വെള്ളം നിറച്ച പഞ്ഞിമലകൾ
12-05-2023
Web Design
15 Comments
പ്രപഞ്ചത്തെയും മനുഷ്യനെയും പരസ്പരം ഘടിപ്പിക്കുക എന്നത് വിശുദ്ധ ഖുർആനിന്റെ ഒരു പ്രധാന ദൗത്യമാണ്. അതിന്നു വേണ്ടിയാണ് ധാരാളം പ്രാപഞ്ചിക പ്രതിഭാസങ്ങൾ ഖുർആനിൽ പരാമർശിക്കപ്പെടുന്നത്. അതു വഴി അവനെ സൃഷ്ടാവുമായി ബന്ധിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അതിനാൽ അത് തികച്ചും ബൗദ്ധികമാണ്. അഥവാ തന്റെ മുമ്പിൽ നിറഞ്ഞു കിടക്കുന്ന പ്രപഞ്ചത്തിലെ അത്ഭുതങ്ങളെ ഖുർആൻ അനാവരണം ചെയ്യുകയും അതിനെ കുറിച്ച് ആലോചിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇവ്വിധം അവന് ആലോചനയിലൂടെ അല്ലാഹുവിലേക്ക് എത്തിച്ചേരുവാൻ വേണ്ട വഴി ഖുർആൻ ഉറക്കുന്നു. ഇത്തരം പ്രാപഞ്ചിക പാഠങ്ങളിൽ ഒന്നാണ് മേഘങ്ങൾ. അല്ലാഹു പറയുന്നു: അല്ലാഹു കാര്‍മേഘത്തെ (മന്ദം മന്ദം) ചലിപ്പിക്കുന്നതും പിന്നീടവയെ ഒരുമിച്ചു ചേര്‍ക്കുന്നതും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുന്നതും നീ കണ്ടില്ലേ? അങ്ങനെ അവയ്ക്കിടയില്‍ നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്ക് കാണാം. മാനത്തെ മലകള്‍പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്‌ത്തുകയും, എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവയുടെ ആപത്തണയ്ക്കുകയും, താന്‍ ഉദേശിക്കുന്നവരില്‍നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ പ്രകാശം കാഴ്ച്ചകളെ ഇല്ലാതാക്കാന്‍ പോന്നതാണ്. (24: 43) എങ്ങനെയാണ് മേഘങ്ങൾ രൂപപ്പെടുന്നത് എന്നതാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. അതോടെ മേഘം എന്ന അധ്യായം കാറ്റുമായി ബന്ധിക്കുന്നു. ഒന്നിനെ മറ്റൊന്നുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള ഈ ചിന്താചക്ര രൂപീകരണം വിശുദ്ധ ഖുർആനിന്റെ ഒരു രീതിയാണ്. അങ്ങനെ ബന്ധിപ്പിക്കുക വഴി പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു ഘടകം മാത്രമല്ല, അണ്ഡകടാഹം മുഴുവനും അല്ലാഹുവിലേക്ക് വിരൽ ചൂണ്ടുന്ന ആയത്തുകളായി മാറുന്നു.
മെല്ലെ മെല്ലെ കടന്നു വരുന്ന കാറ്റുകള്‍ മേഘത്തെ ചലിപ്പിക്കുന്നു. എന്നിട്ട് അവനുദ്ദേശിക്കുന്ന രൂപത്തില്‍ ആ മേഘക്കഷണങ്ങളെ ആകാശത്ത് പരത്തുന്നു. എന്നിട്ട് അവക്കിടയില്‍നിന്ന് മഴത്തുള്ളികള്‍ പുറത്തുവരുന്നു (വി.ഖു. 30:48). മഴയുടെ രൂപവത്കരണത്തില്‍ കാറ്റിനുള്ള പങ്ക് സുവിദിതമാണ്. കാറ്റില്ലെങ്കില്‍ മഴയില്ലെന്ന് തീര്‍ച്ച. ഒരര്‍ഥത്തില്‍ കാറ്റ് മഴയുടെ മുന്നോടിയാണ്. മഴ വരുന്നു എന്ന സന്തോഷവാര്‍ത്തയുമായിട്ടാണ് കാറ്റടിക്കുന്നത്. മഴയെക്കുറിച്ചുള്ള സന്തോഷ സൂചകമായി കാറ്റിനെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ് എന്ന് ഖുർആനിൽ അല്ലാഹു പറയുന്നുണ്ട്. മറ്റു പല ദൗത്യങ്ങളും കാറ്റിനുണ്ട്. അല്ലാഹു പറയുന്നു: തന്റെ കാരുണ്യം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ വേണ്ടിയും കപ്പല്‍സഞ്ചാരത്തിന് വേണ്ടിയും തന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ ഉപജീവനം തേടാന്‍ വേണ്ടിയും നിങ്ങള്‍ നന്ദികാണിക്കാന്‍ വേണ്ടിയും കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാങ്ങളില്‍പെട്ടതാണ് (വി.ഖു. 30:46). മറ്റൊരു ദൗത്യം ഇങ്ങനെ വിവരിക്കുന്നു: പരാഗണം നടത്തുന്ന കാറ്റിനെ നാം അയക്കുന്നു. അങ്ങനെ ആകാശത്തുനിന്ന് മഴവര്‍ഷിപ്പിക്കുകയും നിങ്ങളെ കുടിപ്പിക്കുകയും ചെയ്യുന്നു. അതൊന്നും ശേഖരിച്ചുവെക്കുന്നത് നിങ്ങളല്ലല്ലോ! (വി.ഖു. 15:22). ചുരുക്കത്തിൽ ചിതറിക്കിടക്കുന്ന മേഘക്കീറുകളെ ഒരുമിച്ചു കൂട്ടുന്നത് കാറ്റാണ്.
കണ്ണു കൊണ്ടു കാണാവുന്നതും ഘനീഭവിച്ചതുമായ നീരാവിയോ മഞ്ഞുകണങ്ങളോ അടങ്ങിയ വായു പിണ്ഡങ്ങളാണ് മേഘങ്ങള്‍. മേഘങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയാണ് നെഫോളജി.
സമുദ്രോപരിതലത്തില്‍ നിരന്തരമായി അടിച്ചു വീശുന്ന കാറ്റിന്റെ ഫലമായി അതിസൂക്ഷ്മമായ ജലകണങ്ങള്‍ അന്തരീക്ഷത്തിലേക്കുയർന്നാണ് അത് രൂപപ്പെടുന്നത്. പൊടിപടലങ്ങളും ഉപ്പിന്റെ അംശവും വായുവും അടങ്ങിയ ഈ ചെറുകുമിളകള്‍ (aerosols)കാറ്റിന്റെ സഹായത്തോടെയാണ് അന്തരീക്ഷത്തിലേക്കുയരുന്നത്. ഒരു ജലകെണി(Water trap)യായി പ്രവര്‍ത്തിക്കുന്ന ഇവ ചുറ്റുമുള്ള ജലാംശം വലിച്ചെടുക്കുകയും ഘനം കൂടുകയും ചെയ്യുന്നു. ഇവയുടെ ഘനം വെറും 0.01 മില്ലി മുതല്‍ 0.04 വരെ മാത്രമായിരിക്കും. ശക്തമായ കാറ്റിന്റെ ഫലമായി ഉയര്‍ന്നുപൊങ്ങുന്ന ഈ ചെറുകണങ്ങള്‍ മറ്റു കണങ്ങളുമായി പരസ്പരം കൂടിച്ചേരുകയും അവ വലിയ കണങ്ങളായിത്തീരുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന തലങ്ങളില്‍ വെച്ച് ഇവ ഐസ് പരലുകളായി രൂപപ്പെടുന്നു. വീണ്ടും പരസ്പരം കൂടിച്ചേരുകയും വലിയ മേഘകണങ്ങളായിത്തീരുകയും ചെയ്യുന്നു. പരസ്പരം ചേർന്ന് വലുപ്പം വർദ്ധിക്കുന്നതോടെ ഭൂഗുരുത്വാകര്‍ഷണത്തിന് വിധേയമായി ഐസായോ ജലമായോ ഭൂമിയില്‍ ഇത് പതിക്കുന്നു. ഇതാണ് ആലിപ്പഴവും മഴയും. ഐസാണെങ്കിൽ അത് ആലിപ്പഴമെന്നും ജലമാണെങ്കിൽ മഴ എന്നും അതിലും ചെറിയ കണമാണെങ്കിൽ മഞ്ഞ് എന്നും പറയപ്പെടുന്നു. ഇത് മഴ മേഘങ്ങളുടെ രൂപീകരണമാണ്. ഈ ഇനത്തിൽ പെട്ടതല്ലാത്ത ഇനങ്ങളുമുണ്ട്. നാം അനുഭവിക്കുന്നതും നമ്മുടെ കാലത്തിന്റെ ശാസ്ത്രം കണ്ടെത്തിയതും വിശുദ്ധ ഖുർആൻ പറയുന്ന അതേ ക്രമം തന്നെയാണ് എന്നതാണ് നമ്മുടെ ചിന്താ വിഷയം. ശാസ്ത്രം ഇതപര്യന്തം കണ്ടെത്തിയിട്ടുളളത് പ്രധാനമായും മൂന്ന് ഘട്ടങ്ങളെയാണ് മഴമേഘങ്ങള്‍ തരണം ചെയ്യുന്നതെന്നാണ്. ഒന്ന്, ചെറിയ കഷ്ണങ്ങളായി രൂപം കൊണ്ട മേഘശകലങ്ങളെ കാറ്റ് മുന്നോട്ട്നീക്കി ഒരു സ്ഥലത്ത് അവയെ ഒരുമിച്ചുകൂട്ടുന്നു.
രണ്ട്, അങ്ങനെ കൊണ്ടുവന്ന മേഘങ്ങളെ പരസ്പരം സംയോജിപ്പിക്കുന്നു. മൂന്ന്, ഈ അവസ്ഥയില്‍ അവ ലംബമായി ഇളകിമറിഞ്ഞ് സഞ്ചരിക്കുന്നു. ഇവ കൂടുതല്‍ തണുത്ത സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിനനുസൃതമായി അല്ലെങ്കിൽ അവ തണുക്കുന്നതിനുസൃതമായി ജലതുള്ളികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവ ക്രമേണ പെരുകുകയും അതിനനുസരിച്ച് ഭാരം കൂടി വരികയും ക്രമേണ മഴയായോ ആലിപ്പഴമായോ താഴോട്ടൊഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇത് തന്നെയാണല്ലോ നേരത്തെ സൂചിപ്പിച്ച ഖുര്‍ആന്‍ വചനത്തില്‍ (24: 43) വിവരിക്കുന്ന കാര്യവും. അല്ലാഹു പറയുന്നു: അല്ലാഹു കാര്‍മേഘത്തെ പതുക്കെ തെളിക്കുകയും എന്നിട്ടതിന്റെ ഘടകങ്ങളെ കൂട്ടിയിണക്കുകയും പിന്നീടതിനെ കൂമ്പാരമാക്കുകയും ചെയ്യുന്നത് നീ കണ്ടില്ലേ?.
ആയത്തുകളിൽ പറയുന്ന മേഘങ്ങള്‍ രൂപം കൊള്ളുന്നതിന്റെ ക്രമവും, അതിന്റെ വിവരണവും ശ്രദ്ധിച്ചാല്‍ ആധുനിക ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതപ്പെട്ട വിവരണങ്ങളാണെന്ന് തോന്നുക സ്വാഭാവികമാണ്. എന്നാൽ പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിവരണമാണിത് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോഴാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഒരു സാധാരണ മനുഷ്യന്റെ കഴിവില്‍പ്പെട്ടതല്ലെന്നും ഖുര്‍ആന്‍ മനുഷ്യ നിര്‍മിതിയല്ലെന്നും നമുക്ക് ബോധ്യപ്പെടുക. അന്നത്തെ മനുഷ്യ അറിവിന് ഇത്ര ആഴമുള്ള ശാസ്ത്ര സത്യങ്ങളിലേക്ക് ഊളിയിടാൻ കഴിയുമായിരുന്നില്ല. വെയിലും ചൂടും തണുപ്പും മഞ്ഞും മഴയും അനുഭവിക്കുമ്പോൾ പോലും ഇതിന്റെ പിന്നാമ്പുറങ്ങളിലേക്ക് എത്തി നോക്കുവാനുളള താൽപര്യമോ ത്വരയോ ഒന്നും ആ കാലത്തിനുണ്ടായിരുന്നില്ല. അന്നാണ് വിശുദ്ധ ഖുർആൻ ഈ ശാസ്ത്ര പാഠങ്ങൾ പറഞ്ഞു വെച്ചത് എന്നത് ചിന്തനീയമാണ്. ഇവിടെ മറ്റൊരു വസ്തുത ഈ കൃത്യമായ ശാസ്ത്രീയതയും കണക്കും അളവും എല്ലാം ആ കാലത്തിനെ വശീകരിക്കുവാനോ ആ കർഷിക്കുവാനോ പറഞ്ഞതായിരുന്നുവോ എന്നതാണ്. സത്യത്തിൽ ആ കാലത്തിന് അതിന്റെയൊന്നും ആവശ്യം ഉണ്ടായിരുന്നില്ല എന്ന് വേണം കരുതാൻ. നബി(സ)യിൽ നിന്നും നേരിട്ട് കണ്ടും കേട്ടും ജീവിച്ച സ്വഹാബത്തിനും സച്ചരിത നൂറ്റാണ്ടിനും ഇത്തരം വിശദാംശങ്ങൾ ഒന്നും വേണ്ടിയിരുന്നില്ല. അവർക്ക് നബി ഓതിക്കൊടുക്കുന്നത് എല്ലാം വിശ്വാസമായിരുന്നു. മാത്രമല്ല, അങ്ങനെയൊക്കെ ചിന്തിക്കാൻ മാത്രം അവരുടെ സാമൂഹ്യ ജീവിത പരിസരങ്ങൾക്ക് വികാസവും ഉണ്ടായിരുന്നില്ല. അപ്പോൾ പിന്നെ ഇത്തരം വിശദാംശങ്ങളും വിവരണങ്ങളും എന്തു ലക്ഷ്യം വെച്ചാണ് ഖുർആൻ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യം പ്രസക്തമാവുകയാണ്. ലോകം വികസിക്കുമ്പോൾ അതിനൊപ്പം നിൽക്കുവാൻ വേണ്ട ശക്തി നേടുവാൻ വേണ്ടിയാണ് വിശുദ്ധ ഖുർആൻ ഇതെല്ലാം പറഞ്ഞത് എന്നു കരുതാം. ഖുർആനിന്റെ ഏറ്റവും വലിയ പ്രത്യേകത അതു തന്നെയാണ്. അത് പ്രപഞ്ചത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ വിശുദ്ധ ഖുർആനിൽ നേരത്തെ പറഞ്ഞിട്ടുണ്ട് എന്ന് നമുക്ക് പറയാൻ കഴിയുന്നത് അതുകൊണ്ടുതന്നെയാണ്. ഇനിയും ഇതിൽ അധികം വലിയ വൈജ്ഞാനിക വികാസങ്ങൾ ഉണ്ടായിത്തീരുമ്പോൾ അപ്പോഴും നമുക്ക് ഖുർആൻ പ്രപഞ്ചത്തോടൊപ്പം മനുഷ്യനുവേണ്ടി സംസാരിച്ചും അവന്റെ ശ്രദ്ധ ക്ഷണിച്ചു കൊണ്ട് സഞ്ചരിക്കുന്നത് കാണാം. ഇവിടെ മേഘങ്ങളുടെ കാര്യത്തിൽ പറയുന്ന, അല്ലെങ്കിൽ സൂചിപ്പിക്കുന്ന വസ്തുതകളുടെ കൃത്യത അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.
എന്നാൽ ശാസ്ത്രം വിവരിക്കുന്നത് പോലെ ഖുർആൻ ഓരോ കാര്യങ്ങളും വിശദമായി വിവരിക്കുന്നില്ല. അതിനു കാരണം ഖുർആൻ ഒരു ശാസ്ത്ര പുസ്തകം അല്ല എന്നതാണ്. അല്ലാഹുവിന്റെ സന്മാർഗത്തിലേക്ക് മനുഷ്യനെയും അവന്റെ ചിന്തയെയും തിരിച്ചുവിടുവാൻ ശ്രമിക്കുകയാണ് ഖുർആൻ ചെയ്യുന്നത്. അതുകൊണ്ട് കൃത്യമായ അളവുകളും ശാസ്ത്രീയ വിവരണങ്ങളും ഇല്ലെങ്കിലും അതിലേക്കെല്ലാം വ്യക്തമായും വിശുദ്ധ ഖുർആനിലെ ഇത്തരം പാഠങ്ങൾ വിരൽ ചൂണ്ടുന്നത് നമുക്ക് കാണാം. മേഘങ്ങളുടെ കാര്യത്തിൽ ഇത്തരം പലതും ഉണ്ട്. അതിൽ ഒന്നാണ്, മേഘങ്ങളിലെ ജലത്തിന്റെ തോത് . മേഘങ്ങളായി മാറുന്നത് സമുദ്രങ്ങളിൽ നിന്ന് ഉയരുന്ന നീരാവിയാണ് എന്നു നമുക്കറിയാം. ഭൂമിയുടെ മുക്കാല്‍ ഭാഗത്തോളം വരുന്ന സമുദ്രങ്ങളില്‍ നിന്നും മറ്റും നീരാവിയായുയര്‍ന്ന് രൂപം കൊള്ളുന്ന മേഘങ്ങള്‍ അതീവ ഭാരം പേറുന്നവയാണ്. ഓരോ മേഘവും ടണ്‍കണക്കിനു ജലം വഹിക്കുന്നു എന്നാണ് ശാസ്ത്രം. ഖുര്‍ആന്‍ ഇത് ഇങ്ങനെ സൂചിപ്പിക്കുന്നു: തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍ തന്നെ. അങ്ങനെ കാറ്റ് കനം കൂടിയ കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം (7:57). ഈ ആയത്തിൽ കനം കൂടിയ കാർമേഘത്തെ എന്ന പ്രസ്താവനയിൽ നേരത്തെ പറഞ്ഞ മേഘങ്ങളുടെ ജലഭാരം സൂചിപ്പിക്കുന്നുണ്ട്. അതോടൊപ്പം ഈ ആയത്ത് അവസാനിക്കുന്നിടത്ത് മേഘങ്ങൾ വർഷിപ്പിക്കുന്ന മഴ കാരണമായി ഭൂമി പുഷ്പിണിയാകുന്നത് പോലെ മരിച്ചവരെ നാം ജീവിപ്പിക്കും എന്നു കൂടി പറയുന്നത് നേരത്തെ നാം പറഞ്ഞ വിശുദ്ധ ഖുർആനിന്റെ പരമമായ ദൗത്യമാണ് നിർവഹിക്കുന്നത്. അതായത് ശാസ്ത്രം പറയുന്നതുപോലെ മേഘത്തിന്റെ ഘടനയും രൂപീകരണവും പഠിപ്പിക്കുകയല്ല ഖുർആനിന്റെ ലക്ഷ്യം മറിച്ച് മനുഷ്യന്റെ നിലനിൽപ്പിനു വേണ്ടി മഴ എന്ന പ്രതിഭാസത്തെ സംവിധാനിച്ച റബ്ബിനെ ഓർത്ത് ജീവിക്കുവാനും അവന്റെ എല്ലാ കർമ്മങ്ങളും പുനർജന്മത്തിനുശേഷം വിചാരണ ചെയ്യപ്പെടും എന്ന് സന്ദേശം നൽകുവാനും കൂടിയാണ്.
മേഘങ്ങൾ വഹിക്കുന്ന ജലാംശത്തിന്റെ തോതാണ് മഴയുടെ തോത് നിശ്ചയിക്കുന്നത് എന്നത് ഇത്തരം മറ്റൊരു വസ്തുതയാണ്.
മഴ വര്‍ഷിപ്പിക്കുന്നത് നിശ്ചിത തോതനുസരിച്ചാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: മാനത്തുനിന്ന് നിശ്ചിതതോതില്‍ വെള്ളം വീഴ്ത്തിത്തന്നതും അവനാണ്. അങ്ങനെ അതുവഴി നാം ചത്തുകിടക്കുന്ന ഭൂമിയെ ചൈതന്യവത്താക്കി. അവ്വിധം ഒരുനാള്‍ നിങ്ങളെയും ജീവനേകി പുറത്തെടുക്കും (സുഖുറുഫ് 11). മറ്റൊരു സൂക്തം ഇങ്ങനെയാണ്: നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതു വറ്റിച്ചു കളയാനും നമുക്കു കഴിയും (അല്‍മുഅ്മിനൂന്‍: 18). മേഘങ്ങളെ കുറിച്ച് നാം മേൽ ഉദ്ധരിച്ച ആയത്തിന്റെ ഉള്ളിൽ നിന്ന് തന്നെ നമുക്ക് ലഭിക്കുന്ന മറ്റു ചില ശാസ്ത്രീയ സത്യങ്ങൾ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടത് രണ്ടെണ്ണമാണ്. ഒന്ന്, മേഘങ്ങളുടെ വലുപ്പവുമായി ബന്ധപ്പെട്ടതാണ്. പർവ്വത സമാനങ്ങളായ മേഘങ്ങൾ ഉണ്ട് എന്ന് വിശുദ്ധ ഖുർആൻ പറയുന്നു. അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും, എന്നിട്ട് അവയെ തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു എന്ന് നീ കണ്ടില്ലേ? (24:43) എന്ന ആയത്തിൽ അതു വ്യക്തമാണ്. ശാസ്ത്രം ഇപ്പോൾ ഇത് ശരിവെച്ചിട്ടുണ്ട്. ശാസ്ത്രലോകത്ത് cumulonimbus clouds എന്നാണ് ഇത്തരം കൂറ്റന്‍ മേഘങ്ങള്‍ അറിയപ്പെടുന്നത്. ഇവക്ക് കിലോമീറ്ററുകള്‍ ഉയരമുണ്ട്. പത്തും പതിനഞ്ചും കിലോമീറ്റര്‍ വരെ ഉയരം ഇത്തരം പടുകൂറ്റന്‍ മേഘങ്ങള്‍ക്ക് ഉണ്ടാവും. അഥവാ വലിയ പര്‍വതങ്ങളെക്കാള്‍ (എവറസ്റ്റ് കൊടുമുടിയെക്കാള്‍ പോലും) ഉയരമുള്ള വലിയ മേഘങ്ങള്‍ ആണ് ക്യുമുലോ നിംബസ് മേഘങ്ങള്‍. ഇത്തരം മേഘങ്ങള്‍ക്ക് സമീപത്തുകൂടി പോകുമ്പോഴാണ് വിമാനങ്ങള്‍ പലപ്പോഴും കുലുങ്ങുന്നത്. വിമാനയാത്ര നടത്തുന്ന ആളുകള്‍ക്ക് ചിലപ്പോഴെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം.
മൂന്ന് സ്റ്റേജുകള്‍ ആണ് ഈ cumulonimbus മേഘങ്ങള്‍ക്ക് ഉള്ളത് എന്നാണ് ശാസ്ത്രം. ഈ മൂന്നും ഖുർആനിൽ ക്രമമായി തന്നെ പറയപ്പെട്ടിട്ടുണ്ട്. ഒന്നാമതായി Developing stage ആണ്. അഥവാ ഒരുപാട് മേഘങ്ങള്‍ ഒരുമിച്ച് കൂട്ടപ്പെട്ട് ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി വലിയ പര്‍വത സമാനമായ മേഘം രൂപപ്പെടുത്തുന്ന ഘട്ടം. വിശുദ്ധ ഖുര്‍ആന്‍ ഇത് കൃത്യമായി മേൽ ആയത്തിൽ ഇങ്ങനെ കുറിക്കുന്നു: അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ടുവരികയും എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. രണ്ടാമത്തെ സ്റ്റേജ് mature stage എന്നറിയപ്പെടുന്നു. അഥവാ ഒരു വലിയ മേഘപര്‍വതം ആകാശത്ത് രൂപപ്പെടുന്ന ഘട്ടം. മൂന്നാമത്തെ സ്റ്റേജ് dissipation stage എന്നറിയപ്പെടുന്നു. ഇത്തരം ഭീമന്‍ മേഘങ്ങളില്‍നിന്നും പേമാരിയും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടായി ഒടുവില്‍ മേഘം ഇല്ലാതായിത്തീരുന്നതാണ് ഈ ഘട്ടം. ഇതും ഈ ആയത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു: അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്തുനിന്ന് -അവിടെ മലകള്‍ പോലുള്ള മേഘക്കൂമ്പാരങ്ങളില്‍ നിന്ന് -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു (24:43).
മറ്റൊരു ഞെട്ടിക്കുന്ന വസ്തുത ഇടി മിന്നൽ ആണ്. ഇത് എന്താണ്, എവിടെ നിന്നാണ് എന്നെല്ലാം ദീർഘമായി നിരീക്ഷിച്ച ശാസ്ത്രം ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത് ഇവ മേഘത്തിൽ നിന്നാണ് ഉണ്ടാകുന്നത് എന്നാണ്. ആലിപ്പഴവര്‍ഷവും ശക്തമായ ഇടിമിന്നലുകളും ഇത്തരം cumulonimbus മേഘങ്ങളില്‍നിന്നാണ് ഉണ്ടാവുന്നത് എന്നുള്ളതാണ്! മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അതിശക്തമായ വൈദ്യുത പ്രവാഹമാണ് മിന്നലുകള്‍. എല്ലാത്തരം മേഘങ്ങള്‍ക്കും ഇത്തരം cloud to ground മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. Cumulonimbus മേഘങ്ങളാണ് ഇത്തരം ശക്തമായ മിന്നലുകള്‍ അഥവാ മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് നേരിട്ട് പതിക്കുന്ന മിന്നലുകള്‍ ഉണ്ടാക്കുന്നത്. നേരത്തെ നാം ചര്‍ച്ച ചെയ്ത മറ്റു മേഘങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഗ്രൗണ്ട് മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. അതും ഖുർആൻ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു (24:43).
ആകാശത്ത് ഇത്തരം പര്‍വതസമാനമായ മേഘങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത താഴെനിന്ന് മുകളിലേക്കു നോക്കുന്ന ഒരാള്‍ക്ക് ബോധ്യപ്പെടുന്നതല്ല. വിമാനങ്ങളിലും മറ്റും ആകാശയാത്ര നടത്തുമ്പോഴാണ് ഇത്തരം മേഘങ്ങളുടെ ഭീമാകാരരൂപം നമുക്ക് ബോധ്യപ്പെടുക. ഇത്തരം പടുകൂറ്റന്‍ ക്യുമുലോ നിംബസ് മേഘങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ടാകുന്നുണ്ടെന്നും അവയില്‍ വലിയ മഞ്ഞുപര്‍വതങ്ങള്‍ ഉണ്ടെന്നും അതില്‍നിന്നും ആലിപ്പഴം വര്‍ഷിക്കുന്നു എന്നും അതില്‍നിന്ന് തന്നെയാണ് ഭൂമിയില്‍ പതിക്കുന്ന തരത്തിലുള്ള വലിയ വൈദ്യുതി പ്രവഹിക്കുന്ന മിന്നലുകള്‍ ഉണ്ടാവുന്നത് എന്നുമുള്ള അറിവ് അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം നേടിയെടുത്തത്. അടുത്തകാലത്ത് മാത്രം കണ്ടു പിടിക്കപ്പെട്ട ഈ ശാസ്ത്രീയ അറിവുകള്‍ 1400 വര്‍ഷങ്ങള്‍ക്കുമുമ്പ് വളരെ കൃത്യമായി എങ്ങനെയാണ് നിരക്ഷരനായ പ്രവാചകന് അറിയാന്‍ കഴിയുക? യാതൊരുവിധ സാധ്യതകളും അതിനില്ല തന്നെ! വിശുദ്ധ ഖുര്‍ആന്‍ ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളാണെന്ന്, ചിന്തിക്കുന്ന മനുഷ്യനെ ബോധ്യപ്പെടുത്തുന്നു ഇത്തരം ഖുര്‍ആനിക വചനങ്ങള്‍.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso