Thoughts & Arts
Image

അറഫയെന്ന അഭയം

30-05-2023

Web Design

15 Comments






ഹജ്ജിന്റെ ആത്മാവ് കുടികൊള്ളുന്നത് അറഫയിലാണ്. ഹജ്ജ് എന്നാൽ അറഫയാണ് എന്ന തിരുവചനം മാത്രം മതി അതു മനസ്സിലാക്കുവാൻ. ദുൽ ഹജ്ജ് ഒമ്പതിന് ളുഹറിന്റെയും അന്നത്തെ രാത്രി പുലരുന്ന സുബ്ഹിന്റെയും ഇടയിൽ ഇഹ്‌റാം ചെയ്ത് ഇവിടെ എത്തിച്ചേരാത്ത ഒരാൾക്ക് ഹജ്ജ് ലഭിക്കുകയില്ല. ഈ സമയത്തിനിടക്ക് എപ്പോൾ അറഫയിൽ വന്നാലും അവിടെ നിന്നതായി പരിഗണിക്കും. സൂര്യാസ്തമയ ശേഷമേ അറഫയിൽ നിന്ന് മടങ്ങാവൂ എന്നാണ്. ഇത് ഹജ്ജിന്റെ ഒരു പ്രധാന ബാദ്ധ്യതയാണ്. പകലും രാത്രിയും വരാത്ത നിറുത്തം ഉണ്ടായില്ലെങ്കിൽ അതിന് പ്രായശ്ചിത്തം നൽകേണ്ടിവരുമെന്നാണ് കർമ്മശാസ്ത്രം. മക്കയിലെ മസ്ജിദുൽ ഹറാമിൽനിന്ന് ഇരുപത്തിരണ്ടും മിനായിൽ നിന്ന് പത്തും മുസ്ദലിഫയിൽ നിന്ന് ആറും കിലോമീറ്റർ അകലെ തെക്കുകിഴക്ക്‌ ഭാഗത്തായി പർവതങ്ങൾ ചുറ്റും അതിരിട്ടു നിൽക്കുന്ന വിശാലമായ ഒരു സ്ഥലമാണ് അറഫ. അറഫാ സംഗമം ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഒരേസമയം സംഗമിക്കുന്ന അപൂർവ സ്ഥലം കൂടിയാണ്. ഏകദേശം 18 കിലോമീറ്റർ വിസ്തൃതിയിലാണ് അറഫ എന്ന പ്രദേശം നിലകൊളളുന്നത്. അറഫ മൈതാനത്തിന് ഒരുവശത്ത് അതിരിടുന്നത് കാരുണ്യത്തിന്റെ മല എന്ന അർഥമുള്ള ജബലുർറഹ്‌മയാണ്. അറഫയുടെ കിഴക്കുഭാഗത്തായി റോഡ് നമ്പർ ഏഴിന്റെയും എട്ടിന്റെയും ഇടയിൽ സ്ഥിതിചെയ്യുന്ന മലയാണ് ജബലുർറഹ്മ. മസ്ജിദു നമിറയുടെ ഒന്നര കിലോമീറ്റർ ദൂരെയാണ് ഇത്. 65 മീറ്റർ മാത്രം ഉയരമാണ് ഈ പർവതത്തിനുള്ളത്. സമുദ്രനിരപ്പിൽനിന്ന് 372 മീറ്റർ. തെക്കുഭാഗത്ത് 170 മീറ്ററും വടക്കുഭാഗത്ത് രണ്ടു മീറ്ററുമാണ് മലയുടെ നീളം. പടിഞ്ഞാറു ഭാഗത്ത് 100 മീറ്ററും കിഴക്കു ഭാഗത്ത് 170 മീറ്ററുമാണ് വീതി. ആകെ വിസ്തീർണം 240 ചതുരശ്ര മീറ്റർ. നബി(സ) തന്റെ ഹജ്ജ് വേളയിൽ അറഫയിൽനിന്നതും പ്രാർഥന നിർവഹിച്ചതും ഈ മലയുടെ താഴ്​വാരത്തുനിന്നാണ്. നബി(സ) ഇവിടെ വെച്ചു നടത്തിയ ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം ഇസ്ലാമിക ചരിത്രത്തിനും മനുഷ്യന്റെ സാംസ്കാരിക വളർച്ചക്കും വലിയ മുതൽക്കൂട്ടാണ്.



സ്വർഗ്ഗത്തിൽനിന്ന് പുറത്താക്കപ്പെട്ട് പരസ്പരം വേർപെട്ടുപോയി ഭൂമിയിലെത്തിയ ആദം നബിയും ഹവ്വാ ബീവിയും ആദ്യമായി കണ്ടുമുട്ടിയത് അറഫയിലാണെന്ന് പറയപ്പെടുന്നു. അവർ പരസ്പരം തിരിച്ചറിഞ്ഞു എന്നത് സൂചിപ്പിക്കുന്നതാണ് അറഫ എന്ന പേര് എന്ന് പറയപ്പെടാറുണ്ട്. ജനങ്ങൾ ഇവിടെവെച്ച് അല്ലാഹുവിനോട്​ തങ്ങളുടെ തെറ്റുകൾ ഏറ്റുപറയുന്നതുകൊണ്ട് ഏറ്റുപറയുക എന്ന അർഥത്തിലുള്ള ഇഅ്ത്തറഫ എന്ന പദത്തിൽനിന്ന് ലഭിച്ചതാണ് ഈ നാമമെന്നും പറയപ്പെടുന്നുണ്ട്. ജിബ്‌രീൽ എന്ന മലക്ക് ഇബ്രാഹീം നബിക്ക് ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിച്ചുകൊടുത്തപ്പോൾ മനസ്സിലായോ എന്ന അർഥത്തിൽ അറഫ്‌ത എന്നു ചോദിച്ചു. ഇതിൽനിന്നാണ് അറഫ എന്ന വാക്ക് ഉണ്ടായത് എന്നും അഭിപ്രായപ്പെടുന്ന ചരിത്രകാരന്മാരുമുണ്ട്. ദേശ-ഭാഷാ-വർണ വ്യത്യാസമില്ലാതെ ലോക വിശ്വാസികൾ വർഷത്തിലൊരിക്കൽ ഒരുമിച്ചുകൂടി പരസ്പരം അറിയുകയും പ്രപഞ്ചനാഥന്റെ മാഹാത്മ്യം മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ഭൂമിക എന്ന അർഥത്തിലും അറഫ എന്ന നാമം ഏറെ പ്രസക്തമാണ്. ഇതെല്ലാം വാമൊഴികളും അനുമാനങ്ങളും ചൊല്ലുകളുമാണ്. പ്രാമാണികമായ തെളിവുകളുടെ പിൻബലം ഇവക്കൊന്നുമില്ല. മസ്ജിദുൽ ഹറാമിൽനിന്ന് അറഫയിലെത്താൻ ഒമ്പത് പ്രധാന റോഡുകളാണുള്ളത്. റിങ്​ റോഡുകളും ബൈപാസുകളും ധാരാളമുണ്ട്. പ്രദേശത്തെ ചൂട് നിയന്ത്രണത്തിനും അന്തരീക്ഷവായു ശുചീകരണത്തിനും പ്രത്യേക സംവിധാനങ്ങളുണ്ട്. തീർഥാടകർക്ക് തണൽ ലഭിക്കുന്നതിനായി നൂറുകണക്കിന് വേപ്പ് മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. അറഫയുടെ അതിരുകൾ പ്രത്യേകം രേഖപ്പെടുത്തിയ ഫലകങ്ങൾ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്.



അറഫയിലെ പള്ളിയാണ് മസ്ജിദ് നമിറ. ഹിജ്റ പത്താം വർഷം മുഹമ്മദ്‌ നബിയും അനുയായികളും അറഫയുടെ സമീപത്ത് നമിറ എന്ന സ്ഥലത്ത് നിർമ്മിച്ച തമ്പിൽ ഉച്ചവരെ കഴിച്ചു കൂട്ടുകയും ചെയ്തു. ളുഹറിന്റെ സമയമായപ്പോൾ നബി(സ) തന്റെ ഒട്ടകപുറത്ത് കയറി അറഫയുടെ പടിഞ്ഞാറ് ബത്വ് നുൽ വാദി എന്ന ഇന്ന് അറഫയിലെ നമിറ പള്ളി നിൽക്കുന്നിടത്തേക്ക് പുറപ്പെടുകയും ചെയ്തു. വാദി ഉർന എന്ന പ്രദേശത്തിന്റെ ചരുവാണ് ബത്വ് നുൽ വാദി. വാദി ഉർനയുടെ ഈ ഭാഗം മാത്രമേ അറഫയുടെ പരിധിയിൽ വരൂ. അവിടെ നിസ്കാരം കഴിഞ്ഞ് നബി തന്റെ ചരിത്രപ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തി. ഈ പ്രദേശത്താണ് പിന്നീട നമിറ പള്ളി സ്ഥാപിച്ചത്. ഹിജ്റ രണ്ടാം നൂറ്റാണ്ടിൽ അബ്ബാസീ ഖലീഫമാരാണ് ഈ സ്ഥലം പള്ളിയായി നിർമിച്ചത്. നിസ്കാരം കഴിഞ്ഞ് നബി തിരുമേനി ജബലുറഹ്മയിലെത്തുകയും സന്ധ്യ വരെ പ്രാർഥനയിൽ മുഴുകുകയും ചെയ്തുവെന്നാണ് ചരിത്രം. വലിയൊരു പളളിയാണിത്. കിഴക്ക് - പടിഞ്ഞാറ് 340 മീറ്ററും തെക്ക് - വടക്ക് 240 മീറ്ററും നീളമുളള 124,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ പള്ളിയിൽ മൂന്നു ലക്ഷം ആളുകൾക്ക് ഒരുമിച്ചു നമസ്കാരം നിർവഹിക്കാൻ സൗകര്യമുണ്ട്. 60 മീറ്റർ ഉയരമുള്ള 6 മിനാരങ്ങളും മൂന്ന് ഖുബ്ബകളും 10 പ്രധാന കവാടങ്ങള്യമുള്ള നമിറ പള്ളി സൗദി ഗവൺമെന്റ് വികസിപ്പിച്ചത് 237 മില്യൺ രിയാൽ ചെലവിലാണ്. അറഫാ ദിനത്തിലെ ളുഹർ, അസ്വർ നിസ്കാരങ്ങൾക്ക് മാത്രമാണ് ഈ പള്ളി തുറക്കുക. അറഫാ ദിനം ളുഹർ നിസ്കാരാനന്തരം സൗദീ ഗ്രാന്റ് മുഫ്തി ഈ പള്ളിയിൽ വെച്ച് ലോക മുസ്ലിംകളെ അഭിസംഭോധന ചെയ്യും.



അറഫാ ദിനം പ്രാർഥനക്കുള്ളതാണ്. ഹജ്ജ് ചെയ്യുന്നവർക്കും അല്ലാത്തവർക്കും ഈ ദിനവും ഈ സ്ഥാനവും സവിശേഷമാണ് എങ്കിലും ഹാജിമാർക്ക് ഇവിടവും ഈ ദിവസവും അതിപ്രധാനമാണ്. കാരണം ഹജ്ജിന്റെ ആത്മാവ് കുടികൊളളുന്നത് ഇവിടെയാണ്. പവിത്രമാക്കപ്പെട്ട നാല് മാസങ്ങളിലെ ഏറ്റവും സുപ്രധാനമായ ദിനങ്ങളില്‍ ഒന്നാണ് അറഫാ ദിനം. അമലുകള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ദുല്‍ഹിജ്ജ പത്തിലെ ഏറ്റവും സുപ്രധാനവും ശ്രേഷ്ഠവുമായ ദിനം. ദുല്‍ഹിജ്ജയിലെ ആദ്യത്തെ പത്തിനാണ് പകലുകളില്‍ റമദാനിലെ അവസാനത്തെ പത്തിനേക്കാള്‍ ശ്രേഷ്ഠത എന്ന് വരെ പണ്ഡിതന്മാര്‍ പറഞ്ഞതു കാണാം. അതിനവർ പറയുന്ന കാരണം അതില്‍ അറഫാദിനം ഉണ്ട് എന്നതും, നമസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് ഇവയെല്ലാം സംഗമിക്കുന്ന ഒരേയൊരു സന്ദര്‍ഭമാണ് അവ എന്നതുമാണ്‌. ഈ ദിനത്തെ വ്യംഗ്യമായി വിശുദ്ധ ഖുർആൻ എടുത്തു പറയുന്നതായി മുഫസ്സിറുകൾ സൂചിപ്പിക്കുന്നുണ്ട്. അവയിലൊന്ന് വിശുദ്ധ ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ സത്യം ചെയ്ത് പറഞ്ഞ ദിവസങ്ങളില്‍ ഒന്നാണ് അറഫാദിനം എന്നതാണ്. സൂറത്തുല്‍ ബുറൂജിലെ മശ്ഹൂദ് എന്നത് അറഫാദിനത്തെക്കുറിച്ചാണ് എന്ന് ചില ഹദീസുകളില്‍ വന്നിട്ടുണ്ട്. അബൂഹുറൈറ(റ) നിവേദനം: നബി (സ) പറഞ്ഞു: വാഗ്ദാനം ചെയ്യപ്പെട്ട ദിവസം (മൗഊദ് ) എന്നത് ഖിയാമത്ത് നാള്‍ ആണ്. സാക്ഷ്യം വഹിക്കപ്പെടുന്നത് (മശ്ഹൂദ്) എന്നത് അറഫാദിനവും, സാക്ഷി (ശാഹിദ്) എന്നത് ജുമുഅ ദിവസവുമാണ്. (തിർമുദി)



അല്ലാഹുവിന്‍റെ അനുഗ്രഹവും, ദീനും ഈ ഉമ്മത്തിനുമേല്‍ പൂര്‍ത്തീകരിക്കപ്പെട്ട ദിനമാണത് എന്നതാണ് മറ്റൊന്ന്. ഉമർ ബിൻ ഖത്താബ്(റ) പറയുന്നു: ജൂതന്മാരില്‍പ്പെട്ട ഒരാള്‍ എന്നോട് പറഞ്ഞു: അല്ലയോ അമീറുല്‍ മുഅ്മിനീന്‍,നിങ്ങളുടെ വേദഗ്രന്ഥത്തില്‍ നിങ്ങള്‍ പാരായണം ചെയ്യുന്ന ഒരായത്തുണ്ട്. അത് ഞങ്ങള്‍ ജൂതന്മാര്‍ക്കാണ് ഇറങ്ങിയിരുന്നതെങ്കില്‍ അതിറങ്ങിയ ദിവസത്തെ ഞങ്ങളൊരു ആഘോഷ ദിവസമാക്കുമായിരുന്നു. അദ്ദേഹം ചോദിച്ചു: ഏത് ആയത്താണത് ?. അയാള്‍ പറഞ്ഞു: ഇന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക്‌ ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. എന്ന ആയത്താണത്. അപ്പോള്‍ ഉമര്‍ (റ) പറഞ്ഞു: അതേത് ദിവസമാണ് എന്നും അതെവിടെ വച്ചാണ് നബി (സ) ഇറങ്ങിയതെന്നും ഞങ്ങള്‍ക്കറിയാം. വെള്ളിയാഴ്ച ദിവസം അദ്ദേഹം അറഫയില്‍ നില്‍ക്കുന്ന സമയത്താണ് അതിറങ്ങിയത്. (ബുഖാരി, മുസ്ലിം). മറ്റൊന്ന് അത് പാപമോചനത്തിന്‍റെയും, നരകമോചനത്തിന്‍റെയും ദിനമാണ് എന്നതാണ്. ആഇശ (റ) നിവേദനം: നബി (സ) പറഞ്ഞു: അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത് ?!. എന്ന് പറയുകയും ചെയ്യും. (മുസ്‌ലിം). അതായത് അറഫയില്‍ ഒരുമിച്ച് കൂടുന്നവരെ അല്ലാഹു പ്രശംസിക്കുകയും, അവരെന്താണോ ഉദ്ദേശിക്കുന്നത് അതവര്‍ക്ക് നല്‍കപ്പെടും എന്നോ, അതല്ലെങ്കില്‍ അവരുടെ ഈ ത്യാഗവും പരിശ്രമവും അല്ലാഹുവിന്‍റെ പ്രീതിയും തൃപ്തിയും ആഗ്രഹിച്ചുകൊണ്ടുള്ളതുമാത്രമാണ് എന്ന അര്‍ത്ഥത്തിലോ ആണ് അല്ലാഹു അപ്രകാരം പറയുന്നത് എന്നാണ് പണ്ഡിതന്മാര്‍ ഇതിന് നല്‍കുന്ന വിശദീകരണം. ഇതിൽ അറഫാ ദിനത്തിന്‍റെ ശ്രേഷ്ഠത വളരെ വ്യക്തമാണ്. താനും.



മറ്റൊരു സവിശേഷത, പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന ദിവസമാണ് എന്നതാണ്. നബി (സ) പറഞ്ഞു: ഏറ്റവും നല്ല പ്രാര്‍ത്ഥന അറഫാദിനത്തിലെ പ്രാര്‍ത്ഥനയാണ് (തിര്‍മിദി). ഈ സവിശേഷത ഹജ്ജ് തീർഥാടകരിൽ നിന്നും വിട്ട് ആകാശച്ചുടാകെ വ്യാപിക്കുന്നുമുണ്ട്. അറഫാദിനത്തിലെ നോമ്പ് കഴിഞ്ഞതും വരാനിരിക്കുന്നതുമായ വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാകും. അബൂ ഖതാദ(റ) നിവേദനം ചെയ്യുന്നു: നബി(സ)യോട് അറഫാദിനത്തിലെ നോമ്പിനെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോള്‍ അവർ പറഞ്ഞു: അത് കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ പൊറുക്കാന്‍ ഇടയാകും (മുസ്‌ലിം). ഇതിന്റെ അർഥം അറഫാ ദിനം ഹജ്ജ് ചെയ്തു കൊണ്ടിരിക്കുന്നവർക്ക് മാത്രമല്ല, എല്ലാ വിശ്വാസികൾക്ക് സവിശേഷമാണ് എന്നതാണ്. അറഫയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കുളിക്കുക, ളുഹ്ര്‍ നിസ്കരിക്കുന്നതിന് മുമ്പ് അറഫയില്‍ പ്രവേശിക്കാതിരിക്കുക. ജംഅ് അനുവദനീയമായവര്‍ ളുഹ്റോടൊപ്പം അസ്വര്‍ നിസ്കാരം മുന്തിച്ചു ജംആക്കുക, സൂര്യാസ്തമയം വരെ പരിപൂര്‍ണമായി അറഫയില്‍ താമസിക്കുക, പുരുഷൻമാർ നബി(സ്വ) നിന്ന സ്ഥലം മനസ്സിലാക്കി അവിടെ നില്‍ക്കുവാൻ ശ്രമിക്കുക, സ്ത്രീകള്‍ തിരക്കില്ലാത്ത ഒഴിഞ്ഞ സ്ഥലത്ത് മാത്രം നിൽക്കുക, ദിക്റുകളും ദുആകളുമെല്ലാം മുഴുകുക, ഔറത്ത് മറക്കുക, ശുദ്ധി ഉണ്ടായിരിക്കുക, ഖിബ് ലാക്ക് അഭിമുഖമായിരിക്കുക, നോമ്പ് ഇല്ലാതിരിക്കുക, വെയിലേല്‍ക്കുന്ന വിധത്തില്‍ നില്‍ക്കുക തുടങ്ങിയവയെല്ലാം അറഫാ സംഗമത്തിന്റെ സുന്നത്തുകളാണ്.



അറഫ വിശ്വാസികൾക്ക് അഭയമാണ്. പ്രാർഥിച്ചും സമർപ്പിച്ചും അല്ലാഹുവിൽ അലിഞ്ഞുചേരാൻ വിശ്വാസികൾക്കുളള അഭയവും അവസരവും.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso