തമ്പുകളുടെ താഴ്‌വാരം....
30-05-2023
Web Design
15 Comments
തമ്പുകളുടെ താഴ്‌വാരം....
ഹജ്ജ് വേളയില്‍ തീര്‍ഥാടകര്‍ ഏറ്റവും കൂടുതല്‍ സമയം ചെലവിടുന്ന പുണ്യ നഗരമാണ് മിന. ഹജ്ജിനായി മക്കയിലെത്തുന്ന തീർഥാടകർ ആദ്യം നിർവ്വഹിക്കുക ആഗമനത്തിന്റെ ത്വവാഫാണ്. ഇത് കഴിഞ്ഞാൽ പിന്നെ നേരെ മിനാ താഴ്‌വരയിലേക്കാണ് നേരെ അവർ പോവുക. ദുൽ ഹജ്ജ് എട്ടിന്. ഈ ദിനം യൗമുത്തർവിയ്യ എന്നറിയപ്പെടുന്നു. ഒട്ടകങ്ങളെ യാത്രക്ക് ഉപയോഗിച്ചിരുന്ന കാലത്ത് ഹജ്ജിനെത്തുന്നവർ അറഫ സംഗമത്തിന്റെ മുന്നോടിയായി മിനയിലെത്തി ഒട്ടകൾക്ക് വെള്ളം നൽകി ഒരുക്കി നിർത്തിയിരുന്നത് ദുൽഹജ്ജ് എട്ടിനായിരുന്നു. അതിനാലാണ് ഈ ദിനത്തിന് ഇങ്ങനെ പേരു വീണത് എന്നും ചരിത്രത്തിൽ സംസാരമുണ്ട്. തർവിയ എന്ന വാക്കിന് വെള്ളം കുടിപ്പിക്കുന്ന ദിവസം എന്ന് അർഥമുണ്ട്. ഈ ദിവസം മിനയിൽ കഴിഞ്ഞു കൂടൽ സുന്നത്താണ്. അതു കഴിഞ്ഞ് ഒമ്പതിന് അറഫയിൽ പോയി അന്ന് രാത്രി മുസ്ദലിഫയിലും കഴിച്ചു കൂട്ടി വീണ്ടും അവർ തമ്പുകളുടെ താഴ്‌വാരമായ മിനായിൽ തിരിച്ചെത്തും. പിന്നെ മൂന്നു ദിവസം ഇവിടെയാണ് താമസിക്കുക. ഇതിനിടയിൽ അവർ ഓരോ ദിവസവും കല്ലേറ് കർമ്മം നിർവ്വഹിക്കും. ബലി കർമ്മവും ഇവിടെ തന്നെ. ഇടയിൽ ഇവിടെ നിന്ന് ഹജ്ജിന്റെ നിർബന്ധ ത്വവാഫായ ഇഫാളത്തിന്റെ ത്വവാഫ് ചെയ്യാൻ മക്കയിൽ പോവുകയും അതു കഴിഞ്ഞ് മിനയിൽ തന്നെ എത്തിച്ചേരുകയും ചെയ്യും. കർമ്മങ്ങളുടെ ഈ ക്രമണിക വെച്ചാണ് തീർഥാടകർ ഏറ്റവും അധികം സമയം ചെലവഴിക്കുന്ന നഗരമാണിത് എന്ന് പറയുന്നത്. ഏറ്റവും അധികം സമയം ഇവിടെ ചിലവഴിക്കേണ്ടി വരുന്ന ക്രമത്തിൽ ഹജ്ജിന്റെ ആരാധനാ കർമ്മങ്ങൾ രൂപപ്പെട്ടത് ഈ താഴ്വരയുടെ ചരിത്രപരവും മതപരവുമായ പ്രത്യേകതകൾ കൊണ്ട് കൂടിയാണ്. ഇസ്ലാമിക ചരിത്രത്തിലെ നിരവധി സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശം കൂടിയാണ് മിന താഴ്‌വര.
മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും ഉദ്ദേശം ഏഴ് കിലോമീറ്റര്‍ കിഴക്ക് വടക്കായി സ്ഥിതി ചെയ്യുന്ന സ്ഥലമാണ് മിന. ദുല്‍ഹജ്ജ് പതിമൂന്ന് വരെയും തീര്‍ഥാടകര്‍ താമസിക്കുക മിനായിലെ തമ്പുകളിലാണ്. പരമ്പരാഗത രൂപത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയാണ് തീര്‍ഥാടകര്‍ക്ക് താമസിക്കാന്‍ മിനായില്‍ തമ്പുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. 1997 ൽ മിനയിലുണ്ടായ തീപിടുത്തത്തിന് ശേഷമാണ് നിലിവിലുള്ള ടഫ്ളോൻ ടെന്റുകള്‍ സ്ഥാപിച്ചത്. കാറ്റില്‍ ചെരിഞ്ഞ് വീഴാത്തതും അകത്തേക്ക് മഴത്തുള്ളികള്‍ പതിക്കാത്ത രീതിയിലുമാണ് കനം കുറഞ്ഞ ടെന്റുകള്‍ രൂപകല്‍പ്പന ചെയ്തത്. രണ്ട് ഭാഗങ്ങൾ മലകളാൽ ചുറ്റപ്പെട്ട മിന താഴ്വാരത്ത് മക്കക്കും മുസ്ദലിഫക്കുമിടയിലെ 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന സ്ഥലത്താണ് തീർഥാടകർക്ക് വേണ്ട സൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത്. അത്രയും പേർക്ക് താമസിക്കാൻ വേണ്ടത്ര ടെന്റുകൾ ഉണ്ട്. മൊത്തം 1,60,000ത്തോളം തമ്പുകൾ മിനയിലുണ്ടെന്നാണ് കണക്ക്. ആധുനിക സൗദി അറേബ്യയുടെ പുതിയ വികസന പദ്ധതിയായ വിഷൻ 2030 ൽ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായി മിനയില്‍ ബഹുനില തമ്പുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. രണ്ട് നിലയുള്ള തമ്പ് വഴി കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാൻ കഴിയുമെന്നാണ് പദ്ധതിയുടെ അനുമാനം. ഈ വർഷം ബഹുനില തമ്പ് പരീക്ഷണാടിസ്ഥാനത്തിൽ തുറക്കുന്നുണ്ട്. താഴത്തെ നില തൊഴിലാളികള്‍ക്കും ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിനുമാണ്. മുകളിലെ നില തീര്‍ത്ഥാടകരുടെ താമസത്തിനും. ഇതോടെ ഓരോ തമ്പിലും എട്ട് തീര്‍ത്ഥാടകര്‍ക്ക് കൂടി അധിക താമസ സൗകര്യം ലഭിക്കും. എളുപ്പത്തില്‍ മാറ്റി സ്ഥാപിക്കാനാകും വിധമാണ് തമ്പുകള്‍.
16.8 കിലോമീറ്ററാണ് മിനയുടെ വിസ്തൃതി. രണ്ടര മില്യൺ തീർഥാടകർക്കു വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സേവനങ്ങളും സൗദീ ഗവൺമെന്റ് ഇവിടെ സൗജന്യമായി ചെയ്യുന്നുണ്ട്. തീർഥാടകരെ സേവിക്കുന്നത് ഞങ്ങൾക്ക് അഭിമാനവും കടമയുമാണ് എന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ് രാജാവും പരിവാരങ്ങളും പൗരൻമാരും തങ്ങളുടെ സേവനങ്ങളെ ഉൾക്കൊള്ളുന്നത്. അതിൽ അവർ നേരിട്ടുള്ള കച്ചവടക്കണ്ണ് പുലർത്തുന്നില്ല. തിക്കും തിരക്കും ഒഴിവാക്കാനുളള ജംറകൾക്കു മുകളിലെ പടുകൂറ്റൻ പാലങ്ങൾ, അവയുടെ തട്ടുകൾ, വിസ്തൃതമായ റോഡുകൾ, ശാസ്ത്രീയമായ ക്രമീകരണങ്ങൾ എന്നിവ അവയിൽപെടുന്നു. തീർഥാടകർക്കാവശ്യമായ വെളിച്ചം, വെള്ളം, എയർകണ്ടീഷനിങ് സംവിധാനങ്ങളോട് കൂടിയാണ് തമ്പുകൾ ഒരുക്കിയിരിക്കുന്നത്. അഗ്നിശമനത്തിനായി മലയുടെ മുകളിൽ നിരവധി ജല സംഭരണികളും 100 കിലോമീറ്റർ നീളത്തിൽ പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ശൗച്യാലയങ്ങളും വിശാലമായ റോഡുകളും മെട്രോ ട്രെയിൻ സർവീസും തണലിട്ട നടപ്പാതകളുമെല്ലാം തീർഥാടകർക്ക് ആശ്വാസമേകാൻ സൗദി ഭരണകൂടം മിനയിലൊരുക്കിയിട്ടുണ്ട്. മിന, അറഫ, മുസ്ദലിഫ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന മശാഇർ മെട്രോ 2008 ലാണ് നിർമ്മാണം തുടങ്ങിയത്. 2010 ൽ കമ്മീഷൻ ചെയ്തു. മൊത്തം 204 ബോഗികളടങ്ങുന്ന 17 ട്രൈനുകളാണ് ഹജ്ജ് നാളുകളിൽ നിരന്തരം സർവ്വീസ് നടത്തുക. ഒരു മണിക്കൂറിൽ എഴുപത്തിരണ്ടായിരം പേരെ ട്രാൻസ്പോർട്ട് ചെയ്യുവാൻ മശാഇർ മെട്രോക്ക് കഴിയും. മൊത്തം ഒമ്പത് സ്റ്റേഷനുകൾ ഉണ്ട്. എട്ടു മുതൽ പത്തു വരെ വരെ മീറ്റർ ഉയരത്തിലാണ് പാളങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ജംറാ പാലങ്ങളുടെ മുകളിലാണ് അവസാന സ്റ്റേഷൻ.
ഓരോ വിശ്വാസിയുടെയും ആത്മീയതയെ ത്രസിപ്പിക്കുന്ന ചരിത്രങ്ങൾ മിനയുടെ ഒരോ മൺതരിയിലും അലിഞ്ഞുചേർന്നിട്ടുണ്ട്. ആ ചരിത്രങ്ങളായിരിക്കാം ഈ വിജനമായ താഴ്വരയെ ഹജ്ജിന്റെ വലിയ കർമ്മഭൂമി ആക്കി മാറ്റുന്നത്. അവിടെ എത്തുന്ന തീർഥാടകർ ആ ചരിത്രത്തിലേക്ക് ആത്മീയമായി മുങ്ങി നിവരുമ്പോൾ അവർക്ക് പുനർജന്മം ലഭിക്കുന്നു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ദൈവിക നിര്‍ദ്ദേശപ്രകാരം പ്രവാചകന്‍ ഇബ്രാഹീം(അ) മകന്‍ ഇസ്മാഈലിനെ ബലി നൽകുവാൻ തയ്യാറായ സ്ഥലം എന്നതാണ്. ആത്മീയ സത്യത്തിനു വേണ്ടിയുള്ള ഒരു പോരാട്ടമായിരുന്നു ഇബ്റാഹിം നബിയുടെ ജീവിതം. മെസപ്പെട്ടേമിയയിലെ സ്വന്തം നാട്ടിൽ അദ്ദേഹം മാന്യമായി ആ പോരാട്ടം തന്റെ പിതാവ്, രാജാവ്, നാട്ടുകാർ, സമ്പ്രദായങ്ങൾ എന്നിവരോടെല്ലാം ചെയ്തു. ആ ജീവിതത്തിന്റെ ഒരു പ്രധാന ഏടിനെ ലോകർക്ക് മുഴുവൻ സമർപ്പിക്കുവാൻ വേണ്ടിയെന്നോണം അല്ലാഹു പരിശുദ്ധ മക്കയിലേക്ക് എത്തിക്കുകയായിരുന്നു. അത് അവിടെ എത്തുവാൻ അദ്ദേഹത്തിന്റെ ഈജിപ്തിലേക്കുള്ള പലായനം, ഹാജറാ ബീവിയുമായുള്ള വിവാഹം, ഇസ്മായിൽ എന്ന മകന്റെ ജനനം, അവരെ ചരിത്രം ഒട്ടും പ്രതീക്ഷിക്കുന്നില്ല ഇല്ലാത്ത മക്കയിൽ എത്തിച്ചത്, പിന്നെ ഉണ്ടായ സംഭവങ്ങൾ എന്നിവയെല്ലാം വഴിയായിരുന്നു അള്ളാഹു അവന്റെ ഉൾ ചങ്ങാതിയെ പരിശുദ്ധ മക്കയിൽ എത്തിച്ചത്. അവിടെ എത്തിച്ചതിനുശേഷമാണ് അദ്ദേഹത്തെയും മകനെയും കടുത്ത പരീക്ഷണത്തിന് വിധേയമാക്കിയത്. ഭൂമധ്യത്തിൽ തന്നെ അങ്ങനെ ഒരു പരീക്ഷണം നടന്നാൽ അത് അന്ത്യനാൾ വരെ മനുഷ്യന്റെ മനക്കണ്ണിന് മുമ്പിലുണ്ടാകും എന്നതാണ് അല്ലാഹുവിന്റെ നിശ്ചയം. ഇബ്രാഹിം നബി മകനെ ബലിയറുത്തത് ഈ താഴ്വരയിൽ വച്ചായിരുന്നു. മുസ്ദലിഫയിൽ നിന്ന് വാദീ മുഹസ്സറും കടന്ന് നാം മിനയിലേക്ക് ജംറകൾക്കടുത്തേക്ക് വരുമ്പോൾ ഇടതുവശത്തെ കുന്നിൽ ആ സ്ഥലം അടയാളപ്പെടുത്തിയിട്ടുണ്ട്.
ഈ ചരിത്രങ്ങൾക്ക് സാക്ഷിയായി മീനാ താഴ്‌വരയിൽ മസ്ജിദുൽ ഖൈഫ് നിലകൊള്ളുന്നു. വെള്ളം ഒലിക്കുന്ന തോടിന്റെ ഉയർന്നു നിൽക്കുന്ന കരയ്ക്കാണ് അറബിയിൽ ഖൈഫ് എന്ന് പറയുക. മിനയുടെ തെക്കുഭാഗത്തെ മലയുടെ ചരിവിലാണ് ഈ പള്ളി. മക്കാ മേഖലയിലെ മൂന്നാമത്തെ ഏറ്റവും വലിയ പള്ളിയാണിത്. നബി തിരുമേനി(സ) തന്റെ ഹജ്ജിന് വന്നപ്പോൾ ഈ പള്ളിയിൽ നിസ്കരിച്ചത് ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. ഈ പള്ളിയിൽ എല്ലാ പ്രവാചകന്മാരുടെയും പാദസ്പർശം ഉണ്ടായിട്ടുണ്ട് എന്നാണ് ചരിത്രങ്ങളെല്ലാം പറയുന്നത്. അതുകൊണ്ട് ഈ പള്ളി മസ്ജിദുൽ അമ്പിയാഅ് എന്നും അറിയപ്പെടുന്നു. 23,500 ചതുരശ്രമീറ്റർ വിശാലതയുള്ള ഈ പള്ളിയിൽ 25000 പേർക്ക് ഒരേ സമയം നിസ്കരിക്കാം. നബി തിരുമേനിയുടെ ജീവചരിത്രത്തിലെ പ്രധാന രണ്ട് സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച താഴ് വരയുമാണിത്.
മദീനയിലേക്കുള്ള പ്രവാചകന്റെ ഹിജ്റക്ക് മുന്‍പായി നടന്ന രണ്ട് അഖബ ഉടമ്പടികൾ നടന്നത് ഇവിടെ വെച്ചാണ്. ആ രണ്ട് ഉടമ്പടികളായിരുന്നു നബിക്കും ഇസ്ലാമിനും മദീനയിൽ ഇടം ഉറപ്പാക്കിയത്. ഒന്നാം ഉടമ്പടി 12 പേരുമായും രണ്ടാം ഉടമ്പടി 73 പേരുമായും ആയിരുന്നു. ഈ ചരിത്രത്തെ ഓർമ്മപ്പെടുത്താനായി അബ്ബാസീ ഖലീഫ അബൂ ജഅ്ഫറുൽ മൻസ്വൂർ ഹിജ്റ 144 ൽ ഇവിടെ ഒരു പള്ളി നിർമ്മിച്ചിട്ടുണ്ട്. അവസാന ജംറയിൽ നിന്ന് മക്കയുടെ ദിശയിൽ വെറും 500 മീറ്ററകലെ ഈ പള്ളി ഇപ്പോഴും കാണാം. നബി തങ്ങൾക്ക് അവസാനമായി അവതരിച്ച പൂര്‍ണ്ണ അദ്ധ്യായം സൂറതുന്നാസ് അവതീര്‍ണമായതും ഇവിടെയാണ്. വൽ മുർസലാത്ത് അധ്യായവും ഇവിടെയാണ് അവതരിച്ചത് എന്ന് ഇബ്നു മസ്ഊദ്(റ) പറയുന്നുണ്ട്.
ജംറകൾ മറ്റൊരു ചരിത്ര സാക്ഷിയാണ്. ലോകത്തെ ഏറ്റവും വലിയ ത്യാഗത്തിന് ഇബ്റാഹിം നബിയും അതിന് ക്ഷമാപൂർവ്വം വിധേയനാകുവാൻ ഇസ്മാഈൽ നബിയും തയ്യാറെടുത്ത സമയത്ത് ആ ത്യാഗത്തെ തടസ്സപ്പെടുത്താൻ പിശാച് വന്നപ്പോൾ അവർ ഇരുവരും പിശാചിനെ കല്ലെറിഞ്ഞാട്ടുകയായിരുന്നു. അതിന്റെ ഓർമ്മ നിലനിൽക്കുവാൻ വേണ്ടി അല്ലാഹു ആ കർമ്മത്തെ ഹജ്ജിന്റെ ഭാഗമായി നിലനിറുത്തി. അതാണ് കല്ലേറ് കർമ്മം. പ്രതികാത്മകമായതിനാൽ കല്ലെറിയുന്ന ലക്ഷ്യത്തിൽ അടയാളം വേണം. അതിനായി ഒരു സ്തൂപം ഉണ്ടാക്കി. അത് ഇപ്പോൾ ഹാജിമാരുടെ ബാഹുല്യം കാരണം വിപുലീകരിച്ചിട്ടുണ്ട്. ഒരേ സമയം കല്ലേറ് കർമ്മം നടക്കേണ്ടതിനാലും അത് മതപരമായ ബാധ്യത ആയതിനാലും അപകടങ്ങളും ദുരന്തങ്ങളും പതിവായതിനാലും ജംറകൾക്കു മുകളിൽ സൗദി ഹജ്ജ് മന്ത്രാലയം തട്ടായി പാലങ്ങൾ നിർമ്മിച്ചു. 2006 ൽ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾ 2007 ൽ അവസാനിച്ചപ്പോൾ ജംറ പാലങ്ങൾ മൂന്നു തട്ടാണ്. ഇപ്പോൾ അത് അഞ്ചാക്കിയിട്ടുണ്ട്. ഓരോ തട്ടും 12 മീറ്റർ ഉയരത്തിലാണ്.
ഏകദേശം ഒരു കിലോമീറ്ററോളം നീളവും എൺപത് മീറ്റർ വീതിയുമുള്ള ഈ സംവിധാനത്തിന് ഒരു മണിക്കൂറിൽ മൂന്നു ലക്ഷം തീർഥാടകരെ ഉൾക്കൊള്ളാൻ കഴിയും. മിനായിലൂടെ കടന്നുപോകുന്ന മേഞ്ഞ നടപ്പാത ലോകത്തിലെ തന്നെ ഏറ്റവും വലിയ നടപ്പാതയാണ്. അറഫയിലെ അൽ റഹ്മ മലയുടെ താഴെ നിന്നാരംഭിക്കുന്ന ഈ നടപ്പാത്ത മക്കയിൽ മസ്ജിദുൽ ഹറാമിനടുത്തു വരെ എത്തുന്നു. നടന്ന് മാത്രം പോയി ഹജ്ജ് ചെയ്യുവാൻ ഇതിനാൽ തീർഥാടകർക്കു കഴിയും.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso