Thoughts & Arts
Image

SYS@70-2

15-06-2023

Web Design

15 Comments





ഖാദിരിയ്യ, ശാദുലിയ്യ, രിഫാഇയ്യ മുതലായ ശരിയായ ത്വരീഖത്തുകളിലെ ശരിയായ ശൈഖുമാരുടെ കൈതുടര്‍ച്ചയും അവയുടെ റാത്തീബുകളും ത്വരീഖത്തിലെ ദിക്‌റുകള്‍ ചൊല്ലലും മൗലിദുകള്‍, ബദ്‌രിയ്യത്തു ബൈത്ത്, ബദര്‍മാല, മുഹ്‌യദ്ദീന്‍ മാല, രിഫാഈ മാല മുതലായ നേര്‍ച്ചപ്പാട്ടുകള്‍ ചൊല്ലുകയും ചൊല്ലിക്കുകയും ചെയ്യുന്നതും സലക്ഷ്യം സ്ഥാപിക്കപ്പെട്ട കാര്യങ്ങൾ തന്നെ എന്ന് പ്രമേയം വെട്ടിത്തുറന്നു പറഞ്ഞു. സമ്മേളനം മുടക്കുവാനും അതുവഴി സമസ്തയെ ഒതുക്കുവാനും ഹീനമായ കഠിന ശ്രമങ്ങൾ നടത്തിയ വഹാബികളുടെ ആശയങ്ങളെയും എതിർപ്പുകളെയും പറിച്ചറിഞ്ഞ ഈ പ്രമേയങ്ങളെ എല്ലാം സമസ്തയുടെ അണികൾ തക്ബീർ ധ്വനികളോട് കൂടെയാണ് പാസാക്കിയത്. ഇത് വരാനിരിക്കുന്ന കാലത്ത് ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത ആശയ സംരക്ഷണ പോരാട്ടത്തിന് സമസ്ത സജ്ജമാണ് എന്ന സന്ദേശം അവർക്ക് നൽകുന്നതായിരുന്നു അത്. പിന്നീടും ഇന്നുവരേക്കും അങ്ങനെ തന്നെ പുരോഗമിക്കുകയും ചെയ്തു.



തൊട്ടവർഷം അഥവാ 1934 നവംബർ മാസം പന്ത്രണ്ടാം തീയതി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അതിൻറെ ഔദ്യോഗിക ഭരണഘടന രജിസ്റ്റർ ചെയ്തു സംഘടനയുടെ ഘടനയും നേതൃത്വത്തിന്റെ ഘടനയും എല്ലാം സവിസ്തരം വിശദീകരിക്കുന്ന ഭരണഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഉദ്ദേശലക്ഷ്യങ്ങൾ വിവരിക്കുന്നു ഭാഗമാണ്. ഉദ്ദേശ ലക്ഷ്യങ്ങൾ ഇങ്ങനെയാണ് ഭരണഘടന വിവരിക്കുന്നത്: (എ) പരിശുദ്ധ ഇസ്ലാം മതത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ വിധിക്ക് അനുസരിച്ച് പ്രബോധനം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുക (ബി) അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ വിശ്വാസത്തിനും ആചാരത്തിനും എതിരായ പ്രസ്ഥാനങ്ങളെയും പ്രചാരണങ്ങളെയും നിയമാനുസൃതം തടയുകയും അത്തരം അബദ്ധങ്ങളെക്കുറിച്ച് മുസ്ലിംകൾക്ക് ബോധം ഉണ്ടാക്കി തീർക്കുകയും ചെയ്യുക. (സി) മുസ്ലിം സമുദായത്തിന് മതപരമായും സാമുദായികമായും ഉണ്ടായിരിക്കേണ്ട അവകാശ അധികാരങ്ങളെ സംരക്ഷിക്കുക. (ഡി) മത വിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പുറമെ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവർത്തിക്കുക. (ഇ) മുസ്ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിനും സമുദായ മധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധർമ്മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം ഇത്യാദികളെ നശിപ്പിച്ച് സമുദായത്തിന്റെയും മതത്തിന്റെയും അഭിവൃദ്ധിക്കും ഗുണത്തിനും വേണ്ടി പരിശ്രമിക്കുക. മേൽപ്പറഞ്ഞ സംഗതികൾ സമാധാനമായും നിയമത്തിനും അധീനമായും നടപ്പിൽ വരുത്തുക എന്നുള്ളതാകുന്നു ഈ സഭയുടെ ഉദ്ദേശങ്ങൾ.



ഇവയിൽ പലതിനും ഭരണഘടന തയ്യാറാക്കുന്ന സമയത്ത് അത്ര പ്രാധാന്യമുള്ളതോ പ്രതീക്ഷിക്കപ്പെടുന്നതോ ഒന്നും ആയിരുന്നില്ല. എന്നിട്ടും അത് ഭരണഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളുടെ ഭാഗമായി രേഖപ്പെടുത്തപ്പെട്ടു എന്നത് സമസ്തയുടെ ഒരു ബറക്കത്ത് ആയിട്ടാണ് കരുതപ്പെടുന്നത്. ഉദാഹരണമായി മതപരമായ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസം പ്രചരിപ്പിക്കുക എന്ന ഭാഗം. വർത്തമാനകാലം വരെയെത്തുന്ന പിൽക്കാലത്ത് സമന്വയ വിദ്യാഭ്യാസ സംവിധാനങ്ങൾക്ക് സമസ്ത തന്നെ നേതൃത്വം നൽകുകയുണ്ടായി. എന്നാൽ ഭരണഘടന തയ്യാറാക്കുന്ന 1934 ലൊന്നും ഇങ്ങനെ ഒരു ഭാവി പ്രതീക്ഷിക്കപ്പെടുന്നില്ലായിരുന്നു. ഇങ്ങനെ പിന്നീട് തിരുത്തി എഴുതുകയോ കൂട്ടിച്ചേർക്കുകയും ചെയ്യേണ്ടിവരാത്ത വിധം ഉദ്ദേശലക്ഷ്യങ്ങൾ ഐശ്വര്യപൂർണ്ണമായിരുന്നു എന്നാണ് സമുദായം വിശ്വസിക്കുന്നതും അനുഭവിക്കുന്നതും.



4
കരുത്ത് പകർന്ന കാര്യവട്ടം സമ്മേളനം



1933 ലെ ഫറോക്ക് സമ്മേളനത്തിനു ശേഷം 1945 നിടയിൽ 9 സമ്മേളനങ്ങൾ നടക്കുകയുണ്ടായി. ഈ സമ്മേളനങ്ങൾ എല്ലാം സമസ്തയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് വേണ്ടി അതാതു കാലങ്ങളിലും അതാത് സാഹചര്യങ്ങളിലും നടത്തിയ ഇടപെടലുകൾ ആയിരുന്നു പ്രധാനമായും ഉൾക്കൊണ്ടിരുന്നത്. അടിസ്ഥാന വിശ്വാസവും ആശയവും ആദർശവും സംരക്ഷിക്കുവാനും അതിനെതിരെ വരുന്ന ചോദ്യങ്ങളെ നേരിടുവാനും മുസ്ലിം ജനസാമാന്യത്തിൽ സുന്നി ജീവിത വഴി സ്ഥാപിക്കുവാനും സഹായകമായ വിഷയങ്ങൾ ആയിരുന്നു അതുവരെ നടന്ന ഓരോ സമ്മേളനങ്ങളും ശ്രമിച്ചിരുന്നത്. എന്നാൽ സമസ്തയുടെ ഗമനവഴിയിൽ ഏറ്റവും സുപ്രധാനമായ ഒരു സമ്മേളനമായിരുന്നു 1945 മെയ് 27, 28 തീയതികളിൽ പെരിന്തൽമണ്ണക്കടുത്ത കാര്യവട്ടത്ത് നടന്ന പതിനാറാം സമ്മേളനം. പതിനാറാം സമ്മേളനം വരെയുള്ള സമ്മേളനങ്ങളെ വിശ്വാസങ്ങളെയും ആചാരങ്ങളെയും പിടിച്ചുനിർത്തുവാനും പ്രബോധനം ചെയ്യുവാനും ആണ് പ്രധാനമായി ഉപയോഗപ്പെടുത്തപ്പെട്ടത് എങ്കിൽ കാര്യവട്ടം സമ്മേളനം മുതൽ പ്രവർത്തനങ്ങൾ വേറെ ഒരു ശൈലിയിലേക്കും നിലയിലേക്കും കൂടി മാറുകയുണ്ടായി.



1945 മെയ് 27, 28, 29 എന്നീ മൂന്ന് ദിനങ്ങളിലായി പതിനാറാം സമ്മേളനം നടത്തുവാനാണ് തീരുമാനിച്ചിരുന്നത് എങ്കിലും മൂന്നാമത്തെ ദിവസം പദ്ധതിയിട്ട വഹാബികളുമായുള്ള വാദപ്രതിവാദത്തിൽ നിന്ന് അവർ പിന്മാറിയതിനാൽ സമ്മേളന പരിപാടികൾ രണ്ടുദിവസത്തേക്ക് ചുരുക്കുകയായിരുന്നു. സമസ്ത നടത്തിയ മത വൈജ്ഞാനിക വിപ്ലവമായ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ രൂപീകരണത്തെ കുറിച്ചുള്ള ചിന്തകൾ മുളക്കുന്നത് കാര്യവട്ടം സമ്മേളനത്തിലാണ്. സ്വതന്ത്ര ഇന്ത്യയിൽ വരാൻ പോകുന്ന ഭരണപരിഷ്കാരങ്ങളും സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങളും മുൻകൂട്ടി കണ്ടുകൊണ്ട് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ നിലവിലുള്ള സമ്പ്രദായത്തിന്റെ അപര്യാപ്തത ചൂണ്ടിക്കാട്ടി സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഒന്നു മുതൽ പത്തുവരെയുള്ള ക്ലാസുകൾക്ക് മതപഠനത്തിന് പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കാൻ നിർദ്ദേശിച്ചു. അദ്ദേഹത്തിന്റെ ഈ പ്രസംഗമാണ് ഈ വിഷയത്തെ ചർച്ചയിലേക്ക് എത്തിച്ചത്. ഈ ഉത്തരവാദിത്വം സമസ്ത ഏറ്റെടുക്കുകയുണ്ടായി. പല തട്ടുകളിലുമായി ഇതിനുവേണ്ടിയുള്ള ചർച്ചകളും ആലോചനകളും നടന്നുവന്നു.



കാര്യവട്ടം സമ്മേളനത്തിലെ ചർച്ചകളിലൂടെ സംഘടനയുടെ പ്രചാരണവും പ്രസിദ്ധീകരണവും സജീവമാക്കാനുള്ള പ്രവർത്തനങ്ങൾക്കും തുടക്കം ഉണ്ടായി. മൗലാന പറവണ്ണ മൊയ്തീൻകുട്ടി മുസ്ലിയാരുടെ നേതൃത്വത്തിൽ ഇതിനുവേണ്ടി 9 മുശാവറ അംഗങ്ങൾ അടങ്ങിയ ഇശാഅത്ത് കമ്മിറ്റിക്ക് രൂപം നൽകി. ആ ഇശാഅത്ത് കമ്മിറ്റി അംഗങ്ങളുടെ കീഴിൽ മുസ്ലിം ബഹുജനങ്ങളെ കൂടി ഉൾപ്പെടുത്തി ആമില സംഘങ്ങൾ രൂപീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു. അതുവരെയും പണ്ഡിതന്മാർ പണ്ഡിതോചിതമായ ഇടപെടലുകളിലൂടെയും നീക്കങ്ങളിലൂടെയുമാണ് സംഘടനയെ നയിച്ചിരുന്നത്. എന്നാൽ സംഘടനയ്ക്ക് ഇതു മാത്രം പോരാ എന്നും അതിന്റെ പ്രവർത്തന അജണ്ടകൾ വിജയിപ്പിച്ചെടുക്കുവാൻ ബഹുജന പിന്തുണ അനിവാര്യമാണ് എന്നും വന്ന അഭിപ്രായങ്ങളെ തുടർന്നായിരുന്നു ആമിലാ സംഘങ്ങൾ രൂപീകരിക്കപ്പെട്ടത്. ചില സാങ്കേതികമായ പ്രയാസങ്ങളെ തുടർന്ന് അപ്പോഴേക്കും സമസ്തയുടെ മുഖപത്രമായിരുന്ന അൽ ബയാൻ മാസികയുടെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു. അത് പുനപ്രസിദ്ധീകരിക്കുവാനും വഹാബികളുടെ കൃതികൾക്ക് ഗണ്ഡനങ്ങൾ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചതോടെ ആയിരുന്നു പ്രസിദ്ധീകരണ രംഗം സജീവമായത്. സംഘടനാ തലത്തിലും കാര്യവട്ടം സമ്മേളനം വലിയ മാറ്റങ്ങൾ ഉണ്ടാക്കി. സംഘടനയുടെ എല്ലാ രേഖകളും ജാഗ്രതയോടെ സൂക്ഷിക്കുന്ന ഒരു സ്വഭാവം കാര്യവട്ടം സമ്മേളനത്തിനു ശേഷമാണ് സജീവമാകുന്നത്. അതുവരെ പ്രധാന തീരുമാനങ്ങളും പ്രമേയങ്ങളും മാത്രമായിരുന്നു സൂക്ഷിച്ചിരുന്നത്. സമ്മേളന റിപ്പോർട്ടുകളും പഴയ അൽബയാൻ മാസികയുടെ താളുകളും ആണ് കാര്യവട്ടം സമ്മേളനത്തിന് മുമ്പുള്ള സംഘടന ചലനവും ചരിത്രവും മനസ്സിലാക്കാനുള്ള വഴികൾ. എന്നാൽ കാര്യവട്ടം സമ്മേളനത്തിനുശേഷം സംഘടനയുടെ ചെറുതും വലുതുമായ എല്ലാ ചലനങ്ങളും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. സംഘടന ശാസ്ത്രീയത കൈവരിക്കുന്ന വിധത്തിലുള്ള വളർച്ച നേടുന്നതാണ് ഇത് സൂചിപ്പിക്കുന്നത്.



ഖുതുബി മുഹമ്മദ് മുസ്ലിയാർ ആയിരുന്നു കാര്യവട്ടം സമ്മേളനത്തിന്റെ അധ്യക്ഷൻ. അനാരോഗ്യം കാരണം പ്രസിഡണ്ട് പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ സമ്മേളനത്തിൽ എത്തിയിരുന്നില്ല. സ്റ്റേജിലും പേജിലും വഹാബികൾക്കെതിരെ പടയോട്ടം നയിച്ച പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ ആരോഗ്യപരമായി ക്ഷീണിച്ചതോടെ അല്ലാഹുവിന്റെ അനുഗ്രഹത്താൽ മറ്റൊരു വാഗ്‌മി രംഗത്തെത്തുകയുണ്ടായി. റഷീദുദ്ദീൻ മൂസ മുസ്ലിയാർ ആയിരുന്നു അത്. മൗലാന കണ്ണിയത്ത് ഉസ്താദ്, പറവണ്ണ മുഹിയുദ്ദീൻ മുസ്‌ലിയാർ, അയനിക്കാട് ഇബ്രാഹിം മുസ്‌ലിയാർ, വണ്ടൂർ സ്വദഖത്തുല്ല മുസ്ലിയാർ, കാടേരി മുഹമ്മദ് മുസ്ലിയാർ തുടങ്ങിയ പ്രതിഭകളെല്ലാം ആയിരുന്നു കാര്യാവട്ടം സമ്മേളനത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങൾ. ഈ സമ്മേളനത്തിൽ തന്നെയാണ് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ സമസ്തയിലേക്കുള്ള രംഗപ്രവേശനവും.



കോഴിക്കോട് മീഞ്ചന്തയിൽ വെച്ചാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പതിനേഴാം സമ്മേളനം നടന്നത്. അപ്പോഴും വഹാബികളുടെ നിരന്തരമായ ശല്യം തുടർന്നുവരുന്നുണ്ടായിരുന്നു. അതിനാൽ കാര്യവട്ടം സമ്മേളനത്തോടനുബന്ധിച്ച് അവരെ പരസ്യമായ സംവാദത്തിന് ക്ഷണിച്ചത് പോലെ മീഞ്ചന്ത സമ്മേളനത്തിനും ഔദ്യോഗികമായി ഏതാണ്ട് പത്ത് മാസങ്ങൾക്ക് മുമ്പ് തന്നെ അവരെ ക്ഷണിച്ചിരുന്നു. എന്നാൽ അവർ അതിൽ നിന്ന് പിന്മാറുകയാണ് ചെയ്തത്. മൗലാന ശൈഖ് ആദം ഹസ്റത്ത് ആയിരുന്നു അദ്ധ്യക്ഷൻ. അറബിയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. റഷീദ്ദീൻ മൂസ മുസ്ലിയാർ അത് മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തു. ഈ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട പ്രധാന പ്രമേയം ജുമുഅ ഖുതുബയിൽ അറബിയല്ലാത്ത ഭാഷകൾ നല്ലതല്ലാത്തതും മുൻകറത്തുമായ ബിദ്അത്താണെന്ന് ഉണർത്തുന്നതായിരുന്നു. പ്രാഥമിക മദ്രസകൾക്ക് പാഠ്യപദ്ധതി ഉണ്ടാക്കാൻ തീരുമാനിക്കുന്നതായിരുന്നു രണ്ടാമത്തെ പ്രമേയം. സമ്മേളനം മുന്നോട്ടുവച്ച മറ്റൊരു പ്രധാന പ്രമേയം, മത വിദ്യാഭ്യാസത്തിൽ പരിഷ്കരണങ്ങൾ വരുത്തുവാനും അതിന് പ്രത്യേകം നിയമമുണ്ടാക്കി നടപ്പിൽ വരുത്താനും എം എൽ എമാർ ശ്രമിക്കുന്നതിനാൽ അതിനെ സമസ്തയുടെ സഹകരണത്തോടെയും ഉപദേശത്തോടെയും അല്ലാതെ നടപ്പിലാക്കരുത് എന്ന് ആവശ്യപ്പെടുന്നതായിരുന്നു. അന്നത്തെ സാമൂഹ്യ അവസ്ഥകളെ തികച്ചും അത്ഭുതപ്പെടുത്തി പതിനായിരത്തിൽ പരം ആലിമുകളും അര ലക്ഷത്തിലധികം സാധാരണ ജനങ്ങളും ഒരുമിച്ചുകൂടി. ഇന്ത്യ സ്വതന്ത്രയാകുന്നതിന്ന് മുമ്പെ സമസ്ത നേടിയ വൻ ജനപിന്തുണയാണ് ഇത് സൂചിപ്പിക്കുന്നതും. മറുവശത്ത് ഇതേ പിന്തുണ തന്നെയാണ് എതിരാളികളെ വിറളിപിടിപ്പിച്ചതും.



5
പുതിയ ജമാഅത്തിനെതിരെ



1941 ലാണ് ജമാഅത്തെ ഇസ്ലാമി എന്ന നവ ചിന്ത അവിഭക്ത ഇന്ത്യയിൽ ഒരു പ്രസ്ഥാനമായി രൂപീകരിക്കപ്പെടുന്നത്. അതിന്റെ സന്ദേശം കേരളത്തിൽ എത്തുന്നത് പക്ഷേ 1944 ലാണ്. വളാഞ്ചേരി എടയൂരിലെ വലിയപറമ്പിൽ കുഞ്ഞാലൻകുട്ടി മുസ്ലിയാർ എന്ന വി പി മുഹമ്മദലി ഹാജി ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനമായ പഠാൻകോട്ടിലെ ദാറുൽ ഇസ്ലാമിൽ പോയി 1944 ൽ തിരിച്ചെത്തിയതോടു കൂടിയാണ് മൗദൂദിയൻ ചിന്തകൾ കേരളത്തിൽ എത്തിയത്. ഇതിനുവേണ്ടി അദ്ദേഹം പിന്നീട് ജംഇയ്യത്തുൽ മുസ്തർശിദീൻ എന്ന ഒരു സംഘടന രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു. സാധാരണക്കാരായ നിഷ്കളങ്കരെ വഴിതെറ്റിക്കാനുള്ള ഒരു തന്ത്രമായിരുന്നു ഈ പേര്. അത് സത്യത്തിൽ ജമാഅത്തെ ഇസ്ലാമിയുടെ കേരളത്തിലെ ആദ്യത്തെ യൂണിറ്റ് ആയിരുന്നു. അവാർ പ്രവർത്തനം തുടങ്ങിയത് വളാഞ്ചേരിയിലാണ്. 1948 ൽ വളാഞ്ചേരിയിൽ വെച്ച് ജമാഅത്തെ ഇസ്ലാമിയുടെ പ്രഥമ സംസ്ഥാന സമ്മേളനവും നടത്തപ്പെട്ടു. കേരളത്തിൽ ജമാഅത്തിന്റെ ആസ്ഥാനമായി വളാഞ്ചേരി അറിയപ്പെടുകയും ചെയ്തത് വളാഞ്ചേരി കാരനായ ബിപി മുഹമ്മദലി ഹാജി ആദ്യത്തെ അമീർ ആയതിനാലാണ്. 1949 പ്രബോധനം വാരിക പ്രസിദ്ധീകരണം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്.



ഈ സാഹചര്യത്തിലാണ് 1948 ഫെബ്രുവരി എട്ടാം തീയതി കക്കാട് മിഫ്താഹുൽ ഉലൂം മദ്രസയിൽ വച്ച് മൗലാനാ അബ്ദുൽബാരി മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്തയുടെ മുശാവറ യോഗം വളാഞ്ചേരിയിൽ സമസ്തയുടെ സമ്മേളനം നടത്താൻ തീരുമാനിക്കുന്നത്. പുതിയ വെല്ലുവിളി രംഗപ്പെടുമ്പോൾ അതിനെ ചെറുക്കേണ്ടതും അവരുടെ ഫിത്നകളിൽ നിന്ന് സാധാരണക്കാരായ വിശ്വാസികളെ രക്ഷിക്കേണ്ടതും സമസ്തയുടെ ബാധ്യതയാണ്. അധികം വൈകാതെ കളത്തിൽ ബാപ്പു സാഹിബ് ചെയർമാനായി സമ്മേളന സ്വാഗതസംഘം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. അതോടൊപ്പം പതിവ് പോലെ ജമാഅത്തെ ഇസ്ലാമിയുടെ അമീറുമായി പരസ്യമായ വാദപ്രതിവാദത്തിന് സമസ്ത വെല്ലുവിളിക്കുകയും ക്ഷണിക്കുകയും ചെയ്തു. ഈ സമ്മേളനം നടന്നത് 1950 ഏപ്രിൽ 29, 30 ശനി, ഞായർ എന്നീ തീയതികളിൽ ആയിരുന്നു. ഞായറാഴ്ച വൈകുന്നേരം നടന്ന പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി എന്ന മൗദൂദിയൻ ചിന്താധാരയെ കുറിച്ചായിരുന്നു സംസാരമെല്ലാം. ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ മൗദൂദി സാഹിബിന്റെ ഉറുദു ഗ്രന്ഥങ്ങൾ ഉദ്ധരിച്ചുകൊണ്ട് ചെയ്ത പ്രസംഗം എല്ലാവരാരും ശ്രദ്ധിക്കപ്പെടുകയും ജമാഅത്ത് ആശയക്കാരെ ഞെട്ടിക്കുകയും ചെയ്തു. ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ സമസ്തയിലേക്കുള്ള പ്രവേശനം ഈ സമ്മേളനം വഴിയായിരുന്നു. വിവിധ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്ന ഇ കെ ഉസ്താദിന്റെ രംഗപ്രവേശനം സമസ്തയുടെ നേതൃനിരയിൽ അഭിമാന ബോധവും എതിർ ചേരികളിൽ ഭയവിഹ്വലതകളും സൃഷ്ടിച്ചു. പ്രമുഖരായ നേതാക്കന്മാർ എല്ലാവരും പ്രസ്തുത സമ്മേളനത്തിൽ പ്രസംഗിച്ചു വളാഞ്ചേരി സമ്മേളനം ജമാഅത്തെ ഇസ്ലാമിക് കേരളത്തിന്റെ മണ്ണിൽ ആദ്യമായി നേരിടേണ്ടിവന്ന വെല്ലുവിളിയായിരുന്നു. പ്രബോധനം രണ്ടാം പുസ്തകം എട്ടാം ലക്കത്തിൽ നേരത്തെ പറഞ്ഞ മുഹമ്മദലി ഹാജി തന്നെ സമസ്തയുടെ സമ്മേളനത്തെ സംബന്ധിച്ച് എഴുതിയ ലേഖനം അവരുടെ അസ്വസ്ഥതകളെ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. ഇതിന് 1950 ഒക്ടോബർ ലക്കം അൽബയാൻ മറുപടി നൽകുകയുമുണ്ടായി.



1945ലെ കാര്യവട്ടം സമ്മേളനത്തിൽ മർഹും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ചെയ്ത പ്രസംഗത്തോടെ സമസ്തയുടെ നേതൃത്വത്തിലുള്ള മത വിദ്യാഭ്യാസ പദ്ധതിയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. 1949 ഒക്ടോബർ മാസത്തിൽ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗം പ്രാഥമിക മദ്രസകളും ദർസുകളും സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രചാരണത്തിന് കെ പി ഉസ്മാൻ സാഹിബിനെയും അയമു മുസ്ലിയാരെയും നിയമിച്ചിരുന്നു. അവരുടെ പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ട് കാര്യമായ ചലനങ്ങളും ചിന്തകളും വളർന്നുവന്നു. തുടർന്ന് വളാഞ്ചേരിയിൽ നടന്ന പതിനെട്ടാം വാർഷികത്തിലും ബാഫഖി തങ്ങൾ മത വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ച് തന്നെയാണ് പ്രധാനമായും സംസാരിച്ചിരുന്നത്. ഇതോടുകൂടെ ബാഫഖി തങ്ങളുടെ ഈ നിർദ്ദേശത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകാത്ത വിധം സമസ്ത ദൗത്യം ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചു. അതിന്റെ ആദ്യ തീരുമാനം കൈക്കൊണ്ടതും വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചതും 1951 മാർച്ച് 23, 24, 25 തീയതികളിൽ വടകരയിൽ വച്ച് നടന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനം ആയിരുന്നു. വടകരയിലെ പാക്കിസ്ഥാൻ മൈതാനിയിലായിരുന്നു ആവേശകരമായ സമ്മേളനം. വലിയ സന്നാഹങ്ങളാണ് ഇതിനുവേണ്ടി ഒരുക്കപ്പെട്ടിരുന്നത് 427 അടി നീളവും 262 അടി വീതിയുള്ള വലിയ ഒരു പന്തൽ അമ്പതോളം ആളുകൾക്ക് ഇരിക്കാവുന്ന സ്റ്റേജ് അടക്കം തയ്യാറാക്കപ്പെട്ടിരുന്നു. ഇത്തരം ഒരു പന്തലും പ്രസംഗമണ്ഡപവും ചരിത്രത്തിൽ സമസ്തയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്നത് അവിതർക്കിതമാണ് എന്ന് 1951 ഏപ്രിൽ ലക്കം അൽബയാൻ എഴുതുന്നു.



അക്കാലഘട്ടത്തിൽ ഒരു സംഘടനക്കും കഴിയാത്ത ഒന്നായിരുന്നു ഇത്രയും വലിയ സമ്മേളന സന്നഹങ്ങൾ മാർച്ച് 22ന് വ്യാഴാഴ്ച മൗലാനാ ശിഹാബുദ്ദീൻ അഹമ്മദ് കോയ ശാലിയാത്തിയോടൊപ്പം തീവണ്ടി മാർഗ്ഗം വടകരയിലെത്തിയ സമ്മേളന അധ്യക്ഷൻ മൗലാനാ മുഹമ്മദ് ഹബീബുള്ള സാഹിബിനും മറ്റു നേതാക്കൾക്കും രാജോജിതമായ സ്വീകരണമാണ് നൽകപ്പെട്ടത്. പതിവുപോലെ 23ന് വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ആരംഭിച്ച മുശാവറ യോഗം 25ന് ഞായറാഴ്ച എട്ടുമണിവരെ നീണ്ടുനിന്നു. ഈ മുശാവറ യോഗം പ്രധാനപ്പെട്ട പല തീരുമാനങ്ങളും എടുക്കുകയുണ്ടായി. ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ, ശൈഖുനാ കോട്ടുമല അബൂബക്കർ മുസ്ലിയാർ, എടകുളം മുഹമ്മദ് മുസ്ലിയാർ, ഇമ്പിച്ചി മുസ്ലിയാർ എന്നിവരെ സമസ്തയുടെ മുശാവറയിലേക്ക് തെരഞ്ഞെടുത്തത് ഈ മുശാവറാ യോഗമാണ്. വൈസ് പ്രസിഡണ്ടുമാരിൽ ഒരാളായിരുന്ന മൗലാനാ പറവണ്ണ കെ പി മുഹമ്മദ് മുസ്ലിയാർ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് ഇതേ മുശാവറയിൽ വച്ചാണ്. ഈ സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട ഒന്നാമത്തെ പ്രമേയം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകരിച്ചതിനെ കുറിച്ചായിരുന്നു. സമസ്തയുടെ വൈജ്ഞാനിക വിപ്ലവത്തെ ജനസാഗരം ഏറ്റുവാങ്ങിയത് അതിന്റെ വിശദാംശങ്ങൾ വിവരിച്ചുകൊണ്ട് മൗലാനാ പറവണ്ണ മുഹിയുദ്ദീൻ കുട്ടി മുസ്ലിയാർ സമാപന സമ്മേളനത്തിൽ നടത്തിയ ആവേശകരമായ പ്രസംഗം കേട്ടായിരുന്നു.



സമസ്തക്കാര്‍ പിന്തിരിപ്പന്മാരും ഭൗതിക വിദ്യാഭ്യാസത്തിന് എതിരു നിന്നവരുമായിരുന്നു എന്ന് ഇപ്പോഴും പ്രചരിപ്പിക്കുന്നവരുണ്ട്. സമസ്തയെയും അതിന്റെ നേതാക്കളെയും മനസ്സിലാക്കാത്തവരാണ് അവരെന്ന് ഈ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തന്നെ വിളിച്ചുപറയുന്നു. വ്യവസ്ഥാപിതമായ ചുവടുവെപ്പിലൂടെ മുന്നോട്ടു നീങ്ങിയ കേരളത്തിലെ പ്രഥമ പണ്ഡിതസഭയമാണ് സമസ്ത. മതവിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റങ്ങള്‍ വന്നപ്പോള്‍, അതിനോട് ഏറ്റവും ക്രിയാത്മകമായി പ്രതികരിച്ച ഏക പ്രസ്ഥാനവും അതുതന്നെ. 1951 ൽ ആരംഭിച്ച സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ലോകത്ത് തുല്യതയില്ലാത്ത മതവിദ്യാഭ്യാസ വിപ്ലവത്തിനാണ് തുടക്കം കുറിച്ചത്. ഇന്ന് പതിനായിരത്തിലധികം മദ്‌റസകളും ഇരുപത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുമായി ചേളാരി ആസ്ഥാനമായി അതിന്റെ വിപ്ലവം തുടരുന്നു. 17-9-1951ന് വാളക്കുളം പുതുപ്പറമ്പ് ജുമുഅത്ത് പള്ളിയില്‍ വെച്ച് പിന്തിരിപ്പന്മാരെന്നു മുദ്രകുത്തപ്പെട്ട ആലിമീങ്ങള്‍ തുടക്കം കുറിച്ച ഈ വൈജ്ഞാനിക സംരംഭത്തിനു തുല്യമായ മറ്റൊന്ന് ലോകത്തെവിടെയെങ്കിലും ഇന്നുള്ളതായി അറിവില്ല. സമസ്തയുടെ മദ്‌റസകള്‍ നാട്ടിലുടനീളം വേരുപിടിച്ചതിനു ശേഷമാണ് പുരോഗമനത്തിന്റെ അപോസ്തലന്മാരായി വിരാജിക്കാറുള്ള നദ്‌വത്തുകാര്‍ പോലും മദ്‌റസാ പ്രസ്ഥാനത്തെക്കുറിച്ച് ചിന്തിക്കുന്നത്. 1956 മാര്‍ച്ച് 31ന് ചേര്‍ന്ന നദ്‌വത്തുല്‍ മുജാഹിദീന്റെ സംയുക്ത കണ്‍വെന്‍ഷനില്‍ വെച്ചാണവര്‍ ഒരു മതവിദ്യാഭ്യാസ ബോര്‍ഡിനെ കുറിച്ച് ചിന്തിക്കുന്നത് പോലും.



കാലത്തിനു മുമ്പേ സഞ്ചരിക്കാനും സമുദായത്തിനു വേണ്ടതെല്ലാം വേണ്ടയളവില്‍ നല്‍കാനും പ്രാപ്തിയുള്ള ഒരു നേതൃത്വമാണ് സമസ്തയെ നയിച്ചതെന്ന് ഇവിടെ വ്യക്തമാണ്. ജീര്‍ണതയുടെ ചിലന്തിവലകള്‍ സമുദായത്തിനു ചുറ്റും മാര്‍ഗതടസ്സം സൃഷ്ടിക്കാനൊരുമ്പട്ടപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ മുന്നില്‍ നിന്നത് സമസ്തയായിരുന്നു. മഹാത്മാക്കളുടെ മഖ്ബറകളെ ചുറ്റിപ്പറ്റി അനാചാരങ്ങളും നേര്‍ച്ചയുടെ പേരില്‍ വേണ്ടാത്തരങ്ങളും ആരംഭിച്ചപ്പോള്‍ 1951 ല്‍ വടകരയില്‍ ചേര്‍ന്ന സമസ്തയുടെ 19-ാം സമ്മേളനം അതിനെതിരെ പ്രമേയം കൊണ്ടുവന്നു ജനങ്ങളെ ഉണര്‍ത്തി. തസവ്വുഫിന്റെയും ത്വരീഖത്തിന്റെയും പേരില്‍ വ്യാജന്മാര്‍ രംഗത്തിറങ്ങിയപ്പോള്‍ സമസ്ത അവരെ പിടിച്ചുകെട്ടി. കോരൂര്‍, ചോറൂര്‍, ശംസിയ്യ എന്നിവയെ തൊലിയുരിഞ്ഞു കാണിച്ചു. പിൽകാലത്ത് 1974 ഡിസംബര്‍ 16നു ചേര്‍ന്ന മുശാവറ, ഹൈദരാബാദില്‍ നിന്നും വന്ന നൂരിഷാ ത്വരീഖത്തിന്റെ ആത്മീയ ചൂഷണങ്ങള്‍ കണ്ടെത്തി സമൂഹത്തോട് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുമ്പ് ആലുവയില്‍ നിന്ന് യൂസുഫ് സുല്‍ത്താന്‍ എന്ന പേരില്‍ ഒരാള്‍ ആത്മീയ വാണിഭവുമായി രംഗത്തിറങ്ങിയപ്പോള്‍, അവരുടെ വൈകല്യങ്ങള്‍ കണ്ടെത്തി സമസ്ത സമുദായത്തോട് തുറന്നു പറഞ്ഞു. 2006 മാര്‍ച്ച് 29-ന് ആലുവാ ത്വരീഖത്ത് വ്യാജമാണെന്ന് കൈരളിയോടത് വിളിച്ചുപറഞ്ഞു.



ഭൗതിക വിദ്യാഭ്യാസ രംഗത്തുള്ള മുസ്‌ലിം പിന്നോക്കാവസ്ഥയും അധഃസ്ഥിതിയും തുടച്ചുനീക്കാന്‍ 1964-ല്‍ എം.ഇ.എസ്. (മുസ്‌ലിം എജ്യുക്കേഷണല്‍ സൊസൈറ്റി) രൂപം കൊണ്ടപ്പോള്‍ സമസ്ത അതിനെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. ശരിയാം മതാശയങ്ങൾക്ക് തട്ടാതെ ഭൗതിക വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുക എന്നത് സമസ്തയുടെ മഹാലക്ഷ്യങ്ങളിൽ പെട്ടതാണ്. ആ അർത്ഥത്തിലാണ് എം ഇ എസ്സിനെ സമസ്ത പിന്തുണച്ചത്. പക്ഷേ, പിന്നീട് മതബോധമില്ലാത്ത ചിലര്‍ അതിന്റെ നേതൃത്വത്തില്‍ കയറിപറ്റി ശരീഅത്തിനെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നത് സമസ്തക്ക് കാണേണ്ടി വന്നു. ഇത്തരമൊരു ഘട്ടത്തില്‍ മതത്തിന്റെ കാവലാളുകളായ ഈ പണ്ഡിതസഭക്ക് അതിനെ എതിര്‍ക്കേണ്ടിവന്നു. 27-10-1970 നു ചേര്‍ന്ന സമസ്ത മുശാവറ എം.ഇ.എസ്സിന്റെ ശരീഅത്തു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍കരിച്ചു. മുസ്‌ലിം യുവത വികാരത്തിന്റെ അടിമകളായിക്കൂടാ എന്നു നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സമസ്ത. ഭീകരവാദവും തീവ്രവാദവും സമുദായത്തെ പിന്നാക്കം നയിക്കുമെന്ന ചരിത്രസത്യം തിരിച്ചറിഞ്ഞതുകൊണ്ടുതന്നെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ സമസ്ത സന്ധിയില്ലാ സമരം ചെയ്തു. 1992 ഡിസംബര്‍ 6-ലെ ബാബരി ദുരന്തത്തെ തുടര്‍ന്നുണ്ടായ കലുഷിതാന്തരീക്ഷം മുതലെടുത്തു സമൂഹത്തില്‍ തീവ്രചിന്ത കുത്തിവെക്കാന്‍ ചിലര്‍ ശ്രമിച്ചപ്പോള്‍ സമസ്തയും പോഷക ഘടകങ്ങളും അതിനെ പ്രതിരോധിക്കാനിറങ്ങി.



6
യുവത ഏറ്റെടുക്കുന്നു



1950 നു ശേഷം കേരളീയ പൊതു പശ്ചാത്തലത്തിൽ കാര്യമായ മാറ്റങ്ങൾ സംഭവിച്ചു. അതിൽ ജാതീയവും സാമ്പത്തികവും രാഷ്ട്രീയപരവുമായ മാറ്റങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സമസ്തയെ പോലെ ഒരു മതസംഘടന തീർച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട ഒരു മാറ്റം ഉണ്ടായത് സാമൂഹ്യ-രാഷ്ട്രീയ രംഗത്തായിരുന്നു. അത് കമ്മ്യൂണിസത്തിന്റെ പച്ചയായ കടന്നു വരവായിരുന്നു. ലോകത്ത് പലനിലക്കും പരീക്ഷിച്ച് പരാജയപ്പെട്ട ഒന്നാണ് സോഷ്യലിസം. സ്വതന്ത്രമാകുമ്പോൾ സോഷ്യലിസവും ക്യാപ്പിറ്റലിസവും വേണ്ടെന്നും ഇവ രണ്ടിന്റെയും നന്മകൾ സ്വീകരിക്കുന്ന ചേരിചേരായ്മയുടെ ഒരു പുതിയ വഴിയാണ് ഇന്ത്യ സ്വീകരിക്കുക എന്നും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നിലപാട് സ്വീകരിച്ചു. സോഷ്യലിസത്തോട് ചെറിയ മമതയുണ്ടായിരുന്ന ഒരു ക്യാപ്പിറ്റലിസ്റ്റ് ആയിരുന്നു സൂക്ഷ്മാർഥത്തിൽ പണ്ഡിറ്റ് നെഹ്റു. ഈ ഉദാസീനതയുടെ മറപറ്റിയാണ് ഇന്ത്യയിലും കേരളത്തിലും കമ്മ്യൂണിസം പടർന്നുപിടിച്ചത്. കമ്മ്യൂണിസത്തിന്റെ ആശയങ്ങൾ പല കാരണത്താലും കേരളത്തിലെ താഴ്ന്ന വർഗ്ഗങ്ങൾക്കും പാവപ്പെട്ട യുവ ജനങ്ങൾക്കും ആവേശം പകരുന്നതായിരുന്നു. ഒന്നിനും വകയില്ലാത്ത ആയിരങ്ങൾക്കു മുമ്പിൽ വർണ്ണാഭമായ സ്വപ്നങ്ങളാണ് കമ്യൂണിസം പടച്ചുവിട്ടത്. അവരുടെ മുതലാളിത്തത്തിനെതിരെയുള്ള സന്ധിയില്ലാ സമരവും സമത്വത്തിനുവേണ്ടിയുള്ള വാദവും ശ്രമവും എല്ലാം അവരെ ആകർഷിച്ചു. അതിന്റെ ഫലമെന്നോണം യുവജനത കമ്മ്യൂണിസത്തിലേക്ക് ഉതിർന്നുവീഴുന്നത് ഒരു വലിയ അപകട സൂചനയായി സമസ്ത മനസ്സിലാക്കി.



ഏത് നൻമകൾ ഉണ്ടെങ്കിലും കമ്മ്യൂണിസത്തെ ഒരു മുസൽമാന് എതിർക്കാതെ വയ്യ. കാരണം അതിന്റെ ആശയലോകം പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ദൈവ നിരാസത്തിൽ അധിഷ്ഠിതമായ യുക്തിവാദത്തിൻ മുകളിലാണ്. അതിനാൽ ഇതൊരു രാഷ്ട്രീയ കാര്യം മാത്രമാണ് എന്നു പറഞ്ഞു മാറിനിൽക്കുവാൻ സമസ്ത പോലെ ആഴമുള്ള അടിവേരുള്ള ഒരു സംഘത്തിന് കഴിയില്ലായിരുന്നു. അതിനാൽ കമ്മ്യൂണിസത്തിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ച് പല മേഖലകളിലുമായി സമസ്തയിൽ ചിന്ത ശക്തമായിരുന്നു. യുവാക്കളെ അപചയങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുക എന്നതോടൊപ്പം അവരെ സുന്നത്ത് ജമാഅത്തിന്റെ ശരിയായ അനുവാചകരും സമസ്തയുടെ പ്രവർത്തകരുമാക്കി മാറ്റുക എന്നതായിരുന്നു ആ ചിന്തകളുടെയെല്ലാം ലക്ഷ്യം. അതിനാൽ അതിനെക്കുറിച്ച് തീവ്രമായി ആലോചനകൾ തുടങ്ങി. ആ ആലോചനകൾ എല്ലാം എത്തി നിന്നത് ഒരു യുവജന നിരയെ സംഘടിപ്പിക്കുക എന്ന തത്വത്തിലായിരുന്നു. അപ്പോഴാണ് കാര്യവട്ടം സമ്മേളനത്തിന്റെ ഫലമായി രൂപീകരിക്കപ്പെട്ട ആമിലാ സംഘങ്ങൾ ശ്രദ്ധയിൽ വന്നത്. സംസ്ഥാനതലത്തിൽ ആമില സംഘങ്ങളെ ഒന്നിപ്പിക്കുവാനോ ഏകീകരിപ്പിക്കുവാനോ ബന്ധപ്പെടുത്തി പ്രവർത്തിപ്പിക്കുവാനോ കാര്യമായി കഴിഞ്ഞില്ല എങ്കിലും ഉള്ള ഇടങ്ങളിൽ വളരെ സജീവമായ ഇടപെടലുകൾ ആമില സംഘങ്ങൾ നടത്തിയിരുന്നു. ഈ അനുഭവം വെച്ച് ആമില സംഘങ്ങളെ ഒരു ഔദ്യോഗിക യുവജന വിഭാഗമാക്കി മാറ്റി പുതിയ വെല്ലുവിളിയെ നേരിടുക എന്ന നിർദ്ദേശം പല ഭാഗങ്ങളിൽ നിന്നും ഉയർന്നുവന്നു. അപ്പോൾ താനൂരിൽ സമസ്തയുടെ ഇരുപതാം വാർഷിക സമ്മേളനത്തിനുള്ള ചർച്ചകൾ സമസ്തയുടെ ഉലമാക്കൾക്കിടയിലും പുരോഗമിക്കുകയായിരുന്നു.



1954 ഏപ്രിൽ 24,25 തീയതികളിൽ താനൂരിൽ വെച്ചായിരുന്നു സമസ്തയുടെ ഇരുപതാം വാർഷിക സമ്മേളനം. 24ന് വൈകുന്നേരം മൗലാനാ അബ്ദുൽബാരി മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗത്തോടെയാണ് സമ്മേളന പരിപാടികൾ ആരംഭിച്ചത്. ഖുതുബ പരിഭാഷ, മദ്ഹബ് നിഷേധം തുടങ്ങിയ പുത്തൻ ആശയക്കാരുടെ വിദണ്ഡവാദങ്ങൾ തന്നെയായിരുന്നു പ്രധാന വിഷയം.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso