Thoughts & Arts
Image

അമാനുഷികതയുടെ കപ്പൽ

12-05-2023

Web Design

15 Comments






നൂഹ് നബിയുടെ പിതാവ് ലാമക് എന്നവരാണ്. ആദം നബിയുടെ വഫാത്തിന് ശേഷം 126 വര്‍ഷം കഴിഞ്ഞാണ് നൂഹ് നബിയുടെ ജനനം എന്നാണ് ചരിത്രത്തിന്റെ നിഗമനം. ബിംബങ്ങളെയും പ്രകൃതി ശക്തികളെയും ആരാധിച്ചിരുന്ന സമൂഹത്തിലേക്കായിരുന്നു പ്രവാചക നിയോഗം. ആധുനിക ചരിത്രം ഈ ഘട്ടത്തെ സുമേരിയൻ ഘട്ടമെന്നാണ് വിളിക്കുന്നത്. നിയന്ത്രിക്കാനും ഉപദേശിക്കാനും ആളില്ലാത്തതിനാലും ഇനി വല്ല ഉപദേശവും ഉണ്ടെങ്കിൽ അതിനേക്കാൾ വലിയ വികാരങ്ങൾ സ്വന്തം ശരീരം പകരുന്നതിനാലും ആ ജനതയ്ക്ക് ശരിയുടെ വഴിയിൽ തുടരുവാൻ ആയില്ല. ആ ജനത തികഞ്ഞ അക്രമത്തിലും വഴികേടിലുമായിരുന്നു. നൂഹ് നബിയുടെ മുമ്പ് പ്രപഞ്ചത്തിൽ അധിവസിച്ചിരുന്നത് ആദം നബിയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയോ പേരക്കിടങ്ങളുടെയോ തദ്വാരാ ഉള്ള സ്വന്തങ്ങളുടെയോ മാത്രം ഒരു ജനതയായിരുന്നിരിക്കണം. ക്രമേണ ആ ജനത വളർന്നു വലുതാവുകയും പിതാക്കന്മാരെയോ പൂർവ്വപിതാക്കന്മാരെയോ കാര്യമായി അനുസരിക്കാതെ സ്വന്തം ജീവിതങ്ങളിലേക്ക് മാത്രം തിരിഞ്ഞിരിക്കുന്നവരായി മാറുകയും ചെയ്തു. ചരിത്രമനുസരിച്ച്, നൂഹ് നബി (അ) ജീവിച്ചിരുന്നത് ശിലാവിഗ്രഹാരാധകരും ദുഷ്ടരും അഴിമതിയും നിറഞ്ഞ ഒരു സമൂഹത്തിലായിരുന്നു. വദ്ദ്, സുവാഅ്, യഗുത്ത്, യൗഖ്, നസ്ർ എന്നീ വിഗ്രഹങ്ങളെയാണ് അക്കാലത്ത് ആളുകൾ ആരാധിച്ചിരുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് അല്ലാഹു റസൂലുകളെ അയക്കുവാൻ നിശ്ചയിക്കുന്നത്. അതുവരെ ഉണ്ടായിരുന്നത് നബിമാർ മാത്രമായിരുന്നു. ജനങ്ങൾക്കിടയിൽ ദൈവീക ബോധം ആധാരമാക്കി ജീവിക്കുകയും മാതൃകയാവുകയും ചെയ്യുക മാത്രമാണ് നബിമാരുടെ ചുമതല. മറ്റുള്ളവരെ സത്യത്തിലേക്ക് ക്ഷണിക്കുവാനോ മറ്റോ അവർക്ക് ഉത്തരവാദിത്വം ഇല്ല. എന്നാൽ റസൂലുകൾ അങ്ങനെയല്ല. ജനങ്ങളെ സത്യത്തിലേക്ക് എന്തു വിലകൊടുത്തും ക്ഷണിക്കുവാനുള്ള ബാധ്യത അവർക്കുണ്ട്. അത്തരത്തിൽ നിയോഗിക്കപ്പെട്ട ആദ്യ റസൂലാണ് നൂഹ് നബി(അ). (അല്‍ ബിദായത്തുന്നിഹായ)



അദ്ദേഹം റസൂലായി നിയോഗിക്കപ്പെട്ട കാലയളവിനെ കുറിച്ച് പണ്ഡിതരില്‍ അഭിപ്രായ ഭിന്നതയുണ്ട്. അമ്പതാം വയസ്സിലാണെന്നും മുപ്പത്തഞ്ചാം വയസ്സിലാണെന്നും എണ്‍പതാം വയസ്സിലാണെന്നും എഴുപതാം വയസ്സിലാണെന്നും അഭിപ്രായ ഭിന്നതയുണ്ട്. അല്ലാഹു നൂഹ് നബിയുടെ കഥയും അദ്ദേഹത്തെ നിഷേധിച്ച സമൂഹത്തിനെ പ്രളയം കൊണ്ട് ശിക്ഷിച്ചതും ഖുര്‍ആന്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അഅ്റാഫ് 59-64, യൂനുസ് 71-73, അമ്പിയാഅ് 76-77, മുഅ്മിനൂന്‍ 23-30, ശഅ്റാഅ് 105-122, അന്‍കബൂത്ത് 14-15, ഖമര്‍ 9-17, തുടങ്ങിയവ ഉദാഹരണം. ഭൂമിയില്‍ വിദ്വംസ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാവുകയും മനുഷ്യരില്‍ ബിംബാരാധന നിവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിക്കാനും ബഹുദൈവാരാധനയെ വിരോധിക്കാനുമായിരുന്നു നൂഹ് നബിയെ അല്ലാഹു അയച്ചത്. ജനങ്ങളെ രാവും പകലും രഹസ്യമായും പരസ്യമായും ചിലപ്പോള്‍ വാത്സല്യത്തോടെയും മറ്റു ചിലപ്പോള്‍ ദൈവശിക്ഷയെക്കുറിച്ച് ഭയപ്പെടുത്തിയും സത്യത്തിലേക്ക് ആളുകളെ അദ്ദേഹം ക്ഷണിച്ചു. ഭൂരിഭാഗം ജനതയും ബിംബാരാധനയിലും വഴികേടിലും ഉറച്ചുനിന്നു. അവര്‍ ശത്രുതാ മനോഭാവത്തോടെ നൂഹ് നബിയെയും വിശ്വാസികളെയും ഭീഷണിപ്പെടുത്തി. വര്‍ഷങ്ങളോളം അദ്ദേഹം പ്രബോധനം നടത്തിയെങ്കിലും വിശ്വസിച്ചവര്‍ തുഛമായിരുന്നു. കിണഞ്ഞു പരിശ്രമിച്ചിട്ടും തന്‍റെ സമൂഹത്തിന്‍റെ വഴികേടില്‍ നിരാശ പൂണ്ട നൂഹ് നബി അവര്‍ക്കെതിരെ കോപിഷ്ഠനായി അല്ലാഹുവിനോട് ദുആയിരുന്നു. അല്ലാഹു നൂഹ് നബിയുടെ പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കി.



നൂഹ് നബിയോട് ഒരു വലിയ കപ്പല്‍ നിര്‍മ്മിക്കാന്‍ അല്ലാഹു കല്‍പിച്ചു. അതായിരുന്നു ഉത്തരം. അതിന് സമാനമായൊന്ന് മുമ്പോ അതിന് ശേഷമോ സമാനമായി ഒന്ന് ഉണ്ടായിട്ടില്ലാത്ത വിധമുള്ള കപ്പൽ. അതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത് തേക്ക് മരമാണെന്ന് അറേബ്യൻ ഐതിഹ്യങ്ങളിലും ദേവതാരു മരമാണെന്ന് ബൈബിളിലും പറയുന്നുണ്ട്. കപ്പല്‍ മുന്നൂറ്റി അറുപത് മുഴം വീതിയുള്ളത് ആക്കാനും കപ്പലിന്‍റെ അകവും പുറവും ടാര്‍ കൊണ്ട് ഓട്ടയടക്കാനും കപ്പലണിയം വെള്ളത്തെ കീറിമുറിച്ച് പോകുന്ന തരത്തില്‍ ത്രികോണാകൃതിയിൽ നിര്‍മ്മിക്കാനും നൂഹ് നബിയോട് കല്‍പിക്കപ്പെട്ടു എന്ന് സുഫ്യാനുസ്സൗരി പറയുന്നുണ്ട്. കപ്പലിന് മൂന്ന് അറകളുണ്ടായിരുന്നു. ഏറ്റവും അടിയിലെ അറ ഇഴജന്തുക്കള്‍ക്കും കാട്ടുമൂഗങ്ങള്‍ക്കും മദ്ധ്യ അറ മനുഷ്യര്‍ക്കും മുകള്‍ നില പക്ഷികള്‍ക്കുമായിരുന്നു. കപ്പലിന്‍റെ വീതിയിലായിരുന്നു (വയർ ഭാഗത്ത്) കവാടം. കപ്പലിന് ഒരു വാതിലുണ്ടായിരുന്നു. കപ്പലില്‍ മൃഗങ്ങളില്‍ നിന്ന് ഓരോ ജോഡികളെയും ജീവനുള്ള തിന്നപ്പെടുന്നതും അല്ലാത്തതുമായതിനെയും കയറ്റാന്‍ കല്‍പിക്കപ്പെട്ടു. അവകളുടെ പരമ്പര നിലനില്‍ക്കാനായിരുന്നു അത്. തന്‍റെ കുടുംബത്തില്‍ നിന്ന് വിശ്വസിച്ചവരെയും അല്ലാഹുവിന്‍റെ കല്‍പന പ്രകാരം കപ്പലില്‍ കയറ്റി. കപ്പലില്‍ മനുഷ്യരില്‍ നിന്ന് സ്ത്രീകളടക്കം എണ്‍പത് പേരുണ്ടായിരുന്നുവെന്നാണ് ഇബ്നു അബ്ബാസ്(റ)വിന്‍റെ അഭിപ്രായം. മക്കളില്‍ നിന്ന് വിശ്വസിച്ച ഹാം, സാം, യാഫിസ്, യാം എന്നിവര്‍ കപ്പലിലുണ്ടായിരുന്നു. അവിശ്വാസികളായ ഭാര്യ ആബിറും മകന്‍ കന്‍ആനും മുങ്ങി മൃതിയടഞ്ഞു. വെള്ളം ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതത്തോളം ഉയര്‍ന്നു. ഭൂമുഖത്ത് ജീവനുള്ള ഒരു വസ്തുവും അവശേഷിച്ചില്ല.



മഴ നില്‍ക്കുകയും വെള്ളം വറ്റുകയും അല്ലാഹു ശിക്ഷിക്കേണ്ടവരെ ശിക്ഷിക്കുകയും രക്ഷപ്പെടുത്തേണ്ടവരെ രക്ഷപ്പെടുത്തുകയും ചെയ്തു. അല്ലാഹു ശിക്ഷ വിധിച്ചവരൊക്കെ മുങ്ങിമരിച്ചു. അല്ലാഹുവും അവന്‍റെ വിശ്വാസികളായ അടിമകളും മാത്രമായി അവശേഷിച്ചപ്പോള്‍ അല്ലാഹു പറഞ്ഞു: ഭൂമീ, നിന്‍റെ വെള്ളം നീ വിഴുങ്ങുക, ആകാശമേ, മഴ നിറുത്തുക. കല്‍പ്പിക്കപ്പെട്ടപ്പോള്‍ കല്‍പ്പന നിറവേറ്റപ്പെടുകയും കപ്പല്‍ ജൂതി പര്‍വ്വതത്തിനു മേല്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. (ഹൂദ്: 44) ഇബ്നു അബ്ബാസ് (റ) പറയുന്നു: കപ്പല്‍ ജൂതി പര്‍വ്വതത്തില്‍ അടിഞ്ഞപ്പോള്‍ നൂഹ് നബി (അ) ഭൂമിയിലെ സ്ഥിതിഗതികള്‍ അറിയാന്‍ വേണ്ടി ഒരു കാക്കയെ അയച്ചു. കാക്ക വരാന്‍ വൈകിയപ്പോള്‍ പ്രാവിനെ വിവരങ്ങളറിയാന്‍ അയക്കുകയും കൊക്കില്‍ ഒലിവിലയും കാലില്‍ ചെളിയുമായി വരികയും ചെയ്തു. ഇതിൽ നിന്ന് നൂഹ് നബി വെള്ളം വറ്റിയെന്ന് മനസ്ലിലാക്കുകയും ഭൂമിയിലേക്ക് ഇറങ്ങുകയും ചെയ്തു. ഈ സംഭവം വിവരിക്കുന്ന സൂറത്തുൽ ഖമറിലെ അല്ലാഹുവിന്റെ പ്രയോഗം ശ്രദ്ധേയമാണ്. അല്ലാഹു പറയുന്നു: തീര്‍ച്ചയായും ആ സംഭവം ഒരു അടയാളമാക്കി നാം നിലനിര്‍ത്തിയിട്ടുണ്ട്‌. ചിന്തിക്കാന്‍ ആരെങ്കിലും തയ്യാറുണ്ടോ? (ഖുര്‍ആന്‍ 54:13-16). ചിന്തിക്കുന്നവര്‍ക്കു വേണ്ടി ആ സംഭവം അടയാളമാക്കി നിലനിര്‍ത്തിയിട്ടുണ്ടെന്ന്‌ അല്ലാഹു ഖുര്‍ആനില്‍ പറയുന്നു. അടയാളമാക്കി എന്നു പറയുമ്പോൾ ഈ മഹാ സംഭവത്തെ കുറിച്ചുള്ള അടയാളം ലോകത്തിനു വേണ്ടി എന്നെന്നേക്കുമായി അവശേഷിപ്പിക്കും എന്നാണ് അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. ഇതിലേക്ക് ചേർത്തു വായിക്കേണ്ട ഒരു വാർത്തയാണ് കിഴക്കന്‍ തുര്‍ക്കിയിലെ മഞ്ഞുമൂടിയ മലനിരകളില്‍നിന്ന്‌ ഈ കപ്പലിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോള്‍ കണ്ടെടുത്തു എന്ന വാർത്ത.



ഗവേഷകരുടെ അഭി(പായമനുസരിച്ച് 3000-5000 വര്‍ഷം പഴക്കമുണ്ട് എന്നു കരുതപ്പെടുന്ന ഈ കപ്പല്‍ തുര്‍ക്കിയിലെ ഒരു പര്‍വ്വതത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പർവ്വതം ജൂതീ ആണെന്ന് ഖുർആനും അരാറാത്ത് ആണെന്ന് ബൈബിളും പറയുന്നു.
അത്രയും അധികം ഉയരത്തിലുളള പര്‍വ്വതത്തില്‍ ഈ കപ്പല്‍ കൊണ്ട് പോകാനുള്ള സൗകര്യമൊന്നും അക്കാലത്ത് ചിന്തിക്കുന്നതിനുമപ്പുറമാണ്.
ഒരു വലിയ പ്രളയത്തില്‍ പര്‍വ്വതത്തോളം ഉയര്‍ന്ന് പൊന്തിയ വെള്ളത്തിലൂടെ ആ പര്‍വ്വതത്തില്‍ വന്നു പെട്ടതാണെന്ന് നിസംശയം ഇന്നുള്ളവര്‍ക്ക് നിസാരമായി ചിന്തിച്ചാല്‍ അറിയാം.



ഈ വാർത്ത ഒരു മലയാളം പ്രസിദ്ധീകരണം ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു. ഏഴു വര്‍ഷം മുന്‍പ് തുര്‍ക്കിയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ളൊരു ഇവാഞ്ചലിക്കല്‍ ഗവേഷകസംഘം നിര്‍ണായകമായൊരു കണ്ടെത്തല്‍ നടത്തിയിരുന്നു. നോഹയുടെ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ അവര്‍ കണ്ടെത്തിയെന്നായിരുന്നു. അറാറത്തില്‍ 13,000 അടി ഉയരത്തിലായിരുന്നു പേടകത്തിന്റേതിനു സമാനമായ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മരം കൊണ്ടു തയാറാക്കിയ കപ്പലിനു സമാനമായ രൂപത്തിന്റെ അവശിഷ്ടങ്ങളാണ് അതെന്നായിരുന്നു ഗവേഷകരുടെ അവകാശവാദം. അത്രയും ഉയരത്തില്‍ എങ്ങനെ കപ്പല്‍ എത്തി എന്നായിരുന്നു അതോടെ സംശയമുയര്‍ന്നത്. തുടര്‍ന്ന് കാര്‍ബണ്‍ ഡേറ്റിങ് പരിശോധന നടത്തി.
4800ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ആ അവശിഷ്ടങ്ങളെന്നായിരുന്നു കണ്ടെത്തല്‍. അങ്ങനെയാണ് അതു നോഹയുടെ പേടകം തന്നെയാണെന്ന് പര്യവേക്ഷകസംഘം ഉറപ്പിച്ചത്. എന്നാല്‍ ശാസ്ത്രജ്ഞര്‍ ആ അവകാശവാദത്തെ യാതൊരു ദാക്ഷിണ്യവുമില്ലാതെ തള്ളിക്കളയുകയാണു ചെയ്തത്. ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനായ നിക്കോളാസ് പഴ്‌സല്‍ അതിനുള്ള കാരണവും വ്യക്തമാക്കി. ആ വാദം ഇങ്ങനെ: നോഹയുടെ പേടകത്തെ തുര്‍ക്കിയിലെ ഏറ്റവും വലിയ പര്‍വതത്തിനു മുകളിലെത്തിക്കണമെങ്കില്‍ യൂറേഷ്യയെ 12,000 അടി മൂടുന്ന വിധത്തില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നിരിക്കണം. എന്നാല്‍ ആ വെള്ളപ്പൊക്കം ഉണ്ടായിരുന്നെങ്കില്‍ പിന്നെങ്ങനെയാണ് ഈജിപ്ഷ്യന്‍, മെസപ്പൊട്ടോമിയന്‍ സംസ്‌കാരങ്ങളെല്ലാം യാതൊരു പ്രശ്‌നവുമില്ലാതെ നിലനിന്നതെന്നാണു ചോദ്യം. മറ്റൊരു ചോദ്യം മുന്നോട്ടു വച്ചത് ബ്രിട്ടിഷ് ആര്‍ക്കിയോളജിസ്റ്റായ മൈക്ക് പിറ്റ് ആണ്. ഇത്രയും ഭീകരമായ വെള്ളപ്പൊക്കം 4800 വര്‍ഷം മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും അതിന്റേതായ ഭൂമിശാസ്ത്രപരമായ മാറ്റങ്ങളുണ്ടാകേണ്ടതാണ്. എന്നാല്‍ ഇന്നേവരെ അത്തരമൊരു മാറ്റം എവിടെ നിന്നും കണ്ടെത്താനായിട്ടില്ല. പഴയ പര്യവേഷണം തകര്‍ന്നയിടത്തു നിന്നായിരുന്നു പുതിയ കലിഫോര്‍ണിയന്‍ സംഘത്തിന്റെ ഗവേഷണം. പ്രളയത്തിന്റേതായ ലക്ഷണങ്ങള്‍ അറാറാത്ത് മലനിരകളിലുണ്ടോ എന്നാണ് സംഘം പ്രധാനമായും അന്വേഷിച്ചത്. എന്നാല്‍ നിര്‍ണായകമായ കണ്ടെത്തല്‍ തങ്ങള്‍ നടത്തിയെന്നാണ് ഗവേഷകരിപ്പോള്‍ പറയുന്നത്.



ലോകമെമ്പാടുമുള്ള നൂറോളം ഗവേഷകരാണ് നോഹയുടെ പേടകം സംബന്ധിച്ച സിംപോസിയത്തില്‍ പങ്കെടുക്കാനായി അറാറത്തിലെത്തിയത്. പേടകം എവിടെയാണുറച്ചിരിക്കുന്നതെന്ന് കണ്ടെത്തുക മാത്രമല്ല ഇവരുടെ ലക്ഷ്യം. പ്രളയത്തെത്തുടര്‍ന്ന് പര്‍വതത്തില്‍ ഭൂമിശാസ്ത്രപരമായ എന്തെങ്കിലും മാറ്റങ്ങളുണ്ടായിട്ടുണ്ടോ എന്നുകൂടിയാണ്. ജിയോസയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിനാണ് ഗവേഷണച്ചുമതല. ദൈവം സൃഷ്ടിച്ചതെന്നു കരുതുന്ന വെള്ളപ്പൊക്കം പ്രകൃതിയിലുണ്ടാക്കിയ മാറ്റങ്ങള്‍ കണ്ടെത്തുകയെന്നതാണ് ഗവേഷണത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഇന്‍സ്റ്റിറ്റിയൂട്ട് പ്രഫസര്‍ റോള്‍ എസ്പരാന്റെ പറയുന്നു. (2017 ഡിസം. 28 - മനോരമ ഓൺലൈൻ)



അതിനു പുറമെ ഈ സംഭവത്തിലെ മറ്റൊരു ചിന്താവിഷയമാണ് ഇക്കാര്യം ആയിരത്തി നാന്നുറ് വർഷങ്ങൾക്കു മുമ്പ് വിശുദ്ധ ഖുർആൻ പറഞ്ഞു എന്നത്. ഈ ചരിത്രം ഇത്ര കണിശമായും സൂക്ഷ്മമായും അറിയാനുള്ള ഒരു വിദ്യാഭ്യാസ മാനദണ്ഡങ്ങളും അന്നുണ്ടായിരുന്നില്ല. അക്കാര്യം ഖുർആൻ തന്നെ ഇങ്ങനെ പറയുന്നു: (നബിയേ,) അവയൊക്കെ അദൃശ്യവാര്‍ത്തകളില്‍ പെട്ടതാകുന്നു. നിങ്ങൾക്ക് നാം അത് സന്ദേശമായി നല്‍കുന്നു. താങ്കളോ, താങ്കളുടെ ജനതയോ ഇതിനു മുമ്പ് അതറിയുമായിരുന്നില്ല. അതുകൊണ്ട് ക്ഷമിക്കുക. തീര്‍ച്ചയായും അനന്തരഫലം സൂക്ഷ്മത പാലിക്കുന്നവര്‍ക്ക് അനുകൂലമായിരിക്കും. (11:49). അതോടെ ഈ സംഭവം വിശുദ്ധ ഖുർആനിന്റെ അമാനുഷികത വിളിച്ചു പറയുന്ന മറ്റൊരു വിളംബരമായി.


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso