Thoughts & Arts
Image

ജലം: അമൃത്, അനുഗ്രഹം

30-05-2023

Web Design

15 Comments





ഹൈഡ്രോളജി എന്ന ജലശാസ്ത്രം വളർന്നു വന്ന സ്ഥിതിക്ക് ഇക്കാലത്ത് അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹവും വിശുദ്ധ ഖുർആനിന്റെ അമാനുഷികതയും തെളിയിക്കാൻ ഒരു തുളളി വെള്ളം മാത്രം മതിയാകും എന്നതാണ് സത്യം. ജലത്തിന്റെ രൂപീകരണം, ജലത്തിന്റെ ലഭ്യത, വിതരണത്തിന്റെ ആശ്രയങ്ങൾ, ജലചംക്രമണം, ജലത്തിന്റെ രാസഗുണങ്ങള്‍, ഭൗതിക ഗുണങ്ങള്‍, വിവിധ അവസ്ഥകളിലൂടെയുള്ള കടന്നുപോക്ക് എന്നിവയെല്ലാം ഹൈഡ്രോളജിയില്‍ കൃത്യമായ പഠനങ്ങള്‍ക്ക് വിധേയമാകുന്നു. ജീവജാലങ്ങള്‍ക്കായി അല്ലാഹു സംവിധാനിച്ച വലിയ അനുഗ്രഹങ്ങളിലൊന്നാണ് ജലം. ജലത്തിന്റെ അഭാവത്തില്‍ ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പുതന്നെ അസാധ്യമാണ്. ആദ്യം നമുക്ക് ഈ അനുഗ്രഹത്തിന്റെ ആഴവും വ്യാപ്തിയും വലുപ്പവും കാണാം. മനുഷ്യരടക്കം ഓരോ ജീവികളുടെയും വളര്‍ച്ചയില്‍ വെള്ളത്തിന്റെ പങ്ക് അനല്‍പ്പമാണ്. സസ്യങ്ങള്‍ മണ്ണിനടിയില്‍ നിന്നും ആവശ്യമായ വെള്ളം തന്റെ വേരിലൂടെ വലിച്ചെടുക്കുന്നു. അതുപയോഗിച്ച് അവ വ്യത്യസ്ത പഴവര്‍ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഒട്ടുമിക്ക ജീവികളും സസ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്നു. വെള്ളം നഷ്ടമാകുന്നതോടു കൂടി സസ്യങ്ങളും മറ്റു ജീവികളുമെല്ലാം ഇല്ലാതാകുന്നു. ഇത്രയും ജീവലോകത്തിന് പ്രധാനമായ ജലത്തെ എങ്ങനെയാണ് ഒരാള്‍ക്ക് മറക്കാന്‍ കഴിയുന്നത്? അതുകൊണ്ടാണ് അതിനെ ഓർമ്മിപ്പിച്ചു കൊണ്ട് അല്ലാഹു അവന്റെ ദൈവത്വത്തിലേക്ക് ക്ഷണിക്കുന്നത്. അല്ലാഹു പറയുന്നു: നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്‌കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്’. (ഖുര്‍ആന്‍ 2:22)



ജൈവവസ്തുക്കളുടെ അടിസ്ഥാന ഘടകവും ജീവാധാരവും ജലമാണ്. ജലത്തിന്റെ ലഭ്യതയെ ആശ്രയിച്ചാണ് കോശങ്ങളുടെ നിലനില്‍പ്പുതന്നെ. ഏതൊരു ജൈവശരീരത്തെയും വിഘടനത്തിന് വിധേയമാക്കുമ്പോള്‍ പ്രധാനമായും നമുക്ക് ലഭിക്കുന്നത് വെള്ളമാണ്. എല്ലാ ചരാചരങ്ങള്‍ക്കും ജലം അനുപേക്ഷണീയമാണ്. ജലമില്ലെങ്കില്‍ സസ്യങ്ങളുണ്ടാവില്ല. സസ്യങ്ങളില്ലെങ്കില്‍ ഭക്ഷ്യമുണ്ടാവില്ല. ഭക്ഷണമില്ലെങ്കില്‍ മനുഷ്യനടക്കം ജീവികൾക്ക് ജീവിതമുണ്ടാവില്ല. സസ്യങ്ങളുടെ ഭാരത്തില്‍ 50 ശതമാനം വരെ വെറും ജലമാണ്. ജലജന്യമായ ഘടകങ്ങൾ വേറെ. സസ്യങ്ങളിലെ ഒരു ഇനമാണ് ജല സസ്യങ്ങൾ. ജലത്തിന് പുറത്തോ ചതുപ്പു നിലങ്ങളിലല്ലാതെയോ അവക്ക് അതിജീവിക്കാനേ കഴിയില്ല. അത്തരം ജലസസ്യങ്ങളില്‍ വെള്ളത്തിന്റെ അളവ് 95 ശതമാനത്തില്‍ ഏറെയാണ്. മനുഷ്യന്റെ ശരീരത്തിലാവട്ടെ, 70 ശതമാനത്തോളം ജലമാണ്. രക്തത്തിന്റെയും ജീവകോശങ്ങളുടെയും മുഖ്യഘടകം ജലം തന്നെയാണ്. ഗര്‍ഭസ്ഥ ശിശുവിനെ ഒരു ജലജീവിക്ക് തുല്യമായി വിശേഷിപ്പിക്കാം. അതിന്റെ ശരീരത്തിൽ ഉള്ളതെല്ലാം വെള്ളമോ അതിനു സമാനമായ ഭാഗങ്ങളോ മാത്രമാണ്. ശരീരത്തിന്റെ താപനില ക്രമീകരിക്കാനും കോശങ്ങൾ വളരാനും ജലം അനിവാര്യമാണ്. ശാരീരിക പ്രവർത്തനങ്ങൾക്ക് വേണ്ട ഒരു അടിസ്ഥാനവിഭവമാണ് ജലം. എല്ലാ ജൈവവസ്തുക്കളെയും സൃഷ്ടിച്ചത് വെള്ളത്തില്‍ നിന്നാണെന്നാണ് പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. അല്ലാഹു പറയുന്നു: ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? (ഖുര്‍ആന്‍: 21:30)



വെള്ളം മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്ക് പുതുചൈതന്യം നല്‍കുന്നതോടൊപ്പം ശരീരത്തിന്റെ താപനില സമതുലനപ്പെടുത്തുന്നതിന്നും ദഹനപ്രക്രിയ സുഗമമാക്കുന്നതിന്നും ശ്വസനസംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നതിന്നും ശരീരത്തില്‍ നിന്ന് വേസ്റ്റ് പുറംതള്ളുന്നതിന്നും സഹായകമാകുന്നുണ്ട്. മനുഷ്യശരീരത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വെള്ളമാണ്. അസ്ഥികളില്‍ പോലും അടങ്ങിയ ജലത്തിന്റെ അളവ് 22 ശതമാനമാണ്. മനുഷ്യനെ അല്ലാഹു ജലത്തില്‍ നിന്നാണ് സൃഷ്ടിച്ചതെന്ന് പറയുക വഴി വിശുദ്ധ ഖുര്‍ആന്‍ എത്ര സമര്‍ഥമായാണ് അതിന്റെ അപ്രമാദിത്വം ബോധ്യപ്പെടുത്തിയത്. അവന്‍ തന്നെയാണ് വെള്ളത്തില്‍ നിന്ന് മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്. നിന്റെ രക്ഷിതാവ് കഴിവുള്ളവനാകുന്നു എന്ന് ഖുർആൻ വിളംബരം ചെയ്യുന്നു. (ഖുര്‍ആന്‍ 25:54) ഇത്രയും വലിയ ഇന്ത്യലോകം ആശ്രയിക്കുന്ന വെളളത്തിന്റെ അളവു കൂടി ഈ പഠനത്തിൽ നാം ഉൾപ്പെടുത്തേണ്ടത്. അപ്പോൾ അല്ലാഹു ഈ പ്രപഞ്ചത്തിലെ എത്ര ചെറിയ ഒരു അളവ് കൊണ്ടു മാത്രം ജീവലോകത്തെ നിലനിറുത്തുന്നു എന്ന് അതിൽ നിന്ന് മനസ്സിലാക്കാം. ആ തിരിച്ചറിവ് നമ്മെ അല്ലാഹുവിന്റെ അധീശാധികാരത്തിലേക്ക് ആനയിക്കും. ഭൂമിയില്‍ നമുക്ക് ലഭ്യമായ വെള്ളത്തില്‍ തന്നെ പരിമിതമായ അളവ് മാത്രമേ ഉപയോഗയോഗ്യമുള്ളൂ. ഒരു ജലഗോളമായ ഭൂമിയിലെ ജലത്തിന്റെ 97.5 ശതമാനവും ഉപ്പുകലര്‍ന്ന സമുദ്രജലമാണ്. ഭൂഗോളത്തിലെ മൊത്തം ജലത്തിന്റെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലം. ഈ രണ്ടര ശതമാനം ശുദ്ധജലത്തിന്റെ 70 ശതമാനവും മഞ്ഞും മഞ്ഞുകട്ടയുമാണ്. 30 ശതമാനത്തിനടുത്ത് ഭൂഗര്‍ഭ ജലവും. ഭൂമിയിലെ മൊത്തം ശുദ്ധജലത്തിന്റെ അര ശതമാനം മാത്രമാണ് നദികളിലും തടാകങ്ങളിലും തണ്ണീര്‍ത്തടങ്ങളിലുമെല്ലാമുള്ള ഉപരിതല ശുദ്ധജലം. 0.05 ശതമാനം ശുദ്ധജലം നീരാവിയായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു. (മാതൃഭൂമി ഇയര്‍ബുക്ക് 2015 പേജ് 325)



ജലത്തിന്റെ ഉറവിടം



ഭൂമിയില്‍ ജലം നിലനില്‍ക്കുന്നത് സാധാരണയായി ഖരം ദ്രാവകം വാതകം എന്നീ മൂന്നവസ്ഥകളിലാണ്. മഞ്ഞ് (ഖരം), വെള്ളം(ദ്രാവകം), നീരാവി(വാതകം) എന്നിവ അതിന് ഉദാഹരണങ്ങളാണ്. ഈ രൂപകങ്ങളെ ഒരു കൃത്യമായ ചാക്രിക ശ്രംഖലയിൽ ബന്ധിപ്പിച്ചാണ് നിലനിറുത്തിയിരിക്കുന്നത്. അല്ലാതെ കുറേ വെള്ളം പല വഴിക്കുമായി ഒഴുകിവരികയും അത് നമ്മളങ്ങനെ ഉപയോഗിച്ച് തീർക്കുകയും അല്ല ചെയ്യുന്നത്. മറിച്ച് അത് പരസ്പര ആശ്രീതമായ ഒരു ചാക്രിക ശ്രംഖലയിൽ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഈ ശ്രംഖല വാട്ടർ സൈക്കിൾ എന്നറിയപ്പെടുന്നു. നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ജലത്തിന്റെ അളവ് ഒരിക്കലും വ്യതിചലിക്കാത്ത ഈ ജലചംക്രമണത്തെ ആശ്രയിച്ചാണുള്ളത്. അതിനാൽ ചംക്രമണത്തിലേക്കുള്ള വരവും പോക്കും നമ്മൾ ജാഗ്രതയോടെ സംരക്ഷിക്കുന്നു എങ്കിൽ ആയിരിക്കും നമ്മുടെ ജലം ആശങ്കകളിൽ നിന്ന് അകലുക. അടുത്ത നൂറ്റാണ്ടിലെ ഏറ്റവും പ്രധാന യുദ്ധങ്ങൾ ജലത്തിന് വേണ്ടിയുള്ളതായിരിക്കും എന്ന അനുമാനങ്ങൾ ശക്തിപ്പെട്ടു നിൽക്കുന്ന ഈ സാഹചര്യത്തിൽ ഈ പറഞ്ഞത് ഏറെ പ്രസക്തമാണ്. നമ്മുടെ പ്രധാന ഊര്‍ജസ്രോതസ്സായ സൂര്യനാണ് വാട്ടര്‍ സൈക്കിളിന്റെ പ്രേരകശക്തി. സൂര്യന്റെ സഹായത്താല്‍ മണ്ണ്, സമുദ്രം, അന്തരീക്ഷം എന്നിവയിലൂടെ ജലം നിരന്തരം ചംക്രമണം നടത്തിക്കൊണ്ടിരിക്കുന്നു. 1580 ല്‍ ഫ്രഞ്ച് ഹൈഡ്രോളിക്‌സ് എഞ്ചിനീയറായിരുന്ന ബര്‍ണാഡ് പളിസി(Bernard Palissy)യാണ് ആദ്യമായി ഇന്നു നാം വിശദീകരിച്ചുകൊണ്ടിരിക്കുന്ന രൂപത്തില്‍ വാട്ടര്‍ സൈക്കിളിന് നിര്‍വചനം നല്‍കിയത്. സമുദ്രങ്ങളില്‍ നിന്നും, മഞ്ഞുകളില്‍ നിന്നും, അരുവികളില്‍ നിന്നും, ചെടികളില്‍ നിന്നും മറ്റു ജീവജാലങ്ങളില്‍ നിന്നുമായി ബാഷ്പീകരിക്കപ്പെടുന്ന ജലം മുകളിലെ തണുത്ത അന്തരീക്ഷത്തിലെത്തുമ്പോള്‍ മേഘമായി മാറുന്നു. പിന്നീട് ഈ മേഘപാളികള്‍ കാറ്റിന്റെ ഗതിവിഗതിക്കനുസരിച്ച് സഞ്ചരിക്കുകയും അനുകൂല സാഹചര്യമുണ്ടാകുമ്പോള്‍ അവ ഘനീഭവിച്ച് മഴയും മഞ്ഞുമായി ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നു.



മഴയായി ഭൂമിയില്‍പതിക്കുന്ന ജലത്തിന്റെ ഒരുഭാഗം ബാഷ്പീകരിച്ചുകൊണ്ട് അന്തരീക്ഷത്തിലേക്കു തന്നെ തിരിച്ചുപോവുകയും ബാക്കിയുള്ളത് ഭൂതലത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഭൂതലത്തിലെത്തിച്ചേരുന്ന വെള്ളത്തിന്റെ ഒരുഭാഗം ഭൂഗര്‍ഭജലമായി സൂക്ഷിക്കുകയും ബാക്കിയുള്ളവയില്‍ നിന്ന് സസ്യങ്ങളുടെ വേരുകള്‍ വലിച്ചെടുക്കുകയും വേരുകളില്‍ തങ്ങി നില്‍ക്കുന്ന ജലത്തിന്റെ ഒരുഭാഗം സസ്യങ്ങള്‍ പ്രകാശ സംശ്ലേഷണത്തിനായി ഉപയോഗിച്ചതിനുശേഷം അന്തരീക്ഷത്തിലേക്കുതന്നെ വിടുകയും ചെയ്യുന്നു. മറ്റൊരുഭാഗം മണ്ണിലെ ചെറുസുഷിരങ്ങളിലൂടെ ബാഷ്പീകരിച്ച് അന്തരീക്ഷത്തിലെത്തിച്ചേരുന്നു. ഒരുഭാഗം മണ്ണിലൂടെ സഞ്ചരിച്ച് നദികളിലും കായലുകളിലും അവസാനം കടലിലും എത്തിച്ചേരുന്നു. മേഘങ്ങളെ കാറ്റുപയോഗിച്ച് ആകാശത്തിലൂടെ വ്യാപിപ്പിച്ച് മേഘപാളികള്‍ക്കിടയിലൂടെ മഴവര്‍ഷിപ്പിക്കുന്ന അല്‍ഭുതകരമായ പ്രതിഭാസത്തെകുറിച്ച് വിശുദ്ധഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. മഴക്കുശേഷം നിര്‍ജീവമായിക്കിടന്നിരുന്ന പ്രദേശങ്ങളില്‍ മുളച്ചുപൊന്തുന്ന സസ്യങ്ങളില്‍ വിവേകമതികള്‍ക്ക് പുനരുജ്ജീവനത്തെ കുറിച്ച വലിയ ചിന്തകളും വിശുദ്ധഖുര്‍ആന്‍ നല്‍കുന്നു. അല്ലാഹു പറയുന്നു: അല്ലാഹു കാര്‍മേഘത്തെ തെളിച്ച് കൊണ്ട് വരികയും, എന്നിട്ട് അത് തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. എന്ന് നീ കണ്ടില്ലേ? അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്ത് വരുന്നതായി നിനക്ക് കാണാം. ആകാശത്ത് നിന്ന് - അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന് - അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു. (ഖുര്‍ആന്‍ 24:43)



വാട്ടർ സൈക്കിൾ എന്ന പ്രപഞ്ചാൽഭുതത്തെ കുറിച്ചും അത് വിശുദ്ധ ഖുർആൻ നേരത്തെ പറഞ്ഞുവച്ച അമാനുഷികതയുടെ അടയാളത്തെ കുറിച്ചും നാം പറഞ്ഞു. ഇനി ആ ശ്രംഖലയിലെ കണ്ണി ചേർക്കുന്ന അഥവാ മഴയായി പെയ്യുന്ന കൗതുകത്തെ കുറിച്ചു പറയാം. സൂര്യന്റെ ചൂടേറ്റ് ഭൗമോപരിതലത്തിലെ ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് ഉയര്‍ന്ന് മേഘങ്ങളാവുന്നു. ഈ മേഘങ്ങള്‍ ഘനീഭവിച്ച് വെള്ളത്തുള്ളികളായി ഭൗമോപരിതലത്തില്‍ പതിക്കുന്നു. ഇതാണ് മഴ. വിക്കി പീഡിയയിലെ Rain എന്ന പേജ് വായിച്ചാൽ ഇതു വ്യക്തമാകും. കൂടുതല്‍ തണുപ്പുള്ള പ്രദേശങ്ങളില്‍ ജലമായിട്ടല്ലാതെ ഐസായും മഴയുണ്ടാകാം. ഉഷ്ണമേഖലാ പ്രദേശങ്ങളിലും അതിനോട് ചേര്‍ന്ന്കിടക്കുന്നയിടങ്ങളിലും ചില സമയത്ത് ഐസ് കഷ്ണങ്ങളും വീഴാം. ഇവയെയാണ് നമ്മള്‍ ആലിപ്പഴം എന്നു വിളിക്കാറുള്ളത്. അല്ലാഹു നമുക്ക് നല്‍കിയ വലിയൊരനുഗ്രഹമാണ് മഴ. മഴയിലൂടെ ജന്തുജാലങ്ങള്‍ക്ക് പുതിയ ഉണര്‍വും ഉന്‍മേഷവും ലഭിക്കുന്നതോടൊപ്പം സസ്യജാലങ്ങള്‍ക്ക് പുതിയ ജീവന്‍ ലഭിക്കുന്നു. വരണ്ടുണങ്ങിയ ഭൂമി ചൈതന്യവത്താകുന്നു. ഇതിലെല്ലാം ചിന്തിക്കുന്നവര്‍ക്ക് വലിയ പാഠങ്ങളാണുള്ളത്. ഖുര്‍ആനിന്റെ വിശദീകരണം ശ്രദ്ധിക്കുക: നീ കണ്ടില്ലേ, അല്ലാഹു ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് ഭൂമിയിലെ ഉറവിടങ്ങളില്‍ അതവന്‍ പ്രവേശിപ്പിച്ചു. അനന്തരം അത് മുഖേന വ്യത്യസ്ത വര്‍ണങ്ങളിലുള്ള വിള അവന്‍ ഉല്‍പാദിപ്പിക്കുന്നു. പിന്നെ അത് ഉണങ്ങിപോകുന്നു. അപ്പോള്‍ അത് മഞ്ഞനിറം പൂണ്ടതായി നിനക്ക് കാണാം. പിന്നീട് അവന്‍ അതിനെ വൈക്കോല്‍ തുരുമ്പാക്കുന്നു. തീര്‍ച്ചയായും അതില്‍ ബുദ്ധിമാന്‍മാര്‍ക്ക് ഒരു ഗുണപാഠമുണ്ട്. (ഖുര്‍ആന്‍ 39:21)



ഈ ആയത്തുകളുടെയെല്ലാം ധ്വനി മഴ അല്ലാഹുവിന്റെ ഒരു ദൃഷ്ടാന്തമാണ് എന്നതാണ്. അതു തെളിയിക്കുന്ന അനുഭവങ്ങളാണ് നമുക്കുളളത്. അഥവാ അല്ലാഹു മുഹമ്മദ് നബി(സ)ക്ക് ഹൈഡ്രോളജി എന്ന പേരിൽ ഒരു ശാസ്ത്രം വരാതിരിക്കുന്നു എന്ന അനുമാനം പോലും ഇല്ലാത്ത ഒരു കാലത്ത് ഇതെല്ലാം ഇത്ര കൃത്യമായി വിശുദ്ധ ഖുർആൻ വിവരിക്കുമ്പോൾ ഈ ആയത്തുകളുടെ ആഴം വിശ്വാസികൾക്ക് അത്ര തന്നെ ബോധ്യമായിരുന്നില്ല. പക്ഷെ, ഇന്ന് മഴയുടെ ഓരോ സവിശേഷതകളും കൗതുകങ്ങളും കേൾക്കുമ്പോൾ ഖുർആനിന്റെ അമാനുഷികതയിലേക്ക് നമ്മുടെ മനസ്സ് ഉണരും.



ഓരോ പ്രദേശത്തെയും മഴയുടെ ലഭ്യതയിലും രീതിയിലും സ്വഭാവത്തിലുമെല്ലാം ചെറിയ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴയുണ്ടാകുമ്പോള്‍ തന്നെ അടുത്ത പ്രദേശങ്ങളില്‍ മഴയുടെ യാതൊരടയാളങ്ങളും കാണാറില്ല. ചിലയിടങ്ങളില്‍ ചാറ്റല്‍ മഴയുണ്ടാകുന്നു. ചില സമയങ്ങളില്‍ ആലിപ്പഴങ്ങള്‍ വരെ വര്‍ഷിക്കുന്ന രൂപത്തില്‍ മഴയുണ്ടാകുന്നു. മേഘപാളികളില്‍ നിന്നു ഭൂമിയിലെത്തുന്ന മഴത്തുള്ളികള്‍ക്ക് സാധാരണയായി ഒന്നുമുതല്‍ അഞ്ചു മി.മീ വരെ വ്യാസം കാണും. മേഘപാളികളുടെ കീഴ്ഭാഗത്തു കാണപ്പെടുന്ന മഴത്തുള്ളികള്‍ പലപ്പോഴും ഇതിലും വലിയ തുള്ളികളായിരിക്കുമെങ്കിലും ഭൂമിയിലേക്കുള്ള സഞ്ചാരത്തിനിടയില്‍ വായുവിന്റെ ഘര്‍ഷണം മൂലം ചിന്നിച്ചിതറി ഇവ ചെറിയ തുള്ളികളാകുന്നു. സാധാരണ കാണപ്പെടുന്ന മഴത്തുള്ളികള്‍ക്ക് 0.1 മുതല്‍ 2.0 മി.മീ വരെ വ്യാസം കാണും. ചാറ്റല്‍ മഴത്തുള്ളികളുടെ വ്യാസം 0.1 മി.മീ ലും കുറവാണ്. ചാറ്റല്‍ മഴ ഒരേപോലുള്ള ധാരാളം ചെറിയ ജലകണികകള്‍ ചേര്‍ന്നുണ്ടാകുന്നതാണ്. വളരെ ചെറിയ ഈ ജലകണികകള്‍ കാറ്റിന്റെ ഗതിയും വേഗവുമനുസരിച്ച് ആടി ഉലയുന്നതുപോലെ തോന്നിക്കും. ഇവ സാധാരണ വളരെ താഴ്ന്ന തലത്തിലുള്ള പാളിമേഘങ്ങളില്‍ നിന്നാണ് ലഭിക്കാറുള്ളത്. സാക്ഷാൽ മഴയാവട്ടെ കട്ടികൂടിയ പാളിമേഘങ്ങളില്‍ നിന്നു ലഭിക്കുന്നു. ആലിപ്പഴം ഹിമക്കട്ടകളാണ്. അവയുടെ വ്യാസം ഒന്നുമുതല്‍ അഞ്ചു സെന്റിമീറ്റര്‍ വരെ കാണും. ചിലപ്പോള്‍ അതിലും വലിപ്പം വളരെ കൂടിയ ആലിപ്പഴവും പെയ്യാറുണ്ട്. (മഴ, സി.കെ രാജന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്) ഈ അവസാനമായി പറഞ്ഞ ആലിപ്പഴ വർഷം വരെയുള്ള കാര്യങ്ങൾ വിശുദ്ധ ഖുർആനും വിവരിക്കുന്നുണ്ട് എന്നതാണ് കൗതുകം. ഖുർആൻ പറയുന്നു: ആകാശത്ത്‌ നിന്ന്‌ -അവിടെ മലകള്‍ പോലുള്ള മേഘകൂമ്പാരങ്ങളില്‍ നിന്ന്‌ -അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട്‌ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അത്‌ അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ അത്‌ തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്‍റെ മിന്നല്‍ വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.(24:43)



---------

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso