Thoughts & Arts
Image

SYS@70/ സമസ്തയും പിളർപ്പും

15-06-2023

Web Design

15 Comments





ഈ സമ്മേളനത്തിൽ പ്രസംഗിച്ച ശൈഖ് ആദം ഹസ്രത്തിന്റെയും പറവണ്ണ മുഹിയുദ്ധീൻകുട്ടി മുസ്ലിയാരുടെയും അബ്ദുൽ ഖാദർ മുസ്ലിയാരുടെയും പ്രസംഗങ്ങളിൽ പ്രത്യേകമായി മുഴങ്ങിയ ഒരു ആശയമായിരുന്നു യുവജനത സംഘടനാ ചലനങ്ങൾ ഏറ്റെടുക്കുകയും ദീനീ സജ്ജരാവുകയും ചെയ്യണം എന്നത്. ഇതിൽനിന്ന് പ്രചോദനവും ആവേശവും ഉൾക്കൊണ്ട ബി കുട്ടി ഹാസൻ ഹാജിയെ പോലുള്ള പൊതു യുവ പ്രവർത്തകർ സമസ്തയുടെ ഉലമാക്കളുടെ അനുമതിയോടെ ഒരു യുവജനപ്രസ്ഥാനത്തിന് രൂപം നൽകാനായി തൊട്ടടുത്ത മാസം തന്നെ കോഴിക്കോട് അൻസാറുൽ മുസ്ലിമീൻ ഓഫീസിൽ ഒരു പ്രത്യേക കൺവെൻഷൻ വിളിച്ച് ചേർക്കുകയുണ്ടായി. മെയ് 20 ന് സമസ്തയുടെ ജോയിൻ സെക്രട്ടറിയും കോഴിക്കോട് മുദാക്കര പള്ളിയിലെ ഖത്തീബുമായിരുന്ന ഒ അബ്ദുറഹ്മാൻ മുസ്ലിയാരുടെ അധ്യക്ഷതയിലായിരുന്നു യുവജന കൺവെൻഷൻ ചേർന്നത്. ഈ കൺവെൻഷനിൽ വച്ചാണ് സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ജൻമമെടുത്തത്. ബി കുട്ടി ഹസ്സൻ ഹാജി പ്രസിഡണ്ടും കെ എം മുഹമ്മദ് കോയ സെക്രട്ടറിയും ആയിക്കൊണ്ടായിരുന്നു പ്രഥമ കമ്മിറ്റി നിലവിൽ വന്നത്.



ഈ ദിനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അത് ജനിച്ചുവീഴാനിരിക്കുന്ന സംഘടനയുടെ ആശയതല ഊർജ്ജം കൂടിയാണ്. അത് ഈ ദിനം ഒരു റമദാൻ 17 ആയിരുന്നു എന്നതാണ്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായ ബദർ യുദ്ധം നടന്ന ദിവസമാണ് റമദാൻ 17. സത്യാസത്യ വിവേചനത്തിന് മഹാനായ പ്രവാചകൻ(സ) തന്റെ മുന്നൂറോളം വരുന്ന അനുയായികളുമായി ഈമാനിന്റെ പിൻബലം കൊണ്ട് മാത്രം രംഗത്തിറങ്ങിയ അടർക്കളം ആയിരുന്നു ബദർ. ഇസ്ലാമിക ചരിത്രത്തിലെ മറ്റേതു യുദ്ധത്തിൽ നിന്നും വേറിട്ട അനുഭവമാണ് ബദർ വിശ്വാസികളുടെ ലോകത്തിന് നൽകുന്നത്. അതിലെ അന്നത്തെ എല്ലാ ചലനങ്ങളും വിശ്വാസത്തിന്റെ ശക്തിയെ വ്യാഖ്യാനിക്കുന്നതായിരുന്നു. സത്യത്തിന്റെ വാഹകരെ സഹായിക്കുവാൻ അല്ലാഹു അന്ന് ആയിരങ്ങളായ തന്റെ മലക്കുകളെ ഇറക്കിയ സംഭവം വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. ആയതിനാൽ അന്ന് അവിടെ ഉണ്ടായ എല്ലാ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും മലക്കുകളാണ് വിശ്വാസികൾക്കു വേണ്ടി ചെയ്തത്. ഈ വികാരം ഒട്ടും ചോരാതെ കാത്തുസൂക്ഷിക്കുന്നവരാണ് സുന്നികൾ. ആ രാത്രിയിൽ അവർ പ്രാർത്ഥനകളും തവസ്സുലുകളും സ്മരണകളുമായി പുലരുവോളം കഴിച്ചുകൂട്ടുന്ന സാഹചര്യമായിരുന്നു അക്കാലത്ത് പ്രത്യേകിച്ചും ഉണ്ടായിരുന്നത്. അത്തരം ഒരു വികാരം തുടിച്ചു നിൽക്കുന്ന ആ രാത്രിയിലായിയിരുന്നു സമസ്തയുടെ മഹാദൗത്യങ്ങൾ ഏറ്റെടുക്കുവാൻ കർമ്മ കുശലരായ ഒരു യുവനിര രാത്രിയിൽ സംഗമിച്ചത്.



അന്ന് സമസ്തയുടെ പ്രസിഡണ്ടായിരുന്നു അബ്ദുൽ ബാരി മുസ്ലിയാരുടെ നാടായ വാളക്കുളത്തെ പുതുപ്പറമ്പിൽ ആയിരുന്നു സുന്നി യുവജന സംഘത്തിന്റെ ഒന്നാമത്തെ ശാഖ സ്ഥാപിക്കപ്പെട്ടത്. സമസ്തയുടെ ഒന്നാമത്തെ കീഴ്ഘടകമായ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഒന്നാം നമ്പർ മദ്രസയും അവിടെ തന്നെയാണല്ലോ സ്ഥാപിക്കപ്പെട്ടിരുന്നത്. ശാഖാ കമ്മറ്റികൾക്ക് മുകളിൽ ഏറ്റവും വലിയ ഘടകം തുടക്കത്തിൽ താലൂക്ക് കമ്മിറ്റികൾ ആയിരുന്നു. ആദ്യം നിലവിൽ വന്നത് തിരൂർ താലൂക്ക് കമ്മിറ്റിയാണ്. 1958ൽ നിലവിൽ വന്ന തിരൂർ താലൂക്ക് കമ്മിറ്റിയുടെ അധ്യക്ഷൻ എം എം ബഷീർ മുസ്ലിയാർ ആയിരുന്നു. സമസ്തയുടെ നേതൃരംഗത്തേക്ക് ബഷീർ മുസ്ലിയാരുടെ പ്രഥമ കാൽവെപ്പായി ഇതിനെ കണക്കാക്കപ്പെടുന്നു. വി എം ആസാദ് ആയിരുന്നു സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. തിരൂർ താലൂക്ക് കമ്മിറ്റിയാണ് സംഘടനാ രംഗത്ത് പല പുതിയ പരിപാടികൾക്കും തുടക്കം കുറിച്ചത്. മക്കരപ്പറമ്പ് സ്വദേശിയായ മൊയ്തീൻ ഹാജിയെ സംഘടനയുടെ മുഴുസമയ പ്രചാരകൻ ആയി നിയമിച്ചത് അവയിൽ ഒന്നാണ്. എസ് വൈ എസ്സിന്റെ പ്രസാധന ലോകവും തുറക്കുന്നത് തിരൂർ താലൂക്ക് കമ്മിറ്റി തന്നെ. പി കുഞ്ഞിമുഹമ്മദ് മുസ്ലിയാർ രചിച്ച നല്ല മനുഷ്യൻ എന്ന പുസ്തകമാണ് അവർ പ്രസിദ്ധീകരിച്ച പ്രഥമ പുസ്തകം. സി എച്ച് ഹൈദ്രോസ് മുസ്ലിയാർ അടക്കം നിരവധി പ്രതിഭാധനരായ പണ്ഡിതന്മാരും പ്രവർത്തകരും ഈ താലൂക്കുകാരായിരുന്നു.



1954 ൽ രൂപീകൃതമായ സുന്നി യുവജന സംഘത്തിന് തുടക്കത്തിൽ ഒരു വ്യവസ്ഥാപിത ഭരണഘടനയോ സ്റ്റേറ്റ് തലത്തിൽ ക്രോഡീകരിക്കപ്പെട്ട ഏകീകൃത പ്രവർത്തന രീതിയോ ഉണ്ടായിരുന്നില്ല. ശാഖകൾ പലയിടത്തും ഉണ്ടായി എങ്കിലും അതിന്റെ പ്രചോദനം പലപ്പോഴും പ്രാദേശികമായിരുന്നു. മുകളിൽ നിന്നുള്ള ഒരു നിയന്ത്രണം കാര്യക്ഷമമായി ഇല്ലാത്തതിനാൽ പ്രാദേശികമായി രൂപീകരിക്കപ്പെട്ട എസ് വൈ എസ്സുകൾ അതേ പ്രാദേശികതയുടെ ഭാഗമായ രാഷ്ട്രീയത്തിന്റെ ചേരിതിരിവുകളിൽ പലപ്പോഴും പെട്ടുപോയി. ചിലർ മുസ്ലിം ലീഗിനും ചില മറ്റു ചിലർ കോൺഗ്രസിനും വേണ്ടി തങ്ങളുടെ ശാഖയെ തിരിച്ചുവിടാനുള്ള ശ്രമങ്ങൾ വരെ ഉണ്ടായി. ഇത് സംഘടനയ്ക്ക് ക്ഷീണം ഉണ്ടാക്കിവെക്കും എന്ന് ഭയപ്പെട്ട സാഹചര്യത്തിൽ സംഘടനക്ക് വ്യവസ്ഥാപിതമായ ഒരു ഭരണഘടനയും കേന്ദ്രീകൃത പ്രവർത്തന ശൈലിയും ഏർപ്പെടുത്തണമെന്നും അതിനുവേണ്ടി നിലവിലുള്ള സ്റ്റേറ്റ് കമ്മിറ്റി പുനസംഘടിപ്പിക്കണമെന്നും പ്രധാന നേതാക്കന്മാരിൽ നിന്നു തന്നെ നിർദേശം വന്നു. അതിനെ തുടർന്ന് 1959 കോഴിക്കോട് ടൗൺഹാളിൽ വിപുലമായ ഒരു സുന്നി കൺവെൻഷൻ ചേരുകയും കമ്മറ്റി പുനസംഘടിപ്പിക്കപ്പെടുകയും ചെയ്തു. അക്കാലത്തെ ഉജ്ജ്വല വായും മുശാവറ അംഗമായിരുന്ന എൻ അബ്ദുല്ല മുസ്ലിയാർ പൂന്താവനമായിരുന്നു പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടത്. ബി കുട്ടി ഹസ്സൻ ഹാജി ജനറൽ സെക്രട്ടറിയായി. ഇതോടെ കർമ്മമണ്ഡലം ചൂടുപിടിക്കുകയും പ്രവർത്തനങ്ങൾ ചടുലമാവുകയും ചെയ്തു. സംഘടനയുടെ പ്രചരണത്തിനു വേണ്ടി നിലവിലുള്ള താലൂക്കുകളിൽ പര്യടനം നടത്തുവാൻ തീരുമാനമായി. അന്ന് തിരൂർ, വയനാട് എന്നീ താലൂക്ക് കമ്മിറ്റികൾ മാത്രമാണ് ഉണ്ടായിരുന്നത്. ആവശ്യമായ ഗതാഗത സൗകര്യം പോലും ഇല്ലാതിരുന്ന അക്കാലത്ത് കാൽ നടയായി പോയിട്ടായിരുന്നു എല്ലാ മുക്കിലും മൂലയിലും നേതാക്കന്മാർ എത്തിയത്. എൻ അബ്ദുല്ല മുസ്ലിയാർ, കെ വി മുഹമ്മദ് മുസ്‌ലിയാർ, ബി കുട്ടിഹസൻ ഹാജി, കെ പി ഉസ്മാൻ സാഹിബ്, എസ് എം ജിഫ്രി തങ്ങൾ, വി ടി അബ്ദുള്ളക്കോയ തങ്ങൾ, എം എം ബഷീർ മുസ്ലിയാർ, സി എച്ച് ഹൈദ്രോസ് മുസ്ലിയാർ തുടങ്ങിയ പ്രഗൽഭരായിരുന്നു സുന്നി യുവജന സംഘത്തിന്റെ പ്രചരണ പര്യടനത്തെ നയിച്ചിരുന്നത്.



ഇതേ കമ്മിറ്റിയാണ് സുന്നി യുവജന സംഘത്തിന്റെ ഭരണഘടന തയ്യാറാക്കിയത് അങ്ങനെ 1960 കളിൽ എത്തുമ്പോൾ സുന്നി യുവജന സംഘം പ്രതീക്ഷകൾ പകർന്നുകൊണ്ട് സംഘടനാ താളത്തിൽ എത്തിച്ചേർന്നിരുന്നു. അത്തരം ഒരു സന്ദർഭത്തിൽ സംഘടനക്ക് ഇനിയും പ്രചാരം ലഭിക്കുവാൻ സമസ്തയുടെ ഔദ്യോഗിക കീഴ് ഘടകം എന്ന പദവി അനിവാര്യമാണ് എന്ന് നേതൃത്വം കണ്ടെത്തി. അതിനു വേണ്ട അപേക്ഷ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുമ്പിൽ അവർ സമർപ്പിക്കുകയും ചെയ്തു. ഈ സമയത്താണ് 1961ൽ സമസ്തയുടെ ഇരുപത്തിയൊന്നാം സമ്മേളനം കക്കാട്ട് നടക്കുന്നത്. അതിൽ വെച്ചാണ് സുന്നി യുവജന സംഘത്തെ സമസ്തയുടെ രണ്ടാമത്തെ ഔദ്യോഗിക കീഴ്ഘടകമായി ഔപചാരികമായി അംഗീകരിച്ച വിവരം സമസ്തയുടെ ഉലമാക്കൾ പ്രഖ്യാപിച്ചത്. അയനിക്കാട് ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന മുശാവറ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. എന്നാൽ ഈ തീരുമാനം വിളംബരം ചെയ്തത് അന്നത്തെ സമസ്ത ജനറൽ സെക്രട്ടറി ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാർ തന്നെയായിരുന്നു. സമസ്തക്ക് ഒരു ഊന്നുവടി എന്ന വിശേഷണത്തോടുകൂടിയാണ് ശംസുൽ ഉലമ അന്ന് സുന്നി യുവജന സംഘത്തെ പരിചയപ്പെടുത്തിയത്. സമസ്തയുടെ പ്രവർത്തനങ്ങൾ വിജയിപ്പിച്ചെടുക്കുവാൻ ഉസ്താദുമാർക്കും നേതാക്കന്മാർക്കും വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്ന സഹായകം എന്ന അർത്ഥത്തിലാണ് ഊന്നുവടി എന്ന പ്രയോഗം ശൈഖുനാ നടത്തിയത്. സമസ്ത കരുത്തുറ്റ യുവജനപ്രസ്ഥാനത്തിന് രൂപം നൽകിയത് ബിദഇകൾ അടക്കമുള്ള പലരെയും ഞെട്ടിക്കുകയുണ്ടായി. അതുകൊണ്ട് അവരിൽ പലരും പ്രത്യേകിച്ച് വഹാബികൾ ശംസുൽ ഉലമയുടെ ഊന്നുവടി പ്രയോഗത്തെ സമസ്തയുടെ പ്രായാധിക്യമായി വ്യാഖ്യാനിക്കുകയുണ്ടായി. അവരുടെ നിരാശ അല്ലാതെ അതിനൊരു അർത്ഥവും ഉണ്ടായിരുന്നില്ല. കാരണം സമസ്ത 30 വയസ്സുള്ള യൗവനം അഭിമാനപൂർവ്വം ആസ്വദിക്കുന്ന സമയമായിരുന്നു അത്. ചടുലതയും ചാരുതയും സമാസമം ഇഴുകിച്ചേർന്നു നിൽക്കുന്ന സുരബില കാലം. 1962 ൽ എൻ അബ്ദുള്ള മുസ്ലിയാർ ഒരു അപകടത്തെ തുടർന്ന് കിടപ്പിലായപ്പോൾ കെ വി മുഹമ്മദ് മുസ്ലിയാർ സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ടായി.



പാണ്ഡിത്യവും ഭാഷാ പരിജ്ഞാനവും രചന വൈഭവവും ഒരുപോലെ ഒത്തുചേർന്ന ഒരു പണ്ഡിത പ്രതിഭയായിരുന്നു കെ വി ഉസ്താദ്. അതിനാൽ അദ്ദേഹം പ്രസിഡണ്ട് സ്ഥാനത്ത് എത്തിയപ്പോൾ സംഘടനയുടെ ചിന്ത പ്രസാധനത്തിന്റെ കാര്യത്തിലേക്ക് കൂടുതൽ തിരിഞ്ഞു. സംഘടനയ്ക്ക് ഒരു മുഖപത്രം വേണമെന്ന് ആ സമയത്താണ് തീരുമാനമെടുത്തത്. അതിന്റെ ഭാഗമായി 1964 ജൂലൈ 20 ന് എസ് വൈ എസ്സിന്റെ മുഖപത്രമായി സുന്നി ടൈംസ് പുറത്തിറങ്ങി വെല്ലൂർ ബാഖിയാത്ത് പ്രിൻസിപ്പാളായിരുന്ന അബൂബക്കർ ഹസ്രത്ത് ആണ് ആദ്യലക്കം പ്രകാശനം ചെയ്തത്. കെ വി ഉസ്താദ് തന്നെയായിരുന്നു മുഖ്യപത്രാധിപർ.പിന്നീട് അമാനത്ത് കോയണ്ണി മുസ്‌ലിയാരും ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും സുന്നീ ടൈംസിന്റെ മുഖ്യ പത്രാധിപരായിട്ടുണ്ട്. അക്കാലത്ത് മുസ്ലിംകൾക്കിടയിൽ പ്രത്യേകിച്ചും അവരിലെ ഏറ്റവും വലിയ വിഭാഗമായ സുന്നികൾക്കിടയിൽ മറ്റു പ്രസിദ്ധീകരണങ്ങൾ ഉണ്ടായിരുന്നില്ല. ആയതിനാൽ സുന്നി ടൈംസിനെ എല്ലാവരും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും നെഞ്ചേറ്റുകയും ചെയ്യുകയുണ്ടായി. സുന്നീ സമൂഹത്തിൽ വായനയുടെ സംസ്കാരം വളർത്തിയെടുത്തതിൽ വലിയ പങ്കാളിത്തം വഹിച്ചത് 13 വർഷം മുടങ്ങാതെ പ്രസിദ്ധീകരിച്ച സുന്നി ടൈംസ് ആയിരുന്നു എന്നത് ഒരു സത്യമായ നിരീക്ഷണമാണ്. വായനക്കാരോടൊപ്പം പുതിയ എഴുത്തുകാരെയും സുന്നി ടൈംസ് വളർത്തിയെടുത്തു. പിന്നീട് തികച്ചും സാങ്കേതികമായ ചില കാരണങ്ങളാൽ ആ പേരിൽ വാരിക പ്രസിദ്ധീകരിക്കാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായി. അതിനെ തുടർന്ന് ഉണ്ടായ നിശ്ചലാവസ്ഥ ഒരല്പം നീണ്ടു പോയി പത്രത്തിൻറെ പ്രാധാന്യം പക്ഷേ എപ്പോഴും സംഘടനയുടെ അകത്തും പുറത്തും മുഴങ്ങുമായിരുന്നു പുതിയ ചക്രവാളങ്ങൾ കീഴ്പ്പെടുത്തി സമസ്ത കാലത്തോടൊപ്പം സഞ്ചരിക്കുമ്പോൾ ആ വിവരം പുറം ലോകവുമായി പങ്കുവെക്കുവാൻ ഒരു പത്രം അനിവാര്യമാണ് എന്ന് വന്നപ്പോൾ സുന്നി വോയ്സ് എന്ന പേരിൽ പത്രം വീണ്ടും പ്രസിദ്ധീകരണം തുടങ്ങി 13, 6, 1977 ന് ആയിരുന്നു സുന്നി വോയ്സിന്റെ ആദ്യലക്കം വെളിച്ചം കണ്ടത്.



അറബിയിലും അറബി മലയാളത്തിലും മലയാളത്തില്‍ തന്നെയും മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന സുന്നി പത്രങ്ങളെ അപേക്ഷിച്ച് സുന്നിടൈംസ് നടത്തിയത് ശക്തമായ മുന്നേറ്റം തന്നെയായിരുന്നു. അതേ മുന്നേറ്റം പിന്നീട് സുന്നീ വോയ്സും അതിനും ശേഷം ഇപ്പോൾ സുന്നീ അഫ്കാറും പിന്തുടരുന്നു. സുന്നി യുവജന സംഘത്തിന്റെ ദൗത്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രസാധനം. കാരണം വായനയും എഴുത്തും ഏറെ സ്വാധീനിക്കുന്നതും ആകർഷിക്കുന്നതും യുവജനതയെയാണ്. മാത്രമല്ല, എഴുത്ത് കരുത്തുറ്റ ഒരു മാധ്യമമാണ്. നല്ല ധൈര്യത്തിലും സൂക്ഷ്മതയിലും നിർവ്വഹിക്കപ്പെടേണ്ടതാണ് അത്. പ്രസിദ്ധീകരിക്കപ്പെടുന്ന മുറക്ക് അത് ലിഖിത രേഖയായി മാറുകയാണ്. അതിനാലാണ് എഴുതുന്നതെല്ലാം ജാഗ്രവത്തായ സൂക്ഷ്മതയോടെ മാത്രമായിരിക്കണം എന്നു പറയുന്നത്. അതിനാൽ സമസ്തക്ക് വേണ്ടി സുന്നി യുവജന സംഘത്തിന് ചെയ്തുകൊടുക്കാൻ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സേവനവും സഹായവും പ്രസാധനം തന്നെയായിരുന്നു. അത് ശരിയാം വിധം സംഘടന നടത്തി എന്നാണ് ഈ ചരിത്രങ്ങൾ എല്ലാം തെളിയിക്കുന്നത്.



7
ചടുലമായ ചലനങ്ങൾ



1954 മുതല്‍ 1959 വരെ ബി.കുട്ടി ഹസന്‍ ഹാജി പ്രസിഡണ്ടും കെ.എം മുഹമ്മദ് കോയ സെക്രട്ടറിയുമായിരുന്നു. 1959 ല്‍ പ്രസിദ്ധ വാഗ്മിയും പണ്ഡിതനുമായിരുന്ന മര്‍ഹും എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ പ്രസിഡണ്ടും ബി.കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായി സംഘടന പുനഃസംഘടിപ്പിച്ചു. 1962 മുതല്‍ 65 വരെ കെ.വി മുഹമ്മദ് മുസ്‌ലിയാര്‍(കൂറ്റനാട്) പ്രസിഡണ്ടും ബി കുട്ടി ഹസന്‍ ഹാജി സെക്രട്ടറിയുമായ കമ്മറ്റിയാണ് സംഘടനയെ നയിച്ചത്. 1965 ല്‍ ചേര്‍ന്ന സ്റ്റേറ്റ് കൗണ്‍സിലില്‍ എം.എം ബഷീര്‍ മുസ്‌ലിയാരെ പ്രസിഡണ്ടായും വി. മോയിമോന്‍ ഹാജി (മുക്കം)യെ സെക്രട്ടറിയായും തിരഞ്ഞടുത്തു. ബഷീര്‍ മുസ്‌ല്യാരുടെ കര്‍മ്മ കുശലതയും സംഘടനാ പാടവവും പ്രസ്ഥാനത്തെ കൂടൂതല്‍ ശക്തിപ്പെടുത്തി. ആവിഷ്കരണ ശേഷിയിലും സംഘടനത്തിലും അതിമിടുക്കനായിരുന്ന ബഷീർ മുസ്ലിയാർ ബുദ്ധി വൈഭവത്തിലും അറിവിലും സമശീർഷരെ വെല്ലുന്ന വ്യക്തിത്വമായിരുന്നു. ക്യാമ്പുകളും പുതിയ പ്രൊജക്റ്റുകളും നല്ല പ്രവര്‍ത്തന ചിട്ടയും അക്കാലത്ത് സംഘടന കാഴ്ച വച്ചു. ഒരു നവോന്മേഷം കൈവന്നപോലെ സുന്നി കേരളം സജീവമായി.



പക്ഷേ അജ്ഞാതമോ അപ്രതീക്ഷിതമോ ആയ ചില കാരണങ്ങളാൽ സുന്നി യുവജന സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് ഇക്കാലത്ത് ഒരു മന്ദീഭാവം നേരിട്ടു. അതിന് അക്കാലത്ത് രാഷ്ട്രീയത്തിൽ ഉണ്ടായിരുന്ന ചില വടംവലികൾ കാരണമായിട്ടുണ്ട് എന്ന് സംസാരമുണ്ട്. ഏതായിരുന്നാലും സംഘടനാ ചലനങ്ങൾ എന്തൊക്കെയോ കാരണങ്ങളാൽ മന്ദീഭവിച്ചു. ഇത് എല്ലാവരെയും ഒരു പോലെ വേദനിപ്പിച്ചു. ഉന്നത ശീർഷരായ പണ്ഡിതൻമാർ പോലും ഇതിൽ വേദനിച്ചു. അടക്കിപ്പിടിച്ചുകൊണ്ടാണെങ്കിലും ഈ ചർച്ച വളർന്നു. അപ്പോഴാണ് വന്ദ്യരായ കോട്ടുമല ഉസ്താദിനെ പോലുളളവര്‍, പ്രസ്ഥാനത്തിന് കൂടുതല്‍ ശക്തി പകരുന്നതിനായി മുബാറകായ ഒരാളെ സംഘടനയുടെ തലപ്പത്ത് കൊണ്ടുവരണമെന്ന് നിര്‍ദ്ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 25/08/1968 നു ചേര്‍ന്ന സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ വച്ച് കേരള മുസ്‌ലിംകളുടെ കിരീടം വെക്കാത്ത രാജാവായിരുന്ന പാണക്കാട് പൂക്കോയ തങ്ങള്‍ എസ്.വൈ. എസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. കെ.പി .ഉസ്മാന്‍ സാഹിബ് മുഖ്യകാര്യദര്‍ശിയുമായി. സംഘടനയുടെ സുവര്‍ണ്ണ അദ്ധ്യായമായിരുന്നു ഈ കാലഘട്ടം.



ഈ കമ്മറ്റി അതിനു വേണ്ടി ഒരു സുപ്രധാന തീരുമാനം കൈക്കൊണ്ടു. സുന്നത്ത് ജമാഅത്തിന്റെ മികച്ച സംഘാടകരിലൊരാളായ സി. എച്ച്. ഹൈദ്രാസ് മുസ്‌ലിയാരെ സംഘടനയുടെ ചീഫ് ഓർഗനൈസറായി നിയമിച്ചതായിരുന്നു അത്. പാലക്കാട്, തൃശൂര്‍ ജില്ലകളിലും ശാഖകളില്ലാത്ത മറ്റു സ്ഥലങ്ങളിലും കമ്മറ്റികള്‍ ഉണ്ടാക്കുന്നതിനും സംഘടനയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനും അദ്ദേഹം ഇറങ്ങുകയും തന്റെ ലക്ഷ്യം ഓരോന്നായി നേടുകയും ചെയ്തു. ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ദര്‍സ് പോലും ഒഴിവാക്കികൊണ്ടാണ് ഹൈദ്രോസ് മുസ്‌ലിയാര്‍ മുഴുസമയ സംഘടനാ പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. പൂക്കോയ തങ്ങളുടെ ജനസമ്മതിയും ഹൈദ്രോസ് മുസ്‌ലിയാരുടെയും ഉസ്മാന്‍ സാഹിബിന്റെയും സംഘടനാ പാടവവും എസ്. വൈ. എസ്സിനെ ബഹുജന പ്രസ്ഥാനമാക്കി. സംഘടനയുടെ സന്ദേശം എല്ലായിടത്തും എത്തി. പ്രസ്ഥാനവുമായി അകന്നു നിന്നിരുന്ന പണ്ഡിതരും ഉമറാക്കളും സംഘടനയുടെ വക്താക്കളായി മാറി. തിരൂര്‍ , ഏറനാട് താലൂക്കൂകളില്‍ മാത്രം ഈ കാലത്ത് 300-ല്‍ പരം പുതിയ ശാഖകള്‍ രൂപീകരിക്കുകണ്ടായി . കേരളമൊട്ടുക്കും സംഘടന പടര്‍ന്നു പന്തലിച്ചു.



1975 ല്‍ പൂക്കോയതങ്ങള്‍ വഫാത്തായതോടെ സംഘടനയുടെ സാരഥ്യം ഏറ്റടുത്തത് സൂഫിവര്യനും പണ്ഡിതനുമായിരുന്ന ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരായിരുന്നു. ബാപ്പു മുസ് ലിയാരുടെ ജനസ്വാധീനവും സംഘടനക്ക് ഏറെ ഉപകാരപ്പെട്ടു. ബാപ്പു മുസ്‌ലിയാര്‍ പ്രസിഡണ്ടായി ഒരു വര്‍ഷവും മൂന്നു മാസവും കഴിഞ്ഞപ്പോള്‍ അദ്ദേഹത്തേയും സെക്രട്ടറിയായിരുന്ന ഉസ്മാന്‍ സാഹിബിനേയും അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ത്തി. തുടര്‍ന്ന് സംഘടനയെ സയിച്ചത് സുന്നി കേരളത്തിന്റെ ആവേശമായിരുന്ന ഇ.കെ ഹസന്‍ മുസ്‌ലിയാരായിരുന്നു. എ. പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആക്ടിംഗ് സെക്രട്ടറിയും പിന്നീട് ജനറല്‍ സെക്രട്ടറിയുമായി. ഹസന്‍ മുസ് ലിയാരുടെ മരണ(14-08-82)ത്തിനു ശേഷം 28-08-82 നു ചേര്‍ന്ന സംഘടനയുടെ യോഗത്തില്‍ വച്ച് എം. എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പുതിയ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.



8
ചതിയും ചുഴിയും



സംഘടനയില്‍ കയറിപ്പറ്റി പ്രസ്ഥാനത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിച്ചതിന്റെ മുന്നോടിയായി നടന്ന ഗൂഢാലോചനയിലാണ് ചുപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെയും ഉസ്മാന്‍ സാഹിബിനെയും അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ത്തിയത്. അവരെ രണ്ടുപേരെയും ഒന്നുമല്ലാതെ പുറത്തേക്ക് എടുത്തിടുക ക്ഷിപ്രസാധ്യമല്ല എന്ന് നന്നായി തിരിച്ചറിഞ്ഞ ഏതോ ഒരാളുടെ കുരുട്ട് ബുദ്ധിയായിരുന്നു ഒഴിവാക്കുവാൻ വേണ്ടി ഒന്നിനും പറ്റാത്ത ഒരു സ്ഥാനത്തേക്ക് അവരെ ഉയർത്തി ഒഴിവാക്കുക എന്നത്. ലക്ഷ്യം കൊണ്ടും ശക്തി കൊണ്ടും ദേശീയ തലത്തിലേക്ക് മാത്രമല്ല അന്തർദേശീയ തലത്തിലേക്ക് ഉയരുവാനും വളരുവാനും സമസ്തക്കും സമസ്തയുടെ പോഷക ഘടനകൾക്കും അർഹത എമ്പാടും ഉണ്ട് എങ്കിലും അക്കാലത്ത് ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാരെയും ഉസ്മാൻ സാഹിബിനെയും പോലെ ഏറെ ജനസാധീനമുള്ള നേതാക്കന്മാരെ ദേശീയ തലത്തിലേക്ക് ഉയർത്തിയത് ആലോചിച്ചാൽ തന്നെ ഈ കുരുട്ടുബുദ്ധി മനസ്സിലാകും. ഒപ്പം നിന്ന് ആത്മാർഥമായി പ്രവർത്തിക്കുന്നവരെ ഇങ്ങനെ പാർശ്വവൽക്കരിച്ചും കുതിക്കാൽ വെട്ടിയും ഒതുക്കുന്ന നീചമായ സമീപനം സമസ്തയിൽ ആദ്യമായി പ്രകടമായത് ഈ നീക്കത്തിലാണ്.



ഇതിനിടയിലാണ് പ്രസിദ്ധണ്ട് ഇ കെ ഹസന്‍ മുസ്‌ലിയാര്‍ രോഗശയ്യയിലായത്. പ്രസിഡണ്ടിന്റെ അഭാവത്തിൽ സെക്രട്ടരി ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു. ഈ അവസരങ്ങൾ വഴി തനിക്ക് വിശ്വസ്തരായ ഏതാനും പേരെ തട്ടിക്കൂട്ടുക കൂടി ചെയ്തതോടെ ഗൂഢാലോചനക്കാരുടെ പ്രവര്‍ത്തനം സജീവമായി. സംഘടന മികവിൽ അറിയപ്പെട്ട ആളായിരുന്നു ആ സെക്രട്ടരി. തന്റെ വ്യക്തിപരമായ കഴിവുകളും വാഗ്വിലാസവും മറ്റും പലരെയും ഒപ്പം നിറുത്തുവാൻ അദ്ദേഹം ഉപയോഗപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഒരോ ചലനങ്ങളിലും താനും തന്റെ ആൾക്കാരും എന്ന ഒരു രണ്ടാം കണ്ണ് പുലർത്തിയ പ്രസ്തുത സെക്രട്ടരി 1979 ൽ കളത്തിലേക്കിറങ്ങി. അപ്പോഴേക്കും വേദികൾ, സംവാദങ്ങൾ, ശബ്ദം, പ്രയോഗം തുടങ്ങിയവ ഉപയോഗപ്പെടുത്തി ഒരു സ്വന്തം കക്ഷിയെ അദ്ദേഹം തയ്യാറാക്കി കഴിഞ്ഞിരുന്നു. സമസ്തയുടെ പ്രവർത്തകർ അധികവും പിന്തുടരുന്ന രാഷ്ട്രീയത്തോടുള്ള വിദ്വേഷമോ വിരോധമോ അസൂയയോ തന്റെ ആൾക്കാരെ രഹസ്യമായി സംഘടിപ്പിക്കുന്നതിൽ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു. അതിനുവേണ്ടി നേരെ എതിർപക്ഷത്തുളള രാഷ്ട്രീയ കക്ഷിയുടെയും ഒപ്പമാണെങ്കിലും മനസ്സകന്ന് നിൽക്കുയായിരുന്ന ദേശീയ രാഷ്ട്രീയപ്പാർട്ടിയുടെയും രഹസ്യ പിന്തുണ അദ്ദേഹം നേടുകയും ചെയ്തു.
1979 ല്‍ എസ് വൈ എസ്സിന്റെ പേരിൽ അതിന്റെ തലപ്പത്തിരിക്കുന്ന മേൽപ്പറഞ്ഞവർ തങ്ങളുടെ അധികാരം ഉപയോഗപ്പെടുത്തി സമസ്ത നേതാക്കളുടെ മുമ്പാകെ ഒരു നിവേദനം സമര്‍പ്പിച്ചു. ബഹുമാനപ്പെട്ട സമസ്ത മുശാവറ മുന്‍കയ്യെടുത്ത് സുന്നികള്‍ക്ക് പ്രതേക്യം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയോ അല്ലെങ്കില്‍ സമസ്തയുടെ കീഴ്ഘടകമായ സുന്നിയുവജന സംഘത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കുകയോ ചെയ്യണമെന്ന് അപേക്ഷിക്കുന്നു ഇതായിരുന്നു നിവേദനത്തിന്റെ കാതല്‍. ഉദ്ദേശ ലക്ഷ്യങ്ങളിൽ സമസ്തയോ കീഴ് ഘടകങ്ങളോ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നേയില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളിൽ തങ്ങളുടെ മതപരമായ ദൗത്യങ്ങൾ നടത്തിക്കൊണ്ട് പോവുക എന്നതാണ് സമസ്തയുടെ വഴി. അവരുടെ ഇഖ്ലാസ്വ് കാരണത്താൽ അവർ പക്ഷെ അപ്പോൾ മറ്റൊന്നും പറഞ്ഞില്ല. അവര്‍ നിവേദനത്തെ തളളുകയും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ വാക്കാൽ ശാസിക്കുകയും ചെയ്തു.



എണ്‍പതുകള്‍ സംഘടനയെ സംബന്ധിച്ചേടത്തോളം പ്രതിസന്ധിയുടെ കാലഘട്ടമായിരുന്നു. മേൽപ്പറഞ്ഞ സ്വാര്‍ത്ഥമോഹികള്‍ നിഷ്കളങ്കരായ പണ്ഡിതരെ കണ്ണുവെട്ടിച്ചും ചതിച്ചും സംഘടനയെ കൈയ്യിലൊതുക്കി. അവരുടെ രാഷ്ട്രീയ മോഹം പൂവണിഞ്ഞില്ലെങ്കിലും അവര്‍ പ്രതീക്ഷ കൈവെടിയാതെ പുതിയ കരുക്കള്‍ നീക്കി. സുന്നിസത്തിന്റെ പേരു പറഞ്ഞ് രാഷ്ട്രീയം കളിച്ചു സംഘടനയെയും പ്രസ്ഥാനത്തിന്റെ ജ്വിഹയെയും ഇതിനായി ദുരുപയോഗപ്പെടുത്തി. സമസ്തയുടെ പേരില്‍ പോലും വ്യാജ പ്രസ്ഥാവനകള്‍ ഇറക്കി. സമസ്ത പണ്ഡിതന്മാര്‍ക്കിടയിലെ നേരിയ അഭിപ്രായ വ്യത്യാസങ്ങളില്‍ പോലും കക്ഷി ചേര്‍ന്ന് സമസ്ത നേതാക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചു. സുന്നി യുവജന സംഘത്തിന്റെ സ്റ്റേജും പേജും ഇതിനായി ദുരുപയോഗപ്പേടുത്തി. ഇതെല്ലാം ഹഖിന് വേണ്ടിയുള്ള ജിഹാദുകളും നവോത്ഥാനങ്ങളുമായി സ്വയം വിശേഷിപ്പിച്ച് നേതാവ് ചമയുകയും ചെയ്തു. സത്യത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയോടും അതിന്റെ നായകരോടുമുള്ള അസൂയാത്മകമായ വിദ്വേഷമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല. സുന്നിയേതരരായി ആ രാഷ്ട്രീയ സംഘടനയിൽ ഉണ്ടായിരുന്ന അതിന്റെ നേതാക്കളുടെ വാക്കുകളെയും പ്രവർത്തനങ്ങളെയും പ്രസ്താവനകളെ വരേയും സുന്നീ വിരുദ്ധമായും സുന്നത്ത് ജമാഅത്തിനെതിരെയുള്ള നീക്കമായും ഇവർ വ്യാഖ്യാനിച്ചു പ്രചരിപ്പിച്ചു. അവരുടെ പ്രസ്താവനകൾ അവരുടെ പത്രത്തിൽ വന്നപ്പോൾ അവരുടെ പത്രത്തെയും സുന്നീ വിരുദ്ധമാക്കി. ഇതോടെ ജനങ്ങള്‍ സംഘടനയെ സംശയത്തോടെ വീക്ഷിക്കുകയും സംഘടനയില്‍ നിന്ന് അകലുകയും ചെയ്തു.



എണ്‍പതിന്റെ അവസാനത്തോടെ സംഘടനയില്‍ മാനസികമായി പിളര്‍പ്പ് പൂര്‍ണ്ണമായി. സംഘടന തീര്‍ത്തും സ്വാര്‍ത്ഥവല്‍ക്കരിക്കപ്പെട്ടു. എസ് വൈ എസ്സിനെയാണ് വിഘടിതർ തങ്ങളുടെ സംഘടനാ തട്ടകമായും പ്രവർത്തന മേൽവിലാസമായും കണ്ടത്. ഇതിന് അന്നുണ്ടായിരുന്ന വിദ്യാർഥി സംഘടനയെയും കിട്ടി. കുട്ടികൾ എന്ന നിലക്ക് കലാപം, വിവാദം, വലിയ സംഘങ്ങളെ എതിർക്കൽ, ഒരു വ്യക്തിയെ വൈകാരികമായി ഉൾക്കൊള്ളൽ തുടങ്ങിയതൊക്കെ ഈ പ്രായക്കാർക്ക് ത്രില്ലാണല്ലോ. ഭാഗ്യവശാൽ ഈ കുട്ടി സംഘടനയെ സമസ്ത കീഴ്ഘടകമായി അംഗീകരിച്ചിരുന്നില്ല. പരസ്പരം അകന്നു നിൽക്കുകയും ഒരു വിഭാഗം എങ്ങനെയെങ്കിലും പുറത്തുചാടി പുറത്തെ രാഷ്ട്രീയ സഹയാത്രികരുടെ സഹായത്താൽ ഇനിയും മേലെയുള്ള സ്ഥാനമാനങ്ങൾ സ്വന്തമാക്കി സ്വന്തം ലോകം പടുത്തുയർത്തണം എന്ന് കരുതിയിരിക്കുന്ന ആ പശ്ചാത്തലത്തിലാണ് എസ്. വൈ. എസ്സിന്റെ എറണാകുളം സമ്മേളനം വരുന്നത്. അത്തരമൊരു സാഹചര്യത്തിൽ മുന്നിൽ കിട്ടുന്ന ഏതവന്നരത്തെയും ഉപയോഗപ്പെടുത്തുവാനും പുറത്തുചാടുവാനും ഒരുങ്ങി നിൽക്കുകയായിരുന്നു കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള വിഭാഗം. അഥവാ എറണാകുളം സമ്മേളനമല്ല ഒരു ചെറിയ യോഗം കിട്ടിയാൽ പോലും സംഘടനയെ അവർ പിളർത്തുമായിരുന്നു എന്നതായിരുന്നു സാഹചര്യം.



അതിനുള്ള പ്രചോദനം പല വഴിക്കും അബൂബക്കർ മുസ്ലിയാർക്ക് ഉണ്ടായിരുന്നു. എസ് എസ് എഫിലെ കുട്ടികളുടെയും എസ് വൈ എസ്സിലെ ചില നേതാക്കന്മാരുടെയും പിന്തുണയായിരുന്നു ആ പ്രചോദനങ്ങളിൽ ഒന്ന്. അവർ തന്നെപ്പോലെ ആ രാഷ്ട്രീയകക്ഷിയെയും അതിന്റെ അപ്രമാദിത്യത്തെയും അംഗീകരിക്കാത്തവരാണ് എന്നതിനാൽ എന്തു വില കൊടുത്തും ഏതു സാഹചര്യം വന്നാലും അവർ തന്നെ കഴിവിടില്ല എന്ന ഒരു ഉറപ്പ് അബൂബക്കർ മുസ്ലിയാർക്ക് ഉണ്ടായിരുന്നു. മറ്റൊന്ന് പത്രങ്ങളുടെ പിന്തുണയായിരുന്നു. അന്ന് ഏറ്റവും അധികം പ്രചാരമുണ്ടായിരുന്ന പത്ര പ്രസിദ്ധീകരണം എസ് വൈ എസ്സിന്റെതായിരുന്നു. അതും മറ്റുചില പ്രധാന പത്രങ്ങളും തന്റെ അതേ ആശയം രാഷ്ട്രീയപരമായി ഉൾക്കൊള്ളുന്നതിനാൽ എന്തു വില കൊടുത്തും തന്നോടൊപ്പം നിൽക്കും എന്ന് അദ്ദേഹം മനസ്സിലാക്കി. മറ്റൊന്ന് കാര്യങ്ങൾ വലിയ വായയിൽ വിശദീകരിക്കുവാനും കരഞ്ഞു അവതരിപ്പിച്ച് കയ്യടിയും അനുതാപവും നേടുവാനും കഴിയും എന്ന തന്റെ മിടുക്കിനെ കുറിച്ചുള്ള ആത്മവിശ്വാസം ആയിരുന്നു മറ്റൊന്ന്. ഗൾഫ് രാജ്യങ്ങളിലൊക്കെ സാന്നിധ്യം അറിയിച്ച കാലമായിരുന്നതിനാൽ തനിക്കു കിട്ടുന്നതെല്ലാം തന്റെ സ്വന്തം നിയന്ത്രണത്തിലോ തന്റെ സ്വന്തമായോ തന്നെ വരണം എന്ന് സാമ്പത്തിക ചിന്തയും ആ പ്രചോദനങ്ങളിൽ ഉണ്ടായിരിക്കാം എന്ന് സാഹചര്യങ്ങൾ പറയുന്നുണ്ട്.



അതിന്റെ ഒരു വ്യക്തമായ സാക്ഷിയും സ്മാരകവും ആണ് കാരന്തൂർ മർക്കസു സഖാഫത്തിസ്സുന്നിയ്യ . 12, 6, 77 ന് ചേർന്ന് സുന്നി യുവജന സംഘം സ്റ്റേറ്റ് കമ്മിറ്റി യോഗം സംഘടനയ്ക്ക് പ്രവർത്തന ഫണ്ടിലേക്കായി അഞ്ചു ലക്ഷം രൂപ കണ്ടെത്തുവാൻ നേതാക്കന്മാരെ വിദേശ പര്യടനത്തിന് അയക്കുവാൻ തീരുമാനിച്ചു. അബൂബക്കർ മുസ്ലിയാരുടെ കൂടെ കുഞ്ഞിസീതി കോയ തങ്ങൾ, ഫസൽ പൂക്കോയ തങ്ങൾ എന്നിവരാണ് യു എ ഇയിലേക്ക് പോയത്. അവിടെ വെച്ച് സംഘടനയ്ക്ക് കരുതിയ പ്രവർത്തന ഫണ്ട് ലഭിച്ചു എന്നതിന് പുറമേ അബുദാബിയിലെ പൗരപ്രധാനിയായ അബ്ദുള്ള കുലൈബി എന്ന എന്ന യു എ ഇ പൗരനിൽ നിന്ന് ഒരു യതീംഖാന ബിൽഡിങ്ങിന്റെ നിർമ്മാണ ചിലവ് താൻ വഹിക്കാം എന്ന വാഗ്ദാനവും ലഭിച്ചു. ഇതോടുകൂടി മർകസു സഖാഫി സുന്നിയ്യ എന്ന പത്തു സ്ഥാപനങ്ങളുടെ സമുച്ചയം സ്ഥാപിക്കുവാൻ സുന്നി യുവജന സംഘം തീരുമാനിച്ചു. 1978 ഏപ്രിൽ 14 ന് സയ്യിദ് മുഹമ്മദ് അലവി മാലിക്കി മക്ക, ശൈഖ് മഹ്മൂറദ് ഇബ്രാഹിം എന്നിവർ ചേർന്ന് സ്ഥാപനത്തിന് തറക്കല്ലിട്ടു. എസ് വൈ എസിന്റെ സ്റ്റേറ്റ് കമ്മിറ്റിയുടെ പരിപൂർണ്ണമായ മേൽനോട്ടത്തിലായിരുന്നു മർകസ് സ്ഥാപിക്കപ്പെട്ടത്. എന്നാൽ അതിന് ഒരു നടത്തിപ്പ് കമ്മിറ്റി വേണം എന്ന അഭിപ്രായം വരികയും അതിനെ തുടർന്ന് ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാർ പ്രസിഡണ്ടും കാന്തപുരം അബൂബക്കർ മുസ്ലിയാർ ജനറൽ സെക്രട്ടറിയും പികെ കുഞ്ഞുമുഹമ്മദ് ഹാജി കൊടുവള്ളി ട്രഷററുമായ 33 കമ്മിറ്റി നിലവിൽ വരികയും ചെയ്തു.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso