Thoughts & Arts
Image

ഹജ്ജിന്റെ ആത്മാവ്

26-06-2023

Web Design

15 Comments






ഇസ്ലാമിലെ എല്ലാ ആരാധനാ കർമ്മങ്ങൾക്കും അതിന്റേതായ ആത്മാവുണ്ട്. ആത്മീയവും ഭൗതികവുമായ രണ്ട് ഭാഗങ്ങളിൽ നിന്നും വന്നു ചേർന്നാണ് അത് രൂപം പ്രാപിക്കുന്നത്. അത് ഗ്രഹിച്ചും ഉൾക്കൊണ്ടും മാത്രമാണ് ആ ആരാധന നിർവ്വഹിക്കേണ്ടത്. അപ്പോഴാണ് മനസ്സാന്നിധ്യം, പ്രതിഫലേഛ, ആത്മാർഥത എന്നീ മൂല്യങ്ങൾ ആ ആരാധനക്ക് കൈവരുന്നതും സമ്പൂർണ്ണമായ പ്രതിഫലം ലഭിക്കുവാൻ അർഹമാകുന്നതും. മുസ്ലിം ലോകം മറ്റൊരിക്കൽ കൂടി ഹജ്ജിന്നായി മശാഇറുകളിൽ എത്തുമ്പോൾ ഹജ്ജിന്റെ ആത്മാവിനെ കുറിച്ചുള്ള ഈ അന്വേഷണത്തിന് പ്രസക്തിയുണ്ട്. കാരണം, അപ്പോഴാണ് ഹജ്ജ് ചെയ്യുന്നവർക്കും അവരെ യാത്രയയച്ചവർക്കും അവർ ഇരു വിഭാഗത്തേയും ഹൃദയപൂർവ്വം പിന്തുടരുന്നവർക്കും ആത്മീയമായ ഒരു ഉൽക്കർഷം അനുഭവപ്പെടുകയുള്ളൂ. ഈ ചിന്ത തുടങ്ങേണ്ടത് ഹജ്ജിന്റെ വിഗഹ വീക്ഷണത്തിൽ നിന്നാണ്. അഥവാ പ്രകടഭാവത്തിൽ നിന്ന്. ആ വീക്ഷണത്തിൽ ഹജ്ജ് ഒരു മഹാസംഗമമാണ്. ലോകത്തെ ഏറ്റവും വലിയ വിശ്വാസി സംഗമം. സംഗമങ്ങളുടെയെല്ലാം ആത്യന്തികമായ ഉദ്ദേശവും ലക്ഷ്യവും ജനങ്ങളെ സംഘടിപ്പിച്ചും ഒന്നിപ്പിച്ചും അവതരിപ്പിക്കുക എന്നതാണ്. അവതരിപ്പിക്കുന്നത് ഒന്നാമതായി സംഗമിക്കുന്നവരുടെ മുമ്പിൽ തന്നെയാണ്. രണ്ടാമതായി, പ്രതിനിധീകരിക്കപ്പെടുന്നവരുടെ മുമ്പിൽ. മൂന്നാമതായി, മനുഷ്യ കുലത്തിനു മുമ്പിലും. അവതരിപ്പിക്കുന്നതാവട്ടെ, ഹജ്ജിന്റെ സന്ദേശമാണ്. ഇതിനാണ് ഉദ്ഗ്രഥനം എന്ന് പറയുന്നത്. ഹജ്ജ് ഒരു ഉദ്ഗ്രഥനമാണ്. ഈ ആശയത്തിൽ ഒരു ആഗോള ഉദ്ഗ്രഥനം സാധിതമാക്കുന്ന മഹൽകർമ്മമാണ് പരിശുദ്ധ ഹജ്ജ് കർമം. അത് പക്ഷെ, സാധാരണ സംഗമങ്ങളിൽ നിന്നും വിശ്വാസികളുടെ സമ്മേളനങ്ങളിൽ നിന്നു തന്നെയും ഏറെ വ്യത്യാസം പുലർത്തുന്നുണ്ട്.



വിശ്വാസമാണ് ഹജ്ജിന്റെ പ്രേരകം എന്നിടത്തു നിന്ന് ആ വ്യത്യസ്ഥതകൾ ആരംഭിക്കുന്നു. വിശ്വാസത്താൽ പ്രചോദിതമാകുന്ന പല സംഗമങ്ങളുണ്ട്. പക്ഷെ, ഹജ്ജ് അങ്ങനെയല്ല. പുതിയ മെമ്പർഷിപ്പ് എടുത്തവരും നിലവിലെ മെമ്പർമാരും സമ്മേളിക്കുന്ന, സമ്മേളിക്കേണ്ടുന്ന ഒന്നല്ല ഹജ്ജ്. മറിച്ച് അത് വിശ്വാസത്തിലെത്തിച്ചേരുകയും അതിനെ സ്വാംശീകരിച്ച് സ്വന്തം ജീവിതമാക്കുകയും ചെയ്തവരാണ് തങ്ങളുടെ ജീവിതത്തിന്റെ ഒരു അവസാന സാഫല്യമായി ഹജ്ജിന് പോകുന്നത്. മാത്രമല്ല, അപ്പോൾ അവർക്ക് തടിയാലും വഴിയാലും മുതലാലും ആവതുണ്ടായിരിക്കുകയും വേണം. അഥവാ സമർപ്പണങ്ങൾ വഴി പരുവം പ്രാപിച്ച വിശ്വാസവും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അനുഭവപെട്ടതിന്റെ ആത്മീയ ഉൽക്കർഷവും സിദ്ധിച്ച ശേഷം മാത്രമുള്ള തീർഥാടനമാണ് ഹജ്ജ്. അതിനാൽ ഹജ്ജിന്റെ പ്രചോദനം വിശ്വാസം മാത്രമല്ല, വളർച്ചയെത്തിയ, കരുത്തുളള വിശ്വാസമാണ്. അതിനാലാണ് അല്ലാഹു ഹജ്ജിനെ ജീവിതത്തിന്റെ ഒടുക്കവും തുടക്കവുമായി കാണുന്നത്. ഒരാൾ ലൈംഗിക മോ ലൈംഗികേതരമോ ആയ തെറ്റുകൾ ഒന്നും ചെയ്യാതെ ഹജ്ജ് കർമ്മം നിർവ്വഹിച്ചാൽ അവൻ തന്റെ മാതാവ് തന്നെ പ്രസവിച്ച ദിനത്തിനു സമാനമായ അവസ്ഥയിലേക്ക് മടങ്ങിയെത്തും എന്നാണ് നബി തിരുമേനി(സ) പറഞ്ഞത്. ഹജ്ജിന് പോയവർ മടങ്ങി എത്തുന്നത് പുതിയ ജീവിതത്തിലേക്കാണ്. ഇത് കാരണത്താൽ മറ്റുള്ളവരുടെ പ്രാതിനിധ്യം വഹിക്കുകയാണ് ഓരോ ഹാജിയും എന്നും പറയാം. ഹജ്ജിന് എത്തുന്ന മുപ്പത് ലക്ഷം പേർ നൂറ്റി അൻപത് കോടി മുസ്ലിംകളുടെ പ്രതിനിധികളാണ്. രണ്ട് വിഭാഗവും അങ്ങനെ കരുതുന്നുണ്ട്.



ഈ ഉൽഗ്രഥനത്തിന്റെ ആശയത്തിന് അടിവരയിടുന്നതാണ് ഹജ്ജിന്റെ കേന്ദ്രമായ കഅ്ബാലയം. ഇത് നിലക്കൊള്ളുന്ന മക്കയെ ഗ്രാമങ്ങളുടെ മാതാവ് (ഉമ്മുൽ ഖുറാ) എന്നാണ് പരിശുദ്ധ ഖുർആൻ വിശേഷിപ്പിച്ചത്. മക്ക ഇസ്ലാം അവതരിപ്പിക്കുന്ന ഒരു മാതൃകാ നഗരം കൂടിയാണ്. കേവലം ഒരു സംഗമ ഭൂമിയല്ല. ഇസ്‌ലാം എന്ന പദത്തിന്റെ പൊരുളായ ശാന്തിയും സമാധാനവും എല്ലാ അർത്ഥത്തിലും നിറഞ്ഞുനിൽക്കുന്ന കേന്ദ്രമാണത്. മനുഷ്യന്റെ നൻമകളെല്ലാം പെയ്തിറങ്ങിയ മണ്ണ്. അവിടെ എന്നും ശാന്തിയുണ്ട്. സ്വന്തം പിതാവിന്റെ ഘാതകനെ കണ്ടുമുട്ടിയാൽ പോലും പ്രതികാരത്തിന് മുതിരാത്ത സുരക്ഷിത പ്രദേശം. അവിടെ ഹിംസയോ ധ്വംസനമോ ഇല്ല. അതിനാൽ ഇസ്ലാമിക പരിപ്രേക്ഷ്യത്തിൽ മനുഷ്യ ശരീരത്തിൽ ഹൃദയത്തിനുള്ള സ്ഥാനമാണ് മനുഷ്യസമൂഹത്തിൽ കഅ്ബാലയത്തിനുള്ളത്. ഹൃദയം രക്തചംക്രമണ വ്യവസ്ഥയുടെ സിരാകേന്ദ്രമാണ്. ഉപയോഗത്തിലൂടെ ദുഷിച്ചു പോയ രക്തത്തെ വീണ്ടും വീണ്ടും ശുദ്ധീകരിച്ച് ജീവന്റെ തുടിപ്പ് നിലനിർത്തുന്നതിൽ ഹൃദയം വഹിക്കുന്ന പങ്കാണ് കഅ്ബാലയം മനുഷ്യസമൂഹത്തിൽ നിർവഹിക്കുന്നത്. കഅ്ബാലയത്തെ ത്വവാഫ് ചെയ്യുമ്പോൾ ഓരോ ചുറ്റലിലും താൻ ബന്ധനസ്ഥനായ കുറേ കാര്യങ്ങളിൽ നിന്ന് അഴിഞ്ഞഴിഞ്ഞ് പോരുന്നു. അതു കഴിയുംപോഴേക്കും പുതിയ ഊർജ്ജം വലയം ചെയ്യുന്നു. കഅ്ബാലയം ഹജ്ജിലൂടെ വിശ്വാസി സമൂഹത്തെ ഒന്നിപ്പിക്കുകയാണ് എന്നത് മറ്റൊന്ന്. പുതിയ ജന്മം എന്ന പ്രതിഫലം കഴിഞ്ഞാൽ പിന്നെ കിട്ടുന്ന പ്രതിഫലം ഈ ഏകീകരണം തന്നെയാണ്. ഇതൊക്കെ ഉൾപ്പെടുത്തുവാൻ വേണ്ടിയായിരിക്കും വിശുദ്ധഖുർആൻ ഹജ്ജിന്റെ പ്രയോജനങ്ങൾ തിട്ടപ്പെടുത്തി പറയാതെ ഹജ്ജിലെ ബഹുമുഖ നന്മകളെ അവർ നേരിട്ടനുഭവിച്ചറിയാൻ (22:28) എന്ന് പറഞ്ഞുവെച്ചത്.



ഹജ്ജിന്റെ ആത്മാവിന് ജീവൻ നൽകുന്നത് അതിന്റെ പാഥേയമാണ്. അത് തഖ് വയാണ് എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞു. സാധാരണ സംഗമങ്ങളിൽ പാഥേയം സംഭാവനയായി കിട്ടാം. സംഗമത്തോടുള്ള വികാര വായ്പിന്റെ പേരിൽ പ്രോത്സാഹനമായോ പാരിതോഷികമായോ അതു ലഭിക്കാം. പക്ഷെ, ഹജ്ജിൽ ഓരോരുത്തരും അതു സ്വയം കരുതണം. വഴിയിൽ തീർഥാടകരോടുള്ള സദ്ഭാവന വഴി അന്നം കിട്ടും എന്ന് കരുതി ഹജ്ജിന് പുറപ്പെടുമായിരുന്ന ചിലരെ തിരുത്തിയാണ് അല്ലാഹു ഇതു പറഞ്ഞത് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. തഖ് വ ഇസ്ലാമിക ജീവിതത്തിന്റെ പരമമായ ലക്ഷ്യമാണ്. അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിച്ചും വിരോധനകളിൽ നിന്ന് അകന്നു നിന്നും അല്ലാഹുവിന് പരിപൂർണ്ണമായി വിധേയപ്പെടുകയാണത്. ഒരു ഉദാഹരണത്തിലൂടെ പറഞ്ഞാൽ, മുള്ളുകൾ നിറഞ്ഞ ഒരു വഴിയിലൂടെ ഒരു മുള്ളും കൊള്ളാതെ നടന്ന് ലക്ഷ്യത്തിലെത്തുന്ന അഭ്യാസം. സ്വയം മാറ്റത്തിൽ നിന്ന് തുടങ്ങുന്നു എന്നതാണ് ഹജ്ജിന്റെ മറ്റൊരു പ്രത്യേകത. മറ്റു ആരാധനകളിലെ നിയ്യത്ത് ഇവിടെ ഇഹ്റാമായി മാറുന്നത് അതുകൊണ്ടാണ്. മറ്റുള്ള ആരാധനകളിൽ അതു ചെയ്യാൻ പോകുന്നു എന്ന കരുത്ത് മതി. പിന്നെ അവിടെ നിന്നങ്ങോട്ട് കർമ്മം തുടങ്ങാം. ഹജ്ജിലെ കരുതൽ പക്ഷെ, സ്വൽപ്പം കരുത്തുളളതാണ്. ഇഹ്റാമിലൂടെ അതുവരെ ഹലാലായിരുന്ന പലതും ഹറാമാകുന്നു. അവയാകട്ടെ, അതിന്റെ കുഴപ്പം കൊണ്ട് ഹറാമാവുകയല്ല. താൽക്കാലികമായി മാത്രം ഹറാമാവുകയാണ്. എന്തുകൊണ്ട് എന്ന് ചോദിക്കേണ്ട. സർവ്വസ്വവും സമർപ്പിക്കുവാൻ വന്നിരിക്കുന്ന ഒരാൾ എന്തു പറഞ്ഞാലും അതു കേൾക്കുവാൻ തയ്യാറാകണം. ചെയ്യാവുന്ന ഒരു കാര്യം കൈഎത്താവുന്ന ദൂരത്തുണ്ടായിട്ടും ചെയ്യാതിരിക്കുമ്പോൾ മനസ്സ് അതിനെ കുറിച്ച് ചിന്തിക്കും. അപ്പോൾ അതിനേക്കാൾ വലുത് അല്ലാഹുവിന്റെ ഇഛ ആയതു കൊണ്ടാണ് എന്ന് തിരിച്ചറിയും. അവൻ പറയുന്നത് അവൻ പറയുന്ന സമയത്ത് പറ്റും, അല്ലെങ്കിൽ പറ്റില്ല എന്നത് ഒരു വലിയ തിരിച്ചറിവാണ്. അതൊക്കെ ഹജ്ജിന്റെ ആത്മാവിനെ ജ്വലിപ്പിക്കുന്ന കാര്യങ്ങളാണ്.



ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന മന്ത്രധ്വനിയാണ് മശാഇറുകളിൽ നിന്ന് ഉയരുന്നത്. മക്കയിലേക്കുള്ള എല്ലാ വഴികളും മക്കയിൽ നിന്നുള്ള വഴികളും ഈ മന്ത്രത്താൽ മുഖരിതമാണ്. ഹാജിമാർക്ക് വിളിച്ച് പറയാനുള്ള ഏക വാചകമാണിത്. ഞങ്ങൾ ഇതാ ഉത്തരം ചെയ്ത് എത്തിയിരിക്കുന്നു എന്നാണ് ഈ തൽബിയ്യത്തിലൂടെ വിളിച്ചു പറയുന്നത്. ഈ ഉത്തരത്തിന് പശ്ചാതലമൊരുക്കുന്ന ഒരു ക്ഷണമുണ്ട്. നാലായിരം വർഷങ്ങൾക്ക് മുമ്പ് ഇബ്റാഹീം നബിയിലൂടെ അല്ലാഹു നടത്തിയ വിളംബരം (22:27). അത് അല്ലാഹുവിന്റെ ക്ഷണമാണ്. ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവും വിധാതാവുമായ അല്ലാഹുവിന്റെ ക്ഷണത്തിന് ഉത്തരം ചെയ്താണ് താൻ എത്തുന്നത്, അല്ലാതെ, പോയി നോക്കട്ടെ എന്ന നിലക്ക് വന്നതല്ല എന്ന ബോധ്യമാണ് തൽബിയ്യത്ത് നൽകുന്നത്. ഇത് ഹജ്ജിന്റെ ആത്മാവിന് വല്ലാത്ത ഒരു പുളകം പകരുന്നു. ഈ ക്ഷണം മാത്രമല്ല, അതുമായി വന്ന വ്യക്തി, അതു നടത്തിയ സന്ദർഭം തുടങ്ങിയവയെല്ലാം ഇപ്രകാരം പുളകങ്ങൾ ചൊരിയുന്നവ തന്നെ. ഈ ക്ഷണം വഹിക്കുവാൻ അല്ലാഹു തെരഞ്ഞെടുത്തത് ഇബ്റാഹിം നബിയെയാണ്. അദ്ദേഹം ഏററവും വലിയ നേതാവാണ് (2:124). പ്രപഞ്ചത്തിൽ ത്യാഗത്തിന്റെ ഏറ്റവും വലിയ ചരിത്രമെഴുതിയ ആൾ. ആകാശത്തു നിന്നും വന്നിറങ്ങിയ എല്ലാ വിശ്വാസ ധാരകളുടെയും പിതാവ്. അദ്ദേഹം ഈ ക്ഷണം കൈമാറുന്ന സന്ദർഭമോ, പരിശുദ്ധ കഅ്ബാലയം പണിതുയർത്തുകയും പ്രപഞ്ചത്തിന് സമർപ്പിക്കുകയും ചെയ്ത ഉടനെയും. ഒരാൾക്കും മറക്കാനാവാത്ത ഒരു മുഹൂർത്തം. അതിനാൽ മശാഇറുകളിലൂടെ നടന്നു പോകുന്ന ഓരോ വിശ്വാസിയുടെയും മനസ്സിൽ ഒരു സമ്മേളനത്തിന് പോകുന്ന അനുഭവമല്ല, തന്റെ റബ്ബിലേക്ക് പോകുന്ന പ്രതീതിയായിരിക്കും ഉണ്ടായിരിക്കുക. അപ്പോൾ അവൻ വിനീതനും വിനയാന്വിതനുമായിരിക്കണം. സർവശക്തനും സർവജ്ഞനുമായ യജമാനന്റെ സന്നിധാനത്തിലേക്ക് അങ്ങേയറ്റത്തെ ലാളിത്യത്തോടെ വരണം. അത് ദ്യോതിപ്പിക്കുന്ന വേഷവും ഭാവവുമാണ് ഹാജിയുടേത്. ദാസൻ തന്റെ യജമാനന്റെ അടിമത്തം ശരിക്കും അറിഞ്ഞംഗീകരിച്ചുകൊണ്ടുള്ള ഈ ലളിതവേഷം അന്ത്യയാത്രയിണിയിക്കുന്ന ശവപ്പുടവക്ക് തുല്യമാണ്. ഇഹ്‌റാമിൽ പ്രവേശിച്ച് ഈ വേഷമണിയുമ്പോൾ അറിയാതെ ഒരു മാറ്റത്തിന് മനസ്സും ശരീരവും വിധേയമാകുന്നു. ഇതോടെ അവൻ അല്ലാഹുവിന്റെ അഥിതിയായി മാറുന്നുണ്ട്. നബി(സ) പറഞ്ഞതു പോലെ അല്ലാഹുവിലേക്കുള്ള പ്രത്യേക നിവേദകനുമായി മാറുന്നു. അവന് അല്ലാഹു നൽകുന്ന ഒരു പ്രത്യേക പരിഗണനയാണ്. ഈ പരിഗണനകൾ തീർഥാടകരിൽ അവാജ്യമായ ആത്മീയ അനുഭൂതി നിറക്കുന്നു.



ലബ്ബൈക്കയുമായി ചെല്ലുന്ന തീർഥാടകർ പ്രധാന കർമ്മങ്ങൾ പൂർത്തിയാക്കുന്നതോടെ അല്ലാഹു അക്ബറിലേക്ക് മാറുന്നു. അല്ലാഹുവുമായുള്ള ബന്ധം സ്ഥാപിതമായാൽ പിന്നെ ഉണ്ടാകുന്ന മാറ്റമാണിത്. നബി(സ) യുടെ ജീവിതത്തിൽ ഇതിന് മാതൃകയുണ്ട്. നുബുവത്തിന് മുമ്പ് ഹിറയുടെ ഏകാന്തതയിൽ ധ്യാനനിരതനായി നബി കഴിച്ചുകൂട്ടിയിരുന്നു. പ്രവാചകനായി നിയുക്തനായതിന് ശേഷം നബി പഴയപോലെ ഹിറയുടെ ഏകാന്തതയിൽ ധ്യാനനിരതനായതായി ഇരിക്കുന്നതായി നാം കാണുന്നില്ല. പിന്നെ നാം നബിയെ ദർശിക്കുന്നത് ജനമദ്ധ്യത്തിലാണ്. സൃഷ്ടികളെ സ്രഷ്ടാവിലേക്കടുപ്പിക്കുന്ന മഹായജ്ഞത്തിൽ. ഇതെല്ലാം പകരുന്ന ആത്മീയ വികാരത്തെ പ്രോജ്വലിപ്പിക്കുവാനായി ഇബ്രാഹീം, ഹാജറ, ഇസ്മാഈൽ (അ) മൂന്നു പേർ കടന്നുവരുന്നു. മനുഷ്യരിലേക്ക് മുഴുവൻ ത്യാഗത്തിന്റെ ആത്മാവിനെ സന്നിവേശിപ്പിക്കുവാൻ നിയുക്തരായവരാണവർ മൂന്നു പേരും. അവർ മനുഷ്യകുലത്തെ മുഴുവനും പ്രതിനിധീകരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഒന്ന് ഒരു മുതിർന്ന പുരുഷൻ. അദ്ദേഹത്തിൽ മുഴുവൻ പുരുഷൻമാരും പുറമെ ഭർത്താവും പിതാവുമുണ്ട്. ഹാജറയിലാവട്ടെ മുഴുവൻ സ്ത്രീജനങ്ങളും ഭാര്യയും ഉമ്മയുമുണ്ട്. ഉമ്മയിലും ഉപ്പയിലും പെടാത്തതെല്ലാം മകൻ ഇസ്മാഈലിലുമുണ്ട്. അതോടെ ഈ ലോകത്തെ ഏതു മനുഷ്യ ജന്മത്തിനും ഈ കുടുംബത്തിൽ മാതൃകയും സന്ദേശവുമെല്ലാം ഉണ്ട്. അത്രയും നിറവും തികവും കരുത്തും നിറഞ്ഞതാണ് ഹജ്ജിന്റെ ആത്മാവ്.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso