന് 400 വര്‍ഷത്തോളമായി കേടുപാടുകളില്ലാതെ കഅബ നിലനിന്നു പോരുന്നു.
റുക്നുല്‍ ഹജര്‍, റുക്നുല്‍ ഇറാഖി, റുക്നുശ്ശാമി, റുക്നുല്‍ യമാനി എന്നിങ്ങനെ നാലു മൂലകളാണ് കഅബക്കുള്ളത്. ഓരോന്നിനും അതിന്റേതായ ചരിത്രവും ശ്രേഷ്ടതയുമുണ്ട്. കഅ്ബയുടെ വടക്കു കിഴക്കെ മൂലയില്‍ ഭൂപ്രതലത്തില്‍ നിന്ന് ഒന്നര മീറ്റര്‍ ഉയരത്തിലുള്ള കറുത്ത കല്ലാണിത്. കല്ലിനു ചുറ്റും വെള്ളിയുടെ ഫ്രെയിമാണുള്ളത്. ഹജറുല്‍ അസവദ് ചുംബിച്ചോ സ്പര്‍ശിച്ചോ ആംഗ്യം കാണിക്കുകയുമെങ്കിലോ ചെയ്തു വേണം ത്വവാഫ് തുടങ്ങാന്‍. ത്വവാഫിന്റെ തുടക്കവും അവസാനവും അതിന്റെ അടുത്തെത്തുമ്പോഴാണ്. 280 കിലോഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ചുണ്ടാക്കിയതാണ് കഅ്ബയുടെ വാതില്‍. മൂന്ന് മീറ്റര്‍ ഉയരവും രണ്ടു മീറ്റര്‍ വീതിയുമുണ്ട് ഇതിന്. ഹജറുല്‍ അസ് വദിനും വാതിലിനുമിടയിലുള്ള സ്ഥലം മുൽതസം എന്നറിയപ്പെടുന്നു. ഇവിടെ വെച്ച് നടത്തുന്ന പ്രാര്‍ഥന സ്വീകരിക്കപ്പെടുമെന്ന് നബി(സ) അരുള്‍ ചെയ്തിട്ടുണ്ട്. കഅ്ബയുടെ പുനര്‍നിര്‍മാണസമയത്ത് പടുക്കാനായി ഇബ്റാഹീം നബി കയറി നിന്ന കല്ലാണ് മഖാമു ഇബ്റാഹീം. കഅ്ബയുടെ കിഴക്ക് ഭാഗത്ത് വാതിലിന്റെ നേര്‍ക്ക് പത്ത് മീറ്റര്‍ ദൂരത്തിലാണ് ഇപ്പോള്‍ ഇത് ചില്ലുചെയ്തു വെച്ചിരിക്കുന്നത്. ഇവിടെ വെച്ചു നിസ്കരിക്കുവാനും പ്രാര്‍ഥിക്കുവാനും വിശ്വാസികളോട് ഖുര്‍ആന്‍ തന്നെ പ്രത്യേകമായി ആവശ്യപ്പെടുന്നുണ്ട്. മേല്‍ക്കൂരയില്‍ നിന്ന് വെള്ളം താഴോട്ട് ഒഴുകുന്നതിനായി സ്ഥാപിച്ച പാത്തിയായ മീസാബ്, കഅ്ബയുടെ ഭിത്തികള്‍ നിൽക്കുന്ന അടിത്തറയായ ശാദിര്‍വാന്‍ ഹിജര്‍ ഇസ്മാഈൽ തുടങ്ങിയവയെല്ലാം ഈ ചതുരക്കെട്ടിന്റെ ശ്രേഷ്ഠ ഭാഗങ്ങളാണ്.
തീർഥാടകരെ കാത്തിരിക്കുന്ന പരിശുദ്ധ കഅ്ബയുടെ പ്രത്യേകതകൾ പറഞ്ഞാലും പറഞ്ഞാലും തീരില്ല. തന്നെ തേടിയെത്തിയ ഒരു തീർഥാടകനെയും അല്ലാഹുവിന്റെ ഈ ഭവനം നിരാശപ്പെടുത്തില്ല.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso