അവനാണ്, അവളല്ല ഉത്തരവാദി
05-06-2023
Web Design
15 Comments
ജാഹിലിയ്യ കാലം സ്ത്രീയോട് കാണിച്ച അവഗണനയും അനീതിയും വിശുദ്ധ ഖുർആൻ ഇങ്ങനെ രേഖപ്പെടുത്തി വെച്ചിരിക്കുന്നു: അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ട് പോകുന്നു. അവന്ന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍ നിന്ന് അവന്‍ ഒളിച്ച് കളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല, അതിനെ മണ്ണില്‍ കുഴിച്ച് മൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത) ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശമാണ്! (ഖുര്‍ആന്‍: 16: 58,59). ജാഹിലിയ്യ കാലത്തിന് പെണ്ണിനോട് പ്രത്യേക വിദ്വേഷമുണ്ടാകുവാൻ ഒരു ന്യായവും കാണുന്നില്ല. എന്നല്ല, പെണ്ണ് അവർക്ക് ഒരു ഹരവും ലഹരിയുമായിരുന്നു. അവരുടെ വികാരങ്ങളെ ശമിപ്പിക്കാൻ അവർക്ക് പെണ്ണ് വേണമായിരുന്നു. അവരുടെ മദ്യശാലകളിലധികവും മദാലസകളെ നൃത്തം ചെയ്യാനായി നിറുത്തിയിരുന്നു. പുറത്തുനിന്ന് വന്ന സ്ത്രീകൾ, അടിമകൾ അവരിൽ പലരും ജീവിച്ചിരുന്നത് സ്വന്തം ശരീരം വിറ്റിട്ടായിരുന്നു വിൽക്കുന്നവർ അതിന് തയ്യാറാകുന്നത് വാങ്ങുവാൻ ആളും ഡിമാന്റും ഉണ്ടായതുകൊണ്ട് തന്നെയായിരിക്കും അല്ലോ ആയതിനാൽ അതിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് സ്ത്രീകളോട് പ്രത്യേക വിദ്വേഷമെന്നും ആ കാലഘട്ടത്തിന് ഉണ്ടായിരുന്നില്ല എന്ന് തന്നെയാണ് എന്നിട്ടും അവർ നവജാതരായ പെൺകുട്ടികളെ കുഴിച്ചുമൂടുമായിരുന്നു എന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത് അതൊരു സത്യം തന്നെയാണ്. അതിൽ അതിശയോക്തി ഒന്നുമില്ല ഉമർ റളിയള്ളാഹു അന്ഹുവിന് വരെ അത്തരം അനുഭവമുണ്ടായിട്ടുണ്ട് എന്നത് ചരിത്രത്തിൽ ഇടം പിടിച്ചിട്ടുമുണ്ട്.
ജനിച്ചത് പെണ്ണാണ് എന്നറിഞ്ഞാൽ അതിനെ ജീവനോടെ കുഴിച്ചുമൂടുന്ന ആ മനോഗതി സ്ത്രീ സമൂഹത്തിനു നേരെയുള്ള ഏറ്റവും ഗുരുതരമായ ഒരു അപമാനമാണ് അക്കാലത്തെ സമീപനത്തിൽ നിന്നും അത് വ്യക്തമായി മനസ്സിലാക്കാം. ഇബ്‌നുഹജര്‍(റ) പറയുന്നു: ഇസ്‌ലാമിനു മുമ്പുള്ള അജ്ഞരായ അറബികള്‍ക്ക് പെണ്‍മക്കളെ വധിക്കുന്നതില്‍ രണ്ട് രീതികളായിരുന്നു ഉണ്ടായിരുന്നത്: ഒന്ന്, തന്റെ ഭാര്യയുടെ പ്രസവമടുത്താല്‍ ഒരു കുഴിയുടെ അരികില്‍ പ്രസവിക്കുവാന്‍ ഭര്‍ത്താവ് കല്‍പിക്കുമായിരുന്നു. ആണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കില്‍ അതിനെ നിലനിര്‍ത്തും. പെണ്‍കുഞ്ഞിനെയാണ് പ്രസവിച്ചതെങ്കില്‍ കുഴിയില്‍ അതിനെ ഉപേക്ഷിക്കും. രണ്ട്, കുഞ്ഞിന് ആറു വയസ്സ് പ്രായമായാല്‍ ചിലര്‍ കുഞ്ഞിന്റെ ഉമ്മയോട് അതിനെ അണിയിച്ചൊരുക്കുവാനും സുഗന്ധം പൂശുവാനും ആജ്ഞാപിക്കും. കുഞ്ഞിനെയും കൊണ്ട് ബന്ധുക്കളെ സന്ദര്‍ശിക്കുവാനാണെന്ന വ്യാജേനയാണത് ചെയ്യുന്നത്. ശേഷം അവളെയും കൊണ്ട് മരുഭൂമിയില്‍ വിദൂരതയിലുള്ള കിണറിനരികിലേക്ക് പോയി അവളോട് പറയും: കിണറിലേക്ക് നോക്കൂ. അവളെ പിന്നില്‍ നിന്ന് അതിലേക്കു തള്ളി മണ്ണിട്ടു മൂടിക്കളയുകയും ചെയ്യും. പ്രയാസങ്ങൾ സഹിച്ച് പ്രസവിച്ച തന്റെ കുഞ്ഞിനെ ഈവിധം ചെയ്യുമ്പോൾ അത് മാതാവിനു നേരെയുള്ള ഒരു കുറ്റപ്പെടുത്തൽ കൂടിയാണ്. കാരണം ഈ കുട്ടി പെണ്ണായി പോയത് അവളുടെ കാരണത്താലാണ് എന്നായിരുന്നു അക്കാലത്തെ പുരുഷാധിപത്യത്തിന്റെ മട്ടും ഭാവവും. ഇതിന്റെ വെളിച്ചത്തിൽ കുഞ്ഞു പെണ്ണാകുന്നതിന്റെയും ആണാകുന്നതിന്റെയും ശാസ്ത്രീയമായ വ്യാഖ്യാനങ്ങൾ നാം പരിശോധിക്കേണ്ടതുണ്ട്.
പുതിയ അനുഭവങ്ങൾ വെച്ച് നോക്കുമ്പോൾ ഈ വിഷയത്തിൽ ചില രൂപങ്ങളുടെയും രീതികളുടെയും മാറ്റങ്ങൾ കാലികമായി വന്നിട്ടുണ്ട് എങ്കിലും പെൺകുഞ്ഞുങ്ങളെ കുന്നുകളയുന്ന പ്രവണത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ സാഹചര്യത്തിൽ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി സെന്‍സസ് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. 2001ലെ സെന്‍സസില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് 2011-ല്‍ 1000 ന് 914 പെണ്‍കുട്ടികളാണ് സെന്‍സസ് റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നത്. ഭ്രൂണഹത്യയാണ് ഈ കുറവിന് പ്രധാന കാരണമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തും പെൺഹത്യ നടക്കുന്നുണ്ട് എന്നത് ഒരു രഹസ്യമായ പരസ്യമാണ്. പണ്ട് കുഞ്ഞ് ജനിച്ചതിന്റെയോ ആറു വയസ്സ് ആകുന്നതിന്റെയോ സമയത്തായിരുന്നു പിഞ്ചു ജീവനുകൾ കവർന്നിരുന്നത് എങ്കിൽ ഇന്ന് അധികവും ജനിക്കാൻ പോലും അവസരം നൽകാതെ ആണ് ഗർഭാശയത്തിൽ വച്ച് തന്നെ, ഭ്രൂണമായിരിക്കുമ്പോൾ തന്നെ പെൺകുഞ്ഞുങ്ങളെ കൊന്നു കളയുകയാണ് ചെയ്യുന്നത്. ലിംഗ നിർണ്ണയം ശാസ്ത്രീയമായി ഇന്ന് സാധ്യമാണ്. നമ്മുടെ രാജ്യം പോലെ പല രാജ്യങ്ങളും നിയമപരമായി അതിനെ കുറ്റകരമായി കാണുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, പല വൻകിട രാജ്യങ്ങളിലും അത് അനുവദനീയമാണ്. അനുവദനീയമല്ലാത്ത രാജ്യങ്ങളിലാവട്ടെ അത് രഹസ്യമായി നിർലോഭം നടന്നു വരികയും ചെയ്യുന്നുണ്ട്.
ഒരു കുഞ്ഞിന്റെ ജനിക്കാനുള്ള മൗലികമായ അവകാശം ചിന്തയിലും ചർച്ചയിലും വരുമ്പോൾ ഇക്കാര്യത്തിലുള്ള ഇസ്ലാമിന്റെ നയവും നിയമവും സമീപനവും മനസ്സിലേക്ക് എത്തുക സ്വാഭാവികമാണ്. കുഞ്ഞിനെ ജനിക്കാൻ ഇസ്ലാം അനുവദിക്കുന്നത് ഏതു സാഹചര്യത്തെയും മറികടന്നു കൊണ്ടാണ്. ഇക്കാര്യത്തിൽ സ്വഹാബി മാഇസിന്റെയും(റ) ഒരു വനിതയുടെയും ചരിത്രം മുസ്‌ലിം സമുദായത്തിന് നൽകുന്ന പാഠം അതിമഹത്തരമാണ്. വിങ്ങുന്ന ഹൃദയത്തോടെ പ്രവാചകസമക്ഷം വന്നു കൊണ്ട് മാഇസ് (റ) പറഞ്ഞു: പ്രവാചകരേ ഞാൻ തെറ്റു ചെയ്തു പോയി. നീ പശ്ചാത്തപിക്കുക എന്ന് മറുപടി നൽകിക്കൊണ്ട് പ്രവാചകൻ (സ്വ) അദ്ദേഹത്തെ മടക്കി അയയ്ക്കാൻ ശ്രമിച്ചു. പക്ഷെ ഞാൻ വ്യഭിചരിച്ചു പോയി പ്രവാചകരെ, എനിക്ക് ശിക്ഷ നൽകണം എന്ന് അപേക്ഷിച്ച മാഇസിന്(റ) അവസാനം വ്യഭിചാരത്തിനുള്ള ശിക്ഷ നബി(സ്വ)നൽകി. ദിവസങ്ങൾക്ക് ശേഷം ഒരു സ്ത്രീയും ഇതേ ആവശ്യവുമായി പ്രവാചകന്റെ അടുക്കലെത്തി. അവൾ വ്യഭിചരിച്ചിരുന്നു. ഒപ്പം അതിൽ താൻ ഗർഭിണിയാണെന്ന് കൂടി ആ സ്ത്രീ പറഞ്ഞു. വധശിക്ഷ പ്രതീക്ഷിച്ചു നിന്ന ആ യുവതിയോട് പ്രവാചകൻ (സ്വ) പറഞ്ഞു. ആ കുഞ്ഞിന് നീ ജന്മം നൽകിയ ശേഷം വരിക. പ്രസവ ശേഷം തിരികെ വന്ന ആ വനിതയോട് നബി(സ്വ) രണ്ട് കൊല്ലക്കാലം ആ കുഞ്ഞിനെ മുലയൂട്ടാൻ ആവശ്യപ്പെട്ടു. ആ രണ്ട് കൊല്ലക്കാലം കഴിഞ്ഞെത്തിയ സ്ത്രീക്ക് ഇസ്‌ലാമികലോകം ശിക്ഷ വിധിച്ചു. ഇതാണ് പടച്ചവന്റെ മതത്തിന്റെ ഇക്കാര്യത്തിലുള്ള ഹൃദയം. വ്യഭിചാരിണിയായ ഒരു മാതാവിന്റെ ഗർഭപാത്രത്തിനുള്ളിൽ വന്നു ഭവിച്ച ആ ഭ്രൂണത്തെപ്പോലും കൊല്ലാനല്ല ഇസ്‌ലാം അവളോട് കല്പിച്ചത്, മറിച്ച് അതിനു ജന്മം നൽകുവാനാണ്. ശേഷം പ്രസവിച്ച കുഞ്ഞിന് രണ്ട് കൊല്ലക്കാലം മുലയൂട്ടുവാനാണ് പറഞ്ഞത്. അവൾക്ക് തന്റെ ആയുസിന്റെ ദൈർഘ്യവും ശിക്ഷയുടെ കാലാവധിയും നീട്ടികൊടുത്തത് ഒരു കുരുന്നുജീവന് വേണ്ടി മാത്രമായിരുന്നു. വ്യഭിചാരമെന്ന വൻപാപത്തിനുള്ള ശിക്ഷക്ക് പോലും ആ കുരുന്നു ജീവന് താഴെ മാത്രമേ സ്ഥാനമുണ്ടായിരുന്നുള്ളൂ എന്ന് ഈ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
ഈ സാമൂഹ്യ യാഥാർഥ്യത്തിനു മുമ്പിൽ നമുക്ക് രണ്ടു കാര്യങ്ങൾ പഠിക്കാനുണ്ട്. ഒന്നാമത്തെ കാര്യം, കുഞ്ഞ് ആണാകുന്നതിലും പെണ്ണാകുന്നതിലും ആർക്കാണ് കൈ എന്നതാണ്. ജീവശാസ്ത്രപരമായി അതിന്റെ കാരണക്കാരൻ ആണാണോ പെണ്ണാണോ എന്ന് ആദ്യം കണ്ടെത്തണം. അപ്പോൾ പുരുഷ വർഗ്ഗം ഈ വിഷയത്തിൽ പെണ്ണുങ്ങളോട് കാണിക്കുന്ന വിവേചനവും തെറ്റും വ്യക്തമായും മനസ്സിലാവും. കാരണം കുട്ടി ആണാകുന്നതിലും പെണ്ണാകുന്നതിലും മാതാവിന് യാതൊരു പങ്കാളിത്തവും ഇല്ല. അതിന്റെ ഉത്തരവാദി ആണ് മാത്രമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. മാതാപിതാക്കൾ കുഞ്ഞുങ്ങൾ ഉണ്ടാകുവാൻ വേണ്ടി ദാനം ചെയ്യുന്നത് ക്രോമസോമുകളാണ് ഈ ക്രോമസോമുകളിലും ഇണകളുണ്ട്. ഇണകൾ എന്നത് ഈ പ്രപഞ്ചത്തിന്റെ എല്ലാ കണികയിലും സൃഷ്ടാവ് വെച്ചിരിക്കുന്ന മറ്റൊരു അത്ഭുതവും ചിന്താവിഷയവും ആണ് . പ്രപഞ്ചത്തിന്റെ ഒരു കണികക്കും സൃഷ്ടാവ് സ്വാശ്രയത്വം നൽകിയിട്ടില്ല. എന്ത് ഉണ്ടാവണമെങ്കിലും വളരണമെങ്കിലും പ്രവത്തിക്കണമെങ്കിലും ഒന്നിന് മറ്റൊന്നിന്റെ സഹായം വേണം. പോസിറ്റീവ് എനർജി പ്രവർത്തിക്കണമെങ്കിൽ നെഗറ്റീവ് കൂടി ചേരണമല്ലോ. ഈ മഹാ സത്യം അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു: ഭൂമി മുളപ്പിക്കുന്ന സസ്യലതാദികളിലും അവരുടെ സ്വന്തത്തിലും അവര്‍ക്കറിഞ്ഞുകൂടാത്ത വസ്തുക്കളിലും നിന്നൊക്കെ ഇണകളെ പടച്ചുണ്ടാക്കിയ അല്ലാഹു മഹോന്നതന്‍ തന്നെ! (യാസീൻ: 36). ഇപ്രകാരം കുത്തിന്റെ അടിസ്ഥാനമായ ബീജത്തിലുമുണ്ട് ഇണകൾ. അവയെ ജീവശാസ്ത്രം തിരിച്ചറിയാനായി എക്സ് എന്നും വൈ എന്നും വിളിക്കുന്നു. ഇതിൽ പുരുഷന്റെ ബീജത്തിലാണ് എക്സും വൈയും ഉള്ളത്. അതായത് രണ്ട് ഘടകവുമുള്ളത്. സ്ത്രീയുടേതിൽ എക്സ് മാത്രമേയുള്ളൂ.
സ്ത്രീയുടെ ദാനം എക്സ് മാത്രമാണ്. ഈ എക്സ് ഘടകം അടിസ്ഥാനപരമായി ഒരു കുഞ്ഞ് ഉണ്ടാകുവാൻ വേണ്ടി മാത്രമുള്ളതാണ്. ഉണ്ടാവുന്ന കുഞ്ഞ് ആണാകാനും പെണ്ണാകാനും വേണ്ട ഘടകം പുരുഷൻ ആണ് നൽകുന്നത്. അഥവാ പുരുഷ ബീജത്തിലെ എക്‌സ് ആണോ വൈ ആണോ ആദ്യം സ്ത്രീയുടെ ഫിലോപിയന്‍ ട്യൂബിലെത്തി സ്ത്രീയുടെ എക്‌സില്‍ എത്തി സങ്കലനം നടത്തുന്നത് അതിനനുസരിച്ചാണ് കുട്ടിയുടെ ലിംഗം നിശ്ചയിക്കുന്നത്. അതായത് ആണിൽ നിന്ന് കിട്ടിയത് എക്സാണെങ്കിൽ എക്സും എക്സും ചേർന്ന് പെൺകുട്ടിയും വൈ ആണ് കിട്ടിയത് എങ്കിൽ എക്സും വൈയും ചേർന്ന് ആൺകുട്ടിയും ജനിക്കുന്നു. ഇതില്‍ തന്നെ ശാസ്ത്രം വിശദീകരിയ്ക്കുന്ന മറ്റൊരു അൽഭുതം കൂടിയുണ്ട്. പുരുഷനിലെ എക്‌സ് ക്രോമസോമിന് ആയുസു കൂടുതലാണ്, വൈയേക്കാളും. എന്നാല്‍ വൈയ്ക്ക് ചലന വേഗത കൂടുതലാണ്, എക്സിനേക്കാളും. അതായത് ബീജം സ്ത്രീയില്‍ നിക്ഷേപിയ്ക്കപ്പെട്ടാല്‍ ആദ്യം ഫിലോപിയന്‍ ട്യൂബിലേയ്ക്ക് ഓടിയെത്തുക ആണ്‍കുഞ്ഞിന് സാധ്യത നല്‍കുന്ന വൈ ആണ്. അതേ സമയത്ത് അവിടെ അണ്ഡമുണ്ടെങ്കില്‍, അണ്ഡത്തിന്റെ എക്‌സുമായി ചേര്‍ന്ന് ആണ്‍ കുഞ്ഞിന്റെ രൂപീകരണം നടക്കും. ആധുനിക ലൈംഗിക ശാസ്ത്രം പറയുന്ന ഓവുലേഷന്‍ നോക്കിയുള്ള സ്ത്രീ പുരുഷ ബന്ധത്തിന് പ്രസക്തിയേറുന്നത് ഇവിടെയാണ്. കാരണം ബീജം നാലഞ്ചു ദിവസം മുന്‍പേ സ്ത്രീ ശരീരത്തില്‍ നിക്ഷിപ്തമായാല്‍ ആയുര്‍സാധ്യത കൂടുതല്‍ എക്‌സിനാണ്. ആയുസു കൂടുതല്‍ എക്‌സിനായതിനാല്‍. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും ചിത്രം അവ്യക്തമാണെന്നു പറഞ്ഞാല്‍ തെറ്റല്ല. ആണ്‍കുഞ്ഞിനെ വേണം എന്നാഗ്രഹിച്ച് പെണ്‍കുഞ്ഞായതിന്റെ പേരില്‍ പഴി കേള്‍ക്കുന്ന സ്ത്രീകള്‍ കുറവല്ല. പെണ്‍കുഞ്ഞായി ജനിച്ചതിന്റെ പേരില്‍ പിഴയൊടുക്കേണ്ടി വരുന്ന പെണ്‍ജന്മങ്ങളുമുണ്ട്. ഇതാരുടേയും കുറ്റമല്ല എന്നു പറയുമ്പോഴും സയന്‍സ് വിശദമാക്കുന്ന ഒരു സംഗതിയുണ്ട്, ആണ്‍കുഞ്ഞ് അല്ലെങ്കില്‍ പെണ്‍കുഞ്ഞ്, ഉത്തരവാദി, ഉത്തരവാദിത്വം ഉണ്ടെങ്കിൽ അത് പിതാവിനാണ്, സ്ത്രീക്കിതില്‍ യാതൊരു പങ്കുമില്ല.
ഇനി നമുക്ക് നമ്മുടെ അൽഭുത ചിന്തയിലേക്ക് വരാം. അത്, ഇക്കാര്യം ശാസ്ത്രം അടുത്ത കാലത്താണ് കണ്ടു പിടിച്ചത് എങ്കിലും വിശുദ്ധ ഖുർആൻ അതു മുമ്പെ പറഞ്ഞു വെച്ചിട്ടുണ്ട് എന്നതാണ് ആ അത്ഭുതം. അല്ലാഹു പറയുന്നു : സ്രവിക്കപ്പെടുന്ന പുരുഷ ബീജത്തിൽ നിന്നും ആൺ, പെൺ എന്നീ രണ്ട് ഇണകളെ അവൻ സൃഷ്ടിച്ചു. (ഖുർആൻ: 53:45,46) ഈ ആയത്തിൽ ആൺ-പെൺ എന്ന് എടുത്ത് പറഞ്ഞത് ശ്രദ്ധേയമാണ്. ഈ ആയത്തിൽ പറയുന്ന പ്രക്രിയ ലിംഗ രൂപീകരണത്തിൽ സ്വാധീനം ചെലുത്തുനതാണ് എന്നതാണ് അത് സൂചിപ്പിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട തത്വവും സൂചനയും അടങ്ങിയിരിക്കുന്നത് സ്രവിക്കുന്ന എന്ന വാക്കിലാണ്. സ്രവിക്കുക എന്നാൽ തെറിച്ച് പുറത്തേക്ക് വരിക എന്നതാണ്. ഈ സ്വഭാവം പുരുഷന്റെ ശുക്ലത്തിന് മാത്രമാണ് ഉള്ളത്. പുരുഷന്റെ ശുക്ലം തെറിച്ച് തെറിച്ച് വരികയാണ് ചെയ്യുക. ഈ സ്വഭാവം ഇല്ല. അതോടെ പുരുഷ ബീജമാണ് കുഞ്ഞിനെ ആണും പെണ്ണുമായി മാറ്റുന്നത് എന്നും ഇക്കാര്യത്തിൽ പാവം പെണ്ണിനെ കുറ്റം പറയുന്നതിന് അർഥമില്ല എന്ന് സുതരാം വ്യക്തമായി.
ഖുർആനിന്റെ അമാനുഷികതയുടെ ഏറ്റവും പ്രകടമായ ഒരു തെളിവാണ് മനുഷ്യജന്മത്തെക്കുറിച്ചുള്ള വിശുദ്ധ ഖുർആനിന്റെ നിലപാടുകൾ. വിശുദ്ധ ഖുർആൻ അവതരിക്കുന്ന കാലത്ത് ഈ വിഷയത്തിൽ മനുഷ്യകുലത്തിന് വളരെ പരിമിതമായ അറിവ് മാത്രമാണ് ഉണ്ടായിരുന്നത്. ഖുര്‍ആനിന്റെ അവതരണ കാലത്ത് അറേബ്യയിൽ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്ന ഭ്രൂണശാസ്ത്രസംബന്ധമായ ധാരണകള്‍ വളരെ വിചിത്രമായിരുന്നു. അവയിൽ പ്രധാനപ്പെട്ടവ ഇങ്ങനെയായിരുന്നു:
1. പുരുഷ ശുക്ലവും സ്ത്രീയുടെ ആര്‍ത്തവ രക്തവും കൂടിച്ചേര്‍ന്നാണ് ഭ്രൂണമുണ്ടാകുന്നത്.
2. പുരുഷ ശുക്ലവും സ്ത്രിയുടെ ശുക്ലവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നത്. രണ്ടു ശുക്ലങ്ങളും കൂടിച്ചേര്‍ന്ന ബീജം ആര്‍ത്തവ രക്തം കൊണ്ടാണ് ഭ്രൂണമായും അതിനു പിറകെ ഗര്‍ഭസ്ഥ ശിശുവായും മാറുന്നത്.
3. പുരുഷ ശുക്ലത്തില്‍ ചെറിയ ഒരു കുഞ്ഞ് സ്ഥിതി ചെയ്യുന്നുണ്ട്. സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ അവളില്‍നിന്നുള്ള രക്തവും പോഷണങ്ങളും സ്വീകരിച്ചാണ് കുഞ്ഞ് വളരുന്നത്.
4. സ്ത്രീയുടെ ആര്‍ത്തവ രക്തം ഉറഞ്ഞാണ് കുഞ്ഞുണ്ടാവുന്നത്. പുരുഷന്റെ ശുക്ലം ഈ ഉറച്ചിലിനെ ഉത്തേജിപ്പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഉറഞ്ഞാണ് പേശികളും അവയവങ്ങളും ഉണ്ടാവുന്നത്.
5. സ്ത്രീക്കും പുരുഷന്റേതു പോലുള്ള ശുക്ലമുണ്ട്. ഈ ശുക്ലത്തിനകത്ത് കുഞ്ഞിന്റെ സൂക്ഷ്മ രൂപം സ്ഥിതി ചെയ്യുന്നു. പുരുഷ ശുക്ലത്തിന്റെ ഉത്തേജനമുണ്ടാകുമ്പോള്‍ ആ കുഞ്ഞ് വളരാനാരംഭിക്കുന്നു. മാതൃശരീരത്തില്‍നിന്ന് പോഷണങ്ങള്‍ ഉള്‍ക്കൊണ്ട് അത് ഘട്ടംഘട്ടമായി പൂര്‍ണവളര്‍ച്ചയെത്തിയ കുഞ്ഞായിത്തീരുകയാണ് ചെയ്യുക. ഇങ്ങനെ വളരെയേറെ ഭ്രൂണശാസ്ത്രപരമായ അബദ്ധധാരണകള്‍ നിലനിന്നിരുന്ന കാലത്ത് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തങ്ങൾ പക്ഷെ, ഒരു ശാസ്ത്രജ്‌ഞൻ വിവരിക്കുന്നതു പോലെ സുവ്യക്തങ്ങളാണ്. അവയിൽ അബദ്ധങ്ങളുടെ ലാഞ്ഛന പോലുമില്ല. മാത്രമല്ല, ആധുനിക ശാസ്ത്രവിദ്യകളുടെ സഹായത്താല്‍ നാം കണ്ടെത്തിയ കാര്യങ്ങള്‍ വളരെ കൃത്യമായി ഖുര്‍ആന്‍ പരാമര്‍ശിക്കുക കൂടി ചെയ്യുന്നുണ്ട്. ഇത് ഖുര്‍ആനിനെ അത്ഭുതങ്ങളിലെ അത്ഭുതമാക്കി മാറ്റുകയും അതിന്റെ അപ്രമാദിത്വത്തിന് കൈയൊപ്പ് ചാര്‍ത്തുകയും ചെയ്യുന്നു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso