Thoughts & Arts
Image

SYS@70-1

15-06-2023

Web Design

15 Comments





1
ശജറത്തുൻ ത്വയ്യിബ



ആദ്യ പിതാവ് ആദ്യം നബിയുടെ പാദസ്പർശനമേറ്റ് അനുഗ്രഹീതമായ സിലോണിലെ അഥവാ ശ്രീലങ്കയിലെ ആദം മല സന്ദർശിക്കുവാൻ അറബ് സഞ്ചാരികൾ വരിക പതിവായിരുന്നു. അങ്ങനെ വന്ന ഒരു സംഘം കൊടുങ്ങല്ലൂർ വഴി വരികയും അവിടെ വിശ്രമത്തിനുവേണ്ടി ഇറങ്ങുകയും ചെയ്തു. ഈ സമയത്ത് അവർ കൊടുങ്ങല്ലൂർ ഭരിച്ചിരുന്ന ചേരമാൻ പെരുമാളുമായി സംവദിക്കാൻ ഇടയുണ്ടായി. അവരിൽ നിന്ന് പ്രവാചകനെ കുറിച്ചും ഇസ്ലാമിനെക്കുറിച്ചും മനസ്സിലാക്കിയ പെരുമാൾ സിലോണിൽ നിന്ന് നിങ്ങൾ മടങ്ങിവരുമ്പോൾ നിങ്ങളോടൊപ്പം തന്നെക്കൂടി മക്കയിലേക്ക് കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു എന്നും അങ്ങനെ വന്ന അവരുടെ കൂടെയാണ് പെരുമാൾ മക്കയിൽ എത്തി ഇസ്ലാം സ്വീകരിച്ചത് എന്നുമാണ് കേരള - ഇസ്ലാമിയ ബന്ധത്തെ കുറിച്ച് ഏറ്റവും അധികം പ്രചാരത്തിലുള്ള ചരിത്രം. എഡി 628ൽ നബി(സ) പല രാജാക്കന്മാർക്കും കത്തയച്ച കൂട്ടത്തിൽ പെരുമാളിനും കത്തുവന്നു എന്നും അതനുസരിച്ചാണ് പെരുമാൾ മക്കയിലേക്ക് പോയത് എന്നും മറ്റൊരു ധ്വനിയുമുണ്ട്. ഏതായാലും മക്കയിൽ എത്തിയ പെരുമാൾ വിശുദ്ധ ഇസ്‌ലാം നബിസന്നിധിയിൽ നിന്ന് സ്വീകരിച്ച് കുറച്ച് കാലം അവിടെ ജീവിച്ചതിനുശേഷം നാട്ടിലേക്ക് പുറപ്പെട്ടു. ഒപ്പം ഏതാനും സ്വഹാബികളുമുണ്ടായിരുന്നു. വഴിയിൽ ശഹർ മുഖല്ല എന്ന സ്ഥലത്തെത്തിയപ്പോൾ അദ്ദേഹത്തിന് രോഗം ബാധിക്കുകയും മരണപ്പെടുകയും ചെയ്തു. മരിക്കും മുമ്പ് സഹയാത്രികരോട് കേരളത്തിലേക്കുള്ള ദൗത്യയാത്ര തുടരുവാൻ അദ്ദേഹം ഉപദേശിച്ചു. അങ്ങനെ അവർ വന്ന് തങ്ങളുടെ വിശ്വാസത്തിന്റെ വിത്ത് മുളപ്പിച്ചെടുക്കുകയും സംസ്കാരത്തിന്റെ സ്തൂപങ്ങൾ പടുത്തുയർത്തുകയും ചെയ്തു. അവിടെ ഇസ്ലാമിന്റെ കേരളത്തിലെ ചരിത്രം നാന്ദി കുറിക്കപ്പെടുന്നു.



കേരളത്തിൽ എത്തിയ സ്വഹാബിമാർ ഇവിടെ ഉണ്ടായിരുന്ന ജനങ്ങളെ ഇസ്ലാമിലേക്ക് നയിച്ചു. ഇസ്ലാമിന്റെ ലാളിത്യം, സൗന്ദര്യം, പ്രായോഗികത തുടങ്ങിയ ഗുണങ്ങൾ വിവിധ ജാതിക്കാരെ ഇസ്ലാമിലേക്ക് ശക്തമായി ആകർഷിച്ചു. നബി തിരുമേനി(സ)യിൽ നിന്ന് നേരിട്ടു കണ്ടും കേട്ടും പഠിച്ച വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠാനങ്ങളുമായിരുന്നു അവർ ജനങ്ങളെ പഠിപ്പിച്ചത്. അതിനാൽ നവ ചിന്തകളോ തിരുത്തൽ വിചാരങ്ങളോ കലർന്നിട്ടില്ലാത്ത ശുദ്ധമായ ഇസ്ലാമാണ് കേരളത്തിന് ലഭിച്ചത്. മതം ജീവിത ശൈലിയും സ്വഭാവവും ചേർന്നതാണ്. അതിനാൽ അത് സ്വഹാബികളിൽ നിന്ന് നേരെ പുതിയ വിശ്വാസികളുടെ ജീവിതത്തിലേക്ക് കയറുകയും ജീവിത താളമായി മാറുകയും ചെയ്യുകയായിരുന്നു. അതുകൊണ്ട് തെറ്റായ വിശ്വാസങ്ങളോ ആചാര അനുഷ്ഠാനങ്ങളോ ഇവിടെ ഉണ്ടായില്ല. തെറ്റു പറ്റാനുളള സാധ്യതയും ഇല്ല. നേരിട്ട് ജീവിതങ്ങളിലേക്ക് അല്ല പുസ്തകങ്ങളിലേക്കോ രേഖകളിലേക്കോ ആയിരുന്നു ആശയം ആദ്യമായി കടന്നുവന്നത് എങ്കിൽ ഒരുപക്ഷേ ശ്രദ്ധക്കുറവിലൂടെയോ സൂക്ഷ്മത കുറവിലൂടെയോ തെറ്റുകൾ കടന്നുകൂടിയെന്ന് വരാം. ഓരോ ദിവസവും ഓരോ കാര്യം പഠിപ്പിക്കുകയും അത് പരിശീലിപ്പിക്കുകയും അവ്വിധം മതത്തെ ഉറപ്പാക്കുകയും ചെയ്യുകയാണ് എങ്കിൽ അതിൽ ഒരു പിഴവും വരാനില്ല. കേരളത്തിന് ഇത്തരത്തിൽ ഒരു കൈ കടത്തലിനും വിധേയമായിട്ടില്ലാത്ത പരമ പരിശുദ്ധമായ ഇസ്ലാമാണ് ലഭിച്ചത്.



ജീവിതം കൊണ്ട് സ്വീകരിച്ച ഈ ആദർശം ഓരോ തലമുറയും തൊട്ട് ശേഷം വരുന്ന തലമുറയ്ക്ക് സൂക്ഷ്മതയോടെ കൈമാറി. അതും ഈ വിധം തന്നെയായിരുന്നു. മതതത്വങ്ങൾ അധികവും ആചാരങ്ങളോ അനുഷ്ഠാനങ്ങളോ ആരാധനകളോ ആണല്ലോ. അതിനാൽ ഇസ്ലാം കേരളത്തിൽ വന്നപ്പോഴോ വളർന്നപ്പോഴോ അതിന്റെ തനത് സ്വഭാവത്തിൽ നിന്ന് ഒരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. അങ്ങനെ പള്ളികൾ, പള്ളി ദറസുകൾ, ആണ്ടറുതികൾ, മതാഘോഷങ്ങൾ തുടങ്ങിയവയെല്ലാം ആത്മീയത കൊണ്ട് പരിപാലിച്ചു ഒരു ഇസ്ലാമിക സമൂഹം ഇവിടെ വളർന്നുവന്നു. ഇതിനിടെ സമൂഹത്തിന്റെ മൊത്തം ആത്മീയതയെ പ്രോജ്ജ്വലിപ്പിക്കുവാനും ശക്തിപ്പെടുത്തുവാനും ആത്മീയ ത്വരീഖത്തുകൾ വരികയും വളരുകയും ചെയ്തു. ഖാദിരിയ്യ, ചിഷ്തിയ്യ തുടങ്ങിയ ത്വരീഖത്തുകൾ വ്യാപകമായി. ഈ ത്വരീഖത്തുകൾ ഇസ്ലാമിക ജീവിതത്തിന്റെ നൈർമല്യത്തെയും പരിശുദ്ധിയേയും കാത്തുസൂക്ഷിക്കുകയും വളർത്തുകയും ചെയ്തു. അങ്ങനെ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെയും സ്വച്ഛന്ദമായ ഒരു ആദർശ ജീവിതമാണ് കേരള മുസ്ലിംകൾ നയിച്ചത്. അതിനിടെ ദേശവിരുദ്ധരും ഇസ്ലാം വിരുദ്ധരും ആയ പല വൈദേശിക ശക്തികളും ഇന്ത്യയിലും കേരളത്തിലും എത്തുകയും മുസ്ലീങ്ങളെ പ്രത്യേകമായി തിരഞ്ഞുപിടിച്ച് നേരിടുകയും ചെയ്യുകയുണ്ടായി. അതിൽ നിന്നുപോലും അവർ മോചനം നേടിയത് അവരുടെ ആത്മീയതയുടെ ബലം കൊണ്ടായിരുന്നു എന്നാണ് നിരീക്ഷണം. ഇതിനെല്ലാം സഹായകമായി കേരള മുസ്ലിങ്ങളുടെ ആത്മീയ ആദർശലോകം വിശുദ്ധികൊണ്ടും കരുത്തു കൊണ്ടും വേറിട്ടു നിൽക്കുകയും ചെയ്തു.



1914 ൽ അരങ്ങേറിയ ഒന്നാം ലോകമഹായുദ്ധം പുറം ലോകത്തേക്ക് എത്തിനോക്കാൻ ഒരു മാർഗ്ഗവും പ്രചോദനവും ഇല്ലാതിരുന്ന പല ജനതകൾക്കും പുറം ലോകത്തെ അല്പമെങ്കിലും വീക്ഷിക്കുവാനുള്ള അവസരം ഉണ്ടാക്കി. ലോകത്തിന്റെ ചലനങ്ങൾ അന്നത്തെ പരിമിതമായ സൗകര്യങ്ങൾ വഴി പല നാടുകളിലും അനുഭവപ്പെട്ടു. ലോകയുദ്ധത്തിലെ ഒരു കക്ഷി എന്ന നിലക്ക് ബ്രിട്ടൻ ഭരിക്കുന്ന ഇന്ത്യയിൽ അത് കൂടുതൽ അനുഭവപ്പെടുമായിരുന്നു. പുറത്തേക്കുള്ള ഈ കണ്ണികൾ വഴി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ കേരളത്തിലെ ചില മൗലവിമാർ വീക്ഷിച്ചത് അന്നത്തെ ഇസ്ലാമിക സമൂഹത്തിന്റെ പൊതു വികാരങ്ങളെ ആയിരുന്നു. നിലവിലുള്ള ഇസ്ലാമിക ആശയങ്ങളിൽ പലതിനെയും നവീകരിക്കുവാനും പരമ്പരാഗതമായി മുസ്ലിമീങ്ങൾ ചെയ്തുവരുന്ന പല സമ്പ്രദായങ്ങളും തങ്ങളുടെ യുക്തിക്ക് നിരക്കുന്നില്ല എന്ന ന്യായത്തിൽ അനിസ്ലാമികമായി അവതരിപ്പിക്കുവാനും മറ്റുമുള്ള ചില നീക്കങ്ങൾ ഉണ്ടായിരുന്നു. ഈജിപ്തിലും സൗദിയിലുമെല്ലാമാണ് അത്തരം നവ ഇസ്ലാമിക വ്യാഖ്യാനങ്ങൾ കാണപ്പെട്ടിരുന്നത്. അതിനുവേണ്ടി അവിടങ്ങളിൽ ശ്രമിക്കുന്ന ആൾക്കാർ തങ്ങളുടെ പ്രവർത്തനത്തെ നവോത്ഥാനം എന്നാണ് വിളിച്ചിരുന്നതും പരിചയപ്പെടുത്തിയിരുന്നതും. തങ്ങളുടെ ആശയങ്ങൾ എളുപ്പത്തിൽ വിറ്റഴിക്കാൻ വേണ്ടി അവർ തങ്ങളുടെ ആശയങ്ങൾ യഥാർത്ഥ സ്വാലിഹീങ്ങളായ സലഫുകളുടെ വഴിയാണ് എന്ന് വരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഏതായാലും ഇവരുടെ ചിന്താവലയത്തിൽ നമ്മുടെ കേരളത്തിലെ ചിലരും പെട്ടു.



1921 ൽ അരങ്ങേറിയ മലബാർ സമരത്തെ തുടർന്ന് ഏതാനും കോൺഗ്രസ് അനുകൂലികളായ മുസ്ലിം പ്രമാണിമാർ കൊടുങ്ങലൂരിലേക്കു പാലായനം ചെയ്തിരുന്നു. അവിടെ പ്രവാസ ജീവിതം നയിക്കുന്നതിനിടെ ഹിന്ദു സമൂഹത്തിൽ ശ്രീനാരായണ ഗുരു, അയ്യങ്കാളി എന്നിവർ കൊണ്ടുവരാൻ ശ്രമിക്കുന്നതു പോലെ മുസ്ലിം സമുദായത്തിനുള്ളിൽ നവോത്ഥാനം കൊണ്ട് വരണമെന്ന ചിന്ത ഇവരിൽ വളർന്നുവരികയും അവർ അതിനു വേണ്ടി സൂത്രത്തിൽ ശ്രമം നടത്തുകയും ചെയ്തു. സത്യത്തിൽ ഒരു നവ ഉത്ഥാനത്തിനു മാത്രം യാതൊരു പതനവും സമൂഹത്തിന് സംഭവിച്ചിട്ടില്ലായിരുന്നു. പണ്ടു മുതലേ മുസ്ലിംകൾ സലക്ഷ്യം പിന്തുടർന്നു വന്നിരുന്ന പല ആചാര അനുഷ്ടാനങ്ങളും തങ്ങളുടെ യുക്തിക്ക് യോചിക്കുന്നില്ല എന്നതിനാലും ആത്മീയത അധികരിക്കുന്നതിനോടുള്ള അസന്തുഷ്ട്ടി കാരണത്താലും അവർ അവ സമൂഹത്തിൽ നിന്ന് എടുത്തു കളയുവാൻ ശ്രമിക്കുക മാത്രമായിരുന്നു. ഇവരുടെ നീക്കങ്ങൾ അവസാനം 1922 ൽ സമാനമനസ്കരുടെ ഒരു യോഗം വിളിക്കുന്നതിലേക്ക് എത്തി. കൊടുങ്ങല്ലൂരിലെ എറിയാട് സംഘടിപ്പിക്കപ്പെട്ട ഈ യോഗത്തിൽ അവർ നിഷ്പക്ഷ സംഘം എന്ന പേരിൽ ഒരു സംഘം രൂപീകരിച്ചു. മാഹിൻ ഹമദാനി, എം സി സി അബ്ദുറഹ്മാൻ മൗലവി, കെഎം മൗലവി മുതലായവരായിരുന്നു നിഷ്പക്ഷ സംഘത്തിന്റെ നേതാക്കന്മാർ.



നിഷ്പക്ഷ സംഘം എന്ന് തങ്ങളുടെ സംഘത്തിന് പേരിടുക വഴി അവരുടെ ഉള്ളിലെ ലക്ഷ്യം ആദ്യമേ പുറത്തായി. നിഷ്പക്ഷം എന്നതുകൊണ്ട് അവർ ഉദ്ദേശിച്ചത് മദ്ഹബുകളുടെ നിരാകരണം ആയിരുന്നു. ഓരോ മദ്ഹബും ഓരോ പാർട്ടിയോ പക്ഷമോ ഒക്കെയാണ് എന്നാണ് അന്നത്തെയും ഇന്നത്തെയും അവരുടെ ധാരണ. അത് കർമ്മങ്ങൾ അനുഷ്ഠിക്കാനുള്ള ഒരു വിശാലതയാണ് എന്നത് ഇന്നും അവർക്ക് മനസ്സിലായിട്ടില്ല. അധികം വൈകാതെ ആ പേര് അവർക്കൊരു ഭാരമായി തോന്നുകയും സംഘത്തിന്റെ പേര് ഐക്യ സംഘം എന്നാക്കി മാറ്റുകയും ചെയ്തു. ഈ നേതാക്കളെയും അവരുടെ പുതിയ നീക്കങ്ങളെയും സുന്നത്ത് ജമാഅത്തിന്റെ നേതാക്കളും ഉലമാക്കളും പ്രവർത്തകരും സംശയത്തോടു കൂടെയാണ് കണ്ടിരുന്നത് അവരുടെ ഭാഗത്തുനിന്ന് ഉണ്ടായ സംശയ ആസ്പദമായ ചില നീക്കങ്ങൾ ഈ ആശങ്കക്ക് ആക്കം കൂട്ടുകയും ചെയ്തു. ഇങ്ങനെയിരിക്കെ അവരിലെ ചില തീവ്രവാദികൾ ഒന്നുകൂടി മുന്നോട്ടുപോയി ബിദഈ ആശയങ്ങൾ പച്ചയായി പ്രചരിപ്പിക്കാൻ തുടങ്ങി. അത്തരക്കാർ 1924 ൽ ഒരു ജംഇയ്യത്തുൽ ഉലമ സ്ഥാപിച്ചു. ഇബ്നു വഹാബ്, ഇബ്നു തൈമീയ്യ തുടങ്ങിയവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനും ആരംഭിച്ചു. ഇതോടെ ഐക്യസംഘക്കാര്യം പരിഷ്കർത്താക്കളും തമ്മിലുള്ള ഏറ്റു മുട്ടലുകൾക്കു അരങ്ങൊരുങ്ങി. മൊത്തതിൽ മുസ്ലിം ഉമ്മത്തിന്റെ വിരോധം എന്തിനേക്കാളും ഭീഷണിയായി നിലകൊള്ളുകയും ചെയ്തു.



2
സമസ്ത ജനിക്കുന്നു..



ബിദ്അത്തിന്റെ കരിനാഗങ്ങള്‍ ഇസ്‌ലാമിക സംസ്‌കാരത്തിനു മേല്‍ പത്തി വിടര്‍ത്തി ആടിയ ഘട്ടങ്ങളിലെല്ലാം അതിനെ പ്രതിരോധിക്കാന്‍ അല്ലാഹുവിന്റെ മഹാകാരുണ്യം സത്യത്തിന്റെ വാക്താക്കൾക്കു മേൽ ചൊരിഞ്ഞു കിട്ടിയിടുണ്ട്. അതു കൈമുതലാക്കി മുസ്‌ലിംകള്‍ മുന്നിട്ടിറങ്ങിയിട്ടുമുണ്ട്. ഉമ്മത്തിനെ മൊത്തത്തില്‍ വിവുങ്ങാന്‍ മുഅ്തസിലിയ്യത്ത് വാപിളര്‍ത്തി നില്‍ക്കുമ്പോഴാണല്ലോ അഹ്‌ലുസുന്നയുടെ തേരുതെളിയിച്ചുകൊണ്ട് ഇമാം അശ്അരി(റ) മുന്നോട്ടുവന്നത്. അഹ്‌ലേ ഹദീസും ദയൂബന്ദിയ്യത്തും ഉത്തരേന്ത്യയില്‍ ആദർശ കാലുഷ്യം പരത്താല്‍ ഒരുമ്പെട്ടപ്പോഴാണ് അഅ്‌ലാ ഹസ്‌റത്ത് പൊതുസമൂഹത്തെ സംഘടിപ്പിച്ചു സുന്നീ സരണിയെ ശക്തിപ്പെടുത്തിയതും. ഇപ്രകാരം ഐക്യസംഘക്കാര്‍ ബിദ്അത്തിന്റെ വിഷബീജങ്ങള്‍ ജനമനസ്സുകളില്‍ കുത്തിവെക്കാന്‍ ശ്രമിച്ചപ്പോഴാണ് ഇവിടെയുള്ള പണ്ഡിതന്മാര്‍ സംഘടിക്കുന്നതും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു രൂപം നല്‍കുന്നതും.



1925-ല്‍ ഐക്യ സംഘത്തിന്റെ മൂന്നാം വാര്‍ഷിക സമ്മേളനം കോഴിക്കോട് ചേരുകയുണ്ടായി. കൊടുങ്ങല്ലൂരില്‍ വെച്ച് സംഘടിത രൂപം പ്രാപിച്ച മതനവീകരണ ചിന്തകള്‍ മലബാറിലും വ്യാപിപ്പിക്കുകയായിരുന്നു പ്രസ്തുത സമ്മേളനത്തിന്റെ ലക്ഷ്യം. ഇതു തിരിച്ചറിഞ്ഞ സുന്നീ ഉലമാക്കള്‍ 1925-ല്‍ കോഴിക്കോട് ജുമുഅത്തു പള്ളിയില്‍ ഒരുമിച്ചുകൂടുകയും ഒരു താല്‍ക്കാലിക കമ്മിറ്റിക്കു രൂപം നല്‍കുകയും ചെയ്തു. സൂഫീവര്യനായിരുന്ന മുഹമ്മദ് മീറാന്‍ മുസ്‌ലിയാര്‍ പ്രസിഡണ്ടും പാറോല്‍ ഹുസൈന്‍ സാഹിബ് ആ കമ്മിറ്റിയുടെ സെക്രട്ടറിയുമായിരുന്നു. കേരളത്തിലെ ഉലമാക്കളില്‍ നല്ലൊരു വിഭാഗം ദര്‍സിലും ഇബാദത്തിലുമായി ഒതുങ്ങിക്കഴിയുന്നവരായിരുന്നു. വറഇന്റെയും ഇഖ്‌ലാസിന്റെയും പ്രതീകങ്ങളായ ആ പണ്ഡിതന്മാര്‍ പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് ഇഷ്ടപ്പെട്ടിരുന്നില്ല. അത്തരക്കാരെ ഒരു പണ്ഡിത സഭയുടെ പ്രസക്തിയെക്കുറിച്ചും ബിദ്അത്തിന്റെ കുതന്ത്രങ്ങളെ കുറിച്ചും ഉണര്‍ത്തി വിപുലമായ ഒരു പണ്ഡിത സംഗമം വിളിച്ചു ചേര്‍ക്കുകയായിരുന്നു താല്‍കാലിക കമ്മിറ്റിയുടെ ചുമതല. അതിനു വേണ്ടി പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, പാനായിക്കുളം പുതിയാപ്പിള അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി, അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തുടങ്ങിയവരും മുന്നിട്ടിറങ്ങി. ഉന്നത ദര്‍സുകള്‍ നടക്കുന്നയിടങ്ങളില്‍ ചെന്ന് ഉലമാക്കളെ നേരില്‍ കാണുകയും ക്ഷണിക്കുകയും ചെയ്തു. അങ്ങനെ 1926 ജൂണ്‍ 26ന് കോഴിക്കോട് ടൗണ്‍ഹാളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതന്മാര്‍ സംഗമിച്ചു.



സയ്യിദ് ഹാശിം ചെറുകുഞ്ഞിക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, സര്‍വ്വാദരണീയനും ആത്മീയ നായകനുമായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാ അലവി വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സുദീര്‍ഘമായ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. ടൗണ്‍ഹാളില്‍ സംഗമിച്ച പണ്ഡിത പ്രമുഖരുടെ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപംകൊണ്ടു. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ (1840-1932) പ്രസിഡണ്ടും പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (ഹി. 1305-1365), വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ (1298-1385), പള്ളിപ്പുറം അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ (1313-1363), കെ.പി. മീറാന്‍ മുസ്‌ലിയാര്‍, എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു. പള്ളിവീട്ടില്‍ മുഹമ്മദ് മുസ്‌ലിയാര്‍ (1881-1950) ജനറല്‍ സെക്രട്ടറിയും വലിയ കൂനേങ്ങല്‍ മുഹമ്മദ് മൗലവി സെക്രട്ടറിയുമായിരുന്നു. ഇവര്‍ ഉള്‍പ്പെടെ 40 മുശാവറ അംഗങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.
സര്‍വ്വാദരണീയരായ പണ്ഡിത പ്രതിഭകള്‍ നേതൃത്വം നല്‍കിയതു കൊണ്ട് തന്നെ മുസ്‌ലിം കേരളം സമസ്തയെ നെഞ്ചേറ്റി. ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ ആമുഖങ്ങളില്ലാതെ മലയാളികള്‍ക്കെല്ലാം അറിയുന്ന മഹാപ്രസ്ഥാനമായി അതു മാറി. ഇന്നും കേരളീയ മുസ്ലിം ഉമ്മത്തിന്റെ നായകസ്ഥാനം സമസ്ത കേരള ജം ഇയ്യത്തുൽ ഉലമക്കാണ്. അത് എതിരാളികൾ പോലും അംഗീകരിക്കും.



3
കാലികവും ധീരവുമായ ചുവടുകൾ



ആദ്യ കാലങ്ങളില്‍ സമ്മേളനങ്ങളിലൂടെയായിരുന്നു സമസ്തയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടത്. അക്കാലങ്ങളിലെ പ്രധാന പ്രചരണ മാധ്യമവും അതായിരുന്നു. മറുവിഭാഗങ്ങളുടെ വേദിയും അതു തന്നെയായിരുന്നു. ഓരോ സമ്മേളനങ്ങളിലും അതാതു വിഭാഗങ്ങളുടെ ഏതാണ്ട് മുഴുവൻ അംഗങ്ങളും എത്ര പ്രയാസം സഹിച്ചും സംബന്ധിക്കുമായിരുന്നു.

1927 ഫെബ്രുവരി 27-ന് താനൂരിലായിരുന്നു സമസ്തയുടെ ഒന്നാം സമ്മേളനം നടന്നത്. മൗലാന പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാരുടെ പ്രവർത്തന തട്ടകമായിരുന്ന താനൂരിൽ തന്നെ ഒന്നാം സമ്മേളനം നടന്നതോടെ സംഘടന എല്ലാവരാലും ശ്രദ്ധിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ പൊതുവേദികളിൽ അവതരണ മികവുകൊണ്ടും ആഴമുള്ള അറിവുകൊണ്ടും ശ്രദ്ധേയനായ ഒരു വ്യക്തിത്വമായിരുന്നു പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ. താനൂരിൽ തന്നെ 1924 ൽ സ്ഥാപിക്കപ്പെട്ട ഇസ്ലാഹുൽ ഉലൂം അറബിക്കോളേജ് എന്ന സ്ഥാപനത്തിന്റെ പ്രിൻസിപ്പാളും മാനേജറും ആയും പ്രശസ്തനായ ആളായിരുന്നു അദ്ദേഹം. അതിനാൽ തുടക്കമായിരുന്നുവെങ്കിലും സമ്മേളനം പ്രത്യേക ശ്രദ്ധ നേടി. വെല്ലൂർ ബാഖിയാത്ത് സ്ഥാപകനായ ബാനി ഹസ്രത്തിന്റെ മകൻ മൗലാനാ ളിയാഉദ്ദീൻ ഹസ്റത്ത് ആയിരുന്നു യോഗത്തിന്റെ അധ്യക്ഷൻ. അക്കാലത്തെ തെന്നിന്ത്യയുടെ വൈജ്ഞാനിക ആസ്ഥാനവും വലിയ പണ്ഡിതന്മാരെ പഠിപ്പിച്ചെടുത്ത സ്ഥാപനവുമാണ് ബാഖിയാത്ത്. അതിന്റെ നായകൻ സമസ്തയുടെ സമ്മേളനത്തിന്റെ അധ്യക്ഷനാകുന്നത് സമൂഹത്തിന് ഒരു സന്ദേശം കൂടി നൽകുന്നുണ്ട്. ശരിയായ ഇസ്ലാമിക പാരമ്പര്യത്തെയും അറിവിനെയും സംരക്ഷിക്കുന്നതും പ്രതിനിധീകരിക്കുന്നതും സമസ്തയാണ് എന്ന സന്ദേശം. അതേ വർഷം തന്നെ ഡിസംബര്‍ 31ന് മോളൂരില്‍ രണ്ടാം സമ്മേളനം നടന്നു. താനൂര് പോലെ ആ കാലത്തെ ഉയർന്ന ഒരു മതസ്ഥാപനമായ മിസ്ബാഹുൽ ഇസ്ലാം ദർസ് നടന്നിരുന്ന സ്ഥലമായിരുന്നു മോളൂർ. മൗലാനാ പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ ആയിരുന്നു രണ്ടാം സമ്മേളനത്തിന്റെ അധ്യക്ഷൻ. 1929 ജനുവരി 7ന് വല്ലപ്പുഴ ചെമ്മന്‍കുഴിയില്‍ വെച്ചായിരുന്നു മൂന്നാം സമ്മേളനം.



മൂന്നാം സമ്മേളനത്തില്‍ വെച്ചാണ് സംഘടന മുഖപത്രം തുടങ്ങാന്‍ തീരുമാനിച്ചത്. സമസ്തയുടെ സമഗ്രമായ നീക്കങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാമത്തെ ചുവടുവെപ്പായി ഇതിനെ കാണാം. 1929 കാലങ്ങളിൽ സംഘടനകൾക്കോ സ്വകാര്യ സംഘങ്ങൾക്കോ ഒരു പത്രപ്രസിദ്ധീകരണത്തെക്കുറിച്ച് ചിന്തിക്കുവാൻ പോലും കഴിയാത്ത ഒരുകാലത്തായിരുന്നു സമസ്ത വിപ്ലവകരമായ ഈ തീരുമാനം കൈക്കൊണ്ടത്. ഈ നീക്കം അന്നുണ്ടായിരുന്ന ബിദ്ഈ ഉൽപ്പതിഷ്ണുക്കളെ ഞെട്ടിക്കുക തന്നെ ചെയ്തു. പൊതുവേ യാഥാസ്ഥിതികന്മാർ എന്നും അക്ഷരജ്ഞാനമോ വൈജ്ഞാനിക സംസ്കാരമോ ഇല്ലാത്തവരുമാണ് എന്ന് ധരിക്കുകയും അങ്ങനെ അവസരം കിട്ടുമ്പോഴെല്ലാം പ്രചരിപ്പിക്കുകയും ചെയ്തു വന്നവരെ സംബന്ധിച്ചിടത്തോളം ഈ കാലത്ത് അത് ഞെട്ടൽ ഉണ്ടാക്കിയതിൽ അത്ഭുതപ്പെടാനില്ല. പ്രസാധന രംഗത്തേക്ക് സമസ്തയുടെ കാൽവെപ്പായിരുന്നു ഇത്. അന്നുമുതൽ ഇന്നുവരേക്കും ലോകത്തിന്റെ പുരോഗതി യോടൊപ്പം അഭിമാനകരമായി സമസ്ത ചുവടുവെച്ച് വന്നു എന്നത് ഇവിടെ ശ്രദ്ധേയമാണ്. സംഘടനയ്ക്ക് മുഖപത്രം തുടങ്ങുവാൻ അധ്യക്ഷനായ മൗലാനാ അബ്ദുൽ ബാരി മുസ്ലിയാർ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതോടെയാണ് പത്രം തുടങ്ങുവാനുള്ള സാഹചര്യം ഒരുങ്ങിയത്. അതേ വർഷം തന്നെ ഡിസംബർ മാസത്തിൽ (ഹിജ്റ 1348 ലെ റജബ് മാസത്തിൽ) സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായി കോഴിക്കോട് നിന്ന് അൽബയാൻ അറബി മലയാള മാസിക പുറത്തിറങ്ങി. മൗലാനാ പാങ്ങിൽ അഹമ്മദ് കുട്ടി മുസ്ലിയാർ ആയിരുന്നു മുഖ്യ പത്രാധിപർ. പുതിയങ്ങാടി മുദർരിസും സംഘടനയുടെ ജോയിൻറ് സെക്രട്ടറിയുമായിരുന്ന വി കെ മുഹമ്മദ് മൗലവി പബ്ലിഷറും മാനേജറും ആയിരുന്നു. ഒരു പ്രതിക്ക് ആറണയായിരുന്നു വില. വാർഷിക വരിസംഖ്യ ഇന്ത്യയിൽ മൂന്ന് രൂപയും ഇന്ത്യയ്ക്കു പുറത്ത് നാലു രൂപയുമായിരുന്നു. ഒരു വരിക്ക് മൂന്ന് അണ എന്നതിലായിരുന്നു പരസ്യങ്ങളുടെ താരിഫ്. പഠനാർഹവും പണ്ഡിതോചിതവുമായ ലേഖനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു തുടക്കം മുതലേ അൽ ബയാൻ. പല പ്രമുഖ പണ്ഡിതന്മാരുടെയും ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിച്ചിരുന്നു.



1930 മാര്‍ച്ച് 17ന് മണ്ണാര്‍ക്കാട് വെച്ചായിരുന്നു നാലാം സമ്മേളനം. ഖാൻ ബഹദൂർ കല്ലടി മൊയ്തുട്ടി സാഹിബിന്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത സമേളനത്തിന്റെ അദ്ധ്യക്ഷൻ പ്രമുഖ സ്വൂഫീ വര്യനായിരുന്ന വെളേളങ്ങര മുഹമ്മദ് മുസ്ലിയാരായിരുന്നു. 1931 മാര്‍ച്ച് 11ന് മലപ്പുറം മേലാറ്റൂരിനടുത്ത വെളിയഞ്ചേരിയില്‍ വെച്ചാണ് അഞ്ചാം സമ്മേളനം നടന്നത്. ബിദഈ കക്ഷികൾ കഠിനമായ ആദർശ പ്രചരണവും ചെറിയ തോതിൽ കായിക നീക്കങ്ങളുമെല്ലാം നടത്തിയിരുന്ന സ്ഥലമായിരുന്നു അന്ന് വെളളിയഞ്ചേരി. അതിനാലാണ് സമ്മേളനം അവിടെയാക്കിയത്. ശത്രുവിന്റെ മാളത്തിൽ ചെന്ന് ആക്രമിക്കാനുള്ള ധൈര്യമായി ഇതിനെ കരുതാം. വരക്കൽ ബാ അലവി മുല്ലക്കോയ തങ്ങൾ സംബന്ധിച്ച അവസാന സമ്മേളനം കൂടിയായിരുന്നു ഇത്. സമസ്തയുടെ ചരിത്രത്തില്‍ പലതുകൊണ്ടും ശ്രദ്ധേയമായ സമ്മേളനമായിരുന്നു 1933 മാര്‍ച്ച് 5 ന് കോഴിക്കോട് ഫറോക്കില്‍ ചേര്‍ന്ന ആറാം സമ്മേളനം. മൗലാനാ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയായിരുന്നു അധ്യക്ഷന്‍. പ്രസ്തുത സമ്മേളനം മുടക്കാന്‍ വഹാബികള്‍ സര്‍വ്വ തന്ത്രങ്ങളും പയറ്റുകയുണ്ടായി. അവര്‍ 1933-ല്‍ രൂപീകരിച്ച കേരള ജംഇയ്യത്തുല്‍ ഉലമ റജിസ്റ്റര്‍ ചെയ്തിരുന്നു. കേരള ജംഇയ്യത്തുല്‍ ഉലമ അവര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ ആ പേരില്‍ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഫറോക്കില്‍ യോഗം ചേരുന്നത് നിയമ വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് അവര്‍ വക്കീൽ നോട്ടീസയച്ചു. പേരിന്റെ തുടക്കത്തിലുണ്ടായിരുന്ന സമസ്ത എന്ന പദം ഗൗനിക്കാതെയാണവര്‍ നോട്ടീസയച്ചത്. അതുകൊണ്ടുതന്നെ ഫറോക്കിലെ സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെതാണെന്നും അതിനു കേരള ജംഇയ്യത്തുല്‍ ഉലമയുമായി യാതൊരു ബന്ധവുമില്ലെന്നും കാണിച്ചു നേതാക്കൾ മറുപടി നല്‍കിയതോടെ വഹാബികള്‍ ഇളിഭ്യരായി. എതിർപക്ഷങ്ങളെ വിറളി പിടിപ്പിക്കുന്നതായിരുന്നു സമസ്തയുടെ വളർച്ച എന്നതു കൂടി ഇതിൽ നിന്നു വായിച്ചെടുക്കാം.



സമസ്തയുടെ സമ്മേളനങ്ങൾക്ക് കൈവന്ന ഒരു പ്രധാന മാറ്റമാണ് സമ്മേളനങ്ങൾ പാസ്സാക്കിയ പ്രമേയങ്ങൾ. സംഘടനയുടെ നയം, പ്രതികരണം, പ്രഖ്യാപനം തുടങ്ങിയവയാണ് പ്രമേയങ്ങളുടെ അന്തസത്ത. സമ്മേളനത്തിൽ പ്രധാന പ്രസംഗകന്മാരുടെ പ്രസംഗങ്ങളാണ് ഉണ്ടാവുക എങ്കിലും സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടുകയും പാസാക്കുകയും ചെയ്യുന്ന പ്രമേയങ്ങൾ വലിയ അർത്ഥങ്ങളായി പരിണമിക്കുമായിരുന്നു. അത് എല്ലാവരും സഗൗരവം തന്നെ ശ്രദ്ധിക്കുകയും ചെയ്യുമായിരുന്നു. അവതാരകനും അനുവാദകനും പ്രമേയം അവതരിപ്പിക്കുന്നതോടെ അത് നേതൃത്വത്തിന്റെയും അത് പാസ്സാകുന്നതോടെ അണികളുടെയും നിലപാടായി രൂപാന്തരപ്പെടുന്നു. പ്രമേയങ്ങൾ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്ന ശൈലി സമസ്തയുടെ ചരിത്രങ്ങളിൽ ഫറോക്ക് സമ്മേളനം മുതലാണ് കാണപ്പെടുന്നത്. നിരവധി പ്രമേയങ്ങൾ പ്രസ്തുത സമ്മേളനത്തിൽ അവതരിക്കപ്പെടുകയും പാസാക്കുകയും ചെയ്തിട്ടുണ്ട്. സമ്മേളനം തടസ്സപ്പെടുത്താനുള്ള വഹാബികളുടെ ശ്രമത്തെ അപലപിക്കുന്നതായിരുന്നു സമ്മേളനത്തിലെ ഒന്നാം പ്രമേയം. സമസ്തക്കെതിരെ കള്ള നോട്ടീസുകളും വാറോലകളും ഇറക്കുന്നവരെ താക്കീത് ചെയ്യുന്നതായിരുന്നു രണ്ടാം പ്രമേയം. ഹീലത്തു റിബായിലൂടെ പരിശ ഹലാലാക്കാനുള്ള ഐക്യസംഘത്തിന്റെ കുതന്ത്രങ്ങളെ തുറന്നുകാട്ടുന്നതായിരുന്നു മൂന്നാം പ്രമേയം. വലിയ തെറ്റുകളെ പ്രതിരോധിക്കാൻ ചെറിയ തെറ്റുകൾ ആവാം എന്ന മുടന്തൻ ന്യായം വെച്ച് ബാങ്ക് പലിശയെ വെള്ളപൂശാനുള ശ്രമമായിരുന്നു ഐക്യ സംഘത്തിന്റെ ഹീലത്തു രിബാ. ഈ പ്രമേയം അനുവദിച്ചത് അന്നത്തെ യുവനേതാവും പണ്ഡിതനുമായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്ലിയാരായിരുന്നു.



ഈ പ്രമേയങ്ങളിൽ ഒന്ന് ലോക ശ്രദ്ധ തന്നെ നേടുകയുണ്ടായി. ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്നു വ്യക്തമാക്കുന്നതും അവര്‍ക്ക് പെണ്ണു കൊടുക്കാനോ മുസ്‌ലിംകളുടെ മഖ്ബറകളിൽ അവരെ മറവു ചെയ്യാനോ പാടില്ലെന്ന് തീർത്തു പറയുന്നതായിരുന്നു ഫറോക്ക് സമ്മേളനം പ്രഖ്യാപിച്ചതും പാസ്സാക്കിയതുമായ നാലാം പ്രമേയം. അതുവരെ ഒരു മുസ്ലിം സംഘടനയും പറയാൻ ധൈര്യം കാണിച്ചിട്ടില്ലാത്ത ഒരു കാര്യമായിരുന്നു ഇത്. ഇതു കഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞാണ് ഖാദിയാനികള്‍ മുസ്‌ലിംകളല്ലെന്ന് സഊദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുസ്‌ലിം വേള്‍ഡ് ലീഗ് പ്രഖ്യാപിച്ചത്. 1966 ൽ. അതേ വര്‍ഷം തന്നെയാണ് പാകിസ്ഥാനിലെ ജംഷാബാദ് ഫാമിലി സിവില്‍ കോടതി ഖാദിയാനികൾ മുസ്‌ലിംകളല്ലെന്നു വിധിച്ചതും. അതിനാൽ 1933-ല്‍ തന്നെ ഖാദിയാനിസം ഇസ്‌ലാമിനു പുറത്താണെന്നു പ്രഖ്യാപിച്ച സമസ്തയുടെ നിലപാട്, മുസ്‌ലിം ലോകത്ത് മറ്റുള്ളവരേക്കാള്‍ മുന്നില്‍ നടന്ന പ്രസ്ഥാനമാണിതെന്ന് വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നു. ഇത്തരം ധീരമായ നടപടികളിലൂടെ സമസ്ത കാലത്തോടും മതത്തോടുമുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുകയായിരുന്നു.



അഹല് സുന്നത്തി വൽ ജമാഅത്തിന്റെ ആശയാദർശങ്ങൾ ഇസ്ലാമിക ജീവിതത്തിന്റെ ഭാഗമാണെന്ന് ഉറക്കെ പ്രഖ്യാപിച്ച സമ്മേളനം കൂടിയായിരുന്നു ഫറോക്ക് സമ്മേളനം. മുസ്ലീംങ്ങൾ കാലം ഇതുവരെ നിരാക്ഷേപം ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടക്കുന്ന മാല, മൗലിദ്, റാത്തീബ്, തുടങ്ങിയവയെല്ലാം ശരിയായ തെളിവുകൾ കൊണ്ട് സ്ഥിരപ്പെട്ട മതനുസരണങ്ങൾ തന്നെയാണ് എന്നും അവ മതവിരുദ്ധങ്ങളാണ് എന്നോ ശിർക്കാണ് എന്നോ പറയുന്നവർ സുന്നികൾ അല്ലെന്നും അവർ ഇമാമത്തിനും ഖാളിസ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ സമ്മേളനത്തിലെ എട്ടാം പ്രമേയം സധീരം പ്രഖ്യാപിച്ചു.



മരിച്ചുപോയ അമ്പിയാക്കൾ, ഔലിയാക്കൾ, സ്വാലിഹീങ്ങൾ മുതലായവരുടെ ദാത്തുകൊണ്ടും ജാഹ്, ഹഖ്, ബറകത്ത് മുതലായവ കൊണ്ടും തവസ്സുല്‍ (ഇടതേട്ടം) ചെയ്യലും അവരെ നേരിട്ട് വിളിക്കലും അവരെ വിളിച്ച് സഹായത്തിനപേക്ഷിക്കലും അവരുടെ ആസാറുകളെ കൊണ്ട് ബറക്കത്ത് മതിക്കലും മരിച്ചുപോയ അമ്പിയാ, ഔലിയാ മുതലായവര്‍ക്കും മറ്റു മുസ്‌ലിംകള്‍ക്കും കൂലി കിട്ടുന്നതിനുവേണ്ടി ധര്‍മ്മം ചെയ്യലും കോഴി, ആട് മുതലായവ ധര്‍മ്മം ചെയ്യാന്‍ വേണ്ടി നേര്‍ച്ചയാക്കലും അവര്‍ക്കുവേണ്ടി ഖുര്‍ആന്‍ ഓതലും ഓതിക്കലും മുസ്‌ലിം മയ്യിത്തുകളെ മറവു ചെയ്തതിനു ശേഷം ഖബ്‌റിങ്കല്‍ വെച്ച് തല്‍ഖീന്‍ ചൊല്ലിക്കൊടുക്കലും മറ്റു സ്ഥലങ്ങളില്‍ വെച്ചും ഖുര്‍ആന്‍ഓതലും ഓതിക്കലും എല്ലാം അനുവദനീയമാണ് എന്ന് എട്ടാം പ്രമേയം വ്യക്തമാക്കി. ഖബ്ര്‍ സിയാറത്ത് ചെയ്യൽ, ഖബ്‌റാളികള്‍ക്ക് സലാം പറയൽ, അവര്‍ക്കു വേണ്ടി ദുആ ഇരക്കൽ, ഖബ്ര്‍ സിയാറത്തിനു യാത്ര ചെയ്യൽ തുടങ്ങിയവയും ആയത്ത്, ഹദീസ്, മറ്റു പരിശുദ്ധമായ അസ്മാഉകൾ എന്നിവകൊണ്ട് മന്ത്രം ചെയ്യലും ഉറുക്ക് എഴുതി കെട്ടലും പിഞ്ഞാണം എഴുതി കൊടുക്കലും വെള്ളം, നൂല്‍ മുതലായവ മന്ത്രിച്ചു കൊടുക്കലും ബുര്‍ദ ഓതി മന്ത്രിക്കലും എല്ലാം അനുവദനീയം തന്നെ എന്ന് പ്രമേയം പ്രഖ്യാപിച്ചു.








0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso