കഷ്ടപ്പെട്ട് നേടിയത് നഷ്ടപ്പെടുത്തരുത്
12-05-2023
Web Design
15 Comments
വിശുദ്ധ ഖുർആൻ അന്നഹ്ൽ അദ്ധ്യായം 92-ാം വചനത്തിൽ അല്ലാഹു പറയുന്നു: ബലിഷ്ഠമായി നൂല്‍ നൂറ്റുകഴിഞ്ഞ ശേഷം പല ഇഴകളായി അതഴിച്ചുകളഞ്ഞവളെപ്പോലെ നിങ്ങളാകരുത്. ഒരു കൂട്ടര്‍ മറ്റൊരു കൂട്ടരെക്കാള്‍ ആധിക്യമുള്ളവരായത് കൊണ്ട് നിങ്ങള്‍ ശപഥങ്ങള്‍ അന്യോന്യം ചതിക്കാനുള്ള മാര്‍ഗമാക്കുകയാണ്. (അങ്ങനെ ചെയ്യരുത്.) അതുവഴി നിങ്ങളെ പരീക്ഷിക്കയാണ് അല്ലാഹു. നിങ്ങള്‍ വ്യത്യസ്ത പക്ഷക്കാരായിരുന്ന വിഷയം പിന്നീട് അന്ത്യനാളില്‍ അവന്‍ നിങ്ങള്‍ക്ക് സ്പഷ്ടമാക്കിത്തരുന്നതാണ് (16:92). കെട്ടി മുറുക്കിയതിനു ശേഷം ന്യായമായ കാരണങ്ങൾ ഒന്നുമില്ലാതെ കെട്ട് അഴിച്ചിടരുത് എന്ന് ചുരുക്കം. ആയത്തിന്റെ പശ്ചാത്തലം മറ്റുള്ളവരുമായി ചെയ്യുന്ന കരാറുകൾ, ശപഥങ്ങൾ, ഉടമ്പടികൾ തുടങ്ങിയവയാണ്. അറബികൾ മറ്റുള്ളവരുമായി കരാറിലേർപ്പെടുന്നത് പതിവായിരുന്നു. കുറച്ചു കൂടി ശക്തിയും ശ്രദ്ധയും ഉള്ള മറ്റൊരു കൂട്ടത്തെ കിട്ടിയാൽ ഇത്തരം കരാറുകൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഉപേക്ഷിക്കുന്ന പതിവും അവർക്കുണ്ടായിരുന്നു. എന്നാൽ ഇത് അവരെ അറിയിക്കുവാനുള്ള മാന്യതയൊന്നും അവർ പുലർത്തുമായിരുന്നില്ലതാനും. അതിനാൽ ഏതൊക്കെ കരാറുകളും ഉടമ്പടികളുമാണ് നിലനിൽക്കുന്നത് എന്നത് ആർക്കും ഉറപ്പുണ്ടായിരുന്നില്ല. അത് അവർക്കിടയിലുള്ള പരസ്പര വിശ്വാസത്തെ നഷ്ടപ്പെടുത്തുമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതോടൊപ്പം ഇതിൽ ചതിയുമുണ്ട്. അതിനാൽ അങ്ങനെ ചെയ്യുന്നത് ഇസ്ലാം നിരോധിച്ചു. ഇതാണ് ഈ ആയത്തിന്റെ അവതരണ പശ്ചാതലം എന്ന് ഇമാം മുജാഹിദ്(റ) പറയുന്നു.
നമ്മുടെ ഇന്നത്തെ ചിന്താവിഷയം പക്ഷെ, അതല്ല. ഈ വിഷയം പറയുവാൻ വേണ്ടി അല്ലാഹു ഉപയോഗിച്ച ഉദാഹരണമാണ്. പ്രയാസപ്പെട്ട് നൂൽ നൂറ്റെടുത്തതിനു ശേഷം അത് പഴയപടി അഴിച്ചിടുന്നവളെ പോലെ ആകരുത് നിങ്ങൾ എന്നതാണ് ആ ഉദാഹരണം. അങ്ങനെ ചെയ്യുന്നത് വിഡ്ഡിത്തവും മൂഢത്തവുമൊക്കെയാണല്ലോ. പ്രസ്തുത ഉദാഹരണത്തിൽ ഒരു സ്ത്രീയെ സൂചിപ്പിക്കുന്നതിനാൽ ഉദാഹരണത്തിലെ വിഷയം പൊതുവാണെങ്കിലും സൂചന ഒരു പ്രത്യേക സ്ത്രീ ആയിരിക്കാം. അങ്ങനെ ഒരു സ്ത്രീ മക്കയിൽ അക്കാലത്ത് ഉണ്ടായിരുന്നു എന്ന് ചില വ്യാഖ്യാനങ്ങൾ പറയുന്നുണ്ട്. റീത്വ ബിൻതു അംറ് ബിൻ സഅദ് എന്നായിരുന്നു അവളുടെ പേര്. അവൾക്ക് ചില മാനസിക പ്രശ്നങ്ങൾ ഒക്കെയുണ്ടായിരുന്നു. ചിലർ അവൾക്ക് ഭ്രാന്തായിരുന്നു എന്ന് അനുമാനിക്കുമ്പോൾ മറ്റു ചിലർ അവൾക്ക് ശക്തമായ വസ് വാസ് (ഒ സി ഡി) ആണ് ഉണ്ടായിരുന്നത് എന്ന് പറയുന്നുണ്ട്. ഏതായാലും രാവിലെ മുതൽ അവളും വേലക്കാരികളും നൂൽ നൂറ്റെടുക്കും. ഉച്ച മുതൽ നൂറ്റതൊക്കെ അഴിച്ചിട്ട് പഴയ പടിയാക്കും. ഖുർആനിൽ വരെ സൂചിപ്പിക്കപ്പെടാൻ മാത്രം ഗുരുതരമായിരുന്നിരിക്കാം ഈ സംഭവം എന്ന് അനുബന്ധങ്ങൾ ഒക്കെ വായിക്കുമ്പോൾ നമുക്ക് തോന്നും. നമുക്ക് ഇതിന് നല്ലൊരു സമാന ചിത്രമാണ് നാറാണത്തു ഭ്രാന്തന്റേത്. വൈകുംവരെ ഉരുട്ടിക്കയറ്റുന്ന ഭീമൻ കല്ലുകൾ താഴേക്ക് തന്നെ ഉരുട്ടി വിട്ടിരുന്ന ആ ഐതിഹ്യമില്ലാത്ത മലയാളി മനസ്റ്റുകൾ കുറവായിരിക്കും. ഏതായാലും ഖുർആനിൽ ഇത് പറഞ്ഞതും ഇവിടെ നാം പറയുന്നതും ഒരേ ആശയമാണ്. കഷ്ടപ്പെട്ട് നേടിയത് വെറുതെ നഷ്ടപ്പെടുത്തരുത് എന്ന ആശയം. അതിപ്പോൾ പറയുന്നത് പരിശുദ്ധ റമളാൻ നേടിത്തന്ന ജീവിത വിശുദ്ധിയും സുഗന്ധവും കളഞ്ഞുകളിക്കരുതെന്ന സന്ദേശം നൽകുവാനാണ്.
അക്കാലത്ത് ആ സ്ത്രീ വളരെ കഷ്ടപ്പെട്ടായിരിക്കും നൂൽ നൂറ്റെടുത്തിരിക്കുക. ഒരു താൽപര്യം എന്നതല്ലാത്ത ഒരു തരം സാങ്കേതിക വിദ്യയും അക്കാലത്തുണ്ടായിരിക്കില്ല. അങ്ങനെ നൂറ്റെടുത്തത് അഴിച്ചിടുക എന്നത് അതിനാൽ തന്നെ എടുത്ത് പറയേണ്ട ഒരു വിരോധാഭാസം തന്നെയാണ്. അപ്രകാരം തന്നെയാണ് ഏതാണ്ട് ഒരു മാസം നോമ്പെടുക്കുന്നവനും. അവൻ പ്രതികൂലമായ കാലാവസ്ഥ, ദാഹവും വിശപ്പും, കടുത്തതും മനം മടുപ്പിക്കുന്നതുമായ നിയന്ത്രണങ്ങൾ, രാത്രി അനുഭവിക്കുന്ന ഭാരങ്ങൾ, വിരസതയുണ്ടാക്കുന്ന ഉപദേശങ്ങൾ.. മുതലായവ സഹിച്ചാണ് നോമ്പെടുക്കുന്നത്. നോമ്പുകാലം ജീവിതത്തെ മുച്ചൂടും ഗ്രസിക്കുന്നുണ്ടല്ലോ. ഇനി, നോമ്പിനോട് ശരിക്കും ആത്മീയ ഇഷ്ടം തോന്നുന്നുണ്ടെങ്കിൽ പോലും അതിന്റെ പേരിൽ ഒരു സഹനം അവൻ കടിച്ചിറക്കുന്നുണ്ടാവാതിരിക്കില്ല. പക്ഷെ, പ്രയാസം അനുഭവപ്പെട്ടാലും ഇല്ലെങ്കിലും നോമ്പുകാലത്ത് മതപരമായും ഭൗതികമായും കുറേ മാറ്റങ്ങൾ ഓരോ നോമ്പുകാരനും നേടുന്നുണ്ട്. പ്രധാനമായി, അവന്റെ ജീവിതത്തിന് സുഖമുള്ള ഒരു അടുക്കും ചിട്ടയും കൈവരുന്നു. ആരാധനകളൊക്കെയും അതിന്റെ കൃത്യതകൾ പുലർത്തുന്നു. ഭക്ഷണത്തിൽ നിയന്ത്രണം കൈവരുന്നു. മനസ്സിൽ സഹജീവികളോടും പതിതരോടും ആർദ്രത വളരുന്നു. ചിന്തയും ബുദ്ധിയും വികസിക്കുന്നു. ഇങ്ങനെ കുറേ നല്ല നേട്ടങ്ങൾ. ഇവയിൽ പലതും പുതിയ ശീലങ്ങളാണ്. റംസാനിലും അല്ലാത്ത കാലത്തും പുലർത്തേണ്ട നല്ല ശീലങ്ങൾ. ഇതൊക്കെ മുപ്പത് ദിവസത്തിന്റെ നൈരന്തര്യം കൊണ്ട് ഒരാൾ നേടിയെടുത്തിട്ട് ഒരു പെരുന്നാളിന്റെ പൊലിവിൽ അതിനെയൊക്കെയങ്ങ് ഹോമിച്ചു കളയുക എന്നാൽ അതിനെ കുറിച്ച് ധാർഷ്ട്യം എന്നോ വിഢിത്തം എന്നോ ദൗർഭാഗ്യം എന്നോ എന്താണ് പറയുക എന്നറിയില്ല.
താളം തെറ്റിയതെല്ലാം വീണ്ടും താളത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സഹായിക്കുക എന്നതാണ് വിശ്വാസികൾക്ക് റമളാൻ പ്രദാനം ചെയ്യുന്ന പ്രധാന ദാനം. പതിനൊന്നു മാസം നീളുന്ന ജീവിത യാത്രയിൽ താളം തെറ്റിപ്പോയ ആത്മീയവും മാനസികവും ശാരീരികവും സ്വഭാവപരവുമായ എല്ലാ വീഴ്ചകളും കുറവുകളും പരിഹരിക്കുകയും അവയിലെല്ലാമുള്ള ശരിയായ ജീവിത താളത്തിലേക്ക് തിരിച്ചെത്തിക്കുകയുമാണ് റമളാൻ ചെയ്യുന്നത്. അതിന് കഴിയാതെ പോവുകയും ലക്ഷ്യത്തിൽ പരാജയപ്പെടുകയും ചെയ്തവന് അവനനുഭവിച്ച പട്ടിണിക്കപ്പുറം ഒന്നും എവിടെയും ലഭിക്കാനില്ല. അതേ സമയം റമളാനിനെ ശരിയാംവിധം സ്വീകരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തവന് ഇനത്തിലും പരത്തിലും ലഭിക്കുന്ന നേട്ടങ്ങൾ എണ്ണമറ്റതാണ്. ജീവിതത്തെ ശക്തമായ മാറ്റത്തിന് വിധേയമാക്കാൻ കഴിയും വിധമാണ് റമളാൻ മാസം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. അതിലെ ഓരോ ആരാധനകൾക്കും അനുഷ്ഠാനങ്ങൾക്കും മനുഷ്യനെ ആഴത്തിൽ സ്വാധീനിക്കുവാനുള്ള കഴിവുണ്ട്. ഉദാഹരണമായി നോമ്പെടുക്കാം. നോമ്പിൽ മനുഷ്യൻ വിശപ്പിനും ദാഹത്തിനും തന്നെത്തന്നെ വിട്ടുകൊടുക്കുകയാണ്. കയ്യെത്താവുന്ന ദൂരത്തുള്ള ഒന്ന് നിശ്ചിത സമയം വേണ്ടെന്ന് വെക്കുമ്പോൾ അവനിൽ അത് ആദ്യം സ്വാധീനിക്കുക ചിന്തയിലാണ്. തിന്നാമെന്നിരുന്നിട്ടും തിന്നാത്തതും കുടിക്കാമെന്നിട്ടും കുടിക്കാത്തതും എന്തു കൊണ്ട് എന്ന ആലോചനയിൽ നിന്നത് തുടങ്ങുന്നു. ക്രമേണ അത് ലക്ഷ്യത്തിനുള്ള ഈ മാർഗ്ഗം എത്ര പ്രായോഗികമാണ് എന്നതിലേക്ക് വളരുന്നു. തുടർന്ന് സമാനമായ നിയമങ്ങളെ കുറിച്ച് പരിശോധിക്കാനുള്ള ഒരു ചിന്ത ഉടലെടുക്കുന്നു. ഇത്തരം നിയമങ്ങളിൽ നിന്ന് നിയമജ്ഞനിലേക്ക് എത്തുന്നതോടെ അവന്റെ ഉടമത്വവും തന്റെ അടിമത്വവും ബോധ്യമാകുന്നു. വ്രതം മനുഷ്യന്റെ ചിന്തകളുടെ വാതായനങ്ങൾ തുറന്നിടുന്നു എന്നും അവന്റെ ചിന്തകളെ അത് മൂർച്ചപ്പെടുത്തുന്നു എന്നുമെല്ലാമുള്ള ശാസ്ത്രീയ നിരീക്ഷണങ്ങളുടെ വിശദാംശം ഇവ്വിധമാണ്. കേവല പട്ടിണിയുടെ കാര്യമല്ല ഈ പറഞ്ഞത്. കേവല പട്ടിണിക്കാരന്റെ മുമ്പിൽ ചിന്താശക്തി അടയുകയും വൈകാരികത തുറക്കപ്പെടുകയുമാണ് ചെയ്യുക. അവന്റെ അന്നം മുട്ടിച്ച കാര്യങ്ങളോടുളള വിരോധം തിളച്ചുമറയുകയായിരിക്കും അവന്റെ ഉള്ളിൽ. ആരാധനാത്മകമായി ഉണ്ടാവുന്ന, ഉണ്ടാക്കുന്ന പട്ടിണി അങ്ങനെയല്ല.
ഈ വിചാര ശക്തി ഉപയോഗപ്പെടുത്തി ആരാധനാ കർമങ്ങളിൽ വിശ്വാസി വ്യാപൃതനാവുമ്പോൾ ആ ഇഛാശക്തിയുടെ സ്വാധീനം ഈ കർമ്മങ്ങളിലേക്ക് കൂടി പടരുന്നു. ഉദാഹരണമായി റമദാനിൽ വിശ്വാസികൾ കൃത്യമായി ജമാഅത്തുകളിൽ പങ്കെടുക്കുന്നു. സുന്നത്തു നിസ്കാരങ്ങൾ പതിവാക്കുന്നു. രാനിസ്കാരം പതിവാക്കുന്നു. ഖുർആൻ പാരായണം ശീലമാക്കുന്നു. ദാനധർമ്മങ്ങൾ ചെയ്യുന്നു. ഇവയെ നോമ്പിനെ സമീപിക്കുന്ന അതേ മനസ്ഥിതിയിൽ സമീപിക്കുകയാണ് എങ്കിൽ ഇതെല്ലാം വിശ്വാസിയുടെ ജീവിതത്തിന്റെ താളമായി മാറുക തന്നെ ചെയ്യും. അതോടെ ജീവിതം തന്നെ മാറ്റത്തിനു വിധേയമാകും. ഇത് കർമ്മങ്ങളുടെ സ്വാധീനം. ഇനിയുമുണ്ട് അതിന്റെ വലിയ ഒരു ആശയ ലോകം. അതാവട്ടെ, ഈ പറഞ്ഞതിനേക്കാൾ മനുഷ്യജിവിത സ്പർശിയായ സ്വാധീനങ്ങൾ ചെലുത്തുന്നവയാണ്. നോമ്പിന്റെ അടിസ്ഥാന ലക്ഷ്യം അല്ലാഹു തന്നെ പറഞ്ഞതു പോലെ മനുഷ്യനിൽ തഖ്‌വ ഉണ്ടാക്കിയെടുക്കലാണല്ലോ. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലും സൂക്ഷ്മതയുണ്ടാക്കി എടുക്കലാണ് തഖ്‌വാ. അതിനായി വാക്ക്, പ്രവൃത്തി, സ്വഭാവം, സമീപനം, ജീവിത ചിട്ടകൾ തുടങ്ങിയവയിലെല്ലാം നോമ്പ് സ്വാധീനം പുലർത്തിയിട്ടുണ്ടാകും. ഈ സ്വാധീനങ്ങളെല്ലാം മറക്കുന്നതും കയ്യൊഴിക്കുന്നതും വിഢിത്തം മാത്രമല്ല, സങ്കടകരം കൂടിയാണ്.
നബി(സ)ക്ക് ഏറെ താൽപര്യം പതിവായി ചെയ്യുന്ന കർമ്മങ്ങളോടായിരുന്നു. പതിവായി രാത്രിയിൽ ചെയ്യാറുളള ഏതെങ്കിലും ആരാധനാ കർമ്മം യാത്ര മൂലമോ മറ്റോ നഷ്ടപ്പെട്ടാൽ നബി അത് മറ്റൊരു സമയത്ത് വീണ്ടെടുക്കമായിരുന്നത് അത് കൊണ്ടാണ്. രാത്രി സുന്നത്തു നിസ്കാരം പതിവാക്കുകയും പിന്നെ അതൊഴിവാക്കുകയും ചെയ്തതിന്റെ പേരിൽ ഒരാളെ നബി തിരുമേനി ഗുണദോഷിക്കുന്നതും കാണാം. അല്ലെങ്കിലും റംസാനിൽ നേടിയ പൊതു നേട്ടങ്ങൾ അത് കഴിഞ്ഞതോടെ കയ്യൊഴിക്കുക എന്നത് ഇതൊക്കെ ചെയ്യാൻ കൽപ്പിച്ച സൃഷ്ടാവിനോടുള്ള ഒരു നിന്ദയാണ്. അങ്ങനെ ചെയ്യുന്നവർ ഒരു മാസം അവന്റെ താൽപര്യത്തിന് വിധേയപ്പെട്ടതിനു ശേഷം പിന്നെ അതുപേക്ഷിച്ച് സ്വന്തം താൽപര്യത്തിലേക്ക് മാറുകയാണ്. അപ്പോൾ രൂപപ്പെടുന്ന ഒന്ന് റബ്ബിനും പതിനൊന്ന് തനിക്കും എന്ന അനുപാതം അവജ്ഞ്ഞയും പരിഹാസവുമാണ്.
o
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso