SYS@70/ പിളർപ്പുണ്ടാക്കിയ അനർഥങ്ങൾ
15-06-2023
Web Design
15 Comments
ഈ സ്ഥാപനം സുന്നി യുവജന സംഘത്തിന്റെത് മാത്രമാണ്. പക്ഷേ അതിന് ഒരു നടത്തിപ്പ് കമ്മിറ്റി ഉണ്ടാവുകയും കാന്തപുരം അതിന്റെ ജനറൽ ജനറൽ സെക്രട്ടറിയാവുകയും പണം വരുന്നത് തന്റെ കയ്യിലൂടെ ആവുകയും എല്ലാം ചെയ്തപ്പോൾ തന്റെ അദ്ധ്വാനത്തിന്റെ പ്രതിഫലവും തന്റെ പ്രവർത്തന കേന്ദ്രവുമായി മർകസ് വരണമെന്ന താൽപര്യം അബൂബക്കർ മുസ്ലിയാരെ പോലെ ഒരാൾക്ക് ഉണ്ടാകുക സ്വാഭാവികമാണ്. അതിന് സ്വാഭാവികമായും വിഘാതം തന്റെ മുകളിൽ സമൂഹത്തിലും സ്ഥാനത്തിലും നിൽക്കുന്ന ഇ കെ അബൂബക്കർ മുസ്ലിയാർ എന്ന പ്രസിഡണ്ട് മാത്രമായിരുന്നു ദീർഘകാലമായി സമസ്തയുടെ സ്വരവും ശക്തിയുമായി പ്രവർത്തിച്ചുവരുന്ന ഈ കെ അബൂബക്കർ മുസ്ലിയാർ അവർകളെ മറികടക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. അതിനു മാത്രം കരുത്ത് ശംസുൽ ഉലമാക്ക് എല്ലാ നിലക്കും ഉണ്ടായിരുന്നു. സമസ്തയുടെ സംഘടനാ സംവിധാനവും ഭൂരിപക്ഷം നേതാക്കളുടെ മനോനിലയും അതിന് അനുകൂലവും അല്ല. അത്തരം സാഹചര്യങ്ങളിൽ ഒരു പിളർപ്പ് അദ്ദേഹത്തെപ്പോലെ ഒരാൾ തീർച്ചയായും ആഗ്രഹിച്ചിരിക്കണം. പിൽക്കാലത്ത് അത് അങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. എറണാകുളം സമ്മേളന പ്രഖ്യാപനവും പിന്നീടുണ്ടായ സംഭവങ്ങളും അത് വ്യക്തമാക്കുന്നുണ്ട്.
കോഴിക്കോട്ടെ സ്റ്റേഡിയം പള്ളിയുടെ കാര്യത്തിലും ഇങ്ങനെ ഒന്നുണ്ട്. സുന്നി യുവജന സംഘം സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്മറ്റി വിലക്ക് വാങ്ങിയതായിരുന്നു ആ സ്ഥലവും അതിലുള്ള ബിൽഡിംഗും. 20, 5, 81 ന് ആ അർഥത്തിൽ ആ ബിൽഡിങ്ങിൽ നിസ്കാരം ആരംഭിച്ചതുമാണ്. പക്ഷെ, കോഴിക്കോട് കോർപ്പറേഷൻ അക്യുസിഷൻ നടപടി കാരണം യഥാസമയം പള്ളിയുടെ പണി പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. പിന്നീട് കാണുന്നത് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, പി കെ കുഞ്ഞഹമ്മദ് ഹാജി എന്നിവർ ഈ പള്ളിയുടെ നിർമ്മാണത്തിന് വേണ്ടി മുന്നോട്ടുവരുന്നതും അത് പൂർത്തിയാക്കുന്നതും പിന്നീട് അത് കൈവശം വയ്ക്കുന്നതുമാണ്. അവരുടെ അദ്ധ്വാനവും സാമർഥ്യവും എല്ലാം ശരി തന്നെ. പക്ഷെ, തീരുമാനിച്ച, പണം മുടക്കിയ എസ് വൈ എസ്സിന് ഒന്നും ലഭിച്ചില്ല. അപ്പോഴേക്കും കാന്തപുരത്തിന് സംവാദങ്ങളുടെയും ഖണ്ഡന പ്രസംഗങ്ങളുടെയും പേരിൽ പ്രശസ്തിയും അംഗീകാരവും കൈവരിക കൂടി ചെയ്തതോടെ കൂടെ പിളർപ്പ് വേഗത്തിലാകുവാൻ ആ ഭാഗത്ത് കരുക്കൾ നീക്കപ്പെടുകയായിരുന്നു.
എറണാകുളത്ത് ഏക പക്ഷീയമായി സമ്മേളനം പ്രഖ്യാപിക്കപ്പെടുകയായിരുന്നു അവർ. സംഘടനയുടെ ഇന്നോളമുളള ചരിത്രത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയോട് അന്വേഷിച്ചിട്ടേ ഏതു കീഴ്ഘടകവും അവരുടെ പ്രവര്‍ത്തനം തീരുമാനിക്കാറുളളൂ. സമസ്തയുടെ കീഴ്ഘടകമെന്ന നിലയില്‍ എസ്.വൈ. എസ്സിന് ഇത് അനിവാര്യമാണ്. എന്നാല്‍ എറണാകുളം സമ്മേളനത്തിലിത് നടന്നില്ലന്ന് മാത്രമല്ല സമ്മേളനത്തിന്റെ എല്ലാ കാര്യങ്ങളും തീരുമാനിക്കപ്പെടുകയും പൂര്‍ത്തിയാവുകയും ചെയ്തപ്പോള്‍ പുറത്തുളെളാരു സംഘടനക്കെന്നപോലെ സമ്മേളനവുമായി സഹകരിക്കണമെന്ന് കാണ്ച്ച് സമസ്തക്ക് കത്ത് കൊടുക്കുകയാണ് അന്നത്തെ എസ്.വൈ.എസ്സിന്റെ നേതാക്കള്‍ ചെയ്തത്. സമ്മേളനം ഒരു പിടി ആളുകളുടെ കരങ്ങളിലായിരുന്നു. എല്ലാ രംഗത്തും അവര്‍ നിറഞ്ഞു നിന്നു. സംഘടനയ്ക്ക് വേണ്ടി ചോര നീരാക്കിയ പല നേതാക്കളും തഴയപ്പെട്ടു. ഉദാഹരണത്തിന് പാണക്കാട് കൊടപ്പനക്കല്‍ കുടുംബത്തില്‍ നിന്ന് ആരെയും സമ്മേളനത്തിലേക്ക് ക്ഷണിക്കപ്പെട്ടില്ല. പൂക്കോയ തങ്ങള്‍ പ്രസിഡണ്ടായപ്പോഴാണ് സംഘടന ബഹുജന പ്രസ്ഥാനമായത് . എസ്.വൈ.എസ്സിന്റെ നട്ടെല്ലായ മലപ്പുറം ജില്ലയുടെ പ്രഥമ പ്രസിഡണ്ട് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു. സംഘടനയുടെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതിന് ബസ്സില്‍ പോലും കയറി തങ്ങള്‍ വരുമായിരുന്നു. 1977ല്‍ സംഘടന പുനഃസംഘടിപ്പിക്കുന്നത് വരെ തങ്ങള്‍ തന്നെയായിരുന്നു പ്രസിഡണ്ട് . 1977 നും 80 നുമിടയില്‍ ടി.സി.മുഹമ്മദ് മുസ്‌ലിയാരും മറ്റുചിലരും ജില്ല പ്രസിഡണ്ടുമാരായപ്പോള്‍ സംഘടന സത്യത്തിൽ നിര്‍ജ്ജീവമാവുകയാണുണ്ടായത്. പിന്നീട് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും നിര്‍ബന്ധപ്രകാരം ഉമറലി ശിഹാബ് തങ്ങള്‍ ജില്ലയുടെ പ്രസിഡണ്ടായതോടെയാണ് സംഘടനയ്ക്ക് പുതുജീവന്‍ ലഭിച്ചത്. എന്നാല്‍ ഇവരെയൊന്നും സമ്മേളനത്തിലേക്ക് ക്ഷണിച്ചില്ല. ഇതുപോലെ സംഘടനയ്ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്ത പലരും മനപ്പൂർവ്വം ഒഴിവാക്കപ്പെട്ടു.
ബഹുഭൂരിപക്ഷം സുന്നികളിലും ഇത് ദുഃഖവും അമര്‍ഷവുമുളവാക്കി. സ്വാഭാവികമായും അവര്‍ മറ്റൊരു സമ്മേളനത്തിന് ഒരുക്കങ്ങള്‍ നടത്തി. സുന്നിപ്രസ്ഥാനത്തില്‍ ഇത് വന്‍ പിളര്‍പ്പിന് വഴി വെക്കുമെന്ന് മനസ്സിലാക്കിയ സമസ്തയുടെ നേതാക്കള്‍ ഇരു കൂട്ടരെയും വിളിച്ചു രണ്ടു സമ്മേളനവും നിറുത്തി വെക്കാന്‍ ആവശ്യപ്പെട്ടു. സംയുക്തമായി മറ്റൊരു സമ്മേളനം നടത്താമെന്നും പറഞ്ഞു. ഇത്തരം പക്വതയും നീതിയുമുള്ള തീരുമാനങ്ങളെടുക്കാൻ താൽപര്യമുള്ളവരായിരുന്നു സമസ്തയുടെ ഉലമാക്കൾ. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാമത്തെ മസ്‌ലഹത്ത് ചര്‍ച്ച നടക്കുകയും കാന്തപുരവും ഉളളാള്‍ തങ്ങളും പങ്കെടുത്ത ആ യോഗത്തില്‍ വെച്ച് സംയുക്ത സമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. സമ്മേളനത്തിന് വിപുലമായൊരു സ്വാഗതസംഘം രൂപീകരിക്കുന്നതിനായി ഇരു ഭാഗത്തു നിന്നും പത്തു പേര്‍ വീതം പങ്കെടുത്തുകൊണ്ട് വീണ്ടുമൊരു യോഗം ഫ്രാന്‍സിസ് റോഡിലെ സമസ്ത ഓഫീസില്‍ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ കൂടുവാനും തീരുമാനമായി.
എന്തൊക്കെ സംഭവിച്ചു പോയി എങ്കിലും സമസ്തയുടെ ഈ ഇടപെടൽ കാര്യങ്ങൾ ശാന്തതയിലേക്ക് കൊണ്ടുവരികയായിരുന്നു. ഈ തീരുമാനം അനുസരിച്ച് രണ്ടു പക്ഷത്തെയും പത്തുപേർ കോഴിക്കോട് യോഗം ചേർന്ന് നിലവിലുള്ളതെല്ലാം മറന്ന് എറണാകുളത്ത് വച്ച് തന്നെ ഒരു മഹാ സമ്മേളനം നടക്കുകയാണ് എങ്കിൽ അത് ഈ വിവാദത്തിന് ഒരു രമ്യമായ പരിഹാരവും സംഘടനയ്ക്ക് മുഖം രക്ഷിക്കാനുള്ള ഒരു മാർഗ്ഗവും സർവോപരി പിളർപ്പിന്റെ പാപം ഒഴിവാക്കാനുള്ള ഒരു വഴിയും ആകുമായിരുന്നു. അങ്ങനെ സുന്നി സമൂഹം പ്രതീക്ഷയോടെ അച്ചടക്കത്തോടെയും കാത്തുനിൽക്കുകയും ചെയ്തു പക്ഷേ യാതൊരു കാരണവുമില്ലാതെ എ.പിയും ഉളളാള്‍ തങ്ങളും ആ യോഗത്തിന്ന് വരാതെ തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയും ഒരു കൂട്ടം ഗുണ്ടകളെ വിട്ട് മസ്‌ലഹത്ത് ശ്രമം പൊളിക്കുകയും വന്ദ്യരായ പണ്ഡിതമാരെ അപമാനിക്കുകയും ചെയ്തു.
ഇതോടെ രംഗം ചൂടുപിടിക്കുകയും സമ്മേളനം നിറുത്തിവെക്കാന്‍ സമസ്ത മുശാവറ ഔദ്യോഗികമായി എസ്.വൈ.എസ്സിനോട് ആവശ്യപ്പെടുകയും ചെയ്തു. സമസ്തയുടെ കീഴ്ഘടകമെന്ന നിലയില്‍ സംഘടന ഇത് അംഗീകരിക്കാന്‍ ബാധ്യസ്ഥമായിരുന്നു. എന്നാല്‍ പിളർപ്പും കാത്തിരിക്കുകയായിരുന്ന എസ്. വൈ. എസ്സിന്റെ നേതാക്കള്‍ സമസ്തയുടെ നിര്‍ദ്ദേശം അവഗണിച്ച് സമ്മേളനവുമായി മുന്നോട്ടു പോവുകയാണ് ഉണ്ടായത്. ഇതുകൊണ്ടാണ് എറണാകുളം സമ്മേളനമല്ല, മറ്റെന്തുണ്ടായാലും പിളർപ്പ് ഉണ്ടാകുമായിരുന്നു എന്ന് നാം വിലയിരുത്തിയത് ഇതുകൊണ്ടാണ്. സംഘടനാ മര്യാദ ലംഘിച്ച് അവർ സമ്മേളനവുമായി മുന്നോട്ടു പോയി. സംഘടനയുടെ ഭരണഘടന അവർ തന്നെ ലംഘിച്ചു. ഇതോടെ പിളർപ്പ് പൂർണ്ണമായി. അപ്പോഴേക്കും മർക്കസടക്കം സ്ഥാപനങ്ങളും പത്രങ്ങളും എല്ലാം ഒരു വ്യക്തിയുടെ കയ്യിലമർന്നു. വിഘടിതര്‍ സംഘടനയെ ധിക്കരിച്ച് ഇമ്മാതിരി പ്രവര്‍ത്തനം തുടര്‍ന്നപ്പോള്‍ 19-08-89 ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സമസ്ത നേതാക്കളുടെ സാന്നിധ്യത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ടും സി.എച്ച്. ഹൈദ്രോസ്സ് മുസ്‌ലിയാര്‍ ജന:സെക്രട്ടറിയും വി.മോയിമോന്‍ ഹാജി ട്രഷററുമായി സ്റ്റേറ്റ് സുന്നി യുവജനസംഘം പുനഃസംഘടിപ്പിച്ചു. അമ്പത്തൊന്നംഗ പ്രവര്‍ത്തക സമിതിക്കും രൂപം നല്‍കി. ഹൈദ്രോസ്സ് മുസ്ലിയാരുടെ വഫാത്തിനു ശേഷം പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ ജനറൽ സെക്രട്ടരിയായി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ശേഷം പ്രസിഡണ്ട് സ്ഥാനത്തേക്ക് വന്നത് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വന്നത് സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലിയുമാണ്. അവരുടെ നേതൃത്വത്തിലാണ് സംഘടന പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത്.
9
പിളർപ്പുണ്ടാക്കിവെച്ച അനർഥങ്ങൾ
കാന്തപുരം വിഭാഗം സ്വാർഥ താൽപര്യങ്ങൾക്കു വിധേയമായി പിളർപ്പിലേക്ക് പോവുക വഴി നിരവധി അനർഥങ്ങളാണ് ഉണ്ടായത്. നിഷ്കളങ്കരായ പണ്ഡിത കേസരികൾ ആറ് പതിറ്റാണ്ട് കൊണ്ട് കെട്ടിപ്പടുത്ത ഐക്യവും ഏകതയും തകരുകയും വിശ്വാസിയും സുന്നി യുമായ സ്വന്തം സഹോദരനെതിരെ നാലാം കിട രാഷ്ട്രീയക്കാരെ പോലെ നിർലജ്ജം രംഗത്തിറങ്ങാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തു എന്നത് ആണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. പവിത്രങ്ങളായി നാം കരുതി വരുന്ന മൂല്യങ്ങളുടെ നിരാസമായിരുന്നു ഇത്. ഇതിനെ തുടർന്ന് മദ്രസകളില്‍ പ്രശ്‌നങ്ങളുണ്ടാക്കി, ഇടച്ചുമരുകള്‍ വെച്ചും പിഞ്ചുകുട്ടികള്‍ പഠിക്കുന്ന ദീനീ സ്ഥാപനങ്ങള്‍ താഴിട്ട്പൂട്ടിയും അന്യായമായ സ്ഥലങ്ങളില്‍ ഭിന്നിപ്പിന്റെ പള്ളികള്‍ നിര്‍മ്മിച്ചും പെരുന്നാൾ, നോമ്പ് താങ്ങിയ ആരാധനകളില്‍ ഐക്യം തകര്‍ത്തും പണ്ഡിതന്‍മാര്‍ക്കെതിരെ വ്യവഹാരങ്ങള്‍ ഫയല്‍ ചെയ്തും ഈ പിളർപ്പ് സമുദായത്തെ ചവിട്ടിയരച്ചു.
മഖ്ദൂമിയന്‍ പാരമ്പര്യത്തെ പുച്ഛിച്ചുതള്ളി, സമാന്തര ജുമുഅ പോലും സ്ഥാപിച്ച ഇവര്‍ ദിക്‌റുകളുടേയും സ്വലാത്തുകളുടേയും മജ്‌ലിസുകളെയും ദീനീ ഉലൂമുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളേയും മതവിരുദ്ധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കയറിനിരങ്ങാനുള്ള ആലയങ്ങളാക്കി മാറ്റി. മുസ്ലിം സമൂഹത്തിനിടയില്‍ രാഷ്ട്രീയ ഐക്യവും സാമുദായിക സൗഹൃദവും തകര്‍ക്കാന്‍ തനി ഭൗതികവാദ പാര്‍ട്ടികളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സ്ഥിതി വിശേഷം വരെ സംജാതമായി. സുന്നികളെ സഹായിക്കുന്ന ഏതു പാര്‍ട്ടിയിലും ചേരാമെന്നായിരുന്നു അന്നത്തെ തിട്ടൂരം. സത്യനിഷേധികള്‍ നിങ്ങളുടെ മേല്‍ വിജയം നേടിയാല്‍ പിന്നെ നിങ്ങളുമായുള്ള ബന്ധമോ കരാറുകളോ ഒന്നും അവര്‍ പരിഗണിക്കില്ല. സംസാരം കൊണ്ട് അവര്‍ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ ഹൃദയങ്ങള്‍ അതു നിരസിക്കയും ചെയ്യും (വി.ഖു) എന്ന സൂക്തത്തിൽ അല്ലാഹു താക്കീതു ചെയ്ത ഈ യാഥാര്‍ത്ഥ്യം ഇവർ കണ്ടിട്ടും കാണാതെ പോകുകയായിരുന്നു. സോവിയറ്റ് റഷ്യയുടെ ചരിത്രത്തില്‍ നാം കണ്ടു കഴിഞ്ഞതാണ് ഇത്. തന്ത്രശാലിയായ ലെനിന്‍ പലതും പറഞ്ഞു പല വാഗ്ദാനങ്ങളും ചെയ്തു മുസ്‌ലിംങ്ങളെ വ്യാമോഹിപ്പിച്ചു പാട്ടിലാക്കി. സാര്‍ ചക്രവര്‍ത്തിക്കെതിരായ വിപ്ലവത്തില്‍ സജീവമായി അവരെ പങ്കെടുപ്പിച്ചു. വിപ്ലവം വിജയിച്ചപ്പോള്‍ പിന്നെ എന്തുണ്ടായെന്നു ലോകം കണ്ടറിഞ്ഞതാണ്.
മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയോടും അതിനെ നയിക്കുന്നവരോടുമുള്ള അസൂയയോ വിദ്വേഷമോ ആയിരുന്നു അവരുടെ വികാരത്തിന്റെ ആകെത്തുക. മുസ്ലിം ലീഗ് തീർത്തും സുന്നിയായിരിക്കണം എന്നായിരുന്നു അവരുടെ വാദം. ഇത് അസാധ്യമായ ഒരു കാര്യമാണ്. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയെ ഒരു മതത്തിലോ ഒരു കക്ഷിയിലോ മാത്രം ചുരുക്കികെട്ടുക എന്നത് ഒരു മതേതര ജനാധിപത്യ രാഷ്ട്രത്തിൽ വെറുമൊരു അസംബന്ധമാണ്. അസംബന്ധമായ ഇത്തരമൊരു വാദമുയർത്തുക എന്നതുകൊണ്ട് അടിസ്ഥാനപരമായി അവർ ലക്ഷ്യമാക്കിയിരുന്നത് മുസ്ലിം ലീഗിനെ സുന്നി വൽക്കരിക്കുക എന്നതല്ല മറിച്ച് അതിനെതിരെ സുന്നീ സമൂഹത്തെ ഇളക്കിവിടുക എന്നതായിരുന്നു. സാധ്യമാകാത്ത ഒരു കാര്യം ആവശ്യപ്പെടുന്നത് പ്രശ്നമുണ്ടാക്കുവാൻ വേണ്ടിയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷത്തിന് മറ്റൊരു രാഷ്ട്രീയ വേദിയെയും വിജയിപ്പിക്കുവാൻ കഴിഞ്ഞില്ല എന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ ഈ നീക്കങ്ങൾ ആ പലപനീയമാണ്. മുസ്ലിം ലീഗിനോടും അതിന്റെ നേതാക്കളോടും മാനസികമായ മമത പുലർത്തുന്നു എന്ന പേരിൽ സമസ്തയുടെ നേതാക്കൾക്ക് നേരെ നടത്തിയ ഒരു വേട്ടയായിരുന്നു സത്യത്തിൽ പിളർപ്പ് ഉണ്ടാക്കിയത്. സമസ്തയുടെ നയവും നിലപാടും ഈ വിഷയത്തിൽ ഈ പുതുവികാരികൾ തള്ളിക്കളഞ്ഞതാണ് മറ്റൊരു ദുരന്തം. സമസ്ത ഒരു പാർട്ടിയോടുമൊപ്പമല്ല, എന്നാൽ സമസ്തയുടെ പ്രവർത്തകർമാർക്ക് പല പാർട്ടികളോടും ആഭിമുഖ്യമുണ്ടാവാം. സംഗതിവശാൽ സമസ്തയിലെ ഭൂരിപക്ഷവും ലീഗുകാരായി എന്നത് അവരുടെ ഒരു ന്യൂനതയായി കരുതുവാൻ മാത്രം ഗുരുതരമല്ല എന്നതായിരുന്നു സമസ്തയുടെ അലിഖിത നയം.
പിളർത്തിയ വ്യക്തി തന്നെ പറ്റിയും താന്‍ നടത്തുന്ന സ്ഥാപനങ്ങളെപ്പറ്റിയും ഉദാരമതികളും സമുദായ സ്‌നേഹികളും പണക്കാരുമായ അറബികള്‍ക്കിടയില്‍ മതിപ്പും ബഹുമാനവും ഉളവാക്കുവാന്‍ പല കുതന്ത്രങ്ങളും സന്ദര്‍ഭോജിതം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അറബികളെ വശത്താക്കാൻ ശമിക്കുന്നത് സാമ്പത്തിക ലക്ഷ്യങ്ങൾ കണ്ടും നാട്ടിൽ അതുപെട്ടന്ന് വിജയിപ്പിച്ചെടുക്കുക പ്രയാസമായതിനാലും ആണ്. തന്റെ സാമ്രാജ്യം സ്ഥാപിച്ചെടുക്കുവാൻ ധാരാളം പണം വേണ്ട സമയമായിരുന്നു അത്. തന്റെ സ്ഥാനമാനങ്ങളെക്കുറിച്ചും യോഗ്യതയെക്കുറിച്ചും തികച്ചും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും അടങ്ങിയ പല പ്രസ്താവനകളും ഗള്‍ഫുനാടുകളില്‍ പ്രചാരമുള്ള പല അറബി പത്രങ്ങളിലും ഇംഗ്ലീഷ് പത്രങ്ങളിലും പ്രസിദ്ധീകരിച്ചു. അങ്ങനെ ധര്‍മ്മിഷ്ടരായ അറബികളില്‍ നിന്നും ധാരാളം പണം കൊണ്ടു വന്ന് താരതമ്യേന കൂടുതല്‍ സാമ്പത്തികമായ അവശത അനുഭവിക്കുന്ന ദീനീ വിദ്യാര്‍ത്ഥികള്‍, മുഅല്ലിമുകള്‍ തുടങ്ങിയ വിഭാഗങ്ങളെ തന്ത്രപരമായി സഹായിച്ചുകൊണ്ടിരുന്നു. മാത്രമല്ല പള്ളി, മദ്‌റസ മുതലായ ദീനീ സ്ഥാപനങ്ങള്‍ നിര്‍മ്മിക്കുവാനോ നിര്‍മ്മാണം പൂര്‍ത്തിയാക്കുവാനോ സാധിക്കാതെ സാമ്പത്തിക വിഷമങ്ങളുടെ നീര്‍ചുഴിയില്‍പെട്ടു വട്ടം കറങ്ങുന്ന പല നാട്ടുകാര്‍ക്കും സാമ്പത്തിക സഹായവും ചെയ്തു. ഇതെല്ലാം തന്റെ പക്ഷത്തെ വീർപ്പിച്ചെടുക്കാൻ വേണ്ടിയായിരുന്നു.
ക്രമേണ കാര്യങ്ങൾ മുസ്‌ലിം ലീഗിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലേക്ക് വളർന്നതും ലീഗുകാരും പ്രതികരിച്ചു തുടങ്ങി. അതോടെ വിഷയം രാഷ്ട്രീയത്തിന്റെ രൂപത്തിൽ സമൂഹത്തിൽ ഇറങ്ങി. അതിനനുസരിച്ച് മറുഭാഗം രാഷ്ട്രീയക്കാരും ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ പിന്തുണയും സഹായവും നൽകിവന്നു. പരസ്യമായി സഹായങ്ങൾ നൽകിയത് കമ്മ്യൂണിസ്റ്റുകൾ ആയിരുന്നു. അങ്ങനെ പലതെരെഞ്ഞെടുപ്പുകളിലും അവർ ലീഗിന്നെതിരില്‍ പരസ്യമായി പ്രവര്‍ത്തനമാരംഭിച്ചു. കമ്മ്യൂണിസ്റ്റുകാരും ഈ സന്ദര്‍ഭം തികച്ചും ഉപയോഗപ്പെടുത്തി. സംസ്ഥാന ഭരണത്തില്‍ മേധാവിത്വം വഹിക്കുന്ന മാര്‍കിസ്റ്റ് പാര്‍ട്ടിയുടെ ഒരു മന്ത്രി തന്നെ അവർക്ക് എല്ലാവിധ സഹായ പിന്തുണകളും വാഗ്ദാനം ചെയ്തു. ഇതു മുസ്‌ല്യാരുടെയും അനുയായികളുടെയും ധാര്‍ഷ്യം വര്‍ദ്ധിപ്പിച്ചു. സുന്നികള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതിലും അംഗത്വം സ്വീകരിക്കുന്നതിലും മതദൃഷ്ട്യാ തെറ്റൊന്നുമില്ലെന്നു അവര്‍ ഫത്‌വാ കൊടുത്തു. 05.01.1989 ന്നു കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വിളിച്ചുകൂട്ടിയ ഒരു പത്രസമ്മേളനത്തിലാണ് അവര്‍ ഈ ഫത്‌വാ പുറത്തുവിട്ടത്. ഈ നീക്കങ്ങൾ ഉണ്ടാക്കിയ അനുകൂലവും പ്രതികൂലവുമായ ഫലങ്ങൾ, പ്രതിഫലനങ്ങൾ എന്നിവ എന്തുതന്നെയായാലും ദൈവ നിരാസത്തിലും യുക്തിവാദത്തിലും അധിഷ്ഠിതമായ കമ്മ്യൂണിസത്തോട് ഒരു വിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട അകലവും അറപ്പും നഷ്ടപ്പെട്ടു എന്നത് ഒരു സത്യമാണ്. ഈ പിളർപ്പുണ്ടാക്കിയ ഏറ്റവും ദൗർഭാഗ്യകരവും സങ്കടകരവുമായ വിഷയവും ഇതാണ്.
ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഒരു രാഷ്ട്രീയ സംഘടനയല്ല. രാഷ്ട്രീയ കാര്യങ്ങള്‍ അതു കൈകാര്യം ചെയ്യുന്നുമില്ല. ഇന്ത്യന്‍ രാഷ്ട്രീയം തീർത്തും ഒരു ഇസ്‌ലാമിക രാഷ്ട്രീയമല്ലാത്തതിനാല്‍ ഒരു മത പണ്ഡിത സംഘടനയായ സമസ്തക്കു ഇന്ത്യന്‍ രാഷ്ട്രീയം കയ്യാളുക അത്ര ഭൂഷണവുമല്ല. അപ്രകാരം തന്നെ സമസ്തക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ഒരു നിലക്കും വിധേയത്വവുമില്ല. അവയില്‍ ഒന്നിനോടും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ പ്രത്യേക വിരോധവുമില്ല. സമസ്തക്ക് രാഷ്ട്രീയമില്ലെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അതിനു പ്രത്യേക ബന്ധമില്ലെന്നും അതു പലവുരു തുറന്നു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് അതിനെ ബന്ധിക്കുവാന്‍ തല്‍പരകക്ഷികള്‍ ശ്രമം നടത്തുമ്പോഴെല്ലാം അതിന്റെ യഥാര്‍ത്ഥ നിലപാട് അതു സ്പഷ്ടമാക്കാറുണ്ട്. 1983-ല്‍ എം.ഡി.പി. എന്ന ഒരു രാഷ്ട്രീയ സംഘടന രംഗത്ത് വന്നപ്പോഴായിരുന്നു അവസാനമായി സമസ്ത അതിന്റെ രാഷ്ട്രീയ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമാക്കിയത്. എം.ഡി.പി. ഒരു തനി സുന്നി രാഷ്ട്രീയ സംഘടനയാണെന്നായിരുന്നു അതിന്റെ സംഘാടകര്‍ അവകാശപ്പെട്ടിരുന്നത്. സമസ്തയുടെ അനുവാദത്തോടും ആശിര്‍വാദത്തോടും കൂടിയാണ് അത് രൂപം പൂണ്ടതെന്നും, സമസ്തയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് അതു പ്രവര്‍ത്തിക്കുന്നതെന്നും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ആ കൂട്ടര്‍ ധാരാളം പ്രസംഗങ്ങളും പ്രസ്താവനകളും അടിക്കടി നടത്തിക്കൊണ്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ സമസ്ത മുന്നോട്ടു വന്നു. അതിന്റെ ബാധ്യത അതു നിറവേറ്റി. മുശാവറ ചേര്‍ന്ന്, പഴയതോ പുതിയതോ ആയ യാതൊരു രാഷ്ട്രീയ പാര്‍ട്ടിയോടും സമസ്തക്ക് യാതൊരു പ്രത്യേക ബന്ധവുമില്ല എന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി. അത്തരം ഒരു നയം പിന്തുടരുന്ന സ്വാലിഹീങ്ങളുടെ സംഘടനയെ രാഷ്ട്രീയ വൽക്കരിക്കുവാൻ ശ്രമിക്കുക വഴി സമുദായം അന്നുവരേക്കും സമസ്തക്ക് കൽപ്പിച്ചിരുന്ന വിശുദ്ധിയുടെ അംഗീകാരം ഏറ്റവും കുറഞ്ഞത് മങ്ങുകയെങ്കിലും ചെയ്തു. ജ്ഞാന വൃദ്ധരും സ്വാത്വികരുമായ ഈ പണ്ഡിതൻമാരൊക്കെ പച്ച രാഷ്ട്രീയക്കാരാണ് എന്ന് വരുത്തുവാൻ ഇടയാക്കിയത് പിളർത്തിയവരുടെ താൽപര്യങ്ങളായിരുന്നു. അത് മറ്റൊരു അനർഥം.
സമസ്തയെ രാഷ്ട്രീയത്തിലേക്ക് വലിച്ചു കൊണ്ടുപോകുവാന്‍ എ.പി. കാന്തപുരം കഴിയുന്ന പാടെല്ലാം പെട്ടുനോക്കിയിട്ടുണ്ട്. അദ്ദേഹം സമസ്ത സെക്രട്ടറിയേറ്റ് മെമ്പറായിരുന്നപ്പോള്‍ മറ്റുമെമ്പര്‍മാര്‍ അറിയാതെയും അവരെ അറിയിക്കാതെയും സെക്രട്ടറിയേറ്റിന്റെയും സുന്നിയുവജനസംഘത്തിന്റെയും പേരില്‍ അദ്ദേഹം ഒരു സര്‍ക്കുലര്‍ അടിപ്പിച്ചു സുന്നിയുവജനസംഘം ശാഖകള്‍ക്ക് അയച്ചുകൊടുത്തു. അതില്‍ പറയുന്നു. വരാനിരിക്കുന്ന തെരെഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്ന വഹാബി മൗദൂദികളെയും അവരുടെ വൈതാളികന്‍മാരെയും പരാജയപ്പെടുത്തേണമെന്നു നമ്മുടെ മേല്‍ഘടകവും അഹ്‌ലുസുന്നത്തി വല്‍ ജമാഅത്തിനെ പ്രതിനിധീകരി ക്കുന്ന ആധികാരിക സംഘടനയുമായ സമസ്ത കേരളത്തിലെ ജംഇയ്യത്തുല്‍ ഉലമായുടെ മുശാവറ കേരള സുന്നീ മുസ്‌ലിംകളോട് ആഹ്വാനം ചെയ്തിരിക്കുകയാണ്. (സര്‍ക്കുലര്‍ പേജ് 2). ഇങ്ങനെ ഒരാഹ്വാനം സമസ്ത മുശാവറ നല്‍കിയതായി കേരളത്തിലെ ഏതെങ്കിലും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തതായി ചൂണ്ടിക്കാട്ടുവാന്‍ ആർക്കും കഴിയില്ല. ഉണ്ടെങ്കിൽ സമസ്തയുടെ മിനുട്ട്‌സില്‍ അതുകാണുമല്ലോ. അതുമില്ല.
എന്നാൽ സമസ്തക്ക് രാഷ്ട്രീയം ഉണ്ടെന്നും ഉണ്ടായിട്ടുണ്ടെന്നും ഉള്ള നിലപാടായിരുന്നു ആ വിഭാഗത്തിന്റേത്. അതിന്റെ ഏറ്റവും നല്ല ഒരു ഉദാഹരണമാണ്, 26.12.88 ന് സിറാജ് പത്രത്തില്‍ അതിന്റെ സംഘടനാ കാര്യ ലേഖകന്‍ വായനക്കാര്‍ വിധി എഴുതട്ടെ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം. സമസ്തക്കു രാഷ്ട്രീയമുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ സമസ്തയുടെ ചില തീരുമാനങ്ങള്‍ എഴുന്നെള്ളിക്കുകയാണ് ടിയാൻ ചെയ്തത്. ലേഖകന്‍ തെളിവായി ഉന്നയിച്ചത് സമസ്തയുടെ യോഗങ്ങളില്‍ എടുത്ത ചില തീരുമാനങ്ങളാണ്. ഒന്നു രണ്ട് ഉദാഹരണങ്ങൾ പരിശോധിക്കാം. ഒന്ന്, 29,11, 1976 ന് എടുത്ത, സുന്നത്ത് ജമാഅത്തിനെതിരായ ഏത് കക്ഷിയെയും സമസ്തശക്തിയുക്തം എതിര്‍ക്കും, അതിനാല്‍ ഇത്തരം സംഘടനകളെപ്പറ്റി പൊതുജനങ്ങള്‍ ബോധവാന്‍മാരാവണം എന്ന തീരുമാനമാണ്. ഇത് സമസ്ത രാഷ്ട്രീയത്തിൽ ഇറങ്ങും എന്നതിന് തെളിവല്ല. കാരണം ഇത് എം ഇ എസ്സിനെതിരെ സമസ്ത കൈക്കൊണ്ട തീരുമാനത്തിന്റെ വാലറ്റം മാത്രമാണ്. അത് അടർത്തിയെടുത്താണ് ആ കൂടാരം രാഷ്ട്രീയം കളിക്കുവാൻ ഇറങ്ങിയത്.
സിറാജ് ലേഖകന്റെ രണ്ടാം തെളിവ്, മുസ്‌ലിം ഐക്യ വേദിയാണല്ലോ ആവശ്യം, അതിനാല്‍ സുന്നികള്‍ മുസ്‌ലിംകളാണെന്നു നിങ്ങള്‍ അംഗീകരിച്ചാലേ ആ വേദിയിലേക്കു സുന്നികളെ ക്ഷണിക്കാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് സുന്നികള്‍ മുസ്‌ലിംകളാണെന്നും അവര്‍ മുശ്‌രിക്കുകള്‍ അല്ലെന്നും ആദ്യം തീരുമാനിക്കുക എന്നിട്ട് ക്ഷണിക്കുക, പരിഗണിക്കാം എന്ന് സമസ്ത മുസ്ലിം ഐക്യവേദിയിലേക്ക് പ്രതിനിധികളെ അയക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് നദ്‌വത്തുകാര്‍ അയച്ചകത്തിനു 16.06.79 ന് ചേര്‍ന്ന മുശാവറ കൊടുത്ത മറുപടിയായിരുന്നു. ഈ മറുപടിയിലും രാഷ്ട്രീയത്തെപ്പറ്റിയോ, തെരെഞ്ഞെടുപ്പിനെ പറ്റിയോ ഒരു നേരിയ സൂചനപോലുമില്ല. ദീനീ രംഗത്ത് സ്ഥിരമായ ഒരു ഐക്യവേദി സൃഷ്ടിക്കുന്നതുസംബന്ധിച്ചു ഒരു ചര്‍ച്ചക്ക് മുജാഹിദുകള്‍ സമസ്തയെ ക്ഷണിച്ചു. സുന്നികളെപ്പറ്റി മുജാഹിദുകളുടെ അങ്ങേ അറ്റം തെറ്റായ വിലയിരുത്തലിനു അവര്‍ മാറ്റം വരുത്തിയല്ലാതെ അവരുമായി ഒരു സ്ഥിരം ഐക്യവേദിയെക്കുറിച്ചു ചിന്തിക്കുവാന്‍ പോലും സമസ്തക്കു സാധ്യമല്ലെന്നു സമസ്ത മറുപടിയും കൊടുത്തു അതുമാത്രം. അതുവെച്ചാണ് ഇവർ സമസ്തയെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിക്കുന്നത്. ഇതെന്തായാലും സമസ്തയുടെ നിലനിൽപ്പിന്റെ പ്രധാന ആധാരത്തെ തങ്ങളുടെ സ്വാർഥതക്കു വേണ്ടി തകർക്കാൻ വരെ അന്ധമായ വ്യക്തി ആരാധനയിലേക്ക് ഒരു പ്രവർത്തക വ്യൂഹത്തെ പിളർപ്പ് എത്തിച്ചു എന്നത് മറ്റൊരു അനർഥം.
പുത്തന്‍വാദികളുമായി കൂട്ടുകൂടാമെന്നു സമസ്ത തീരുമാനിച്ചു എന്നും തന്നിമിത്തം സമസ്ത അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചുപോയിരിക്കുന്നു എന്നുമാണല്ലോ വിഘടിത സുന്നികള്‍ നാടുനീളെ പെരുമ്പറയടിച്ചു നടന്നത്. എന്നാല്‍ ഇതില്‍ സത്യത്തിന്റെ കണിക പോലുമില്ല. പുത്തനാശയക്കാരുമായി നിരുപാധികം കൂട്ടുചേരാമെന്നു സമസ്ത തീരുമാനിച്ചില്ല. ഇന്ത്യയില്‍ മുസ്‌ലിം ശരീഅത്ത് നിയമം (ഇതു സുന്നി ശരീഅത്താണെന്നും പുത്തന്‍വാദികളുടെ ശരീഅത്ത് അല്ലെന്നും പ്രത്യേകം പ്രസ്താവ്യമാണ്) എടുത്തുകളയുകയും ഒരു പൊതുസിവില്‍ കോഡ് നടപ്പാക്കുകയും ചെയ്യേണമെന്ന ഒരു അഭിപ്രായം പൊന്തിവരികയും അതു പ്രബലപ്പെടുകയും ചെയ്തപ്പോള്‍ അതിനെ സംഘടിതമായി ചെറുക്കേണ്ടതു ഇവിടെ ഇസ്‌ലാമിന്റെ നിലനില്‍പ്പിന്നു അനിവാര്യമായിത്തീര്‍ന്നു. ഇത്തരം സാഹചര്യങ്ങളില്‍ ഇസ്‌ലാമിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കുവാനായി നവീനവാദികളുമായി സഹകരിക്കുന്നതിനെ ബഹുമാനപ്പെട്ട സമസ്ത അതിന്റെ ചരിത്രത്തില്‍ ഇന്നേവരെ നിരോധിച്ചിട്ടില്ല. അങ്ങനെ മുതലക്കുളം മൈതാനിയില്‍ ശരീഅത്ത് സംരക്ഷണ ബോര്‍ഡ് യോഗം ചേര്‍ന്നു. സമസ്തയുടെ ജനറല്‍ സെക്രട്ടറി ബഹു: ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരും അതില്‍ സംബന്ധിച്ചു. യോഗത്തില്‍ നൂതനവാദികളില്‍ ചിലരുമുണ്ടായിരുന്നു. അതിനെ തുടര്‍ന്നു വിഘടിത സുന്നികള്‍ ബഹളം വെക്കാന്‍ തുടങ്ങി. സമസ്ത അതിന്റെ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിച്ചെന്നു അവര്‍ ആക്ഷേപിച്ചു. പിന്നീട് സമസ്തയുടെ ഒരു മുശാവറ യോഗം ചേര്‍ന്നു. ഈ പ്രശ്‌നം ചര്‍ച്ചചെയ്യാനായിരുന്നില്ല സത്യത്തിൽ യോഗം ചേര്‍ന്നത്. പക്ഷെ ഒരു മെമ്പര്‍ ഈ പ്രശ്‌നം യോഗത്തില്‍ ഉന്നയിച്ചു. തുടര്‍ന്നു സജീവമായ ചര്‍ച്ച നടന്നു. ഇ.കെ. ക്ക് പറയാനുള്ളത് അദ്ദേഹം പറഞ്ഞു. ഉള്ളാള്‍ തങ്ങള്‍, കാന്തപുരം, എം.എ. അബ്ദുല്‍ ഖാദര്‍ മുസ്‌ല്യാര്‍ മുതലായവരെല്ലാം ആ യോഗത്തിലുണ്ടായിരുന്നു. അവസാനം ജനറല്‍ സെക്രട്ടറിയുടെ നടപടി മുശാവറ ഏകകണ്ഠമായി ശരിവെച്ചാണ് പിരിഞ്ഞത്. അന്ന് അത് ആവശ്യമായിരുന്നു എന്ന് എല്ലാവർക്കുമറിയാം. അതു വെച്ച് എല്ലാ നൂതനവാദികളുള്ള മീറ്റിംഗിലും സമസ്ത പങ്കെടുക്കും എന്നതിന് അർഥമില്ല എന്നതും ആ യോഗത്തിൽ ചേർന്നവർക്ക് എല്ലാം സുതരാം മനസ്സിലായിരുന്നു.
എന്നാല്‍ വിഘടിത സുന്നികളുടെ ഏറ്റവും വലിയ നേതാവായ കാന്തപുരം യാതൊരു ഐത്തവും സത്യദീക്ഷയും ആദര്‍ശനിഷ്ഠയുമില്ലാതെ പുത്തന്‍വാദികളുമായി കൂട്ടുചേര്‍ന്ന പല സംഭവങ്ങളും ഉദ്ധരിക്കാനുണ്ട്. ഉദാഹരണത്തിന്നു ചിലതുമാത്രം കുറിക്കാം. 1979 നവംബറില്‍ അബൂബക്കര്‍ മുസ്‌ല്യാര്‍ ഖത്തറിലേക്കു പോയി. കാരന്തൂരില്‍ സ്ഥാപിച്ച സുന്നി മര്‍ക്കസിന്റെ പ്രചരണാര്‍ത്ഥമാണ് അദ്ദേഹം പോയത്. അനന്തരം 10.11.79 ലെ ലീഗ് ടൈംസിലും 16.11.79 ലെ ചന്ദ്രികയിലും അദ്ദേഹത്തിന്റെ ഖത്തര്‍ പരിപാടിയെപറ്റി ഒരു റിപ്പോര്‍ട്ട് വന്നു. രണ്ടു പത്രങ്ങളിലും വന്ന റിപ്പോര്‍ട്ടുകള്‍ തമ്മില്‍ ഒരു വള്ളിക്കോ പുള്ളിക്കോ വ്യത്യാസമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കും പ്രസംഗങ്ങള്‍ക്കും യൂണിയൻ ലീഗ് വിരുദ്ധനായതിനാൽ ലീഗ് ടൈംസ് വലിയ പ്രാധാന്യം കല്പിച്ചിരുന്നു. ആ റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു: മുസ്‌ലിംകള്‍ സുന്നികളും മുജാഹിദുകളും മറ്റുമായി വ്യത്യസ്തമായി സംഘടിക്കുമ്പോള്‍ തന്നെ ശാഖാപരമായ വഴക്കുകള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രമിക്കേണമെന്നു സമസ്ത കേരള സുന്നിയുവജനസംഘം സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ ഉല്‍ബോധിപ്പിച്ചു. ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് മറുപടി നല്‍കാന്‍ ശാഖാപരമായ ഭിന്നതകള്‍ക്കതീതമായ ഐക്യമാണ് ആവശ്യമെന്നും സുന്നീ യുവജന സംഘം നേതാവ് ഇവിടെ ഒരു വമ്പിച്ച പൊതുയോഗത്തില്‍ അഭിപ്രായപ്പെട്ടു.
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso